literature

ബീന റോയി

മഴയുടെ
ആര്‍ദ്രഭാവങ്ങളില്‍
ഹൃദയത്തിലേക്ക്
പെയ്യുന്നുണ്ട് നീ

പ്രണയത്തിന്റെ
അദൃശ്യാക്ഷരങ്ങള്‍
ആലേഖനംചെയ്ത
ഒറ്റമഴത്തുള്ളിപോലെ

ഓടിയെത്തി
കുശലംപറഞ്ഞ്
കടന്നുപോകുന്നൊരു
ചാറ്റല്‍മഴപോലെ

ഹൃദയതടങ്ങളെ
ഈറനുടുപ്പിച്ച്
ആശയുടെ
പല്ലവങ്ങള്‍
മുളപ്പിക്കുന്ന
ഇടവപ്പാതിപോലെ

പകല്‍നേരം
കുസൃതികാട്ടി,
മഴവില്ല് സമ്മാനംതന്ന്
പെയ്തുമറയുന്ന
വെയില്‍മഴപോലെ

നീണ്ടുനില്‍ക്കാത്ത
പിണക്കങ്ങള്‍ക്കപ്പുറം
പരിഭവങ്ങളുടെ
കൊള്ളിയാന്‍പിടിച്ച്
മടിച്ചെത്തുന്ന
തുലാവര്‍ഷംപോലെ

കണ്ണുതുളുമ്പുന്ന
കാത്തിരിപ്പിനൊടുവില്‍
ഹൃദയത്തിന്റെ
നീറ്റലിലേക്ക്
പെയ്തുനിറയുന്ന
വേനല്‍മഴപോലെ

എത്രപെയ്താലും
മതിവരാതെ പിന്നെയും
തൂവിക്കൊണ്ടിരിക്കുന്നൊരു
പെരുമഴക്കാലംപോലെ

മഴയുടെ
തരളഭാവങ്ങളില്‍
ഹൃദയത്തിലേക്ക്
പെയ്യുന്നുണ്ട് നീ…

ബീന റോയ്

രചന, ആലാപനം : ശുഭ ജി കൃഷ്ണന്‍

ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
നനയട്ടെ മണ്ണും മനസ്സും ഒരുപോലെ
മഴയുടെ മാറില്‍ അലിഞ്ഞു ചേരട്ടെ..
നിന്‍ വിരല്‍ തുമ്പുപിടിച്ചൂ നടന്നു ഞാന്‍…
ഈ മഴ നനയട്ടെ നിന്നിലൂടിന്നു ഞാന്‍.
നിന്‍ മണിമുത്തുകള്‍ തനുവില്‍ തഴുകുമ്പോള്‍,
അറിയുന്നു മഴയുടെ പ്രണയം.
മണ്ണില്‍ അലിയുന്ന മഴയുടെ പ്രണയം.
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..

ഈ കവിത കവയിത്രി തന്നെ ആലപിച്ചത് കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

mazha

ശുഭ ജി.കൃഷ്ണന്‍, മറ്റു രചനകള്‍:
ചെറുകഥകള്‍: അന്ന് പെയ്ത അതേ മഴ, കശാപ്പിന്റെ അന്ത്യം, കണ്ണില്‍ നിന്നും കണ്ണിലേക്ക്, അമ്മക്കിളി
കവിതകള്‍: പ്രണയരാവ്, ഓര്‍മ്മ, ഒറ്റ മന്ദാരം, നീ കാത്തിരുന്നാല്‍

By Natasha Rajesh, Leicester

He never looks for praises

He’s never one to boast

He just goes on quietly working

For those he loves the most

His dreams are seldom spoken

His wants are very few

And most of the time his worries

Will go unspoken too..

He’s there… A firm foundation

Through all our storms of life

A sturdy hand to hold to

In times of stress and strife

 A true friend we can turn to

When times are good or bad

One of our greatest blessings

The man we call DAD

Happy Father’s Day…

Natasha Rajesh, Granby Primary School, Leicester

കാരൂര്‍ സോമന്‍

2012ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ചൈനീസ് എഴുത്തുകാരനാണ് മോ യാന്‍ എന്ന തൂലികാനാമത്തിലെഴുതുന്ന ഗുവാന്‍ മോയെ. ചൈനീസ് പൗരത്വവുമായി ചൈനയില്‍ത്തന്നെ താമസിക്കുന്ന ഒരാളെത്തേടി ചരിത്രത്തിലാദ്യമായാണ് സാഹിത്യ നൊബേലെത്തുന്നത്. ചൈനീസ് വംശജനായ ഗാവോ സിങ്ജിയാന് രണ്ടായിരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഫ്രഞ്ച് പൗരനായിരുന്നു.

‘മിണ്ടിപ്പോകരുത്’ എന്നാണ് മോ യാന്‍ എന്ന തൂലിലാനാമത്തിനര്‍ഥം. ചൈനയിലെ ഏറ്റവും പ്രസിദ്ധനായ ഈ സാഹിത്യകാരന്റെ പല കൃതികളും നിരോധിക്കപ്പെട്ടിട്ടുണ്ട്. ഷാന്‍ഡോങ് പ്രവിശ്യയിലെ ഗവോമിയില്‍ കര്‍ഷക കുടുംബത്തില്‍ 1955 ഫെബ്രുവരി 17നാണ് മോ പിറന്നത്. മാവോയുടെ സാംസ്‌കാരിക വിപ്ലവത്തിന്റെ കാലത്ത് സ്‌കൂള്‍ പഠനം നിലച്ചു. എണ്ണക്കമ്പനിയില്‍ തൊഴിലാളിയായി. കാലിമേയ്ച്ചു. പട്ടിണിയും പരിവട്ടവുമായിരുന്നു അക്കാലം. ആ അനുഭവങ്ങളും കടുത്ത ഏകാന്തതയുമാണ് രചനയ്ക്ക് വിഭവങ്ങള്‍ തന്നതെന്ന് അനുസ്മരിച്ചിട്ടുണ്ട് അദ്ദേഹം.

നാട്ടിലെ അഴിമതിയും സാമൂഹിക അപചയവും ഗ്രാമീണ ജീവിതവും വിഷയമാകുന്ന അദ്ദേഹത്തിന്റെ കൃതികള്‍ ലൈംഗീകതയുടെ തുറന്ന ചിത്രീകരണത്തിന്റെ പേരിലും പ്രസിദ്ധമാണ്. ഭ്രമാത്മകതയും കറുത്ത ഹാസ്യവുമുണ്ട് മിക്ക രചനകളിലും.ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ (പി.എല്‍.എ) അംഗമായിരിക്കെ എഴുത്ത് തുടങ്ങിയയാളാണ്. ആദ്യത്തേത് ചെറുകഥയായിരുന്നു. 1987ല്‍ പുറത്തുവന്ന റെഡ് സോര്‍ഗം: എ നോവല്‍ ഓഫ് ചൈന’ അദ്ദേഹത്തെ അന്താരാഷ്ട്ര പ്രസിദ്ധനാക്കി. കമ്യൂണിസ്റ്റ് ഭരണത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ കര്‍ഷകര്‍ അനുഭവിച്ച ദുരന്തങ്ങളുടെ ചിത്രീകരണമായിരുന്നു നോവല്‍. ഇത് പിന്നീട് ഇതേ പേരില്‍ സിനിമയായി. 88ലെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ‘ഗോള്‍ഡന്‍ ബെയര്‍’ പുരസ്‌കാരം നേടി. ‘റിപ്പബ്ലിക് ഓഫ് വൈന്‍’, ‘ലൈഫ് ആന്‍ഡ് ഡെത്ത് ആര്‍ വിയറിങ് മീ ഔട്ട്’, ‘ബിഗ് ബ്രെസ്റ്റ് ആന്‍ഡ് വൈഡ് ഹിപ്‌സ്’ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. നോവലുകളും ചെറുകഥകളും നോവല്ലകളും രചിച്ചിട്ടുണ്ട്.

1995ല്‍ പുറത്തിറക്കിയ ‘ബിഗ് ബ്രെസ്റ്റ്‌സ് ആന്‍ഡ് വൈഡ് ഹിപ്‌സ്’ ലൈംഗീക ഉള്ളടക്കത്തിന്റെ പേരിലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്പ്രദായിക പാതയില്‍നിന്ന് വിട്ട് വര്‍ഗസമരത്തെ ചിത്രീകരിച്ചതിന്റെ പേരിലും വിവാദമായി. പി.എല്‍.എയുടെ നിര്‍ബന്ധത്താല്‍ പുസ്തകം പിന്‍വലിക്കേണ്ടി വന്നു. പക്ഷേ ഇതിന്റെ അനധികൃത പതിപ്പുകള്‍ പുറത്തുവന്നുകൊണ്ടിരുന്നു. പത്തുവര്‍ഷത്തിനുശേഷം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ പുസ്തകത്തിന് ‘മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസ്’ ലഭിച്ചു.

‘റെഡി സോര്‍ഗം: എ നോവല്‍ ഓഫ് ചൈന’, ‘റിപ്പബ്ലിക് ഓഫ് വൈന്‍’, ‘ലൈഫ് ആന്‍ഡ് ഡെത്ത് ആര്‍ വിയറിങ് മി ഔട്ട്’, ‘ബിഗ് ബ്രെസ്റ്റ്‌സ് ആന്‍ഡ് ഹിപ്‌സ്’ എന്നിവയാണ് പ്രധാന കൃതികള്‍. ഭരണകൂടത്തിന്റെ തോഴനാണ് മോയെന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍, ഭരണകൂടത്തോട് കലഹിക്കാതെ അതിനെ വിമര്‍ശിക്കുകയാണ് മോയെന്നാണ് മറുപക്ഷത്തിന്റെ വീക്ഷണം. മോ യാന്‍ എന്ന തൂലിസാനാമം തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള എതിര്‍പ്പിന്റെ പ്രതീകമായി ചൂണ്ടിക്കാട്ടുന്നു അവര്‍. ചിലര്‍ തെരുവില്‍ ഒച്ചവെക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ, മുറിയിലിരുന്ന് സാഹിത്യത്തെ അഭിപ്രായപ്രകടനത്തിനുള്ള ആയുധമാക്കുകയാണ് എന്റെ രീതി എന്നാണ് വിമര്‍ശകര്‍ക്ക് മോ നല്‍കുന്ന മറുപടി.

ചൈനീസ് ഭാഷയില്‍ ‘മോ യാന്‍’ എന്നാല്‍ സംസാരിക്കരുത് (ഡോണ്ട് സ്പീക്ക്) എന്നാണര്‍ത്ഥം എന്നു നേരത്തെ പറഞ്ഞല്ലോ. ഇങ്ങനെ പേരുള്ള ഒരാള്‍ സംസാരിക്കുകയാണ് തന്റെ എഴുത്തിലൂടെ ലോകത്തോട് മുഴുവന്‍. ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ നേടിയ ചൈനീസ് എഴുത്തുകാരനാണ് മോ യാന്‍. സ്വീഡീഷ് അക്കാദമി ഈ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ ചൈനീസ് ജനത അമ്പരന്നു. ഇതാരാണ് ഈ എഴുത്തുകാരന്‍? ചൈനയിലെ ഈ മഹാനായ എഴുത്തുകാരനെകുറിച്ച് പലരും കേട്ടിട്ടില്ല. സാഹിത്യ നോബലിനെക്കുറിച്ചുള്ള വാര്‍ത്ത! പ്രചരിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ മോയാന്റെ പുസ്തകങ്ങള്‍ പൂര്‍ണ്ണമായും വിറ്റഴിക്കപ്പെട്ടു. പുസ്തകങ്ങള്‍ ഔട്ട് ഓഫ് സ്റ്റോക്ക് ആയി. രാജ്യത്തെ ഒരു ഉന്നത സാഹിത്യ ബഹുമതി നേരത്തെ ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്. എങ്കിലും പുസ്തക വില്പനയുടെ കാര്യത്തിലോ പദവിയിലോ ഒന്നും മോ യാന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഒരു പക്ഷേ മോ യാനോടൊപ്പം പരിഗണനയില്‍ ഉണ്ടായിരുന്ന ഹറുക്കി മുറക്കാമി എന്ന ജാപ്പനീസ് എഴുത്തുകാരന്‍ ചൈനയില്‍പോലും അറിയപ്പെടുന്ന എഴുത്തുകാരനാണ്.

അതുകൊണ്ടാണ് ഇപ്രാവശ്യത്തെ സാഹിത്യ നോബല്‍ പ്രഖ്യാപനം ചൈനക്കാരെപോലും ഞെട്ടിച്ചത്. മോ യാന്‍ 1955 ല്‍ ചൈനയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു. ചൈനീസ് വിപ്ലവം നടക്കുന്ന കാലമാണ്. അത്‌കൊണ്ടാണ് തന്റെ രക്ഷിതാക്കള്‍ തനിക്കു സംസാരിക്കരുത് എന്നര്‍ത്ഥം വരുന്ന മോ യാന്‍ എന്ന പേരിട്ടത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതായതു, മനസ്സിലുള്ളത് അന്ന് പുറത്തു പറഞ്ഞാല്‍ കിട്ടുന്ന ശിക്ഷ ഭയന്നാണ് ആ രക്ഷിതാക്കള്‍ അത്തരമൊരു പേര് കണ്ടെത്തിയത്. എന്നാല്‍ പിന്നീട് തന്റെ രചനകളിലൂടെ മോ യാന്‍ മനസ്സിലുള്ളത് തുറന്നു പറഞ്ഞു. ഏറ്റവും ഒടുവിലായി ഇറങ്ങിയ ഒരു രചനയാണ് ഫ്രോഗ്. ചൈനയില്‍ ഒരു കുട്ടി മതി എന്ന നിയമത്തെ പരിഹസിച്ചുകൊണ്ടുള്ള രചനയാണത്. രാജ്യത്തെ ജനസംഖ്യാ വിസ്‌ഫോടനത്തെ നിയന്ത്രിക്കാന്‍ നിയമംകൊണ്ട് കഴിഞ്ഞെങ്കിലും കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ വിഷമതകള്‍ അനുഭവിക്കുന്നു എന്ന് തുറന്നു കാട്ടുന്ന പുസ്തകം. ‘ബിഗ് ബ്രസ്റ്റ്‌സ് ആന്‍ഡ് വൈഡ് ഹിപ്‌സ്’ എന്ന നോവല്‍ ഒരമ്മയുടെ ദുരിതജീവിതത്തെക്കുറിച്ച് പറയുന്നു.

ജാപ്പനീസ് സൈനീകന്റെ വെടിയേറ്റ് മുല ചിതറിപ്പോയ ഒരു സ്ത്രീയുടെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ ചൈനീസ് ജീവിതത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുസ്തകവും. ഷാന്‍ടോന്‍ഗ് തലമുറയെ പശ്ചാത്തലമാക്കിയെഴുതിയ നോവലാണ് റെഡ് സോര്‍ഗം. ഇത് ചലച്ചിത്രമാക്കിയിട്ടുണ്ട്. ഇങ്ങനെ ചൈനയുടെ യഥാര്‍ത്ഥ ജീവിതത്തെ പുറം ലോകത്തിനു മനസ്സിലാക്കാന്‍ മോ യാന്റെ രചനകളിലൂടെ സാധിക്കും. ഇതാവാം നോബേല്‍ സമ്മാനത്തിനു അദ്ദേഹത്തെ അര്‍ഹനാക്കിയത് എന്ന് വിലയിരുത്തപ്പെടുന്നു.

രജി ഫിലിപ്പ് തോമസ്‌

യുകെയിലെ എഴുത്തുകാര്‍ക്കായി ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന മൂന്നാമത് സാഹിത്യ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. രചനകള്‍ മുന്‍പ് പ്രസിദ്ധീകരിക്കാത്തവയും മൗലികവും ആയിരിക്കണം. കഥ, കവിത എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരം. നല്ല കൈക്ഷരത്തിലോ ടൈപ്പ് ചെയ്‌തോ ആയ രചനകള്‍ സ്‌കാന്‍ ചെയ്തു ഇമെയില്‍ ചെയ്യുക. രചയിതാക്കളുടെ പേരും വിലാസവും ബന്ധപ്പെടേണ്ട വിവരങ്ങളും പ്രത്യേക പേപ്പറില്‍ എഴുതി സ്‌കാന്‍ ചെയ്തു രചനയോടൊപ്പം അയക്കുക. കവിതകള്‍ 40 വരിയിലും കഥകള്‍ 4 പേജിലും കൂടുവാന്‍ പാടില്ല. രചനകള്‍ 2017 ജൂലൈ 31ന് മുന്‍പായി ലഭിച്ചിരിക്കണം.

പ്രമുഖരായ മലയാള സാഹിത്യകാരന്മാര്‍ അടങ്ങിയ വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രത്യേക സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സമ്മാനാര്‍ഹമായ രചനകളോടൊപ്പം ഉന്നത നിലവാരം പുലര്‍ത്തുന്ന
രചനകളും ചേര്‍ത്ത് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

രചനകള്‍ അയക്കേണ്ട ഇമെയില്‍ : londonmalayalasahithyavedi@gmail. com

കൂടുതല്‍ വിവരങ്ങള്‍ക്ക് 07852437505 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

നിശ്ചയദാര്‍ഡ്യത്തോടെ പോരാടുന്നവര്‍ക്ക് വിജയം സുനിശ്ചിതമെന്ന് അടിവരയിട്ട് സമര്‍ത്ഥിക്കുന്ന ശ്രീ റെജി നന്തിക്കാട്ടിന്റെ എഡിറ്റോറിയലില്‍ ഹര്‍മ്മന്‍സിംഗ് സിദ്ദു എന്ന സന്നദ്ധപ്രവര്‍ത്തകനെ നമുക്ക് പരിചയപ്പെടുത്തികൊണ്ടു ജ്വാല മെയ് ലക്കം പുറത്തിറങ്ങി. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ നിരോധിക്കുവാന്‍ വേണ്ടി പോരാടിയ ‘അറൈവ് സേഫ്’ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകന്‍ കൂടിയായ ശ്രീ സിദ്ദുവിന്റെ തളര്‍ന്ന ശരീരത്തിലെ തളരാത്ത മനസ്സ് വായനക്കാര്‍ക്ക് ഒരു പുതിയ അറിവായിരിക്കും.

കുട്ടികളുടെയും യുവാക്കളുടെയും അഭിരുചികള്‍ മനസ്സിലാക്കി അവരുടെ കൃതികളും ഭാവനകളും വായനക്കാരിലേക്കെത്തിക്കുവാന്‍ ഈ ലക്കം മുതല്‍ ‘യൂത്ത് കോര്‍ണ്ണര്‍’ അരംഭിക്കുന്നു. യുവജനങ്ങള്‍ക്കായുള്ള യുക്മയുടെ ഔദ്യോഗീക വിഭാഗമായ ‘യുക്മ യൂത്തി’ന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണു എഡിറ്റോറിയല്‍ ബോര്‍ഡ് ഈ തീരുമാനം കൈകൊണ്ടത്. പ്രധാനമായും കുട്ടികളുടെ രചനകളാണ് ഈ ലക്കത്തിലെ ‘യൂത്ത് കോര്‍ണ്ണര്‍’ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ മരിയ, സെഹറാ ഇര്‍ഷാദ്, അമേലിയ തെരേസാ ജോസഫ്, ദിയ എലിസ്സാ ജോസഫ് എന്നിവരുടെ കൊച്ചു സൃഷ്ടികള്‍ നമുക്കാസ്വദിക്കുകയും യുവതലമുറയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാം.

ഈ ലക്കത്തിന്റെ മുഖചിത്രം ബിജു ചന്ദ്രന്‍ വരച്ച കേരളത്തിന്റെ വലിയ ഇടയനായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ വലിയ മെത്രാപ്പോലീത്തായുടേതാണു. നൂറാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്ന സ്വര്‍ണ്ണനാവുകാരന്‍ എന്ന ഫലിതപ്രിയനായ തിരുമേനിയുമായി ശ്രീ സജി ശ്രീവല്‍സം നടത്തിയ അഭിമുഖം ഒരുപക്ഷെ നമ്മുടെ ജീവിതത്തിലെ ചില ധാരണകള്‍ക്ക് തിരുത്തല്‍ വരുത്തുവാന്‍ ഇടയാക്കിയേക്കാം. സാധാരണക്കാരനായ ഫിലിപ്പ് ഉമ്മന്‍, എല്ലാവരില്‍ നിന്നും അസാധാരണമായ സ്‌നേഹവും കടാക്ഷവും ലഭിക്കുന്ന വലിയതിരുമേനിയായതിന്റെ കാരണം മനസ്സിലാക്കിതരുന്ന ലളിതമായ അഭിമുഖമാണു ‘സന്തോഷത്തിന്റെ വലിയ ഇടയന്‍’.

1923 ല്‍ പ്രസിദ്ധീകരിക്കുകയും 40 ഭാഷകളിലേക്ക് തര്‍ജ്ജിമചെയ്യുകയും അമേരിക്കയില്‍ മാത്രം ഒന്‍പത് ദശലക്ഷം കോപ്പികള്‍ വില്‍ക്കുകയും ഇന്നും ആഴ്ചയില്‍ അയ്യായിരത്തില്‍ പരം കോപ്പികള്‍ വിറ്റുപോവുകയും ചെയ്യുന്ന ലബനീസ് അമേരിക്കന്‍ ചിതൃകാരനും ചിന്തകനും കവിയുമായ ഖലീല്‍ ജിബ്രാന്റെ ‘ദ പ്രോഫിറ്റ്’ എന്ന ഗദ്യ കവിതാ സമാഹാരത്തില്‍ നിന്നും റ്റൈറ്റസ് കെ വിളയില്‍ തര്‍ജ്ജിമചെയ്ത ‘യുക്തിയും ആസക്തിയും’ എന്ന അദ്ധ്യായം ചിന്തകളെ ത്രസിപ്പിക്കുന്ന അക്ഷരക്കൂട്ടുകള്‍ ആണു.

ഒരു മന്ത്രിയുടെ പ്രസ്താവനയും അതിനു പ്രതിപക്ഷനേതാവ് നല്‍കിയ മറുപടിയും സംഘടിച്ച് എതിര്‍ക്കാന്‍ കഴിയാത്ത മനോരോഗികളുടെ ആതുരാലയങ്ങളെ അവഹേളിക്കുന്ന തരത്തിലേക്ക് തരം താണതില്‍ പ്രധിഷേതിച്ച് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് മനോരോഗവിഭാഗം മേധാവി ഡോ. സി ജെ ജോണിന്റെ പ്രതികരണം ‘പരിഹാസമോ നമുക്ക് പഥ്യം’ എന്ന ലേഖനം മനോരോഗികളോടുള്ള നമ്മുടെ മനോഭാവത്തിന്റെ വൈകല്യം തുറന്നുകാട്ടുന്നു.

ഈ ലക്കത്തിലെ വളരെ ശ്രദ്ധേയമായ ഒരു വിഭവമാണ് യു കെ യിലെ ഹള്ളില്‍ കണ്‍സല്‍ട്ടന്റ് സൈക്കിയാട്രിസ്‌റ് ആയി ജോലിചെയ്യുന്ന ഡോ. ജോജി കുര്യാക്കോസിന്റെ കവിത ‘തമസ്സ്’. ഗള്‍ഫ് ലൈന്‍ ഇന്റര്‍നാഷണല്‍ മാഗസിന്‍ അവാര്‍ഡ് ജേതാവ് പി ജെ ജെ ആന്റണിയുടെ ‘ജീവിതം ഒരു ഉപന്യാസം’ എന്ന കഥാസമാഹാരത്തില്‍ നിന്നും എടുത്ത ‘മുയല്‍ ദൃഷ്ടാന്തം’, ജോര്‍ജ്ജ് അരങ്ങാശ്ശേരിലിന്റെ ‘സ്മരണകളിലേക്ക് ഒരു മടക്കയാത്ര’ എന്ന പംക്തിയില്‍ ‘അയാള്‍ ഭ്രാന്തനോ’, ഹിമാലയ സാനുക്കളെ കുറിച്ച് ശ്രീ കാരൂര്‍ സോമന്‍ എഴുതിയ വിവരണം ‘ഹിമശൈല ബിന്ദുവില്‍’, ബാബു ആലപ്പുഴയുടെ കഥ ‘കാലം വിധിക്കുന്നു’, അയ്യപ്പന്‍ മൂലശ്ശേരിലിന്റെ കവിത ‘ഒഴുക്കിനു കീഴെ’, പ്രേംചന്ദ് എഴുതിയ ചെറുകഥ ‘കാലിഡോസ്‌കോപ്പിലെ വളതുണ്ടുകള്‍’, മനോജ് കാട്ടമ്പള്ളിയുടെ ഹൃദയ സ്പര്‍ശ്ശിയായ കഥ ‘തകര്‍ന്ന നിരത്തുകളിലൂടെ ഒരു സഞ്ചാരം’ ആര്‍ ശരവണിന്റെ കഥ ‘ചക്കി’, ബീനാ റോയി യുടെ ഇംഗീഷ് കവിത ‘ട്രാന്‍സ്ഫോര്‍മേഷന്‍’ എന്നിവയാണു ഈ ലക്കത്തിലെ മറ്റു സാഹിത്യ വിരുന്നുകള്‍.

ജ്വാല മെയ് ലക്കം വായിക്കുവാന്‍ താഴെ ക്ലിക്ക് ചെയ്യുക

കാരൂര്‍ സോമന്‍

തഞ്ചൈ എന്നാല്‍ അഭയാര്‍ത്ഥി എന്നാണര്‍ത്ഥം. ഒരു അഭയാര്‍ത്ഥിയെ പോലെ തഞ്ചാവൂരിലെ തെരുവിലേക്ക് ഇറങ്ങുമ്പോള്‍ സൂര്യന്‍ തലയ്ക്ക് മീതേ കത്താന്‍ തുടങ്ങിയിരുന്നു. കോലമെഴുതിയ മുറ്റം കടന്ന്, ജമന്തിപൂക്കളുടെ ഗന്ധം നുകര്‍ന്ന്, ബംഗാള്‍ കടലില്‍ നിന്നെത്തുന്ന വരണ്ട കാറ്റില്‍ ആടിയുലഞ്ഞ് മുന്നോട്ട് നടന്നു. ആദിദ്രാവിഡ കാലത്ത് വടക്കേ ഇന്ത്യയില്‍ നിന്നോ ശ്രീലങ്ക, പോളിനേഷ്യന്‍ ദ്വീപുകളില്‍ നിന്നോ എത്തിയ അഭയാര്‍ത്ഥികള്‍ കുടിപാര്‍ത്ത സ്ഥലമായ തഞ്ചാവൂര്‍ തമിഴ്‌നാട്ടിലെ മുപ്പത്തിനാലു ജില്ലകളിലൊന്നാണ്. ഇവിടുത്തെ ചരി്രത്തിന് ഭാരതത്തോളം പോന്ന ചരിത്രമുണ്ട്. തഞ്ചൈയിലെ പൂര്‍വ്വികര്‍ സിന്ധു നദീ തടങ്ങളില്‍ നിന്നും പാലായനം ചെയ്തവരാണെന്നു ചരിത്രകാരന്മാര്‍ കരുതുന്നു. ഈ ഗ്രാമത്തിന്റെ പരമപ്രധാനിയായിരുന്ന തഞ്ചയുടയോര്‍ എന്ന സന്യാസിവര്യന്റെ പ്രതിഷ്ഠയായിരുന്ന തഞ്ചയുടയോര്‍ പെരിയകോയില്‍ ആണ് ഇന്നത്തെ ബൃഹദീശ്വര ക്ഷേത്രം.

തഞ്ചനന്‍ എന്ന അസുരന്‍ പണ്ടു ഈ നഗരത്തില്‍ നാശ നഷ്ടങ്ങള്‍ സൃഷ്ടിക്കുകയും അവസാനം ശ്രീ ആനന്ദവല്ലി ദേവിയും നീലമേഘ പെരുമാളും (വിഷ്ണു) ചേര്‍ന്നു വധിക്കുകയും ചെയ്തുവെന്നാണ് ഐതീഹ്യം. മരിക്കുന്നതിനു മുന്‍പ് ഈ അസുരന്‍ നഗരം പുന:സൃഷ്ടിക്കുമ്പോള്‍ തന്റെ പേരു നല്‍കണമെന്നു യാചിക്കുകയും കരുണതോന്നിയ ദൈവങ്ങള്‍ അതനുവദിച്ചു നല്‍കുകയും അങ്ങനെ നഗരത്തിനു ആ പേരു നല്‍കുകയുമായിരുന്നു. തഞ്ചൈ തെരുവില്‍ തലയില്‍ പൂചൂടിയ സ്ത്രീകളുടെ നീണ്ടനിര. ഇതാണ് പൂക്കാരവീഥി. അവരുടെ വര്‍ണ്ണാഭമായ ചേലയ്ക്കും അരയില്‍ കൊളുത്തിവച്ചതു പോലെയുള്ള വലിയ കുട്ടകളും തഞ്ചൈയുടെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്തു. കടകളില്‍ മാത്രമാണ് പുരുഷന്മാരെ കണ്ടത്. ഇവരിതെവിടെ പോയ് മറഞ്ഞിരിക്കുന്നു. മഞ്ഞ നിറമുള്ള ഓട്ടോയില്‍ കയറി തെരുവു കടന്ന് നഗരപ്രദക്ഷിണത്തിന് ഒരുങ്ങുമ്പോള്‍ അപ്പാവെ എന്ന റിക്ഷക്കാന്‍ ചോദിച്ചു, സര്‍- കോവിലില്‍ പോകണമാ?

നിജമാ, വേണം- എല്ലാ തെരുവുവഴികളും ചേര്‍ന്നു നില്‍ക്കുന്നത് ഇവിടേക്കാണ്. ബൃഹദീശ്വര ക്ഷേത്രത്തിന്റെ മുന്നിലേക്ക്. നഗരത്തില്‍ നീണ്ടു നിവര്‍ന്നു ഒരു വലിയ മേല്‍പ്പാലം. തെരുവിനെ അത് രണ്ടായി ഭാഗിച്ചിരിക്കുന്നു. പാലത്തിന് ഒരു വശം വാണിജ്യമേഖലയും മറുവശം ആധുനിക ആവാസകേന്ദ്രങ്ങളുമാണ്. പള്ളിയഗ്രഹാരം, കരന്തൈ, ഓള്‍ഡ് ടൗണ്‍, വിലാര്‍, നാഞ്ചിക്കോട്ടൈ വീഥി, മുനമ്പുച്ചാവടി, പൂക്കാര വീഥി, ന്യൂ ടൗണ്‍, ഓള്‍ഡ് ഹൗസിംഗ് യൂണിറ്റ്, ശ്രീനിവാസപുരം തുടങ്ങിയ സ്ഥലങ്ങളാണ് നഗരത്തിന്റെ പ്രധാന സിരാ കേന്ദ്രങ്ങള്‍. പുതുതായി നഗരപരിധിയില്‍ ചേര്‍ത്ത മാരിയമ്മന്‍ കോവില്‍, കാട്ടുതോട്ടം, നാഞ്ചികോട്ടൈ, മദകോട്ടൈ, പിള്ളയാര്‍പട്ടി, നിലഗിരിവട്ടം എന്നിവയെക്കുറിച്ച് അപ്പാവെ ഈണത്തില്‍ പറഞ്ഞു. അയാളുടെ തമിഴിന് ഒരു സ്വരസാധനയുണ്ട്. നല്ലൊരു സംഗീതജ്ഞന്റെ കൈയില്‍ കിട്ടിയാല്‍ അയാളെ കൊണ്ടൊരു പാട്ടുപ പാടിക്കാതെ വിടില്ലെന്നുറപ്പായിരുന്നു. ഓട്ടോ കാര്‍ക്കിച്ചു തുപ്പി ഓടി കൊണ്ടിരുന്നു. തഞ്ചൈനഗരത്തെ മൊത്തമായി കണക്കാക്കുകയാണെങ്കില്‍ അതിന് വല്ലം (പടിഞ്ഞാറ്) മുതല്‍ മാരിയമ്മന്‍ കോവില്‍ (കിഴക്ക്) വരെ ഏകദേശം 100 ച കി മി വിസ്തൃതിയുണ്ട്.

വരണ്ട കാറ്റില്‍ നഗരത്തിലേക്ക് കാര്‍മേഘങ്ങള്‍ എത്തുന്നതു പോലെ. ഇവിടെ മഴ കൂടുതല്‍ കിട്ടുന്നത് സെപ്തംബര്‍-ഡിസംബര്‍ മാസങ്ങളിലാണ്. നഗരത്തെ ആദ്യമായി കാണുന്ന ആവേശത്തില്‍ പുറത്തേക്ക് നോക്കുമ്പോള്‍ കണ്ണില്‍പ്പെട്ടത് തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രത്തിന്റെ പ്രധാന ഗോപുരമായിരുന്നു. ചോള സാമ്രാജ്യത്തിന്റെ മുഖമുദ്ര പോലെ വെന്നിക്കൊടി പാറിച്ചു നില്‍ക്കുന്ന ഗോപുരമുകള്‍. 848 ല്‍ വിജയാലയ ചോളനാണ് തഞ്ചാവൂര്‍ പിടിച്ചടക്കി ചോളസാമ്രാജ്യത്തിന് അടിത്തറയിട്ടത്. പാണ്ഡ്യവംശന്‍ മുത്തരായനെ കീഴടക്കിയ ശേഷം വിജയാലയന്‍ അദ്ദേഹത്തിന്റെ ഇഷ്ടദേവതയായ നിശുംബസുധനി(ദുര്‍ഗ്ഗ)യുടെ ക്ഷേത്രം ഇവിടെ പണിതത്രേ. അതോടെ തഞ്ചൈയുടെ സുവര്‍ണ്ണകാലത്തിനു തുടക്കമാവുകയായിരുന്നു. രാജരാജചോളന്റെയും അദ്ദേഹത്തിന്റെ പൗത്രന്‍ രജാധിരാജചോളന്റെയും ഭരണകാലത്തു ഇവിടം സമ്പന്നവും പ്രസിദ്ധവുമായി. രാജരാജചോളന്‍ 985 മുതല്‍ 1013 വരെയാണു ഭരിച്ചിരുന്നത്. അദ്ദേഹമാണു തഞ്ചാവൂരിലെ അത്യാകര്‍ഷകമായ ബൃഹദ്ദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്.
ഓട്ടോ റിക്ഷ ഗോപുരവാതില്‍ക്കല്‍ നിന്നു. ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്. 12 വര്‍ഷം കൊണ്ടാണിതിന്റെ പണി തീര്‍ന്നത്. ക്ഷേത്രചുവരുകളിലെ കൊത്തുപണികളിലും മറ്റും ചോളരാജാക്കന്മാര്‍ നടത്തിയ യുദ്ധങ്ങളിലെ വീരസാഹസികപോരാട്ടങ്ങളും അവരുടെ കുടുംബപരമ്പരയുമാണ് വിഷയം. മധുരമീനാക്ഷിയുടെ ഗോപുരവാതില്‍ പോലെയല്ല ഇവിടുത്തെ കൊത്തുപണികള്‍. രണ്ടിനും വൈജാത്യമേറെ. ഈ ക്ഷേത്രത്തിലെ ലിഖിതങ്ങളില്‍ നിന്നാണു ചോള ഭരണകാലത്തെക്കുറിച്ചുള്ള അറിവുകള്‍ ചരിത്രകാരന്മാര്‍ക്ക് കിട്ടിയത്. അതിന്‍പ്രകാരം അന്ന് രാജാവു ക്ഷേത്രത്തിനോട് ചേര്‍ന്നു വീഥികള്‍ പണികഴിപ്പിക്കുകയും വഴികള്‍ക്കിരുവശവും ക്ഷേത്രനിര്‍മ്മാണത്തൊഴിലാളികള്‍ താമസിക്കുകയും ചെയ്തിരുന്നു.

രാജരാജചോഴന്റെ സ്മരണാര്‍ത്ഥം പണിത മണി മണ്ഡപം കടന്ന് ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനുള്ളിലേക്ക് കയറി. എന്തൊരു ശില്‍പ്പകല. തഞ്ചൈനഗരത്തെക്കുറിച്ചുള്ള ആദിമ അറിവു മുഴുവന്‍ ഇവിടെ സ്ഫുടം ചെയ്തു നിര്‍ത്തിയിരിക്കുന്നതു പോലെ. അന്നത്തെ കാലത്തെ ഏറ്റവും വലിയ ഹിസ്റ്റോറിക്കല്‍ ഡോക്യുമെന്റുകളിലൊന്ന്. നോക്കിനില്‍ക്കാന്‍ തോന്നിപ്പിക്കും. ആദ്യകാലങ്ങളില്‍ തിരുവുടയാര്‍ കോവില്‍ എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു. ഇവിടെ ശിവനാണ് പ്രധാന പ്രതിഷ്ഠ. പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ഏക ക്ഷേത്രമായി ഇത് കണക്കാക്കപ്പെടുന്നു. പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അക്കാലത്തെ ക്ഷേത്രങ്ങളില്‍ ഏറ്റവും ഉയരമുള്ള ഗോപുരം ഇതിനായിരുന്നു. പതിനാറാം നൂറ്റാണ്ടിലാണ് പുറം മതിലുകള്‍ പണിതത്. 66മീറ്റര്‍ ഉയരമുള്ള ഗോപുരത്തിനു മുകളില്‍ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്. കൂഞ്ച്രമല്ലന്‍ പെരുന്തച്ചന്‍ എന്ന ശില്പിയാണ് ഈ ബൃഹത്ത് ക്ഷേത്രം രൂപകല്പനചെയ്തത് എന്ന് വിശ്വസിക്കപ്പെടുന്നു. മനോഹരമായ ചോള വാസ്തു വിദ്യയുടെ നല്ല ഉദാഹരണമാണിവിടം. യുനസ്‌കോ ലോക പൈതൃക സ്ഥാനമായി ബൃഹദീശ്വരക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ രാജ ചോഴന്‍ പണികഴിപ്പിച്ചതിനാല്‍ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ശിവന് രാജരാജേശ്വരന്‍ എന്നും ക്ഷേത്രത്തിന് രാജരാജേശ്വര ക്ഷേത്രമെന്നും പേര്‍ ലഭിച്ചു. പെരുവുടയാര്‍ കോവില്‍ എന്നത് പെരിയ ആവുടയാര്‍ കോവിലിനെ സൂചിപ്പിക്കുന്നു. ശിവന്റെ ഒരു നാമം ആണ് ആവുടയാര്‍ എന്നത്. ചോഴഭരണകാലത്താണ് ഈ പേരുകള്‍ നിലനിന്നിരുന്നത്. 1719 നൂറ്റാണ്ടിലെ മറാഠാസാമ്രാജ്യകാലത്ത് ഈ ക്ഷേത്രം ‘ബൃഹദ്ദേശ്വരം’ എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങി. കുഞ്ചരമല്ലന്‍ രാജരാജപെരുന്തച്ചനാണ് രാജരാജക്ഷേത്രത്തിന്റെ ശില്പി. ക്ഷേത്രത്തിന്റെ മതിലില്‍ അദ്ദേഹത്തിന്റെ പേര് കൊത്തിവച്ചിട്ടുണ്ട്. പുറത്തെ മതിലായ തിരുച്ചുറുമാളികയുടെ നിര്‍മ്മാണനേതൃത്വം രാജരാജചോഴന്റെ സൈന്യാധിപനായ കൃഷ്ണരാമന്റെ നേതൃത്വത്തിലും ഭരണം അദിതന്‍ സൂര്യന്‍ എന്ന പ്രധാന ഉദ്യോഗസ്ഥന്റെ കീഴിലുമായിരുന്നു. ക്ഷേത്രസമുച്ചയത്തിന്റെ മൊത്ത വിസ്തീര്‍ണ്ണം 800-400 അടി ആണ്. എന്നാല്‍ പ്രധാനഗോപുരം സ്ഥിതിച്ചെയ്യുന്നത് 500-250 അടി എന്ന അളവിലാണ്. നിര്‍മ്മാണത്തിനു മൊത്തം 1.3 ലക്ഷം ടണ്‍ കരിങ്കല്ല് വേണ്ടിവന്നു. രാജരാജേശ്വര ക്ഷേത്രത്തിനു പ്രധാനമായും രണ്ട് ഗോപുരങ്ങളാണു കവാടങ്ങളായുള്ളത്. ആദ്യം കാണുന്ന കവാടത്തിന്റെ പേരു ‘കേരളാന്തകന്‍ തിരുവയില്‍’ എന്നാണു. കേരളനാട്ടുരാജാവായ ശ്രീ ഭാസ്‌കരരവിവര്‍മ്മനെ പരാജയപ്പെടുത്തിയതിനു ശേഷം രാജരാജന്‍ ഒന്നാമനു ലഭിച്ച പേരാണത്രെ കേരളാന്തകന്‍. അതിന്റെ ഓര്‍മ്മക്കായാണു ഈ അഞ്ചു നിലകളുള്ള ഗോപുരത്തിനു കേരളാന്തകന്‍ തിരുവയില്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഗോപുരത്തിന്റെ ബേസ് അളവ് 90′ – 55′ (അതിന്റെ പ്രവേശനകവാടത്തിന്റെ വീതി 15 അടി) ആണു. നിരവധി മനോഹരമായ ശില്‍പ്പങ്ങള്‍ ഗോപുരത്തിന്റെ മനോഹാരിതക്ക് ആക്കം കൂട്ടുന്നുണ്ട്. മാത്രമല്ല ഈ ഗോപുരത്തില്‍ തന്നെ ദക്ഷിണാമൂര്‍ത്തിയുടേയും (തെക്ക്)ബ്രഹ്മാവിന്റേയും (വടക്ക്) പ്രതിഷ്ഠകളുണ്ട്.

രണ്ടാമത്തെ ഗോപുരത്തിന്റെ പേരു രാജരാജന്‍ തിരുവയില്‍. നിറയെ പുരാണകഥാസന്ദര്‍ഭങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന ഈ ഗോപുരത്തില്‍. ശിവമാര്‍ക്കണ്ഡേയപുരാണങ്ങള്‍ മാത്രമല്ല, അര്‍ജ്ജുനകിരാതസന്ദര്‍ഭവും ഇതില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിനു മൂന്നുനിലകളാണുള്ളത്. ഇതിലെ ഒരു പ്രധാന ശില്‍പ്പമായി പറയുന്നത്, ഒരു പാമ്പ് ആനയെ വിഴുങ്ങുന്നതാണ്. ഈ ഗോപുരത്തിലെ ചില ശില്‍പ്പങ്ങളൊക്കെ മറാത്താ ഭരണകാലത്തിന്റെ ശേഷിപ്പുകളാണ്. നാഗരാജാവിന്റേയും ഇന്ദിരാദേവിയുടേയും പ്രതിഷ്ഠകള്‍ ഈ ഗോപുരത്തിലുണ്ട്.

തഞ്ചാവൂര്‍ ക്ഷേത്രത്തിലെ കീര്‍ത്തനാലാപനത്തിനു വേണ്ടിമാത്രം 50 ഗായകരെ ഏര്‍പ്പാടാക്കിയിരുന്നു. അവിടത്തെ നൃത്തമണ്ഡപങ്ങളില്‍ നൃത്തമാടുന്നതിനായി 400 നര്‍ത്തകികളും വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുവാനായിമാത്രം 100 വാദ്യകലാകാരന്മാരും ഉണ്ടായിരുന്നതായുള്ള സൂചനകള്‍ ഇവിടെ നിന്നു ലഭിച്ചിട്ടുണ്ടത്രേ. ക്ഷേത്രത്തിന്റെ ശ്രീവിമാനാ മഹാമണ്ഡപത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത്. ശ്രീവിമാനാ, ശ്രീകോവില്‍, ഗര്‍ഭഗൃഹം, മുഖമണ്ഡപം ഇവയാണ് പ്രധാന ക്ഷേത്രഗോപുരത്തിന്റെ ഭാഗങ്ങള്‍. ഉപപിത, അടിസ്ഥാന, ഭിത്തി, പ്രസ്ത്ര, ഹാര, നില, ഗ്രിവ, ശികര, സ്തുപി ഇവയെല്ലാമുള്‍പ്പെട്ടതാണ് ശ്രീവിമാന. ഒറ്റ കല്ലില്‍ നിര്‍മ്മിച്ച 13 അടി ഉയരമുള്ള ശിവലിംഗമാണ് അവിടത്തെ പ്രധാന പ്രതിഷ്ഠ. നന്ദിമണ്ഡപത്തില്‍ ഉള്ള നന്ദി ഒറ്റകല്ലില്‍ നിര്‍മിച്ചതും 12 അടി ഉയരവും 20 അടി നീളവും ഉള്ളതാണ്. ഏകദേശം 25 ടണ്‍ തൂക്കവും ഉണ്ട്. മഹാനന്ദി സ്ഥിതി ചെയ്യുന്ന നന്ദിമണ്ഡപം പലവര്‍ണ്ണങ്ങളിലുള്ള ചിത്രപണികള്‍ നിറഞ്ഞതാണ്. ചോഴ, നായ്ക്കര്‍, മറാഠ രാജാക്കന്മാര്‍ക്ക് ചിത്രപണികളോടും കരിങ്കല്‍ കൊത്തുപണികളോടും ഉള്ള താല്പര്യവും കഴിവും ഈ ക്ഷേത്രത്തില്‍ പ്രകടമാണ്. പ്രകാരമണ്ഡപത്തില്‍ മാര്‍ക്കണ്ഡേയപുരാണം, തിരുവിളയാടല്‍ പുരാണം എന്നിവയുടെ കഥ പറയുന്ന ചുമര്‍ചിത്രങ്ങള്‍ കാണാം. ക്ഷേത്രമതില്‍ക്കെട്ടില്‍ പോലും കൊത്തുപണികള്‍ കാണാം. നായ്ക്കന്മാരുടെ ജീവചരിതവും ഭരതനാട്യത്തിന്റെ 108 അഭിനയമുദ്രകളും ആലേഖനം ചെയ്തിട്ടുണ്ട്.

ക്ഷേത്രഗോപുരത്തിന്റെ മുകളിലെ കല്ലിന് ഏകദേശം 90 ടണ്‍ ഭാരമുണ്ട്. ഏകദേശം 4 കിലോമീറ്റര്‍ നീളമുള്ള ചെരിവുതലം നിര്‍മ്മിച്ച് കല്ലുകളെ അതിലൂടെ നിരക്കി നീക്കിയാണ് അവയെ മുകളിലേക്കെത്തിച്ചത്. ഈ സ്ഥലത്തിന്റെ പേര് ചാരുപാലം എന്നാണ്. കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ക്ഷേത്രം വാസ്തുവിദ്യയുടെ വിസ്മയമായി ഇന്നും നിലകൊള്ളുന്നു. വലിയ ഗോപുരങ്ങളും തോരണം എന്നു പേരുള്ള പ്രവേശനകവാടവും ക്ഷേത്രത്തിനുണ്ട്. 240.9 മീറ്റര്‍ നീളവും 122 മീറ്റര്‍ വീതിയുമുള്ള കെട്ടിടത്തിനു ചുറ്റുമായി രണ്ടു നിലയുള്ള മാളിക നിര്‍മ്മിച്ചിരിക്കുന്നു. ശിഖരം എന്നു വിളിക്കുന്ന താഴികക്കുടത്തിനു എട്ട് വശങ്ങളുണ്ട്. 7.8 മീറ്റര്‍ വീതിയുമുള്ള ഒറ്റക്കല്ലിലാണ് ഇതിന്റെ നിര്‍മ്മാണം. ക്ഷേത്രത്തിനുള്ളിലെ ചുവരുകളില്‍ കാണപ്പെടുന്ന ചുവര്‍ചിത്രങ്ങള്‍ ചോളചിത്രരചനാരീതിയുടെ മികച്ച ഉദാഹരണങ്ങളാണ്.
മഹാമണ്ഡപത്തിന്റെ മുന്‍വശത്തു നിന്നപ്പോള്‍ ചരിത്രം വീണ്ടും പിന്നിലേക്ക് തിരിഞ്ഞതു പോലെ. കാര്‍മേഘങ്ങള്‍ കടന്ന് മഴവെയില്‍ മുഖത്തടിച്ചു. പതിമൂന്നാം നൂറ്റാണ്ടില്‍ പാണ്ഡ്യരാജാവ് പണി കഴിപ്പിച്ച പെരിയനായകി അമ്മാള്‍ ക്ഷേത്രം. ദേവി പ്രതിഷ്ഠയാണിവിടെ. നന്ദി മണ്ഡപവും സുബ്രഹ്മണ്യ ക്ഷേത്രവും പിന്നീട് ഭരിച്ച നായ്ക്കന്മാരുടെ സംഭാവനയായിരുന്നുവെന്നു തോന്നുന്നു. പ്രകാരത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തുള്ള ഗണപതി ക്ഷേത്രം മറാത്തരാജാവ് സര്‍ഫോജി പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. ഇവ കൂടാതെ ഉപദേവതകളായ ദക്ഷിണാമൂര്‍ത്തി, സൂര്യന്‍, ചന്ദ്രന്‍, അഷ്ടദിക്ക്പാലകര്‍, ഇന്ദ്രന്‍, അഗ്‌നി, ഈസാനം, വായു, നിരുത്, യമന്‍, കുബേരന്‍ തുടങ്ങിയവയുടെ സ്ഥാനങ്ങളും കാണാനാവും. മഴ ഇപ്പോള്‍ പെയ്യുമെന്നു തോന്നി. ഏകദേശം മൂന്നു മണിക്കൂറിലധികം ക്ഷേത്രത്തിനകത്ത് കാഴ്ചകള്‍ കണ്ടു നടന്നു. വിസ്മയവിഹാരമായി തോന്നുന്ന ശില്‍പ്പകല. ക്ഷേത്രത്തിനു പുറമേ അനേകം മണ്ഡപങ്ങളോടുകൂടിയ കൊട്ടാരങ്ങള്‍ തഞ്ചാവൂരില്‍ അനവധിയുണ്ടായിരുന്നുവത്രേ. രാജാക്കന്മാര്‍ ഈ മണ്ഡപങ്ങളിലാണ് രാജസഭ നടത്തിയിരുന്നത്. പട്ടാളത്തിനുള്ള സൈന്യപ്പുരകളും ഇവിടെ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു.
അവസാനത്തെ ചോളരാജാവായിരുന്ന രാജേന്ദ്ര ചോളന്‍ മൂന്നാമനു ശേഷം പാണ്ഡ്യന്മാര്‍ ഇവിടം അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. പാണ്ഡ്യരുടെ തലസ്ഥാനം മധുരയായിരുന്നതുകൊണ്ട് അവരുടെ കാലത്തു തഞ്ചാവൂരിനു വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. പിന്നീട് 1553ല്‍ വിജയനഗര രാജ്യം തഞ്ചാവൂരില്‍ ഒരു നായിക്കരാജാവിനെ അവരോധിച്ചു. അതിനു ശേഷം നായിക്കന്മാരുടെ കാലഘട്ടം ആരംഭിക്കുകയായി. 17-ം നൂറ്റാണ്ടു വരെ നീണ്ട ഇതിനു വിരാമമിട്ടത് മധുരൈ നായിക്കന്മാരാണു. പിന്നീട് മറാത്തക്കാരും ഈ പട്ടണവും പരിസരവും കൈവശപ്പെടുത്തി. 1674ല്‍ ശിവജിയുടെ അര്‍ദ്ധ സഹോദരന്‍ വെങ്കട്ജിയാണു മധുരൈ നായ്കന്മാരില്‍ നിന്നും ഇതു പിടിച്ചെടുത്തത്. അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ രാജാക്കന്മാരെപ്പോലെയാണു ഇവിടം ഭരിച്ചിരുന്നത്.

1749ല്‍ ബ്രിട്ടീഷുകാര്‍ തഞ്ചാവൂര്‍ നായക്കന്മാരുടെ പിന്മുറക്കാരെ തിരികെ അവരോധിക്കാനായി ശ്രമിച്ചെങ്കിലും പരജയപ്പെട്ടു. മറാത്താരാജാക്കന്മാര്‍ 1799 വരെ ഇവിടം വാണിരുന്നു. 1798ല്‍ ക്രിസ്റ്റിയന്‍ ഫ്രഡറിക് ഷ്വാര്‍സ് ഇവിടെ പ്രൊട്ടസ്റ്റന്റ് മിഷന്‍ സ്ഥാപിച്ചു. പിന്നീടു വന്ന രാജാ സര്‍ഫോജി രണ്ടാമന്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ഒരു ചെറിയ ഭാഗം ഒഴിച്ചു നഗരത്തിന്റെ മറ്റു ഭാഗങ്ങള്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്കു വിട്ടു കൊടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മകനായ ശിവാജി അനന്തരാവകാശി ഇല്ലാതെ 1855ല്‍ മരിച്ചു. അതിനു ശേഷം അവരുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ടു.
തഞ്ചൈനഗരത്തിനു പുറത്ത് മഴ പെയ്തു തുടങ്ങി. കര്‍ണ്ണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂര്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ അതിരറ്റതാണ്. തഞ്ചാവൂരിനെ ഒരിക്കല്‍ കര്‍ണ്ണാടക സംഗീതത്തിന്റെ ഇരിപ്പിടം എന്നു വിശേഷിപ്പിച്ചിരുന്നു. ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന ത്യാഗരാജര്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമ ശാസ്ത്രികള്‍ എന്നിവര്‍ ഇവിടെയാണു ജീവിച്ചിരുന്നത്. ഇവിടത്തെ തനതു ചിത്രകലാ രീതി തഞ്ചാവൂര്‍ ചിത്രങ്ങള്‍ എന്ന പേരില്‍ ലോകമെമ്പാടും അറിയപ്പെടുന്നു. തവില്‍ എന്ന തുടികൊട്ടുന്ന വാദ്യോപകരണവും വീണയും തഞ്ചാവൂരിന്റെ സംഭാവനയാണ്. തഞ്ചാവൂര്‍ പാവകളും ലോകപ്രസിദ്ധം.

പതിനാറാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സരസ്വതി മഹല്‍ ഗ്രന്ഥശാല ഇപ്പൊഴും ഇവിടെയുണ്ട്. ഇവിടെ 30,000 ത്തോളം കൈയ്യെഴുത്തു പ്രതികള്‍ സൂക്ഷിച്ചിട്ടുണ്ട്. തമിഴ് സര്‍വ്വകലാശാലയും ശാസ്ത്ര കല്‍പിത സര്‍വ്വകലാശാലയും തഞ്ചൈ നഗരത്തിന്റെ തിലോത്തമങ്ങളാണ്. ഇതിനു പുറമെ പേരുകേട്ട മെഡിക്കല്‍ കോളേജുള്‍പ്പടെ നിരവധി കോളേജുകളും ഗവേഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്.

തഞ്ചൈ നഗരത്തെരുവില്‍ സൂര്യന്‍ ജ്വലിച്ചു നിന്നു. കാവേരി നദീതടങ്ങളിലെ ഐതീഹ്യവും പേറി തഞ്ചൈ ചരിത്രാതീത കാലത്തിന്റെ പകര്‍ച്ച പോലെ പൗരാണികനഗരമായി നില കൊണ്ടു. മുന്നില്‍ പൂക്കാരി പെണ്ണുങ്ങളുടെ നീണ്ടനിര. അവര്‍ രാജരാജേശ്വര ക്ഷേത്രത്തിന്റെ കല്‍പ്പടവുകളിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. തെരുവുകളില്‍ അപ്പോഴും പുരുഷപ്രജകള്‍ ഒഴിഞ്ഞു നിന്നത് ഒരു തഞ്ചൈവിസ്മയമായി നില കൊണ്ടു…

ബീന റോയ്

നിന്റെ വാക്കുകളില്‍
പ്രണയമുറങ്ങുന്നുണ്ട്
നിന്റെ മൗനങ്ങളില്‍
വിരഹം കത്തിനില്‍പ്പുണ്ട്

പാടാതെപോയൊരു
സങ്കീര്‍ത്തനത്തിന്റെ
അലയൊലികള്‍ക്കായി
മനസ്സിലൊരു ദേവാലയം
നോമ്പുനോല്‍ക്കുന്നുണ്ട്

സ്വപ്നങ്ങളില്‍
പണിതുയര്‍ത്തിയ
അള്‍ത്താരയിലെ
കുന്തിരിക്കത്തിന്റെ
ഗന്ധത്തിനൊപ്പം
ഓര്‍മ്മകളും
ഒഴുകിയെത്തുന്നുണ്ട്

പള്ളിമണികളുടെ
വിശുദ്ധനാദത്തിനൊത്ത്
സക്രാരിയിലെ
ക്രൂശിതരൂപത്തോട്
പ്രാര്‍ത്ഥനകള്‍
ഉരുവിടുന്നുണ്ട്

മനസ്സുകൊണ്ടൊരു
ദിവ്യബലിപൂര്‍ത്തിയാക്കി,
വെളുത്ത ലില്ലിപ്പൂക്കള്‍
വിരിഞ്ഞുനില്‍ക്കുന്ന
ആത്മാവിന്റെ
സെമിത്തേരിയില്‍
നീ, ഹൃദയത്തെ
കൊണ്ടുവിട്ടിട്ടുണ്ട്

പ്രണയദംശനമേറ്റ്
മൃത്യുപൂണ്ട ഹൃദയമൊന്ന്
പുനരുത്ഥാനം കാത്ത്
നിന്റെയുള്ളില്‍
അടക്കംചെയ്യപ്പെട്ടിട്ടുണ്ട്.


ബീന റോയ്

വര്‍ഗ്ഗീസ് ദാനിയേല്‍ – യുക്മ പി ആര്‍ ഒ

‘ജ്വാല’  മാഗസിന്‍ ഏപ്രില്‍ ലക്കം പുതുമകളോടെ പുറത്തിറങ്ങി. എല്ലാവര്‍ക്കും വിഷുവിന്റെയും ഈസ്റ്ററിന്റെയും ആശംസകള്‍ നേര്‍ന്നുകൊണ്ട് കേരളത്തിന്റെ നയാഗ്രാ എന്നറിയപ്പെടുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മനം കവരുന്ന ഭംഗി കവര്‍ ചിത്രമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ ഉയരുന്ന ജനരോഷത്തെ കാണാതെ പോകുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തിന്റെ കപടമുഖങ്ങളെ  ‘ആതിരപ്പിള്ളിയുടെ ആകുലതകള്‍’ എന്ന കവര്‍ സ്റ്റോറിയിലൂടെ ശ്രീ ടി ടി പ്രസാദ് പിച്ചിച്ചീന്തുന്നു.

വായനക്കാരില്‍ നല്ല കൃതികള്‍ എത്തിക്കുക എന്ന  ഉദ്ദേശ്യത്തോടെ ജ്വാല ചെയ്യുന്ന ചെറിയ ശ്രമങ്ങളെ എടുത്തുക്കാട്ടികൊണ്ട് ശ്രീ റെജി നന്തിക്കാട്ടിന്റെ എഡിറ്റോറിയലില്‍,  പുതു തലമുറയെ വായനയിലേക്കും കലയിലേക്കും തിരികെകൊണ്ടുവരുവാന്‍ ആഹ്വാനം ചെയ്യുന്നു.

ബഹുമുഖ പ്രതിഭയായ ഹാസ്യ സാഹിത്യകാരന്‍, ചെറുകഥാകൃത്ത്, ഉപന്യാസ കര്‍ത്താവു, നാടക രചയിതാവ് മുതലായ നിലയില്‍ അറിയപ്പെട്ടിരുന്ന,  തന്റെ കഥാപാത്രങ്ങള്‍ക്ക് അവരുടെ തൊഴിലിനോട് ചേര്‍ന്ന ഭാഷ സൃഷ്ടിച്ച കേരളത്തിന്റെ നല്ല എഴിത്തുകാരില്‍ ഓരാളായ ഇ വി കൃഷ്ണപിള്ളയെ അനുസ്മരിച്ചുകൊണ്ടു നൈന മണ്ണഞ്ചേരി യുടെ ‘അനശ്വരനായ ഇ വി’ വായനക്കാര്‍ക്ക് ഓര്‍മ്മയുടെ ചെപ്പില്‍ എന്നും സൂക്ഷിക്കുവാന്‍ പാകത്തില്‍ ഇ വി യെപറ്റി നല്ല അറിവുകള്‍ പകരുന്നു.

ശിവപ്രസാദ് പാലോടിന്റെ ‘മഴ നന’, ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ കഥ ‘വിലാപങ്ങളുറങ്ങുന്ന മുന്തിരിതോപ്പുകള്‍’, ശബ്നം സിദ്ധിഖിന്റെ കവിത ‘മെലിഞ്ഞ പുഴ’, ബഷീര്‍ വള്ളിക്കുന്നിന്റെ ഓര്‍മ്മകുറിപ്പ് ‘കാത്തയെകണ്ട ഓര്‍മ്മയില്‍’, ചന്തിരൂര്‍ ദിവാകരന്റെ കവിത ‘സുനാമി’, ആര്‍ഷ അഭിലാഷിന്റെ കഥ ‘കാത്തിരിക്കുന്നവര്‍ക്കായി’, സാബു കോലയിലിന്റെ കവിത ‘ഉല്‍പത്തിയുടെ തുടിപ്പുകള്‍’, എം എ ധവാന്‍ എഴിതിയ ആനുകാലിക പ്രസക്തമായ കഥ ‘ഉദരാര്‍ത്ഥി’ എന്നിവയാണു മറ്റു വിഭവങ്ങള്‍.

ഈസ്റ്റര്‍, വിഷു എന്നിവപ്രമാണിച്ച് എഡിറ്റിംഗ് ജോലികള്‍ നേരത്തേ പൂര്‍ത്തിയാക്കിയതിനാല്‍ താമസിച്ചു ലഭിച്ച ചില രചനകള്‍ ഉള്‍പ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല.  അടുത്തലക്കത്തില്‍ അവ ഉള്‍പ്പെടുത്തുന്നതായിരിക്കും.

ഈ ലക്കം ജ്വാല ഇ മാഗസിന്‍ വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

The Beginning

Poem By Dr. Preetha Thomas

 

I have found the path in the desert

I have found the stream in the wilderness

Like a shoot of green after the frost of winter

there is a new beginning.

No bruises to show

No wounds that bleed

Just painful memories

that don’t heal …

That forgotten tune, that dance

That music which was past

That skip in my step…

its back.

New beginning, a new life

To do what the heart desires

A chance to do it right

A chance.

Dr. Preetha Thomas

Copyright © . All rights reserved