ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ വിൽപന നടത്തുന്ന ശിശുക്കൾക്ക് ഉള്ള ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള കർശനമായ നടപടികൾ സർക്കാർ ആരംഭിച്ചു. മുൻനിര ബ്രാൻഡുകൾ വിൽക്കുന്ന ബേബി ഫുഡുകൾ ഗുണനിലവാരമില്ലാത്തവയാണെന്ന പരാതി വ്യാപകമായി ഉയർന്നു വന്നിരുന്നു. ഇംഗ്ലണ്ടിലെ ബേബി ഫുഡ് നിർമ്മാതാക്കൾക്ക് അവരുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് 18 മാസത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്. ശിശുക്കൾക്കായി മാർക്കറ്റിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതായും പിന്നീട് കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും എന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.
ശിശുക്കൾക്കും കുട്ടികൾക്കുമുള്ള ഭക്ഷണത്തിലെ പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറയ്ക്കണമെന്ന് ആണ് സർക്കാരിന്റെ പുതിയ സ്വമേധയാ ഉള്ള മാർഗ്ഗനിർദ്ദേശത്തിൽ ആവശ്യപ്പെടുന്നത്. ബേബി ഫുഡുകൾ ആരോഗ്യകരമാണെന്ന് തോന്നിപ്പിക്കുന്ന പരസ്യങ്ങളും ലേബലുകളും ഒഴിവാക്കണമെന്ന നിർദ്ദേശവും നൽകപ്പെട്ടിട്ടുണ്ട്. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി മാർക്കറ്റിൽ ഉള്ള ഭക്ഷണങ്ങൾ സർക്കാരിൻറെ പ്രഖ്യാപിത നയങ്ങൾക്ക് എതിരാണെന്ന അഭിപ്രായം ഔദ്യോഗിക തലത്തിലുണ്ട്. ആറ് മുതൽ 12 മാസം വരെ പ്രായമുള്ള കുട്ടികൾക്ക് ഭക്ഷണത്തിനിടയിൽ ലഘുഭക്ഷണം ആവശ്യമില്ല, പാൽ മാത്രമേ വേണ്ടൂ എന്ന സർക്കാർ ശുപാർശകൾക്ക് വിരുദ്ധമാണ് ഈ പരസ്യങ്ങൾ.
എല്ലാസ് കിച്ചൺ, ഹെയ്ൻസ് തുടങ്ങിയ മുൻനിര ബ്രാൻഡുകൾ പഞ്ചസാര കൂടുതലുള്ളതും പോഷകക്കുറവുള്ളതുമായ ബേബി ഫുഡ് നിർമ്മിക്കുന്നുണ്ടെന്നും അത് ശിശുക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്നും ഗവേഷകർ കണ്ടെത്തിയതിനെ തുടർന്നാണ് കടുത്ത നടപടിക്ക് സർക്കാർ നടപടി സ്വീകരിച്ചത്. ചോക്ലേറ്റ് ബാറുകളിലും ഐസ്‌ക്രീമിലും ഉപയോഗിക്കുന്നതുപോലുള്ള തെറ്റിദ്ധരിപ്പിക്കുന്ന മാർക്കറ്റിംഗ് അവകാശവാദങ്ങൾ ചില ബ്രാൻഡുകൾ നടത്തുന്നുണ്ടന്ന് ലീഡ്‌സ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ ഏപ്രിലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട് . കുട്ടികളുടെ ഭക്ഷണക്രമത്തിലെ ഉയർന്ന അളവിലുള്ള പഞ്ചസാര, യുകെയിൽ കുട്ടിക്കാലത്തെ അമിതവണ്ണത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് . ഇത് പടിഞ്ഞാറൻ യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. പ്രൈമറി സ്കൂളിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിലെ 22%-ത്തിലധികം കുട്ടികൾ പൊണ്ണത്തടിയുള്ളവരോ അമിതഭാരമുള്ളവരോ ആണെന്നാണ് ഏറ്റവും പുതിയ ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ പറയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതിക്ക് ഉടമയായ ബ്രിട്ടീഷ് വംശജയായ ഏത്തൻ കാറ്റർഹാമിന് 116 വയസ്സ് തികഞ്ഞു. കഴിഞ്ഞ വർഷം തന്റെ 115-ാം ജന്മദിനത്തിൽ ലോക മുതു മുത്തശ്ശിയെ രാജാവ് ആദരിച്ചിരുന്നു. 116 വയസ്സുള്ള ബ്രസീലിയൻ കന്യാസ്ത്രീ സിസ്റ്റർ ഇനാ കാൻബാരോ ലൂക്കാസിന്റെ മരണത്തെ തുടർന്ന് ഏപ്രിലിൽ ആണ് അവർ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായത്.
1909 ഓഗസ്റ്റ് 21 ന് ജനിച്ച അവർ എഡ്വേർഡ് ഏഴാമന്റെ കാലത്ത് ജീവിച്ചിരിക്കുന്ന അവസാനത്തെ വ്യക്തിയാണ്. 2024-ൽ മിസിസ് കാറ്റർഹാമിന്റെ 115-ാം ജന്മദിനം ആഘോഷിക്കുന്നതിനായി അദ്ദേഹത്തിന്റെ പിൻതലമുറക്കാരനായ ചാൾസ് മൂന്നാമൻ ഒരു കാർഡ് അയച്ചത് മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ടൈറ്റാനിക് ദുരന്തത്തിന് മൂന്ന് വർഷം മുമ്പും റഷ്യൻ വിപ്ലവത്തിന് എട്ട് വർഷം മുമ്പുമാണ് കാറ്റർഹാം ജനിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങളിലൂടെയും അവർ കടന്നുപോയി. എട്ട് കുട്ടികളിൽ രണ്ടാമത്തെ ആളായി ഹാംഷെയറിലെ ഷിപ്റ്റൺ ബെല്ലിംഗറിൽ ജനിച്ച അവർ വിൽറ്റ്ഷെയറിലെ ടിഡ്‌വർത്തിലാണ് വളർന്നത്.
ലോകത്തിൻറെ മുതുമുത്തശ്ശിക്ക് ഒരു ഇന്ത്യൻ ബന്ധവും ഉണ്ട്. തൻറെ കൗമാര കാലത്ത് ബ്രിട്ടീഷ് കോളനിയായ ഇന്ത്യയിലും അവർ ജോലി ചെയ്തിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന വ്യക്തിയായി അറിയപ്പെടുന്നത് ഫ്രഞ്ച് വനിത ജീൻ ലൂയിസ് കാൽമെന്റ് ആയിരുന്നു, 1997-ൽ 122 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോൾ ആണ് അവർ മരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തകർച്ചയിലായ ലിബർട്ടി സ്റ്റീലിനെ പുനർജീവിപ്പിക്കുന്നതിനും 1500 തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനുമായി കമ്പനി സർക്കാർ ഏറ്റെടുക്കുമെന്ന സൂചനകൾ പുറത്തുവന്നു. യുകെയിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റീൽ കമ്പനിയായ ലിബർട്ടി സ്റ്റീൽ ഇന്ത്യൻ വംശജനായ സഞ്ജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ളതാണ്.
സ്റ്റീൽ നിർമ്മിക്കാൻ സ്ക്രാപ്പ് മെറ്റൽ ഉപയോഗിക്കുന്ന കമ്പനിയുടെ ഭാവി കുറച്ചുകാലമായി അനിശ്ചിതത്വത്തിലായിരുന്നു. കടബാധ്യത പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചതാണ് കമ്പനിയുടെ തകർച്ചയുടെ പ്രധാന കാരണം. പ്രധാന വായ്പാ ദാതാവായ ഗ്രീൻസിൽ ക്യാപ്പിറ്റൽ തകർന്നതാണ് കമ്പനിയെ കടുത്ത പ്രതിസന്ധിയിലാക്കിയത്. കടക്കാർ ആവശ്യപ്പെടുന്ന നിർബന്ധിത ലിക്വിഡേഷനുശേഷം കമ്പനിക്ക് എന്ത് സംഭവിക്കുമെന്ന് ഉറപ്പില്ലെന്ന അഭിപ്രായം നിയമവിദഗ്ധരുടെ ഇടയിൽ ശക്തമാണ്.
ഇന്ത്യൻ വംശജനായ സഞ്ജീവ് ഗുപ്തയുടെ ലിബർട്ടി സ്റ്റീലിനെതിരെ എച്ച്എംആർസി കടുത്ത നടപടികൾക്ക് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തുവന്നിരുന്നു . നികുതി അടവിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് കമ്പനി നിയമനടപടികൾ നേരിടുന്നത് . ഏകദേശം 26.3 മില്യൺ ടാക്സ് കുടിശ്ശിക ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിൽ നിന്ന് സിംഗപ്പൂർ, റൊമാനിയ വഴി വടക്കൻ ഇംഗ്ലണ്ട് വരെ വ്യാപിച്ചുകിടക്കുന്ന ലോഹങ്ങളുടെയും ഊർജ്ജ കമ്പനികളുടെയും ഗ്രൂപ്പാണ് ലിബർട്ടി കമ്പനി. സഞ്ജീവ് ഗുപ്തയുടെ GFG അലയൻസിന്റെ പ്രധാന ഭാഗമാണ് ലിബർട്ടി സ്റ്റീൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ 1,000-ത്തിലധികം മൂത്രാശയ ക്യാൻസർ രോഗികൾക്ക് ഇനി അതിജീവന നിരക്ക് കൂട്ടുന്ന പുതിയ ചികിത്സ നൽകാൻ ഒരുങ്ങി എൻഎച്ച്എസ്. ബ്രിട്ടനിൽ ഓരോ വർഷവും ഏകദേശം 18,000 പേർക്ക് മൂത്രാശയ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നുണ്ട്. ഇവരിൽ സ്റ്റേജ് 4 ക്യാൻസർ ബാധിച്ചവരിൽ ഏകദേശം 10% പേർ മാത്രമാണ് അഞ്ച് വർഷത്തിനപ്പുറം അതിജീവിക്കുന്നത്. എൻഫോർട്ടുമബ് വെഡോട്ടിൻ, പെംബ്രോലിസുമാബ് എന്നിവയുടെ സംയോജനമായ പുതിയ തെറാപ്പിയാണ് വ്യാഴാഴ്ച മുതൽ എൻഎച്ച്എസ് ഉപയോഗത്തിനായി അംഗീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലുടനീളമുള്ള ഏകദേശം 1,250 രോഗികൾക്ക് പുതിയ ചികിത്സ ലഭിക്കും. ആരോഗ്യമേഖലയിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന മുന്നേറ്റങ്ങളിലൊന്നായാണ് ഇതിനെ എൻ എച്ച് എസ് നേതാക്കൾ വിശേഷിപ്പിച്ചത്.
സ്റ്റാൻഡേർഡ് കീമോതെറാപ്പിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ ചികിത്സ വഴി അവസാന സ്റ്റേജ് ക്യാൻസർ ബാധിച്ച രോഗികളുടെ അതിജീവന സാധ്യത ഇരട്ടിയതായി ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞു. പഠനത്തിൽ, ചികിത്സയ്ക്ക് ശേഷം ഏകദേശം 30% രോഗികളിൽ ക്യാൻസറിന്റെ അംശം ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. കീമോതെറാപ്പി വഴി ചികിത്സ തേടിയവരിൽ വെറും 12.5% രോഗികളിൽ മാത്രമാണ് ഈ ഫലം കാണാൻ സാധിച്ചത്.
എൻഫോർട്ടുമബ്, വെഡോട്ടിൻ എന്നീ മരുന്നുകൾ ഒരുമിച്ച് പ്രവർത്തിക്കുകയും ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. മെറ്റാസ്റ്റാറ്റിക് ബ്ലാഡർ ക്യാൻസർ ബാധിച്ച രോഗികളുടെ ആയുസ്സ് ഒരു വർഷത്തിലധികം വർദ്ധിപ്പിക്കാൻ ഈ തെറാപ്പിക്ക് കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു. മെഡിക്കൽ രംഗത്ത് പ്രതീക്ഷ നൽകുന്ന വലിയൊരു മുന്നേറ്റമാണ് ഈ കണ്ടുപിടിത്തമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ക്യാൻസർ വിഭാഗത്തിലെ ദേശീയ ക്ലിനിക്കൽ ഡയറക്ടർ പ്രൊഫ. പീറ്റർ ജോൺസൺ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗാസയിലെ വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ചെയ്തു കൊടുക്കുമെന്ന് യുകെ സർക്കാർ അറിയിച്ചു. മിടുക്കരായ 9 വിദ്യാർത്ഥികൾക്കാണ് യുകെയിൽ പഠനസൗകര്യം ഒരുക്കുന്നത്. ബ്രിട്ടീഷ് സർവകലാശാലകളിൽ പഠിക്കുന്നതിന് ഇവർക്ക് സ്കോളർഷിപ്പ് സൗകര്യം ലഭിക്കും.
100-ലധികം എംപിമാർ, യൂണിവേഴ്സിറ്റി നേതാക്കൾ, മറ്റ് സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവരുടെ മാസങ്ങൾ നീണ്ട വാദത്തിനും പ്രചാരണത്തിനും ശേഷമാണ് ഈ പദ്ധതിക്ക് സർക്കാർ അഗീകാരം നൽകിയത് . മൊത്തം 80-ലധികം പാലസ്തീൻ വിദ്യാർത്ഥികൾക്ക് യുകെ സർവകലാശാലകളിൽ ഓഫറുകളുണ്ട്. അതിൽ 40 പേർ പൂർണ്ണ സ്കോളർഷിപ്പുകൾ നേടിയവരുമാണ് . അർഹരായ കൂടുതൽ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കണമെന്നാണ് എംപിമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. എന്നാൽ ഒൻപത് കുട്ടികൾക്ക് മാത്രമാണ് നിലവിൽ അനുവാദം നൽകിയിരിക്കുന്നത്. സർക്കാരിൻറെ പുതിയ പദ്ധതി സന്തോഷകരമാണെങ്കിലും അർഹതപ്പെട്ട നിരവധി പേർ ഇപ്പോഴും പഠന സൗകര്യത്തിനായി കാത്തിരിക്കുകയാണെന്നാണ് ബർമിംഗ്ഹാം സർവകലാശാലയിലെ ഗവേഷകയും വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്യുന്ന ഡോ. നോറ പാർ അഭിപ്രായപ്പെട്ടത്.
ഇറ്റലി, അയർലൻഡ്, ഫ്രാൻസ് എന്നിവയുൾപ്പെടെ മറ്റ് രാജ്യങ്ങൾ ഇതിനകം വിദ്യാർത്ഥികളെ ആ രാജ്യങ്ങളിലെ സർവ്വകലാശാലകളിലും പഠന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ പഠനത്തിനായി യുകെ സർക്കാർ മുന്നോട്ട് വെച്ച നിബന്ധനകളിൽ പലർക്കും തിരിച്ചടിയായതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. വിസ അപേക്ഷയ്ക്ക് ബയോമെട്രിക് ഡേറ്റ നൽകണമെന്ന ഹോം ഓഫീസ് നിബന്ധന കാരണം വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാനും പഠനം ആരംഭിക്കാനും കഴിഞ്ഞിട്ടില്ല . ഗാസയിലെ യുകെ അംഗീകൃത ബയോമെട്രിക്സ് രജിസ്ട്രേഷൻ കേന്ദ്രം 2023 ഒക്ടോബറിൽ അടച്ചുപൂട്ടിയിരുന്നു. അതുകൊണ്ടുതന്നെ അയൽ രാജ്യങ്ങളിലെ മറ്റ് കേന്ദ്രങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതും അവർക്ക് അസാധ്യമായി.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പണപ്പെരുപ്പം വീണ്ടും കുതിച്ചുയർന്നു. നിലവിൽ 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് പണപ്പെരുപ്പം. ജൂലൈ വരെയുള്ള കണക്കുകൾ അനുസരിച്ച് നിലവിൽ പണപ്പെരുപ്പം 3.8 ശതമാനമായാണ് ഉയർന്നത്. വിമാന നിരക്കുകളും ഭക്ഷണസാധനങ്ങളുടെ വിലയും ഉയർന്നതാണ് പണപ്പെരുപ്പം ഉയരുന്നതിന് കാരണമായത് . സ്കൂളുകളിൽ വേനലവധിയുമായി ബന്ധപ്പെട്ട് കൂടുതൽ പേർ യാത്ര ചെയ്തതാണ് വിമാന നിരക്കുകൾ കുതിച്ചുയരാൻ കാരണമായത്. സെപ്റ്റംബറിൽ പണപ്പെരുപ്പം 4% ആയി ഉയരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .
2001 ൽ പ്രതിമാസ ഡാറ്റ ശേഖരണം ആരംഭിച്ചതിനുശേഷം ജൂൺ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ വിമാന നിരക്കുകളിൽ 30.2% ത്തിന്റെ വർദ്ധനവ് ഉണ്ടായതായി ഒഎൻഎസ് ചീഫ് ഇക്കണോമിസ്റ്റ് ഗ്രാന്റ് ഫിറ്റ്‌സ്‌നർ പറഞ്ഞു. ഭക്ഷണത്തിന്റെയും മദ്യം ഒഴികെയുള്ള പാനീയങ്ങളുടെയും വില ജൂലൈ വരെയുള്ള വർഷത്തിൽ 4.9% ആണ് വർദ്ധിച്ചത് . കാപ്പി, ഫ്രഷ് ഓറഞ്ച് ജ്യൂസ്, മാംസം, ചോക്ലേറ്റ് എന്നിവയുടെ വിലയിലും വലിയ വർധനവ് ഉണ്ടായി.
നിലവിലെ പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായ 2 ശതമാനത്തിലും വളരെ കൂടുതലാണ്. നിലവിൽ 4 ശതമാനമാണ് ഇംഗ്ലണ്ടിലെ പലിശ നിരക്ക്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടുത്ത അവലോകന യോഗം സെപ്റ്റംബർ 18-ാം തീയതിയാണ്. സാധാരണഗതിയിൽ പണപ്പെരുപ്പം കുതിച്ചുയരുമ്പോൾ അതിനെ പിടിച്ചു നിർത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തുന്നത്. അടുത്ത അവലോകന യോഗത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്ത് നടപടി സ്വീകരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
അനധികൃത കുടിയേറ്റത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ബ്രിട്ടനിൽ ഉയരുന്നത്. ഇതിൻറെ ഭാഗമായി ഇവരെ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥി ഹോട്ടലുകൾക്ക് പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലുകൾ മാധ്യമങ്ങളിൽ സ്ഥിരം വാർത്തയാണ്. എസെക്സിലെ ബെൽ ഹോട്ടൽ ഇത്തരത്തിൽ നിരവധി പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. അഭയാർത്ഥികളെ ബെൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ നിന്ന് വിധി സമ്പാദിച്ചിരിക്കുകയാണ് കൗൺസിൽ അധികാരികൾ.
ഇതോടെ അനധികൃത കുടിയേറ്റക്കാരെ ഹോട്ടലിൽ നിന്ന് ഒഴിപ്പിക്കേണ്ടതായി വരും. സോമാനി ഹോട്ടൽസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള എപ്പിംഗിലെ ദി ബെൽ ഹോട്ടലിൽ കുടിയേറ്റക്കാരെ താമസിപ്പിക്കുന്നത് തടയാൻ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗൺസിൽ ആണ് വിധി സമ്പാദിച്ചത് . കൗൺസിലിന്റെ കേസ് തള്ളിക്കളയാൻ ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ നടത്തിയ 11-ാം മണിക്കൂർ ശ്രമം നിരസിച്ചതിന് ശേഷമാണ് മിസ്റ്റർ ജസ്റ്റിസ് ഐർ തന്റെ വിധി പ്രസ്താവിച്ചത്. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് 140 പുരുഷന്മാരാണ് ഇവിടെ താമസിച്ചിരുന്നത്. യുകെയിൽ ഉടനീളം ഇത്തരം അഭയാർത്ഥി ഹോട്ടലുകളിൽ അനധികൃത കുടിയേറ്റക്കാരെ താമസിപ്പിക്കുന്നതിനുള്ള സാധ്യതകൾ ഇല്ലാതാകുന്നതിന് ഹൈക്കോടതി വിധി കാരണമാകുമെന്നാണ് നിയമവിദഗ്ധർ അനുമാനിക്കുന്നത്.
പട്ടണത്തിൽ 14 വയസ്സുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഇവിടെ താമസിക്കുന്ന ഒരു അഭയാർത്ഥിക്കെതിരെ കുറ്റം ചുമത്തിയതിനെ തുടർന്ന് സമീപ ആഴ്ചകളിൽ ആയിരക്കണക്കിന് ആളുകൾ ഹോട്ടലിന് സമീപം പ്രതിഷേധിച്ചിരുന്നു . സിറിയൻ പൗരനായ മുഹമ്മദ് ഷർവാർഖ് (32) ആണ് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായത്. ബെൽ ഹോട്ടലിലെ ഒരു താമസക്കാരനെതിരെ ലൈംഗിക സ്വഭാവമുള്ള കുറ്റം ഉൾപ്പെടെ ഒന്നിലധികം ആക്രമണങ്ങൾക്ക് കേസെടുത്തിട്ടുണ്ടെന്ന റിപ്പോർട്ടുകളിൽ താൻ വളരെയധികം ആശങ്കാകുലനാണ് എന്ന് എപ്പിംഗ് ഫോറസ്റ്റിന്റെ കൺസർവേറ്റീവ് എംപിയായ ഡോ. നീൽ ഹഡ്‌സൺ പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങളും ഇത്തരം കേസുകളും ആണ് ഹോട്ടലുകളിൽ അഭയാർത്ഥികളെ താമസിപ്പിക്കുന്നതിനെതിരെ കേസിനു പോകാൻ കൗൺസിലിനെ പ്രേരിപ്പിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തിങ്കളാഴ്ചയും ബാങ്ക് അവധി വരുന്നതു മൂലം യുകെയിൽ ഉടനീളം കനത്ത ഗതാഗത കുരുക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൂന്ന് ദിവസം അടുപ്പിച്ച് അവധി കിട്ടുന്നതു മൂലം കൂടുതൽ പേർ അവധി ആഘോഷിക്കാൻ യാത്രയിൽ ഏർപ്പെടാനുള്ള സാധ്യത ഉണ്ട്. യുകെയിൽ ഉടനീളം ഏകദേശം 17.6 ദശലക്ഷം കാറുകൾ നിരത്തിലിറങ്ങുമെന്നാണ് റോയൽ ഓട്ടോമൊബൈൽ ക്ലബ് ( ആർ എ സി ) നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
ഇതിനിടെ ആർഎംടി യൂണിയന്റെ പണിമുടക്കിന് മുന്നോടിയായി ശനിയാഴ്ച റെയിൽ യാത്രക്കാർ യാത്ര ചെയ്യരുതെന്ന് ക്രോസ് കൺട്രി നിർദ്ദേശിച്ചു, അതേസമയം എഞ്ചിനീയറിംഗ് ജോലികൾക്കായി നിരവധി പ്രധാന റൂട്ടുകൾ അടച്ചിടുമെന്ന് നെറ്റ്‌വർക്ക് റെയിലും അറിയിച്ചിട്ടുണ്ട് . ലണ്ടനിലെ നോട്ടിംഗ് ഹിൽ കാർണിവൽ, റീഡിംഗ്, ലീഡ്സ് ഫെസ്റ്റിവലുകൾ, ചെഷയറിലെ ക്രീംഫീൽഡ്സ് ഫെസ്റ്റിവൽ എന്നിവയുൾപ്പെടെയുള്ള പരിപാടികളിലേയ്ക്ക് വലിയ ജനക്കൂട്ടം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . ബ്രിസ്റ്റലിനും ഡെവണിനും ഇടയിലുള്ള M5 ൽ ഏറ്റവും രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാകുമെന്ന് ഗതാഗത വിശകലന സ്ഥാപനമായ ഇൻറിക്സ് പറഞ്ഞു. ബ്രിസ്റ്റലിന് വടക്ക് 15 ജംഗ്ഷൻ മുതൽ ബ്രിഡ്ജ് വാട്ടറിനായി ജംഗ്ഷൻ 23 വരെയുള്ള ഭാഗത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും 40 മിനിറ്റിലധികം കാലതാമസമുണ്ടാകാൻ സാധ്യതയുണ്ട്.
ഡോവർ അല്ലെങ്കിൽ ഫോക്ക്‌സ്റ്റോൺ വഴി ചാനൽ മുറിച്ചുകടക്കുന്നതിനുള്ള തിരക്കേറിയ റൂട്ടായ കെന്റിലെ M20-ൽ വെള്ളിയാഴ്ച വാഹനമോടിക്കുന്നവർ അരമണിക്കൂറിലധികം നീണ്ടു നിൽക്കുന്ന തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് .വിമാനത്താവളത്തിലേയ്ക്കും മറ്റുമുള്ള റോഡുകളിൽ വൻ തിരക്ക് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ യാത്രക്കാർ മുൻകരുതൽ സ്വീകരിക്കണമെന്നും ലക്ഷ്യസ്ഥാനത്തേയ്ക്ക് നേരത്തെ യാത്ര തിരിക്കുന്നതായിരിക്കും ഉചിതമെന്ന മുന്നറിയിപ്പ് നല്കപ്പെട്ടിട്ടുണ്ട് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് ലണ്ടനിലെ റസ്റ്റോറന്റിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയ ഒൻപത് വയസ്സുകാരിയായ മലയാളി പെൺകുട്ടിക്ക് വെടിയേൽക്കാൻ ഇടയായ ഗുണ്ടാ ആക്രമണത്തിൽ പ്രതിയായ ടർക്കിഷ് പൗരൻ കുറ്റക്കാരൻ എന്ന് കണ്ടെത്തി കോടതി. സംഭവം നടന്ന് 14 മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ലണ്ടൻ ഓൾഡ് ബെയിലി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ബെർമിംഗ്ഹാമിൽ നിന്നുള്ള കുടുംബം സുഹൃത്തുക്കളെ സന്ദർശിക്കാൻ ഹാഫ് – ടെം ലണ്ടനിൽ എത്തിയതായിരുന്നു. ഈ സമയം കുട്ടിക്ക് വിശന്നതിനെ തുടർന്ന് യാത്രാ മധ്യേ ഹാക്ക്നിയിലെ ടർക്കിഷ് റസ്റ്റോറന്റിൽ കയറുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടി അപ്രതീക്ഷിത ആക്രമണത്തിന് ഇരയായത്.
ഹാക്ക്നിയിലെ മറ്റൊരിടത്ത് നടന്ന ഏറ്റുമുട്ടലിൻ്റെ തുടർച്ചയായി ഗുണ്ടാസംഘങ്ങൾ നടത്തിയ ആക്രമണത്തിൽ കുട്ടിക്ക് പരിക്കുകയായിരുന്നു. ഒരു ഡ്യൂക്കാറ്റി മോൺസ്റ്റർ മോട്ടർ ബൈക്കിൽ എത്തിയ ആക്രമി കടയിൽ ഉണ്ടായിരുന്ന തുർക്കി വംശജരായ മൂന്നു പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ പെട്ട കുട്ടിയുടെ തലയ്ക്ക് വെടിയേറ്റു. പിന്നാലെ അതിതീവ്ര പരിചരണത്തിലാണ് പെൺകുട്ടി മാസങ്ങളോളം കഴിഞ്ഞത്. പെൺകുട്ടിക്ക് വെടിയേറ്റത്തിനോടൊപ്പം തന്നെ മറ്റു മൂന്നു ആളുകൾക്കും വെടിവെപ്പിൽ പരിക്കേറ്റിരുന്നു.
വെടിയേറ്റത്തിന് പിന്നാലെ ഗുരുതര പരുക്കേറ്റതിനാൽ ടർക്കിഷുകാരനായ പ്രതിക്ക് ഗുരുതര ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്രമണത്തിൽ ശരീരത്തിൻെറ ഇടതുഭാഗം പൂർണ്ണമായും ഉപയോഗിക്കാത്ത വിധം കുട്ടിക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞവർഷം മെയ് 29 ന് ഹോട്ടലിനകത്ത് വെച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് പെൺകുട്ടിക്ക് വെടിയേറ്റത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
24 വയസുകാരിയായ കെല്ലി (യഥാർത്ഥ പേരല്ല ) ദോഹയിൽ നിന്ന് ലണ്ടനിലേയ്ക്കുള്ള യാത്രയ്ക്കിടെ ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടർന്നുള്ള നിയമ പോരാട്ടത്തിലാണ്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ഒട്ടും സുഖകരമല്ലാത്ത യാത്രാ അനുഭവം അവൾക്ക് ഉണ്ടായത്. ക്ഷീണം കാരണം ഉറങ്ങി പോയ കെല്ലി താൻ സഹയാത്രക്കാരനിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതിനെ തുടർന്നാണ് ഞെട്ടി ഉണർന്നത്.
ലാൻഡിങ്ങിന് രണ്ടു മണിക്കൂർ മുമ്പേ നടന്ന സംഭവം അവൾ ഉടനെ തന്നെ റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ വെച്ച് ലൈംഗികാതിക്രമം കാണിച്ചതിന് 66 കാരനായ മൊമാഡെ ജുസാബ് അറസ്റ്റിലായി. തുടർന്ന് ലൈംഗികാതിക്രമങ്ങൾക്ക് അയാൾക്കെതിരെ കേസെടുത്തു. മാർച്ചിൽ നടന്ന വിചാരണയ്ക്ക് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ആറര വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.
പ്രതി ശിക്ഷിക്കപ്പെട്ടതിൽ സന്തോഷിക്കുന്നുണ്ടെങ്കിലും സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് താൻ വിമുക്തയായില്ലെന്ന് കെല്ലി പറഞ്ഞു. ഏകദേശം ഒരു വർഷമായി താൻ പുറത്തുപോയിട്ടില്ലന്നും സുഹൃത്തുക്കളുമൊത്തുള്ള പരിപാടികളിലോ വേനൽക്കാല പാർട്ടികളിലോ പോകാൻ കഴിയുന്നില്ലെന്നും അവർ പറഞ്ഞു. ഇത്തരം കേസുകൾക്ക് ക്രിമിനൽ ഇൻജുറീസ് കോമ്പൻസേഷൻ സ്കീം (CICS) പ്രകാരം സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തിനായി പോരാടുകയാണ് കെല്ലി ഇപ്പോൾ . അക്രമാസക്തമായ കുറ്റകൃത്യത്തിന്റെ ഫലമായി ശാരീരികമോ മാനസികമോ ആയ പരിക്കേറ്റ ആളുകൾക്ക് ഈ പദ്ധതി നഷ്ടപരിഹാരം നൽകുന്നു. CICS മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ലൈംഗികമോ ശാരീരികമോ ആയ പീഡനത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം നൽകാം. എന്നാൽ ഏപ്രിലിൽ കെല്ലി നഷ്ടപരിഹാരത്തിനായി പദ്ധതിയിൽ അപേക്ഷിച്ചപ്പോൾ അവരുടെ അപേക്ഷ നിരസിക്കപ്പെട്ടു. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത വിമാനം ആണെങ്കിൽ മാത്രമേ ഈ പദ്ധതി പ്രകാരം നഷ്ട പരിഹാരം നൽകാൻ കഴിയൂ എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത് യുക്തിരഹിതം എന്നാണ് കെല്ലിയുടെ അഭിഭാഷകൻ വാദിക്കുന്നത്.