മലയാളം ന്യൂസ് സ്പെഷ്യൽ: ജോജി തോമസ്
പരമ്പരാഗതമായി ഇന്ത്യൻ രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾക്ക് പാകിസ്ഥാനെ മുഖ്യശത്രുവായി കാണാനായിരുന്നു താല്പര്യം. ദേശീയത ഉയർത്താനും, രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനും നല്ലത് പാകിസ്ഥാനെ മുഖ്യ ശത്രുപക്ഷത്ത് നിർത്തുക എന്ന തിരിച്ചറിവാണ് ഇതിനു പ്രധാന കാരണം. എന്നാൽ പൊള്ളയായ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപരിയായി ശത്രു രാജ്യത്തെ യാഥാർത്ഥ ബോധത്തോടെ തിരിച്ചറിയാനുള്ള ശേഷിയുണ്ടായിരുന്ന പ്രതിരോധമന്ത്രിമാരായിരുന്നു ജോർജ് ഫെർണാണ്ടസും, എ കെ ആൻറണിയും. ഇതിൽതന്നെ എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന നാളുകളിൽ ഇന്ത്യയുടെ പ്രധാന ഭീഷണി ചൈനയിൽ നിന്നാണന്ന തിരിച്ചറിവിൽ നിരവധി നവീകരണ പ്രവർത്തനങ്ങൾ നടത്തി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 17 മൗണ്ടൻ സ്ട്രൈക്ക് കോറിന്റെ രൂപീകരണം. എ കെ ആൻറണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് അതിർത്തിയിലേയ്ക്ക് സേനയേയും, യുദ്ധസാമഗ്രികളും അതിവേഗത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനമാണ് ഇപ്പോൾ ചൈനയുടെ ഉറക്കം കെടുത്തുന്നതും, യുദ്ധസമാന സാഹചര്യങ്ങളിലേയ്ക്ക് കാര്യങ്ങളെ എത്തിച്ചതും .

രണ്ടാം യുപിഎ സർക്കാരിൻറെ കാലത്ത് മൗണ്ടൻ സ്ട്രൈക് കോറിനു രൂപം നൽകാൻ തീരുമാനം എടുത്തപ്പോൾ രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും വലിയ തോതിലുള്ള എതിർപ്പാണ് ഉണ്ടായത്. 45,000 പേർ വീതമുള്ള രണ്ട് ഡിവിഷനുകൾ രൂപീകരിക്കാനുള്ള വൻസാമ്പത്തിക ബാധ്യതയാണ് രാജ്യത്തിനകത്തു നിന്നുള്ള എതിർപ്പിന് കാരണമായത്. 60,000 കോടി രൂപയാണ് മൗണ്ടൻ സ്‌ട്രൈക് കോറിന്റെ രൂപീകരണത്തിനായത് . മൗണ്ടൻ സ്‌ട്രൈക് കോർ ഭീഷണിയാകുമെന്ന തിരിച്ചറിവിൽ ചൈന രൂപീകരണ കാലത്തു തന്നെ പരസ്യമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ചൈനയുടെ എതിർപ്പ് വകവയ്ക്കാതെയാണ് ബംഗാളിലെ പാണാഗസ് , പഞ്ചാബിലേ പഠാൻകോട്ട് എന്നിവിടങ്ങൾ ആസ്ഥാനമാക്കി സ്ട്രൈക് കോർ രൂപീകരിച്ചത്. മൗണ്ടൻ സ്ട്രൈക് കോറിലേ 15,000 ത്തോളം സേനാംഗങ്ങൾ ലഡാക്ക് കേന്ദ്രമായി നീങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്തായാലും ചൈനയുമായുള്ള അഭിപ്രായഭിന്നതകൾ യൂദ്ധ സമാന സാഹചര്യത്തിലേയ്ക്ക് നീങ്ങുമ്പോൾ എ.കെ ആന്റണിയുടെ ദീർഘവീക്ഷണം ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകുകയാണ്. സേനയിൽ ഒരു റാങ്കിന് ഒരു പെൻഷൻ തുടങ്ങി നിരവധി നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് എ. കെ ആൻറണിയാണ്. കളങ്കമില്ലാത്ത പ്രതിച്‌ഛായ ഒരു പരിധിവരെ പ്രതിരോധ മന്ത്രിയായിരിക്കെ സുഗമമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരമൊരുക്കി.
പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. സംവിധായകരായ ഷാജി കൈലാസും എംഎ നിഷാദുമാണ് സച്ചി മരിച്ച വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. തൃശൂരിലെ ജൂബിലി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സച്ചിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ സച്ചിയെ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. 16ന് പുലര്‍ച്ചെയാണ് ജൂബിലി മിഷന്‍ ആശുപത്രിയില്‍ സച്ചിയെ പ്രവേശിപ്പിച്ചത്.
സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം വലിയ ജനപ്രീതിയും ബോക്സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു. അനാര്‍ക്കലി (2015)ക്കു ശേഷം സച്ചി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട് സച്ചി. സംവിധാനം ചെയ്ത സിനിമകളുടേതുള്‍പ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളും.
കൊച്ചി∙ കളമശേരി മെഡിക്കൽ കോളജ് ആശുപത്രി ലിഫ്റ്റിൽ പിപിഇ കിറ്റ് ധരിച്ച് നഴ്സിങ് അസിസ്റ്റന്റ് അബോധാവസ്ഥയിൽ കഴിഞ്ഞത് ഒരു മണിക്കൂറിലേറെ. കളമശേരി സ്വദേശിനി സാഹിറയാണ് ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് സഹായം ലഭിക്കാതെ കുടുങ്ങിക്കിടന്നത്. ലിഫ്റ്റ് പ്രവർത്തിക്കാതായതോടെ അലാറം 15 മിനിറ്റോളം ഞെക്കിപ്പിടിച്ചു നിന്നിട്ടും സഹായത്തിന് ആരും എത്തിയില്ല. പിപിഇ കിറ്റിൽ ആയിരുന്നതിനാൽ അവശതയിലായി ബോധം നഷ്ടപ്പെടുകയായിരുന്നെന്നും ഇവർ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് സംഭവം. മൂന്നാമത്തെ നിലയിൽ നിന്ന് താഴേയ്ക്ക് എക്കോ മെഷീൻ കൊടുക്കാനായി ലിഫ്റ്റിൽ കയറിയതായിരുന്നു. നാലു പേർക്ക് മാത്രം പ്രവേശിക്കാവുന്ന ലിഫ്റ്റിൽ എക്കോ മെഷീനും ട്രോളികളും ഉണ്ടായിരുന്നു. ഇടയ്ക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതാണ് ലിഫ്റ്റ് പ്രവർത്തനരഹിതമാകാൻ കാരണമായത്. പിപിഇ കിറ്റിൽ കുറെ സമയം ചെലവഴിച്ചതോടെയാണ് ബോധം നഷ്ടമായത്.
അടുത്ത ഷിഫ്റ്റിലേയ്ക്കുള്ള നാലു പേർ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് ഇവർ ലിഫ്റ്റിൽ അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. പിപിഇ കിറ്റ് ധരിച്ചിരിക്കുന്നതിനാൽ മറ്റുള്ളവർക്ക് ഓടിച്ചെന്ന് സഹായിക്കാനും സാധിക്കാത്ത സാഹചര്യമുണ്ടായി. പിന്നീട് കൂടുതൽ പേരെത്തി സ്റ്റെപ്പിലൂടെ ചുമന്നാണ് ഇവരെ താഴെ കാഷ്വാലിറ്റിയിലെത്തിച്ചത്. വൈകിട്ട് ആറരയോടെയാണ് ബോധം വന്നത്. സംഭവത്തിൽ അധികൃതർക്ക് പരാതി നൽകുമെന്ന് ഇവർ പറഞ്ഞു. അതേസമയം കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ള കെട്ടിടത്തിലെ വാർഡിലാണ് ഇവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വന്തമായി മുറിയിലേയ്ക്ക് മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രതിസന്ധി ഉടലെടുത്തതോടെ 16 ലക്ഷം രൂപ ചെലവഴിച്ച് നവീകരണ പ്രവർത്തനം നടത്തിയ കെട്ടിടത്തിലാണ് സംഭവം. ഇതിന്റെ ലിഫ്റ്റ് സ്ഥിരമായി പണിമുടക്കിലാണെന്നും ഇവിടെ ജോലി ചെയ്യുന്നവർ പറയുന്നു. അതുകൊണ്ടു തന്നെ നഴ്സുമാർ ഒറ്റയ്ക്ക് പോകേണ്ടി വരുമ്പോൾ ഈ ലിഫ്റ്റിൽ കയറില്ലത്രെ. ഒന്നിലധികം പേരുണ്ടെങ്കിൽ മാത്രമാണ് കയറുക. ഇതിന് സ്ഥിരമായി ഒരു ലിഫ്റ്റ് ഓപ്പറേറ്റർ ഉണ്ടെങ്കിലും ബ്ലഡ്ബാങ്കിൽ മറ്റു ആവശ്യത്തിന് പറഞ്ഞയച്ചിരിക്കുകയായിരുന്നു.
15 മിനിറ്റിൽ കൂടുതൽ സ്ത്രീ ലിഫ്റ്റിൽ കിടന്നിട്ടില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് പ്രതികരിച്ചു. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ല. പരാതി ഉണ്ടെങ്കിൽ അന്വേഷിക്കുമെന്നും മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.
എറണാകുളം റെയിൽവേ മാർഷലിംഗ് യാർഡിനും കതൃക്കടവ് മേൽപ്പാലത്തിനും മദ്ധ്യേ റെയിൽവേ കനാലിന്റെ രണ്ടു ശാഖകളുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന 27 സെന്റ് റെയിൽവേ ഭൂമി സ്വകാര്യ വ്യക്തി കയ്യേറുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി റെയില്‍വേക്ക് പരാതി നല്‍കി. റെയിൽവേ കനാല്‍ നിർമ്മിക്കാനായി, വിശിഷ്യാ കനാലിന്‍റെ ഈ ഭാഗത്തുള്ള വളവ് ഉൾക്കൊള്ളാനായി പതിറ്റാണ്ടുകൾക്കു മുൻപ് റെയിൽവേ ഏറ്റെടുത്ത ഭൂമിയിൽ ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ഭൂമിയാണ് ഇപ്പോൾ സ്വകാര്യ വ്യക്തി കയ്യേറുന്നത്. ഈ ഭൂമിയോടു ചേര്‍ന്നുള്ള പ്രദേശം ഇപ്പോൾ ഒരു പ്രീമിയം ഹൗസിംഗ് മേഖലയായതിനാൽ ഈ ഭൂമിക്ക് 10 കോടി രൂപയോളം വിപണി മൂല്യമുണ്ട്, അതു തന്നെയാണ് കയ്യേറ്റക്കാരെ ആകർഷിക്കുന്ന ഘടകവും. മെയ് മാസം മുതൽ പടിപടിയായി ആരംഭിച്ച കൈയ്യേറ്റ ശ്രമം പരിസരവാസികളുടെ എതീർപ്പുകൾ വകവയ്ക്കാതെ തുടരുകയാണ്. കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ശ്രദ്ധ മാറിയത് കയ്യേറ്റക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്.
റെയിൽവേ ഭൂമിയുടെ കൈയ്യേറ്റം ഉടനടി തടയുകയും, ഭൂമി റെയിൽവേ നിയന്ത്രണത്തിലെടുക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ കളക്ടർക്കും, റെയിൽവേ ഡിവിഷണൽ മാനേജർക്കും പരാതി നൽകി.

ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണി. പദ്ധതി നീണ്ടുപോയതില്‍ സംസ്ഥാന സര്‍ക്കാരിനും കുറ്റകരമായ അനാസ്ഥയുണ്ട്. ഇരു സര്‍ക്കാരുകളും പരസ്പരം നടത്തിയ രാഷ്ട്രീയപ്പോരും പദ്ധതി നീണ്ടുപോകുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി റദ്ദ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഐസിസി അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്റര്‍ അനില്‍ ബോസ് നടത്തിയ ഉപവാസസമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്ക് അനുവദിച്ച പണം നിര്‍ത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടാണോ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയം കൊണ്ടാണോ എന്ന് വ്യക്തമാക്കണമെന്ന് സമരം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , കെ പി സി സി ഭാരവാഹികളായ ടോമി കല്ലാനി, അജയ് തറയിൽ, ജോസി സെബാസ്റ്റ്യൻ, കെ .പി ശ്രീകുമാർ ,പി എസ് രഘുറാം, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് വി . കെ സേവ്യർ, ഡിസിസി ഭാരവാഹികളായ പി എസ് ബാബുരാജ്, മനോജ് കുമാർ, രമണി എസ് ഭാനു, ജെ.ടി റാംസെ, ബിജു പാലത്തിങ്കൽ, ജനുബ് പുഷ്പാകരൻ എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം കെപിസിസി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ബിനു ചുള്ളിയിൽ , മുഹമ്മദ് അസ്ലാം , മുരളീകൃഷ്ണൻ, താഹ, സൈനലാബ്ദിൻ, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
നേരത്തെ സമര പരിപാടികളുമായി അനിൽ ബോസിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് മുന്നോട്ടു പോകുന്നതിന്റെ ഭാഗമായി ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. ശ്രീനാരായണ ഗുരുവിന്‍റെ പേരിലുള്ള തീർത്ഥാടന പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനം ദൗർഭാഗ്യകരമാണെന്നും.നടപടി കേരളത്തിന്‍റെ ടൂറിസം സാധ്യതകളെ ബാധിക്കുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി .
എത്രയും പെട്ടെന്ന് തിരുമാനം പിൻവലിക്കണമെന്നും, ശ്രീനാരായണ ഗുരു സ്പിരിച്വല്‍ സർക്യൂട്ട് പദ്ധതി പുനരാരംഭിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ജൂണ്‍ 15ന് ആയിരുന്നു ഉപവാസ സമരം. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ സ്ഥാപകസ്ഥലമായ നീലംപേരൂരില്‍ ആയിരുന്നു സമരം. പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കൊപ്പം നനമതസ്ഥരായ വൻ ജനപങ്കാളിത്തത്തോടൊപ്പം പ്രമുഖ മറ്റു പല മത നേതാക്കളുടെ സാന്നിധ്യവും ഉപവാസ സമരത്തിന് വിജയപ്പകിട്ടായി….
അച്ഛനെ ക്രൂരമായി മര്‍ദിച്ച മകനെതിരെ കേസ്. തിരുവല്ല കവിയൂരിലാണ് സംഭവം. കവിയൂര്‍ സ്വദേശി ഏബ്രഹാം തോമസിനാണ് മകന്റെ ക്രൂമര്‍ദനമേറ്റത്. മകന്‍ അനില്‍ ഒളിവിലാണ്. മര്‍ദനത്തിന്റെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെയാണ് മകനെതിരെ കേസെടുത്തത്. ഇന്ന് ഉച്ചയോടെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. ഇതേതുടര്‍ന്ന് പൊലീസ് എബ്രഹാമിന്റെ വീട്ടിലെത്തി മൊഴിയെടുത്തു.
വീട്ടിലെത്തിയപ്പോള്‍ അനിലിനെ പിടികൂടാനായില്ല. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്നു മര്‍ദ്ദനം. വലിയ വടി ഉപയോഗിച്ചായിരുന്നു ക്രൂരമര്‍ദ്ദനം. അടിക്കരുതെന്ന് പിതാവ് കേണപേക്ഷിക്കുമ്പോഴും അനില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാം. ക്രൂരമായ മര്‍ദ്ദനിത്തിന് ശേഷം എബ്രഹാം ഇന്നലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ കേസുകൊടുക്കാന്‍ പറഞ്ഞപ്പോള്‍ മകനല്ലേ ക്ഷമിക്കാമെന്നായിരുന്നു പിതാവിന്റെ മറുപടി.
അയല്‍വാസിയാണ് മകന്‍ പിതാവിനെ തല്ലുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കേരളപൊലീസിന്റെ സൈബര്‍ സെല്ലും ഇടപെട്ടിരുന്നു. എബ്രഹാം മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അനില്‍ സ്ഥിരം മദ്യപാനിയായതിനെ തുടര്‍ന്ന് ഭാര്യ മാറി താമസിക്കുകയാണ്.
സോഷ്യൽ മീഡിയ പൊതു ഗ്രൂപ്പിൽ അപ്‌ലോഡ് വീഡിയോയിലെ അസഭ്യമായ വാക്കുകൾ ന്യൂസ് ചാനലുമായി ബന്ധമില്ല….
വിവാഹസമയത്ത് ഭക്ഷണം വിളമ്പുന്നതിൽ തർക്കം. വധുവിന്റെ 9 വയസ്സുള്ള സഹോദരനെ കൊലപ്പെടുത്തി വരൻ. രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കാറിടിച്ച് 3 പേർക്ക് പരുക്ക്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തര്‍പ്രദേശിലെ ഷംഷാബാദ് മേഖലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വിളമ്പിയതുമായി ബന്ധപ്പെട്ട് വരന്‍ മനോജ് കുമാറും സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളുടെ നേര്‍ക്ക് തട്ടിക്കയറി. അതിനിടെ മദ്യലഹരിയിലായിരുന്ന മനോജും സംഘവും അമ്മാവന് നേരെ വെടിയുതിര്‍ത്തതായി വധുവിന്റെ സഹോദരന്‍ പുനീത് പറയുന്നു. തലനാരിഴയ്ക്കാണ് അമ്മാവന്‍ രക്ഷപ്പെട്ടത്.
തുടര്‍ന്ന് ഭക്ഷണം വിളമ്പിയ ഒന്‍പത് വയസുളള വധുവിന്റെ സഹോദരനെയും തട്ടിയെടുത്ത് മനോജും സംഘവും സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. എസ്‌യുവി കാറില്‍ രക്ഷപ്പെടുന്നതിനിടെ, നിയന്ത്രണം വിട്ട് റോഡരികില്‍ നിന്ന മൂന്നുപേരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ക്കും ഒരു കൗമാരക്കാരിയ്ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.എന്നാല്‍ നിര്‍ത്താതെ മനോജ് വാഹനം ഓടിച്ചുപോയതായി പൊലീസ് പറയുന്നു.
ഒന്‍പത് വയസ്സുളള പ്രാണ്‍ശുവിനെ തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട്് മനോജിനെ തുടര്‍ച്ചയായി വിളിച്ചെങ്കിലും ഇതിന് തയ്യാറായില്ല. തുടര്‍ന്ന് രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കഴുത്തില്‍ ശ്വാസംമുട്ടിച്ചതിന്റെ പാടുണ്ട്.
ഇന്ത്യാ–ചൈനാ അതിർത്തിയിൽ പിരിമുറുക്കം തുടരുമ്പോള്‍ അമേരിക്കയിലെ വിഖ്യാതമായ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനം ചർച്ചയാവുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയാല്‍ ഇന്ത്യയ്ക്ക് പരമ്പരാഗതമായ ഒരു മേല്‍ക്കോയ്മ നിലനില്‍ക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ ഇതിൽ വ്യക്തമാക്കുന്നത്. 1962ല്‍ ഉണ്ടായത് പോലെ തിരിച്ചടി ഉണ്ടായേക്കില്ലെന്നാണ് ഹാര്‍വര്‍ഡ് കെന്നഡി സ്‌കൂളിലെ ബെല്‍ഫര്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യയുടെയും ചൈനയുടെയും സൈനിക ശേഷി വിശകലനം ചെയ്താണ് ഈ പഠനം പുറത്തിറക്കിയത്.
ഇന്ത്യയ്ക്ക് പരമ്പാരാഗതമായി നിലനില്‍ക്കുന്ന മേല്‍ക്കോയ്മ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ആണവ ശക്തി പോലും പരിഗണിച്ചു നടത്തിയതാണ് പഠനം. കൂടാതെ, വ്യോമസേനകളുടെ കരുത്തും പരിഗണിച്ചു. പ്രശ്‌നം വഷളായാല്‍ വ്യോമ സെനകളായിരിക്കും ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില്‍ എത്തുക.
ഇന്ത്യയ്ക്ക് പരമ്പരാഗതമായി നിലനില്‍ക്കുന്ന ഒരു മേല്‍ക്കോയ്മ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നാണ് തങ്ങള്‍ വിലയിരുത്തുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ചൈനയുടെ ഭീഷണിക്കും ആക്രമണത്തിനുമെതിരെ ഇത് ഇന്ത്യയ്ക്ക് ഗുണകരമായേക്കും. ഇന്ത്യയക്ക് ചൈനയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ട്. എന്നാല്‍, ഇത് ഇന്ത്യയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ അംഗീകരിക്കപ്പെടാറില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
റിപ്പോര്‍ട്ട് പിഎല്‍എയുടെ പരമ്പരാഗത ശക്തിയെയും വിശകലനം ചെയ്യുന്നു. കരസേനകളുടെ കാര്യത്തിലുള്ള താരതമ്യം തെറ്റിധാരണാജനകമാണെന്നും അവര്‍ പറയുന്നു. ഇന്ത്യയ്‌ക്കെതിരെ ഒരു യുദ്ധം തുടങ്ങിയാല്‍ പോലും ചൈനീസ് സേനയുടെ അംഗബലം അവര്‍ക്ക് ഗുണകരമാവില്ല. പല വിഭാഗങ്ങളും റഷ്യയ്‌ക്കെതിരെയും ടിബറ്റിലും സിന്‍ജിയാങിലുമുള്ള കലാപകാരികള്‍ക്കെതിരെയും നിലയുറപ്പിച്ചിരിക്കുകയാണ്. ചൈനയുടെ സേനാംഗങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയുടെ അടുത്തല്ല നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇന്ത്യയ്ക്ക് അതിന്റെ സേനയെ വേണമെങ്കില്‍ പൂര്‍ണമായും ചൈനയ്‌ക്കെതിരെ തിരിക്കാമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.
പിഎല്‍എയുടെ വ്യോമസേനയ്ക്കും ഇന്ത്യന്‍ അതിര്‍ത്തിയില്‍ സാന്നിധ്യം കുറവാണ്. അതേസമയം, ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് മുഴുവന്‍ ശക്തിയോടെയും നീങ്ങാന്‍ സാധിക്കും. ചൈനീസ് വ്യോമസേനയുടെ വലിയൊരു വിഭാഗത്തെ തന്നെ റഷ്യ-കേന്ദ്രീകൃത നീക്കങ്ങള്‍ക്കായി സജ്ജരാക്കി നിർത്തിയിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഒരേ സമയം 101 പോർവിമാനങ്ങളെ വരെ ചൈനയ്‌ക്കെതിരെ മാത്രം അയയ്ക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ വ്യോമസേനയുടെ പോർവിമാനമായ എസ്‌യു-30 എംകെഐ (Su-30MKI) ഏതു ചൈനീസ് പോർവിമാനത്തേക്കാളും മെച്ചമാണെന്നും പഠനം പറയുന്നു. ഇരു രാജ്യങ്ങളുടെയും കയ്യിലുള്ള നാലാം തലമുറയിലെ പോർവിമാനങ്ങളെക്കുറിച്ചുള്ള സമ്പൂര്‍ണ പഠനവും ചൈനയുടെ ജെ-10 യുദ്ധ വിമാനങ്ങള്‍, സാങ്കേതികമായി ഇന്ത്യയുടെ മിറാഷ്-2000നോട് കിടപിടിക്കുമെന്നു പറയും. എന്നാല്‍, ഇന്ത്യയുടെ എസ്‌യു- 30എംകെഐ യുദ്ധവിമാനം എല്ലാ ചൈനീസ് പോർവിമാനങ്ങളെക്കാളും മികവുറ്റതാണ്. അതു കൂടാതെ ഇന്ത്യയുടെ ജെ-11, എസ്‌യു-27 മോഡലുകളും മികവുപുലര്‍ത്തുന്നവയാണ്. ചൈനയ്ക്ക് നാലാം തലമുറയില്‍ ഏകദേശം 101 പോർവിമാനങ്ങളാണ് ഉള്ളത്. ഇവയില്‍ പലതും റഷ്യയെ പേടിച്ച് നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഇത്തരത്തിലുളള 122 പോർവിമാനങ്ങളുണ്ട്. ഇവയെ എല്ലാം ചൈനയ്‌ക്കെതിരെ ഉപയോഗിക്കാമെന്നാണ് പഠനം പറയുന്നത്.
ഇന്ത്യയുമായി കൂടുതൽ അതിർത്തിസംഘർഷങ്ങൾക്ക് താൽപര്യമില്ലെന്ന് ചൈന. തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലിൽ ലഡാക്കിലെ ഗാൽവാൻ വാലിയിൽ തങ്ങളുടെ 20 സൈനികർ കൊല്ലപ്പട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മരണമുണ്ടായെന്ന് പറഞ്ഞെങ്കിലും തങ്ങളുടെ ഭാഗത്ത് നിന്ന് എത്ര പേർ കൊല്ലപ്പെട്ടു എന്ന് ചൈന ഇതുവര പറഞ്ഞിട്ടില്ല. അതിർത്തിലംഘനം സംബന്ധിച്ച് ഇരു രാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുകയും ആരോപണങ്ങളുന്നയിക്കുകയുമാണ് ചെയ്തത്. ചൈന നിയന്ത്രണരേഖ ലംഘിച്ച് ആക്രമണം നടത്തിയതിനെതിരെ ഇന്ത്യ പ്രതിഷേധമുയർത്തുമ്പോൾ ഇന്ത്യൻ സൈന്യം രണ്ട് തവണ അതിർത്തി ലംഘിച്ച് കടന്നുകയറിയെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ ആരോപിച്ചിരുന്നു.
ഇരു ഭാഗത്തും മരണങ്ങളും പരിക്കുകളുമുണ്ടായി എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞത്. അതേസമയം മരിച്ചവരുടെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിയമവിരുദ്ധമായി സൈനികർ അതിർത്തി കടക്കുന്നത് തടയണമെന്നും പ്രകോപനമുണ്ടാക്കരുതെന്നും അതിർത്തിസംഘർഷം രൂക്ഷമാക്കുന്ന പ്രകോപനപരമായ നടപടികൾ പാടില്ലെന്നുമാണ് ചൈനീസ് വക്താവ് ഇന്ത്യയോട് പറഞ്ഞത്. പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കും. കൂടുതൽ സംഘർഷങ്ങൾക്ക് ഞങ്ങൾക്ക് താൽപര്യമില്ല – ചൈനീസ് വക്താവ് പറഞ്ഞു
ലോക്ക്ഡൗൺ മൂലം ഇംഗ്ലണ്ടിലെ രണ്ട് തുറമുഖങ്ങളിൽ കുടുങ്ങിയത് ഇന്ത്യക്കാരായ ആയിരത്തിലേറെ കപ്പൽ ജീവനക്കാർ. ഇതിൽ സൗത്താംപ്റ്റണിൽ കുടുങ്ങിയ 600 ഇന്ത്യക്കാരിൽ 44 മലയാളികൾ ഉൾപ്പെടെയുള്ളവരെ പ്രത്യേക വിമാനങ്ങളിൽ ക്രൂയിസ് കമ്പനി നാട്ടിലേക്ക് മടക്കി അയച്ചുതുടങ്ങി. അഞ്ചുകപ്പലുകളിലായി ജോലി ചെയ്തിരുന്നവരാണ് 44 മലയാളികൾ ഉൾപ്പെടെയുള്ള ഈ ജീവനക്കാർ.
ആറ് ആഡംബര കപ്പലുകളിലായി ടിൽബറി പോർട്ടിലും കുടുങ്ങിയ 496 ഇന്ത്യൻ ജീവനക്കാർ നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ്. ഇതിൽ 120 പേർ മലയാളികളാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരെ കമ്പനി ചാർട്ടർ ചെയ്യുന്ന വിമാനങ്ങളിൽ നാട്ടിലെത്തിച്ചു തുടങ്ങുമെന്നാണ് വിവരം. എന്നാൽ ഏപ്രിൽ 14 മുതൽ തുടങ്ങിയ ഈ കാത്തിരിപ്പിന് ഇനിയും അവസാന ഉത്തരം ആയിട്ടില്ല. ഭക്ഷണവും താമസസൗകര്യവും ബേസിക് സാലറിയും കമ്പനി നൽകുന്നുണ്ടെങ്കിലും നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റ ആശങ്കയിലാണ് മലയാളികളായ പല ജീവനക്കാരും.
വിവിധ ലോകരാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ വേൾഡ് ക്രൂയിസ് നടത്തിയിരുന്ന കപ്പലുകളാണ് ഇവയെല്ലാം. തുറമുഖങ്ങൾ അടച്ചതോടെ കപ്പലുകൾ അടിയന്തരമായി യാത്രനിർത്തി ഇംഗ്ലണ്ടിലെ മദർ പോർട്ടുകളിലേക്ക് തിരികെപോന്നു. കപ്പലുകളിൽ ഉണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഇതിനോടകം സുരക്ഷിതമായി മടക്കി അയച്ചു കഴിഞ്ഞു.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ ജപ്പാൻ, ഓസ്ട്രേലിയ, നോർവേ, സൗത്ത് അമേരിക്ക, ഇന്തോനേഷ്യ എന്നിവയുടെ സമുദ്രാതിർത്തികളിലായിരുന്ന ആറ് ആഡംബര കപ്പലുകളാണ് ഇപ്പോൾ ടിൽബറിയിൽ നങ്കൂരമിട്ടിരിക്കുന്നത്. ക്രൂയിസ് ആൻഡ് മാരിടൈം വോയേജസ് എന്ന കമ്പനിയുടെ കീഴിലുള്ള കൊളംബസ്, വാസ്കോഡഗാമ, മാർക്കോപോളോ, മാഗെല്ലെൻ, അസ്തൂർ, അസ്തോറിയ എന്നീ കപ്പലുകളിലെ ജീവനക്കാരാണ് 120 മലയാളികൾ ഉൾപ്പെടെയുള്ള 496 ഇന്ത്യക്കാർ.
മറ്റ് രാജ്യങ്ങളിൽനിന്നുള്ള ജോലിക്കാരെ ഇതിനോടകം തിരികെ അയച്ചുതുടങ്ങി. ഏറെപ്പേരും ഇന്ത്യക്കാരായതിനാലാണ് ഇവരുടെ യാത്ര അവസാനമാക്കാൻ കമ്പനി അധികൃതർ തീരുമാനിച്ചതെന്നാണ് വിവരം. മലയാളികളും തമിഴ്നാട്ടുകാരുമായ ജീവനക്കാരെ ഒരുമിച്ച് കൊച്ചിയിലേക്കും അവിടെനിന്നും ചെന്നെയിലേക്കും പ്രത്യേക വിമാനത്തിൽ അയയ്ക്കുമെന്നാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ള വിവരം.
ടിൽബറിയിലെ ഹാർബറിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിൽ പ്രധാനമായും ബ്രിട്ടീഷ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. എന്നാൽ സൗത്താംപ്റ്റണിൽ എത്തിയ കപ്പലുകളിൽ 77 രാജ്യങ്ങളിൽനിന്നുള്ള വിനോദ സഞ്ചാരികളുണ്ടായിരുന്നു. ഇവരെയെല്ലാം കയറ്റി അയച്ചശേമാണ് ഇപ്പോൾ ഒടുവിൽ ജിവനക്കാരെയും കമ്പനികൾ മടക്കി അയയ്ക്കുന്നത്.
ഇതിനിടെ വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ കയറിപ്പറ്റി നാട്ടിലെത്താൽ ഇവരിൽ ചിലർ ശ്രമം നടത്തിയെങ്കിലും ഇന്ത്യൻ എംബസിയിൽനിന്നും ഇവരുടെ ഇ-മെയിൽ സന്ദേശങ്ങൾക്ക് മറുപടിപോലും ലഭിച്ചില്ലെന്ന് പരാതിയുണ്ട്.