India

ബിഎംഡബ്ല്യു കര്‍ ഉള്ളവര്‍ വരെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദേശം.

വലിയ തോതില്‍ ക്രമക്കേട് കണ്ടെത്തിയ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് നിര്‍ദേശം നല്‍കിയത്. മറ്റ് സ്ഥലങ്ങളിലും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നറിയാന്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തും.

പെന്‍ഷന്‍ അര്‍ഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥര്‍, പെന്‍ഷന്‍ അനുവദിച്ചു നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിനും കടുത്ത നടപടിക്കും നിര്‍ദേശിച്ചിരിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണ പുരോഗതി ഓരോ മാസവും വിലയിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ അന്വേഷണം.

ഏഴാം വാര്‍ഡിലെ 42 ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച പരിശോധനയില്‍ 38 പേരും അനര്‍ഹരാണെന്ന് കണ്ടെത്തിയിരുന്നു. ഒരാള്‍ മരണപ്പെട്ടു. ബിഎംഡബ്ല്യു കാര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ പെന്‍ഷന്‍ പട്ടികയില്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. ചില ക്ഷേമ പെന്‍ഷന്‍കാരുടെ വീടുകളില്‍ എയര്‍ കണ്ടീഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഉണ്ടെന്നും വ്യക്തമായിട്ടുണ്ട്.

ഭാര്യയോ ഭര്‍ത്താവോ സര്‍വീസ് പെന്‍ഷന്‍ പറ്റുന്നവരും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. മിക്കവരുടെയും വീട് 2000 ചതുരശ്ര അടിയിലധികം വലുപ്പമുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

കോട്ടയ്ക്കല്‍ നഗരസഭയിലെ മുഴുവന്‍ സാമൂഹ്യ സുരക്ഷാ ഗുണഭോക്താക്കളുടെയും അര്‍ഹത സംബന്ധിച്ച പരിശോധന നടത്താനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് നിര്‍ദേശം നല്‍കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.

ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ അര്‍ഹത സംബന്ധിച്ച് കൃത്യമായ ഇടവേളകളില്‍ വിലയിരുത്തല്‍ നടത്താന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആശ്വാസകരമായ ആ വാര്‍ത്തയെത്തിയിരിക്കുന്നു. പശുവിനെ തിരഞ്ഞ് കാട്ടിലേക്ക് പോയി കാണാതായ മായാ ജയന്‍, പാറുക്കുട്ടി, ഡാര്‍ലി എന്നിവരെ തിരച്ചില്‍ സംഘം കണ്ടെത്തി. ആശങ്ക നിറഞ്ഞ 14 മണിക്കൂറുകള്‍ക്കൊടുവിലാണ് മൂവരേയും കണ്ടെത്തിയ വിവരം ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചത്.

ബുധനാഴ്ചയാണ് ഇവരുടെ പശുവിനെ കാണാതായത്. മായ വ്യാഴാഴ്ച രാവിലെ പശുവിനെ അന്വേഷിച്ചുപോയി കണ്ടെത്താനാവാതെ വന്നതോടെയാണ് വൈകീട്ട് മൂന്ന് മണിയോടെ മറ്റ് രണ്ടുപേരെയും കൂട്ടി വീണ്ടും തേക്ക് പ്ലാന്റേഷനി (പഴയ മെഡിസിനല്‍ പ്ലാന്റേഷന്‍) ലെ മുനിപ്പാറ ഭാഗത്തുകൂടി പ്ലാന്റേഷനിലേക്ക് പോയത്.

പശുവിനെ കണ്ടെത്തി മടങ്ങുന്നതിനിടെ തങ്ങള്‍ ആനയുടെ മുന്നിലകപ്പെട്ട് പേടിച്ച് ചിതറിയോടിയതായി മായ ഭര്‍ത്താവിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. വനാതിര്‍ത്തിയിലാണ് ഇവരുടെ വീട്. പശുവിനെ ബുധനാഴ്ച മുതല്‍ കാണാതായതാണ്. ഇതിനിടെ പശു തിരിച്ചെത്തിയതോടെയാണ് വീട്ടുകാര്‍ ആശങ്കയിലായത്.

മായയുടെ കൈവശമുള്ള മൊബൈലില്‍നിന്ന് വൈകീട്ട് 4.15 വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പാറപ്പുറത്ത് ഇരിക്കുകയാണെന്നും വരുമ്പോള്‍ ഒരുകുപ്പി വെള്ളവും കൊണ്ടുവരണമെന്നും പറഞ്ഞിരുന്നു. വനപാലകര്‍ ഫോണില്‍ പാറപ്പുറം ഏത് ഭാഗത്താണെന്ന് ചോദിച്ചെങ്കിലും സ്ഥലം കൃത്യമായി പറയാന്‍ ഇവര്‍ക്ക് സാധിച്ചില്ല. തിരച്ചില്‍ നടത്തിയ നാട്ടുകാരില്‍ ഒരാള്‍ 5-ന് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ ബന്ധം നിലച്ചു.

വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ആര്‍. സഞ്ജീവ്കുമാര്‍, കുട്ടംപുഴ സി.ഐ. പി.എ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ 15 പേര്‍ വീതം അടങ്ങുന്ന മൂന്ന് സംഘങ്ങള്‍ തിരച്ചിലിനിറങ്ങിയത്. അന്വേഷണ സംഘവും ആനയുടെ മുന്നിൽ അകപ്പെട്ടു. ഡ്രോണുപയോഗിച്ചും പരിശോധന നടത്തി.ഒടുവിൽ വെള്ളിയാഴ്ച രാവിലെയാണ് വനത്തില്‍ ആറ് കിലോമീറ്റര്‍ ഉള്ളിലായി അറക്കമുത്തി എന്ന പ്രദേശത്തുനിന്ന് അന്വേഷണ സംഘം ഇവരെ കണ്ടെത്തിയത്. രാത്രി മുഴുവൻ പാറയ്ക്കു മുകളിലാണ് ഇവർ കഴിച്ച് കൂട്ടിയതെന്നാണ് വിവരം. മൂന്നു പേരും സുരക്ഷിതരാണെന്നും ഇവരെ ഉടന്‍ തിരിച്ചെത്തിക്കാന്‍ കഴിയുമെന്നും മലയാറ്റൂര്‍ ഡി.എഫ്.ഒ ശ്രീനിവാസ് അറിയിച്ചു.

അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. അസി. പോലീസ് കമ്മിഷണര്‍ ടി.കെ. രത്‌നകുമാര്‍, ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി എന്നിവര്‍ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ എത്തിയാണ് മൊഴിയെടുത്തത്.

‘ഒരു തെറ്റു പറ്റി’യെന്ന് എ.ഡി.എം. കെ. നവീന്‍ ബാബു പറഞ്ഞതായും മൊഴിയുടെ പൂര്‍ണരൂപം പുറത്തുവന്നിട്ടില്ലെന്നുമുള്ള കളക്ടറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമതും മൊഴിയെടുത്തത്. വകുപ്പുതല അന്വേഷണം നടത്തിയ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയ്ക്കും ഇതേ മൊഴി നല്‍കിയെന്ന് കളക്ടര്‍ പറഞ്ഞിരുന്നു.

എന്നാല്‍ നവീന്‍ ബാബുവിന്റെ മരണത്തിന് തൊട്ടുപിന്നാലെ കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇത്തരമൊരു പരാമര്‍ശം ഉണ്ടായിരുന്നില്ല. ഒക്ടോബര്‍ 22-ന് പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ മിക്കതും കളക്ടര്‍ രണ്ടാമത്തെ മൊഴിയെടുപ്പിലും ആവര്‍ത്തിച്ചു.

ടി.വി. പ്രശാന്തന് പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് എതിര്‍പ്പില്ലാരേഖ ലഭിച്ചതുമായി ബന്ധപ്പെട്ട കാര്യം പി.പി. ദിവ്യ യോഗത്തില്‍ പറഞ്ഞ അറിവ് മാത്രമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് കളക്ടര്‍ പറഞ്ഞു. നവീന്‍ ബാബുവുമായി നല്ല ബന്ധമാണെന്നും കളക്ടര്‍ പറഞ്ഞതായി അറിയുന്നു.

നവീന്‍ ബാബുവിന്റെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം പരിശോധിച്ചു. യാത്രയയപ്പ് യോഗത്തിനുശേഷം വിളിച്ചത് അഴീക്കോട് സ്വദേശിയായ ടി.വി. പ്രശാന്തിനെയാണെന്നാണ് അന്വേഷണത്തില്‍ മനസ്സിലായി. നവീന്‍ ബാബുവിന് അടുപ്പമുണ്ടായിരുന്ന പ്രശാന്തിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഒന്ന് വരെയുള്ള തിയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതേസമയം ഇന്ന് ഒരു ജില്ലകളിലും യെല്ലോ അലര്‍ട്ടില്ല.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ടാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് നാളെവരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതിതീവ്ര ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറി ശ്രീലങ്ക തീരംതൊട്ട് തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.

നാളെ തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

നടനും നിർമാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്. നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ല, കണക്കുകൾ മറച്ചുവെച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.

സിനിമാ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടർന്ന് സിനിമാ നിർമാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമാതാക്കളായ സൗബിനെതിരേയടക്കം ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ പരാതി നൽകുന്നത്.

ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലാണ് ഇ.ഡിയുടെ ഇടപെടൽ.

അന്വേഷണത്തിന്റെ തുടക്കത്തിൽ, സിറാജ് പരാതിനൽകിയതിന് തൊട്ടുപിന്നാലെ പോലീസ് മൊഴി രേഖപ്പെടുത്തുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട ബാങ്ക് രേഖകൾ പോലീസ് ശേഖരിക്കുകയും ചെയ്തു. ഇതിൽനിന്നാണ് ചിത്രത്തിന്റെ നിർമാതാക്കൾ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

7 കോടി രൂപയാണ് സിറാജ് സിനിമയ്ക്കായി നിക്ഷേപിച്ചത്. 22 കോടിയാണ് ചിത്രത്തിന്റെ ആകെ മുടക്കുമുതലെന്നാണ് ഇവർ പരാതിക്കാരനെ ആദ്യം ധരിപ്പിച്ചത്. എന്നാൽ 18.65 കോടി മാത്രമായിരുന്നു നിർമാണച്ചെലവ്. ഷൂട്ടിങ് തുടങ്ങുന്നതിനും മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നും നിർമാതാക്കൾ സിറാജിനെ തെറ്റിദ്ധരിപ്പിച്ചു. ഒരു രൂപ പോലും മുടക്കാത്ത നിർമാതാക്കൾ പരാതിക്കാരന് പണം തിരികെ നൽകിയില്ല. പറവ ഫിലിം കമ്പനി നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

40 % ലാഭവിഹിതമാണ് പരാതിക്കാരന് നിർമാതാക്കൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ സിനിമ വലിയ ഹിറ്റായിട്ടും ഒരു രൂപ പോലും നൽകിയില്ല. ഇക്കാര്യം ബാങ്ക് രേഖകളിൽനിന്ന് വ്യക്തമായെന്നും റിപ്പോർട്ടിൽ പറയുന്നു. തനിക്ക് ഏതാണ്ട് 47 കോടിയുടെ നഷ്ടമുണ്ടായെന്നാണു സിറാജ് പറയുന്നത്.

സ്‌കൂളില്‍ പോകും വഴി പന്ത്രണ്ട് വയസുകാരിയെ ബൈക്കില്‍ കടത്തിക്കൊണ്ടു പോയി ലൈംഗികമായി അതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കല്‍ കുഴിക്കാട് പുത്തന്‍ വീട്ടില്‍ എം.എസ് അനസ് (23) ആണ് പിടിയിലായത്.

ഫോണിലൂടെ കുട്ടിയെ പരിചയപ്പെട്ട അനസ് ഇന്‍സ്റ്റാഗ്രാം വഴി സ്വന്തം നഗ്നചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും അയച്ചു നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ സ്‌കൂളിലേക്ക് പോകുന്ന വഴി ബൈക്കില്‍ നിര്‍ബന്ധിച്ച്‌ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.

സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടിയെ കയറ്റിക്കൊണ്ടു പോയത്. കായംകുളത്തേക്കാണ് പ്രതി കുട്ടിയെ കൊണ്ടുപോയത്, യാത്രയ്ക്കിടയില്‍ ലൈംഗിക അതിക്രമം കാട്ടി. കായംകുളം ലേക്പാലസിലെത്തിച്ച്‌ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാട്ടി മാതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു.

ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വേഗത്തിലാക്കിയ അന്വേഷണത്തില്‍ ഉടനടി കുട്ടിയെ പോലീസ് കണ്ടെത്തി. കുട്ടിയുടെ മൊഴിയനുസരിച്ച്‌ യുവാവിനെ പ്രതിയാക്കി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കായംകുളം പോലീസിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്.

പ്രതി ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പോലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എസ്.ഐ. വിമല്‍ രംഗനാഥ്, എസ്.സി.പി.ഓമാരായ കെ.ബി ബിജു, ഷംനാദ്, സന്ധ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തേണ്ടതില്ലെന്ന് തീരുമാനിച്ച് മന്ത്രിസഭാ യോഗം. പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന നാലാം ഭരണപരിഷ്ക്കാര കമ്മീഷൻറെ ശുപാർശയാണ് സർക്കാർ തള്ളിയത്. അതേസമയം കമ്മീഷൻറെ മറ്റ് ശുപാർശകൾ മന്ത്രിസഭാ യോഗം ഭേദഗതികളോടെ അംഗീകരിച്ചു.

ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേകമായ പരിജ്ഞാനം ആവശ്യമാണെങ്കിൽ അത് ആർജിക്കാൻ അർഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാർശയാണ് തത്വത്തിൽ അംഗീകരിച്ച ഒരു വിഷയം. നിയമനാധികാരികൾ എല്ലാ വർഷവും ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ റദ്ദു ചെയ്യാൻ പാടില്ല.

തസ്തികകൾ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്മെൻറ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകൾ സ്പാർക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെൻഷൻ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ലഘൂകരിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചു.

മുനമ്പം വിഷയത്തിൽ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി സർക്കാർ സ്വീകരിക്കേണ്ട നടപടികൾക്കുള്ള ശുപാർശ അടക്കം മൂന്നു മാസത്തിനുള്ളിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറിയെ മന്ത്രിസഭയോഗം ചുമതലപ്പെടുത്തി. കമ്മീഷന് ആവശ്യമായ ഓഫീസും ഇതര സംവിധാനങ്ങളും സമയബന്ധിതമായി ഏർപ്പെടുത്താനുള്ള ചുമതല എറണാകുളം ജില്ലാ കളക്ടർക്കാണ് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ തട്ടിച്ച് സർക്കാർ ജീവനക്കാർ. 1458 സർക്കാർ ജീവനക്കാർ ചട്ടങ്ങൾ മറികടന്ന് സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തൽ. ധനവകുപ്പ്‌ നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌. കോളജ്‌ അസിസ്‌റ്റന്റ്‌ പ്രഫസർമാരും ഗസറ്റഡ്‌ ഉദ്യോഗസ്ഥരും അടക്കമാണ്‌ അനർഹമായി പെൻഷൻ കൈപ്പറ്റുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഹയർ സെക്കൻഡറി വകുപ്പിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവരും ഇതിലുൾപ്പെടും.

അനധികൃമായി കൈപ്പറ്റിയ തുക പലിശയടക്കം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നാണ് ധനവകുപ്പിന്റെ നിർദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും മന്ത്രി കെഎൻ ബാലഗോപാൽ നിർദേശിച്ചു. തട്ടിപ്പ് നടത്തിയ രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരത്തെ സർക്കാർ കോളേജിലും മറ്റേയാൾ പാലക്കാടുള്ള കോളേജിലുമാണ് ജോലി ചെയ്യുന്നത്.

ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത് ആരോഗ്യ വകുപ്പിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 373പേർ ആരോഗ്യ വകുപ്പിലും 224 പേർ പൊതുവിദ്യാഭ്യാസ വകുപ്പിലും 124പേർ മെഡിക്കൽ എജ്യൂക്കേഷൻ വകുപ്പിലും 114പേർ ആയുർവേദ വകുപ്പിലും 74 പേർ മൃഗസംരക്ഷണ വകുപ്പിലും 47പേർ പൊതുമരാമത്ത് വകുപ്പിലുമാണ് ക്ഷേമ പെൻഷൻ കൈപ്പറ്റുന്നത്.

എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സി.ബി.ഐ. എന്നത് അന്വേഷണത്തിന്റെ അവസാനവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

സി.ബി.ഐ. ആണ് എല്ലാത്തിന്റെയും അവസാനവാക്ക് എന്നത് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും അത് അംഗീകരിച്ചിട്ടില്ല, ഇന്നും അത് അംഗീകരിക്കുന്നില്ല, നാളെയും അംഗീകരിക്കില്ല. സുപ്രീംകോടതി പറയുന്നപോലെ കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ. കേന്ദ്രസര്‍ക്കാര്‍ എന്താണ് പറയുന്നത്, അത് ചെയ്യുന്നതാണ് സി.ബി.ഐയെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സി.പി.എം. നേതാവ് പ്രതിയായ കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും സംഭവത്തില്‍ പി.പി. ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ബുധനാഴ്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഡിസംബര്‍ ആറാം തീയതി കേസ് ഡയറി ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇതിനുശേഷം ഹര്‍ജിയില്‍ ഡിസംബര്‍ ഒന്‍പതാം തീയതി കോടതി വിശദമായ വാദം കേള്‍ക്കും.

യുവാവിനോടും കുടുംബത്തോടുമുളള മുന്‍വൈരാഗ്യത്തെ തുടർന്ന് അയല്‍വാസിയായ യുവാവിനെ വധിക്കാന്‍ ന്യൂസിലന്‍ഡില്‍ ഇരുന്ന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തി. കേസിലെ അഞ്ചാം പ്രതിയെ ഒരു വര്‍ഷത്തിന് ശേഷം മുംബൈയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.

കവിയൂര്‍ ആഞ്ഞിലിത്താനം മാകാട്ടി കവല തെക്കേ മാകാട്ടില്‍ അനീഷ് എന്‍. പിള്ള (42) യെയാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റ് ചെയ്തത്. കവിയൂര്‍ ആഞ്ഞിലിത്താനം പഴമ്ബള്ളില്‍ മനീഷ് വര്‍ഗീസിനെ കൊല്ലാന്‍ നാലംഗ സംഘത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് കേസ്. മനീഷിനോടും കുടുംബത്തോടുമുളള മുന്‍വൈരാഗ്യമായിരുന്നു ക്വട്ടേഷന് പിന്നില്‍.

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 12 ന് വൈകിട്ട് മൂന്നരക്ക് പഴമ്ബള്ളില്‍ ജങ്ഷനിലാണ് സംഭവം. ബൈക്കില്‍ മാകാട്ടി കവല റോഡില്‍ സഞ്ചരിച്ച യുവാവിനെ കാറിലെത്തിയ ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുഖത്ത് മുളകുപൊടി വിതറിയശേഷം ഇരുമ്ബ് പൈപ്പ് കൊണ്ട് തലക്കടിച്ചു വീഴ്ത്തി. തുടര്‍ന്ന് തറയിലിട്ട് മര്‍ദ്ദിച്ചു. മോട്ടോര്‍ സൈക്കിള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

മനപ്പൂര്‍വമല്ലാത്ത നരഹത്യ ശ്രമത്തിനാണ് ആദ്യം കേസെടുത്തതെങ്കിലും തുടരന്വേഷണത്തില്‍ വധശ്രമമാണെന്ന് കണ്ടെത്തി. എസ്.എച്ച്‌.ഓ ബി.കെ.സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു. ഒന്നുമുതല്‍ നാലുവരെ പ്രതികളായ അനില്‍ കുമാര്‍, വിഷ്ണു, സതീഷ് കുമാര്‍, റോയ് എന്നിവരെ ഒക്ടോബര്‍ 23 ന് രാത്രി അറസ്റ്റ് ചെയ്തു.

ആറാം പ്രതി അഭിലാഷ് മോഹന്‍, ഏഴാം പ്രതി സജു എന്നിവരെ ജനുവരി 10 നും മാര്‍ച്ച്‌ 12 നുമായി അന്വേഷണസംഘം പിടികൂടുകയും ചെയ്തു. അഭിലാഷ് മോഹന്‍, സജു എന്നിവരുമായി അനീഷ് ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് അനില്‍ കുമാര്‍, വിഷ്ണു, സതീഷ് കുമാര്‍, റോയ് എന്നിവരെ കൃത്യം നടത്താന്‍ ഏല്‍പ്പിച്ചു. പ്രതികള്‍ നടത്തിയ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച ബാങ്ക് രേഖകളും വാട്സ്‌ആപ് സന്ദേശങ്ങളും പോലീസ് ശേഖരിച്ചു. അനീഷ് അഭിലാഷ് മോഹന്‍, സജു എന്നിവരുമായി നടത്തിയ സാമ്ബത്തിക ഇടപാട് പോലീസ് കണ്ടെത്തി. പിന്നീട് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് ഇന്‍സ്പെക്ടര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ന്യൂസിലാന്‍ഡില്‍ കഴിയുന്ന അനീഷിനു വേണ്ടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പോലീസ് പുറപ്പെടുവിപ്പിച്ചു. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. എയര്‍പോര്‍ട്ട് ഇമിഗ്രേഷനില്‍ നിന്ന് വിവരം അറിയിച്ചതനുസരിച്ച്‌ പോലീസ് സംഘം അവിടെയെത്തി കസ്റ്റഡിയിലെടുത്തു.

എസ്.ഐ മുഹമ്മദ് സാലിഹ്, എസ്.സി.പി.ഓ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഏറ്റുവാങ്ങിയത്. മുംബൈ സഹര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം അന്ധേരി ജെ എഫ് എം കോടതിയില്‍ ഹാജരാക്കി, ട്രാന്‍സിറ്റ് വാറന്റ് വാങ്ങി പ്രതിയുമായി പോലീസ് സംഘം തിരുവല്ലയിലെത്തി. തുടര്‍ നടപടികള്‍ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.

Copyright © . All rights reserved