India

വന്ധ്യതാ ചികിത്സയ്ക്കായി 16കാരിയുടെ അണ്ഡം സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റ അമ്മയും രണ്ടാനച്ഛനും പിടിയില്‍. ഇന്ദ്രാണി(33), സെയ്ദ് അലി (40) എന്നിവരാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍ അറസ്റ്റിലായത്. ഇവരുടെ സഹായി മാലതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സേലത്തെ ബന്ധുവിന്റെ വീട്ടിലേക്ക് കുട്ടി രക്ഷപെട്ട് എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നാല് വര്‍ഷത്തിനിടെ 8 തവണ അണ്ഡം വിറ്റതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഈറോഡ്, സേലം,പെരുന്തുറ,ഹൊസൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ വന്ധ്യതാ ചികിത്സയ്ക്കായാണ് കുട്ടിയുടെ അണ്ഡം വിറ്റിരുന്നത്. ഒരു അണ്ഡത്തിന് 20000 രൂപ വരെ ലഭിക്കുന്നതായാണ് വിവരം. ഇതില്‍ 5000 രൂപ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കണം. ഇത്തരത്തില്‍ വന്‍ സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.

ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് പെണ്‍കുട്ടി. പ്രായപൂര്‍ത്തിയായപ്പോള്‍ മുതല്‍ അണ്ഡം വില്‍ക്കുന്നതിന് കുട്ടിയെ ഇവരും സെയ്ദും നിര്‍ബന്ധിക്കുമായിരുന്നു. ഇക്കാര്യം പറഞ്ഞ് സെയ്ദ് പലപ്പോഴായി ഉപദ്രവിച്ചിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

ഉരുളക്കിഴങ്ങ് ചിപ്സ് ബ്രാന്‍ഡായ ലെയ്സിന്റെ പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ കമ്പനിയ്‌ക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലെയ്സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ നടപടിയെടുത്തത്. 85,000 രൂപയാണ് പിഴ.

തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പെപ്സി കമ്പനിക്ക് പിഴ ചുമത്തിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പിഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി.

കാഞ്ഞാണിലെ തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് പിടികൂടിയത്. 115 ഗ്രാമാണ് ഒരു പാക്കറ്റ് ലെയ്സിന്റെ തൂക്കം. എന്നാല്‍, മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില്‍ പറയുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പുകഴ്ത്തിയും ക്ഷമ ചോദിച്ചും കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജോസഫ് ഒരു പച്ചയായ മനുഷ്യനാണെന്നും, നിഷ്‌കളങ്കനാണെന്നും ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. അപമാന ഭാരത്താല്‍ തല കുനിച്ചല്ല തല നിവര്‍ത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേത് കൂടിയാണെന്നും സൈബര്‍ ടീം ഫേസ്ബുക്കില്‍ കുറിച്ചു.

അദ്ദേഹം ഒരു നിഷ്‌കളങ്കനായത് കൊണ്ടായിരിക്കാം വാക്കുകളില്‍ പിഴവും പെരുമാറ്റത്തില്‍ തിടുക്കവും ആവലാതിയും കാണാന്‍ സാധിച്ചത്. രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞ് ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യനാണ് ജോ ജോസഫ്. എന്തെങ്കിലും ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു’, സൈബര്‍ ടീം ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. ജോ ജോസഫ് ഒരു നിഷ്‌കളങ്കന്‍ ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളില്‍ നാക്ക് പിഴകള്‍ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ പെരുമാറ്റങ്ങളില്‍ ഒരു തിടുക്കം ആവലാതി നമ്മള്‍ കണ്ടിട്ടുണ്ട്. താങ്കള്‍ നല്ലൊരു മനുഷ്യനാണ്, പച്ചയായ മനുഷ്യന്‍.

രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞു ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യന്‍. അപമാന ഭാരത്താല്‍ തല കുനിച്ചല്ല തല നിവര്‍ത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേത് കൂടിയാണ്. എന്തെങ്കിലും ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു ,അതാണ് ഞങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്‌കാരവും ഞങ്ങളെ പഠിപ്പിച്ചതും . ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവര്‍ത്തങ്ങളെയും അനുഗ്രഹിക്കട്ടെ.

 

ഡൽഹി എയർപോർട്ടിലെ കാർഗോ ബേയിൽ തീപിടിത്തം. പുഷ്ബാക്ക് ടോവിംഗ് വാഹനത്തിനാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5:25 നാണ് അപകടമുണ്ടായത്.

ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. 5:48ന് തന്നെ തീ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്‌സിന് സാധിച്ചു.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തം ഉണ്ടായ സമയത്ത് നിരവധി വിമാനങ്ങൾ കാർഗോ ബേയ്ക്ക് സമീപം ഉണ്ടായിരുന്നു. വലിയ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. അപകടത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

 

അഞ്ചുതെങ്ങ് കോട്ടയും കണ്ടൽക്കാടുകളുമെല്ലാം സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാക്കി അഞ്ചുതെങ്ങിൽ ഇനി ടൂറിസത്തിന്റെ ഹരിതവനം ഒരുങ്ങും. തീരപ്രദേശത്തെയും കണ്ടൽച്ചെടികളെയും സംരക്ഷിക്കുന്നതിനുള്ള ഹരിതവനം പദ്ധതിയിലൂടെ ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് അഞ്ചുതെങ്ങ് പഞ്ചായത്ത്.

കായൽത്തീരങ്ങളിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികൾ കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതിനൊപ്പം പ്രദേശത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. നേരത്തെ അഞ്ചുതെങ്ങ് തീരത്തുണ്ടായിരുന്ന കണ്ടൽച്ചെടികൾ തീരത്തിന് സ്വാഭാവിക സംരക്ഷണമൊരുക്കിയിരുന്നു. ഇവ നശിപ്പിക്കപ്പെട്ടത് കായലോരം ഇടിയുന്നതിനും പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും കാരണമായതോടെയാണ് തൊഴിലുറപ്പ് പദ്ധതിയിൽ കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.

അഞ്ചുതെങ്ങ് കോട്ട, പൊന്നുംതുരുത്ത്, കായിക്കര, ചെമ്പകത്തറ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാരപദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. വ്യാപാര ആവശ്യത്തിനായി ആറ്റിങ്ങൽ റാണി നൽകിയ സ്ഥലത്ത് ബ്രിട്ടീഷുകാർ നൂറ്റാണ്ടുകൾക്ക് മുമ്പ് പണിതതാണ് അഞ്ചുതെങ്ങ് കോട്ട. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് പൈതൃക വൃക്ഷമായി അംഗീകരിച്ചതും 260 വർഷം പഴക്കമുള്ളതുമായ രണ്ട് ചെമ്പകമരങ്ങളാണ് ചെമ്പകത്തറയിലെ പ്രധാന ആകർഷണം.

ഇവിടെ ഒരു ചിത്രശലഭ പാർക്കും ഔഷധസസ്യത്തോട്ടവും കായലിന് സമാന്തരമായി നടപ്പാതയും അടിയന്തരമായി ഒരുക്കും. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിലെത്തിയാൽ സ്‌മാരകവും കായൽഭംഗിയും ആസ്വദിക്കാം. ഈ സ്ഥലങ്ങൾ ഒറ്റ ദിവസം കൊണ്ടുതന്നെ കാണാനുള്ള പ്രത്യേക പാക്കേജും പദ്ധതിയുടെ ഭാഗമായി ഉടൻ ആരംഭിക്കും.

കായൽ തീരങ്ങളിൽ 2,800 ചതുരശ്രമീറ്റർ കയർ ഭൂവസ്ത്രം വിരിച്ച് അതിനുതാഴെ കണ്ടൽച്ചെടികൾ നടാനാണ് പദ്ധതി. സർക്കാർ സ്ഥാപനമായ കുഫോസാണ് വിത്തുകൾ ലഭ്യമാക്കുന്നത്. ഇവ മുളപ്പിക്കുന്നത് മുതൽ കണ്ടലുകളുടെ പരിപാലനം വരെ തൊഴിലുറപ്പ് പ്രവർത്തകർക്കാണ്. രണ്ട് മുതൽ എട്ടുവരെ വാർഡുകളിൽ മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് ചെടികൾ വളർത്തുന്നത്.
പ്രകൃതി സംരക്ഷണത്തിലുപരി പദ്ധതിയിലൂടെ തൊഴിലുറപ്പ് പ്രവർത്തകർക്ക് കൂടുതൽ തൊഴിൽദിനങ്ങൾ നൽകാൻ കഴിയുമെന്നും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു പറഞ്ഞു.

മൂന്നുവർഷം കൊണ്ട് കണ്ടൽച്ചെടികളുടെ പരിപാലനം ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്നതോടെ അഞ്ചുതെങ്ങിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായി ഹരിതവനം മാറും.

വിജയ് ബാബു യുവനടിയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ നാടകീയരംഗങ്ങളാണ് അരങ്ങേറുന്നത് .ഒളിവിലായിരുന്ന വിജയ് ബാബു കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്നും നാട്ടിൽ എത്തിയത് . ഉടൻ തന്നെ പോലീസ് വിജയ് ബാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യൽ ആരംഭിക്കുകയും ചെയ്തിരുന്നു.

ചോദ്യംചെയ്യലിൽ താൻ പുതുമുഖ നടിയുമായി നിരവധി തവണ ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതൊരിക്കലും പീഡനമോ ബലാത്സംഗമായി ആയിരുന്നില്ല എന്നും വിജയ് ബാബു പോലീസിനും കോടതിക്കും മുന്നിൽ പറഞ്ഞു .തങ്ങൾ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയകക്ഷി സമ്മതപ്രകാരം ആയിരുന്നു എന്ന് വിജയ് ബാബു ആവർത്തിച്ചു പറയുന്നു .

എന്നാൽ പരാതിക്കാരിയായ യുവനടി പ്രതീക്ഷിച്ച പല കാര്യങ്ങളും നടക്കാതെ വന്നതോടെ തനിക്കെതിരെ പരാതി ഉന്നയിച്ചു രംഗത്ത് വന്നതാണെന്ന് വിജയ് ബാബു പറയുകയാണ് .അതുകൊണ്ട് തന്നെ തൻറെ നിരപരാധിത്വം തെളിവുകൾ നിരത്തി തെളിയിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് വിജയ് ബാബു പറഞ്ഞു .ഇതോടുകൂടിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതി നീട്ടി നൽകിയത് .

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 7 ആണ്. വിജയ് ബാബു നാട്ടിൽ എത്തിയതിനുശേഷം പോലീസിന് മുന്നിൽ ഹാജരായി ചോദ്യംചെയ്യലിൽ വിധേയമാവുകയായിരുന്നു എന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു .തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂൺ 7 ലേക്ക് മാറ്റിയത്.

കോടതി വിജയ് ബാബുവിനെ പരാതിക്കാരിയായ പെൺകുട്ടിയെ ഒരു കാരണവശാലും സ്വാധീനിക്കാനോ കാണാനോ ശ്രമിക്കരുത് എന്ന് കോടതി കർശന നിർദ്ദേശം നൽകി .കൊച്ചി ഡിസിപിയുടെ സാന്നിധ്യത്തിൽ വെച്ചാണ് വിജയ് ബാബുവിന്റെ ചോദ്യം ചെയ്യാൻ നടക്കുന്നത്.പരാതിക്കാരിയായ യുവനടി നൽകിയ പരാതി വ്യാജമാണെന്ന് ചോദ്യംചെയ്യലിൽ വിജയ്ബാബു ആവർത്തിച്ചു പറയുകയാണ്.

തൻറെ കൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടതിനുശേഷം അവരുടെ ആവശ്യങ്ങൾ നടക്കാതെ വന്നപ്പോഴാണ് ഇത്തരത്തിൽ പരാതിയുമായി ഇവർ രംഗത്തെത്തിയത് എന്ന് വിജയ് ബാബു പറയുന്നു. പുതിയ ചിത്രത്തിൽ അവസരം നൽകാത്തതു കൊണ്ടാണ് തനിക്കെതിരെ വ്യാജ പരാതിയുമായി യുവനടി രംഗത്തെത്തിയത് .

പരാതിക്കാരിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും ,ബാങ്ക് സ്റ്റേറ്റ്മെൻറ്, സാമ്പത്തിക ഇടപാടുകളും എല്ലാം വിജയ് ബാബു പോലീസിന് മുന്നിൽ ഹാജരാക്കി. എന്നാൽ മദ്യവും മയക്കുമരുന്നും നൽകി ബലാത്സംഗം ചെയ്തു എന്നും കാറിനുള്ളിൽ വെച്ച് ഓറൽ സെ ക്സ് ചെയ്യാൻ നിർബന്ധിച്ചുവെന്നും ആണ് വിജയ് ബാബുവിനെതിരെ യുവനടി നൽകിയ പരാതി.

കൊച്ചി: എ പ്ലസ്‌ മണ്ഡലമെങ്കിലും സംസ്‌ഥാനം ആകാംക്ഷയോടെ ശ്രദ്ധിച്ച തൃക്കാക്കര പോരില്‍ ബി.ജെ.പി. സ്‌ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്‌ണന്‌ കെട്ടിവെച്ച കാശ്‌ പോലും കിട്ടില്ല. കെട്ടിവെച്ച കാശ്‌ തിരികെ ലഭിക്കാന്‍ പോള്‍ ചെയ്‌തതിന്റെ ആറിലൊന്നു വോട്ടു ലഭിക്കണമെന്നാണ്‌. ബി.ജെ.പിക്കു 9.57 ശതമാനം വോട്ടു മാത്രമാണു ലഭിച്ചത്‌. മുന്‍വര്‍ഷത്തെക്കാള്‍ വോട്ടും വോട്ടു ശതനമാവും കുറഞ്ഞതു കെ. സുരേന്ദ്രനെ സമ്മര്‍ദ്ദത്തിലാക്കും. പി.സി. ജോര്‍ജിനെയും സുരേഷ്‌ ഗോപിയേയും കൊണ്ടുവന്നിട്ടും ബി.ജെ.പിക്ക്‌ ഒരു നേട്ടവുമുണ്ടാക്കാനായില്ല.

യു.ഡി.എഫ്‌.-എല്‍.ഡി.എഫ്‌. നേര്‍ക്കുനേര്‍ പോരില്‍ ബി.ജെ.പിക്കു വലിയ റോളില്ലായിരുന്നെങ്കിലും ഇത്ര വലിയ തിരിച്ചടി പാര്‍ട്ടി കരുതിയിരുന്നില്ല. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ എ.എന്‍. രാധാകൃഷ്‌ണനെന്ന മുതിര്‍ന്ന നേതാവിനെ ഇറക്കിയതു വലിയ പോരാട്ടത്തിനു തന്നെയായിരുന്നു. രാധാകൃഷ്‌ണന്‍ കാടടച്ചു പ്രചരണം നടത്തിയിട്ടും ഫലംകണ്ടില്ല.

പി.സി. ജോര്‍ജിന്റെ അറസ്‌റ്റോടെ ഇരട്ടനീതി വാദം ക്രൈസ്‌തവ വോട്ട്‌ നിര്‍ണ്ണായകമായ മണ്ഡലത്തില്‍ മാറ്റങ്ങള്‍ക്കു വഴിവക്കുമെന്നും ബി.ജെ.പി. പ്രതീക്ഷിച്ചു. പക്ഷേ, ജോര്‍ജിനെ ഇറക്കിയിട്ടും പ്രയോജനമുണ്ടായില്ല. 12957 വോട്ടു മാത്രം. കഴിഞ്ഞ തവണ ബി.ജെ.പി. സ്‌ഥാനാര്‍ത്ഥി നേടിയതു 15483 വോട്ട്‌. ട്വന്റി 20 സ്‌ഥാനാര്‍ത്ഥിയുണ്ടായിട്ടും അന്നുണ്ടാക്കിയ നേട്ടം ട്വന്റി 20 യുടെ അസാന്നിധ്യത്തില്‍ ആവര്‍ത്തിക്കാനായില്ല.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലെ വോട്ടിംഗ്‌ ശത്മാനത്തിലും കുറവാണ്‌ ഇത്തവണ. 2016ല്‍ 15 ഉം 2021ല്‍ 11.37 ഉം ശതമാനമായിരുന്നു. ഇത്തവണ 9.57 ശതമാനം മാത്രം. തിരിച്ചടിക്കപ്പുറം ബി.ജെ.പിയെ ഞെട്ടിക്കുന്ന പാഠം കൂടിയാണു തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌. തീവ്രനിലപാടുകളുടെ പരീക്ഷണശാലയാക്കി നേട്ടമുണ്ടാക്കാനുള്ള ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തില്‍ വിജയിക്കില്ലെന്നു കാണിക്കുന്നു ഉപതെരഞ്ഞെടുപ്പ്‌ കണക്കുകള്‍. ക്രൈസ്‌തവ വോട്ട്‌ പിടിക്കാനുള്ള അടവെല്ലാം പൊളിയുന്നതും മതന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത ആര്‍ജിക്കാനാകാത്തതും ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നു.

തൃക്കാക്കരയില്‍ ക്രിസംഘികള്‍ എന്ന്‌ അറിയപ്പെടുന്ന സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളുടെ പിന്തുണ പോലും ബി.ജെ.പിക്കൊപ്പമുണ്ടായിരുന്നു. പക്ഷേ ഇതൊന്നും വോട്ടിംഗില്‍ ഫലിച്ചില്ല. തൃക്കാക്കര വാമനന്റെ മണ്ണാണ്‌. എന്നാല്‍ തൃക്കാക്കരയിലെ വാമന ക്ഷേത്രം മറ്റൊരു മണ്ഡലത്തിലും. ഈ വിഷയം ഉള്‍പ്പെടെ ചര്‍ച്ചയാക്കിയാണു കെ. സുരേന്ദ്രന്‍ എത്തിയത്‌. രാജഗോപാലിനുശേഷം നിയമസഭയിലെത്തുന്ന വ്യക്‌തി താനായിരിക്കുമെന്നും എ.എന്‍. രാധാകൃഷ്‌ണനും പറഞ്ഞു. വോട്ടു വിഹിതം കൂടുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം ബി.ജെ.പി. ഉണ്ടാക്കിയില്ലെന്ന്‌ മാത്രമല്ല വോട്ടുകള്‍ കുറയുകയും ചെയ്‌തു.

തൃപ്പൂണിത്തുറയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. അട്ടിമറി വിജയം നേടി. കൊച്ചിയിലെ കോര്‍പ്പറേഷന്‍ ഉപതെരഞ്ഞെടുപ്പിലും ജയിച്ചു. ഇതോടെ ബി.ജെ.പി. ക്യാമ്പ്‌ കൂടുതല്‍ ആവേശത്തിലായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പു സംസ്‌ഥാന അധ്യക്ഷനെ മാറ്റുമോ എന്ന അഭ്യൂഹങ്ങള്‍ ഉയരുമ്പോഴാണു കേരളത്തില്‍ നിന്നും ബി.ജെ.പിക്കുള്ള മറ്റൊരു തിരിച്ചടി..

സമുദായാംഗമെന്ന നിലയില്‍ പ്രതീക്ഷിച്ച വോട്ട്‌ ജോയ്‌ക്കു ലഭിച്ചില്ല. കത്തോലിക്ക മേഖലയില്‍ ഇക്കുറി ഇരട്ടിവോട്ടാണു യു.ഡി.എഫ്‌. നേടിയത്‌. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഉമയുടെ പ്രവര്‍ത്തനം പരമ്പരാഗത ക്രൈസ്‌തവ വോട്ടുകള്‍ നിലനിര്‍ത്താനായി.

തൃക്കാക്കരയില്‍ ഉമാ തോമസിനെ വിജയിപ്പിച്ചത്‌ യു.ഡി.എഫിന്റെ ടീം വര്‍ക്കാണ്‌. ഈ വിജയത്തെ സ്വാധീനിച്ച ഘടകങ്ങള്‍ അനവധി. അവയെ ഇങ്ങനെ ക്രോഡീകരിക്കാം.

ചിട്ടയാര്‍ന്ന പ്രവര്‍ത്തനം

മുമ്പു കാണാത്തവിധമുള്ള ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണു യു.ഡി.എഫ്‌. വിജയത്തിന്റെ കാതല്‍. ഓരോ ബൂത്തിന്റെയും ചുമതല ഡി.ഡി.സി. സെക്രട്ടറിമാര്‍ക്കു നല്‍കി. മൂന്നു തവണയെങ്കിലും ഭവന സന്ദര്‍ശനം ഉറപ്പാക്കി. പാര്‍ട്ടി സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. യു.ഡി.എഫിനു തിരിച്ചുവരാനുള്ള അവസാന വണ്ടിയായി ഓരോ പ്രവര്‍ത്തകനും തൃക്കാക്കരയെ കണ്ടു.

സഹതാപതരംഗം

പി.ടിയുടെ സഹതാപതരംഗം വോട്ടായെന്നു യു.ഡി.എഫ്‌. നേതാക്കള്‍ സമ്മതിക്കുന്നു. ഉമ തോമസ്‌ ചോദിച്ച ഓരോ വോട്ടും പി.ടി. തോമസെന്ന വികാരത്തെ ഓര്‍മ്മപ്പെടുത്തിയായിരുന്നു. അതും ഫലം കണ്ടു.

വനിതാ സ്‌ഥാനാര്‍ഥി

മണ്ഡലത്തില്‍ ആദ്യമായി മുന്നണി സ്‌ഥാനാര്‍ഥി ഒരു വനിത ആയതും പി.ടിയുടെ വിധവയെന്ന പരിഗണനയും എല്ലാ വിഭാഗത്തിലെയും സ്‌ത്രീവോട്ടര്‍മാരെ സ്വാധീനിച്ചു. നിഷ്‌പക്ഷരും പുരോഗമന ചിന്താഗതിക്കാരുമായ വനിതകളുടെ വോട്ട്‌ ഉമയ്‌ക്കു ലഭിച്ചു.

പരമ്പരാഗത മണ്ഡലം

മണ്ഡലം രൂപവത്‌കരിച്ച ശേഷമുള്ള നാലാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ്‌. 22,500 മുകളിലായിരുന്നു ആദ്യതവണ ബെന്നി ബഹനാന്റെ ഭൂരിപക്ഷം. കഴിഞ്ഞതവണ പി.ടിയുടെ ഭൂരിപക്ഷം 14,239. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ ജോ ജോസഫിനായില്ല.

കത്തോലിക്കാ വോട്ട്‌ മറിഞ്ഞില്ല

സമുദായാംഗമെന്ന നിലയില്‍ പ്രതീക്ഷിച്ച വോട്ട്‌ ജോയ്‌ക്കു ലഭിച്ചില്ല. കത്തോലിക്ക മേഖലയില്‍ ഇക്കുറി ഇരട്ടിവോട്ടാണു യു.ഡി.എഫ്‌. നേടിയത്‌. പള്ളികള്‍ കേന്ദ്രീകരിച്ചുള്ള ഉമയുടെ പ്രവര്‍ത്തനം പരമ്പരാഗത ക്രൈസ്‌തവ വോട്ടുകള്‍ നിലനിര്‍ത്താനായി. മണ്ഡലത്തില്‍ താമസക്കാരായ തെക്കന്‍ രൂപതാംഗങ്ങളുടെ വോട്ട്‌ ഏറെയും ജോ ജോസഫിനു ലഭിച്ചപ്പോള്‍, എറണാകുളം അതിരൂപതക്കാര്‍ കൂടുതലും ഉമയെ കൈവിട്ടില്ല.

പി.ടിയുടെ മതേതരത്വ കാഴ്‌ചപ്പാട്‌

പി.ടിയുടെ മതേതരത്വ കാഴ്‌ചപ്പാട്‌ ഇത്തവണ കുറച്ചൊന്നുമല്ല ഉമയെ സഹായിച്ചത്‌. എല്ലാവിഭാഗത്തിലുമുള്ള വോട്ട്‌ ലഭിച്ചു. ജാതിരാഷ്‌ട്രീയത്തോടു എതിര്‍പ്പുള്ള വലിയവിഭാഗത്തിന്റെ വോട്ട്‌ യു.ഡി.എഫിനു ലഭിച്ചു. പുരോഗമന വിഭാഗത്തിന്റെ സ്വീകാര്യത ഇതുവഴി നേടാനായി.

ബി.ജെ.പി. വോട്ട്‌ കുറഞ്ഞു

കെ. സുരേന്ദ്രനും ശോഭ സുരേന്ദ്രനും ഒരുമിച്ചിറങ്ങിയിട്ടും ബി.ജെ.പിക്കു കുറഞ്ഞത്‌ 2526 വോട്ട്‌. ക്രൈസ്‌തവ വോട്ടുകള്‍ പ്രതീക്ഷിച്ച്‌ അവസാനനിമിഷം പി.സി. ജോര്‍ജിനെ വരെ രംഗത്തിറക്കിയിട്ടും ഫലമുണ്ടായില്ല.

ഗൗഡസാരസ്വത സമുദായ വോട്ടുകള്‍

ഗൗഡസാരസ്വത സമുദായാംഗമായ ഉമ തോമസിനു സമുദായത്തിന്റെ മുഴുവന്‍ വോട്ടും ലഭിച്ചതായാണു വിലയിരുത്തല്‍. ബി.ജെ.പിക്കു വോട്ട്‌ കുറയാന്‍ പ്രധാന കാരണവും ഇതാണ്‌. ഗൗഡസാരസ്വത സമുദായത്തില്‍ ജനിച്ച ഒരാള്‍ ആദ്യമായി നിയമസഭയിലെത്തുകയാണ്‌, ഉമയിലൂടെ.

ന്യൂനപക്ഷ പിന്തുണ

ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ്‌ കേരളത്തില്‍ നാമാവശേഷമാകാന്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസ്‌ തകര്‍ന്നാല്‍ പകരം ബി.ജെ.പി. സ്‌ഥാനം പിടിക്കുന്നതിനെ അവരിലൊരു വിഭാഗം ഭയന്നതു യു.ഡി.എഫിനു നേട്ടമായി.

ഇടതുപക്ഷ വിരുദ്ധവോട്ടുകള്‍ ഒന്നിപ്പിച്ചു

എല്‍.ഡി.എഫ്‌- സര്‍ക്കാര്‍ വിരുദ്ധവോട്ടുകള്‍ ഒന്നിപ്പിക്കാന്‍ യു.ഡി.എഫിനായി. അസംതൃപ്‌ത വിഭാഗങ്ങളുടെ വോട്ട്‌ കൃത്യമായി നിര്‍ണയിക്കാനും കഴിഞ്ഞു.

ട്വന്റി 20 യെ പിണക്കിയില്ല

ട്വന്റി20- എ.എ.പിയുടെ മനഃസാക്ഷി വോട്ടുകളി ല്‍ ഭൂരിഭാഗവും പോയതു യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിക്കാണെന്നാണു ഫലം തെളിയിക്കുന്നത്‌. പി.ടി. തോമസിനോടുള്ള എതിര്‍പ്പ്‌ അദ്ദേഹത്തിന്റെ ഭാര്യ ഉമയോടു ട്വന്റി 20 അനുഭാവികള്‍ കാണിച്ചില്ല. ട്വന്റി20- എ.എ.പിക്കാര്‍ യു.ഡി.എഫിനു വോട്ടുചെയ്യണമെന്നു വി.ഡി. സതീശനും കെ. സുധാകരനും അഭ്യര്‍ഥിച്ചിരുന്നു.

“കര്‍ദിനാളിന്റെ സ്‌ഥാനാര്‍ഥി”

കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ പിന്തുണയുള്ള സ്‌ഥാനാര്‍ഥിയെന്ന ധാരണ സിറോ മലബാര്‍ സഭയില്‍ അദ്ദേഹത്തിന്റെ എതിരാളികളായഎറണാകുളം- അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും ആശങ്കയോടെ കണ്ടു. സഭാ ആസ്‌ഥാനമായ തൃക്കാക്കരയില്‍ ഡോ. ജോ ജോസഫ്‌ എം.എല്‍.എയാകുന്നതു തങ്ങള്‍ക്കു ഭീഷണിയാണെന്ന പ്രചാരണമുണ്ടായി. അങ്ങനെ ജോ ജോസഫിനു കിട്ടേണ്ട സഭാ വോട്ടുകള്‍ വന്‍ തോതില്‍ ഉമയ്‌ക്കു ലഭിച്ചു.

വിവാദങ്ങളില്‍ പെടാതെ ഉമ

വിവാദങ്ങളില്‍ ഒഴിഞ്ഞു നില്‍ക്കാന്‍ ഉമ തോമസ്‌ തുടക്കംമുതല്‍ ശ്രദ്ധിച്ചു. വാക്കുകളില്‍ മിതത്വം പാലിച്ചു. മാധ്യമങ്ങളോടു പ്രതികരിക്കുന്നതില്‍ സൂക്ഷ്‌മത പാലിച്ചു. എതിരാളികളെയും കെ.വി. തോമസിനെയുമൊക്കെ വാക്കില്‍പോലും വേദനിപ്പിക്കാതെ വോട്ടര്‍മാരില്‍ മതിപ്പുളവാക്കി.

തോറ്റാല്‍ “വാട്ടര്‍ലൂ” എന്ന ചിന്ത

കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റും വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവുമായ ശേഷമുള്ള ആദ്യ പരീക്ഷണം എന്ന നിലയില്‍ യു.ഡി.എഫിന്റെ ഉരുക്കുകോട്ടയിലെ വിജയം വി.ഡി.- കെ.എസ്‌. കൂട്ടുകെട്ടിന്‌ അനിവാര്യമായിരുന്നു. തോറ്റാല്‍, തൃക്കാക്കര തങ്ങള്‍ക്കും യു.ഡി.എഫിനും “വാട്ടര്‍ലൂ” ആകുമെന്ന തിരിച്ചറിവില്‍ അവര്‍ സര്‍വസാന്നഹവും രംഗത്തിറക്കി.

ആലപ്പുഴ, പി.സി. ജോര്‍ജ്‌ സംഭവങ്ങള്‍

തെരഞ്ഞെടുപ്പ്‌ കൊട്ടിക്കലാശത്തിനു മുമ്പുണ്ടായ രാഷ്‌ട്രീയ സംഭവവികാസങ്ങളും അനുകൂലമാക്കാന്‍ യു.ഡി.എഫിനായി. എസ്‌.ഡി.പി.ഐയുടെ റാലിയില്‍ കുട്ടിയുടെ മുദ്രാവാക്യവും പി.സി. ജോര്‍ജിന്റെ വിദ്വേഷപ്രസംഗവുമെല്ലാം സംസ്‌ഥാനത്തിന്റെ മതേതരമുഖത്തിനു കളങ്കമുണ്ടാക്കിയെന്നും വര്‍ഗീയപ്രീണനമാണു കാരണമെന്നും പ്രതിപക്ഷത്തിനു വാദിച്ചുറപ്പിക്കാനായി.

കെ റെയില്‍ ഇഫക്‌ട്‌

കെ റെയില്‍ സമരം തൃക്കാക്കരയില്‍ എത്തിയില്ലെങ്കിലും കല്ലിടല്‍ നടന്ന തെക്കന്‍ ജില്ലകളില്‍നിന്നുള്ള നിരവധി പേര്‍ മണ്ഡലത്തില്‍ വോട്ടര്‍മാരുണ്ട്‌. നാട്ടിലെ സംഭവവികാസങ്ങള്‍ അവരെ സ്വാധീനിച്ചതായാണു വിലയിരുത്തല്‍. വികസന മുദ്രാവാക്യം വേണ്ടവിധം ഏശിയുമില്ല.

മുഖ്യമന്ത്രിക്കു കടിഞ്ഞാണിടണമെന്ന ചിന്ത

സെഞ്ച്വറി തികച്ച്‌ അജയ്യനായി മുന്നേറാനുള്ള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമത്തിന്‌ എങ്ങിനെയും തടയിടണമെന്ന പ്രതിപക്ഷ പ്രചാരണവും നിഷ്‌പക്ഷ വോട്ടുകളെ സ്വാധീനിച്ച ഘടകങ്ങളില്‍ ഒന്നായി.

 

തിരുവനന്തപുരം: നെടുമങ്ങാട് സ്‌കൂളില്‍ പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയ 12 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സംഭവത്തില്‍ 16കാരനും ഇയാളുടെ അമ്മയുടെ സുഹൃത്തും അറസ്റ്റിലായി.

പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നയാളാണ് 16കാരന്‍. ഇയാളും പെണ്‍കുട്ടിയും നേരത്തെ പരിചയക്കാരാണ്. സുഹൃത്ത് അന്വേഷിച്ചെന്നും വീട്ടില്‍ കാത്തിരിക്കുകയാണെന്നും വന്നു കാണണമെന്നും പറഞ്ഞ് പെണ്‍കുട്ടിയെ 16കാരന്റെ അമ്മയുടെ സുഹൃത്തായ സന്തോഷ് പെണ്‍കുട്ടിയെ സമീപിച്ചു. കാറില്‍ പോയി തിരിച്ചുവരാമെന്ന് പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു.

വീട്ടിലെത്തിയ പെണ്‍കുട്ടിയെ 16കാരന്‍ ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് ഉച്ചയോടെ പെണ്‍കുട്ടിയെ വീടിനു സമീപം ഇറക്കിവിടുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിക്കുകയും പരാതിപ്പെടുകയുമായിരുന്നു.

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ വകുപ്പുകളിലേക്കുള്ള അധ്യാപക നിയമനത്തിന് 24 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രൊഫസർ (18 ഒഴിവ്), അസിസ്റ്റന്റ് പ്രൊഫസർ (16 ഒഴിവ്), അസോസിയേറ്റ് പ്രൊഫസർ (24 ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. അപ്ലൈഡ് ഇക്കണോമിക്സ്, ബയോ ടെക്‌നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, എൻവയോൺമെന്റൽ സ്റ്റഡീസ്, ഇൻസ്ട്രുമെന്റേഷൻ, മാത്തമാറ്റിക്സ്, പോളിമർ സയൻസ് ആൻഡ്‌ റബ്ബർ ടെക്‌നോളജി, ഷിപ്പ് ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്സ്, സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസ് എന്നീ വകുപ്പുകളിലാണ് ഒഴിവുകൾ.

വിശദ വിവരങ്ങളും ഓൺലൈൻ അപേക്ഷാ ഫോമും സർവകലാശാല വെബ്‌സൈറ്റായ recruit.cusat.ac.in-ൽ ലഭിക്കും.

Copyright © . All rights reserved