India

വീണ്ടും രാജ്യത്തെ ഞെട്ടിച്ച് പീഡനശ്രമം ചെറുത്ത യുവതിയെ ക്രൂരമായി കൊലപ്പെടുത്തി.ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെച്ച് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ എതിര്‍ത്ത യുവതിയെയാണ് ട്രാക്കിലേക്കെറിഞ്ഞ് കൊലപ്പെടുത്തി. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് സംഭവം. കേസിൽ 27കാരനായ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട യുവതി ഒന്‍പത് വയസ്സുള്ള മകനുമൊത്ത് യാത്ര ചെയ്യുകയായിരുന്നു. ട്രെയിന്‍ ഫത്തേബാദിലെ ടൊഹാന ടൗൺ സ്റ്റേഷനിൽ യുവതിയെ ഭർത്താവ് കാത്തിരിക്കവെയാണ് ട്രെയിനിൽ വെച്ച് ദാരുണ സംഭവം ഉണ്ടായത്. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ അമ്മ ഒപ്പമില്ലാതെ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മകനെ കണ്ട് അച്ഛന്‍ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്.

യുവതിയും മകനും യാത്ര ചെയ്ത കമ്പാര്‍ട്ടുമെന്റില്‍ മൂന്ന് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ട്രെയിനില്‍ യുവതിയെ കണ്ട പ്രതി ആക്രമിക്കുകയും പുറത്തേക്ക് തള്ളിയിടുകയും ശേഷം ഒപ്പം ചാടുകയും ചെയ്യുകയായിരുന്നൂ. മകന്‍ കരഞ്ഞുകൊണ്ട് തന്റെ അടുത്ത് വന്ന ശേഷം അമ്മയെ ഒരാൾ ട്രെയിനിൽ നിന്നും തല്ലിയിട്ടെന്ന് പറഞ്ഞതായി ഭർത്താവ് പറയുന്നു. തുടർന്ന് ഭർത്താവും റെയ്ൽവേ അധികൃതരും നടത്തിയ തെരച്ചിലിലാണ് ട്രാക്കിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിൽ 27കാരനായ പ്രതിയെ പോലീസ് അറസ്റ് ചെയ്തു.

തെരുവുനായയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റതിനെ തുടർന്നു പേ വിഷബാധയ്ക്കതിരെ മൂന്നു കുത്തിവയ്പ് എടുത്ത പെൺകുട്ടി ഗുരുതരാവസ്ഥയിൽ. പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാ ഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.

പാൽ വാങ്ങാൻ പോകവേ കഴിഞ്ഞ 14ന് പെരുനാട് കാർമൽ എൻജിനീയറിങ് കോളജ് റോഡിലായിരുന്നു അപ്രതീക്ഷിതമായി തെരുവുനായയുടെ ആക്രമണം ഉണ്ടായത്. രണ്ട് കാലിനുമായി ആറിടത്തും മുഖത്ത് കണ്ണിനോടു ചേർന്നും നായ കടിച്ചു പറിച്ചു. മൈലപ്ര എസ്എച്ച് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അഭിരാമി.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് ആദ്യത്തെ വാക്‌സീൻ എടുത്തു. രണ്ട് വാക്‌സീൻ പെരുനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ നിന്നുമാണ് സ്വീകരിച്ചത്. നാലാമത്തെ വാക്‌സീൻ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയിൽ നിന്ന് അറിയിച്ചിരുന്നു.

ഇതിനിടെ, കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സ്‌റേ എടുത്ത ശേഷം കുഴപ്പമില്ലെന്നു പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞയച്ചു.

എന്നാൽ വൈകീട്ടോടെ കുട്ടിയുടെ നില കൂടുതൽ വഷളായി. വായിൽ നിന്നു പത വരികയും ദൃഷ്ടി മുകളിലേക്ക് മറഞ്ഞു തുടങ്ങുകയും ചെയ്തു. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്നു കണ്ടതിനെ തുടർന്ന് രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

‘പാൽത്തു ജാൻവർ’ എന്ന വാക്ക് ഭൂരിഭാഗം മലയാളികൾക്കും സ്ക്കൂൾക്കാല ഗൃഹാതുരയെ ഉണർത്താൻ സാധ്യത ഉള്ള ഒന്നാണ്. ഹിന്ദി പഠിച്ചു തുടങ്ങുന്ന കാലത്ത് പാൽത്തു ജാൻവറുകളെ കുറിച്ച് പഠിച്ചിട്ടില്ലാത്ത തലമുറകൾ ഇവിടെ കുറവാണ്. വളർത്തു മൃഗങ്ങൾ എന്നർത്ഥം വരുന്ന അത്തരമൊരു പേര് ഒരു മലയാള സിനിമക്ക് ഇടുന്നതിലെ കൗതുകം കൊണ്ടാണ് റിലീസിന് മുൻപേ ‘പാൽത്തു ജാൻവറിനെ’ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്.

നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ കഥ എഴുതിയത് എഴുത്തുകാരൻ വിനോയ് തോമസും അനീഷ് അഞ്‌ജലിയും ചേർന്നാണ്. ഭാവന മൂവിസിന്‍റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്ക്കരനും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. ബേസിൽ ജോസഫ്, ഇന്ദ്രൻസ്, ജോണി ആന്റണി, ഉണ്ണിമായ, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ലളിതമായ ഒരു ഉത്സവ കാല സിനിമയുടെ പ്രതീതി ജനിപ്പിച്ച സിനിമയുടെ ട്രെയിലറും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ പ്രൊമോഷണൽ ഗാനവും ഒക്കെ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകൾ പ്രേക്ഷകർക്ക് നൽകി. ആ പ്രതീക്ഷകൾ കൊണ്ടു തന്നെയാവണം ഓണാഘോഷം അതിന്‍റെ പൂർണതയിൽ എത്തും മുൻപ് തന്നെ ‘പാൽത്തു ജാൻവറി’ന്‍റെ ആദ്യ ഷോ തീയറ്ററുകളിലേക്ക് ആളെ കൂട്ടി.

കണ്ണൂരിലെ കുടിയാന്മല എന്ന് പേരുള്ള ഉൾഗ്രാമത്തിലെ ഒരു മൃഗാശുപത്രിയെ ചുറ്റി പറ്റിയാണ് ‘പാൽത്തു ജാൻവറി’ന്‍റെ കഥ വികസിക്കുന്നത്. അവിടേക്ക് പുതിയ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ആയി വന്ന പ്രസൂൺ ഈ മേഖലയിലേക്ക് യാതൊരു താല്പര്യവും ഇല്ലാതെ എത്തിയ ആളാണ്‌. അച്ഛന്‍റെ മരണ ശേഷം ലഭിച്ച ജോലി ആയത് കൊണ്ടും കടുത്ത ജീവിത സാഹചര്യങ്ങൾ നിർബന്ധിച്ചത് കൊണ്ടും ആ ജോലി ഏറ്റെടുക്കാൻ പ്രസൂൺ നിർബന്ധിതനാവുന്നു. ഇഷ്ടമില്ലാത്ത ജോലി ചെയ്യുന്ന പ്രസൂണിന്‍റെ ആത്മസംഘർഷങ്ങളും തൊഴിലിടത്തിലെ വെല്ലുവിളികളും പ്രസൂൺ അതിനെയൊക്കെ അതിജീവിക്കാൻ ശ്രമിക്കുന്നതും ഒക്കെയാണ് സിനിമയുടെ പ്രധാന കഥാതന്തു. പ്രസൂൺ അവിടെ കണ്ട് മുട്ടുന്ന മനുഷ്യരിലൂടെയും മൃഗങ്ങളിലൂടെയും കഥ വളരുന്നു.

മലയാളത്തിൽ മൃഗാശുപത്രികളെ ചുറ്റി പറ്റി ഉണ്ടായ, ഇന്നും പ്രേക്ഷകർ ഓർക്കുന്ന സിനിമകളാണ് ‘ഡോക്ടർ പശുപതി’ ‘വധു ഡോക്ടറാണ്’ എന്നിവ. ഹാസ്യമാണ് ഈ രണ്ട് സിനിമകളുടെയും ഗണം ( genre). എവിടെയൊക്കെയോ അത്തരമൊരു ബാഹ്യ അന്തരീക്ഷം സൃഷ്ടിക്കാൻ ‘പാൽത്തു ജാൻവറും’ ശ്രമിക്കുന്നുണ്ട്. അത്രയൊന്നും ഫലപ്രദമല്ലെങ്കിലും ‘പാൽത്തു ജാൻവറും’ വികസിക്കുന്നത് ഹാസ്യത്തിലൂടെയാണ്. പലപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാൻ പക്ഷേ ആ ഹാസ്യം പരാജയപ്പെട്ടു പോകുന്നുണ്ട്.

കുട്ടികളെയും കുടുംബത്തെയും ആകർഷിക്കുന്ന രീതിയിലുള്ള പരസ്യങ്ങളും പ്രൊമോഷണൽ സ്ട്രാറ്റജികളും ആയിരുന്നു സിനിമക്ക് ഉണ്ടായിരുന്നത്. പക്ഷേ സിനിമയുടെ ഏകതാനമായ രണ്ടാം പകുതി കുട്ടികളും ഒത്തുള്ള കാഴ്ചക്കും ആസ്വാദനത്തിനും എത്ര കണ്ട് പര്യാപ്തമാണ് എന്ന് സംശയമാണ്. വലിയ ബഹളങ്ങളും പരിക്കുകളും ഇല്ലാതെ പോയ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതി പലപ്പോഴും ഒരൊറ്റ സംഭവത്തിൽ കുരുങ്ങി കിടക്കുകയാണ്. അതിനെ തന്നെ എത്ര കണ്ട് പൂർണതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കാനായി എന്നും സംശയമാണ്.

‘കമിങ് ഓഫ് ഏജ്’ സിനിമയുടെ സാധ്യതയും ‘പാൽത്തു ജാൻവർ’ പകർന്നു തരുന്നുണ്ട്. ‘പ്രേമ’വും ‘ജൂണും’ പോലുള്ള സിനിമകൾ അത്തരം ചിത്രങ്ങളുടെ സ്വീകാര്യതയെ മലയാളത്തിൽ ഊട്ടിയുറപ്പിച്ചിട്ടുണ്ട്. ‘പാൽത്തു ജാൻവറി’ലെ നായകൻ ബേസിൽ അത്തരമൊരു dimension കൂടി ചിത്രത്തിനുണ്ട് എന്ന് ഒരു ആഭിമുഖത്തിൽ പറഞ്ഞിരുന്നു. കടുത്ത നിരാശയും ആത്മവിശ്വാസകുറവും പേറുന്ന പ്രസൂണിൽ നിന്ന് ക്ലൈമാക്സിലെ പ്രസൂണിലേക്കുള്ള വളർച്ചയാണ് സിനിമയ്ക്ക് അത്തരമൊരു സാധ്യതയിലേക്ക് തുറന്ന് വച്ചത്. പക്ഷേ അപ്പോഴും രണ്ടാം പകുതിയിൽ ചിത്രം ആ വിഷയത്തെ ഭാഗികമായെങ്കിലും കൈ വിടുന്നു. മനുഷ്യരും മറ്റു ജീവ ജാലങ്ങളും തമ്മിൽ ഉള്ള / ഉണ്ടാവേണ്ട ആത്മ ബന്ധത്തെയും സഹവർത്തിത്വത്തെ കുറിച്ചും സിനിമ പ്രേക്ഷകരോട് പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഉപദേശ രൂപത്തിലുള്ള അത്തരം ബോധ്യങ്ങൾ എത്ര കണ്ട് പ്രേക്ഷകരിലേക്കെത്തും എന്ന് സംശയമാണ്.

സിനിമയിൽ അഭിനയിച്ച താരങ്ങളുടെ പ്രകടനവും പാട്ടുകളും മൃഗങ്ങളുടെ കമ്പ്യൂട്ടർ ജനറേറ്റെഡ് ഫുട്ടേജുകളും വിശ്വസനീയമാണ്. പരസ്യവും വിവിധ തരം പ്രമോഷനും നൽകുന്ന ലളിത മനോഹരമായ ഒരു കാഴ്ച, ചിത്രം മുഴുവനായി കാണുന്നവരിലേക്ക് എത്തുമോ എന്ന് സംശയമാണ്.

മകന്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായെന്ന പ്രചാരണത്തില്‍ പ്രതികരിച്ച്
ഉമാ തോമസ് എംഎല്‍എ. പോലീസ് അറസ്റ്റ് ചെയ്തെന്ന് പറയുന്ന മകന്‍ തനിക്കൊപ്പം വീട് വൃത്തിയാക്കുന്ന ചിത്രം പങ്കുവെച്ചാണ് ഉമാ തോമസിന്റെ മറുപടി.

പിടി തോമസിനോടുള്ള പക തീര്‍ന്നിട്ടില്ലെന്ന് അറിയാം, എങ്കിലും പാതിവഴിയില്‍ പോരാട്ടം അവസാനിപ്പിക്കാന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്നും ഉമാ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഉമാ തോമസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കഞ്ചാവ് കേസില്‍ ഒരു വനിതാ എംഎല്‍എയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തെന്ന തരത്തില്‍ പ്രചാരണം അഴിച്ചുവിട്ടത്. ഉമാ തോമസ് എംഎല്‍എ കുടുംബത്തോടൊപ്പമുള്ള ചിത്രം ഉള്‍പ്പെടെയായിരുന്നു പ്രചാരണം. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ഉമാ തോമസ് പറഞ്ഞു.

‘ചില ഷാജിമാരുടെ എഫ് ബി പോസ്റ്റ് കണ്ടു.. പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.

ചില ഷാജിമാരുടെ എഫ്ബി പോസ്റ്റ് കണ്ടു.. പോലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണ്.

മൂത്ത മകന്‍ തൊടുപുഴ അല്‍അസര്‍ കോളേജില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മരിച്ചിട്ടും ചിലര്‍ക്ക് പിടിയോടുള്ള പക തീര്‍ന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയില്‍ എന്റെ പോരാട്ടം അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല.

പിടി തുടങ്ങിവച്ചതൊക്കെ ഞാന്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യും. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ എഫ് ബി പോസ്റ്റ് ഇട്ടവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും,ഡി ജി പി ക്കും, പരാതി നല്‍കുമെന്ന് ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

 

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ ഓഫീസറായി നിയമിച്ചതില്‍ വന്‍ വിവാദമുയരുന്നു.ബി ടെക് അടിസ്ഥാനയോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച ഒരു ഒഴിവിലേക്ക് കെ സുരേന്ദ്രനെ മകനെ നിയമിച്ചുവെന്നാണ് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമനം സംബന്ധിച്ച വിവരങ്ങള്‍തേടുമ്പോള്‍ അതെല്ലാം ആര്‍ ജി സി ബി മറച്ചുവയ്കുകയാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

സംഭവം ബന്ധുനിയമനമാണെന്നാണ് ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തകിയിലേക്കപേക്ഷിച്ച മറ്റു ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്. മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ എഴുതിയ പരീക്ഷയെക്കുറിച്ച് രാജീവ് ഗാന്ധി സെന്‍ര്‍ അധികൃതര്‍ യാതൊരു വിവരവും തരുന്നില്ലന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.2021 ഡിസംബര്‍ എട്ടിനാണ് ടെക്‌നിക്കല്‍ ഓഫീസര്‍ അടക്കം മൂന്ന് തസ്തികയിലേക്ക് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്. ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയാണ് സാധാരണഗതിയില്‍ ഈ പോസ്റ്റുകളിലേക്ക് നിയമിക്കാറുള്ളത്.

എന്നാല്‍ പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ബി ടെക് മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ എന്നിവയില്‍ അറുപത് ശതമാനം മാര്‍ക്കോടെ നേടിയ ബിരുദമാണ് ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അടിസ്ഥാന യോഗ്യതയായി നിഷ്‌കര്‍ഷിച്ചിരുന്നത്.എംടെക്കുള്ളവര്‍ക്ക് ഷോര്‍ട്ട്‌ലിസ്റ്റില്‍ മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. പിന്നോക്ക വിഭാഗത്തിനാണ് തസ്തിക സംവരണം ചെയ്തത്. ചുരുക്കിപ്പറഞ്ഞാല്‍ ബി ടെക് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് ബിരുദമുള്ളവര്‍ക്കായി ഒരു തസ്തിക രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി പ്രത്യേകം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് ആരോപിക്കപ്പെടുന്നത്.

മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി. ആര്‍ജിസിബി വെബ്‌സെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ആദ്യ ഘട്ടത്തിനായി 48 ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. എപ്രില്‍ 25ന് രാവിലെ ജനറല്‍ ഒഎംആര്‍ പരീക്ഷ, പിന്നാലെ അന്ന് ഉച്ചയ്ക്ക് തന്നെ എഴുത്ത് പരീക്ഷ. ഇതില്‍ യോഗ്യത നേടിയ നാല് പേരെ ഏപ്രില്‍ 26ന് ലാബ് പരീക്ഷയ്ക്കും ക്ഷണിച്ചു. രണ്ട് ദിവസം കൊണ്ട് ധൃതി പിടിച്ച് പരീക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി.

അതിന് ശേഷമാണ് സംശയാസ്പദമായ മറ്റ് നീക്കങ്ങള്‍ ഉണ്ടായതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ലാബ് പരീക്ഷയില്‍ പങ്കെടുത്ത നാല് പേരുടെ പട്ടികയില്‍ നിയമനം ലഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിന്. റാങ്ക് പട്ടിക സംബന്ധിച്ചോ തുടര്‍നടപടികളെ കുറിച്ചോ പരീക്ഷ എഴുതിയ മറ്റു വിദ്യാര്‍ത്ഥികള്‍ അന്വേഷിച്ചിട്ടും പറയാന്‍ സ്ഥാപനം തയ്യാറായിട്ടില്ലെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. നേരിട്ടും ഇമെയില്‍ വഴിയും ബന്ധപ്പെട്ടിട്ടും മറുപടിയില്ല. ഹരികൃഷ്ണന്‍ കെ.എസിന് ജൂണ്‍ മാസത്തില്‍ ആര്‍ജിസിബി നിയമനം നല്‍കിയെന്നാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവില്‍ ലഭിക്കുന്നത്. ഹരികൃഷ്ണന്‍ കെ.എസിനെ നിലവില്‍ വിദഗ്ധ പരിശീലനത്തിന് ദില്ലിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചുവെന്നും ആരോപണം.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദന് പകരം എം ബി രാജേഷിനെ മന്ത്രി സഭയിലേക്ക് കൊണ്ടു വരാന്‍ സിപിഐഎം തീരുമാനം. എം ബി രാജേഷിന് പകരം എ എന്‍ ഷംസീര്‍ സ്പീക്കറാകും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിലാണ് തീരുമാനം.എം വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജി വെക്കും.

അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് പകരം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമായിരുന്നു സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

മലയാളത്തിലെ സൂപ്പർ താരമായിരിന്നിട്ടും ഒരിക്കൽ പോലും അഭിമുഖം കൊടുക്കാത്ത നടനെപ്പറ്റി എഴുത്തുകാരനും നിരൂപകനുമായ സുകു പാൽകുളങ്ങര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

മലയാള സിനിമയിൽ വില്ലൻ വേഷത്തിൽ നിറഞ്ഞാടിയ വ്യക്തിയായിരുന്നു കെ പി ഉമ്മർ. അദ്ദേഹത്തെ പറ്റി സിനിമാലോകത്ത് അധികമാരും സംസാരിച്ചു കേൾക്കാറില്ല, ഒരു അഭിമുഖം പോലും പുറത്ത് വന്നിട്ടുമില്ല എന്നാൽ അതിനു പിന്നിൽ ഒരു കാരണമുണ്ടെന്ന് സുകു പറഞ്ഞു. നെഗറ്റീവ് കഥാപാത്രങ്ങളിൽ വരുന്നതുകൊണ്ട് തന്നെ പലർക്കും അദ്ദേഹത്തോട് വെറുപ്പ് തോന്നും.

ആ കഥാപാത്രത്തെ എത്രമാത്രം ആരാധകർ വെറുക്കുന്നുവേ അത് ആ നടന് സംബന്ധിച്ച് അദ്ദേഹത്തിന്റെ വിജയമാണ്. ആ കാര്യത്തിൽ ഉമ്മർ വിജയിച്ചിരുന്നു. യാതൊരു അഭിമുഖങ്ങളിലും തല കാണിക്കാനോ പ്രശസ്തി നേടിയെടുക്കാനോ അദ്ദേഹം ആ​ഗ്രഹിച്ചിരുന്നില്ല. മലയാളത്തിൽ ഇത്രയും സാത്വികനായ മറ്റൊരു നടൻ ഇല്ലെന്ന് പറയുന്നാണ് സത്യമെന്നും സുകു പറഞ്ഞു.

നെഗറ്റീവ് ഷേഡ് കൊടുത്ത് പല സംവിധായകരും അദ്ദേഹത്തിൻ്റെ കഥാപാത്രത്തെ ഇല്ലാതാക്കുകയായിരുന്നു. നാടകത്തിൻ നിന്ന് വന്നതുകൊണ്ട് തന്നെ അഭിനയത്തിനോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം വലുതായിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തിലും അദ്ദേഹം ഒരു സംവിധാകനോടെ നിർമ്മാതാവിനോടെ തർക്കിച്ചിട്ടില്ല. കിട്ടുന്നത് വാങ്ങി പോകുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇന്ന് പല മിമിതക്രിക്കാരും അദ്ദേഹത്തിനെ അനുകരിക്കുന്നത് കാണുമ്പോൾ ഉള്ളിൽ വിഷമം തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌കൂൾ ബസിൽ നിന്ന് എൽകെജി വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ചു വീണു. ആലുവയിലാണ് ദാരുണമായ അപകടം നടന്നത്. ബസിന്റെ എമർജെൻസി വാതിൽ വഴിയാണ് കുട്ടി തെറിച്ചു വീണത്. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. പെങ്ങാട്ടുശ്ശേരി അൽഹിന്ദ് സ്‌കൂളിന്റെ ബസിൽനിന്നാണ് അപകടം ഉണ്ടായത്.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം നടന്നത്. കുട്ടിക്ക് സാരമായ പരിക്കുകളില്ല. ബസിൽ നിന്ന് കുട്ടി റോഡിലേക്ക് വീണതിന് പിന്നാലെ ഇതു കണ്ടുനിന്നവർ ഓടിയെത്തി എടുക്കുകയും ബസ് നിർത്താൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ബസ് നിർത്തി. കുഞ്ഞിന് സാരമായ പരിക്ക് ഇല്ലെന്ന് കണ്ടതിനെ തുടർന്ന് തിരികെ ബസിൽ കയറ്റിവിട്ടു.

കുഞ്ഞിന് പ്രാഥമികമായ ചികിത്സ പോലും നൽകിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. വീണതിനെ തുടർന്ന് ശരീരവേദനയും ചതവും ഉണ്ടെന്ന് കുഞ്ഞിന്റെ കുടുംബം ആരോപിച്ചു. അതേസമയം ബസ് ഡ്രൈവറോ സ്‌കൂൾ അധികൃതരോ കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചില്ലെന്ന് കുടുംബം ആരോപിച്ചു.

മറ്റു കുട്ടികളെ എല്ലാം വീട്ടിലെത്തിച്ചതിന് ശേഷമാണ് തങ്ങളുടെ കുട്ടിയെ വീട്ടിലെത്തിച്ചതെന്ന് അവർ പറഞ്ഞു. കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ ചതവും വേദനയും ഉണ്ടെന്നും അപകടം സംഭവിച്ചുവെന്ന് അറിഞ്ഞതെന്നും വീട്ടുകാർ ആരോപിച്ചു. സ്‌കൂൾ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുകയോ വിവരം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. വിഷയത്തിൽ കുട്ടിയുടെ കുടുംബം പോലീസിനെ സമീപിച്ചിട്ടുണ്ട്.

ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. പത്തനാപുരം ആർ.ടി.ഓഫീസിലെ ഉദ്യോഗസ്ഥൻ കുണ്ടറ മുളവന പേരയം അമ്പിയിൽ വിജയനിവാസിൽ എ.എസ്.വിനോദ് ആണ് അറസ്റ്റിലായത്.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഇയാൾ പിടിയിലായത്. ജാമ്യം നിഷേധിച്ചതോടെ കഴിഞ്ഞദിവസം പുനലൂർ ഡിവൈ.എസ്.പി. മുമ്പാകെ ഹാജരാകുകയായിരുന്നു. പത്തനാപുരം പോലീസിനു കൈമാറിയ എ.എസ്.വിനോദിനെ സംഭവം നടന്ന പട്ടാഴി വടക്കേക്കര ചെളിക്കുഴിയിലെത്തിച്ച് തെളിവെടുത്തു.

പത്തനാപുരം ജ്യുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ജൂലായ് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡ്രൈവിങ് ടെസ്റ്റിനിടെ ആളൊഴിഞ്ഞ ഭാഗത്തുവച്ച് വാഹനത്തിൽ അപമര്യാദയായി പെരുമാറുകയായിരുന്നെന്നാണ് പത്തനാപുരം സ്വദേശിയായ യുവതി പറയുന്നത്.

സംഭവത്തിൽ പത്തനാപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. വകുപ്പുതല നടപടിക്കു വിധേയമായി യൂണിയൻ സംസ്ഥാന ഭാരവാഹികൂടിയായ വിനോദിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചതോടെ പോലീസിൽ കീഴടങ്ങാൻ നിർബന്ധിതനാകുകയായിരുന്നു. കൊല്ലം ആർ.ടി.ഓഫീസിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരിക്കെ സമാന കേസിൽ ഇയാൾക്കെതിരേ 2017-ൽ മറ്റൊരു യുവതിയുടെ പരാതിയിലും കേസെടുത്തിരുന്നു.

ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഇന്ത്യന്‍ ടൂറിസ്റ്റ് മരിച്ചതിനു പിന്നാലെ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ മന്ത്രിസ്ഥാനം രാജിവച്ചു. ലിസ്ബണിലെ സാന്‍റിയ മരിയ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇന്ത്യന്‍ യുവതിക്ക് ഹൃദയാഘാതമുണ്ടായത്.

മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ താന്‍ അര്‍ഹയല്ലെന്ന് ടെമിഡോ പറഞ്ഞതായി പോർച്ചുഗലിന്‍റെ നാഷണൽ പബ്ലിക് ബ്രോഡ്കാസ്റ്റർ, ആർടിപി ന്യൂസ് റിപ്പോർട്ട് ചെയ്തു. മരണവാർത്ത പുറത്തുവന്ന് അഞ്ച് മണിക്കൂറിന് ശേഷമായിരുന്നു രാജി. ടെമിഡോയുടെ രാജിക്കത്ത് പ്രതീക്ഷിച്ച് പകരം ആളെ നിയോഗിക്കാന്‍ പ്രസിഡന്‍റ് മാർസെലോ റെബെലോ ഡി സൂസ നേരത്തെ തീരുമാനിച്ചിരുന്നുവെന്നാണ് റിപ്പബ്ലിക് പ്രസിഡൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കുറിപ്പ് വ്യക്തമാക്കുന്നത്.

അടുത്ത മന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ മാർട്ട ടെമിഡോ അധികാരത്തിൽ തുടരും. മന്ത്രിയെ സെപ്തംബർ 15 ന് നടക്കുന്ന മന്ത്രിമാരുടെ കൗൺസിൽ അംഗീകരിക്കണം. സ്റ്റേറ്റ് സെക്രട്ടറിമാരായ അന്‍റോണിയോ ലാസെർഡ സെയിൽസ്, മരിയ ഡി ഫാത്തിമ ഫോൺസെക്ക എന്നിവരും ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും രാജിവച്ചു.

ശനിയാഴ്ചയായിരുന്നു യുവതി മരിച്ചത്. നിയോനറ്റോളജി യൂണിറ്റ് നിറഞ്ഞതുകൊണ്ടാണ് സാന്‍റാ മരിയയില്‍ നിന്നും ഗര്‍ഭിണിയെ സാവോ ഫ്രാൻസിസ്കോ സേവ്യറിലേക്ക് മാറ്റിയത്. ”സ്ത്രീയ അടിയന്തര പ്രസവ ശസ്ത്രക്രിയക്ക് വിധേയാക്കി. കുഞ്ഞിന് 722 ഭാരമാണ് ഉണ്ടായിരുന്നത്.

മാസം തികയാതെ പ്രസവിച്ചതുകൊണ്ടും ഭാരക്കുറവായതുകൊണ്ടും കുഞ്ഞിനെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നും” സാവോ ഫ്രാൻസിസ്കോ സേവ്യർ ഹോസ്പിറ്റലിലെ സെൻട്രോ ഹോസ്പിറ്റലാർ യൂണിവേഴ്‌സിറ്റേറിയോ ലിസ്ബോവ നോർട്ടെയുടെ കുറിപ്പില്‍ പറയുന്നു. യുവതിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

RECENT POSTS
Copyright © . All rights reserved