Main News

ഗര്‍ഭസ്ഥ ശിശുക്കളെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വിവാദ എപ്പിലെപ്‌സി മരുന്ന് യുവതികള്‍ക്ക് നല്‍കുന്നത് നിരോധിച്ചു. അപസ്മാരത്തിന് ഫലപ്രദമായ മരുന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഡിയം വാല്‍പൊറേറ്റ് ആണ് പ്രത്യുല്‍പാദന കാലയളവില്‍ സ്ത്രീകള്‍ക്ക് നല്‍കാന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ് ഈ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളില്‍ ഗുരുതരമായ വളര്‍ച്ചാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ഈ മരുന്നിന് കഴിയുമെന്നാണ് വെളിപ്പെടുത്തല്‍.

ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നവര്‍ക്ക് മാത്രം ഈ മരുന്ന് നല്‍കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഗര്‍ഭിണികളായ അപസ്മാര രോഗികള്‍ക്ക് ഫലപ്രദമായ മരുന്ന് സോഡിയം വാല്‍പോറേറ്റ് മാത്രമാണെന്ന് രണ്ട് കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റുകള്‍ വ്യക്തമാക്കി ഒരാഴ്ചക്കു ശേഷമാണ് പുതിയ നിരോധനമെന്നതും ശ്രദ്ധേയമാണ്. അപസ്മാരം ചികിത്സിക്കാതിരിക്കുന്നത് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഒരുപോലെ അപകടകരമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കുട്ടികള്‍ക്ക് ഓട്ടിസം, പഠന വൈകല്യങ്ങള്‍ തുടങ്ങിയ വൈകല്യങ്ങളുണ്ടാകാന്‍ കാരണം സോഡിയം വാല്‍പോറേറ്റിന്റെ ഉപയോഗമാണെന്ന് ആരോപിച്ച് മൂന്ന് സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു.

ഗര്‍ഭകാലത്ത് ഈ മരുന്ന് ഉപയോഗിച്ചാലുള്ള കുഴപ്പങ്ങളെക്കുറിച്ച് ഡോക്ടര്‍മാര്‍ തങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചിരുന്നു. ഈ മരുന്നിന്റെ പാര്‍ശ്വഫലം അനുഭവിക്കുന്ന 20,000ത്തോളം കുട്ടികള്‍ യുകെയിലുണ്ടെന്നാണ് ക്യാംപെയിനര്‍മാര്‍ പറയുന്നത്. സനോഫിയുടെ എപീലിയം എന്ന ബ്രാന്‍ഡാണ് യുകെയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. ഗര്‍ഭകാലത്ത് ഇത് ഉപയോഗിച്ചാല്‍ കുട്ടികളില്‍ വളര്‍ച്ചാ പ്രശ്‌നങ്ങളുണ്ടാകാമെന്ന് നൈസ് ഡേറ്റയും സൂചന നല്‍കുന്നു. ഈ മരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളും യുവതികളും തങ്ങളുടെ ജിപിമാരെ ബന്ധപ്പെട്ട് മറ്റു മരുന്നുകള്‍ തേടേണ്ടതാണെന്നും എംഎച്ച്ആര്‍എയുടെ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

എന്‍എച്ച്എസ് പ്രതിസന്ധി മറികടക്കാന്‍ പരിഹാരം തേടി ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്. സമീപകാലത്ത് ഫണ്ടിംഗുമായി ബന്ധപ്പെട്ട് രൂക്ഷമായ പ്രതിസന്ധിയാണ് രാജ്യത്തെ പൊതുജനാരോഗ്യ മേഖല നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രതിസന്ധി യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിച്ചില്ലെങ്കില്‍ രോഗികളുടെയും സോഷ്യല്‍ കെയര്‍ ആവശ്യമുള്ള അനേകായിരം വയോധികരുടെയും ആരോഗ്യപരിപാലനം അവതാളത്തിലാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ എന്‍എച്ച്എസ് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാന്‍ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വരണമെന്ന് ജെറമി ഹണ്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്‍എച്ച്എസിന് ഫണ്ട് ചെയ്യാന്‍ സഹായിക്കുന്ന, ദീര്‍ഘകാലം നിലനില്‍ക്കാന്‍ പ്രാപ്തിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

വിഷയത്തില്‍ പരിഹാരം കണ്ടെത്തുന്നതിനായി പുതിയ നികുതി സംവിധാനം ഏര്‍പ്പെടുത്താവുന്നതാണെന്ന് സര്‍വകക്ഷി എംപിമാരുടെ ഗ്രൂപ്പ് അഭിപ്രായപ്പെട്ടു. നികുതി ഏര്‍പ്പെടുത്തുന്നത് പൊതുആരോഗ്യ മേഖലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയേക്കുമെന്ന് ഹണ്ട് കരുതുന്നുണ്ട്. എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധികള്‍ ചൂണ്ടിക്കാണിച്ച് ഹെല്‍ത്ത് സെക്രട്ടറി കണ്‍സര്‍വേറ്റീവ് എംപിമാര്‍ക്ക് കത്തയച്ചതായി ടോറി എംപി നിക്ക് ബോള്‍സ് പറഞ്ഞു. ഇനി എന്തു ചെയ്യണം എന്നതിനെക്കുറിച്ച് എംപിമാരുമായി ചര്‍ച്ച ചെയ്യാന്‍ സെക്രട്ടറി ആഗ്രഹം പ്രകടിപ്പിച്ചതായും നിക്ക് ബോള്‍സ് വ്യക്തമാക്കി. പുതിയ പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തേണ്ടതാണെന്നും ഹെല്‍ത്ത്‌കെയറിനും സോഷ്യല്‍കെയറിനും ഒരുപോലെ ഗുണം ചെയ്യുന്നതായിരിക്കണം പദ്ധതിയെന്നും ബോള്‍സ് പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ സമയം ഹെല്‍ത്ത് സെക്രട്ടറിയായിരുന്നവരുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ജെറമി ഹണ്ട്. ചരിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തുന്നതാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരത്തിനാണ് ഹണ്ട് ശ്രമിക്കുന്നതെന്ന് മനസിലാക്കാന്‍ കഴിയുന്നുണ്ട്. പക്ഷേ ഇക്കാര്യത്തില്‍ ട്രഷറിക്ക് സമാന അഭിപ്രായമാണെന്ന് കരുതുന്നില്ലെന്നും നിക്ക് ബോള്‍സ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യകതമാക്കി. കഴിഞ്ഞ വിന്ററില്‍ എന്‍എച്ച്എസ് പ്രതിസന്ധി രൂക്ഷമായതായി ഹെല്‍ത്ത് സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് മാര്‍ച്ചില്‍ തെരേസ മേയ് പുതിയ സാമ്പത്തിക പദ്ധതി കൊണ്ടുവരികയും ചെയ്തിരുന്നു. ഈ വര്‍ഷം തന്നെ ഫണ്ടിംഗ് സംവിധാനം കൊണ്ടുവരാനാണ് മേയ് സര്‍ക്കാരിന്റെ തീരുമാനം.

മൂന്ന് വയസ് തികയാത്ത ഒരു പെണ്‍കുട്ടിയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പാശ്ചാത്യ മാധ്യമലോകത്ത് നിറഞ്ഞു നില്‍ക്കുന്നത്. ബ്രിട്ടീഷ്‌ രാജകുടുംബാംഗമായ ഷാര്‍ലറ്റ് രാജകുമാരിയാണത്. പെണ്ണായാത് കൊണ്ട് മാത്രം കിരീടാവകാശക്രമത്തില്‍ അനിയന്‍മാര്‍ക്ക് പിന്നിലാവാത്ത ആദ്യത്തെ ബ്രിട്ടീഷ്‌ രാജകുടുംബാംഗമായി ഷാര്‍ലറ്റ് എന്നതാണ് കാരണം. കുടുംബത്തില്‍ ഇന്നലെ ഒരു പുതിയ അംഗം കൂടി വന്നു ചേര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് ഷാര്‍ലറ്റ് ചരിത്രത്തിലെ പുതിയ താരമായി ഉദിച്ചത്. വില്യം രാജകുമാരനും കേറ്റ് രാജകുമാരിക്കും ഇന്നലെ മൂന്നാമത്തെ കുഞ്ഞു ജനിച്ചു. മുത്തച്ഛന്‍ ചാള്‍സ്, അച്ഛന്‍ വില്യം, സഹോദരന്‍ ജോർജ്, സഹോദരി ഷാര്‍ലറ്റ് എന്നിവര്‍ക്ക് ശേഷം ബ്രിട്ടന്‍റെ അഞ്ചാം കിരീടാവകാശിയാകും ആ കുഞ്ഞ്.

ബ്രിട്ടീഷ് ചരിത്രത്തില്‍ ഒരു തിരുത്താണ് പുതിയ രാജകുമാരന്‍റെ ജനനത്തോടെ സംഭവിച്ചിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ (പഴയ) കിരീട പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം (Succession to the Crown Act) കിരീടാവകാശികളായിട്ടുള്ള പെണ്‍കുട്ടികള്‍ക്ക്, കുടുംബത്തിലെ പുരുഷന്മാര്‍ക്ക് ശേഷം മാത്രമേ അവസരം ലഭിച്ചിരുന്നുള്ളൂ. ഉദാഹരണത്തിന്, ഇപ്പോഴത്തെ രാജ്ഞി എലിസബത്തിന്‍റെ മകള്‍ ആന്‍ രാജകുമാരിയ്ക്ക് തന്‍റെ മൂത്ത സഹോദരന്‍ ചാള്‍സ്, അനുജന്മാര്‍ ആന്‍ഡ്രൂ, എഡ്‌വേര്‍ഡ്, ഇവരുടെ ആണ്‍മക്കള്‍ എന്നിവര്‍ കഴിഞ്ഞേ അവസരമുള്ളൂ.

Prince William and Kate Middleton with their third born

കഴിഞ്ഞ ദിവസം ജനിച്ച മകനുമായി വില്യം രാജകുമാരനും കേറ്റ് രാജകുമാരിയും

ഈ നിയമത്തിന് 2013ല്‍ വരുത്തിയ ഭേദഗതി പ്രകാരം പെണ്‍കുട്ടികള്‍ അവര്‍ക്ക് ശേഷം വരുന്ന കിരീടാവാശികളായ ആണ്‍കുട്ടികള്‍ക്ക് വഴി മാറിക്കൊടുക്കേണ്ടതില്ല. നിയമത്തിന് ഭേദഗതി വരുത്തിയിരുന്നെങ്കിലും, ഇന്നലെ ഷാര്‍ലറ്റ് രാജകുമാരിയ്ക്ക് താഴെ ഒരാണ്‍കുട്ടി പിറന്നപ്പോഴാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ഷാര്‍ലറ്റ് രാജകുമാരി നാലാം കിരീടാവകാശിയായിത്തന്നെ തുടരുമ്പോള്‍, ബ്രിട്ടീഷ്‌ രാജകുടുംബത്തില്‍ ലിംഗ നീതിയ്ക്കു വഴിമാറിക്കൊടുക്കുന്ന ആദ്യ പുരുഷനാകും ഇന്നലെ ജനിച്ച ഇനിയും പേരിട്ടിട്ടില്ലാത്ത രാജകുമാരന്‍.

രാജകുടുംബത്തിലെ പുതിയ അംഗത്തിന്‍റെ വരവിന്‍റെ ആഹ്ലാദത്തിലാണ് ബ്രിട്ടന്‍. പുതിയ കിരീടാവകാശിയെ വരവേല്‍ക്കാന്‍ കേറ്റ് രാജകുമാരിയെ പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയുടെ താഴെ മണിക്കൂറുകളോളം ആളുകള്‍ കാത്തു നിന്നു. മകന്‍റെ ജനനത്തിന് ശേഷം കൈക്കുഞ്ഞുമായി വില്യം രാജകുമാരനും ഭാര്യയും എത്തി പുറത്തു കൂടിയിരുന്നവരെ അഭിവാദ്യം ചെയ്ത് തങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി. ജോർജ് രാജകുമാരനും ഷാര്‍ലറ്റ് രാജകുമാരിയും അതിനു മുന്‍പ് തന്നെയെത്തി അനിയനെ കണ്ടിരുന്നു. മൂന്ന് വയസുകാരി ഷാര്‍ലറ്റാണ് ഏവരുടെയും മനം കവര്‍ന്നത്. കൂടിയിരുന്നവരെ നോക്കി ചിരിച്ചും കൈ ഉയര്‍ത്തിക്കാട്ടിയും ഷാര്‍ലറ്റ് തന്‍റെ സന്തോഷം പങ്കുവച്ചപ്പോള്‍ ക്യാമറകള്‍ക്ക് വിരുന്നായി. ചരിത്ര സന്ധി കൂടി ചേര്‍ന്നപ്പോള്‍ ഷാര്‍ലറ്റ് ഇന്നലെ വാര്‍ത്താലോകത്തെ തലക്കെട്ടുകളില്‍ നിറഞ്ഞു.

മലയാളം യു കെ ന്യൂസ് സ്‌പെഷ്യല്‍: ജോജി തോമസ്

ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറുമായിരുന്ന രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നേതൃത്വത്തിലേയ്ക്ക് വരാന്‍ സാധ്യതയേറെയെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലുള്ള മേധാവി മാര്‍ക് കാര്‍ണിയുടെ കാലാവധി അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്നതോടെ ആ സ്ഥാനത്ത് എത്താന്‍ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെടുന്ന വ്യക്തികളില്‍ ഒരാളാണ് രഘുറാം രാജന്‍. ആറു പേരുകള്‍ ഉള്‍പ്പെടുന്ന സാധ്യതാ പട്ടിക തയ്യാറാക്കിയതില്‍ രഘുറാം രാജന്റെ പേരിനാണ് മുന്‍ഗണന. റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ രഘുറാം രാജന്‍ ആര്‍ജിച്ച പരിചയവും കേന്ദ്രീകൃത ബാങ്കിങ്ങിലുള്ള അറിവും ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ എന്ന ലേബലുമെല്ലാം രഘുറാം രാജന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണര്‍ സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ മുതല്‍കൂട്ടാകും.

ബാങ്കുകളുടെ ബാങ്കായി അറിയപ്പെടുന്ന ബാങ്ക് ഓഫ്് ഇംഗ്ലണ്ടിന്റെ നേതൃത്വത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ എത്തുകയാണെങ്കില്‍ അത് എല്ലാ ഇന്ത്യാക്കാര്‍ക്കും അഭിമാനകരമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നയങ്ങള്‍ ലോകമൊട്ടാകെ സാമ്പത്തിക സൂചികയില്‍ വളരെ നിര്‍ണായകമായ സ്വാധീനമാണ് ചെലുത്തുന്നത്. സാധാരണക്കാരന്റെ ജീവിത നിലവാരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് എടുക്കുന്ന നിലപാടുകള്‍ക്കാവും. ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായി അറിയപ്പെടുന്ന ലണ്ടന്‍ നഗരത്തിലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ആസ്ഥാനം. 1694-ല്‍ സ്ഥാപിതമായ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ മാതൃകയാക്കിയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുള്‍പ്പെടെ ലോകത്തുള്ള മറ്റു സെന്‍ട്രല്‍ ബാങ്കുകളെല്ലാം സ്ഥാപിതമായതും പ്രവര്‍ത്തിക്കുന്നതും.

ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്രത്തില്‍ അധ്യാപകനായിരുന്ന രഘുറാം രാജനെ സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ സമ്മാനത്തിനായി പരിഗണിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ ഡയറക്ടറായിരുന്ന രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23-ാമത് ഗവര്‍ണറായി 2013ലാണ് സ്ഥാനമേറ്റത്. ലോകത്തെ പിടിച്ചുകുലുക്കിയ 2008-ലെ സാമ്പത്തിക പ്രതിസന്ധി വളരെ മുന്‍കൂട്ടി പ്രവചിച്ചത് രഘുറാം രാജന്റെ സാമ്പത്തിക രംഗത്തെ ദൂരക്കാഴ്ചയുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായ രഘുറാം രാജന് മോദി ഗവണ്‍മെന്റ് കാലാവധി നീട്ടി നല്‍കാതിരുന്നത് വിവാദമായിരുന്നു. മോദി ഗവണ്‍മെന്റിന്റെ പല സാമ്പത്തിക നയങ്ങളോടു പൊരുത്തപ്പെടാത്ത അദ്ദേഹം നോട്ടുനിരോധനത്തിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു. എന്തായാലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലപ്പത്ത് രഘുറാം രാജന്‍ എത്തുകയാണെങ്കില്‍ നാളെകളില്‍ ലോകത്തിന്റെ സാമ്പത്തിക ഗതിവിഗതികളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ഒരു ഇന്ത്യന്‍ വംശജനാവും.

പോപ്പ് ഫ്രാന്‍സിസിന്റെ ഇടപെടല്‍ ആല്‍ഫി ഇവാന്‍സിന് അനുഗ്രഹമാകുന്നു. കുഞ്ഞിന് പൗരത്വം നല്‍കുമെന്ന് ഇറ്റാലിയന്‍ ഫോറിന്‍ മിനിസ്ട്രി അറിയിച്ചു. കഴിഞ്ഞ കുറേ നാളുകളായി അസുഖ ബാധിതനായി ലിവര്‍പൂളിലെ ആശുപത്രിയില്‍ കഴിയുകയാണ് ആല്‍ഫി ഇവാന്‍സ് എന്ന 23 മാസം പ്രായമുള്ള കുഞ്ഞ്. നിയമപ്രശ്‌നങ്ങള്‍ മൂലം ആല്‍ഫിയെ ഇറ്റലിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിക്ക് ഇറ്റലിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നടത്താന്‍ സഹായിക്കണമെന്ന് ആല്‍ഫിയുടെ പിതാവ് വത്തിക്കാനോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ പോപ്പ് നടത്തിയ ഇടപെടല്‍ കാരണമാണ് ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിച്ചിരിക്കുന്നത്. പൗരത്വം നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറ്റാലിയന്‍ ഫോറിന്‍ മിനിസ്ട്രി പുറത്തിറക്കിയിട്ടുണ്ട്.

ഇതോടെ കുട്ടിയെ എത്രയും പെട്ടന്ന് ലിവര്‍പൂളിലെ ആശുപത്രിയില്‍ നിന്നും ഇറ്റലിയിലേക്ക് മാറ്റുമെന്നാണ് കരുതുന്നത്. അതേസമയം ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേയ് ആശുപത്രിയില്‍ 200ലധികം പേര്‍ പ്രതിഷേധവുമായി എത്തി. ആശുപത്രി വാതിലിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്ല. ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. നേരത്തെ യൂറോപ്യന്‍ കോര്‍ട്ട്‌സ് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു.

റോമിലെ പ്രമുഖമായ രണ്ട് ചൈല്‍ഡ് സെപഷ്യാലിറ്റി ആശുപത്രികളില്‍ ആല്‍ഫിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലിവര്‍പൂളില്‍ നിന്ന് ഇറ്റലിയിലേക്ക് മാറ്റിയാല്‍ ഈ ആശുപത്രികളില്‍ എതെങ്കിലും ഒന്നിലായിരിക്കും കുഞ്ഞിന് ചികിത്സ നടത്തുക. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഹാര്‍ഡ്-റൈറ്റ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി തലവന്‍ ജോര്‍ജിയ മെലോനി രംഗത്ത് വന്നു. കഴിഞ്ഞ മാസം നടന്ന ജനറല്‍ ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ പാര്‍ട്ടിയാണ് ഹാര്‍ഡ്-റൈറ്റ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. എന്നാല്‍ ലിവര്‍പൂളിലെ ആശുപത്രി അധികൃതര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പുതിയ വഴിത്തിരിവ് ഉണ്ടായ സാഹചര്യത്തില്‍ ആശുപത്രി വൃത്തങ്ങള്‍ എന്തു തീരുമാനമായിരിക്കും എടുക്കുകയെന്ന് വ്യക്തമല്ല.

യോഗര്‍ട്ട് പൊതുവെ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ കുട്ടികള്‍ ദിവസവും ഇത് ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന മുന്നറിയിപ്പുമായി ക്യാംപെയിനേര്‍സ്. കുട്ടികളില്‍ അനുവദനീയമായിരിക്കുന്നതിലും കൂടുതല്‍ പഞ്ചസാര ശരീരത്തിലെത്താന്‍ യോഗര്‍ട്ടിന്റെ ദിനംപ്രതിയുള്ള ഉപയോഗം കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്. വിപണിയില്‍ ലഭ്യമായിരിക്കുന്ന മിക്ക ബ്രാന്റുകളിലും അഞ്ച് ഷുഗര്‍ ക്യൂബിന് തുല്യമായ അളവില്‍ പഞ്ചസാര ഉണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ലിവര്‍പൂള്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. ഇത് കുട്ടികളില്‍ അനുവദനീയമായതില്‍ കൂടിയ അളവാണ്.

നാല് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ ദിവസം 19ഗ്രാം അല്ലെങ്കില്‍ അഞ്ച് ക്യൂബ്‌സ് ഫ്രീ ഷുഗര്‍ എന്നിവ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് എന്‍എച്ച്എസ് ഗൈഡ്‌ലൈന്‍സ് വ്യക്തമാക്കുന്നുണ്ട്. ലിവര്‍പൂളിലെ അഞ്ച് വയസിന് താഴെയുള്ള ഭൂരിഭാഗം കുട്ടികള്‍ക്കും ദന്തരോഗങ്ങള്‍ പിടിപെടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പല്ലിന് കേടുപാടുകള്‍ സംഭവിക്കുക, പൊട്ടലുണ്ടാകുക, പല്ല് കൊഴിഞ്ഞു പോകുക തുടങ്ങി നിരവധി അസുഖങ്ങളാണ് കുട്ടികളെ ബാധിക്കുന്നത്. ദിവസം രണ്ട് കുട്ടികള്‍ എന്ന തോതില്‍ ദന്തരോഗങ്ങള്‍ മൂലം ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നതായിട്ടാണ് വിവരം. പഞ്ചസാര അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടിയ അളവില്‍ ഉപയോഗിക്കുന്നതാണ് ഇത്തരം അസുഖങ്ങള്‍ക്ക് കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

4 വയസ് പ്രായമുള്ള 12 ശതമാനം കുട്ടികളും ആറ് വയസുള്ള 23 ശതമാനം കുട്ടികളും പൊണ്ണത്തടിയുള്ളവരാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. അധിക ഷുഗര്‍ കണ്ടന്റ് ഉള്ള ഭക്ഷണങ്ങള്‍, ഡിങ്ക്രുകള്‍ തുടങ്ങിയവയാണ് പൊണ്ണത്തടിക്ക് പ്രധാന കാരണം. മിക്ക മാതാപിതാക്കളും തൈര് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് കരുതുന്നത്. ചിലതൊക്കെ ആരോഗ്യപരമാണ് താനും. എന്നാല്‍ ചില തൈര് ഉല്‍പന്നങ്ങളില്‍ ഷുഗറിന്റെ അളവ് കൂടുതലാണെന്ന കാര്യം മാതാപിതാക്കള്‍ മനസിലാക്കുന്നില്ലെന്ന് കൗണ്‍സിലര്‍ ടിം ബ്യൂമോണ്ട് പറഞ്ഞു. ഇവ പൂര്‍ണമായും ഉപയോഗിക്കരുതെന്നല്ല ഞങ്ങള്‍ പറയുന്നത് പക്ഷേ ജനങ്ങള്‍ക്ക് മനസിലാകുന്ന വിധത്തില്‍ ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുകയാണ്. ഷുഗറി സ്‌നാക്‌സ്, ചോക്ലേറ്റ് ബാര്‍സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, തൈര് തുടങ്ങിയവ കുട്ടികളില്‍ ദന്തരോഗങ്ങള്‍ക്കും പൊണ്ണത്തടിക്കും കാരണമാകുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബ്രിട്ടീഷ് രാജകുടുംബത്തില്‍ പിറന്ന പുതിയ അനന്തരാവകാശിയുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. രാജകുമാരന്റെ ജനനത്തിനു ശേഷം കേറ്റ് രാജകുമാരിയും വില്യമും കുഞ്ഞുമായി കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേക്ക് തിരികെ പോകുന്നതിനിടെയാണ് രാജകുടുംബത്തിന്റെ ആരാധകര്‍ക്ക് ചിത്രങ്ങള്‍ ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഇവര്‍ ആശുപത്രി വിട്ടത്. രാവിലെ 11.01 മണിക്കായിരുന്നു ബ്രിട്ടീഷ് കിരീടാവകാശത്തില്‍ അഞ്ചാം സ്ഥാനക്കാരനായ രാജകുമാരന്‍ പിറന്നത്. വില്യമിന്റെ മക്കളായ പ്രിന്‍സ് ജോര്‍ജും പ്രിന്‍സസ് ഷാര്‍ലറ്റും തങ്ങളുടെ കുഞ്ഞനുജനെ കാണാന്‍ എത്തിയിരുന്നു.

കുഞ്ഞിന്റെ പേര് ഉടന്‍ തന്നെ അറിയിക്കുമെന്ന് വില്യം വ്യക്തമാക്കി. തങ്ങളുടെ മൂന്നാമത്തെ തലവേദനയായി മാറിയിരിക്കുകയാണ് അതെന്നും വില്യം തമാശയായി പറഞ്ഞു. സെന്റ് ജോര്‍ജസ് ഡേയിലാണ് രാജകുമാരന്റെ ജനനം. കുഞ്ഞിന് രാജകുടുംബം ഇടാനുദ്ദേശിക്കുന്ന പേര് സംബന്ധിച്ച് വാതുവെപ്പുകളും സജീവമായിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെയും ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് ഫിലിപ്പ് രാജകുമാരന്റെയും ആറാമത്തെ ഈ അനന്തരാവകാശിക്ക് ആര്‍തര്‍ എന്ന പേരായിരിക്കും നല്‍കുകയെന്നാണ് ഭൂരിപക്ഷവും കരുതുന്നത്.

പ്രിന്‍സ് ഓഫ് കേംബ്രിഡ്ജ് എന്നായിരിക്കും രാജകുമാരന്റ സ്ഥാനപ്പേര്. കുഞ്ഞിന്റെ പേര് ബക്കിംഗ്ഹാം പാലസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കെന്‍സിംഗ്ടണ്‍ പാലസ് വക്താവ് അറിയിച്ചു. പ്രധാനമന്ത്രി തെരേസ മേയ്, മറ്റ് പ്രമുഖ നേതാക്കള്‍ എന്നിവര്‍ കുഞ്ഞിന്റെ ജനനത്തില്‍ വില്യമിനും കേറ്റിനും ആശംസകള്‍ അറിയിച്ചു. രാജകുടുംബത്തിന്റെ ആരാധകര്‍ ആശുപത്രിക്കു പുറത്ത് ആഘോഷങ്ങളിലായിരുന്നു. പാഡിംഗ്ടണിലെ സെന്റെ മേരീസ് ആശുപത്രിക്കു പുറത്ത് ടൗണ്‍ ക്രയറുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ആരാധകന്‍ കുഞ്ഞിന്റെ ജനനത്തേക്കുറിച്ചുള്ള വിവരം അറിയിച്ചു. മാധ്യമങ്ങളും രാജകുമാരന്റെ വരവ് പ്രതീക്ഷിച്ച് ആശുപത്രിക്ക് മുന്നില്‍ തമ്പടിച്ചിരുന്നു.

യുകെയില്‍ സീറോ-അവേഴ്‌സ് കോണ്‍ട്രാക്ടില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തേക്കാളും 100,000ത്തിലേറെ കൂടുതല്‍ ആളുകളാണ് സീറോ-അവര്‍ കോണ്‍ട്രാക്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. നിശ്ചിത മണിക്കൂറുകള്‍ തൊഴില്‍ നല്‍കുമെന്ന ഗ്യാരണ്ടി നല്‍കാത്ത തൊഴില്‍ കരാറിനെയാണ് സീറോ-അവര്‍ കോണ്‍ട്രാക്ടുകളെന്ന് വിളിക്കുന്നത്. തൊഴില്‍ സുരക്ഷയും ഇതര ആനുകൂല്യങ്ങളും ഇത്തരം കരാറുകള്‍ക്ക് ബാധകമാവുകയില്ല. തൊഴില്‍ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാകുന്ന ഘട്ടത്തിലാണ് ഇത്തരം കോണ്‍ട്രാക്ടുകളില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവുക.

2015ലായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ സീറോ-അവേഴ്‌സ് കോണ്‍ട്രാക്ടുകളില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ 2016ല്‍ കോണ്‍ട്രാക്ടുകളുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടായി. 2015 മെയില്‍ 2.1മില്യണായിരുന്ന കോണ്‍ട്രാക്ടുകളുടെ എണ്ണം 2016ല്‍ 1.7 മില്യണിലേക്ക് താഴ്ന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ട്രാക്ടുകളുടെ എണ്ണം 1.8 മില്യണിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് തൊഴില്‍ സുരക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. കോണ്‍ട്രാക്ടില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ഷിഫ്റ്റുകളില്‍ മാറ്റം വരുത്തുന്നതിന് നിലനില്‍ക്കുന്ന യാതൊരു നടപടി ക്രമങ്ങളും പാലിക്കേണ്ടി വരില്ല. കമ്പനിയുടെ പെട്ടന്നുള്ള തീരുമാനത്തെ തൊഴിലാളികള്‍ അനുസരിക്കേണ്ടി വരുമെന്നും യൂണിയന്‍ നേതാക്കള്‍ പറയുന്നു.

സീറോ-അവര്‍ കോണ്‍ട്രാക്ടുകളുടെ എണ്ണത്തില്‍ കുറവ് വരുത്തേണ്ടത് അനിവാര്യമായ ഒന്നാണ്. പക്ഷേ കോണ്‍ട്രാക്ടുകള്‍ സമീപകാലത്ത് വര്‍ദ്ധിച്ചുവരികയാണെന്നുള്ള സത്യം നാം മനസിലാക്കേണ്ടതുണ്ടെന്ന് ട്രേഡ് യൂണിയന്‍ ജിഎംബി ജനറല്‍ സെക്രട്ടറി ടിം റോച്ചെ പറഞ്ഞു. തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതില്‍ തെരേസ മെയ് സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നതാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സമീപകാലങ്ങളെക്കാളും സീറോ-അവര്‍ കോണ്‍ട്രാക്ടുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും ഈ പ്രക്രിയ തുടരാനാണ് സാധ്യതയെന്നുമാണ് സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായം. സീറോ-അവര്‍ കോണ്‍ട്രാക്ടില്‍ ജോലി ചെയ്യുന്ന പകുതിയോളം തൊഴിലാളികളുടെ ഷിഫ്റ്റുകളില്‍ മാറ്റം വരുത്തുന്നതിനും നിര്‍ത്തലാക്കുന്നതിനും അറിയിപ്പുകള്‍ക്ക് 24 മണിക്കൂറിന്റെ സാവകാശം പോലും ലഭിക്കാറില്ലെന്ന് ടിയുസി നടത്തിയ സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് രാജകുടുംബത്തിൽ അഞ്ചാമത്തെ കിരീടാവകാശി പിറന്നു. സെന്റ് ജോർജ് ഡേയിലാണ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ് രാജകുമാരന് ജന്മം നല്കിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് കേറ്റ് രാജകുമാരിയെ സെൻട്രൽ ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഹോസ്പിറ്റലിലെ ലിൻഡോ വിംഗിലാണ് രാജകുമാരൻ ജനിച്ചത്. 8 പൗണ്ടും 7 ഔൺസും തൂക്കമുണ്ട് കുട്ടിക്ക്. 11.01 നാണ് രാജകുമാരൻ ജനിച്ചതെന്ന് കെൻസിംഗ്ടൺ പാലസ് ഔദ്യോഗികമായി അറിയിച്ചു.  പ്രിൻസ് വില്യമിന്റെയും പ്രിൻസസ് കേറ്റിന്റെയും മൂന്നാമത്തെ കുട്ടിയാണിത്. പ്രിൻസ് ജോർജിനും പ്രിൻസസ് ഷാർലറ്റിനും ശേഷം കിരീടാവകാശിയായി എത്തിയിരിക്കുന്ന രാജകുമാരൻ പ്രിൻസ് ഓഫ് കേംബ്രിഡ്ജ് എന്നറിയപ്പെടും.

രാജകുമാരന്റെ ജനനത്തിൽ ബ്രിട്ടനിൽ ആഘോഷം തുടങ്ങി. ലണ്ടനിൽ സെന്റ് മേരീസ് ഹോസ്പിറ്റലിനു മുന്നിൽ വേൾഡ് മീഡിയ ബ്രിട്ടനിലെ കിരീടാവകാശിയുടെ വരവ് റിപ്പോർട്ട് ചെയ്യാനായി ദിവസങ്ങൾക്കു മുമ്പെ തമ്പടിച്ചിരുന്നു. രാജകുടുംബത്തിന്റെ ആരാധകരായ പലരും ആഴ്ചകൾക്കു മുമ്പെതന്നെ ഇവിടെ താത്ക്കാലിക താമസം തുടങ്ങിയിരുന്നു. സീനിയർ റോയൽ ഡോക്ടർമാരായ കൺസൽട്ടന്റ് ഒബ്സ്റ്റട്രീഷ്യൻ ഗൈ തോർപ്പ് ബോസ്റ്റൺ, കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റ് അലൻ ഫാർത്തിംഗ് എന്നിവരാണ് രാജ ജനനത്തിന് മേൽനോട്ടം വഹിച്ചത്.

യുകെ സ്പ്രിംഗ് കൂടുതല്‍ ചൂടുള്ളതും തെളിഞ്ഞതുമായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ അവധി ദിനങ്ങള്‍ ദീര്‍ഘിപ്പിച്ചേക്കുമെന്ന് സൂചന. 26 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തിങ്കളാഴ്ച ജോലിക്ക് ഹാജരാകുന്നവരുടെ എണ്ണം കുറയുമെന്നാണ് സൂചന. ഇന്ന് ജീവനക്കാര്‍ സിക്ക് ലീവെടുത്ത് മുങ്ങാന്‍ സാധ്യതയുണ്ടെന്ന് മേലധികാരികള്‍ക്ക് മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു. വെയില്‍ ദിനങ്ങള്‍ തുടരുന്നതിനാല്‍ അവസാന നിമിഷം സിക്ക് ലീവെടുത്ത് പരമാവധി വെയില്‍ കൊള്ളുന്നതിന് ബ്രിട്ടീഷുകാര്‍ ശ്രമിക്കുകയാണ്.

രാജ്യത്തിന്റെ ചില പ്രദേശങ്ങള്‍ ആഫ്രിക്കയേക്കാള്‍ ചൂടേറിയതാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ വീക്കെന്‍ഡാണ് കഴിഞ്ഞു പോയത്. ജനങ്ങള്‍ കൂട്ടത്തോടെ ബീച്ചുകളില്‍ വെയില്‍ കായാനെത്തുന്ന കാഴ്ചയ്ക്കും ഈ വാരാന്ത്യം സാക്ഷ്യം വഹിച്ചു. ഹോട്ടല്‍ റൂം ബുക്കിംഗില്‍ അവസാന നിമിഷത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടതെന്ന് ട്രാവലോഡ്ജ് അറിയിക്കുന്നു. ഇരട്ടി വര്‍ദ്ധനയാണേ്രത ഇക്കാര്യത്തില്‍ ഉണ്ടായത്. സ്പ്രിംഗ് സമ്മര്‍ ആസ്വദിക്കുന്നതിനായി ജനങ്ങള്‍ കണ്‍ട്രിസൈഡിലേക്ക് നീങ്ങുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ബ്രൈറ്റണ്‍, ബോണ്‍മൗത്ത്, പൂള്‍, ബ്ലാക്ക്പൂള്‍ ട്രാവലോഡ്ജ് ഹോട്ടലുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും നിറഞ്ഞിരിക്കുകയാണ്. ലേക്ക് ഡിസ്ട്രിക്ട്, കോട്ട്‌സ്വുഡ്, സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സ് എന്നിവിടങ്ങളിലെയും ഹോട്ടലുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മിക്കയാളുകളും തിങ്കളാഴ്ച കൂടി റൂം ബുക്ക് ചെയ്താണ് എത്തിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved