വൈകിയെത്തിയ സ്പ്രിംഗ് മൂലം യുകെയില്‍ ഹേയ് ഫീവര്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ ദിനമായിരുന്നു ഇന്നലെ. 18 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയര്‍ന്നതോടെ നിരവധി പേരാണ് വെയില്‍ കായാന്‍ ബീച്ചുകളിലും പാര്‍ക്കുകളിലും എത്തിച്ചേര്‍ന്നത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം മരങ്ങളുടെ പരാഗണ കാലം വൈകിയതാണ് ഈ അവസ്ഥാവിശേഷത്തിന് കാരണമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഇതോടെ മരങ്ങളെല്ലാം ഒരേ സമയം പുഷ്പിക്കുകയും അന്തരീക്ഷത്തില്‍ പോളനുകളുടെ സാന്നിധ്യം ഉയരുകയും ചെയ്യും. ഇത് പോളന്‍ അലര്‍ജിയുള്ളവരെ സാരമായി ബാധിച്ചാക്കാമെന്ന് അലര്‍ജി എക്‌സ്‌പേര്‍ട്ട് മാക്‌സ് വൈസ്‌ബെര്‍ഗ് മുന്നറിയിപ്പ് നല്‍കുന്നു.
ഹേയ് ഫീവര്‍ ബാധിംച്ചവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയും മൂക്കൊലിപ്പ് ഉണ്ടാകുകയും ചെയ്യും. ബിര്‍ച്ച്, ആള്‍ഡര്‍, ഹോഴ്‌സ് ചെസ്റ്റ്‌നട്ട്, ഹേയ്‌സല്‍ തുടങ്ങിയ വൃക്ഷങ്ങള്‍ മാര്‍ച്ച് ആദ്യ വാരത്തോടെ പൂവിട്ട് തുടങ്ങാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ബീസ്റ്റ് ഫ്രം ഈസ്റ്റും എമ്മ കൊടുങ്കാറ്റും മൂലം ശൈത്യകാലം നീണ്ടതോടെ ഇവ പുഷ്പിക്കുന്നതിനും കാലതാമസം നേരിട്ടു. കഴിഞ്ഞ കുറേ ആഴ്ച്ചകളായി തുടര്‍ന്നിരുന്ന അതിശൈത്യവും ശീതക്കാറ്റും മഴയും യുകെയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. എന്നാല്‍ ഇനി മെച്ചപ്പെട്ട സമ്മര്‍ ദിനങ്ങളാണ് ബ്രിട്ടനെ കാത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ ബീച്ചുകളിലും പാര്‍ക്കുകളിലും തിരക്ക് വര്‍ധിക്കാനാണ് സാധ്യത.
ഇന്നലെ തെളിച്ചമുള്ള കാലാവസ്ഥ ലഭിച്ചെങ്കിലും മഴ തിരിച്ചു വരാനുള്ള സാധ്യതകളുണ്ട്. ഈ മാസത്തില്‍ ഇടവിട്ട് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ശരാശരി 194 മണിക്കൂറാണ് മേയ് മാസത്തില്‍ ലഭിക്കുന്ന സണ്‍ഷൈന്‍. എന്നാല്‍ സാധാരണ മേയ് മാസങ്ങളെക്കാളും കൂടുതല്‍ മണിക്കൂറുകള്‍ ഇത്തവണ സണ്‍ഷൈന്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏറ്റവും വരള്‍ച്ച നേരിടുന്ന മാസവും മേയ് ആയിരിക്കും. ഈ വര്‍ഷം ഏതാണ്ട് 60 ദിവസത്തോളം രാജ്യത്തിന് നല്ല കാലാവസ്ഥാ ദിനങ്ങള്‍ ലഭിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ശനിയാഴ്ച്ച രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈസ്റ്റിലെ പ്രദേശങ്ങളില്‍ മഴയുടെ ലഭ്യത കുറയുമെങ്കിലും മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ്, നോര്‍ത്ത്, സൗത്തേണ്‍ സ്‌കോട്‌ലന്റ് എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അതേ സമയം ഞായറാഴ്ച്ച തെളിഞ്ഞ അന്തരീക്ഷമായിരിക്കും. മേയ് മാസത്തിലെ കാലവസ്ഥ പ്രതീക്ഷിച്ചതിനേക്കാളും കൂടുതല്‍ സണ്‍ഷൈന്‍ കൊണ്ടുവരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അടുത്ത മാസം യുകെയെ കാത്തിരിക്കുന്ന സമീപകാലത്തെ ഏറ്റവും മെച്ചപ്പെട്ട സമ്മര്‍ ദിനങ്ങളാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളുടെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്. വെയില്‍ കായാനായി പുറത്തിറങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയം അടുത്ത മാസമാണെന്ന് പഠനം പറയുന്നു.
സാലിസ്ബറി ആക്രമണത്തിനു ശേഷമുണ്ടായ പ്രത്യേക സാഹചര്യങ്ങളില്‍ ബ്രിട്ടന് മുന്നറിയിപ്പ് നല്‍കി റഷ്യ. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സ്യ ബ്രിട്ടീഷ് ഉദ്യോഗസ്ഥരോട് താക്കീതിന്റെ സ്വരത്തില്‍ സംസാരിച്ചത്. ബ്രിട്ടന്‍ തീകൊണ്ട് കളിക്കുകയാണെന്നും അതില്‍ ദുഃഖിക്കേണ്ടി വരുമെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു. സാലിസ്ബറിയില്‍ വെച്ച് റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിനു പിന്നില്‍ റഷ്യയാകാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞിരുന്നു. ഇതിനു ശേഷം യുകെയും പാശ്ചാത്യരാജ്യങ്ങളും ചേര്‍ന്ന് 150ലേറെ റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു.
അതേ നാണയത്തില്‍ത്തന്നെ തിരിച്ചടിക്കുമെന്നാണ് റഷ്യ പ്രതികരിച്ചത്. തെരേസ മേയുടെ ആരോപണം ഭീകരവും കഴമ്പില്ലാത്തതുമാണെന്നും വാസിലി നെബെന്‍സ്യ പറഞ്ഞു. ഇതിലും മികച്ച ഒരു നുണക്കഥയുമായി വന്നുകൂടായിരുന്നോ എന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു. വിഷയത്തില്‍ ബ്രിട്ടന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും നെബെന്‍സ്യ സെക്യൂരിറ്റി കൗണ്‍സിലില്‍ വ്യക്തമാക്കി. ബ്രിട്ടന്റെ ആവശ്യപ്രകാരം വാച്ച്‌ഡോഗ് ഗ്രൂപ്പായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ദി പ്രൊഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് (ഒപിസിഡബ്ല്യു) രാസായുധ പ്രയോഗത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സെക്യൂരിറ്റി കൗണ്‍സില്‍ യോഗം വിളിക്കാന്‍ റഷ്യ മുന്‍കയ്യെടുത്തത്.
റഷ്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന നോവിചോക്ക് എന്ന നെര്‍വ് ഏജന്റായിരുന്നു സ്‌ക്രിപാലിനും മകള്‍ക്കും നേരെ ഉപയോഗിച്ചത്. 1990കളില്‍ സോവിയറ്റ് യൂണിയനാണ് ഇത് വികസിപ്പിച്ചത്. എന്നാല്‍ നോവിചോക്ക് മറ്റ് നിരവധി രാജ്യങ്ങളില്‍ നിര്‍മിക്കുന്നുണ്ടെന്ന് നെബെന്‍സ്യ പറഞ്ഞു. റഷ്യന്‍ പേരാണ് ഈ വസ്തുവിന് ഉള്ളതെന്ന് മാത്രം. റഷ്യയെ നിന്ദിക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമമാണ് ബ്രിട്ടന്‍ നടത്തുന്നതെന്നും റഷ്യന്‍ പ്രതിനിധി കുറ്റപ്പെടുത്തി. കെമിക്കല്‍ ആക്രമണത്തില്‍ സംയുക്ത അന്വേഷണമാണ് വേണ്ടതെന്നും തങ്ങളെ പങ്കെടുപ്പിച്ചില്ലെങ്കില്‍ അന്വേഷണഫലം അംഗീകരിക്കില്ലെന്നും റഷ്യ വ്യക്തമാക്കി.
മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍ : ജോജി തോമസ്
സമീപകാല ഇന്ത്യന്‍ ചരിത്രത്തില്‍ കഴിവും പ്രാഗത്ഭ്യവും കൊണ്ട് സുഷമ സ്വരാജിനോളം ശ്രദ്ധിക്കപ്പെട്ട വിദേശകാര്യ മന്ത്രിമാര്‍ ഇല്ല. നയതന്ത്ര പ്രാഗത്ഭ്യത്തേക്കാള്‍ സുഷമാ സ്വരാജിനെ ശ്രദ്ധേയയാക്കിയത് മനുഷ്യത്വപരമായ സമീപനങ്ങളും ഇടപെടലുകളും നിറഞ്ഞ പ്രവര്‍ത്തന ശൈലിയാണ്. സോണിയാഗാന്ധിക്കെതിരെ കര്‍ണാടകയിലെ ബെല്ലാരിയില്‍ മത്സരിക്കാന്‍ നിയോഗിച്ചപ്പോള്‍ വെറും 15 ദിവസം കൊണ്ട് കന്നട ഭാഷ പഠിച്ച് ആ ഭാഷയില്‍ പ്രസംഗിക്കാന്‍ സാധിച്ച കഠിനാധ്വാനിയാണ് സുഷമാ സ്വരാജ്. മുന്‍ സുപ്രീംകോടതി അഭിഭാഷകയായ സുഷമ സ്വരാജ് ആണ് ഇന്ദിരാഗാന്ധിക്ക് ശേഷം വിദേശകാര്യ വകുപ്പിന്റെ തലപ്പത്തെത്തിയ വനിത. 25-ാം വയസില്‍ ഹരിയാനയില്‍ കാബിനറ്റ് റാങ്കോടെ മന്ത്രിയായ സുഷമയായിരുന്നു വാജ്‌പേയി – അദ്വാനി യുഗത്തിനു ശേഷം ബിജെപിയുടെ മുഖമാകുമെന്ന് പരക്കെ പ്രതീക്ഷിതപ്പെട്ടിരുന്നത്. മോദി പ്രതിഭാസം ഉണ്ടായില്ലായിരുന്നെങ്കില്‍ ഇന്നൊരുപക്ഷേ ഇന്ത്യന്‍ പ്രധാനമന്ത്രി കസേരയില്‍ മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കുന്ന ഈ സ്ത്രീ മുഖം ഉണ്ടായേനെ. എന്തായാലും ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും വിദേശങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നടത്തുന്ന സജീവ ഇടപെടലുകള്‍ സുഷമാ സ്വരാജിനെ പ്രവാസികളുടെ പ്രിയങ്കരി ആക്കിയിരിക്കുകയാണ്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുകെ മലയാളിയായ ജയ്‌സണ്‍ കുര്യന്‍ തന്റെ കുട്ടിയുടെ വിസാ സംബന്ധമായ പ്രശ്‌നങ്ങളില്‍പ്പെട്ട് കേരളത്തില്‍ പോകാന്‍ സാധിക്കാതെ വിഷമിച്ച അവസരത്തില്‍ നേരിട്ടിടപെടാനും, ത്വരിത പരിഹാരം കാണാനും കാണിച്ച മനസ്.
ഇന്ത്യയിലേക്കുള്ള വിസാസേവനങ്ങള്‍ മികച്ചതാക്കുന്നതിനായും നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായും ഏതാണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.എഫ്.എസ് എന്ന സ്വകാര്യ കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ വിസ പ്രോസസിംഗ് ജോലികള്‍ ഏല്‍പിച്ചിരുന്നു. വിസാ നടപടി ക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആരംഭിച്ച വി.എഫ്.എസിന്റെ പ്രവര്‍ത്തനങ്ങളിലെ അപര്യാപ്തതയും പ്രവാസികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മലയാളം യുകെ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വി.എഫ്.എസിനെ വിസാ പ്രോസസിംഗ് ഏല്‍പിച്ചതില്‍ പിന്നെ പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട് ഒരു വിസയുടെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പല തവണ വി.എഫ്.എസ് ഓഫീസുകൾ കയറി ഇറങ്ങണമെന്നാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തന ശൈലി കടമെടുത്തിരിക്കുന്ന വി.എഫ്.എസ്സും ഇന്ത്യന്‍ കോണ്‍സലേറ്റും പ്രവാസികള്‍ അവരുടെ ഓഫീസുകള്‍ കയറി ഇറങ്ങുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഫോണിലൂടെ പരിഹരിക്കാനോ, അപേക്ഷകളോ അപര്യാപ്തമായ രേഖകളോ തപാല്‍വഴി സ്വീകരിക്കാനോ തയ്യാറാകാത്ത വി.എഫ്.എസ് ഓഫീസുകള്‍ പ്രവാസികള്‍ക്ക് സത്യത്തില്‍ പേടി സ്വപ്‌നമാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റുകളിലേ ഉദ്യോഗസ്ഥന്മാരുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റം യുകെയിലെ പ്രവാസികളായ മലയാളികളുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. ജയ്‌സണ്‍ കുര്യന്റെ ഇളയ കുട്ടിയുടെ വിസാ അപേക്ഷയോട് അനുബന്ധിച്ച് വി.എഫ്.എസിന്റെയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നുണ്ടായ നിസംഗതയ്ക്കും ഉദാസീനമായ പ്രവര്‍ത്തന ശൈലിക്കുമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലോടെ ശമനം ഉണ്ടായത്.
അതിരമ്പുഴ സ്വദേശിയായ ജയ്‌സണ്‍ ഭാര്യ സിമുവൊത്ത് കഴിഞ്ഞ 12 വര്‍ഷമായി ഇംഗ്ലണ്ടിലേ ഹാലിഫാക്‌സിലാണ് താമസിക്കുന്നത്. ജയ്‌സണും സീമു തങ്ങളുടെ മൂന്നാമത്തെ കുട്ടിയായ ഇമ്മാനുവേലിന്റെ മാമ്മോദീസായ്ക്ക് വേണ്ടി കേരളത്തില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് വിസ സംബന്ധമായ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ വിസാ പ്രോസസിംഗിന് ചുമതലപ്പെടുത്തിയിരിക്കുന്ന സ്വകാര്യ കമ്പനിയായ വി.എഫ്.എസില്‍ നിന്നുണ്ടായ നിരുത്തരവാദപരമായ സമീപനത്തെക്കുറിച്ച് വളരെ വേദനയോടെയാണ് ജയ്‌സണ്‍ മലയാളം യുകെയോട് പങ്കുവെച്ചത്. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉള്ള ഇമ്മാലുവേലിന് ഇന്ത്യയില്‍ പോകാനായി ഒ.സി.ഐ അപേക്ഷ ജയ്‌സണ്‍ ബ്രാഡ്‌ഫോര്‍ഡിലുള്ള വി.എഫ്.എസിന്റെ ഓഫീസില്‍ സമര്‍പ്പിച്ചു. മൂന്നുമാസം പ്രായമുള്ള ഇമ്മാനുവേലിന്റെ പാസ്‌പോര്‍ട്ട് അപേക്ഷ സ്വീകരിച്ച വി.എഫ്.എസ് അധികൃതര്‍ പ്രസ്തുത അപേക്ഷ ഡല്‍ഹിക്ക് അയച്ച് കൊടുത്തു. ഡല്‍ഹിയില്‍ നിന്ന് ഒ.സി.ഐ ലഭിച്ചതായി അറിയിപ്പ് കിട്ടിയതിനെ തുടര്‍ന്ന് ജയ്‌സണ്‍ തന്റെ കുട്ടിയുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ബ്രാഡ്‌ഫോര്‍ഡ് വി.എഫ്. എസ് ഓഫീസിൽ സമര്‍പ്പിക്കുകയും അതിനെ തുടര്‍ന്ന് പാസ്‌പോര്‍ട്ടില്‍ വിസാ സ്റ്റാമ്പ് ചെയ്ത് ജയ്‌സണ് കൊറിയര്‍ വഴി അയച്ചതായി അറിയിപ്പ് കിട്ടുകയും ചെയ്തു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ടും മറ്റു രേഖകളും കയ്യില്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ ജയ്‌സണ്‍ ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ത്യയ്ക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തു. കുട്ടിയുടെ മാമോദീസാ തീയതി നിശ്ചയിക്കുകയും ബന്ധുക്കളെയും മിത്രങ്ങളെയും ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ കൊറിയര്‍ വഴി ലഭിക്കാത്തതിനെ തുടര്‍ന്ന് അസ്വാഭാവികത തോന്നിയ ജയ്‌സണ്‍ വി.എഫ്.എസ് അധികൃതരെ ബന്ധപ്പെട്ടു. പാസ്‌പോര്‍ട്ടും മറ്റു രേഖകളും വി.എഫ്.എസ് കൊറിയര്‍ കമ്പനിക്ക് കൈമാറിയെന്നും അതോടുകൂടി അവരുടെ ഉത്തരവാദിത്വം അവസാനിച്ചതായുമുള്ള മറുപടിയാണ് ജയ്‌സണ്‍ ലഭിച്ചത്.
കൊറിയര്‍ കമ്പനിയുമായി ജയ്‌സണ് യാതൊരു ബന്ധവും ഇല്ലെങ്കിലും വിസാ പ്രോസസിംഗിന് ആവശ്യമായ ഫീസുകള്‍ ജയ്‌സണ്‍ വി.എഫ്.എസിനാണ് കൈമാറിയതെങ്കിലും മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ ജയ്‌സണ്‍ കൊറിയര്‍ കമ്പനിയെ ബന്ധപ്പെട്ടു. കൊറിയര്‍ കമ്പനി ഇത്തരത്തിലൊരു കൊറിയര്‍ ലഭിച്ചില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തിലേയ്ക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത ദിവസങ്ങള്‍ അടുത്ത് വരുന്നതിനാല്‍ പരിഭ്രാന്തനായ ജയ്‌സണ്‍ ഇന്ത്യന്‍ എംബസിയേയും കോണ്‍സലേറ്റിനെയും മറ്റു സമീപച്ചെങ്കിലും എല്ലാവരും വളരെ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിച്ചത്. ഇനിയും എന്താണ് പോംവഴിയെന്ന് നിര്‍ദ്ദേശിക്കാന്‍ പോലും വി.എഫ്.എസ് അധികൃതര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ജയ്‌സണും സീമുവും കൂടി സുഷമാ സ്വരാജിനെ ബന്ധപ്പെടാന്‍ തീരുമാനിക്കുകയും ഇന്ത്യന്‍ വിദേശകാര്യമന്ത്രിക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്യുകയും ചെയ്തത്.
സുഷമാ സ്വരാജും ഇന്ത്യന്‍ വിദേശകാര്യ വകുപ്പും പ്രശ്‌നത്തില്‍ സജീവമായി ഇടപെടുകയും ജയ്‌സന്റെയും സിമുവിന്റെയും പരാതിയില്‍ ഉടന്‍ തീര്‍പ്പു കല്പിക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ കോണ്‍സലേറ്റും വി.എഫ്.എസും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അവര്‍ ജയ്‌സണുമായി ഫോണില്‍ കൂടി പലതവണ ബന്ധപ്പെടുകയും പുതിയ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുമായി എത്തുകയാണെങ്കില്‍ അതേ ദിവസം തന്നെ എമര്‍ജന്‍സി വിസാ യാതൊരു അപേക്ഷ ഫീസുമില്ലാതെ അനുവദിച്ചു തരാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. കൂടാതെ പുതിയ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് എടുക്കുന്നതിനുള്ള ഫീസ് വി.എഫ്.എസ് വഹിച്ചുകൊള്ളാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ ബ്രിട്ടണിലെ നിയമം അനുസരിച്ച് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത് ഏഴ് ദിവസം കഴിഞ്ഞതിനു ശേഷമേ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ സാധിക്കും. ജയ്‌സണ്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഓഫീസിനെ സാഹചര്യങ്ങള്‍ ധരിച്ചതിന്റെ അടിസ്ഥാനത്തിലും ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ ഇടപെടലിന്റെയും മറ്റു രേഖകളും മാമോദീസയുടെ തീയതിയും മറ്റും ബോധിപ്പിച്ചതിനാല്‍ മാനുഷിക പരിഗണന വച്ച് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഓഫീസ് അടിയന്തരമായി പാസ്‌പോര്‍ട്ട് നല്‍കുകയും പാസ്‌പോര്‍ട്ട് കിട്ടിയ അന്നുതന്നെ ബര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇമ്മാനുവേലിനുള്ള വിസ അനുവദിക്കുകയും ചെയ്തു. വിസ കിട്ടിയതിന്റെ പിറ്റേ ദിവസമായിരുന്നു ജയ്‌സണും കുടുംബവും കേരളത്തിലേയ്ക്ക് പോകാന്‍ നിശ്ചയിച്ചിരുന്നത്.
ഹോളി, ഒലിവര്‍ എന്നീ രണ്ട് കുട്ടികള്‍ കൂടിയുള്ള ജയ്‌സണും സിമും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ നിശ്ചയിച്ച തിയതിയില്‍ കേരളത്തില്‍ പോകാനും കുട്ടിയുടെ മാമോദീസ നടത്താനും സാധിക്കില്ലായിരുന്നെന്ന് നന്ദിയോടെ സ്മരിച്ചു. മറ്റുള്ളവര്‍ക്ക് നിസാരമെന്ന് തോന്നാമെങ്കിലും പ്രവാസികളുടെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തീര്‍ച്ചയായും പ്രവാസികളുടെ കയ്യടി അര്‍ഹിക്കുന്നു.
മാഞ്ചസ്റ്റര്‍ ആക്രമണത്തിനൊപ്പം മരണങ്ങള്‍ക്ക് കാരണമാകാമായിരുന്ന ഭീകരാക്രമണ ശ്രമം പോലീസ് പരാജയപ്പെടുത്തി. വെസ്റ്റ് യോര്‍ക്ക്ഷയറിലെ തീവ്രവാദ ഹോട്ട്‌സ്‌പോട്ട് എന്ന് അറിയപ്പെടുന്ന സാവില്‍ ടൗണില്‍ നടത്തിയ റെയ്ഡില്‍ രണ്ടു പേര്‍ പിടിയിലായതോടെയാണ് ഇത്. 52ഉം 21ഉം വയസ് പ്രായമുള്ള രണ്ട് പുരുഷന്‍മാരാണ് പിടിയിലായത്. പ്രദേശത്തെ പാര്‍ക്കില്‍ സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന പോലീസ് പറഞ്ഞു. ഇവര്‍ അച്ഛനും മകനുമാണെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. കൗണ്ടര്‍ ടെററിസം പോലീസാണ് പരിശോധന നടത്തിയത്. 2005ല്‍ ലണ്ടനില്‍ 56 പേരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന മൊഹമ്മദ് സാദിഖ് ഖാന്‍ താമസിച്ചിരുന്നതിന് അടുത്താണ് ഇവര്‍ താമസിച്ചിരുന്നത്.
ഹെഡ്ഫീല്‍ഡ് റോഡില്‍ 300 യാര്‍ഡ് വ്യത്യാസത്തിലുള്ള രണ്ട് വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് നടപടി. സായുധ പോലീസ് സ്ഥലത്ത് പട്രോളിംഗ് നടത്തി. ഒരു വീട്ടില്‍ സംശയകരമായി പലതും നടക്കുന്നുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. മിക്ക സമയങ്ങളിലും ബ്ലൈന്‍ഡുകള്‍ ഇട്ട് ജനാലകള്‍ അടച്ചിരിക്കും. അപരിചിതര്‍ ഇവിടെ വന്നു പോകുന്നതും കാണാമായിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞു. 2015ല്‍ ഇറാഖില്‍ ചാവേറാക്രമണം നടത്തിയ തല്‍ഹ അസ്മല്‍ താമസിച്ചിരുന്നതും ഈ പ്രദേശത്താണ്. ഇയാളാണ് ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായി കണക്കാക്കപ്പെടുന്നത്.
അയല്‍ക്കാരനായിരുന്ന ഹസന്‍ മുന്‍ഷി എന്ന 17 കാരനുമായി സിറിയയിലേക്ക് പോയി ഐസിസില്‍ ചേരുകയായിരുന്നു ഇയാള്‍. മുന്‍ഷിയുടെ സഹോദരനായ ഹമ്മാദ് ബ്രിട്ടനിലെ ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ തീവ്രവാദിയാണ്. 15-ാമത്തെ വയസിലാണ് ഇയാള്‍ അറസ്റ്റിലായത്.
ഹോം ഓഫീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം 437 അനധികൃത കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് തുടരാന്‍ ആവശ്യമായ വ്യാജ രേഖകള്‍ ചമച്ചു നല്‍കി. ഏതാണ്ട് 6 മില്യണ്‍ പൗണ്ടിന്റെ അഴിമതിയാണ് 61കാരനായ ഹോം ഓഫീസ് ഉദ്യോഗസ്ഥന്‍ ഷംസു ഇക്ബാല്‍ ഉള്‍പ്പെടുന്ന സംഘം നടത്തിയത്. വിശ്വാസ്യത നിലനിര്‍ത്തേണ്ട ജോലിയില്‍ കൃത്രിമം കാണിക്കുകയും അനധികൃത കുടിയേറ്റക്കാരെ സഹായിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇക്ബാലിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ആരോപണം നേരിട്ട നാല് പേരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. അടുത്തയാഴ്ച്ച ശിക്ഷ വിധിക്കും. ഇവര്‍ക്ക് 14 വര്‍ഷം വരെ തടവ് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
വ്യാജ രേഖകള്‍ നിര്‍മ്മിച്ച് രാജ്യത്തിനകത്ത് താമസിച്ചൂവരുന്ന 437 അനധികൃത കുടിയേറ്റക്കാര്‍ കൈപ്പറ്റിയിരിക്കുന്ന ബെനിഫിറ്റുകള്‍ മൂലം നികുതിദായകര്‍ക്ക് നഷ്ടമായിരിക്കുന്നത് 56 മില്യണ്‍ പൗണ്ടാണ്. ഹോം ഓഫീസ് സ്റ്റാറ്റിറ്റിഷ്യന്‍മാരാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്. അനധികൃതമായി എത്ര കുടിയേറ്റക്കാര്‍ക്ക് വ്യാജ രേഖ ചമച്ചു എന്നുള്ളതിനെക്കുറിച്ചുള്ള കൃത്യമായ കണക്ക് ഇനിയും പുറത്ത് വന്നിട്ടില്ല. വ്യാജരേഖ നിര്‍മ്മിച്ച് നല്‍കുന്നതിലൂടെ സംഘം ഏതാണ്ട് 6.18 മില്യണ്‍ പൗണ്ട് സമ്പാദിച്ചിട്ടുണ്ട്. അനധികൃതമായി സമ്പാദിച്ച പണം സംഘത്തിന് കൂടുതല്‍ സ്വാധീനമുള്ള രാജ്യങ്ങളായ പാകിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ എന്നിവിടങ്ങളിലേക്ക് കടത്തിയതായിട്ടാണ് പോലീസിന്റെ നിഗമനം.
സംഘത്തലവന്‍ ഇക്ബാലിന്റെ ബാങ്ക് അക്കൗണ്ടില്‍ അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് ഒരു മില്യണ്‍ പൗണ്ടിലധികം ഉണ്ടായിരുന്നു. ഹോം ഓഫീസിലെ ജോലിയില്‍ നിന്ന് വര്‍ഷത്തില്‍ 23,000 പൗണ്ട് മാത്രമാണ് ഇക്ബാലിന് ലഭിച്ചിരുന്നത്. അനധികൃതമായി സമ്പാദിച്ച പണമാണ് ഇക്ബാലിന്റെ അക്കൗണ്ടിലുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളും മറ്റു മൂന്ന് സഹായികളും ചേര്‍ന്ന് വ്യാജ രേഖ ചമയ്ക്കുന്നതിനായി ഒരോ കുടിയേറ്റക്കാരില്‍ നിന്നും ഏതാണ്ട് 14,000 പൗണ്ടാണ് ഈടാക്കിയിരിക്കുന്നത്. ഹോം ഓഫീസ് രേഖകള്‍ തിരുത്താന്‍ ഇക്ബാലിന് കഴിഞ്ഞിരുന്നതായി പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഇക്ബാലും കൂട്ടരും ഏതാണ്ട് 437 ഓളം വ്യാജ രേഖകളാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ ഹോം ഓഫീസേഴ്‌സ് ആന്റി-കറപ്ഷന്‍ യൂണിറ്റിന് കഴിഞ്ഞത് മൂന്ന് വര്‍ഷത്തെ പരിശ്രമത്തിന് ശേഷമാണ്.
ഇംഗ്ലണ്ടിലെ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ശമ്പളത്തില്‍ കാര്യമായ വര്‍ദ്ധന നിങ്ങളെ കാത്തിരിക്കുന്നു. എന്നാല്‍ കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ സംയുക്ത തീരുമാനമെടുത്തുവെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. നാളെ, ഏപ്രില്‍ 6 മുതല്‍ പുതിയ നികുതി നിയമങ്ങള്‍ നടപ്പാകുകയാണ്. ഇതനുസരിച്ച് ശമ്പളത്തിലെ 11,850 പൗണ്ടിന് നികുതി നല്‍കേണ്ടതില്ല. 2107-18 വര്‍ഷത്തില്‍ ഈ പരിധി 11,500 പൗണ്ട് ആയിരുന്നു. പേഴ്‌സണല്‍ അലവന്‍സിന് അര്‍ഹതയുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. 1,23,000 പൗണ്ടിനു മേല്‍ വരുമാനമുള്ളവര്‍ക്ക് ഈ നികുതിയിളവ് ലഭിക്കില്ല.
പക്ഷേ 2 ലക്ഷം പൗണ്ട് വരെയോ അതില്‍ കൂടുതലോ ശമ്പളമുള്ളവര്‍ക്ക് കൂടുതല്‍ പണം ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരിലും നികുതി നല്‍കേണ്ടി വരുന്നവരുടെ പരിധിയില്‍ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. മുമ്പ് 45,000 പൗണ്ടായിരുന്നു ഈ പരിധി. ഇത് 46,350 പൗണ്ടായാണ് ഉയര്‍ത്തിയിരിക്കുന്നത്. അതായത് വര്‍ക്ക് ഫോഴ്‌സില്‍ ബഹുഭൂരിപക്ഷത്തിനു ഉയര്‍ന്ന ശമ്പളമാണ് ഇനി മുതല്‍ ലഭിക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടേക്ക് ഹോം സാലറിയില്‍ 100 പൗണ്ടെങ്കിലും വര്‍ദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് ശേഷമുള്ള തുകയാണ് ഇത്.
അതേസമയം ജീവനക്കാര്‍ പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷനായി അധിക തുക നല്‍കേണ്ടി വരും. വരുമാനം ഡിവിഡെന്റുകളായി ലഭിക്കുന്നവര്‍ക്കും പ്രോപ്പര്‍ട്ടികള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കും കമ്പനികള്‍ സ്വന്തമായിട്ടുള്ളവര്‍ക്കും വരുമാനത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുള്ളതായും വിലയിരുത്തലുകളുണ്ട്. ബൈ-ടു-ലെറ്റ് കപ്രോപ്പര്‍ട്ടി നിയമങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ നികുതിയിളവുകള്‍ ലഭിക്കില്ലെന്നതാണ് വാടകവീടുകള്‍ സ്വന്തമായിട്ടുള്ളവര്‍ക്ക് തിരിച്ചടിയാകുക.
മോഷണത്തിനായോ അല്ലാതെയോ വീടുകളില്‍ ആരെങ്കിലും അതിക്രമിച്ചു കയറാന്‍ ശ്രമിച്ചാല്‍ അയാളെ കീഴ്‌പ്പെടുത്തുന്നതിനും നമ്മുടെ സുരക്ഷ ഉറപ്പാക്കുന്നതിനും എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് ദി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സിപിഎസ്). അതിക്രമിച്ചു കടക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് തടയാന്‍ വീട്ടുടമസ്ഥന് ഏതറ്റം വരെ പോകാമെന്നും കേസ് പോലീസും സിപിഎസും എങ്ങനെ കൈകാര്യം ചെയ്യുമെന്നതും സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് സിപിഎസ് പുറത്ത് വിട്ടിരിക്കുന്നത്. ആരെങ്കിലും വീടുകളില്‍ അതിക്രമിച്ചു കടക്കുകയോ മോഷ്ടിക്കാനെത്തുകയോ ചെയ്താല്‍ ആദ്യം ചെയ്യേണ്ട കാര്യം പോലീസിനെ അറിയിക്കുകയെന്നതാണ്. അക്രമിയെ തടയാന്‍ മറ്റേത് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും മുന്‍പ് പോലീസിനെ വിവരം അറിയിച്ചതായി ഉറപ്പ് വരുത്തേണ്ടതുണ്ട്.
സിപിഎസ് നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍
അക്രമി വീടുനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അയാള്‍ ആക്രമിക്കുന്നതിനായി കാത്തിരിക്കാതെ തന്നെ സെല്‍ഫ് ഡിഫന്‍സ് മാര്‍ഗങ്ങള്‍ പ്രയോഗിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ടെന്ന് നിയമം പറയുന്നു. അക്രമിയെ കീഴ്‌പ്പെടുത്തുന്നതിനായി അത്യാവശ്യ ഘട്ടങ്ങളില്‍ കൂടുതല്‍ ശക്തി ഉപയോഗിക്കുന്നത് നിയമവിധേയമാണ്.
സ്വയരക്ഷക്കായോ, മറ്റുള്ളവരെ രക്ഷിക്കുന്നതിന് വേണ്ടിയോ, കുറ്റകൃത്യം തടയുന്നതിനായോ, കുറ്റവാളിയെ പിടികൂടുന്നതിനോ ആവശ്യമായി വരുന്ന ബലപ്രയോഗം നടത്തുന്നത് കുറ്റകരമല്ല.
സ്വയം പ്രതിരോധിക്കാന്‍ അത്യാവശ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് നിയമത്തിന്റെ സംരക്ഷണം ലഭിക്കും. ആയുധങ്ങള്‍ ഉപയോഗിക്കേണ്ടി വന്ന സാഹചര്യങ്ങളാണെങ്കില്‍ പോലും അടിയന്തര സാഹചര്യത്തിലെ പ്രവൃത്തിയായി കണ്ട് നിയമ പരിരക്ഷ ലഭിക്കും.
സ്വരക്ഷയ്ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കുന്നതിനിടെ അക്രമി മരിക്കുകയാണെങ്കിലും അത് നിയമവിധേയമാണ്.
അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെങ്കില്‍ അയാളെ തടയാന്‍ ശ്രമിക്കുന്നത് സ്വയരക്ഷയുടെ ഭാഗമായുള്ള പ്രവൃത്തിയല്ല. എങ്കിലും മോഷണവസ്തു തിരിച്ചു പിടിക്കുന്നതിനും കുറ്റവാളിയുടെ അറസ്റ്റ് ഉറപ്പു വരുത്തുന്നതിനും ആവശ്യമായ ബലപ്രയോഗം നടത്തുന്നതില്‍ തെറ്റില്ലെന്ന് നിയമം പറയുന്നു.
അക്രമിയെ പിന്തുടരുന്ന സമയത്ത് സ്വയരക്ഷ ഉറപ്പുവരുത്തണമെന്നും പോലീസിനെ വിവരമറിയിച്ചിരിക്കണമെന്നും സിപിഎസ് പറയുന്നു. അക്രമിയെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുമ്പോള്‍ ഇടിക്കുകയോ റഗ്ബി ടാക്കിള്‍ ടെക്‌നിക്ക് ഉപയോഗിക്കുകയോ മാത്രമെ ചെയ്യാന്‍ പാടുള്ളു.
സ്വയരക്ഷയ്‌ക്കോ അല്ലെങ്കില്‍ മറ്റുള്ളവരുടെ രക്ഷയ്‌ക്കോ വേണ്ടി നടത്തുന്ന ബലപ്രയോഗങ്ങള്‍ക്ക് മാത്രമെ നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയുള്ളു.
അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാളിനെ വൈരാഗ്യത്തിന്റെ പേരിലോ മറ്റു കാരണങ്ങളാലോ അക്രമിച്ചാല്‍ നിയമത്തിന്റെ സംരക്ഷണം ലഭിക്കുകയില്ല.നിങ്ങളുടെ ആദ്യത്തെ ഇടിയില്‍ തന്നെ ബോധരഹിതനായ ഒരാളെ വീണ്ടും മര്‍ദ്ദിക്കുന്നത് നിയമലംഘനമാണ്.
അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളുടെ മരണവും, മുറിവുകളും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പോലീസിന്റെ അന്വേഷണ പരിധിയില്‍പ്പെടും. അക്രമിയാണോ അത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്നും പോലീസ് പരിശോധിക്കുന്നതായിരിക്കും.
ഗുരുതര പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും വസ്തുതകളെല്ലാം കൃത്യമാവുകയും ചെയ്താല്‍ പോലീസിന്റെ അന്വേഷണം പെട്ടന്ന് അവസാനിക്കും.
ഇത്തരം സംഭവങ്ങളില്‍ പരമാവധി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സിപിഎസ് അറിയിച്ചു. പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥരെയും സീനിയര്‍ അഭിഭാഷകരെയുമാണ് ഇത്തരം സന്ദര്‍ഭങ്ങള്‍ അന്വേഷണത്തിനായി നിയമിക്കുക.
ലണ്ടന്‍: നടപ്പാതകള്‍ തടസരഹിതമാക്കാനുള്ള പദ്ധതിയുമായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട്. വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നവര്‍, പുഷ്‌ചെയര്‍ ഉപയോഗിക്കുന്നവര്‍, കാഴ്ചാ വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് തടസമാകുന്ന വിധത്തില്‍ നടപ്പാതകളില്‍ തടസങ്ങളുണ്ടാകാതിരിക്കാന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്നതിനേക്കുറിച്ച് ആലോചിക്കുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. ഈ നിര്‍ദേശങ്ങള്‍ അനുസരിച്ച് നടപ്പാതയുടെ അരികുകളിലും മറ്റും വാഹനങ്ങള്‍ മുന്‍കൂര്‍ അനുവാദമില്ലാതെ പാര്‍ക്ക് ചെയ്യുന്നത് കൗണ്‍സിലുകള്‍ക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കാം. വീഴ്ച വരുത്തുന്നവര്‍ക്ക് 70 പൗണ്ട് വരെ പിഴശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ലണ്ടനില്‍ കഴിഞ്ഞ 40 വര്‍ഷമായി പേവ്‌മെന്റിലെ പാര്‍ക്കിംഗിന് നിരോധനമുണ്ട്. ഈ നിയമം നടപ്പിലാക്കിയാല്‍ രാജ്യമൊട്ടാകെ നടപ്പാതയിലെ പാര്‍ക്കിംഗ് നിരോധനം പ്രാബല്യത്തിലാകും. ജനങ്ങള്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നതും നടക്കുന്നതും പ്രോത്സാഹിപ്പിക്കാനായി പേവ്‌മെന്റ് പാര്‍ക്കിംഗിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് രണ്ട് വര്‍ഷം മുമ്പ് ഡിഎഫ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് പ്രാവര്‍ത്തികമായിരുന്നില്ല. പക്ഷേ ഈ വര്‍ഷം ഗതാഗതച്ചട്ടങ്ങളില്‍ കാര്യമായ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്നാണ് ഗവണ്‍മെന്റ് നല്‍കുന്ന സൂചന.
അതേസമയം ഈ നിരോധനത്തിനെതിരെ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ രംഗത്തെത്തി. ചില തെരുവുകളില്‍ പാര്‍ക്കിംഗ് സാധ്യമാക്കാത്ത നിയമമാണ് നടപ്പലാകുന്നതെന്ന് പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. വളരെ ഇടുങ്ങിയ ചില തെരുവുകളില്‍ പേവ്‌മെന്റ് ഒഴിവാക്കി പാര്‍ക്ക് ചെയ്താല്‍ ബിന്‍ ലോറികള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. പേവ്‌മെന്റുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകള്‍ കാല്‍നട യാത്രക്കാരെയും വീല്‍ചെയര്‍, പുഷ്‌ചെയര്‍ ഉപയോക്താക്കളെയും പരിഗണിച്ചുകൊണ്ടാണ് പാര്‍ക്ക് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയും യുകെയും നീങ്ങുന്നത് മനുഷ്യവംശത്തിന്റെ ചരിത്രത്തിന് അന്ത്യം കുറിക്കുന്ന യുദ്ധത്തിലേക്കെന്ന് മുന്‍ റഷ്യന്‍ ജനറല്‍. ശീതയുദ്ധത്തേക്കാള്‍ മോശം സാഹചര്യമാണ് ബ്രിട്ടനും റഷ്യക്കുമിടയില്‍ സംജാതമായിരിക്കുന്നതെന്ന് യെവ്‌ജെനി ബുഷിന്‍സ്‌കി പറഞ്ഞു. 40 വര്‍ഷത്തോളം റഷ്യന്‍ സൈന്യത്തില്‍ സേനമനുഷ്ഠിച്ചയാളാണ് ഇദ്ദേഹം. മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെയുണ്ടായ നോവിചോക്ക് ആക്രമണത്തിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത് യുദ്ധത്തിലേക്ക് വരെ നയിക്കുന്ന സംഗതിയാണെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു.
ബ്രിട്ടനും റഷ്യും യഥാര്‍ത്ഥ യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ അവസാന യുദ്ധമായിരിക്കും ഇതെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണം യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ചോദ്യത്തിന് സാലിസ്ബറി ആക്രമണമല്ല, അതേത്തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ ഒരു യുദ്ധത്തിന് മതിയായ കാരണമാണെന്ന് ബുഷിന്‍സ്‌കി മറുപടി നല്‍കി. സമ്മര്‍ദ്ദം തുടരുമെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ അതിലൂടെ എന്ത് നേടാനാകുമെന്നാണ് കരുതുന്നത്?
ഒരു നേതൃമാറ്റമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് നടപ്പാകില്ലെന്ന് ബുഷിന്‍സ്‌കി ഉറപ്പിച്ചു പറയുന്നു. റഷ്യയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ല. കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുന്നതനുസരിച്ച് സമൂഹം പ്രസിഡന്റിന് കൂടുതല്‍ പിന്തുണ നല്‍കുകയേയുള്ളു. അത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനേ ഉതകൂ എന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിക്കൊണ്ടിരിക്കുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ ഇല്ലാതാക്കുകയാണ്. അതിലൂടെ റഷ്യയെ വളയുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ഇത് വളരെ അപകടകരമാണെന്നും ബുഷിന്‍സ്‌കി പറഞ്ഞു.
ബ്രെക്‌സിറ്റ് മൂന്ന്‌ലക്ഷത്തോളം ബ്രിട്ടീഷ് വെബ്‌സൈറ്റുകള്‍ക്ക് ഭീഷണിയാകുമെന്ന് സൂചന. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുകയും രണ്ട് വര്‍ഷത്തെ ട്രാന്‍സിഷന്‍ പീരിയഡ് അവസാനിക്കുകയും ചെയ്യുന്നതോടെ ഈ വെബ്‌സൈറ്റുകള്‍ക്ക് പൂട്ട് വീഴാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂണിയനാണ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെ സ്ഥാപനങ്ങളും പൗരന്‍മാരും ഡോട്ട് ഇയു (.eu.) ഡൊമെയിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൈറ്റുകള്‍ക്കാണ് പിടിവീഴാന്‍ സാധ്യതയുള്ളത്. ബ്രെക്‌സിറ്റിനു ശേഷം ഈ ഡൊമെയിനുകള്‍ ഉപയോഗിക്കാന്‍ യുകെ പൗരന്‍മാരും സ്ഥാപനങ്ങളും നിയമപരമായി അര്‍ഹരല്ലെന്ന് ബ്രസല്‍സ് വിലയിരുത്തുന്നു.
ഇപ്പോള്‍ ഈ ഡൊമെയിനില്‍ തുടരുന്നവര്‍ രജിസ്‌ട്രേഷന്‍ പുതുക്കുമ്പോള്‍ ഡൊമെയിന്‍ മാറണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. പിന്‍വാങ്ങല്‍ തിയതിക്കു മുമ്പായി ഇത് ചെയ്യണമെന്നാണ് നിര്‍ദേശം. 2019 മാര്‍ച്ച് 30നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി പിന്‍മാറുന്നത്. ഇതോടെ യൂറോപ്യന്‍ നിയമങ്ങള്‍ ബ്രിട്ടനില്‍ പ്രാവര്‍ത്തികമല്ലാതാകും. അതുകൊണ്ടുതന്നെ ഇയു ഡൊമെയിനിലുള്ള യുകെ സൈറ്റുകള്‍ക്ക് ഈ തിയതിക്കു ശേഷം രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാന്‍ കഴിയില്ലെന്നും യൂണിയന്‍ വ്യക്തമാക്കുന്നു.
ഡോട്ട് ഇയു ഡൊമെയിന്‍ കൈകാര്യം ചെയ്യുന്നത് EURid എന്ന കണ്‍സോര്‍ഷ്യമാണ്. യൂറോപ്യന്‍ കമ്മീഷന്റെ ഈ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് കണ്‍സോര്‍ഷ്യം അറിയിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവനയുടെ ലിങ്ക് തങ്ങള്‍ക്ക് ലഭിച്ചതായും ഈ തീരുമാനമെടുക്കുന്നതില്‍ യാതൊരു പങ്കും തങ്ങള്‍ക്കില്ലെന്നും കണ്‍സോര്‍ഷ്യം വ്യക്തമാക്കി. ഇയു ഡൊമെയിന്‍ ഉപയോക്താക്കള്‍ക്കെതിരെ ബ്രെക്‌സിറ്റിനു ശേഷവും നടപടികളൊന്നും സ്വീകരിക്കില്ലെന്നായിരുന്നു ഇയുറിഡ് 2016ല്‍ അറിയിച്ചിരുന്നത്.