India

ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഭയന്ന് പുറത്തേക്ക് ചാടിയ ആറ് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രിയിലെ ജല്‍ഗാവിലാണ് അപകടം. സമീപത്തെ ട്രാക്കിലൂടെ വന്ന മറ്റൊരു ട്രെയിന്‍ ഇടിച്ചാണ് എട്ട് പേരും മരിച്ചത്. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് വരുന്ന പുഷ്പക് എക്സ്പ്രസിന്റെ ബോഗികളിലൊന്നില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടു എന്ന സംശയത്തിലാണ് യാത്രക്കാര്‍ ചാടിയതെന്നാണ് വിവരം.

എന്നാല്‍ ട്രെയിനില്‍ തീപിടിത്തമുണ്ടായി എന്ന വിവരം റെയില്‍വേ സ്ഥിരീകരിച്ചിട്ടില്ല. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോള്‍ ചക്രത്തില്‍ നിന്ന് പുക ഉയര്‍ന്നതാണെന്നും ഇത് കണ്ട് തീപിടിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് യാത്രക്കാര്‍ ചാടിയതെന്നുമാണ് റിപ്പോര്‍ട്ട്.

ഇരുപത്തഞ്ചോളം ആളുകളാണ് ഇത്തരത്തില്‍ ചാടിയത്. ഇവര്‍ ചാടിയ ഉടനെ എതിര്‍ ദിശയിലെ ട്രാക്കിലൂടെ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചാണ് എട്ട് പേര്‍ മരിച്ചത്. പതിനാറോളം പേരെ ട്രെയിന്‍ ഇടിച്ചെന്നാണ് പുറത്തു വരുന്ന വിവരം.

ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ.സുധാകരനെ ഹൈക്കമാന്‍ഡ് മാറ്റിയേക്കും. അടൂര്‍ പ്രകാശ്, റോജി എം. ജോണ്‍, ബെന്നി ബെഹനാന്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരുടെ പേരുകളാണ് പകരം പരിഗണിക്കപ്പെടുന്നത് എന്നറിയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് പുതിയ പ്രസിഡന്റിനെ നിയമിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്. അതേസമയം, ആഭ്യന്തര പ്രശ്‌നങ്ങളും നേതൃത്വപ്രതിസന്ധിയും പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വെല്ലുവിളിയാകുമെന്ന ആശങ്കകളും ശക്തമാണ്.

വളരെ അനുകൂലമായ രാഷ്ട്രീയസാഹചര്യമുള്ള സമയത്ത് നടന്ന കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ രാഷ്ട്രീയകാര്യ സമിതി യോഗം പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ രൂക്ഷമാക്കി എന്ന തോന്നലാണ് പൊതുവേ. എ.ഐ.സി.സി സെക്രട്ടറിമാരായ ദീപ ദാസ് മുന്‍ഷിയും കെ.സി.വേണുഗോപാലും പങ്കെടുത്ത ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ ഭിന്നതകള്‍ തുറന്നു കാട്ടുന്നതായിരുന്നു. കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലുള്ള വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് നേതാക്കള്‍ക്കു തന്നെ അഭിപ്രായമുണ്ട്. സുതാര്യമായ സംവാദത്തിലൂടെ ഭിന്നതകള്‍ പരിഹരിക്കാന്‍ നേതൃത്വം പരാജയപ്പെട്ടതായി നിരീക്ഷകര്‍ പറയുന്നു. ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന, പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയായി വിലയിരുത്തപ്പെടുന്നുണ്ട്. ഇക്കാര്യം കെ.സി. വേണുഗോപാലും ദീപ ദാസ് മുന്‍ഷിയും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്‌തേക്കും.

കെ.പി.സി.സി അധ്യക്ഷനെ നീക്കണമെന്ന ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സുധാകരന്‍ പറഞ്ഞത് കെ.പി.സി.സി അധ്യക്ഷ പദവിയില്‍ കടിച്ചുതൂങ്ങാന്‍ തനിക്കു താത്പര്യമില്ലെന്നും ഹൈക്കമാന്‍ഡിന് യുക്തമായ തീരുമാനമെടുക്കാം എന്നുമാണ്. കെ.പി.സി.സി അധ്യക്ഷസ്ഥാനമോ, മുഖ്യമന്ത്രി പദവിയോ തന്റെ വലിയ സ്വപ്നമായിരുന്നില്ല. ആറേഴു വയസ്സു മുതല്‍ സി.പി.എമ്മിനെതിരെ പൊരുതുന്ന താന്‍ പോരാട്ടം തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല, പക്ഷേ, പാര്‍ട്ടിയെ നയിക്കാനുണ്ടാവും. കെ.പി.സി.സി അധ്യക്ഷന്‍ മാറുന്നു എന്നതിന് പ്രതിപക്ഷ നേതാവും മാറും എന്നര്‍ഥമില്ല- സുധാകരന്‍ പറഞ്ഞു. അതേസമയം, സുധാകരന്‍ കെ.പി.സി.സിയെ നയിക്കാന്‍ യോഗ്യനായ കഴിവുറ്റ നേതാവാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കെ.സുധാകരനും വി.ഡി.സതീശനും തമ്മില്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാത്തത് പാര്‍ട്ടിക്കു ക്ഷീണം ചെയ്യുന്നതായി ദീപ ദാസ്ദാ മുൻഷി കരുതുന്നു. നേതാക്കളുമായി അവര്‍ ഒറ്റയ്‌ക്കൊറ്റയ്ക്കാണ് ചര്‍ച്ച നടത്തിയത്. പലരും നേതൃമാറ്റം ആവശ്യപ്പെട്ടു. ഒരുമിച്ചിരുന്നു ചര്‍ച്ച നടത്തിയാല്‍ അഭിപ്രായങ്ങള്‍ തുറന്നു പറയാനാവാത്ത സാഹചര്യമാണെന്നതിന് വേറെ തെളിവു വേണ്ടല്ലോ- ഒരു നേതാവ് പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിക്കു ശേഷം വിളിച്ചുചേര്‍ക്കാനിരുന്ന സംയുക്ത പത്രസമ്മേളനം വേണ്ടെന്നു വെച്ചത് പാര്‍ട്ടിയിലെ അനൈക്യം ശക്തിയായി തുടരുന്നതിന്റെ ലക്ഷണമാണ്.

കോണ്‍ഗ്രസിന്റെ 21 സിറ്റിംഗ് സീറ്റുകള്‍ക്കു പുറമേ, പാര്‍ട്ടിക്ക് വിജയസാധ്യതയുളള 63 മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വി.ഡി.സതീശന്‍ പറഞ്ഞതിനെ എ.പി.അനില്‍കുമാര്‍ നിശിതമായി ആക്രമിക്കുകയായിരുന്നു. കെ.സി പക്ഷക്കാരനായ അനില്‍ എവിടെ നിന്നാണ് ഈ വിവരം, ആരു പറഞ്ഞിട്ടാണ് സര്‍വേ നടത്തിയത്, ഏതൊക്കെയാണ് സീറ്റുകള്‍, ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ആരാണ് ചുമതലപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ സതീശന് മറുപടിയുണ്ടായില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ദീപയും കെ.സി. വേണുഗോപാലും വ്യക്തമാക്കുകയും ചെയ്തു. സതീശനെ പിന്തുണയ്ക്കാന്‍ അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ യുവനേതാക്കള്‍ പോലും രംഗത്തു വന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

നേരത്തേ, മുതിര്‍ന്ന നേതാവ് ശൂരനാട് രാജശേഖരന്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷനേതാവിന്റെ വസതി സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് അപ്രാപ്യമായെന്ന് ആരോപിച്ചിരുന്നു. പക്ഷേ, ഉദാഹരണങ്ങള്‍ നിരത്താന്‍ പറഞ്ഞപ്പോള്‍ പരുങ്ങിയ ശൂരനാട് ക്ഷമ പറഞ്ഞ് തലയൂരുകയായിരുന്നു. വി.ഡി.സതീശന്‍ പിന്തുടരുന്ന കര്‍ശനമായ രീതികളെ അഹങ്കാരമായി വ്യാഖ്യാനിക്കുന്നവരുമുണ്ട് കെ.പി.സി.സിയില്‍. അവഗണനയില്‍ വളരെ നിരാശരാണ് ചില മുതിര്‍ന്ന നേതാക്കള്‍. എല്ലാവരെയും ഒരുമിച്ചുകൊണ്ടു പോകാന്‍ പ്രതിപക്ഷനേതാവ് വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്.

മൊബൈൽ ഫോൺ വാങ്ങി വച്ചതിന്റെ പേരിൽ പ്രിൻസിപ്പലിനു നേരെ പ്ലസ് വൺ വിദ്യാർഥിയുടെ വധഭീഷണി. ‘പുറത്തു കിട്ടിയാൽ കൊന്നിടും’ എന്ന ഭീഷണിയുടെ വിഡിയോ ഞെട്ടലോടെയാണു നാടു കണ്ടത്. ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപകരെയും രക്ഷിതാക്കളെയും നാട്ടുകാരെയും ഞെട്ടിച്ച സംഭവം. വെള്ളിയാഴ്ചയാണു സംഭവമുണ്ടായതെങ്കിലും ചൊവ്വാഴ്ച വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്ന വിദ്യാർഥിയിൽ നിന്ന് അതു പിടിച്ചുവാങ്ങി വച്ചതിനാണു പ്രിൻസിപ്പൽ എ.കെ.അനിൽകുമാറിനു നേരെ അദ്ദേഹത്തിന്റെ മുറിയിൽ വച്ചു വിരൽ ചൂണ്ടി കയർത്ത് വധഭീഷണി മുഴക്കിയത്. പിടിഎ ഭാരവാഹികൾ തൃത്താല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ പാടില്ലെന്നു പിടിഎ തീരുമാനിച്ചതാണെന്നും ഫോൺ കൊണ്ടുവരുന്ന വിദ്യാർഥികളിൽ നിന്ന് അതു വാങ്ങിവച്ച് രക്ഷിതാക്കളെ വിളിച്ചു വരുത്തി തിരികെ നൽകുകയാണു പതിവെന്നും പിടിഎ പ്രസിഡന്റും ആനക്കര പഞ്ചായത്ത് അംഗവുമായ വി.പി.ഷിബു പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച സ്കൂളിൽ അടിയന്തര പിടിഎ യോഗം വിളിച്ചിട്ടുണ്ട്.

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി. പരിഗണന നല്‍കിയ സംഭവത്തില്‍ രണ്ട് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

മധ്യമേഖല ജയില്‍ ഡിഐജി അജയ കുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.. ജയില്‍ ആസ്ഥാന ഡിഐജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി.

ജയിലില്‍ ബോബിയെ കാണാന്‍ വിഐപികള്‍ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. കൂടാതെ, മറ്റ് പരിഗണനകള്‍ ബോബിക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ വിഷയത്തിലാണ് ജയില്‍ ആസ്ഥാന ഡിഐജി ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഒരു തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് വിഐപികള്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇവര്‍ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു.

കഠിനംകുളം പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് തേടുന്നുണ്ട്. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്.

‘ഷാരോൺ അനുഭവിച്ചത് വലിയ വേദന, സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നൽകുന്നത്. ഇത്തരം കേസുകളിൽ പരമാവധി ശിക്ഷ നൽകരുതെന്ന് നിയമം ഒന്നുമില്ല. ക്രിമിനൽ പശ്ചാത്തലമില്ല എന്ന വാദം കണക്കിലെടുക്കാൻ സാധിക്കില്ല’. കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ചുകൊണ്ട് കോടതി പറഞ്ഞ വാക്കുകളാണിത്. ഈ കേസിൽ ശിക്ഷ വിധിച്ചതോടെ സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ സ്ത്രീയാണ് ഗ്രീഷ്മ.

ഇതിന് മുമ്പ് കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിധുകുമാരൻ തമ്പി വധക്കേസിൽ 2006 മാർച്ചിലാണ് ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത്. രണ്ടാമത് വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ ഒന്നാം പ്രതിയായ റഫീക്ക ബീവിക്കാണ് വധശിക്ഷ ലഭിച്ചത്. റഫീക്കാ ബീവിക്കും ഗ്രീഷ്മയ്ക്കും വധ ശിക്ഷവിധിച്ചത് നെയ്യാറ്റിക്കര അഡീഷണൽ സെഷൻസ് കോടതി തന്നെയാണ്. മാത്രമല്ല, രണ്ട് കേസിലും അഡിഷണൽ ജില്ലാ ജഡ്ജി എഎം ബഷീർ തന്നെയാണ് വിധി പറഞ്ഞതെന്നത് മറ്റൊരു പ്രത്യേകതയും.

2006ൽ ആയിരുന്നു വിധുകുമാരൻ തമ്പി വധക്കേസിൽ പ്രതിയായ ബിനിതയ്ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. അന്ന് ബിനിതയ്ക്ക് 35 വയസായിരുന്നു. കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച വധശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമായി കുറച്ചു. ബിനിത ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലാണ്. തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരൻ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്സായിരുന്ന കാമുകൻ രാജുവും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കിടത്തി കൊണ്ടുപോയി ഊട്ടിക്കടുത്ത് കൊക്കയിൽ തള്ളുകയായിരുന്നു.

ഇന്ന് ഷാരോൺ കേസിൽ വധശിക്ഷ വിധിച്ചതോടെ 55 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽമാത്രം 25പേർ. ഒടുവിൽ വധശിക്ഷ നടപ്പാക്കിയത് 33വർഷം മുമ്പായിരുന്നു. ചുറ്റിക കൊണ്ട് 14പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ റിപ്പർചന്ദ്രനെ 1991ലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. പൂജപ്പുരയിൽ 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവിൽ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്‌

തളിപ്പറമ്പ് കുപ്പത്ത് നിന്ന് മോഷണംപോയ ക്രെയിൻ കണ്ടെത്തി. കോട്ടയത്ത് നിന്നാണ് ക്രെയിൻ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതലാണ് ദേശീയപാത നിർമാണത്തിനെത്തിച്ച ക്രെയിൻ കാണാതായത്. ദേശീയപാത നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് മോഷണംപോയത്.

ദേശീയപാതയിൽ കുപ്പം പാലത്തിൻ്റേയും മറ്റും ജോലികൾക്കായി നിർത്തിയിട്ടതായിരുന്നു. കെ.എൽ. 86 എ 9695 നമ്പർ ക്രെയിനാണ് മോഷണം പോയത്. അതിനിടെ, ക്രെയിൻ മോഷ്ടിച്ചുകൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. എഞ്ചിനിയർ സൂരജ് പോലീസിൽ പരാതി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ക്രെയിൻ കണ്ടെത്തിയത്.

ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി ഋതു ജയന്റെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തനിലയില്‍. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. സംഭവത്തിനുശേഷം ഋതുവിന്റെ അമ്മ വീട്ടില്‍ നിന്നും മാറി. വീടിന്റെ ജനലുകളും കോലായയിലെ കോണ്‍ക്രീറ്റ് സ്ലാബും കസേരയും അക്രമികള്‍ അടിച്ചുതകര്‍ത്ത നിലയിലാണുള്ളത്.

പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരെയാണ് അയല്‍വാസിയായ ഋതു വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ക്കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ വിനിഷയുടെ ഭര്‍ത്താവ് ജിതിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഒരു ശസ്ത്രക്രിയയ്ക്ക് ജിതിനെ വിധേയനാക്കിയിരുന്നു.

17കാരി ഗർഭിണിയായതിൽ കാമുകൻ അറസ്റ്റിൽ.പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്ന ഏനാത്ത് സ്വദേശി ശരണ്‍ മോഹന്റെ വീട്ടിൽ അടുത്തിടെ പെണ്‍കുട്ടി ഒരുമിച്ച്‌ താമസമാരംഭിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവിടെയെത്തി ഒത്തുതീര്‍പ്പ് നടത്തി കുട്ടിയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു.

18 വയസ്സ് തികയുമ്ബോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് രണ്ട് വീട്ടുകാരും സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒത്തുതീര്‍പ്പ്.എന്നാല്‍ വീട്ടില്‍ തിരികെ എത്തിയതിന് പിന്നാലെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പോക്‌സോ കേസ് ചുമത്തി ബലാത്സംഗ കേസില്‍ ശരണിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രണയബന്ധത്തിലായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് ശരണിനെതിരായ കേസ്. ഏനാത്ത് പൊലീസ് ആണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.പെണ്‍കുട്ടി പത്താം ക്ലാസ് പഠനത്തിന് ശേഷം അവധിക്കാലത്ത് സമീപത്തെ ഒരു തുണിക്കടയില്‍ ജോലിക്ക് പോയിരുന്നു. ഈ സമയത്തെ പരിചയമാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിലേക്ക് എത്തിയത്.

വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാന്‍ സാദ്ധ്യതയില്ലെന്ന് തോന്നിയതിനാലാണ് കുട്ടി ശരണിന്റെ വീട്ടിലെത്തി ഒരുമിച്ച്‌ താമസം തുടങ്ങിയത്. കുട്ടിയെ തിരികെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് പ്രായപൂര്‍ത്തിയായ ശേഷം വിവാഹം നടത്താമെന്ന ധാരണയില്‍ എത്തിയത്.

വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംശയം തോന്നി വൈദ്യപരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.ഇതോടെ ബലാത്സംഗ കേസ് നല്‍കുകയും ചെയ്തു. ശരണിനെ വീട്ടില്‍ നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. നാല്‍പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.

മരണങ്ങളുടെ വിശദീകരിക്കാനാകാത്ത സ്വഭാവം ആശങ്കാജനകമാണ്. രോഗകാരണം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. പ്രശ്നം പരിഹരിക്കാന്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും യോഗത്തില്‍ ഒമർ അബ്ദുള്ള പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിനും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ മന്ത്രി സക്കീന, ചീഫ് സെക്രട്ടറി അടല്‍ ദുല്ലൂ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല.

ഇത് സാംക്രമികരോഗമാണെന്ന് കരുതാവുന്ന സാഹചര്യമില്ലെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജമ്മു കശ്മീര്‍ ആരോഗ്യ വകുപ്പും മറ്റ് വകുപ്പുകളും വിഷയത്തിൽ അന്വേഷണം നടത്തിയെങ്കിലും മരണങ്ങൾ സംബന്ധിച്ച് ശരിയായ വസ്തുതകള്‍ കണ്ടെത്താനായില്ലെന്ന് കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കി.

കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏര്‍പ്പെടുത്തിയ വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved