India

ഇന്ത്യയുടെ ഇതിഹാസ ഫുട്ബോളര്‍ ഐ.എം വിജയനെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പത്മശ്രീ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തു. ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന കേരളത്തിന്റെ ഐ എം വിജയന്‍ 1992ലാണ് ആദ്യമായി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. 92നും 2003നും ഇടയില്‍ 79 മത്സരങ്ങളിലാണ് വിജയന്‍ ഇന്ത്യക്കായി ബൂട്ടണിഞ്ഞത്. ബൈച്ചുംഗ് ബൂട്ടിയക്കൊപ്പം മുന്നേറ്റ നിരയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ച അദ്ദേഹം 11 വര്‍ഷമാണ് ഇന്ത്യക്കായി കളിച്ചത്. 2003-ല്‍ അര്‍ജുന പുരസ്‌കാരം ലഭിച്ചിരുന്നു.

വിജയന്‍ 17-ാം വയസില്‍ കേരള പോലീസിലൂടെയാണ് തന്റെ ഫുട്ബോള്‍ കരിയറിന് തുടക്കമിടുന്നത്. കരിയറില്‍ മോഹന്‍ ബഗാന്‍, എഫ്‌സി കൊച്ചിന്‍, ജെസിടി ഫഗ്വാര, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചു. 1989-ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇന്ത്യയ്ക്കായി 40 ഗോളുകളും സ്‌കോര്‍ ചെയ്തു. 1999-ല്‍ മികച്ച ഫോമിലായിരുന്ന അദ്ദേഹം 13 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകള്‍ നേടി.

ഫുട്ബോള്‍ ചരിത്രത്തിലെ വേഗതയേറിയ ഗോളെന്ന റെക്കോഡും വിജയന്റെ പേരിലാണ്. സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരെ 12-ാം സെക്കന്‍ഡിലാണ് വിജയന്‍ വലകുലുക്കിയത്. 1999 ദക്ഷിണേഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരേ ഹാട്രിക്ക് നേടി ശ്രദ്ധ പിടിച്ചുപറ്റി. 2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ-ഏഷ്യന്‍ ഗെയിസില്‍ നാലു ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി.1992, 1997, 2000 വര്‍ഷങ്ങളില്‍ എ.ഐ.എഫ്.എഫിന്റെ മികച്ച ഫുട്ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2006-ലാണ് ബൂട്ടഴിച്ചത്.

കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി അബ്ദുല്‍ഖാദറാണ് മരിച്ചത്. ചികിത്സക്ക് നാട്ടില്‍ പോകാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കവെയാണ് മരണം സംഭവിച്ചത്. കടുത്ത വൃക്കരോഗവും അര്‍ബുദവുമുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞതിന് തൊട്ടുപിന്നാലെ ആയിരുന്നു മരണം.

നടുവേദനയെ തുടര്‍ന്ന് നടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം നാട്ടിലേക്ക് പോകാന്‍ അപേക്ഷ നല്‍കിയത്. നാട്ടില്‍ നല്ല ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുല്‍ഖാദര്‍. എന്നാല്‍ അപേക്ഷ നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി.

തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുള്‍ഖാദറിനെ ഷാര്‍ജ അല്‍ഖാസിമിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് അര്‍ബുദ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞു. തൊട്ടുപിന്നാലെ ഞായറാഴ്ച അദ്ദേഹം മരണത്തിന് കീഴടങ്ങി.

ചികില്‍സക്ക് നാട്ടിലെത്താന്‍ അബ്ദുള്‍ഖാദറും കുടുംബവും പലതരത്തിലും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 30 വര്‍ഷമായി യു.എ.ഇയില്‍ കഴിയുന്ന അബ്ദുള്‍ഖാദറിന്റെ മൃതദേഹം ഒടുവില്‍ ഷാര്‍ജയില്‍ തന്നെ ഖബറടക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു.

ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണല്‍ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം, നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടുവെന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചത്.

‘എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദനായിരിക്കുന്നത്? എന്തുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നത്? എല്ലാത്തിനും ഒരു പരിധിയുണ്ട്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയണം. നമ്മുടെ സൈനികരെ കൊല്ലാന്‍ ചൈന എങ്ങനെ ധൈര്യപ്പെട്ടു? നമ്മുടെ ഭൂമി പിടിച്ചെടുക്കാന്‍ ചൈനക്കെങ്ങനെ ധൈര്യം വന്നു?’ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.

തിങ്കളാഴ്ച രാത്രി ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിലാണ് കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു അടക്കം ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ചത്.

 

അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എന്‍എന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച രാത്രി ഗാല്‍വന്‍ താഴ്‌വരയിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം മൂന്നുമണിക്കൂറിലേറെ നീണ്ടെന്നും റിപ്പോര്‍ട്ട്. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്‌നാട് സ്വദേശിയായ ഹവില്‍ദാര്‍ പഴനി, ജാര്‍ഖണ്ഡ് സ്വദേശിയായ സിപോയ് ഓജ എന്നീ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിച്ച വിവരം മാത്രമാണ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്.

പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികര്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്.  മരണസംഖ്യ കൂടിയേക്കാം എന്ന സൂചന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച വാര്‍ത്താ ഏജന്‍സിയും പുറത്തു വിട്ടിരുന്നു. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ വച്ചാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തിങ്കളാഴ്ച ഏറ്റുമുട്ടിയത്. നൈറ്റ് പട്രോളിംഗിനു പോയ ഇന്ത്യന്‍ സൈനികര്‍ മലമുകളില്‍ നിലയുറപ്പിച്ച ചൈനീസ് സംഘത്തെ കണ്ടതോടെയാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

 

കൊവിഡ് 19 വൈറസ് ബാധമൂലം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി ദാമോദര്‍ മരിച്ചു. 57 വയസായിരുന്നു. മധുരസ്വദേശിയാണ്. ദാമോദര്‍ അടക്കം മുഖ്യമന്ത്രി പളനിസ്വാമിയുടെ ഓഫീസിലെ അഞ്ച് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

പന്ത്രണ്ടാം തീയതിയാണ് ദാമോദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോട്ടോഗ്രാഫര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം തമിഴ്നാട്ടില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1,515 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 48,019 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 529 പേരാണ് തമിഴ്നാട്ടില്‍ മരിച്ചത്. നിലവില്‍ 20,706 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതുവരെ 26,782 പേര്‍ രോഗമുക്തി നേടിയെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചത്.

കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം. ചൈനീസ് വെടിവെയ്പ്പില്‍ ഒരു കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഗല്‍വാന്‍ വാലിയില്‍ ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാലിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം നടന്ന മേഖലയില്‍ രണ്ടു രാജ്യങ്ങളുടെയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

വെടിവെയ്പ്പില്‍ രണ്ട് ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തി തര്‍ക്കത്തിന്മേല്‍ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ചൈനയുടെ ഭാഗത്ത് നിന്ന് പെട്ടെന്നുള്ള പ്രകോപനം ഉണ്ടായിരിക്കുന്നത്. ആന്ധ്രപ്രദേശ് സ്വദേശിയായ കേണല്‍ ബി.സന്തോഷ് ബാബുവാണ് മരിച്ചത്.

കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ഗല്‍വാന്‍ താഴ്‌വരയിലുള്ള ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ കമാന്‍ഡിംഗ് ഓഫീസറാണ് കൊല്ലപ്പെട്ട കേണല്‍. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 1975-നു ശേഷം സൈനികരുടെ മരണം ഇതാദ്യമായാണ്.

അതിര്‍ത്തിയില്‍ ഏപ്രില്‍ മുതല്‍ ഇരുസേനകളും മുഖാമുഖം നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കുന്നതിനു ബ്രിഗേഡിയര്‍, കേണല്‍ തലത്തില്‍ തിങ്കളാഴ്ചയും ചര്‍ച്ച നടന്നെങ്കിലും പിന്‍മാറ്റം സംബന്ധിച്ച് ധാരണയായിരുന്നില്ല. യഥാര്‍ത്ഥ നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിംഗ്സിലെ പിപി 15,17, പാംഗോങ് തടാകത്തോട് ചേര്‍ന്നുള്ള നാലാം മലനിര (ഫിംഗര്‍ 4) എന്നിവിടങ്ങളിലാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്.

ഇതില്‍ ഗല്‍വാന്‍, ഹോട് സ്പ്രിംഗ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള പിന്മാറ്റം ചര്‍ച്ചയായിരുന്നു. ഇരുപ്രദേശങ്ങളില്‍ നിന്നും പൂര്‍ണ പിന്‍മാറ്റം വൈകാതെയുണ്ടാകുമെന്നു സേനാവൃത്തങ്ങള്‍ സൂചിപ്പിച്ചതിന് പിന്നാലെയാണ് ചൈന വെടിവെയ്പ്പ് നടത്തിയത്.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡിനെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെ മലയാള സിനിമയിലെ വിവേചനത്തെ കുറിച്ചും മേധാവിത്വത്തെ കുറിച്ചും തുറന്നടിച്ചിരിക്കുകയാണ് നടന്‍ നീരജ് മാധവ്. ചുരുങ്ങിയ കാലത്തെ സിനിമാജീവിതം കൊണ്ട് താന്‍ മനസ്സിലാക്കിയ സിനിമയിലെ അലിഖിത നിയമങ്ങളെ കുറിച്ചും മാറ്റിനിര്‍ത്തപ്പെടലുകളെ കുറിച്ചുമാണ് നടന്‍ പ്രതികരിക്കുന്നത്.

നീരജ് മാധവിന്റെ കുറിപ്പ്:

‘സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട് ‘, ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് എന്നോട് പറഞ്ഞതാണ്, ”അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാന്‍ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

പല സിനിമാ സെറ്റുകളിലും ഇപ്പഴും നിലനില്‍ക്കുന്ന ഒരു ഹൈറാര്‍ക്കി സംമ്പ്രദായമുണ്ട്. സീനിയര്‍ നടന്മാര്‍ക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവര്‍ക് സ്റ്റീല്‍ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു ആ വേര്‍തിരിവ്. ചായ പേപ്പര്‍ ഗ്ലാസില്‍ കുടിച്ചാലും ഇറങ്ങും, പക്ഷെ അത് അടിച്ചേല്പിക്കുമ്പോഴാണ് പ്രശ്‌നം. കാലിന്മേല്‍ കാല് കേറ്റി വച്ചിരുന്നാല്‍ ജാഡ, കൂളിംഗ് ഗ്ലാസ്സിട്ടാല്‍ അഹങ്കാരം, സ്‌ക്രിപ്റ്റില്‍ അഭിപ്രായം പറഞ്ഞാല്‍ ഇടപെടല്‍. നമ്മള്‍ കാഷ്വല്‍ ആയി പറയുന്ന ഓരോ വാക്കുകളും വരെ ചിന്തിക്കാന്‍ പറ്റാത്ത രീതിയില്‍ ദുര്‍വ്യാഖ്യാനിക്കപ്പെടും. എക്‌സ്ട്രീംലി ജഡ്ജ്‌മെന്റല്‍ ആയിട്ടുള്ള ഒരു പറ്റം കൂട്ടര്‍.

വളര്‍ന്നു വരുന്ന ഒരുത്തനെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂട്ടം കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെയുണ്ട്. ഇവരുടെ മെയിന്‍ പണി പുതിയ പിള്ളേരുടെ സ്വഭാവ ഗുണങ്ങള്‍ അളക്കലാണ്, എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്ന പോലെ പുകവലിയും മദ്യപാനവും ഒന്നുമല്ല ഇതിന്റെ മാനദണ്ഡം. വിധേയത്വം , സഹകരണം, എളിമ, ഇത് മൂന്നും നാട്യമാണെങ്കിലും കാട്ടിക്കൂട്ടണം. പിന്നെ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കാതിരിക്കുക, തരുന്ന കാശും മേടിച്ച് വീട്ടില്‍ പോവുക. എന്നാല്‍ നിങ്ങളെ അടുത്ത പടത്തില്‍ വിളിക്കും. ഒരുപക്ഷെ പ്രായത്തിന്റെ അപക്വതയില്‍ അല്‍പം വാശികളും അശ്രദ്ധയും ഒക്കെ കാണിച്ചിട്ടുണ്ടാവാം, അതുകൊണ്ട് പല ‘സിനിമക്കാരുടെയും’ ഗുഡ് ബുക്‌സില്‍ ഞാന്‍ കേറിപറ്റിയിട്ടില്ല. അല്പം ഡിമാന്റിങ് ആയതിന്റെ പേരില്‍ പല അവസരങ്ങളും എനിക്ക് നഷ്ടപെട്ടിട്ടുണ്ട്. ഞാന്‍ പോലും വളരെ വൈകിയാണ് ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഒരു കലാകാരന് ഏറ്റവും ആവശ്യമായിട്ടുളളത് കഴിവും പ്രയത്‌നവുമാണ് എന്നിരിക്കെ, സിനിമയില്‍ മുന്നേറാന്‍ നമ്മള്‍ക്കു വേണ്ടത് അതൊന്നുമല്ല എന്നുള്ളതാണ് വാസ്തവം. ഞാന്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങിയ ആളാണ്, അതുകൊണ്ട് തന്നെ ഓരോ ചവിട്ടുപടിയും ഏറെ ശ്രമകരമായിരുന്നു. സിനിമ ഒരു ഷോ ബിസിനസ് കൂടിയാണ്, അപ്പോള്‍ കൂടുതല്‍ ശമ്പളം മേടിക്കുന്നവര്‍ ആണ് താരങ്ങള്‍. നായികയുടെ ഹെയര്‍ ഡ്രെസറിന്റെ പകുതി പോലും ശമ്പളമില്ലാത്ത കാലത്ത് നിന്ന് ഇന്ന് ഏഴക്ക ശമ്പളമുള്ള ഒരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒരു വലിയ അധ്വാനമുണ്ട്. എന്നാല്‍ ഏറ്റവും വലിയ സത്യവും സങ്കടവും എന്താണെന്ന് വെച്ചാല്‍ സിനിമയില്‍ കലാകാരന്റെ കഴിവല്ല, കൈകാര്യമാണ് അവന്റെ ഭാവി നിര്‍ണയിക്കുന്നത് എന്നുള്ളതാണ്. ഒപ്പം അവകാശപ്പെടാന്‍ ഒരു പാരമ്പര്യം കൂടെ ഉണ്ടെങ്കില്‍ പിന്നെ സേഫ് ആണ്.

ആദ്യകാലത്തെ കോമഡി വേഷങ്ങളില്‍ നിന്ന് ചുവട് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പലരും പേടിപ്പിച്ചു, വെറുതെ ഉള്ളത് കൂടി ഇല്ലാതാവും. പിന്നീട് നായകനായപ്പോഴാണ് മനസിലായത് സിനിമാകച്ചവടം വേറൊരു പരിപാടിയാണെന്ന്. സാറ്റലൈറ്റ് വാല്യു മുതല്‍ സിനിമയ്ക്കു നല്ല തീയറ്ററുകള്‍ ലഭിക്കുന്നതു വരെയുള്ള ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നായകന്റെ തലയിലാണ്. ഇതെല്ലാം ചെയ്ത് പടം തീയറ്ററില്‍ എത്തിച്ചാല്‍ നിങ്ങളില്‍ എത്ര പേര് ആദ്യവാരം പോയിക്കാണും ? അഭിപ്രായം കേട്ടിട്ട് പോവാം എന്നാണ് പലരുടെയും നിലപാട്, പടം എബൗവ് ആവറേജ് ആയാലും പോരാ, എക്‌സെപ്ഷണല്‍ ആണേല്‍ ഞങ്ങള്‍ വിജയിപ്പിക്കാം. അല്ലേല്‍ വിമര്‍ശിച്ചു കീറിയോട്ടിക്കും. താരങ്ങളുടെ മോശപ്പെട്ട സിനിമകള്‍ പോലും ഇക്കൂട്ടര്‍ വിജയിപ്പിക്കുന്നില്ലേ ? അപ്പൊ പിന്നെ കൊച്ചു സിനിമകളുടെ കാര്യത്തില്‍ എന്താണ് ഇത്ര കാര്‍ക്കശ്യം ? ആരോട് പറയാന്‍…

ഇത്രയൊക്കെ എഴുതാന്‍ പ്രേരണയായത് കഴിഞ്ഞ ദിവസം സംഭവിച്ച സുശാന്ത് സിങ് രജ്പുത് എന്ന നടന്റെ മരണത്തോടനുബന്ധിച്ചു കങ്കണ റണൗട്ട്് നടത്തിയ തുറന്നടിച്ച പ്രതികരണമാണ്. ബോളിവുഡില്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത സുശാന്തിന്റെ ഇന്‍ഡസ്ട്രിയിലെ ചെറുത്ത് നില്‍പ്പിന്റെ കഷ്ടപ്പാടിനെ പറ്റി കങ്കണ പറയുകയുണ്ടായി. ഇത്രയും ചെറിയ നമ്മുടെ ഇന്‍ഡസ്ട്രയില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണെങ്കില്‍ ബോളിവുഡിലെ അവസ്ഥ എന്തായിരിക്കും. ഫാമിലി മാനിനു വേണ്ടി (അതിവിടെ ആരൊക്കെ കണ്ടു എന്നുള്ളത് വേറൊരു ചോദ്യം) മുംബയില്‍ ഷൂട്ട് ചെയ്തു കൊണ്ടിരിക്കെയാണ് സംവിധായകന്‍ നിതെഷ് തിവാരി ചിച്ചോരയില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്, സ്‌ക്രീന്‍ ടെസ്റ്റും മേക്കപ്പ് ചര്‍ച്ചയും എല്ലാം കഴിഞ്ഞു ജോയിന്‍ ചെയ്യാന്‍ ഇരിക്കെയാണ് ഡേറ്റ് ക്ലാഷ് മൂലം അത് കൈവിട്ടു പോയത്, അതില്‍ നല്ല വിഷമമുണ്ടായിരുന്നു. അന്നാ സിനിമയില്‍ അഭിനയിച്ചിരുന്നേല്‍ ഒരു പക്ഷെ സുശാന്ത് സിങ് എന്ന വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചേനെ, സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്ത എനിക്ക് അയാളുടെ യാത്രയും പ്രയത്‌നവും ഒരുപാട് റിലേറ്റ് ചെയ്യാന്‍ സാധിച്ചേനെ. ഒരു പക്ഷെ ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയേനെ…

ഇനിയും നീട്ടി വലിക്കുന്നില്ല, എന്നെങ്കിലും പറയണമെന്ന് വിചാരിച്ച ചില കാര്യങ്ങള്‍ ആണ്, ഇപ്പോള്‍ പങ്ക് വെക്കണമെന്ന് തോന്നി. സിനിമയെ സ്വപ്നം കണ്ട് കഴിയുന്നവരെ മടുപ്പിക്കാനല്ല മറിച്ചു അവര്‍ നേരിടാന്‍ സാധ്യതയുള്ള കടമ്പകളെ ഒന്നു ചൂണ്ടിക്കാട്ടുന്നു എന്ന് മാത്രം. ഞാന്‍ അത്ര ഭയങ്കര നടനൊന്നുമല്ല, ചെയ്തതെല്ലാം മികച്ച സിനിമകളും അല്ല. പിന്നെന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാല്‍, in a fair race everyone deserves an equal start. സംവരണം വേണ്ട, തുല്യ അവസരങ്ങള്‍ മതി. ഇത് ബോളിവുഡ് അല്ല, കേരളമാണ്. ആത്യന്തികമായി ഇവിടെ കഴിവും പ്രയത്‌നവും ഉള്ളവര്‍ നിലനില്‍ക്കും എന്ന ശുഭാപ്തിയുണ്ട്. ഇതുവരെ കൂടെ നിന്ന എല്ലവര്‍ക്കും നന്ദി, ഇനിയും ബഹുദൂരം മുന്നോട്ട് പൊവനുണ്ടു, കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിര്‍ത്തിയിൽ മൂന്നു സൈനികരുടെ ജീവനെടുത്ത്  പരസ്പരമുള്ള ഏറ്റുമുട്ടൽ.  എന്നാൽ ഇരുവിഭാഗങ്ങളും തമ്മില്‍ വെടിവയ്പ് ഉണ്ടായിട്ടില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു . വെടിവയ്പ്പു നടത്താതെ തോക്കിന്റെ പാത്തി കൊണ്ടും ഇരുമ്പു ദണ്ഡുകൊണ്ടും നടത്തിയ സംഘർഷമാണ് സൈനികരുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയത്. അതിർത്തി സംഘർഷത്തിൽ ചർച്ച നടത്തി മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ഗാൽവാൻ താഴ്‍‌വരയിൽ ചർച്ച നടത്തി സൈനിക പോസ്റ്റുകളിലേക്ക് മടങ്ങുന്നതിനിടെ സൈനികര്‍ തമ്മില്‍ പ്രകോപനമുണ്ടാകുകയായിരുന്നു. തുടർന്ന്  തോക്കിന്റെ പാത്തിയും ഇരുമ്പ്  ദണ്ഡുകളുമുപയോഗിച്ച് ഇരുഭാഗത്തേയും സൈനികർ ഏറ്റുമുട്ടി. അതിക്രൂരമായ മർദനത്തിൽ കേണലുൾപ്പെടെ മൂന്ന് ഇന്ത്യൻ ജവാന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ചൈനയുടെ 5 ജവാന്മാർ മരിക്കുകയും 11 പേർക്കു പരുക്കേൽക്കുകയും ചെയ്തു.

ഇന്നലെ വൈകിട്ടുണ്ടായ സംഘർഷം അർധരാത്രിയോടെയാണ് അവസാനിച്ചത്. തുടർന്ന് ഇന്നു രാവിലെ 7.30ന് അതേസ്ഥലത്ത് ചർച്ചകൾ ആരംഭിച്ചു. ഈ ചർച്ച ഇതുവരെയും അവസാനിച്ചിട്ടില്ല. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അതിർത്തി സൈനിക താവളങ്ങളിലേക്ക് അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കര–വ്യോമ സേനാതാവളങ്ങളിൽ സേനാവിന്യാസം നടക്കുകയാണ്. കൂടുതൽ പ്രകോപനമുണ്ടാക്കരുതെന്ന് സൈനികർക്ക് കേന്ദ്രനിർദേശമുണ്ട്.

ബിസിനസിൽ തിരിച്ചടികൾ നേരിട്ടതോടെ വിഷാദരോഗത്തിന് അടിമപ്പെട്ട ഡൽഹിയിലെ ബിസിനസുകാരൻ മരിച്ച സംഭവത്തിൽ വൻട്വിസ്റ്റ്. കുടുംബത്തിന് ഇൻഷുറൻസ് തുക ലഭിക്കാനായി കൊലപ്പെടുത്താൻ ഇയാൾ സ്വയം ക്വട്ടേഷൻ നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഡൽഹി ഇന്ദ്രപ്രസ്ഥ എക്‌സറ്റൻഷനിൽ താമസിക്കുന്ന ഗൗരവിനെ(37) ജൂൺ ഒമ്പതിനാണ് കാണാതായത്. രാവിലെ വ്യാപാരസ്ഥാപനത്തിലേക്ക് പോയ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് ഭാര്യ ഷാനു ബൻസാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡൽഹി റാൻഹൗലയിൽ ഗൗരവിനെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കൈകൾ രണ്ടും കെട്ടിയിട്ട നിലയിലായതിനാൽ തന്നെ കൊലപാതകമാണെന്ന് പോലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു. സംഭവത്തിൽ ഗൗരവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിൽനിന്ന് പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയുമായി ഗൗരവ് ഫോണിൽ നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് ഈ കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഈ ക്വട്ടേഷന് വേണ്ടി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് ഗൗരവ് തെരഞ്ഞെടുത്തത്. തന്നെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ ഏൽപ്പിച്ചതിനൊപ്പം തന്റെ ഒരു ഫോട്ടോയും ഗൗരവ് അയച്ചുനൽകിയിരുന്നു.

ജൂൺ ഒമ്പതിന് പൊതുഗതാഗതസൗകര്യങ്ങൾ ഉപയോഗിച്ച് ഗൗരവ് റാൻഹൗലയിൽ എത്തിയത്. തുടർന്ന് ഗൗരവിനെ പ്രതികൾ ഒഴിഞ്ഞസ്ഥലത്ത് കൊണ്ടുപോവുകയും കൈകൾ ബന്ധിച്ചശേഷം മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നു. അതേസമയം, എത്ര തുകയ്ക്കാണ് ഗൗരവ് ക്വട്ടേഷൻ നൽകിയതെന്നോ എത്ര തുകയ്ക്കാണ് ഇൻഷുറൻസ് പോളിസി എടുത്തതെന്നോ പോലീസ് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നാണ് പോലീസിന്റെ പ്രതികരണം.

ബിസിനസുകാരനായ ഗൗരവ് സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും ഭാര്യ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ആറ് ലക്ഷം രൂപയുടെ വായ്പ എടുത്തിരുന്നു. മാത്രമല്ല, ക്രെഡിറ്റ് കാർഡ് തട്ടിപ്പിനിരയായി 3.5 ലക്ഷം രൂപയും നഷ്ടപ്പെട്ടു. വായ്പ തിരിച്ചടവ് മുടങ്ങുകയും തട്ടിപ്പിനിരയാവുകയും ചെയ്തതോടെ കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായും ഭാര്യ മൊഴി നൽകിയിരുന്നു.

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി എന്ന സച്ചിദാനന്ദന്‍ തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ തീവ്രപരിചരണവിഭാഗത്തില്‍. മറ്റൊരു ആശുപത്രിയില്‍ നിന്നും ഇന്ന് രാവിലെ ജൂബിലി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട സച്ചിയുടെ നില ഗുരുതരാവസ്ഥയിലാണ് എന്ന് ആശുപ്രത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നട്ടെല്ലിന്റെ ശസ്ത്രക്രിയയെ തുടര്‍ന്നു നേരിട്ട ശാരീരികാസ്വാസ്ഥങ്ങള്‍ ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും തലച്ചോറിനെ ബാധിക്കുയും ചെയ്തതായി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

പൃഥ്വിരാജിനെ നായകനാക്കി സച്ചിയും സേതുവും ചേര്‍ന്ന് തിരക്കഥയെഴുതിയ ‘ചോക്ക്ലേറ്റ്’ മുതല്‍ പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ‘അയ്യപ്പനും കോശിയും’ വരെ ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ സ്വന്തമായുള്ള കലാകാരനാണ് സച്ചി.

RECENT POSTS
Copyright © . All rights reserved