literature

അദ്ധ്യായം- 3
സ്‌കൂളിലെ നോട്ടപ്പുള്ളി

പാലൂത്തറ യു പി സ്‌കൂളിലാണ് അഞ്ചാം ക്ലാസ്സില്‍ ചേര്‍ന്നത്. ചാരുംമൂടിന്റെ പടിഞ്ഞാറുഭാഗത്ത് താമരക്കുളം പഞ്ചായത്തിലാണ് ഈ സ്ഥലം, ഇതിനടുത്തായി പറയംകുളം കാള ചന്തപോലെ ആടുമാടുകളെ വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന സ്ഥലമാണ് പാലൂത്തറ ചന്ത. അഞ്ചാംക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുട്ടിയും കോലും വാസുവിനൊപ്പം കളിച്ചത്. കളിച്ചുകൊണ്ടിരിക്കെ കോലുകൊണ്ടടിച്ച കുട്ടി അടുത്തുനിന്ന വാസുവിന്റെ കണ്ണിന് മുകളില്‍ കൊണ്ട്. നെറ്റിയില്‍ നിന്ന് രക്തം പൊടിച്ചു. മറ്റു കുട്ടികള്‍ ടീച്ചറോട് പറഞ്ഞുകൊടുത്തു. അവര്‍ ഓടിയെത്തി മുറിയില്‍ കൊണ്ടുപോയി തുണികൊണ്ട് രക്തം ഒപ്പിയെടുത്തു. അദ്ധ്യാപകര്‍, പലരും സ്‌കൂളില്‍ വന്നിരുന്നത് സൈക്കിളിലാണ്. ഹെഡ്മാസ്റ്റര്‍ രവീന്ദ്രന്‍ നായര്‍ക്ക് മാത്രമേ ചെറിയൊരു സ്‌കൂട്ടര്‍ ഉണ്ടായിരുന്നുള്ളൂ. രക്തം വരുന്നത്കണ്ട് മാസ്റ്ററുടെ സ്‌കൂട്ടറില്‍ സെന്റ് തോമസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രവീന്ദ്രന്‍സാറിനെ കുട്ടികള്‍ക്ക് ഭയമാണ്. അടിവീരനെന്നാണ് കുട്ടികള്‍ വിളിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ മുറിയില്‍ നീളമുള്ള മൂന്ന് ചൂരല്‍ വടികള്‍ ഒരു മൂലയ്ക്ക് കുത്തി നിര്‍ത്തിയിരിക്കും. ആശുപത്രിയില്‍ നിന്ന് വരുന്നതിന് മുമ്പേ സ്‌കൂളില്‍ നിന്ന് രക്ഷപ്പെടാന്‍ തീരുമാനിച്ചു. തെക്കുഭാഗത്തുള്ള പാടത്തേക്ക് നടന്നു.

പാലൂത്തറ സ്‌കൂള്‍ സ്ഥലത്തേ ജന്മിയായ കൊച്ചുപിള്ളയുടേതാണ്. കാരൂര്‍കാരുമായി നല്ല ബന്ധമാണുള്ളത്. പൂര്‍വ്വികര്‍ കീരിക്കാട്ടുകാരാണെങ്കിലും കാരൂര്‍ക്കാരുമായി ഒന്നിച്ച് ഉപ്പു കച്ചവടം നടത്തിയിട്ടുണ്ട്. അവര്‍ക്ക് ധാരാളം വസ്തുക്കളും പാടശേഖരങ്ങളുമുണ്ട്. ഈ പാടത്ത് ധാരാളമായി പാടങ്ങള്‍ കാരൂര്‍ക്കാര്‍ക്കുമുണ്ടായിരുന്നു. അതൊക്കെ കേസു നടത്താനായി വിറ്റു. സ്‌കൂളിന്റെ തെക്കുഭാഗത്ത് കരിമ്പിന്‍തോട്ടമുണ്ട്. പാലക്കക്കാരും ചുനക്കര മുസ്ലീങ്ങളുമായി പാടത്ത് തര്‍ക്കങ്ങളും വഴക്കുമുണ്ടായിരുന്നു. കാരൂര്‍ കൊച്ചുകുഞ്ഞ് പാലയ്ക്കകാര്‍ക്ക് ഒപ്പം ചേര്‍ന്ന് മുസ്ലീങ്ങളെ എതിര്‍ത്തു. അതിനായി മരുമകന്‍ കളരിയാശാനെയും കറ്റാനം മാമ്പു- കുളങ്ങരയില്‍ നിന്ന് ഇറക്കിയിട്ടുണ്ട്. റിട്ടയേര്‍ഡ് പോലീസ് ഇന്‍സ്‌പെക്ടര്‍ തങ്കച്ചന്റെ അച്ഛനാണ് കളരിയാശാന്‍. കൊച്ചുകുഞ്ഞ് എതിര്‍ഭാഗത്തുള്ളതുകൊണ്ട് പലപ്പോഴും അവര്‍ വഴക്കില്‍ നിന്ന് ഒഴിവായി പോകുമായിരുന്നു. എല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോയ ഉസ്മാനും കൂട്ടരും ഒടുവില്‍ ഏറ്റുമുട്ടാന്‍ തന്നെ തീരുമാനിച്ചു. ഒരു ദിവസം പാടവരമ്പത്ത് അടി നടന്നു. മറ്റുള്ളവര്‍ക്ക് നേതൃത്വം കൊടുത്ത ഉസ്മാനെ ചെളിയും വെള്ളവും ചേര്‍ന്ന് കരിമ്പാറപോലെ കിടന്ന വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. അവിടേക്ക് ചെല്ലാന്‍ മറ്റുള്ളവര്‍ക്ക് ഭയമായിരുന്നു.

രൗദ്രഭാവം പൂണ്ടു കിടക്കുന്ന ആ കയത്തില്‍ ധാരാളം മൃഗങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ട്. കൊന്നൊടുക്കുന്ന ആടുമാടുകളുടെ രക്തം പുരണ്ട അവശിഷ്ടങ്ങളും അതിലാണ് ഇടുന്നത്. ആ കയത്തിന്റെ പ്രത്യേകത അതില്‍ വീണാല്‍ രക്ഷപ്പെടാന്‍ സാധ്യമല്ല. കൊച്ചുകുഞ്ഞ് ആ കയത്തിന്റെ മുന്നില്‍ നിന്നതിന്റെ ഉദ്ദേശ്യം മറ്റുള്ളവര്‍ക്ക് ബോധ്യമായത് അപ്പോഴാണ്. കയത്തില്‍ വീണ ഉസ്മാന്‍ ഭയന്നുവിറച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചു. കൂടെ വന്നവര്‍ക്ക് അങ്ങോട്ടു വരാന്‍ ഭയമായിരുന്നു. ഉസ്മാനെ ഒരു തെങ്ങോല ഇട്ടുകൊടുത്ത് അതില്‍ പിടിച്ചു കയറ്റിയാണ് രക്ഷപെടുത്തിയത്. കറുത്ത ചേറുകൊണ്ട് ദേഹം പൊതിഞ്ഞിരുന്ന ഉസ്മാനോട് പറഞ്ഞു ”നീ മൃഗങ്ങളുടെ ചോര മാത്രമേ കണ്ടിട്ടുള്ളൂ. ഞാന്‍ മനുഷ്യന്റെ ചോര കണ്ടു വളര്‍ന്നവനാണ്. ഇവിടെ കയ്യൂക്കുമായി വന്നേക്കരുത്” ആ കയത്തിന് മുന്നില്‍ നിന്നപ്പോള്‍ നാട്ടുകാര്‍ പറഞ്ഞറിഞ്ഞ കാര്യം ഓര്‍ത്തു.

ഇനിയും എങ്ങോട്ടു പോകും?. വീട്ടില്‍ ചെന്നാല്‍ ചോദ്യം വരും. സ്‌കൂളില്‍ ചെന്നാല്‍ അടി ഉറപ്പാണ്. ഞാന്‍ അറിഞ്ഞുകൊണ്ട് ചെയ്തതല്ല. പാടത്ത് ഇളംകാറ്റ് വീശിക്കൊണ്ടിരുന്നു. പാടത്തിന്റെ പലഭാഗങ്ങളിലും ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. മനസ്സിന് വല്ലാത്ത വിഷമം തോന്നി. ഭയവും ഭീതിയും ഉള്ളിലൊതുക്കി വടക്കു വശത്തുള്ള പാടവരമ്പിലൂടെ നടന്ന് പാലയ്ക്കലെ കരിമ്പില്‍ തോട്ടത്തില്‍ കയറി ഒളിച്ചു. കണ്ണ് എല്ലായിടത്തും പരതി. ആരെങ്കിലും തേടി വരുമോ എന്ന ഭയമായിരുന്നു. കരിമ്പിന്‍ തോട്ടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നത് ആര്‍ക്കും കണ്ടുപിടിക്കാന്‍ സാധ്യമല്ല. മണിക്കൂറുകള്‍ കടന്നുപോയി. ഉച്ചയായപ്പോള്‍ നല്ല വിശപ്പ് അനുഭവപ്പെട്ടു. കരിമ്പിന്‍ കമ്പുകള്‍ ഒടിച്ചുതിന്ന് വിശപ്പകറ്റി. തെങ്ങിന്‍ ചുവട്ടിലിരുന്ന് മയങ്ങിപ്പോയി. വീട്ടിലേക്ക് മടങ്ങിപ്പോകുന്ന കുട്ടികളുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. എഴുന്നേറ്റ് കുളക്കരയിലൂടെ നടന്നു. ഈ കുളത്തില്‍ പലവട്ടം നീന്തി കുളിച്ചിട്ടുണ്ട്.

വീട്ടിലെത്തി എന്നത്തേയുംപോലെ ജോലികളിലേര്‍പ്പെട്ടു. ജോലികള്‍ക്കിടയിലും വാസുവിന്റെ ഓര്‍മ്മ കടന്നുവന്നു. അവന്റെ കണ്ണിനെന്തെങ്കിലും കുഴപ്പമുണ്ടോ? അവന് സ്‌കൂളില്‍ പോകാന്‍ പറ്റുമോ?. കാളകള്‍ക്കു പുളിയരി കൊടുക്കുന്നതില്‍ മാധവന്‍ ചേട്ടനും എന്നെ സഹായിച്ചു. വലിയ ചരിവത്തിലുള്ള കാടി ഒറ്റയ്ക്ക് എടുക്കാന്‍ പറ്റുന്നില്ല. ഞങ്ങള്‍ രണ്ടുപേരും രണ്ടറ്റം പിടിച്ചാണ് ഓരോ കാളയുടെ മുന്നില്‍ എത്തിക്കുന്നത്. കിഴക്കേ തൊഴുത്തിനടുത്തുള്ള മുറിയിലാണ് മാധവന്‍ ചേട്ടന്‍ ഉറങ്ങുന്നത്. മാധവന്‍ ചേട്ടന്റെ അച്ഛന്‍ രാമന്‍കുട്ടിയും വല്യച്ഛന്റെ കാലത്ത് കാളവണ്ടി ഓടിച്ചിരുന്നു. ചെറുപ്പത്തില്‍ അച്ഛനൊപ്പം ഇവിടെ വന്നിട്ടുണ്ടെന്ന് മാധവന്‍ ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. ആ ബന്ധം തുടരുന്നതു കാരണം കിഴക്കേക്കരയിലുള്ള നമ്പൂതിരി മേലാളന്മാര്‍ രാമന് പാട്ടത്തിന് കൊടുത്ത വസ്തുവിലെ ചെറിയ കുടിലില്‍ നിന്ന് തല്ലുകൊടുത്ത് ഇറക്കിവിട്ടു. മാത്രവുമല്ല അവര്‍ വളര്‍ത്തിയ കൃഷിയെല്ലാം നശിപ്പിച്ചു.
വര്‍ഷങ്ങളായി തറവാടിനുവേണ്ടി എല്ലുമുറിയെ പണിയെടുത്ത പാട്ടഭൂമി മനയ്ക്കുള്ള പണം അടച്ച് തീര്‍ത്തിരുന്നു. അതൊന്നും അവിടുത്തെ വലിയ തിരുമേനി ചെവിക്കൊണ്ടില്ല.

അഭയം തേടിയെത്തിയത് കൊച്ചുകുഞ്ഞിന്റെ അടുത്താണ്. അപ്പനെപ്പോലെ കാരൂര്‍ ചട്ടമ്പിയെന്ന് പേരെടുത്ത കാരൂര്‍ മത്തായിയെയാണ് ആ കാര്യം ഏല്പിച്ചത്. രാമനൊപ്പം തിരുമേനിയുടെ മനയ്ക്കലെത്തിയ മത്തായി രാമനെ തല്ലിയവരെ ആ മുറ്റത്തിട്ട് തല്ലി. ഇനിയും രാമനെ തൊട്ടാല്‍ നിന്നെയെല്ലാം വെട്ടി നുറുക്കുമെന്ന് വെല്ലുവിളിച്ചിട്ട് രാമനെ ഇറക്കി വിട്ട കുടിലില്‍ താമസമാക്കി. ആ അനുഭവമാണ് അവരെ ഈ കുടുംബവുമായി ബന്ധിപ്പിച്ചത്. കാരൂര്‍ കൊച്ചുകുഞ്ഞിന് പത്തോളം കേസുകള്‍ കോടതിയിലുണ്ടായിരുന്നുവെങ്കില്‍ മകന്‍ മത്തായിക്ക് മുപ്പതോളം കേസുകളുണ്ടായിരുന്നു. ഓരോ വസ്തുക്കളും വില്ക്കുന്ന പണം കൊണ്ടു വക്കീലന്മാര്‍ തടിച്ചുവീര്‍ത്തു.

അന്ന് രാത്രിയില്‍ ചാരുംമൂട്ടില്‍ നിന്നെത്തിയ അച്ഛന്‍ വടക്കേ അടുപ്പിനടുത്ത് ചമ്രം പടഞ്ഞിരുന്ന എന്നെ അകത്തേക്ക് വിളിച്ചു. വരാന്തയില്‍ കരുതിയിട്ടുള്ള ഒരു മുഴുത്ത വടിയെടുത്തിട്ട് ചോദിച്ചു ”എന്നാടാ പോത്തേ ഇന്ന് സ്‌കൂളില്‍ നടന്നേ?” ഞാന്‍ ഭയന്നു വിറച്ചു. അച്ഛന്റെ കാതില്‍ എത്തുമെന്ന് കരുതിയതല്ല. ധരിച്ചിരുന്ന വെള്ളമുണ്ടും വെളുത്ത കൂര്‍ത്തപോലും മാറാതെയുള്ള ചോദ്യമാണ്. വീട്ടിലുള്ളവര്‍ എന്തെന്നറിയാതെ കൗതുകത്തോടെ നോക്കി. ഉച്ചത്തിലുള്ള അച്ഛന്റെ ചോദ്യമുയര്‍ന്നു. വാസുവിന്റെ അച്ഛന്‍ എന്നോട് എല്ലാം പറഞ്ഞു. നിന്റെ തൊലി ഞാനിവിടെ ഉരിച്ചു വയ്ക്കും. നീ അറിഞ്ഞുകൊണ്ടല്ലേടാ അത് ചെയ്തത്? സത്യം പറഞ്ഞോ. ഇല്ല ഞാനറിഞ്ഞുകൊണ്ടല്ല.
അച്ഛന്റെ ദേഷ്യം ഇരട്ടിച്ചു. കള്ളം പറയുന്നോടാ എന്നട്ടഹസിച്ച് പുറത്തും കാലിലും നെഞ്ചിലും പൊതിരെ തല്ലി. ബഹളം കേട്ട് മാധവന്‍ ഓടിവന്ന് തടഞ്ഞു. ആ തക്കം നോക്കി ഞാനിറങ്ങിയോടി. പള്ളിമുറ്റത്തേക്കാണ് ഓടിയത്. ചിമ്മിനി വിളക്കെന്ന റാന്തലുമായി അച്ഛന്‍ പിറകെ വരുന്നുണ്ടോയെന്ന് പടിഞ്ഞാറോട്ട് നോക്കി. അടി കൊണ്ട ഭാഗങ്ങള്‍ തടിച്ചിരുന്നു. നല്ല നീറ്റല്‍. കിഴക്കോട്ടോടിയപ്പോള്‍ ഞാന്‍ പള്ളിമുറ്റത്ത് കാണുമെന്ന് അച്ഛനറിയാം. രക്ഷപ്പെടാനായി ശവക്കല്ലറയുടെ മറവില്‍ ചാരിയിരുന്നു. രക്തം കാലില്‍ നിന്ന് പൊടിയുന്നത് കൈവെള്ളയിലറിഞ്ഞു. നല്ല ദാഹവും വിശപ്പുമുണ്ട്. റോഡില്‍ കിടക്കുന്ന കാളവണ്ടിയില്‍പോലും പോയിക്കിടന്ന് ഉറങ്ങാന്‍ പറ്റില്ല.

ശവക്കോട്ടയുടെ പടിഞ്ഞാറുഭാഗത്ത് പള്ളിയുടെ അതിരില്‍ പറങ്കിമാവുണ്ട്. വവ്വാലുകള്‍ ചിറകിട്ടടിക്കുന്ന ശബ്ദം. എഴുന്നേറ്റ് പറങ്കിമാവിലേക്ക് കയറി. ഏതാനും കമ്പുകള്‍ കയറിയിറങ്ങിയപ്പോള്‍ ഒരെണ്ണം കിട്ടി. അതു തിന്നു. ഉച്ചയ്ക്കും ഭക്ഷണം കഴിച്ചതല്ല. വൈകിട്ട് വന്നപ്പോള്‍ അമ്മ ചായ തന്നിരുന്നു. കഴിക്കാനൊന്നും തന്നില്ല. ഒന്നും ചോദിച്ചു വാങ്ങി കഴിക്കാറില്ല. എന്തെങ്കിലും തന്നാല്‍ കഴിക്കും. എത്രയോ പ്രാവശ്യം വിശപ്പ് എന്നെ തളര്‍ത്തിയിട്ടുണ്ട്. അറിയാതെ മയങ്ങിപ്പോയി. നേരം പുലര്‍ന്നതോടെ തെല്ലൊരു ഭയത്തോടെ വീട്ടിലേക്ക് ചെന്നു ജോലികളില്‍ ഏര്‍പ്പെട്ടു.
വീട്ടില്‍ ചെല്ലുന്ന സമയം അച്ഛന്‍ ചായക്കടയില്‍ പോയിരുന്നു. അടുക്കള കതക് തുറന്നു കിടക്കുന്നത് കണ്ടിട്ട് അകത്തേക്ക് ചെന്നു. അമ്മ ദയനീയമായി മുഖത്തേക്ക് നോക്കി എടാ നീ ജനിച്ചത് തല്ലുകൊണ്ട് ചാകാനാണോ? എന്തിനാടാ പിള്ളേരെ ഉപദ്രവിച്ചെ? സ്‌കൂളില്‍ നടന്ന കാര്യം ഞാന്‍ അമ്മയോട് വിസ്തരിച്ചു പറഞ്ഞു. അമ്മ കട്ടന്‍ കാപ്പി ഒഴിച്ചുതന്നു. നീ ആ കോടാലിയെടുത്ത് ആ പറങ്കിമാവ് വിറകാക്ക്. തൊഴുത്തിന്റെ അടുത്തുചെന്ന് കോടാലിയെടുത്തു. അവിടെയാണ് പണിയായുധങ്ങളെല്ലാം സൂക്ഷിക്കുന്നത്. കടയില്‍ നിന്ന് വന്ന അച്ഛന്‍ കണ്ടത് മകന്‍ മരം വിറകാക്കുന്ന കാഴ്ചയാണ്. വിശ്വസിക്കാനാകാതെ നോക്കി കുറെ നേരം നിന്നു. അടുക്കളയില്‍ ചെന്നിട്ട് അമ്മയോടു പറഞ്ഞു. അവന് ഈ വീട്ടില്‍ നിന്ന് പച്ചവെള്ളം കൊടുത്തുപോകരുത്. അമ്മ അവന്റെ നിരപരാധിത്വം പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ തയ്യാറായില്ല. അച്ഛന്‍ ദേഷ്യത്തില്‍ പറഞ്ഞു. നിന്റെ മോന്‍ കാരണം ഇന്നലെ എന്റെ കയ്യില്‍ നിന്ന് പോയത് മൂന്നണയാ അറിയാമോ? ആശുപത്രി ചിലവുകള്‍ക്ക് ആയിട്ട്. മൂന്നണ നഷ്ടപ്പെട്ടതിന്റെ ദേഷ്യമാണെന്ന് അപ്പോഴാണ് അമ്മയ്ക്കും മനസ്സിലായത്. തൊടുന്നതിനും പിടിക്കുന്നതിനും ചെറുക്കനെ പട്ടിണിക്കിട്ട് കൊല്ലുന്നത് ശരിയല്ലെന്ന് പറഞ്ഞിട്ട് അമ്മ മടങ്ങിപ്പോയി.

അച്ഛന്റെ ശബ്ദം കേട്ട് ഓടിയൊളിച്ചു. മാടാനപ്പൊയ്കയ്ക്കാണ് ഓടിയത്. കുറച്ചുനേരം അവിടെ ചിലവഴിക്കും പിന്നെ തിരിച്ച് വീട്ടിലേക്ക് ചെന്നു. തൊഴുത്ത് വൃത്തിയാക്കി കുളിക്കാനായി പോയി. മാധവന്‍ ചേട്ടനും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വീട്ടിലെയും കടയിലെയും പണി മുഴുവന്‍ ചെയ്യണം എന്നിട്ട് അതിനെ തല്ലിക്കൊല്ലുന്നത് എത്രനാളാ ഇങ്ങനെ കാണുന്നത്. മാധവന്‍ചേട്ടന്‍ ദുഃഖമടക്കി. എടാ സോമാ, നീ അടി വാങ്ങുന്ന കാര്യമൊന്നും ചെയ്യരുത്. അച്ഛന്റെ സ്വഭാവം അറിയാമല്ലോ. എല്ലാം മൂളിക്കേട്ടിട്ട് വെള്ളം കോരി വയ്ക്കാനായി പോയി. പിന്നീട് സ്‌കൂളില്‍ പോകാന്‍ തയ്യാറായി വന്നു. അച്ഛന്‍ പറമ്പത്ത് പണിക്കാരുമായി പോകാനൊരുങ്ങുന്നു. അവര്‍ക്കൊപ്പം പോകുമോ? അറിയില്ല. അച്ഛന്റെ കണ്ണില്‍പ്പെടാതെ ജനാലയിലൂടെ നോക്കി. പൊന്നമ്മയും കുഞ്ഞുമോനും ആവി പറക്കുന്ന പുട്ടും പഴവും കഴിക്കുന്നുണ്ട്. അകത്തേക്ക് ചെന്നാല്‍ അച്ഛന്‍ കാണും. പച്ച വെള്ളം കൊടുത്തുപോകരുതെന്ന് അമ്മയോട് അച്ഛന്‍ പറഞ്ഞു കാണും. വീട്ടിലെ വെറുക്കപ്പെട്ടവന്‍.

വയറ് വിശപ്പറിയിക്കുന്നുണ്ട്. അമ്മയെ പ്രതീക്ഷയോടെ നോക്കി. അച്ഛന്‍ വീട്ടിലുള്ളപ്പോള്‍ അത് നടക്കില്ല. നീ ഇങ്ങ് അകത്തേക്ക് വാ, അകത്തേ മുറിയില്‍ വിളിച്ചിരുത്തി ഭര്‍ത്താവിനെ നോക്കിയിട്ട് പുട്ടും കറിയും തന്നു. വേഗം തിന്നിട്ട് പൊക്കോ. അമ്മയുടെ മുഖത്ത് ഭയമുണ്ട്. തിന്നുകൊണ്ടിരിക്കെ അച്ഛന്‍ മുന്നിലെത്തി. ”എന്താടി എന്റെ വാക്കിന് യാതൊരു വിലയുമില്ലേ. നീയാണോ ഈ കുടുംബം പോറ്റുന്നത് അതോ ഞാനോ. പാത്രം താഴെ വച്ചിട്ട് ഞാനോടി. അത് അമ്മയുടെ മനസ്സിനെ ചൂടു പിടിപ്പിച്ചു. അവന്‍ സ്‌കൂളിലേക്ക് വിശന്ന് പോണോ. പറഞ്ഞുതീരുംമുമ്പേ അമ്മയുടെ കരണത്ത് അടി വീണു. തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷ കിട്ടും. ഞാന്‍ പറയുന്നതിനപ്പുറം ഒന്നും ചെയ്യുന്നത് എനിക്കിഷ്ടമില്ലെന്ന് അറിഞ്ഞുകൂടെ. അകത്തേ മുറിയില്‍ കഴിച്ചുകൊണ്ടിരുന്ന മക്കള്‍ തലയുയര്‍ത്തി നോക്കി. അമ്മ മിഴിച്ചുനോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. എന്തോ ഒക്ക പറഞ്ഞുകൊണ്ട് മുറിയില്‍ നിന്നിറങ്ങിപ്പോയി. ഞാന്‍ സ്‌കൂളിലേക്ക് യാത്രയായി.

അമ്മയ്ക്ക് ഞാന്‍ മൂലം എത്രയോ തവണ അടി കിട്ടിയിട്ടുണ്ട്. കണ്ണുകള്‍ നനഞ്ഞു. അവന്‍ ഒരു തീരുമാനമെടുത്തു. ഇല്ലമ്മേ, ഇനി മേലില്‍ അമ്മ എനിക്കായി അടി വാങ്ങില്ല. കുട്ടികള്‍ വഴിയിലൂടെ പോകുന്നു. എനിക്ക് മുന്നില്‍ അമ്മിണിയും നടക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപ്പോള്‍ എന്റെ മനസിലെ വിഷമം മാറി. അമ്മിണി സുന്ദരിയും പഠിക്കാന്‍ മിടുക്കിയുമാണ്. വീട്ടിലെ റോസാപ്പൂവ് ഞാനവള്‍ക്ക് പറിച്ച് കൊടുക്കാറുണ്ട്. എന്നെപ്പോലെ പൂവുകളോട് അവള്‍ക്കും വലിയ ഇഷ്ടമാണ്. ഞങ്ങള്‍ ഒന്നിച്ചാണ് ഒന്നില്‍ ചേര്‍ന്നത്. രണ്ടു വര്‍ഷം തോറ്റതുകൊണ്ട് ഞാനിപ്പോഴും അഞ്ചില്‍ തന്നെ കിടക്കുകയാണ്. അവളിപ്പോള്‍ ഏഴിലാണ്. അവളെ തൊട്ടു തൊട്ടില്ലാന്ന മട്ടില്‍ ഞാന്‍ നടന്നു. അവള്‍ സ്‌കൂളിലെ കാര്യം ചോദിച്ചു. അപ്പോഴാണ് അത് സ്‌കൂളിലെല്ലാം പാട്ടായെന്ന വിവരം അറിഞ്ഞത്. വേദനിക്കുന്ന എന്റെ മനസ്സിന് അമ്മിണി ഒരാശ്വാസമായിരുന്നു. അവള്‍ പറഞ്ഞു, ഞാനൊരു കാര്യം പറഞ്ഞാല്‍ എന്നോട് വഴക്കിന് വരുമോ? ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു. എന്താ അമ്മിണി? ഇയാള്‍ക്ക് ചാണകത്തിന്റെ മണം ഉണ്ട് സോപ്പിട്ട് കുളിച്ചാല്‍ മതി മാറും. നിരാശയോടെ നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല. തുണി കഴുകുന്ന ബാര്‍ സോപ്പിട്ട് നാളെ മുതല്‍ കുളിക്കണമെന്ന് മനസ് പറഞ്ഞു.

ക്ലാസില്‍ എല്ലാവരും എത്തിയിട്ടില്ല. വാസുവിനെ കണ്ടു. അവന്റെ പുരികം മരുന്നുവച്ച് കെട്ടിയിരിക്കുന്നു. അവനോട് കുറ്റസമ്മതം നടത്തി. ”വാസു നിനക്ക് എന്നോട് പിണക്കമാണോ?” ഇല്ലന്നവന്‍ മറുപടി പറഞ്ഞു. അച്ഛന്‍ ഇന്നലെ എന്നെ ഒരുപാട് തല്ലി. നിന്റെ അച്ഛനോട് ആരു പറഞ്ഞു”
”നിന്റെ അച്ഛനാ അതു പറഞ്ഞത്. മൂന്നണ കൊടുത്തെന്ന് എന്റെ അമ്മ പറഞ്ഞു. ആശുപത്രിയില്‍ മൂന്നണ രവിസാര്‍ കൊടുത്തു. ഞാന്‍ ഇന്നലെ ക്ലാസില്‍ വന്നില്ല. എന്റെ അച്ഛനെ സാറു വിളിപ്പിച്ചു. മൂന്നണ കൊണ്ടുവരണമെന്ന് പറഞ്ഞു. ഞാനും സാറിനോട് പറഞ്ഞത് കളിച്ചപ്പം കൊണ്ടതാണെന്നാ. അപ്പോള്‍ സ്‌കൂള്‍ ബല്ലടിച്ചു. കുട്ടികള്‍ എല്ലാം കെട്ടിടത്തിന് മുന്നിലെ ഗ്രൗണ്ടില്‍ നിരനിരയായി നിന്നു. എല്ലാവരും എന്നെത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്‌കൂള്‍ പ്രാര്‍ത്ഥന ആരംഭിച്ചു. എന്റെ ഭയം മാറിയില്ല. ഹെഡ്മാസ്റ്റര്‍ വിളിപ്പിക്കുമോ? ഒന്നും സംഭവിച്ചില്ല.

ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ വീട്ടിലേക്ക് പോയില്ല. അച്ഛന്‍ കണ്ടാല്‍ തല്ലിക്കൊല്ലും. പാലയ്ക്കലെ കരിമ്പിന്‍ തോട്ടത്തില്‍ കയറി കരിമ്പൊടിച്ചു. അതു കഴിച്ചുകൊണ്ടിരിക്കെ വരമ്പിലൂടെ കൊച്ചുപിള്ള സാര്‍ വരുന്നതുകണ്ട് കിഴക്കോട്ടോടി. കല്ലേമുട്ടി സാറിന്റെ തെങ്ങിന്‍പുരയിടത്തിലൂടെ വയലിലേക്കോടി. പാടത്തിന്റെ തെക്കുഭാഗത്തായി പാലയ്ക്കലെ വലിയൊരു ചാലുണ്ട്. കുളത്തേക്കാള്‍ വലുത്. അതില്‍ നിറയെ മീനുകളുണ്ട്. പല അവധി ദിവസങ്ങളിലും മീന്‍ പിടിക്കാനായി അവിടെ പോയിട്ടുണ്ട്. ആ ചാലില്‍ ഇറങ്ങി വസ്ത്രങ്ങള്‍ അഴിച്ചുവച്ച് നീന്താന്‍ തുടങ്ങി. തണുത്ത കാറ്റുപോലെ വെള്ളത്തിനും നല്ല തണുപ്പ്. ഓളങ്ങള്‍ ഹൃദയത്തെ തഴുകുന്നതുപോലെ തോന്നി.

 

അദ്ധ്യായം 2
ബാല്യകാലസ്മരണകള്‍

കാരൂര്‍ കൊച്ചുകുഞ്ഞിന് പത്ത് മക്കളായിരുന്നു. അഞ്ച് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളും. അതില്‍ നാലാമനാണ് എന്റെ അച്ഛന്‍ ശമുവേല്‍. കറുത്തനിറം. കഠിനാദ്ധ്വാനിയും അവിടുത്തെ പ്രമുഖ കര്‍ഷകനും കോപിഷ്ഠനുമാണ്. അമ്മ, കടമ്പനാട് ഭൂതക്കുഴിക്കടുത്തുള്ള തെങ്ങുംപിള്ളില്‍ വര്‍ഗ്ഗീസ് വാധ്യാരുടെ മകള്‍ റേച്ചലിന് നല്ല വെളുത്ത നിറവും കാണാന്‍ സുന്ദരിയും സ്‌നേഹസമ്പന്നയും ഈശ്വരഭയമുള്ളവളുമായിരുന്നു. സന്ധ്യയായിക്കഴിഞ്ഞാല്‍ തെക്കേ അറ്റത്തെ മുറി തൂത്തുവാരിയിട്ട് വെള്ളം തളിച്ച് ഹിന്ദുകുടുംബങ്ങളിലേതുപോലെ വിളക്കു കത്തിച്ച് പ്രാര്‍ത്ഥിക്കും. അമ്മയ്ക്ക് അച്ഛനെ ഭയമായിരുന്നു. മിക്ക ദിവസങ്ങളിലും വീട്ടില്‍ ജോലിക്കാര്‍ കാണും. അവര്‍ക്ക് പത്ത് മണിക്ക് കഞ്ഞി, ഉച്ച ഭക്ഷണം, വൈകിട്ട് കാപ്പി, വീട്ടിലുള്ളവര്‍ക്ക് ഭക്ഷണം, സ്ത്രീകളടക്കമുള്ള പണിക്കാര്‍ക്ക് ഭക്ഷണം ഇതെല്ലാം അമ്മയുടെ ചുമലിലായിരുന്നു. സമയത്ത് ഭക്ഷണം കൊടുത്തില്ലെങ്കില്‍ അച്ഛന്റെ സ്വഭാവം മാറും. ദേഷ്യം മൂത്താല്‍ അടിയും കൊടുക്കും. ഇതിനിടയില്‍ കുട്ടികള്‍ക്ക് ഉച്ചയ്ക്കുള്ള പൊതിയും കൊടുത്തു വിടണം.

എനിക്ക് ഒന്നാം ക്ലാസുമുതല്‍ ചുമതലയുണ്ടായിരുന്നു. അന്നത്തെ പ്രധാന ജോലി പശുക്കള്‍ക്ക് പുല്ലുപറിക്കലായിരുന്നു. ചാരുംമൂട് സെന്റ് മേരീസ് എല്‍ പി സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. സ്‌കൂളില്‍ കളിക്കാന്‍ ലഭിക്കുന്ന സമയം വളരെ സന്തോഷമായിരുന്നു. സ്‌കൂളില്‍ കഞ്ഞിയും പയറും കഴിക്കാന്‍ കിട്ടുമായിരുന്നു. രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്റെ മുന്നിലെ ബഞ്ചില്‍ ഇരുന്ന ഒരു പെണ്‍കുട്ടി ധരിച്ചിരുന്ന ഉടുപ്പിന്റെ പിറകിലെ കെട്ട് ഞാനഴിച്ചത്. അവള്‍ മുന്നിലേക്ക് നോക്കിയിരുന്നതിനാല്‍ പിറകിലിരിക്കുന്ന എനിക്ക് അതഴിക്കാന്‍ എളുപ്പമായിരുന്നു. അവളറിയാതെ അഴിച്ചതാണെങ്കിലും ടീച്ചര്‍ അതുകണ്ട് ശിക്ഷയായി എന്നെ ബഞ്ചില്‍ നിര്‍ത്തി. ആ ടീച്ചര്‍ പോകുന്നവരെ ഞാന്‍ നിന്നു. മറ്റു കുട്ടികള്‍ എന്നെ നോക്കി ചിരിച്ചു. കൂടുതല്‍ കളിയാക്കിയവര്‍ക്കു പുറത്തിറങ്ങിയപ്പോള്‍ ഇടി കൊടുത്തു. ചിലര്‍ ഇടി കൊള്ളുമെന്ന് വിചാരിച്ച് ക്ലാസ്സില്‍ ഓടിക്കയറി.

1955-1975 കാലയളവ് നാട്ടിലെങ്ങും ദാരിദ്ര്യവും പട്ടിണിയുമായിരുന്നു. കൃഷിഭൂമി അധികമില്ലാത്തവര്‍ക്ക് ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. ആ ദാരിദ്ര്യം ഞാന്‍ നേരില്‍ കാണുന്നത് വീട്ടില്‍ കപ്പ പറിക്കുന്ന ദിവസങ്ങളില്‍ ആയിരുന്നു കുട്ടികളും പ്രായമായവരും വഴിയില്‍ വന്ന് വില്പനയ്ക്ക് കൊള്ളാത്ത ചെറിയ കപ്പകള്‍ക്കായി കുട്ടയുമായി കാത്തു നിന്നിരുന്നു. റോഡില്‍ രണ്ടുമൂന്ന് കാളവണ്ടികള്‍ നിരന്നു നില്ക്കും. കാളകളെ അടുത്തുള്ള പുരയിടത്തില്‍ പുല്ലുതിന്നാനായി കെട്ടിയിടും. കപ്പ പിഴുതവര്‍ കാളവണ്ടിയില്‍ ചുമന്നിടും. കാളവണ്ടികള്‍ പോയിക്കഴിയുമ്പോള്‍ കപ്പയ്ക്ക് വന്നവര്‍ നിരയായി നില്ക്കും. അച്ഛനും മറ്റും അവരുടെ കുട്ട നിറയെ വലിയ കുട്ടയെങ്കില്‍ കുറച്ചും ചാക്കിലുമൊക്കെയായി പൊടിക്കപ്പകള്‍ കൊടുത്തുവിടും. ജോലി കൂടുതലുള്ള ദിവസങ്ങളില്‍ സ്‌കൂളില്‍ പോകാന്‍ അനുവാദമില്ല. കപ്പ പിഴുന്ന ദിവസം എന്റെ പ്രധാന ജോലി കപ്പക്കമ്പുകള്‍ പെറുക്കിയെടുത്ത് ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ കൂട്ടി വയ്ക്കുകയാണ്. എന്റെ ഒപ്പം മാധവനുമുണ്ട്. മാധവന്റെ അച്ഛനും ഇവിടുത്തെ ജോലിക്കാരനായിരുന്നു. മാധവന് എല്ലാ ദിവസവും വീട്ടില്‍ ജോലിയുണ്ട്. മാധവന്റെ അമ്മ തെക്കേതില്‍ പാര്‍വ്വതി ഭക്ഷണം തയ്യാറാക്കുന്നതിനു മിക്കദിവസവും വീട്ടിലുണ്ട്. വേവിക്കാന്‍ ചക്കച്ചുള പിഴുതെടുക്കുന്നതില്‍ ഞാനും സഹായിക്കാറുണ്ട്. വീടിന്റെ അകവും പുറവും ചാണകംകൊണ്ട് മെഴുകിയതാണ്. വീട് വെട്ടുകല്ലു കെട്ടിയതും.

എനിക്ക് പ്രായം കൂടുന്തോറും പണിയും കൂടി. പശു, കാള, ആട് എന്നിവയ്ക്ക് ഭക്ഷണമൊരുക്കണം. അതിനായി പുല്ല് പറിക്കണം. അല്ലെങ്കില്‍ ചെത്തിക്കൊടുക്കണം. ആടുകളെ മാടാനപൊയ്കയില്‍ കൊണ്ടുപോയി തീറ്റണം. പ്ലാവിലകള്‍ വെട്ടി കൊടുക്കണം. ചെറിയ തെങ്ങിനും, കപ്പയ്ക്കും വെള്ളമൊഴിക്കണം. ആ വെള്ളം തലയില്‍ വച്ച് കുടത്തില്‍ ചുമന്ന് കൊണ്ടുവരുന്നത് ദൂരെയുള്ള കിണറുകളില്‍ നിന്നാണ്. വീട്ടില്‍ കിണര്‍ ഉണ്ടെങ്കിലും മഴക്കാലത്തു മാത്രമേ വെള്ളം കാണാറുള്ളൂ. രാവിലെ എഴുന്നേറ്റാല്‍ തൊഴുത്തിലുള്ള കാള, പശു, ആടുകളുടെ ചാണകം വാരി കൃഷിക്കും തെങ്ങിനുമിടണം. ഒപ്പം ചാണകപ്പുരയിലും. കാളയ്ക്കും പശുവിനുമുള്ള ഭക്ഷണം വേവിച്ച് വയ്ക്കണം. അതു കൊടുക്കണം, പറങ്കിമാവുകളില്‍ കയറി പറങ്കിയണ്ടിയും കുരുമുളകു വിളവായിട്ടുണ്ടെങ്കില്‍ അതും പറിച്ചെടുക്കണം. അവധി ദിവസങ്ങളില്‍ കാലികളെ കുളിപ്പിക്കണം. കാളകളെ കുളിപ്പിക്കുന്നതില്‍ അതോടിക്കുന്ന മാധവന്‍ ചേട്ടനും എന്നെ സഹായിച്ചു.

കണ്ടത്തില്‍ പണിക്കാരുള്ള ദിവസങ്ങളിലും ഞാന്‍ സ്‌കൂളില്‍ പോകാറില്ല. വീട്ടില്‍ നിന്നുള്ള വളം, ചാണകപ്പൊടിയൊക്കെ കിഴക്കേക്കരയിലുള്ള പാടത്ത് ചുമന്നുകൊണ്ട് എത്തിക്കും. വെറുതെ നില്ക്കാന്‍ അനുവദിക്കില്ല. സ്ത്രീകള്‍ക്കൊപ്പം നിന്ന് നെല്‍ക്കതിരുകള്‍ക്ക് അടുത്തുള്ള കളകള്‍ പറിച്ചെടുക്കും. ആ കളകള്‍ വലിയ കൊട്ടയിലും ചാക്കിലുമാക്കി വീട്ടില്‍ മൃഗങ്ങള്‍ക്ക് കൊടുക്കാന്‍ ചുമന്നുകൊണ്ടുവരും.
അമ്മ പറയുന്ന പ്ലാവില്‍ കയറി ചക്ക ഇട്ടുകൊടുത്തിട്ടാണ് സ്‌കൂളില്‍ പോകുന്നത്. അമ്മയ്ക്ക് വൈകുന്നേരങ്ങളില്‍ ഞാന്‍ മീന്‍ കറിക്കും മറ്റും അരകല്ലില്‍ അരച്ചുകൊടുത്തിട്ടുണ്ട്. പകല്‍ മറ്റുസ്ത്രീകളാണ് അമ്മയെ സഹായിച്ചിരുന്നത്. താമരക്കുളം ചന്തയുള്ളത് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്. ആ ദിവസങ്ങളില്‍ കാര്‍ഷിക ഉല്പന്നങ്ങള്‍ അവിടെ വില്ക്കാന്‍ കാണും. തേങ്ങ, കുരുമുളക്, നെല്ല്, വാഴക്കുല, ഏത്തക്കുല, ഇഞ്ചി, ചേമ്പ്, ചേന, പഴുത്ത ചക്ക അങ്ങനെ പലതും. കാളവണ്ടിയിലാണ് മിക്കതും കൊണ്ടുപോകുന്നത്. കുരുമുളക് തലേദിവസം ചവിട്ടിമെതിച്ച് ചാക്കിലാക്കി വയ്‌ക്കേണ്ടതുണ്ട്. അത് എന്റെ ജോലിയാണ്. പലപ്പോഴും രാത്രി പന്ത്രണ്ട് മണിയായാലും മെതി തീരില്ല. മറ്റുള്ളവരൊക്കെ നല്ല ഉറക്കത്തിലായിരിക്കും. അച്ഛന്റെ കൂര്‍ക്കംവലിയും കേള്‍ക്കും. എന്നോടൊപ്പം ഉറങ്ങാതെയുള്ള ആള്‍ വീട്ടിലെ നായ ആണ്. ഇതിനിടയില്‍ വീടിന് പടിഞ്ഞാറുവശം അവന്റെ പ്രകമ്പനം കൊള്ളിക്കുന്ന കുര കേള്‍ക്കാം. അതിനെ വെല്ലുവിളിക്കാനെന്നപോലെ മാടാനപൊയ്കയില്‍ നിന്നുള്ള കാടന്റെ ഓരിയിടലും ഉച്ചത്തില്‍ കേള്‍ക്കാം.

വീടും ചന്തയുമായി രണ്ട് മൈല്‍ ദൂരമുണ്ട്. രാവിലെ അഞ്ചുമണിക്ക് മുമ്പ് തന്നെ ചന്തയിലേക്ക് യാത്ര തിരിക്കും. മാധവന്‍ചേട്ടന്‍ കാളവണ്ടി തെളിക്കും. അച്ഛനും മുന്നിലിരിക്കും. ഞാന്‍ മുന്നിലെ കാളകളെപ്പോലെ പിറകില്‍ വണ്ടിക്കൊപ്പം നടക്കും. കാളവണ്ടിയുടെ അടിയില്‍ മണ്ണെണ്ണയില്‍ കത്തുന്ന ഗ്ലാസുള്ള റാന്തല്‍വിളക്ക് കത്തിക്കൊണ്ടിരിക്കും. കാളവണ്ടിയില്‍ നിറയെ കൊണ്ടുപോകാന്‍ സാധനമില്ലെങ്കില്‍ വാഴക്കുലയും , ഇഞ്ചിയും പഴുത്ത ചക്കയുമൊക്കെ ഞാനാണ് ചുമന്നുകൊണ്ട് വരുന്നത്. അന്ന് കായംകുളം ഓയൂര്‍ ബസ്സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് എപ്പോഴുമില്ല. ഒരു ദിവസം രണ്ടുപ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പോകും. അന്ന് കാറുകള്‍ ആര്‍ക്കുമില്ല. സൈക്കിള്‍ ഉള്ളവരും കുറവായിരുന്നു. ഞാന്‍ സൈക്കില്‍ ഒന്നും രണ്ടും മണിക്കൂര്‍ വാടകയ്ക്ക് എടുത്തിരുന്നത് ചാരുംമൂട്ടിലെ ജമാലില്‍ നിന്നായിരുന്നു. ആ ദിവസങ്ങളില്‍ വൈദ്യുതി ഒരു വീട്ടിലുമില്ല. എല്ലാവരും മണ്ണെണ്ണ വിളക്കിനുമുമ്പിലിരുന്നാണ് പഠിത്തം.

ചന്തയില്‍ സാധനങ്ങള്‍ വിറ്റുകഴിഞ്ഞാല്‍ പിന്നീട് പോകുന്നത് മീന്‍ വില്ക്കുന്നിടത്തേക്കാണ്. അച്ഛന്‍ ധാരാളം നല്ല മീന്‍ വാങ്ങി ഏല്പിക്കും. ഒപ്പം ചെറു ഉള്ളിയും. വീട്ടില്‍ ഇല്ലാത്ത പച്ചക്കറി സാധനങ്ങളും വാങ്ങും. എനിക്കും മാധവന്‍ ചേട്ടനും പുട്ടും കടലയും വാങ്ങിത്തരും. മാധവന്‍ചേട്ടന്‍ കാളവണ്ടിയില്‍ തേങ്ങയുമായി കായംകുളത്തേക്ക് പോകും. അച്ഛനും അതില്‍ കയറി ചാരുംമൂട്ടിലിറങ്ങും. അവര്‍ വരുന്നത് വൈകുന്നത് കൊണ്ടായിരിക്കും വാങ്ങിയതെല്ലാം അച്ഛന്‍ എന്റെ തലയില്‍ വച്ചുതരുന്നത്. അത് ചുമന്ന് വീട്ടിലെത്തിക്കും. അതുവഴി പോകുന്നവരുടെ സഹായത്താല്‍ തലയില്‍ നിന്ന് ഭാരം ഇറക്കിവയ്ക്കും. അത് കഴുത്ത വേദനിച്ചിട്ടൊന്നുമല്ല. ചന്തയില്‍ നിന്ന് വാങ്ങുന്ന സാധനങ്ങളില്‍ കരിമ്പിന്‍നീര് വറ്റിച്ച ശര്‍ക്കരയുണ്ട്. വയലോരത്ത് ആരും കാണാതെ അതല്പം അകത്താക്കും. വീണ്ടും ഭാരമെടുത്ത് നടക്കും. വീട്ടില്‍ എത്തുന്നതുവരെ ശര്‍ക്കരയുടെ മധുരം നില്‍ക്കും. കരിമ്പിന്‍ പാടങ്ങള്‍ പലയിടത്തുമുണ്ട്. എല്ലാ ദിവസവും സൂര്യന്‍ ഉദിക്കുന്നതിന് മുമ്പെ അച്ഛന്‍ എന്നെ വിളിച്ചുണര്‍ത്തും. അച്ഛനും അതിരാവിലെ എഴുന്നേല്‍ക്കുന്ന രീതിയാണ്.

എന്നെ വിളിച്ചുണര്‍ത്തുന്നത് പറങ്കിമാവിന്‍ചുവട്ടില്‍ പോയി രാത്രി വവ്വാല്‍ ചവച്ചിടുന്ന പറങ്കിയണ്ടി പെറുക്കാനാണ്. അപ്പോള്‍ ആകെ വെറുപ്പാണ്. കണ്‍പോളകള്‍പോലും ശരിക്ക് തുറക്കാറില്ല. ചാക്കുമായി പുറത്തിറങ്ങുമ്പോള്‍ ഇരുള്‍ മാറിയിരിക്കില്ല. എങ്ങും നിശബ്ദതയുണ്ടെങ്കിലും ഏതോ കിളികള്‍ ശബ്ദമുയര്‍ത്തുന്നത് കേള്‍ക്കാം. എന്നോടൊപ്പം വീട്ടിലെ നായയും വരും. മരമൂട്ടില്‍ ചെന്ന് നോക്കിയാല്‍ പറങ്കിയണ്ടിയൊന്നും ഇരുട്ടുമൂലം കാണാന്‍ കഴിയില്ല. ഒരനാഥക്കുട്ടിയെപ്പോലെ മരച്ചുവട്ടിലിരുന്ന് ഉറങ്ങും. ഇരിക്കുന്ന മരത്തിന്റെ കൊമ്പുകളിലിരുന്ന് വവ്വാലോ മറ്റ് കിളികളോ ശബ്ദമുണ്ടാക്കുമ്പോഴാണ് കണ്ണ് തുറക്കുന്നത്. അപ്പോഴേയ്ക്കും നേരം വെളുത്തുകഴിയും.

കാരൂര്‍ സോമന്‍ ഹൈസ്കൂള്‍ പഠന കാലത്ത് ബാഡ്മിന്ടന്‍ ടൂര്‍ണമെന്റില്‍ ലഭിച്ച ട്രോഫിയുമായി

വളരെ ധൃതിപ്പെട്ട് പറങ്കിയണ്ടികള്‍ ചാക്കിലാക്കും. വീടിന്റെ മൂന്നതിരുകളിലും ധാരാളം പറങ്കിമാവുകള്‍ നിരനിരയായുണ്ടായിരുന്നു. ഒരു പറങ്കിമാവില്‍ തേനീച്ചക്കൂടുണ്ട്. അത് കുത്തുമെന്ന് ഭയന്ന് അതില്‍ കയറി പറങ്കിയണ്ടി പറിക്കാറില്ല. പെറുക്കാറുമില്ല. എല്ലാ മരച്ചുവട്ടിലും പോയി വരുമ്പോഴേയ്ക്കും ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കും. ഇതിനിടയില്‍ അച്ഛന്‍ വരിക്കോലിമുക്കില്‍ പോയി ചായ കുടിച്ചുവരും. അതിനകം ജ്യേഷ്ഠന്‍ ജോണിന്റെ ഭാര്യ ഓയൂര്‍ക്കാരിയും അമ്മയും ഉണര്‍ന്നു കഴിഞ്ഞിരിക്കും. അനുജന്മാര്‍ കുഞ്ഞുമോനും ബാബുവും ഉറക്കത്തിലായിരിക്കും.
ജ്യേഷ്ഠന്‍ ജോണിന് വരിക്കോലിമുക്കില്‍ ചായക്കടയുണ്ട്. ഓയൂര്‍ക്കാരിക്ക് മൂന്ന് മക്കളാണ്. അവരുമായി ജ്യേഷ്ഠന്‍ രസത്തിലല്ല. അതിന്റെ കാരണങ്ങള്‍ പലതാണ്. ജ്യേഷ്ഠനോട് അമ്മയ്ക്ക് നല്ല വാത്സല്യമായിരുന്നു. അതിനാല്‍ എന്ത് തെറ്റ് ചെയ്താലും കണ്ണടയ്ക്കും. നിത്യവും കള്ളു കുടിക്കും. കടയിലേക്കുള്ള വിറക് എത്തിക്കുക എന്റെ ജോലിയാണ്. തെങ്ങുകള്‍ ധാരാളമുള്ളതിനാല്‍ അതില്‍ കയറി കൊതുമ്പും ഓലയുമൊക്കെയെടുക്കും. മറ്റു വിറകുകള്‍ എല്ലാം കൂട്ടികെട്ടി തലയില്‍ വച്ച് കടയിലെത്തിക്കും. ചെന്നു കഴിഞ്ഞാല്‍ വരിക്കോലി കിണറ്റില്‍ നിന്ന് വെള്ളം കോരി വലിയ പാത്രങ്ങളില്‍ നിറയ്ക്കണം. വൈകുന്നേരങ്ങളില്‍ അരിയും ഉഴുന്നും കല്ലിലാട്ടികൊടുക്കണം. പകല്‍ വീട്ടിലുണ്ടെങ്കില്‍ ഉച്ചയ്ക്ക് മുമ്പേ ചെന്ന് പരിപ്പുവടയ്ക്കുള്ള പരിപ്പ് അരച്ചുകൊടുക്കണം. കടയില്‍ തീ എരിക്കാനായി ദൂരെ സ്ഥലങ്ങളിലുള്ള മരങ്ങള്‍ വിലയ്‌ക്കെടുക്കും. അത് വെട്ടി കഷണങ്ങളാക്കി ചുമന്നുകൊണ്ടുവരുന്നത് എന്റെ ജോലിയാണ്. എന്നോടൊപ്പം അത് ചുമന്നിട്ടുള്ളത് മാധവന്റെ അനുജന്‍ കുഞ്ഞൂഞ്ഞാണ്.

തടി ചുമക്കുന്നതിനിടയില്‍ ക്ഷീണിച്ച് തടിയും ഞാനും വഴിയില്‍ വീണിട്ടുണ്ട്. കുഞ്ഞൂഞ്ഞ് സഹായത്തിനായി വരും. കുഞ്ഞൂഞ്ഞിന് എന്നേക്കാള്‍ പത്തുവയസ് കൂടുതലുണ്ട്. കുഞ്ഞൂഞ്ഞ് കുറ്റപ്പെടുത്തി പറയും ”പിള്ളേര്‍ക്കുള്ള പണിയാണോ ഇത്” ഞാന്‍ കടയിലെ ജോലി ചെയ്തില്ലെങ്കില്‍ അവിടെ നിന്ന് ഒന്നും കിട്ടില്ല. അതാണ് അവസ്ഥ. വീട്ടിലെ പണികള്‍ തീര്‍ത്തില്ലെങ്കില്‍ പട്ടിണിയാണ് മിച്ചം. അമ്മയ്ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട് ജോലി ചെയ്യാത്തവന് ഭക്ഷണം കൊടുക്കരുത്. കൊടുത്താല്‍ നിനക്കായിരിക്കും ചവിട്ടു കിട്ടുക. എനിക്ക് വേണ്ടി അമ്മ പലവട്ടം തല്ല് വാങ്ങിയിട്ടുണ്ട്. അതോടെ അമ്മ എന്റെ കാര്യത്തില്‍ ഇടപെടാറില്ല.

അരി അരയ്ക്കുന്നതിലും വെള്ളം കോരുന്നതിലുമൊക്കെ എന്നോടൊപ്പമുണ്ടായിരുന്ന വാരിക്കോലിലെ രാമചന്ദ്രന്‍ നായരാണ് നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്നെ ട്രെയിന്‍ കാണാന്‍ കൊണ്ടുപോയത്. അവന്റെ അമ്മയുടെ സ്ഥലം ഓച്ചിറയാണ്. ആദ്യമായി ഓച്ചിറയില്‍ നിന്ന് കായംകുളത്തേക്കായിരുന്നു എന്റെ ട്രെയിന്‍യാത്ര. ട്രെയിന്‍ കാണാനും അതില്‍ കയറാനുമുള്ള ഭാഗ്യം അങ്ങനെയുണ്ടായി. അന്നത്തെ ട്രെയിന്‍ കണ്ട ആഹ്ലാദം ഇന്നും മനസ്സില്‍ നിന്ന് മായ്ക്കാനേ പറ്റുന്നില്ല. ജ്യേഷ്ഠന്‍ ചാരുംമൂട്ടില്‍ പള്ളിക്കടയില്‍ ചായക്കടനടത്തിയപ്പോഴും ഞാനും കുഞ്ഞൂഞ്ഞൂമാണ് അവിടുത്തെ ജോലികള്‍ ചെയ്തത്. പള്ളിയുടെ തെക്കുഭാഗത്തുള്ള കിണറ്റില്‍ നിന്ന് വെള്ളം കോരി കുട്ടകത്തില്‍ നിറച്ച് നീളമുള്ള ഒലക്ക രണ്ടു ഭാഗത്ത് കെട്ടി ഞാനും കുഞ്ഞൂഞ്ഞുമാണ് കടയില്‍ ചുമന്നുകൊണ്ട് വന്നിരുന്നത്.
സെന്റ് മേരീസ് സ്‌കൂളില്‍ നാലാം ക്ലാസുവരെയെത്തിയത് രണ്ടു വര്‍ഷം തോറ്റതിന് ശേഷമാണ്. തോല്‍വിക്കുള്ള പ്രധാനകാരണം ഹാജര്‍നില മോശം. എന്റെ സ്വഭാവവും മോശം.

കുട്ടികളെ ഉപദ്രവിക്കുന്നതില്‍ അവിടുത്തെ കന്യസ്ത്രീ ഹെഡ്മിസ്ട്രസ് അടി തന്നു ക്ലാസ്സില്‍ നിന്ന് ഇറക്കിവിട്ടുണ്ട്. ഇറക്കിവിടുന്നതുകൊണ്ട് മുറ്റത്തുള്ള ഒരു മരത്തില്‍ കയറി അതില്‍ നിന്ന് കായ്കള്‍ പറിച്ചു തിന്നാന്‍ കഴിഞ്ഞു. അതിന് പടിഞ്ഞാറാണ് കന്യാസ്ത്രീ മഠം. അവിടുത്തേ മരത്തില്‍ നല്ല പേരയ്ക്കയുണ്ട്. അതില്‍ കയറാനായി മതിലിനുള്ളില്‍ ചെല്ലുമ്പോഴാണ് വെളുത്ത നിറമുള്ള കുതിരയെപ്പോലെയുള്ള നായ എന്റെ നേര്‍ക്ക് കുരച്ചുകൊണ്ടു വന്നത്. നാട്ടില്‍ അതുപോലൊരു നായ് ഉണ്ടായിരുന്നില്ല. എന്റെ വീട്ടിലെ നായാണ് കേമന്‍ എന്നായിരുന്നു എന്റെ ധാരണ. മഠത്തിലെ നായ് കുതിരയെപ്പോലെ വരുന്നത് കണ്ട് അടുത്തുള്ള തെങ്ങില്‍ കയറി രക്ഷപ്പെട്ടു. അത് എന്നെ നോക്കി കുരച്ചു. അപ്പോള്‍ മറ്റൊരു നായയും കന്യാസ്ത്രീകളും അവിടേക്ക വന്ന് എന്നെ രക്ഷപ്പെടുത്തി.

നാളെ : സ്കൂളിലെ നോട്ടപ്പുള്ളി

Also read : കഥാകാരന്റെ കനല്‍വഴികള്‍ – കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ, അദ്ധ്യായം ഒന്ന്  കുടുംബ പുരാണം

പ്രസാധക കുറിപ്പ്

‘അജ്ഞാതന്റെ ആത്മകഥ’യില്‍ പോലും അനുഭവജ്ഞാനത്തിന്റെ കറുപ്പും വെളുപ്പുമായ പാഠങ്ങളുണ്ട്. അതില്‍ നല്ലതും ചീത്തയും അനുവാചകന് വേര്‍തിരിക്കാം. ഖുശ്‌വന്ത് സിംഗ് എഴുതിയതുപോലെ നീതി, സത്യം, സ്‌നേഹം പിന്നെ അല്‍പ്പം ചീത്തയായത്. നാലര പതിറ്റാണ്ടായി സാഹിത്യ-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കാരൂര്‍ സോമന്‍ അത്മ കഥ പറയുമ്പോള്‍ അതില്‍ ഖുശ്‌വന്ത് സിംഗ് പറഞ്ഞ വിശേഷങ്ങള്‍ എല്ലാമുണ്ട്.

അവഗണനയും വിശപ്പും അപമാനവും കണ്ണീരും സഹിച്ച ബാല്യം. പോലീസിനെതിരെ നാടകമെഴുതിയതിന്റെ പേരില്‍ നക്‌സലായി മുദ്രകുത്തപ്പെട്ട് നാടുവിടേണ്ടി വന്ന കൗമാരം. ജീവിക്കാന്‍ വേണ്ടി അലഞ്ഞു തിരിഞ്ഞ യൗവ്വനത്തിന്റെ കനല്‍ വഴികള്‍. ചുവടുറപ്പിക്കും മുന്‍പേ മറ്റുള്ളവരെ രക്ഷിക്കാനും, സഹായിക്കാനുമുള്ള ഹൃദയവിശാലത. ജീവിതയാത്രയില്‍ ആര്‍ക്കുവേണ്ടിയോ അടിപിടി കൂടി തെരുവുഗുണ്ടയെന്ന പേര് വീണപ്പോഴും സ്‌നേഹത്തിന്റെ, പ്രണയത്തിന്റെ ഒടുവില്‍ പ്രണയ സാഫല്യത്തിന്റെ തിളക്കമാര്‍ന്ന വിജയം.

ചാരുംമൂട് എന്ന ശാന്തസുന്ദര ഗ്രാമപ്രദേശത്തു നിന്നും ഉത്തരേന്ത്യയിലും, ഗള്‍ഫിലും, യൂറോപ്പിലും ജോലിക്കാരനായും ഏഷ്യ, ഗള്‍ഫ്, യൂറോപ്പ്, അമേരിക്കയില്‍ യാത്രക്കാരനായും പിന്നിട്ട നാളുകള്‍. ജാതിയും മതവും വര്‍ണ്ണവും ചരിത്രവും സംസ്‌കാരവുമെല്ലാം ഇട കലര്‍ന്ന പാതകളിലൂടെ ചുവടുകള്‍ വച്ചപ്പോള്‍ പലതും കനല്‍ വഴികളായിരുന്നു.

എഴുതിയ നാടകവും, നോവലും, കഥയും, കവിതയും, ചരിത്ര ലേഖനങ്ങളും യാത്രവിവരണങ്ങളും ‘ക’ യില്‍ തുടങ്ങണമെന്നു സോമന്‍ നിര്‍ബന്ധം പിടിച്ചത് കാരൂരിലെ ‘ക’ കൊണ്ടായിരിക്കില്ല. പിന്നിട്ട കനല്‍ വഴികളുടെ ഓര്‍മ്മകള്‍ മായാത്തതുകൊണ്ടാകാം. ആ വഴിയിലൂടെ നമുക്കുമൊന്ന് സഞ്ചരിക്കാം. അറിയാന്‍, പഠിക്കാന്‍, മനസ്സിലുറപ്പിക്കാന്‍ ഏറെ. ‘കഥാകാരന്റെ കനല്‍ വഴികള്‍’ തികച്ചും വ്യത്യസ്തമായ ഒരു ആത്മ കഥയാണ്.

രണ്ട് വാക്ക്

കഥ-കവിത-നോവല്‍-നാടകമായാലും രചനയില്‍ ആത്മകഥാശംങ്ങള്‍ അല്ലെങ്കില്‍ അനുഭവങ്ങള്‍ കടന്നുവരിക സ്വാഭാവികമാണ്. എങ്കില്‍ മാത്രമെ അവ സര്‍ഗ്ഗസൃഷ്ഠികളാകുകയുള്ളു. എന്റെ രചനകളും വിത്യസ്തമല്ല. പല വിഭാഗത്തിലായി അന്‍പതിനടുത്ത് ഗ്രന്ഥങ്ങള്‍ പുറത്തു വന്നിട്ടും ജീവിതാനുഭവങ്ങള്‍ മുഴുവന്‍ പറയാന്‍ കഴിഞ്ഞില്ല. ആത്മകഥ അഥവാ ജീവിത കഥ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല ഇങ്ങനെ യൊക്കെ എഴുതാന്‍ ഞാന്‍ യോഗ്യനാണോ എന്നതറിയില്ല. പക്ഷെ സ്വന്തം ജീവിത കഥ ആര്‍ക്കും പറയാം. അത് കൊള്ളണോ തള്ളണോ എന്നത് വായനക്കാരന്‍ തീരുമാനിക്കും.
ഞാന്‍ അനുഭവിച്ചറിഞ്ഞ പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളാണ് ഈ രചനയിലുള്ളത്. മനപ്പൂര്‍വ്വം ആരെയും വിമര്‍ശിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇതിലെ കഥാപാത്രങ്ങള്‍ തന്നോട് സാമ്യമുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ എന്നെ കുറ്റപ്പെടുത്തരുത്. രചനയില്‍ പരമാവധി സത്യസന്ധത പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

ചാരുംമൂട്ടിലെ സ്‌കൂള്‍ ജീവിതം, പോലീസിന്റെ നോട്ടപ്പുള്ളി, ഉത്തരേന്ത്യയിലെ അലച്ചിലുകള്‍ പിന്നെ ഗള്‍ഫിലും ഇംഗ്‌ളണ്ടിലുമൊക്കയായി കുറച്ചൊക്കെ സമാധാന ജീവിതം നയിക്കുന്നു. നല്ലതിനെല്ലാം കൂടെ നില്‍ക്കുന്ന ഭാര്യ ഓമന ഒരു തണലായി ഒപ്പമുണ്ട്. ഉപദ്രവിച്ചവരും അപമാനിച്ചവരും സഹായിച്ചവരുമായി എത്രയോ പേര്‍. ഗുണ്ടകളെ അവരുടെ ശൈലിയില്‍ നേരിട്ടപ്പോഴും ശത്രുതയില്ലായിരുന്നു. ഇന്നും അത് തുടരുന്നു. എന്റെ ശത്രു ഞാന്‍ തന്നെ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ആര്‍ക്കൊക്കെ വേണ്ടിയോ അടിപിടികൂടിയതാണ്. ടിക്കറ്റില്ല യാത്രയും സാഹചര്യം പ്രേരിപ്പിച്ചതാണ്.

സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ ഒട്ടേറെ നല്ല മനുഷ്യരും ഭാഷയെ കരുതുന്നവരുടെ നല്ല വാക്കുകളും എന്റെ ജീവിത കഥയില്‍ പ്രത്യക്ഷപെടുന്നതില്‍ അതിയായ സന്തോഷമുണ്ട്. നാലര പതിറ്റാണ്ടിലേറെ നീളുന്ന ജീവിത സംഭവങ്ങളുടെ കഥ തികഞ്ഞ വിനയത്തോടെ സമര്‍പ്പിക്കുന്നു. താങ്കള്‍ വിലയിരുത്തുക. തെറ്റുകളും, കുറവുകളും ചൂണ്ടിക്കാട്ടുക; സാമുഹ്യ തിന്മകള്‍ക്കെതിരെ, വര്‍ഗ്ഗീയതക്കെതിരെ, മൂല്യത്തകര്‍ച്ചക്കെതിരേയെല്ലാം നമുക്ക് ഒരുമിച്ചു പോരാടാം.

കാരൂര്‍ സോമന്‍

അദ്ധ്യായം 1
കുടുംബപുരാണം

പ്രകൃതിയുടെ വരദാനമാണ് ഓണാട്ടുകര. ഓണാട്ടുകര മാവേലിക്കര-കരുനാഗപ്പള്ളി-കാര്‍ത്തികപ്പള്ളിയുടെ ഭാഗങ്ങളാണ്. അതില്‍ പ്രഥമസ്ഥാനം മാവേലിക്കരയ്ക്കാണ്. കാരണമായി പറയപ്പെടുന്നത് മാവേലി മന്നന്‍ അവിടെ വാണിരുന്നു എന്നതാണ്. അതിന് ചരിത്ര രേഖകള്‍ ഇല്ല. പൂവുകള്‍, കായലുകള്‍, പച്ചപ്പാര്‍ന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍, വാഴ, തെങ്ങിന്‍-കവുങ്ങിന്‍ തോട്ടങ്ങള്‍, കുളങ്ങള്‍ സസ്യശ്യാമളമാണ് ഓണാട്ടുകര. വൈവിധ്യമാര്‍ന്ന ജൈവകൃഷി. മാവേലിക്കര-കൃഷ്ണപുരം രാജകൊട്ടാരങ്ങളും പുരാതന ക്ഷേത്രങ്ങളും പള്ളികളും. വിവിധ നാടന്‍ കെട്ടുകാഴ്ചകള്‍, നാടന്‍ കലാരൂപങ്ങള്‍ ആട്ടക്കഥകള്‍, തിരുവാതിര-തുള്ളല്‍, വഞ്ചിപ്പാട്ടുകള്‍ എന്നിവയുടെ തുടക്കത്തിന് മാവേലിക്കരയുമായി ബന്ധമുണ്ടത്രെ.

സാഹിത്യ-സാംസ്‌കാരിക-ആത്മീയ-രാഷ്ട്രീയ രംഗത്ത് അമൂല്യങ്ങളായ സംഭാവനകള്‍ നല്കിയ ധാരാളം മഹാത്മാക്കളുടെ നാടാണിത്. ലോകത്ത് ആദ്യമായി സമത്വവും സാഹോദര്യവുംകൊണ്ടുവന്ന ആദ്യത്തെ വിപ്ലവചക്രവര്‍ത്തിയായിരുന്ന മാവേലിയുടെ നാട്ടില്‍ ജന്മി-കുടിയാന്‍ അയിത്തവും അടിമത്വവും എങ്ങനെയുണ്ടായി എന്നുചോദിക്കരുത്. ഈ ദേശത്തിന് കാര്‍ഷിക സമൃദ്ധി ഉണ്ടാക്കിക്കൊടുത്തത് ഇവിടുത്തെ കുടിയാന്മാരാണ്. ജന്മിമാരുടെ നെല്ലറ നിറയ്ക്കാന്‍വേണ്ടി മാത്രം കണ്ണീരൊപ്പി-വിയര്‍പ്പൊഴുക്കി അടിമകളെപ്പോലെ ജീവിച്ചവര്‍. ഓണാട്ടുകരയുടെ കാര്‍ഷികസമൃദ്ധി, മത്സ്യസമ്പത്ത് വളരെ പ്രധാനപ്പെട്ടതാണ്. ഓണാട്ടുകരയുടെ തലസ്ഥാനം കായംകുളമായിരുന്നു. കൃഷ്ണപുരം കൊട്ടാരം ഇന്നൊരു ചരിത്രസ്മാരകമാണ്. ഇതിനടുത്താണ് വാരണപ്പള്ളി. നാരായണഗുരുദേവന്റെ പാദസ്പര്‍ശമേറ്റ മണ്ണാണിത്. ഗുരുദേവന്റെ ബാല്യകാലം മൂന്നു വര്‍ഷത്തിലധികം വാരണപ്പള്ളി തറവാട്ടിലായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹം നടത്തിയ കണ്ണാടി പ്രതിഷ്ഠ അതിനുദാഹരണമാണ്. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി; ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്.”

മാവേലിക്കര താലൂക്കിലെ ഗ്രാമീണസുന്ദരമായ താമരക്കുളം-ചാരുംമൂട്ടില്‍ ജനിച്ചത് എന്റെ ഭാഗ്യമായി. താമരക്കുളം-ചാരുംമൂട്ടിലെ അതിപുരാതന തറവാടാണ് കാരൂര്‍. അവിടുത്തെ ഗീവര്‍ഗീസ് വാദ്ധ്യാര്‍ സംസ്‌കൃതത്തിലും മലയാളത്തിലും അറിവുള്ളവനായിരുന്നു. ഒരു ആശാന്‍കളരിയുമുണ്ടായിരുന്നു. ധാരാളം കുട്ടികളെ ആദ്യാക്ഷരങ്ങള്‍ ഓലയിലും മണലിലും എഴുതി പഠിപ്പിച്ചിട്ടുണ്ട്. ഈ ദേശങ്ങളിലെ ഈഴവര്‍, പറയര്‍, പുലയര്‍, കുറവര്‍ തുടങ്ങിയവര്‍ക്കു റോഡുകളിലൂടെ സഞ്ചരിക്കാന്‍ അവകാശമില്ലായിരുന്നു. രാത്രികാലങ്ങളില്‍ മൂന്നുംനാലും പേരടങ്ങുന്ന സംഘങ്ങളായിട്ടാണ് ഓലകെട്ടിയള്ള ചൂട്ടും തെളിച്ച് അവര്‍ നടന്നിരുന്നത് ജന്മിമാരില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ചത്തിയറ, വള്ളികുന്നം നൂറനാട് ഭാഗങ്ങളില്‍ നിന്ന് കുറ്റാകുറ്റിരുട്ടില്‍ ഒളിഞ്ഞും മറഞ്ഞും അവര്‍ കാരൂര്‍ തറവാട്ടില്‍ സങ്കടം പറയാന്‍ വരുമായിരുന്നു. അവരില്‍ പലരും ഒളിവില്‍ കഴിഞ്ഞതും ഇവിടുത്തെ ജോലിക്കാരായി മാറിയതും ചരിത്രം. ജന്മിമാരുടെ കുട്ടികളെ പഠിപ്പിക്കുന്നത് അക്ഷരപ്പുരയിലും അധഃകൃതരുടെ കുട്ടികളെ പുറത്തുള്ള മരച്ചുവട്ടിലെ മണ്ണിലുമാണ്. അതില്‍ ജന്മിമാര്‍ക്ക് വളരെ എതിര്‍പ്പായിരുന്നു. അക്ഷരങ്ങള്‍ അവര്‍ണര്‍ ഉച്ചത്തില്‍ പറയാന്‍ പാടില്ലായിരുന്നു. സ്ത്രീകളുടെ മുലയ്ക്കും പുരുഷന്മാരുടെ തലയ്ക്കും നികുതി ഏര്‍പ്പെടുത്തുന്നവര്‍ക്ക് പാവങ്ങള്‍ എന്തുചെയ്താലും കുറ്റം മാത്രമേ കണ്ടെത്താന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ അവരോട് പറയും നിങ്ങളുടെ പരാതി നാടുവാഴികളെ അറിയിക്കുക. ഞാനപ്പോള്‍ ഉത്തരം കൊടുത്തുകൊള്ളാം.

വാദ്ധ്യാര്‍ക്ക് മാവേലിക്കര രാജകുടുംബവുമായി നല്ല ബന്ധമുള്ളത് നാട്ടുകാര്‍ക്കറിയാം. അവിടുത്തെ സംഗീതസദസ്സിലും പാണ്ഡിത സദസ്സിലും വാദ്ധ്യാര്‍ക്കും ക്ഷണമുണ്ടായിരുന്നു. രാത്രികാലങ്ങളില്‍ ലഭിക്കുന്ന പരാതികളുമായി ഉച്ച കഴിഞ്ഞ് നാടുവാഴികളെ വാദ്ധ്യാര്‍ സമീപിച്ചിട്ട് പറയും ”സത്യം ധര്‍മ്മേ പ്രതിഷ്ഠിതം” അതാണ് ഹിന്ദുവിന്റെ അടിസ്ഥാന വിശ്വാസം. ഹിന്ദുക്കള്‍ ധര്‍മ്മത്തിന് കൂട്ടുനില്ക്കുന്നവരാണ് അധര്‍മ്മത്തിനല്ല. ശാന്തിയുടെ ദൂതനായിട്ടാണ് വാദ്ധ്യാരെ എല്ലാവരും കണ്ടിരുന്നത്. മനുഷ്യര്‍ ജന്മംകൊണ്ട് ഓരോ ജാതിയായി മാറിയാലും മനുഷ്യര്‍ക്ക് അക്ഷരജ്ഞാനം നിക്ഷേധിക്കുന്നതില്‍ വാദ്ധ്യാര്‍ക്കുള്ള ആശങ്ക ധാരാളമായിരുന്നു. സമ്പന്നമായ കാര്‍ഷിക പാരമ്പര്യമാണ് ഇവിടുത്തെ നായര്‍ ജന്മിമാര്‍ക്കുള്ളത്. അതില്‍ പിള്ളമാരും കുറുപ്പന്മാരും പണിക്കരുമുണ്ട്. അവര്‍ണരായിരുന്നു ജന്മിമാരുടെ പാടശേഖരങ്ങളിലും മറ്റും കൃഷി നടത്തിയിരുന്നത്.

നായര്‍ ജന്മിമാര്‍ക്കുള്ളതുപോലെ കാരൂര്‍ തറവാടിനും കരിമുളയ്ക്കല്‍, പറയംകുളം, താമരക്കുളം ഭാഗങ്ങളില്‍ ധാരാളം ഭൂപ്രദേശങ്ങളും പാടശേഖരങ്ങളുമുണ്ടായിരുന്നു. നായര്‍ ജന്മിമാരുടെ പോലുള്ള തേക്കിലും ഈട്ടിയിലുമുള്ള അറയും പുരയും ഉള്ള വീട്. എണ്ണ ആട്ടിയെടുക്കാനുള്ള ചക്ക്, കാളവണ്ടി ഇതെല്ലാമായിരുന്നു അന്നത്തെ ഉന്നതരുടെ അടയാളങ്ങള്‍. അതിനാല്‍ തന്നെ അവരുടെ പൂര്‍വ്വികര്‍ നായന്മാരായിരുന്നുവെന്നും അവരില്‍ നിന്ന് ക്രിസ്ത്യാനികളായി എന്നും അതല്ല സവര്‍ണ്ണരില്‍ നിന്ന് മോചനം ലഭിക്കാനായി ഈഴവ സമുദായത്തില്‍ നിന്ന് ക്രിസ്ത്യാനികള്‍ ആയിയെന്നും രണ്ടുപക്ഷമുണ്ട്.
വാദ്ധ്യാര്‍ക്ക് രണ്ട് ആണ്‍മക്കളായിരുന്നു. പെണ്‍മക്കളെപ്പറ്റി നല്ല അറിവില്ല. വാദ്ധ്യാരുടെ ഭാര്യ പള്ളിയമ്പില്‍ കുടുംബാംഗമായിരുന്നു. ആണ്‍മക്കളില്‍ മൂത്തവനായിരുന്നു കാരൂര്‍ കൊച്ചുകുഞ്ഞ്. ചെറുപ്പം മുതല്‍ക്കേ സവര്‍ണര്‍ക്കെതിരെ അമര്‍ഷവുമായിട്ടാണ് കൊച്ചുകുഞ്ഞ് വളര്‍ന്നത്. ഇരുനിറം; അരോഗദൃഢഗാത്രനുമായിരുന്നു. ഇദ്ദേഹത്തിന്റെ കൈകള്‍ക്ക് സാധാരണയില്‍ കൂടുതല്‍ നീളമുണ്ടായിരുന്നു. ആരെയും കൂസാത്ത പ്രകൃതം.

അനുജന്‍ ഉണ്ണുണ്ണിയാകട്ടെ കാണാന്‍ സുന്ദരന്‍. സായിപ്പിന്റെ നിറം. ശരീരം മുഴുവന്‍ രോമം. ശാന്തശീലന്‍. കൊച്ചുകുഞ്ഞിനെ രണ്ടാം ക്ലാസ്സുവരെ പിതാവ് പഠിപ്പിച്ചു. യൗവനത്തിലെത്തിയപ്പോള്‍ മാവേലിക്കര രാജഭടനായി ജോലി കിട്ടി. നാട്ടിലെ ജന്മിമാരുടെ മക്കളുമായി അടിപിടി നടത്തി ഒരു ചട്ടമ്പിയെന്നുള്ള പേര് സമ്പാദിച്ചിരുന്നു. സൈന്യത്തിലെ ജോലി അധികകാലം നീണ്ടുനിന്നില്ല. ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ആരെയോ ജാതി വിളിച്ച് ആക്ഷേപിച്ചതിനെ ചോദ്യം ചെയ്യുകയും അയാളെ തല്ലി അവശനാക്കുകയും ചെയ്തു. തുടര്‍ന്ന് സൈനിക മേധാവി ജോലിയില്‍ നിന്നു പുറത്താക്കി. വാദ്ധ്യാരുടെ ഇടപെടല്‍ മൂലം ജയില്‍വാസം ഒഴിവായി. പിതാവിന് മകന്‍ ഒരു തലവേദനയായി മാറിക്കൊണ്ടിരുന്നു. മകന്‍ ഒരു ക്രൂരനായി ജീവിക്കുന്നതില്‍ പിതാവിന് സങ്കടമുണ്ടായിരുന്നു.

1867-ല്‍ സവര്‍ണരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അയ്യന്‍കാളി വില്ലുവണ്ടിയില്‍ സഞ്ചരിച്ചതും ഗുരുദേവന്‍ ദേവാലയങ്ങള്‍ വിദ്യാലയങ്ങള്‍ ആക്കണമെന്ന് അറിയിച്ചതുമൊക്കെ ഓണാട്ടുകരക്കാര്‍ക്ക് ആശ്വാസമായി. പ്രായാധിക്യത്തിലായിരുന്ന വാദ്ധ്യാരും ഏറെ സന്തോഷിച്ചു. കാരൂര്‍ കൊച്ചുകുഞ്ഞ് എന്ന എന്റെ വല്യച്ചനെപ്പറ്റി ഞാനൊരു ചെറു നോവല്‍ എഴുതിയിട്ടുണ്ട്.
കൊച്ചുകുഞ്ഞിന് പത്തോ പന്ത്രണ്ടോ വയസുള്ളപ്പോള്‍ വീടിന് മുന്നിലെ റോഡരികില്‍ കാള ചക്ക് ആട്ടിക്കൊണ്ടിരുന്നു. തേങ്ങയും എള്ളുമാണതില്‍ ആട്ടുന്നത്. പടിഞ്ഞാറെ പാടത്ത് എല്ലാവരും മകരകൊയ്ത്തിന് പോയിരുന്നു. മകരക്കൊയ്ത്ത് ഉത്സവം പോലെയാണ്. വീട്ടിലെ ജോലിക്ക് വന്ന ഏതോ സ്ത്രീയോട് തേങ്ങ ആട്ടാന്‍ പറഞ്ഞിട്ടാണ് പോയത്. ആ സ്ത്രീ തേങ്ങ ചക്കില്‍ ആട്ടിക്കൊണ്ടിരിക്കുമ്പോള്‍ കൊച്ചുകുഞ്ഞും കൂട്ടുകാരന്‍ ചാത്തനും അവിടേക്ക് വന്നു. ചക്ക് ആട്ടിക്കൊണ്ടിരുന്ന സ്ത്രീയോട് പറഞ്ഞു ”ഞങ്ങള്‍ ആട്ടാം” കാളയുടെ കയര്‍ കൊടുത്തിട്ട് ആ സ്ത്രീ കുടുംബത്തേക്ക് പോയി. ഇതിനിടയില്‍ ചാത്തനും കൊച്ചുകുഞ്ഞും പിണ്ണാക്ക് എടുത്തു തിന്നു. കുഞ്ഞ് കാളയുടെ പുറത്തു കയറിയിരുന്നത് കാളയ്ക്ക് തീരെ പിടിച്ചില്ല. കാള കൊമ്പിട്ട് ഇളക്കുന്നത് കണ്ട് അവന്‍ പുറത്തേക്ക് ചാടി. അവിടെ കിടന്ന വടി എടുത്ത് ഒരടിയും കൊടുത്തു.

അപ്പോഴാണ് സ്ഥലത്തെ പ്രമാണിയായ ശങ്കരപ്പിള്ള അവിടേക്ക് വന്നത്. അയാളുടെ തേങ്ങയാണ് ആട്ടുന്നത്. അയാള്‍ കണ്ട കാഴ്ച ചാത്തന്‍ പിണ്ണാക്ക് തിന്നുന്നതാണ്. പുലയച്ചെറുക്കന്‍ പിണ്ണാക്ക് അശുദ്ധമാക്കിയല്ലോ എന്ന് പറഞ്ഞ് അവനെ അടിച്ചു. അവന്‍ പേടിച്ച് കരഞ്ഞു. അത് കണ്ട കൊച്ചുകുഞ്ഞ് കാളയെ അടിക്കുന്ന വടിയെടുത്ത് പിള്ളയുടെ പുറത്തിനിട്ട് നല്ല പെട കൊടുത്തു. അവന്‍ പുറത്തേക്ക് ഓടി. ചാത്തന്‍ ഈറന്‍ കണ്ണുകളോടെ അത് നോക്കി നിന്നു. വിളറിവെളുത്ത മുഖവുമായി പിള്ള നടന്നകന്നു.

മറ്റൊരു സംഭവം പറയംകുളം പറയന്മാരുമായുള്ള ഏറ്റുമുട്ടലാണ്. ചാരുംമൂട്-നൂറനാട്-താമരക്കുളം-ചുനക്കരയുടെ നല്ലൊരുഭാഗം അവരുടെ അധീനതയിലായിരുന്നു. കിഴക്കോട്ടുള്ള പറയംകുളം അടൂര്‍, പുനലൂര്‍ റോഡരികിലാണ് അവരുടെ പ്രധാന താവളം. മാവേലിക്കര പ്രദേശങ്ങളില്‍ കഴുകനെ കാണുന്നത് ഇവിടെ മാത്രമാണ്. വന്‍ജന്മിമാരുടെ കാളയെയോ പശുവിനെയോ പറമ്പില്‍ കണ്ടാല്‍പോലും അവര്‍ അഴിച്ചുകൊണ്ടുപോകും. അജാനുബാഹുക്കളായ അവരെ നാട്ടുകാര്‍ക്ക് ഭയമായിരുന്നു. കൊല്ലാനും തിന്നാനും മടിയില്ലാത്തവര്‍. അതുവഴി പോകുന്നവര്‍ കരം കൊടുക്കണമായിരുന്നു. മാവേലിക്കര, കായംകുളം രാജകുടുംബാംഗങ്ങളും കണ്ണടച്ചു. ഇവര്‍ ബ്രിട്ടീഷുകാര്‍ക്ക് ഒപ്പം ചേരുമോ അതായിരുന്നു അവരുടെ ഭയം. അതുവഴി വന്ന കടമറ്റത്തച്ചനെയും കരം കൊടുക്കാതെ വിട്ടില്ല. അച്ചന്‍ എന്തോ മന്ത്രം നടത്തി രക്ഷപെട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പറയംകുളത്തിന് തെക്കുഭാഗത്തായി കാരൂരുകാര്‍ക്ക് കൃഷിത്തോട്ടങ്ങളുണ്ടായിരുന്നു. കൃഷിയിടങ്ങളില്‍ നിന്ന് വാഴക്കുല, കപ്പ, ചേന തുടങ്ങിവ മോഷണം പോകുക പതിവായിരുന്നു. ഇത് മനസ്സിലാക്കിയ കൊച്ചുകുഞ്ഞ് ധൈര്യശാലികളായ ഏതാനും ഈഴവരെ അവിടെ രാത്രികാലങ്ങളില്‍ കാവലിരുത്തി. ഒരു ദിവസം അതു സംഭവിച്ചു. രണ്ട് പറയന്മാര്‍ മോഷണത്തിനായിട്ടെത്തി. ഒരുത്തനെ പിടിച്ചുകെട്ടി മറ്റെ ആള്‍ ഓടി രക്ഷപ്പെട്ടു. അതില്‍ ഒരാള്‍ പടിഞ്ഞാറേ പാടങ്ങള്‍ കടന്ന് കാരൂര്‍ തറവാട്ടിലെത്തി കൊച്ചുകുഞ്ഞിനെ വിവരമറിയിച്ചു. കാളവണ്ടിക്കാരന്‍ രാമനെ വിളിച്ചുണര്‍ത്തി അവര്‍ക്കൊപ്പം വിട്ടു.
നേരം പുലരുന്നതിന് മുമ്പുതന്നെ പറയനെ അതിനുള്ളിലാക്കി തറവാട്ട് മുറ്റത്ത് എത്തിച്ചു. കാളവണ്ടിയില്‍ നിന്ന് പുറത്തെത്തിച്ചിട്ട് കെട്ടുകള്‍ അഴിച്ചുവിട്ടു. ഉടനടി അയാള്‍ അടുത്തു നിന്നവരെ തല്ലാനാരംഭിച്ചു. അതു കണ്ട് ക്ഷുഭിതനായ കൊച്ചുകുഞ്ഞ് ഓടിച്ചെന്ന് അയാളെപൊതിരെ തല്ലി.

അല്പസമയത്തിനുള്ളില്‍ പറയന്മാര്‍ വടിയും വാളും വെട്ടുകത്തിയുമായി കാരൂര്‍ തറവാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചു. നാട്ടുകാര്‍ രക്തപ്പുഴ ഒഴുകുമല്ലോ എന്നോര്‍ത്ത് ഭയപ്പെട്ടു. കുറ്റിവിള ഉണ്ണുണ്ണി വെട്ടിക്കോട് കാട്ടുകളിയ്കതില്‍ കൊച്ചുകുഞ്ഞിന്റ ഭാര്യ അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരിയാണ്. കരിമുളക്കലെ കാരൂര്‍ക്കാരും, ഇട്ടനാം പറമ്പില്‍ പനയ്ക്കല്‍, തരകന്മാര്‍, കാരൂര്‍ കിഴക്കേതില്‍, കൊപ്പാറ വടക്കേടത്ത്, കുറ്റിയില്‍ തുടങ്ങിയിടങ്ങളിലെ കാരൂര്‍കാരുടെ ബന്ധുമിത്രാദികളും കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി അവിടേക്ക് ചെന്നുകൊണ്ടിരുന്നു. വന്നവരൊക്കെ തെങ്ങില്‍ കെട്ടി ഇട്ടിരിക്കുന്ന ആജാനുബാഹുവായ പറയനെ തുറിച്ചുനോക്കി. ബന്ധുമിത്രാദികള്‍ റോഡിന്റെ പലഭാഗത്തായി നിലയുറപ്പിച്ചു. തരകന്മാരിലൊരാള്‍ തേങ്ങ പൊതിച്ചെടുക്കുന്ന ഇരുമ്പുപാര പിടിച്ചുനിന്നു. ചിലര്‍ വെട്ടുകത്തി സ്വന്തമാക്കി.

കൂട്ടമായിട്ടെത്തിയ പറയന്മാര്‍ തറവാടിന്റെ മുന്നിലെ റോഡിലെത്തുമ്പോള്‍ കയ്യില്‍ വാളുമായി നില്ക്കുന്ന കൊച്ചുകുഞ്ഞിനെയാണ് കാണുന്നത്. ആ വാള്‍ സൈന്യത്തില്‍ നിന്ന് ലഭിച്ചതാണ്. സ്വയം രക്ഷയ്ക്കാണ് അന്നു ഭടന്മാര്‍ക്കു വാള്‍ നല്കിയിരുന്നത്. ഇദ്ദേഹം അത് മടക്കിക്കൊടുത്തില്ല. കയ്യിലിരുന്ന വാള്‍ താഴെ ഇട്ടിട്ട് കൊച്ചുകുഞ്ഞ് വെല്ലുവിളിച്ചു. ”ആരാടാ നിന്റെ നേതാവ്, മുന്നോട്ട് വാ, നീയൊന്നും വന്നതുപോലെ തിരിച്ചുപോവില്ല” ചില ബന്ധുക്കള്‍ മുന്നോട്ടാഞ്ഞപ്പോള്‍ കൊച്ചുകുഞ്ഞ് പറഞ്ഞു ”വേണ്ട നിങ്ങള്‍ ആരും ഇതില്‍ ഇടപെടേണ്ട. ഇത് ഞാന്‍ തീര്‍ത്തുകൊള്ളാം” മുന്നോട്ടുവന്നവര്‍ പിന്നോട്ട് പോയി. കൂട്ടമായി വന്ന പറയന്മാര്‍ വാള്‍മുനയുടെ മുന്നിലെത്തി. അപ്പോഴാണ് മനസ്സിലായത്. ജീവന്‍ വേണമെങ്കില്‍ സ്വന്തം പാളയത്തിലേക്ക് മടങ്ങിപ്പോകുന്നതാണ് നല്ലതെന്ന്. അവര്‍ പിറുപിറുത്തു. ഇവര്‍ക്ക് ഇത്ര ആള്‍ബലം ഉണ്ടെന്ന് കരുതിയില്ല. കാരൂര്‍ കൊച്ചുകുഞ്ഞിനെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും തങ്ങളെക്കാള്‍ ഭീകരനെന്ന് കരുതിയില്ല. കൂടെ വന്നവരില്‍ പലര്‍ക്കും മടങ്ങിപ്പോയാല്‍ മതിയെന്നായി.
പിടിച്ചുകൊണ്ടുപോയവനെ മടക്കിക്കിട്ടണം. അവരിലെ മുഖ്യന്‍ കയ്യിലിരുന്ന ആയുധം താഴെ വച്ചിട്ട് കുഞ്ഞിനെ നോക്കി പറഞ്ഞു ”തെറ്റ് പറ്റിപ്പോയി, പൊറുക്കണം. ഇനിയും ഞങ്ങള്‍ നോക്കിക്കൊള്ളാം” കുഞ്ഞ് മറുപടിയായി പറഞ്ഞു ”നിങ്ങള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍ എന്നോട് ചോദിക്കാം, എന്റെ തോട്ടത്തില്‍ അതിക്രമിച്ചു കടന്നാല്‍; അവിടെ നിങ്ങള്‍ക്ക് തെറ്റി. നിങ്ങളുടെ നാട്ടുഭരണത്തില്‍ കാരൂര്‍ക്കാര്‍ വരില്ല. ഇതോര്‍മ്മയിരിക്കട്ടെ” ഒരു ചോരപ്പുഴ ഒഴിവായതില്‍ വന്നവര്‍ക്കെല്ലാം ആശ്വാസമായി. കെട്ടിയിട്ടവനെ അഴിച്ചുവിടാന്‍ അറിയിച്ചിട്ട് കൊച്ചുകുഞ്ഞ് അകത്തേക്ക് പോയി.

ചാരുംമൂട്ടില്‍ നിന്നു കള്ളു കുടിച്ചിട്ട് തെക്കോട്ട് കാരൂര്‍ വീടിന്റെ മുന്നിലെ റോഡിലൂടെ ഒരു ജന്മിയും നടക്കില്ലായിരുന്നു. അവരൊക്കെ കള്ളുകുടിച്ചിട്ട് പോകുന്നത് കിഴക്കേ താമരക്കുളം റോഡിലൂടെയായിരുന്നു. തെക്കോട്ടുള്ള ചെറിയ വഴി കാളവണ്ടിക്ക് പോകാന്‍ വീതികൂട്ടിയെടുപ്പിച്ചതും കാരൂര്‍കൊച്ചുകുഞ്ഞായിരുന്നു. ഈ സംഭവ വികാസങ്ങള്‍ പലരില്‍ നിന്നും കേട്ടെങ്കിലും എന്റ അമ്മയും പിച്ചിനാട്ടു കേശവകുറുപ്പും പറഞ്ഞപ്പോഴാണ് എനിക്ക് വിശ്വാസമയത്. ഇവിടുത്തെ മിക്ക വസ്തുക്കളും കേശവകുറുപ്പിന്റ മുത്തച്ഛന്മാരുടേതാണ്.

പുതിയൊരു വീടുയര്‍ന്നപ്പോള്‍ കുടുംബത്തില്‍ നിന്ന് മൂത്തപുത്രന്‍ താമസം മാറി. കാരൂര്‍ തറവാട് ഇളയവനായ കൊച്ചുണ്ണിക്കായി. കാരൂര്‍ കൊച്ചുകുഞ്ഞ് പലഭാഗത്തുമുള്ള വസ്തുക്കള്‍ വിറ്റത് കോടതിക്കും കേസ്സിനുമാണ്. അതിനിടയില്‍ 1952ല്‍ കറ്റാനം ബഥനി ആശ്രമത്തില്‍ നിന്ന് ഒരു വൈദികന്‍ കുഞ്ഞിനെ കാണാനെത്തി. ഒപ്പം ഒരു പള്ളിപ്രമാണിയുമാണ്ടായിരുന്നു. അവര്‍ വന്നത് ഒരു ദേവാലയം പണിയാനുള്ള സ്ഥലം ആവശ്യപ്പെട്ടാണ്. ചാരുംമൂടിന് തെക്കുഭാഗത്തുള്ള ഹിന്ദുപ്രമാണിമാര്‍ ആരും വസ്തു നല്കില്ലെന്ന് തുറന്നുപറഞ്ഞു. ഒരു ക്രിസ്തീയ ദേവാലയത്തില്‍ അവര്‍ക്ക് താല്പര്യം ഇല്ല. കുടുംബം അനുജന്റെ പേരിലാണ്. കൊച്ചുകുഞ്ഞ് അനുജനോട് പറഞ്ഞാല്‍ കാര്യമുണ്ടാകുമെന്ന് അവര്‍ക്കറിയാം. ഇതിനകം ഉണ്ണുണ്ണി അറയും പറയുമൊക്കെ വിറ്റിരുന്നു. മാത്രമല്ല തെക്കുഭാഗത്തുള്ള സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയുണ്ടാക്കുന്നതില്‍ കൊച്ചുകുഞ്ഞ് വഹിച്ച പങ്ക് അവര്‍ കേട്ടിരുന്നു.

പള്ളിക്ക് വാനമെടുത്ത് കഴിഞ്ഞ പ്പോള്‍ പള്ളിയുടെ തടിക്കുരിശും മറ്റ് പണിസാധനങ്ങളും ഗുരുനാഥന്‍ കുളങ്ങര കുളത്തില്‍ പൊങ്ങികിടക്കുന്നതാണ് രാവിലെ നാട്ടുകാര്‍ കാണുന്നത്.ആ പള്ളി മുകളിലേക്കുയര്‍ത്തിയത് കൊച്ചുകുഞ്ഞ് രാത്രി കാവല്‍ക്കാരെ നിയോഗിച്ചാണ്. തരകന്മാരും സഹായത്തിനുണ്ടായിരുന്നു. പള്ളി സ്ഥലത്തിന് മാവേലിക്കര രാജധാനിയില്‍ നിന്ന് അധികാരം വാങ്ങിച്ചത് തെങ്ങിന്‍തറക്കാരാണ്. കാരൂര്‍ കൊച്ചുകുഞ്ഞ് പള്ളിയില്‍ അധികം പോകാറില്ലെങ്കിലും ഈശ്വരഭക്തി നല്ലതെന്ന അഭിപ്രായക്കാരനാണ്. പള്ളി പണിയുന്നതിനുള്ള എതിര്‍പ്പ് കുഞ്ഞ് കാര്യമാക്കിയില്ല. അവിടെയുള്ള ഒരു ജോലിക്കാരനെ കാരൂര്‍ ഉണ്ണുണ്ണിയെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞുവിട്ടു. അനുജന് ജ്യേഷ്ഠനോടെന്നും ബഹുമാനമായിരുന്നു. ജോലിക്കാരനൊപ്പം വേഗമെത്തി. മടക്കി കുത്തിയിരുന്ന മുണ്ട് അഴിച്ചിട്ടു. ഇരിക്കാന്‍ പറഞ്ഞെങ്കിലും ഇരുന്നില്ല. നിര്‍ബന്ധപൂര്‍വ്വം കസേരയിലിരുത്തി വന്നവരുടെ ഉദ്ദേശം ഉണ്ണൂണ്ണിയോട് പറഞ്ഞു. കുഞ്ഞ് മൂത്തമകള്‍ വിവാഹപ്രായം ആയി നില്ക്കുന്നത് മുന്നോട്ടു വച്ചു. നീ അമ്പത് സെന്റ് പള്ളിക്ക് കൊടുക്ക്. എന്നിട്ട് ശോശയെ കെട്ടിച്ചുവിട്. അവിടെ വച്ച് വില നിശ്ചയിച്ച് ഒരണ മുന്‍കൂറായി വാങ്ങി.

1954ല്‍ കാരൂര്‍ തറവാട് നിന്ന സ്ഥലത്ത് സെന്റ് മേരീസ് മലങ്കര പള്ളി ഉയര്‍ന്നു. കാലംചെയ്ത ആര്‍ച്ച് ബിഷപ്പ് ബനഡിക്റ്റ് മാര്‍ ഗ്രീഗോറിയസാണ് ദേവാലയത്തിന്റെ കൂദാശ നിര്‍വഹിച്ചത്. മൂത്തമകള്‍ ശോശമ്മയെ ആ പണം കൊടുത്ത് കൊപ്പാറവടക്ക് ഡാനിയലിനെകൊണ്ട് വിവാഹം കഴിപ്പിച്ചു. അതിന്റെ തെക്കുഭാഗത്തുള്ള വസ്തുക്കള്‍ ഇളയ മകള്‍ അന്നമ്മയ്ക്ക് ഉണ്ണൂണ്ണി കൊടുത്തു. 1977ല്‍ ആ വസ്തുവും കാരൂര്‍ അന്നമ്മ പള്ളിക്ക് കൊടുത്തിട്ട് മാവേലിക്കര കല്ലുമലയ്ക്ക് പോയി. ഇന്നും നാട്ടുകാര്‍ വിളിക്കുന്നത് കാരൂര്‍ പള്ളിയെന്നാണ്. പഴയ പള്ളി പൊളിച്ച് വളരെ മനോഹരമായിട്ടാണ് പുതിയ പള്ളി തീര്‍ത്തിരിക്കുന്നത്.

നാളെ അദ്ധ്യായം 2 – ബാല്യകാല സ്മരണകള്‍ 

കാരൂര്‍ സോമന്‍ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനൊപ്പം അവാര്‍ഡ് ദാന ചടങ്ങില്‍

യുകെയില്‍ താമസിക്കുന്ന പ്രമുഖ മലയാള സാഹിത്യകാരനായ കാരൂര്‍ സോമന്‍ തന്‍റെ ജീവിതത്തില്‍ ഇത് വരെ സംഭവിച്ച കാര്യങ്ങള്‍ വിശകലനം ചെയ്ത് എഴുതുന്ന ആത്മകഥ നാളെ മുതല്‍ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നു. പ്രവാസി മലയാളി എഴുത്തുകാരില്‍ ഏറെ ശ്രദ്ധേയനായ കാരൂര്‍ സോമന്‍റെ ജീവിതം എന്നും സംഭവ ബഹുലമായിരുന്നു. സ്കൂള്‍ പഠന കാലത്ത് മുതല്‍ എഴുത്തിനെ പ്രണയിച്ച് തുടങ്ങിയ കാരൂര്‍ സോമന് അന്ന് മുതല്‍ തന്നെ എഴുത്ത് ധാരാളം മിത്രങ്ങളെയും ശത്രുക്കളെയും സമ്പാദിച്ച് നല്‍കിയിട്ടുണ്ട്.

നന്നേ ചെറുപ്പത്തില്‍ തന്നെ തന്‍റെ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാട് വിടേണ്ടി വന്ന വ്യക്തിയാണ് സോമന്‍. പോലീസിനെ വിമര്‍ശിച്ച് നാടകമെഴുതി എന്ന കാരണത്താല്‍ നക്സലൈറ്റ് ആയി മുദ്ര കുത്തപ്പെട്ടതിനെ തുടര്‍ന്നായിരുന്നു സോമന്‍ സ്വന്തം നാടുപേക്ഷിച്ച് പോകേണ്ടി വന്നത്. മാവേലിക്കരയ്ക്കടുത്ത് ചാരുംമൂട് എന്ന പ്രദേശത്ത് ജനിച്ച സോമന്‍ നാടകം, കഥ,കവിത, നോവല്‍, ബാലസാഹിത്യം, ജീവചരിത്രം, സഞ്ചാര സാഹിത്യം തുടങ്ങി വിവിധ മേഖലകളിലായി ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

തന്റെ സുദീര്‍ഘമായ രചനാ വഴികളില്‍ കല്ലും മുള്ളും നിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുള്ള കാരൂര്‍ സോമന്‍ ആ അനുഭവങ്ങള്‍ എല്ലാം തന്‍റെ ആത്മകഥയില്‍ തുറന്നെഴുതുന്നുണ്ട്. ആ അനുഭവക്കുറിപ്പികള്‍ നാളെ മുതല്‍ മലയാളം യുകെയില്‍ വായിക്കുക.

 

കാരൂര്‍ സോമന്‍

മാനവചരിത്രത്തിലൂടെയുള്ള വായനകള്‍ മനസ്സില്‍ പഠനം നടത്തുമ്പോഴാണ് അറിവിന്റെ സൗന്ദര്യം നമ്മള്‍ തിരിച്ചറിയുന്നത്. ലോകത്തിലെ ഏഴുകലകളുടെ തലസ്ഥാനമായ വിയന്നായുടെ മാറിലൂടെ സഞ്ചരിച്ചാല്‍ വടക്ക് മഞ്ഞണിഞ്ഞ ആല്‍പ്‌സ് പര്‍വ്വതനിരകളും തെക്ക് യു.എന്‍. ആസ്ഥാന മന്ദിരത്തിനടുത്തൂടെ പത്ത് രാജ്യങ്ങളിലൂടെ ഒഴുകിയെത്തുന്ന ഡാന്യൂബ് നദിയും അതിന്റെ ഇരുകരകളിലെ മഞ്ഞണിഞ്ഞ പച്ച തളിരിലകളും, കാലത്തിന്റെ തിരുശേഷിപ്പുകളായ ദേവാലയങ്ങള്‍, കൊട്ടാരങ്ങള്‍, മ്യൂസിയങ്ങള്‍, അഴകാര്‍ന്ന പൂന്തോപ്പുകള്‍, ഒരു രാജ്യത്തിന്റെ സംസ്‌കൃതിയെ അടയാളപ്പെടുത്തുന്നു. മലയാളിയായ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ ഹോട്ടലായ പ്രോസിയില്‍ ഭക്ഷണം കഴിച്ചിട്ട് ലണ്ടനില്‍ നിന്നെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകന്‍ റജി നന്തിക്കാട്ടും, യുഗ്മ നെഴ്‌സസ് ഫോറം പ്രസിഡന്റ് അബ്രഹാം ജോസുമായിട്ടാണു ദേവാലയങ്ങളുടെ മാതാവെന്നറിയപ്പെടുന്ന സെന്റ് സ്റ്റീഫന്‍ കതീഡ്രലിലേക്ക് പോയത്. പടിഞ്ഞാറെ കടലിന് മുകളില്‍ സൂര്യന്‍ ചെങ്കതിരുകള്‍ പൊഴിച്ചുനില്ക്കും പോലെ ആകാശത്തിന്റെ ശീതളഛായയില്‍ ഈ ദേവാലയം പ്രശോഭിച്ചു നില്ക്കുന്നു. ഒറ്റ നോട്ടത്തില്‍ ദൈവത്തിന് ഈ ദേവാലയവുമായി ചങ്ങാത്തമുള്ളതായി തോന്നും. അതിന് ചുറ്റും ചിറക് വിടര്‍ത്തി പറക്കുന്ന പ്രാവുകള്‍. അതിമനോഹരവും അലൗകികവുമായ ഈ ദേവാലയത്തിന് ചുറ്റിലും ഭക്തജനങ്ങള്‍ നടക്കുന്നു. അകത്തും പുറത്തും കൊത്തിവച്ച പ്രതിമകള്‍ പോലെ സുന്ദരമായ ശില്പങ്ങള്‍ ദേവാലയത്തെ ചുംബിച്ചു നില്ക്കുന്നു.

എ.ഡി. 1147ല്‍ ഗോഥിക് വസ്തു ശില്പമാതൃകയിലാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. പൗരാണിക ഭാവമുള്ള കൊത്തുപണികളാല്‍ അത്യന്തം ആകര്‍ഷകമാണ് ഓരോ ശില്പങ്ങള്‍. ഇതിന്റെ ഉയരം 137 അടിയാണ്. അകത്തേ ഹാളിന് 110 മീറ്റര്‍ നീളവും വീതി 80 മീറ്ററാണ്. 12 ഭീമന്‍ തൂണുകള്‍. ഇതിനുള്ളില്‍ തന്നെ ആറ് ചാപ്പലുകളുണ്ട്. ദേവാലയത്തിന്റെ മുകളിലെ ഓരോ കൊത്തുപണികളിലും വ്യത്യസ്ത നിറത്തിലുള്ള ടൈലുകളാണ്. ഹാബ്‌സ് ബര്‍ഗ് രാജവംശത്തിന്റെ രാജചിഹ്നമായ ഇരട്ടത്തലയുള്ള പരുന്തിന്റെ രൂപവും ടൈലുകള്‍കൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. ആര്‍ക്കിടെക് ആന്റ്റോണ്‍ വിന്‍ഗ്രാമിന്റെ മേല്‍നോട്ടത്തിലാണ് ഈ ദേവാലയം പണിതത്. റോമന്‍കത്തോലിക്കാ സഭയുടെ ആര്‍ച്ച്ബിഷപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്. വിയന്നയുടെ സുവര്‍ണ്ണഗോപുരവും വഴികാട്ടിയുമായ ഈ ദേവാലയത്തിലേക്ക് പലരാജ്യങ്ങളില്‍നിന്ന് സന്ദര്‍ശകര്‍ വരുന്നുണ്ട്. ഇവരുടെ ഭാഷ ജര്‍മ്മനാണ്. സ്‌നേഹസൗഹാര്‍ദ്ദമായിട്ടാണ് ജനങ്ങള്‍ ഇടപെടുന്നത് അതവരുടെ മഹനീയ സംസ്‌കാരമാണ്. പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയങ്ങളില്‍ കാണുന്ന ഒരു പ്രത്യേകത ഇവിടെ ആര്‍ക്കും പ്രവേശിക്കാം. സവര്‍ണ്ണനോ അവര്‍ണ്ണനോ വിശ്വാസിയോ അവിശ്വാസിയോ ആര്‍ക്കും കടന്നുവരാം. ദൈവത്തിന്റെ വിശപ്പടക്കാന്‍ ഭക്ഷണമോ കാര്യസിദ്ധിക്കായി വഴിപാടുകളോ ആവശ്യമില്ല. വിശക്കുന്നവന് ആഹാരം കൊടുക്കുന്നവനാണ് ഏറ്റവും വലിയ ദൈവഭക്തരെന്ന് ഇവിടെയുള്ളവര്‍ തിരിച്ചറിയുന്നു. ദേവാലയത്തിനുള്ളിലെ ഓരോ അവര്‍ണ്ണനീയ ചിത്രങ്ങള്‍ കാണുമ്പോഴും ക്രിസ്തുവിനും എനിക്കുമിടയിലുള്ള ദൂരം കുറഞ്ഞുവരുന്നതായി തോന്നി. ഓരോ ചിത്രങ്ങളും ശില്പങ്ങളും ആത്മീയ ചൈതന്യത്തിന്റെ അമൂര്‍ത്തഭാവങ്ങള്‍ നിറഞ്ഞതാണ്. ഇതിനുള്ളില്‍ നിന്നുയരുന്നത് ആത്മാവിന്റെ സംഗീതമാണ്. ഓരോ ചുവര്‍ ചിത്രങ്ങളും ആത്മാവിന്റെ അനശ്വരമായ മുഴക്കങ്ങളാണ്. റോമന്‍ ഭരണകാലത്ത് ദൈവവിശ്വാസങ്ങളുടെ പുകമറയ്ക്കുള്ളിലാണ് ഭരണാധിപന്മാര്‍ അവരെ നയിച്ചത്. ഇന്നും ഇന്ത്യയില്‍ കുറെ അവിശ്വാസികള്‍ ആ പാരമ്പര്യത്തില്‍ ജീവിക്കുന്നുണ്ട്. എന്ന് പറഞ്ഞാല്‍ വിശ്വാസമുണ്ട് എന്നാല്‍ ബോധമില്ല. യേശുക്രിസ്തുവിന്റെ ജനനത്തോടയാണ് മതത്തിന്റെ പുകമറയ്ക്കുള്ളില്‍ അകപ്പെട്ടവരെ പുതിയൊരു പ്രകാശത്തിലേക്കു കൊണ്ടുവരുന്നത്.

യേശു വിഭാവനം ചെയ്ത സ്‌നേഹവും സമാധാനവും വിശുദ്ധിയും ഈ ദേവാലയത്തിനുള്ളിലെ ഓരോ തൂണിലും തുരുമ്പിലും കലയുടെ മായാപ്രപഞ്ചമുയര്‍ത്തുന്നുണ്ട്. യരുശലേമിലെ സ്റ്റീഫന്റെ ഓരോ വാക്കുകളും റോമാസാമ്രാജ്യത്തിനും യഹൂദനും മരുഭൂമിപോലെ ചുട്ടുപൊള്ളുന്നതായിരുന്നു. ആ വിശുദ്ധന്റെ വാക്കുകള്‍ ദേവാലയത്തിലെ മെഴുകുതിരി എരിയുന്നതുപോലെ ജ്വലിച്ചുനില്‍ക്കുന്നു. ഞങ്ങള്‍ക്ക് ചുറ്റും ആത്മീയാനുഗ്രഹങ്ങള്‍ തേടി വന്നവരുടെ മനസ്സുംശരീരവും പരമമായ ഏകാഗ്രതയില്‍ മുഴുകിയിരുന്നു. എ.ഡി 34ലാണ് ദൈവത്തിന്റെ ദാസനായ സ്റ്റീഫനെ റോമാഭരണകൂടം യരുശലേമില്‍വച്ച് കല്ലെറിഞ്ഞു കൊന്നത്. ഏറ്റവും കൂടുതല്‍ പ്രവാചകന്മാര്‍ യരുശലേമിലായിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷികള്‍ യേശുവിന്റെ നാമത്തില്‍ ഉണ്ടായത് യൂറോപ്പ് രാജ്യങ്ങളിലാണ്.
ആ രക്തസാക്ഷികള്‍ വിശുദ്ധന്മാരായി മാറുകയും അവരുടെ നാമത്തില്‍ ലോകമെമ്പാടും ദേവാലയങ്ങളും വിദ്യാഭ്യാസമടക്കമുള്ള ധാരാളം സ്ഥാപനങ്ങള്‍ വളരുകയും ചെയ്തു. ആ നാമത്തില്‍ അളവറ്റ അനുഗ്രഹങ്ങള്‍ നേടിയിട്ടുള്ള വിശ്വാസികളുണ്ട്. സെന്റ് സ്റ്റീഫന്റെ പേരില്‍ യരുശലേം, അര്‍മേനിയ, ഓസ്ട്രിയ, ആസ്‌ട്രേലിയ, ഇറാന്‍, തുറുക്കി, ചൈന, ഫ്രാന്‍സ്, ഇന്‍ഡ്യ, അയര്‍ലണ്ട്, ബ്രിട്ടണ്‍, പല രാജ്യങ്ങളിലും ദേവാലായങ്ങളടക്കമുള്ള സ്ഥാപനങ്ങളുണ്ട്.

ഡിസംബര്‍ 26നാണ് സെന്റ് സ്റ്റീഫന്‍ കൊല്ലപ്പെടുന്നത്. ഈ രാജ്യങ്ങളിലെല്ലാം അവധിയാണ്. ബ്രിട്ടന്‍ ഈ ദിവസം ആഘോഷിക്കുന്നത് ബോക്‌സിങ്ങ് ദിനമായിട്ടാണ്. നൂറ്റാണ്ടുകളായി ആരാധിച്ചുവന്ന റോമന്‍ സാമ്രാജ്യത്തിന്റെ അമ്പലങ്ങളും ദേവീദേവന്മാരും തകര്‍ത്തടിയുക മാത്രമല്ല അതില്‍ പലയിടങ്ങളിലും യേശുവിന്റെ നാമത്തില്‍ ദേവാലയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിയന്നയിലെ സെന്റ് സ്റ്റീഫന്‍ കത്തീഡ്രല്‍ അതിലൊന്നാണ്. ലണ്ടനിലെ സെന്റ് പോള്‍ കത്തീഡ്രല്‍ സുന്ദരിയായ ഡയാന ദേവിയുടെ അമ്പലം പൊളിച്ചാണ് ദേവാലയമാക്കിയത്. മണ്ണിലെ രാജാക്കന്മാര്‍ അയല്‍രാജ്യങ്ങളെ വെട്ടിപ്പിടിക്കാനും അവരുടെ സമ്പത്ത് കൊള്ളയടിക്കാനും പടയോട്ടങ്ങള്‍ നടത്തുമ്പോള്‍ ഈപൈശാചിക ശക്തികള്‍ക്കെതിരെ മണ്ണിലെ മനുഷ്യര്‍ക്കായി ദൈവനാമത്തില്‍ ആത്മീയ പടയോട്ടങ്ങള്‍ നയിച്ചവരാണ്. ലോകമെമ്പാടും രക്തസാക്ഷികളായിട്ടുള്ള വിശുദ്ധന്മാര്‍. ഇന്‍ഡ്യയില്‍ വന്ന വിശുദ്ധ തോമസ്സിനെ എ.ഡി 72ല്‍ മദ്രാസില്‍ വച്ച് സൂര്യഭഗവാനെ ആരാധിച്ചവര്‍ കൊലപ്പെടുത്തിയത് മറ്റൊരു ദുരന്തം. അവരൊഴുക്കിയ ഓരോ തുളളിരക്തവും ഓരോരോ ദേവാലയങ്ങളില്‍ ജീവന്റെ തുടിപ്പുകളായി തിളങ്ങിനില്‍ക്കുന്നു. വിശുദ്ധരെ വലിച്ചുകീറി പുറത്തേക്കു കളഞ്ഞവരൊക്കെയും മണ്ണായിമാറിയപ്പോള്‍ വലിച്ചെറിയപ്പെട്ടവര്‍ മണ്ണിനുമുകളില്‍ ആരാധനാമൂര്‍ത്തികളായി മാറുന്ന അത്ഭുതകാഴ്ചയാണ് കാണുന്നത്.

യൂറോപ്പിന്റെ പല ഭാഗത്തുനിന്ന് റോമിലെ കൊളീസിയത്തിലേക്ക് വന്യമൃഗങ്ങളുടെ ഭക്ഷണത്തിനായി ക്രിസ്തീയ വിശ്വാസികളെ ബന്ധിതരാക്കി കൊണ്ടുപോകുമായിരുന്നു. ഭൂമിക്ക് മുകളില്‍ നാല് നിലകളും അതുപോലെ ആഴമുള്ള കൊളീസിയത്തില്‍ നിന്ന് മുകളിലേക്കുയരുന്നത് ഭയാനകമായ വന്യമൃഗങ്ങളുടെ കൊലവിളിയും ഗര്‍ജ്ജനവുമായിരുന്നെങ്കില്‍ നിരപരാധികളുടെ നിലവിളികള്‍ അതിനുള്ളില്‍ വിറങ്ങലിച്ചുനിന്നു. വിശുദ്ധ പത്രൊസിന്റെയും പൗലൂസിന്റെയും കൊലചെയ്യപ്പെട്ട ശവശരീരം ജനങ്ങളെ ഭയന്ന് വന്യമൃഗങ്ങള്‍ക്ക് കൊടുത്തില്ല. നാലാം നൂറ്റാണ്ടില്‍ കുസ്തന്‍തീനോസ് ചക്രവര്‍ത്തിയാണ് അവരുടെ കുഴിമാടത്തിന് മുകളിലായി ഒരു ദേവാലയം പണിതത്. ഇപ്പോഴവിടെയുള്ളത് സെന്റ് പീറ്റേഴ്‌സ് ബസലിക്കയാണ്. ദേവാലയങ്ങളിലെ വിശ്വാസികളെ ആകര്‍ഷിക്കാനായി ദൈവവചനത്തിന്റെ വ്യാഖ്യാനങ്ങള്‍ അറിഞ്ഞും അനുഭവിച്ചും ചിത്രകാരന്‍മാര്‍ ചിത്രങ്ങളായി ഓരോ ദേവാലയങ്ങളിലും വെളിപ്പെടുത്തുന്നു. ഈ മഹാന്മാരായ ചിത്രകാരന്മാര്‍, ശില്പികള്‍ വിശുദ്ധന്മാരെപ്പോലെ ദൈവത്തിന്റെ സുവിശേഷകന്മാരായി മാറുകയായിരുന്നു. ഈ മനോഹര ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ റോമിലെ പാപ്പാമാര്‍ക്ക് വലിയ ഒരു പങ്കുണ്ട്.

മനുഷ്യര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ധ്യാനത്തിലൂടെ കടന്നുപോകുമ്പോള്‍ വിശ്വാസത്തിന്റെ സംരക്ഷണം ദൈവം ആര്‍ക്കും കുത്തകയായിട്ട് നല്കിയിട്ടില്ലെന്ന് ബോധ്യപ്പെടും. ഭീരുക്കളായ, ആത്മീയ ജ്ഞാനമില്ലാത്ത ഭരണാധിപന്മാര്‍ക്കും മതമേലാളന്മാര്‍ക്കും ഈ വിശ്വാസ വിശുദ്ധന്മാരുടെ രക്തം ചീന്തുന്ന ഈ പോരാട്ടം ഒരു മാതൃകയാക്കാം. ഇവരൊന്നും അന്തപുരങ്ങളിലിരുന്ന് വിശ്വാസികള്‍ക്ക് ശുഭാംശകള്‍ നേരുന്നവരായിരുന്നില്ല. മറിച്ച് പട്ടിണിയും ദുരനുഭവങ്ങളും ദുഃഖങ്ങളും സഹിച്ച് ആരുടെയും സഹായമില്ലാതെ അന്ധകാര ശക്തികള്‍ക്കെതിരെ പോരാടി വീരചരമം പ്രാപിച്ചവരാണ്. പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയങ്ങള്‍ക്കുള്ളില്‍ ജ്വലിച്ചു നില്‍ക്കുന്ന മനോഹരങ്ങളായ ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ കാണുമ്പോള്‍ ഇന്‍ഡ്യയിലെ ഒരു ദേവാലയങ്ങളിലും ഇത്‌പോലെ കാണാന്‍ കഴിഞ്ഞിട്ടില്ല. അത് സിനിമാ കാണുംപോലെ കണ്ടാല്‍ പോര, വായനയിലൂടെ അനുഭവിച്ചറിയാനാണ് ഇന്‍ഡ്യാക്കാരനിഷ്ടമെന്ന് തോന്നുന്നു. വിശുദ്ധന്മാരുടെ കാലത്തുണ്ടായിരുന്ന ആരാധനയുടെ പങ്കാളിത്വമൊന്നും ഇന്നില്ല. അതിന് പകരം വിനോദസഞ്ചാരികളുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഇവിടുത്തെ ദേവാലയങ്ങള്‍ മാറിക്കൊണ്ടിരുന്നു.

തീര്‍ത്ഥാടനം
……………………
അജ്ഞാതമായ വീഥികളിലൂടെ വിധിലിഖിതമെന്നോണം
കാലമെന്നെ കൈ പിടിച്ചു നയിക്കുന്നു.

നാമകരണം ചെയ്യാത്തൊരു ഗ്രഹമെന്നപോലെ
ഞാനൊരു നക്ഷത്രത്തെ പ്രദക്ഷിണം ചെയ്യുന്നു.

അംഗുലീയങ്ങളൊഴിഞ്ഞ കരദ്വയങ്ങളാല്‍
സൂര്യബിംബത്തെ ഞാന്‍ സ്പര്‍ശിക്കുന്നു.

ദിഗ്വലയത്തില്‍ തിരോഭവിക്കുന്ന സൂര്യന്റെ മടിത്തട്ടില്‍
ശിരസ്സുചേര്‍ത്ത് ഞാന്‍ വിശ്രമിക്കുന്നു.

അസ്തമയത്തിനും ഉദയത്തിനും ഇടയിലുള്ള
ദൂരത്തെ ഒരു ദീര്‍ഘനിദ്രയാല്‍ തരണം ചെയ്യുന്നു.

പ്രകാശമേറ്റുണരുന്ന തളിരിലയെന്നപോലെ
സ്‌നേഹത്തെ ഞാന്‍ ആഗിരണംചെയ്യുന്നു.

വസന്തം ചുംബിച്ച ഭൂമിയിലെന്നവണ്ണം
കവിതകളെന്നില്‍
പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു.

പിറന്നു മരിക്കുന്ന ദിവസങ്ങളുടെ ദലസൂചികളില്‍
പദങ്ങളൂന്നി ഞാന്‍ നടക്കുന്നു.

കൊടുങ്കാറ്റ് നിര്‍മ്മിച്ച കടല്‍ച്ചുഴികളിലൂടെ
മത്സ്യകന്യകയെപ്പോലെ നൃത്തംചെയ്യുന്നു.

സ്വപ്നമോ സത്യമോ എന്ന് വേര്‍തിരിച്ചറിയാത്തൊരു
നിറവില്‍ എന്നിലൊരു കിളിക്കുഞ്ഞ് ചിറക് വിടര്‍ത്തുന്നു.

ഹൃദയത്തിന്റെ വിശുദ്ധസ്ഥലികളിലൂടെ സുതാര്യമായൊരു
തൂവല്‍പോലെ ഞാന്‍ തീര്‍ത്ഥാടനം തുടരുന്നു.

ബീന റോയ്

കാരൂര്‍ സോമന്‍

കോഴിയെ തിന്നുന്ന കാര്യത്തില്‍ ഞാന്‍ മിടുക്കന്‍ തന്നെയെന്നാണ് ഭാര്യയുടെ പക്ഷം. അവധിക്കു നാട്ടില്‍ വരുമ്പോള്‍ എന്തു വില കൊടുത്താലും നല്ല ചൊമചൊമാന്നുള്ള പൂവന്‍കോഴിയെ വാങ്ങി എണ്ണയില്‍ പൊരിച്ചു കഴിക്കും. അമേരിക്കയിലെ കൊഴുത്തു തടിച്ച തണുത്തു മരവിച്ച വൈറ്റ് ലഗൂണ്‍ കോഴിയെ തിന്നു മടുത്തു. അതിന് ഒരു ഗുണവുമില്ല, മണവുമില്ല. എന്നാല്‍ നാടന്‍ കോഴി അങ്ങനെയല്ല. കോഴിയെ തിന്നുന്നത് ഒരു കലയല്ല.

പ്രത്യേകിച്ച് നാട്ടിലെ ചുവന്ന പൂവന്‍ കോഴികളെ. അവര്‍ ഉച്ചത്തില്‍ കൂവിക്കളയും. കോഴികളില്‍ തന്നെ രണ്ടു വിഭാഗമുണ്ടത്രേ. ഒന്ന് കമ്യൂണിസം പ്രസംഗിച്ചു കളയും, മറ്റൊന്ന് സുവിശേഷവും. എന്തായാലും മുന്നിലെ പ്ലേറ്റിലെത്തിയാല്‍ പിന്നെ മാര്‍ക്‌സ് എന്നോ എംഗല്‍സ് എന്നോ വല്ലതുമുണ്ടോ. കോഴിയെ പിടിക്കാനാണു സാറേ പാട് എന്ന് വേലക്കാരന്‍ പയ്യന്റെ വാദം. എന്നാല്‍ പക്ഷപാതിയല്ലാത്ത ഡ്രൈവര്‍ നാണപ്പന്‍ പറയും. അതിനൊക്കെ ഒരു നാ….ക്ക് ഉണ്ട് സാറേ. കോഴികളെ ആദ്യം വശീകരിക്കണം. കണ്ടിട്ടില്ലേ, പാര്‍ട്ടി സഖാക്കന്മാര്‍ പുതിയ അംഗങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നത്. അങ്ങനെ തന്നെ. പയ്യെ വലമുറുക്കണം. പിന്നെ വാളു കൈയില്‍ കൊടുക്കണം. വെട്ടിക്കൊല്ലാന്‍ പറയണം. തല്ലിക്കൊല്ലലിന്റെ ക്ലാസ്സ കഴിയുമ്പോഴേക്കും ഒന്നാന്തരമൊരു ചാവേര്‍ റെഡി. പിന്നെ പ്ലേറ്റിലെത്താന്‍ താമസം വേണ്ട. തൊലിയുരിയുന്നതാ സാറേ അതിലും പാട്.
വീണ്ടും വേലക്കാരന്‍ പഹയന്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ഉയര്‍ത്തി.

തൊലിയുരിക്കണ്ട, താനേ ഉരിഞ്ഞോളും.
നാണപ്പന്‍ സ്വരം താഴ്ത്തിപ്പറഞ്ഞു.

സാറേ കമ്യൂണിസ്റ്റു കോഴികള്‍ സമയം നോക്കാതെ കിടന്നു കൂവുമെന്നേയുള്ളൂ. പത്തു പൈസയുടെ സ്വാഭാവിക വിവരമില്ല. പ്രായോഗിക പരിജ്ഞാനവുമില്ല. അതിനെ ഓടിച്ചിട്ടു പിടിക്കണ്ട. വെല്ലുവിളിച്ചാല്‍ മതി. നമ്മുടെ കാല്‍ച്ചുവട്ടില്‍നിന്ന് ഗര്‍ജ്ജിച്ചോളും. ആ തക്കത്തിന് ദാ, ഇങ്ങനെ പിന്നിലൂടെ വന്ന് കഴുത്തിനു മുകളിലൂടെ കൊങ്ങായ്ക്ക് ഒറ്റ പിടി. ചവിട്ടി വലിച്ച് കൊരവളളി പൊട്ടിച്ചാല്‍ പിന്നെ ഏതു സിദ്ധാന്തവും ദാ, ഇങ്ങനെ വായുവലിച്ച് കിടക്കും.

ചത്തുകഴിഞ്ഞാലും ചിലതുണ്ട്. വര്‍ഗസമരത്തിന്റെയും ട്വിയാന്‍മെന്‍ സ്‌ക്വയറിന്റെ പ്രായോഗികവാദത്തിന്റെയുമൊക്കെ വക്താക്കളുടെ വേഷംകെട്ടി നടക്കുന്നവര്‍. കീഴടങ്ങിയാല്‍ പിന്നെ വെയ്റ്റ് ചെയ്താല്‍ മതി. ജനിച്ചു, ജീവിച്ചു, മരിച്ചു- എന്നിട്ട് എന്തു ചെയ്തു എന്നോര്‍ക്കുമ്പോള്‍ തന്നെ അതിന്റെ തൊലി താനെ ഉരിഞ്ഞിറങ്ങും. കോഴിപ്പിടുത്തത്തിനു ഇങ്ങനെ ചില ട്രിക്കുകളുണ്ട്. കോഴികളുടെ രാഷ്ട്രീയമോ സാംസ്‌കാരികമോ ആയ പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ അത്ര ബോധവാനായിരുന്നില്ല. കലാപങ്ങളുടെയും കലഹങ്ങളുടെയും സന്ധിയില്ലാ സമരം നയിക്കുന്ന കോഴികളെക്കുറിച്ച് ഒരുപാടു പറയാനുണ്ടെന്ന് നാണപ്പന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തത്, കോഴികളുടെ നിറവും വര്‍ഗ്ഗവിപ്ലവത്തിന്റെ നിറവും ഏതാണ്ട് ഒന്നിക്കേണ്ടിവന്നല്ലോ എന്നായിരുന്നു. ഈ ഉപരിപ്ലവമായ ചിന്ത നാണപ്പനുമായി പങ്കിടവേ അയാള്‍ പറഞ്ഞു.

എന്റെ സാറേ, ഇതു പ്രവാസിയായതിന്റെ പ്രശ്‌നമാണ്. ഞങ്ങള്‍ ലോക്കല്‍ കമ്യൂണിസ്റ്റുകള്‍ ഒരിക്കലും മുതലാളിത്ത ബൂര്‍ഷ്വകളായ പ്രവാസികളെ പരിഗണിക്കാറില്ല. അതുപണത്തിന്റെ കൊഴുപ്പുനിറഞ്ഞ ബ്രോയിലര്‍ ചിക്കന്‍ മാതിരിയാണ്. കഴുത്തുവെട്ടുമ്പോഴും അതിനു പിടിക്കാനല്ലാതെ അരുതേ എന്നു പറയാനറിയില്ല. അങ്ങനെയൊരു പ്രതിരോധം ഉയര്‍ത്തിയിരുന്നെങ്കില്‍ ഞങ്ങളൊന്നു ഞെട്ടിയേനെ. കാര്യമൊക്കെ ശരി, നിങ്ങള്‍ വിയര്‍ത്തു നേടിയ കാശുകൊണ്ട് രക്തസാക്ഷിമണ്ഡപം ഉയര്‍ത്തിയാണ് ഞങ്ങളിവിടെ ഭരിക്കുന്നത്. അത് കമ്യൂണിസ്റ്റ് ലെനിനിസത്തിന്റെ ആശയവാദമാണ്. എല്ലാ കോഴികളായ സഖാക്കളും അത് അനുസരിക്കാന്‍ ബാധ്യസ്ഥരുമാണ്. അമൂല്യമായതെന്തോമാതിരി അതു നിങ്ങള്‍ ചോദിക്കുന്നതും ഞങ്ങള്‍ വാങ്ങിത്തരുന്നതും.

നാണപ്പന്‍ തന്റെ കോഴിസിദ്ധാന്തത്തിന്റെ വേലിക്കെട്ടഴിച്ചു.
എനിക്കു രസം കയറി.

അങ്ങനെ നാണപ്പനുമൊന്നിച്ച് ഞങ്ങള്‍ യഥാര്‍ത്ഥ ലക്ഷണമുള്ള ഒരു കോഴിയെ തിരക്കിയിറങ്ങി.

കവലയിലെ കോഴിക്കടയുടെ കാലു കൂട്ടിപ്പിടിപ്പിച്ച ബെഞ്ചില്‍ ഞാനിരുന്നു. നാണപ്പന്‍ ഇടയ്ക്ക് ബീഡി വലിച്ചു. ഞാന്‍ നീട്ടിയ റോത്ത്മാന്‍സ് സിഗരറ്റ് അയാള്‍ പുച്ഛത്തോടെ നിരസിച്ചു. പിന്നെ ചോദിച്ചു വാങ്ങി. കോഴിവെട്ടുകാരന്‍ അന്ത്രപ്പന് സമ്മാനിച്ചു. അയാള്‍ അത് രണ്ട് പുകയെടുത്തശേഷം കോഴിച്ചോരയില്‍ മുക്കി കെടുത്തി പുറത്തേക്കെറിയുന്നതു കണ്ടു. വിമാനത്താവളത്തിനുള്ളിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍നിന്നു അറിഞ്ഞു വാങ്ങിയ സിഗരറ്റാണിത്. കൊള്ളാം, ജനങ്ങള്‍ മാറിയിരിക്കുന്നു.

അത് കാലഘട്ടത്തിന്റെ പ്രശ്‌നമാണെന്നും, കമ്യൂണിസ്റ്റുകള്‍ അതില്‍ മാപ്പുസാക്ഷിയാണെന്നും നാണപ്പന്‍ പറയവേ, കാലുകൂട്ടിക്കെട്ടിയ നാടന്‍ കോഴികളെയും തൂക്കിപ്പിടിച്ച് ഒരു വിദ്വാന്‍ കയറി വന്നു. എന്റെ പ്രിയപ്പെട്ട ലക്ഷണങ്ങളൊത്ത പൂവന്‍കോഴി. അവന്‍ അങ്ങനെ കിരീടം വച്ച് ഗമയില്‍ എന്നെ നോക്കി പുഞ്ചിരിക്കുന്നു. ഞാനും കണ്ണിമയ്ക്കാതെ നോക്കിയിരുന്നു. നൊടിയിടകൊണ്ട് ഞങ്ങള്‍ വല്ലാതങ്ങ് അടുത്തു.
നാണപ്പന്റെ കമ്യൂണിസ്റ്റ് തിയറി ഓഫ് ചിക്കന്‍ പ്രയോഗം പ്രാക്ടിക്കലായി ശരിയാണെന്ന് എനിക്കു തോന്നി. പോളണ്ടിലും റഷ്യയിലുമൊക്കെ ഇങ്ങനെയായിരുന്നുവോ കോഴിയെ പിടിച്ചിരുന്നതെന്നു എനിക്കു സംശയമാക്കൂ. അപ്പോള്‍ നാണപ്പന്‍ പറഞ്ഞു.

കോഴികള്‍ക്ക് വിവരമില്ലെന്ന് ആരാണ് പറഞ്ഞത്?

അത് എല്ലായ്‌പ്പോഴും ചിനയ്ക്കുന്നത് സിന്ദാബാദ് വിളികളാണ്.
ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ്കാരനും അങ്ങനെ തന്നെ.

വ്യക്തികളല്ല, പ്രസ്താനമാണ് വലുതെന്നു പറയുമ്പോഴും പാര്‍ട്ടി ഗ്രാമങ്ങളില്‍ സിന്താബാദ് വിളിക്കാനാണ്, ആ വിളി കേള്‍ക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. ഞങ്ങളോടു ചേര്‍ന്നു നില്‍ക്കുന്ന കോഴികള്‍ക്കു മാറാനൊക്കുമോ. കാരണമത് നാടന്‍ കോഴിയാണ്. എല്ലാ പ്രാപ്പിടിയന്മാരോടും പോരാടി നേടിയ ജന്മമാണ് അതിന്റേത്. അല്ലാതെ ഫാമിനുള്ളിലെ ലൈറ്റ് വെട്ടത്തില്‍ സേഫും സെക്യൂരിറ്റിയുമായി വിരിഞ്ഞിറിങ്ങി എണ്ണം തികച്ചതല്ല. ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരനും കോഴിയും തമ്മില്‍ എന്താണ് വ്യത്യാസം.

ശരിയാണ്, എന്താണ് വ്യത്യാസം – നാണപ്പന്‍ പറയുന്നത് എത്ര കറക്ട്.
ഞാന്‍ കമ്യൂണിസ്റ്റ് പൂവനെ സൂക്ഷിച്ചു നോക്കി.

എന്നെ നിന്റെ സ്വന്തമാക്കൂ എന്നു പറയുന്നതുപോലെ തോന്നി, അല്ല തോന്നിയതല്ല, ഞാനതു കേട്ടു. കോഴിപ്പൂവനെ ഞാന്‍ സ്വന്തമാക്കി. ഇരട്ടി വില കൊടുക്കേണ്ടി വന്നു. നഷ്ടമില്ലെന്നു നാണപ്പന്‍.

കാശ് ഇത്തിരി കൊടുത്താലെന്താ, ഒരു കമ്യൂണിസ്റ്റ് കോഴിയെ തന്നെ കിട്ടിയില്ലേ……അത് സ്വന്തമായിക്കഴിഞ്ഞാല്‍ വെട്ടിവീഴ്ത്തിക്കോണം. അവന് മറിച്ചു ചിന്തിക്കാന്‍ ചാന്‍സ് കൊടുക്കരുത്.

നാണപ്പന്റെ വക ആശംസാ പ്രസംഗം
ഓ, ഇതു സാധാരണ കോഴിയല്ല, കമ്യൂണിസ്റ്റ് കോഴിയാണ്.
എന്റെ വയറ്റില്‍കിടന്നു പുളയാന്‍ കമ്യൂണിസ്റ്റ് ചിക്കന്‍ വെമ്പല്‍ കൊണ്ടു.

ഭാര്യയ്ക്കാണെങ്കില്‍ കോഴിപ്പൂടയൊന്നും പറിക്കാന്‍ മെനക്കെടാന്‍ കഴിയില്ല. ശീലവുമില്. കടയില്‍പോയി ഡ്രസ് ചെയ്യുന്നു എന്ന പേരില്‍ കോഴിയുടെ ഡ്രസ് അഴിച്ചു വാങ്ങുകയാണല്ലോ പതിവ്. കോഴിക്കടയുടെ മുന്നില്‍ ക്യൂ രൂപം കൊള്ളുന്നു. കൊല്ലാന്‍ രണ്ടാമതൊരാളെ ഏല്പിക്കുന്നതാണ് ബുദ്ധി. പാപമെടുത്തു തലയില്‍ വെയ്ക്കണ്ടല്ലോ……..

ക്യൂ മുന്നേറവേ….എല്ലാവരും എന്നേയും കൈയിലുള്ള കോഴിയേയും മാറിമാറി നോക്കുന്നു. കോഴിക്കടയില്‍ കോഴിയുമായി വന്നതെന്തിനെന്ന ചോദ്യം എല്ലാ കണ്ണുകളിലും. കമ്യൂണിസ്റ്റു കോഴിയെ വില്‍ക്കാന്‍ വന്നതായിരിക്കുമെന്ന് പലരും കരുതിക്കാണും. എന്റെ മുന്നിലുള്ള ക്യൂ ചെറുതായി വന്നു. ഒടുവില്‍ എന്റെ ഊഴമെത്തി.

ഈ കോഴിയെകൊന്ന് നാടന്‍ രീതിയില്‍ പൂട പറിക്കണം.
ഞാന്‍ ഒട്ടൊരു ഭവ്യതയോടെ ആവശ്യം അറിയിച്ചു.

കൂടെ കടക്കാരനും കോഴിയെ വാങ്ങാന്‍ വന്നവര്‍ക്കുമായി ചെറിയൊരു വിശദീകരണവും നല്കി.

പൂടി പറിച്ചെടുക്കുന്ന കോഴിയുടെ ഇറച്ചിയും കടയില്‍ തൊലിയുരിച്ചെറിയുന്ന കോഴിയുടെ ഇറച്ചിയും തമ്മില്‍ വലിയ രുചിവ്യത്യാസമുണ്ട്. ഈ നാടന്‍ രീതികള്‍ മറക്കാതിരിക്കാനാണ് ഞാന്‍ ഇടയ്ക്കിടെ അമേരിക്കയില്‍നിന്ന് ഇങ്ങോട്ടു വരുന്നതു തന്നെ.

അധികം വിശദീകരണം വേണ്ടെന്ന് നാണപ്പന്‍ എന്നെ നോക്കി കണ്ണിറുക്കി. അവരുടെ കണ്ണില്‍ സാമ്രാജ്യവിരുദ്ധവികാരം അലയടിക്കുന്നുണ്ടോ. അമേരിക്ക എന്നു കേട്ടപ്പോള്‍ ഒരു തരിപ്പ്. കണ്ണുകളില്‍ ചുവപ്പു പടരുന്നത്, അയാളുടെ കൈയിലിരിക്കുന്ന കൊലക്കത്തി എന്റെ നേരെ ഉയര്‍ന്നു താഴുന്നത് ഒക്കെ ഞാന്‍ ഒരു നിമിഷം മുന്നിലൂടെ കണ്ടു.

ഞാന്‍ പോക്കറ്റില്‍ കൈയിട്ടു. പള പള മിന്നുന്ന നൂറിന്റെ നോട്ട് അയാള്‍ക്കായി ഞാന്‍ പ്രദര്‍ശിപ്പിച്ചു കൊലച്ചിരിയില്‍ വസന്തം വിരിയുന്ന മാജിക് ഞാന്‍ കണ്ടു.

കടക്കാരന്‍ കമ്യൂണിസ്റ്റ് കോഴിയെ വാങ്ങി.
കൊല്ലുന്നതിനുമുമ്പ് ചില ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ട്.

അക്കാര്യത്തില്‍ ബ്രോയിലറിനും കമ്യൂണിസ്റ്റ് നാടന്‍ കോഴിക്കുമൊക്കെ തുല്യമായ ആചാരങ്ങള്‍. സ്വാഭാവിക ചാകലാണെങ്കില്‍ ബ്രോയിലറെ തൂക്കിയെടുത്തു കോര്‍പ്പറേഷന്റെ കൊട്ടയിലെറിയും. നാടനെ കുഴിച്ചിടും. ഇവിടെ അതല്ലല്ലോ കാര്യം.

കാശു കൊടുത്തു കൊല്ലിക്കയാണ്. അതായത് കരുതിക്കൂട്ടിയുള്ള കൊലപാതകം. അതും നല്ല സിദ്ധാന്തവും ആശയങ്ങളുമൊക്കെയുള്ള ചുവന്ന കമ്യൂണിസ്റ്റു കോഴിയെ. അപ്പോള്‍ രസം കൂടും. കാശു കൊടുക്കുമ്പോള്‍ രുചി കുറച്ചു മണിക്കൂറെങ്കിലും നാവില്‍ നില്‍ക്കും. അതാണ് നാടന്റെ ടേസ്റ്റ്.

കൊല്ലും മുമ്പ് അന്ത്യാഭിലാഷം നിറവേറ്റുന്നതുപോലെ വെള്ളം കൊടുക്കുന്ന പതിവുണ്ടത്രേ. കാലിലെ കെട്ടഴിച്ച്, വെള്ളം നിറച്ച ചെറിയ പാത്രത്തിനു മുന്നില്‍ കോഴിയെ പിടിച്ചു വയ്ക്കുകയും അവന്‍ സര്‍വശഖ്തിയുംസംഭരിച്ച് ഒറ്റയോട്ടം. പിത്തം പിടിച്ചു ചീര്‍ത്ത വൈറ്റ് ലഗൂണുകളെ മാത്രം കണ്ടു പരിചരിച്ച കടക്കാരന്‍ അങ്ങനെയൊരു കമ്യൂണിസ്റ്റു കുതറിയോടല്‍ തീരെ പ്രതീക്ഷിച്ചില്ല. കടയുടെ പിന്നിലൂടെ ഇറങ്ങിയോടിയ കമ്യൂണിസ്റ്റു കോഴിക്കു പിന്നാലെ അവനും അവന്റെ പിന്നാലെ ഞാനും എന്റെ പിന്നാലെ ആശയ സംഘട്ടനങ്ങളുടെ നടുവേദനയുമായി നാണപ്പനും ഓടി.

കോഴിയെ വാങ്ങാന്‍ വന്നവര്‍ക്കു സമയം പോകുന്നതിന്റെ അരിശം. ഒപ്പം കോഴി ഞങ്ങള്‍ മൂന്നു വര്‍ഗവഞ്ചകരെ വെട്ടിച്ചോടുന്നതു കാണാനുള്ള രസവും. വഴിപോക്കരും കാഴ്ചകണ്ടു നിന്നു.

ബഹുരാഷ്ട്ര കുത്തകയോടുള്ള ഒരു ജീവന്‍മരണ പോരാട്ടത്തിന്റെ കാതല്‍ എന്തു തന്നെയായാലും കാഴ്ചക്കാരേറി. പോരിനു മൂര്‍ച്ച കൂടി.
പാഞ്ഞു വന്ന് ബ്രേക്കിട്ടത് പാണ്ടിലോറി. നടുറോഡില്‍ കിടന്നാണല്ലോ അഭ്യാസം. ഡ്രൈവറുടെ വക ആശയസമര സിദ്ധാന്തത്തിന്റെ പുതിയ വാക്‌ധോരണികള്‍. ഞങ്ങളുടെ ശ്രദ്ധ ഡ്രൈവറുടെ നേരെ തിരിഞ്ഞതും കമ്യൂണിസ്റ്റ് കോഴി സിനിമാ സ്റ്റൈലില്‍ ലോറിയുടെ പിന്നിലേക്കു ചാടിക്കയറിയതും ഒരുമിച്ച്.

അറിഞ്ഞോ അറിയാതെയോ കമ്യൂണിസ്റ്റ് കോഴിയെയും കൊണ്ട് ലോറി ദൂരേയ്ക്കു മറയുന്നതാണ് പിന്നെ കണ്ടത്.
ഞാനും കടക്കാരനും മുഖത്തോടു മുഖം നോക്കി.
നാണപ്പന്‍ പറഞ്ഞു.
അത് മാവോയിസ്റ്റുകളുടെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ്.
ആ സഖാവിനെ അവര്‍ക്ക് വേണം.

Email : [email protected], www.karoorsoman.com

ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടന യുക്മയുടെ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മെയ് ലക്കം പുറത്തിറങ്ങി. പതിവ് പോലെ യുകെയിലെ എഴുത്തുകാരുടെ രചനകള്‍ക്കൊപ്പം പ്രമുഖ എഴുത്തുകാരുടെയും കൃതികളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപകടകരമായ ചില കടന്നു കയറ്റങ്ങള്‍ ഇന്ത്യ എങ്ങോട്ടാണ് എന്ന ചോദ്യം ഓരോ ഭാരതീയന്റെയും മനസ്സില്‍ ഭയാശങ്കകള്‍ ഉളവാക്കുന്നുവെന്നു എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. സൂരജ് കണ്ണന്‍ എഴുതിയ ശ്രീലങ്ക: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം എന്ന ലേഖനത്തില്‍ ശ്രീലങ്കയുടെ ചരിത്രം വിവരിച്ചിരിക്കുന്നു. ജോര്‍ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്ര എന്ന പംക്തിയില്‍ തന്റെ സ്‌കൂള്‍ പഠനകാലത്തെ രസകരമായ ഒരനുഭവം പത്താംതരം എന്ന അധ്യായത്തില്‍ വിവരിക്കുന്നു.

കടലിനെക്കുറിച്ചു ഉണ്ടായിരുന്ന സങ്കല്‍പ്പങ്ങളെ തകിടം മറിച്ച കടല്‍ യാത്രയെക്കുറിച്ചു കനിവിന്റെ കടലറിവുകള്‍ എന്ന ലേഖനത്തില്‍ രശ്മി രാധാകൃഷ്ണന്‍ എഴുതുന്നു. രാജീവ് സോമശേഖരന്‍ എഴുതിയ ചിത്രഗുപ്താ നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?, എസ്. ജയേഷ് എഴുതിയ ഒന്നിടവിട്ട ശനിയാഴ്ചകള്‍, ജിതിന്‍ കെരച്ചന്‍ ഗോപിനാഥ് എഴുതിയ
എങ്കിലും വേനല്‍മഴ പെയ്യാതെയിരിക്കട്ടെ, ബീന റോയി എഴുതിയ റിട്ടൈയസമ്പന്നമാക്കുന്നു. ര്‍മെന്റ് ഹോം എന്നീ കഥകള്‍ വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന രചനകളാണ്.

ബിനു ആനമങ്ങാട് രചിച്ച സുഡോക്ക്, സ്മിത മീനാക്ഷി രചിച്ച ബ്ലാക് ഈസ് ബ്യുട്ടിഫുള്‍ എന്നീ കവിതകളും ജ്വാല മെയ് ലക്കത്തെ സമ്പന്നമാക്കുന്നു.

ജ്വാല മെയ് ലക്കം വായിക്കുവാന്‍ ഇവിടെ  ക്ലിക് ചെയ്യുക 

 

സ്വന്തം ലേഖകന്‍

കൊച്ചി : ” മൊഴിമുറ്റം അക്ഷരസംഗമം 2018 ”  മെയ് 13 ഞായറാഴ്ച സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ. കലയുടെ ഈറ്റില്ലമായ സാഹിത്യ അക്കാദമിയിൽ ചങ്ങമ്പുഴ സംസ്കാരിക കേന്ദ്രത്തിൽ രാവിലെ 10.00 മണിക്ക് തുടക്കം കുറിക്കുന്നു. വേദിയും സദസ്സുമെന്ന വേർതിരിവുകളില്ലാതെ അക്ഷരസുമനസുകളൊത്തുകൂടുന്ന വേളയിൽ വായനയുടെ വഴിയിലേക്ക് ഓരോരുത്തരേയും കൈപിടിച്ചു നടത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കൊരു ചുവടുവെപ്പായ് മുഖ്യധാരാ എഴുത്തുകാരുടെ സൃഷ്ടികൾ ഉള്‍ക്കൊള്ളുന്ന അക്ഷരസംഗമം 2018.

സ്മരണികപ്രകാശനം , മൊഴിമുറ്റത്തെ അക്ഷരസൗഹൃദങ്ങളുടെ കവിതാസമാഹാരമായ ‘ കാലത്തോട് കലഹിക്കുന്ന കവിതകൾ ‘ പ്രകാശനം , തുടങ്ങിയവയോടൊപ്പം അംഗങ്ങൾക്കിടയിലെ എഴുത്തുകാരുടെ പ്രസിദ്ധീകൃതമായ കൃതികൾ പരിചയപ്പെടുത്തുകയും അവയുടെ വില്പനയ്ക്കായ് സൗകര്യവുമൊരുക്കുന്നു.

സാഹിത്യപരമായ വിവിധ വിഷയങ്ങളിലധിഷ്ഠിതമായ ചർച്ചകൾ , സാഹിത്യസംവാദങ്ങൾ , കവിതാലാപനം തുടങ്ങിയവ സംഗമത്തിന് മാറ്റുകൂട്ടുന്നു . അക്ഷരങ്ങളിലൂടെ സംവേദനക്ഷമമാകുന്ന സംസ്കൃതിയുടെ കൈമാറ്റത്തിന്റെ ഒരവിസ്മരണീയ മുഹൃത്തമായ് മനസിലെന്നെന്നും വായനയുടെ , അറിവിന്റെ , സ്നേഹത്തിന്റെ സംഗമദിനമായ് മാറ്റുവാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

അക്ഷരങ്ങൾ കൊണ്ടു നമ്മെ മോഹിപ്പിച്ച പ്രതിഭാധനരായ വ്യക്തിത്വങ്ങൾ , വായനയുടെ പുതുലോകം നമുക്കായ് തുറന്നു തരുന്ന അസുലഭാവസരത്തിന് സാക്ഷികളാകുവാനുള്ള തയ്യാറെടുപ്പിലാണോരോരുത്തരും.

റജി നന്തികാട്ട്

പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഏപ്രില്‍ ലക്കം പ്രസിദ്ധീകരിച്ചു. ഭാരതത്തില്‍ ദിവസേനയെന്നോണം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ ഭാരതത്തെ ലോകത്തിന്റെ മുന്നില്‍ തല കുനിച്ചു നില്‍ക്കേണ്ട അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു എന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. എപ്പോഴും വിമര്‍ശനങ്ങള്‍ നേരിടുന്ന കേരള സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകള്‍ ഇത്തവണ ചരിത്രം സൃഷ്ടിച്ചു. നല്ല നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സിനെയും ജെ.സി. ഡാനിയേല്‍ പുരസ്‌കാരം നേടിയ ശ്രീകുമാരന്‍ തമ്പിയെയും എഡിറ്റോറിയലില്‍ പ്രത്യേകം അഭിനന്ദിച്ചു.

ശ്രീകുമാരന്‍ തമ്പിയുടെ ജീവിതത്തെ വിലയിരുത്തി സംഗീത നായര്‍ എഴുതിയ ശ്രീകുമാരന്‍ തമ്പി ചലച്ചിത്ര പ്രതിഭ എന്ന ലേഖനം ഈ ലക്കത്തിന്റെ ഈടുറ്റ രചനയാണ്. വായനക്കാരുടെ ഇഷ്ട പംക്തി ജോജ്ജ് അറങ്ങാശ്ശേരി എഴുതുന്ന സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ ഇത്തവണ വളരെ രസകരമായ ഒരു അനുഭവം വിവരിക്കുന്നു. ബാബു ആലപ്പുഴയുടെ നര്‍മ്മകഥ മദ്യം മണക്കുന്നു ആനുകാലിക വിഷയം രസകരമായി എഴുതിയിരിക്കുന്നു.
യുകെയിലെ എഴുത്തുകാരായ ബീന റോയ് എഴുതിയ അയനം എന്ന കവിതയും നിമിഷ ബേസില്‍ എഴുതിയ മരണം എന്ന കവിതയും അര്‍ത്ഥ സമ്പുഷ്ടമായ രചനകളാണ്.

യുക്മ റീജിയന്‍ പ്രസിഡണ്ടും നല്ലൊരു സംഘാടകനും ജ്വാല ഇ മാഗസിന്റെ വളര്‍ച്ചയില്‍ നല്ലൊരു പങ്കു വഹിച്ചിരുന്ന ശ്രീ. രഞ്ജിത് കുമാറിന്റെ മരണം യുകെയിലെ സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമായിരുന്നു. മാത്യു ഡൊമിനിക് രചിച്ച സ്മൃതിയുടെ വീഥിയില്‍ എന്ന കവിത രഞ്ജിത്കുമാറിന്റെ ഓര്‍മ്മ നമ്മില്‍ ഉണര്‍ത്തും. സി.വി.കൃഷ്ണകുമാര്‍ എഴുതിയ പഠനസാമഗ്രികള്‍, സുനില്‍ ചെറിയാന്‍ എഴുതിയ രണ്ടേ നാല്, ഡോ. അപര്‍ണ നായര്‍ എഴുതിയ മോളിക്കുട്ടിയുടെ ട്രോളി എന്നീ കഥകള്‍ ജ്വാലയുടെ കഥ വിഭാഗത്തെ സമ്പന്നമാക്കുന്നു. വി. കെ. പ്രഭാകരന്റെ എഴുതിയ ഓര്‍മ്മകള്‍ ഭഗവന്‍ പുലിയോടു സംസാരിക്കുന്നു, രശ്മി രാധാകൃഷ്ണന്‍ രചിച്ച യാത്രാനുഭവം പാട്ടായ അഥവാ കടലിനു തീറെഴുതിയ നഗരം വായനയുടെ വിശാലമായ ലോകത്തേക്ക് വായനക്കാരെ നയിക്കുന്നു.

ഏപ്രില്‍ ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

RECENT POSTS
Copyright © . All rights reserved