India

പഞ്ചാരക്കൊല്ലിയിലെ ആളെകൊല്ലി കടുവ ചത്ത നിലയില്‍. കടുവയെ കണ്ടെത്തിയത് പിലാക്കാട് ഭാഗത്ത് ജനവാസ മേഖലയിലാണ്. 80 അംഗ ആര്‍ആര്‍ടി സംഘം തിരിച്ചില്‍ തുടരവേയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. കടുവയുടെ മരണത്തിന് ഇടയാക്കിയ സംഭവമെന്ന് വ്യക്തമായിട്ടില്ല. ഇന്നലെ തിരച്ചിലിനിടെ കടുവ ആര്‍ ആര്‍ടി സംഘത്തെയും ആക്രമിച്ചിരുന്നു. ഇന്നലെ കടുവയ്ക്ക് വെടികൊണ്ടുവെന്ന സംശയവും ഉടലെടുത്തിരുന്നു.

നേരത്തെ കടുവസാന്നിധ്യമുള്ള പ്രദേശങ്ങളായ പഞ്ചാരക്കൊല്ലി, മേലേ ചിറക്കര, പിലാക്കാവ്, മൂന്നു റോഡ് ഭാഗം, മണിയം കുന്ന് ഭാഗങ്ങളില്‍ 48 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യപിച്ച് പരിശോധന നടത്തിവരികയായിരുന്നു. 80 അംഗ ആര്‍ആര്‍ടി 10 സംഘങ്ങളായി കടുവയെ പിടികൂടാന്‍ പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരുന്നു.

വയനാട് പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ നരഭോജിയെന്ന് പ്രഖ്യാപിച്ച് ഉത്തരവിറക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. കടുവയെ വെടിവച്ച് കൊല്ലാനുള്ള എസ്ഒപിയുടെ ആദ്യപടിയാണ് നരഭോജിയായി പ്രഖ്യാപിച്ചുള്ള ഉത്തരവിറക്കല്‍. സംസ്ഥാനത്ത് ആദ്യമായാണ് അസാധാരണമായ ഈ പ്രഖ്യാപനം.

തുടര്‍ച്ചയായി ആക്രമണം വന്നതിനാലാണ് നരഭോജി കടുവ എന്ന പ്രഖ്യാപിച്ചിരിക്കുന്നത്. സ്ത്രീയെ കൊലപ്പെടുത്തിയ കടുവ തന്നെ ആണ് ആര്‍ആര്‍ടി ഉദ്യോഗസ്ഥനെയും ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു. ദൗത്യത്തിനിറങ്ങിയ ഞഞഠ അംഗത്തിന് നേരെ കടുവ ചാടിവീണത്. കടുവയുടെ നഖം കൊണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജയസൂര്യയുടെ വലത് കൈക്ക് പരിക്കേറ്റിരുന്നു. ഷീല്‍ഡ് കൊണ്ട് പ്രതിരോധിച്ചതോടെയാണ് കടുവ ഓടിമറഞ്ഞത്.

തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് പേര്‍ തിരയില്‍പ്പെട്ട് മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അനീസ(35), വാണി(32), ബിനീഷ്(40), ഫൈസല്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലോടെയാണ് അപകടം സംഭവച്ചിത്.

വിനോദയാത്രയ്ക്കായി ബീച്ചില്‍ എത്തിയ 24 അംഗ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ തിരയില്‍പ്പെട്ടതായാണ് വിവരം. അഞ്ചാമത്തെയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാല് പേരെ രക്ഷിക്കാനായില്ല. മരിച്ച നാല് പേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്‍ വീടിനുള്ളില്‍ മോഷ്ടാവിനാല്‍ ആക്രമിക്കപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സംഭവം തുടക്കം മുതല്‍ വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരുന്നു. പ്രതിയെ പിടികൂടിയപ്പോഴും തുടർന്നുള്ള പോലീസ് ഭാഷ്യങ്ങളിലും നിരവധി ചോദ്യങ്ങൾ അവശേഷിച്ചിരുന്നു. അതിസമ്പന്നൻമാർ താമസിക്കുന്ന പ്രദേശത്തെ അതിസുരക്ഷയുള്ള കെട്ടിടത്തിൽ എങ്ങനെ ഒരു സാധാരണ മോഷ്ടാവ് കടന്നു എന്ന ചോദ്യത്തിൽ തുടങ്ങി, ഏറ്റവുമൊടുവിൽ വിരലടയാളത്തിലെ പൊരുത്തക്കേടുകൾവരെ എത്തിനിൽക്കുന്നു ആ സംശയങ്ങൾ.

സംഭവത്തില്‍ ബംഗ്ലാദേശ് പൗരന്‍ ഷെരിഫുള്‍ ഷെഹ്‌സാദിനെ പോലീസ് പിടികൂടിയെങ്കിലും പ്രതിയുടെ വിരലടയാള പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് 19 സെറ്റ് വിരലടയാളമാണ് പോലീസ് ശേഖരിച്ചതെങ്കിലും പ്രതി ഷെരീഫുൾ ഷെഹ്സാദിന്‍റേതുമായി ഇതൊന്നും പൊരുത്തപ്പെടുന്നില്ലെന്നാണ് ഫിംഗര്‍ പ്രിന്റ് ബ്യൂറോ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് ശരിയായ പ്രതിയെ അല്ലേയെന്ന ചോദ്യവും ഉയരുന്നു.

ഷെരീഫുളിനെ പിടികൂടുംമുമ്പ് മറ്റൊരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, അയാള്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ടതോടെ വിട്ടയക്കുകയായിരുന്നു. ഛത്തീസ്ഘട്ട് സ്വദേശിയായ ആകാശ് കനോജയെന്നയാളെയും മുംബൈ പോലീസ് ചോദ്യം ചെയ്തിരുന്നു. ജഞാനേശ്വരി എക്സ്പ്രസ് ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ ആര്‍.പി.എഫ് സംഘം പിടികൂടുകയും മുംബൈ പോലീസിന് കൈമാറുകയുമായിരുന്നു. പക്ഷെ, ഇയാള്‍ക്കും സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

ജനുവരി 16-ന് ആയിരുന്നു സെയഫ് അലിഖാന്‍ ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നടന്‍റെ ശരീരത്തിൽ കത്തിയുടെ ഭാഗം നട്ടെല്ലിന് സമീപം തറഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് ജനുവരി 19-നാണ് ബംഗ്ലാദേശി പൗരന്‍ ഷെരീഫുളിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഗുരുതരമായി പരിക്കേറ്റിട്ടും ദിവസങ്ങള്‍ക്കുക്കുള്ളില്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി ആരാധകരെ അഭിവാദ്യം ചെയ്ത് വീട്ടിലേക്ക് വന്ന സെയ്ഫിന്റെ പരിക്കിനേക്കുറിച്ച് വലിയ ചര്‍ച്ചയും ഉയര്‍ന്നിരുന്നു. മാത്രമല്ല, ഇത്ര വലിയ സുരക്ഷയുണ്ടായിട്ടും വീട്ടിലേക്ക് അക്രമി കയറിയത് സംബന്ധിച്ച് പല സംശയങ്ങളും ഉയര്‍ന്നിരുന്നു.

സംഭവം നടക്കുന്ന സമയത്ത് സെയ്ഫിന്‍റെ ഭാര്യ കരീന കപൂർ, നടിയും സുഹൃത്തുമായ സോനം കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്ത് വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു ഭാര്യ കരീനയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

സംഭവദിവസം രാത്രയിൽ നടിയും സുഹൃത്തുമായ സോനം കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തശേഷമാണ് സെയ്ഫിന്‍റെ ഭാര്യ കരീന വീട്ടിലെത്തിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. വളരെയേറെ മദ്യപിച്ചാണ് കരീന വീട്ടിലെത്തിയിരുന്നതെന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. ഇതാണ് കരീന സെയ്ഫിനൊപ്പം ആശുപത്രിയിലേക്കോ പോലീസ് സ്റ്റേഷനിലേക്കോ പോകാതിരുന്നതെന്നാണ് സൂചന. പോയിരുന്നെങ്കില്‍ സാഹചര്യം ഏറെ വഷളാവുമായിരുന്നു. മദ്യപിച്ച നിലയിലുള്ള വീഡിയോയും ചിത്രങ്ങളും പുറത്തുവരും എന്ന ഭയത്തിലാണ് ആ സമയത്ത് പുറത്തേക്ക് പോകേണ്ടെന്ന് കരീന തീരുമാനിച്ചിരുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോഷ്ടാവ് വീട്ടിനുള്ളിലേക്ക് കയറുമ്പോള്‍ എന്തുകൊണ്ടു സെക്യൂരിഉദ്യോഗസ്ഥന്റെ പോലും ശ്രദ്ധയില്‍പെട്ടില്ല എന്ന ചോദ്യമാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. അത്രമാത്രം സുരക്ഷാസന്നാഹങ്ങളോടെ താമസിക്കുന്ന ഒരു നടനാണ് സെയ്ഫ്. പഴയ നവാബ് പാരമ്പര്യത്തിലെ ഒടുവിലത്തെ കണ്ണി. പ്രധാനമന്ത്രിയെ അടക്കം നേരിട്ട് സന്ദര്‍ശിക്കാന്‍ അനുവാദമുള്ള നടന്‍. ഒപ്പം ബോളിവുഡ് സിനിമയുടെ തലവര മാറ്റിയ കപൂര്‍ ഫാമിലിയിലെ മരുമകന്‍. അദ്ദേഹം പോലും സ്വന്തം വീട്ടില്‍ വെച്ച് ആക്രമിക്കപ്പെട്ടേക്കാമെന്ന തിരിച്ചറിവ് കൂടിയായിരുന്നു നിരവധി സംശയങ്ങള്‍ക്കും ആശയക്കുഴപ്പത്തിനും ഇടനല്‍കിയത്.

ഗുരുതരമായി പരിക്കേറ്റിട്ടും വീട്ടില്‍നിന്ന് സ്വയം ഇറങ്ങിവന്ന് ഓട്ടോയില്‍ കയറി ആശുപത്രിയിലെത്തി ചികിത്സ നേടിയ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയടക്കമുള്ള ചികിത്സകള്‍ നടത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്കു ശേഷം അഞ്ച് ദിവസത്തിനകം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായത് സംശയത്തിനിടയാക്കിയിരുന്നു.

സെയ്ഫിനെതിരായ ആക്രമണവാർത്ത പി.ആര്‍ പ്രമോഷനാണെന്നും പരിക്കേറ്റുവെന്നത് അഭിനയമാണെന്നുമടക്കമുള്ള വിമര്‍ശനങ്ങൾ ചില കോണുകളിൽനിന്ന് ഉയർന്നു. ഇത് വിവിധ രാഷ്ട്രീയ നേതാക്കളടക്കം ഏറ്റെടുക്കുകയും ട്രോളുകളായും മീമുകളായും സോഷ്യല്‍മീഡയയില്‍ വലിയതോതില്‍ പ്രചരിക്കുകയും ചെയ്തു. ഉയർന്ന സംശയങ്ങൾക്കൊന്നും തൃപ്തികരമായ മറുപടി നൽകാൻ നടനുമായി ബന്ധപ്പെട്ടവർക്കോ പോലീസിനോ സാധിക്കുന്നില്ലെന്നും അന്വേഷണം മുന്നോട്ടുപോകുംതോറും സംഭവത്തേക്കുറിച്ചുള്ള ദുരൂഹതകൾ ഏറുകയാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയ്ക്കായി തിരച്ചിൽ തുടരുന്നതിനിടെ ആർആർടി അംഗത്തിന് നേരെ കടുവയുടെ ആക്രമണം. ആർആർടി അംഗം ജയസൂര്യയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ജയസൂര്യയുടെ വലത് കൈക്കാണ് പരിക്കേറ്റത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്തിലുള്ള സംഘം സ്ഥലത്തേക്ക് തിരിച്ചു.

രാവിലെ പത്ത് മണിയോടെയാണ് എട്ടുപേരടങ്ങുന്ന സംഘം തിരച്ചിലിനായി എത്തിയത്. 80 പേരെ പത്ത് സംഘങ്ങളായി തിരിച്ച് പഞ്ചാരക്കൊല്ലിയിലെ വിവിധ സ്ഥലങ്ങളിൽ വിന്യസിച്ചായിരുന്നു തിരച്ചിൽ നടത്തിയത്. ഇതിൽ ഒരു സംഘത്തിലെ അംഗമാണ് പരിക്കേറ്റ ജയസൂര്യ.

അതേസമയം പ്രദേശത്ത് നിന്നും വെടിവെക്കുന്നതിൻ്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ഇത് കടുവയെ വെടിവെക്കാൻ ശ്രമിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. കടുവ വനം വകുപ്പിന്റെ റഡാർ പരിധിയിൽ എത്താഞ്ഞതോടെയാണ് 80 പേരടങ്ങുന്ന സംഘം തിരച്ചിലിനെത്തിയത്.

സംസ്ഥാനത്ത് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വര്‍ധിപ്പിച്ചു. മദ്യനിര്‍മാണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവര്‍ധന. വിവിധ ബ്രാന്റുകള്‍ക്ക് 10 മുതല്‍ 50 രൂപ വരെയാണ് വര്‍ധിക്കുക. വിലവര്‍ധന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

ബെവ്‌കോയുടെ നിയന്ത്രണത്തില്‍ ഉത്പാദിപ്പിക്കുന്ന ജവാന്‍ റമ്മിനും വില കൂട്ടി. ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നല്‍കണം. പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്‌കോ പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം 62 കമ്പനികളുടെ 341 ബ്രാന്റുകള്‍ക്ക് വില വര്‍ധിക്കും. ചില ബ്രാന്‍ഡുകളുടെ വിലയില്‍ മാറ്റമില്ല.

ബവ്‌കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോണ്‍ട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. എല്ലാ വര്‍ഷവും വിലവര്‍ധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ ഇത് അനുവദിച്ചു നല്‍കാറുണ്ട്. നിലവില്‍ കമ്പനികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വില വര്‍ധിപ്പിച്ചതെന്നാണ് ബെവ്‌കോ സിഎംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞത്.

പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ഷാഫി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9:30 മുതല്‍ ഒരുമണി വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം നാലിന് കറുകപ്പിള്ളി ജുമാമസ്ജിദില്‍ കബറടക്കും.

ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഷാഫി ചികിത്സ തേടിയത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായ ഷാഫിയുടെ യഥാര്‍ഥ പേര് എം.എച്ച് റഷീദ് എന്നാണ്. ബന്ധുവായ സംവിധായകന്‍ സിദ്ദീഖിന്റെയും സഹോദരന്‍ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളില്‍ ഏറെയും വമ്പന്‍ ഹിറ്റുകളായിരുന്നു.

ഹാസ്യത്തിന് നവീന ഭാവം നല്‍കിയ സംവിധായകനായിരുന്നു ഷാഫി. സംവിധായകരായ രാജസേനന്റെയും റാഫി-മെക്കാര്‍ട്ടിന്റേയും സഹായിയായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. 2001 ല്‍ പുറത്തിറങ്ങിയ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളൊരുക്കി.

കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ മജ എന്ന തമിഴ് ചിത്രവും ഉള്‍പ്പെടും. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. 2022 ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനമൊരുക്കിയ ചിത്രം.

അക്രമിയുടെ കുത്തേറ്റ സംഭവത്തിൽ നടൻ സെയ്ഫ് അലിഖാന്റെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. സദ്ഗുരു ശരൺ കെട്ടിടത്തിലെ വസതിയിൽ താനും ഭാര്യ കരീന കപൂർഖാനും വേറെ മുറിയിലായിരുന്നെന്നും ജോലിക്കാരി ബഹളംവെച്ചതുകേട്ടാണ് മകന്റെ മുറിയിലേക്ക് ഓടിയെത്തിയതെന്നും സെയ്ഫ് പറഞ്ഞു.

അവിടെ അക്രമിയെ കണ്ടു. ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ഭയന്ന് നിലവിളിക്കുമ്പോൾ മകൻ കരയുകയായിരുന്നു. പ്രതിയെ താൻ മുറുകെ പിടിച്ചതോടെ അയാൾ കുത്തി. തുടർച്ചയായി കുത്തിയതോടെ അക്രമിയുടെ മേലുള്ള പിടി അയഞ്ഞു. എങ്കിലും ഇയാളെ മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പുറത്തുനിന്ന്‌ പൂട്ടുകയുംചെയ്തു. അവിടെനിന്ന് പ്രതി കടന്നുകളഞ്ഞതായും നടൻ മൊഴിനൽകി.

കേസിൽ ബംഗ്ലാദേശിൽനിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഷരീഫുൾ ഇസ്‌ലാമാണ് അറസ്റ്റിലായത്. നട്ടെല്ലിന് സമീപവും കഴുത്തിലുമായി ആറ് കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

സെയ്ഫിന്റെ വസതി, കെട്ടിടത്തിന്റെ കോണിപ്പടി, ശുചിമുറിയുടെ വാതിൽ, മകൻ ജേയുടെ മുറിയുടെ വാതിൽ പിടി എന്നിവയിൽനിന്ന് പ്രതിയുടേതെന്ന് കരുതുന്ന വിരലടയാളങ്ങളും പോലീസിന് ലഭിച്ചിരുന്നു. അവ വിലയിരുത്തലിനായി അയച്ചിട്ടുണ്ട്. അതിനിടെ, പ്രതിയുടെ പോലീസ് കസ്റ്റഡി ജനുവരി 29 വരെ നീട്ടി.

വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാര്‍. രാധയെ അക്രമിച്ച സ്ഥലത്തിന് 300 മീറ്റര്‍ അകലെ പഞ്ചാരക്കൊല്ലി സ്വദേശി നൗഫലിന്റെ വീടിനടുത്താണ് കടുവയെ കണ്ടത്.

വനം വകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ ഡ്രോണ്‍ അടക്കം ഉപയോഗിച്ച് തിരച്ചില്‍ തുടരുകയാണ്. രാത്രിയില്‍ ജനവാസ മേഖലയില്‍ മാത്രമായി തിരച്ചില്‍ പരിമിതപ്പെടുത്തും.

കടുവയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടത്തുമെന്ന് ഉറപ്പ് നല്‍കിയ യോഗത്തിലേക്ക് ജില്ലാ കളക്ടര്‍ എത്താതിരുന്നതോടെയാണ് പ്രതിഷേധം കനത്തത്.

തുടര്‍ന്ന് എഡിഎം കെ. ദേവകി എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ഇതുപ്രകാരം എട്ട് പേര്‍ വീതം അടങ്ങുന്ന പത്ത് ആര്‍ആര്‍ടി സംഘങ്ങള്‍ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും. കൊല്ലപ്പെട്ട രാധയുടെ മക്കളില്‍ ഒരാള്‍ക്ക് ഫെബ്രുവരി ഒന്ന് മുതല്‍ താല്‍ക്കാലിക ജോലി നല്‍കും. സ്ഥിരപ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കും.

രാധയുടെ കുടുംബത്തിന് നല്‍കേണ്ട ബാക്കി നഷ്ടപരിഹാര തുകയായ ആറ് ലക്ഷം രൂപ ബുധനാഴ്ച കൈമാറും. പഞ്ചാരക്കൊല്ലിയിലെ വിദ്യാര്‍ഥികള്‍ക്ക് കടുവയെ പിടികൂടുന്നതു വരെ സ്‌കൂളില്‍ പോകാന്‍ ആറ് സര്‍ക്കാര്‍ വാഹനങ്ങള്‍ സജ്ജമാക്കും.

കടുവയെ കണ്ടെത്തി മയക്കുവെടി വെച്ച് കാഴ്ചബംഗ്ലാവിലേക്ക് മാറ്റുമെന്നും എഡിഎം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ നാട്ടുകാര്‍ പൂര്‍ണ തൃപ്തരല്ല. വനമന്ത്രി എ.കെ.ശശീന്ദ്രന്‍ നാളെ വയനാട്ടിലെത്തും. രാവിലെ 11 ന് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും.

അതിനിടെ പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയെ കണ്ട സാഹചര്യത്തില്‍ വനം വകുപ്പ് വാഹനത്തില്‍ അനൗണ്‍സ്‌മെന്റ് നടത്തി. ജനവാസ മേഖലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും വീടുകളില്‍ കഴിയണമെന്നും കര്‍ഫ്യു നിയമം നിര്‍ബന്ധമായും പാലിക്കണമെന്നും വനം വകുപ്പധികൃതര്‍ നിര്‍ദേശം നല്‍കി.

കെ.പി.സി.സി. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റില്ല. നേതൃമാറ്റം ഉടനില്ലെന്ന് സുധാകരന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കി. സുധാകരനെ നിലനിര്‍ത്തി പുനസംഘടന പൂര്‍ത്തിയാക്കാനാണ് തീരുമാനം. അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാതെ ഒരു തീരുമാനവും ഉണ്ടാകില്ലെന്നാണ് അറിയിച്ചത്.

പുനസംഘടന നടപടികളുമായി മുന്നോട്ടു പോകാന്‍ സുധാകരന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നടത്തുന്നത് പുനസംഘടനാ ചര്‍ച്ചകള്‍ മാത്രമാണ്. സുധാകരന്‍ കടുത്ത അതൃപ്തി അറിയിച്ചതിന് പിന്നാലെ എ.ഐ.സി.സിയുടെ മറുപടി.

കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്നതില്‍ ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയത്. സുധാകരനെ മാറ്റിയേക്കുമെന്നായിരുന്നു തുടക്കത്തിൽ വന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് സംഘടനാപരമായ കാര്യങ്ങളില്‍ സതീശന്‍ മുന്‍കൈയെടുക്കുന്നെന്ന പരാതിയും ഉയര്‍ന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ തയ്യാറെടുപ്പ് നടത്തിയാല്‍ ജയിക്കാവുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച ക്രമീകരണമായിരുന്നു പരാതിക്ക് അടിസ്ഥാനം. സദുദ്ദേശ്യപരമായി ചെയ്ത കാര്യങ്ങള്‍ സംശയത്തോടെ കണ്ടതില്‍ സതീശന് പരിഭവമുണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.

സുധാകരന് പകരം ബെന്നി ബെഹനാന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, സണ്ണി ജോസഫ്, റോജി എം ജോണ്‍ തുടങ്ങിയവരെ കെപിപിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെ കെ.സി വേണുഗോപാല്‍ ഇന്ന് കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തും.

‘രാത്രിയിലും രാവിലെയും പാടിയിലെ മുറ്റത്തേക്കിറങ്ങാന്‍ പേടിയാണ്. കാട്ടുപോത്ത് എപ്പോഴാണ് മുന്നിലുണ്ടാവുകയെന്നു പറയാന്‍സാധിക്കില്ല. തേയിലനുള്ളിയാണ് ഞങ്ങളുടെ ജീവിതം. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇനി മനഃസമാധാനത്തോടെ പണിയെടുക്കുക. കടുവയെയും ആനയെയും കാട്ടുപോത്തിനെയും ഭയന്നാണ് ജീവിതം’ -രാധയെ കടുവ കൊന്നതറിഞ്ഞ് അയല്‍വാസിയുടെ കൈക്കുഞ്ഞുമായി ഓടിയെത്തിയതാണ് പാടിയില്‍ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളി എല്‍സി. എന്ത് സുരക്ഷയാണ് ഞങ്ങളുടെ ജീവനുള്ളതെന്ന എല്‍സിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടിനല്‍കാന്‍ ആര്‍ക്കും സാധിക്കില്ല.

എല്ലാദിവസവും വളര്‍ത്തുപട്ടികളെ കാണാതാവുന്ന കാര്യമാണ് മറ്റൊരു തോട്ടംതൊഴിലാളിയായ ലീല പങ്കുവെച്ചത്. ഓരോദിവസവും ഓരോയിടത്തെ പട്ടികളെ കാണാതാവും. എന്തു സമാധാനമാണ് ഞങ്ങള്‍ക്കിവിടെയുള്ളത്. ഒരാള്‍ മരിച്ചപ്പോഴല്ലേ ഇവിടേക്ക് എല്ലാവരും ഓടിയെത്തിയത്. ഈ പ്രശ്‌നങ്ങളൊക്കെ ഞങ്ങള്‍ എത്രകാലമായി അനുഭവിക്കുന്നതാണ് -ലീല പറഞ്ഞു.

തേയിലനുള്ളുന്നതിനിടെ ഓടിയെത്തിയ പലര്‍ക്കും കരച്ചിലടക്കാനായില്ല. പിലാക്കാവ് പഞ്ചാരക്കൊല്ലി, മണിയന്‍കുന്ന്, ചിറക്കര ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും കാട്ടാന, കാട്ടുപോത്ത്, കടുവ എന്നിവയുടെ ശല്യം കാലങ്ങളായുണ്ട്. വനപ്രദേശത്തോടുചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍ക്ക് എളുപ്പം വീടുകളിലെത്താന്‍ വനത്തിലൂടെ യാത്രചെയ്യുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നുമില്ല. സ്ഥിരമായി പ്രദേശവാസികള്‍ പൊയ്ക്കൊണ്ടിരിക്കുന്ന വഴിയിലൂടെയാണ് രാധയും സഞ്ചരിച്ചത്. എത്തേണ്ടിയിരുന്ന വീടിന് ഏകദേശം മുന്നൂറുമീറ്റര്‍ അകലെവെച്ചാണ് രാധ കടുവയുടെ മുന്നിലകപ്പെട്ടത്.

കഴിഞ്ഞ മേയില്‍ ചിറക്കരയില്‍ ഇറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നിരുന്നു. ചിറക്കര അത്തിക്കാപറമ്പില്‍ എ.പി. അബ്ദുറഹ്‌മാന്റെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കൊന്നത്. ഈ കടുവയെ പിടികൂടാനായി വനപാലകര്‍ കൂടുസ്ഥാപിച്ച് ദിവസങ്ങളോളം കാത്തിരുന്നെങ്കിലും കടുവ കൂട്ടിലകപ്പെടാത്തതിനെത്തുടര്‍ന്ന് പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

2022 ഒക്ടോബറില്‍ പഞ്ചാരക്കൊല്ലിക്ക് അധികം അകലെയല്ലാത്ത കല്ലിയോട്ടുനിന്ന് പിടികൂടിയിരുന്നു. ഏകദേശം നാലുവയസ്സുള്ള കടുവയെയാണ് ഫോറസ്റ്റ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച് പിടിച്ചത്. മാനന്തവാടി-ജെസ്സി-പിലാക്കാവ് റോഡിലെ കല്ലിയോട് മുസ്ലിംപള്ളിക്കു സമീപത്തുനിന്നാണ് മുന്‍കാലിന് സാരമായി പരിക്കേറ്റ കടുവയെ പിടികൂടിയത്. അമ്പുകുത്തിയിലെ വനംവകുപ്പിന്റെ എന്‍.ടി.എഫ്.പി. പ്രൊസസിങ് ആന്‍ഡ് ട്രെയ്നിങ് സെന്ററിലേക്ക് മാറ്റി പ്രാഥമികചികിത്സ നല്‍കിയ കടുവയെ പിന്നീട് സുല്‍ത്താന്‍ബത്തേരി പച്ചാണിയിലെ അനിമല്‍ ഹോസ്പിസ് സെന്റര്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയാണുണ്ടായത്.

പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തലപ്പുഴ, ചിറക്കര, തൃശ്ശിലേരി, കല്ലിയോട്ടുകുന്ന്, പിലാക്കാവ് പ്രദേശങ്ങളിലുള്ളവരും ഭീതിയോടെയാണ് കഴിയുന്നത്.

10 വര്‍ഷത്തിനിടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് എട്ട് പേര്‍

2015 ഫെബ്രുവരി 10-ന് നൂല്‍പ്പുഴ പഞ്ചായത്തിലെ മൂക്കുത്തിക്കുന്ന് സന്ദരത്ത് ഭാസ്‌കരന്‍ (56)
2015 ജൂലായ് കുറിച്യാട് വനഗ്രാമത്തിലെ ബാബുരാജ് (23)
2015 നവംബര്‍ തോല്‌പെട്ടി റെയ്ഞ്ചിലെ വനംവകുപ്പ് വാച്ചര്‍ കക്കേരി കോളനിയിലെ ബസവന്‍ (44)
2019 ഡിസംബര്‍ 24 സുല്‍ത്താന്‍ബത്തേരി പച്ചാടി കാട്ടുനായ്ക്ക കോളനിയിലെ ജഡയന്‍ (മാസ്തി- 60)
2020 ജൂണ്‍ 16-ന് പുല്പള്ളി ബസവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാര്‍ (24)
2023 ജനുവരി 12-ന് പുതുശ്ശേരി വെള്ളാരംകുന്ന് പള്ളിപ്പുറത്ത് തോമസ് (സാലു 50)
2023 ഡിസംബര്‍ ഒന്‍പത് പൂതാടി മൂടക്കൊല്ലിയില്‍ മരോട്ടിപ്പറമ്പില്‍ പ്രജീഷ് (36)

ഒരുവര്‍ഷത്തിനിടെ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍

2024 ജനുവരി 31-ന് തിരുനെല്ലി തോല്‌പെട്ടി ബാര്‍ഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണന്‍ (50)
2024 ഫെബ്രുവരി 10-ന് പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷ് (അജി-47)
2024 ഫെബ്രുവരി 16-ന് വനസംരക്ഷണസമിതി ജീവനക്കാരന്‍ പുല്പള്ളി പാക്കം തിരുമുഖത്ത് പോള്‍
2024 ജൂലായ് 16-ന് സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ കല്ലുമുക്ക് രാജു (49)
2025 ജനുവരി എട്ടിനു പുല്പള്ളി ചേകാടിയില്‍ കര്‍ണാടക കുട്ടസ്വദേശി വിഷ്ണു (22).

RECENT POSTS
Copyright © . All rights reserved