ആണ്സുഹൃത്തായിരുന്ന ഷാരോണ്‍ രാജിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് ദേവിയോട് രാമവര്‍മന്‍ചിറ പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും അമ്മാവന് നിര്‍മലകുമാരൻ നായരും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്. കുറ്റക്കാർക്കുള്ള ശിക്ഷ കോടതി നാളെ പ്രസ്താവിക്കും.
പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്.
പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍.ഷാരോണിനെ കളനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് ഗ്രീഷ്മ കൊന്നുവെന്നാണ് കേസ്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
ഒക്ടോബര്‍ 14-ന് ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം ഗ്രീഷ്മയുടെ കന്യാകുമാരിയിലെ വീട്ടിലെത്തി. ഇവിടെവെച്ച് ഗ്രീഷ്മ ഷാരോണിന് കളനാശിനിയായ പാരക്വറ്റ് കലര്‍ത്തിയ കഷായം നല്കി. കഷായം കൊടുത്ത ശേഷം കയ്പ്പ് മാറാന്‍ ജ്യൂസും കൊടുത്തു. പിന്നാലെ ഷാരോണ്‍ മുറിയില്‍ ഛര്‍ദിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങവേ പലതവണ ഛര്‍ദിച്ചു. ഛര്‍ദ്ദിക്കുകയും ക്ഷീണിതനാവുകയും ചെയ്ത ഷാരോണ്‍ പാറശ്ശാല ജനറല്‍ ആശുപത്രിയിലെ ചികിത്സ കഴിഞ്ഞു വീട്ടിലേക്ക് എത്തിയെങ്കിലും അടുത്ത ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങളുണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാരോണിന്റെ വൃക്ക, കരള്‍, ശ്വാസകോശം എന്നിവ തകരാറിലായി ചികിത്സയിയിലിരിക്കേ മരിക്കുകയായിരുന്നു.
കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് ഷാരോണും ഗ്രീഷ്മയും പരിചയപ്പെടുന്നത്. 2021 ഒക്ടോബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2022 മാര്‍ച്ച് നാലിന് പട്ടാളത്തില്‍ ജോലിയുള്ള ആളുമായി ഗ്രീഷ്മയുടെ കല്യാണം ഉറപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ ആദ്യഭര്‍ത്താവ് മരിച്ചുപോവുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു.
നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വെച്ച് ഇരുവരും താലികെട്ടി. പിന്നീട് വെട്ടുകാട് പള്ളിയില്‍ വെച്ചും താലികെട്ടി. തൃപ്പരപ്പിലുള്ള ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍, പുതിയ വിവാഹാലോചനയ്ക്ക് പിന്നാലെ ബന്ധം ഉപേക്ഷിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷേ, വിട്ടുപോകാന്‍ ഷാരോണിന് താത്പര്യമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. കൊല നടത്താന്‍ സഹായിച്ചുവെന്നാണ് അമ്മ സിന്ധുവിനെതിരേയും അമ്മാവന് നിര്‍മല്‍കുമാര്‍ നായര്‍ക്കെതിരേയുമുള്ള കുറ്റം.
എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തി. അടിയേറ്റ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണന്, ഭാര്യ ഉഷ മകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്. മരുമകന് ജിതിനാണ് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലുള്ളത്. അയല്‍വാസിയായ റിതു ജയന് ആണ് ക്രൂരകൃത്യം നടത്തിയത്.
ആക്രമണത്തിന് ശേഷം ബൈക്കില്‍ പോലീസ് സ്റ്റേഷനിലെത്തിയ പ്രതിയെ പോലീസ് പിടികൂടി. അയല്‍വാസികളുമായി നിരന്തരം തര്‍ക്കമുണ്ടാക്കിയിരുന്ന റിതു സംഭവദിവസവും തര്‍ക്കത്തിലേര്‍പ്പെട്ട ശേഷമാണ് കൊലപാതകം നടത്തിയത്.
ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പേരില്‍ മുമ്പ് മൂന്ന് കേസുകളുണ്ട്. രണ്ടുതവണ റിമാന്‍ഡിലായിരുന്നതായും പോലീസ് വ്യക്തമാക്കി. ലഹരി ഉപയോഗിച്ചായിരുന്നു പ്രതി നിരന്തരം ശല്യമുണ്ടാക്കിയിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. ബെംഗളൂരുവില്‍നിന്ന് രണ്ടുദിവസം മുമ്പാണ് പ്രതി നാട്ടിലെത്തിയതെന്നും പോലീസ് വ്യക്തമാക്കി.
റിതുവിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് പോലീസില്‍ പലതവണ പരാതിപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ അത്തരത്തില്‍ ആരുംപരാതി എഴുതി നല്‍കിയിരുന്നില്ലെന്ന് എറണാകുളം റൂറല്‍ എസ്പി പറഞ്ഞു. ഇയാള്‍ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ പോലീസില്‍നിന്ന് രക്ഷപ്പെട്ടിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.
കലൂരില്‍ നടന്ന നൃത്ത പരിപാടി കാണാനെത്തിയപ്പോള്‍ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഇന്ന് ആശുപത്രിവിടുമെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉമ തോമസ് ആദ്യ ദിവസങ്ങളില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഉമ തോമസിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പരസഹായത്തോടെ എഴുന്നേറ്റിരിക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നു.
ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സയിലൂടെയാകും ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുക. അപകടത്തെത്തുടര്‍ന്ന് പതിനൊന്ന് ദിവസം ഉമ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.
ഡിസംബര്‍ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്ത പരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്ക് പറ്റിയത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് പന്ത്രണ്ടായിരത്തോളം നര്‍ത്തകരെ അണിനിരത്തി നടത്തിയ പരിപാടിയായിരുന്നു ഇത്.
നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.
ഗോപന്‍സ്വാമിയുടെ പോസ്റ്റ്മോര്‍ട്ടം വ്യാഴാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് കരുതുന്നത്. വിശദമായ റിപ്പോര്‍ട്ടും വൈകാതെ ലഭ്യമാകും. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഗോപന്‍സ്വാമിയുടെ മകന് സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ, കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഏറ്റുവാങ്ങില്ലെന്നായിരുന്നു ഗോപന്‍സ്വാമിയുടെ മകനും കുടുംബാംഗങ്ങളും ആദ്യം പറഞ്ഞിരുന്നത്. ആചാരങ്ങള്‍ ലംഘിച്ച് മൃതദേഹം പുറത്തെടുത്തതിനാലാണ് ഏറ്റുവാങ്ങാന്‍ ഇവര്‍ ആദ്യം വിസമ്മതിച്ചത്. എന്നാല്‍, വി.എച്ച്.പി. നേതാക്കളടക്കം ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയും മൃതദേഹം ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. അതേസമയം, മൃതദേഹം നേരത്തെ ‘സമാധി ഇരുത്തി’യെന്ന് പറയുന്ന കല്ലറയില്‍തന്നെ വീണ്ടും സംസ്കരിക്കുമോ എന്നതില്‍ വ്യക്തതയില്ല.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഗോപന്‍സ്വാമിയുടെ സമാധിയിടം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. സ്ലാബ് പൊളിച്ചുമാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്ലറയ്ക്കുള്ളില്‍നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.
മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗോപന്‍സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിരുന്നു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്‍സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു.
എതിര്‍പ്പും പ്രതിഷേധവും ശക്തമായ സാഹചര്യത്തില്‍ വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. നിലവിലെ ഭേദഗതിയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ല. വന നിയമ ഭേദഗതിയില്‍ സര്‍ക്കാരിന് വാശിയില്ലെന്നും നിയമ ഭേഗതി വേണ്ടെന്ന് വെക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1961 ലെ വന നിയമത്തില്‍ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ തുടങ്ങുന്നത് 2013 ലാണ്. യുഡിഎഫ് ഭരണകാലത്താണ് അത്. മനപൂര്‍വ്വം വനത്തില്‍ കടന്നു കയറുക, വനമേഖലയിലൂടെ സഞ്ചരിക്കുക, വാഹനം നിര്‍ത്തുക തുടങ്ങിയവ കുറ്റകരമാക്കുന്നതാണ് ഭേദഗതി. അതിന്റെ തുടര്‍ നടപടികളാണ് പിന്നീടുണ്ടായത്. ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാതെ സര്‍ക്കാര്‍ മുന്നോട്ടു പോകില്ല.
കര്‍ഷകര്‍, മലയോര മേഖലയില്‍ താമസിക്കുന്നവര്‍ എന്നിവരുടെ ന്യായമായ താല്പര്യത്തിനെതിരെ ഒരു നിയമവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നില്ല. ഏത് നിയമവും മനുഷ്യര്‍ക്ക് വേണ്ടിയുള്ളതാണ്. വനസംരക്ഷണ നിയമത്തിലും ഇതാണ് സര്‍ക്കാരിന്റെ നിലപാട്.
വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് ജനങ്ങള്‍ സംരക്ഷിക്കപ്പെടണം. ജനങ്ങളെ ആശങ്കയിലാക്കുന്ന ഒരു ഭേദഗതിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവില്ല. അതിനാല്‍ തന്നെ വനം നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. ഭേദഗതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് മാത്രം സാധിക്കുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പ്രധാന തടസമായി നില്‍ക്കുന്നത് കേന്ദ്ര നിയമമാണ്. 38,863 ചതുരശ്ര മീറ്റര്‍ ആണ് കേരളത്തില്‍ വനം. ജന സാന്ദ്രതയും ഭൂമി ശാസ്ത്ര രീതികളും കണക്കില്‍ എടുത്താകണം എല്ലാ നിയമങ്ങളും നടപ്പാക്കേണ്ടത്. അതേസമയം വനം സംരക്ഷിക്കപ്പെടുകയും വേണം. നിലമ്പൂരില്‍ കാട്ടാന ആക്രമണത്തില്‍ സരോജിനിയുടെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
വിസി നിയമനവുമായി ബന്ധപ്പെട്ട യുജിസി കരട് നിയമ ഭേദഗതിക്കെതിരെയും മുഖ്യമന്ത്രി പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാകുന്നതാണ് ഭേദഗതി. സര്‍വ്വകലാശാലകളില്‍ ഇനി കേന്ദ്രം ഭരിക്കും എന്ന സന്ദേശമാണ് യുജിസി ഭേദഗതി നല്‍കുന്നത്.
വൈസ് ചാന്‍സിലറായി വേണ്ടപെട്ടവരെ കൊണ്ട് വരാനുള്ള വളഞ്ഞ വഴി ആണ് ഭേദഗതി. യുജിസി കരട് ചട്ടം പുനപരിശോധിക്കണം. ബിജെപി ഇതര സംസ്ഥാനങ്ങളായി യോജിച്ച് ഭേദഗതിയെ എതിര്‍ക്കുമെന്നും പിണറായി വ്യക്തമാക്കി.
നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമിയെ മക്കൾ സമാധി ഇരുത്തിയ കല്ലറ തുറന്നു പരിശോധിക്കാനുള്ള ആർ.ഡി.ഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചതോടെ സമാധിസ്ഥലം ഇന്ന് പൊളിക്കും.
ഭൗതികദേഹം പുറത്തെടുത്ത് കനത്ത പൊലീസ് അകമ്പടിയോടെ പോസ്റ്റുമോർട്ടം നടത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയയ്ക്കും.തുടർന്ന് ഭൗതിക ദേഹം എന്തുചെയ്യണമെന്ന് തീരുമാനിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കൾ സമാധിയിരുത്തിയത്.ഇന്ന് എട്ടുദിവസമാവും.
സമാധി പൊളിക്കാനുള്ള ഉത്തരവ് ജില്ലാ കളക്ടർ അനുകുമാരി ഇന്ന് രാവിലെ പൊലീസിന് കൈമാറും. ഉടൻ പൊളിക്കൽ ആരംഭിക്കും. പ്രദേശത്ത് പൊലീസിനെ വിന്യസിക്കാൻ ഇന്നലെ കളക്ടർ നിർദ്ദേശം നൽകിയതിനെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജിയുടെ നേതൃത്വത്തിൽ ഡിവിഷൻ പരിധിയിലെ എസ്.എച്ച്.ഒമാരുടെ യോഗം ചേർന്നു. 200 മീറ്റർ പരിധിയിൽ ആളുകളെ പൂർണമായും മാറ്റി വടം കെട്ടിയും ബാരിക്കേഡ് സ്ഥാപിച്ചും സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി.
ആവശ്യമെങ്കിൽ ഭാര്യയെയും മക്കളെയും കരുതൽ തടങ്കലിലാക്കും. ഇതിനുള്ള നിർദ്ദേശവും കളക്ടർ നൽകി. ഇന്നലെ രാത്രി തന്നെ നെയ്യാറ്റിൻകര സ്റ്റേഷനിലെ പൊലീസ് സംഘം സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു. പൂവാർ, കാഞ്ഞിരംകുളം, പൊഴിയൂർ, നെയ്യാറ്റിൻകര സ്റ്റേഷനുകളിലെ പൊലീസുകാർക്ക് പുറമേ കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിക്കും. വിവിധ സംഘടനകളുടെ പ്രതിഷേധമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്. പ്രതിഷേധം കാരണംകല്ലറ പൊളിക്കാനുള്ള ആദ്യശ്രമത്തിൽ നിന്ന് പിൻമാറേണ്ടിവന്നിരുന്നു.
ഇൻക്വസ്റ്റ് സ്ഥലം ടാർപൊളിൻ കെട്ടി പൊലീസ് തിരിച്ചിട്ടുണ്ട്. സബ് കളക്ടർ ആൽഫ്രഡ്, നെയ്യാറ്റിൻകര തഹസീൽദാർ നന്ദകുമാരൻ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വിസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും. ഉച്ചയ്ക്ക് മുമ്പ് നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം.
ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 60 പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ്. ഇനി ഒമ്പത് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നും രണ്ട് പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും ഡി.വൈ.എസ്.പി. നന്ദകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെന്നൈയില്‍ നിന്നും കല്ലമ്പലത്തുനിന്നും രണ്ട് പ്രതികളെക്കൂടി അറസ്റ്റുചെയ്തതായും പോലീസ് വ്യക്തമാക്കി. അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെന്നും അധികം വൈകാതെ ബാക്കി പ്രതികളെക്കൂടി കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് നിലവില്‍ 49 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ അഞ്ചുപ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവവുമായി ബന്ധപ്പെട്ട് 31 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിലവില്‍ പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ചെന്നൈയിലായിരുന്നു. അയാളെ അവിടെനിന്നും അറസ്റ്റുചെയ്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. കല്ലമ്പലത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത കേസിലെ പ്രതിയും അറസ്റ്റിലായിട്ടുള്ളതായി പോലീസ് അറിയിച്ചു.
ഉപദ്രവിച്ചവരെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പെണ്‍കുട്ടി ആദ്യ മൊഴിയില്‍ തന്നെ നല്‍കിയിരുന്നു. പേര്, സ്ഥലം, മൊബൈല്‍ നമ്പര്‍, സാമൂഹികമാധ്യമ അക്കൗണ്ട് സംബന്ധിച്ച വിവരം എന്നിങ്ങനെ പ്രതിയെ തിരിച്ചറിയാന്‍ ഉതകുന്ന ഏതെങ്കിലും ഒരുവിവരം എങ്കിലും പെണ്‍കുട്ടി പോലീസിന് നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ കേസ് അന്വേഷണത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആറുദിവസത്തിനുള്ളില്‍ ഇത്രയും പ്രതികളെ അറസ്റ്റുചെയ്യുന്നതിലേക്ക് അന്വേഷണം പുരോഗമിക്കാന്‍ സഹായകമായതും പെണ്‍കുട്ടി നല്കിയ ഈ വിവരങ്ങളാണ്.
ആദ്യഘട്ടത്തില്‍ ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷന് പരിധികളില്‍ മാത്രമായിരുന്നു അന്വേഷണം നടന്നിരുന്നത്. അന്വേഷണം പുരോഗമിക്കവെയാണ് കേസ് അഞ്ച് പോലീസ് സ്റ്റേഷനുകളിലേക്കും കൂടി വ്യാപിപ്പിച്ചത്. ഏറ്റവും ഒടുവില്‍ പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസ് തിരുവനന്തപുരം കല്ലമ്പലത്തെ പോലീസ് സ്റ്റേഷനിലേക്കും ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ആ പ്രതിയേയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടത്.
പിന്നീട് കല്ലമ്പലത്തെ ഒരു ബന്ധുവിന്റെ വീട്ടിലെ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ അവിടെയെത്തി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അമ്പലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ പത്തനംതിട്ടയില്‍ നിന്നും പോയ പോലീസ് സംഘമാണ് ചെന്നൈയില്‍ നിന്നും അറസ്റ്റുചെയ്തത്. ഇയാളെ രാത്രിയോടെ പത്തനംതിട്ടയില്‍ എത്തിക്കും.
അതേസമയം, ബുധനാഴ്ച ഉച്ചയോടെ കേസിലെ ഒരു പ്രതി മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയക്ക് ശേഷം ബുധനാഴ്ച രാത്രിയോടുകൂടി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസില്‍ 58 പ്രതികളാണ് ഉള്ളതെന്നാണ് കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി പറഞ്ഞത്. എന്നാല്‍ ബുധനാഴ്ചയോടെ അന്വേഷണസംഘത്തിന് ഇതുസംബന്ധിച്ച കൃത്യമായ ധാരണ കൈവന്നിട്ടുള്ളതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ ദുരൂഹസമാധിയുമായി ബന്ധപ്പെട്ട് കല്ലറ തുറന്ന് പരിശോധന നടത്താമെന്ന് ഹൈക്കോടതി. ‘സമാധിപീഠം’ പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗോപന്‍സ്വാമിയുടെ കുടുംബം നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന നിലപാട് സ്വീകരിച്ചത്. ഇതു സംബന്ധിച്ച് ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
കുടുംബത്തിന്റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഗോപന്‍സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ ഭാഗം കേള്‍ക്കാമെന്നും അല്ലെങ്കില്‍ ഇതൊരു അസ്വാഭാവിക മരണമായി കണക്കാക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
ഒരാളെ കാണാതായാല്‍ അന്വേഷണം നടത്തണം. അന്വേഷണത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സമാധിപീഠം പൊളിച്ച് പരിശോധന നടത്തുന്നതില്‍ ജില്ലാ കളക്ടര്‍ക്ക് നോട്ടീസ് നല്‍കാനും ഹൈക്കോടതി തീരുമാനമെടുത്തു.
ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണൂര്‍ ജയില്‍ മോചിതനായി. ബുധനാഴ്ച രാവിലെയോടെ ജാമ്യ ഉത്തരവ് ജയിലില്‍ എത്തിച്ചതിന് പിന്നാലെ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ബോബി ജയിലില്‍നിന്ന് പുറത്തിറങ്ങി. ട്രാഫിക് ബ്ലോക് കാരണമാണ് ചൊവ്വാഴ്ച ഉത്തരവ് ജയിലില്‍ എത്തിക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് സത്യവാങ്മൂലമായി ജയില്‍ അധികൃതര്‍ക്ക് എഴുതി നല്കി.
വിവിധ കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാനാവാത്തവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബോബി കഴിഞ്ഞ ദിവസം ജയില്‍മോചിതനാകാന്‍ തയ്യാറായിരുന്നില്ല. ജയിലിന് പുറത്തെത്തിയ ബോബി ഇക്കാര്യം ആവര്‍ത്തിച്ചു. അത് കോടതി അലക്ഷ്യമല്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ബോബി തയ്യാറായില്ല. ബോബിയെ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക് അനുവദിക്കാതെ അഭിഭാഷകര്‍ കൂട്ടിക്കൊണ്ടുപോയി.
കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്. രാത്രി ഏഴരവരെയാണ് ജയിലിൽനിന്ന് പുറത്തിറങ്ങാനുള്ള സമയം അനുവദിച്ചത്. ബോബി ജയില്‍മോചിതനാകുമെന്ന പ്രതീക്ഷയില്‍ നൂറുകണക്കിനാളുകള്‍ ജയില്‍ക്കവാടത്തിന് മുന്നില്‍ എത്തിയിരുന്നു. ഇവര്‍ മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡ് ഉയര്‍ത്തുകയും ചെയ്തു.
പ്രതിഭാഗത്തിന്റെ ഈ നടപടികളില്‍ ഹൈക്കോടതിക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് കേസ് വീണ്ടും പരിഗണനയ്ക്കെടുത്തു. ബുധനാഴ്ച രാവിലെ 10.15-ഓടെ ബോബിയുടെ അഭിഭാഷകരോട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോബിയെ തിരക്കിട്ട് ജയിലിന് പുറത്തെത്തിച്ചത്.
കുടുംബക്കാർ സമാധിയിരുത്തിയെന്ന് അവകാശപ്പെടുന്ന ഗോപൻസ്വാമിയുടെ സമാധിപീഠം തുറക്കാനായുള്ള കളക്ടറുടെ ഉത്തരവ് ബുധനാഴ്ച ഉണ്ടായേക്കും. സമാധിപീഠം തുറക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ബുധനാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും. തിങ്കളാഴ്ച സമാധിസ്ഥലം തുറക്കാനുള്ള ശ്രമം സംഘർഷാവസ്ഥയെത്തുടർന്ന് പോലീസ് ഉപേക്ഷിക്കുകയായിരുന്നു. കളക്ടറുടെ ഉത്തരവുണ്ടായാൽ ബുധനാഴ്ച ശക്തമായ പോലീസ് സുരക്ഷയിൽ സമാധി തുറക്കാനാണ് ശ്രമം.
അതിയന്നൂർ, ആറാലുംമൂട്, കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻസ്വാമിയെ (69) കാണ്മാനില്ലെന്ന രണ്ടു നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പോലീസ് തിങ്കളാഴ്ച സമാധി പൊളിക്കാൻ എത്തിയത്. വീട്ടുകാരുടെയും ചില ഹൈന്ദവ സംഘടനകളുടെയും എതിർപ്പിനെത്തുടർന്ന് ശ്രമം ഉപേക്ഷിച്ചെങ്കിലും ആളിനെ കണ്ടെത്താനായി സമാധി പൊളിച്ചേ തീരൂയെന്നാണ് പോലീസ് നിലപാട്.
വീട്ടുകാർ നൽകിയ മൊഴിപ്രകാരം ഗോപൻസ്വാമി സ്വയമേ നടന്ന് സമാധിപീഠത്തിലിരുന്നെന്നും തുടർന്ന് സമാധിയായെന്നുമാണ്. ജീവൽസമാധിയായതിനാലാണ് നാട്ടുകാരെയോ, ബന്ധുക്കളെയോ അറിയിക്കാത്തതെന്നുമാണ് പറഞ്ഞത്. എന്നാൽ മരണം സ്ഥിരീകരിക്കാനായി വീട്ടുകാർ ഡോക്ടറെക്കൊണ്ട് പരിശോധന നടത്തിയില്ല.
ഇതാണ് നാട്ടുകാരിൽ സംശയമുളവാക്കിയതും പോലീസിൽ പരാതി നൽകാനിടയാക്കിയതും. ഗോപൻസ്വാമിയുടെ തിരോധാനത്തിൽ കുറ്റകൃത്യം നടന്നെന്ന നിലപാടാണ് പോലീസിന്. അതുകൊണ്ട് സമാധി പൊളിക്കുന്നതിനു വീട്ടുകാർക്ക് നോട്ടീസ് നൽകേണ്ടതില്ലെന്ന് ഡിവൈ.എസ്.പി. എസ്.ഷാജി പറഞ്ഞു.
അച്ഛൻ സ്വമേധയ സമാധിയായതാണെന്നും ജീവൽ സമാധിയായതിനാൽ ഹൈന്ദവ ആചാരപ്രകാരം സമാധി തുറക്കാനാവില്ലെന്ന വാദമുയർത്തി ഗോപൻസ്വാമിയുടെ ഭാര്യയും മക്കളും ബുധനാഴ്ച ഹൈക്കോടതിയെ സമീപിക്കും. ബുധനാഴ്ച രാവിലെ റിട്ട് പെറ്റീഷൻ സമർപ്പിക്കുമെന്ന് വീട്ടുകാരുടെ അഭിഭാഷകനായ രഞ്ജിത്ചന്ദ്രൻ വ്യക്തമാക്കി.
തിങ്കളാഴ്ചയുണ്ടായ സംഭവവികാസങ്ങൾക്കിടെ സബ്കളക്ടറുടെയും ഡിവൈ.എസ്.പി.യുടെയും നേതൃത്വത്തിൽ വിളിച്ച യോഗത്തിൽ സമാധി പൊളിക്കുന്നതു സംബന്ധിച്ച് ആർ.ഡി.ഒ.യോ, കളക്ടറോ നോട്ടീസ് നൽകണമെന്നാണ് വീട്ടുകാർ ആവശ്യപ്പെട്ടത്. എന്നാൽ, ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്ന് മൂത്തമകൻ സനന്ദൻ വ്യക്തമാക്കി.