India

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വിഐപി. പരിഗണന നല്‍കിയ സംഭവത്തില്‍ രണ്ട് മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.

മധ്യമേഖല ജയില്‍ ഡിഐജി അജയ കുമാര്‍, കാക്കനാട് ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.. ജയില്‍ ആസ്ഥാന ഡിഐജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി.

ജയിലില്‍ ബോബിയെ കാണാന്‍ വിഐപികള്‍ എത്തിയ സംഭവം നേരത്തെ വിവാദമായിരുന്നു. കൂടാതെ, മറ്റ് പരിഗണനകള്‍ ബോബിക്ക് ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഈ വിഷയത്തിലാണ് ജയില്‍ ആസ്ഥാന ഡിഐജി ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരെ കൂടാതെ മറ്റ് ഉദ്യോഗസ്ഥരുടെ പേരും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ഒരു തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് വിഐപികള്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിച്ചുവെന്നും രജിസ്റ്ററില്‍ അവര്‍ പേര് രേഖപ്പെടുത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇവര്‍ ഒരു മണിക്കൂറോളം ബോബി ചെമ്മണ്ണൂരുമായി സമയം ചെലവഴിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിസി ടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കഠിനംകുളത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ. വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) ആണ് രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു.

കഠിനംകുളം പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനെ പോലീസ് തേടുന്നുണ്ട്. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പോലീസ് നിഗമനം. കൊലയ്ക്കു ശേഷം യുവതിയുടെ സ്കൂട്ടറുമായാണ് അക്രമി രക്ഷപ്പെട്ടത്.

‘ഷാരോൺ അനുഭവിച്ചത് വലിയ വേദന, സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന സന്ദേശമാണ് ഈ കേസ് സമൂഹത്തിന് നൽകുന്നത്. ഇത്തരം കേസുകളിൽ പരമാവധി ശിക്ഷ നൽകരുതെന്ന് നിയമം ഒന്നുമില്ല. ക്രിമിനൽ പശ്ചാത്തലമില്ല എന്ന വാദം കണക്കിലെടുക്കാൻ സാധിക്കില്ല’. കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ചുകൊണ്ട് കോടതി പറഞ്ഞ വാക്കുകളാണിത്. ഈ കേസിൽ ശിക്ഷ വിധിച്ചതോടെ സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ സ്ത്രീയാണ് ഗ്രീഷ്മ.

ഇതിന് മുമ്പ് കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിധുകുമാരൻ തമ്പി വധക്കേസിൽ 2006 മാർച്ചിലാണ് ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത്. രണ്ടാമത് വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ ഒന്നാം പ്രതിയായ റഫീക്ക ബീവിക്കാണ് വധശിക്ഷ ലഭിച്ചത്. റഫീക്കാ ബീവിക്കും ഗ്രീഷ്മയ്ക്കും വധ ശിക്ഷവിധിച്ചത് നെയ്യാറ്റിക്കര അഡീഷണൽ സെഷൻസ് കോടതി തന്നെയാണ്. മാത്രമല്ല, രണ്ട് കേസിലും അഡിഷണൽ ജില്ലാ ജഡ്ജി എഎം ബഷീർ തന്നെയാണ് വിധി പറഞ്ഞതെന്നത് മറ്റൊരു പ്രത്യേകതയും.

2006ൽ ആയിരുന്നു വിധുകുമാരൻ തമ്പി വധക്കേസിൽ പ്രതിയായ ബിനിതയ്ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. അന്ന് ബിനിതയ്ക്ക് 35 വയസായിരുന്നു. കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച വധശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമായി കുറച്ചു. ബിനിത ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലാണ്. തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരൻ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്സായിരുന്ന കാമുകൻ രാജുവും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കിടത്തി കൊണ്ടുപോയി ഊട്ടിക്കടുത്ത് കൊക്കയിൽ തള്ളുകയായിരുന്നു.

ഇന്ന് ഷാരോൺ കേസിൽ വധശിക്ഷ വിധിച്ചതോടെ 55 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽമാത്രം 25പേർ. ഒടുവിൽ വധശിക്ഷ നടപ്പാക്കിയത് 33വർഷം മുമ്പായിരുന്നു. ചുറ്റിക കൊണ്ട് 14പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ റിപ്പർചന്ദ്രനെ 1991ലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്. പൂജപ്പുരയിൽ 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവിൽ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസ്‌

തളിപ്പറമ്പ് കുപ്പത്ത് നിന്ന് മോഷണംപോയ ക്രെയിൻ കണ്ടെത്തി. കോട്ടയത്ത് നിന്നാണ് ക്രെയിൻ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതലാണ് ദേശീയപാത നിർമാണത്തിനെത്തിച്ച ക്രെയിൻ കാണാതായത്. ദേശീയപാത നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് മോഷണംപോയത്.

ദേശീയപാതയിൽ കുപ്പം പാലത്തിൻ്റേയും മറ്റും ജോലികൾക്കായി നിർത്തിയിട്ടതായിരുന്നു. കെ.എൽ. 86 എ 9695 നമ്പർ ക്രെയിനാണ് മോഷണം പോയത്. അതിനിടെ, ക്രെയിൻ മോഷ്ടിച്ചുകൊണ്ട് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. എഞ്ചിനിയർ സൂരജ് പോലീസിൽ പരാതി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ക്രെയിൻ കണ്ടെത്തിയത്.

ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി ഋതു ജയന്റെ വീട് നാട്ടുകാര്‍ അടിച്ചു തകര്‍ത്തനിലയില്‍. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. സംഭവത്തിനുശേഷം ഋതുവിന്റെ അമ്മ വീട്ടില്‍ നിന്നും മാറി. വീടിന്റെ ജനലുകളും കോലായയിലെ കോണ്‍ക്രീറ്റ് സ്ലാബും കസേരയും അക്രമികള്‍ അടിച്ചുതകര്‍ത്ത നിലയിലാണുള്ളത്.

പേരപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരെയാണ് അയല്‍വാസിയായ ഋതു വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ക്കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ വിനിഷയുടെ ഭര്‍ത്താവ് ജിതിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഒരു ശസ്ത്രക്രിയയ്ക്ക് ജിതിനെ വിധേയനാക്കിയിരുന്നു.

17കാരി ഗർഭിണിയായതിൽ കാമുകൻ അറസ്റ്റിൽ.പെണ്‍കുട്ടിയുമായി പ്രണയബന്ധത്തിലായിരുന്ന ഏനാത്ത് സ്വദേശി ശരണ്‍ മോഹന്റെ വീട്ടിൽ അടുത്തിടെ പെണ്‍കുട്ടി ഒരുമിച്ച്‌ താമസമാരംഭിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇവിടെയെത്തി ഒത്തുതീര്‍പ്പ് നടത്തി കുട്ടിയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു.

18 വയസ്സ് തികയുമ്ബോള്‍ വിവാഹം നടത്തിക്കൊടുക്കാമെന്ന് രണ്ട് വീട്ടുകാരും സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒത്തുതീര്‍പ്പ്.എന്നാല്‍ വീട്ടില്‍ തിരികെ എത്തിയതിന് പിന്നാലെ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പോക്‌സോ കേസ് ചുമത്തി ബലാത്സംഗ കേസില്‍ ശരണിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രണയബന്ധത്തിലായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് ശരണിനെതിരായ കേസ്. ഏനാത്ത് പൊലീസ് ആണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.പെണ്‍കുട്ടി പത്താം ക്ലാസ് പഠനത്തിന് ശേഷം അവധിക്കാലത്ത് സമീപത്തെ ഒരു തുണിക്കടയില്‍ ജോലിക്ക് പോയിരുന്നു. ഈ സമയത്തെ പരിചയമാണ് ഇരുവരും തമ്മിലുള്ള പ്രണയത്തിലേക്ക് എത്തിയത്.

വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാന്‍ സാദ്ധ്യതയില്ലെന്ന് തോന്നിയതിനാലാണ് കുട്ടി ശരണിന്റെ വീട്ടിലെത്തി ഒരുമിച്ച്‌ താമസം തുടങ്ങിയത്. കുട്ടിയെ തിരികെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ഇരുവരുടേയും വീട്ടുകാര്‍ തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തു. തുടര്‍ന്നാണ് പ്രായപൂര്‍ത്തിയായ ശേഷം വിവാഹം നടത്താമെന്ന ധാരണയില്‍ എത്തിയത്.

വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംശയം തോന്നി വൈദ്യപരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.ഇതോടെ ബലാത്സംഗ കേസ് നല്‍കുകയും ചെയ്തു. ശരണിനെ വീട്ടില്‍ നിന്നും പിടികൂടി സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. നാല്‍പത്തിയഞ്ച് ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള നിര്‍ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വ്യാഴാഴ്ച യോഗം വിളിച്ചിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.

മരണങ്ങളുടെ വിശദീകരിക്കാനാകാത്ത സ്വഭാവം ആശങ്കാജനകമാണ്. രോഗകാരണം കണ്ടെത്തുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണ്. പ്രശ്നം പരിഹരിക്കാന്‍ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും യോഗത്തില്‍ ഒമർ അബ്ദുള്ള പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിനും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ മന്ത്രി സക്കീന, ചീഫ് സെക്രട്ടറി അടല്‍ ദുല്ലൂ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

2024 ഡിസംബര്‍ ഏഴിനാണ് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല.

ഇത് സാംക്രമികരോഗമാണെന്ന് കരുതാവുന്ന സാഹചര്യമില്ലെന്നും പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജമ്മു കശ്മീര്‍ ആരോഗ്യ വകുപ്പും മറ്റ് വകുപ്പുകളും വിഷയത്തിൽ അന്വേഷണം നടത്തിയെങ്കിലും മരണങ്ങൾ സംബന്ധിച്ച് ശരിയായ വസ്തുതകള്‍ കണ്ടെത്താനായില്ലെന്ന് കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കി.

കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏര്‍പ്പെടുത്തിയ വിദഗ്ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് പ്രത്യേക അന്വേഷണ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

ബോളിവുഡ് താരം സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി ബംഗ്ലാദേശി പൗരനാണെന്ന് സംശയിക്കുന്നതായി പോലീസ്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് (30) ആണ് സംഭവത്തില്‍ അറസ്റ്റിലായത്. കൊള്ളയടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ വീട്ടില്‍ കയറിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.

പ്രതി ബംഗ്ലാദേശിയാണെന്ന് അനുമാനിക്കാന്‍ പ്രാഥമിക തെളിവുകളുണ്ടെന്നും ഇയാളുടെ കൈവശം സാധുവായ ഇന്ത്യന്‍ രേഖകളൊന്നുമില്ലെന്നും മുംബൈ സോണ്‍ 9 ഡിസിപി ദീക്ഷിത് ഗേദാം പറഞ്ഞു. ഇയാള്‍ ബംഗ്ലാദേശി പൗരനാണെന്ന് സൂചിപ്പിക്കുന്ന ചിലത് പിടിച്ചെടുത്തിട്ടുണ്ട്. പ്രഥമദൃഷ്ട്യാ പ്രതി ബംഗ്ലാദേശിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച ശേഷം ഇയാള്‍ തന്റെ പേര് മാറ്റി. വിജയ് ദാസ് എന്ന പേരാണ് പ്രതി നിലവില്‍ ഉപയോഗിച്ചിരുന്നത്. അഞ്ച്- ആറ് മാസം മുമ്പാണ് അയാള്‍ മുംബൈയിലെത്തിയത്. കുറച്ചുകാലം മുംബൈയില്‍ താമസിച്ചു- ഡിസിപി പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവത്തിലെ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ മുംബൈ പോലീസ് പിടികൂടിയത്. ഇയാള്‍ കുറേക്കാലമായി മുംബൈയിലെ ഒരു ബാറിലെ ജീവനക്കാരനായിരുന്നു. താനെയില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു നിലവില്‍ ഇയാള്‍ ജോലി ചെയ്തിരുന്നത്. അവിടുത്തെ ഒരു ലേബര്‍ ക്യാമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. താനെ വെസ്റ്റില്‍ നിന്ന് പിടിയിലായ ഇയാളെ ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.

കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ശരീരത്തില്‍ ആറ് തവണയാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കില്‍ നിന്ന് തലനാരിഴയ്ക്കാണ് സെയ്ഫ് അലിഖാന്‍ രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ശരീരത്തില്‍ കുടുങ്ങിയ കത്തി നീക്കം ചെയ്തത്.

ഷാരോൺ വധക്കേസിലെ ശിക്ഷാ വിധിയിന്മേൽ അതിരൂക്ഷമായ വാദ- പ്രതിവാദംപൂർത്തിയായി. ഈ മാസം 20 ന് കേസിൽ ശിക്ഷ വിധിക്കും. ഒരു തരത്തിലും ദയ അർഹിക്കാത്ത കേസാണിതെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. ഗ്രീഷ്മയ്ക്ക് ചെകുത്താൻ്റെ ചിന്തയാണെന്നും മലയാളികൾക്ക് മുഴുവൻ നാണക്കേടുണ്ടാക്കിയ കേസാണിതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

മലയാളിക്ക് മാത്രമേ ബാധകമാവുകയുള്ളോയെന്ന് കോടതി ചോദിച്ചപ്പോൾ മലയാളികൾ മാത്രമാണ് ഈ വാർത്ത വായിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ നൽകിയ മറുപടി. ഒരു ഘട്ടത്തിൽ പോലും പ്രതിക്ക് മനസ്താപം ഉണ്ടായിരുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ശിക്ഷയെപ്പറ്റി പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ടെന്ന് ഗ്രീഷ്മയുടെ അഭിഭാഷകൻ മറുപടി നൽകി. തുടർന്ന് കോടതിയോട് പറയാനുള്ള കാര്യങ്ങൾ ഗ്രീഷ്മ എഴുതി നൽകുകയായിരുന്നു. തനിക്ക് 22 വയസാണെന്ന് കോടതിയെ അറിയിച്ച ഗ്രീഷ്മ വിദ്യാഭ്യാസ രേഖകൾ കാണിച്ചു.

മറ്റ് ക്രിമിനൽ കേസുകളൊന്നും ഇല്ലെന്നും തനിക്ക് പരമാവധി ഇളവു നൽകണമെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചു. കേസിൽ സാഹചര്യത്തെ മാത്രം പരിഗണിച്ച് എങ്ങിനെ ശിക്ഷിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. പരമാവധി നൽകാൻ കഴിയുന്നത് ജീവപര്യന്തം ആണ്. പക്ഷേ 10 വർഷമായി ഇളവ് നൽകേണ്ട സാഹചര്യം സംഭവത്തിൽ ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു.

സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഷാരോണിൻ്റെ സ്വഭാവമെന്നും അയാൾക്ക് സമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് ഗ്രീഷ്മ ക്രൈം ചെയ്തു പോയത്. പ്രതിയെ മാനസാന്തരപ്പെടുത്തി പുനരധിവാസം നടപ്പിലാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പ്രതിഭാഗം വാദം വാദിച്ചു. സമയബന്ധിതമായി കേസ് പൂർത്തിയാക്കിയതിൽ കോടതിയെയും പ്രകീർത്തിച്ചാണ് പ്രോസിക്യൂഷൻ വാദം അവസാനിപ്പിച്ചത്.

ഈങ്ങാപ്പുഴക്കടുത്ത് കട്ടിപ്പാറ വേനക്കാവില്‍ ഏകമകന്‍ മാതാവിനെ വെട്ടിക്കൊന്നത് അയല്‍പക്കത്ത് നിന്ന് തേങ്ങപൊളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ കൊടുവാളുകൊണ്ട്. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദ (53) യെയാണ് മകന്‍ ആഷിഖ് (24) വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരി സക്കീനയുടെ വീട്ടില്‍വെച്ചായിരുന്നു സുബൈദ ഏക മകന്റെ ക്രൂരകൃത്യത്തിന് ഇരയായത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി സഹോദരിക്കൊപ്പമാണ് സുബൈദയും മകന്‍ ആഷിഖും കഴിയുന്നത്. പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ ആഷിഖിനെ ചേര്‍ത്തിരുന്നു. കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കുമരുന്നിന് അടിമയായെന്നാണ് സുബൈദയുടെ സഹോദരി സക്കീന പറയുന്നത്.

മയക്ക് മരുന്നിന് അടിമയായ ആഷിഖ് ഇടയ്ക്ക് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടായിരുന്നു. ഒരു തവണ നാട്ടുകാര്‍ പിടിച്ച് പോലീസിലേല്‍പ്പിക്കുകയും ചെയ്തിട്ടുള്ളതായാണ് വിവരം. പിന്നീട് ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് ബെംഗളൂരുവില്‍ നിന്നെത്തിയ ആഷിഖ് നാലുദിവസം മുമ്പ് കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയതായി സക്കീന പറഞ്ഞു. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയിലാണ് മടങ്ങിയെത്തിയത്. ഈ ഘട്ടത്തില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ശനിയാഴ്ച സക്കീന ജോലിക്കായി പുറത്തുപോയിരുന്നു. ഈ സമയത്ത് സുബൈദയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചിട്ടുള്ള സുബൈദ അടുത്തിടെ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുംകൂടിയായിരുന്നു. ശനിയാഴ്ച സുബൈദയുമായി ആഷിഖ് തര്‍ക്കത്തിലേര്‍പ്പെട്ടോ എന്നത് വ്യക്തമല്ല. ഉച്ചയോടെ വീടിന് പുറത്തിറങ്ങിയ ആഷിഖ് അയല്‍വീട്ടിലെത്തി കൊടുവാള്‍ ചോദിച്ചു. തേങ്ങ പൊളിക്കാനാണെന്നാണ് അവിടെ പറഞ്ഞത്. ഇവിടെ നിന്ന് വാങ്ങിയ കത്തിയുമായി വീടിനകത്ത് കയറിയ ആഷിഖ് സുബൈദയെ വെട്ടിക്കൊല്ലുകയായിരുന്നു.

വീടിനുള്ളില്‍നിന്ന് കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. വാതിലടച്ചിട്ട് ഇരുന്ന ആഷിഖ് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ ‘ആര്‍ക്കാടാ കത്തിവേണ്ടതെന്ന്’ ചോദിച്ച് ഒരു തവണ വീടിന് പുറത്തിറങ്ങി. തുടര്‍ന്ന് കഴുകിയ ശേഷം കത്തി അവിടെവെച്ച് വീണ്ടും വീടിനുള്ളിലേക്ക് കയറി വാതിലടച്ചു. പിന്നീട് സക്കീനയെത്തിയപ്പോഴാണ് ആഷിഖ് വാതില്‍ തുറന്നത്. ഈ സമയം നാട്ടുകാര്‍ പിടികൂടി കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് പോലീസിലും ഏല്‍പ്പിച്ചു.

സുബൈദ ഡൈനിങ് ഹാളില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംമുമ്പേ സുബൈദ മരിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.

Copyright © . All rights reserved