ലണ്ടന്‍: എഡിന്‍ബറോ ഡ്യൂകും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായി പ്രിന്‍സ് ഫിലിപ്പ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവര്‍ തലകീഴായി മറിഞ്ഞു. അതേസമയം അപകടത്തില്‍ പ്രിന്‍സ് ഫിലിപ്പിന് പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രിന്‍സ് ഫിലിപ്പിന്റെ വാഹനവുമായി കൂട്ടിയിടിച്ച കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് നിസാര പരിക്കുകളേറ്റിട്ടുണ്ട്. ഇവരെ കിംഗ്‌സ് ലെയ്‌നിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സാന്‍ഡ്രിഗ്രഹാം എസ്‌റ്റേറ്റിന് സമീപത്ത് കൂടെ സഞ്ചരിക്കുകയായിരുന്ന പ്രിന്‍സ് ഫിലിപ്പിന്റെ ലാന്‍ഡ് റോവറും മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അപകടം നടന്നുയടന്‍ സ്ഥലത്തേക്ക് എത്തിയവര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പോലീസെത്തി പ്രിന്‍സ് ഫിലിപ്പ് ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന സമയത്ത് പരിഭ്രാന്തനായിട്ടായിരുന്നു പ്രിന്‍സ് ഫിലിപ്പ് കാണപ്പെട്ടതെന്ന് ദൃസാക്ഷികള്‍ പറയുന്നു. വാഹനം തലകീഴായി മറിഞ്ഞിട്ടും 97കാരനായ പ്രിന്‍സ് ഫിലിപ്പിന് അപകടമൊന്നും പറ്റാത്തത് അദ്ഭുതകരമാണ്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ആരോഗ്യവിവരം തിരക്കി രംഗത്ത് വന്നിരിക്കുന്നത്.

അപകടത്തില്‍പ്പെട്ട ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ശ്വാസ പരിശോധന പോലീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇരുകൂട്ടരും യാതൊരു ലഹരിയുടെയും സ്വാധീനത്തിലായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. പ്രിന്‍സ് ഫിലിപ്പിന് കൈയ്യില്‍ നിയമം അനുശാസിക്കുന്ന ലൈസന്‍സ് ഉണ്ടായിരുന്നതായി ബെക്കിംഗ്ഹാം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യു.കെയില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എല്ലാ മൂന്ന് വര്‍ഷവും ലൈസന്‍സ് പുതുക്കി വാങ്ങേണ്ടതുണ്ട്. നിയമലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക പോലീസ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന.
ലണ്ടന്‍: യു.കെയിലെ എത്തിനിക് ന്യൂനപക്ഷങ്ങള്‍ തൊഴില്‍ മേഖലയില്‍ കടുത്ത വിവേചനങ്ങള്‍ നേരിടുന്നതായി പഠനം. 1960 കാലഘട്ടങ്ങളിലുണ്ടായിരുന്ന വിവേചനങ്ങള്‍ അതേപടി 2019ലും നിലനില്‍ക്കുന്നതായിട്ടാണ് പഠനം വ്യക്തമാക്കുന്നത്. പുതിയ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ ബ്രിട്ടന് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് സൂചന. ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിന്തള്ളപ്പെടുന്നവരില്‍ കൂടുതല്‍ കറുത്ത വര്‍ഗക്കാരും ഏഷ്യന്‍ വംശജരുമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏഷ്യക്കാരില്‍ ഏറ്റവും വംശീയ വിദ്വേഷം നേരിടേണ്ടിവരുന്നത് പാകിസ്ഥാനികളാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സമാന യോഗ്യതകളുണ്ടായിട്ട് പോലും ഏഷ്യക്കാരെയോ കറുത്ത വംശജരെ തൊഴില്‍ വിപണിയില്‍ സമത്വപൂര്‍ണമായി പരിഗണിക്കപ്പെടുന്നില്ല.

ന്യൂഫീല്‍ഡ് കോളേജിലെ (യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ്) സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് വിദഗ്ദ്ധരാണ് ഗവേഷണം നടത്തിയിരിക്കുന്നത്. 1960കളില്‍ രാജ്യത്ത് നിലനിന്നിരുന്ന അതീവ ഗുരുതരമായ വര്‍ണ വിവേചന രീതികളില്‍ നിന്ന് ഒട്ടും മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. യു,കെയുടെ സാമ്പത്തിക ശാക്തീകരണത്തിന് നിലവില്‍ കറുത്തവംശജരുടെയും ഏഷ്യക്കാരുടെയും പിന്തുണ അനിവാര്യമാണ്. മിക്ക മേഖലകളിലും കുടിയേറ്റ ജനതയുടെ വലിയ പങ്കാളിത്വമുണ്ട്. അതേസമയം വൈറ്റ് കോളര്‍ ജോലികളിലേക്ക് എത്തിപ്പെടാന്‍ എത്തിനിക്ക് ന്യൂനപക്ഷങ്ങള്‍ കടമ്പകളേറെ പിന്നിട്ടിരുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. വിദ്യഭ്യാസമോ, പ്രവൃത്തി പരിചയമോ, ജോലിയിലുള്ള പ്രാവീണ്യമോ ആയിരുന്നില്ല പരിഗണിക്കപ്പെട്ടിരുന്നതെന്ന് പഠനം പറയുന്നു.

വെള്ളക്കാരായ ബ്രിട്ടീഷുകാര്‍ അയക്കുന്നതിലും 80 ശതമാനം കൂടുതല്‍ ജോലി അപേക്ഷകള്‍ എത്തിനിക്ക് ന്യൂനപക്ഷങ്ങള്‍ അയക്കേണ്ടിവകരുന്നതായി സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. പാകിസ്ഥാനികളോടുള്ള മനോഭാവത്തില്‍ കഴിഞ്ഞ 50 വര്‍ഷമായി മാറ്റമുണ്ടായിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു. ഗവേഷണത്തിലെ കണ്ടെത്തലുകള്‍ ഞെട്ടിപ്പിക്കുന്നതും നമ്മെ വിഷമിപ്പിക്കുന്നമാണ്. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ നിര്‍ത്തലാക്കാന്‍ നാം വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ അന്തോണി ഹീത്ത് അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്
യുകെയിലെ ഏറ്റവും വലിയ പവർ സ്റ്റേഷനിൽ അപ്രന്റീസാകാൻ സുവർണാവസരം. രാജ്യത്തെ 8 മില്യണിലേറെ വീടുകളിലേയ്ക്ക് ആവശ്യമായ ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്ന നോർത്ത് യോർക്ക് ഷയറിലെ സെൽബിയിൽ സ്ഥിതി ചെയ്യുന്ന ഡ്രാക്സ് ഗ്രൂപ്പിന്റെ പവർ പ്ലാന്റാണ് മൂന്നു വ്യത്യസ്ത ട്രേഡുകളിൽ അപ്രന്റീസുകളെ പരിശീലിപ്പിക്കുന്നത്. 2400 പേർ നിലവിൽ ഡ്രാക്സ് ഗ്രൂപ്പിന്റെ വിവിധ സെക്ഷനുകളിൽ ജോലി ചെയ്യുന്നുണ്ട്. ആയിരത്തിലേറെ ആളുകൾ ജോലി ചെയ്യുന്ന സെൽബിയിലെ 3600 മെഗാവാട്ട് കപ്പാസിറ്റിയുള്ള പവർ സ്റ്റേഷനിലെ ടീമിന്റെ ഭാഗമായുള്ള മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ ആൻഡ് കൺട്രോൾ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലേയ്ക്കാണ് അപ്രന്റീസുകളെ എടുക്കുന്നത്. ടെക്നിക്കൽ ട്രേഡുകളിൽ പരിശീലനം നേടിയെടുക്കാനും വിവിധ ഇൻഡസ്ട്രികളിൽ നല്ല ജോലി കരസ്ഥമാക്കാനും അപ്രന്റീസ് യോഗ്യത സഹായിക്കും.
അപ്രന്റീസ് ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് BTEC/NVQ ഡിപ്ളോമ യോഗ്യതകൾ ലഭ്യമാകും. നാലു വർഷമാണ് പരിശീലന കാലാവധി. ഇതിൽ രണ്ടു വർഷം നോട്ടിങ്ങാമിലെ റാറ്റ് ക്ലിഫ് പവർ സ്റ്റേഷന് സമീപമുള്ള യൂണിപ്പർ എഞ്ചിനീയറിംഗ് അക്കാഡമിയുടെ ട്രെയിനിംഗ് സെൻററിൽ താമസിച്ച് പഠിക്കുവാനുള്ള സൗകര്യം പവർസ്റ്റേഷൻ നല്കും. മൂന്നും നാലും വർഷത്തെ പരിശീലനം സെൽബിയിലെ പവർ സ്റ്റേഷനിലായിരിക്കും.
ജിസിഎസ് സി യിൽ നിശ്ചിത വിഷയങ്ങളിൽ കുറഞ്ഞത് അഞ്ച് സി ഗ്രേഡ് നേടിയവർക്കും 2019 ൽ ഗ്രേഡ് നേടുമെന്ന് ഉറപ്പുണ്ടെങ്കിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും അപ്രന്റീസ് ട്രെയിനിംഗിന് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷിക്കുന്നതിന് പ്രായപരിധി ഇല്ല. ഓൺലൈനിലാണ് അപേക്ഷ നല്കേണ്ടത്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2019 ജനുവരി 31 ആണ്. കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.
ബിനോയി ജോസഫ്, നോര്‍ത്ത് ലിങ്കണ്‍ഷയര്‍.
ബ്രിട്ടീഷ് പാർലമെൻറിൽ നടന്നത് ചരിത്രത്തിൽ ഇടം പിടിക്കുന്ന മാരത്തൺ ചർച്ചകൾ ആണ്. യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി അവതരിപ്പിച്ച ബ്രെക്സിറ്റ് ഡീൽ എട്ടു നിലയിൽ പൊട്ടിയിട്ടും ബ്രിട്ടണിൽ ബന്തുമില്ല.. ഹർത്താലുമില്ല.. ഒരു നിരാഹാര സമരം പോലുമില്ല… പേരിനൊരു കരിദിനം, അതുമില്ല. 1973 മുതൽ അംഗമായിരുന്ന 28 രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്ന് മാറി നിൽക്കാനുള്ള നിർണായകമായ തീരുമാനത്തിലേയ്ക്ക് എത്താനുള്ള ഘട്ടംഘട്ടമായ നടപടികളിലൂടെ ബ്രിട്ടീഷ് ജനത കടന്നു പോകുന്നു.
രാഷ്ട്രീയ ധാർമ്മികത എന്ന പരമപ്രധാനമായ തത്വത്തിന്റെ നിർവ്വചനത്തിനനുസരിച്ച് നില കൊണ്ട ബ്രിട്ടണിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ തികച്ചും പക്വമായ പ്രവർത്തനങ്ങൾ ലോകത്തിന് തന്നെ മാതൃകയാണ്. 2016 ജൂൺ 23 ന് യൂറോപ്യൻ യൂണിയൻ റഫറണ്ടത്തിൽ വോട്ടു ചെയ്ത ബ്രിട്ടണിലെ 33 മില്യൺ ജനങ്ങളുടെ തീരുമാനം നടപ്പിലാക്കുന്ന പ്രവർത്തനത്തിലാണ് ബ്രിട്ടീഷ് ഗവൺമെന്റ്. റഫറണ്ടം പ്രഖ്യാപിച്ച അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ റിസൽട്ട് വന്ന ഉടൻ രാജി പ്രഖ്യാപിച്ചു. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന പക്ഷക്കാരനായിരുന്ന ഡേവിഡ് കാമറൂൺ രാജ്യത്തിന്റെ നിയന്ത്രണം തെരേസ മേയ്ക്ക് കൈമാറി. തന്റെ നിലപാട് ജനങ്ങൾ തള്ളിക്കളഞ്ഞത് പൂർണമായി അംഗീകരിച്ചു കൊണ്ട് ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്ന കൺസർവേറ്റീവ് പാർട്ടിയിലെ വിഭാഗത്തിന് ഭരണ നിയന്ത്രണം കൈമാറാൻ ഡേവിഡ് കാമറൂൺ ഒരു വിമുഖതയും കാണിച്ചില്ല. കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു പോലും അന്ന് പ്രധാനമന്ത്രിയുടെ രാജിയ്ക്കായി ആരും മുറവിളി ഉയർത്തിയില്ലെങ്കിലും രാഷ്ട്രീയ ധാർമ്മികതയുടെ പേരിൽ അദ്ദേഹം മുൻനിര രാഷ്ട്രീയത്തിൽ നിന്നു തന്നെ വിടവാങ്ങി.
ഏറ്റവും ശ്രദ്ധേയമായ കാര്യം കഴിഞ്ഞ ആറു ദിവസങ്ങളായി പാർലമെൻറിൽ നടന്ന ചർച്ചയാണ്. നൂറു കണക്കിന് എംപിമാരാണ് ബ്രെക്സിറ്റ് ചർച്ചയിൽ പങ്കെടുത്തത്. പ്രധാനമന്ത്രി പാർലമെൻറിൽ വച്ച യൂറോപ്യൻ യൂണിയനുമായി തത്വത്തിൽ അംഗീകരിച്ച ഉടമ്പടിയുടെ മേലായിരുന്നു ചർച്ച. ചർച്ചകളെ തന്മയത്വത്തോടെ നിയന്ത്രിക്കാൻ സ്പീക്കർ ജോൺ ബെർക്കോയും. അദ്ദേഹത്തിന്റെ ഓർഡർ… ഓർഡർ കേട്ടാൽ പിന്നെ ഹൗസ് ഓഫ് കോമൺസിൽ പരിപൂർണ നിശബ്ദതയാണ്.. എം.പിമാർ സ്പീക്കറെ പേടിച്ചിട്ട് ചെയ്യുന്നതൊന്നുമല്ല. അതാണ് കീഴ് വഴക്കം. അത് സംരക്ഷിക്കുന്നതിൽ അവർ അഭിമാനം കൊള്ളുന്നു.
ഓരോ എംപിയും ചർച്ചയിൽ പങ്കെടുക്കുമ്പോൾ കാണിക്കുന്ന ഗൗരവകരമായ സമീപനം ഏവർക്കും മാതൃകയാണ്. കിട്ടുന്ന അവസരത്തിൽ ഉള്ള സമയം എന്തെങ്കിലും പറഞ്ഞു സമയം കളയാൻ അവരെ കിട്ടില്ല. സംസാരിക്കേണ്ട വിഷയം വേണ്ട വിധം പഠിച്ച് നോട്ടുകൾ തയ്യാറാക്കി പ്രധാനപ്പെട്ട എല്ലാ പോയിന്റുകളും സഭയിൽ അവതരിപ്പിക്കുന്ന എം പിമാരുടെ സമീപനം പ്രശംസനീയം തന്നെ. ഓരോ എംപിയ്ക്കും ലഭിക്കുന്ന സമയത്തിൽ ഒരു സെക്കന്റു പോലും സ്പീക്കർ അധികമായി നല്കാറില്ല എന്നു മാത്രമല്ല, എംപിമാർ സമയപരിധി മറികടക്കാൻ ശ്രമിക്കാറുമില്ല. ആവശ്യമുള്ള സന്ദർഭങ്ങളിൽ സ്പീക്കറുടെ ഓർമ്മപ്പെടുത്തൽ വരും… ഓർഡർ… ഓർഡർ.. തങ്ങളിലൊരാൾ സംസാരിക്കുമ്പോൾ മറ്റു അംഗങ്ങൾ അത് ശ്രദ്ധാപൂർവ്വം കേട്ടിരുന്ന് വിലയിരുത്തും. പാർലമെന്റിൽ ഇരുന്ന് ഉറങ്ങുന്നതിനെക്കുറിച്ച് ബ്രിട്ടണിലെ എം.പിമാർ ആലോചിച്ചിട്ടു പോലുമുണ്ടാവില്ല.
പ്രതിപക്ഷ നേതാവിന് പ്രധാനമന്ത്രിയോട് പാർലമെൻറിൽ വച്ച് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം ഓരോ പാർലമെൻറ് സമ്മേളനത്തിലുമുണ്ട്. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉടൻ മറുപടി നല്കുന്ന രീതി തികച്ചും ശ്ലാഘനീയം തന്നെ. മറുപടി തൃപ്തികരമല്ലെന്ന് കണ്ടാൽ പ്രതിപക്ഷം വാക്കൗട്ട് നടത്താറുമില്ല.. ഒരു വാക്കൗട്ട് ബ്രിട്ടന്റെ പാർലമെൻറ് ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു തന്നെ സംശയമാണ്. ക്യാബിനറ്റ് മിനിസ്റ്റർമാരും അംഗങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടികൾ നല്കും. വലിച്ചു നീട്ടിയുള്ള ചോദ്യങ്ങളില്ല എന്നതിനൊപ്പം ഗൗരവകരമായ മറുപടികളും മിനിസ്റ്റർമാർ നല്കുന്നു.
ജനാധിപത്യ മൂല്യങ്ങൾക്ക് ബ്രിട്ടൺ നല്കുന്ന സ്ഥാനം വിളിച്ചറിയിക്കുന്നതാണ് ഓരോ പാർലമെന്റ് സെഷനുകളും. പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ബ്രെക്സിറ്റ് ഡീൽ ഏറെ എതിർത്തത് സ്വന്തം പാർട്ടിയായ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളായിരുന്നു. ഡീൽ സംബന്ധമായ കാര്യങ്ങൾക്കായി പ്രധാനമന്ത്രി ബ്രെക്സിറ്റ് സെക്രട്ടറിയെ നിയമിച്ചു. ഒന്നല്ല, മൂന്നു പ്രാവശ്യം. ആദ്യ രണ്ടു സെക്രട്ടറിമാരും രാജിവച്ചു. ഡീൽ സംബന്ധമായ നയത്തിൽ പ്രധാനമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസം തുറന്നു പ്രകടിപ്പിച്ച് രാജി നല്കാൻ അവർ ഒരു നിമിഷവും വൈകിച്ചില്ല. ഒരേ പാർട്ടിയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും വ്യക്തിപരമായ അഭിപ്രായങ്ങൾക്കും തുല്യ പ്രാധാന്യം കല്പിക്കുന്ന രാഷ്ട്രീയ പ്രവർത്തനമാണിത്.
ബ്രെക്സിറ്റ് ഡീലിനെതിരെ വോട്ടു ചെയ്തത് 432 എം പിമാരെങ്കിൽ അനുകൂലിച്ചത് 202 പേർ മാത്രം. 230 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രധാനമന്ത്രിയുടെ ആവശ്യം പാർലമെന്റ് നിരാകരിച്ചു. നൂറിലേറെ കൺസർവേറ്റീവ് എംപിമാർ ബ്രെക്സിറ്റ് ചർച്ചയിൽ പങ്കെടുത്ത് ഡീലിനെ നിശിതമായി വിമർശിച്ചു. അവിടെ ആരും വിപ്പ് നല്കിയില്ല. എംപിമാർ ആരെയും പേടിച്ച് അഭിപ്രായങ്ങൾ പറയാതിരുന്നില്ല. സീനിയർ – ജൂണിയർ വ്യത്യാസമില്ലാതെ എല്ലാവരും അഭിപ്രായങ്ങൾ പറഞ്ഞു. കാരണം അവർക്ക് രാജ്യതാത്പര്യമാണ് പ്രധാനം. അടുത്ത തലമുറയ്ക്കായി ഇന്നേ അവർ തുടങ്ങുകയാണ്. തങ്ങളുടെ നേതാവായ പ്രധാനമന്ത്രിയായ തെരേസ മേയുടെ നേതൃത്തിൽ തയ്യാറാക്കിയ ഡീലിലെ നിർദ്ദേശങ്ങൾ രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പാർലമെന്റിൽ ലോകം മുഴുവൻ കാൺകെ പറയാൻ ഒരു കൺസർവേറ്റീവ് എംപിയും മടിച്ചില്ല. എം.പിമാരുടെ അഭിപ്രായങ്ങൾ മടിയില്ലാതെ സ്വീകരിക്കാൻ പ്രധാനമന്ത്രിയും തയ്യാറായി. എതിർ അഭിപ്രായം പ്രകടിപ്പിച്ചുവെന്ന് വച്ച് അവരെ പാർട്ടി പുറത്താക്കില്ലെന്ന് എം.പിമാർക്ക് അറിയാം.
നേതാവ് തെരഞ്ഞെടുത്ത മാർഗം ശരിയല്ലെന്ന് ബോധ്യമായപ്പോൾ അതിനെ നട്ടെല്ല് വളയ്ക്കാതെ തുറന്നു പറയാൻ ശക്തരായ പ്രാപ്തിയുള്ള ജനപ്രതിനിധികൾ രാജ്യത്തിന്റെ സമ്പത്തായി മാറുന്നു. അടുത്ത ഇലക്ഷനിൽ സീറ്റ് പാർട്ടി തരാതിരിക്കുമോ എന്നതിനെക്കുറിച്ച് അവർക്ക് ആകുലതയില്ല. എംപി സ്ഥാനം പോയെന്നു വച്ച് അവർക്ക് ഒന്നും സംഭവിക്കുന്നില്ല. രാഷ്ട്രീയം ഒരു ജീവിതമാർഗമായി അവർ കാണുന്നില്ല. സാമാന്യ വിദ്യാഭ്യാസവും അറിവും ലോക പരിചയവും ഉള്ളവർക്കായുള്ളതാണ് ഇവിടുത്തെ രാഷ്ട്രീയം. നല്ല ജോലി സമ്പാദിക്കാൻ തക്ക യോഗ്യത ഉള്ളവരാണ് രാഷ്ട്രീയ നേതൃത്വങ്ങളിലും തിളങ്ങുന്നത് എന്നത് തന്നെ കാരണം. ഓരോ മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർത്ഥികളെ നൂലിൽ കെട്ടി ഇറക്കുന്ന സമ്പ്രദായം ഇവിടെയില്ല. സ്ഥാനാർത്ഥിയാകണമെങ്കിൽ പാർട്ടിയുടെ മെമ്പറായി കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രവർത്തിച്ച് ആവശ്യമായ ട്രെയിനിംഗിൽ പങ്കെടുക്കണം. തുടർന്ന് പാർട്ടിയുടെ സെലക്ഷൻ കമ്മിറ്റിയുടെ മുന്നിൽ തന്റെ പ്രവർത്തന ശൈലിയും ജനങ്ങൾക്കായി എങ്ങനെ ഫലപ്രദമായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത് എന്നും തെളിയിച്ചു കൊടുക്കണം. മത്സരിക്കാനാഗ്രഹിക്കുന്ന മണ്ഡലത്തിലെ പാർട്ടി അംഗങ്ങളുടെ മുന്നിൽ തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ച് വോട്ടെടുപ്പിൽ മുന്നിൽ എത്തിയാൽ മാത്രമേ പാർട്ടി സ്ഥാനാർത്ഥിത്വം നല്കുകയുള്ളൂ.
ക്രിയാത്മക വിമർശനത്തിന് നേതൃത്വം നല്കുന്ന ബ്രിട്ടണിലെ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ ശൈലിയും അഭിനന്ദിക്കപ്പെടേണ്ടതു തന്നെ. വേണ്ട സമയത്ത് ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ശബ്ദമുയർത്താനും ആവശ്യമുള്ളപ്പോൾ മാത്രം വടി എടുക്കാനും ജെറമി കോർബിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ശ്രദ്ധ ചെലുത്തി. പാർലമെൻറിൽ പറയേണ്ട കാര്യങ്ങൾ അവിടെ പറഞ്ഞു. ജനങ്ങളുടെ കൈയ്യടി നേടാനായി നടപ്പില്ലാത്ത കാര്യങ്ങൾ മൈതാനത്ത് എഴുന്നള്ളിക്കാൻ ജനപ്രതിനിധികൾ മെനക്കെടാറില്ല.
പ്രതിപക്ഷത്തെ ശക്തമായി ചെറുത്തു നില്ക്കുന്ന ഭരണപക്ഷമാണെങ്കിലും വേണ്ടത്ര ബഹുമാനവും പരിഗണനയും നല്കാൻ പ്രധാനമന്ത്രി തെരേസ മേ തയ്യാറായി. ബ്രെക്സിറ്റ് വോട്ടിൽ പരാജയപ്പെട്ടതിനു ശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ അവർ പ്രതിപക്ഷത്തോട് പറഞ്ഞ കാര്യമാണ് ശ്രദ്ധേയം. പാർലമെന്റിന്റെ വിധി അംഗീകരിച്ചുകൊണ്ട്, കൂടുതൽ ചർച്ചകൾ നടത്തി വീണ്ടും ശക്തമായ ഒരു ഡീൽ യൂറോപ്യൻ യൂണിയനുമായി ഉറപ്പിക്കാൻ കൂട്ടായ ശ്രമം നടത്താം എന്ന വാഗ്ദാനം നടത്തിയാണ് തെരേസ മേ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. പ്രതിപക്ഷ നിലപാടുകളെ കണക്കിലെടുത്ത് ആവശ്യമെങ്കിൽ പ്രതിപക്ഷത്തിന് തന്റെ ഗവൺമെന്റിന്റെ മേൽ അവിശ്വാസ പ്രമേയം കൊണ്ടുവരാമെന്നും അത് അടുത്ത ദിവസം തന്നെ ചർച്ച ചെയ്ത് വോട്ടിനിടാമെന്നും തെരേസ മേ അറിയിച്ചു. അതെ, സ്വന്തം ഗവൺമെൻറിനെതിരായ വിമർശനങ്ങൾ അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം നല്കുന്ന രാഷ്ട്രീയ ധാർമ്മികത തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതാണ്. അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടും ജെറമി കോർബിൻ അതിനായി നോട്ടീസ് നല്കി. ഒരു പ്രതിപക്ഷത്തിന്റെ ധർമ്മം ക്രിയാത്മകമായി അദ്ദേഹം നിറവേറ്റി.
പാർലമെന്റിൽ ഗവൺമെൻറിനെതിരായ അവിശ്വാസം പരാജയപ്പെട്ടെന്ന് കരുതി ലേബർ പാർട്ടി ലീഡർ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തില്ല. പ്രതിപക്ഷം അവരുടെ കർത്തവ്യം വിട്ടുവീഴ്ചയില്ലാതെ നിർവ്വഹിക്കുന്നു അത്രമാത്രം. വോട്ടിനായി മതപ്രീണനമില്ല. മത നേതാക്കൾ രാഷ്ട്രീയ പാർട്ടികളുടെ പുറകെ നടക്കാറില്ല. ഇലക്ഷൻ തലേന്ന് സർക്കുലർ അവർ ഇറക്കാറില്ല. മതങ്ങളുടെ പേരിൽ സോഷ്യൽ ക്ലബ് രൂപീകരിക്കുന്ന താണ തലത്തിലേയ്ക്ക് മതനേതൃത്വങ്ങൾ അംഗങ്ങളെ നയിക്കാറുമില്ല. ഓരോ രാഷ്ട്രീയ പാർട്ടിയ്ക്കും നയങ്ങൾ ഒരു മാർഗരേഖയാണ്. രാജ്യ താത്പര്യവും ജനങ്ങളുടെ സുരക്ഷിതത്വവുമാണ് അവർക്ക് പ്രധാനം. പൊതുമുതൽ നശിപ്പിക്കുന്നത് അവരുടെ നയമല്ല. വഴി തടയലും കല്ലേറും അവരുടെ രീതിയല്ല. ഗവൺമെന്റ് പാർലമെന്റ് അംഗീകാരത്തോടെ നടപ്പാക്കുന്ന നിയമങ്ങൾ ജനങ്ങളുടെ നന്മക്കായി അവരിൽ എത്തിക്കുന്ന ഒരു സിവിൽ സർവീസ് ചട്ടക്കൂട് ബ്രിട്ടണിലുണ്ട്. രാഷ്ട്രീയ നേതാക്കൾ അക്കാര്യങ്ങളിൽ ഇടപെടാറില്ല. ശിപാർശക്കത്തുകൾ എഴുതി ഉദ്യോഗസ്ഥ വൃന്ദത്തെ നിയന്ത്രിക്കാൻ നേതാക്കന്മാർ മെനക്കെടാറില്ല. അത് അവരുടെ അറിവിലുള്ള കാര്യവുമല്ല. രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്ക് അപ്പുറം പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയും പ്രതിസന്ധി ഘട്ടങ്ങളിൽ ഒന്നിച്ച് നിന്ന് മുന്നേറുന്ന, വികസനത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ഒരു ജനത എല്ലാവർക്കും ഒരു മാതൃകയാണ്.
ബ്രെക്‌സിറ്റ് ബില്ലിന് കോമണ്‍സിലേറ്റ വന്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോമണ്‍സില്‍ ലേബര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം താണ്ടിയ തെരേസ മേയ് വിളിച്ച കൂടിക്കാഴ്ചയില്‍ ജെറമി കോര്‍ബിന്‍ പങ്കെടുത്തില്ല. അവിശ്വാസ പ്രമേയ വോട്ടെടുപ്പിനു ശേഷമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളെ മേയ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ബ്രെക്‌സിറ്റ് എങ്ങനെ മുന്നോട്ടു കൊണ്ടുപോകാനാകും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കാത്ത കോര്‍ബിന്റെ നിലപാടില്‍ നിരാശയുണ്ടെന്ന് പിന്നീട് തെരേസ മേയ് പറഞ്ഞു. ഇന്നലെ നടന്ന അവിശ്വാസ പ്രമേയത്തിന്‍മേലുള്ള വോട്ടെടുപ്പില്‍ 19 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തലനാരിഴയ്ക്കാണ് മേയ് രക്ഷപ്പെട്ടത്.

നോ-ഡീല്‍ ബ്രെക്‌സിറ്റ് എന്ന ആശയത്തില്‍ നിന്ന് പിന്മാറാതെ നമ്പര്‍ 10ല്‍ തെരേസ മേയുമായി കൂടിക്കാഴ്ചക്കില്ലെന്നാണ് കോര്‍ബിന്‍ വ്യക്തമാക്കിയത്. അതേ സമയം ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍, എസ്എന്‍പിയുടെ ഇയാന്‍ ബ്ലാക്ക്‌ഫോര്‍ഡ്, പ്ലെയിഡ് സിമ്രുവിന്റെ സവില്‍ റോബര്‍ട്ട്‌സ് എന്നിവരുമായി വളരെ അര്‍ത്ഥവത്തായ ചര്‍ച്ചയാണ് നടന്നതെന്നും ഡിയുപിയുടെ എംപിമാരുള്‍പ്പെടെയുള്ള നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ലേബര്‍ നേതാവ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തതില്‍ നിരാശയുണ്ട്. എന്നാല്‍ ലേബറിനായി വാതിലുകള്‍ എന്നും തുറന്നു തന്നെ കിടക്കുമെന്നും അവര്‍ പറഞ്ഞു.

ഗവണ്‍മെന്റ് പാര്‍ലമെന്റിന്റെ വിശ്വാസം നേടിയിരിക്കുകയാണ്. ബ്രെക്‌സിറ്റ് ഈ ഗവണ്‍മെന്റ് തന്നെ സാധ്യമാക്കണമെന്നാണ് ബ്രിട്ടീഷ് ജനത ആഗ്രഹിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു വരികയെന്ന ജനതയുടെ നിര്‍ദേശം യാഥാര്‍ത്ഥ്യമാക്കുകയെന്നതാണ് തന്റെ ചുമതലയെന്ന് വിശ്വസിക്കുന്നുവെന്നും അത് നടപ്പാക്കിയിരിക്കുമെന്നും അവര്‍ പറഞ്ഞു.
കുട്ടികളെ തല്ലുന്നത് രാജ്യവ്യാപകമായി നിരോധിക്കണമെന്ന ആവശ്യവുമായി ക്യാംപെയിനര്‍മാര്‍. ചാനല്‍ ദ്വീപുകഴളിലൊന്നായ ജെഴ്‌സി കുട്ടികളെ തല്ലുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ആവശ്യം ശക്തമായി ഉയരുന്നത്. അത്യാവശ്യമെങ്കില്‍ കുട്ടികളെ തല്ലാം എന്ന നിയമ വ്യവസ്ഥയാണ് ജെഴ്‌സി എടുത്തു കളഞ്ഞത്. ഇതോടെ കുട്ടികളെ തല്ലുന്നത് നിരോധിച്ച മറ്റു 53 രാജ്യങ്ങള്‍ക്കൊപ്പം ഈ ബ്രിട്ടീഷ് ദ്വീപും അണിചേര്‍ന്നു. ഈ വര്‍ഷം സ്‌കോട്ട്‌ലന്‍ഡും വെയില്‍സും കുട്ടികളെ തല്ലുന്നത് നിരോധിക്കും. എന്നാല്‍ ഇംഗ്ലണ്ടും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും ഇതിനായി നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കുട്ടികളെ തല്ലുന്നതിന് അനുവാദമുള്ള നാല് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നായി യുകെ തുടരും. കുട്ടികളെ തല്ലുന്നത് നിയമം മൂലം നിരോധിക്കണമെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ആന്‍ ലോംഗ്ഫീല്‍ഡ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.

കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നതിനെതിരെ ഇംഗ്ലണ്ടില്‍ നിലവിലുള്ള നിയമം അപര്യാപ്തവും കാലഹരണപ്പെട്ടതുമാണെന്ന് അവര്‍ പറഞ്ഞു. കുട്ടികളെ ശിക്ഷിക്കുന്നത് തെറ്റാണെന്ന് മാതാപിതാക്കളെ മനസിലാക്കുന്ന വിധത്തില്‍ നിയമം പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു. യുകെയില്‍ നിലവിലുള്ള നിയമം മുറിവുകളും പോറലുകളും ചതവുകളും ഉണ്ടാകുന്ന വിധത്തില്‍ കുട്ടികളെ ശിക്ഷിക്കുന്നത് മാത്രമാണ് നിരോധിച്ചിരിക്കുന്നത്. മൂന്നിനെതിരെ 38 വോട്ടുകള്‍ക്കാണ് ജെഴ്‌സി ചൊവ്വാഴ്ച 2002ലെ ചില്‍ഡ്രന്‍സ് ലോയിലെ ഭേദഗതി പാസാക്കിയത്. കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ നമ്മുടെ ചരിത്രം വളരെ മോശമായിരുന്നു, ഇപ്പോള്‍ ആ തെറ്റ് നാം തിരുത്തുകയാണെന്ന് ജെഴ്‌സിയിലെ ചില്‍ഡ്രന്‍സ് മിനിസ്റ്റര്‍ സാം മെസെക് പറഞ്ഞു.

കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പൊറുക്കാന്‍ കഴിയുന്നതല്ലെന്ന് കഴിഞ്ഞ വര്‍ഷം ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനായി നിയമത്തില്‍ മാറ്റം വരുത്തുന്നത് രക്ഷിതാക്കളെ കുറ്റവാളികളാക്കാനേ ഉപകരിക്കൂ എന്നായിരുന്നു വിലയിരുത്തല്‍. കുട്ടികളെ പരിക്കേല്‍പ്പിക്കുന്നവരെ മാത്രമേ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിയൂ എന്നാണ് നിലപാട്.
ഏഷ്യന്‍ ഡോക്ടര്‍ തന്നെ ചികിത്സിക്കേണ്ടെന്ന് പറഞ്ഞ രോഗിയെ നിശബ്ദനാക്കുന്ന മറുപടി നല്‍കിയ റിസപ്ഷനിസ്റ്റിനെ പുകഴ്ത്തി ഇന്ത്യന്‍ വംശജയായ ഡോക്ടര്‍. ഡോ.പൂനം ക്രിഷന്‍ ആണ് റിസപ്ഷനിസ്റ്റിനെയും തന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച ടീമിനെയുെ ട്വിറ്റര്‍ സന്ദേശത്തില്‍ പുകഴ്ത്തിയത്. ഗ്ലാസ്‌ഗോയിലെ ഒരു ജിപി സര്‍ജറിയിലാണ് സംഭവമുണ്ടായത്. ഡോ. പൂനം ആണ് ഇവിടെ ജനറല്‍ ഫിസിഷ്യന്‍. ജിപിയിലെത്തിയ ഒരു രോഗി റിസപ്ഷനിസ്റ്റിനോട് ഏഷ്യക്കാരിയായ ഡോക്ടര്‍ തന്നെ പരിശോധിക്കേണ്ടെന്ന് പറഞ്ഞു. പൂനം സ്‌കോട്ട്‌ലന്‍ഡ് കാരിയാണെന്ന് റിസപ്ഷനിസ്റ്റ് മറുപടി നല്‍കിയപ്പോള്‍ അവരെ കണ്ടാല്‍ സ്‌കോട്ടിഷ് ആണെന്ന് തോന്നില്ലെന്നായിരുന്നു പ്രതികരണം. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡുകാരെ കണ്ടാല്‍ എങ്ങനെയിരിക്കും എന്ന റിസപ്ഷനിസ്റ്റിന്റെ മറുചോദ്യത്തില്‍ നിശബ്ദനായ രോഗി അപ്പോയിന്റ്‌മെന്റ് കാര്‍ഡ് എടുക്കുകയായിരുന്നു. ഈ സംഭവം സംഭാഷണത്തിന്റെ രൂപത്തിലാണ് ഡോ.പൂനം ട്വീറ്റ് ചെയ്തത്.
Patient “I don’t want an Asian doctor”
Receptionist “she is Scottish”
Patient “she doesn’t look Scottish.”
Receptionist “what do Scottish people look like?”
Silence. Appointment card taken. So proud of my team 🙌🏽🙌🏽🙌🏽🙌🏽#endracisim #equalitydiversityandinclusion
— Dr Punam Krishan (@DrPunamKrishan) January 15, 2019
എന്നാല്‍ ഇത്തരം പെരുമാറ്റം രോഗികളില്‍ നിന്ന് ആദ്യമായല്ല തനിക്ക് നേരിടേണ്ടി വരുന്നതെന്ന് പൂനം പറഞ്ഞു. ഇതിന് സ്ഥലമോ കാരണമോ ഒന്നും പ്രശ്‌നമാകുന്നില്ല. മിക്കപ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. പക്ഷേ അതേക്കുറിച്ച് സംസാരിക്കുന്നത് വളരെ വിരളമായിരിക്കുമെന്ന് പൂനം ബിബിസിയോട് പറഞ്ഞു. ദി സ്‌കോട്ട്‌സ്മാനില്‍ ഇവര്‍ കഴിഞ്ഞ സമ്മറില്‍ എഴുതിയ ഒരു ലേഖനത്തിന് വംശീയ കമന്റുകള്‍ കുമിഞ്ഞു കൂടിയതോടെ വെബ്‌സൈറ്റിലെ കമന്റ് ബോക്‌സ് അടച്ചിടേണ്ടി വന്നു. ഹഫിംഗ്ടണ്‍ പോസ്റ്റില്‍ ഇതിന്റെ അനുബന്ധമായി എഴുതിയ ലേഖനത്തിനും ഇതേ അനുഭവം തന്നെയായിരുന്നു. ഇപ്പോള്‍ തന്റെ സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തിലൂടെ തന്റെ അഭിമാനം ഉയര്‍ന്നിരിക്കുകയാണെന്ന് അവര്‍ പറയുന്നു. ട്വീറ്റിന് 54000ത്തിലേറെ ലൈക്കുകളും 8400 റീട്വീറ്റുകളുമാണ് 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത്.

സ്‌കോട്ട്‌ലന്‍ഡാണ് എന്റെ വീട്. മനോഹരമായ, സാംസ്‌കാരിക വൈവിധ്യമുള്ള രാജ്യം. എന്‍എച്ച്എസ് പോലെയുള്ള സംവിധാനത്തിനു വേണ്ടി ഈ വൈജാത്യങ്ങളെല്ലാം മറന്ന് നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം. രോഗങ്ങള്‍ക്ക് ലിംഗ-വര്‍ണ്ണ വ്യത്യാസങ്ങളില്ലെന്ന് നാം ഓര്‍ക്കണമെന്നും അവര്‍ പറയുന്നു. പൂനത്തിന്റെ ട്വീറ്റിനെ പ്രശംസിച്ച് എന്‍എച്ച്എസ് മില്യന്‍ രംഗത്തെത്തിയിട്ടുണ്ട്. ഏതു വംശത്തില്‍ നിന്നുള്ളവരായാലും എന്‍എച്ച്എസ് ജീവനക്കാര്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്ന് എന്‍എച്ച്എസ് മില്യന്‍ ട്വീറ്റ് ചെയ്തു.
ഡബ്ലിന്‍: ഡോണിബ്രൂക്ക് റോയല്‍ ഹോസ്പിറ്റലിലെ സഹപ്രവര്‍ത്തകര്‍ അടക്കിപ്പിടിച്ച വേദനയോടെ തങ്ങളുടെ പ്രിയപ്പെട്ട ഹെലന്‍ സാജുവിന് ആദരാഞ്ജലികൾ നേര്‍ന്നു. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നിര്യാതയായ പാലാ കുറിഞ്ഞി സ്വദേശിനി ഹെലന്‍ സാജുവിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് റോയല്‍ ഹോസ്പിറ്റല്‍ ചാപ്പലില്‍ പൊതുദര്‍ശനത്തിന് എത്തിച്ചത്. നമ്മുടെ പ്രിയപ്പെട്ട ആരെങ്കിലും മരണത്താല്‍ വേര്‍പിരിയുമ്പോള്‍ നാം നിസ്സഹായതയുടെ ആഴക്കയത്തിലേക്ക് ആണ്ടുപോകുന്നു. ‘മരണം വരുത്തിവെക്കുന്ന ദുഃഖത്തിനുമുമ്പില്‍ സഹപ്രവർത്തകർ ഒന്നുമറിയില്ലാത്ത കുട്ടികളെപ്പോലെയായി തീരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മരണത്തിന്റെ ആഘാതത്തിന് അറിവുള്ളവനും ഇല്ലാത്തവനും തമ്മില്‍ അന്തരവുമില്ല എന്നത് ഒരു ഒരു യാഥാർഥ്യം തന്നെ. സാഹചര്യത്തിനു മാറ്റംവരുത്താന്‍ ഒന്നും ചെയ്യാനാകാത്ത നിസ്സഹായരായ കൊച്ചുകുട്ടികളെപ്പോലെ ആയിത്തീരുന്നു ഹെലന്റെ സഹപ്രവർത്തകർ. 
പന്ത്രണ്ട് വർഷത്തോളം ഹെലന്‍ സേവനമനുഷ്ഠിച്ച റോയല്‍ ഹോസ്പിറ്റലിലെ ഓരോ ഇടനാഴികള്‍ക്കും ചിരപരിചിതമായ ആ മുഖം അവസാനമായി ഒന്ന് കാണാനും അന്ത്യയാത്ര പറയാനുമായി എത്തിയ സഹപ്രവര്‍ത്തകരില്‍ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ആശുപത്രി മാനേജ്‌മെന്റിലെ മുതിര്‍ന്ന എല്ലാ ഉദ്യോഗസ്ഥരും ഹെലന് ആദരമേകാന്‍ എത്തിയിരുന്നു.
വിശുദ്ധ കുര്‍ബാനയ്ക്കിടയ്ക്കുള്ള ലേഖനഭാഗങ്ങള്‍ വായിച്ചത് ഹെലന്റെ മക്കളായ സച്ചിനും സബീനുമായിരുന്നു. ബള്‍ഗേറിയയ്ക്ക് പഠിക്കാനായി ആദ്യം പോകുമ്പോള്‍ ‘അമ്മ അനുഗ്രഹിച്ചിറക്കുമ്പോള്‍ വായിച്ച അതേ ലേഖനഭാഗമാണ് അമ്മയുടെ അനുസ്മരണ ബലിയില്‍ ലേഖനമായി തനിക്ക് വായിക്കേണ്ടി വന്നത് എന്ന് പറയുമ്പോള്‍ സച്ചിന്റെ കണ്ണുകൾ നിറയുകയായിരുന്നു. ‘എനിക്ക് സങ്കടം വരുമ്പോള്‍ ഞാന്‍ എപ്പോഴും ഞാന്‍ ആ ഭാഗം വായിക്കാറുണ്ട്’, സച്ചിന്റെ വാക്കുകൾ വേദനയുടെ നൊമ്പരങ്ങൾ സമൂഹത്തിന്റെ കാതുകളിൽ ഒരു നൊമ്പരമായി പതിക്കുകയായിരുന്നു.
‘ഒത്തിരി വേദന അമ്മയ്ക്ക് ഉണ്ടായിരുന്നു. അത് ഒന്നും അറിയിക്കാതെ എപ്പോഴും സന്തോഷമായിട്ടാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. ഞാന്‍ ചായ ഉണ്ടാക്കികൊടുക്കുന്നത് അമ്മയ്ക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ‘മോനേ നിന്റെ ഒരു ഐറിഷ് ചായ’ ഉണ്ടാക്കി എനിക്ക് തരുമോ എന്ന് ചോദിയ്ക്കാന്‍ ഇനി ആരുമില്ലല്ലോ എന്ന സങ്കടം സഹിക്കാനാവുന്നില്ല….’ സച്ചിൻ വേദനയോടെ പറഞ്ഞു.
‘ഈശോയുടെ ഇഷ്ടത്തിന് അനുസരിച്ച് ‘അമ്മ പോയി…..അതില്‍ പക്ഷേ സങ്കടപ്പെടാനൊന്നുമില്ല . സച്ചിന്‍ സ്വയം ആശ്വസിച്ചത് അങ്ങനെയാണ്. വന്നുപോയ നഷ്ടം നികത്താന്‍ പണത്തിനോ അധികാരത്തിനോ കഴിയില്ല എന്നും ദൈവത്തിന് മാത്രമേ സാധിക്കൂ എന്നും മനസ്സിലാക്കിയിരിക്കുന്നു. ഡോണിബ്രൂക്ക് ‘ആവില ആശ്രമത്തിലെ ഫാ.ഡൊമിനിക്ക് മക്‌ഡോണ വിശുദ്ധബലിയ്ക്ക് പ്രധാന കാര്‍മ്മികനായിരുന്നു . സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ.ക്ലമന്റ് പാടത്തിപ്പറമ്പില്‍, ഫാ.റോയി ജോര്‍ജ് വട്ടയ്ക്കാട്ട് എന്നിവര്‍ മലയാളത്തിലുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.
ഡബ്ലിന്‍ ഡോണിബ്രൂക്കിലെ റോയല്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായിരുന്ന പാലാ രാമപുരം കുറിഞ്ഞി ഉഴുന്നാലില്‍ ചെമ്പനാനിയ്ക്കല്‍ (മണ്ണൂര്‍) ഹെലന്‍ സാജു(43) വെള്ളിയാഴ്ച വൈകുന്നേരമാണ് അര്‍ബുദരോഗത്തെ തുടര്‍ന്ന് നിര്യാതയായത്. തൊടുപുഴ പള്ളിക്കാമുറി കുളക്കാട്ട് കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഈ വരുന്ന ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഭവനത്തില്‍ ആരംഭിക്കുകയും രാമപുരം കുറിഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അന്ത്യാകൂദാശകൾ നടത്തപ്പെടും.
ബ്രെക്‌സിറ്റ് ഡീല്‍ വന്‍ മാര്‍ജിനില്‍ പാര്‍ലമെന്റ് തള്ളിയതിനു പിന്നാലെ ലേബര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം തെരേസ മേയ് ഗവണ്‍മെന്റിന്റെ മരണമണിയാകുമോ? ഭരണപക്ഷ എംപിമാരുടെ കൂടി പിന്തുണയോടെയാണ് ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടത്. സ്വന്തം പാളയത്തിലും പിന്തുണ നഷ്ടമായ മേയ്ക്ക് അവിശ്വാസ പ്രമേയം താണ്ടാന്‍ കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തികച്ചും അയോഗ്യമായ സര്‍ക്കാരിനെതിരെ വിധിയെഴുതാനുള്ള അവസരമാണ് അവിശ്വാസ പ്രമേയത്തിലൂടെ കോമണ്‍സിന് നല്‍കിയിരിക്കുന്നതെന്നാണ് കോര്‍ബിന്‍ പറഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രധാനമന്ത്രി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മാത്രമായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നതെന്നും കോര്‍ബിന്‍ ആരോപിച്ചു.

നിഷേധത്തിന്റെയും അമാന്തത്തിന്റെയും തത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു ഭരണമായിരുന്നു മേയ് കാഴ്ചവെച്ചത്. അതിന് അതിന് അന്ത്യം കുറിക്കാനുള്ള സമയമായിരിക്കുന്നു. രണ്ടു വര്‍ഷം നീണ്ടുനിന്ന പരാജയം നിറഞ്ഞ ഭരണത്തിനു ശേഷം ജനങ്ങള്‍ക്കു വേണ്ടി ഗുണപ്രദമായ ഒരു ബ്രെക്‌സിറ്റ് ധാരണയുണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, സര്‍ക്കാരിനുമേല്‍ സഭയ്ക്കുള്ള വിശ്വാസം നഷ്ടമായി എന്നാണ് ബ്രെക്‌സിറ്റ് ഡീല്‍ പരാജയപ്പെട്ടതോടെ തെളിഞ്ഞിരിക്കുന്നതെന്നും കോര്‍ബിന്‍ വ്യക്തമാക്കി.

അതിനാല്‍ അവിശ്വാസ പ്രമേയം മേശപ്പുറത്തു വെക്കുകയാണെന്ന് അറിയിക്കുന്നുവെന്ന് കോമണ്‍സില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കോര്‍ബിന്‍ പറഞ്ഞു. ഇന്ന് പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കും. സഭയുടെ അഭിപ്രായം ഗവണ്‍മെന്റ് സ്വീകരിക്കുമെന്നായിരുന്നു ബ്രെക്‌സിറ്റ് ഡീല്‍ തള്ളിയതിനെക്കുറിച്ച് മേയ് പ്രതികരിച്ചത്. ഈ ഡീലിനെ പിന്തുണയ്ക്കുന്നില്ലെന്നാണ് സഭ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനൊപ്പം എന്തിനെ പിന്തുണയ്ക്കുന്നു എന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഹിതപരിശോധനാഫലം ഉയര്‍ത്തിപ്പിടിക്കണമെന്നു തന്നെയാണ് പാര്‍ലമെന്റ് അഭിപ്രായപ്പെട്ടിട്ടുള്ളതെന്നും മേയ് പറഞ്ഞു.
തെരേസ മേയുടെ ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റ് വോട്ടിനിട്ട് തള്ളിയതോടെ മൂല്യമുയര്‍ന്ന് പൗണ്ട് സ്റ്റെര്‍ലിംഗ്. ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യത്തില്‍ 0.05 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 1.287 ഡോളറിലേക്ക് ബ്രിട്ടീഷ് നാണയത്തിന്റെ മൂല്യം ഉയര്‍ന്നു. ഇന്നലെ ഒരു ശതമാനം ഇടിവായിരുന്നു പൗണ്ടിന്റെ മൂല്യത്തില്‍ ആദ്യം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ വോട്ടിംഗിനു ശേഷം ഉയര്‍ച്ച രേഖപ്പെടുത്തുകയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെ പിന്‍മാറുമ്പോള്‍ നടപ്പാക്കുന്ന വ്യവസ്ഥകളിന്‍മേല്‍ അനിശ്ചിതത്വം തുടര്‍ന്നതിനാല്‍ 2018ല്‍ പൗണ്ടിന്റെ മൂല്യം 7 ശതമാനം ഇടിഞ്ഞിരുന്നു. ബ്രെക്‌സിറ്റ് ഡീല്‍ 202നെതിരെ 432 വോട്ടുകള്‍ക്കാണ് എംപിമാര്‍ വോട്ട് ചെയ്ത് പരാജയപ്പെടുത്തിയത്.

ഇത് രാഷ്ട്രീയമായി ഒട്ടേറെ പ്രതിസന്ധികളും സൃഷ്ടിക്കുന്നു. ഒരു നോ-ഡീല്‍ സാധ്യതയും ബ്രസല്‍സുമായി വീണ്ടും ചര്‍ച്ചക്കുള്ള സാഹചര്യവും പാര്‍ലമെന്റിലെ പരാജയം മുന്നോട്ടുവെക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം ഒരു രണ്ടാം ഹിതപരിശോധനയ്ക്കുള്ള സാധ്യതയും ഉയരുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതെങ്കിലും ഗവണ്‍മെന്റിന് പാര്‍ലമെന്റില്‍ നേരിടേണ്ടി വരുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് സര്‍ക്കാരിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ തിരിച്ചടി നേരത്തേ തന്നെ പ്രതീക്ഷിച്ചിരുന്നതാണെന്ന് എസ്ഇബിയിലെ സീനിയര്‍ എഫ്എക്‌സ് സ്ട്രാറ്റജിസ്റ്റ് റിച്ചാര്‍ഡ് ഫാല്‍ക്കന്‍ഹാള്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ ഈ ഉടമ്പടി അവതരിപ്പിച്ചപ്പോള്‍ത്തന്നെ ക്യാബിനറ്റില്‍ നിന്ന് നിരവധി പേര്‍ രാജിവെച്ചിരുന്നു.

ഒരു നോ-ഡീല്‍ ബ്രെക്‌സിറ്റ് ഉണ്ടാകാനുള്ള സാധ്യതകള്‍ എന്തായാലും ഇല്ല എന്നാണ് ചില വ്യവസായ നിക്ഷേപകര്‍ കരുതുന്നത്. പാര്‍ലമെന്റിന് ബ്രെക്‌സിറ്റില്‍ കൂടുതല്‍ അധികാരം ലഭിച്ചതോടെ അത്തരമൊരു സാഹചര്യം ഒഴിവായേക്കും. എന്നാല്‍ ആര്‍ട്ടിക്കിള്‍ 50 കാലാവധി നീട്ടാനോ, രണ്ടാം ഹിതപരിശോധനയ്‌ക്കോ, ബ്രെക്‌സിറ്റ് തന്നെ ഇല്ലാതാകാനോ ഉള്ള സാധ്യതകള്‍ ഏറെയാണെന്നും ബിസിനസ് ലോകം കണക്കുകൂട്ടുന്നു.