India

കേരളാ തീരത്തിന് സമീപത്ത് തീപിടിച്ച വാൻഹായ് 503 ചരക്ക് കപ്പലിലെ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട 18 പേരെയും മംഗളൂരുവിലെത്തിച്ചു. പരിക്കേറ്റ 6 ജീവനക്കാരെ മം​ഗളൂരു എജെ ആശുപത്രിയിലെത്തിച്ചു.

ഇവരിൽ 2 പേരുടെ നില അതീവ ​ഗുരുതരമാണ്. പൊള്ളലേറ്റതിനെ തുടർന്നുള്ള പരിക്കുകളാണുള്ളത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷമാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചിരിക്കുന്നത്. 6 പേര്‍ക്ക് മാത്രമാണ് പരിക്കേറ്റിട്ടുള്ളത്.

ബാക്കിയുള്ളവരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായി പൊള്ളലേറ്റവര്‍ക്ക് 40 ശതമാനമാണ് പൊള്ളലേറ്റിരിക്കുന്നത്. ചികിത്സ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു.

അതേ സമയം,ചരക്ക് കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് മുന്നറിയിപ്പ് പുറത്ത് വന്നിട്ടുണ്ട്. അടുത്ത 3 ദിവസത്തിനുള്ളിൽ കൊച്ചിക്കും കോഴിക്കോടിനുമിടയിൽ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പും പുറത്തുവരുന്നുണ്ട്.

ചരക്ക് കപ്പലിൽ തീ പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കപ്പലിനെ തീ വിഴുങ്ങിയ അവസ്ഥയാണെന്ന് കോസ്റ്റ് ​ഗാർഡ് പറയുന്നു. കോസ്റ്റ് ​ഗാർഡ് ഷിപ്പുകൾക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല

മങ്കരയിൽ പോലീസുദ്യോഗസ്ഥനെ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശിയും പാലക്കാട് മുട്ടിക്കുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസറുമായ കെ.ആർ. അഭിജിത്താണ് (30) മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ മങ്കര റെയിൽവേ സ്റ്റേഷനുസമീപമാണ് സംഭവം. മംഗലാപുരം-ചെന്നൈ എക്സ്പ്രസാണ് ഇടിച്ചതെന്നാണ് വിവരം.

ജൂൺ രണ്ടിനാണ് അഭിജിത്ത് പരിശീലനത്തിൽ പ്രവേശിച്ചതെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച വൈകീട്ട് ആറിന് പിഎസ്‌സി കംപ്യൂട്ടർ ഓപ്പറേറ്റർ പരീക്ഷയെഴുതുന്നതിനായി മുട്ടിക്കുളങ്ങര ക്യാമ്പിൽനിന്ന് നാട്ടിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച പരീക്ഷകഴിഞ്ഞ് അഭിജിത്തിനെ അച്ഛൻ രാമചന്ദ്രൻ തൃശ്ശൂരിൽനിന്ന്‌ തിരികെ ബസ് കയറ്റിവിട്ടു. വൈകീട്ട് എട്ടുമണിക്ക് മുട്ടിക്കുളങ്ങര ക്യാമ്പിൽ തിരിച്ചെത്തേണ്ടതായിരുന്നെങ്കിലും അഭിജിത്ത് എത്താതായതോടെ ക്യാമ്പിൽനിന്ന്‌ പോലീസുകാർ വീട്ടിലേക്ക് വിളിച്ചന്വേഷിച്ചു. ഇതോടെയാണ് വീട്ടുകാരും അഭിജിത്ത് ക്യാമ്പിലെത്തിയിട്ടില്ലെന്ന് അറിയുന്നത്. തുടർന്ന്, വീട്ടുകാർ വിയ്യൂർ പോലീസ് സ്റ്റേഷനിലും പരാതിപ്പെട്ടു.

അന്വേഷണം നടത്തുന്നതിനിടെയാണ് തീവണ്ടിയിടിച്ചുള്ള അപകടത്തെപ്പറ്റിയറിയുന്നത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ബാഗിലെ പേഴ്സിൽനിന്ന് കിട്ടിയ ആധാർകാർഡിൽനിന്നാണ് അഭിജിത്താണ് മരിച്ചതെന്ന് അറിഞ്ഞത്. സംഭവം ആത്മഹത്യയാണോയെന്ന്‌ സംശയിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്ന് മങ്കര പോലീസ് അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.

കേരള തീരത്ത് നിന്ന് 78 നോട്ടിക്കല്‍ മൈല്‍ അകലെ അന്താരഷ്ട്ര കപ്പലില്‍ ചാലില്‍ തീപിടിച്ച വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലെ രക്ഷാ ദൗത്യം പുരോഗമിക്കുന്നു.

കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും മൂന്ന് വിമാനങ്ങളുമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളായ സാഷെ, അര്‍ണ്‍വേഷ്, സമുദ്രപ്രഹ്രി, അഭിനവ്, രാജ്ദൂത് എന്നിവയ്ക്ക് ഒപ്പം മൂന്ന് സി 144 വിമാനങ്ങളുമാണ് രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. നാവിക സേനയുടെ ഐഎന്‍എസ് സൂറത്തും ഐഎന്‍എസ് ഗരുഡയും സഹായത്തിനുണ്ട്.

കൊളംബോയില്‍ നിന്നും നവി മുംബൈയിലേക്ക് പോയ കപ്പലില്‍ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ പരിക്കേറ്റ കപ്പല്‍ ജീവനക്കാരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കപ്പലില്‍ ഉണ്ടായിരുന്ന 22 പേരില്‍ 18 പേരെ ബോട്ടിലേക്ക് മാറ്റിയതായി കൊച്ചി ഡിഫന്‍സ് പിആര്‍ഒ അറിയിച്ചു. രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

കപ്പലില്‍ അപകടകരമായ വസ്തുക്കളാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തനിയെ തീപിടിക്കുന്നത് ഉള്‍പ്പെടെ നാല് തരത്തിലുള്ള രാസവസ്തുക്കള്‍ കപ്പലിലുണ്ട്. അതിനാല്‍ കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അധികൃതര്‍ അറിയിച്ചു.

അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ കേരള തീരത്ത് ഇരുപത് നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് മാറി ബേപ്പൂരിനും അഴീക്കലിനും ഇടയിലാണ് കപ്പല്‍ അപകടം സംഭവിച്ചത്. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാല്‍ ചികിത്സ നല്‍കാന്‍ ആവശ്യമായ തയ്യാറെടുപ്പ് നടത്താന്‍ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിര്‍ദേശിച്ചിട്ടുണ്ട്.

ദുരന്തകഥകൾ യുവാക്കളെ വിശ്വസിപ്പിച്ച് വിവാഹത്തട്ടിപ്പ് നടത്തുന്ന യുവതി ഒടുവിൽ കുടുങ്ങി. എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്ത് പറമ്പിൽ കോരയത്ത് ഹൗസിൽ രേഷ്മ(30)യെയാണ് ആര്യനാട് പോലീസ് അറസ്റ്റുചെയ്തത്.

വെള്ളിയാഴ്ച ആര്യനാട്ടു വെച്ച് പത്താമത്തെ വിവാഹത്തിനു തൊട്ടുമുൻപാണ് ഇവർ അറസ്റ്റിലായത്. വിവാഹത്തിന് എത്തിയ യുവതിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ പഞ്ചായത്തംഗമായ പ്രതിശ്രുതവരനും സുഹൃത്തുക്കളും ചേർന്നാണ് തട്ടിപ്പുകാരിയെ കുടുക്കിയത്. രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയായ രേഷ്മ, ആദ്യ വിവാഹമെന്നപേരിൽ ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം കണ്ട് ബന്ധപ്പെടുന്ന പുരുഷന്മാരോടു താൻ അനാഥയാണെന്ന തരത്തിലുള്ള കഥകൾപറഞ്ഞ് വിശ്വസിപ്പിക്കും. തുടർന്ന് പുരുഷന്മാർതന്നെ മുൻകൈയെടുത്ത് വിവാഹം നടത്തും. വിവാഹത്തിനുപിന്നാലെ കൈയിൽകിട്ടുന്ന സ്വർണവും പണവുമായി മുങ്ങുകയായിരുന്നു പതിവ്. നാണക്കേടുകാരണം തട്ടിപ്പിനിരയായവർ ഇതുവരെ പരാതി നൽകിയിട്ടില്ല.

ആര്യനാട് ഗ്രാമപ്പഞ്ചായത്തംഗത്തിന് പെൺകുട്ടിയുടെ അമ്മയാണെന്ന് പറഞ്ഞാണ് ആദ്യം ഫോൺവന്നത്. തുടർന്ന് രേഷ്മയുടെ ഫോൺ നമ്പർ പഞ്ചായത്തംഗത്തിനു കൈമാറി. ഇവർ പരസ്പരം സംസാരിക്കുകയും എറണാകുളത്തെ ഷോപ്പിങ് മാളിൽ വെച്ച് കാണുകയും ചെയ്തു.

തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താത്പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ പറഞ്ഞു വിശ്വസിപ്പിച്ചു. തന്നെ ഇവിടെനിന്നു രക്ഷിക്കണമെന്നും ഒപ്പംവരാൻ തയ്യാറാണെന്നും പറഞ്ഞതോടെ പഞ്ചായത്തംഗം വിവാഹത്തിനു സമ്മതിക്കുകയായിരുന്നു. വിവാഹം ജൂൺ ആറിന് ആര്യനാട്ടുെവച്ച് നടത്താമെന്ന് തീരുമാനിച്ചു.

ജൂൺ അഞ്ചിനു വൈകിട്ട് രേഷ്മയെ വെമ്പായത്തു കൊണ്ടാക്കിയത് അടുത്തതായി ഇവർ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയാണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ തിരുവനന്തപുരത്തു വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. ഇയാൾ ഒരു ബന്ധുവാണെന്നാണ് പ്രതിശ്രുതവരനായ പഞ്ചായത്തംഗത്തിനോടു പറഞ്ഞിരുന്നത്. ആര്യനാട്ടുള്ള ബന്ധുവീട്ടിൽ പോവുകയാണെന്നാണ് രേഷ്മ അവിടെ കൊണ്ടുചെന്നാക്കിയ തിരുവനന്തപുരം സ്വദേശിയോടു പറഞ്ഞിരുന്നത്. വെമ്പായത്ത് എത്തിയ യുവതിയെ പഞ്ചായത്തംഗം സുഹൃത്തായ ഉഴമലയ്ക്കൽ ഗ്രാമപ്പഞ്ചായത്തംഗത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ആര്യനാട്ട് വിവാഹമണ്ഡപം ബുക്ക് ചെയ്യുകയും രേഷ്മയ്ക്കുള്ള ആഭരണങ്ങളും താലിമാലയും വാങ്ങുകയും ചെയ്തിരുന്നു.

വിവാഹത്തിന്റെ മറ്റ് ഒരുക്കങ്ങളും ഭക്ഷണവും ഏർപ്പാടാക്കുകയും ചെയ്തു. പെട്ടെന്നുള്ള കല്യാണമായതിനാൽ കടംവാങ്ങിയും പലിശയ്‌ക്കെടുത്തുമാണ് പണം ചെലവഴിച്ചത്. ഏഴുലക്ഷത്തോളം രൂപ ചെലവായതായി പ്രതിശ്രുതവരനായ പഞ്ചായത്തംഗം പറയുന്നു.

രേഷ്മയുടെ പെരുമാറ്റത്തിൽ താമസിച്ച വീട്ടിലെ സ്ത്രീയ്ക്കു തോന്നിയ സംശയങ്ങളാണ് തട്ടിപ്പ് പിടികൂടാൻ സഹായിച്ചത്. വിവാഹദിവസം കുളിമുറിയിൽനിന്നു തിരിച്ചിറങ്ങിയ രേഷ്മ ബ്യൂട്ടിപാർലറിലേക്കു പോയി. എന്നാൽ, തൊട്ടുപിന്നാലെ കുളിമുറിയിൽ കയറിയ വീട്ടമ്മയ്ക്ക് രേഷ്മ കുളിച്ചില്ലെന്നു മനസ്സിലായി. തന്നോട് കള്ളം പറഞ്ഞതിലും രേഷ്മയുടെ മൊത്തം പെരുമാറ്റത്തിലും വീട്ടമ്മയ്ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു.

തുടർന്ന് രേഷ്മ ബ്യൂട്ടിപാർലറിലായിരുന്ന സമയത്ത് ഗ്രാമപ്പഞ്ചായത്തംഗവും ഭാര്യയും പ്രതിശ്രുതവരനും ചേർന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 45 ദിവസം മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകളടക്കം കണ്ടെടുത്തത്. തട്ടിപ്പ് മനസ്സിലാക്കിയ പ്രതിശ്രുതവരൻ നൽകിയ പരാതിയിന്മേൽ കാട്ടാക്കട ഡിവൈഎസ്‌പി എൻ. ഷിബു, എസ്എച്ച്ഒ വി.എസ്. അജീഷ്, എസ്‌ഐ വേണു എന്നിവരുടെ നേതൃത്വത്തിൽ രേഷ്മയെ വിവാഹമണ്ഡപത്തിൽനിന്ന്‌ അറസ്റ്റ് ചെയ്യുകയായിരുന്നു.

45 ദിവസം മുൻപ് വിവാഹം കഴിച്ച പുതുപ്പള്ളി സ്വദേശിയെ കബളിപ്പിച്ചാണ് വിവാഹത്തിന് ആര്യനാട്ട് രേഷ്മ എത്തിയത്. വിവാഹ രജിസ്‌ട്രേഷൻ രേഖകളും കൊണ്ടുവന്നിരുന്നു. 2014ൽ ആയിരുന്നു രേഷ്മയുടെ ആദ്യ വിവാഹം. അതിനുശേഷം വൈക്കം, അങ്കമാലി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികളെയും വിവാഹം കഴിച്ചു. കുറച്ചു ദിവസമാണ് ഒാരോരുത്തരുടെയും കൂടെ താമസിച്ചത്. ഇതിനിടെ ഒരു ആൺകുഞ്ഞിനും ജന്മംനൽകി. സർട്ടിഫിക്കറ്റുകൾ എടുക്കാനുണ്ടെന്നു പറഞ്ഞാണ് രേഷ്മ ഓരോ വീടുകളിൽനിന്നു മുങ്ങിയിരുന്നത്. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ വാഹനത്തിൽനിന്നിറങ്ങി താലിമാലയും ആഭരണങ്ങളുമായി മുങ്ങിയിട്ടുമുണ്ട്.

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. പ്രതിഷേധം അക്രമത്തിലേക്ക് കടക്കുമെന്ന സാഹചര്യം വിലയിരുത്തി അഞ്ച് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. മെയ്‌തേയ് തീവ്രസംഘടനയായ ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

ഇംഫാല്‍, വെസ്റ്റ് ഇംഫാല്‍, ഥൗബല്‍, ബിഷ്ണുപുര്‍, കാചിങ് ജില്ലകളിലാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. ഇംഫാലില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും റോഡില്‍ ടയറുകള്‍ കത്തിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ വെടിവെപ്പ് നടന്ന ശബ്ദവം കേട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിക്കാതിരിക്കാനാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എന്‍. അശോക് കുമാര്‍ വിശദീകരിച്ചു.

ശനിയാഴ്ച രാത്രി 11:45 ഓടെയാണ് പ്രതിഷേധം ആരംഭിച്ചത്. ഗവര്‍ണര്‍ എ.കെ ഭല്ലയുടെ ഉത്തരവിനെ തുടര്‍ന്ന് ആരംഭായ് തെങ്കോല്‍ പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നു. കലാപത്തില്‍ പങ്കുള്ള കുക്കി സായുധ സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. മണിപ്പുരിലെ മൊറെയില്‍ നിന്ന് കുക്കി വിഭാഗത്തില്‍ നിന്നുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2023 ഒക്ടോബറില്‍ പൊലീസുദ്യോഗസ്ഥനെ സ്‌നൈപ്പര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇതിന്റെ പേരില്‍ കുക്കികളും പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടെയാണ് ആരംഭായ് തെങ്കോലിന്റെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നത്.

മണിപ്പൂരിലെ വംശീയ കലാപത്തിന്റെ കേസുകള്‍ എന്‍ഐഎ ആണ് അന്വേഷിക്കുന്നത്. ഇരുവിഭാഗത്തില്‍ നിന്നും കേസുകളില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടക്കുമ്പോഴൊക്കെ വലിയ എതിര്‍പ്പാണ് അന്വേഷണ ഉഗദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്നത്.

നിലമ്പൂരില്‍ പന്നിക്കുവെച്ച വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ (ജിത്തു) മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. പത്താംക്ലാസ് വിദ്യാര്‍ഥിയായ അനന്തു പഠിച്ചിരുന്ന സികെഎം എച്ച്എസ്എസ് മണിമൂലി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

അപകടത്തിന്റെ ഞെട്ടിലില്‍നിന്ന് നാട് ഇതുവരെയും പുറത്തുവന്നിട്ടില്ല. ശനിയാഴ്ച പെരുന്നാളിന്റെ അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കാന്‍ പോയതായിരുന്നു അനന്തു. കളികഴിഞ്ഞ് വൈകുന്നേരം ആറുമണിയോടെ വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് വെള്ളക്കട്ടയിലെ തോട്ടില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് മീന്‍പിടിക്കാന്‍ ഇറങ്ങിയത്. ഇവിടെ പന്നിയെ പിടിക്കാന്‍വെച്ച വൈദ്യുതിക്കെണിയില്‍ തട്ടിയാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്.

അനന്തുവിനൊപ്പം പരിക്കേറ്റ യദു, ഷാനു എന്നിവര്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനന്തു പഠിച്ചിരുന്ന സ്‌കൂളിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. അവിടെ പത്തുമിനിട്ടോളം പൊതുദര്‍ശനത്തിന് വെച്ചു. ശേഷമാണ് മൃതദേഹം വഴിക്കടവിലെ വീട്ടിലേക്ക് എത്തിച്ചത്. വലിയ വാഹനമൊന്നും പോകാത്ത വഴിയാണ് അനന്തുവിന്റെ വീട്ടിലേക്ക്. അവിടേക്ക് നാട്ടുകാര്‍ ചുമന്നാണ് മൃതദേഹം എത്തിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രദേശവാസികളായ വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കെണി സ്ഥാപിച്ചത് താനാണെന്നും പന്നിയെ പിടിക്കാനാണ് ഇത് ചെയ്തതെന്നും വിനീഷ് പോലീസിനോട് സമ്മതിച്ചതായാണ് വിവരം. വിനീഷും കുഞ്ഞുമുഹമ്മദും നാട്ടിലെ സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാരും പറയുന്നു. കെണിവെച്ച് മൃഗങ്ങളെ പിടിച്ച് വില്‍പന നടത്തുന്നവരാണ് ഇവരെന്ന് പോലീസ് പറയുന്നു.

മൂന്ന് കോടി രൂപ മൂല്യമുള്ള ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയില്‍. മലയാളിയായ നവമി രതീഷ് ആണ് കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ശനിയാഴ്ചബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍-കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സിലാണ് യുവതി എത്തിയത്.

പരിശോധനയില്‍ 3.155 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. മുന്‍കൂട്ടി ലഭിച്ച വിവരം അനുസരിച്ച് കാത്തുനിന്ന എയര്‍ ഇന്റലിജന്‍സ്, കസ്റ്റംസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ ബാഗില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. 6 ചിപ്സ് പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു.

ഓസ്ട്രേലിയയില്‍ നിന്നാണ് യുവതി ബാങ്കോക്ക് വഴി ഇന്ത്യയിലേക്ക് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.

മലപ്പുറം വഴിക്കടവ് വെള്ളക്കട്ടയിൽ പന്നി ശല്യം തടയാൻ വച്ച വൈദ്യുതി കമ്പിയിൽ തട്ടി പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥി സച്ചുവാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലയും ഗുരുതരമാണ്.

മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വഴിക്കടവ് വെള്ളക്കെട്ട് എന്ന സ്ഥലത്താണ് ദാരുണമായ ഈ സംഭവം ഉണ്ടായത്. അഞ്ച് ആൺകുട്ടികൾ ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങുകയായിരുന്നു. വഴിയിലുണ്ടായ വൈദ്യുതി കമ്പിയിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റതെന്ന് പ്രദേശവാസികൾ പറയുന്നു.

ഇവരിൽ നാല് പേർക്കും ഷോക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് പാലാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സ്ഥലത്ത് വന്യജീവി ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ പറയുന്നു

ഇടുക്കി ഇരട്ടയാറിൽ കോൺഗ്രസ്സ് പഞ്ചായത്ത്‌ അംഗത്തിന്റെ കടയിൽ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഉപ്പുകണ്ടം ആലേപുരക്കൽ എസ് രതീഷിൻ്റെ കടയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ ഇരട്ടയാർ പ‌ഞ്ചായത്തിലെ ഒൻപതാം വാർഡ് അംഗമാണ്. ഒഡീഷ സ്വദേശികളായ സമീർ ബെഹ്‌റ, ലക്കി നായക് എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേർ. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കടയിൽ നടത്തിയ തിരച്ചിലിലാണ് ക‌ഞ്ചാവ് കണ്ടെത്തിയത്.

കട്ടപ്പന പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇറച്ചി വിൽപ്പന കടയാണിത്. രണ്ട് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ലക്കി നായക് ഇന്നാണ് ഒഡിഷയിൽ നിന്ന് തിരിച്ചെത്തിയത്. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.

ഇന്ന് ലക്കി നായക് ഒഡിഷയിൽ നിന്ന് തിരിച്ചെത്തിയെന്ന് അറിഞ്ഞയുടനാണ് പൊലീസ് പരിശോധനക്കെത്തിയത്. രതീഷിൻ്റെ ഉടമസ്ഥതയിലുള്ള കടയിലെ ജീവനക്കാരാണ് സമീർ ബെഹ്റയും ലക്കി നായകും. മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലി ഗവർണറും സർക്കാരും തമ്മിലുള്ള ശീതസമരം രാഷ്ട്രീയമായി ഏറ്റെടുത്ത് സിപിഐ. ഗവർണർക്കെതിരേ രാഷ്ട്രപതിക്ക് സിപിഐ രാജ്യസഭാനേതാവ് പി. സന്തോഷ് കുമാർ പരാതിനൽകി. എന്നാൽ, പ്രത്യക്ഷ ഏറ്റമുട്ടലിന് തത്കാലം സർക്കാർ മുതിരില്ല.

കഴിഞ്ഞദിവസത്തെ പരിപാടി മന്ത്രി പി. പ്രസാദ് ബഹിഷ്‌കരിച്ചതും അതിനെ പിന്തുണച്ച് എൽഡിഎഫ് നേതാക്കൾ പ്രതികരിച്ചതും ഗവർണറുടെ നടപടിയോടുള്ള സർക്കാരിന്റെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതായിരുന്നു. അതിനപ്പുറം വിഷയം വഷളാക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ ഇപ്പോൾ. മുഖ്യമന്ത്രി പ്രതികരിക്കാത്തതും അതുകൊണ്ടാണ്.

എന്നാൽ, രാജ്ഭവനിലെ എല്ലാപരിപാടികളിലും കാവിക്കൊടിയേന്തിയ ഭാരതാംബയെ ഉൾപ്പെടുത്താനാണ് ഗവർണറുടെ തീരുമാനം. മുൻഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായിരുന്നു. ആരിഫ് മുഹമ്മദ് ഖാൻ മാറി രാജേന്ദ്ര ആർലേക്കർ വന്നതോടെ ‘നല്ലബന്ധം’ കാത്തുസൂക്ഷിക്കാനുള്ള ബോധപൂർവമായ ശ്രമത്തിലാണ് സർക്കാരിപ്പോൾ. കൃഷിവകുപ്പിന്റെ പരിസ്ഥിതി ദിനാചരണച്ചടങ്ങ് രാജ്ഭവനിൽ നടത്താൻ തീരുമാനിച്ചതുതന്നെ ഗവർണറുമായുള്ള നല്ലബന്ധം തുടരാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായിരുന്നു.

കൃഷിമന്ത്രിയുടെ ബഹിഷ്‌കരണം സർക്കാർ നിലപാടാണ്. അതിനപ്പുറത്തേക്ക് ഈ പ്രശ്നത്തെ വളർത്താൻ സർക്കാർ ആലോചിക്കുന്നില്ല. അതിനാൽ, മന്ത്രിയുടെ ബഹിഷ്‌കരണത്തെത്തുടർന്ന് ഒരു കുറിപ്പും സർക്കാരിന്റേതായി രാജ്ഭവന് നൽകിയിട്ടില്ല.

എന്നാൽ, ഗവർണർ ഇതേ നിലപാട് ഇനിയും ആവർത്തിക്കുമെന്നാണ് സർക്കാരും കരുതുന്നത്. അതിനാൽ, രാജ്ഭവനിൽ സർക്കാർ പരിപാടി ഒഴിവാക്കാനുള്ള ജാഗ്രത സർക്കാരിനുണ്ടാകും. അടുത്തയാഴ്ച മൂന്നുപരിപാടികളാണ് രാജ്ഭവനിലുള്ളത്. ഇവ സർക്കാർ പരിപാടികളല്ല. ഈ മൂന്നിലും കാവിക്കൊടിയേന്തിയ ഭാരതാംബയെ നിലനിർത്താനാണ് രാജ്ഭവന്റെ തീരുമാനം.

മന്ത്രി പ്രസാദിന്റെ ബഹിഷ്‌കരണം രാഷ്ട്രീയമായി സിപിഐക്ക് ഗുണംചെയ്തുവെന്നാണ് അവരുടെ വിലയിരുത്തൽ. അതിനാൽ, ഇത് ചർച്ചയാക്കി നിലനിർത്താനും പ്രചാരണം നടത്താനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് പരാതിനൽകിയത്. എന്നാൽ, അത്തരമൊരു പ്രചാരണരീതി സിപിഎം ഏറ്റെടുത്തിട്ടില്ല.

ഭാരതമാതാവിന്റെ പ്രതീകം ഭാരതത്തിന്റെ ദേശീയപതാകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് എല്ലാ ബ്രാഞ്ചുകളിലും ശനിയാഴ്ച ദേശീയപതാക ഉയർത്താൻ സിപിഐ തീരുമാനിച്ചു. ദേശീയപതാക ഉയർത്തി വൃക്ഷത്തൈകൾ നട്ട് പ്രതിഷേധം സംഘടിപ്പിക്കാനാണ് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ആഹ്വാനം.

RECENT POSTS
Copyright © . All rights reserved