നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട് അഭിക്ഷിക്തനായി. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
വത്തിക്കാന്‍ സെക്രട്ടേറിയറ്റ് ഓഫ് ദ് സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ, ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവര്‍ സഹ കാര്‍മികരായി.
മെത്രാന്മാരും വൈദികരും സന്യസ്തരും അണിനിരന്ന പ്രദിക്ഷണം കൊച്ചുപള്ളിയില്‍ നിന്നും മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുഗ്രഹ സന്ദേശം നല്കി. തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോര്‍ജ് കൂവക്കാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു.
വെറും പറച്ചില് മാത്രമായിരുന്നില്ല, വയനാട്ടുകാരുടെ പ്രിയങ്കരിയായി മാറി പ്രിയങ്ക ഗാന്ധി. 4,10,923 വോട്ടുകളുടെ റെക്കോഡ് വിജയമാണ് ആദ്യ മത്സരത്തില്‍ പ്രിയങ്ക നേടിയത്. രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടന്നു. 6,22,338 വോട്ടുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നു. ഡിസംബര്‍ 20 വരെയാണ് സമ്മേളനം. പാര്‍ലമെന്റില്‍ എത്തുന്ന പ്രിയങ്ക ആദ്യം ഉന്നയിക്കുന്നത് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും. രാഹുലിനൊപ്പം പ്രിയങ്കയും ഇനി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറും.
പ്രചാരണവേളയില്‍ മലയാളം സംസാരിച്ചത് പ്രിയങ്ക അത്ഭുതപ്പെടുത്തിയിരുന്നു. മലയാള ഭാഷ നന്നായി ഉപയോഗിക്കാനുളള പഠനവും പ്രിയങ്ക തുടങ്ങിക്കഴിഞ്ഞു.
ഫലം പുറത്തുവന്നതിനു പിന്നാലെ വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രിയങ്ക നന്ദി പറഞ്ഞു. ഈ വിജയം നിങ്ങളുടേത് കൂടിയാണ്. ആ തോന്നല്‍ നിങ്ങളിലുണ്ടാക്കുന്ന വിധമാകും എന്റെ പ്രവര്‍ത്തനം. നിങ്ങളിലൊരാളായി കൂടെയുണ്ടാകും. പാര്‍ലമെന്റില്‍ ഞാന്‍ വയനാടിന്റെ ശബ്ദമാകും. പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പാലക്കാട്ടെ പരാജയവും വോട്ട് ചോര്‍ച്ചയും ബിജെപി സംസ്ഥാന നേതൃത്വത്തിന് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടില്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും ആറാം റൗണ്ട് മുതല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയതെങ്കില്‍ ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തില്‍ 18,840 എത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്കും നേതാക്കള്‍ക്കും ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല.
തൃശൂരിലെ വിജയത്തിന് ശേഷമുണ്ടായ ട്രെന്‍ഡ് പാലക്കാട്ട് മുതലെടുക്കാന്‍ സാധിക്കാതെ വന്നതോടെ ബിജെപിയില്‍ ഇനി അഭ്യന്തര പ്രശ്നങ്ങളുടെ കാലമായിരിക്കും. പാലക്കാട്ടെ തോല്‍വി ബിജെപിയില്‍ എന്തൊക്കെ മാറ്റങ്ങള്‍ക്ക് കാരണമായേക്കും എന്നാണ് ഇനി രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുക. കൂടാതെ തോല്‍വിയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും എന്നതും പ്രശ്നമാണ്.
കാലങ്ങളായി പാലക്കാട് സംഘപരിവാര്‍ വേരോട്ടമുള്ള മണ്ണാണ്. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ഭരണം ഇതിന് ഉദാഹരണമാണ്. എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും അനുകൂലമായിട്ടും വീണ്ടും തോല്‍വി രുചിച്ചതിന്റെ ഉത്തരവാദിത്തം നേതൃത്വം ഏറ്റെടുക്കാതെ രക്ഷയില്ല.
വരാനിരിക്കുന്ന സംഘടന തിരഞ്ഞെടുപ്പില്‍ നേതൃമാറ്റത്തിന് തന്നെ ഈ തിരഞ്ഞെടുപ്പ് കാരണമായേക്കാം. നഗരസഭയിലെ വോട്ട് ചോര്‍ച്ച നേതൃത്വത്തിനെതിരെയുള്ള ചോദ്യത്തിന്റെ എണ്ണവും കൂട്ടിയേക്കാം. ഈ ചോദ്യങ്ങള്‍ക്കെല്ലാം സുരേന്ദ്രനും നേതൃത്വവും മറുപടി പറയേണ്ടി വരും.
ആദ്യം മുതല്‍ ശോഭ സുരേന്ദ്രന്റെ പേരാണ് മണ്ഡലത്തില്‍ ഉയര്‍ന്നു വന്നതെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശി കൊണ്ട് മാത്രമാണ് സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. സംസ്ഥാന നേതൃത്വം കൃഷ്ണകുമാറിന്റെ പേര് മുന്നോട്ടു വച്ചപ്പോള്‍ കേന്ദ്ര നേതൃത്വം വഴങ്ങുകയായിരുന്നു.
വലിയ വിഭാഗീയത പ്രശ്നങ്ങളാണ് സി. കൃഷ്ണകുമാറിന് സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നാലെയുണ്ടായത്. ശോഭ സുരേന്ദ്രന് പക്ഷവും സി. കൃഷ്ണകുമാര്‍ പക്ഷവും രണ്ട് ചേരികളിലായിരുന്നു എന്നത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പുറത്തുവന്നിരുന്നു.
കെ. സുരേന്ദ്രനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി തുറന്നു പറഞ്ഞും സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതും ഇനി ബിജെപിയില്‍ ചര്‍ച്ചയാകും. സംഘടന തലപ്പത്ത് നിന്ന് സുരേന്ദ്രനെ മാറ്റാനുള്ള ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുമെന്ന കാര്യത്തില്‍ സംശയമില്ല.
തനിക്കെതിരെ അപകീർത്തികരമായ വീഡിയോ പങ്കുവച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നിയമനടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആർ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന പേരിൽ അപകീർത്തികരമായ വീഡിയോ പങ്കുവച്ച യൂട്യൂബ് ചാനലുകൾക്ക് എആർ റഹ്മാൻ വക്കീൽ നോട്ടീസ് അയച്ചു.
റഹ്മാന്റെ ബാൻഡിലെ മോഹിനി ഡേയുമായി ചേർത്തായിരുന്നു വാർത്തകൾ. ഇതിനെതിരെ റഹ്മാന്റെ മക്കളും മോഹിനി ഡേയും രംഗത്തെത്തിയിരുന്നു. ഇപ്പോൾ അതിൽ പ്രതികരണവുമായി റഹ്മാൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോ 24 മണിക്കൂറിനകം നീക്കണമെന്നാണ് വക്കീൽ നോട്ടീസിലെ ആവശ്യം. വീഡിയോകൾ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹമോചനം പ്രഖ്യാപിച്ചതുമുതൽ ചില മാധ്യമങ്ങളും യൂട്യൂബർമാരും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങൾ പ്രചരിപ്പിച്ചു. ഇവയിലൊന്നും സത്യത്തിന്റെ ഒരു കണികപോലും ഇല്ല എന്നാണ് റഹ്മാൻ പറയുന്നത്. റഹ്മാനെ അപകീർത്തിപ്പെടുത്താൻ സാങ്കൽപ്പികവും വ്യാജവുമായ കഥകൾ കെട്ടിച്ചമക്കുകയാണ് എന്നാണ് വക്കീൽ നോട്ടീസിൽ പറയുന്നത്.
29 വർഷത്തെ ദാമ്പത്യ ജീവിതത്തിന് അവസാനമിട്ടാണ് എആർ റഹ്മാന്റെയും ഭാര്യ സൈറ ബാനു വേർപിരിയുന്നത്. വിവാഹ മോചനം സംബന്ധിച്ച് എ ആർ റഹ്മാനും സെെറ ബാനുവും നേരത്തെ പ്രസ്താവന പുറത്തിറക്കിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളിലേക്ക് കടക്കരുതെന്നും ഇരുവരും അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ വിവാഹമോചന വാർത്തകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങളും അപകീർത്തികരമായവിവരങ്ങളും പ്രചരിച്ചിരുന്നു. 1995ലായിരുന്നു എ.ആർ. റഹ്മാനും സൈറയും വിവാഹിതരായത്. ദമ്പതികൾക്ക് ഖതീജ, റഹീമ, അമീൻ എന്നിങ്ങന്നെ മൂന്നു മക്കളാണ് ഉള്ളത്.
പാലക്കാട്ടെ പ്രസ്റ്റീജ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയം പ്രവചിച്ചവര്‍ ഏറെയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്റെ ജയത്തെക്കുറിച്ച് കാര്യമായ സംശയമൊന്നും ആര്‍ക്കും ഉണ്ടായിരുന്നുമില്ല. പക്ഷേ, പോളിങ് ശതമാനം ഏതാണ്ട് അഞ്ചു ശതമാനം കുറഞ്ഞു. അത് കോണ്‍ഗ്രസിനെ എങ്ങനെ ബാധിക്കും എന്നു ചര്‍ച്ചയായി. ഭൂരിപക്ഷം കുറയുമെന്നു കരുതിയവരെ ഞെട്ടിച്ച കണക്കുകളാണ് വോട്ടെണ്ണല്‍ ദിവസം സ്ക്രീനില്‍ തെളിഞ്ഞത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെക്കാള്‍ 18,715 വോട്ട് കൂടുതല്‍. 2021-ല്‍ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഷാഫി പറമ്പില്‍ ജയിച്ചത്. 2016-ല്‍ ഷാഫിക്ക് കിട്ടിയ 17,483 വോട്ടിന്റെ റെക്കോഡ് മറികടന്ന തിളക്കമാര്‍ന്ന വിജയം രാഹുലിന്.
ടെലിവിഷന്‍ ചര്‍ച്ചകളില്‍ മൂര്‍ച്ചയുള്ള വാദമുഖങ്ങളുമായി കോണ്‍ഗ്രസിനെ പ്രതിരോധിച്ചു താരമായ ഈ പത്തനംതിട്ടക്കാരന് പെട്ടെന്നാണ് യുവനേതാക്കള്‍ക്കിടയില്‍ താരമായി മാറിയത്. ആ താരപ്പകിട്ടു മാത്രമല്ല മിന്നുന്ന ജയം കൈവരിക്കാന്‍ രാഹുലിനെ സഹായിച്ചത്. വടകരയില്‍ ജയിച്ച് പാര്‍ലമെന്റംഗമായതോടെ പാലക്കാട് സീറ്റ് ഒഴിഞ്ഞ ഷാഫി പറമ്പിലിന്റെ ശക്തവും നിര്‍ലോഭവുമായ പിന്തുണ ആദ്യന്തം അദ്ദേഹത്തിനു കിട്ടി. സതീശന് പറഞ്ഞതുപോലെ, ഒന്നാന്തരം ടീം വര്‍ക്ക്. പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഷാഫിയെ ടാര്‍ഗറ്റ് ചെയ്യുകയും ചെയ്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ ജില്ലാ കോണ്‍ഗ്രസിലെ ഒരു വിഭാഗവും എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. നാട്ടുകാരെ ഒഴിവാക്കി പുറത്തു നിന്നയാളെ സ്ഥാനാര്‍ത്ഥിയാക്കിയത് ഷാഫിയാണെന്നാരോപിച്ച് ഡോ.പി.സരിന് പാര്‍ട്ടി വിട്ടു, പിറ്റേന്ന് ഇടതുമുന്നണിയില്‍ ചേര്‍ന്നു. ജയിച്ചത് രാഹുല്‍ ആണെങ്കിലും ഷാഫിയുമുണ്ടായിരുന്നു മത്സരത്തില്‍ എന്നര്‍ത്ഥം.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്, രമേശ് ചെന്നിത്തല, പാലക്കാട് എം.പി വി.കെ.ശ്രീകണ്ഠന്, കെ.സി.വേണുഗോപാല്‍ തുടങ്ങിയ നേതാക്കളെല്ലാം രാഹുലിനെ പിന്തുണച്ചെത്തി. മുസ്ലിം ലീഗടക്കമുള്ള ഐക്യമുന്നണിയിലെ ഘടകകക്ഷികളും ഒറ്റക്കെട്ടായി രാഹുലിനു വേണ്ടി അധ്വാനിച്ചു. തുടക്കത്തിലെ അപസ്വരമൊക്കെ പെട്ടെന്നു തന്നെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കായി. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ് എന്നൊക്കെ പറഞ്ഞു നീരസം പ്രകടിപ്പിച്ചിരുന്ന കെ.മുരളീധരനെയൊക്കെ പ്രചാരണത്തിന് എത്തിക്കാന്‍ അവര്‍ക്കായി. മണ്ഡലത്തില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ തന്നെ പാലക്കാട് നഗരത്തില്‍ ഫ്ലാറ്റു വാങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍ താമസം തുടങ്ങിയതും വോട്ടര്‍മാരെ സ്വാധീനിച്ചു കാണണം. ജയിക്കുമോ എന്ന് സംശയമുള്ളയാള്‍ അതിനു തുനിയില്ലല്ലോ.
അഭൂതപൂര്‍വമായ വിജയം കൈവരിക്കാന്‍ രാഹുലിനെ സഹായിച്ചത് പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലുണ്ടായ വിവാദങ്ങളും സന്ദീപ് വാര്യരുടെ വരവുമാവണം. പ്രത്യേകിച്ച് നീലപ്പെട്ടി വിവാദം. തിരഞ്ഞെടുപ്പില്‍ ചിലവാക്കാന്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന കള്ളപ്പണമാണ് നീലനിറമുള്ള ട്രോളി ബാഗില്‍ എന്നായിരുന്നു സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ ആരോപിച്ചത്. പക്ഷേ, അത് തിരിച്ചടിക്കുകയായിരുന്നു. ബി.ജെ.പിയുമായി പിണങ്ങി നിന്ന യുവനേതാവ് സന്ദീപ് വാര്യരെ ചാക്കിലാക്കാന്‍ നോക്കിയ സി.പി.എം ഒടുവില്‍ അദ്ദേഹം കോണ്‍ഗ്രസില്‍ പോയപ്പോള്‍ കടന്നാക്രമിച്ചതും സാധാരണക്കാര്‍ക്ക് രസിച്ചിട്ടുണ്ടാവില്ല. പ്രത്യേകിച്ച് സുപ്രഭാതത്തിലും സിറാജിലും നല്കിയ ‘വിഷനാവ്’ പരസ്യം. അന്ന് സന്ദീപ് പറഞ്ഞു, സരിന്റെ ഏറ്റവും വലിയ തിരിച്ചടി അതായിരിക്കുമെന്ന്, പരസ്യം ബൂമറാങ്ങാവുമെന്ന്. അതുതന്നെ സംഭവിച്ചു. ‘സന്ദീപ് വാര്യര്‍ ഫാക്ടറി’ന് ലീഡ് വര്‍ധിച്ചതില്‍ വലിയ പങ്കുണ്ടെന്ന് കെ.മുരളീധരന് തന്നെ വ്യക്തമാക്കി.
ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലമായ പാലക്കാട്ട് പാര്‍ട്ടിക്ക് ഒറ്റയടിക്ക് കുറഞ്ഞത് പതിനായിരത്തോളം വോട്ടുകളാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന സി. കൃഷ്ണകുമാറിനെയാണ് ബി.ജെ.പി ഈ ഉപതിരഞ്ഞെടുപ്പിലും പരീക്ഷിച്ചത്. പാലക്കാട്ടു നഗരസഭയിലെ കാവിക്കോട്ടകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കടന്നുകയറിയെന്നത് വ്യക്തമാണ്. മുമ്പ് ആദ്യറൗണ്ടുകളില്‍ നേടാനായിരുന്ന ആധിപത്യം ഇത്തവണ പാര്‍ട്ടിക്ക് നിലനിര്‍ത്താനായില്ല.
കഴിഞ്ഞ തവണ ഇ.ശ്രീധരന് 49,155 വോട്ടുകള്‍ നേടിയിരുന്നു, കൃഷ്ണകുമാറിന് കിട്ടിയത് 39,529 വോട്ടുകള്‍. മൂന്നാമതെത്തിയ സരിനെക്കാള്‍ (37,458) രണ്ടായിരം വോട്ടിന്റെ മുന്‍തൂക്കം. കഴിഞ്ഞ തവണ ഈ അന്തരം 13,533 വോട്ടുകളായിരുന്നു!
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഷാഫി ജയിച്ചതിനു കാരണം ശ്രീധരന് ജയിക്കാതിരിക്കാന്‍ സി.പി.എം വോട്ടു മറിച്ചതാണെന്ന അഭ്യൂഹമുണ്ടായിരുന്നു. ഇത്തവണ മത്സരപലം വന്നപ്പോള്‍ എം.വി.ഗോവിന്ദന് പറഞ്ഞത് നഗരമേഖലയില്‍ ബി.ജെ.പി, കോണ്‍ഗ്രസിനു വോട്ടു മറിച്ചെന്നാണ്! മാത്രമല്ല, എസ്.ഡ്.പി.ഐയും ജമാ അത്തെ ഇസ്ലാമിയും പോലുളള വര്‍ഗീയ കക്ഷികളും യു.ഡി.എഫിനു വോട്ടു ചെയ്തെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ചേലക്കരയിലെ വിജയം ഭരണവിരുദ്ധ വികാരമില്ലെന്നു സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സഹായകമായി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ.രാധാകൃഷ്ണന് നേടിയതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ പ്രദീപ് ജയിച്ചത് സര്‍ക്കാരിന് നല്കുന്ന ആശ്വാസം ചില്ലറയല്ല.
സ്ഥാനാര്‍ത്ഥി പ്രഖ്യാപന നാളുകളില്‍ ശോഭാ സുരേന്ദ്രന്റെ ഫ്ളക്സ് ചില പ്രവര്‍ത്തകര്‍ വെച്ചതും അത് കത്തിക്കപ്പെട്ടതും വാര്‍ത്തയായിരുന്നു. ശോഭയെപ്പോലെ ശക്തയായ സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ കേരള നിയമസഭയില്‍ വീണ്ടും ബി.ജെ.പിക്ക് പ്രതിനിധി ഉണ്ടാവുമായിരുന്നു എന്ന് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം കരുതുന്നു. സന്ദീപ് പ്രശ്നത്തില്‍ കുറേക്കൂടി മാന്യമായി ഇടപെട്ടിരുന്നെങ്കില്‍ അദ്ദേഹം പാര്‍ട്ടി വിടില്ലായിരുന്നുവെന്ന് അവര്‍ പറയുന്നു. അതേ സമയം, സന്ദീപ് പോയത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ ഇല്ലാതാക്കി ഒറ്റക്കെട്ടാവാന്‍ പാര്‍ട്ടിയെ സഹായിച്ചെന്നു കരുതുന്നവരുമുണ്ട്. കൃഷ്ണകുമാര്‍ ശോഭയെയും മെട്രോമാനെയും പോലെ സെലിബ്രിറ്റി അല്ലാത്തതിനാല്‍ നിശബ്ദമായി മുന്നേറ്റം നടത്താനാവുമെന്നും അവസാനനിമിഷം അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ വോട്ടുമറിക്കലുകള്‍ ഉണ്ടാവില്ലെന്നും കണക്കു കൂട്ടിയവരുമുണ്ട്. പക്ഷേ, വോട്ടെണ്ണല്‍ ദിവസത്തെ റിയാലിറ്റി ചെക്ക് അവര്‍ക്ക് കടുത്ത ആഘാതമായിട്ടുണ്ടാവണം.
2016-ല്‍ മത്സരിക്കുമ്പോള്‍ ശോഭ പാര്‍ട്ടിയുടെ വോട്ടുവിഹിതം 19.86 ശതമാനത്തില്‍ നിന്ന് 29.08 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2021 ആയപ്പോള്‍ മെട്രോമാന് ശ്രീധരന് അത് 35.34 ശതമാനമാക്കി. ഈ രണ്ടു തവണയും സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ മികവ് വോട്ടിങ് ശതമാനത്തില്‍ പ്രതിഫലിച്ചെന്നു വ്യക്തം. പക്ഷേ, പാര്‍ട്ടി സംസ്ഥാനനേതൃത്വം വ്യക്തിപരമായ പ്രാഗത്ഭ്യം നോക്കാതെ പക്ഷപാതം കാട്ടിയതാണ് തോല്‍വിക്ക് കാരണമെന്ന് സുരേന്ദ്രന്റെ വിരുദ്ധചേരിയിലുള്ളവര് പറയുന്നു. ‘ഇ.ശ്രീധരന് ലഭിച്ച വോട്ടുകള്‍ വ്യക്തിപരമാണ്. ശ്രീധരന് അടുത്തുനില്ക്കാന് പോലും താന്‍ യോഗ്യനല്ല. ഇതുവരെ കാണാത്ത വര്‍ഗീയ ധ്രുവീകരണം പാലക്കാട് ഉണ്ടായി’ എന്ന് സി.കൃഷ്ണകുമാര്‍ പറഞ്ഞു.
ബി.ജെ.പി പ്രതീക്ഷിച്ച പോലെ മുനമ്പം വിഷയം തിരഞ്ഞെടുപ്പില്‍ ചലനമൊന്നും ഉണ്ടാക്കിയില്ല. ബി.ജെ.പിക്കനുകൂലമായി ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണം ഉണ്ടാവുമെന്ന വിചാരം അസ്ഥാനത്തായി. അതേസമയം, ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി യു.ഡി.എഫിനു പിന്നില്‍ അണി നിരക്കുകയും ചെയ്തു. എന്തായാലും ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിനെതിരായ പടയ്ക്ക് ശക്തി വര്‍ധിക്കുകയാണ്.
കേരളം ഉറ്റു നോക്കി കൊണ്ടിരുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിരിക്കുന്നു.വയനാട് മണ്ഡലത്തിൽ പ്രിയങ്ക വൻ ഭൂരിപക്ഷത്തോടെ ഏകദേശം അഞ്ചുലക്ഷത്തിലധികം വോട്ടുകൾ നേടി. രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷത്തേക്കാൾ മികച്ച ഭൂരിപക്ഷം നേടിയാണ് മണ്ഡലം നിലനിർത്തിയത്.
ഷാഫി പറമ്പിലിന്റെ പിൻഗാമിയായി എത്തിയ രാഹുൽ മാങ്കുട്ടത്തിൽ പ്രതീക്ഷിക്കാത്ത വിജയമാണ് കാഴ്ചവച്ചിരിക്കുന്നത് . മണ്ഡലത്തിൽ യുഡിഫിനു ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. പലപ്പോഴും യുഡിഫും ബിജെപിയും ഇഞ്ചോടിഞ്ചു പോരാടിയെങ്കിലും 11ആം റൌണ്ട് എണ്ണിത്തുടങ്ങിയപ്പോഴേക്കും വ്യക്തമായ ലീഡ് നേടി മുന്നേറുകയായിരുന്നു. എൽഡിഫിന്റെ സ്ഥാനാർഥി ഒരു ഘട്ടത്തിലും മുൻപോട്ടു വന്നില്ല പാർട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ പോലും ശക്തമായ എതിരാളിയാവാൻ കഴിയാതെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഭരണവിരുദ്ധ വികാരങ്ങൾ ഒന്നും തന്നെ നിലനിൽക്കുന്നില്ല എന്ന് തെളിയിക്കാൻ എൽഡിഫിന് ചേലക്കര മണ്ഡലത്തിലൂടെ കഴിഞ്ഞു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും പുറകിൽ പോകാതെ ആദ്യം തന്നെ ചിത്രം തെളിഞ്ഞ മണ്ഡലമാണ് ചേലക്കര. എന്നെ സ്നേഹിക്കുന്നവർ എൽഡിഫിന് വോട്ടു കൊടുക്കണം യു ആർ പ്രദീപിന് വോട്ടുകൊടുക്കണം എന്ന രാധകൃഷ്ണന്റെ വാക്കുകളെ ജനം അംഗീകരിച്ചു ഇല്ലെങ്കിൽ ജനങ്ങൾ രാധാകൃഷ്ണനെ സ്നേഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അവിടുത്തെ ഫലം. ഒരു ഘട്ടത്തിലും രമ്യഹരിദാസിന് മുൻപോട്ട് കടന്നു വരാൻ കഴിഞ്ഞില്ല.
പാലക്കാട് വേട്ടെണ്ണല്‍ മൂന്നാം റൗണ്ട് പിന്നിടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ 1228 വോട്ടുകള്‍ക്ക് മുന്നിലെത്തി. തുടക്കം മുതല്‍ ബിജെപി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറായിരുന്നു മുന്നില്‍. അത് മറികടന്നാണ് രാഹുലിന്റെ മുന്നേറ്റം.
വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ കുതിപ്പ് തുടരുന്നു. വോട്ടെണ്ണല്‍ തുടങ്ങി ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ലീഡ് 60,000 കടന്നു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര് പ്രദീപിന്റെ മുന്നേറ്റം തുടരുകയാണ്. 4315 വോട്ടുകള്‍ക്കാണ് പ്രദീപ് ലീഡ് ചെയ്യുന്നത്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ പാലക്കാട് ബിജെപിയും ചേലക്കരയില്‍ എല്‍ഡിഎഫും വയനാട്ടില്‍ യുഡിഎഫുമാണ് മുന്നിട്ട് നിന്നത്. ഇപ്പോള്‍ പാലക്കാട് സ്ഥിതി മാറുന്ന കാഴ്ചയാണ് കാണുന്നത്.
കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലെ ജനവിധി നാളെ അറിയാം. സംസ്ഥാനത്ത് വയനാട് ലോക്സഭ സീറ്റിലും ചേലക്കര, പാലക്കാട് അസംബ്ലി മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. നാളെ രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. പത്തോടെ വിജയികള്‍ ആരാണ് എന്നതില്‍ വ്യക്തതയുണ്ടാകും.
രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്ന് ഒഴിവ് വന്ന വയനാട് സീറ്റില്‍ സഹോദരി പ്രിയങ്ക ഗാന്ധിയെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. സിപിഐ നേതാവ് സത്യന് മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലര്‍ നവ്യ ഹരിദാസിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. ചേലക്കരയില്‍ യു.വി പ്രദീപ് (എല്‍ഡിഎഫ്), രമ്യ ഹരിദാസ് ( യുഡിഎഫ്), ബാലകൃഷ്ണന് (ബിജെപി) എന്നിവരും, പാലക്കാട് ഡോ. പി സരിന് (എല്‍ഡിഎഫ്),
രാഹുല്‍ മാങ്കൂട്ടത്തില്‍ ( യുഡിഎഫ്), സി കൃഷ്ണകുമാര്‍ (ബിജെപി) എന്നിവരുമാണ് ജനവിധി തേടിയത്. വീറുറ്റ പോരാട്ടം നടന്ന പാലക്കാട് ഇത്തവണ വിജയം ഉറപ്പാണെന്നാണ് മൂന്നു മുന്നണികളുടെയും അവകാശവാദം.
കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയില്‍നിന്ന് അതിവേഗം തിരിച്ചുകയറി വിപണി. സെന്‍സെക്സ് 1,961.32 പോയന്റ് നേട്ടത്തില്‍ 79,117.11ലും നിഫ്റ്റി 557.40 പോയന്റ് ഉയര്‍ന്ന് 23,907.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് തൊഴില്‍ വിപണിയിലെ മുന്നേറ്റമാണ് വെള്ളിയാഴ്ച വിപണിയെ തുണച്ചത്. ഐടി ഓഹരികള്‍ കുതിപ്പില്‍ മുന്നില്‍നിന്നു.
ഇതോടെ നിക്ഷേപകരുടെ സമ്പത്തില്‍ 7.2 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 432.55 ലക്ഷം കോടിയായി.
ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഇന്‍ഫോസിസ്, ഐടിസി, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് സെന്‍സെക്സിലെ കുതിപ്പിന് പിന്നില്‍. ഐടിസി, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികളും വിപണിയെ തുണച്ചു.
എല്ലാ സെക്ടറല്‍ സൂചികളും നേട്ടത്തിലാണ്. പൊതുമേഖല, റിയാല്‍റ്റി സൂചികകള്‍ മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. ധനകാര്യ സേവനം, എഫ്എംസിജി, ഐടി, മെറ്റല്‍, ഹെല്‍ത്ത്കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ 1-2 ശതമാനം നേട്ടത്തിലാണ്. കൈക്കൂലി-തട്ടിപ്പ് ആരോപണങ്ങളെ തുടര്‍ന്ന് തിരിച്ചടി നേരിട്ട അദാനി ഓഹരികളും നേട്ടമുണ്ടാക്കി.
ഉയര്‍ന്ന നിലവാരത്തില്‍നിന്ന് നിഫ്റ്റി 11 ശതമാനവും മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 12%, 9%വും ഇടിവാണ് നേരിട്ടത്. താഴ്ന്ന നിലവാരത്തില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ തിടുക്കംകൂട്ടിയതും വിപണിക്ക് തുണയായി.
പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തി മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്നു. എം.കെ ജ്വല്ലറി ഉടമ കിണാത്തിയിൽ യൂസഫ് (50), അനുജൻ ഷാനവാസ് എന്നിവരാണ് കവർച്ചക്കിരയായത്.
പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ അലങ്കാർ തിയേറ്ററിന് സമീപം രാത്രി 8.45-നാണ് സംഭവം. പതിവുപോലെ ജൂവലറി അടച്ചശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന . കാറിൽ ഇരുവരെയും പിന്തുടർന്നെത്തിയ സംഘം ആദ്യം കാറുപയോഗിച്ച് സ്കൂട്ടർ ഇടിച്ചിടുകയായിരുന്നു. അലങ്കാർ കയറ്റത്തിലെ വളവിൽ ഇവരുടെ വീടിന് മുന്നിലെ ഗെയിറ്റിൽ സ്കൂട്ടർ എത്തിയ ഉടനെയായിരുന്നു ആക്രമണം. കാർ ഇടിച്ചതോടെ സ്കൂട്ടർ മറിഞ്ഞു. കാറിലുണ്ടായിരുന്നവർ യൂസഫിന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്തിടിക്കുകയും ചെയ്തശേഷം സ്വർണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് ചെർപ്പുളശ്ശേരി ഭാഗത്തേക്കുവന്ന കാറിൽത്തന്നെ കടന്നു. കാറിനുള്ളിൽ എത്ര പേരുണ്ടായിരുന്നു എന്ന് വ്യക്തമായിട്ടില്ല.
പരിക്കേറ്റ യൂസഫ് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പെരിന്തൽമണ്ണ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഊട്ടി റോഡിലെ കെ.എം. ജൂവലറി ബിൽഡിങ് ഓടിട്ട കെട്ടിടത്തിലായതിനാൽ ആഭരണണങ്ങൾ കടയിൽ സൂക്ഷിക്കാതെ രാത്രി ഉടമയുടെ വീട്ടിലേക്ക് ബാഗിലാക്കി കൊണ്ടുപോകുകയാണ് പതിവ്. ഇത് വ്യക്തമായി അറിയുന്നവരാകും കവർച്ചയ്ക്ക് പിന്നിലെന്നാണ് സംശയം. നഷ്ടപ്പെട്ട സ്വർണത്തിന് രണ്ടരക്കോടി രൂപയിലധികം വിലവരും.