India

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ സീനിയര്‍ അഭിഭാഷകനായ എസ്. ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വക്കാലത്ത് അവസാനിപ്പിക്കുന്നതെന്ന് കുടുംബം വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യം കുടുംബത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമാണ്. തങ്ങള്‍ ആവശ്യപ്പെട്ടത് സിബിഐ അന്വേഷണം മാത്രമാണെന്നും കുടുംബം അറിയിച്ചു. സിബിഐ അന്വേഷണമല്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നായിരുന്നു നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം എന്ന ആവശ്യത്തെ സര്‍ക്കാരും എതിര്‍ത്തില്ല.

പ്രത്യേക അന്വേഷണസംഘം നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സിബിഐയോ അതല്ലെങ്കില്‍ ക്രൈംബ്രാഞ്ചോ അന്വേഷണം നടത്തണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ കൈ ബന്ധിച്ചിരിക്കുകയാണെന്നും സീനിയര്‍ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ വാദിച്ചു. സിബിഐ അന്വേഷണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് തള്ളിയതിനെതിരായ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. വസ്തുതകള്‍ ശരിയായി വിശകലനം ചെയ്യാതെയാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതെന്നാണ് അപ്പീലിലെ വാദം.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റവതരണം നിയമസഭയില്‍ പൂര്‍ത്തിയായി. ഈ വര്‍ഷം അവസാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അടുത്ത വര്‍ഷം പകുതിയോടെ നിയമസഭയിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

സമൂഹ്യ ക്ഷേമ പെന്‍ഷന്‍ 150 രൂപയെങ്കിലും കൂട്ടി 1750 ആക്കും എന്ന് വ്യാപക പ്രചരണമുണ്ടയിരുന്നെങ്കിലും ബജറ്റില്‍ ഒരു രൂപ പോലും കൂട്ടിയില്ല. മൂന്നു മാസത്തെ കുടിശിക നല്‍കും. കൃഷിയും ആരോഗ്യവുമടക്കം ചില മേഖലകള്‍ക്ക് ഗുണകരമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും ബജറ്റ് പൊതുവേ നിരാശാജനകമെന്ന വിലയിരുത്തലാണ് വരുന്നത്.

അതിനിടെ ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചത് തിരിച്ചടിയായി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതിയും വര്‍ധിപ്പിച്ചു. 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്ര വാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു. എന്നാല്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനം കുറച്ചു. 150 കോടി രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ട് കോടതി ഫീസും കൂട്ടി.

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോക കേരള കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമ ബത്ത ഏപ്രിലിലെ ശമ്പളത്തില്‍ നല്‍കും.

എല്ലാ ജില്ലാ ആശുപത്രികളിലും സ്ട്രോക് യൂണിറ്റ് ആരംഭിക്കും. ഇതിനായി 21 കോടി വകയിരുത്തി. മജ്ജ മാറ്റി വയ്ക്കലിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗകര്യം ഒരുക്കും. പാമ്പുകടി മരണങ്ങള്‍ ഒഴിവാക്കാന്‍ 25 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ആള്‍ താമസമില്ലാതെ കിടക്കുന്ന വീടുകള്‍ കണ്ടെത്തി ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ‘കെ ഹോംസ്’ എന്ന പേരില്‍ പ്രത്യേക പദ്ധതി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചു. ടൂറിസ്റ്റുകള്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് ഇത്.

വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകുമെന്നാണ് ധനമന്ത്രി പറയുന്നത്. ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ച് കോടി രൂപ വകയിരുത്തി.

വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജലഗതാഗത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാന്‍ 50 കോടി രൂപയും പ്രഖ്യാപിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി. ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപയും നല്‍കും. വ്യവസായങ്ങള്‍ക്കുള്ള ഭൂമിക്കായി ക്ലിക്ക് പോര്‍ട്ടല്‍ അവതരിപ്പിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ കുട്ടിയുടെ മരണത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്തു. പ്രാഥമിക പരിശോധന പൂർത്തിയായി. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം. മാലിന്യക്കുഴിയില്‍ വീണ് 3 വയസുകാരൻ റിതാൻ രാജുവാണ് മരിച്ചത്.

ജയ്പൂരിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങിയ രാജസ്ഥാൻ ദാമ്പതികളുടെ ഇളയകുഞ്ഞാണ് അപകടത്തിൽപ്പെട്ടത്. മുന്നറിയിപ്പ് ഇല്ലാത്തതും മാലിന്യ കുഴി തുറന്ന് കിടന്നതും അപകട കാരണമാവുകയായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ രക്ഷിതാക്കൾ സമീപത്തുള്ള കഫേയിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് അപകടം. രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു.

10 മിനിറ്റോളം കുട്ടി 4 അടി താഴ്ചയുള്ള കുഴിയിൽ കിടന്നതിന് ശേഷമാണ് അപകടവിവരം രക്ഷിതാക്കൾ അറിയുന്നത്. കുട്ടിയെ കാണാതെ നിലവിളിച്ച് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ എയർപോർട്ട്‌ അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് കുട്ടി കുഴിയിൽ വീണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും സമയമേറെ വൈകിയിരുന്നു.

സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാലിന്യക്കുഴിക്ക് നാലടിയോളം താഴ്ചയുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷി പറ‍ഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുട്ടിയുടെ മരണത്തിൽ അനുശോചിച്ചും സംഭവത്തിൽ വിശദീകരണം നൽകിയും സിയാൽ വാർത്തക്കുറിപ്പ് ഇറക്കി. നടവഴിയിൽ അല്ല അപകടം നടന്നതെന്നും പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് അപകടം നടന്നത് എന്നുമാണ് വാർത്തക്കുറിപ്പില്‍ പറയുന്നത്.

എന്നാൽ, ആർക്കും യഥേഷ്ട്ടം കയറി ചെലവുന്ന പുൽത്തകിടിയാണ് ഇത്. കുട്ടികളെ ഉറപ്പായും ആകർഷിക്കും എന്നാണ് ദൃക്സാക്ഷിപറയുന്നത്. ഇവിടെ ഒരു മൂന്നറിയിപ്പ് ബോർഡോ ബാരികേഡോ ഒന്നും ഉണ്ടായിരുന്നില്ലെന്നും ദൃക്സാക്ഷി പറയുന്നു. അപകടം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും അത് ഇതുവരെ സിയാൽ പുറത്ത് വിട്ടിട്ടില്ല.

അനധികൃതമായി കുടിയേറിയ 104 ഇന്ത്യക്കാരെ കൈവിലങ്ങിട്ടും കാല്‍ ബന്ധിച്ചും അമേരിക്കന്‍ സൈനികവിമാനത്തില്‍ മനുഷ്യത്വരഹിതമായി തിരിച്ചെത്തിച്ചെന്നാരോപിച്ച് പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷബഹളം. പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടായിരുന്നു ബഹളം.

‘മനുഷ്യരാണ്, തടവുകാരല്ല’ എന്ന പ്ലക്കാര്‍ഡുമേന്തി കൈകള്‍ ചങ്ങലയ്ക്കിട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അഖിലേഷ് യാദവും അടക്കമുള്ള പ്രതിപക്ഷനേതാക്കളും എം.പി.മാരും പാര്‍ലമെന്റിനുപുറത്തും പ്രതിഷേധിച്ചു. നാടുകടത്തല്‍പ്രക്രിയ പുതിയതല്ലെന്നും വര്‍ഷങ്ങളായി തുടരുന്നതാണെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ വിശദീകരിച്ചെങ്കിലും അമേരിക്ക സൈനികവിമാനം ഉപയോഗിച്ച കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് രാജ്യസഭയില്‍ പ്രതിപക്ഷം ഇറങ്ങിപ്പോയി.

അമേരിക്കയുടെ മനുഷ്യവിരുദ്ധനടപടി തടയാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ സുഹൃത്തെന്നവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചില്ലെന്ന് ‘ഇന്ത്യ’ സഖ്യകക്ഷികള്‍ കുറ്റപ്പെടുത്തി. സഭ നിര്‍ത്തിവെച്ചതിനുപിന്നാലെ പുറത്തെത്തിയ പ്രതിപക്ഷാംഗങ്ങള്‍ മകരദ്വാറിനുമുന്നില്‍, ‘ഇന്ത്യക്കാര്‍ അപമാനിക്കപ്പെട്ടു, ഇന്ത്യ നിശ്ശബ്ദരായിരിക്കില്ല’, ‘മനുഷ്യത്വവിരുദ്ധതയ്‌ക്കെതിരേ ഐക്യം’ തുടങ്ങിയ പ്ലക്കാര്‍ഡുകളുമായി സമരം തുടങ്ങി.

വിദേശത്ത് അനധികൃതമായി താമസിക്കുന്നത് കണ്ടെത്തിയാല്‍ പൗരരെ തിരിച്ചെടുക്കേണ്ടത് എല്ലാ രാജ്യത്തിന്റെയും കടമയാണെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ പറഞ്ഞു. ഇത് ഏതെങ്കിലും പ്രത്യേക രാജ്യത്തിന് ബാധകമായ നയമല്ല, ഇന്ത്യമാത്രം നടപ്പാക്കുന്ന നയവുമല്ല -മന്ത്രി പറഞ്ഞു.

നാടുകടത്തല്‍ പുതിയ കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, 2009 മുതല്‍ അമേരിക്ക ഇന്ത്യയിലേക്കയച്ച അനധികൃത കുടിയേറ്റക്കാരുടെ കണക്കും നല്‍കി. സ്ത്രീകളും കുട്ടികളും ബന്ധിക്കപ്പെടില്ല എന്ന് ഉറപ്പുകിട്ടിയിരുന്നു. യാത്രയ്ക്കിടയില്‍ ഭക്ഷണവും അടിയന്തര ചികിത്സയുള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങളും പരിഗണിക്കുമെന്നും ഉറപ്പുലഭിച്ചു. മുമ്പ് സൈനികവിമാനം ഇതുപോലെ ഉപയോഗിച്ചിരുന്നോ, ചങ്ങലയില്‍ ബന്ധിച്ചിരുന്നോ എന്ന് ജോണ്‍ ബ്രിട്ടാസും പി. സന്തോഷ്‌കുമാറും അടക്കമുള്ള പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചപ്പോള്‍, വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നത് അമേരിക്കന്‍ ഇമിഗ്രേഷന്റെ അധികാരത്തെ ആശ്രയിച്ചാണെന്നും നടപടിക്രമം, അത് സൈനിക വിമാനമായാലും ചാര്‍ട്ടേഡ് വിമാനമായാലും ഒന്നുതന്നെയാണെന്നും മന്ത്രി മറുപടിനല്‍കി. ഇതോടെ അമേരിക്കയെയാണ് മന്ത്രി പ്രതിരോധിക്കുന്നതെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

യു.എസില്‍നിന്ന് നാടുകടത്തിയവരെ തിരികെക്കൊണ്ടുവരാനായി കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഇടപെട്ടില്ല. ഇന്ത്യയില്‍നിന്ന് സൈനികവിമാനമോ ചാര്‍ട്ടര്‍ വിമാനമോ അയക്കാമായിരുന്നില്ലേ. യാത്രക്കാരെ കൈവിലങ്ങണിയിച്ചും ചങ്ങലകൊണ്ട് ബന്ധിച്ചും യു.എസ്. സൈനികവിമാനത്തില്‍ കൊണ്ടുവരുന്നതിനെ കൊളംബിയ എതിര്‍ത്തിരുന്നു.

കര്‍ണാടകയിലെ കോളജില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിനി അനാമിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പലിനെയും അസിസ്റ്റന്റ് പ്രൊഫസറെയും സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തു.

ബംഗളൂരു കനക്പുര നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ സന്താനം സ്വീറ്റ് റോസ്, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എം സുജാത എന്നിവരെയാണ് ദയാനന്ദ സാഗര്‍ സര്‍വകലാശാല റജിസ്ട്രാര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

അനാമിക കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നെന്ന് സഹപാഠികള്‍ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി.

കോളജ് അധികൃതരില്‍ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് കോളജിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നതായും കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

അനാമികയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ബംഗളൂരു ഹാരോഹള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു.

കലൂര്‍ സ്റ്റേഡിയത്തിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഹോട്ടലിലെ ജീവനക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്. കലൂര്‍ സ്റ്റേഡിയത്തിലെ പ്രമുഖ ഹോട്ടലായ ഇഡ്ഡലി കഫേയിലാണ് പൊട്ടിത്തെറി ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം.

നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗാലന്‍ഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡിഷ സ്വദേശി കിരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. രണ്ടുപേരെ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ ലിസി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഉ​ഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹോട്ടലിലെ ​ചില്ലുകളടക്കം പൊട്ടുകയും പല സാധനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ച സുമിത്തിന്റെ തലയ്ക്ക്‌ ​ഗുരുതരമായി പരിക്കേൽക്കുകയും ചൂട് വെള്ളം വീണ് പൊള്ളൽ ഏൽക്കുകയും ചെയ്തിരുന്നു. അതീവ​ഗുരുതരമായ സാഹചര്യത്തിലാണ് സുമിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അടുക്കള ഭാഗത്ത് ജോലിചെയ്തിരുന്നവര്‍ക്ക് മാത്രമാണ് പരിക്കേറ്റത്. എന്നാല്‍, സമീപത്തെ കടയിലേക്ക് തീ പടരുകയോ മറ്റാളുകള്‍ക്ക് പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. നിലവില്‍ സമീപത്തെ കടകള്‍ അടച്ചിട്ടുണ്ട്.

അമേരിക്കയില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചത് കൈകാലുകളില്‍ വിലങ്ങുവച്ചെന്ന് വെളിപ്പെടുത്തല്‍. യാത്രയിലുടനീളം കൈകളും കാലുകളും ബന്ധിച്ചിരുന്നുവെന്നും ലാന്‍ഡിങിന് ശേഷമാണ് ഇവ നീക്കിയതെന്നുമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയവരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

‘യാത്രയിലുടനീളം ഞങ്ങളുടെ കൈകളും കാലുകളും വിലങ്ങുകള്‍ കൊണ്ട് ബന്ധിച്ചു. ഇവ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് നീക്കിയത്’ പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള ജസ്പാല്‍ സിങ് വെളിപ്പെടുത്തി.

ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ല. ഞങ്ങളെ മറ്റൊരു ക്യാംപിലേക്ക് മാറ്റുന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ തങ്ങളെ ഇന്ത്യയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞുവെന്നും ജസ്പാല്‍ സിങ് വ്യക്തമാക്കി.

നിയമപരമായി യുഎസിലേക്ക് കടക്കാനാണ് ശ്രമിച്ചതെന്നും അതിന് വേണ്ടിയുള്ള വിസയ്ക്കായി സമീപിച്ച ഏജന്റ് വഞ്ചിക്കുകയായിരുന്നുവെന്നും ജസ്പാല്‍ പറയുന്നു. 30 ലക്ഷത്തിന്റെ ഡീലാണ് നടത്തിയത്. കടം വാങ്ങിയ പണമാണ് ഇതിനായി ചെലവഴിച്ചത്. തിരിച്ചയച്ചതോടെ ഭാവിയില്‍ കണ്ട സ്വപ്നങ്ങള്‍ തകര്‍ന്നെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

40 മണിക്കൂറോളം തങ്ങളുടെ കൈയ്യിലും കാലിലും വിലങ്ങുവെച്ചെന്ന് രാജ്യത്ത് തിരിച്ചെത്തിയ പഞ്ചാബ് സ്വദേശി ഹര്‍വീന്ദര്‍ സിങ് പറഞ്ഞു. സീറ്റില്‍ നിന്ന് ഒരു ഇഞ്ച് പോലും അനങ്ങാന്‍ സാധിച്ചില്ല. നിരന്തരമായ അഭ്യര്‍ഥനകള്‍ക്ക് ശേഷമാണ് വാഷ്‌റൂമിലേക്ക് പോകാന്‍ അനുവദിച്ചത്. ശാരീരികമായി മാത്രമല്ല മാനസികമായും ബുദ്ധിമുട്ടേറിയ യാത്രയായിരുന്നെന്നും ഹര്‍വീന്ദര്‍ പറഞ്ഞു.

യുഎസില്‍ നിന്ന് നാടുകടത്തിയ ഇന്ത്യക്കാരെ കൈവിലങ്ങുവെച്ച് അപമാനിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ദുഖകരമാണ്. 2013 ല്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയോട് മോശമായി പെരുമാറിയതിനെതിരെ അന്നത്തെ യുപിഎ സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചതിനാല്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ ഖേര വ്യക്തമാക്കി.

ഇന്ത്യക്കാരെ വിലങ്ങുവെച്ചാണ് കൊണ്ടുവന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. ആദ്യം പുറത്തുവന്ന ചിത്രങ്ങള്‍ ഗ്വാട്ടിമാലയിലേക്ക് നാടുകടത്തിയവരുടേതാണെന്ന് പിഐബി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമൃത്സറില്‍ ഇറങ്ങിയവരുടെ ചിത്രങ്ങളും പ്രതികരണങ്ങളും വന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ് സൈനിക വിമാനം സി-17 ബുധനാഴ്ചയാണ് പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങിയത്. ഉച്ചയോടെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനമിറങ്ങിയത്. പഞ്ചാബില്‍ നിന്ന് 30 പേര്‍, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 33 പേര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതം, ചണ്ഡീഗഢില്‍ നിന്ന് രണ്ട് പേരുമാണ് എത്തിയത്. 205 അനധികൃത കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്.

അമേരിക്കയില്‍ നിന്ന് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം ഇന്ത്യയിലെത്തി. 205 ഇന്ത്യക്കാരെയും വഹിച്ചുള്ള യു.എസ് യുദ്ധവിമാനം സി 17 പഞ്ചാബിലെ അമൃത്സര്‍ വിമാനത്താവളത്തിലാണ് ഇറങ്ങിയത്.

ടെക്സസിലെ സാന്‍ ആന്റോണിയോ വിമാനത്താളവത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. പഞ്ചാബില്‍ നിന്നുള്ള ആളുകളാണ് ആദ്യ വിമാനത്തിലെ യാത്രക്കാരില്‍ അധികവും.

അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തുന്ന ആളുകളുടെ രേഖകള്‍ പരിശോധിക്കുന്നതിനും മറ്റുമായി പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു. ആവശ്യമായി പരിശോധനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ വിമാനത്താവളത്തില്‍ നിന്ന് പോകാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നായി പല രാജ്യങ്ങളില്‍ നിന്നെത്തിയ അയ്യായിരത്തോളം അനധികൃത കുടിയേറ്റക്കാരെ ഇതിനകം തിരിച്ചയച്ചതായാണ് വിവരം. അനധികൃത കുടിയേറ്റക്കാരെ കയറ്റി തിരിച്ചയക്കുന്നതില്‍ അമേരിക്കയില്‍ നിന്ന് ഏറ്റവും അകലെയുള്ള രാജ്യമാണ് ഇന്ത്യ.

അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം സൈനിക വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇതിനകം ആറ് വിമാനങ്ങളാണ് അനധികൃതമായി കുടിയേറിയ ആളുകളുമായി പോയത്.

ഇതില്‍ നാലു വിമാനങ്ങള്‍ ഗ്വാട്ടിമാലയില്‍ ഇറങ്ങി. കോളംബിയയിലെത്തിയ വിമാനം ലാന്‍ഡ് ചെയ്യാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് അവരുടെ വിമാനം അയച്ചാണ് കുടിയേറ്റക്കാരെ തിരിച്ചെത്തിച്ചത്.

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മൊത്തം 15 ലക്ഷം പേരാണ് പട്ടികയിലുള്ളത്. എന്നാല്‍, 7.25 ലക്ഷം ഇന്ത്യക്കാര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുന്നുണ്ടെന്നാണ് സൂചന. അമേരിക്കയില്‍ അനധികൃതമായി കുടിയേറി പാര്‍ത്തവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും പറയപ്പെടുന്നു.

വെള്ളറടയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രദീപ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാൾക്ക് 28 വയസാണ് പ്രായം.

മെഡിക്കൽ വിദ്യാർത്ഥിയാണ് പ്രദീപ് എന്നാണ് വിവരം. ചൈനയിൽ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ് വിവരം. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായും വിവരമുണ്ട്.

ഒന്നാം വർഷ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ബെംഗളൂരുവിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) യെയാണ് ബെംഗളൂരു ഹരോ ഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളജ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രി പത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉച്ചഭക്ഷണം കഴിക്കാൻ കാണാത്തതിനെ തുടർന്ന് സഹപാഠികൾ ഹോസ്റ്റൽ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അനാമിക അടുത്തിടെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സഹപാഠികൾ ഹരോഹള്ളി പൊലിസിനു മൊഴി നൽകിയിട്ടുണ്ട്. കോളജ് അധികാരികളുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് സഹപാഠികളായ വിദ്യാർഥികൾ കോളജിനു മുൻപിൽ പ്രതിഷേധിച്ചതായും റിപ്പോർട്ടുണ്ട്.

കോളജ് അധികൃതരുടെ മാനസിക പീഡനമാണ് മരണകാരണം എന്നാരോപിച്ച് അനാമികയുടെ ബന്ധുകൾ പൊലീസിൽ പരാതി നൽകി. അസ്വാഭാവിക മരണത്തിനു ഹരോഹള്ളി പൊലിസ് കേസെടുത്തു. മുഴപ്പിലങ്ങാട് കുളം കടവിനു സമീപം ഗോകുലത്തിൽ വിനീത്, ഐശ്വര്യ ദമ്പതികളുടെ മകളാണ് അനാമിക. സഹോദരൻ വിനായക്.

RECENT POSTS
Copyright © . All rights reserved