Main News

ബ്രിട്ടന്റെ ഉദ്പാദനക്ഷമത അതിവേഗം വളരുന്നുവെന്ന് റിപ്പോര്‍ട്ട്. 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വളര്‍ച്ചയെന്നാണ് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റികിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നു നല്‍കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള ഔട്ട്പുട്ട് 2017ലെ അവസാന ആറ് മാസങ്ങളില്‍ 1.7 ശതമാനം വര്‍ദ്ധിച്ചു. 2005നു ശേഷമുള്ള ഏറ്റവും വലിയ അര്‍ദ്ധ വാര്‍ഷിക പ്രകടനമാണ് ഇത്.

കഴിഞ്ഞ വര്‍ഷം ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റുകള്‍ റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവെച്ചതെന്ന ഒഎന്‍എസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് സാമ്പത്തിക രംഗം മുന്നോട്ടെന്ന സൂചന നല്‍കുന്ന ഈ റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നത്. മാന്ദ്യമുണ്ടാകുമെന്ന് വിലപിക്കുന്നവരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് സമ്പദ് വ്യവസ്ഥ നടത്തിയിരിക്കുന്നതെന്ന് ബ്രെക്‌സിറ്റ് അമനുകൂലികള്‍ പ്രതികരിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജര്‍മനിയിലെ വ്യാവസായികോദ്പാദനത്തില്‍ ഉണ്ടായ 1.6 ശതമാനത്തിന്റെ ഇടിവ് ഒരു സൂചനയാണെന്നും യൂറോസോണിലാകെ പടരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.

ബ്രെക്‌സിറ്റ് ആശങ്കകള്‍ക്കിടെയാണ് സാമ്പത്തികമേഖലയില്‍ ഈ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.  എന്നാല്‍ ബ്രിട്ടീഷ് ഉദ്പാദനക്ഷമത മറ്റ് വന്‍ സമ്പദ്ഘടനകളേക്കാള്‍ വളരെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജി7 രാജ്യങ്ങളേക്കാള്‍ ശരാശരി 16.3 ശതമാനം പിന്നിലാണ് ഇത്. ഉദ്പാദനക്ഷമതയില്‍ മുന്‍പന്തിയിലെത്തണമെങ്കില്‍ ബ്രിട്ടന്‍ ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷുമാക്കറിന്റെ ആരോഗ്യ നില മെച്ചപ്പെടാന്‍ പ്രാര്‍ത്ഥനകളുമായി പതിനായിരക്കണക്കിന് ആരാധകര്‍. അപകടത്തില്‍പ്പെട്ട് തലയ്ക്ക് മാരകമായ ക്ഷതമേറ്റ ഷുമാക്കര്‍ കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സയിലാണ്. ലോകത്താകമാനം കോടിക്കണക്കിന് ആരാധകരുള്ള റേസിംഗ് ഇതിഹാസത്തിന്റെ രോഗം ഭേദമാകുന്നതിനായി നിരവധി പേരാണ് പ്രാര്‍ത്ഥനകളുമായി കാത്തിരിക്കുന്നത്. അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നും തങ്ങളുടെ പ്രിയതാരം തിരിച്ചു വരുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. സ്വിറ്റ്‌സര്‍ലാണ്ടിലെ ലെയ്ക്ക് ജനീവയിലുള്ള കുടുംബ വീട്ടിലാണ് ഷുമാക്കര്‍ ഇപ്പോള്‍ ചികിത്സ തുടരുന്നത്. ട്രാക്കില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഷുമാക്കര്‍ 7 തവണ ഫോര്‍മുല-1 ലോക ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

2013 ഡിസംബറിലാണ് ഷുമാക്കറിന്റെ ജീവിതത്തെ ദുരന്തത്തിലേക്ക് തള്ളിവിട്ട അപകടം നടക്കുന്നത്. ഫ്രാന്‍സിലെ പ്രമുഖ സ്‌കീ റിസോട്ടായ മെരിബലില്‍ വെച്ച് സ്‌കീങ് നടത്തുന്നതിനിടെ വീണ ഷുമാക്കറിന്റെ തലയ്ക്ക് മാരകമായ പരിക്കേറ്റു. സ്‌കീയിങിനിടെ നിലത്ത് വീണ താരത്തിന്റെ തല സമീപത്തുണ്ടായിരുന്ന പാറയിലിടിക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്തേറ്റ ക്ഷതം ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമായി. അപകടത്തിന് ശേഷം ഒരു വര്‍ഷം കോമയിലായിരുന്നു താരം. ട്രാക്കില്‍ നിരവധി അപകടങ്ങള്‍ പറ്റിയിട്ടുണ്ടെങ്കിലും അവയൊന്നും സാരമായ പ്രശ്ങ്ങള്‍ സൃഷ്ടിച്ചവയായിരുന്നില്ല. പക്ഷേ ഈ അപകടം ഷുമാക്കറിന്റെ ജീവിതം തന്നെ ദുരിതപൂര്‍ണമാക്കി. ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് ദിനം പ്രതി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരുന്നത്.

ഷുമാക്കറിന്റെ ആരോഗ്യ നില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹങ്ങള്‍ അറിയിച്ചുകൊണ്ട് നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയകളില്‍ രംഗത്ത് വന്നിരുന്നെങ്കിലും. വിവരങ്ങള്‍ പുറത്ത് വിടാന്‍ കുടുംബം തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങള്‍ പൊതു പ്രശ്‌നമല്ലെന്നാണ് കുടുബത്തിന്റെ കാഴ്ച്ചപ്പാട്. അതേസമയം ഒരു മിറക്കിളിനായി പ്രതീക്ഷിക്കാന്‍ അദ്ദേഹത്തിന്റെ മകള്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ആരാധകരോട് സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും കുടുബം നന്ദി അറിയിച്ചിട്ടുണ്ട്. 20 വര്‍ഷത്തെ റേസിംഗ് കരിയറില്‍ 7 ലോക കീരിടങ്ങളും 91 റേസ് വീജയങ്ങളും ഷുമാക്കറിന്റെ പേരിലുണ്ട്. ജോര്‍ഡാന്‍ ഗ്രാന്‍ഡ്പ്രിക്‌സ്, ബെനട്ടണ്‍, ഫെറാറി എന്നിവര്‍ക്ക് വേണ്ടിയാണ് കരിയറിന്റെ ഭൂരിഭാഗവും ഷുമാക്കര്‍ കാറോടിച്ചത്. ഇവരെ കൂടാതെ മെഴ്‌സിഡസിന് വേണ്ടിയും ഷുമാക്കര്‍ മത്സരിച്ചിട്ടുണ്ട്.

 

യുകെയില്‍ എത്തിച്ചേര്‍ന്ന കുട്ടികളായ അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിനും വിലക്ക്. വിദ്യാഭ്യാസ വിലക്ക് ഇല്ലെന്നാണ് ഗവണ്‍മെന്റ് അവകാശപ്പെടുന്നതെങ്കിലും ഈ വര്‍ഷം ജനുവരി മുതല്‍ നടപ്പായ പുതിയ നിയമമനുസരിച്ച് അഭയത്തിനായി അപേക്ഷിക്കുന്നവര്‍ ഇമിഗ്രേഷന്‍ ബെയിലിലാണ്. ഇതിന്റെയടിസ്ഥാനത്തില്‍ യുകെയില്‍ തുടരുന്നതിനുള്ള ഇവരുടെ അപേക്ഷയില്‍ തീരുമാനമാകുന്നതുവരെ ജോലികളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരേ സ്ഥലത്ത് മാത്രമേ ഇവര്‍ക്ക് താമസിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളു. പോലീസിലോ ഹോം ഓഫീസിലോ റിപ്പോര്‍ട്ട് ചെയ്യുന്നതും നിര്‍ബന്ധമായിരുന്നു.

കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് വിദ്യാഭ്യാസത്തിനും വിലക്കുണ്ടെന്ന കാര്യം അഭയാര്‍ത്ഥികള്‍ അറിയുന്നത്.പലരും പ്രധാനപ്പെട്ട വാര്‍ഷിക പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഈ വിവരം വ്യക്തമാകുന്നത്. ഹോം ഓഫീസിന്റെ പുതിയ പേപ്പര്‍വര്‍ക്കുകള്‍ പരിശോധിച്ച ചാരിറ്റി പ്രവര്‍ത്തകരാണ് ചില അഭയാര്‍ത്ഥികള്‍ക്ക് ഇതേക്കുറിച്ചുള്ള വിവരം നല്‍കിയത്. മാറ്റങ്ങള്‍ വരുത്തിയതിനേക്കുറിച്ച് യാതൊരു വിശദീകരണവും നല്‍കാതെ പുതിയ രേഖകള്‍ ഹോം ഓഫീസ് ഇവര്‍ക്ക് നല്‍കുകയാണെന്ന് ഡങ്കന്‍ ലൂയിസിലെ സോളിസിറ്ററായ ഹന്ന ബെയിന്‍സ് പറയുന്നു.

പുതുതായി ഏര്‍പ്പെടുത്തിയ വ്യവസ്ഥയേക്കുറിച്ച് അറിയാതെ പഠനം തുടരുന്ന അഭയാര്‍ത്ഥികള്‍ ബെയില്‍ വ്യവസ്ഥ ലംഘിച്ചതായി മുദ്രകുത്തപ്പെടാന്‍ സാധ്യതയുള്ള അവസ്ഥിലാണെന്നും അവര്‍ പറഞ്ഞു. അഭയത്തിനായുള്ള അപേക്ഷ നിരസിക്കപ്പെടാന്‍ മതിയായ കാരണമാണ് ഈ വ്യവസ്ഥാ ലംഘനം. 2016ലെ ഇമിഗ്രേഷന്‍ നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ജനുവരി മുതലാണ് നിലവില്‍ വന്നത്. ഇതിലേര്‍പ്പെടുത്തിയിരിക്കുന്ന പുതിയ വ്യവസ്ഥകള്‍ക്കെതിരെ ക്യാംപെയിനര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.

ബ്രിട്ടനില്‍ നിന്നും ചികിത്സയ്ക്കായി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിക്കുന്നു. എന്‍എച്ച്എസ് ആശുപത്രികളില്‍ ചികിത്സയ്ക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നതിനാലാണ് പലരും ഇതര രാജങ്ങളെ ആശ്രയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇടുപ്പ, കാല്‍മുട്ട് സര്‍ജറികള്‍ക്കായി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരുന്നതും ഡെന്റല്‍ ക്ലിനിക്കുകളിലെ ചാര്‍ജ് വര്‍ദ്ധനവും രോഗികളെ മറ്റു രാജ്യങ്ങളില്‍ ചികിത്സ തേടാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. 2017ല്‍ മാത്രം 2,11,000 പേരാണ് ചികിത്സ തേടി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരിക്കുന്നത്. അതേസമയം 2014ല്‍ വെറും 48,000 പേര്‍ മാത്രമായിരുന്നു ഇത്തരം യാത്രകള്‍ നടത്തിയിരുന്നത്. എന്‍എച്ച്എസില്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നാല്‍ വരും കാലങ്ങളില്‍ മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും.

ഓപ്പറേഷനുകള്‍ക്കായി രോഗികള്‍ക്ക് എന്‍എച്ച്എസ് കാത്തിരിപ്പ് സമയത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധനവുണ്ടായിട്ടുണ്ട്. എന്‍എച്ച്എസിലെ 400,000ത്തിലധികം രോഗികള്‍ക്ക് ചികിത്സയ്ക്കായി 18 ആഴ്ച്ചകളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. 2014നെ അപേക്ഷിച്ച് 60,000ത്തോളം അധികമാളുകള്‍ക്ക് ദുരിതമനുഭവിക്കേണ്ടി വന്നു. ചികിത്സ തേടി ബ്രിട്ടീഷ് പൗരന്മാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഈസ്റ്റേണ്‍ യൂറോപ്പിനെയാണ്. കഴിഞ്ഞ വര്‍ഷം ചികിത്സ തേടി പോളണ്ടിലെത്തിയത് 18,000 പേരാണ്. 2014നെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്ലാസ്റ്റിക് സര്‍ജറി, തിമിര ശസ്ത്രക്രിയ എന്നിവക്കായാണ് പോളണ്ടിലേക്ക് കൂടുതല്‍ പേരും എത്തുന്നത്. ഹംഗറി, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളും യുകെ പൗരന്മാര്‍ ചികിത്സയ്ക്കായി തെരെഞ്ഞടുക്കുന്ന രാജ്യങ്ങളുടെ ഗണത്തില്‍പ്പെടും. ദന്തചികിത്സ, കോസ്‌മെറ്റിക് സര്‍ജറികള്‍ എന്നിവയ്ക്കാണ് കൂടുതല്‍ പേരും ഹംഗറിയെ ആശ്രയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഹംഗറി സന്ദര്‍ശിച്ചത് 19,000 പേരാണ്. കഴിഞ്ഞ കാലങ്ങളെക്കാള്‍ മൂന്ന് മടങ്ങിലധികം പേരാണ് ഇപ്പോള്‍ ചികിത്സയ്ക്കായി ഹംഗറിയിലെത്തുന്നത്.


ബള്‍ഗേറിയിലെ ആരോഗ്യ മേഖലയാണ് ഈസ്‌റ്റേണ്‍ യൂറോപ്പില്‍ ഏറ്റവും മികച്ച രീതിയില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്നത്. 2015ല്‍ വെറും 1000 പേരാണ് ചികിത്സയ്ക്കായി ബള്‍ഗേറിയയില്‍ എത്തിയത്. എന്നാല്‍ 2017 ആകുമ്പോള്‍ ഇത് 6000 പേരിലെത്തി. ചികിത്സാച്ചെലവ് കുറഞ്ഞതും സൗകര്യപ്രദമായ സ്വകാര്യ ആശുപത്രികളുമാണ് ബള്‍ഗേറിയയുടെ ആരോഗ്യ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ ചെലവില്‍ ചികിത്സ ലഭിക്കാനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. 65കാരനായ വീറ്റ്‌ലി, നോട്ടിംഗ്ഹാംഷയര്‍ സ്വദേശി അലന്‍ ബക്കര്‍ ചികിത്സയ്ക്കായി മസിഡോണിയ വരെ യാത്ര ചെയ്തിരുന്നു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതനായിരുന്ന അലന്‍ റേഡിയോതെറാപ്പി ചെയ്യുന്നതിനാണ് മാസിഡോണിയയിലെ ആശുപത്രിയുടെ സഹായം തേടിയത്. യുകെയിലെ സ്വകാര്യ ആശുപത്രിയില്‍ 35,000 പൗണ്ട് ചെലവാകുമായിരുന്ന ഈ ചികിത്സയ്ക്ക് വെറും 3,300 പൗണ്ട് മാത്രമേ മാസിഡോണിയയില്‍ ആവശ്യമായി വരികയുള്ളു.

ഒന്‍പത് തരത്തിലുള്ള അര്‍ബുദങ്ങള്‍ക്കെതിരെ ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കുന്ന വാക്‌സിനായ ഗാര്‍ഡസില്‍ 9ന്റെ സ്വകാര്യ സപ്ലൈ ബ്രിട്ടനില്‍ നിലച്ചു. കഴിഞ്ഞയാഴ്ച മുതലാണ് സപ്ലൈ ഇല്ലാതായത്. വാക്‌സിനേഷന്‍ നല്‍കുന്ന ബൂട്ട്‌സ്, സൂപ്പര്‍ഡ്രഗ് എന്നീ ചെയിനുകള്‍ തങ്ങളുടെ വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നുവെന്ന് അറിയിച്ചു. പുതിയ ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ സ്വീകരിക്കുന്നില്ലെന്നും ചെയിനുകള്‍ വ്യക്തമാക്കി. നിലവില്‍ 12, 13 വയസുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി നല്‍കി വരുന്ന ഈ വാക്‌സിന്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന ക്യാന്‍സറുകളില്‍ നിന്നാണ് സംരക്ഷണം നല്‍കുന്നത്. ലൈംഗികബന്ധത്തിലൂടെയോ ചുംബനത്തിലൂടെയോ ആണ് ഈ വൈറസുകള്‍ പകരുന്നത്. എംഎസ്ഡി എന്ന മരുന്ന് നിര്‍മാണക്കമ്പനിയാണ് ഈ വാക്‌സിന്‍ ഉദ്പാദിപ്പിക്കുന്നത്. വരുന്ന ജൂലൈ വരെ ഈ മരുന്നിന്റെ പ്രൈവറ്റ് സപ്ലൈ ലഭിക്കില്ലെന്ന് കമ്പനി അറിയിച്ചു. യുകെ ഫാര്‍മസികളില്‍ നിന്നുള്ള ഓര്‍ഡറുകളുടെ വര്‍ദ്ധനയാണ് ഇതിന് കാരണമെന്നും കമ്പനി വ്യക്തമാക്കി.

മുതിര്‍ന്നവരില്‍ ഏതാണ്ട് 80 ശതമാനം പേരും ഹ്യൂമന്‍ പാപ്പിലോമ വൈറസ് ബാധിതരാണ്. ഈ വൈറസാണ് ഗര്‍ഭാശയമുഖം, മലദ്വാരം, ജനനേന്ദ്രിയങ്ങള്‍, കണ്ഠനാളം തുടങ്ങിയവയെ ബാധിക്കുന്ന ക്യാന്‍സറുകളുടെ പ്രധാന കാരണം. വൈറസ് ബാധയുണ്ടായി ദശകങ്ങള്‍ക്ക് ശേഷമായിരിക്കും പലപ്പോഴും രോഗം പ്രത്യക്ഷപ്പെടുന്നത്. പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഗാര്‍ഡസില്‍ 9 സൗജന്യ വാക്‌സിനേഷന്‍ പരിമിതപ്പെടുത്തിയതില്‍ എന്‍എച്ച്എസിനെതിരെ ത്രോട്ട് ക്യാന്‍സര്‍ ഫൗണ്ടേഷന്‍ നിയമപ്പോരാട്ടത്തിലാണ്. പ്രതിരോധമരുന്ന് വിതരണത്തില്‍ ലിംഗവിവേചനം കാട്ടുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.

എന്‍എച്ച്എസില്‍ നിന്ന് ഈ വാക്‌സിന്‍ ലഭിക്കാത്തതിനാല്‍ ആണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷനായി മാതാപിതാക്കള്‍ സ്വകാര്യസ്ഥാപനങ്ങളെയാണ് ആശ്രയിക്കാറുള്ളത്. ബൂട്ട്‌സും സൂപ്പര്‍ഡ്രഗുമാണ് ഇത് നല്‍കി വരുന്നത്. രണ്ട് ഡോസ് വേണ്ടിവരുന്ന 14 വയസ് വരെ പ്രായമുള്ളവര്‍ക്ക് 310 പൗണ്ടും മൂന്ന് ഡോസ് വരെ വേണ്ടിവരുന്ന മുതിര്‍ന്നവര്‍ക്ക് 450 പൗണ്ടുമാണ് ഇതിനായി ഈടാക്കുന്നത്. അതേസമയം എട്ടാം ക്ലാസ് പ്രായത്തിലുള്ള രാജ്യത്തെ എല്ലാ ആണ്‍കുട്ടികള്‍ക്കും വാക്‌സിനേഷന്‍ എന്‍എച്ച്എസിലൂടെ നല്‍കിയാല്‍ 30 മുതല്‍ 40 പൗണ്ട് വരെ മാത്രമേ ചെലവാകുകയുള്ളുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ക്യാന്‍സര്‍ രോഗിയായ 49 കാരന് ശസ്ത്രക്രിയക്ക് ശേഷം കിടക്കാന്‍ സൗകര്യം ലഭിച്ചത് വാര്‍ഡായി മാറ്റിയ കപ്‌ബോര്‍ഡില്‍. മാലിഗ്നന്റ് മെലനോമ എന്ന നാലാം ഘട്ട അര്‍ബുദത്തിന് അടിമയായ മാര്‍ട്ടിന്‍ വെല്‍സ് എന്നയാള്‍ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. ബര്‍മിംഗ്ഹാം ക്വീന്‍സ് ഹോസ്പിറ്റലിലായിരുന്നു ഇദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായത്. ജനാലകള്‍ പോലുമില്ലാത്ത ഒരു മുറിയില്‍ അലമാരകള്‍ക്ക് നടുവിലായാണ് വെല്‍സിനെ കിടത്തിയത്. താന്‍ ഉറങ്ങിക്കിടക്കുമ്പോളാണ് ഇവിടേക്ക് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. നഴ്‌സിനോട് പരാതിപ്പെട്ടപ്പോള്‍ അത് ക്ലിനിക്കല്‍ സ്‌പേസ് ആക്കി മാറ്റിയതാണെന്ന മറുപടിയാണ് ലഭിച്ചത്.

വയറിനുള്ളില്‍ നിന്ന് ക്യാന്‍സര്‍ ബാധിതമായ ഭാഗങ്ങള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കാണ് ഇദ്ദേഹം വിധേയനായത്. 15 ഇഞ്ചോളം വലിപ്പമുള്ള മുറിവാണ് ശസ്ത്രക്രിയക്കായി വേണ്ടി വന്നത്. തന്റെ ദുരവസ്ഥയുടെ ആഴം മനസിലാക്കാന്‍ ഈ മുറിയില്‍ നിന്നുള്ള ചിത്രങ്ങള്‍ വെല്‍സ് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ടിന് ട്വീറ്റ് ചെയ്തു. പക്ഷേ ഇതിന് ഒരു പ്രതികരണവും ഇതേവരെ ലഭിച്ചിട്ടില്ല. ഐടി മാനേജരായി ജോലി ചെയ്യുന്ന വെല്‍സിന്റെ ഇതു സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന് ആയിരക്കണക്കിന് ഷെയറുകളാണ് ലഭിച്ചത്.

എന്‍എച്ച്എസ് നേരിടുന്ന ദുരിതത്തിന്റെ നേര്‍ക്കാഴ്ചയെന്നാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം ആദ്യം തന്നെ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് ഹെല്‍ത്ത് ചീഫുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിന്റര്‍ ക്രൈസിസില്‍ ബെഡ് സ്‌പേസുകളില്ലാതെ രോഗികള്‍ ഇടനാഴികളിലും നിലത്തും കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ക്ലോണ്‍ ചെയ്ത മൃഗങ്ങളെ ഭക്ഷ്യാവശ്യങ്ങള്‍ക്കും വേട്ടയാടലിനും മറ്റും ഉപയോഗിക്കുന്ന കാലം വിദൂരമല്ലെന്ന് വിദഗ്ദ്ധന്‍. ലാന്‍കാഷയര്‍ യൂണിവേഴ്‌സിറ്റിയിലെ ഡാനിയല്‍ റൈറ്റ് എന്ന ഗവേഷകനാണ് ഈ പ്രവചനം നടത്തിയത്. മനുഷ്യരുടെ ഉപയോഗത്തിനായി ജനറ്റിക് എന്‍ജിനീയറിംഗിലൂടെ മൃഗങ്ങളെ സൃഷ്ടിക്കുന്ന കാലമാണ് വരാനിരിക്കുന്നതെന്ന് റൈറ്റ് പറയുന്നു. ക്ലോണിംഗ് ആനിമല്‍സ് ഫോര്‍ ടൂറിസം ഇന്‍ ദി ഇയര്‍ 2070 എന്ന പ്രബന്ധത്തിലാണ് മൂന്ന് സാധ്യതകളേക്കുറിച്ച് റൈറ്റ് പ്രവചനം നടത്തിയിരിക്കുന്നത്. നശീകരണവും ആവാസവ്യവസ്ഥയിലെ മാറ്റങ്ങളും പല മൃഗവംശങ്ങളെയും വംശനാശത്തിലേക്ക് എത്തിക്കുമെന്നും റൈറ്റ് പറഞ്ഞു.

ക്ലോണ്‍ ചെയ്ത മൃഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യവിഭവങ്ങള്‍ ജപ്പാനില്‍ നിന്നായിരിക്കും ഏറ്റവും കൂടുതല്‍ പുറത്തിറങ്ങുക. ദശകങ്ങള്‍ക്കു മുമ്പ് വംശനാശം സംഭവിച്ചെന്ന് വിധിയെഴുതിയ ജീവികളുടെ പോലും ക്ലോണ്‍ മാംസം ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് കഴിക്കാനാകും. സമൂഹത്തില്‍ വലിയൊരു ഭൂരിപക്ഷത്തിനും ലഭ്യമല്ലാത്ത മീനുകളും മാംസവും ഇവിടെ ലഭ്യമാകും. ക്ലോണ്‍ ചെയ്ത മാംസത്തില്‍ നിന്നുള്ള വിഭവങ്ങളുമായി റെസ്‌റ്റോറന്റുകള്‍ തുറക്കുമെന്നും റൈറ്റ് പ്രവചിക്കുന്നു. എന്നാല്‍ ഈ വിഭവങ്ങള്‍ വേണമെങ്കില്‍ ഉപഭോക്താക്കള്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഓര്‍ഡര്‍ ചെയ്യണമെന്ന് മാത്രം.

വംശനാശം വന്ന അപൂര്‍വ മൃഗങ്ങളുടെ മാംസം പോലും ഈ വിധത്തില്‍ ലഭിക്കും. എന്നാല്‍ ഇവക്ക് വന്‍വില നല്‍കേണ്ടി വരുമെന്ന് മാത്രം. ഔഷധഗുണങ്ങളുള്ള മാംസമാണെങ്കില്‍ അവയ്ക്ക് നല്‍കേണ്ടിവരിക ഊഹിക്കാനാകാത്ത വിലയായിരിക്കും. ക്ലോണിംഗിലൂടെ നിര്‍മിച്ച മൃഗങ്ങളെ വേട്ടയാടലിനും മറ്റും ഉപയോഗിക്കുമെന്നും റൈറ്റ് പറയുന്നു. വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന മൃഗങ്ങളെ വേട്ടയാടുന്നതിന് സര്‍ക്കാരുകള്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം മൃഗങ്ങളെ ഉദ്പാദിപ്പിക്കുന്ന കമ്പനികള്‍ നിലവില്‍ വരികയും വേട്ടയാടലിനായി ലഭ്യമാകുമെന്നും റൈറ്റ് അവകാശപ്പെടുന്നു.

അക്രമകാരികളായ യുവജനങ്ങളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുമെന്ന് പാര്‍ലമെന്ററി ഗ്രൂപ്പ്. യൂട്യൂബ്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ ക്രിമനല്‍ കുറ്റങ്ങളില്‍ പങ്കെടുത്ത യുവതീയുവാക്കള്‍ ഉപയോഗിക്കുന്നത് അക്രമങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്ന നിഗമനത്തെ തുടര്‍ന്നാണ് നടപടി. ക്രോസ്പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പാണ് ഇത് സംബന്ധിച്ച ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ക്രിമിനല്‍ ബിഹേവിയര്‍ ഓര്‍ഡറില്‍ (സിബിഒ) വരുത്താന്‍ പോകുന്ന ഭേദഗതി പൗരന്മാരെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കാന്‍ കോടതികള്‍ക്ക് അധികാരം നല്‍കുമെന്ന് എംപി സാറ ജോണ്‍സ് അറിയിച്ചു. സര്‍ക്കാരിന്റെ പുതിയ വയലന്‍സ് സ്ട്രാറ്റജിയുടെ ഭാഗമാണ് ഭേദഗതി.

 

തോക്കും കത്തിയും ഉപയോഗിച്ചുള്ള അക്രമങ്ങള്‍ നടത്തുന്നതിന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഇന്‍ഫര്‍മേഷനുകള്‍ സഹായകമാകുന്നുവെന്ന് സീനിയര്‍ ഓഫീസര്‍മാര്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് ഏറ്റവും വലിയ അക്രമപരമ്പരകള്‍ക്കാണ് ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത്. നിരവധി പേരാണ് ലണ്ടനില്‍ കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മരിച്ചിരിക്കുന്നത്. അക്രമങ്ങളുടെ നിരക്കില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടും വയലന്റ് ഉള്ളടക്കമുള്ള കണ്ടന്റുകള്‍ പിന്‍വലിക്കാന്‍ പല കമ്പനികളും തയ്യാറായിട്ടില്ല. എന്നാല്‍ ഇത്തരം കണ്ടന്റുകള്‍ പിന്‍വലിക്കണമെന്ന് പോലീസിന്റെ ശക്തമായ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി കത്തികള്‍ ഓര്‍ഡര്‍ ചെയ്യുന്നതില്‍ ഹോം ഓഫീസ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച ഇത് സംബന്ധിച്ച നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.

 

ഓണ്‍ലൈന്‍ വഴി കത്തികള്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തുന്നതും അപകടകാരികളായ സോംബീ കത്തികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും നിയമം മൂലം നിരോധിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച പുതിയ ഒഫന്‍സീവ് വെപ്പണ്‍സ് ബില്‍ അടുത്ത ആഴ്ച്ചയോടെ പാസാകുമെന്നാണ് കരുതുന്നത്. സമീപകാലത്ത് ഏതാണ്ട് 50ഓളം പേരാണ് വിവിധ അക്രമങ്ങളിലായി ലണ്ടനില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. രാജ്യത്തിനകത്ത് കത്തി ഉപയോഗിച്ച് നടക്കുന്ന അക്രമങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അക്രമങ്ങള്‍ സ്ഥിര സംഭവമായി മാറിയതോടെ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ 300 മെട്രോപൊളിറ്റന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ നിയന്ത്രിക്കുന്നതിന് കടുത്ത തീരുമാനങ്ങള്‍ ഹോം ഓഫീസ് കൈക്കൊള്ളും. വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കത്തിയുമായി എത്തുന്നതും നിയമം മൂലം നിരോധിക്കും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് സ്‌കൂളില്‍ കത്തിയുമായി വരുന്നവരുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ബ്രെക്‌സിറ്റ് യൂറോപ്പിന്റെ അക്കാഡമിക് ലോകത്തിന് വന്‍ നഷ്ടമുണ്ടാക്കുമെന്ന് മുതിര്‍ന്ന അക്കാഡമിക് വിദഗ്ദ്ധര്‍. ഗവേഷണങ്ങളില്‍ ബ്രിട്ടന്റെ പങ്കാളിത്തം കുറയുന്നത് വലിയ നഷ്ടം തന്നെയാണ്. ഫോട്ടോണിക്‌സ് ഉള്‍പ്പെടെയുള്ള വിശാലമായ ശാസ്ത്രസാങ്കേതിക ഗവേഷണ പദ്ധതികളില്‍ പങ്കാളികളായ 47 യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളും ഉള്‍പ്പെടുന്നുണ്ട്. ബ്രെക്‌സിറ്റോടെ യുകെ ഇതില്‍ നിന്ന് പുറത്താകും. സ്വിറ്റ്‌സര്‍ലാന്‍ഡും ഇതിനു പിന്നാലെ പദ്ധതിയില്‍ നിന്ന് പുറത്തുപോകുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്. യൂണിവേഴ്‌സിറ്റികളുടെ കാര്യത്തിലും ഗവേഷണങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണെന്നതിനാല്‍ യൂറോപ്പിന് ഇവയുടെ പിന്‍വാങ്ങല്‍ കനത്ത ആഘാതമാകും ഏല്‍പ്പിക്കുക.

സ്വിറ്റ്‌സര്‍ലാന്‍ഡും ബ്രിട്ടനും യൂണിവേഴ്‌സിറ്റികളുടെയും റിസര്‍ച്ചിന്റെയും കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും മികച്ച രാജ്യങ്ങളാണ്. അവയുടെ നഷ്ടം ഉന്നതവിദ്യാഭ്യാസത്തിന്റെയും ഗവേഷണങ്ങളുടെയും ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി അസോസിയേഷന്‍ പ്രസിഡന്റ് റോള്‍ഫ് തറാച്ച് ഒരു ജര്‍മന്‍ പ്രസിദ്ധീകരണത്തോട് പറഞ്ഞു. യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍ ക്ക് ഇത് ദുരന്തസമാനമായ സാഹചര്യമായിരിക്കും സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുകെയും സ്വിറ്റ്‌സര്‍ലാന്‍ഡുമില്ലാതെ ഒരു യൂറോപ്യന്‍ റിസര്‍ച്ച് ഫ്രെയിംവര്‍ക്ക് പ്രോഗ്രാം സാധ്യമല്ലെന്നു അദ്ദേഹം പറഞ്ഞു.

ഈ പദ്ധതിയില്‍ പങ്കാളിത്തത്തിന് താല്‍പര്യമുണ്ടെന്ന് യുകെ ഗവണ്‍മെന്റിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചര്‍ച്ചകള്‍ ബ്രെക്‌സിറ്റ് നിഴലിലാണ്. പ്രോഗ്രാമിന്റെ മുന്നോട്ടുപോക്കിന് അനുസൃതമായ ബ്രെക്‌സിറ്റ് ഡീല്‍ ഉണ്ടാകണമെന്നാണ് അക്കാഡമിക് വിദഗ്ദ്ധര്‍ ആവശ്യപ്പെടുന്നത്. ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുന്നതിന് തൊട്ടടുത്ത ദിവസമാണ് ഫ്രെയിംവര്‍ക്ക് പ്രോഗ്രാം ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പ്രതിസന്ധി ഉറപ്പാണ്. എഫ്പി 9 പ്രോഗ്രാമിനായി 120 ബില്യന്‍ യൂറോയാണ് യൂറോപ്യന്‍ പാര്‍ലമെന്റ് വകയിരുത്തിയിരിക്കുന്നത്. ശാസ്ത്രഗവേഷണങ്ങളുടെ കാര്യത്തില്‍ ഇരുപക്ഷങ്ങളും ഒരു സമവായത്തിലെത്തണമെന്ന നിര്‍ദേശമാണ് മറ്റ് അക്കാഡമിക് വിദഗ്ദ്ധരും നല്‍കുന്നത്.

സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് രാജ്യത്തെ പകുതിയോളം എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ഭിന്നശേഷിക്കാരില്‍ നിന്നും രോഗികളില്‍ നിന്നും പാര്‍ക്കിംഗ് ചാര്‍ജുകള്‍ ഈടാക്കുന്നു. ഭിന്നശേഷിക്കാരില്‍ നിന്നും രോഗികളില്‍ നിന്നും ഈടാക്കുന്ന ഇത്തരം നികുതികള്‍ അന്യായമാണെന്ന് എംപിമാരും ചാരിറ്റികളും ആരോപിക്കുന്നു. ക്രോയ്‌ഡോണ്‍ ആശുപത്രിയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സൗജന്യ പാര്‍ക്കിംഗ് ബേയുടെ എണ്ണം 15ല്‍ നിന്ന് 19 ആക്കിയിട്ടുണ്ട് എന്നാല്‍ സൗജന്യ ബേയില്‍ സ്ഥലം ലഭിച്ചില്ലെങ്കില്‍ ബ്ലൂ ബാഡ്ജുള്ളവര്‍ മണിക്കൂറിന് 3 പൗണ്ട് വീതം ഈടാക്കുന്ന കോമണ്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറേണ്ടി വരും. കഴിഞ്ഞ വര്‍ഷം മാത്രം ട്രസ്റ്റുകളുടെ പാര്‍ക്കിംഗ് വരുമാനം 147 മില്യണ്‍ പൗണ്ടാണ്. ഇത്രയധികം വരുമാനം ലഭിക്കുന്ന മേഖലയില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് പല ട്രസ്റ്റുകളുടെയും നിലപാട്.

കാന്‍സര്‍ രോഗികള്‍, അവരുടെ ബന്ധുക്കള്‍, ഭിന്നശേഷിക്കാരായ രോഗികള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ പാര്‍ക്കിംഗ് സൗകര്യമൊരുക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് മെഡിക്കല്‍ ട്രസ്റ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ക്കിംഗ് ചാര്‍ജുകള്‍ ആശുപത്രിയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണെന്ന് ചൂണ്ടിക്കാട്ടി 2014ല്‍ ഹെല്‍ത്ത് സെക്രട്ടറി നല്‍കിയ നിര്‍ദേശം മിക്ക ട്രസ്റ്റുകളും നിരാകരിച്ചു. ഇംഗ്ലണ്ടിലെ പകുതിയോളം വരുന്ന ആശുപത്രികള്‍ രോഗികളില്‍ നിന്നും ഭിന്നശേഷിക്കാരായവരില്‍ നിന്നും പാര്‍ക്കിംഗിനായി പണം ഈടാക്കുന്നുണ്ടെന്ന് ടോറി എംപി റോബര്‍ട്ട് ഹാഫോണ്‍ പറഞ്ഞു. ഭിന്നശേഷിക്കാരനായ റോബര്‍ട്ട് ഹാഫോണാണ് ഇത്തരം ചാര്‍ജുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്. ഭിന്നശേഷിക്കാരുടെ മേല്‍ ക്രോയ്‌ഡോണ്‍ ആശുപത്രി അധികൃതര്‍ അടിച്ചേല്‍പ്പിക്കുന്ന രഹസ്യ നികുതി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ടോറികളുടെ രാഷട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിക്കാരും രോഗികളുമായ ആളുകള്‍ ഇത്തരം ചാര്‍ജുകള്‍ നല്‍കേണ്ടി വരുന്നതെന്നും ഇവ അംഗീകരിക്കാന്‍ കഴിയില്ലെന്നും ലേബറിന്റെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാദന്‍ ആഷ്‌വെര്‍ത്ത് വിമര്‍ശിച്ചു. നിലവില്‍ ചാര്‍ജുകള്‍ ഏതാണ്ട് 400,000 പൗണ്ടിന്റെ വരുമാനം നല്‍കുന്നുണ്ട്. ഈ തുക 18ലധികം നഴ്‌സുമാരുടെ ശമ്പളത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ കഴിയുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കിടയില്‍ ചാര്‍ജുകളില്‍ ഇളവു നല്‍കുകയെന്നത് ബുദ്ധിമുട്ടേറിയ തീരുമാനമാണെന്ന് മനസിലാക്കണമെന്നും ക്രോയ്‌ഡോണ്‍ എന്‍എച്ച്എസ് ട്രസ്റ്റ് വക്താവ് അറിയിച്ചു.

Copyright © . All rights reserved