ന്യൂസ് ഡെസ്ക്
പ്രശസ്ത ബോളിവുഡ് താരം ശ്രീദേവി അന്തരിച്ചു. കാർഡിയാക് അറസ്റ്റിനെ തുടർന്ന് ദുബായിയിൽ വച്ചായിരുന്നു അന്ത്യം. ഇന്ന് രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. ശ്രീദേവിയ്ക്ക് 54 വയസായിരുന്നു പ്രായം. മോഹിത് മർവായുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ശ്രീദേവി ദുബായിയിൽ എത്തിയത്. ഭർത്താവ് ബോണി കപൂറിനും ഇളയ മകൾ കുഷിയ്ക്കും ഒപ്പമാണ് ശ്രീദേവി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ വന്നത്.
ശ്രീദേവിയുടെ മരണവാർത്ത അറിഞ്ഞ് നൂറു കണക്കിന് ആരാധകരാണ് മുംബയിലെ അവരുടെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ബാലതാരമായി സിനിമയിൽ വന്ന ശ്രീദേവി ഇന്ത്യ കണ്ട ഏറ്റവും പ്രശസ്തയായ നടികളിൽ ഒരാളാണ്. രാജ്യം പദ്മശ്രീ നല്കി ശ്രീദേവിയെ 2013 ൽ ആദരിച്ചിരുന്നു. ഹിന്ദി കൂടാതെ തമിൾ, മലയാളം, തെലുങ്ക്, കന്നട സിനിമകളിൽ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശസ്തരായ നടീനടന്മാർ ശ്രീദേവിയുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന. 2017ല്‍ 38,528 യൂറോപ്യന്‍ പൗരന്‍മാര്‍ ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷം 15,460 അപേക്ഷകള്‍ മാത്രമായിരുന്നു ഈയിനത്തില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം പൗരത്വത്തിനായി അപേക്ഷിച്ച 1,41,302 പേരില്‍ 27 ശതമാനത്തിലേറെയാളുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 2012ല്‍ ഇത് വെറും 6 ശതമാനം മാത്രമായിരുന്നു.

ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ പൗരന്‍മാരുടെ അവസ്ഥ എന്തായിരിക്കുമെന്ന ആശങ്കയാണ് പൗരത്വത്തിനായുള്ള അപേക്ഷകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് സൂചിപ്പിക്കുന്നതെന്ന് കിംഗ്‌സ് കോളേജ് ലണ്ടനിലെ ഇക്കണോമിക്‌സ് ആന്‍ഡ് പബ്ലിക് പോളിസി പ്രൊഫസര്‍ ജോനാഥന്‍ പോര്‍ട്ടെസ് പറഞ്ഞു. 2004ല്‍ യൂണിയനില്‍ ചേര്‍ന്ന എട്ട് സെന്‍ട്രല്‍, ഈസ്‌റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അപേക്ഷകരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നെത്തിയ 13,306 പേരാണ് കഴിഞ്ഞ വര്‍ഷം പൗരത്വത്തിനായി അപേക്ഷിച്ചത്.

ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ബ്രിട്ടീഷ് പൗരത്വത്തിനായി നല്‍കിയ അപേക്ഷകളില്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മൂന്നാഴ്ചകളില്‍ 10,784 യൂറോപ്യന്‍ പൗരന്‍മാര്‍ ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിച്ചിട്ടുണ്ട്. 2016നേക്കാള്‍ ഇരട്ടി വര്‍ദ്ധനയാണ് ഇവയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ പൗരത്വത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷകൡ 11 ശതമാനം ഇടിവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ലണ്ടന്‍: പള്ളികളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകള്‍ ശുശ്രൂഷാ വേളകളില്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് സഭാ കോടതി. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ കണ്‍സിസ്റ്ററി കോടതിയാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ശുശ്രൂഷകള്‍ സ്വകാര്യമായിരിക്കണമെന്നാണ് സഭാ കോടതി വ്യക്തമാക്കിയത്. പള്ളിയില്‍ രണ്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ അനുവാദം ചോദിച്ച കാന്റര്‍ബറി വികാരിയുടെ അപേക്ഷയോടുള്ള പ്രതികരണമായാണ് കോടതി ഇക്കാര്യം പറഞ്ഞത്. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന്റെ ധാര്‍മികതയുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഇത്തരത്തില്‍ ഒരു വിധി സഭ പുറപ്പെടുവിക്കുന്നത്.

ദിവസം മുഴുവന്‍ തുറന്നു കിടക്കുന്ന പള്ളിക്ക് സാമൂഹ്യവിരുദ്ധര്‍ നാശം വരുത്തുന്നത് കുറയ്ക്കാനും പള്ളിയില്‍ എത്തുന്നവര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നത് കണ്ടെത്താനുമാണ് സിസിടിവി സ്ഥാപിക്കണമെന്ന് വികാരി റവ. ഫിലിപ്പ് ബ്രൗണ്‍, ചര്‍ച്ച് വാര്‍ഡന്‍മാരായ റോബിന്‍ സ്ലോ, റോബര്‍ട്ട് അലന്‍ എന്നിവര്‍ ആവശ്യപ്പെട്ടത്. 1285നും 1305നുമിടയില്‍ നിര്‍മിക്കപ്പെട്ട സെന്റ് മേരീസ് ചാര്‍ത്താം പള്ളിയിലാണ് ഇത് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. മധ്യകാലത്ത് നിര്‍മിക്കപ്പെട്ട പള്ളി ഗ്രേഡ് വണ്‍ പൈതൃക കെട്ടിടമായാണ് കണക്കാക്കുന്നത്.

എന്നാല്‍ ഞായറാഴ്ച കുര്‍ബാന, വിവാഹങ്ങള്‍ തുടങ്ങിയ പള്ളി ശുശ്രൂഷകള്‍ക്കിടയില്‍ ക്യാമറകള്‍ ഓഫ് ചെയ്യണമെന്ന് കാന്റര്‍ബറി രൂപതയുടെ കോമ്മിസാറി ജനറലായ മോറാഗ് എല്ലിസ് ക്യുസി പറഞ്ഞു. മൃതദേഹ സംസ്‌കാരങ്ങള്‍, മാമോദിസാ ചടങ്ങുകള്‍ തുടങ്ങി ജനങ്ങള്‍ ഏറ്റവും സ്വകാര്യമായി കരുതുന്ന ചടങ്ങുകളുടെ മാന്യതയെ പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാര്‍ത്ഥനകള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പ്രദേശങ്ങളില്‍ ക്യാമറകള്‍ ഒരു കാരണവശാലും സ്ഥാപിക്കാന്‍ പാടില്ല. കുമ്പസാരക്കൂടിന് സമീപവും രോഗശാന്തി ശുശ്രൂഷകള്‍ നടക്കുന്നിടത്തും ക്യാമറകള്‍ സ്ഥാപിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ലണ്ടന്‍: എനര്‍ജി നിരക്കുകള്‍ അമിതമാകാതിരിക്കാന്‍ താരിഫുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും ഉപഭോക്താക്കളെ കൊള്ളയിടിക്കുന്നത് എനര്‍ജി കമ്പനികള്‍ തുടരുന്നു. ആറ് പ്രമുഖ എനര്‍ജി കമ്പനികളും ഉപഭോക്താക്കളില്‍ നിന്ന് ഇപ്പോളും ഈടാക്കുന്നത് ഉയര്‍ന്ന നിരക്കു തന്നെയാണെന്ന് ഗാര്‍ഡിയന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. പ്രധാനമന്ത്രി തെരേസ മേയാണ് സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫുകളില്‍ നിയന്ത്രണം പ്രഖ്യാപിച്ചചത്. ഇതിനു പിന്നാലെ അത്തരം താരിഫുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്നും സ്ഥിര മൂല്യമുള്ള പ്ലാനുകളിലേക്ക് ഉപഭോക്താക്കളെ മാറ്റുമെന്ന് ബ്രിട്ടീഷ് ഗ്യാസ്, ഇ.ഓണ്‍, എസ്എസ്ഇ തുടങ്ങിയ കമ്പനികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എനര്‍ജി വിപണിയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നുവെന്നായിരുന്നു ഓഫ്‌ജെം ഇതിനെ വിലയിരുത്തിയത്.

എന്നാല്‍ ഗാര്‍ഡിയന്‍ തയ്യാറാക്കിയ കണക്കുകള്‍ കമ്പനികളുടെ വാഗ്ദാനത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. താരിഫ് മാറ്റത്തിനായി അപേക്ഷിച്ച ഉപഭോക്താക്കള്‍ക്ക് ബ്രിട്ടീഷ് ഗ്യാസ് നല്‍കിയ പ്ലാന്‍ 1099.84 പൗണ്ടിന്റേതാണ്. പഴയ സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിന് തുല്യമായ തുകയാണ് ഇത്. അതായത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ അട്ടിമറിച്ചുകൊണ്ട് പഴയ നിരക്കുകള്‍ തന്നെ പുതിയ പേരില്‍ ഈടാക്കുകയാണ് മുന്‍നിര കമ്പനിയായ ബ്രിട്ടീഷ് ഗ്യാസ്. ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ പഴയ താരിഫിന് പകരമായി നല്‍കുന്നത് തങ്ങളുടെ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള താരിഫുകളാണെന്നാണ് വ്യക്തമാകുന്നത്.

കമ്പനികള്‍ ഓഫര്‍ ചെയ്യുന്ന കുറഞ്ഞ നിരക്കുകള്‍ കംപാരിസണ്‍ സൈറ്റുകളില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളു. ഇ.ഓണ്‍ എസ്‌വിറ്റികളിലും മറ്റു താരിഫുകളില്‍ ഏറ്റവും ഉയര്‍ന്നവയ്ക്കും 1093.35 പൗണ്ടാണ് ഈടാക്കുന്നത്. ഇതുമായി സ്‌കോട്ടിഷ് പവറിന്റെ താരിഫിന് 8.49 പൗണ്ടിന്റെയും എന്‍പവറിന്റെ താരിഫിന് 37 പൗണ്ടിന്റെയും വ്യത്യാസമുണ്ട്. എസ്എസ്ഇ 54.73 പൗണ്ടിന്റെയും ഇഡിഎഫ് 82.83 പൗണ്ടിന്റെയും കുറവ് നിരക്കുകളില്‍ വരുത്തിയിട്ടുണ്ട്. ഇവരാണ് താരതമ്യേന കുറഞ്ഞ നിരക്കുകള്‍ ഈടാക്കുന്ന കമ്പനികള്‍.

ഈ കണക്കുകള്‍ കാണിക്കുന്നത് കമ്പനികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ച് നിരക്കുകള്‍ കുറയ്ക്കാനല്ല, പകരം താരിഫുകളുടെ പേരുകള്‍ മാറ്റി അവ ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ്. 4000 ജീവനക്കാരെ പിരിച്ചു വിടുന്നതിന് കാരണമായി ബ്രിട്ടീഷ് ഗ്യാസ് പറഞ്ഞത് താരിഫ് നിരക്കുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ്. എന്നാല്‍ കമ്പനിക്ക് ഒരു ശതമാനം ലാഭത്തിലുള്ള ഇടിവ് മാത്രമാണ് നേരിട്ടിരിക്കുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യന്‍ നേവിയുടെ സബ് മറീന്‍ റെസ്ക്യു സിസ്റ്റത്തിന്‍റെ നിര്‍മ്മാണം യുകെ കമ്പനി പൂര്‍ത്തിയാക്കി. സ്‌കോട്‌ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഎഫ്ഡി എന്ന കമ്പനിയാണ് ഇന്ത്യന്‍ നേവിക്ക് വേണ്ടി പുതിയ സബ് മറീന്‍ റെസ്ക്യു സിസ്റ്റത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി അറിയിച്ചത്. അടുത്ത മാസം അവസാനത്തോടെ ഇവ ഇന്ത്യന്‍ നേവിക്ക് കൈമാറും. ഇന്ത്യന്‍ നേവിയുമായി ചേര്‍ന്ന് ഏതാണ്ട് 193 മില്ല്യണ്‍ പൗണ്ട് ചിലവഴിച്ചാണ് യുകെ കമ്പനി ജെഎഫ്ഡി പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ആഴക്കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്ന രണ്ട് ഫ്‌ളൈഎവേ സബ്മറൈന്‍ റെസ്‌ക്യൂ സിസ്റ്റങ്ങളാണ് ജെഎഫ്ഡി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡീപ് സെര്‍ച്ച് ആന്റ് റെസ്‌ക്യൂ വെഹിക്കിള്‍സ്(DSRV), ലോഞ്ച് ആന്റ് റിക്കവറി സിസ്റ്റംസ് എക്യുപ്‌മെന്റ്(LARS), ട്രാന്‍സ്ഫര്‍ അണ്ടര്‍ പ്രഷര്‍ സിസ്റ്റംസ്(TUP) എന്നിവയും അനുബന്ധ ഉപകരണങ്ങളും അടുത്ത മാസം ഇന്ത്യന്‍ നേവിയുടെ ഭാഗമാകും.

ആദ്യഘട്ടത്തില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ഉപകരണങ്ങളുടെ രൂപരേഖ, നിര്‍മ്മാണം, സംയോജനം തുടങ്ങിയ ചെയ്തിരിക്കുന്നത് ജെഎഫ്ഡിയാണ് കമ്മീഷനിംഗിനു മുമ്പായുള്ള അവസാന പരീക്ഷണ ദൗത്യങ്ങളള്‍ക്ക് ശേഷം അടുത്ത മാസം ഇന്ത്യന്‍ നേവിക്ക് ഇവ കൈമാറും. രണ്ടാംഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ജൂണിലായിരിക്കും ഇന്ത്യക്ക് കൈമാറുക. കൂട്ടുത്തരവാദിത്തത്തോടെ തന്ത്രപ്രധാന ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ പങ്കാളിയാണ് ഇന്ത്യയെന്നും. ഇന്ത്യന്‍ സേനയുടെ സഹകരണത്തോടെ ഭാവിയില്‍ കൂടൂതല്‍ പദ്ധതികള്‍ യുകെ കമ്പനികള്‍ ആവിഷ്‌കരിക്കുമെന്നും യുകെ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ്‌സ് ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി തലവന്‍ സൈമണ്‍ എവറസ്റ്റ് പറഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ചടങ്ങുകള്‍ വെള്ളിയാഴ്ച്ച സ്‌കോട്‌ലന്റിലെ ജെഎഫ്ഡി റെന്‍ഫ്രൂ മാനുഫാക്ചറിംഗ് ഫെസിലിറ്റിയില്‍ നടക്കും.

അപകടങ്ങള്‍ നടക്കുന്ന സമയത്ത് നാവിക സേനാംഗങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതുള്‍പ്പെടെയുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജെഎഫ്ഡി വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ക്ക് കഴിയും. സമുദ്രാന്തര രക്ഷായാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ പരിശീലനം ഇന്ത്യന്‍ എഞ്ചിനിയര്‍മാരുമായി ചേര്‍ന്ന് ജെഎഫ്ഡി കമ്പനി ആരംഭിച്ചിട്ടുണ്ട്. ആഴക്കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക, എഞ്ചിനീയര്‍മാരുടെ സേവനം ലഭ്യമാക്കുക, രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജെഎഫ്ഡി കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഏതാണ്ട് 80 ഓളം രാജ്യങ്ങള്‍ക്കും യുകെ റോയല്‍ നേവി ഉള്‍പ്പെടെ 33ഓളം നാവികസേനകള്‍ക്കും ജെഎഫ്ഡി സേവനങ്ങള്‍ നല്‍കി വരുന്നു.
വരും നൂറ്റാണ്ടുകളുടെ കറന്‍സിയാകാന്‍ സാധ്യതയുള്ള ഡിജിറ്റല്‍ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ കോടീശ്വരന്‍മാര്‍. ഇന്ത്യയിലെ നമ്പര്‍ വണ്‍ സെലിബ്രിറ്റികളായ അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൂടി 160 കോടിയോളം രൂപയുടെ ബിറ്റ്‌കോയിന്‍ നിക്ഷേപമാണ് ഉള്ളത്. ഡിജിറ്റല്‍ കറന്‍സി മാര്‍ക്കറ്റില്‍ അടുത്തയിടെ നടന്ന ചില ആരോഗ്യപരമായ തിരുത്തലുകളെ തുടര്‍ന്ന് നിക്ഷേപത്തിന്റെ മൂല്യത്തില്‍ അല്‍പം കുറവു വന്നിട്ടുണ്ട്. ഇന്ത്യന്‍ സാമ്പത്തിക ലോകത്തെ നിയന്ത്രിക്കുന്ന പല പ്രമുഖരും ഡിജിറ്റല്‍ കറന്‍സി മാര്‍ക്കറ്റില്‍ സജീവമാണ്. ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകള്‍ ആദ്യം മനസിലാക്കിയവരുടെ കൂട്ടത്തിലാണ് ബച്ചന്‍ കുടുംബം. 2015ല്‍ തന്നെ ബച്ചന്‍ കുടുംംബം ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപം നടത്താന്‍ ആരംഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വെങ്കട ശ്രീനിവാസ് മീനവള്ളിയുടെ ഉടമസ്ഥതയിലുള്ള സിംഗപ്പൂര്‍ കമ്പനി മെറിഡിയന്‍ ടെക്കിലാണ് ബച്ചന്‍ കുടുംബം ബിറ്റ്‌കോയിന്‍ നിക്ഷേപം നടത്തിയത്. ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോമായാണ് കമ്പനിയുടെ പ്രവര്‍ത്തന ശൈലി. ഈ കമ്പനിയെ ലോങ്ങ്ഫിന്‍ കോര്‍പ്പറേഷന്‍ അടുത്ത കാലത്ത് ഏറ്റെടുത്തിരുന്നു. ഡിജിറ്റല്‍ കറന്‍സിയുടെ സാധ്യതകളാണ് ലോങ്ങ്ഫിന്‍ കോര്‍പ്പറേഷനെ ഇതിനു പ്രേരിപ്പിച്ചത്. ഏറ്റെടുക്കലിന് ശേഷം ലോങ്ങ്ഫിന്‍ കോര്‍പ്പറേഷന്റെ ഓഹരികള്‍ക്ക് 2500 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ബച്ചന്‍ കുടുംബത്തിന് 2,50,000 ഷെയറുകളാണ് ഏറ്റെടുക്കലിന് ശേഷം ലോങ്ങ്ഫിന്‍ കോര്‍പ്പറേഷനില്‍ ലഭിച്ചത്. കഴിഞ്ഞ ദിവസം ലോങ്ങ്ഫിന്നിന്റെ ഒരു ഷെയറിന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 70 ഡോളര്‍ മൂല്യമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ 2015-ല്‍ ഒന്നരകോടി മാത്രം ബിറ്റ്‌കോമില്‍ നിക്ഷേപിച്ച ബച്ചന്‍ കുടുംബത്തിന്റെ നിക്ഷേപം വളര്‍ന്ന് 160 കോടി രൂപയോളമായി.
ലണ്ടന്‍: അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പ് കൂടിയ ദിവസത്തിന് അടുത്തയാഴ്ച ബ്രിട്ടന്‍ സാക്ഷിയാകുമെന്ന് മെറ്റ് ഓഫീസ്. റഷ്യയില്‍ നിന്നും സൈബീരിയയില്‍ നിന്നുമെത്തുന്ന ശീതക്കാറ്റ് ബ്രിട്ടന്റെ അന്തരീക്ഷത്തെ മൈനസ് 13 വരെയാക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന മുന്നറിയിപ്പും മെറ്റ് ഓഫീസ് നല്‍കുന്നുണ്ട്. ലണ്ടനിലും ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് പ്രദേശങ്ങളിലുമായിരിക്കും ഈ തണുത്ത കാലാവസ്ഥ ആദ്യം അനുഭവപ്പെടുക. വാരാന്ത്യത്തില്‍ മിക്ക സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകും.

തിങ്കളാഴ്ചയോടെ സൈബീരിയയില്‍ നിന്നുള്ള വായുപ്രവാഹങ്ങള്‍ തണുപ്പ് വീണ്ടും കുറയ്ക്കുമെന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു. അടുത്ത കുറച്ചു ദിവസങ്ങളില്‍ മേഘാവൃതമായ ആകാശമായിരിക്കുമെങ്കിലും ചില സമയങ്ങളില്‍ സൂര്യപ്രകാശം ലഭിക്കാനിടയുണ്ട്. പകല്‍ താപനില 6 ഡിഗ്രി വരെ ഉയര്‍ന്നേക്കാം. എന്നാല്‍ രാത്രിയില്‍ ശീതകാലാവസ്ഥ തുടരും. ശനിയാഴ്ച രാത്രിയോടെ സതേണ്‍ ഇംഗ്ലണ്ടിലെ താപനില മൈനസ് 6 വരെ താഴും. സ്‌കോട്ട്‌ലന്‍ഡിലും മറ്റും മൈനസ് 10 വരെ താപനില താഴാനിടയുണ്ട്.

ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് എന്ന പേരിലറിയപ്പെടുന്ന സൈബീരിയന്‍ കാറ്റ് തിങ്കളാഴ്ചയോടെ എത്തുന്നതിനാലാണ് ശൈത്യം വര്‍ദ്ധിക്കുന്നത്. 2013 മാര്‍ച്ചാണ് ഏറ്റവും തണുപ്പേറിയ മാര്‍ച്ചായി അറിയപ്പെടുന്നത്. ഈസ്റ്റര്‍ കാറ്റുകളും ഉച്ചമര്‍ദ്ദ മേഖലകളും ചേര്‍ന്ന് അറ്റ്‌ലാന്റിക് വായു പ്രവാഹങ്ങളെ തടയുന്നതാണ് ഇതിന് കാരണം. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില -12.9 ഡിഗ്രിയാണ്.
ലണ്ടന്‍: യുകെയില്‍ നിന്ന് തിരികെ പോകുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണം പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ യുകെ വിട്ടത് 1,30,000 യൂറോപ്യന്‍ പൗരന്‍മാരാണെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു. ഇതേ കാലയളവില്‍ യുകെയിലെത്തിയ യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണം 2,20,000 വരും. രാജ്യത്തേക്ക് എത്തുന്നവരുടെയും തിരിക പോകുന്നവരുടെയും എണ്ണത്തിലുള്ള വ്യത്യാസം 90,000 വരും. അഞ്ച് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

യുകെ വിടാനുള്ള യൂറോപ്യന്‍ പൗരന്‍മാരുടെ തീരുമാനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാനാകുന്നത് ബ്രെക്‌സിറ്റാണ്. ഇതു കൂടാതെ മറ്റ് വിവിധ കാരണങ്ങളും കുടിയേറ്റത്തെയും തിരികെയുള്ള പോക്കിനെയും ബാധിക്കാമെന്ന് ഒഎന്‍എസ് ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഹെഡ് നിക്കോള വൈറ്റ് പറഞ്ഞു. ബ്രിട്ടീഷ് പൗരന്‍മാര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന്റെ നിരക്കിലും വര്‍ദ്ധനയുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തിരിച്ചെത്തുന്ന കുടിയേറ്റക്കാരേക്കാള്‍ കൂടുതലാണ് ഇത്.

ഇപ്പോള്‍ യുകെയിലേക്ക് എത്തുന്ന യൂറോപ്യന്‍ പൗരന്‍മാരില്‍ തൊഴില്‍ തേടിയെത്തുന്നവരുടെ എണ്ണം കുറഞ്ഞതായും കണക്ക് വ്യക്തമാക്കുന്നു. യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തില്‍ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2014ലെ നിരക്കിന് സമാനമാണ് ഈ വര്‍ദ്ധന. 2,85,000 നോണ്‍ യൂറോപ്യന്‍ പൗരന്‍മാര്‍ ഒരു വര്‍ഷക്കാലയളവില്‍ യുകെയില്‍ എത്തിയിട്ടുണ്ട്. 80,000 പേര്‍ മാത്രമാണ് തിരികെ പോയത്. വിദ്യാഭ്യാസാവശ്യത്തിനായാണ് ഈ കുടിയേറ്റമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
റെഡിംഗ്: മലയാളിയായ സിറിയക് ജോസഫിന്റെയും (ബെന്നി) മറ്റ് ഏഴ് പേരുടെയും മരണത്തിന് കാരണമായ എം വണ്‍ മോട്ടോര്‍വേ ആപകടത്തിന്റെ വിചാരണ ആരംഭിച്ചു. റെഡിംഗ് ക്രൗണ്‍ കോര്‍ട്ടിലാണ് വിചാരണാ നടപടികള്‍ ആരംഭിച്ചത്. പൂര്‍ണ്ണമായും ഒഴിവാക്കാമായിരുന്ന അപകടം ട്രക്ക് ഡ്രൈവര്‍മാരുടെ അശ്രദ്ധയും മദ്യലഹരിയിലുള്ള ഡ്രൈവിംഗും കാരണമാണ് സംഭവിച്ചതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ ബോധിപ്പിച്ചു. ബ്രിട്ടീഷുകാരനായ ഡേവിഡ് വാഗ്സ്റ്റാഫ്, പോളണ്ടുകാരനാട റൈസാര്‍ഡ് മാസീറാക്ക് എന്നിവരുടെ ലോറികളാണ് ബെന്നി യുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയത്. സ്ലോ ലെയിനില്‍ നിര്‍ത്തിയിട്ടിരുന്ന മാസീറാക്കിന്റെ ലോറിയെ കടന്നു പോകാന്‍ ബെന്നിയുടെ മിനി ബസ് ശ്രമിക്കുന്നതിനിടെ വാഗ്‌സ്റ്റാഫിന്റെ ലോറി ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍ രണ്ടു ലോറികള്‍ക്കുമിടയില്‍പ്പെട്ട മിനി ബസ് പൂര്‍ണ്ണമായും തകര്‍ന്നു. ഓഗസ്റ്റ് 26ന് നടന്ന അപകടത്തില്‍ എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മാസീറാക്ക് അനുവദനീയമായതിനേക്കാള്‍ രണ്ടിരട്ടിയിലധികം മദ്യപിച്ചിരുന്നുവെന്നും അപകടത്തിനു മുമ്പ് റൗണ്ട്എബൗട്ടില്‍ തെറ്റായ ദിശയിലോടിച്ച് രണ്ട് കാറുകളുമായി കൂട്ടിയിടിക്കാന്‍ തുടങ്ങിയിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. താന്‍ 21 മണിക്കൂര്‍ മുമ്പ് മദ്യപിച്ചിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞെങ്കിലും അത് പച്ചക്കള്ളമാണെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു. നിര്‍ത്തിയിട്ട വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനുമിടയില്‍ ഇയാള്‍ ഇരുട്ടില്‍ ഇരിക്കുന്നത് കണ്ടതായി ഒരു ടാക്‌സി ഡ്രൈവര്‍ മൊഴി നല്‍കിയിരുന്നു.

ഇയാള്‍ മദ്യപിച്ചിരുന്നതായും നിര്‍ത്തിയിട്ട വാഹനത്തില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നുമാണ് വ്യക്തമായത്. അപകടത്തിന് ശേഷം സ്ഥലത്തെത്തിയ പോലീസ് ഇയാളുടെ ലോറിക്കുള്ളില്‍ നിന്ന് സിഡറിന്റെ രണ്ട് ക്യാനുകള്‍ കണ്ടെത്തിയിരുന്നു. മറ്റ് ചില ഡ്രൈവര്‍മാരും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. വാഗ്സ്റ്റാഫ് വാഹനമോടിച്ചിരുന്നത് ഓട്ടോ പൈലറ്റിലായിരുന്നുവെന്നും തനിക്കു മുമ്പില്‍ നടക്കുന്നത് എന്താണെന്ന് അയാള്‍ അറിഞ്ഞതുപോലുമില്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. 56 മൈല്‍ വേഗതയില്‍ പോകുകയായിരുന്ന ഇയാള്‍ക്ക് 10 സെക്കന്‍ഡ് മുമ്പ് തന്റെ മുന്നിലുള്ള വാഹനം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

പുലര്‍ച്ചെ 3 മണിക്കുണ്ടായ അപകടത്തില്‍ വാഗ്സ്റ്റാഫ് ആക്‌സിലറേറ്റര്‍ കുറയ്ക്കാനോ ബ്രേക്ക് ചെയ്യാനോ ശ്രമിച്ചതിന്റെ അടയാളം പോലും പരിശോധനയില്‍ കണ്ടെത്താനായില്ല. രണ്ട് പ്രതികളും റോഡില്‍ അപകടകരമായാണ് പെരുമാറിയത്. അതുതന്നെയാണ് അപകടത്തിന് കാരണമായതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ബെന്നിയുടെ ഭാര്യ ആന്‍സി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ വിചാരണ കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.
പേസ്‌മേക്കറുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഹൃദയ ചലനത്തെ നിയന്ത്രിക്കുന്നതിനായി പേസ്‌മേക്കറുകള്‍ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഏകദേശം 35,000 രോഗികള്‍ യുകെയില്‍ ജീവിക്കുന്നുണ്ട്. ജീവന്‍ രക്ഷിക്കുന്നതിനായി ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫൈബ്രിലേറ്റേഴ്‌സ് (ICDs) ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള രോഗികളുടെ എണ്ണം 13,000ത്തിലധികം വരും. ജീവന്‍ നിലനിര്‍ത്തുന്നതിനായ ഘടിപ്പിച്ചിട്ടുള്ള ഇത്തരം കുഞ്ഞ് ഉപകരണങ്ങള്‍ രാഷ്ട്രീയ സാമ്പത്തിക ലാഭത്തിനായി ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ കോളെജ് ഓഫ് കാര്‍ഡിയോളജി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. നെഞ്ചിലോ ഹൃദയത്തിന് മുകളിലോ ആയി ഘടിപ്പിച്ചിരിക്കുന്ന ഈ ഉപകരണങ്ങള്‍ ഹൃദയ ചലനങ്ങള്‍ കൃത്യമല്ലെങ്കില്‍ ചെറു വൈദ്യുത തരംഗങ്ങള്‍ ഉണ്ടാക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കുകയും ചെയ്യും. രോഗികളുടെ നില ഗുരുതരമാണെങ്കില്‍ അവരുടെ ഡോക്ടറെ വിവരമറിയിക്കാനും ഈ ഉപകരണങ്ങള്‍ക്ക് കഴിവുണ്ട്. ഹാക്കര്‍മാര്‍ക്ക് പേസ്‌മേക്കറുകളുടെ സോഫ്റ്റ്‌വെയറുകളില്‍ അനധികൃതമായി ലോഗിന്‍ ചെയ്ത് അകത്തു കടക്കാനും പേസ് മേക്കറുകളുടെ ബാറ്ററി ലെവലിനെ നിയന്ത്രിക്കാനും കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫൈബ്രിലേറ്റേഴ്‌സിന്റെ കാര്യമെടുത്താല്‍ ഹൃദയ ചലനം നിര്‍ത്താനുള്ള വൈദ്യൂത തരംഗങ്ങള്‍ നിര്‍മ്മിക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഈ ഉപകരണങ്ങളെ വൈറസ് ഉപയോഗിച്ചോ ഇന്‍അഡ്വെര്‍ട്ടെന്റ് ഹാക്കിംഗ് രീതി ഉപയോഗിച്ചോ നിയന്ത്രിക്കാന്‍ കഴിയുമെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്. പേസ്‌മേക്കറുകള്‍ക്കും ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡീഫൈബ്രിലേറ്റേഴ്‌സിനും ഹാക്കര്‍മാരുടെ ഭീഷണി നിലനില്‍ക്കുന്നതായി ഇവയുടെ നിര്‍മ്മാതാക്കള്‍ക്കും രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പേസ്‌മേക്കറുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കാര്‍ഡിയോവാസ്‌ക്യുലാര്‍ ഇംപ്ലാന്‍ബിള്‍ ഇലക്ട്രോണിക് ഡിവൈസിനെ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം ഹാക്കിംഗിന് സാധ്യതകള്‍ കുറവാണെന്ന് പഠനം നടത്തിയ പ്രൊഫസര്‍ ധനഞ്ജയ ലാക്കിറെഡ്ഡി പറയുന്നു. മാല്‍വെയര്‍ അല്ലെങ്കില്‍ റാന്‍സംവെയര്‍ ആക്രമണങ്ങള്‍ ആശുപത്രി നെറ്റ്‌വര്‍ക്കുകളുടെ ആശയവിനിമയത്തെ ബാധിക്കുന്ന വിധത്തില്‍ ആസൂത്രണം ചെയ്യാനാണ് സാധ്യതകളെന്നും ലാക്കിറെഡ്ഡി പറയുന്നു. കാര്‍ഡിയാക് പേസ്‌മേക്കറുമായി ബന്ധിപ്പിക്കുന്ന വൈഫൈ നെറ്റ്‌വര്‍ക്കുകള്‍ ഹാക്കര്‍മാര്‍ ആക്രമിക്കുമെന്ന ഭീതി മൂലം വിച്ഛേദിച്ചിരിക്കുകയാണെന്ന് 2013ല്‍ മുന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഡിക്ചീനി പ്രഖ്യാപിച്ചിരുന്നു.