കോവിഡ് 19 വൈറസ് ബാധിച്ച് ഡല്‍ഹിയില്‍ കന്യാസ്ത്രീ ഉള്‍പ്പെടെ രണ്ട് മലയാളികള്‍ കൂടി മരിച്ചു. സിസ്റ്റര്‍ അജയമേരി, തങ്കച്ചന്‍ മത്തായി എന്നിവരാണ് മരിച്ചത്. എഫ്‌ഐഎച്ച് ഡല്‍ഹി പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാള്‍ ആയിരുന്നു സിസ്റ്റര്‍ അജയമേരി.
പത്തനംതിട്ട പന്തളം സ്വദേശിയാണ് കോവിഡ് ബാധിച്ച് മരിച്ച തങ്കച്ചന്‍ മത്തായി. 65 വയസായിരുന്നു. വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞദിവസമാണ് രോഗം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.
ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. രോഗബാധിതരുടെ എണ്ണം 89000 കവിഞ്ഞു. മരണം 2800ഉം കടന്നു. അതേസമയം ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുന്നിലെത്തി. 66.08 ശതമാനം പേര്‍ക്കാണ് രോഗം മാറിയത്.
എന്നാല്‍ ഡല്‍ഹിയില്‍ കോവിഡ് സാഹചര്യങ്ങള്‍ മാറുന്നുവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. ജൂണ്‍ 30 കഴിയുമ്പോള്‍ 60000 കോവിഡ് ആക്ടീവ് കേസുകള്‍ പ്രതീക്ഷിച്ചെങ്കില്‍ അത് 26,000 ആക്കി കുറയ്ക്കാന്‍ സാധിച്ചുവെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.
കൊവിഡാണെന്ന ഭീതിയിൽ കുഴഞ്ഞുവീണയാളെ സഹായിക്കാതെ നാട്ടുകാർ. ഒരു മണിക്കൂറിലേറെ ചികിത്സ വൈകിയതിനെത്തുടർന്ന് നഗരമധ്യത്തിൽ കുഴഞ്ഞുവീണ വയോധികൻ ആശുപത്രിയിലെത്തും മുമ്പ് മരിച്ചു. വൈക്കം സ്വദേശി തങ്കപ്പനാണ് മരിച്ചത്. കുഴഞ്ഞുവീണ ഇദ്ദേഹത്തെ സ്വകാര്യ വാഹനങ്ങളിൽ കയറ്റാൻ പലരും മടിക്കുകയായിരുന്നു. തുടർന്ന് ചികിത്സ ലഭിക്കാതെ ഒരുമണിക്കൂറോളം റോഡിൽ കിടന്നശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് ലഭിച്ചത്.
ഒരുമണിക്കൂറിനു ശേഷമെത്തിയ സ്വകാര്യ ട്രസ്റ്റിന്റെ ആംബുലൻസിൽ തങ്കപ്പനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഇദ്ദേഹം കെഎസ്ആർടിസി സ്റ്റാൻഡിൽ തീയ്യേറ്റർ റോഡിനോട് ചേർന്ന് കുഴഞ്ഞുവീണത്.
മതിലിനോട് ചേർന്ന് നിൽക്കുന്നതിനിടെ മുഖമടിച്ച് വീഴുകയായിരുന്നു. യാത്രക്കാർ അറിയിച്ചതനുസരിച്ച് കൺട്രോൾ റൂമിൽനിന്ന് പോലീസെത്തിയെങ്കിലും ആംബുലൻസ് ലഭിച്ചില്ല. അഗ്നിരക്ഷാസേനയെ അറിയിച്ചെങ്കിലും കൊവിഡിന്റെ പേരുപറഞ്ഞ് എത്താൻ കഴിയില്ലെന്ന് അറിയിച്ചു. പോലീസും യാത്രക്കാരും പല ആംബുലൻസുകാരെയും വിളിച്ചിട്ടും കൊവിഡ് ഭീതിയിൽ ആരും വരാൻ തയാറായില്ല.
സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗമുക്തരായ ദിനമാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 24 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 18 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 16 പേര്‍ക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 9 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ എട്ട് പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച് പേര്‍ക്കും, വയനാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യുഎഇ- 27, കുവൈറ്റ്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹറിന്‍- നാല്, മാള്‍ഡോവ- ഒന്ന്, ഐവറി കോസ്റ്റ്- ഒന്ന് എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി- 13, മഹാരാഷ്ട്ര-10, തമിഴ്‌നാട്- എട്ട്, കര്‍ണാടക- ആറ്, പഞ്ചാബ്- ഒന്ന്, ഗുജറാത്ത്- ഒന്ന്, പശ്ചിമബംഗാള്‍- ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.
14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ അഞ്ച് പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലയില്‍ നാല് പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
മലപ്പുറം ജില്ലയില്‍ 57 പേരുടെയും (പാലക്കാട്-1), പാലക്കാട് ജില്ലയില്‍ 53 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ 23 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ 15 പേരുടേയും, കണ്ണൂര്‍ ജില്ലയില്‍ 14 പേരുടെയും (കാസര്‍ഗോഡ്-8), ഇടുക്കി ജില്ലയില്‍ 13 പേരുടെയും, എറണാകുളം ജില്ലയില്‍ 11 പേരുടെയും (ആലപ്പുഴ 1), തൃശൂര്‍ ജില്ലയില്‍ 8 പേരുടെയും, ആലപ്പുഴ ജില്ലയില്‍ 7 പേരുടെയും, കോട്ടയം ജില്ലയില്‍ ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 2,088 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2,638 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.
വിവിധ ജില്ലകളിലായി 1,78,099 പേരാണ് നിരീക്ഷണത്തിലുള്ളത്. 18,790 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,111 പേര്‍ വീട്/ഇന്‍സ്‌റ്റിറ്റ‌്യൂഷണൽ ക്വാറന്റെെനിലും 2,988 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 403 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,589 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിൾ, ഓഗ്‌മെന്റഡ് സാംപിൾ, സെന്റിനൽ സാംപിൾ, പൂള്‍ഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,799 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4,722 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 52,316 സാംപിളുകൾ ശേഖരിച്ചതില്‍ 50,002 സാപിളുകൾ നെഗറ്റീവ് ആയി.
ഇന്ന് മൂന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ (കണ്ടെയ്‌ൻമെന്റ് സോണ്‍ വാര്‍ഡുകള്‍: 3, 26, 31), കോഴിക്കോട് ജില്ലയിലെ കോഴിക്കോട് കോര്‍പ്പറേഷൻ (56, 62, 66), ഒളവണ്ണ (9) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.
മൂന്ന് പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പടിയൂര്‍ (എല്ലാ വാര്‍ഡുകളും), കീഴല്ലൂര്‍ (4 സബ് വാര്‍ഡ്), പാലക്കാട് ജില്ലയിലെ ആനക്കര (13) എന്നിവയെയാണ് കണ്ടെയ്‌ൻമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 123 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്.
ഇടതുമുന്നണി വാതില്‍ തുറന്നാല്‍ അതിലൂടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കയറിവരാമെന്ന് പാലാ എംഎല്‍എ മാണി സി. കാപ്പന്‍. ഇടതുമുന്നണി തീരുമാനത്തിനൊപ്പം നല്‍ക്കും. എന്നാല്‍ പാലാ സീറ്റില്‍ ഒത്തുതീര്‍പ്പില്ല. സീറ്റ് വീട്ടുകൊടുക്കുന്ന വിഷയം ഉദിക്കുന്നില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
അതേസമയം, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലേക്ക് അടുപ്പിക്കാനുള്ള പാലമിട്ട് സിപിഎം. യുഡിഎഫ് പുറത്താക്കിയ കേരള കോണ്‍ഗ്രസ് ജനകീയ അടിത്തറയുള്ള പാര്‍ട്ടിയെന്ന് കോടിയേരിയുടെ പ്രശംസ. ജോസ് കെ മാണി പി ജെ ജോസഫ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു.
യുഡിഎഫിന്റെ ഭാഗമായിരുന്ന എല്‍ ജെ ഡി യുഡിഎഫ് വിട്ട് എല്‍ ഡി എഫിലേക്ക് വന്നിരുന്നുവെന്നും പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. യുഡിഎഫിലെ പ്രതിസന്ധി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു. ബാര്‍ കോഴ സമരം ഇപ്പോഴത്തെ വിഷയമല്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ജോസ് കെ.മാണി വിഭാഗത്തെ എല്‍.ഡി.എഫ്. പരിഗണിക്കുന്നതില്‍ സന്തോഷമെന്ന് എംഎൽഎമ്മാരായ റോഷി അഗസ്റ്റിനും, എൻ. ജയരാജും . കോടിയേരിയുടെ നിലപാട് രാഷ്ട്രീയവിലയിരുത്തലിന്റെ ഭാഗമായിരിക്കാം. ഇടതുമുന്നണി പ്രവേശം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നിട്ടില്ല. കേരളരാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിന് കൃത്യമായ ഇടമുണ്ട്. പാര്‍ട്ടിയുടെ ഇടം എവിടെയാണെന്ന് പിന്നീട് വ്യക്തമാക്കുമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
എന്നാൽ ജോസ് കെ.മാണി വരുന്നതുകൊണ്ട് നേട്ടമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ക്രിസ്ത്യന്‍ വോട്ടുകള്‍ ആരുടെയും കുത്തകയല്ല. ജോസ് പക്ഷത്തിന്‍റെ വരവ് ഇടതുമുന്നണി ചര്‍ച്ചചെയ്തിട്ടില്ല. ഭരണത്തുടര്‍ച്ചയ്ക്ക് ജോസ് പക്ഷത്തിന്റെ സഹായം വേണ്ട, നശിപ്പിക്കാതിരുന്നാല്‍ മതിയെന്നും കാനം പറഞ്ഞു. സി.പി.ഐയ്ക്ക് കണക്കിന്റെ രാഷ്ട്രീയത്തിലല്ല രാഷ്ട്രീയത്തിന്റെ കണക്കിലാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി.
ആൻജിയോഗ്രാം ചെയ്യുന്നതിനിടെ യന്ത്രഭാഗം ഹൃദയവാൽവിൽ തുളഞ്ഞുകയറിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി
തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞമാസം നാലിനായിരുന്നു ആൻജിയോഗ്രാം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ഇടയിൽ ഉപകരണം പൊട്ടി ഹൃദയവാൽവിൽ തുളഞ്ഞുകയറുകയായിരുന്നു
പരുമലയിലെ ആശുപത്രിയിൽ എത്തിച്ചാണ് ഉപകരണം പുറത്തെടുത്തത്. ആദ്യ ശസ്ത്രിക നടത്തിയ ഡോക്ടർ കുറ്റസമ്മതം നടത്തിയെന്നും കുടുംബം പറഞ്ഞു
ഇന്നലെയാണ് വീണ്ടും ശാരീരിക അസ്വസ്ഥതകൾ കാരണം ബിന്ദുവിനെ ആശുപത്രിയിൽ കൊണ്ടുപോയത്. രാത്രിയോടെ മരിച്ചു. വാർത്ത പുറത്തു വരാതിരിക്കാൻ ആശുപത്രി അധികൃതർ നഷ്ടപരിഹാരം നൽകാമെന്ന് നിരന്തരം വിളിച്ചു പറയുകയാണെന്നും കുടുംബം പറഞ്ഞു
ജോജി തോമസ്
കേരള കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തെ പുറത്താക്കിയത് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ രാഷ്ട്രീയ നാടകമാണെന്നതിന്റെ സൂചനകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജോസ് പക്ഷത്തെ പുറത്താക്കിയത് ജോസഫ് പക്ഷത്തെ വെട്ടിലാക്കാനാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. യുഡിഎഫ് നേതൃത്വവുമായി സാധ്യമായ മാർഗ്ഗങ്ങളിലൂടെയെല്ലാം ഏറ്റുമുട്ടാനും പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫിനോട് അടുക്കുവാനും കച്ചകെട്ടി ഇറങ്ങിയ ജോസഫ് പക്ഷമാണ് ഇപ്പോൾ യഥാർത്ഥത്തിൽ വെട്ടിലായിരിക്കുന്നത് .
എൽഡിഎഫിനെ ഭരണത്തുടർച്ച കിട്ടുമെന്ന് കരുതപ്പെടുന്ന സാഹചര്യത്തിൽ ഒരു മുന്നണി മാറ്റം ജോസഫ് പക്ഷത്തെ ഒട്ടുമിക്കവരുടെയും മനസ്സിലുണ്ടായിരുന്നു. ജോസ് പക്ഷവുമായി പോര് മുറുക്കി പുറത്ത് പോകാൻ കളമൊരുക്കുകയാണ് ജോസഫ് പക്ഷത്തിൻെറ ലക്ഷ്യമെന്ന് യുഡിഫിലെ ബുദ്ധികേന്ദ്രങ്ങൾക്ക് നേരത്തെതന്നെ സംശയം ഉണ്ടായിരുന്നു. പിണറായി വിജയൻെറ ഭരണത്തെ പുകഴ്ത്തി ഒരു പ്രമുഖ പത്രത്തിൽ പിജെ ജോസഫ് എഴുതിയ ലേഖനം വന്നപ്പോൾ കൂടുതൽ കാര്യങ്ങൾ വ്യക്തമായി . ഇതിൻെറ ഫലമായാണ് ഒരു മുഴം നീട്ടി കയറെറിഞ്ഞ് ജോസ് പക്ഷത്തെ പുറത്താക്കി ജോസഫിൻെറ എൽഡിഎഫ് പ്രവേശനസ്വപ്നം തല്ലികെടുത്താൻ യുഡിഫിനായത്. പെട്ടെന്നൊരു ദിവസം പുറത്താക്കലിന് ശേഷം ജോസ് പക്ഷ നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിലും യുഡിഎഫ് നേതൃത്വത്തിനുള്ള വിമർശനം മനപൂർവ്വം ഒഴിവാക്കുകയും ചെയ്തു.ഇതെല്ലം കൂട്ടിവായിക്കുമ്പോൾ ജോസ് പക്ഷത്തെ പുറത്താക്കിയത് താത്കാലികമായ ഒരു രാഷ്ട്രീയ നാടകത്തിൻെറ രംഗങ്ങളാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കൂട്ടിവായിക്കുന്നത്.
ജോസഫ് പക്ഷം എൽഡിഎഫിന് സ്വീകാര്യമാണ് . പക്ഷേ ജോസ് കെ മാണി പക്ഷത്തെ എതിർക്കുന്ന സിപിഐ ലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ജോസ് പക്ഷം ബി ജെ പിയിലേക്ക് ചേക്കേറുന്നത് സഭാ നേതൃത്വവും എൻഎസ്എസും ശക്തമായി എതിർക്കും. അതുകൊണ്ടുതന്നെ ജോസ് പക്ഷത്തിന്റെ അവസാന ആശ്രയം യുഡിഎഫ് ആണ്. ഈ രാഷ്ട്രീയ നാടകത്തിന്റെ ഉള്ളു കള്ളികളെക്കുറിച്ച് ജോസ് വിഭാഗത്തിന് സൂചന ലഭിച്ചിട്ടുള്ളതായാണ് അറിയാൻ സാധിക്കുന്നത് . ഇപ്പോൾതന്നെ ജോസ് പക്ഷത്തെ പുറത്താക്കിയതിലുള്ള അതൃപ്തി കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി പങ്കുവെച്ചതായാണ് അറിവ്. എം.പി മാരുടെ നഷ്ടത്തിലൂടെ ഡൽഹിയിൽ പ്രതിപക്ഷത്തെ ഒന്നുകൂടി ദുർബലമാക്കുന്ന നടപടിക്ക് കോൺഗ്രസ് നേതൃത്വം ഒരിക്കലും കൂട്ടുനിൽക്കില്ല. ജോസ് പക്ഷത്തെ പുറത്തിക്കിയിട്ടില്ലെന്നുള്ള ഉരുണ്ടുകളിയുമായി രമേശ് ചെന്നിത്തല പത്രസമ്മേളനം നടത്തിയത് ഹൈക്കമാൻഡ് നൽകിയ ശക്തമായ താക്കീതിൻെറ ഫലമാണ്. ഈ നാടകങ്ങളുടെ എല്ലാം അവസാനം ജോസ് പക്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ യുഡിഎഫിൽ തന്നെ ഉണ്ടാകുമെന്ന ഉറപ്പ് നേടിയെടുത്തതുണ്ടാവുമെന്നാണ് പലരും രഹസ്യമായി പങ്കു വയ്ക്കുന്ന വിവരം.
ജല്ലിക്കട്ട് തിയറ്ററുകളിലെത്തിയപ്പോള്‍ ലിജോ ജോസ് പെല്ലിശേരി ഇടുക്കിയില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. 19 ദിവസത്തിനുള്ളില്‍ ലിജോ പൂര്‍ത്തിയാക്കി മിസ്റ്ററി ത്രില്ലര്‍ ചുരുളി പ്രേക്ഷകരിലെത്തുകയാണ്. പുതുനിരയിലെ ശ്രദ്ധേയനായ കഥാകൃത്ത് വിനോയ് തോമസിന്റെ കഥയെ ആധാരമാക്കി എസ് ഹരീഷിന്റെ തിരക്കഥ. മധു നീലകണ്ഠന്‍ ആദ്യമായി ലിജോയുടെ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നു. ദീപു ജോസഫിന്റെ എഡിറ്റിംഗ്.
മൈലാടുംപറമ്പില്‍ ജോയ് എന്ന കഥാപാത്രത്തെ തേടി ചെമ്പന്‍ വിനോദ് ജോസും, വിനയ് ഫോര്‍ട്ടും ഏറെ പ്രത്യേകതയുള്ള സ്ഥലത്തേക്ക് എത്തുന്നതാണ് പ്രമേയമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. ലിജോ പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം.
ഭൂരിഭാഗം രംഗങ്ങളും കാട്ടിനകത്ത് ചിത്രീകരിക്കപ്പെട്ട ചിത്രവുമാണ് ചുരുളി. ചെമ്പന്‍ വിനോദ് ജോസും വിനയ് ഫോര്‍ട്ടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് താരങ്ങള്‍
രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. ഫസല്‍ എ ബക്കര്‍ ആണ് സൗണ്ട് മിക്‌സിംഗ്. ഗോകുല്‍ ദാസ് ആര്‍ട്ട് ഡയറക്ടര്‍. ആന്‍സണ്‍ ആന്റണി ലൈന്‍ പ്രൊഡ്യൂസര്‍. ആനിമേഷന്‍ ആന്‍ഡ് വിഎഫ്എക്‌സ് യുനോനിയന്‍സ്. ശ്രീരംഗ് സജിയാണ് സംഗീത സംവിധാനം. മാഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവ്യര്‍ മേക്കപ്പും ടിനു പാപ്പച്ചന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്.
ഇന്ത്യന്‍ ആര്‍മി ഇഎംഇ ഈസ്റ്റേണ്‍ കമാന്‍ഡ് വികാസ് സാമ്യല്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ദിവസങ്ങളായി കൊവിഡ് വൈറസിനോട് പോരാടുകയായിരുന്നു വികാസ്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. എന്നാല്‍ ഇവരെല്ലാവരും കൊവിഡില്‍ നിന്ന് രക്ഷപ്പെട്ടു.
രാജ്യത്തിനുവേണ്ടി ആറ് ഓപ്പറേഷന്‍സ് കമാന്‍ഡ്‌സില്‍ ഉള്‍പ്പെട്ടിട്ടുള്ള ജവാനാണ് വികാസ്. അതേസമയം, ജൂണ്‍ മുപ്പതിന് അതിര്‍ത്തിയിലുള്ള 53 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മാസ്‌ക് ധരിക്കാന്‍ പറഞ്ഞതിന് ടൂറിസം ഓഫീസര്‍ സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ചു. ആന്ധ്രാപ്രദേശിലാണ് സംഭവം. നെല്ലോറെ ജില്ലയിലെ ടൂറിസ്റ്റ് ഓഫിസറായ ഭാസ്‌കറാണ് ഭിന്ന ശേഷിക്കാരിയായ സഹപ്രവര്‍ത്തകയെ മര്‍ദിച്ചത്.
സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.യുവതിയുടെ മുടി പിടിച്ചു വലിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. സംഭവം നടക്കുമ്പോള്‍ മറ്റു ജീവനക്കാരും ഓഫിസിലുണ്ട്. മറ്റുള്ളവര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വീണ്ടും സ്ത്രീയെ അടിക്കുകയായിരുന്നു.