India

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ നടത്തിയ പ്രതിഷേധവും ഇപി ജയരാജന്റെ പ്രതിരോധവും ചർച്ചയാകുന്നു സമയം, 1978ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമാനം റാഞ്ചിയ സംഭവം ചര്‍ച്ചയാക്കി സൈബര്‍ സിപിഐഎം.

അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിലില്‍ അടയ്ക്കപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ മോചനം ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനം റാഞ്ചിയത്. 1978 ഡിസംബര്‍ ഇരുപതിന് ഉത്തര്‍പ്രദേശ് സ്വദേശികളായ കോണ്‍ഗ്രസ് നേതാക്കളായ ഭോലാനാഥ് പാണ്ഡെയും ദേവേന്ദ്ര പാണ്ഡെയുമാണ് വിമാനം റാഞ്ചിയത്. കൊല്‍ക്കത്തയില്‍നിന്ന് ലഖ്നൗവിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് 410 വിമാനമാണ് ഇരുവരും റാഞ്ചിയത്. ഇന്ദിരാ ഗാന്ധിയെ മോചിപ്പിക്കുക, മകന്‍ സഞ്ജയ് ഗാന്ധിക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വിമാനറാഞ്ചല്‍.

സംഭവസമയത്ത് 130 യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കളിത്തോക്കുകളുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി ബന്ദിക്കളാക്കിയത്. മണിക്കൂറുകള്‍ക്ക് ശേഷം വിമാനം വാരാണസിയില്‍ ഇറക്കി മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇരുവരും കീഴടങ്ങുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന 1980ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കുകയും ഇരുവരും വിജയിച്ച് എംഎല്‍എയാവുകയും ചെയ്തു.

ഈ സംഭവമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിമാനത്തിനുള്ളില്‍ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കുന്നത്. വിമാനത്തിനുള്ളില്‍ അതിക്രമം പണ്ടുമുതലേ കോണ്‍ഗ്രസുകാര്‍ തുടങ്ങിയെന്നാണ് സിപിഐഎം അനുഭാവികള്‍ വിമാനറാഞ്ചല്‍ ചൂണ്ടിക്കാണിച്ച് പറയുന്നത്.

മധ്യപ്രദേശില്‍ വിചിത്ര ഡൈനോസര്‍ മുട്ടകള്‍ കണ്ടെത്തി ഗവേഷകര്‍. ഥാര്‍ ജില്ലയിലെ ഡൈനോസര്‍ ഫോസില്‍ നാഷണല്‍ പാര്‍ക്കില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് മുട്ടകള്‍ കണ്ടെത്തിയത്. ഒന്ന് മറ്റൊന്നിനുള്ളില്‍ കൂടുണ്ടാക്കിയ നിലയില്‍ അപൂര്‍വ രീതിയിലാണ് മുട്ടകള്‍.

ടൈറ്റനോസോയ്ഡ് വിഭാഗത്തില്‍ പെടുന്ന ഡൈനോസറുകളുടെ ഫോസിലൈസ്ഡ് മുട്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണ പക്ഷികളിലും മറ്റുമാണ് ഇത്തരത്തില്‍ ഒരു മുട്ടയ്ക്കുള്ളില്‍ മറ്റൊന്ന് എന്ന നിലയില്‍ മുട്ടകളുണ്ടാവാറുള്ളത്. ഡൈനോസര്‍ മുട്ടകള്‍ ഇതേ രീതിയില്‍ കണ്ടെത്തിയതോടെ ഉരഗങ്ങളുടെയും പക്ഷി വര്‍ഗങ്ങളുടെയും പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഇത് പുതിയ തലങ്ങള്‍ നല്‍കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

സോറോപോഡ് ഫാമിലിയിലുള്ള ഡൈനോസര്‍ വിഭാഗമാണ് ടൈറ്റനോസോയ്ഡ്. ഇന്ന് ഇന്ത്യയുള്‍പ്പെടുന്ന പ്രദേശത്തായിരുന്നു ഇവയുടെ വാസം. ഡൈനോസര്‍ വിഭാഗങ്ങളില്‍ ഏറ്റവും വലിപ്പമേറിയ ഇവയുടെ ഫോസിലുകള്‍ ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ നിന്ന് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്.

 

കാറ് സ്ത്രീധനമായി നൽകിയില്ലെന്ന് ആരോപിച്ച് ഭാര്യയെ യുവാവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുക്കൊന്നു. തമിഴ്‌നാട് സേലത്താണ് യുവാവ് പണത്തിനോടും സ്വർണ്ണത്തിനോടുമുള്ള അത്യാർത്തിയിൽ ക്രൂരത നടത്തിയത്. തലക്കടിച്ചു കൊലപ്പെടുത്തിയതിനുശേഷം കെട്ടിത്തൂക്കിയ ശേഷം കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും യുവാവ് ശ്രമം നടത്തുകയും ചെയ്തു.

സേലം മുല്ലൈ നഗർ സ്വദേശികളായ കീർത്തിരാജും ധനശ്രീയും മൂന്നുകൊല്ലം മുൻപാണു വിവാഹിതരായത്. അടുത്തിടെയാണ് ഇവർ കുടുംബ വീട്ടിൽ നിന്നും മാറിതാമസിച്ചത്. ഇതോടെ സ്ത്രീധനം ആവശ്യപ്പെട്ടു കീർത്തിരാജിന്റെ പീഡനം തുടങ്ങി. കാറും കൂടുതൽ ആഭരണങ്ങളും ആവശ്യപ്പെട്ടായിരുന്നു ഇയാൾ ധനശ്രീയെ ആക്രമിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം ധനശ്രീ ആത്മഹത്യ ചെയ്‌തെന്നു കീർത്തിരാജ് ഭാര്യവീട്ടുകാരെ അറിയിച്ചു. മാതാപിതാക്കൾ ആശുപത്രിയിലെത്തിയപ്പോഴാണു ധനശ്രീയുടെ തലയിൽ മുറിവ് കണ്ടത്.

തുടർന്ന് പൊലീസിൽ പരാതി നൽകി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും തലക്കടിയേറ്റാണു മരണമെന്നു സ്ഥിരീകരിച്ചു. തുടർന്ന് കീർത്തിരാജിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു ക്രൂരതയുടെ മുഖം പുറംലോകം അറിഞ്ഞത്. സ്ത്രീധനമായി കാറുകിട്ടാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. വഴക്കിനിടെ ക്രിക്കറ്റ് ബാറ്റെടുത്തു കീർത്തിരാജ് ധനശ്രീയെ അടിക്കുകയായിരുന്നു. മരിച്ചവീണ ധനശ്രീയുടെ കഴുത്തിൽ കയറു കുരുക്കി കെട്ടിത്തൂക്കിയ ശേഷമാണു ഇയാൾ അയൽവാസികളെ വിവരമറിയിച്ചത്.

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊല. മിശ്രവിവാഹിതരായ ദമ്പതികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുംഭകോണത്തിനടുത്ത് ചോളപുരം തുളുക്കാവേലിയിലാണ് ദാരുണമായ കൊലപാതകം റിപ്പോർട്ട് ചെയ്തത്. തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂർ സ്വദേശിയായ മോഹനും (31),തുളുക്കാവേലി സ്വദേശിനി ശരണ്യയു (22) മാണ് കൊല്ലപ്പെട്ടത്.

വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ അഞ്ച് ദിവസം മുമ്പാണ് ഇരുവരും ചെന്നൈയിൽ വെച്ച് വിവാഹിതരായത്. ശരണ്യ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു. ഇതിനിടയിലാണ് മോഹനുമായി പ്രണയത്തിലായത്. ഇവരുടെ വിവാഹത്തിന് ശരണ്യയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. സ്വന്തം സമുദായത്തിൽപ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂവെന്ന് ബന്ധുക്കൾ പലതവണ മുന്നറിയിപ്പ് നൽകി.

എന്നാൽ, എല്ലാ എതിർപ്പുകളെയും അവഗണിച്ച് കഴിഞ്ഞാഴ്ച ഇരുവരും വിവാഹിതരായി. തുടർന്ന് ശരണ്യയുടെ സഹോദരൻ ശക്തിവേൽ (31) സ്നേഹം നടിച്ച്, വിരുന്നിനായി ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. ദമ്പതികൾ വീട്ടിലേക്ക് കയറാനൊരുങ്ങിയപ്പോൾ ശക്തിവേലും ബന്ധു രഞ്ജിത്തും ആക്രമിക്കുകയായിരുന്നു.

സംഭവസ്ഥലത്തുവച്ചുതന്നെ ശരണ്യയും മോഹനും മരണപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ചോളപുരം പൊലീസ് സ്ഥലത്തെത്തി കൊലയാളികളെ അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍ നിന്നായി 1.80 കോടിയുടെ സ്വര്‍ണം എയര്‍കസ്‌റ്റംസ്‌ ഇന്റലിജന്‍സും പോലീസും പിടികൂടി. കോഴിക്കോട്‌ നാദാപുരം കണ്ണോത്തുകണ്ടി കെ.കെ ജുനൈദ്‌ (28), കോഴിക്കോട്‌ കുറ്റ്യാടി എടക്കാട്ടുകണ്ടിയില്‍ മുഹമ്മദ്‌ ഹനീസ്‌ (26), കോഴിക്കോട്‌ കുന്ദമംഗലം നടുവംഞ്ചാലില്‍ കബീര്‍ (34) എന്നിവരാണ്‌ സ്വര്‍ണവുമായി പിടിയിലായത്‌.

കസ്‌റ്റംസിനെ വെട്ടിച്ച്‌ പുറത്തുകടത്തിയ സ്വര്‍ണമാണ്‌ ജുനൈദില്‍നിന്ന്‌ കരിപ്പൂര്‍ പോലീസ്‌ കണ്ടെടുത്തത്‌. 1822 ഗ്രാം സ്വര്‍ണം ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. 80 ലക്ഷം രൂപ വിലവരും. അബുദാബിയില്‍നിന്ന്‌ ഇഡിഗോ വിമാനത്തിലാണ്‌ ജുനൈദ്‌ കരിപ്പൂരിലെത്തിയത്‌.

ഹനീസ്‌, കബീര്‍ (34) എന്നിവരെ സ്വര്‍ണം കടത്തുന്നതിനിടെ എയര്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ പിടികൂടുകയായിരുന്നു. മസ്‌കറ്റില്‍നിന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലാണ്‌ ഹനീസ്‌ കരിപ്പൂരിലെത്തിയത്‌. 1132 ഗ്രാം സ്വര്‍ണമാണ്‌ ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്‌. ദോഹയില്‍ നിന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലെത്തിയ കബീര്‍ 1012 ഗ്രാം സ്വര്‍ണമാണ്‌ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്‌.

ചലച്ചിത്ര താരം നയന്‍താരയും ഭര്‍ത്താവ്‌ വിഘ്‌നേഷ്‌ ശിവയും ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ ചാന്താട്ടം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തി. മേല്‍ശാന്തി വിഷ്‌ണു നമ്പൂതിരിയില്‍നിന്നും പ്രസാദം സ്വീകരിച്ചു. സമയം കിട്ടുമ്പോഴെല്ലാം ചെട്ടികുളങ്ങര ഭഗവതിയുടെ തിരുസന്നിധിയിലെത്തുമെന്നു താരദമ്പതികള്‍ പറഞ്ഞു. ദര്‍ശനത്തിനു ശേഷം ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ ഓഫീസില്‍ എത്തിയ താരദമ്പതിമാരെ കണ്‍വന്‍ഷന്‍ പ്രസിഡന്റ്‌ എം.കെ. രാജീവ്‌, സെക്രട്ടറി എം. മനോജ്‌ കുമാര്‍ എന്നിവര്‍ സ്വീകരിച്ചു.

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് സേലം റെഡ്ഡിപ്പെട്ടി സ്വദേശി പി. കീര്‍ത്തിരാജി(31)നെയാണ് സുരമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് കീര്‍ത്തിരാജ് ഭാര്യ ധനുശ്രീ(26)യെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

മൂന്നുവര്‍ഷം മുമ്പാണ് കീര്‍ത്തിരാജും ധനുശ്രീയും വിവാഹിതരായത്. ദമ്പതിമാര്‍ക്കിടയില്‍ ഇടയ്ക്കിടെ വഴക്ക് പതിവായിരുന്നു. പത്തുദിവസം മുമ്പ് ഭര്‍ത്താവുമായി വഴക്കുണ്ടായതിനെത്തുടര്‍ന്ന് ധനുശ്രീ സ്വന്തം വീട്ടിലേക്ക് പോയി. ശനിയാഴ്ച രാത്രി കീര്‍ത്തിരാജ് ഭാര്യയുടെ വീട്ടിലെത്തി അനുനയിപ്പിക്കുകയും ഭാര്യയെ തിരികെ കൂട്ടിക്കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച രാത്രി ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടാവുകയും കീര്‍ത്തിരാജ് ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു.

വീട്ടിലുണ്ടായിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ചാണ് കീര്‍ത്തിരാജ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംഭവം ആത്മഹത്യയായി ചിത്രീകരിക്കാനും ശ്രമിച്ചു. ഇതിനായി കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹം വീട്ടിനുള്ളില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇതിനുശേഷം ധനുശ്രീയുടെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും വിവരമറിയിച്ചു. ഭാര്യയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയെന്നായിരുന്നു പ്രതി ആദ്യം എല്ലാവരോടും പറഞ്ഞത്. എന്നാല്‍ മൃതദേഹത്തില്‍ ചില മുറിവുകള്‍ കണ്ടത് ഭാര്യവീട്ടുകാരില്‍ സംശയമുണര്‍ത്തി. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം, സ്ത്രീധനത്തെച്ചൊല്ലിയാണ് കീര്‍ത്തിരാജ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് ചില പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് ദമ്പതിമാര്‍ മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്. ഇതിനുപിന്നാലെ കീര്‍ത്തിരാജ് ഭാര്യവീട്ടുകാരില്‍നിന്ന് കാറും കൂടുതല്‍ സ്വര്‍ണവും സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഭാര്യവീട്ടുകാര്‍ കാര്‍ നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവാക്കള്‍ക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ്. മുഖ്യമന്ത്രിയെ ആക്രമിച്ചു വധിക്കുക എന്ന ഉദ്ദേശത്തോടെയാണ് യുവാക്കള്‍ വന്നതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ.. എന്ന് മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചു. തടയാന്‍ ശ്രമിച്ച ഗണ്‍മാന്‍ അനില്‍കുമാറിനെ ദേഹോദ്രപം ഏല്പിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ് (28), കണ്ണുര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍കുമാര്‍ (34), സുനിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വലിയതുറ പോലീസ് കേസെടുത്തിരിക്കുന്നത്.

അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും പോലീസിന് മൊഴി നല്‍കിയിരുന്നു.

അതേസമയം, പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്നു പേരില്‍ ഒരാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്.

പ്രതികള്‍ മദ്യലഹരിയിലാണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന ഇ.പി ജയരാജന്റെ പ്രസ്താവന ശരിയല്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. യുവാക്കള്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.

ഇന്‍ഡിഗോ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ എയര്‍ലൈന്‍സും അന്വേഷണം ആരംഭിച്ചു.

ഷെറിൻ പി യോഹന്നാൻ

ബാംഗ്ലൂരിൽ ജോലി ചെയ്ത് ജീവിക്കുന്ന കുറച്ച് സുഹൃത്തുക്കൾ. സൗഹൃദവും ചിരിയും കണ്ണീരുമായി ജീവിതം മുന്നോട്ട് പോകുന്നു. സ്വന്തമായി ഒരു ബിസിനിസ് തുടങ്ങാൻ അവർ ശ്രമിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം അവരുടെ കൂട്ടത്തിലെ ഒരാളെ കാണാതാവുന്നു. പിന്നീടുള്ള അന്വേഷണങ്ങളിലൂടെ സിനിമ ‘പലതും’ പറയാൻ ശ്രമിക്കുന്നു.

തിയേറ്റർ റിലീസ് ആയ ദിവസം തന്നെ കണ്ട ചിത്രമാണ് ‘ഡിയർ ഫ്രണ്ട്’. എന്നാൽ കണ്ട ഉടനെ ഈ ചിത്രം മനഃപൂർവം മറന്നുകളയാൻ ശ്രമിച്ചു. കാരണം മറ്റൊന്നുമല്ല, ‘ഡിയർ ഫ്രണ്ട്‌’ കാര്യമായി യാതൊന്നും നൽകുന്നില്ല. പലതും പറയാൻ ശ്രമിച്ച്, ഒന്നും പറയാതെ പോയൊരു സിനിമ.

വളരെ സ്വാഭാവിക സന്ദർഭങ്ങളാണ് സിനിമയിൽ ഏറെയും. സൗഹൃദത്തെ വളരെ നീറ്റായി അവതരിപ്പിച്ചിട്ടുണ്ട്. പല ലെയറുകളുള്ള ഒരു കഥാപാത്രമാണ് ടോവിനോയുടെ വിനോദ് വിശ്വനാഥൻ. എന്നാൽ ആ കഥാപാത്രം പൂർണ്ണമല്ല. ചിത്രത്തിന്റെ അവസാനം ഒരുപാട് ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉടലെടുക്കുമെങ്കിലും അതിനൊന്നും സിനിമ ഉത്തരം നൽകുന്നില്ല.

റിയലിസ്റ്റിക് ആയ കഥാപരിസരത്ത് സ്വാഭാവിക പ്രകടനങ്ങളിലൂടെ പ്രധാന താരങ്ങൾ മുന്നിട്ട് നിൽക്കുന്നെങ്കിലും കഥയുടെ ഒഴുക്ക് പലവഴിയിൽ തടസ്സപ്പെടുന്നുണ്ട്. സ്ലോ പേസിലാണ് ചിത്രം നീങ്ങുന്നത്. സുഹൃത്തുക്കളുടെ ഇടയിലെ രസകാഴ്ചകളുമായി തുടങ്ങുന്ന ചിത്രം ആദ്യ പകുതിയിൽ തന്നെ ഒരു മിസ്റ്ററി ഫീൽ ഒരുക്കിവെക്കുന്നു. എന്നാൽ രണ്ടാം പകുതിയിൽ അത് വിജയകരമായി തുടർന്നുപോകുന്നില്ല. മനുഷ്യനെപ്പറ്റി, മനുഷ്യാവസ്ഥകളെപ്പറ്റി ആഴ്ത്തിൽ സംസാരിക്കാനാണ് സിനിമ ശ്രമിച്ചത്.

സിനിമ സെറ്റ് ചെയ്ത മൂഡിനോട് ചേർന്ന് പോകുന്നതാണ് ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ജസ്റ്റിന്റെ സംഗീതവും. കഥയിൽ കാര്യമായ പുരോഗതിയില്ലാത്ത രണ്ടാം പകുതി വലിയ നിരാശയാണ് നൽകുന്നത്. ചിലയിടങ്ങളിൽ ചിത്രം പ്രേക്ഷകനോട്‌ അടുത്തു നിൽക്കുണ്ട്; എന്നാൽ ഭൂരിഭാഗം സമയവും കഥ പറയുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് മാത്രം ഒതുങ്ങിപോവുകയാണ്. സ്പൂൺഫീഡ് ചെയ്യാൻ ശ്രമിച്ചിട്ടില്ലെങ്കിലും ഒരു വ്യക്തതക്കുറവ് തിരക്കഥയിൽ പ്രകടമാണ്. അതിനാൽ, തിയേറ്റർ കാഴ്ചയിൽ എന്നെ നിരാശപ്പെടുത്തിയ ചിത്രമാണ് ‘ഡിയർ ഫ്രണ്ട്’.

Last Word – സ്വാഭാവിക പ്രകടനങ്ങളിലൂടെ സൗഹൃദത്തിന്റെ കഥ അവതരിപ്പിക്കുമ്പോഴും പ്രേക്ഷകന് യാതൊന്നും സമ്മാനിക്കാൻ ചിത്രത്തിന് കഴിയുന്നില്ല. വളരെ കുറച്ച് പ്രമോഷനുമായി എത്തി തിയേറ്ററിൽ ആദ്യ ദിനം തന്നെ പരാജയപ്പെടുന്നതിന് പകരം ഒടിടി തിരഞ്ഞെടുക്കുന്നതായിരുന്നു നല്ലത്. ഈ പാറ്റേണിൽ കഥപറയുന്ന ചിത്രങ്ങൾക്ക് അതാണ് ബെസ്റ്റ് ഓപ്ഷൻ.

ഹൗസ് ബോട്ടുകളിൽ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്ന തുറമുഖ വകുപ്പിന്റെ നിർദ്ദേശം പാലിക്കാൻ ചില ബോട്ടുടമകൾ മടിക്കുന്നതാണ് മേഖലയിലെ ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് ആക്ഷേപം. അടിക്കടിയുള്ള അപകടങ്ങൾ വർദ്ധിച്ചതോടെ പൊലീസിന്റെ സഹായത്തോടെ തുറമുഖ വകുപ്പ് പരിശോധന കർശനമാക്കി. ഒരുമാസത്തിനുള്ള രേഖകൾ ഇല്ലാതെ സർവീസ് നടത്തിയ 46 ബോട്ടുകളുടെ ഉടമകൾക്ക് തിരിച്ചടിയായി.

കഴിഞ്ഞ ദിവസം കന്നിട്ടെ ജെട്ടിയിൽ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ടിന്റെ അടിപലക ഇളകി വെള്ളം കയറി താഴ്ന്നു. ഇതിലെ സഞ്ചാരികളുടെ ബാഗ് ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തേക്ക് എടുക്കുന്നതിനിടെ കൈനകരി സ്വദേശി പ്രസന്നൻ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ അപകടം.

ഒരുമാസത്തിനുള്ളിൽ നാല് ഹൗസ്‌ബോട്ടുകൾക്കാണ് തീപിടിച്ചത്. കാലപ്പഴക്കം ചെന്ന ഹൗസ് ബോട്ടുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ് സവാരി നടത്തുന്നതെന്ന് പരാതിയുണ്ട്. പരിശോധനാസംഘം നൽകിയ നോട്ടീസിന് പുല്ലു വിലയാണ് ഇവർ നൽകിയത്. അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ ഹൈക്കോടതി തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ ഉടമകൾ അലംഭാവം കാട്ടുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വേമ്പനാട്ട് കായലിൽ 1500ൽ അധികം ബോട്ടുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും 800ഓളം ബോട്ടുകൾക്ക് മാത്രമാണ് ആവശ്യമായ രേഖകളുള്ളതത്രെ.

ആഭ്യന്തര സഞ്ചാരികൾകായൽസൗന്ദര്യവും കുട്ടനാടിന്റെ തനത് രുചിയും അറിയാൻ ജില്ലയിലേക്ക് എത്തുന്നവടെ എണ്ണം വർദ്ധിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളോട് ബോട്ടുടമകൾ മുഖം തിരിഞ്ഞു നിൽക്കുന്നു. കൃത്യമായ അറ്റകുറ്റപണികൾ നടത്താത്തതാണ് ദുരന്തങ്ങൾക്ക് പലപ്പോഴും കാരണം. സർക്കാർ നിർദേശങ്ങൾ പാലിച്ചാൽ ഒരു പരിധിവരെ ഇവ ഒഴിവാക്കാൻ കഴിയും. കായൽ സവാരിക്കിടെ അടിക്കടിയുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്ന അവസ്ഥയുണ്ട്. സുരക്ഷയ്ക്കുള്ള നിർദ്ദേശങ്ങൾ ജീവനക്കാരും ഉടമകളും സഞ്ചാരികളും അവഗണിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം.

ലൈസൻസ് എടുക്കാതെ പരിശോധന സംഘത്തിന്റെ കണ്ണുവെട്ടിച്ച് സർവീസ് നടത്തുന്നവരുണ്ട്. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിന് പോലും മുഖം തിരിഞ്ഞു നിന്ന ഹൗസ് ബോട്ടുടമകൾക്കെതിരെ ജില്ലാഭരണകൂടം നിയമ നടപടി സ്വീകരിച്ചപ്പോഴാണ് സഹകരിച്ചത്. വ്യക്തമായ രേഖകളും ഡ്രൈവർക്ക് ലൈസൻസുമില്ലാതെ സർവീസ് നടത്തുന്നതായി അന്ന് വെളിച്ചത്തായെങ്കിലും തുടർ നടപടി വെള്ളത്തിൽ വരച്ച വര പോലെയായി.

പരിശോധന കടുപ്പിക്കും

ലൈസൻസ് നൽകേണ്ട ചുമതല തുറമുഖ വകുപ്പിനാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 46ബോട്ടുകൾ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ വകുപ്പ് അധികാരികൾ നോട്ടീസ് നൽകിയാൽ ആ വഴിക്ക് ബോട്ടുടമകൾ തിരിഞ്ഞുനോക്കാറില്ല. എല്ലാ ബോട്ടുകളും മൂന്ന് വർഷത്തിൽലൊരിക്കൽ ഡോക്കിൽ കയറ്റി അടിപലകയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന നിയമം പാലിക്കാറില്ലാത്തതാണ് വെള്ളകയറിയുള്ള ദുരന്തങ്ങൾക്ക് കാരണം.

ഹൗസ് ബോട്ട് യാത്ര സുരക്ഷിതമാക്കാൻ

* ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള രക്ഷാമർഗങ്ങൾ നിർബന്ധമാക്കണം.
* കാലപ്പഴക്കം ചെന്നതും ലൈസൻസില്ലാത്തതുമായ ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടി
* യാത്രയ്ക്കിടെ കുട്ടികളും മുതിർന്നവരും കൈവരിയിലും മറ്റും നിൽക്കാതെ ശ്രദ്ധിക്കണം.
* സംഘടനകളും ഹൗസ് ബോട്ട് ഉടമകളും വേണ്ട നിർദേശങ്ങൾ ജീവനക്കാർക്കും സഞ്ചാരികൾക്കും നൽകണം.

അപകട കാരണങ്ങൾ

* രണ്ടു മുറിയുള്ള ഹൗസ്‌ബോട്ടിൽ 15 പേരെ വരെ കയറ്റി സവാരി
* ജീവനക്കാരിൽ ഒരു വിഭാഗം സഞ്ചാരികൾക്കൊപ്പം മദ്യപിക്കുന്നത്
* മദ്യപിച്ച് കാൽവഴുതി വെള്ളത്തിൽ വീണാൽ നീന്തൽ അറിയാമെങ്കിലും രക്ഷപ്പെടാൻ കഴിയില്ല”അടിക്കടി ദുരന്തങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ സഹായത്തോടെ പ്രതിദിന പരിശോധന നടത്തും. നിയമപരമല്ലാത്ത എല്ലാ ബോട്ടുകൾക്കും നിലവിലുള്ള നിയമം അനുസരിച്ച് നടപടിയെടുക്കും”.

ക്യാപ്റ്റൻ എബ്രഹാം കുര്യക്കോസ്, പോർട്ട് ഓഫീസർ, തുറമുഖവകുപ്പ്

RECENT POSTS
Copyright © . All rights reserved