India

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്നലെ മാത്രം 15,968പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. ഇന്നലെ 465 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. മരണസംഖ്യ പതിനാലായിരത്തി അഞ്ഞൂറിനടുത്തെത്തി. ആകെ രോഗികള്‍ 4,56,183 ആയി.

ബെംഗളൂരുവിൽ നിലവിലെ സാഹചര്യം തുടർന്നാൽ നഗരം പൂർണമായി അടച്ചിടേണ്ടി വരുമെന്ന് കർണാടക ആരോഗ്യമന്ത്രി ബി ശ്രീരാമുലു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. രോഗവ്യാപനം തടയാൻ ആളുകൾ സഹകരിക്കണമെന്നും നിയന്ത്രണങ്ങൾ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബെംഗളൂരു നഗരത്തിൽ കോവിഡ് വ്യാപനം വർധിക്കുകയാണ് 73 മരണമടക്കം 1505 രോഗികളാണ് നഗരത്തിലുള്ളത്. ഇളവുകൾ നലകിയശേഷമാണ് രോഗവ്യാപനം കൂടിയത്. കോവിഡ് സ്ഥിരീകരിച്ചവരിൽ ഏറെപേർക്കും അജ്ഞാത ഉറവിടങ്ങളിൽ നിന്നാണ് വൈറസ് ബാധയേറ്റിട്ടുള്ളത്

അതേസമയം, ചെന്നൈയിലെ ആറുപത് ശതമാനം ആളുകള്‍ക്കും കോവിഡ് ബാധയുണ്ടാകുമെന്ന് പഠനം. എം.ജി.ആര്‍ ആരോഗ്യ സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിഭാഗം നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഒക്ടോബറില്‍ മാത്രമേ രോഗവ്യാപനം അതിന്റെ പാരമ്യത്തില്‍ എത്തുകയൊള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ തമിഴ്നാട്ടിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു. കൂടുതല്‍ ജില്ലകളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി

രോഗ വ്യാപനം ഈനിലയില്‍ തുടര്‍ന്നാല്‍ ചെന്നൈയിലെ അറുപത് ശതമാനം പേര്‍ കോവിഡിന്റെ പിടിയിലമരുമെന്നാണ് എം.ജി.ആര്‍ സര്‍വകലാശാല വിദഗ്ധര് കണ്ടെത്തിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ രോഗികളുടെ എണ്ണം 2.7 ലക്ഷം കടക്കും. മരണനിരക്ക് 1600 വരെ ആകാം. കഴിഞ്ഞ ഏഴു ദിവസത്തിനിടെ 257 പേര്‍ക്കാണ് ജീവന്‍ നഷ്ടമാത്. ഒക്ടോബറില്‍ മാത്രമേ രോഗവ്യാപനം അതിന്റെ പാരമ്യത്തില്‍ എത്തുകയുള്ളു.

പരമാവധി ആളുകള്‍ക്ക് രോഗബാധയുണ്ടായാല്‍ പിന്നീട് രണ്ടാഴ്ചക്കുള്ളില്‍ രോഗവ്യാപനം പടിപടിയായി താഴാന്‍ തുടങ്ങുമെന്നും സര്‍വകലാശയിലെ പകര്‍ച്ചവ്യാധി വിഭാഗം നടത്തിയ പഠനത്തില്‍ പറയുന്നു. എന്നാല്‍ മാസ്ക് ധരിക്കല്‍ , സാമൂഹിക അകലം പാലിക്കല്‍ കൃത്യമായ ക്വാറന്റീന്‍ ,ഐസലേഷന്‍ നടപടികള്‍ തുടങ്ങിയവ ഉറപ്പാക്കിയാല്‍ മാത്രമേ പ്രതീക്ഷയൊള്ളൂവെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ലോക്ക് ഡൗണ്‍ തുടരുന്ന ചെന്നൈയില്‍ കോവിഡ് ബാധിതരും വര്‍ധിക്കുകയാണ്.ഇന്നലെ 1380 പേര്‍ക്കാണ്.

സമീപ ജില്ലയാ ചെങ്കല്‍പേട്ടില് 146ഉം തിരുവെള്ളൂരില്‍ 156 ഉം പേര്‍ പുതിയതായി കോവിഡ് പട്ടികയിലെത്തി. മറ്റു ജില്ലകളിലേക്ക് കൂടി രോഗം പടരാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ജില്ലാ കലക്ടര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു.ഇന്ന് രാവിലെ പത്തിനു നടക്കുന്ന യോഗത്തില്‍ ജില്ലാ തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ക്ക് കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കുമെന്നാണ് സൂചന

തിരുവനന്തപുരം∙ ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സര്‍വീസ് ദിനത്തോടനുബന്ധിച്ച് കോവിഡ് പ്രതിരോധത്തിൽ മികച്ച സേവനം നടത്തിയവരെ ആദരിക്കുന്നതിന് സംഘടിപ്പിച്ച പരിപാടിയില്‍ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം. കോവിഡ് മഹാമാരി ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ നിന്നുമുള്ള നിര്‍ണായക പങ്ക് വഹിച്ച മുന്‍നിര പ്രതിനിധികളെയാണ് പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരോടൊപ്പം വെര്‍ച്വല്‍ ഓണ്‍ലൈന്‍ ഇവന്റിലും പാനല്‍ ചര്‍ച്ചയിലും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു. കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച ഫലപ്രദമായ നടപടികള്‍ എന്ന വിഷയം ആസ്പദമാക്കി മന്ത്രി സംസാരിച്ചു. മഹാമാരിയും പൊതുസേവനവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനല്‍ ചര്‍ച്ചയിലും മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തു.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ജനറല്‍ അസംബ്ലി പ്രസിഡന്റ് ടിജ്ജനി മുഹമ്മദ്ബന്ദെ, എത്യോപ്യ പ്രസിഡന്റ് സഹ്‌ലെ വര്‍ക്ക് സ്യൂഡെ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, യുഎന്‍ സാമ്പത്തിക, സാമൂഹ്യകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു ഷെന്‍മിന്‍, കൊറിയ ആഭ്യന്തര-സുരക്ഷാ മന്ത്രി ചിന്‍ യങ്, സഹ മന്ത്രി ഇന്‍ജെയ് ലീ, സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, ലോകാരോഗ്യ സംഘടന ഹെല്‍ത്ത് വര്‍ക്ക്‌ഫോഴ്‌സ് വിഭാഗം ഡയറക്ടര്‍ ജിം കാമ്പ്‌ബെല്‍, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് പ്രസിഡന്റ് അനറ്റി കെന്നഡി, പബ്ലിക് സര്‍വീസസ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി റോസ പവേനെല്ലി എന്നിവര്‍ക്കാണ് സംസാരിക്കാനുള്ള അവസരം ലഭിച്ചത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിപയുടെ അനുഭവങ്ങള്‍ നന്നായി സഹായിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിപാ കാലത്ത് തന്നെ ആവിഷ്‌ക്കരിച്ച സര്‍വയലന്‍സ് സംവിധാനവും വികേന്ദ്രീകൃത പൊതുജനാരോഗ്യ വിതരണ സംവിധാനവും വികസിപ്പിച്ചെടുത്തിരുന്നു. നിപ സമയത്ത് ആദ്യ കേസിന് തൊട്ടുപിന്നാലെ നിപയാണെന്നു കണ്ടെത്താനും ശക്തമായ പ്രതിരോധം ഒരുക്കാനും കൂടുതല്‍ ആളുകളിലേക്ക് പകരാതെ തടയാനും കഴിഞ്ഞു. മാത്രമല്ല 2018 ലും 2019 ലും ഉണ്ടായ രണ്ട് വലിയ പ്രളയത്തിലും ആരോഗ്യ മേഖല ശക്തമായി ഇടപെട്ടു. അതിലൂടെ പ്രളയകാല പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടയുന്നതിന് സാധിച്ചു. ഇത്തരം പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്ന സമയത്ത് പൊതുജനാരോഗ്യ ഇടപെടലുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയോ പ്രവര്‍ത്തിക്കാന്‍ കാലതാമസമോ ഉണ്ടാകരുതെന്ന അനുഭവ പാഠം ഞങ്ങള്‍ക്ക് ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് ചൈനയിലെ വുഹാനില്‍ പിടിപെട്ട സമയത്ത് തന്നെ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളവും ശക്തമായ മുന്നൊരുക്കം നടത്തി. മുഴുവന്‍ നിരീക്ഷണ ശൃംഖലയും സജീവമാക്കി സ്‌ക്രീനിങ്, രോഗനിര്‍ണയം, പൊതുജനാരോഗ്യ ഇടപെടലുകള്‍ എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും എസ്ഒപികളും രാജ്യാന്തര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി നടപ്പാക്കി.

ഒന്നാം ഘട്ടത്തില്‍ 3 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കാനായി. വ്യാപനവും മരണനിരക്കും പൂജ്യമായിരുന്നു. രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ശക്തമായ പ്രതിരോധമാണ് സൃഷ്ടിച്ചത്. അണുബാധയുടെ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നിരീക്ഷണം ശക്തമാക്കുക, സമൂഹത്തില്‍ വൈറസിന്റെ അളവ് കുറയ്ക്കുക, പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ക്കായി റിവേഴ്‌സ് ക്വാറന്റീന്‍ എന്നിവ ഫലപ്രദമായി നടപ്പിലാക്കി. വൈറസിന്റെ കണ്ണി പൊട്ടിക്കാനായി കേരളം നടപ്പിലാക്കിയ ബ്രേക്ക് ദ് ചെയിന് വലിയ സ്വീകാര്യത ലഭിച്ചു. ഈ മൂന്ന് പ്രധാന തന്ത്രങ്ങളിലൂടെ വൈറസിനെ ഫലപ്രദമായി തടയാനും സമ്പര്‍ക്ക വ്യാപനവും മരണനിരക്കും കുറയ്ക്കാനും സാധിച്ചു. സമ്പര്‍ക്ക വ്യാപനം 12.5 ശതമാനത്തില്‍ താഴെയും മരണ നിരക്ക് 0.6 ശതമാനവും ആക്കാന്‍ സാധിച്ചതായും ആരോഗ്യ മന്ത്രി പറഞ്ഞു.

കൊവിഡിന് മരുന്നു കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി യോഗാ ഗുരു ബാബാ രാംദേവ്. മരുന്നും ഇറക്കി. ഏഴു ദിവസം കൊണ്ട് കൊവിഡിനെ ഇല്ലാതാക്കാന്‍ ഈ മരുന്നിന് കഴിയുമെന്നാണ് പറയുന്നത്. രാംദേവിന്റെ പതഞ്ജലി ആയുര്‍വ്വേദ മരുന്നാണ് പുറത്തിറക്കിയത്.

രോഗികളില്‍ മരുന്നിന്റെ പരീക്ഷണം 100 ശതമാനം വിജമായിരുന്നുവൈന്ന് പതഞ്ജലി അവകാശപ്പെടുന്നു. രാജ്യത്തെ 280 രോഗികളിലാണ് മരുന്ന് പരീക്ഷിച്ചത്. കൊറോണില്‍ സ്വാസാരി എന്നാണ് മരുന്നിന്റെ പേര്. മരുന്ന് കഴിച്ച രോഗികളില്‍ 69 ശതമാനവും മൂന്നു ദിവസം കൊണ്ട് സുഖപ്പെട്ടു.

ഒരാഴ്ച കൊണ്ട് 100 ശതമാനം രോഗമുക്തി നേടാമെന്നാണ് പറയുന്നത്. ഹരിദ്വാറിലെ ദിവ്യ ഫാര്‍മസിയും പതഞ്ജലി ആയുര്‍വേദിക്‌സും ചേര്‍ന്നാണ് മരുന്ന് നിര്‍മ്മിച്ചത്. ഹരിദ്വാറിലെ പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജെയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.

സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയര്‍ന്ന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.ഇന്ന് 141 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലാതെയും ചില കേസുകള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി. സ്ഥിതി രൂക്ഷമാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തുനിന്ന് വന്നവരും 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 9 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്.

ഇന്ന് 60 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 275 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ 3451 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 1620 പേരാണ് നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്

പത്തനംതിട്ട,                                                                                                                                                                പാലക്കാട്-2
ആലപ്പുഴ-19
തൃശൂര്‍-14
എറണാകുളം-13
തിരുവനന്തപുരം-4
കൊല്ലം-4
കോട്ടയം-8
മലപ്പുറം-11
കോഴിക്കോട്-6
കണ്ണൂര്‍-6
വയനാട്-2

.

തിരുവനന്തപുരം∙ പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാൻ ശ്രമമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ‘രോഗവ്യാപനത്തെക്കുറിച്ച് ഭീതി പരത്തി നാട്ടുകാരിൽ എതിർപ്പ് സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി പ്രവാസികളോടും തിരിച്ചെത്തിയവരോടും നേരിട്ട് സംസാരിക്കണം. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നടപ്പാക്കുന്നത് നീട്ടിവയ്ക്കണം. ഗൾഫിലെ പ്രവാസികൾ വിദേശത്ത് ശ്വാസംമുട്ടി മരിക്കട്ടെയെന്നാണോ സർക്കാർ സമീപനം. മനുഷ്യസാധ്യമല്ലാത്ത വ്യവസ്ഥകൾ‌ വച്ച് ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. ജാഗ്രതയോടെ പ്രവർത്തിച്ചാൽ രോഗവ്യാപനം ഇല്ലാതെ എത്രപേരെ വേണമെങ്കിലും എത്തിക്കാം’ – ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനാണ് കോവിഡിൽ രാഷ്ട്രീയം കലർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം കോവിഡ് പ്രതിരോധത്തിൽ പൂർണതോതിൽ സഹകരിച്ചു. മന്ത്രിമാരടക്കം കോവിഡ് മാർഗരേഖ ലംഘിച്ച് പരിപാടികളിൽ പങ്കെടുക്കുന്നു. പൊതുരംഗത്തുള്ളവർ എന്തു പറഞ്ഞാലും ജാഗ്രത പാലിക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അങ്കമാലിയിൽ പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചു കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടി കൈ കാലുകൾ ചലിപ്പിക്കാനും കരയാനും തുടങ്ങിയതായും ശസ്ത്രക്രിയക്ക് ശേഷമുള്ള ഇത്തരം പുരോഗതി പ്രതീക്ഷനല്കുന്നതായും ഡോക്ടർമാർ അറിയിച്ചു. ഇത്തരം പുരോഗതി അടുത്ത 24 മണിക്കൂർ നീണ്ടു നിൽക്കുക യാണ് എങ്കിൽ ആശവഹമാണ് കുട്ടി യുടെ അവസ്ഥ.തുടർ ചികിത്സയിലേക്ക് ഉടൻ പ്രവേശിക്കാനും കഴിയും.

ഇന്നലെയാണ് തലച്ചോറിലെ രക്തസ്രാവം നീക്കാൻ ചെയ്യാനുള്ള അടിയന്തര ശസ്ത്രക്രിയക്ക് കുഞ്ഞിനെ വിധേയയാക്കിയത്. അങ്കമാലി ജോസെപുരത് വാടകക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശി ഷൈജുതോമസ് കഴിഞ്ഞ വ്യാഴാഴ്ചയാണ് 57 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ റിമാൻഡിലാണ്

കേരള കോണ്‍ഗ്രസ് പ്രശ്നങ്ങളില്‍ യുഡിഎഫിന്‍റെ തീരുമാനം നടപ്പാക്കിയശേഷം ചര്‍ച്ചയെന്ന് മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് അറിയിച്ചതാണ്. യുഡിഎഫ് നിലപാടിനോടുള്ള ഇരുകൂട്ടരുടേയും നിര്‍ദേശങ്ങളില്‍ ചര്‍ച്ച അതിനുശേഷം നടത്താമെന്നും ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവുമായി ബന്ധപ്പെട്ട യുഡിഎഫ് തീരുമാനത്തില്‍ ജോസ് കെ മാണി അതൃപ്തി അറിയിച്ചെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാൻ. എന്നാല്‍, മുന്നണി വിടുന്ന സാഹചര്യം ഉണ്ടാകില്ല. യു ഡി എഫ് ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

കേരള കോൺഗ്രസിലെ പ്രശ്നത്തില്‍ യുഡിഎഫ് മുന്നോട്ടുവച്ച നിലപാടിനോടുള്ള അതൃപ്തി യുഡിഎഫിനെ അറിയിച്ചിട്ടുണ്ടെന്ന് റോഷി അഗസ്റ്റിൻ എം എൽ എ. നേതൃത്വം ഗൗരവത്തിൽ വിഷയത്തെ പരിഗണിക്കുമെന്ന് പ്രതീക്ഷയെന്നും മുന്നണി മാറ്റത്തിന്റെ ചർച്ചകൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ഐ.ടി മേഖലയ്ക്ക് അടക്കം കനത്ത തിരിച്ചടി ഉണ്ടാക്കാന്‍ കാരണമാകുന്ന വിസ നിയന്ത്രണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഈ വര്‍ഷം ഒടുവില്‍ വരെ എച്ച്-1ബി വിസയും വിദേശികള്‍ക്ക് നല്‍കുന്ന താത്കാലിക വര്‍ക്ക് വിസയും നിര്‍ത്തിവയ്ക്കാനാണ് ട്രംപ് ഭരണകൂടം തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഇന്ത്യന്‍ ഐ.ടി മേഖലയില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ ജോലി ചെയ്യാന്‍ ഏറ്റവും കൂടുതല്‍ അപേക്ഷിക്കുന്നതാണ് എച്ച്-1ബി വിസ.

എച്ച്-1ബി, എച്ച്-2ബി, എല്‍ വിസകളും ഇന്റേണ്‍, ടെയിനി, അധ്യാപകര്‍, കൗണ്‍സലര്‍ തുടങ്ങിയവര്‍ക്ക് അനുവദിക്കുന്ന ജെ വിസയും ഈ വര്‍ഷം ഡിസംബര്‍ 31 വരെയും നിര്‍ത്തി വയ്ക്കാനാണ് തീരുമാനം.

നിലവിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ വംശജരെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ വിസ നിയന്ത്രണങ്ങള്‍ എന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. ട്രംപിന്റെ തീരുമാനത്തിനെതിരെ ബിസിനസ് സംഘടനകള്‍, നിയമനിര്‍മാതാക്കള്‍, മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവരുടെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാണ്ടാക്കുന്നത് കൂടി മുന്നില്‍ കണ്ടുള്ള നീക്കമാണ് ട്രംപ് നടത്തുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

തിങ്കളാഴ്ച പുറത്തിറക്കിയ പ്രസിഡന്റിന്റെ പ്രഖ്യാപനം അനുസരിച്ച് യുഎസിന് പുറത്ത് ഇഷ്യു ചെയ്യുന്ന ഗ്രീൻ കാർഡുകൾക്ക് ഈ വർഷം അവസാനം വരെ നിരോധനം ഏർപ്പെടുത്തുകയും എച്ച് -1 ബി വിസകൾ ഉൾപ്പെടെ നിരവധി താൽക്കാലിക വർക്ക് വിസകൾ ഫ്രീസ് ചെയ്യുകയും ചെയ്യും. പ്രൊഫഷനലുകളെ ആവശ്യമുള്ള ജോലികളില്‍ വിദേശികള്‍ക്ക് യു.എസ് സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക വിസയാണ് ഇത്. ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ഐ.ടി കമ്പനികള്‍ അടക്കം എച്ച് 1ബി വിസ ഉപയോഗിച്ചാണ് ജോലിക്കാരെ എത്തിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തിനിടയിൽ യുഎസ് പൌരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പു വരുത്താനുള്ള മാർഗമായി ഭരണകൂടം ഈ നീക്കത്തെ കാണുന്നത്. ഈ നിയന്ത്രണങ്ങൾ പ്രകാരം അമേരിക്കക്കാർക്ക് വേണ്ടി 525,000 ജോലികൾ വരെ സ്വതന്ത്രമാകുമെന്ന് കണക്കാക്കുന്നത്.

അതേസമയം, പുതിയ പ്രഖ്യാപനത്തിനെതിരെ ആമസോൺ, ഗൂഗിൾ, ട്വിറ്റർ തുടങ്ങിയ പ്രധാന ടെക് കമ്പനികൾ രംഗത്തുവന്നു. ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നത് അമേരിക്കയുടെ ആഗോള മത്സരശേഷിയെ അപകടത്തിലാക്കുമെന്ന്‌ ആമസോണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. അമേരിക്കയുടെ സാമ്പത്തിക വിജയത്തിന് ഇമിഗ്രേഷൻ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നും, അതാണ് അമേരിക്കയെ സാങ്കേതികവിദ്യയുടെ ആഗോള നേതാവാക്കിയാതെന്നും, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയും പ്രതികരിച്ചു. പുതിയ പ്രഖ്യാപനത്തിൽ നിരാശിതനാണെന്നു പറഞ്ഞ അദ്ദേഹം, കുടിയേറ്റക്കാരോടൊപ്പം നിൽക്കുകയും എല്ലാവർക്കും അവസരം നൽകുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും എന്നും പറഞ്ഞു.

ഈ പ്രഖ്യാപനം അമേരിക്കയുടെ ഏറ്റവും വലിയ സാമ്പത്തിക ആസ്തിയായ ‘അതിന്റെ വൈവിധ്യത്തെ’ ദുർബലപ്പെടുത്തുമെന്ന്‌ ട്വിറ്റർ വൈസ് പ്രസിഡന്റ് ജെസീക്ക ഹെരേര-ഫ്ലാനിഗനും പറഞ്ഞു. നിരോധനം താൽക്കാലികമാണെങ്കിലും, കുടിയേറ്റ തൊഴിലാളിളെയും ഹൈടെക് തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള ദീർഘകാല മാറ്റങ്ങളുടെ ഒരു തുടക്കമായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

പുതിയ തീരുമാനമനുസരിച്ച് എച്ച്-1ബി വിസയില്‍ കുറഞ്ഞ കൂലിക്ക് പുറത്തുനിന്നുള്ളവരെ കൊണ്ടുവരുന്നതിനു പകരം ഉയര്‍ന്ന ശമ്പളത്തിന് വൈദഗ്ധ്യമുള്ള തൊഴിലാളികളെ മാത്രമായിരിക്കും കമ്പനികള്‍ക്ക് അമേരിക്കയില്‍ നിയമിക്കാന്‍ സാധിക്കൂ. അതുപോലെ താത്കാലിക ജോലികളില്‍ കുടിയേറ്റക്കാര്‍ക്ക് പകരം അമേരിക്കന്‍ പൌരന്മാരെ നിയമിക്കുകയും ചെയ്യണം.

അനുവദിക്കുന്ന എച്ച്-1ബി വിസയ്ക്ക് കഴിഞ്ഞ വര്‍ഷം അമേരിക്ക പരിധി ഏര്‍പ്പെടുത്തിയിരുന്നു. “ആകെ ലഭിച്ച 2.25 ലക്ഷം അപേക്ഷകളില്‍ നിന്നാണ് 85,000 പേര്‍ക്ക് വിസ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം വരെ ഇത് നറുക്കെടുപ്പ് മാതൃകയിലാണ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് അവസാനിപ്പിക്കാനും ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിസ നല്‍കാനുമാണ് ട്രംപ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ഇനി തെരഞ്ഞെടുക്കുന്ന 85,000 പേര്‍ ഈ 2.25 ലക്ഷം അപേക്ഷകളിലെ ഏറ്റവും കൂടിയ ശമ്പള ഇനത്തില്‍ ഉള്ളവരായിരിക്കും”, ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഈ മാര്‍ഗം പിന്തുടരുന്നതോടെ ശമ്പള ഇനത്തിലും വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിലുമുള്ള അപേക്ഷകള്‍ വര്‍ധിക്കും. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരിടേണ്ടി വരുന്ന മത്സരവും കുറയും. അമേരിക്കയ്ക്ക് ഏറ്റവും മികച്ച വൈദഗ്ധ്യമുള്ളവരെ മാത്രം ജോലിക്കായി ലഭിക്കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

ചികിത്സ തേടിയെത്തിയ തമിഴ്‌നാട് സ്വദേശി ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നടുവണ്ണൂരില്‍ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് ബാധിച്ചിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് അധികൃതര്‍ ആശുപത്രി അടച്ചത്. ഈറോഡ് സ്വദേശി ഷണ്‍മുഖം ആണ് മരിച്ചത്.

കൊവിഡ് പരിശോധന നടത്തുന്നതിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. നടുവണ്ണൂര്‍-പേരാമ്പ്ര സംസ്ഥാനപാതയില്‍ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 8.45ഓടെയാണ് സംസ്ഥാനപാത വഴി കടന്നുപോവുകയായിരുന്ന തമിഴ്‌നാട് ലോറി ആശുപത്രിക്ക് മുന്നില്‍ പെട്ടെന്ന് നിര്‍ത്തുകയും രക്ഷിക്കണമെന്ന് പറഞ്ഞ് ഡ്രൈവര്‍ ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറുകയായിരുന്നു.

തനിക്ക് നെഞ്ചുവേദനയാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഇസിജി എടുത്തതിനു തൊട്ടുപിന്നാലെയാണ് ഇയാള്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ പെട്ടെന്നുള്ള മരണം ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതേസമയം കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘വാരിയംകുന്നന്‍’. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം പറയുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിന് നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തുകയാണ്.

മലബാര്‍ ലഹള ഹിന്ദു വിരുദ്ധ കലാപം ആണെന്നാണ് ബിജെപി ഉന്നയിക്കുന്ന വാദം. സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണം എന്ന ആവശ്യം ഉയര്‍ത്തി ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ബിജെപി നേതാവ് ഈ ആവശ്യം ഉന്നയിച്ചത്.

ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലീംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാര്‍ കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്. അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകള്‍ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.

മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നതെന്നും കേവലം ബിന്‍ലാദന്റെ പൂര്‍വ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാര്‍ എന്നിവരെന്നും രാധാകൃഷ്ണ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങള്‍ ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ പിന്‍വാങ്ങണമെന്നും അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന്‍ എന്ന് രേഖപ്പെടുത്തുമെന്നും രാധാകൃഷ്ണ മേനോന്‍ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

1921 ല്‍ ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ നടന്ന ഹിന്ദു വേട്ടയെ ഇടതു ചരിത്രകാരന്മാരും മുസ്ലീംപക്ഷ വാദികളും വിളിക്കുന്ന ഓമനപ്പേരാണ് മലബാര്‍ കലാപം എന്നത്. അതു വിപ്ലവമോ സ്വാതന്ത്ര്യസമരമോ ഒന്നുമല്ല, കേവലം ഇസ്ലാമിക ഫാസിസം മാത്രമാണ്.
അതിനെ സ്വാതന്ത്ര്യസമരം ആക്കാനും വെള്ളപൂശാനും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക ഫാസിസ്റ്റുകള്‍ നിരന്തരം ശ്രമിച്ചു വരികയായിരുന്നു.
മലബാറിലെ നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കിയ ആ ക്രൂരകൃത്യത്തെ പൊലിപ്പിച്ചു കാണിക്കുവാന്‍ വേണ്ടിയാണ് അവരുടെ നേതാവ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് നെ വിപ്ലവകാരി ആക്കി അവതരിപ്പിക്കുന്നത്.
കേവലം ബിന്‍ലാദന്റെ പൂര്‍വ്വ രൂപമായ ഒരു ഇസ്ലാമിക ഫാസിസ്റ്റ് മാത്രമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ്, ആലി മുസ്ലിയാര്‍ എന്നിവര്‍.

അവരെ വെള്ളപൂശി അവതരിപ്പിക്കുവാനുള്ള തീവ്രവാദികളുടെ ശ്രമത്തെ ജനങ്ങള്‍ ചെറുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ശ്രമങ്ങളില്‍ നിന്ന് പൃഥ്വിരാജ് സുകുമാരന്‍ പിന്‍വാങ്ങണം. അല്ലെങ്കില്‍ ചരിത്രം നിങ്ങളെ ഒറ്റുകാരന്‍ എന്ന് രേഖപ്പെടുത്തും.
-ബി രാധാകൃഷ്ണമേനോന്‍

RECENT POSTS
Copyright © . All rights reserved