Main News

ടെസ്‌കോയുടെ ആദ്യ ക്യാഷ്‌ലെസ് സ്‌റ്റോര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ക്യാഷ് കൗണ്ടറുകളില്‍ പണമടയ്ക്കാനായി ഉപഭോക്താക്കള്‍ക്ക് നില്‍ക്കേണ്ടി വരുന്ന സമയം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. ഇനി 45 സെക്കന്‍ഡ് മാത്രം ഉപഭോക്താക്കള്‍ക്ക് കാത്തുനിന്നാല്‍ മതിയാകും. വെയിറ്റ്‌റോസ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച സ്‌കാന്‍ ആന്‍ഡ് ഗോ ആപ്പിന്റെ ചുവടുപിടിച്ചാണ് ടെസ്‌കോയും ഈ പദ്ധതിയുടെ ട്രയല്‍ നടത്തുന്നത്. അതേസമയം പൂര്‍ണ്ണമായും ക്യാഷ്‌ലെസ് ആകുന്നത് പാവപ്പെട്ടവരെയും മറ്റും പ്രതികൂലമായി ബാധിക്കുമെന്ന് ലേബര്‍ എംപി ഫ്രാങ്ക് ഫീല്‍ഡ് പറഞ്ഞു.

ടെസ്‌കോ ഈ പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമായില്ലാത്ത പാവപ്പെട്ടവര്‍ക്കും പണം നല്‍കാന്‍ ഇഷ്ടപ്പെടുന്ന പെന്‍ഷനര്‍മാര്‍ക്കും ക്യാഷ്‌ലെസ് ആകുന്നത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെസ്‌കോ എക്‌സ്പ്രസ് എന്ന ഈ പദ്ധതിയുടെ ആദ്യ സ്റ്റോര്‍ ഹെര്‍ട്‌ഫോര്‍ഡ്ഷയറിലെ വെല്‍വിന്‍ ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫീസ് ക്യാംപസിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആറാഴ്ചയായി ഇത് പ്രവര്‍ത്തിച്ചു വരികയാണ്.

സ്റ്റോറില്‍ കാര്‍ഡ്, മൊബൈല്‍ പേയ്‌മെന്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളു. ക്യാനഡ, സ്വീഡന്‍ എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവുംവലിയ ക്യാഷ്‌ലെസ് സൊസൈറ്റിയാണ് ബ്രിട്ടന്‍. കഴിഞ്ഞ വര്‍ഷമാണ് പ്ലാസ്റ്റിക് മണി കറന്‍സിയെ പിന്തള്ളി മുന്നിലെത്തിയത്. ഡെബിറ്റ് കാര്‍ഡ്, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയിലൂടെ 13.2 ബില്യന്‍ ഇടപാടുകളാണ് നടക്കുന്നത്.

ഗാരേജിന്റെ കേടായ ഓട്ടോമാറ്റിക് ഡോറില്‍ കുടുങ്ങിയ സ്ത്രീ ചതഞ്ഞരഞ്ഞ് മരിച്ചു. ഹെയ്ദി ചോക്ക്‌ലി എന്ന 40കാരിയാണ് മരിച്ചത്. ഒരു സുഹൃത്ത് കണ്ടുനില്‍ക്കെയായിരുന്നു ഇവരുടെ ദാരുണാന്ത്യം. ഷട്ടര്‍ തുറക്കുമ്പോള്‍ ഇരു കൈകള്‍കൊണ്ടും പിടിച്ചിരുന്ന ഇവരെ അതിന്റെ മെക്കാനിസം ഉള്ളിലേക്ക് വലിച്ചെടുക്കുകയായിരുന്നു. കൈകള്‍ കുടുങ്ങിപ്പോയതിനാല്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. മെക്കാനിസത്തിലേക്ക് വലിച്ചെടുക്കപ്പെട്ട ഇവര്‍ റോളിംഗ് ഷട്ടറിനുള്ളില്‍ കുടുങ്ങി ചതഞ്ഞരഞ്ഞ് മരിക്കുകയായിരുന്നുവെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായി. എന്നാല്‍ ഡോറിന്റെ സേഫ്റ്റി ഡിറ്റക്ടറുകള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇവരുടെ ജീവന്‍ രക്ഷപ്പെടുമായിരുന്നുവെന്ന് ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേംബ്രിഡ്ജ്ഷയര്‍ സ്വദേശിയായ ഇവര്‍ ഒരു സോഷ്യല്‍ വര്‍ക്കറായിരുന്നു. ഒരു സുഹൃത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലെ കാര്‍പാര്‍ക്കിന്റെ ഡോര്‍ തുറക്കുന്നതിനിടെ ഷട്ടറില്‍ വെറുതെ പിടിച്ചതാണ് ഇവര്‍. അത് സ്വന്തം ജീവനെടുക്കുന്ന പ്രവൃത്തിയാകുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. കാര്‍ പാര്‍ക്കിന്റെ എക്‌സിറ്റിലൂടെ പുറത്തേക്കിറങ്ങാനായിരുന്നു ഇവര്‍ രണ്ടുപേരും ശ്രമിച്ചതെന്ന് കൊറോണര്‍ ഓഫീസര്‍ പോള്‍ ഗാര്‍നല്‍ പറഞ്ഞു. ഷട്ടര്‍ തുറക്കാനുള്ള ബട്ടന്‍ അമര്‍ത്തിയതും ഹെയ്ദി തന്നെയാണ്. ഷട്ടര്‍ ഉയര്‍ന്നപ്പോള്‍ അവര്‍ അതില്‍ വെറുതെ രണ്ടു കൈകള്‍ കൊണ്ടും പിടിക്കുകയായിരുന്നു.

കണ്ടുനിന്നവര്‍ ഇവരെ സഹായിക്കാന്‍ എത്തിയെങ്കിലും കൈകള്‍ കുടുങ്ങിയതിനാല്‍ മെക്കാനിസത്തിലേക്ക് ഇവര്‍ വലിച്ചെടുക്കപ്പെടുകയായിരുന്നു. ഷട്ടറിലെ സേഫ്റ്റി ഡിറ്റക്ടറുകള്‍ ശരിയായ വിധത്തില്‍ കോണ്‍ഫിഗര്‍ ചെയ്തിരുന്നില്ലെന്ന് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവിലെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറായ പോള്‍ ആര്‍നോള്‍ഡ് കൊറോണറെ അറിയിച്ചു. അവ ശരിയായി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഹെയ്ദി പരിക്കുകളോടെയാണെങ്കിലും രക്ഷപ്പെട്ടേനെയെന്ന് ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.

വാഷിങ്ടൻ∙ മെരിലാൻഡിന്റെ തലസ്ഥാനമായ അനാപൊളിസിലെ മാധ്യമ സ്ഥാപനത്തിൽ വെടിവയ്പ്. അഞ്ചു പേർ കൊല്ലപ്പെട്ടെന്നു വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഒട്ടേറെ പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ക്യാപിറ്റൽ ഗസറ്റ് ദിനപത്രത്തിന്റെ ഓഫിസിൽ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു വെടിവയ്പുണ്ടായത്. അനാപൊളിസിലെ 888 ബെസ്റ്റ്ഗേറ്റ് റോഡിലാണു ക്യാപിറ്റൽ ഗസറ്റിന്റെ ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടം. ഇതു പൂർണമായും ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിവരം അറിയിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.

വെടിവയ്പിനു പിന്നിൽ പ്രവർത്തിച്ചയാൾ പിടിയിലായെന്നു ‘ഫോക്സ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു. ന്യൂസ് റൂമിലേക്കു കയറിയ ഇയാൾ ചുറ്റിലേക്കും വെടിയുതിർക്കുകയായിരുന്നു. ഓഫിസിന്റെ ചില്ലുവാതിൽ നിറയൊഴിച്ചു തകർത്തതിനു ശേഷമായിരുന്നു അകത്തേക്കു വെടിവച്ചത്. ക്യാപിറ്റൽ ഗസറ്റിലെ റിപ്പോർട്ടർ ഫിൽ ഡേവിസാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

ആരെല്ലാം മരിച്ചുവെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. എന്നാൽ വെടിവയ്പ് ഏറെ ഭീകരമാണെന്നും ഫിൽ ഡേവിസ് ട്വീറ്റ് ചെയ്തു. ഒരു റൗണ്ട് വെടിയുതിർത്ത ശേഷം വീണ്ടും തോക്കു നിറച്ചായിരുന്നു അക്രമിയുടെ വെടിവയ്പെന്നും ഫിൽ കുറിച്ചു. ഓഫിസിനകത്ത് യുദ്ധ സമാനമായ അന്തരീക്ഷമായിരുന്നു. പാതിവഴിയിൽ അക്രമി വെടിവയ്പു നിർത്തിയതു കൊണ്ടാണ് താനുൾപ്പെടെയുള്ളവർ രക്ഷപ്പെട്ടതെന്നും ഫിൽ പൊലീസിനോടു പറഞ്ഞു.

പ്രദേശത്തേക്കു വരരുതെന്ന് പൊതുജനങ്ങള്‍ക്കും പൊലീസിന്റെ നിർദേശമുണ്ട്. കെട്ടിടത്തിൽ നിന്നു ലഭിച്ച അജ്ഞാത വസ്തുവും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഫോടക വസ്തു ആണിതെന്ന സംശയത്തിൽ ബോംബ് സ്ക്വാഡും ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്.

‘ദ് ബാൾട്ടിമോർ സൺ’ പത്രസ്ഥാപനത്തിന്റെ കീഴിലാണു ക്യാപിറ്റൽ ഗസറ്റിന്റെ പ്രവർത്തനം.

ന്യൂസ് ഡെസ്ക്

മുംബൈയിൽ ഉണ്ടായ വിമാനാപകടത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മുംബൈ എയർ പോർട്ടിൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് വിമാനം തകർന്നു വീണത്. മുംബൈ എയർ പോർട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ ഗാട്ട് ഘോപറിനു സമീപം വിമാനം നിലംപതിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ പൈലറ്റുമാരും രണ്ടു പേർ മെയിന്റനൻസ് എഞ്ചിനീയർമാരുമാണ്. ഇതിൽ രണ്ടു പേർ വനിതകളാണ്. വിമാനം തകർന്നു വീണാണ്  ഗ്രൗണ്ടിൽ ഉണ്ടായിരുന്ന അഞ്ചാമത്തെയാൾ കൊല്ലപ്പെട്ടത്. കൺസ്ട്രക്ഷൻ സൈറ്റിലാണ് വിമാനം തകർന്നു വീണത്. ഇന്നുച്ചയ്ക്ക് 1.10 നാണ് അപകടം നടന്നത്. പുകപടലങ്ങൾ മൂലം മുംബൈ എയർ പോർട്ടിൽ വിമാനങ്ങളുടെ ലാൻഡിംഗ്, ടേക്ക് ഓഫുകൾ മറ്റൊരു റൺവേയിലേക്ക് മാറ്റേണ്ടി വന്നു.

ഒരു മണിക്കൂർ പരിശ്രമിച്ചാണ് തകർന്ന വിമാനത്തിലെ തീ നിയന്ത്രിക്കാനായത്. ടെസ്റ്റ് ഫ്ളൈ നടത്തുകയായിരുന്ന എയർക്രാഫ്റ്റ് ജൂഹുവിൽ നിന്നാണ് ടേക്ക് ഓഫ് ചെയ്തത്. യു പി ഗവൺമെന്റിൽ നിന്ന് യുവൈ ഏവിയേഷൻ എന്ന കമ്പനി 2014 ലാണ് ഈ വിമാനം വാങ്ങിയത്. 12 പേർക്ക് യാത്ര ചെയ്യാവുന്ന ഈ വിമാനം മുൻപും അപകടത്തിൽ പെട്ടിട്ടുണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ ലാൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ പൈലറ്റ് ശ്രമിച്ചില്ലായിരുന്നെങ്കിൽ നിരവധി പേർക്ക് ജീവഹാനി സംഭവിക്കാമായിരുന്നു എന്ന് മുൻ ഏവിയേഷൻ മന്ത്രി പ്രഫുൽ പട്ടേൽ ട്വീറ്റ് ചെയ്തു.

കുട്ടികള്‍ക്ക് ടേം ടൈം ഹോളിഡേ അവതരിപ്പിച്ച് ഹെഡ്ടീച്ചര്‍. എന്‍ റിച്ച്‌മെന്റ് വീക്ക് എന്ന പേരിലാണ് പുതിയ ടേം ടൈം ഹോളിഡേ അവതരിപ്പിച്ചിരിക്കുന്നത്. എസെക്‌സിലെ വുഡ്‌ലാന്‍ഡ്‌സ് സ്‌കൂളിലെ ഹെഡ്മാസ്റ്ററായ സൈമണ്‍ കോക്‌സാണ് ഇത് അവതരിപ്പിച്ചത്. ഇതനുസരിച്ച് 7,8,9 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ക്ക് യാത്രക്കള്‍ക്കും മറ്റുമായി കൊണ്ടുപോകാം. ടേം ടൈമില്‍ ഹോളിഡേകള്‍ക്കും മറ്റുമായി കുട്ടികളെ രക്ഷിതാക്കള്‍ കൊണ്ടുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇങ്ങനെയൊരു അവധി നല്‍കാന്‍ കോക്‌സ് തീരുമാനിച്ചത്.

2019 ജൂലൈ 15 മുതല്‍ 19 വരെയുള്ള ദിവസങ്ങള്‍ എന്റിച്ച്‌മെന്റ് ഹോളിഡേ ആയിരിക്കുമെന്ന് രക്ഷിതാക്കള്‍ക്കുള്ള കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇക്കാലയളവില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം കള്‍ച്ചറല്‍, സോഷ്യല്‍, മോറല്‍ ട്രിപ്പുകള്‍ നടത്താമെന്ന് അദ്ദേഹം പറയുന്നു. വിദേശത്തേക്കുള്ള ട്രിപ്പുകളും ഇക്കാലയളവില്‍ നടത്താം. ഇവയില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച അനുഭവങ്ങള്‍ കുട്ടികള്‍ക്ക് അവതരിപ്പിക്കുകയുമാകാം.

കുട്ടികളെ ഈ അവധിക്കായി കൊണ്ടുപോകുന്നതിനു മുമ്പായി രക്ഷിതാക്കള്‍ ഒരു അവധിയപേക്ഷ നല്‍കേണ്ടതുണ്ട്. 92 ശതമാനം അറ്റന്‍ഡന്‍സുള്ള കുട്ടികള്‍ക്ക് മാത്രമേ ഈ അവധി ലഭിക്കുകയുള്ളു. അല്ലെങ്കില്‍ മുമ്പുണ്ടായിട്ടുള്ള ആബ്‌സന്‍സുകള്‍ക്ക് മെഡിക്കല്‍ കാരണങ്ങള്‍ ബോധിപ്പിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുകെ ഹൗസിംഗ് മാര്‍ക്കറ്റില്‍ നിലവിലുള്ള ശാന്ത സ്വഭാവം സമ്മറിലും തുടരുമെന്ന് നേഷന്‍വൈഡ് ഹൗസിംഗ് സൊസൈറ്റി. വീട്, പ്രോപ്പര്‍ട്ടി വിലയിലുണ്ടാകുന്ന വാര്‍ഷിക വര്‍ദ്ധനവ് അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നില്‍ക്കുന്നത്. വാങ്ങുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ വില്‍പനയ്ക്കായെത്തുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നതെന്നും നേഷന്‍വൈഡ് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം വെറും രണ്ട് ശതമാനം മാത്രമാണ് ഹൗസ് പ്രൈസിലുണ്ടായ വര്‍ദ്ധന.

ജൂണിലേതിനേക്കാള്‍ മെയ് മാസത്തില്‍ വില അല്‍പം ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തി. മാസാമാസമുണ്ടായ വര്‍ദ്ധന 0.5 ശതമാനമായിരുന്നു. ഇതിലൂടെ ശരാശരി വീടുവില 215,444 പൗണ്ടിലെത്തി. കഴിഞ്ഞ 12 മാസങ്ങളില്‍ വിപണിയിലെ ഡിമാന്‍ഡും സപ്ലൈയും തമ്മിലുണ്ടായ സന്തുലനത്തില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ലെന്ന് നേഷന്‍വൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബര്‍ട്ട് ഗാര്‍ഡ്‌നര്‍ പറയുന്നു. 2018ല്‍ വീടുവില 1 ശതമാനം മാത്രമേ വര്‍ദ്ധിക്കാനിടയുള്ളുവെന്നാണ് നേഷന്‍വൈഡ് പ്രവചിക്കുന്നത്.

വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ലണ്ടനിലെ ഹൗസ് പ്രൈസ് ഇടിഞ്ഞിട്ടുണ്ടെന്ന് നേഷന്‍വൈഡ് മോര്‍ട്ട്‌ഗേജ് ഡേറ്റ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ കണക്കുകളുമായി താരതമ്യം ചെയ്താണ് ഈ കണക്ക് തയ്യാറാക്കിയത്. യുകെയില്‍ ഈ കാലയളവില്‍ ഹൗസ് പ്രൈസില്‍ ഇടിവ് രേഖപ്പെടുത്തിയ ഏക പ്രദേശവും ലണ്ടനായിരുന്നു. എങ്കിലും 2007നേക്കാള്‍ 50 ശതമാനം ഉയര്‍ന്ന പ്രോപ്പര്‍ട്ടി വാല്യുവായിരുന്നു അതേസമയത്ത് ലണ്ടനിലുണ്ടായിരുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക മേഖല അനുദിനം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ പൊതുധനം ധൂര്‍ത്തടിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉന്നതര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ചെലവുകള്‍ക്കായി സെന്‍ട്രല്‍ ബാങ്ക് ഉന്നതര്‍ എഴുതിവാങ്ങിയത് ഒരു മില്യന്‍ പൗണ്ടിനു മേലുള്ള തുകയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകള്‍ മുതല്‍ സ്റ്റേഷനറി വസ്തുക്കള്‍ വാങ്ങുന്നതില്‍ വരെ വമ്പന്‍ ബില്ലുകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. മൊബൈല്‍ ചാര്‍ജര്‍ വാങ്ങിയതിനു പോലും ബില്ലെഴുതി പണം പോക്കറ്റിലാക്കിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

ബാങ്ക് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണിയും ചെലവാക്കലില്‍ മോശക്കാരനല്ല. മൂന്ന് ലക്ഷം പൗണ്ടിലേറെയാണ് കാര്‍ണിയുടെ ചെലവുകള്‍ക്കായി വിനിയോഗിക്കപ്പെട്ടിരിക്കുന്ന പൊതുധനം. ബാങ്കിന്റെ ലണ്ടനിലുള്ള ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തുന്നതിനായി അമേരിക്കയിലുള്ള രണ്ട് ഉപദേശകര്‍ യാത്രപ്പടിയിനത്തില്‍ കൈപ്പറ്റിയിരിക്കുന്നത് 390,000 പൗണ്ടാണെന്ന് ട്രഷറി സെലക്ട് കമ്മിറ്റിയുടെ ഇന്നലെ നടന്ന ഹിയറിംഗില്‍ വെളിപ്പെട്ടു. പലിശ നിരക്കുകള്‍ തയ്യാറാക്കാനുള്ള മോണിറ്ററി പോളിസി കമ്മിറ്റി, ബാങ്കിംഗ് സംവിധാനങ്ങള്‍ നിരീക്ഷിക്കുന്ന ഫിനാന്‍ഷ്യല്‍ പോളിസി കമ്മിറ്റി എന്നിവയിലുള്ള 18 ഒഫീഷ്യലുകള്‍ 1 മില്യന്‍ പൗണ്ടാണ് 2015 ഡിസംബര്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ചെലവിട്ടത്.

കഴിഞ്ഞ വര്‍ഷം ശമ്പളയിനത്തില്‍ മാത്രം 900,000 പൗണ്ട് കൈപ്പറ്റിയ മാര്‍ക്ക് കാര്‍ണി മറ്റു ചെലവുകള്‍ക്ക് 300,000 പൗണ്ട് ഉപയോഗിച്ചു. എംപിമാരുടെ ധൂര്‍ത്തിന് സമാനമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നേതൃത്വം നടത്തുന്നതെന്ന വിമര്‍ശനവും ഇതേത്തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്.

മുംബൈ: മുംബൈയിലെ ജനവാസ മേഖലയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഘാട്കോപ്പറിലെ സര്‍വോദയ് നഗറില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. ബീച്ച്‌ക്രാഫ്റ്റ് കിങ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്ന് വീണത്.

യു.പി സര്‍ക്കാരിന്റെ വിമാനമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ ഇത് സര്‍ക്കാര്‍ വൃത്തങ്ങള്‍ നിഷേധിച്ചു.

ഇതേ വിമാനം അലഹബാദില്‍ മറ്റൊരു അപകടത്തില്‍ പെട്ടിരുന്നു. ശേഷം സംസ്ഥാന സര്‍ക്കാര്‍  2014-ല്‍ വിമാനം മുംബൈ യു.വൈ ഏവിയേഷന് കൈമാറിയാതാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

പണി നടന്ന് കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. ആ സമയം അവിടെ തൊഴിലാളികള്‍ ഉണ്ടായിരുന്നു. കെട്ടിടത്തിന് ചുറ്റിലായി നിരവധി വീടുകളും ഫ്ളാറ്റുകളും ഉണ്ട്. വിമാനം വീണതിനെ തുടര്‍ന്ന് അവര്‍ക്കെന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. അപകടം നടന്ന പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചാണ് ഫയര്‍ഫോഴ്സ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.

 

ന്യൂസ് ഡെസ്ക് .

മാഞ്ചസ്റ്ററിലെ സാഡിൽവർത്ത് മൂറിൽ ഉണ്ടായ  വൻ അഗ്നിബാധ നിയന്ത്രണാതീതമായി തുടരുന്നു.  നാലു ദിവസമായി തുടരുന്ന തീ നിയന്ത്രിക്കാനുള്ള ഫയർ സർവീസിന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. സ്ഥിതിഗതികൾ വഷളാകുന്നതിനാൽ അടിയന്തിര സാഹചര്യം നേരിടാൻ മിലിട്ടറി തയ്യാറെടുക്കുകയാണ്. മിലിട്ടറി യൂണിറ്റുകൾ അടിയന്തിരമായി രംഗത്തിറങ്ങുന്നതിനായി സ്റ്റാൻഡ് ബൈയിലാണ്. നിരവധി മലയാളി കുടുംബങ്ങളും താമസിക്കുന്ന പ്രദേശങ്ങളും അഗ്നിബാധ മൂലമുള്ള ദുരിതത്തിലാണ്. അധികൃതർ മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് സാഡിൽ വർത്ത് മൂറിൽ അഗ്നിബാധയുണ്ടായത്. വൃക്ഷങ്ങളും പുൽമേടുകളും അഗ്നി വിഴുങ്ങുകയാണ്. ബ്രിട്ടണിലെ താപനില 30 ഡിഗ്രിയോട് അടുക്കുന്നതിനാൽ തീ പടരുന്നതിനുള്ള സാധ്യത കൂടി വരുകയാണ്. കൂടാതെ ചെറിയ തോതിലുള്ള കാറ്റും സ്ഥിതിഗതികൾ മോശമാക്കുന്നു. കാർബ്രൂക്ക്, സ്റ്റാലിബ്രിഡ്ജ്, ഓൾഡാം, ടേം സൈഡ് പ്രദേശങ്ങളിൽ പുകയും ചാരവും മൂലം ജനജീവിതം ദുരിതത്തിലാണ്. നിരവധി മലയാളി കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. വീട് പൂർണമായും അടച്ചു കഴിയാനാണ് അധികൃതർ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. ആസ്മ സംബന്ധമായ അസുഖമുള്ളവർ തീർത്തും ബുദ്ധിമുട്ടുന്ന അവസ്ഥയാണ്.

ഏകദേശം 800 ഏക്കറോളം വരുന്ന മലയോരം അഗ്നി ചാമ്പലാക്കിക്കഴിഞ്ഞു. 5 മൈലോളം നീളത്തിൽ പുകപടലങ്ങൾ ഉയരുന്നുണ്ട്. നാല് പതോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്തെ പല സ്കൂളുകളും അടച്ചിട്ടിരിക്കുകയാണ്. 10 ഫയർ എഞ്ചിനുകൾ തീയണയ്ക്കാൻ പരിശ്രമിക്കുന്നുണ്ട്. കൂടാതെ ഹെലികോപ്ടറിൽ നിന്നും വാട്ടർ സ്പ്രേ നടത്തുന്നുണ്ട്. അഗ്നിബാധ മൂലമുള്ള പുക 30 മൈൽ ദൂരത്തേയ്ക്ക് വ്യാപിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ എയർപോർട്ടിന്റെ പ്രവർത്തനങ്ങളെ ഇതുവരെയും ബാധിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

15കാരനെ കുത്തിക്കൊന്ന കേസില്‍ 5 കൗമാരക്കാര്‍ കുറ്റക്കാരെന്ന് കോടതി. കൊലപാതകം നടത്തണമെന്ന് ഉദ്ദേശിച്ചാണ് 5 പേരും 15കാരനായ ജേക്കബ് ഏബ്രാഹാമിനെ ആക്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. 5 പേര്‍ക്കും കേസിലുള്ള പങ്ക് ഒരുപോലെയാണെന്നും കടുത്ത ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇവര്‍ക്കുള്ള ശിക്ഷ പിന്നീടായിരിക്കും വിധിക്കുക. കുറ്റക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സെന്റ് അല്‍ബാന്‍സ് ക്രൗണ്‍ കോടതിയുടെതാണ് വിധി.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഏഴിനാണ് ജേക്കബ് ഏബ്രഹാമിനെ കുത്തേറ്റനിലയില്‍ കണ്ടെത്തുന്നത്. ജേഷ്ഠനായ ഇസഹാക്ക് നടത്തിയ തിരച്ചിലിന് ഒടുവില്‍ വീടിന് സമീപത്തായി ചോരയില്‍ കുളിച്ച നിലയില്‍ ജേക്കബിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണപ്പെട്ടു. ജേക്കബിന്റെ ശരീരത്തില്‍ ഏതാണ്ട് 9 ഓളം ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. 8 കുത്തുകള്‍ കാലിനും ഒരു കുത്ത് കൈയിലുമാണ് കണ്ടെത്തിയത്.

അമ്മയെ ചാരിറ്റി ജോലികളില്‍ സഹായിക്കുന്ന വ്യക്തിയാണ്. ജേക്കബ്. വീടില്ലാത്തവര്‍ക്ക് വേണ്ടി സൗജന്യ ഭക്ഷണം നല്‍കുന്നതാനായുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നയാളാണ് ജേക്കബിന്റെ അമ്മ. ഭക്ഷണം ഉണ്ടാക്കിയതിന് ശേഷം സമീപത്തെ ചര്‍ച്ചില്‍ കൊണ്ടുപോയി നല്‍കുന്നതും ജേക്കബ് ആണ്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ അമ്മയെ ജേക്കബ് സഹായിച്ചിരുന്നു.

മൂര്‍ച്ചയേറിയ കത്തിപോലുള്ള രണ്ട് ആയുധങ്ങള്‍ കൊണ്ടാണ് ജേക്കബ് ആക്രമിക്കപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സമീപ പ്രദേശത്തെ കൗമാര പ്രായക്കാരുടെ ഗ്യാംഗിന്റെ ഭീഷണി ജേക്കബിന് ഉണ്ടായിരുന്നു. ചിലരെ വെല്ലുവിളിച്ചുകൊണ്ട് ജേക്കബ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. ജേക്കബ് സ്ഥിരമായി ഇരിക്കുന്ന വീടിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നിരിക്കുന്നത്. പുകവലിക്കുന്ന ശീലമുള്ള ജേക്കബും സുഹൃത്തുക്കളും സ്ഥിരമായി സന്ദര്‍ശിക്കുന്ന സ്ഥലമാണിത്.

സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോയതിന് ശേഷം തിരികെ സ്ഥിര വിശ്രമ സ്ഥലത്തേക്ക് ജേക്കബ് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇയാള്‍ക്ക് പിന്നാലെ അഞ്ചംഗ സംഘവും സംഭവ സ്ഥലത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുറച്ച് സമയത്തിന് ശേഷം അഞ്ചംഗ സംഘം ഓടി രക്ഷപ്പെടുന്നതും ഇവര്‍ക്ക് പിന്നാലെ ജേക്കബ് മുറിവുകളുമായ വീടിനടുത്തേക്ക് ഓടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പ്രധാന തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയതും ഈ തെളിവുകളാണ്. അതേസമയം പ്രതികള്‍ കുറ്റം നിഷേധിച്ചു.

RECENT POSTS
Copyright © . All rights reserved