26 പേരെ കൊലപ്പെടുത്തിയ പഹല്ഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കറിന്റെ നിഴല് സംഘടനായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ഈ സംഘടനയുടെ നിലവിലെ തലവന് ഷെയ്ക്ക് സജ്ജാദ് ഗുളാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് എന്ഐഎ അന്വേഷണത്തില് കണ്ടെത്തിയത്. എന്നാല് ഇയാള്ക്ക് കേരളവുമായും ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. സജ്ജാദ് ഗുള് ഭീകരവാദിയാകുന്നതിന് മുമ്പ് കേരളത്തില് പഠിച്ചിരുന്നുവെന്നാണ് പിടിഐ റിപ്പോര്ട്ട് ചെയ്യുന്നത്. ഇന്ത്യയില് പ്രത്യേകിച്ച് ജമ്മു കശ്മീരില് ഭീകരാക്രമണങ്ങള് നടത്താന് പാക് ചാര സംഘടനയായ ഐഎസ്ഐ വളര്ത്തിയെടുത്ത ഭീകരനാണ് സജ്ജാദ് ഗുള്.
ശ്രീനഗറില് പഠിച്ച് ബെംഗളൂരുവില് എംബിഎയും കഴിഞ്ഞതിന് ശേഷം സജ്ജാദ് ഗുള് കേരളത്തില് വന്ന് ലാബ് ടെക്നീഷ്യന് കോഴ്സ് പഠിച്ചിട്ടുണ്ട് എന്നാണ് പിടിഐ റിപ്പോർട്ടിൽ പറയുന്നത്.. ഇതിന് ശേഷം ശ്രീനഗറില് തിരിച്ചെത്തിയ ഇയാള് അവിടെ മെഡിക്കൽ ലാബ് തുറക്കുകയും ഇതിനൊപ്പം തീവ്രവാദികള്ക്ക് സഹായങ്ങള് ചെയ്ത് കൊടുക്കുന്നത് തുടങ്ങുകയും ചെയ്തു.
ഭീകരവാദികള്ക്ക് സഹായം ചെയ്യുന്നതിനിടെ 2002ല് ഡല്ഹി നിസാമുദ്ദീന് റെയില്വേ സ്റ്റേഷനില് വെച്ച് ആര്ഡിഎക്സുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരവാദ കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ട സജ്ജാദ് പിന്നീട് 2017ലാണ് ജയില് മോചിതനായത്. ജയിലില് നിന്നിറങ്ങിയതിന് പിന്നാലെ പാകിസ്താനിലേക്ക് പോവുകയും ചെയ്ത ഐഎസ്ഐയുടെ ശിക്ഷണത്തിലും ഉപദേശത്തിലും റെസിസ്റ്റന്സ് ഫ്രണ്ട് എന്ന ഭീകരവാദ സംഘടന രൂപീകരിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.
ഇന്ത്യയ്ക്ക് പുറത്ത് രൂപീകരിച്ച സംഘടനകള്ക്ക് പകരം ഇന്ത്യയ്ക്കകത്ത് ഉള്ളവരെ ഉപയോഗിച്ച് ആക്രമണങ്ങള് നടത്തുക എന്ന തന്ത്രമാണ് ഐഎസ്ഐ നടപ്പിലാക്കിയത്. 2019ലെ പുല്വാമ ആക്രമണത്തിന് ശേഷമാണ് ഇത്തരമൊരു സംവിധാനമൊരുക്കാന് പാകിസ്താന് തീരുമാനിച്ചത്. പുല്വാമയ്ക്ക് പിന്നാലെ പാകിസ്താന് ഭീകരവാദികളെ സംരക്ഷിക്കുന്നുവെന്ന രീതിയില് ആഗോളതലത്തില് ചര്ച്ചകള് വരികയും ചെയ്തിരുന്നു. ഭാവിയില് അത് ഒഴിവാക്കാനുള്ള നീക്കമായിരുന്നു ടി.ആര്.എഫിലൂടെ ഐഎസ്ഐ ലക്ഷ്യമിട്ടത്.
മോദി സര്ക്കാര് ആര്ട്ടിക്കിള് 370 റദ്ദാക്കിയതോടെ ടിആര്എഫിന്റെ പ്രവര്ത്തനം സജീവമായി. 2020 മുതല് 2024 വരെ നിരവധി ആക്രമണങ്ങള് ഇവര് ജമ്മു കശ്മീരില് നടത്തി. കശ്മീരികളല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ടി.ആര്.എഫിന്റെ സ്വഭാവമായിരുന്നു. നിലവില് 50 വയസുള്ള സജ്ജാദ് ഗൗളിനെ പിടികൂടാന് സഹായിക്കുന്നവര്ക്ക് 10 ലക്ഷം രൂപയാണ് ഈനാമായി നല്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 2022ല് തന്നെ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
പാകിസ്താൻ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈലാക്രമണത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സേന. ഒൻപത് ഭീകരകേന്ദ്രങ്ങളിൽ നടത്തിയ മിസൈലാക്രമണ ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്.
കോട്ലിയിലെ അബ്ബാസ് തീവ്രവാദ ക്യാമ്പ്, ബഹവൽപൂരിലെ ജെയ്ഷെ മുഹമ്മദ് (ജെഎം) ആസ്ഥാനം, സിയാൽകോട്ട്, മുസാഫറാബാദ്, ഭിംബർ, ചക് അമ്രു, ഗുൽപുർ എന്നിവിടങ്ങളിലെ ഭീകര ക്യാമ്പ്, മുരീദ്കെയിലെ അഡീഷണൽ എൽഇടി ക്യാമ്പ് എന്നീ കേന്ദ്രങ്ങൾ തകർക്കുന്ന ദൃശ്യങ്ങളാണ് സൈന്യം പുറത്തുവിട്ടത്.
കോട്ലിയിലെ അബ്ബാസ് ഭീകരവാദ കേന്ദ്രമായിരുന്നു ഇന്ത്യൻ സൈന്യം ആദ്യം ലക്ഷ്യമിട്ടത്. പുലർച്ചെ 1.04 ഓടെയായിരുന്നു ഇവിടെ ഇന്ത്യൻ സേന മിസൈലാക്രമണം നടത്തിയത്. 23 മിനിറ്റ് നീണ്ട ആക്രമണത്തിൽ സേന ലക്ഷ്യം കാണുകയായിരുന്നു. ഇന്ത്യൻ മിസൈലാക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായാണ് വിവരം. മസ്ഹൂദ് അസ്ഹറിന്റെ പ്രസ്താവനെയെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ജോലിക്ക് പോയ യുവതി വാഹനം ഇടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. യുവതിയുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വേഷണം. യുവതിയുടെ മുൻ സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശിയായ അൻഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വെട്ടിക്കാവുങ്കല് പൂവന്പാറയില് വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പില് നീതു കൃഷ്ണന് (36) ആണ് ഇന്നലെ മരിച്ചത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു യുവതി വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ നീതു ഇന്നലെ രാവിലെ 9നു ജോലിക്കു പോകുമ്പോള് വെട്ടിക്കാവുങ്കല് – പൂവന്പാറപ്പടി റോഡിലാണ് അപകടം.
വാഹനമിടിച്ച് അബോധാവസ്ഥയില് കിടന്ന നീതുവിനെ നാട്ടുകാര് കറുകച്ചാലിലെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നിലൂടെ എത്തിയ വാഹനം ഇടിച്ചുവീഴ്ത്തിയെന്നാണു പ്രാഥമിക നിഗമനം. സംഭവസ്ഥലത്തു നിന്ന് ഒരു കാര് മല്ലപ്പള്ളി ഭാഗത്തേക്കു പോകുന്നതു കണ്ടതായി നാട്ടുകാരില് ചിലര് പൊലീസിനെ അറിയിച്ചു.
വാഹനം കണ്ടെത്താന് അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി എ.ഷാഹുല് ഹമീദ് പറഞ്ഞു. യുവതിയുമായി ബന്ധപ്പെട്ടു സമീപകാലത്തു നടന്ന സാമ്പത്തിക ഇടപാടുകള് പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടം നടന്ന ഭാഗത്തെ സിസിടിവി ദൃശ്യങ്ങള് പൊലീസ് ശേഖരിച്ചിട്ടുണ്ട്. നീതുവിന്റെ മക്കള്: ലക്ഷ്മി നന്ദ, ദേവനന്ദ. സംസ്കാരം പിന്നീട്.
പഹല്ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് കനത്ത തിരിച്ചടി നല്കി ഇന്ത്യ. പാകിസ്ഥാന്റെ ഒന്പത് ഭീകര ക്യാമ്പുകള് ഇന്ത്യ തകര്ത്തു. ‘ഓപ്പറേഷന് സിന്ദൂര്’ എന്ന പേരില് ബുധനാഴ്ച പുലര്ച്ചെ 1:44 ന് നടത്തിയ ഓപ്പറേഷനില് കര, നാവിക, വ്യോമസേനകള് ഒരുമിച്ചു ചേര്ന്നാണ് പാക് അധീന കാശ്മീര് ഉള്പ്പെടെ ഒന്പത് ഇടങ്ങളില് ആക്രമണം നടത്തിയത്.
പാകിസ്ഥാന്, പാക് അധീന കാശ്മീര് എന്നിവിടങ്ങളിലെ ഒന്പത് ക്യാമ്പുകള് ആണ് തകര്ത്തത്. കോട്ലി, ബഹാവല്പൂര്, മുസാഫറാബാദ് എന്നിവിടങ്ങളില് ആണ് ആക്രമണം നടന്നത്. നീതി നടപ്പാക്കിയെന്ന് ഇന്ത്യന് സൈന്യം എക്സില് കുറിച്ചു. കൂടുതല് വിവരങ്ങള് ഉടന് പുറത്തു വിടുമെന്ന് പ്രതിരോധ മന്ത്രാലയവയും അറിയിച്ചു.
അതേസമയം ഇന്ത്യയുടെ പ്രത്യാക്രമണം സ്ഥിരീകരിച്ച് പാകിസ്ഥാന് രംഗത്ത് വന്നിട്ടുണ്ട്. ആക്രമണത്തില് മൂന്ന് പേര് കൊല്ലപ്പെട്ടതായും 12 പേര്ക്ക് പരിക്ക് പറ്റിയതായും പാകിസ്ഥാന് അറിയിച്ചു. ആക്രമണത്തെ തുടര്ന്ന് ലാഹോര് സിയാല്കോട്ട് വിമാനത്താവളങ്ങള് അടച്ചു.
1971 ല് ഇന്ത്യ-പാക് യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് സൈന്യം നേരിട്ട് പാകിസ്ഥാന്റെ രാജ്യാതിര്ത്തി ഭേദിക്കാതെ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളില് മിസൈല് ആക്രമണം നടത്തിയത്. പാക് അധീന കാശ്മീരിലെയും പാകിസ്ഥാനിലെയും തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. ചാവേര് ഡ്രോണുകളായ ‘കമിക്കാസി’ ആണ് ആദ്യഘട്ട ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്ട്ട്.
പാകിസ്ഥാന്റെ ഒരു സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്തിയിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യ ലക്ഷ്യങ്ങള് തിരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും ഗണ്യമായ സംയമനം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. ബഹവല്പുരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനം, മുരിഡ്കെയിലെ ലഷ്കറെ തൊയ്ബ ആസ്ഥാനത്തും ആയിരുന്നു ആദ്യ ആക്രമണം.
പുലര്ച്ചെ 1:24 ന് വ്യക്തമായ മുന്നറിയിപ്പ് നല്കിയ ശേഷമായിരുന്നു പാകിസ്ഥാനിലെ ഒന്പത് ഭീകര കേന്ദ്രങ്ങള് ലക്ഷ്യമിട്ടുുള്ള ഇന്ത്യയുടെ ആക്രമണം. ‘ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവര്’ എന്ന കുറിപ്പോടെ ഇന്ത്യയുടെ ടാങ്കുകളും തോക്കുകളും മിസൈല് വാഹിനികളും പങ്കുവെച്ചുകൊണ്ട് ഇന്ത്യന് കരസേന പുലര്ച്ചെ 1:28 നാണ് എക്സില് പോസ്റ്റിട്ടത്. കരസേന എഡിജിപിയുടെ ഔദ്യോഗിക എക്സ് ഹാന്ഡിലില് നിന്നുള്ളതായിരുന്നു പോസ്റ്റ്.
ഇതിന് ശേഷം കൃത്യം പതിനാല് മിനിറ്റ് കഴിഞ്ഞായിരുന്നു പാകിസ്ഥാനിലെ ഒന്പത് ഭീകരകേന്ദ്രങ്ങള് തകര്ത്തുകൊണ്ടുള്ള ഇന്ത്യയുടെ പ്രഹരം.
കാട്ടാക്കടയില് 15 വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില് പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴ തുക കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. തിരുവനന്തപുരം വഞ്ചിയൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മരിച്ച പത്താം ക്ലാസ്കാരൻ ആദിശേഖറിന്റെ ബന്ധു കൂടിയാണ് പ്രതിയായ പൂവച്ചൽ സ്വദേശി പ്രിയരഞ്ജൻ. മനഃപൂർവമല്ലാത്ത അപകടം എന്ന് കരുതിയിരുന്ന കേസിൽ സിസിടിവി ദൃശ്യങ്ങളാണ് നിർണായകമായത്. കൂടാതെ ദൃക്സാക്ഷികളുടെ മൊഴിയും പ്രിയരഞ്ജൻ തന്നെയാണ് പ്രതിയെന്ന് ഉറപ്പിച്ചു.
2023 ആഗസ്റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചല് പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെറെ മതിലില് പ്രിയരഞ്ജന് മൂത്രമൊഴിച്ചത് ആദിശേഖര് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് ബന്ധു കൂടിയായ ഇയാള് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് കേസ്. ആദിശേഖര് സൈക്കിളില് കയറാനൊരുങ്ങവെ കാര് പിന്നിലൂടെ വന്ന് ഇടിച്ചിടുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. പിന്നീട് കാർ നിർത്താതെ ഇയാൾ ഓടിച്ചുപോയി.
വിദേശത്തുള്ള ഭാര്യയുമായി സംസാരിക്കവെ കാര് അബദ്ധത്തില് മുന്നോട്ടുനീങ്ങി കുട്ടിയെ ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം. സിസിടിവി ദൃശ്യങ്ങളും സാക്ഷി മൊഴിയും പുറത്തുവന്നതോടെയാണ് കൊലപാതക കാരണം വൈരാഗ്യവും കൊലപാതകം ആസൂത്രിതവും ആയിരുന്നെന്ന് തെളിഞ്ഞത്.പ്രതിക്ക് പരമാവധി ശിക്ഷ നല്കണമെന്നാണ് കുടുംബം കോടതിയോട് ആവശ്യപ്പെട്ടത്.
ഇന്ത്യ- പാക് ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില് വമ്പന് യുദ്ധാഭ്യാസത്തിനൊരുങ്ങി വ്യോമസേന. രാജസ്ഥാനിലെ ഇന്ത്യ- പാക് അതിര്ത്തിയോട് ചേര്ന്നാകും യുദ്ധാഭ്യാസം നടക്കുക. ബുധനാഴ്ച രാത്രി ഒമ്പതു മണിക്കും വ്യാഴാഴ്ച രാവിലെ മൂന്നു മണിക്കുമായാണ് അഭ്യാസപ്രകടനങ്ങള് നടക്കുക. യുദ്ധാഭ്യാസം നടത്തുന്നതുമായി ബന്ധപ്പെട്ട് കൊമേർഷ്യൽ വിമാനങ്ങളിലെ വൈമാനികര്ക്ക് വ്യോമസേന നോട്ടാം ( NOTAM- Notice to Airmen) മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
യുദ്ധാഭ്യാസ സമയത്ത് അതിര്ത്തിയോട് ചേര്ന്നുള്ള വിമാനത്താവളങ്ങളില്നിന്ന് വിമാനങ്ങള് ടേക്ക് ഓഫ് ചെയ്യുന്നതും ലാന്ഡ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. നാളെ രാജ്യവ്യാപകമായി സിവില് ഡിഫന്സ് മോക്ക് ഡ്രില്ലുകള് നടത്താനുള്ള നിര്ദ്ദേശത്തിന് പുറമെയാണ് വ്യോമസേനയുടെ യുദ്ധാഭ്യാസമെന്നത് ശ്രദ്ധേയമാണ്.
പഹല്ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ- പാക് സംഘര്ഷം വര്ധിച്ചുവരികയാണ്. ഇതിനിടെയാണ് വര്ഷങ്ങള്ക്ക് ശേഷം സിവില് ഡിഫന്സ് മോക്ക് ഡ്രില് നടത്തുന്നത്. 1971-ലാണ് അവസാനമായി മോക്ക് ഡ്രില് നടന്നത്. ഇതിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മില് യുദ്ധമുണ്ടായിരുന്നു.
രാജ്യമെമ്പാടുമുള്ള സിവില് ഡിഫന്സ് ജില്ലകള് കേന്ദ്രീകരിച്ചാണ് മോക്ക് ഡ്രില് നടത്തുക. 300 കേന്ദ്രങ്ങളില് പരിശീലനം നടക്കും. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയാണ് സിവില് ഡിഫന്സ് ജില്ലകളായി വിശേഷിപ്പിക്കുന്നത്. ആണവനിലയങ്ങള്, എണ്ണ ശുദ്ധീകരണശാലകള്, ക്രൂഡ് ഓയില് സംഭരണകേന്ദ്രങ്ങള്, തന്ത്രപ്രധാനമായ സാമ്പത്തിക- പൊതു നിര്മിതികളുള്ള സ്ഥലങ്ങള് തുടങ്ങിയവ ഉള്ള സ്ഥലങ്ങളാണ് സിവില് ഡിഫന്സ് ജില്ലകള്.
അപകീര്ത്തികരമായ വാര്ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില് അറസ്റ്റിലായ ഓണ്ലൈന് ചാനലുടമ ഷാജന് സ്കറിയക്ക് ജാമ്യം. വീഡിയോയിലുടെ ലൈംഗികാധിക്ഷേപം നടത്തി, അപകീര്ത്തിപരമായ വാര്ത്ത പ്രസിദ്ധീകരിച്ചുവെന്ന മാഹി സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി. എന്നാല് അറസ്റ്റിന് ശേഷം മജിസ്ട്രേറ്റിനു മുന്നില് ഹാജരാക്കിയ ഷാജന് സ്കറിയയ്ക്ക് രാത്രി വൈകി ഉപാധികളോടെ ജാമ്യം ലഭിക്കുകയായിരുന്നു.
അതേസമയം അച്ഛനും അമ്മയ്ക്കുമൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന തന്നെ ഷര്ട്ടിടാന്പോലും അനുവദിക്കാതെയാണ് കസ്റ്റഡിയിലെടുത്തതെന്നും തനിക്കെതിരായ കേസെന്തെന്ന് പോലും പറഞ്ഞില്ലെന്നും അറസ്റ്റിനിടെ ഷാജന് സ്കറിയ മാധ്യമങ്ങളോട് പറഞ്ഞു. ‘പിണറായിസം തുലയട്ടെ’യെന്നു മുദ്രാവാക്യം മുഴക്കിയ ഷാജന്, ജനാധിപത്യം സംരക്ഷിക്കാനാണ് താന് ജയിലിലേക്കു പോകുന്നതെന്നും തനിക്കെതിരേ ചുമത്തിയതെല്ലാം കള്ളക്കേസാണെന്നും പറഞ്ഞു. സര്ക്കാര് തന്നെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രിക്കും മകള്ക്കുമെതിരെ വാര്ത്ത നല്കുന്നതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും ഷാജന് ആരോപിച്ചു.
ഓണ്ലൈന് മാധ്യമമായ മറുനാടന് മലയാളിയുടെ ഉടമയും എഡിറ്ററുമായ ഷാജന് സ്കറിയയെ അദ്ദേഹത്തിന്റെ തിരുവനന്തപുരം കുടപ്പനക്കുന്നിലെ വീട്ടില് നിന്നാണ് തിരുവനന്തപുരം സൈബര് പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബര് 23-ന് പ്രസിദ്ധീകരിച്ച വീഡിയോ വഴി യുവതിയെ അധിക്ഷേപിച്ചുവെന്നാണ് പരാതി. യുഎഇയില് പ്രമുഖ ബാങ്കിലെ ജീവനക്കാരിയാണ് താനെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയിലാണ് ഇപ്പോള് നടപടി. ഭാരതീയ ന്യായ സംഹിതയിലെ 79-ാം വകുപ്പും ഐടി നിയമത്തിലെ 120-ാം വകുപ്പുപ്രകാരവുമാണ് കേസെടുത്തത്.
പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ സംഭവത്തിൽ വഴിത്തിരിവ്. വിദ്യാർത്ഥിക്ക് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച് നൽകിയെന്ന് അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മ സമ്മതിച്ചു. തിരുപുറം സ്വദേശിയാണ് ഗ്രീഷ്മ. നെയ്യാറ്റിന്കരയിലെ അക്ഷയ കേന്ദ്രത്തിലാണ് വ്യാജ ഹാള് ടിക്കറ്റ് ഉണ്ടാക്കിയത്.
നീറ്റിന് അപേക്ഷിക്കാൻ കുട്ടിയുടെ കുടുംബം ഏൽപ്പിച്ചത് മറന്നുപോയത് കൊണ്ടാണ് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച് നൽകിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്ത ശേഷം പൊലിസ് അക്ഷയ സെന്ററിലെത്തിച്ച് തെളിവെടുത്തു.
പാറശാല സ്വദേശിയായ വിദ്യാർത്ഥിയാണ് വ്യാജ ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിൽ എത്തിയത്. തൈക്കാവ് വിഎച്ച്എസ്എസിലാണ് വിദ്യാർത്ഥി പരീക്ഷയ്ക്ക് എത്തിയത്. തിരുവനന്തപുരത്തുള്ള മറ്റൊരു വിദ്യാര്ത്ഥിയുടെ പേരിലുള്ള ഹാള് ടിക്കറ്റായിരുന്നു ഈ കുട്ടിയുടെ കയ്യിലുണ്ടായിരുന്നത്. ഹാൾ ടിക്കറ്റിന്റെ ആദ്യ ഭാഗത്ത് കസ്റ്റഡിയിലുള്ള വിദ്യാർത്ഥിയുടെ പേരും ഡിക്ലറേഷൻ ഭാഗത്ത് മറ്റൊരു വിദ്യാർത്ഥിയുടെ പേരുമാണ് എഴുതിയിരുന്നത്.
ഹാൾ ടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്സാം സെന്റർ അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പത്തനംതിട്ട പൊലീസ് എത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിക്ക് എങ്ങനെയാണ് വ്യാജ ഹാൾ ടിക്കറ്റ് ലഭിച്ചതെന്നുള്ള അന്വേഷണമാണ് അക്ഷയ സെന്റർ ജീവനക്കാരിയിൽ എത്തിയത്. ഗ്രീഷ്മയാണ് ഹാൾ ടിക്കറ്റ് നല്കിയതെന്ന് വിശദമായ ചോദ്യം ചെയ്യലിൽ വിദ്യാർത്ഥി പൊലിസിന് മൊഴി നൽകുകയായിരുന്നു.
സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ കേസിൽ ഛായാഗ്രാഹകനും സംവിധായനുമായ സമീർ താഹിർ അറസ്റ്റിൽ.ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ സമീർ താഹിറിനെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
കച്ചേരിപ്പടിയിലെ എക്സൈസ് ഓഫീസിലാണ് സമീർ താഹിർ ഹാജരായത്. സമീർ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്നായിരുന്നു സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇതിന് പിന്നാലെ സമീർ താഹിറിന് എക്സൈസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നൽകുകയായിരുന്നു.
ഹൈബ്രിഡ് കഞ്ചാവുമായാണ് സംവിധായകരായ ഖാലിദ് റഹ്മാന്, അഷ്റഫ് ഹംസ എന്നിവരുൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അർധരാത്രി എക്സൈസ് നടത്തിയ പരിശോധനയിലാണ് 1.6 ഗ്രാം ഹൈബ്രിഡ് പിടികൂടിയത്.
ഇരുവരും ലഹരി ഉപയോഗിക്കാറുണ്ടെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന് ജാമ്യത്തില് വിട്ടയക്കുകയായിരുന്നു.
പഹല്ഗാം ഭീകരാക്രമണത്തെ തുടര്ന്ന് ഇന്ത്യ-പാക് ബന്ധം സംഘര്ഷ ഭരിതമായ പശ്ചാത്തലത്തില് അടിയന്തര സാഹചര്യങ്ങള് നേരിടുന്നതിന് പൊതുജനങ്ങള്ക്ക് പരിശീലനം നല്കാന് സംസ്ഥാനങ്ങളില് മോക്ഡ്രില്ലുകള് നടത്താന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്ദേശം നല്കി. മറ്റന്നാള് വിവിധ സംസ്ഥാനങ്ങളില് മോക്ഡ്രില്ലുകള് നടത്താനാണ് നിര്ദേശം.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്ത്തന ക്ഷമത സംബന്ധിച്ച് മോക്ഡ്രില് നടത്തണം. ആക്രമണമുണ്ടായാല് സ്വയം പരിരക്ഷിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങള്ക്കും വിദ്യാര്ഥികള്ക്കും പരിശീലനം നല്കണമെന്നും നിര്ദേശിച്ചിട്ടുണ്ട്.
അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങള് ഒരുക്കല്, ഒഴിപ്പിക്കലിനുള്ള പരിശീലനം എന്നിവയ്ക്കൊപ്പം പ്രധാന കെട്ടിടങ്ങളുടെയും പ്ലാന്റുകളുടെയും പദ്ധതികളുടെയും സംരക്ഷണത്തിനായി സ്വീകരിക്കേണ്ട നടപടികളും തയ്യാറാക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്ക്ക് നല്കിയിരിക്കുന്ന നിര്ദേശം.