India

രാഷ്ട്രീയക്കാരന്‍ ആയില്ലെങ്കില്‍ തെന്നല ബാലകൃഷ്ണ പിള്ള ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റായേനെ. ബി.എസ്.സി ബിരുദ പഠനം നടത്തുമ്പോള്‍ സിഎക്കാരനാകണം എന്നതായിരുന്നു മനസില്‍. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

അങ്ങനെ രാഷ്ട്രീയത്തിലെത്തിയ അദേഹം പ്രമുഖ നേതാക്കളുടെ അടക്കം ഒട്ടേറെപ്പേരുടെ രാഷ്ട്രീയാഭിലാഷങ്ങളുടെ കണക്കുകള്‍ സെറ്റില്‍ ചെയ്തു. പക്ഷേ സ്വന്തം കണക്കു മാത്രം ഒരിക്കലും നോക്കിയില്ല. ഫലമോ, രാഷ്ട്രീയത്തിലെത്തുമ്പോള്‍ സ്വന്തം പേരില്‍ 17 ഏക്കര്‍ ഭൂമിയുണ്ടായിരുന്ന തെന്നല രാഷ്ട്രീയത്തില്‍ നിന്ന് സ്വയം വിരമിച്ചപ്പോള്‍ കൈവശമുള്ളത് വെറും 11 സെന്റ് ചതുപ്പ് നിലം മാത്രം.

രണ്ട് പ്രാവശ്യം എംഎല്‍എ, മൂന്ന് വട്ടം രാജ്യസഭാംഗം, രണ്ട് തവണ കെപിസിസി പ്രസിഡന്റ് തുടങ്ങി വിവിധ പദവികള്‍ വഹിച്ച മനുഷ്യനാണ് അവസാനമായപ്പോള്‍ വെറും ‘ദരിദ്ര നാരായണന്‍’ ആയി മറിയത്. അതാണ് തെന്നല ബാലകൃഷ്ണ പിള്ളയുടെ രാഷ്ട്രീയം. ഇപ്പോഴത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് അനുകരിക്കാന്‍ പോയിട്ട് ചിന്തിക്കാന്‍ പോലും പറ്റാത്ത ‘തെന്നല രാഷ്ട്രീയം’. അതുകൊണ്ട് തന്നെ തെന്നലയിടുന്ന ഖദറിന്റെ വിശുദ്ധിയും വെണ്മയും പതിന്മടങ്ങാണ്.

2001 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 100 സീറ്റുകള്‍ സ്വന്തമാക്കി യുഡിഎഫ് ചരിത്ര വിജയം നേടി അധികാരത്തില്‍ വരുമ്പോള്‍ തെന്നലയായിരുന്നു കെപിസിസി പ്രസിഡണ്ട്. പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഇടിത്തീ പോലുള്ള ആ സന്ദേശം തെന്നലയ്ക്ക് കൈമാറി.

എഐസിസി പ്രതിനിധികളായെത്തിയ ഗുലാം നബി ആസാദും മോത്തിലാല്‍ വോറയും ചേര്‍ന്ന് തെന്നല ബാലകൃഷ്ണ പിള്ളയെ തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ചു. എ.കെ ആന്റണി മുഖ്യമന്ത്രിയാകുമ്പോള്‍ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി കെ. മുരളീധരന്‍ കെപിസിസി പ്രസിഡന്റാകണമെന്നതായിരുന്നു ആവശ്യം.

തെന്നലയെ എങ്ങനെ അനുനയിപ്പിക്കുമെന്ന സന്ദേഹത്തില്‍ നിന്ന അവരോട് രാജി എപ്പോള്‍ വേണമെന്നാണ് തെന്നല ചോദിച്ചത്. ‘എത്രയും വേഗം’ എന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ശരിയെന്നു പറഞ്ഞ് പതിവു പോലെ കറകളഞ്ഞ ഒരു ചിരിയോടെ അവിടെ നിന്ന് ഇറങ്ങി നേരെ കെപിസിസി ഓഫീസിലെത്തി. ടൈപ്പിസ്റ്റ് ശ്രീകുമാറിനെക്കൊണ്ട് രാജിക്കത്ത് ടൈപ്പ് ചെയ്യിച്ചു. അത് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് കൈമാറി നേരേ വീട്ടിലേക്ക് പോയി.

അടൂര്‍ മണ്ഡലത്തെ രണ്ട് തവണ തെന്നല നിയമ സഭയില്‍ പ്രതിനിധീകരിച്ചു. ഒരിക്കല്‍ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും അവസാന നിമിഷം ലീഡറുടെ താല്‍പര്യപ്രകാരം യുവ നേതാവ് മന്ത്രിയായി. അപ്പോഴും തെന്നല പതിവ് പോലെ പ്രസന്ന വദനനായിരുന്നു.

കെ. കരുണാകരന്റെ തൃശൂരിലെ പരാജയം അടക്കം പാര്‍ട്ടി നിയോഗിച്ച പല അനേഷണ കമ്മിറ്റികളുടെയും അധ്യക്ഷന്‍ അദേഹമായിരുന്നു. ലീഗില്‍ ഒരു വിഭാഗം യുഡിഎഫ് വിട്ട സാഹചര്യത്തില്‍ ലീഗിലെ പ്രബല വിഭാഗത്തെ ഒപ്പം നിറുത്താന്‍ സി.എച്ച് മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കാമെന്ന ആശയം ലീഡറുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടു വച്ചത് തെന്നലയായിരുന്നുവെന്ന വിവരം ഇന്നും പലര്‍ക്കുമറിയില്ല.

ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവി(ആര്‍സിബി)ന്റെ മാര്‍ക്കറ്റിങ് മേധാവി അടക്കം നാലുപേര്‍ അറസ്റ്റില്‍. ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി നിഖില്‍ സോസാലെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ‘ഡിഎന്‍എ’യുടെ പ്രതിനിധി സുനില്‍ മാത്യു എന്നിവരടക്കം നാലുപേരെയാണ് വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ദുരന്തത്തില്‍ ആര്‍സിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎന്‍എ, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരുന്നത്. അതേസമയം, സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ഒളിവില്‍പോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

ആര്‍സിബിയുടെ ഐപിഎല്‍ കീരിടനേട്ടത്തിന്റെ ആഘോഷപരിപാടികള്‍ക്കിടെയാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ചത്.

സംഭവത്തില്‍ ബെംഗളൂരു പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദയുള്‍പ്പെടെ ഉന്നത പോലീസുദ്യോഗസ്ഥരുടെപേരില്‍ കഴിഞ്ഞദിവസം നടപടി സ്വീകരിച്ചിരുന്നു. സിറ്റി പോലീസ് കമ്മിഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല്‍ കമ്മിഷണര്‍, ഡിസിപി (സെന്‍ട്രല്‍), അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍, കബ്ബണ്‍പാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ സസ്‌പെന്‍ഡ്‌ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ദുരന്തത്തെപ്പറ്റി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡി. കുഞ്ഞ ഏകാംഗകമ്മിഷന്‍ അന്വേഷിക്കുമെന്നും പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍, ആഘോഷപരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്‍എ നെറ്റ്വര്‍ക്ക് എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ്‌ചെയ്യാന്‍ നിര്‍ദേശംനല്‍കിയതായും മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചു. ഷൈനിന് പരിക്കുണ്ട്. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍ വെച്ച് പുലർച്ചെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.

ഷൈനിനെ ധര്‍മപുരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈനും പിതാവും മാതാവും ഒരുസഹായിയുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൈനിൻ്റെ അമ്മയ്ക്കും പരിക്കുണ്ട്. ചികിത്സാർത്ഥം ബെംഗളൂരു പോയി മടങ്ങവേയാണ് അപകടമുണ്ടായത്.

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. പൂർണ ചന്ദ്ര, ഭൂമിക്, പ്രജ്വൽ, ചിന്മയി ഷെട്ടി, സഹാന, അക്ഷത, ദിവ്യാംശി, ശിവ് ലിംഗ്, മനോജ്, ദേവി, ശ്രാവൺ എന്നിവരാണ് മരിച്ചത്. ഇവരിൽ എട്ടുപേരും ബംഗളൂരു സ്വദേശികളാണ്. 14- കാരി ദിവ്യാംശി അടക്കം മരിച്ചവരിൽ 5 സ്ത്രീകളും 6 പുരുഷന്മാരും ഉൾപ്പെടും. ശ്രാവൺ കർണാടക ചിന്താമണി സ്വദേശിയാണ്. അംബേദ്കർ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടാംവർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു. ആന്ധ്രയിൽ നിന്നുള്ള ദേവി താമസിക്കുന്നത് കോയമ്പത്തൂരിലാണ്. മനോജ് എന്ന മംഗലൂരു സ്വദേശിയും മരിച്ചവരിലുൾപ്പെടും. ശ്രാവൺ ഒഴികെ മറ്റെല്ലാവരുടെയും മൃതദേഹം ബന്ധുക്കൾക്ക് പോസ്റ്റുമോർട്ടതിന് ശേഷം വിട്ടുകൊടുത്തു. വിവരമറിഞ്ഞ് എത്തിയ ശ്രാവണിന്റെ അച്ഛനും അമ്മയും ബൗറിങ് ആശുപത്രിക്ക് സമീപം തളർന്നുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അല്പസമയത്തിനകം ശ്രാവണിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തും.

ആർസിബിയുടെ ഐപിൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ കർണാക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്യാവുന്നതിന്‍റെ പരമാവധി സജ്ജീകരണമൊരുക്കിയെന്ന് പറയുമ്പോഴും ഉത്തരവാദിത്തത്തിൽ നിന്നൊഴിയുന്നില്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യക്തമാക്കി. പരിക്കേറ്റ 47 പേരും അപകടനില തരണം ചെയ്തെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സർക്കാരിന്‍റെ മാത്രം പിഴവാണ് ദുരന്തമെന്ന വിമർശനം പ്രതിപക്ഷം ശക്തമായി ഉയത്തുന്നുണ്ട്. ഐപിഎൽ ഭരണസമിതിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബിസിസിഐ ആവശ്യപ്പെട്ടു. പുറത്ത് ദുരന്തമുണ്ടായപ്പോഴും സ്റ്റേഡിയത്തിൽ ആഘോഷം തുടർന്നതിലും വിമർശനം ശക്തമാണ്. എന്നാൽ ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പരിപാടിയിൽ മാറ്റം വരുത്തിയെന്നാണ് ആർസിബിയുടെ വിശദീകരണം.

എരുമേലി മൂക്കൂട്ടുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ മോഷണംപോയി. ക്ഷേത്രത്തിലെ മതിൽ ചാടിയാണ് മോഷ്ടാവ് അകത്ത് കടന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചുറ്റുമതിലിന്‍റെ ഒരു ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്. ഇതുഴിയാണ് മോഷ്ടാവ് അകത്തേക്ക് കയറിയത്.

തൊപ്പിയും കോട്ടും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ഇയാൾ ക്ഷേത്രത്തിന്‍റെ മുറ്റത്ത് നിൽക്കുന്നതും നാലമ്പത്തിൽ കയറുന്നതും ശ്രീകോവിൽ തുറക്കാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ശ്രീകോവിലിന് മുമ്പിലെ കാണിക്കവഞ്ചിയാണ് മോഷ്ടിച്ചത്. ഉപദേവാലയത്തിന്‍റെ മുന്നിലെ കാണിക്കവഞ്ചി എടുക്കാൻ ശ്രമവും നടന്നു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ കേസെടുത്ത എരുമേലി പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെ സംബന്ധിച്ച് പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്.

ആര്‍സിബിയുടെ ഐപിഎല്‍ കിരീടവിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടേയും നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്. വൻജനക്കൂട്ടമാണ്‌ സ്‌റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയത്.

ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ഒട്ടേരെപേരാണ് ഇവിടേക്ക് എത്തിച്ചേര്‍ന്നത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കി. ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം ദൃശ്യമായിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആളുകള്‍ തടിച്ചൂകൂടിയതാണ് അപകടത്തിന് വഴിവെച്ചത്. 25-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്തുവരുന്ന വിവരം.

ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരേഡ് നടത്താമെന്ന നിലപാടാണ് കെസിഎ യും ആര്‍സിബിയും സ്വീകരിച്ചത്. വിക്ടറി പരേഡ് നടക്കുന്നതിന് മുന്നോടിയായാണ് അപകടം നടന്നതെന്നാണ് വിവരം.

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി നിലമ്പൂരില്‍ എത്തും. വയനാട് എംപിയായ പ്രിയങ്കാഗാന്ധി ജൂണ്‍ 9,10,11 തിയതികളില്‍ മണ്ഡല പര്യടനത്തിനായി കേരളത്തിലെത്തുന്നുണ്ട്. ഈ ദിവസങ്ങളിലൊന്നില്‍ പ്രിയങ്ക നിലമ്പൂരെത്തി ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു ദിവസം പൂര്‍ണമായും പ്രിയങ്കാഗാന്ധി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. പി.വി അന്‍വര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. 23 ന് വോട്ടെണ്ണല്‍ നടക്കും. യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്തും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം. സ്വരാജും മത്സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജും, സ്വതന്ത്രനായി പി.വി അന്‍വറുമാണ് പ്രധാനമായും മത്സരരംഗത്ത്.

ഒടുക്കം കോലി ചിരിച്ചു, ശ്രേയസ്സ് അയ്യര്‍ കണ്ണീരോടെ മടങ്ങി. അഹമ്മദാബാദില്‍ ഇതിഹാസതാരത്തിന് സ്വപ്‌നസാഫല്യം. പതിനെട്ട് വര്‍ഷത്തെ നീണ്ടകാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടത്തില്‍ കോലിയുടെ മുത്തം. പഞ്ചാബിനെ 6 റണ്‍സിന് കീഴടക്കി ബെംഗളൂരു ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. ബെംഗളൂരു ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനേ ആയുള്ളൂ.

ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ സമ്മാനിച്ചത്. പ്രിയാന്‍ഷ് ആര്യയും പ്രഭ്‌സിമ്രാന്‍ സിങ്ങും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചു. ടീം നാലോവറില്‍ 32 റണ്‍സെടുത്തു. പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റഅ നഷ്ടമായെങ്കിലും പഞ്ചാബ് പവര്‍ പ്ലേയില്‍ സ്‌കോര്‍ അമ്പത് കടത്തി. 19 പന്തില്‍ 24 റണ്‍സെടുത്താണ് താരം പുറത്തായത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസും പ്രഭ്‌സിമ്രാന്‍ സിങ്ങും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. എന്നാല്‍ ബെംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്. പ്രഭ്‌സിമ്രാനെയും(26) പഞ്ചാബ് നായകന്‍ ശ്രേയസ്സ് അയ്യരേയും(1) കൂടാരം കയറ്റിയതോടെ ആര്‍സിബിക്ക് ജയപ്രതീക്ഷ കൈവന്നു. പഞ്ചാബ് 79-3 എന്ന നിലയിലായി. പിന്നാലെ തകര്‍ത്തടിച്ച ഇംഗ്ലിസും പുറത്തായി. ക്രുണാല്‍ പാണ്ഡ്യയാണ് താരത്തെ കൂടാരം കയറ്റിയത്. 23 പന്തില്‍ നിന്ന് ഇംഗ്ലിസ് 39 റണ്‍സെടുത്തു.

എന്നാല്‍ നേഹല്‍ വധേരയും ശശാങ്ക് സിങ്ങും ചേര്‍ന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 16 ഓവറില്‍ 136-4 എന്ന നിലയിലായിരുന്നു പഞ്ചാബ്. നാലോവറില്‍ വേണ്ടത് 55 റണ്‍സ്. പിന്നാലെ നേഹല്‍ വധേരയെയും(15) മാര്‍ക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വര്‍ ആര്‍സിബിയെ വിജയതീരത്തിനടുത്തെത്തിച്ചു. അസ്മത്തുള്ള ഒമര്‍സായ് ഒരു റണ്ണെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് 184 റണ്‍സെടുത്തു. ജയത്തോടെ ബെംഗളൂരു കന്നി ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു.

ബെംഗളൂരു നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് ഭേദപ്പെട്ട തുടക്കമായിരുന്നു. ആദ്യ ഓവറില്‍ കത്തിക്കയറിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് രണ്ടാം ഓവറില്‍ തന്നെ മടങ്ങി. ഒമ്പത് പന്തില്‍ നിന്ന് സാള്‍ട്ട് 16 റണ്‍സെടുത്തു. രണ്ടാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളും വിരാട് കോലിയും ചേര്‍ന്ന് സ്‌കോറുയര്‍ത്തി. മായങ്കിന്റെ വെടിക്കെട്ടില്‍ ടീം ആറോവറില്‍ 55-ലെത്തി. പിന്നാലെ ചാഹല്‍ മായങ്കിനെ കൂടാരം കയറ്റി. 18 പന്ത് നേരിട്ട മായങ്ക് 24 റണ്‍സെടുത്തു. അതോടെ ആര്‍സിബി 56-2 എന്ന നിലയിലായി.

നായകന്‍ രജത് പാട്ടിദാറാണ് പിന്നീട് ആര്‍സിബിയെ കരകയറ്റാനിറങ്ങിയത്. അതേസമയം ആക്രമണോത്സുക ബാറ്റിങ്ങിന് മുതിരാതെയാണ് കോലി കളിച്ചത്. പതിയെ സിംഗിളുകളുമായി ആങ്കര്‍ റോളിലായിരുന്നു ഇന്നിങ്‌സ്. എന്നാല്‍ നായകന്‍ തകര്‍ത്തടിച്ചതോടെ ആര്‍സിബി പത്തോവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സെടുത്തു. 11-ാം ഓവറില്‍ പാട്ടിദാറും പുറത്തായതോടെ ആര്‍സിബി പ്രതിരോധത്തിലായി. 26 റണ്‍സാണ് ആര്‍സിബി നായകന്റെ സമ്പാദ്യം.

മധ്യഓവറുകളില്‍ വേഗം റണ്‍സ് കണ്ടെത്താനാവാത്തത് ആര്‍സിബിക്ക് തിരിച്ചടിയായി. പിന്നാലെ കോലിയും പുറത്തായതോടെ ടീം 131-4 എന്ന നിലയിലായി. 35 പന്തുകള്‍ നേരിട്ട കോലിക്ക് 43 റണ്‍സ് മാത്രമാണ് നേടാനായത്. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ജിതേഷ് ശര്‍മയും ലിവിങ്സ്റ്റണും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ സ്‌കോര്‍ 170-കടന്നു. ലിവിങ്‌സ്റ്റണ്‍ 15 പന്തില്‍ നിന്ന് 25 റണ്‍സും ജിതേഷ് ശര്‍മ 10 പന്തില്‍ നിന്ന് 24 റണ്‍സുമെടുത്തു. റൊമാരിയോ ഷെഫേര്‍ഡ് 17 റണ്‍സെടുത്ത് പുറത്തായി. ഒടുക്കം നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ബെംഗളൂരു 190 റണ്‍സെടുത്തു. കൈല്‍ ജേമിസണും അര്‍ഷ്ദീപ് സിങ്ങും പഞ്ചാബിനായി മൂന്ന് വിക്കറ്റെടുത്തു.

വയനാട് കൊളവയൽ മാനിക്കുനിയിൽ യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്. മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ അൽതാഫ്, അർജ്ജുൻ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതികളായ മീനങ്ങാടി ചീരാംകുന്ന് സ്വദേശികളായ ശരത്, വിഷ്ണു പ്രകാശ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

വീട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത പൊലീസുകാരെയാണ് ആക്രമിച്ചത്. ഫോണ്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് പ്രതികള്‍ കൊളവയല്‍ മാനിക്കുനിയിലുള്ള വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനെ ഇവര്‍ ആക്രമിക്കുകയായിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്‍വര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. ‘എല്ലാവരും തകര്‍ത്തു തരിപ്പണമാക്കി, ഞാന്‍ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വില്‍ക്കാന്‍ പറ്റാതാക്കി’ എന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൈവശമുള്ള പണം 25000 രൂപയാണെന്നും അന്‍വര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021-ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.

RECENT POSTS
Copyright © . All rights reserved