India

ഭർത്താവിൽ നിന്നു പണം ഒളിപ്പിച്ചുവെയ്ക്കാനായി മോഷണം പോയെന്ന് പറഞ്ഞ വീട്ടമ്മ പോലീസിനെ ചുറ്റിച്ചത് ഒരു രാവും പകലും. ഒടുവിൽ വീട്ടമ്മ തന്നെ പോലീസിനോട് തന്റെ കുറ്റം ഏറ്റുപറഞ്ഞു. എന്നാൽ നടപടി എടുക്കാതെ വീട്ടമ്മയുടെ സദുദ്ദേശം മനസിലാക്കിയ പോലീസ് മടങ്ങുകയായിരുന്നു.

കൊല്ലം പത്തനാപുരത്തിന് സമീപം പട്ടാഴി തെക്കേത്തേരിയിലാണ് ഒരു രാത്രിയും പകലും പോലീസിനെ കുഴക്കിയ സംഭവം ഉണ്ടായത്. കഴിഞ്ഞ രാത്രി 1.30നാണ് കുന്നിക്കോട് പോലീസ് സ്റ്റേഷനിലേക്ക് വീട്ടമ്മയുടെ ഫോൺ എത്തിയത്. വീടിനുള്ളിൽ ബാഗിൽ സൂക്ഷിച്ച 50,000 രൂപ മോഷ്ടാവ് അപഹരിച്ചെന്നായിരുന്നു പരാതി. ഉടൻ പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. മേൽക്കൂരയിലെ ഒരു ഓടു മാത്രം പൊളിച്ച മോഷ്ടാവ് തോട്ടി ഉപയോഗിച്ചു മുറിയിൽ കസേരയിൽ വച്ചിരുന്ന ബാഗ് ഉയർത്തിയെടുത്ത് പണം അപഹരിച്ചെന്നായിരുന്നു മൊഴി.

പൊളിച്ച ഓടിന് നേരെ താഴെയുള്ള കസേരയിൽ തന്നെയായിരുന്നു പണം അടങ്ങിയ ബാഗെന്നതും ഒച്ച കേട്ട് ഉണർന്ന് കതക് തുറന്നപ്പോഴേക്കും മോഷ്ടാവ് ഓടിപ്പോയെന്നുമുള്ള മൊഴിയിൽ പോലീസിനു വലിയ സംശയം തോന്നി. കൂടാതെ തോട്ടി ഉപയോഗിച്ച് ബാഗ് എടുക്കാൻ കഴിയുമോ എന്ന കാര്യത്തിവും സംശയമുണ്ടായി. ലോട്ടറി വിൽപനക്കാരിയായ വീട്ടമ്മ ചെറിയ വരുമാനത്തിൽ നിന്നം മിച്ചം പിടിച്ച് സ്വരൂപിച്ച തുക നഷ്ടമായ സംഭവമായതിനാൽ പോലീസ് അന്വേഷണം തുടർന്നു.

അതിനിടെ സ്റ്റേഷനിലേക്കു വിളിപ്പിച്ച വീട്ടമ്മ പണം നഷ്ടപ്പെട്ടതിന്റെ വേദനയിൽ ബോധരഹിതയാകുകയും ചെയ്തതോടെ പോലീസിനും നിരാശയായി. എന്നാൽ സംശയങ്ങൾ വർധിച്ചതോടെ ഭർത്താവിനെയും ഭാര്യയെയും മാറ്റിയിരുത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് സത്യം വെളിപ്പെട്ടത്.

ഭർത്താവ് പണം ധൂർത്തടിക്കാതിരിക്കാൻ കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ബാങ്കിൽ വീട്ടമ്മ തന്നെ പണം നിക്ഷേപിച്ചിരുന്നു. അധികം ഉണ്ടായിരുന്ന പണം വീട്ടിലുണ്ടായിരുന്ന ഒരു പുസ്തകത്തിലും സൂക്ഷിച്ചു.

തുടർന്ന് പണം എവിടെയെന്ന ഭർത്താവിന്റെ ചോദ്യത്തിന് ഉത്തരം നൽകാനാണ് മോഷണ നാടകം കളിച്ചത്. മോഷണ നാടകം വലിയ ആശങ്കയ്ക്ക് തന്നെ കാരണമായെങ്കിലും വീട്ടമ്മയുടെ സദുദ്ദേശം കണക്കിലെടുത്ത് ഭർത്താവിനെ ഉപദേശിച്ച പോലീസ് കേസെടുക്കാതെ ഇരുവരെയും വിട്ടയച്ചു. കുന്നിക്കോട് എസ്എച്ച്ഒ പിഐ മുബാറക്കാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിലപാട് വിശദീകരിച്ച് നടി മല്ലിക സുകുമാരന്‍. സംഭവത്തിന്റെ പിന്നില്‍ ആരാണെന്നും എന്തുകൊണ്ടാണെന്നും കണ്ടുപിടിക്കാന്‍ ഇവിടുത്തെ നീതി ന്യായവ്യവസ്ഥ ബാധ്യസ്ഥരാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

ഒരു തെറ്റും ചെയ്യാത്ത ഒരാളിന് ഇത് എന്തുകൊണ്ട് സംഭവിച്ചു. ഇന്നയാളല്ലെങ്കില്‍ പിന്നെ ആര്? ഇക്കാര്യങ്ങളാണ് അറിയേണ്ടതെന്നും മുമ്പൊരിക്കലും ഇങ്ങനെയൊരു സംഭവം സിനിമയില്‍ ഉണ്ടായിട്ടില്ലെന്നും മല്ലിക സുകുമാരന്‍ പ്രതികരിച്ചു. പണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേറെ നീതിയാണെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ഇവിടുത്തെ ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

നാളെ നമ്മുടെ കുടുംബത്തിലോ വേണ്ടപ്പെട്ടവരുടെ കുടുംബത്തിലോ ഇങ്ങനെ ഒരു സംഭവം ഉണ്ടാകാന്‍ പാടില്ല. ഇതൊക്കെ പാടെ തുടച്ചുനീക്കുന്ന രീതിയിലുള്ള ശിക്ഷാവിധികള്‍ വരണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് നാളെ പെണ്‍കുട്ടികളെ നമ്മള്‍ പുറത്തിറക്കിവിടുന്നത്. മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസിനു പിന്നാലെ നടന്‍ ഒളിവില്‍ പോയ സാഹചര്യത്തിലാണ്.

നടി പരാതി നല്‍കിയതിനു പിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം, വിജയ് ബാബു നാട്ടില്‍ തന്നെ ഒളിവിലുണ്ടെന്ന സംശയവുമുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെസമീപിച്ചേക്കും.വിജയ് ബാബുവിന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തുമെന്നും പോലീസ് അറിയിച്ചു.

കോഴിക്കോട് സ്വദേശിനിയായ നടിയാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി രംഗത്തുവന്നത്. നടിയുടെ പേര് വെളിപ്പെടുത്തിയത് മറ്റൊരു കേസും വിജയ് ബാബുവിനെതിരെ എറണാകുളഗ സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൊല്ലം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. 22 കാരിയായ സിന്ധുവാണ് ജീവനൊടുക്കിയത്.

ഓടാനാവട്ടം പ്രാക്കുളം കോളനിയിലെ സുനിൽ – അനിത ദമ്പതികളുടെ മകളാണ്. അനിത വിറക് ശേഖരിക്കാൻ പോയി മടങ്ങിയെത്തിയപ്പോൾ മകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കർണാടക: ഒളിച്ചുകളിക്കുന്നതിനിടെ ഫ്രീസറിനുള്ളിൽ കയറിയിരുന്ന കുട്ടികൾ ശ്വാസം കിട്ടാതെ മരിച്ചു. കർണാടകയിലെ മൈസൂരുവിൽ നിന്നാണ് ദാരുണസംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് പെൺകുട്ടികളെയാണ് ഫ്രീസറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടക മസാജ് സ്വദേശികളായ അഞ്ചു വയസുകാരി കാവ്യയും ഒൻപത് വയസുകാരി ഭാഗ്യയുമാണ് മരിച്ചത്.

കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഒളിച്ചിരിക്കാൻ പെൺകുട്ടികൾ കണ്ടെത്തിയത് വീടിന്റെ പിന്നിൽ ഉപേക്ഷിച്ച നിലയിൽ കിടന്ന ഐസ്ക്രീം ഫ്രീസർ പെട്ടിയായിരുന്നു. ബോക്സിനുള്ളിൽ കടന്നതോടെ പുറത്തിറങ്ങാൻ പറ്റാത്ത വിധം ലോക്ക് ആയിപ്പോയി. ഇതേ തുടർന്ന് കുട്ടികൾ ശ്വാസം കിട്ടാതെ മരിക്കുകയുമായിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ മാതാപിതാക്കളാണ് പെൺകുട്ടികളെ ഫ്രീസറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് സ്വദേശിനിയായ നടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഒളിവില്‍. ഇതുവരെ താരത്തെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. കേസ് റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബുവിനെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയം താന്‍ ഗോവയില്‍ ആണെന്നായിരുന്നു പോലീസിന് ലബിച്ച മറുപടി.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം ഗോവയില്‍ എത്തി അന്വേഷണം നടത്തിയെങ്കിലും വിജയ് ബാബുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പ്രതിയുമയി ബന്ധപ്പെടാന്‍ പോലീസിനുമായില്ല. വിജയ് ബാബുവിന് വേണ്ടി പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്താലിണ് പോലീസ് അന്വേഷണം.

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലപ്രാവശ്യം കൊച്ചിയിലെ ഫ്‌ലാറ്റില്‍ വെച്ച് പീഡിപ്പിച്ചും എന്നാണ് നടിയുടെ പരാതി ഈ മാസം 22നായിരുന്നു നടി എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കിയതി. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍,ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

അതേസമയം സംഭവം വാര്‍ത്തയായതിന് പിന്നാലെ തെറ്റ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി വിജയ്ബാബു ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തുവന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയായിരുന്നു ലൈവ്. താന്‍ തെറ്റ് ചെയ്യാത്തതിനാല്‍ കേസ് ഭയക്കുന്നില്ലെന്നായിരുന്നു വിജയ് ബാബുവിന്റെ വിശദീകരണം. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു അതിനുള്ള കേസ് നേരിടാന്‍ തയ്യാറാണെന്നും ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. പരാതിക്കാരിക്കും കുടുംബത്തിനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും യഥാര്‍ഥ ഇര താനാണെന്നും വിജയ് ബാബു പറഞ്ഞു.

എന്നാൽ വിജയ് ബാബുവിനെതിരെ കുടുതൽ ഗുരുതര ആരോപങ്ങളുമായി നടി രംഗത്ത്. മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ‘ എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറിൽ വെച്ച് ഓറൽ സെക്സിന് എന്നെ നിർബന്ധിച്ചു. അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന, എന്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽനിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എന്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്കൊണ്ടായിരുന്നില്ല.

ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത്. എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എന്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല.

ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ, ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു. അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു. സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച്, ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു. എന്റെ ഒരു നഗ്നവിഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്ക് ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി; എന്റെ ജീവൻ അപായപ്പെടുത്തുമെന്നും.

വിജയ് ബാബുവിന്റെ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം. ഇനി ഞാൻ വായ മൂടിവയ്ക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായിത്തന്നെ മുന്നോട്ട് നീങ്ങുന്നു. ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്. അയാളിൽ നിന്ന് ഈ അനുഭവം ഉണ്ടായിട്ടുള്ളതും നിശബ്ദരായിരിക്കുന്നതുമായ എല്ലാ സ്ത്രീകളോടും ഞാൻ സംസാരിക്കാൻ ആവശ്യപ്പെടുന്നു, കാരണം നമുക്ക് ഒരുമിച്ച് മറ്റൊരു പെൺകുട്ടിയെ ചൂഷണം ചെയ്യുന്നത് തടയാം.

N.B: സോഷ്യൽ മീഡിയയിൽ എന്നെ അപമാനിക്കുകയോ വ്യക്തിപരമായി ആക്രമിക്കുകയോ അല്ലെങ്കിൽ എന്റെ പ്രതിച്ഛായയും വ്യക്തിത്വവും നശിപ്പിക്കാൻ ശ്രമിക്കുന്നതോ ആയവർക്കെതിരെ ഞാൻ കർശനമായ നിയമനടപടി സ്വീകരിക്കും.

വിജയ്ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് നടി പരാതിയുമായി കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. എറണാകുളം സൗത്ത് പൊലീസ് വിജയ്ബാബുവിനെതിരെ കേസെടുത്തു. ഇതിനു പിന്നാലെ വിജയ്ബാബു നടിക്കെതിരെ ഫെയ്സ്ബുക് ലൈവിൽവന്ന് വിശദീകരണം നൽകിയിരുന്നു. താൻ തെറ്റു ചെയ്തിട്ടില്ലെന്നും അതുകൊണ്ട് പേടിയില്ലെന്നും പറഞ്ഞ വിജയ് ബാബു പെൺകുട്ടിയുടെ പേരും വെളിപ്പെടുത്തിയിരുന്നു.

 

മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മ, അതാണ് കവിയൂര്‍ പൊന്നമ്മ. ഒരു മലയാളി തനിമയുള്ള അമ്മയായി എല്ലാവരും എടുത്ത് പറയുന്നത് പൊന്നമ്മയെ ആണ്. സിനിമയില്‍ വിജയിച്ചെങ്കിലും അത്ര സുഖകരമായ ദാമ്പത്യ ജീവിതം നടിയ്ക്ക് ഇല്ലായിരുന്നു. മുന്‍പ് പല അഭിമുഖങ്ങളിലും ഭര്‍ത്താവ് മണിസ്വാമിയെ കുറിച്ച് പൊന്നമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.

നടന്‍ ശങ്കരാടിയുമായി കവിയൂര്‍ പൊന്നമ്മയുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍ അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. നാടകത്തില്‍ അഭിനയിച്ചിരുന്ന കാലത്ത് നടന്‍ ശങ്കരാടിയ്ക്ക് അങ്ങനൊരു ഇഷ്ടം വരുന്നത്. എന്നാല്‍ തനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്നാണ് കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തിയത്. സിദ്ദിഖ് അവതാരകനായിട്ടെത്തുന്ന പഴയൊരു ഷോ യില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കവിയൂര്‍ പൊന്നമ്മയുടെ പ്രണയകഥ പുറത്ത് വരുന്നത്.

പതിനെട്ട് വയസുള്ളപ്പോഴാണ് കവിയൂര്‍ പൊന്നമ്മ നാടകത്തില്‍ അഭിനയിച്ചിരുന്നത്. അതിന് മുന്‍പ് സിനിമയിലും മറ്റുമൊക്കെ അഭിനയിച്ചിട്ടുണ്ട്. അന്ന് ആരെങ്കിലുമായിട്ട് കല്യാണാലോചന വന്നിരുന്നോ എന്ന സിദ്ധിഖിന്റെ ചോദ്യത്തിന് അങ്ങനെ ഒന്ന് ഉണ്ടായിരുന്നതായി താരം പറയുന്നു. അയ്യോ അതൊന്നും ഇവിടെ പറയല്ലേ എന്നായി നടി. ആദ്യം കവിയൂര്‍ പൊന്നമ്മ അഭിനയിച്ച് കൊണ്ടിരുന്ന നാടകസമിതിയില്‍ ശങ്കരാടി ഒരു ആലോചനയുമായി വന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ പ്രേമിച്ചിട്ടൊന്നുമില്ലെന്ന് പൊന്നമ്മ പറയുന്നു. എല്ലാവരും കൂടി ഒരു ആലോചന കൊണ്ട് വന്നതാണ്.

ശങ്കരാടിയും പൊന്നമ്മയും തമ്മില്‍ ചെറിയൊരു അടുപ്പമാണെന്ന വാര്‍ത്ത പ്രചരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ളതാണ് കെപിഎസി. പാര്‍ട്ടി ഉടനെ തന്നെ വിളിച്ച് സംസാരിച്ചു. അച്ഛനെയാണ് വിളിച്ചത്. അത് തനിക്കറിയില്ലെന്ന് നടി വ്യക്തമാക്കി. എന്നാല്‍ എതിര്‍പ്പുള്ളതായി പറഞ്ഞില്ല. അങ്ങനെ വിവാഹനിശ്ചയം നടന്നു. രണ്ട് പേരും ഒന്ന് പോലെയായെങ്കിലും അത് മുടങ്ങി.

എന്നാല്‍ തനിക്ക് ഒരു ഇഷ്ടമുണ്ടായിരുന്നതായി കവിയൂര്‍ പൊന്നമ്മയും സൂചിപ്പിച്ചു. ‘ഒരു വ്യക്തിയോട് ഇഷ്ടം ഉണ്ടായിരുന്നു. അയാളുടെ പേര് ഞാനിവിടെ പറയുന്നില്ല. ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചേനെ. പക്ഷേ മതം മാറണം എന്ന് പറഞ്ഞ് കൊണ്ടൊരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ അതില്‍ നിന്നും പിന്മാറിയതാണ്. കാരണം എനിക്കെന്റെ കുടുംബം കൈവിടാന്‍ താല്‍പര്യമില്ലായിരുന്നു’ എന്നാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. എന്നാല്‍ സിദ്ദിഖ് ഉര്‍വശി തുടങ്ങിയവര്‍ ആവശ്യപ്പെട്ടിട്ടും അതാരാണെന്ന് വെളിപ്പെടുത്താന്‍ നടി തയ്യാറായില്ല.

എന്നാൽ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകനായിരുന്ന ജെ സി ഡാനിയേല്‍ ആയിരുന്നു കവിയൂര്‍ പൊന്നമ്മ സ്‌നേഹിച്ചതും വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ആളെന്ന് സഹസിനിമ പ്രവർത്തകരിൽ നിന്നും അറിയാൻ കഴിഞ്ഞത്.

ലഖ്‌നൗ : ലഖ്‌നൗ ചിൻഹട്ടിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ കൈയിൽ നിന്ന് വീണ് നവജാത ശിശു മരിച്ചു. എന്നല്‍, കുഞ്ഞ് ജനിച്ചപ്പോഴേ മരിച്ചെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ ബന്ധുക്കൾ ബഹളമായി.

പ്രസവശേഷം കുഞ്ഞിനെ തൂവാലയിൽ പൊതിയാതെ നഴ്സ് ഉയർത്തിയ ശേഷം കാൽ വഴുതി നിലത്തു വീഴുകയായിരുന്നു.
അമ്മയുടെ നിലവിളി കേട്ട് വീട്ടുകാർ ലേബർ റൂമിലേക്ക് കയറാൻ ശ്രമിച്ചു. ആശുപത്രി അധികൃതർ അവരെ തടയാൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾ ബലപ്രയോഗത്തിനെടുവിൽ അകത്തുകടന്നു.

അപകട മരണം ഒതുക്കി തീർക്കാൻ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും കള്ളക്കഥ മെനഞ്ഞിരിക്കുകയാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. പൊലീസ് കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം നീണ്ടകര തുറമുഖത്ത് കണ്ട ചെറിയ ആള്‍ക്കൂട്ടത്തിലേക്ക് തലയിട്ട് നോക്കിയവരില്‍ ചിലര്‍ക്ക് പരിസരബോധം വരാന്‍ കുറച്ച് സമയമെടുത്തു. പതിവ് പോലെയുള്ള ലേലംവിളി കേട്ടാണ് ചിലര്‍ അവിടെ എത്തിയത്. അത്യാവശ്യം വലിപ്പമുള്ള മൂന്ന് മീനുകള്‍ നിരത്തിവെച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി ഒരാള്‍ വിളിച്ച് പറയുന്നുണ്ട്… ‘ഒന്നേ ഇരുപത്, ഒന്നേ നാല്പത്, ഒന്നേ അമ്പത്’ ഇങ്ങനെ അതിവേഗത്തില്‍ തുക വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ രണ്ടേകാല്‍ ലക്ഷം മൂന്ന് തരം എന്ന് വിളിച്ചുപറഞ്ഞപ്പോള്‍ വൈകി അവിടെ എത്തിയവരില്‍ പലരും അക്ഷാര്‍ത്ഥത്തില്‍ ഞെട്ടി. കടല്‍ സ്വര്‍ണമെന്നറിയുന്ന പട്ത്തികോരയെ (ഗോല്‍) ആണ് കഴിഞ്ഞദിവസം നീണ്ടകര തുറമുഖത്തുനിന്ന് രണ്ടേകാല്‍ ലക്ഷത്തിന് ലേലം പോയത്.

ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ വലിയ ശസ്ത്രക്രിയകള്‍ക്കാവശ്യമായ നൂല് നിര്‍മാണത്തിന് ഉപയോഗിക്കുന്നത് പട്ത്തകോരയുടെ ബ്ലാഡറാണ് (പളുങ്ക്).

കടല്‍ വെള്ളത്തില്‍ പൊങ്ങിക്കിടിക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ ഈ ‘എയര്‍ ബ്ലാഡറാ’ണ് മോഹവിലയ്ക്ക് കാരണം. ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തീരങ്ങളിലാണ് ഈ മത്സ്യം സാധാരണയായി കാണാറുള്ളത്. കേരളതീരത്ത് അത്യപൂര്‍വമായിട്ടാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.

ശക്തികുളങ്ങര തുറമുഖത്തുനിന്ന് കടലില്‍പോയ ലൂക്കായുടെ ഉടമസ്ഥതയിലുള്ള മനു എന്ന വള്ളത്തിനാണ് മീന്‍ ലഭിച്ചത്. നീണ്ടകരയില്‍ മൂന്ന് കിലോമീറ്ററിനുള്ളില്‍നിന്നാണ് ലക്ഷങ്ങള്‍ വില വരുന്ന മത്സ്യത്തെ ഇവര്‍ക്ക് കിട്ടിയത്.

മൂന്നെണ്ണത്തില്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡുള്ള രണ്ട് ആണ്‍ മത്സ്യവും ഉള്‍പ്പെട്ടിരുന്നതായി ലൂക്ക പറഞ്ഞു. തീരക്കടലില്‍ കല്ലിലാണ് സാധാരണ ഇവയെ കാണാറ്. 20 കിലോ ഭാരമുള്ള ആണ്‍ മത്സ്യത്തിന്റെ ശരീരത്തില്‍ 300 ഗ്രാം പളുങ്കുണ്ടാകും. ഒരു കിലോ പളുങ്കിന് മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിലയുണ്ട്.

എന്നാല്‍ ഇതിന്റെ ഇറച്ചിക്ക് അത്ര വിലയില്ല. കിലോയ്ക്ക് 250 വരെയേ വിലയുള്ളു. 10കിലോയ്ക്ക് മുകളിലുള്ള മത്സ്യങ്ങളിലാണ് പളുങ്ക് കാണപ്പെടുക. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ മാര്‍ക്കറ്റിലേക്കാണ് ഈ മത്സ്യം പോകുന്നതെന്ന് വ്യാപാരി ജോളി മറൈന്‍ എക്‌സ്പോര്‍ട്ട് ഉടമ ടൈറ്റസ് പറഞ്ഞു.

സിംഗപ്പൂരില്‍ വൈന്‍ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മിക്കാന്‍ മാംസവും ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞാഴ്ച ആലപ്പാട്ട് പഞ്ചായത്തിനു പടിഞ്ഞാറ് മത്സ്യബന്ധനത്തിനുപോയ തൊഴിലാളികള്‍ക്കും ഒരു പട്ത്തകോര ലഭിച്ചിരുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഗരീഷ് കുമാര്‍ സ്രാങ്കായ പൊന്നുതമ്പുരാന്‍ വള്ളത്തിനാണ് മീന്‍ ലഭിച്ചത്. നീണ്ടകര ഹാര്‍ബറിലെത്തിച്ച 20.6 കിലോ ഗ്രാം തൂക്കമുള്ള മത്സ്യത്തിന് ലേലത്തിലൂടെ ലഭിച്ചതാകട്ടെ 59,000 രൂപയും.

കഴിഞ്ഞ സെപ്തംബറില്‍ മഹാരാഷ്ട്രയിലെ പാല്‍ഘറിലെ മത്സ്യത്തൊഴിലാളിയായ ചന്ദ്രകാന്ത് താരെ പിടികൂടിയ 157 ഗോല്‍ മത്സ്യങ്ങള്‍ക്ക് 1.33 കോടി രൂപ ലഭിച്ചിരുന്നു.

അയോഡിന്‍, ഒമേഗ-3, ഇരുമ്പ്, ടോറിന്‍, മഗ്നീഷ്യം, ഡിഎച്ച്എ, ഇപിഎ, ഫ്ലൂറൈഡ്, സെലിനിയം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമായതിനാലാണ് സീ ഗോള്‍ഡ് (Sea Gold)അഥവാ കടല്‍ സ്വര്‍ണം’ എന്ന് ഇവയെ വിളിക്കുന്നതെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് ഡോ. പി യു സക്കറിയ പറഞ്ഞു. ജൈവശാസ്ത്രപരമായി ‘പ്രോട്ടോണിബിയ ഡയകാന്തസ്’ (Protonibea diacanthus)എന്നറിയപ്പെടുന്ന ഇവ കേരളതീരത്ത് കാണപ്പെടുന്നതിനു കാരണം കാലാവസ്ഥാമാറ്റമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. എത്ര രൂപയാണ് പിഴയെന്ന്‌ ഉത്തരവില്‍ ഇല്ല.

ഡല്‍ഹി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്തിടെ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും മാസ്‌ക് ധരിക്കാതിരുന്നാല്‍ 500 രൂപയാണ് പിഴ.

Copyright © . All rights reserved