literature

‘കട്ടന്‍ കാപ്പിയും കവിതയും’ എന്ന സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ പരിപാടിയില്‍ ഡോ : മുരളി തുമ്മാരുകുടി പങ്കെടുക്കുന്നു. ഈ വരുന്ന ഏപ്രില്‍ 14 ശനിയാഴ്ച്ച, വിഷുവിന് വൈകീട്ട് 5 മുതല്‍ 8 വരെയാണ് ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ’ യുടെ ആഭിമുഖ്യത്തില്‍ ലണ്ടനിലെ മാനര്‍ പാര്‍ക്കിലുള്ള കേരള ഹൗസില്‍ വെച്ച് ഈ ഒത്തുകൂടല്‍ അരങ്ങേറുന്നത്. അന്താരാഷ്ട്ര പ്രശസ്തനായ ഗ്രന്ഥകാരനും പ്രഭാഷകനും ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാമില്‍ (UNEP) ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമാണ് ഡോ. മുരളി തുമ്മാരുകുടി.

ലോകത്തിലെ ഒട്ടുമിക്ക മഹാദുരന്തങ്ങളും നടന്ന സ്ഥലങ്ങളില്‍ നേരിട്ട് പോയി കണ്ടിട്ട് ദുരന്ത നിവാരണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇദ്ദേഹത്തിനാണ് കഴിഞ്ഞ വര്‍ഷത്തെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് എന്നുള്ളതും വളരെ കൗതുകകരമായ ഒരു കാര്യം തന്നെയാണ്. ‘ചില നാട്ടു കാര്യങ്ങള്‍’ എന്ന ഹാസ്യ സാഹിത്യ ഗ്രന്ഥത്തിനായിരുന്നു പുരസ്‌കാരം. അദ്ദേഹത്തിന്റെ വായനക്കാര്‍ക്ക് ഈ വാര്‍ത്തയില്‍ അത്ഭുതമില്ല.

യാത്രകളോട് എന്നും ആര്‍ത്തി പുലര്‍ത്തുന്ന മുരളി തുമ്മാരുകുടി തന്റെ ആഗോള പര്യടനത്തിന്റെ ഇടവേളകളില്‍ ചരിത്രവും , ഭൂമിശാസ്ത്രവും ചിരിയും ചിന്തയും കലര്‍ത്തി ‘തുമ്മാരുകുടിക്കഥകള്‍’ എന്ന പേരില്‍ ബ്ലോഗെഴുത്തിനും സമയം കണ്ടെത്തുന്ന നല്ലൊരു സാഹിത്യകാരന്‍ കൂടിയാണ്. അതുപോലെ മാതൃഭൂമി ഓണ്‍ലൈനില്‍ അദ്ദേഹം എഴുതിയ ഒരിടത്തൊരിടത്ത് എന്ന പംക്തിക്ക് ധാരാളം വായനക്കാര്‍ ഉണ്ട്. കൂടാതെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അനേക വിഷയങ്ങളെപ്പറ്റി നിരന്തരം പല സോഷ്യല്‍ മീഡിയ തട്ടകങ്ങളിലും എന്നുമെന്നോണം എഴുതുന്ന ഇദ്ദേഹം ലോകത്തുള്ള ഏത് ദേശങ്ങളിലും എത്തിപ്പെടുമ്പോള്‍ അവിടങ്ങളിലുള്ള വായന മിത്രങ്ങളുമായി പല വര്‍ത്തമാന സദസ്സുകളിലും പങ്കെടുക്കുകയും ചെയ്യാറുണ്ട്.

അതായത് മലയാളത്തില്‍ പ്രചോദനാത്മക സാഹിത്യം കൈകാര്യം ചെയ്യുന്ന വളരെ വിരളമായ എഴുത്തുകാരില്‍ ഒരു വല്ലഭന്‍ കൂടിയാണ് ഇന്ന് ‘എം.ടി .രണ്ടാമന്‍’ എന്ന് വിളിക്കപ്പെടുന്ന മുരളി തുമ്മാരുകുടി. ‘ചില നാട്ടു കാര്യങ്ങള്‍’, ‘കാഴ്ച്ചപ്പാടുകള്‍’, ‘തുമ്മാരുകുടി കഥകള്‍’, ‘വീണ്ടും ചില നാട്ടു കാര്യങ്ങള്‍’, ‘സുരക്ഷയുടെ പാഠങ്ങള്‍’, ‘ഒരുങ്ങാം വിനോദ യാത്രക്ക്’, ‘എന്ത് പഠിക്കണം എങ്ങിനെ തൊഴില്‍ നേടാം’ എന്നീ മലയാളം പുസ്തകങ്ങള്‍ അടക്കം ആംഗലേയത്തിലും മറ്റും അനേകം ലേഖനങ്ങളും മുരളി തുമ്മാരുകുടി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആഗോളതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഭാരതത്തിലെ വിവിധ സംഘടനകളുമായി ചേര്‍ന്ന് സുരക്ഷയും ദുരന്താഘാത ലഘൂകരണവുമായി ബന്ധപ്പെട്ട അനേകം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും ഈ ശാസ്ത്ര ചിന്തകന്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അന്നത്തെ കട്ടന്‍കാപ്പിയും കവിതയും എന്ന സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ ഒത്തുകൂടല്‍ പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഡോ. മുരളി തുമ്മാരുകുടി ആനുകാലിക സാഹിത്യ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നു.

അതോടൊപ്പം ശതവാര്‍ഷികം ആഘോഷിക്കുന്ന സ്ത്രീ വോട്ടവകാശത്തെപ്പറ്റിയും സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും അദ്ദേഹം ചര്‍ച്ച നയിക്കുന്നു. പതിവുപോലെ വട്ടം കൂടിയിരുന്ന് അദ്ദേഹത്തോടൊപ്പം നമുക്ക് വര്‍ത്തമാനം പറയാം. ഏവര്‍ക്കും സ്വാഗതം.

Date :-
Saturday 14 April 2018 | Time: 5m

Venue :-
Kerala house, 671 Romford Road . London E12 5AD .

അടുത്ത ദിവസം ഏപ്രില്‍ 15ന് ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതല്‍ ഇതേ വേദിയില്‍ വെച്ചുതന്നെ ‘കട്ടന്‍ കാപ്പിയും കവിതയും’ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തന്നെ, കവി കുരീപ്പുഴ ശീകുമാറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും നടത്തുന്നു. കവിയുമായി ഫോണില്‍ കൂടി സംസാരിക്കുന്നു. ഏവര്‍ക്കും സ്വാഗതം.

മാവേലിക്കര : കാരൂര്‍ സോമന്റെ (ലണ്ടന്‍) ക്രൈം നോവല്‍ കാര്യസ്ഥന്‍ മാവേലിക്കര റസ്റ്റ് ഹൗസില്‍ വെച്ച് മലയാള-സംസ്‌കൃത പണ്ഡിതനും എഴുത്തുകാരനുമായ വി.പി. ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി.മാവേലിക്കര, സംസ്‌കാരിക നായകനും സാഹിത്യ പോഷിണിയുടെ ചീഫ് എഡിറ്ററുമായ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ജോര്‍ജ് തഴക്കര പുസ്തകം പരിചയപ്പെടുത്തി. സമൂഹത്തില്‍ അറിയപ്പെടുന്ന രാഷ്ട്രീയക്കാരുടെ കണ്ണിലുണ്ണിയും കോടിശ്വരനുമായ ശങ്കരന്‍ നായരുടെ ലൈംഗിക അവയവം വളരെ നിന്ദ്യവും ക്രൂരവുമായ വിധത്തില്‍ അരിഞ്ഞെടുത്തത് ജനമനസ്സുകളില്‍ സജീവ ചര്‍ച്ചയ്ക്കും പ്രതിഷേധ സമരത്തിനും ഇടയാക്കി. അത് സര്‍ക്കാരിനും തലവേദനയുണ്ടാക്കി പോലീസ്-ക്രൈം ബ്രാഞ്ച് എത്ര തപ്പിത്തടഞ്ഞിട്ടും കുറ്റവാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാധാരണ കുറ്റവാളികള്‍ക്കെതിരെ ദൈവത്തിന്റെ കൈയ്യൊപ്പുപോലെ എന്തെങ്കിലും തെളിവ് ലഭിക്കുന്നതാണ്.

കുറ്റവാളി ഒരു തുമ്പും കൊടുക്കാതെയാണ് രക്ഷപ്പെട്ടിരിക്കുന്നത്. ഇതു സമൂഹത്തില്‍ തിളച്ചുപൊന്തുമ്പോഴാണ് ലണ്ടനില്‍ പഠിച്ച് ഇന്ത്യയില്‍ ഐ.പി.എസ്. എഴുതി ഡല്‍ഹിയില്‍ കുറ്റാന്വേഷണ വകുപ്പില്‍ ജോലി ചെയ്തിരുന്ന മലയാളിയും അതീവ സുന്ദരിയും ധാരാളം തുമ്പില്ലാത്ത കേസ്സുകള്‍ തെളിയിച്ചിട്ടുള്ള ധൈര്യശാലിയായ കിരണ്‍ ഐ.പി.എസിനെ ഈ കേസ് ഏല്‍പിക്കുന്നത്. പലപ്പോഴും ഭരണകക്ഷികള്‍ പോലീസിനെ ദുരുപയോഗം ചെയ്ത് കുറ്റവാളികളെ സംരക്ഷിക്കുന്ന ഈ കാലത്ത് കുറ്റാന്വേഷകയും അധികാരികളുമായി ഏറ്റുമുട്ടുന്ന സംഘര്‍ഷഭരിതമായ ഈ ക്രൈം നോവല്‍ ഭരണത്തിലുള്ളവര്‍ക്കും നിയമവാഴ്ചയ്ക്കും ഒരു മുന്നറിയിപ്പാണ് നല്കുന്നത്. മാത്രവുമല്ല സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധമായ ജാതിമത പീഡനങ്ങള്‍ക്കും അതിലൂടെ രാഷ്ട്രീയ കച്ചവടം ചെയ്യുന്നവര്‍ക്കും ഈ നോവല്‍ ഒരു വെല്ലുവിളിയാണ്. ഉന്നതകുലജാതയായ കിരണ്‍ എന്ന സുന്ദരി ഒരു താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നു. അവരുടെ വിശ്വാസം ഈശ്വരന്‍ മനസ്സിലാണ് അത് മതങ്ങളില്‍ അല്ലെന്നും മനുഷ്യനെ മതമായി വേര്‍തിരിച്ചു കാണുന്നവരുടെ കച്ചവടം തിരിച്ചറിയണമെന്നും പഠിപ്പിക്കുന്നു. ഇതില്‍ പ്രണയനിര്‍വൃതിയുടെ സുന്ദരമായ ധാരാളം മുഹൂര്‍ത്തങ്ങള്‍ കാണാം.

പുതുമയാര്‍ന്ന ഈ ക്രൈം നോവല്‍ ആര്‍ക്കും ആഹ്ലാദത്തിമിര്‍പ്പോടെ വായിക്കാവുന്നതാണ്. ക്രൈം നോവലുകള്‍ കുറയുന്ന ഈ കാലത്തു സാഹിത്യപ്രസ്ഥാനങ്ങള്‍ കുറ്റാന്വേഷണ നോവലുകളെ ഗൗരവപൂര്‍വ്വം കാണണമെന്നും ഫ്രാന്‍സിസ് ടി.മാവേലിക്കര അഭിപ്രായപ്പെട്ടു. കാരൂര്‍ സോമന്‍ കഥയും സംഭാഷണവുമെഴുതി ഫെബി ഫ്രാന്‍സിസ് സംവിധാനം ചെയ്യുന്ന പ്രിന്റ് വേള്‍ഡ് ന്യൂഡല്‍ഹി നിര്‍മ്മിക്കുന്ന ഷോര്‍ട്ട് ഫിലിമിന് ജോര്‍ജ് തഴക്കര എല്ലാവിധ ആശംസകളും നേര്‍ന്നു. മനോരമ ഓണ്‍ലൈനില്‍ വന്ന ഈ ക്രൈം നോവല്‍ പ്രസിദ്ധീകരിച്ചത് പാവനാലൂ പബ്ലിക്കേഷന്‍സ് ആണ്. കാരൂര്‍ സോമന്‍ നന്ദി പ്രകാശിപ്പിച്ചു.

റെജി നന്തികാട്ട്

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന യുകെയിലെ പ്രമുഖ സാഹിത്യകാരി ബീന റോയിയുടെ ‘ക്രോകസിന്റെ നിയോഗങ്ങള്‍’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകര്‍മ്മം 2018 ഏപ്രില്‍ 7 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഈസ്റ്റ് ഹാമില്‍ ട്രിനിറ്റി സെന്ററില്‍ വെച്ച് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ ‘വര്‍ണ്ണനിലാവി’നോടനുബന്ധിച്ചു നടത്തപ്പെടുന്നു. യുക്മ ദേശീയ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് പുസ്തകത്തിന്റ പ്രഥമ പതിപ്പ് സാഹിത്യകാരി സിസിലി ജോര്‍ജ്ജിന് നല്‍കികൊണ്ട് പ്രകാശനം കര്‍മ്മം നിര്‍വഹിക്കും. സാഹിത്യകാരന്‍ ജിന്‍സണ്‍ ഇരിട്ടി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും.

ബ്രിട്ടനിലെ കെന്റില്‍ കുടുംബസമേതം താമസിക്കുന്ന ബീന റോയി യുകെയിലെ സംഗീത വേദികളില്‍ തന്റെ അനുപമമായ ശബ്ദ മാധുര്യം  കൊണ്ട് സംഗീത പ്രേമികളുടെ പ്രിയ ഗായകന്‍ റോയി സെബാസ്‌ററ്യന്റെ ഭാര്യയാണ്. അനാമിക് കെന്റിന്റെ ബാനറില്‍ അടുത്തയിടെ
പുറത്തിറങ്ങിയ വീഡിയോ സംഗീത ആല്‍ബം ബൃന്ദാവനിയുടെ ഗാനങ്ങള്‍ രചിച്ചത് ബീനയും പ്രധാന ഗായകന്‍ റോയിയും ആയിരുന്നു. ഈ സംഗീത ആല്‍ബം മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ബീന റോയിയുടെ കവിതകള്‍ ആദ്യമായിട്ടാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്

ഭാഷാ പരിജ്ഞാനം കൊണ്ടും പദ സമ്പന്നത കൊണ്ടും അനുഗൃഹീതയായ എഴുത്തുകാരിയാണ് ബീന റോയി. ആശയത്തോടും അവതരണത്തോടും പ്രകടിപ്പിക്കുന്ന ആഴമേറിയ പ്രതിബദ്ധത പ്രകടമാക്കുന്ന കവിതകളുടെ സമാഹാരമാണ് ക്രോകസിന്റെ നിയോഗങ്ങള്‍. പ്രസിദ്ധ സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ എഴുതിയ പ്രൗഢമായ അവതാരികയും ആധുനിക കവികളില്‍ മുന്നില്‍ നില്‍ക്കുന്ന കുഴുര്‍ വില്‍സണ്‍ എഴുതിയ ആസ്വാദനവും കൃതിയുടെ മഹത്വം വര്‍ധിപ്പിക്കുന്നു. പുസ്തക പ്രകാശന ചടങ്ങിലേക്ക് ഭാഷാ സ്‌നേഹികളെ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.

കോഴിക്കോട്: സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടെന്ന് എം.ടി.വാസുദേവന്‍ നായര്‍. സാഹിത്യത്തെ പാഠ്യപദ്ധതിയില്‍ നിന്ന് ആട്ടിപ്പായിക്കുകയാണ്. കുട്ടികള്‍ക്ക് ഭാഷയും സാഹിത്യവും അറിയില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും എംടി പറഞ്ഞു. ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലാണ് എംടി ഇക്കാര്യം പറഞ്ഞത്.

തന്റെ കവിതകള്‍ പാഠപുസ്തകങ്ങളിലും ഗവേഷണങ്ങള്‍ക്കും ഉപയോഗിക്കരുതെന്നായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. ഒരു പൊതുപരിപാടിയില്‍ അക്ഷരത്തെറ്റുകള്‍ നിറഞ്ഞ കുറിപ്പ് ഒരു വിദ്യാര്‍ത്ഥി കൈമാറിയതിനെത്തുടര്‍ന്നാണ് നിലവിലുള്ള പാഠ്യപദ്ധതിക്കെതിരെ പ്രതിഷേധവുമായി ചുള്ളിക്കാട് രംഗത്തെത്തിയത്.

ചുള്ളിക്കാടിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ ചുള്ളിക്കാടിന്റെ വാദത്തെ എതിര്‍ത്തു. എല്ലാവരും ഇത്തരം പ്രസ്താവനകള്‍ ഇറക്കിയാല്‍ ഭാഷ എങ്ങനെ പഠിപ്പിക്കുമെന്ന ചോദ്യമാണ് രാധാകൃഷ്ണന്‍ ഉന്നയിച്ചത്.

വേദനിപ്പിച്ചില്ല ആ പ്രണയം….ബിജോ തോമസ് അടവിച്ചിറ എഴുതുന്നു

വീണ്ടും എന്റെ ഓർമ്മകളിലേക്ക് ഓടി എത്തി ആ നീറുന്ന നൊമ്പരം….. നേർത്ത മഞ്ഞു മൂടിയ രാവിൽ മഞ്ഞപ്പൂക്കൾ പരവതാനി വിരിച്ച പാതയിലൂടെ ഞാൻ നടന്നു നീങ്ങുമ്പോൾ എന്റെ കണ്ണുകളിൽ പതിഞ്ഞ ആ മുഖം . എന്നും എന്റെ പ്രഭാത സഞ്ചാരത്തിന അതൊരു പ്രചോദനമായി. സ്വപ്‌നങ്ങളും മോഹങ്ങളും നെയ്തുകൊണ്ടുള്ള ആ സഞ്ചാരത്തിൽ നമ്മുടെ കണ്ണുകൾ ഇടഞ്ഞപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളിൽ ഞാൻ എന്നും കാണാറുള്ള വെള്ളാരംകണ്ണുള്ള  രാജകുമാരിയുടെ  മുഖം ഇതാണെന്നു.
പിന്നീടുള്ള ദിനങ്ങൾ എനിക്ക് നിന്നെ കാണാനും അറിയാനുമുള്ളതായിരുന്നു. പുഴയിലേക്ക് ചാഞ്ഞു നിന്ന ആ മരത്തിൽ ചാരി ഞാൻ അന്ന് നിന്നെയും കാത്തിരുന്നപ്പോൾ മനസ്സിൽ ഞാൻ നെയ്ത സ്വപ്നങ്ങൾക്ക് വർണ്ണ വസന്തം നൽകുകയായിരുന്നു. നീ അറിയാതെ നിന്നെ ഞാൻ അറിയാൻ ശ്രമിച്ചു . ദിനരാത്രങ്ങൾ കടന്നുപോയപ്പോൾ മനസ്സിലെ പ്രണയത്തിന്റെ പൂമൊട്ടുകൾ വിരിഞ്ഞു തുടങ്ങി . പാതി വിരിഞ്ഞ പ്രണയത്തിന്റെ പനിനീർ പുഷ്പം ഞാൻ അന്ന് നിനക്ക് നൽകുവാൻ കൊതിച്ചപ്പോൾ നീ എന്നിൽ തിരഞ്ഞതും എനിക്കേകിയതും സൗഹൃദത്തിൻ പൂച്ചെണ്ടുകൾ ആയിരുന്നു …. നീ കൊതിച്ചതും സൗഹൃദം മാത്രമായിരുന്നു… എന്നിലേക് നീട്ടിയ സൗഹൃദത്തിന്റെ പൂച്ചെണ്ടുകൾ ഞാൻ സ്വകാരിച്ചു , പാതി വിരിഞ്ഞ പ്രണയത്തിന്റെ പനിനീർ പുഷ്പം മനസ്സിന്റെ ചില്ലുകൂട്ടിൽ ഞാൻ സൂക്ഷിച്ചു വെച്ചു ….

പിന്നീടങ്ങോട്ട് മേഘപാളികളാൽ തീർത്ത , മഞ്ഞുപെയ്യുന്ന , പൂക്കൾസുഗന്തം പരത്തുന്ന, ചിത്രശലഭങ്ങൾ പാറിപ്പറക്കുന്ന , ആ സൗഹൃദത്തിന്റെ താഴ്‌വരയിൽ ഒരായിരം സ്വപ്‌നങ്ങൾ നെയ്തെടുത്തു പാറിപ്പറന്നുല്ലസിച്ചു..
ഒരിക്കലും പിരിയാൻ കഴിയാത്തവിധം നീ എന്നിലേക്ക് അടുത്തപ്പോൾ ഞാൻ കൊതിച്ചത് നിന്റെ പ്രണയമായിരുന്നു . ഋതുക്കൾ മാറിമറഞ്ഞുപോയപ്പോൾ ഞാൻ ചില്ലുകൂട്ടിൽ സൂക്ഷിച്ച പ്രണയം എന്നെ ഭ്രാന്തമായൊരു ലോകത്തേക്കെത്തിച്ചുകഴിഞ്ഞിരുന്നു .
എനിക്ക് നിനോടുള്ള പ്രണയം തുറന്നുപറയാൻ മാത്രമായിരുന്നു ഞാൻ അന്നാ സായം സന്ധ്യയിൽ പമ്പയാറിന്റെ തീരത്തു വന്നത്…
“സായം സന്ധ്യയിൽ ചുവപ്പിന്റ കിരണങ്ങൾ ഓളപ്പരപ്പിൽ തട്ടി തെറിച്ചപ്പോൾ മനസ്സ്‌കൊതിച്ചു നിന്റെ കഴുത്തിൽ താലി ചാർത്തി എന്റേതാക്കാൻ … ഏറെ വൈകാതെ സുമംഗലിയായ ഭൂമീദേവിയെ വിരഹിണിയാക്കി ചക്രവാളത്തിലേയ്ക്ക് ഓടിമറഞ്ഞു അരുണൻ…
അപ്പോൾ അറിയാതെ എൻമനമൊന്നു പിടഞ്ഞു… ഒത്തിരിനേരത്തെ കാത്തിരിപ്പല്ലാതെ എനിക്കന്നും നിന്നെ കാണാൻ കഴിഞ്ഞില്ല . ദിനരാത്രങ്ങൾ പതിവുപോലെ കടന്നുപോയി , നിന്റെ സ്വരമൊന്നു കേൾക്കാതെ ഒരുനോക്കു കാണാൻ കഴിയാതെ…
ദിവസങ്ങൾക്കു ശേഷം ഞാൻ നിന്റെ വീടിന്റെ പാടിവാതിൽ കടന്നു വന്നപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ആ വീടിന്റെ ഹൃദയസ്പന്ദനമായ നീ ഇന്ന് മൂകമാണെന്നു. വീടിന്റെ പാടിവാതിൽ കടന്ന് അകത്തളത്തിൽ എത്തിയപ്പോൾ എന്റെ കയ്യുകളിൽ പിടിച്ച നിന്റെ അമ്മയുടെ കൈകൾ ….ആ സ്പർശനം ഇന്നും എന്നിൽ നിന്നും മാഞ്ഞുപോയിട്ടില്ല… അന്ന് അമ്മ എന്നെ കപണ്ടു പോയത് നിന്റെ സ്വപ്നക്കൂടാരത്തിലേക്കായിരുന്നു . ഇവിടെ ചെന്നപ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല . ഒരു നിമിഷത്തെ മായണത്തിനു ശേഷം ഞാൻ അറിയാതെതന്നെ എന്റെ ചുണ്ടുകൾ മന്ത്രിച്ചു….

ആ മുറിയിൽ ഞാൻ നിന്റെ ഗന്ധം അറിഞ്ഞു….ഹൃദയത്തുടിപ്പുകൾ അറിഞ്ഞു… ഞാൻ ചില്ലുകൂട്ടിൽ അടച്ചുവച്ച എന്റെ പ്രണയവും, സ്വപ്നങ്ങളും നീ അറിഞ്ഞിരുന്നല്ലേ … എല്ലാം കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് എന്റെ കണ്ണുകൾ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല…
മേശപുറത്തുണ്ടായിരുന്ന ഡയറി എടുത്തു വായിച്ചു ഞാൻ, അതിന്റെ ആദ്യ താളിൽ നീ കുറിച്ച വാക്കുകൾ…
” നിനക്കായി ഞാൻ തീർത്ത പ്രണയതീരം”
അതിൽ മുഴുവൻ എന്നോടുള്ള പ്രണയമായിരുന്നു . ഒരിക്കലും പൂർത്തീകരിക്കാൻ കഴിയ്യാത്ത പ്രണയം . ജീവിതയാത്രയുടെ ലക്ഷ്യത്തിലേക് പ്രിയമുള്ള എല്ലാവരെക്കാളും മുന്നേ നീ നടന്നടുക്കും എന്ന പ്രപഞ്ചസത്യം അറിഞ്ഞതുകൊണ്ടാണോ എന്റെ പ്രിയ വെള്ളാരംകണ്ണുള്ള  രാജകുമാരി  എന്നോടുള്ള നിന്റെ പ്രണയം സ്വന്തം പുസ്തകത്താളിൽ ഒളിപ്പിച്ചുവച്ചത് .
എന്റെ കണ്ണുകളെ ഈറനണിയിച്ചു അതിലെ ഓരോ വരികളും .. ഒരുനൂറുവര്ഷം നീ എനിക്ക് തരാൻകൊതിച്ച പ്രണയം ഞാൻ ആ നിമിഷം അനുഭവിച്ചുതീർത്തു.. ഇന്നീ ലോകത്തു നീ ഇല്ല എന്ന സത്യം ഞാൻ അറിയാതെ അറിഞ്ഞു. എന്റെ ഹൃദയത്തുടിപ്പുകളിൽ നിന്റെ ഓർമ്മകൾ ചേർത്തുവച്ചു ഞാൻ ആ മുറിയിൽ ഏറെനേരം ഇരുന്നു. ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ആ സത്യം മനസ്സിലാക്കിക്കൊണ്ടുതന്നെ ഞാൻ ആ മുറിവിട്ടിറങ്ങി . അപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നു നിന്റെ ശ്വാസനിശ്വാസങ്ങളും, ഹൃദയത്തുടിപ്പുകളും, നീ എനിക്കേകിയ നിറമുള്ള ഓർമകളും. അതൊക്കെ എന്നും എനിക്ക് മാത്രം സ്വന്തം…..
നിന്റെ പുസ്തകത്തഴിലെ അവസാന വരികൾപോലെ…..

കാലങ്ങൾ എത്രയോ കഴിഞ്ഞു മരണം എന്നു കേള്‍ക്കുമ്പോള്‍ ഇന്നും മനസ്സിലെവിടെയോ വിങ്ങല്‍. പ്രിയമുളളതെന്തോ നഷ്ടമായതിന്‍റെ ഓര്‍മ്മകള്‍…. പണ്ടെന്നോ ഉതിര്‍ന്നു വറ്റിയ കണ്ണുനീര്‍ത്തുളളികള്‍ പുനര്‍ജനിക്കും പോലെ.. ഉളളിലൊതുക്കേണ്ടി വന്ന നൂറു നൂറു സങ്കടങ്ങള്‍ അണപൊട്ടിയൊഴുകുന്ന പോലെ… എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി… ഞാനിപ്പോഴും നിന്നെ ഓര്‍ക്കുന്നു. മഞ്ഞുതുളളികള്‍ നിറഞ്ഞ പ്രഭാതത്തിന്‍റെ അവ്യക്തതയിലൂടെ വിഷാദം നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന നിന്നെ, ആ ചിരിക്കുളളില്‍ നിറഞ്ഞു നിന്ന സങ്കടം, എല്ലാം ഞാനറിയുന്നുണ്ടായിരുന്നു. എന്നിട്ടും എന്തേ നീയെന്നെ അറിയാതെ പോയി.. നിനക്കു കൂട്ടായി എന്തു സങ്കടത്തിലും നിനക്കു താങ്ങായ് ഞാനുണ്ടാവും എന്നു ഞാന്‍ പറഞ്ഞതല്ലേ… കരഞ്ഞുകൊണ്ട് നീയെന്‍റെ കൈകളില്‍ മുറുകെ പിടിച്ചത്.. എല്ലാം ഇന്നും ഞാനോര്‍ക്കുന്നുണ്ട് കണ്ണീരിന്‍റെ നനവോടെ. എന്‍റെ വാക്കുകള്‍ക്കര്‍ഥം നല്‍കാന്‍ നിനക്കെന്തേ കഴിയാതെ പോയി. നിന്‍റെ സങ്കടം ഞാനറിയാതെ പോയി എന്നു നീ കരുതിയോ. ഇന്നും മങ്ങിയ സായം സന്ധ്യ കാണുമ്പോള്‍…

ആളൊഴിഞ്ഞ വഴിത്താര കാണുമ്പോള്‍.. നിന്നെ ഞാന്‍ ഓര്‍ത്തു പോകാറുണ്ട്. നിന്‍റെ നഷ്ടം എന്നെ കരയിക്കാറുണ്ട്.. കരയുവാന്‍ കഴിയാത്ത നിശബ്ദ നിമിഷങ്ങളില്‍ നീ എന്നോടൊപ്പമുണ്ട്. നീയറിയുന്നുവോ മരിക്കുവാന്‍ വളരെയെളുപ്പമാണ്. ഒരു നിമിഷം മതി. പക്ഷെ ജീവിക്കാന്‍.. സങ്കടങ്ങള്‍ കരയാതെ തീര്‍ക്കാന്‍.. തെറ്റു പറ്റിയാല്‍ അവയോര്‍ത്തു കരയാതിരിക്കാന്‍… ബന്ധങ്ങള്‍ ചങ്ങലക്കെട്ടുകളാകുമ്പോള്‍ അവ പൊട്ടിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകാതിരിക്കാന്‍… പ്രിയപ്പെട്ടവര്‍ ഒന്നു കൈ വീശിക്കാണിച്ച് അല്ലെങ്കില്‍ ഒരു വാക്കു പോലും പറയാതെ ദൂരേക്കു നടന്നു പോകുമ്പോള്‍… കരള്‍ പൊട്ടിപ്പിളരുന്ന വേദന ഉളളിലൊതുക്കാന്‍… കണ്ണുനീര്‍ നമുക്കന്യമാണെന്നഭിനയിച്ചു പിടിച്ചു നില്‍ക്കാന്‍… ഒക്കെയും ഒരുപാടു പ്രയാസമാണ്. സത്യം മരിക്കാന്‍ എളുപ്പമാണ്. ജീവിക്കാനാണു പ്രയാസം…

ഓളപ്പരപ്പിൽ ഒഴുക്കിനെതിരെ തുഴയുമ്പോൾ പാതിവഴിയിൽ  വഴിപിരിഞ്ഞു പോയ പ്രിയ കൂട്ടുകാരി.. നിനക്കു വേണ്ടി…

 

സ്വന്തം ലേഖകൻ ; മഞ്ഞു തുള്ളികൾ ഇറ്റുവീഴുന്ന ചുവന്ന ബോഗെൻവില്ല പൂത്തുലഞ്ഞ വഴിയിലൂടെ ഞാൻ നടന്നു , അസ്ഥിയെപ്പോലും കുത്തി നോവിക്കുന്ന തണുപ്പാണീ മലമുകളിൽ. പലപ്പോഴും ഇങ്ങനെയൊക്കെയുള്ള സ്ഥലങ്ങളിലൂടെയാണ് ഞാൻ യാത്ര നടത്താറുള്ളത് .

രാത്രിയിൽ ബസ്
സ്റ്റാൻഡിലിരുന്ന് ഉറങ്ങുമ്പോൾ മനസിൽ തെളിഞ്ഞു നിന്നതു മഞ്ഞു നിറഞ്ഞ ഈ മലമുകളിലെ സൂര്യോദയമായിരുന്നു.പലപ്പോഴും എന്റെ സ്വപ്നത്തിൽ കടന്നു വരാറുള്ള അതേ കാഴ്ച.

പാതയിൽ നിന്നു മാറി ചെറിയ പച്ചപ്പന്നൽ ചെടികൾ പറ്റിപ്പിടിച്ച പടികെട്ടുകൾ കയറുമ്പോഴാണ് കുറേ മുന്നിലായി ഇടക്കു മഞ്ഞിൽ മറഞ്ഞും ചിലപ്പോൾ തെളിഞ്ഞും ജീൻസും ഓവർ കോട്ടും ധരിച്ച ക്യാപ്പ് വെച്ച ഒരു പെണ്‍ രൂപം..ഞാൻ വേഗത്തിൽ നടക്കാൻ ശ്രമിച്ചപ്പോൾ അണച്ചു.അവൾ അനായാസം ആ കല്പടവുകൾ നടന്നു കയറി കൊണ്ടിരുന്നു.

പച്ചപ്പാർന്ന മരച്ചില്ലകളിലൂടെ അരിച്ചിറങ്ങിയ സൂര്യ രശ്മികൾ അവളുടെ മുടികൾക്ക് സ്വർണ്ണ വർണ്ണം നൽകിയിരുന്നു..അകലെ മലകൾക്കിടയിൽ മേഘകീറുകളിൽകൂടി ഉദിച്ചുയർന്ന സൂര്യനെ നോക്കി അവൾ ഒരു കാറ്റാടി മരത്തിൽ ചാരി നിൽക്കുന്നു.

ഞാൻ അടുത്തെത്തുമ്പോൾ അവൾ കൂസലില്ലാതെ ചോദിച്ചു

”മടുത്തുവോ”

”ഉം” ഞാൻ ഒന്നുമൂളി.

“ഇവിടെ ആദ്യമാണല്ലേ”

അതെയെന്നര്‍ത്ഥത്തില്‍, ഞാൻ തലകുലുക്കി…

“നിങ്ങളുടെ അലസമായ രൂപം കണ്ടിട്ടു ഒരു സഞ്ചാരി ആണന്നു തോന്നുന്നല്ലോ ”

“അതെ ,ഇവിടെ അടുത്താണോ വീട്..എന്നും വരാറുണ്ടോ ഇവിടെ..?”

അവൾ എന്റെ കണ്ണുകളിലേക്കു നോക്കി

“ഞാൻ താഴെയുള്ള ഓർഫനേജിലെ അന്തേവാസിയാണ്.. ഇവിടത്തെ സൂര്യോദയം വളരെ മനോഹരമാണ് ഓരോ നാളും ഓരോ അഴകാണിതിന്.”

സൂര്യൻ ഉദിച്ചു പ്രഭ ചൊരിഞ്ഞു മഞ്ഞുകണങ്ങൾ താഴ്വാരത്തെവിടെയോ പോയി മറഞ്ഞിരിക്കുന്നു..

“പേര് ?”

“അലീന…, എനിക്ക് മടങ്ങാന്‍ സമയമായി, അവിടെ കുട്ടികളെ ഒരുക്കി സ്കൂളിൽ വിടണം ..”

ഞാൻ തലയാട്ടി അവൾ ഇറങ്ങി നടന്നു..പിന്നെ തിരിഞ്ഞുനിന്നു

“ഓർഫനേജിൽ വരുവാണേൽ തണുപ്പ് മാറ്റാൻ ഒരു ചൂട് മസാല കാപ്പി കുടിക്കാം..”

ഞാൻ എന്റെ ബാഗ് തോളിലിട്ടു പഴഞ്ചൻ ക്യാമറ കയ്യിൽ പിടിച്ചു അവളുടെ പിന്നാലെ നടന്നു..കല്പടവുകൾക്ക് ഇരുവശവും നിന്ന കാട്ടുപൂക്കളെ എന്റെ ക്യാമറ എത്തിനോക്കി കൊണ്ടേയിരുന്നു… ഞങ്ങൾ പാതയിലേക്ക് ഇറങ്ങി നടന്നു.

“പേരെന്താണ് ”

“ജോർജ്”

പച്ചപ്പാർന്ന തേയില തോട്ടങ്ങളിലൂടെ നടക്കുമ്പോൾ കൊളുന്തു നുള്ളുന്ന സ്ത്രീകളോട് മലയാളം കലർന്ന തമിഴിൽ അവൾ വിശേഷങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു..

ഏതോ സായിപ്പിന്റെ പഴയ ബംഗ്ളാവ് പോലെ തോന്നി പച്ചനിറമുള്ള ഓർഫനേജ്. ബ്രിട്ടീഷ് കുലീനത നിറഞ്ഞ ഭക്ഷണ മുറിയിൽ എന്നെ ഇരുത്തി അവൾ ഏതോ പേരു നീട്ടിവിളിച്ചിട്ടു അകത്തേക്കു നടന്നു പോയി…അല്പം കഴിഞ്ഞപ്പോൾ കപ്പിൽ ആവി പറക്കുന്ന കാപ്പിയുമായി സാന്റാക്രോസിന്റെ പൊലെ വെള്ള താടിയുള്ള ഒരു വൃദ്ധരൂപം ഇറങ്ങി വന്നു.. ഒന്നും മിണ്ടാതെ തിരിച്ചു പോയി..കാപ്പി കുടിച്ചു ,ഭിത്തിയിൽ തൂക്കിയ ചിത്രങ്ങൾ നോക്കി നിൽക്കുമ്പോൾ അലീന വന്നു.

“കുട്ടികൾ സ്കൂളിലേക്ക് പോയി…” അവൾ പറഞ്ഞു.

അലീനയുമായി കുറെ സംസാരിച്ചു ഇരുന്നു വലിയ പ്ലാന്ററായിരുന്നു അവളുടെ അപ്പച്ചൻ .അപ്പച്ചനും അമ്മയും ആക്‌സിഡന്റിൽ മരിച്ചു..കുറെകാലം ഡിപ്രെഷനിലയിരുന്നു അവൾ ,അകന്ന ബന്ധത്തിൽ ഉള്ള ഒരു സിസ്റ്ററിന്റെ ഒപ്പമായിരുന്നു കുറേക്കാലം. അവരാണ് അവളെ പഴയ രീതിയിലേക്ക് തിരിച്ചു കൊണ്ട് വന്നത്. അവരുടെ നിർദ്ദേശ പ്രകാരമാണ് ഈ വീടു ഓർഫനേജ് ആക്കി മാറ്റിയത്..ഇപ്പോൾ പത്തു കുട്ടികൾ ഉണ്ട്..

“വിവാഹാലോചനകളുമായി വന്നവർ ഒക്കെയും എന്റെ സ്വത്തു നോക്കിയാണ് വന്നത്.പിന്നീടുള്ള ചിന്തകളിൽ വിവാഹം വേണ്ട എന്ന തീരുമാനത്തിൽ എത്തിച്ചു…”
അവൾ പറഞ്ഞു നിറുത്തി.

പ്രഭാത ഭക്ഷണം കഴിച്ചു അലീനയോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ .അവളും ബസ് സ്റ്റോപ്പിൽ വരെ വന്നു..

എന്റെ ഓർഫനേജ് ജീവിതത്തിന്റെ പൊള്ളിക്കുന്ന കഥകൾ അവളോട്‌ പറഞ്ഞപ്പോൾ അവളുടെ കണ്ണുകളില്‍ എതൊക്കെയോ ഭാവങ്ങള്‍ മിന്നി മറഞ്ഞു…

“ഇനിയും സൂര്യോദയം കാണാൻ വരുമ്പോൾ ഇവിടെ ഞാനുണ്ടാവും തീർച്ചയായും ഇതുവഴി വരണം മസലാകാപ്പി കുടിച്ചു കഥകൾ പറഞ്ഞു മടങ്ങാം …” അവൾ പറഞ്ഞു മൃദുവായി ചിരിച്ചു..

“ഐ ടി കമ്പനിയിലെ മനസു മടുക്കുന്ന ജോലികളിൽ നിന്നും ഒളിച്ചോട്ടമായിരുന്നു എന്റെ യാത്രകൾ പലപ്പോഴും..
ഒരർത്ഥവുമ ല്ലാത്ത യാത്രകൾ…”

മലമ്പാതയിലൂടെ ഹോണമടിച്ചു കയറി വന്ന ചുമന്ന ആനവണ്ടിയിൽ കയറുമ്പോൾ എന്റെ കയ്യിൽ ഏൽപിച്ച പേപ്പറിൽ ഓർഫനേജിന്റെ ഫോണ് നമ്പർ അവൾ കുറിച്ചിരുന്നു….

ബസ് നീങ്ങുമ്പോൾ തേയില തൊട്ടത്തിനടുത്തു ഒരു യൂക്കാലിപ്റ്റസ് മരത്തിൽ ചാരി അവൾ നിൽപ്പുണ്ടായിരുന്നു.

ഇനിയും ഇതു പോലെയുള്ള യാത്രകൾ നല്ല സൗഹൃദങ്ങൾ നേടുന്നതിന് കൂടിയാവട്ടെ എന്ന ചിന്തയോടെ ..വീണ്ടും ഞാൻ ഓഫീസ് തിരക്കുകളിലേക്ക്‌ മടങ്ങി..

പിന്നീട് കമ്മീറ്റെഡായ പല യാത്രകളും ഉള്ളതിനാൽ അലീനയുടെ മനോഹരമായ കുന്നിൻ ചെരുവിലേക്ക് പോകാൻ കഴിഞ്ഞില്ല..

ഒരു വർഷത്തിനു ശേഷം വീണ്ടും പോകുവാൻ തുടങ്ങുമ്പോൾ ഓർഫനേജിലെ അവൾ തന്ന നമ്പറിൽ വിളിച്ചു ആരും അറ്റൻഡ് ചെയ്തില്ല.എന്നാൽ അവൾക്കു ഒരു സർപ്രൈസ് കൊടുക്കാം എന്ന ചിന്തയിലാണ് അന്ന് രാവിലെ ഓർഫനേജിന്റെ കല്പടവുകൾ കയറി ചെന്നത് . അവിടെ എന്തൊക്കെയോ ഒരു അപൂർണ്ണതയും പഴയപോലെ അടുക്കും ചിട്ടയും നഷ്ടപ്പെട്ടത് പോലെ തോന്നി എനിക്ക്. പ്രധാന വാതിലിൽ തുക്കിയിരുന്ന ബെൽ അടിച്ചു.വാതിൽ തുറന്നതു അന്നത്തെ നീണ്ട നരച്ച താടിയുള്ള മനുഷ്യനായിരുന്നു.അയാൾ കൂടുതൽ ക്ഷീണിതനായിരിക്കുന്നു .

“ഞാൻ ജോർജ് മുൻപ് വന്നിട്ടുണ്ട് ഇവിടെ…അലീന..”

അയാൾ “എനിക്കറിയാം മിസ്റ്റർ ജോർജ്ജ് നിങ്ങളെ …നിങ്ങൾ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..,”

“അലീന..”എന്റെ ചോദ്യം അയാളിൽ ഒരു നിശ്ശബ്ദത നിറച്ചു.. പ്രധാന മുറിയിലേക്ക് എന്നെ ആനയിച്ചു..അവിടെ ഭിത്തിയിൽ തൂക്കിയ ഫോട്ടോ എന്നെ ..കണ്ണുകൾകൊണ്ടു കാണിച്ചു തന്നു ,അതേ അലീനയുടെ മാല ചാർത്തിയ ഫോട്ടോ.. ചോദിക്കാൻ ശ്രമിച്ച ചോദ്യം
എന്റെ തൊണ്ടയിൽ ഒരു ഗദ്ഗദം മാത്രമായിനിന്നു..
..

“അലീന മോളുടെ ശരീരത്തെ കാർന്നു തിന്നത് ക്യാൻസറായിരുന്നു .അതിന്റെ മേജർ സ്റ്റേജിൽ എത്തുമ്പോളാണ് അറിഞ്ഞത്. പിന്നീട് കുറെ ചികിത്സകൾ.. ഒന്നും ഫലം കണ്ടില്ല ”

അയാൾ ദൂരേക്ക്‌ നോക്കി ചാരു ബെഞ്ചിൽ ഇരുന്നു..

“അവസാന നാളുകളിൽ എപ്പോളോ ഒന്നു രണ്ടു വട്ടം ജോർജിനെ അന്വേഷിച്ചിരുന്നു ”

ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു..

സെമിത്തേരിയിൽ ‘അലീന മാത്യു’ എന്നു കുറിച്ചിരുന്ന കല്ലറയിൽ മുഖം അമർത്തി ഇരുന്നു ഞാൻ. എന്റെ അരുകിൽ നേർത്ത വെയിലിലും ചെറിയ മഞ്ഞു വന്നു നിറഞ്ഞപോലെ തോന്നി..അവൾ പരിഭവം പറയുകയാവും. ഞാൻ അവിടെ നിന്നും ഇറങ്ങി നടക്കുമ്പോൾ ആ ചെറിയ മഞ്ഞും എങ്ങോ പോയി മറഞ്ഞിരുന്നു…പാതവക്കുകളിൽ ബോഗെന്‍വില്ലകൾ ഇനിയും ആർക്കോ വേണ്ടി നിറംതൂവി
പൂത്തുനിന്നിരുന്നു…

മനു ശങ്കർ പാതാമ്പുഴ

VG.വാസ്സന്‍.

പണ്ട് പണ്ട് പണ്ട്
ഇന്നത്തേത് പോലെ രാത്രികള്‍
ഇല്ലാതിരുന്ന ഒരു മനോഹര കാലം
സന്ധ്യ ആകുമെന്നോ ഇരുട്ട് വരുമെന്നോ ഭയമില്ലാത്ത കാലം
പെണ്‍കൊടികള്‍ വേലിക്കെട്ടുകള്‍ ഇല്ലാതെ
പൂവാടികളില്‍ പാറിനടന്ന കാലം
കൗമാരമെത്തിയാല്‍
പെണ്‍കുട്ടികള്‍ കൂട്ടം ചേര്‍ന്ന്
പാട്ടുകള്‍ പാടി നൃത്തമാടി ദേശ സഞ്ചാരം നടത്തിയിരുന്ന കാലം.

അക്കാലത്ത്
ഭൂമിയുടെ ഒരറ്റത്ത് ഒരു സുന്ദര രാജ്യമുണ്ടായിരുന്നു .അവിടുത്തെ രാജകുമാരിയുടെ സൗന്ദര്യം ലോകമാകെ പരന്നു
ആ കന്യകയെ സ്വന്തമാക്കാന്‍
രാജാക്കന്മാരും ചക്രവര്‍ത്തിമാരും
നോമ്പ് നോറ്റ് കാത്തിരുന്നു

രാജകുമാരി ഇതൊന്നും ശ്രദ്ധിക്കാതെ
തോഴിമാരോടൊപ്പം ദേശസഞ്ചാരം ചെയ്തുകൊണ്ടിരുന്നു
പഴങ്ങളും തേനും പൂവിതളും ഭക്ഷിച്ച്
അനുദിനം കുമാരിയുടെ സൗന്ദര്യം
വര്‍ദ്ധിച്ചു കൊണ്ടിരുന്നു
അവരങ്ങനെ യാത്രചെയ്ത്
ആ മനോഹരമായ കടല്‍ക്കരയിലെത്തി.

കടലിനുള്ളിലേക്ക് കര കയറി നില്‍ക്കുന്ന
കടലില്‍ ചെറിയൊരു മല ഉയര്‍ന്നു നില്‍ക്കുന്ന
അവിടം വിട്ട് പോകാന്‍ രാജകുമാരി കൂട്ടാക്കിയില്ല,
കടലില്‍ കണ്ട പാറയിലേക്ക് പോകാന്‍
കുമാരിക്ക് മോഹമോദിച്ചൂ
അവള്‍ വെള്ളത്തില്‍ കാലുവച്ചതും
തണുപ്പ് കൊണ്ട്
തുള്ളിച്ചാടി കരയ്ക്ക് കയറി
തോഴിമാര്‍ അവളെ കളിയാക്കി
പുഴയിലും തടാകത്തിലും മാത്രമേ
മനുഷ്യരിറങ്ങൂ വരൂ കുമാരീ
നമുക്ക് തിരിച്ചു പോകാം.

തോഴികള്‍ കളിയാക്കിയതില്‍ മനം നൊന്ത്
രാജകുമാരി ശപഥം ചെയ്തു,

എനിക്ക് നീന്താന്‍ പറ്റും വിധം
കടല്‍ ചൂടാക്കിത്തരാന്‍ വേണ്ടി
ഞാന്‍ സൂര്യ ഭഗവാനെ തപസ്സു ചെയ്യാന്‍ പോവുകയാണ്
ഇല്ലെങ്കില്‍ ഈ കടലില്‍ തപസ്സിരുന്ന് ഞാന്‍ മരിക്കും.

കഴുത്തൊപ്പം വെള്ളത്തില്‍
ഇറങ്ങിയിരുന്ന് കുമാരി
കഠിന തപസ്സ് ആരംഭിച്ചു

സൂര്യന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു
ഏതോ ബാലികയുടെ ചാപല്യമായി
ആ കാഴ്ച തള്ളിക്കളഞ്ഞു
പക്ഷെ ഒരിക്കല്‍സൂര്യ ഭഗവാന്‍ നോക്കുമ്പോള്‍
മരവിച്ച മരണത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന
രാജകുമാരിയെ ആണ് കണ്ടത്
അദ്ദേഹം വേഗം കടലിലിറങ്ങി
രാജകുമാരിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

കടല്‍ വെള്ളത്തിന് ചൂട് ഉണ്ടാകാന്‍ തുടങ്ങി
നിനക്ക് എന്ത് വരമാണ് വേണ്ടത്
എന്ന് ചോദിക്കാന്‍ കുമാരിയുടെ അടുത്തെത്തിയ സൂര്യന്‍
അവളുടെ സൗന്ദര്യത്തില്‍ മയങ്ങിപ്പോയി.

ഒറ്റ നോട്ടത്തില്‍ കത്തിജ്വലിച്ച
പ്രണയ പാരവശ്യത്താല്‍
അവളെ കോരിയെടുത്ത് സൂര്യന്‍
കടലില്‍ ആനന്ദനീന്തോത്സവം നടത്തി
ആദ്യ പുരുഷ സ്പര്‍ശത്തില്‍
അവള്‍
ഒരു സ്വര്‍ണ്ണ മീന്‍ പോലെ
പിടഞ്ഞു പുളഞ്ഞു

അവരുടെ പ്രണയ സംഗമം
കടലിലാകെ ഉന്മാദത്തിരമാലകള്‍ സൃഷ്ടിച്ചു
സൂര്യഭഗവാന്റെ രാസക്രീഡ
നാളുകള്‍ നീണ്ടുനിന്നു

ലോകം മുഴുവന്‍ ഇരുട്ടിലായി
കടലില്‍ ചൂട് വര്‍ദ്ധിച്ചു വന്നു
മത്സ്യങ്ങളെല്ലം ചത്തുപോകുമോ എന്ന് ഭയന്നു
അവര്‍ ദേവലോകത്തെത്തി സങ്കടമുണര്‍ത്തിച്ചു,

ദേവലോകമാകെ പരിഭ്രാന്തിയിലായി
ദേവന്മാര്‍ ഭൂമിയിലേക്ക് നോക്കി
വൃക്ഷലലാതികളെല്ലാം
സൂര്യപ്രകാശം ഇല്ലാതെ തളര്‍ന്ന്
മരിക്കാറായിരിക്കുന്നു.
ഇലകളില്ലാതായാല്‍ ജീവവായു ഇല്ലാതെ
ജന്തുജാലങ്ങള്‍ ഭൂമിയിലില്ലാതാകും
ഉടനെ എന്തെങ്കിലും ചെയ്യണം

ദേവലോക പ്രതിനിധികള്‍ കടല്‍ക്കരയിലെത്തി
സൂര്യനോട് തിരികെ വരാന്‍ ആവശ്യപ്പെട്ടു

കുമാരിയുമായി വേര്‍പിരിയാനാവില്ല എന്ന് ആണയിട്ട സൂര്യ ഭഗവാനോട് പറഞ്ഞാല്‍ ഫലമില്ല എന്ന് മനസ്സിലായ ദേവന്മാര്‍
കുമാരിയുടെ സഹായം തേടി

ലോകം നശിക്കുമെന്നും
പൂക്കളും പൂവാടികളും ഇനിയുണ്ടാകില്ല
എന്നുമറിഞ്ഞ രാജകുമാരി
ദുഖിതയായി
സൂര്യനെ പിരിയാന്‍ കുമാരിക്ക്
ഒട്ടും മനസ്സുമുണ്ടായില്ല

അവള്‍ പറഞ്ഞു
അങ്ങ് കുറച്ചു സമയത്തേക്ക്
ദേവന്മാര്‍ക്കൊപ്പം പോയിട്ട് വരൂ
ഞാന്‍ എന്നിലെ പ്രണയം നിറച്ച്
ഇവിടെ കാത്തിരുന്നു കൊള്ളാം

പക്ഷെ അങ്ങ് കൈ വിട്ടാല്‍ ഞാന്‍
മുങ്ങിത്താണ് മരിച്ചുപോകുമല്ലോ
തന്നെയുമല്ല
അവിടുത്തെ കാണാതെ ഒരു നിമിഷം
ജീവിച്ചിരിക്കാന്‍ എനിക്ക് സാധ്യമല്ല

സൂര്യ ഭഗവാന്‍ അവളുടെ
പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള സ്‌നേഹത്തില്‍ സന്തുഷ്ടനായി
ഇങ്ങനെ അനുഗ്രഹിച്ചു

നിനക്ക് ഈ കടലില്‍ യഥേഷ്ടം നീന്തി നടക്കാന്‍
അരമുതല്‍ താഴേയ്ക്ക്
മത്സ്യരൂപ സൗന്ദര്യം ഉണ്ടാകട്ടെ

നിനക്ക് കാണാനാവും വിധം
ഇവിടെ നിന്ന് ഞാന്‍ യാത്രയായി
ഇവിടെത്തന്നെ തിരിച്ചെത്തുന്നതായിരിക്കും
നിന്റെ ഓര്‍മ്മയ്ക്കായി
ഇവിടം
കന്യാകുമാരി
എന്നറിയപ്പെടും

ഇങ്ങനെ അനുഗ്രഹിച്ച് സൂര്യഭഗവാന്‍
ദേവന്മാരോടൊപ്പം യാത്രയായി

മത്സ്യ കന്യകയായ കുമാരി
കടലിലേക്ക് ഊളിയിട്ടു
തങ്ങള്‍ക്ക് റാണിയെയും
ജീവനും കിട്ടിയ സന്തോഷത്തില്‍
മത്സ്യങ്ങള്‍
സമുദ്രോത്സവം കൊണ്ടാടി

VG.വാസ്സന്‍.

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ ഒരു തരത്തില്‍ ഉര്‍വശീ ശാപം പോലെയായി. വിവാദം കത്തിപ്പടര്‍ന്നതോടെ കൂടുതല്‍ പേര്‍ എകെജിയെ അറിയാനും വായിക്കാനും ശ്രമങ്ങളാരംഭിച്ചതോടെ എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റു പോയത്. എന്തായാലും ഇതുവഴി കൂടുതല്‍ പേരിലേക്ക് എകെജി എത്തുകയും ചെയ്തു. എകെജിയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ബലറാം വിവാദപരാമര്‍ശം നടത്തിയത് എന്നതിനാല്‍ എകെജിയുടെ ആത്മകഥയായ എന്റെ ജീവിതകഥ വന്‍തോതിലാണ് പോയ ദിവസങ്ങളില്‍ വിറ്റു പോയത്.

ദേശാഭിമാനിയുടെ പബ്ലിഷിംഗ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍. വിവാദം ചൂടുപിടിച്ചതോടെ എന്റെ ജീവിതകഥയുടെ പതിമൂന്നാം പതിപ്പ് മുഴുവന്‍ വിറ്റു പോയെന്നും കേരളത്തിലെവിടെയും ഈ പുസ്തകത്തിന്റെ കോപ്പിയിപ്പോള്‍ ലഭ്യമല്ലെന്നും ചിന്ത പബ്ലിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തോടായി പറഞ്ഞു. തന്റെ ജീവിതസഖിയായ സുശീലയെ അവര്‍ക്ക് 14 വയസ്സ് പ്രായമുള്ളപ്പോള്‍ ആണ് എകെജി കണ്ടുമുട്ടുന്നത്. സുശീലയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു എകെജിയപ്പോള്‍. പതിനാലുകാരിയായ പെണ്‍കുട്ടിയോട് തനിക്ക് തോന്നിയ പ്രണയവും അതിലെ ശരിതെറ്റുകളെക്കുറിച്ചുമെല്ലാം ആത്മകഥയില്‍ എകെജി വിശദീകരിക്കുന്നുണ്ട്. പിന്നീട് ഒന്‍പത് വര്‍ഷത്തിന് ശേഷം എകെജി സുശീലയെ വിവാഹം കഴിക്കുകയും ചെയ്തു.

ബലറാമിന്റെ പരാമര്‍ശങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയതോടെയാണ് എകെജി വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുന്നത്. ലോക്‌സഭയിലെ ആദ്യപ്രതിപക്ഷനേതാവ് കൂടിയായിരുന്ന എകെജിയുടെ ജീവിതമെന്തെന്നറിയാന്‍ കേരളത്തിനു പുറത്തുള്ളവരും താത്പര്യപ്പെടുന്നുവെന്നാണ് ചിന്തയുടെ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. ‘എന്റെ ജീവിതകഥയുടെ ഇംഗ്ലീഷ് പതിപ്പ് ആവശ്യപ്പെട്ട് പലരും ഈ ദിവസങ്ങളില്‍ ഞങ്ങളെ സമീപിക്കുകയുണ്ടായി. എന്തായാലും ആത്മകഥയുടെ പുതിയ പതിപ്പ് ഇറക്കുന്നതിനോടൊപ്പം തന്നെ ഇംഗ്ലീഷ് വിവര്‍ത്തനവും പ്രസിദ്ധീകരിക്കാനാണ് ഞങ്ങളുടെ തീരുമാനം. എകെജിയെ ഇതുവരെ വായിക്കാത്തവര്‍ പോലും അദ്ദേഹത്തെ ഇപ്പോള്‍ ആവേശത്തോടെ അറിയാന്‍ ശ്രമിക്കുന്നുണ്ട്.

യുവസഖാക്കളടക്കം ഒരുപാട് പേര്‍ എന്റെ ജീവിതകഥ തേടി ചിന്തയുടെ സ്റ്റോറുകളില്‍ വരുന്നുണ്ട്. മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമായി എകെജി വീണ്ടും വായിക്കപ്പെടുകയാണ്. അതിന്റെ പേരില്‍ വി.ടി.ബലാറാമിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്’ ശിവകുമാര്‍ പറയുന്നു.

അജിത്‌ പാലിയത്ത്

യുകെയിലെ സഹൃദയരായ മലയാളികളുടെ കൂട്ടായ്മയായ അഥേനിയം റൈറ്റേഴ്സ് സൊസൈറ്റിയുടെ കിരീടത്തില്‍ തുന്നി ചേര്‍ക്കാന്‍ ഒരു പൊന്‍തൂവല്‍ കൂടിയായി. കേരളത്തിലെ ഏറ്റവും വലിയ പ്രസിദ്ധീകരണ ശാലയായ ഡിസി ബുക്സുമായി ചേര്‍ന്ന് അഥേനിയം റൈറ്റേഴ്സ് സൊസൈറ്റി നടത്തിയ സാഹിത്യ രചനാ മത്സരത്തില്‍ സമ്മാന ജേതാക്കളായവരുടെ പേര് വിവരങ്ങള്‍ ആണ് ബ്രിട്ടീഷ് മലയാളിയിലൂടെ ഇപ്പോള്‍ പുറത്ത് വിടുന്നത്. കഥയെയും കവിതയെയും ജീവന് തുല്യം സ്നേഹിക്കുന്ന മലയാളികള്‍ക്കുള്ള അംഗീകാരമായി മാറുകയായിരുന്നു ഈ മത്സരം. മികച്ച കഥയായി എക്‌സിറ്ററിലെ റിജു ജോണ്‍ എഴുതിയ ‘ഹണിമൂണ്‍’ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച കവിത എഴുതി ഒന്നാം സ്ഥാനം നേടിയത് ന്യൂപോര്‍ട്ടിലെ സ്മിത ശ്രീജിത്ത് എഴുതിയ ‘ഓട്ടം’ ആണ്.

കഥയ്ക്കും കവിതയ്ക്കുമാണ് യുകെയിലെ പ്രവാസി മലയാളികളില്‍ നിന്ന് കൃതികള്‍ ക്ഷണിച്ചതെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നും വരെ മത്സരത്തിലേക്ക് കൃതികള്‍ എത്തിയിരുന്നു. ഈ സാഹിത്യ മത്സരത്തിനെ എത്രകണ്ട് മലയാളികള്‍ ഇഷ്ടപ്പെടുന്നു എന്നതിന് തെളിവായിരുന്നു കഥയിലും കവിതയിലും ലഭിച്ച അറുപതിനടുത്ത് കൃതികള്‍ സൂചിപ്പിക്കുന്നത്. യുകെയിലും കേരളത്തിലുമുള്ള സാഹിത്യമേഖലയിലെ പ്രഗത്ഭരായ അഞ്ച് വിധികര്‍ത്താക്കളാണ് രചനകള്‍ വിലയിരുത്തിയത്.

കഥാ മത്സര വിജയികള്‍:

കഥയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് എക്‌സിറ്ററിലെ – ആല്‍ഫിങ്ടണില്‍ താമസ്സിക്കുന്ന ‘റിജു ജോണ്‍’ എഴുതിയ ‘ഹണിമൂണ്‍’ എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ താമസ്സിക്കുന്ന ‘ബേസില്‍ ജോസഫ്’ എഴുതിയ ‘എന്‍ട്രി പാസ്’ ആണ്. മികച്ച മൂന്നാമത്തെ കഥയായി തിരഞ്ഞെടുത്തത് ലീഡ്‌സില്‍ താമസ്സിക്കുന്ന ‘രാജേന്ദ്ര പണിക്കര്‍’ എഴുതിയ ‘ഭ്രാന്ത് പൂക്കുമ്പോള്‍’ എന്ന കൃതിയാണ്. കോഴിക്കോട് നിന്നുള്ള ‘ഡോക്ടര്‍ ജാന്‍സി ജോസ്’ എഴുതിയ ‘ഏകാന്തതയില്‍ വിരിയുന്ന തണല്‍മരങ്ങള്‍’ മികച്ച നാലാമത്തെ കൃതിയായി. മികച്ച അഞ്ചാമത്തെ കഥയായി തിരഞ്ഞെടുത്തത് ഷെഫീല്‍ഡില്‍ നിന്നുള്ള ‘ബീന ഡോണി ‘ എഴുതിയ ‘ഒന്നാം സമ്മാനം കിട്ടിയ കഥ’ എന്ന രചനക്കാണ്.

കവിതാ മത്സര വിജയികള്‍:

കവിതയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് കാര്‍ഡിഫിനടുത്ത് ന്യൂപോര്‍ട്ടില്‍ താമസ്സിക്കുന്ന ‘സ്മിത ശ്രീജിത്ത്’ എഴുതിയ ‘ഓട്ടം’ എന്ന കൃതിയാണ്. രണ്ടാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് സ്റ്റീവനേജില്‍ താമസ്സിക്കുന്ന ‘അനിയന്‍ കുന്നത്ത് ‘ എഴുതിയ ‘വാടക ചീട്ട്’ ആണ്. മികച്ച മൂന്നാമത്തെ കവിതയായി തിരഞ്ഞെടുത്തത് ഖത്തറിലെ ദോഹയില്‍ താമസ്സിക്കുന്ന ‘സബിത കെ’ എഴുതിയ ‘ആരാച്ചാര്‍’ എന്ന കൃതിയാണ്. നാലാമത്തെ മികച്ച കൃതിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഒരേ മാര്‍ക്ക് വന്ന രണ്ടു പേരുടേതാണ്. സറെയിലെ എപ്‌സമില്‍ താമസ്സിക്കുന്ന ‘ലിജി സെബി’ എഴുതിയ ‘മൂന്നാമിടം’ വും കെന്റില്‍ നിന്നുള്ള ബീന റോയ് എഴുതിയ ‘പെണ്മയുടെ അവസ്ഥാന്തരങ്ങളുമാണ്’ നാലാം സ്ഥാനം പങ്കു വച്ചത്.

കേരളത്തിലും വിദേശത്തും അറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരനായ മാര്‍ട്ടിന്‍ ഈരേശ്ശേരില്‍, പ്രശസ്ത എഴുത്തുകാരിയും പത്രപ്രവര്‍ത്തകയും തമിഴ് നാട്ടില്‍ താമസ്സിക്കുന്ന മലയാളിയായ സ്വപ്നാ നായര്‍, കേരളത്തിലെ എഴുത്തുകാരില്‍ അറിയപ്പെടുന്ന ബ്ലോഗ്ഗറും ചിന്തകനും സാഹിത്യ മേഖലയില്‍ ചിരപ്രതിഷ്ഠ നേടിയ മനു നെല്ലായ, യൂക്കേയിലും വിദേശത്തും അറിയപ്പെടുന്ന കവിയും കഥാകാരനും ബ്ലോഗ്ഗര്‍മാരുടെ തലതൊട്ടപ്പനുമായ മുരളീ മുകുന്ദന്‍, യുകെയിലും വിദേശത്തും അറിയപ്പെടുന്ന അഭിനേതാവും സംവിധായകനും സംഗീതജ്ഞനും എഴുത്തുകാരനുമായ കനേഷ്യസ് അത്തിപ്പൊഴി എന്നിവരാണ് അവാര്‍ഡിന് അര്‍ഹമായ കൃതികള്‍ കണ്ടെത്തിയത്. മത്സരാര്‍ത്ഥികള്‍ അയച്ചുതന്ന കൃതികള്‍ എല്ലാം മികച്ച നിലവാരമാണ് പുലര്‍ത്തിയത്.

ആനുകാലികങ്ങളിലും ബ്ലോഗ്ഗുകളിലും സോഷ്യല്‍ മീഡിയയിലും മറ്റും എഴുതുകയും ഒപ്പം സ്വതന്ത്ര കൃതികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത, കഴിവുള്ള എഴുത്തുകാരായിരുന്നു മിക്കവരും. അഥേനീയം അക്ഷരാഗ്രന്ഥാലയം ആദ്യം 2015 ല്‍ നടത്തിയ സാഹിത്യ മത്സരത്തില്‍ വിജയികളായവര്‍ ഇന്ന് സാഹിത്യമേഖലയില്‍ മുന്‍നിരയില്‍ സഞ്ചരിക്കുന്നു എന്നുള്ളത് അഭിമാനാര്‍ഹമായ കാര്യമാണ്. രണ്ടാമത്തെ സാഹിത്യ മത്സരത്തിലും പിന്തുണയേകിയ കേരളത്തിലെയും ഇന്ത്യയിലെ തന്നെ പ്രമുഖ പ്രസാധകരായ ഡിസി ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും മാനേജിങ് ഡയറക്റ്ററായ രവി ഡിസിയോടുള്ള അകമഴിഞ്ഞ നന്ദിയും സംഘാടകര്‍ അറിയിച്ചു. വിജയികള്‍ക്കുള്ള ഡി സി ബുക്‌സിന്റെ സമ്മാനവും മത്സരത്തിനു സമര്‍പ്പിച്ച കൃതികളില്‍ നിന്നും തിരഞ്ഞെടുത്ത സൃഷ്ടികള്‍ ചേര്‍ത്തുള്ള പുസ്തക പ്രകാശനവും പങ്കെടുത്തവര്‍ക്കുള്ള അനുമോദന യോഗവും ഈ വരുന്ന ഫെബ്രുവരി 24ന് നടത്തപ്പെടും. സ്ഥലവും സമയവും പിന്നീട് അറിയിക്കുന്നതാണ്.

എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് പൂരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിഭാഷയ്ക്കുള്ള അവാര്‍ഡ് കെ.എസ്. വെങ്കിടാചലത്തിനാണ്. ‘അഗ്രഹാരത്തിലെ പൂച്ച’ എന്ന പരിഭാഷയ്ക്കാണു പുരസ്‌കാരം.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം എന്നിങ്ങനെ വിവിധ പുരസ്‌കാരങ്ങള്‍ രാമനുണ്ണിയെ തേടിയെത്തിയിട്ടുണ്ട്. ‘വിധാതാവിന്റെ ചിരി’ ആദ്യ കഥാസമാഹാരവും ‘സൂഫി പറഞ്ഞ കഥ’ ആദ്യനോവലുമാണ്. സൂഫി പറഞ്ഞ കഥയ്ക്കായിരുന്നു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ‘ജീവിതത്തിന്റെ പുസ്തകം’ എന്ന നോവലിന് 2011ലെ വയലാര്‍ പുരസ്‌കാരം ലഭിച്ചു.

RECENT POSTS
Copyright © . All rights reserved