ന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതൽ ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രാ നിരക്ക് കൂടും. എയർ സെക്യൂരിറ്റി ഫീസ് വർധിപ്പിച്ചതിനാലാണ് നിരക്ക് വർധിക്കുന്നത്. ആഭ്യന്തര വിമാന ടിക്കറ്റുകളിൽ എയർ സെക്യൂരിറ്റി ഫീസ് 200 രൂപയും അന്താരാഷ്ട്ര സർവീസുകളിൽ 879 രൂപയോളം (പന്ത്രണ്ട് ഡോളറിന് തുല്യമായി ഇന്ത്യൻ രൂപ) ആണ് ഡിജിസിഎ വർധിപ്പിച്ചിരിക്കുന്നത്.
രണ്ടു വയസിന് താഴെയുള്ള കുട്ടികൾ, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥർ, കൃത്യനിർവഹണത്തിലുള്ള എയർലൈൻ ജീവനക്കാർ, യുഎൻ സമാധാന സേനയിൽ ഉൾപ്പെട്ടവർ എന്നിവർക്ക് വർധിപ്പിച്ച എയർ സെക്യൂരിറ്റി ഫീസ് ബാധകമല്ലെന്നും ഡിജിസിഎ വ്യക്തമാക്കി. നേരത്തേ ആഭ്യന്തര വിമാനയാത്രയ്ക്ക് 40 രൂപയും അന്താരാഷ്ട്ര യാത്രയ്ക്ക് 114.8 രൂപയുമായിരുന്നു എയർ സെക്യൂരിറ്റി ഫീസ്.
അതിനിടെ, രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലായ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങളും ഡിജിസിഎ കടുപ്പിച്ചു. മാസ്ക് ധരിക്കുന്നത് അടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന യാത്രക്കാർക്ക് എതിരേ തത്സമയം പിഴ ചുമത്താൻ എയർപോർട്ട് അധികൃതർക്ക് ഡിജിസിഎ നിർദേശം നൽകി.
രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. വിവിധ വിമാനത്താവളങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ഡിജിസിഎ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഡിജിസിഐ വിമാനത്താവള അധികൃതർക്ക് നിർദേശം നൽകിയത്.
മാസ്ക് ധരിക്കൽ ഉൾപ്പെടെ വിവിധ കോവിഡ് മാനദണ്ഡങ്ങൾ യാത്രക്കാർ അടക്കമുള്ളവർ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് അധികൃതർ ഉറപ്പുവരുത്തണം. മാസ്ക് കൃത്യമായാണോ ധരിച്ചിരിക്കുന്നത് എന്നും നിരീക്ഷിക്കണം. സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്നും ഉറപ്പുവരുത്തണമെന്നും ഡിജിസിഎയുടെ നിർദേശത്തിൽ പറയുന്നു.
നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ഡിജിസിഎ നിർദേശിച്ചത്. ഇതിനായി നിയമത്തിന്റെ സാധ്യത പരിശോധിക്കണം. പോലീസിന്റെ സഹായം തേടണമെന്നും ഡിജിസിഎയുടെ നിർദേശത്തിൽ പറയുന്നു.
മകളുടെ മരണത്തിന് പിന്നാലെ തൃക്കാക്കരയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്. സനുവിനെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതോടെ വൈഗയുടെ മരണം കൊലപാതകമാണെന്നും പൊലീസ് സംശയിക്കുന്നു.
സനു മോഹൻ വാളയാർ കടന്നത് ഒറ്റയ്ക്കെന്നും ചെക്ക്പോസ്റ്റിൽ ടോൾ നൽകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളിലുള്ളത് സനു മോഹനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.
മാർച്ച് 22 പുലർച്ചെ 1.46ന് വാളയാർ ടോൾ പ്ലാസയിലെ ഏഴാം നമ്പർ ലെയ്നിൽ ടോൾ കൊടുക്കുന്ന KL 07 CQ 8571 നമ്പറുള്ള വെള്ള കാറിൽ ഒരാൾ മാത്രമാണ് ഉള്ളതെന്നാണ് ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന്റെ കണ്ടെത്തൽ. പുലർച്ചെ വാളയാർ കടന്ന കാർ ഏഴു ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. കാണാതായ ദിവസം മകൾ വൈഗയുമൊത്ത് സനുമോഹൻ ഫ്ലാറ്റിൽ നിന്ന് കാറിൽ കയറിപ്പോകുന്നത് കണ്ടവരുണ്ട്. കഴിഞ്ഞ രണ്ട് മാസമായി സനുമോഹന്റെ പെരുമാറ്റത്തില്‍ ചില അസ്വഭാവികതകൾ കണ്ടിരുന്നുവെന്നും തന്നോട് കാര്യമായി സംസാരിക്കാറില്ലായിരുന്നുവെന്നും ഭാര്യ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് സനു മോഹനെയും മകൾ വൈഗയേയും കാണാത്തായത്.
പതിമൂന്നുകാരിയായ വൈഗയെ മുങ്ങിമരിച്ച നിലയിൽ പിറ്റേദിവസം മുട്ടാർ പുഴയിൽ കണ്ടെത്തി. പക്ഷെ സനു മോഹനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പിന്നീടാണ് 22 ന് വെളുപ്പിന് സനുമോഹന്റെ വാഹനം വാളയാർ അതിർത്തി കടന്നതായി പൊലീസ് കണ്ടെത്തിയത്. സനുമോഹൻ കോമ്പത്തൂര്‍ കേന്ദ്രീകരിച്ച് താമസിക്കുന്നതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര എസ്ഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കൂടുതൽ അന്വേഷണത്തിനായി കോയമ്പത്തൂർക്ക് പോകും.
മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ സനു മോഹൻ ഒരാൾക്കു 40 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും അതിനുള്ള തുക തന്റെ അക്കൗണ്ടിലുണ്ടെന്നും അടുപ്പക്കാരോടു പറഞ്ഞിരുന്നതായി പൊലീസ്. എന്നാൽ സനുവിന്റെ അക്കൗണ്ടുകളിൽ സമീപകാലത്തു വലിയ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
സനുവിന്റെ കൈയിൽ 3 ഫോണാണുള്ളത്. 3 ഫോണുകളും 21 മുതൽ സ്വിച്ചോഫ് ആണ്. സനുവിന്റെ 2 ഫോണുകളും ഭാര്യയുടെ ഫോണുമാണിത്. കാണാതാകുന്നതിനു മുൻപു സനു ഒരു ഫോൺ കങ്ങരപ്പടിയിൽ വിറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവയുടെയെല്ലാം കോൾ, എസ്എംഎസ് വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ ചില നമ്പറുകൾ നിരീക്ഷണത്തിലാണ്. സനുവിന്റെ ആധാർ കാർഡ് വച്ച് പുതിയ സിം എടുത്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പണം നൽകാനുള്ളവരുമായി സംഘർഷമുണ്ടാവുകയും വൈഗ അതിൽ അകപ്പെടാനുമുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഫ്ലാറ്റിൽ നിന്നു വൈഗയെ തോളിൽ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ചാണ് സനു കൊണ്ടുപോയതെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഫ്ലാറ്റിൽ കൂടുതലാരെങ്കിലും വന്നതിന്റെയോ സംഘർഷമുണ്ടായതിന്റെയോ തെളിവൊന്നുമില്ല. രക്തക്കറ പോലെ തോന്നുന്ന അടയാളങ്ങൾ മുറിയിൽ കണ്ടെത്തിയിരുന്നു. വൈഗയുടെ ശരീരത്തിൽ പരുക്കൊന്നുമില്ലായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. മുങ്ങി മരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം.
സനു മോഹൻ നിരവധി സാമ്പത്തിക കേസുകളിൽ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മുംബൈ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകേസിലെ മുഖ്യപ്രതിയാണ് പുണെയിൽ ബിസിനസ് നടത്തുകയായിരുന്ന സനുമോഹൻ. സനുവിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു പുണെയിൽ കേസുകളുണ്ടെന്ന വിവരം അന്വേഷണ സംഘം ഗൗരവത്തോടെയാണു കാണുന്നത്.
തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെ സാരിയില്‍ തീപിടിച്ച വീണ എസ്. നായര്‍ക്ക് പ്രിയങ്ക ഗാന്ധിയുടെ കരുതല്‍. പ്രവര്‍ത്തകര്‍ സമ്മാനിച്ച ഷാള്‍ വീണയെ പുതപ്പിച്ച പ്രിയങ്ക തുടര്‍ന്നുള്ള യാത്രയില്‍ ഒപ്പംകൂട്ടി. ഒരുചേച്ചിയുടെ കരുതലാണ് പ്രിയങ്ക നല്‍കിയതെന്ന് പിന്നീട്,,,, വീണ പറഞ്ഞു.
ആറ്റുകാല്‍ ക്ഷേത്രനട അടയക്കുന്നതിന് തൊട്ടുമുമ്പാണ് പ്രിയങ്കഗാന്ധിയും വീണ എസ്. നായര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരും എത്തിയത്. തിക്കിലും തിരക്കിലുംപെട്ട് എല്ലാവരും വലഞ്ഞു. നാരങ്ങാവിളക്ക് കത്തിക്കുന്നതിനിടെയാണ് വീണയുടെ സാരിയില്‍ തീപിടിച്ചത്.
ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവര്‍ തീ അണച്ചു. ഉടന്‍തന്നെ പ്രിയങ്ക തനിക്ക് കിട്ടിയ ഷാള്‍ വീണയ്ക്കുനല്‍കി. അപ്രതീക്ഷിത അപകടത്തില്‍ പകച്ച സ്ഥാനാര്‍ഥിയെ വാഹനത്തിലേക്ക് ക്ഷണിച്ചു. പൂന്തുറയിലെ സമ്മേളനത്തിന് ശേഷം താമസസ്ഥലത്ത് എത്തുന്നതുവരെ പ്രിയങ്ക വീണയെ ഒപ്പം കൂട്ടി. ബാക്കി വീണ പറയും
പ്രിയങ്കയുടെ തിരുവനന്തപുരത്തെ പര്യടനം ആസൂത്രണമില്ലായ്മമൂലം സമയക്രമം പാലിക്കാനായിരുന്നില്ല. തീരദേശമേഖലയിലെ റോഡ് ഷോ പോലും നിശ്ചയിച്ചരീതിയില്‍ പൂര്‍ത്തിയാക്കാനായില്ല. ഇതിനിടെയുള്ള തിരക്കിലാണ് വീണയ്ക്ക് അപകടം സംഭവിച്ചത്.
അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെയായിരുന്നു സീനത്തിന്റെ തുടക്കം. പിന്നീട് 1978 ല്‍ ‘ചുവന്ന വിത്തുകള്‍’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. സീരിയലുകളിലും താരം അഭിനയിക്കാറുണ്ട്. പരദേശി, പെണ്‍പട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ ശ്വേത മേനോന് ശബ്ദം നല്‍കിയത് സീനത്തായിരുന്നു. നാല് പതിറ്റാണ്ടിലേക്ക് കടന്നിരിക്കുകയാണ് ഈ അഭിനേത്രിയുടെ കലാജീവിതം. വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായ വിവാഹത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ
കെ.ടി ജീവിത പങ്കാളിയായപ്പോളും എന്റെ മനസില്‍ ഗുരു തന്നെ ആയിരുന്നു എന്ന് തോന്നുന്നു. അല്ലെങ്കില്‍ വീട്ടില്‍ എല്ലാവരും ബഹുമാനിക്കുന്ന തെറ്റ് കണ്ടാല്‍ വഴക്ക് പറയുന്ന അങ്ങനെ ഒരാളായിരുന്നു. കെ.ടി യുടെ മഹത്വം എന്നെക്കാളും നന്നായി നാടകം ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും അറിയാം. അത് കെ.ടി എഴുതിയ ഓരോ കൃതികളിലും തെളിഞ്ഞ് കാണാം. വിവാഹമോചനം ഒരു പ്രത്യേക സാഹചര്യത്തിലാണെന്ന് മുന്‍പ് താന്‍ പറഞ്ഞിരുന്നു. ഇനി വീണ്ടും വീണ്ടും അത് പറയുന്നതില്‍ അര്‍ഥമില്ല.
മാത്രമല്ല മറുപടി പറയാന്‍ ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ഞാന്‍ എന്റേതായ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. ഒന്ന് മാത്രം പറയാം, ജീവിക്കാന്‍ മറന്ന് പോയ, കുടുംബത്തെ ഒരുപാട് സ്‌നേഹിച്ച, അനുജനെ, സഹോദരിമാരെ അവരുടെ മക്കളെ എല്ലാവരെയും ഒത്തിരി സ്‌നേഹിച്ച കള്ളത്തരങ്ങളും കപടതയും ഇല്ലാത്ത സാധാരണക്കാരോട് കൂട്ടുകൂടാന്‍ ഇഷ്ടമുള്ള കുട്ടികളുടെ മനസുള്ള ഒരു വലിയ കലാകാരനും നാടകാചരന്യനുമായിരുന്നു കെ.ടി. അവസാന നാളുകളില്‍ ഒറ്റപ്പെട്ട് പോയ കെ.ടി യെ കുറിച്ച് നോക്കുമ്പോള്‍ നല്ല വിഷമം ഉണ്ട്. ജീവിതമല്ലേ ആര്‍ക്കും അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്തവര്‍ പിരിയും. കാര്യം അറിയാതെ കുറ്റം പറയുന്നവര്‍ ധാരാളം ഉണ്ടാകും. അതിനൊന്നും ഞാന്‍ ഉത്തരം പറയാറില്ല.
കേരളത്തിൽ ബി.ജെ.പി എന്ത് കൊണ്ട് വരുന്നില്ല എന്നതിന് മികച്ച ഉത്തരം നൽകിയത് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ തന്നെയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ പി. സായ്നാഥ്.
90 ശതമാനം ആളുകൾ സാക്ഷരരായതു കൊണ്ടാണെന്ന രാജഗോപാലിന്റെ ആ നിരീക്ഷണത്തെ ഞാൻ വളരെയധികം അംഗീകരിക്കുന്നെന്ന് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കർണാടകത്തെ മാറ്റി നിർത്തിയാൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ആർ.എസ്.എസ് അടിത്തറയുള്ള സംസ്ഥാനം കേരളമായിരുന്നു. എന്നാൽ അതിനപ്പുറം ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിലേക്ക് ആ അടിത്തറ വളർന്നിട്ടില്ല.
അതെന്തുകൊണ്ട് എന്നതിന് ഏറ്റവും മികച്ച ഉത്തരം നൽകിയത് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ തന്നെയാണ്. കേരളത്തിലെ 90 ശതമാനം ആളുകൾ സാക്ഷരരായതു കൊണ്ടാണ് കേരളത്തിൽ ബി.ജെ.പിക്ക് വോട്ട് കിട്ടാതിരിക്കാനുള്ള കാരണമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് സായ്നാഥ് ഓർമ്മിപ്പിച്ചു.
ബിജെപി കേരളത്തിൽ ഒരു എതിരാളി പോലുമല്ല. കേരളീയ ജനതയ്ക്ക് ബിജെപിയിൽ ഒരിക്കലും താത്പര്യമുണ്ടായിട്ടില്ലെന്നും പി. സായ്നാഥ് പറഞ്ഞു.
അതേസമയം ഉത്തരേന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ബിജെപി വിരുദ്ധ വികാരം ദക്ഷിണേന്ത്യയിൽ വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ നടൻ കൃഷ്ണകുമാറിന്റെ ബീഫ് നിരോധനമെന്ന പരാമർശത്തിന് മകൾ നൽകിയ മറുപടിയെന്ന തരത്തിൽ പ്രചരിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് അഹാന കൃഷ്ണ.താൻ ബീഫ് കഴിക്കാറില്ലെന്നും ബീഫ് വീട്ടിൽ കയറ്റാറില്ലെന്നുമുള്ള കൃഷ്ണകുമാറിന്റെ അഭിപ്രായപ്രകടനത്തിന് പിന്നാലെയാണ് ട്രോളുകൾ പിറന്നത്. മകളായ അഹാന വീഫ് വിഭവത്തിന്റെ ചിത്രം മുമ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത് കുത്തിപ്പൊക്കിയായിരുന്നു ട്രോളുകൾ അധികവും. ‘കൃഷ്ണകുമാറിന്റെ വാദം പൊളിച്ചടുക്കി അഹാന’ എന്ന രീതിയിലായി പിന്നത്തെ പ്രചരണം.
മീമുകളും വാർത്തകളും നല്ലതാണ് പക്ഷേ ഒരൽപം മര്യാദ വേണമെന്നാണ് അഹാന ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചത്. അന്ന് പങ്കുവെച്ച ബീഫ് വിഭവത്തെക്കുറിച്ചും അഹാന വിശദീകരിച്ചു. തന്റെ സിനിമയുടെ പ്രൊഡക്ഷൻ ടീമിലെ ഭക്ഷണമാണ് അതെന്നും അമ്മ ഉണ്ടാക്കിത്തന്ന ഭക്ഷണമല്ലെന്നും അഹാന വ്യക്തമാക്കി.
താനും തന്റെ അച്ഛനും രണ്ട് വ്യക്തികളാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങൾ വെച്ചുപുലർത്താൻ തങ്ങൾക്ക് അവകാശമുണ്ടെന്നും പറയുന്നു. എന്നാൽ കുറച്ചു കാലമായി താനെന്ത് പറഞ്ഞാലും അത് തന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു, തന്റെ അച്ഛന്റെ അഭിപ്രായം തന്റെ അഭിപ്രായം ആക്കി മാറ്റുന്നുവെന്നും ഇതെന്ത് ഭ്രാന്താണെന്നും അഹാന കുറിച്ചു.
പ്രമുഖ ബോളിവുഡ് നടൻ അജാസ് ഖാൻ അറസ്റ്റിലായി. ലഹരി മരുന്നുമായി ബന്ധപ്പെട്ട കേസിലാണ് അജാസ് ഖാനെ മുംബൈ എയർപോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ മറ്റ് രണ്ട് കേന്ദ്രങ്ങളിൽ കൂടി റെയ്ഡ് നടക്കുന്നുണ്ടെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച അജാസ് ഖാൻ ബിഗ് ബോസിലൂടെയാണ് കൂടുതൽ വാർത്തകളിൽ നിറയുന്നത്. ബിഗ് ബോസ് സീസൺ ഏഴിലും എട്ടിലും മത്സരാർത്ഥിയായിരുന്ന അജാസ് ഖാൻ നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.
രക്തചരിത, ഭോണ്ഡു, അള്ളാഹ് കേ ബന്ദേ, റക്ത ചരിത 2. ഹാ തുജേ സലാം ഇന്ത്യ തുടങ്ങിയ സിനിമകളിലെയും സീരിയലുകളിലെയും അജാസ് ഖാന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. അജാസ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്ന കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
നേരത്തെ നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് പിന്നാലെ നിരവധി ബോളിവുഡ് താരങ്ങൾക്കെതിരെ ലഹരിമരുന്ന് ആരോപണങ്ങളുയർന്നിരുന്നു. ചിലർ അറസ്റ്റിലാവുകയും ചെയ്തു. ദീപിക പദുകോൺ ഉൾപ്പടെയുള്ള പ്രമുഖരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ കെബി ഗണേഷ് കുമാറിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടന്‍ മോഹന്‍ലാല്‍. ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ജനങ്ങള്‍ ഒപ്പമുണ്ടാകണമെന്നും നാടിന്റെ വികസനമാണ് നമുക്ക് വേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ വാക്കുകള്‍
‘മറ്റുള്ളവരെ കേള്‍ക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടാവേണ്ട അത്യാവശ്യ ഗുണം. ദുഃഖം കേള്‍ക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷ് കുമാറിനുള്ളത്. പത്തനാപുരത്തെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ്. സ്വകാര്യ സംഭാഷണങ്ങളില്‍ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്.
പുതിയ വികസന ആശയങ്ങളും സ്വപ്നങ്ങളും പങ്കുവയ്ക്കുമ്പോള്‍ അഭിനയത്തേക്കാള്‍ ഉപരി പത്തനാപുരത്തോടുള്ള വല്ലാത്ത അഭിനിവേശം ഞങ്ങള്‍ കേള്‍ക്കാറുണ്ട്, കാണാറുണ്ട്. നിങ്ങള്‍ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതില്‍ ഗണേഷ്‌കുമാറിന്റെ സംഭാവന എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്ക് അറിയാം. പ്രിയ സഹോദരന്‍ ഗണേഷ് കുമാറിന്റെ വികസനസ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ നിങ്ങള്‍ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം. മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്.”
രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് സ്ത്രീ വിരുദ്ധ പരാമർശം നടത്തി മുൻ എം.പി ജോയ്‌സ് ജോർജ്. രാഹുൽ ഗാന്ധി വിവാഹിതൻ അല്ലാത്തതിനാൽ അദ്ദേഹത്തോട് ഇടപെടുമ്പോൾ വിദ്യാർത്ഥിനികൾ സൂക്ഷിക്കണം എന്ന സ്ത്രീ വിരുദ്ധ പരാമർശമാണ് ജോയ്‌സ് ജോർജ് നടത്തിയത്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയ്‌സ് ജോർജ് പറഞ്ഞു.
മന്ത്രി എം.എം മണിയുടെ ഇരട്ടയാറിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു ഇടുക്കി മുൻ എം.പിയുടെ പരാമർശം. പ്രസ്താവനയെ കൂട്ടചിരിയിൽ സദസ്സ് പിൻതാങ്ങി.
അതേസമയം ജോയ്‌സ് ജോർജിന്റേത് തരംതാണ പ്രസ്താവന ആണെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചു. അവനവന്‍റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നും ഡീന്‍ പറഞ്ഞു. ജോയ്‌സ് ജോർജിന്റെ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.