ലഖ്‌നൗ : ലഖ്‌നൗ ചിൻഹട്ടിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ കൈയിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു. എന്നല്‍, കുഞ്ഞ് ജനിച്ചപ്പോഴേ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ ബന്ധുക്കൾ ബഹളമായി.
പ്രസവശേഷം കുഞ്ഞിനെ തൂവാലയിൽ പൊതിയാതെ നഴ്സ് ഉയർത്തിയ ശേഷം കാൽ വഴുതി നിലത്തു വീഴുകയായിരുന്നു.
അമ്മയുടെ നിലവിളി കേട്ട് വീട്ടുകാർ ലേബർ റൂമിലേക്ക് കയറാൻ ശ്രമിച്ചു. ആശുപത്രി അധികൃതർ അവരെ തടയാൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾ ബലപ്രയോഗത്തിനെടുവിൽ അകത്തുകടന്നു.
അപകട മരണം ഒതുക്കി തീർക്കാൻ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും കള്ളക്കഥ മെനഞ്ഞിരിക്കുകയാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. പൊലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്ത് കണ്ട ചെറിയ ആള്‍ക്കൂട്ടത്തിലേക്ക് തലയിട്ട് നോക്കിയവരില്‍ ചിലര്‍ക്ക് പരിസരബോധം വരാന്‍ കുറച്ച് സമയമെടുത്തു. പതിവ് പോലെയുള്ള ലേലംവിളി കേട്ടാണ് ചിലര്‍ അവിടെ എത്തിയത്. അത്യാവശ്യം വലിപ്പമുള്ള മൂന്ന് മീനുകള്‍ നിരത്തിവെച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി ഒരാള്‍ വിളിച്ച് പറയുന്നുണ്ട്… ‘ഒന്നേ ഇരുപത്, ഒന്നേ നാല്പത്, ഒന്നേ അമ്പത്’ ഇങ്ങനെ അതിവേഗത്തില്‍ തുക വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ രണ്ടേകാല്‍ ലക്ഷം മൂന്ന് തരം എന്ന് വിളിച്ചുപറഞ്ഞപ്പോള്‍ വൈകി അവിടെ എത്തിയവരില്‍ പലരും അക്ഷാര്‍ത്ഥത്തില്‍ ഞെട്ടി. കടല്‍ സ്വര്‍ണമെന്നറിയുന്ന പട്ത്തികോരയെ (ഗോല്‍) ആണ് കഴിഞ്ഞദിവസം നീണ്ടകര തുറമുഖത്തുനിന്ന് രണ്ടേകാല്‍ ലക്ഷത്തിന് ലേലം പോയത്.
ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലിയ ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് പട്ത്തകോരയുടെ ബ്ലാഡറാണ് (പളുങ്ക്).
കടല്‍ വെള്ളത്തില്‍ പൊങ്ങിക്കിടിക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ ഈ ‘എയര്‍ ബ്ലാഡറാ’ണ് മോഹവിലയ്ക്ക് കാരണം. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. കേരളതീരത്ത് അത്യപൂര്‍വമായിട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.
ശക്തികുളങ്ങര തുറമുഖത്തുനിന്ന് കടലില്‍പോയ ലൂക്കായുടെ ഉടമസ്ഥതയിലുള്ള മനു എന്ന വള്ളത്തിനാണ് മീന്‍ ലഭിച്ചത്. നീണ്ടകരയില്‍ മൂന്ന് കിലോമീറ്ററിനുള്ളില്‍നിന്നാണ് ലക്ഷങ്ങള്‍ വില വരുന്ന മത്സ്യത്തെ ഇവര്‍ക്ക് കിട്ടിയത്.
മൂന്നെണ്ണത്തില്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡുള്ള രണ്ട് ആണ്‍ മത്സ്യവും ഉള്‍പ്പെട്ടിരുന്നതായി ലൂക്ക പറഞ്ഞു. തീരക്കടലില്‍ കല്ലിലാണ് സാധാരണ ഇവയെ കാണാറ്. 20 കിലോ ഭാരമുള്ള ആണ്‍ മത്സ്യത്തിന്റെ ശരീരത്തില്‍ 300 ഗ്രാം പളുങ്കുണ്ടാകും. ഒരു കിലോ പളുങ്കിന് മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിലയുണ്ട്.
എന്നാല്‍ ഇതിന്റെ ഇറച്ചിക്ക് അത്ര വിലയില്ല. കിലോയ്ക്ക് 250 വരെയേ വിലയുള്ളു. 10കിലോയ്ക്ക് മുകളിലുള്ള മത്സ്യങ്ങളിലാണ് പളുങ്ക് കാണപ്പെടുക. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ മാര്‍ക്കറ്റിലേക്കാണ് ഈ മത്സ്യം പോകുന്നതെന്ന് വ്യാപാരി ജോളി മറൈന്‍ എക്‌സ്പോര്‍ട്ട് ഉടമ ടൈറ്റസ് പറഞ്ഞു.
സിംഗപ്പൂരില്‍ വൈന്‍ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാന്‍ മാംസവും ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞാഴ്ച ആലപ്പാട്ട് പഞ്ചായത്തിനു പടിഞ്ഞാറ് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികള്‍ക്കും ഒരു പട്ത്തകോര ലഭിച്ചിരുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഗരീഷ് കുമാര്‍ സ്രാങ്കായ പൊന്നുതമ്പുരാന്‍ വള്ളത്തിനാണ് മീന്‍ ലഭിച്ചത്. നീണ്ടകര ഹാര്‍ബറിലെത്തിച്ച 20.6 കിലോ ഗ്രാം തൂക്കമുള്ള മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചതാകട്ടെ 59,000 രൂപയും.
കഴിഞ്ഞ സെപ്തംബറില്‍ മഹാരാഷ്ട്രയിലെ പാല്‍ഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെ പിടികൂടിയ 157 ഗോല്‍ മത്സ്യങ്ങള്‍ക്ക് 1.33 കോടി രൂപ ലഭിച്ചിരുന്നു.
അയോഡിന്‍, ഒമേഗ-3, ഇരുമ്പ്, ടോറിന്‍, മഗ്നീഷ്യം, ഡിഎച്ച്എ, ഇപിഎ, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമായതിനാലാണ് സീ ഗോള്‍ഡ് (Sea Gold)അഥവാ കടല്‍ സ്വര്‍ണം’ എന്ന് ഇവയെ വിളിക്കുന്നതെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. പി യു സക്കറിയ പറഞ്ഞു. ജൈവശാസ്ത്രപരമായി ‘പ്രോട്ടോണിബിയ ഡയകാന്തസ്’ (Protonibea diacanthus)എന്നറിയപ്പെടുന്ന ഇവ കേരളതീരത്ത് കാണപ്പെടുന്നതിനു കാരണം കാലാവസ്ഥാമാറ്റമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന് ഉത്തരവില്‍ ഇല്ല.
ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ.
ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 12 വയസുകാരൻ ഉൾപ്പടെ നാലു പേർക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ പായൽകുളങ്ങരയിൽ വെച്ചാണ് അപകടം നടന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. പരുത്തിക്കുഴി സ്വദേശി ഷൈജു(34), ബന്ധു അഭിരാഗ്(25), ആനാട് സ്വദേശി സുധീഷ് ലാൽ(37), മകൻ അമ്പാടി(12) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുധീഷിന്റെ ഭാര്യ ഷൈനിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൈനിയെ വിദേശത്തേക്ക് യാത്രയയക്കാനാണ് ഇവർ നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ടത്. മകന്റെയും ഭർത്താവിന്റെയും ഉറ്റവരുടെയും വിയോഗം അറിയാതെ മരണത്തോട് മല്ലടിക്കുകയാണ് ഷൈനി.
യാത്ര വലിയ ദുരന്തത്തിൽ അവസാനിച്ചതിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന സൂചന. നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെയാണ് ദാരുണമായി മരിച്ചത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ പെട്ട വാഹനങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് വിവരം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് അപകടത്തിൽ പെട്ടത്.
തഞ്ചാവൂരില്‍ രഥ ഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് 11 പേര്‍ക്ക് ദാരുണാന്ത്യം. കാളിമേട് ക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രി നടന്ന ഘോഷയാത്രയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.
രഥം വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വളവ് തിരിയാന്‍ ബുദ്ധിമുട്ട് നേരിട്ടതോടെ റിവേഴ്‌സ് എടുക്കുകയും ഈ സമയം ലൈനില്‍ തട്ടുകയുമായിരുന്നു. ഘോഷയാത്ര പ്രമാണിച്ച് ലോ ടെന്‍ഷന്‍ ലൈനുകളെല്ലാം ഓഫ് ആക്കി ഇട്ടിരുന്നു. ഹൈ ടെന്‍ഷന്‍ ലൈനില്‍ രഥം തട്ടിയതാണ് അപകടമുണ്ടാക്കിയത്. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇത് സ്ഥിരീകരിക്കാനാവൂ. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഷോക്കിന്റെ ആഘാതത്തില്‍ രഥത്തിലുണ്ടായിരുന്നവര്‍ ദൂരേക്ക് തെറിച്ച് വീണതായാണ് ദൃക്‌സാക്ഷികള്‍ അറിയിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരില്‍ ആറോളം പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ട് ലക്ഷം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്ന് അമ്പതിനായിരം രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
#WATCH | At least 10 people died after a temple car (of chariot festival) came in contact with a live wire in the Thanjavur district in Tamil Nadu pic.twitter.com/F4EdBYb1gV
— ANI (@ANI) April 27, 2022
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് പരാതിക്കാരിയായ നടി. വിജയ് ബാബുവിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി കേസ് എടുത്തത് ഇവരുടെ പരാതിയിന്മേല്‍ ആയിരുന്നു. കേസെടുത്തത് വാര്‍ത്തയായതിനു പിന്നാലെ ഇന്നലെ രാത്രി പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു എഫ് ബി ലൈവിലൂടെ രംഗത്തെത്തിയിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയതിന് പൊലീസ് മറ്റൊരു കേസ് കൂടി ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്യും. അതേസമയം വിജയ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നടി ഉയര്‍ത്തിയിരിക്കുന്നത്. വിമെന്‍ എഗയ്ന്‍സ്റ്റ് സക്ഷ്വല്‍ ഹരാസ്‍മെന്‍റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് നടിയുടെ കുറിപ്പ് എത്തിയിരിക്കുന്നത്.
നടിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മലയാള സിനിമയിൽ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 – 14/04/2022 യുള്ള കാലയളവിൽ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്. സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിൻ്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തൻ്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി .തുടർന്നു മദ്യം നൽകി, അവശയാക്കി, അതിൻ്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും. എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു. മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ‘ എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന, എൻ്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഢനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എൻ്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്കൊണ്ടായിരുന്നില്ല.
ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എൻ്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച് , ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു. എന്റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എൻ്റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.
ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം. N.B: സോഷ്യൽ മീഡിയയിൽ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കിൽ എന്റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാൻ ശ്രമിക്കുന്നതോ ആയവർക്കെതിരെ ഞാൻ കർശനമായ നിയമനടപടി സ്വീകരിക്കും.
എന്നാൽ നടി നല്‍കിയ പരാതിയില്‍ വെളിപ്പെടുപത്തലുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു രംഗത്ത്. താന്‍ തെറ്റ് ചെയ്തിട്ടില്ല, തെറ്റ് ചെയ്‌തെങ്കില്‍ മാത്രം ഭയപ്പെട്ടാല്‍ മതി, ഇവിടെ ഇര ഞാന്‍ മാത്രമാണ് എന്നും ഇരയുടെ പേരുള്‍പ്പെടെ വെളിപ്പെടുത്തി വിജയ് ഫേസ്ബുക്ക് ലൈവില്‍ എത്തുകയായിരുന്നു.
ആരോപണങ്ങള്‍ക്ക് പിന്നില്‍ ഇരയുടെ ഒപ്പമുളള അട്ടകളാണ്. ഒരാള്‍ നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ താഴ്ത്തിക്കെട്ടാന്‍ ഈ അട്ടകള്‍ വരും. 2018 മുതല്‍ പരാതിനല്‍കിയ പെണ്‍കുട്ടിയെ അറിയാം. തന്റെ ചിത്രത്തില്‍ നായികയായി അഭിനയിച്ച കുട്ടിയാണ്. പ്രോപ്പറായി ഓഡീഷന്‍ ചെയ്ത് വരാന്‍ പറഞ്ഞ് ഓഡീഷന്‍ ചെയ്ത് വന്ന കുട്ടിയാണ്. ചിത്രം വിജയിച്ചപ്പോള്‍ അതിന്റെ സെലബ്രേഷന് വരാന്‍ പറഞ്ഞശേഷം വന്നില്ല.
ഒന്നര വര്‍ഷത്തോളം താന്‍ കുട്ടിയ്ക്ക് ഒരു മെസേജും അയച്ചിട്ടില്ല. അതിനിടെ കാണണം എന്നാവശ്യപ്പെട്ട് നിരവധി മെസേജുകള്‍ പെണ്‍കുട്ടി തനിക്ക് അയച്ചു. ഇത്തരം 400ഓളം സ്‌ക്രീന്‍ഷോട്ട് കൈയിലുണ്ട്. ഡിപ്രഷന്‍ ആണെന്നുപറഞ്ഞ് കാണാന്‍ വന്നു. അതിന് ശേഷമുളള കാര്യങ്ങള്‍ താന്‍ കോടതിയില്‍ ബോദ്ധ്യപ്പെടുത്തും. ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്ക്ക് എതിരായി മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നും പെണ്‍കുട്ടിയും കുടുംബവും ഇതിന് പിന്നില്‍ നിന്നവരും കേസ് നേരിടണമെന്നും വിജയ്ബാബു പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച നഴ്സിനുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നേഴ്സ് ശ്രീമതി ഷീല റാണി.കേരളത്തിൽ നിന്ന് ഈ വലിയ അംഗീകാരം ആദ്യമായി ലഭിക്കുന്ന പാലിയേറ്റീവ് നേഴ്സാണ് കോട്ടയം കിടങ്ങൂർ സ്വദേശിനിയായ ഷീല റാണി .അർഹതയ്ക്കുള്ള അംഗീകാരം കഴിഞ്ഞ 12 വർഷത്തോളമായി പെയിൻ ആൻഡ് പാലിയേറ്റീവ് സാന്ത്വന പരിചരണ വിഭാഗത്തിൽ നേഴ്സായി ജോലി ചെയ്യുന്ന കോട്ടയം കിടങ്ങൂർ സ്വദേശിനിയായ വൈക്കത്തുശ്ശേരിൽ ഷീലാ റാണിക്ക് രാജ്യത്തെ പരമോന്നത നേഴ്സിംഗ് പുരസ്കാരമായ 2021ലെ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് ലഭിച്ചിരിക്കുന്നു. ആദ്യമായിട്ടാണ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്സുമാരെ ഈയൊരു അവാർഡിലേക്ക് പരിഗണിക്കുന്നത്.
കേരളത്തിൽ നിന്ന് ഈ വലിയ അംഗീകാരം ലഭിച്ച ഏക വ്യക്തിയാണ് കിടങ്ങൂർ സ്വദേശിനിയായ ഷീല റാണി . കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ കൂടല്ലൂർ PHC യിൽ ജോലി ചെയ്യുന്നു. കൂടാതെ കിടങ്ങൂർ PKV വനിതാ ലൈബ്രറിയുടെ സെക്രട്ടറിയുമാണ് , പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന PKV ലൈബ്രറിയുടെ സ്നേഹ സ്വാന്തനം പരിപാടിയ്ക്ക് ചുക്കാൻ പിടിക്കുന്നതും ഷീലാ റാണിയാണ് . തന്റെ കർമ്മനിരതമായ പ്രവർത്തനത്തിലൂടെ സംസ്ഥാന സർക്കാരിന്റേതടക്കം നിരവധി പുരസ്കാരങ്ങളും , ആദരവുകളും , അനുമോദനങ്ങളും തേടിയെത്തിയിട്ടുണ്ട് ഒപ്പം പരിസ്ഥിതി സാമൂഹ്യ പ്രവർത്തനവും കൂടെയുണ്ട്.
ഭർത്താവ് പ്രശസ്ത ജ്യോതിഷ – വാസ്തു വിദഗ്ധൻ ജയചന്ദ്രർ വൈക്കത്തുശ്ശേരിൽ , മക്കൾ അർച്ചന – അക്ഷയ് & ജഗന്നാഥൻ – അടുത്തമാസം ബഹുമാനപ്പെട്ട ഭാരതത്തിന്റെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാർഡ് സമ്മാനിക്കും
ഇടുക്കി വണ്ടൻമേട് പുറ്റടി ഇലവനാതൊടിയിൽ രവീന്ദ്രൻ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം സ്വയം തീകൊളുത്തി മരിച്ചെന്ന് നാട്ടുകാർക്കും ബന്ധുക്കൾക്കും ഇനിയും വിശ്വസിക്കാനായിട്ടില്ല. അതേസമയം, രവീന്ദ്രന്റെ ഈ ചെയ്തിക്ക് പിന്നിൽ സാമ്പത്തിക പ്രശ്‌നങ്ങൾ മാത്രമല്ല, കുടുംബ പ്രശ്‌നങ്ങളുമുണ്ടായിരുന്നെന്നാണ് സൂചന.
പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മകൾ ശ്രീധന്യക്ക് പുറമേ രവീന്ദ്രനും ഭാര്യ ഉഷക്കും മറ്റൊരു മകൾ കൂടിയുണ്ട്. മൂത്തമകൾ ശ്രുതി ഒരു വർഷം മുമ്പാണ് വീട്ടുകാരുടെ സമ്മതമില്ലാതെ പ്രണയ വിവാഹം ചെയ്തത്. ഇതിന് ശേഷം രവീന്ദ്രൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. ബന്ധുക്കൾ മകളുമായുള്ള പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും രവീന്ദ്രൻ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച പുലർച്ചെ ഒന്നിന് ശേഷമാണ് അയൽവാസികൾ രവീന്ദ്രന്റെ വീട്ടിൽനിന്ന് വലിയ ശബ്ദത്തോടെ തീയാളിപ്പടരുന്നത് കണ്ടത്. ഓടിയെത്തിയപ്പോൾ മകൾ ശ്രീധന്യ പൊള്ളിയടർന്ന ശരീരവുമായി അലറിവിളിച്ച് വീടിന് പുറത്തേക്ക് വരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ശ്രീധന്യ വെള്ളം ആവശ്യപ്പെട്ടപ്പോൾ ഓടിക്കൂടിയ നാട്ടുകാർ വെള്ളം നൽകുകയും തുടർന്ന് വീട്ടിലെ തീകെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തുവെച്ചുതന്നെ രവീന്ദ്രനും ഭാര്യയും മരിച്ചിരുന്നു.
ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പുറ്റടി നെഹ്‌റു സ്മാരക ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. ഹ്യുമാനിറ്റീസ് ബാച്ചിൽ പഠിക്കുന്ന ശ്രീധന്യയ്ക്ക് ചൊവ്വാഴ്ച ഇക്കണോമിക്‌സ് പരീക്ഷ ബാക്കിയുണ്ടായിരുന്നു.
രവീന്ദ്രനും ഭാര്യ ഉഷയും കിടന്നിരുന്ന കട്ടിൽ പൂർണമായി കത്തി നശിച്ച നിലയിലാണ്. കിടക്കയുടെ ഭാഗത്ത് ശേഷിക്കുന്ന സ്പോഞ്ചിന്റെ ഭാഗങ്ങളിൽ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടെന്നാണ് പോലീസിന്റെയും ഫൊറൻസിക് വിദഗ്ധരുടെയും വിലയിരുത്തൽ. ഇതേ മുറിയുടെ മറ്റൊരു വശത്തെ കട്ടിലിലാണ് ശ്രീധന്യ കിടന്നിരുന്നതെന്നാണ് കരുതുന്നത്. ഈ കട്ടിലിന്റെ ഭാഗത്തേക്ക് തീ പടർന്നിട്ടില്ല. ഈ വീട്ടിൽ സിമന്റ് ഇഷ്ടിക കൊണ്ട് നിർമിച്ച അടച്ചുറപ്പുള്ള ഏക മുറിയിലാണ് ഇവർ കിടന്നിരുന്നത്.
ആത്മഹത്യയാണെന്നു സൂചിപ്പിക്കുന്ന രീതിയിലുള്ള കുറിപ്പ് കുടുംബാംഗങ്ങൾ ഉൾപ്പെട്ട സമൂഹ മാധ്യമ കൂട്ടായ്മയിലും സുഹൃത്തിനും രവീന്ദ്രൻ അയച്ചിരുന്നതായി പോലീസ് പറയുന്നു. അണക്കര സ്വദേശിയായ സുഹൃത്ത് മുഖേന രവീന്ദ്രൻ മറ്റൊരാളിൽ നിന്ന് അരലക്ഷം രൂപയോളം കടം വാങ്ങിയിരുന്നു. അത് പൂർണമായി തിരികെ കൊടുത്തിരുന്നില്ല. അതിനുള്ള കുറച്ച് പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ടെന്നും അത് തികയില്ലെന്ന് അറിയാമെന്നും ക്ഷമ ചോദിക്കുകയാണെന്നും പറഞ്ഞാണ് സുഹൃത്തിനുള്ള കുറിപ്പ്. താൻ ഒരു തവണയെങ്കിലും ജയിച്ചോട്ടെയെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള കുറിപ്പാണ് കുടുംബ ഗ്രൂപ്പിൽ ഇട്ടിട്ടുള്ളതെന്നാണ് വിവരം. അണക്കരയിൽ ജ്യോതി സ്റ്റോഴ്സ് എന്ന പേരിൽ സോപ്പ് പൊടിയും മറ്റും വിൽക്കുന്ന സ്ഥാപനം നടത്തി വരികയായിരുന്നു രവീന്ദ്രൻ.
കൊയിലാണ്ടി ചേലിയയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ഓൺലൈൻ റമ്മി കളിയിലുണ്ടായ സാമ്പത്തിക നഷ്ടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചേലയിൽ സ്വദേശി മലയിൽ ബിജിഷ മരിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.
2021 ഡിസംബർ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവർക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് കാലത്ത് ബിജിഷ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടതായാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ചെറിയരീതിയിലുള്ള ഓൺലൈൻ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചിരുന്ന ബിജിഷ പിന്നീടഓൺലൈൻ റമ്മി ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തിൽ കളികൾ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്ക് വേണ്ടി കൂടുതൽ പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്.
തുടർച്ചയായ ഗെയിമുകളിൽ പണം നഷ്ടപ്പെടാൻ തുടങ്ങിയതോടെ വീട്ടുകാർ വിവാഹത്തിനായി കരുതിയിരുന്ന സ്വർണം അടക്കം പണയംവെച്ചു. ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽനിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയവർ ബിജിഷയുടെ സുഹൃത്തുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചിരുന്നു.
വായ്പ തിരിച്ചടയ്ക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യാതൊരുവിധ പ്രശ്നങ്ങളുമില്ലാതിരുന്ന യുവതി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയുമായിരുന്നില്ല. ബിജിഷയുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന 35 പവൻ സ്വർണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇവർ നടത്തിയതായും കണ്ടെത്തിയിരുന്നു.
ഇത് എന്തിന് വേണ്ടിയാണെന്നോ ആർക്ക് വേണ്ടിയാണെന്നോ വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
ബിജിഷയുടെ ഒരു സുഹൃത്തും ഓൺലൈൻ ഗെയിമിൽ പങ്കാളിയായിരുന്നു. ഇവരിൽനിന്നും അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം, യുവതി മരിച്ചതിന് ശേഷം പണം ചോദിച്ച് ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.
സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന താരമാണ് നയൻതാര. മലയാള സിനിമയിലൂടെയാണ് നയൻതാരയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും താരം അരങ്ങേറിയതോടെ സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറുകയായിരുന്നു. ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളാണ് നയൻതാര.
ഡയാന എന്നാണ് നയൻതാരയുടെ യഥാർത്ഥ പേര്.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയിലൂടെയാണ് ഡയാന എന്ന നയന്‍താര സിനിമ ലോകത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സംവിധായകൻ സത്യൻ അന്തിക്കാട് ആണ് താരത്തിന് നയൻതാര എന്ന പേര് നിർദ്ദേശിക്കുന്നത്.
ഇപ്പോള്‍ നയന്‍താരയുടെ സിനിമയിലേക്കുള്ള കടന്നുവരവിനെ കുറിച്ച് ഓര്‍ക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമയിൽ ക്ഷേണവുമായി ചെന്നപ്പോൾ സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഇല്ല എന്നാണ് നയൻതാര പറഞ്ഞത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.
നയന്താര ചെയ്ത ഒരു പരസ്യത്തിന്റെ ഫോട്ടോ കണ്ടാണ് അഭിനയിക്കാന്‍ വിളിച്ചത്.എന്നാല്‍ അഭിനയിക്കാന്‍ താല്പര്യമില്ല എന്നാണ് ആദ്യം തന്നോട് പറഞ്ഞത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.
ബന്ധുക്കൾക്കൊന്നും താന്‍ സിനിമയിൽ അഭിനയിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല എന്നും തന്റെയും മാതാപിതാക്കളുടെയും ഇഷ്ടപ്രകാരം മാത്രമാണ് അഭിനയിക്കാന്‍ എത്തിയതെന്നും നയൻതാര പറഞ്ഞിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു..
നയൻതാരയെ ഞാൻ ആദ്യം കാണുന്നത് ഒരു മാഗസിൻ കവറിലാണ്.അത് കണ്ടപ്പോൾ ആത്മവിശ്വാസമുള്ള ഒരു പെണ്‍കുട്ടി എന്ന ഫീൽ എനിക്ക് തോന്നി. അങ്ങനെ ആ മാസികയുടെ എഡിറ്ററെ വിളിച്ച് ആ കുട്ടി ആരാണ് എന്ന് അന്വേഷിച്ചു. തുടര്‍ന്ന് തിരുവല്ലയിലുള്ള ഡയാന എന്ന കുട്ടിയാണ് എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഡയാനയെ വിളിച്ച് കാണാന് പറ്റുമോ എന്ന് ചോദിച്ചു.
തുടർന്ന് അച്ഛനും അമ്മയ്ക്കും ഒപ്പമാണ് നയൻതാര എന്നെ കാണാൻ എത്തുന്നത്. ഡയനയെ കണ്ടപ്പോൾ തന്നെ മനസിലായി
സിനിമയിൽ അഭിനയിക്കണം എന്ന മോഹം കൊണ്ട് വരുന്ന കുട്ടി ഒന്നുമല്ല എന്ന്.പക്ഷെ അഭിനയിക്കാൻ ഇഷ്ടമാണ് എന്നും തോന്നി. അന്ന് തന്നെ ലുക്ക് ടെസ്റ്റ് എല്ലാം നടത്തി നയന്താര തിരിച്ച് പോയി.
പിന്നീട് നയൻതാരയെ നായികയായി തിരഞ്ഞെടുത്ത കാര്യം പറഞ്ഞപ്പോൾ ‘ഇല്ല സർ അഭിനയിക്കാൻ എനിക്ക് താത്പര്യമില്ല’ എന്നായിരുന്നു അവരുടെ മറുപടി എന്നും സത്യൻ അന്തിക്കാട് പറയുന്നു.
ബന്ധുക്കള്‌ക്കൊന്നും സിനിമയിൽ അഭിനയിക്കുന്നതിനോട് യോജിപ്പ് ഇല്ല. അപ്പോൾ ഞാൻ ചോദിച്ചു, ഡയാനയ്ക്കും അച്ഛനും അമ്മയ്ക്കും താത്പര്യ കുറവുണ്ടോ എന്ന് ഇല്ല എന്നായിരുന്നു മറുപടി. എന്നാല് ഇങ്ങോട്ട് പോരു എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് ‘മനസ്സിനക്കരെ’ ചിത്രത്തിൽ നയന്‍ താര എത്തുന്നത് എന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.
തുടർന്ന് പേര് മാറ്റുകയായിരുന്നു.ഞാൻ കുറച്ച് പേരുകൾ അവര്‍ക്ക് എഴുതി കൊടുത്തിരുന്നു. അതില് നിന്നാണ് നയന്താര എന്ന പേര് അവര്‍ തെരഞ്ഞെടുക്കുന്നത് എന്നും സത്യൻ അന്തിക്കാട് പറയുന്നു.
ഇപ്പോഴും ഞാനാണ് സിനിമയിൽ കൊണ്ടു വന്നത് എന്ന സ്‌നേഹം മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് നയന്താര. ഇടയ്ക്ക് വിളിക്കാറുണ്ട്. അവർ വളർന്നു വന്നത് അവരുടെ കഴിവ് കൊണ്ട് മാത്രമാണ്.താൻ അവസരം കൊടുത്തില്ലെങ്കിലും നയൻതാര സിനിമയിൽ വരുമായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.