ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രൂമിംഗ് ഗ്യാങ്‌സ് അന്വേഷണത്തെ കുറിച്ചുള്ള തന്റെ നിലപാടിനെ കുറിച്ചുള്ള ഒരു വീഡിയോ കൺസർവേറ്റീവ് എംപി റോബി മൂർ പങ്കിട്ടതിന് പിന്നാലെ തനിക്ക് നേരെ വധഭീഷണികളും ഓൺലൈൻ സ്ത്രീവിരുദ്ധ അധിക്ഷേപങ്ങളും വരുന്നതായി തുറന്ന് പറഞ്ഞ് ലേബർ എംപി അന്ന ഡിക്‌സൺ. അന്ന ഡിക്‌സൺ വെസ്റ്റ് യോർക്ക്ഷെയറിലെ ഷിപ്ലിയെയാണ് പ്രതിനിധീകരിക്കുന്നത്. നിലവിൽ പോലീസ് ഈ സംഭവം അന്വേഷിച്ച് വരികയാണ്. കീഗ്ലിയുടെയും ഇൽക്ലിയുടെയും എംപിയായ റോബി മൂർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും അന്ന ഡിക്‌സൺ ആരോപിച്ചു.
തെറ്റായ കാരണങ്ങളാലാണ് അന്വേഷണത്തിനെതിരെ എംപി വോട്ട് ചെയ്തതെന്നും അന്ന ഡിക്‌സൺ ആളുകളെ തെറ്റിദ്ധരിപ്പിച്ചതായും റോബി മൂറിന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. തുടക്കം മുതൽ തന്നെ അന്വേഷണത്തിന്റെ ആശയം അന്ന നിരസിക്കുന്നുണ്ടെന്നും റോബി മൂർ പറഞ്ഞു. എന്നാൽ ടോറികൾ മുൻപോട്ട് വച്ച നിർദ്ദേശം കുട്ടികളുടെ ക്ഷേമത്തിനും സ്‌കൂൾ ബില്ലിനുമുള്ള ഭേദഗതിയുമായി ബന്ധപ്പെട്ടതിനാലാണ് താൻ എതിർത്തതെന്ന് അന്ന ഡിക്‌സൺ പറഞ്ഞു.
അതേസമയം, റോബി മൂർ പുറത്ത് വിട്ട വീഡിയോയ്ക്ക് പിന്നാലെ തനിക്ക് നേരെ വധഭീഷണിയും സൈബർ ആക്രമണവും ഉണ്ടായതായി എംപി പറഞ്ഞു. 2025 ജനുവരിയിൽ അവതരിപ്പിച്ച കൺസർവേറ്റീവ് ഭേദഗതി, കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള , ക്ഷേമ, സ്കൂൾ ബില്ലിനെ തടയുമായിരുന്നുവെന്നും എംപി വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലേയ്ക്ക് ആഞ്ഞടുത്ത് എറിൻ ചുഴലിക്കാറ്റ്. ചുഴലിക്കാറ്റ് എത്തുന്നതോടെ തീരപ്രദേശങ്ങളില്‍ 16 അടി ഉയരത്തില്‍ വരെ തിരമാലകള്‍ രൂപം കൊള്ളും. വാരാന്ത്യം മുഴുവൻ ചൂടുള്ള കാലാവസ്ഥ ആയിരിക്കുമെന്നാണ് മെറ്റ് ഓഫീസ് പ്രവചിക്കുന്നത്. തിങ്കളാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. എറിന്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരം കാലാവസ്ഥാ നിരീക്ഷകർ നോക്കി വരികയാണ്. നിലവില്‍ കാറ്റഗറി 2 വിഭാഗത്തില്‍ പെടുത്തിയിരിക്കുന്ന കൊടുങ്കാറ്റ്, ഇന്നലെ അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ചതിന് ശേഷമാണ് ഇപ്പോള്‍ ബ്രിട്ടനിലെത്തുന്നത്.
ശനിയാഴ്ച വടക്കൻ അയർലൻഡ്, പടിഞ്ഞാറൻ സ്കോട്ട്ലൻഡ്, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ചില സ്ഥലങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ക്രെയ്ഗ് സ്നെൽ പറയുന്നു. എറിൻ ചുഴലി കാറ്റ് യുകെയിൽ എത്തുന്നതോടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ തീരപ്രദേശങ്ങൾ സന്ദർശിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് രാജ്യത്ത് അടുക്കുന്നതിനാൽ ഈ ദിവസങ്ങളിൽ താപനില ക്രമേണ കുറവായിരിക്കും. ചൊവ്വാഴ്ച മുതൽ, ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. കടലിൽ ഉയർന്ന തീരമാലകൾക്കുള്ള സാധ്യത ഉള്ളതിനാൽ തീരപ്രദേശങ്ങൾ സന്ദർശിക്കുന്നവർക്ക് RNLI സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവധിക്കാലത്ത് ബീച്ചുകൾ തിരക്കേറിയതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ലൈഫ് ഗാർഡുകളില്ലാതെ തീരപ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ കൂടുതൽ മുൻകരുതലുകൾ എടുക്കാനും RNLI നിർദ്ദേശിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോവിഡ് മഹാമാരി യുകെയിലെ തൊഴിൽ ഇടങ്ങളിൽ വൻ മാറ്റങ്ങൾക്കാണ് വഴിവെച്ചത്. ഒട്ടേറെ സ്ഥലങ്ങളിൽ വർക്ക് ഫ്രം ഹോം എന്നത് നടപ്പിലാക്കിയത് ലോക്ക് ഡൗൺ സമയത്താണ്. കോവിഡിനു ശേഷവും വർക്ക് ഫ്രം ഹോമിന്റെ ആലസ്യത്തിലാണ് പല ജീവനക്കാരും എന്നത് പല കമ്പനികളെയും മാറി ചിന്തിക്കുന്നതിനും പ്രേരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ പല ഐടി കമ്പനികളും ജീവനക്കാർക്ക് യഥേഷ്ടം വർക്ക് ഫ്രം ഹോം നൽകുന്നതിന് തടസം പറയുന്നില്ല . ഈ രീതിയിൽ ഓഫീസ് സംവിധാനങ്ങൾക്കുള്ള ചിലവ് കുറയ്ക്കാമെന്നത് കമ്പനികൾക്കും നേട്ടമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
യുകെയിൽ ഉണ്ടായ മറ്റൊരു കാതലായ മാറ്റം പല കമ്പനികളും ആഴ്ചയിലെ പ്രവർത്തി ദിനങ്ങൾ 4 ദിവസമാക്കി കുറച്ചു എന്നതാണ്. കോവിഡിന് ശേഷം യുകെയിൽ ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ആഴ്ചയിൽ നാലുദിവസം ജോലിചെയ്യുന്ന രീതിയിലേയ്ക്ക് മാറി കഴിഞ്ഞു. കോവഡിന് മുമ്പുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ നാല് പ്രവർത്തി ദിനങ്ങൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
നാല് ദിവസം പ്രവർത്തി ദിനമാണെന്നത് തൊഴിലാളികളെ കൂടുതൽ മികച്ചവരാക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. തൊഴിലാളികൾക്ക് വിശ്രമിക്കാൻ കൂടുതൽ സമയം നൽകുന്നതിലൂടെ അവർ കൂടുതൽ ഊർജ്ജസ്വലരായി തങ്ങളുടെ ജോലികളിൽ വേഗത്തിലും കാര്യക്ഷമവും ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ജീവനക്കാർക്ക് ശമ്പള നഷ്ടമില്ലാതെ കുറഞ്ഞ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ നൽകണമെന്ന പ്രചാരണം നടത്തുന്ന 4 ഡേ വീക്ക് ഫൗണ്ടേഷൻ്റെ കണക്കുകൾ പ്രകാരം യുകെയിൽ മാത്രം 420 കമ്പനികളാണ് കോവിഡിനു ശേഷം പ്രവർത്തി സമയം 4 ദിവസമാക്കിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ വിദ്യാർത്ഥി വിസയിൽ എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിദ്യാർത്ഥി വിസകളുടെ എണ്ണത്തിൽ 11ശതമാനം കുറവ് ആണ് ഉണ്ടായിരിക്കുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ നിയന്ത്രണങ്ങൾ ആണ് യുകെയിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടാകുന്നതിന് കാരണമായത്.
വ്യാഴാഴ്ച പുറത്തിറക്കിയ ഹോം ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും ബിരുദാനന്തര കോഴ്സുകളാണ് തിരഞ്ഞെടുക്കുന്നത്. 2025 ജൂണിൽ അവസാനിച്ച വർഷത്തിൽ 98,014 വിസ ഗ്രാന്റുകൾ ലഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾ ഇതേ കാലയളവിൽ കഴിഞ്ഞ വർഷം 99,919 വിസ ഗ്രാന്റുകൾ നേടിയിരുന്നു. ചൈനീസ് വിസ ഗ്രാന്റുകൾ ഇതിന് തൊട്ടുപിന്നിലാണ്. എന്നിരുന്നാലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരു രാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്ക് യഥാക്രമം 11 ശതമാനവും 7 ശതമാനവും കുറവുണ്ടായി. വരും വർഷങ്ങളിലും സ്റ്റുഡൻറ് വിസ അപേക്ഷകരിൽ കാര്യമായ കുറവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അതേസമയം കർശനമായ ഇമിഗ്രേഷൻ നിയമങ്ങൾ കാരണം യുകെയിൽ തടങ്കലിൽ വച്ചിരിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയായതായാണ് കണക്കുകൾ കാണിക്കുന്നത്. 2022 മുതൽ തടങ്കലിൽ കഴിയുന്നവരുടെ എണ്ണം ഏറ്റവും കൂടുതൽ അൽബേനിയക്കാരാണ്. പക്ഷേ അവരുടെ എണ്ണം നമീപ വർഷങ്ങളിൽ കുറഞ്ഞുവരികയാണ് എന്നാണ് കണക്കുകൾ കാണിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ബ്രസീലിയൻ, ഇന്ത്യൻ പൗരന്മാരുടെ എണ്ണം ഇരട്ടിയായി യഥാക്രമം 91 ശതമാനവും 108 ശതമാനവും ആയി വർദ്ധിച്ചു എന്നാണ് ഹോം ഓഫീസ് പറയുന്നത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വെസ്റ്റ് ലണ്ടനിൽ നടക്കാനിരിക്കുന്ന നോട്ടിംഗ് ഹിൽ കാർണിവലിനു മുന്നോടിയായി ഇന്റലിജൻസ് നടത്തിയ ഓപ്പറേഷനിൽ നിരവധി ആയുധങ്ങൾ പിടിച്ചെടുത്ത് മെട്രോപൊളിറ്റൻ പോലീസ്. അന്വേഷണത്തിൽ നൂറോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. പൊതുജന സുരക്ഷ മുൻ നിർത്തി നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായ പലരിൽ നിന്നും 11 തോക്കുകളും 40 ലധികം കത്തികളും വരെ കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. കാർണിവലിനു മുന്നോടിയായി 21 പേരെ കൂടി ജയിലിലേക്ക് തിരിച്ചുവിളിച്ചു. ഇതിന് പുറമെ ജാമ്യത്തിലോ പ്രൊബേഷനിലോ കഴിയുന്ന 266 പേർക്ക് പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ കാർണിവലിനിടെ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ സുരക്ഷാ നടപടികൾ ഈ കൊല്ലം സ്വീകരിച്ചിരിക്കുന്നത്. ഇരകളിലൊരാളായ ചെർ മാക്സിമെൻ കുത്തേറ്റത് മകളുടെ മുന്നിൽ വച്ചായിരുന്നു. കഴിഞ്ഞ വർഷം, കവർച്ച, അക്രമം, മയക്കുമരുന്ന്, ആയുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് 103 ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഈ സംഭവങ്ങളിൽ 18 ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.
അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് കാർണിവൽ സംഘാടകർ പറയുന്നു. കാർണിവലിൽ എല്ലാവർക്കും സൗജന്യമായി പ്രവേശിക്കാമെന്നും അവർ അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും ആയി നടക്കുന്ന പരിപാടികളിൽ പത്ത് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലുടനീളം ഏകദേശം 7,000 ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും. അക്രമം തടയുന്നതിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുമായി സ്റ്റോപ്പ്-ആൻഡ്-സെർച്ച് അധികാരങ്ങൾ, സിസിടിവി, മുഖം തിരിച്ചറിയൽ, സ്‌ക്രീനിംഗ് ആർച്ചുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസെക്സിലെ ബെൽ ഹോട്ടലിൽ നിന്ന് അഭയാർത്ഥികളെ ഒഴിപ്പിക്കാനുള്ള കോടതിവിധിക്കെതിരെ അപ്പീൽ നൽകാൻ ഹോം ഓഫീസ് നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ ആഴ്ച ആദ്യം എപ്പിംഗിലെ ബെൽ ഹോട്ടലിൽ ആളുകളെ പാർപ്പിക്കുന്നത് തടയാൻ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗൺസിലിന് താൽക്കാലിക നിരോധനം ലഭിച്ചിരുന്നു. കൗൺസിലിന്റെ കേസ് തള്ളിക്കളയാൻ ഇടപെടാൻ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ അവസാന നിമിഷം നടത്തിയ ശ്രമം കോടതി നിരസിക്കുകയായിരുന്നു.
എല്ലാ അഭയാർത്ഥി ഹോട്ടലുകളും അടച്ചുപൂട്ടണമെന്നാണ് സർക്കാരിൻറെ ആഗ്രഹമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. എന്നാൽ അത് ഉചിതമായ സമയത്താണ് സംഭവിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ കോടതിവിധിയുടെ ഫലമായി രാജ്യവ്യാപകമായി ഇത്തരം സംവിധാനങ്ങൾ അടച്ചു പൂട്ടേണ്ടതായി വന്നാൽ അത് സർക്കാരിന് വൻ തിരിച്ചടിയാകും.
അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ബ്രിട്ടനിൽ ഉയരുന്നത്. ഇതിൻറെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്. എസെക്സിലെ ബെൽ ഹോട്ടൽ ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാർത്ഥികളെ ബെൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് കൗൺസിൽ അധികാരികൾ. വിധി സമ്പാദിച്ചിതാണ് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. പട്ടണത്തിൽ 14 വയസ്സുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇവിടെ താമസിക്കുന്ന ഒരു അഭയാർത്ഥിക്കെതിരെ കുറ്റം ചുമത്തിയതിനെ തുടർന്ന് സമീപ ആഴ്ചകളിൽ ആയിരക്കണക്കിന് ആളുകൾ ഹോട്ടലിന് സമീപം പ്രതിഷേധിച്ചിരുന്നു . സിറിയൻ പൗരനായ മുഹമ്മദ് ഷർവാർഖ് (32) ആണ് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാലിഫോർണിയയിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹാഡൻ പെന്തക്കോസ് എന്ന ബ്രിട്ടീഷ് എയർവേയ്‌സ് ഫ്ലൈറ്റ് അറ്റൻഡന്റിനെ ഓൺബോർഡ് ടോയ്‌ലറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ച് പൂർണ്ണ നഗ്നനായ നിലയിൽ കണ്ടെത്തി. വയറുവേദനയാണെന്നും വസ്ത്രം മാറണമെന്നും പറഞ്ഞാണ് ഇയാൾ ഫ്ലൈറ്റിലെ ടോയ്‌ലറ്റിൽ പോയത്. ഏറെ സമയത്തിന് ശേക്ഷം ഒരു സഹപ്രവർത്തകൻ ഇയാളെ വിവസ്ത്രനായി ടോയ്‌ലറ്റിൽ കണ്ടെത്തുകയായിരുന്നു.
അനാരോഗ്യകരമായ അവസ്ഥയിൽ കണ്ടെത്തിയ ഇയാളെ തുടർ പരിശോധനകൾ നടത്തിയപ്പോഴാണ് മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത് . ബ്രിട്ടീഷ് എയർവേയ്‌സ് അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച പെന്തക്കോസ്റ്റ് ഉക്‌സ്‌ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ജോലിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചതായി ഇയാൾ കുറ്റസമ്മതം നടത്തി. ബേസിംഗ്‌സ്റ്റോക്കിൽ നിന്നുള്ള 41 കാരനായ ഇയാളെ പിന്നീട് ശിക്ഷ വിധിക്കുന്നതിനായി ജാമ്യത്തിൽ വിട്ടയച്ചു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിദ്യാർത്ഥികൾ കൈയക്ഷരത്തിന് പകരം കീബോർഡുകൾ ഉപയോഗിക്കുമ്പോൾ പരീക്ഷകളിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്നതായി കണ്ടെത്തി ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ്. മോക്ക് പരീക്ഷയിൽ കൈകൊണ്ടും വേഡ് പ്രോസസ്സറുകളിലുമായി എഴുതിയ ഉപന്യാസങ്ങളെ താരതമ്യം ചെയ്തതിന് പിന്നാലെയാണ് ഗവേഷകർ ഈ അഭിപ്രായത്തിൽ എത്തിയത്. പഠന ബുദ്ധിമുട്ടുകൾ ഉള്ളവർ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികളും ടൈപ്പ് ചെയ്യുമ്പോൾ ഉയർന്ന സ്കോർ നേടിയതായി ഗവേഷകർ കണ്ടെത്തി.
ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിലെ സൈക്കോളജി ആൻഡ് എഡ്യൂക്കേഷൻ വിഭാഗം സീനിയർ ലക്ചറർ എമ്മ സമ്മർ ആണ് പഠനത്തിന് നേതൃത്വം നൽകിയത്. പഠന റിപ്പോർട്ടിന് പിന്നാലെ സ്കൂളുകൾ ലാപ്ടോപ്പുകൾ നൽകുകയും ടച്ച്-ടൈപ്പിംഗ് പഠിപ്പിക്കുകയും ചെയ്യണമെന്ന നിർദ്ദേശവും എമ്മ സമ്മർ മുന്നോട്ട് വച്ചു. ഇതിനോടകം തന്നെ, പരീക്ഷാ ബോർഡുകൾ ഡിജിറ്റൽ പരീക്ഷകളിലേക്ക് മാറാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു. 2027 മുതൽ ചില വിഷയങ്ങളിലെ പരീക്ഷകൾ ഓൺലൈൻ വൈദഗ്ധ്യംആക്കാനുള്ള തയ്യാറെടുപ്പിലാണ് ജിസിഎസ്‌ഇ ഇപ്പോൾ. 2030 ഓടെ എല്ലാ ജിസിഎസ്ഇ കളും ഓൺലൈൻ ആക്കാനുള്ള പരിശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.
ഭാഷയിൽ വൈദഗ്ധ്യം ഉള്ള കുട്ടികൾ കീ ബോർഡുകൾ ഉപയോഗിച്ചപ്പോൾ കൂടുതൽ വാക്കുകൾ എഴുതിയതായും ഇത്തരത്തിലുള്ള വിദ്യാർഥികളുടെ പരീക്ഷാ സ്കോറുകൾ ശരാശരി 17% വർദ്ധിച്ചതായും കണ്ടെത്തലുകൾ കാണിക്കുന്നു. പഠിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികളുടെ സ്കോറുകൾ 14% വർദ്ധിച്ചു. കൈ ഉപയോഗിച്ച് എഴുതുന്നതിനേക്കാൾ വേഗത്തിൽ എഴുതാനും എഡിറ്റ് ചെയ്യാനും ടൈപ്പിംഗ് സഹായിക്കുമെന്ന് എമ്മ സമ്മർ പറയുന്നു. അതേസമയം കൈ കൊണ്ട് എഴുതുന്നത് പൂർണമായി മാറ്റി വക്കരുതെന്നും അവർ കൂട്ടിച്ചേർത്തു. സ്വന്തം കൈപ്പടയിൽ എഴുതുന്നത് വിവരങ്ങൾ ഓർമ്മിക്കുന്നതിന് സഹായകരമാണെന്ന് ഗവേഷണങ്ങൾ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂൺ വരെയുള്ള കാലയളവിൽ ഈ വർഷം ലഭിച്ച അഭയാർത്ഥി അപേക്ഷകളിൽ വൻ വർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മുൻവർഷത്തെ അപേക്ഷകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 14 ശതമാനം ആണ് വർദ്ധനവ്. 2002 ലെ ഏറ്റവും ഉയർന്ന നിരക്കായ 103,000 – നേക്കാൾ നിലവിലെ അപേക്ഷകരുടെ എണ്ണം കൂടുതലാണെന്ന പ്രത്യേകതകയുമുണ്ട്.
ഈ വർഷം ജൂൺ വരെയുള്ള വർഷം ലഭിച്ച അപേക്ഷകരുടെ എണ്ണം കൂടുതലാണെന്നും സർക്കാർ വേഗത്തിൽ നടപടികൾ സ്വീകരിക്കുകയാണെന്നും ഹോം ഓഫീസ് അറിയിച്ചു. എന്നാൽ അനധികൃത കുടിയേറ്റം കൂടുന്നതിനെ കുറിച്ച് കടുത്ത വിമർശനം നേരിടുന്ന പശ്ചാത്തലത്തിൽ പുറത്തുവരുന്ന വിവരങ്ങളുടെ പേരിൽ സർക്കാർ കടുത്ത വിമർശനങ്ങൾ നേരിടുമെന്നാണ് വിലയിരുത്തുന്നത്. ഹോട്ടലുകളിലെ അഭയാർത്ഥികളുടെ എണ്ണം നേരിയ തോതിൽ ഉയർന്ന് 32,059 ആയി – ലേബർ പാർട്ടി അധികാരത്തിൽ വന്ന സമയത്തേക്കാൾ ഇത് കൂടുതലാണ്, എന്നാൽ 2023 സെപ്റ്റംബറിൽ കൺസർവേറ്റീവുകൾക്ക് കീഴിൽ 56,000 എന്ന ഉയർന്ന നിരക്കിൽ നിന്ന് വളരെ താഴെയാണ് എന്നതാണ് ലേബർ പാർട്ടിക്ക് നൽകുന്ന ആശ്വാസം.
അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ബ്രിട്ടനിൽ ഉയരുന്നത്. ഇതിൻറെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്. എസെക്സിലെ ബെൽ ഹോട്ടൽ ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാർത്ഥികളെ ബെൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് വിധി സമ്പാദിച്ചിരിക്കുകയാണ് കൗൺസിൽ അധികാരികൾ. സമാനമായി യുകെയിലെങ്ങും ഇത്തരം ഹോട്ടലുകൾക്ക് എതിരെ വിധി സമ്പാദിക്കാനുള്ള നീക്കത്തിലാണ് കൺസർവേറ്റീവുകളും ലേബറുകളും ഭരിക്കുന്ന കൗൺസിലുകൾ. ഈ സാഹചര്യം ലേബർ പാർട്ടി ഭരിക്കുന്ന കൗൺസിലുകളെയും സർക്കാരിനെയും കൂടുതൽ സമ്മർദ്ധത്തിലാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇന്നലെ 600,000-ത്തിലധികം വിദ്യാർഥികളുടെയാണ് ജി സി എസ് ഇ , ലെവൽ 2 ഫലങ്ങൾ അറിഞ്ഞത്. ഇതിൽ മിക്കവരും സെക്കൻഡറി സ്കൂൾ പൂർത്തിയാക്കുന്ന 11-ാം ക്ലാസ് വിദ്യാർത്ഥികളായിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ജി സി എസ് ഇ വിജയശതമാനം നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലൻഡ് എന്നിവിടങ്ങളിൽ നിന്നും സി ഗ്രേഡ് അല്ലെങ്കില്‍ 4 നേടിയവരുടെ കണക്കെടുമ്പോള്‍ വിജയ ശതമാനം 67.4 ശതമാനമാണ്. കഴിഞ്ഞ വർഷം ഇത് 67.6% ആയിരുന്നു. അതേസമയം വിജയശതമാനം ഏറ്റവും കുറഞ്ഞ രാജ്യം ഇംഗ്ലണ്ട് ആണ്.
വെയിൽസിൽ 62.2% ൽ നിന്ന് വിജയശതമാനം 62.5% ആയി ഉയർന്നിട്ടുണ്ട്. വടക്കൻ അയർലണ്ടിന്റെ നിരക്ക് 82.7% ൽ നിന്ന് 83.5% ആയി വർദ്ധിച്ചു. ഫലം പുറത്തു വന്നതിനു പിന്നാലെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പ്രതിസന്ധിയിലാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. അതേസമയം, ആണ്‍കുട്ടികളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചത് പതിവു പോലെ തന്നെ പെണ്‍കുട്ടികള്‍ ആണെങ്കിലും ഇവര്‍ തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പരീക്ഷയിൽ ജയിക്കാതെ വീണ്ടും പരീക്ഷ എഴുതിയ വിദ്യാർഥികളുടെ വിജയ ശതമാന നിരക്ക് കുറവാണ്.
ലണ്ടൻ ഏറ്റവും ഉയർന്ന വിജയശതമാനമായ 71.6% നേടിയപ്പോൾ, വെസ്റ്റ് മിഡ്‌ലാൻഡ്‌സാണ് ഏറ്റവും കുറവ്- 62.9% നേടിയത്. ഏറ്റവും മികച്ചതും മോശം പ്രകടനം കാഴ്ചവയ്ക്കുന്നതുമായ പ്രദേശങ്ങൾ തമ്മിലുള്ള അന്തരം കഴിഞ്ഞ വർഷം 9.4 ആയിരുന്നെങ്കിൽ, ഇപ്പോഴത് 8.7 ശതമാനമായി കുറഞ്ഞു. ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഇത് നിലവിലെ വിദ്യാഭ്യാസ മേഖലയിലെ അസമത്വങ്ങളെ എടുത്തു കാണിക്കുന്നതായി വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പറഞ്ഞു. അതേസമയം, തിളക്കമാര്‍ന്ന വിജയമാണ് മലയാളി കുട്ടികള്‍ നേടിയിരിക്കുന്നത്.