Main News

കറന്‍സി നോട്ടുകളും നാണയങ്ങളും ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറില്ല. ദിവസത്തില്‍ ഒരു തവണയെങ്കിലും ഇവ കൈകാര്യം ചെയ്യേണ്ടതായി വരാറുണ്ട്. ക്രയവിക്രയത്തിനുള്ളതായതിനാല്‍ത്തന്നെ പലരുടെ കൈകളിലൂടെ കടന്നെത്തുന്ന നോട്ടുകളും നാണയങ്ങളും ആരോഗ്യപരമായി സുരക്ഷിതമല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അഴുക്കു പുരണ്ട നോട്ടുകളിലും നാണയങ്ങളിലും ജീവന് ഹാനികരമായേക്കാവുന്ന രോഗാണുക്കള്‍ പതിയിരിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. എംആര്‍എസ്എ പോലെ ആന്റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിച്ച ബാക്ടീരിയകളുടെ സാന്നിധ്യം നോട്ടുകളില്‍ കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തില്‍ യുകെയിലെ നോട്ടുകളിലും നാണയങ്ങളിലും 19 വ്യത്യസ്ത ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

എംആര്‍എസ്എ എന്ന സറ്റെഫൈലോകോക്കസ് ഓറിയസ്, വിആര്‍ഇ എന്ന പേരില്‍ അറിയപ്പെടുന്ന എന്ററോകോക്കസ് ഫീസിയം തുടങ്ങിയവയാണ് നോട്ടുകളിലും നാണയങ്ങളിലും കണ്ടെത്തിയ ആന്റിബയോട്ടിക്കുകളോട് പ്രതിരോധം ആര്‍ജ്ജിച്ച സൂപ്പര്‍ബഗ്ഗുകള്‍. പഠനത്തിലെ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നാണയങ്ങളിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ളതാണ്. ലോഹങ്ങളില്‍ ഇത്തരം സൂക്ഷ്മാണുക്കള്‍ ജീവിക്കില്ല എന്നാണ് നാം പ്രതീക്ഷിക്കുകയെന്ന് ലണ്ടന്‍ മെട്രോപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസര്‍, ഡോ.പോള്‍ മേറ്റ്‌വീല്‍ പറഞ്ഞു. രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിലൂടെ എളുപ്പത്തില്‍ രോഗങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഈ പഠനം തെളിയിക്കുന്നത്.

ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ താരതമ്യേന രോഗപ്രതിരോധ ശേഷി കുറവുള്ളവരാണ്. ഇവരെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ കൈവശമുള്ള നോട്ടുകളില്‍ നിന്ന് രോഗാണുക്കളെ പകര്‍ത്തുക കൂടിയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ആന്റിബയോട്ടിക്ക് പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ ഈ വിധത്തില്‍ പകരുന്നത് രോഗികള്‍ക്ക് മാരകമായേക്കാം. നാണയങ്ങളും പേപ്പര്‍, പോളിമര്‍ നോട്ടുകളുമാണ് പഠത്തിന് വിധേയമാക്കിയത്.

ബ്രിട്ടീഷ് പൗരത്വം ലഭിക്കണമെങ്കില്‍ ബ്രിട്ടീഷ് മൂല്യങ്ങള്‍ പഠിച്ചിരിക്കണമെന്ന് ഹോം സെക്രട്ടറി. പൗരത്വത്തിന് അപേക്ഷിക്കുന്ന കുടിയേറ്റക്കാര്‍ ഇനി മുതല്‍ ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് പാസാകണം. ഉയര്‍ന്ന നിലവാരത്തില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്. ചരിത്രം, സംസ്‌കാരം, ദൈനംദിന ജീവിതം എന്നിവയില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന നിലവിലുള്ള ടെസ്റ്റിനെ ഹോം സെക്രട്ടറി സാജിദ് ജാവീദ് വിമര്‍ശിച്ചു. ഇപ്പോഴത്തെ പരീക്ഷ ഒരു പബ് ക്വിസിന് സമാനമാണെന്നാണ് അദ്ദേഹം പരിഹസിച്ചത്. ബ്രിട്ടനിലേക്ക് വരുന്നവരെ നാം സ്വാഗതം ചെയ്യുകയാണ്, പക്ഷേ പുതുതായി പൗരത്വം തേടുന്നവര്‍ക്കുള്ള പരീക്ഷയുടെ നിലവാരം പോരെന്ന് അദ്ദേഹം പറഞ്ഞു. ടോറി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ജാവീദ്.

ഹെന്റി എട്ടാമന്റെ ആറാമത്തെ ഭാര്യയുടെ പേര് അറിയുന്നത് ചിലപ്പോള്‍ ഉപകാരപ്രദമായിരിക്കും. എന്നാല്‍ അതിലും പ്രധാനമെന്ന് താന്‍ കരുതുന്നത് നമ്മുടെ സമൂഹത്തെ ഒരുമിപ്പിച്ചു നിര്‍ത്തുന്ന ലിബറല്‍ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് പുതിയ പൗരന്മാര്‍ മനസിലാക്കുന്നതാണെന്ന് ജാവീദ് വ്യക്തമാക്കി. ഒരു പബ് ക്വിസ് വിജയിക്കുന്നതിനേക്കാള്‍ ഒട്ടേറെ പ്രധാന കാര്യങ്ങള്‍ പൗരത്വത്തിലുണ്ട്. അതിനായി ഒരു ബ്രിട്ടീഷ് വാല്യൂ ടെസ്റ്റ് ആവശ്യമാണ്. അത് കൊണ്ടുവരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലീഷ് ഭാഷാ ജ്ഞാനത്തെക്കുറിച്ചും ജാവീദ് സംസാരിച്ചു.

പരസ്പരം ആശയവിനിമയം നടത്താന്‍ പോലും സാധിക്കുന്നില്ലെങ്കില്‍ ഒരു കുടുംബമെന്ന നിലയില്‍ എങ്ങനെ മുന്നോട്ടു പോകാന്‍ സാധിക്കുമെന്നാണ് ജാവീദ് ചോദിച്ചത്. അതിനാല്‍ വാല്യൂ ടെസ്റ്റിനൊപ്പംതന്നെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യവും നിര്‍ബന്ധിതമാക്കും. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസുകളില്‍ പെട്ടവരില്‍ ഇരട്ട പൗരത്വമുള്ളവര്‍ ഉണ്ടെങ്കില്‍ അവരുടെ യുകെ പൗരത്വം റദ്ദാക്കുമെന്നും ജാവീദ് വ്യക്തമാക്കി.

ബിനോയി ജോസഫ്

“ഇനി ഒരുപാടു കാലം പോകാനുണ്ട്, കുറെ ഭാരം ഇറക്കിവയ്ക്കാനുണ്ട്”… സ്വപ്നങ്ങൾ പൂർത്തിയാക്കാതെ ബാലഭാസ്കർ യാത്രയായി.. ആയിരങ്ങളെ സംഗീതത്തിന്റെ മാസ്മരികതയിലേയ്ക്ക് കൈപിടിച്ചു നയിച്ച യൗവനം അണഞ്ഞു. ആ മാന്ത്രിക വിരലുകളിലെ വിസ്മയ തന്ത്രികളാൽ ജനഹൃദയങ്ങളെ തൊട്ടുണർത്താൻ പ്രിയപ്പെട്ട ബാലഭാസ്കർ ഇനിയില്ല.. ലോകം ഇനിയും വിശ്വസിച്ചിട്ടില്ല ബാലഭാസ്കർ വിടവാങ്ങിയെന്ന്.. സംഗീത മാന്ത്രികൻ പകർന്നു നല്കി ഊർജ്ജവും ആവേശവും അനുഭവിച്ച ജനഹൃദയങ്ങൾ വേദനയിൽ വിതുമ്പുകയാണ്..

ജീവനേക്കാൾ സ്നേഹിച്ച ലക്ഷ്മിയെയും വിട്ടകന്ന് കുഞ്ഞു തേജസ്വിനിയുടെ അടുക്കലേയ്ക്ക് ബാലഭാസ്കർ വിടവാങ്ങിയപ്പോൾ സംഗീതലോകം ആശ്വാസവാക്കുകളില്ലാതെ ഉഴലുന്നു.. വേദനയില്ലാത്ത ലോകത്തേയ്ക്ക്, മകളെ അത്യധികം സ്നേഹിച്ച ആ അച്ഛൻ കൈ പിടിക്കാനെത്തിക്കഴിഞ്ഞു. നീണ്ട കാലത്തെ കാത്തിരിപ്പിൽ വിരിഞ്ഞ നറുപുഷ്പത്തെ തനിച്ചാക്കാൻ ബാലുവിന് മനസ് വന്നിട്ടുണ്ടാവില്ല.  ആയിരക്കണക്കിന് വേദികളിൽ പ്രകമ്പനമായി മാറിയ മധുരമേറിയ സ്വരവീചികളുടെ രാജകുമാരൻ കേരളത്തിന്റെ മണ്ണിൽ ഇന്ന് കണ്ണീർ പുഷ്പമായി അലിഞ്ഞു ചേരും.

ആകർഷകമായ വ്യക്തിത്വവും സൗഹൃദത്തോടെയുള്ള പെരുമാറ്റവും കൊണ്ട് ബാലഭാസ്കർ ഇടം നേടിയത് ആയിരങ്ങളുടെ ഹൃദയങ്ങളിലാണ്. കഠിനാദ്ധ്വാനത്തിലൂടെ വയലിൻ കൊണ്ട് ചരിത്രം രചിച്ച ബാലഭാസ്കർ യുവജനങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു. തന്നിലെ സന്തോഷവും ഊർജ്ജവും സദസിലേയ്ക്ക് പകരുന്ന കരവിരുതും ചടുലതയും ബാലഭാസ്കറിന്റെ മാത്രം പ്രത്യേകതകളായിരുന്നു. തീവ്രമായ സംഗീത സപര്യയിലൂടെ കലയോട് നീതി പുലർത്തിയ അസാമാന്യ പ്രതിഭയെ വിശേഷപ്പിക്കാൻ വാക്കുകളില്ല.

തിരുവനന്തപുരം ഗവ.മോഡൽ സ്കൂളിലെ മ്യൂസിക് റൂമിൽ തന്റെ സുഹൃത്തിനോടൊപ്പം സംഗീതത്തിന്റെ ആരവത്തിന് തുടക്കം കുറിച്ച ബാലഭാസ്കർ കുട്ടികൾക്ക് എന്നും ആവേശമായിരുന്നു. മ്യൂസിക് റൂമിന്റെ ജനാലച്ചില്ലുകൾ വഴി വഴിഞ്ഞൊഴുകുന്ന തബലയുടെയും വയലിന്റെയും നാദവീചികളിൽ ആകൃഷ്ടരായി എല്ലാ ദിവസവും ബാലുവിന്റെ ബ്രേക്ക് ടൈം പെർഫോർമൻസ് കാണാനെത്തുന്നത് നിരവധി കുട്ടികളായിരുന്നു. മാർ ഈവാനിയോസിലും യൂണിവേഴ്സിറ്റി കോളജിലും കൗമാരത്തിന്റെ സ്വപ്ന ചിറകുകളിൽ പറന്നുല്ലസിച്ച ബാലഭാസ്കർ തീർത്തത് സംഗീതത്തിന്റെ വിസ്മയലോകമായിരുന്നു. ചെറുപുഞ്ചിരിയോടെ തിളങ്ങുന്ന കണ്ണുകൾ പാതിയടച്ച്  ഹൃദയങ്ങളോട് സംസാരിച്ച് കൊണ്ട് അനായാസം സദസിലും സ്റ്റേജിലും നിറഞ്ഞു നിൽക്കാനുള്ള അസാമാന്യ പ്രതിഭ ബാലഭാസ്കറിനെ വ്യത്യസ്തനാക്കി. സംഗീതപാരമ്പര്യമുള്ള കുടുംബത്തിന്റെ യശസ് ലോകമെങ്ങും എത്തിച്ച് ബാലഭാസ്കർ തന്റെ ജീവിതയാത്രയ്ക്ക് വിരാമമിട്ടു.

നിനച്ചിരിക്കാത്ത സമയത്ത് തേടിയെത്തിയ അപകടം തകർത്തെറിഞ്ഞത് ഒരു സന്തുഷ്ട കുടുംബത്തെയായിരുന്നു. മരണത്തിന്റെ കാലൊച്ചകളെ ആദ്യം മകൾ തേജസ്വിനിയും പിന്നീട് ബാലഭാസ്കറും പിന്തുടർന്നു. തന്റെ പ്രിയ പ്രണയിനിയെയും ബാലഭാസ്കർ വിട്ടു പിരിഞ്ഞു. സംഗീതത്തെയും വയലിനെയും പ്രണയിച്ച ആ രാജകുമാരന് കേരളം ഇന്ന് വിട നല്കുകയാണ്. അനശ്വരമായ ലോകത്തേയ്ക്ക് യാത്രയായ ബാലഭാസ്കറിന് നേരുന്നു യാത്രാമൊഴി… പറന്നുല്ലസിക്കുക അനന്തവിഹായസിൽ നീ… സംഗീതം പൊഴിക്കുക അനന്തതയുടെ താഴ് വരയിൽ… നക്ഷത്രങ്ങളെ സാക്ഷിയാക്കി.. കുഞ്ഞുതേജസ്വിനിയുമൊത്ത്…

ബ്രിട്ടനില്‍ ഗര്‍ഭിണികളിലെ മോര്‍ണിംഗ് സിക്ക്‌നസ് പരിഹരിക്കാനുള്ള മരുന്നിന് ബ്രിട്ടനില്‍ ലൈസന്‍സ്. ഗര്‍ഭകാലത്തെ ഛര്‍ദ്ദി, ശാരിരികമായ മറ്റ് അസ്വസ്ഥതകള്‍ എന്നിവ പരിഹരിക്കാന്‍ സോനേവ എന്ന പുതിയ മരുന്നിന് സാധിക്കുമെന്ന് പരീക്ഷണങ്ങള്‍ തെളിയിച്ചിരുന്നു. ഛര്‍ദ്ദി മൂന്നില്‍ രണ്ടായി കുറയ്ക്കാനും തലകറക്കം പോലെയുള്ള അസ്വസ്ഥതകള്‍ ദിവസത്തില്‍ നാലില്‍ നിന്ന് ഒന്നായി കുറയ്ക്കാനും ഇത് സഹായിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ ഛര്‍ദ്ദി ഇല്ലാതാക്കാനുള്ള മരുന്നുകള്‍ ഗര്‍ഭിണികള്‍ക്ക് നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ മടിക്കുമായിരുന്നു. ഇഞ്ചി, അക്യൂപങ്ചര്‍ തുടങ്ങിയവയായിരുന്നു ഗര്‍ഭിണികള്‍ക്ക് നിര്‍ദേശിക്കപ്പെട്ടിരുന്നത്.

80 ശതമാനം ഗര്‍ഭിണികളിലും മോര്‍ണിംഗ് സിക്ക്‌നസ് എന്ന പേരില്‍ അറിയപ്പെടുന്ന ഗര്‍ഭകാല ശാരിരിക പ്രശ്‌നങ്ങള്‍ കാണാറുണ്ട്. അതില്‍ രണ്ട് ശതമാനം പേര്‍ക്ക് അതി കഠിനമായ ഛര്‍ദ്ദി കാണപ്പെടാറുണ്ട്. ഹൈപ്പറെമെസിസ് ഗ്രാവിഡാറം എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥ കീമോതെറാപ്പിക്ക് വിധേയരാകുന്നവരില്‍ കാണപ്പെടുന്ന ഛര്‍ദ്ദിക്കു തുല്യമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ അതി ശക്തമായ ഛര്‍ദ്ദിയും മറ്റ് പ്രശ്‌നങ്ങളുമുള്ള ഗര്‍ഭിണികള്‍ക്ക് അബോര്‍ഷന്‍ നിര്‍ദേശിക്കാറുണ്ട്. നിലവില്‍ ആയിരത്തോളം ഗര്‍ഭങ്ങള്‍ ഇങ്ങനെ അലസിപ്പിക്കാറുണ്ടെന്ന് ബ്രിട്ടീഷ് പ്രെഗ്നന്‍സി അഡൈ്വസറി സര്‍വീസ് പറയുന്നു.

ഇത്തരത്തിലുള്ള അബോര്‍ഷനുകള്‍ കുറയ്ക്കാന്‍ ഈ പുതിയ മരുന്ന് സഹായിക്കുമെന്നാണ് കരുതുന്നത്. ഗര്‍ഭത്തോടനുബന്ധിച്ചുള്ള ശാരീരിക പ്രശ്‌നങ്ങളുമായി 2016-17 കാലയളവില്‍ 33,071 പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതു മൂലം 36,171 ചികിത്സാ ദിനങ്ങളാണ് എന്‍എച്ച്എസിന് ചെലവായത്. 62 മില്യന്‍ പൗണ്ട് ഈയിനത്തില്‍ ഹെല്‍ത്ത് സര്‍വീസിന് എല്ലാ വര്‍ഷവും ചെലവാകുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്. 1960കളില്‍ ഗര്‍ഭകാല ആലസ്യങ്ങള്‍ക്ക് മരുന്നായി താലിഡോമൈഡിന് അനുമതി നല്‍കിയിരുന്നുവെങ്കിലും കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരോധിച്ചിരുന്നു.

പ്രസവ സമയത്തെ ജീവനക്കാരുടെ അശ്രദ്ധ മൂലം തലച്ചോറിന് സാരമായ ക്ഷതമേല്‍ക്കുകയും അതു മൂലമുണ്ടായ വൈകല്യങ്ങളുമായി ജീവിക്കേണ്ടി വരികയും ചെയ്യുന്ന 18 കാരിക്ക് എന്‍എച്ച്എസ് 2.1 മില്യന്‍ പൗണ്ട് നഷ്ടപരിഹാരമായി . എന്‍എച്ച്എസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ഇത്. പ്രസവ സമയത്ത് ശ്വസനം ശരിയായി നടക്കാതെ വന്നതിനെത്തുടര്‍ന്നാണ് കുട്ടിക്ക് മസ്തിഷ്‌കത്തിന് സാരമായ തകരാറുകള്‍ നേരിട്ടത്. അഞ്ചു മാസം പ്രായമുള്ളപ്പോളാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ കുട്ടി അനുഭവിച്ചു തുടങ്ങിയത്. അന്നനാളത്തിലുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ അഞ്ചാം മാസത്തില്‍ ഒരു ശസ്ത്രക്രിയക്ക് കുട്ടി വിധേയയാകേണ്ടി വന്നു.

കാര്‍ഡിഫിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സില്‍ വെച്ച് കുട്ടിയുടെ ശ്വാസം നിലയ്ക്കുകയും ഓക്‌സിജന്‍ ലഭിക്കാതെ ശരീരം നീലനിറത്തിലാകുകയും ചെയ്തു. 2000 ഫെബ്രുവരിയില്‍ ജനന സമയത്ത് ഡോക്ടര്‍മാര്‍ കുട്ടിയെ ശരിയായി വെന്റിലേറ്റ് ചെയ്യാതിരുന്നതാണ് മസ്തിഷ്‌ക ക്ഷതത്തിന് കാരണമായതെന്ന് കഴിഞ്ഞ മാസം കോടതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നഷ്ടപരിഹാരമായി 2.1 മില്യന്‍ പൗണ്ട് എന്‍എച്ച്എസ് നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു. പ്രതിവര്‍ഷം 203,000 പൗണ്ട് വീതം നല്‍കാനാണ് വിധി. കുട്ടിയുടെ ആയുര്‍ദൈര്‍ഘ്യം കണക്കാക്കിയാല്‍ സെറ്റില്‍മെന്റിന്റെ മൂല്യം 19,774,265 പൗണ്ട് വരും. ഇതിനു മുമ്പ് രേഖപ്പെടുത്തിയ റെക്കോര്‍ഡ് സെറ്റില്‍മെന്റ് കഴിഞ്ഞ മെയ് മാസത്തില്‍ വിധിച്ച 19,410,417 പൗണ്ടിന്റേതാണ്.

 

കാര്‍ഡിഫ് ആന്‍ഡ് വെയില്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡ് വേണം നഷ്ടപരിഹാരം നല്‍കാന്‍. കാര്‍ഡിഫ് ഹൈക്കോടതി ജസ്റ്റിസ് റോബര്‍ട്ട് ഹാരിസണാണ് ഈ വിധി പുറപ്പെടുവിച്ചത്. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് ചികിത്സാപ്പിഴവു മൂലമുണ്ടായ വൈകല്യം ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്ന പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാന്‍ സാധിച്ചതെന്ന് കുട്ടിക്കു വേണ്ടി ഹാജരായ യിവോണ്‍ ആഗ്ന്യൂ പറഞ്ഞു.

ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ജിപികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനൊരുങ്ങി എന്‍എച്ച്എസ്. വൈകുന്നേരങ്ങളിലും വീക്കെന്‍ഡുകളിലും അപ്പോയിന്റ്‌മെന്റുകള്‍ സാധ്യമാകുന്ന വിധത്തില്‍ ജിപികളുടെ പ്രവര്‍ത്തനം നീട്ടാനാണ് സര്‍ക്കാര്‍ നീക്കം. പാഴ്‌ചെലവാണെന്നും അത്ര ജനപ്രിയമല്ലെന്നും വിമര്‍ശങ്ങളുയര്‍ന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം. വൈകുന്നേരങ്ങളിലെ അപ്പോയിന്റ്‌മെന്റുകളില്‍ 25 ശതമാനത്തോളം റദ്ദാക്കപ്പെടുകയാണെന്ന ഞെട്ടിക്കുന്ന കണക്കുകളും പുറത്തു വന്നിട്ടുണ്ട്. 80 ക്ലിനിക്കല്‍ ഏരിയകളില്‍ ഈ വിധത്തില്‍ 501,396 മണിക്കൂറുകളാണ് നഷ്ടമായത്. ഇതിലൂടെ 15 മില്യന്‍ പൗണ്ടിലേറെ വരുന്ന തുകയാണ് എന്‍എച്ച്എസിന് നഷ്ടം വന്നതെന്ന് പള്‍സ് മാഗസിന്‍ പറയുന്നു.

എന്നാല്‍ രാവിലെ 8 മുതല്‍ വൈകിട്ട് 8 മണി വരെ ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ജിപികള്‍ ലക്ഷക്കണക്കിനി രോഗികള്‍ക്ക് അനുഗ്രഹമാണെന്നാണ് ഔദ്യോഗിക വിശദീകരണം. 2019 മാര്‍ച്ചിനുള്ളില്‍ എല്ലാ രോഗികള്‍ക്കും ഈ സൗകര്യം ലഭ്യമാക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ വക്താവ് ഇന്നലെ അറിയിച്ചു. 2020-21 വര്‍ഷത്തിനുള്ളില്‍ 500 മില്യന്‍ പൗണ്ടിലേറെ ഈ പദ്ധതിക്കായി എന്‍എച്ച്എസ് നിക്ഷേപിക്കും. അതേസമയം വീക്കെന്‍ഡ് അപ്പോയിന്റ്‌മെന്റുകള്‍ നല്ലൊരു പങ്കും റദ്ദാക്കപ്പെടുകയാണെന്ന് പള്‍സ് പറയുന്നു.

ശനിയാഴ്ച അപ്പോയിന്റ്‌മെന്റുകളില്‍ 23 ശതമാനവും ഞായറാഴ്ച അപ്പോയിന്റ്‌മെന്റുകളില്‍ 37 ശതമാനവും രോഗികള്‍ എത്താത്തതിനാല്‍ മുടങ്ങുകയാണ്. വൈകുന്നേരങ്ങളിലെ അപ്പോയിന്റ്‌മെന്റുകളില്‍ 23 ശതമാനവും ഈ വിധത്തില്‍ മുടങ്ങുന്നുണ്ട്. താനെറ്റ്, കെന്റ് എന്നിവിടങ്ങളില്‍ ഞായറാഴ്ചകളില്‍ വെറും മൂന്ന് ശതമാനവും ശനിയാഴ്ചകളില്‍ 26 ശതമാനം അപ്പോയിന്റ്‌മെന്റളില്‍ മാത്രമേ രോഗികള്‍ എത്തിയിട്ടുള്ളുവെന്ന് മാര്‍ച്ച് വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ അപ്പോയിന്റ്‌മെന്റിനും 30 മുതല്‍ 50 പൗണ്ട് വരെ ചെലവു വരുമെന്നാണ് കണക്ക്.

സ്മാര്‍ട്ട്‌ഫോണുകള്‍ മനുഷ്യ ജീവിതത്തെ ഏതൊക്കെ വിധത്തില്‍ ബാധിക്കുന്നു എന്ന കാര്യത്തില്‍ പഠനങ്ങള്‍ കൂടുതലായി നടന്നു വരികയാണ്. യുവാക്കളിലും കൗമാരക്കരിലും സ്മാര്‍ട്ട്‌ഫോണുകള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന കാര്യം നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റൊരു ഗുരുതരമായ പ്രത്യാഘാതം കൂടി സ്മാര്‍ട്ട്‌ഫോണുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പുതിയ പഠനം പറയുന്നു. ബ്രിട്ടനിലെ അഞ്ചിലൊന്ന് കുടുംബങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ദിനംപ്രതി കലഹങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് വെളിപ്പെടുത്തല്‍. കുടുംബ ജീവിതത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എന്ത് പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത് എന്ന് അറിയാനുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

സര്‍വേയില്‍ പങ്കെടുത്ത പകുതിയോളം മാതാപിതാക്കളും കൗമാരക്കാരും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അടിമത്വത്തെക്കുറിച്ച് സര്‍വേയില്‍ വെളിപ്പെടുത്തി. മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് കുട്ടികളും കുട്ടികളുടെ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കളും വിമര്‍ശിക്കുന്നത് കലഹങ്ങള്‍ക്ക് കാരണമാകുന്നു. ഭക്ഷണത്തിനിടയിലും അല്ലാതെയുമുള്ള സംസാരമാണ് ഈ വിധത്തില്‍ കലഹങ്ങളിലേക്ക് വഴിമാറുന്നത്. കൗമാരക്കാരായ തങ്ങളുടെ കുട്ടികള്‍ കൂടുതല്‍ സമയം ഫോണില്‍ ചെലവഴിക്കുന്നുവെന്ന് മൂന്നില്‍ രണ്ട് രക്ഷിതാക്കളും വിശ്വസിക്കുന്നു. അതേസമയം 29 ശതമാനം കുട്ടികള്‍ പറയുന്നത് തങ്ങളുടെ മാതാപിതാക്കളും ഫോണില്‍ സമയം ചെലവഴിക്കുന്നുവെന്നാണ്.

1200 മാതാപിതാക്കളിലും 13 മുതല്‍ 17 വയസു വരെ പ്രായമുള്ള അവരുടെ കുട്ടികളിലുമാണ് സര്‍വേ നടത്തിയത്. മൊബൈല്‍ ഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ വീട്ടില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മൂന്നില്‍ രണ്ട് കുടുംബങ്ങള്‍ വെളിപ്പെടുത്തി. ഭക്ഷണ സമയത്തും ഉറങ്ങാന്‍ കിടക്കുമ്പോഴും മറ്റും ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ ഈ നിയമങ്ങള്‍ 70 ശതമാനം പേരും ലംഘിച്ചിട്ടുണ്ട്. കൗമാരക്കാരായ കുട്ടികളാണ് നിയമലംഘനം ഏറ്റവും കൂടുതല്‍ നടത്തിയതെന്നും 17 ശതമാനം മാതാപിതാക്കളും ഈ ‘ചട്ടലംഘനം’ നടത്തിയിട്ടുണ്ടെന്നും സര്‍വേയില്‍ വെളിപ്പെടുത്തി.

ജിപി സര്‍ജറികളില്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രോഗനിര്‍ണ്ണയം മൂന്നാഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ നടപടി. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പുതിയ നിര്‍ദേശങ്ങളിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് സെന്ററുകളിലും സ്ഥാപിക്കുന്ന മൊബൈല്‍ യൂണിറ്റുകളിലൂടെ സിടി, എംആര്‍ഐ സ്‌കാനിംഗ് സൗകര്യവും രോഗികള്‍ക്ക് ലഭ്യമാകും. ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഈ രോഗനിര്‍ണ്ണയ സംവിധാനങ്ങളുടെ സേവനം ലഭിക്കും. ഗുരുതര രോഗങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ താമസം നേരിടുന്നുവെന്ന കുപ്രസിദ്ധി രാജ്യത്തിന് ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. 10 വര്‍ഷം നീളുന്ന പദ്ധതിയാണ് ഇതിനായി എന്‍എച്ച്എസ് തയ്യാറാക്കിയിരിക്കുന്നത്.

ബ്രെസ്റ്റ് ക്യാന്‍സര്‍, വന്‍കുടല്‍, പ്രോസ്‌റ്റേറ്റ്, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കാണ് പദ്ധതിയില്‍ പ്രധാനമായും ഊന്നല്‍ നല്‍കിയിരിക്കുന്നത്. ലക്ഷണങ്ങളുമായെത്തുന്ന രോഗികളെ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് റഫര്‍ ചെയ്യുന്ന കാലതാമസമുള്‍പ്പെടെ പരിഹരിക്കാന്‍ അടിയന്തര ടെസ്റ്റുകള്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘സ്‌കാന്‍ ഫസ്റ്റ് ആസ്‌ക് ക്വസ്റ്റ്യന്‍സ് ലേറ്റര്‍’ എന്ന സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. പ്രാഥമികമായി നടത്തുന്ന ഇത്തരം പരിശോധനകള്‍ക്കു ശേഷമാണ് ഡോക്ടര്‍മാര്‍ രോഗനിര്‍ണ്ണയം നടത്തുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ രീതി പരീക്ഷിക്കാനൊരുങ്ങുന്നത്.

നിലവില്‍ ക്യാന്‍സര്‍ സംശയങ്ങളുമായെത്തുന്ന രോഗികളില്‍ രോഗനിര്‍ണ്ണയം നടത്തി ചികിത്സ ആരംഭിക്കുന്നതിന് ശരാശരി 62 ദിവസങ്ങള്‍ എടുക്കാറുണ്ട്. ഇക്കാലമത്രയും രോഗികള്‍ ആശങ്കയില്‍ കഴിയേണ്ടി വരുന്ന ഒരു സ്ഥിതിവിശേഷമുണ്ട്. ഈ കാലയളവില്‍ രോഗം കൂടുതല്‍ പടരുകയും ചെയ്‌തേക്കാം. എന്‍എച്ച്എസിന്റെ ഈ പദ്ധതിയേക്കുറിച്ച് ഹെല്‍ത്ത് സെക്രട്ടറി ഇന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വിശദീകരിക്കും.

കുഞ്ചറിയാ മാത്യൂ

കഴിഞ്ഞ മൂന്നരമാസമായി അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ്ണത്തിന് നേരിടുന്ന വില തകര്‍ച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു. സെപ്റ്റംബറില്‍ മാത്രം രണ്ട് ശതമാനത്തിനടുത്താണ് സ്വര്‍ണ്ണ വിലയില്‍ കുറവുണ്ടായത്. ഡോളറിന്റെ മൂല്യം വര്‍ദ്ധിച്ചതും, യു.എസ് ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് കൂടിയതുമാണ് സ്വര്‍ണ്ണത്തിന് തിരിച്ചടിയായത്. സ്വര്‍ണ്ണത്തിന്റെ വില കൂടുതല്‍ കുറയാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മഞ്ഞലോഹം ഇന്ത്യയിലെ മികച്ച നിക്ഷേപങ്ങളിലൊന്നാണ്. ലോകത്തുള്ള മൊത്തം സ്വര്‍ണ്ണത്തിന്റെ നല്ലൊരു ശതമാനം ഇന്ത്യക്കാരുടെ കൈവശമാണ്. അതുകൊണ്ടുതന്നെ സ്വര്‍ണ്ണവിലയില്‍ നേരിടുന്ന ഏതൊരു തിരിച്ചടിയും ഇന്ത്യക്കാരന്റെ നിക്ഷേപത്തിന്റെ മൂല്യം കുറയാന്‍ കാരണമാകും. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് കഴിഞ്ഞയാഴ്ച്ചയില്‍ ക്ലോസിംഗ് വില 22,760 രൂപയാണ്. അതിന് തൊട്ട് മുന്‍പുള്ള ആഴ്ച്ചയിലെ വില 22,960 രൂപയായിരുന്നു.

ന്യൂസ് ഡെസ്ക്

പ്രാർത്ഥനകൾ വിഫലമായി… വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കർ അന്തരിച്ചു. 40 വയസായിരുന്നു. വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന ബാലഭാസ്കറിന് അല്പം മുൻപ് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. അപകടത്തിൽ പരിക്കേറ്റ മകൾ തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. പരിക്കേറ്റ ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും  അപകടനില തരണം ചെയ്തു. സെപ്റ്റംബർ 25നാണ് ബാല ഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്.

RECENT POSTS
Copyright © . All rights reserved