ലണ്ടന്: ഓപ്പറേഷനുകള്ക്കും മറ്റുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വര്ദ്ധിക്കുന്നത് എന്എച്ച്എസിനെ വന് പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. 9 വര്ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള് എന്എച്ച്എസ് കടന്നുപോകുന്നതെന്നാണ് റിപ്പോര്ട്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്ക്ക് 18 ആഴ്ച വരെ കാത്തിരിപ്പ് സമയമാണ് നല്കിയിരിക്കുന്നത്. എന്നാല് ഒരു വര്ഷത്തിനു മേല് വെയ്റ്റിംഗ് ലിസ്റ്റില് തുടരുന്ന രോഗികളുടെ എണ്ണത്തില് കാര്യമായ വര്ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത്.
മൂന്നര മാസമെന്ന പരിധിയും കഴിഞ്ഞ ശസ്ത്രക്രിയകള്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം 409,000 വരുമെന്നാണ് പുതിയ വിവരങ്ങള് സൂചിപ്പിക്കുന്നത്. 2008 സെപ്റ്റംബറിലായിരുന്നു ഇതിനു മുമ്പ് ഇത്തരത്തില് ഒരു പ്രതിസന്ധിയുണ്ടായിട്ടുള്ളത്. ഓഗസ്റ്റില് രേഖപ്പെടുത്തിയ പുതിയ കണക്കുകള് എന്എച്ച്എസ് നേരിടുന്ന മറ്റൊരു വലിയ പ്രതിസന്ധിയുടെ സൂചന കൂടിയാണ്. സാധാരണ ഗതിയില് രോഗികളെ പരിചരിക്കാന് പ്രശ്നങ്ങള് നേരിടുന്നത് വിന്ററിലാണ്. പക്ഷേ സമ്മറില് ഇത്രയും പ്രശ്നം നേരിട്ടെങ്കില് വിന്റര് ആശങ്ക നിറഞ്ഞതാകുമെന്ന സൂചനയാണ് ഇത് നല്കുന്നത്.
ജീവനക്കാര് കൊഴിഞ്ഞു പോകുന്നതും ഫണ്ടുകളുടെ കുറവും മൂലം താളം തെറ്റിയ എന്എച്ച്എസിന്റെ പ്രകടനം അതിന്റെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു കഴിഞ്ഞ വിന്ററില് നടത്തിയത്. മഞ്ഞുകാലത്തെ രോഗങ്ങള് വര്ദ്ധിക്കുകയും കൂടുതല് രോഗികള് എത്തുകയും ചെയ്യുന്നതോടെ ആക്സിഡന്റ് ആന്ഡ് എമര്ജന്സികളില് ഉള്പ്പെടെ തിരക്ക് വര്ദ്ധിക്കുമെന്നാണ് സൂചന. ഇത് അടിയന്തര ചികിത്സ ആവശ്യമായവര്ക്ക് പോലും കാര്യമായ ശ്രദ്ധ നല്കുന്നതില് വീഴ്ചയ്ക്ക് കാരണമാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
അമേരിക്കയിലെ ടെക്സസില് മലയാളി ബാലിക ഷെറിനെ കാണാതായ സംഭവത്തില് നിര്ണായ സൂചന. പുലർച്ചെ പെണ്കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരു വാഹനം പുറത്തു പോയിവന്നതായി അയൽക്കാരുടെ മൊഴിയിൽ നിന്നു വ്യക്തമാണ്. തൊട്ടടുത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ഇതു വ്യക്തമാക്കുന്നുണ്ട്. പൊലീസ് അയല്വാസികളോട് സിസിടിവി ദൃശ്യങ്ങള് ആവശ്യപ്പെട്ടിട്ടുണ്ട്. പിതാവിന്റെ മൊഴിയുമായി പൊരുത്തപ്പെടുന്നതല്ല പുതിയ കണ്ടെത്തല്. ചോദ്യം ചെയ്യലിനോട് കുടുംബാംഗങ്ങൾ ഇപ്പോൾ സഹകരിക്കുന്നില്ലെന്നാണു റിപ്പോർട്ടുകൾ.
ഷെറിൻ ഇവരുടെ ദത്തു പുത്തിയാണ്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് അവര്ക്കു കുട്ടി പിറന്നതെന്നു അയല്ക്കാരനെ ഉദ്ധരിച്ച് പ്രാദേശിക ചാനല് റിപ്പോര്ട്ട് ചെയ്തു. കുട്ടി ജനിച്ച് ഒരു വര്ഷം കഴിഞ്ഞപ്പോള് അവര് ഇന്ത്യയില് പോയി ഷെറിനെ ദത്തെടുത്തു. ഒരു കുട്ടിയെ ദൈവം അദ്ഭുതകരമായി നല്കിയപ്പോള് നന്ദി സൂചകമായി മറ്റൊരു കുട്ടിക്കു കൂടി ജീവിതം നല്കുന്നതിനാണ് ഇവർ ഷെറിനെ ദത്തെടുത്തത്. കുട്ടിക്ക് മാനസിക വളർച്ച കുറവ് ഉണ്ടായിരുന്നു.പെണ്കുട്ടിയുടെ മാതാപിതാക്കള് മലയാളികള് കുട്ടിയെ ദത്തെടുത്തത് കേരളത്തിലെ അനാഥാലയത്തില് നിന്നാണ്.
കുട്ടിയെ കാണാതായി ആറു ദിവസം പിന്നിടുമ്പോഴും കുട്ടിയെക്കുറിച്ച് സൂചനയോ തെളിവോ ലഭിച്ചിട്ടില്ല. പാലു കുടിക്കാത്തതിനുളള ശിക്ഷ എന്ന നിലയിൽ വീടിനു സമീപം പിന്നാമ്പുറത്തെ ഒരു വലിയ മരത്തിന്റെ കീഴിൽ നിര്ത്തുകയായിരുന്നുവെന്നാണു കുട്ടിയുടെ പിതാവ് വെസ്ലി മാത്യൂസ് നേരത്തെ പൊലീസിനോട് പറഞ്ഞത്. 15 മിനിറ്റ് കഴിഞ്ഞു ചെന്നു നോക്കുമ്പോള് കുട്ടിയെ കാണാനില്ല.വീട്ടില് നിന്ന് 100 അടി അകലെ മതിലിനു സമീപത്താണു മരം.
ഇവരുടെ വീടിനടുത്തൊക്കെ ചെന്നായയെ (കൊയൊട്ടി) കാണാറുണ്ടെന്നു വെസ്ലി പൊലീസിനൊട് മുൻപു പറഞ്ഞിരുന്നു. ആ നിലയ്ക്കും പൊലീസ് കുട്ടിയെ മൃഗങ്ങൾ ആക്രമിച്ചതാണോ എന്ന് അന്വേഷണം നടത്തിയിരുന്നു. എന്നാല് കൊയോട്ടി മനുഷ്യരെ ഉപദ്രവിക്കുന്നത് വിരളമാണെന്നുഹുമെയ്ന് സൊസൈറ്റി പറയുന്നു. കൊയോട്ടി കുട്ടിയെ വലിച്ചു കൊണ്ടു പോയതിനു സാധ്യതയില്ലെന്നും അധികൃതര് പറയുന്നു.വീട്ടിലെ മൂന്നു വാഹനങ്ങള്, ഫോണ്, ലാപ്പ്ടോപ്പ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൈല്ഡ് എന്ഡെയ്ഞ്ചര്മെന്റ് വകുപ്പുപ്രകാരം കസ്റ്റഡിയിലെടുത്ത വെസ്ലിയെ (37) രണ്ടരലക്ഷം ഡോളര് ജാമ്യത്തില് പിന്നീട് വിട്ടയയ്ക്കുകയായിരുന്നു..
വെസ്ലിയുടെ ഭാര്യയെ ചൊദ്യം ചെയ്ത ശേഷം വിട്ടയച്ചു. അവര്ക്കെതിരെ ചാര്ജുകളൊന്നുമില്ല. എന്നാല് മാനസിക വികാസം പ്രാപിക്കാത്ത കുട്ടിയാണെന്നു അറിയാതെയാണ് ഷെറിനെ ദത്തെടുത്തതെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആവശ്യത്തിനു പോഷകാഹാരം ലഭിക്കാതെ വളര്ച്ചയെ ബാധിച്ച നിലയിലാണു കുട്ടിയെ ദത്തെടുക്കുന്നതെന്നും അതിനാല് രാത്രി ഉണര്ന്നു ഭക്ഷണം കഴിക്കുന്ന പതിവ് കുട്ടിക്കുണ്ടായിരുന്നുവെന്നു കുടുംബാംഗങ്ങള് പൊലീസിനെ അറിയിച്ചു.
കുട്ടിയെ പുലര്ച്ചെ മൂന്നേകാലിനു കാണാതായെങ്കിലും ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണു പൊലീസില് പരാതിപ്പെടുന്നത്. ഈ കാലതാമസത്തിനു വ്യക്തമായ വിശദീകരണമില്ല. കുട്ടിയെ നിര്ത്തിയ മരത്തിന്റെ ചുവട്ടില് മാത്യൂസിനെയും കൂട്ടി പൊലീസ് എത്തിയിരുന്നു.
ലണ്ടന്: ഒഫീലിയ ചുഴലിക്കാറ്റ് ഈ വാരാന്ത്യത്തില് യുകെയിലെത്തും. കനത്ത മഴയ്ക്കും 70 മൈല് വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കുന്നു. ഒഫീലിയ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചത് വളരെ പെട്ടെന്നായിരുന്നു. 1987ല് ഗ്രേറ്റ് സ്റ്റോം ആഞ്ഞടിച്ചതിന്റെ 30-ാം വാര്ഷികത്തിലാണ് ഓഫീലിയ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ച ശേഷമുള്ള ഭാഗമാണ് എത്തുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറന് ഭാഗങ്ങളില് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.
18 പേരുടെ മരണത്തിനും 1 ബില്യന് പൗണ്ടിന് തുല്യമായ തുകയുടെ നാശനഷ്ടങ്ങള്ക്കും കാരണമായ ഗ്രേറ്റ് സ്റ്റോം വരുത്തിവെച്ച നാശനഷ്ടമൊന്നും ഒഫീലിയ സൃഷ്ടിക്കാന് സാധ്യതയില്ലെന്ന് ഫോര്കാസ്റ്ററായ മൈക്കില് ഫിഷ് പറഞ്ഞു. എന്നാല് മൊത്തം കാലാവസ്ഥയില് പ്രകടമായ മാറ്റമുണ്ടാകും. ഒരു രാത്രികൊണ്ട് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച ഒഫീലിയ ഐബീരിയ ലക്ഷ്യമാക്കിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
അതിനു ശേഷം ശക്തി കുറഞ്ഞ് ബ്രിട്ടീഷ് ദ്വീപുകളിലേക്ക് പ്രവേശിക്കുന്ന ഒഫീലിയ ഈയാഴ്ച അവസാനമോ അടുത്തയാഴ്ച തുടക്കത്തിലോ യുകെയില് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റിന്റെ സഞ്ചാരപഥം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥയില് കാര്യമായ മാറ്റങ്ങള് ഉണ്ടാകാമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കുന്നു.
ലണ്ടന്: 2020 ഓടെ എന്എച്ച്എസ് ഇംഗ്ലണ്ടില് 5000 ജിപിമാരെ അധികമായി നിയമിക്കുമെന്ന ഹെല്ത്ത് സെക്രട്ടറിയുടെ അവകാശവാദം നടപ്പാകുമോ? 2015ലാണ് ഹണ്ട് ഈ വാഗ്ദാനം നല്കിയത്. ഈ കാലാവധിയുടെ മധ്യത്തിലെത്തി നില്ക്കുമ്പോളുള്ള വിശകലനങ്ങളാണ് സംശയത്തിന് ആധാരമാകുന്നത്. 2015ല് 34,500 ജിപിമാര് എന്എച്ച്എസിനു കീഴില് പ്രവര്ത്തിക്കുന്നുണ്ടായിരുന്നു. ഇത് 2020ഓടെ 39,500 ആക്കി ഉയര്ത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല് ഏറ്റവും പുതിയ കണക്കനുസരിച്ച് 2015ല് ഉണ്ടായിരുന്നതിനേക്കാള് 350 ജിപിമാര് കുറവാണ് ഇ പ്പോള് ഉള്ളതെന്നാണ് പുതിയ കണക്കുകള് വ്യക്തമാക്കുന്നത്.
രജ്സ്ട്രാര്മാരും സ്പെഷ്യലിസ്റ്റ് പരിശീലനം പൂര്ത്തിയാക്കാത്ത ട്രെയിനി ജിപിമാരുമുള്പ്പെടെയുള്ളവരുടെ കണക്കാണ് ഇത്. പൂര്ണ്ണതോതിലുള്ള ജിപി ആകണമെങ്കില് രണ്ട് വര്ഷത്തെ സ്പെഷ്യലിസം ഗ്രാജ്വേഷന് പൂര്ത്തിയാക്കണം. കൂടുതല് ജിപിമാരെ നിയമിക്കണമെങ്കില് പുതിയ ആളുകളെ പരിശീലിപ്പിക്കുകയോ വിദേശങ്ങളില് നിന്നുള്ളവരെ നിയമിക്കുകയോ വേണം. നിലവിലുള്ളവര് എന്എച്ച്എസ് വിട്ടുപോകുന്നത് തടയാനുള്ള സംവിധാനവും ഏര്പ്പെടുത്തണം. ഈ മൂന്നു കാര്യങ്ങളും എന്എച്ച്എസ് പ്രാവര്ത്തികമാക്കുന്നുണ്ട്.
2016 വരെ പ്രതിവര്ഷം 3250 ട്രെയിനികളെ പരിശീലിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്ന് എന്എച്ച്എസിന്റെ പരിശീലന വിഭാഗമായ ഹെല്ത്ത് എജ്യുക്കേഷന് ഇംഗ്ലണ്ട് പറയുന്നു. എന്നാല് ഇതില് 9 ശതമാനം വര്ദ്ധന വരുത്താന് മാത്രമേ സാധിക്കുന്നുള്ളൂ. ലക്ഷ്യമിട്ടിരുന്നതിനേക്കാള് പിന്നിലാണ് ഈ നിരക്ക്. നാഷണല് ഓഡിറ്റ് ഓഫീസിന്റെ ജനുവരിയിലെ കണക്കുകള് അനുസരിച്ച് 3019 ജിപിമാരെ നിയമിച്ചിട്ടുണ്ട്. ലക്ഷ്യത്തിന്റെ 93 ശതമാനം വരും ഇത്. അതാത് ജിപിമാരെ നിയമിക്കുന്നതില് കുറവൊന്നും ഉണ്ടാകുന്നില്ല. പക്ഷേ കൂടുതല് ആളുകള് ഈ ജോലി ഉപേക്ഷിക്കുന്നതും വിരമിക്കുന്നതുമാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
ന്യൂസ് ഡെസ്ക്
നൈനിക ടിക്കൂ അനശ്വരതയിലേക്ക് യാത്രയായി.. സ്നേഹപൂർവ്വം നല്കിയ പാൻകേക്ക് തൻറെ മകളുടെ ജീവനെടുക്കുമെന്ന് ആ പിതാവ് കരുതിയില്ല.. ഹൃദയം നുറുങ്ങുന്ന വേദനയിൽ തങ്ങളുടെ ഒൻപതു വയസുകാരി മകൾക്ക് അവസാന മുത്തം നല്കി മാതാപിതാക്കളായ വിനോദും ലക്ഷ്മിയും.. മരണകാരണം അനാഫിലാറ്റിക് ഷോക്ക്.. പാരാമെഡിക് കിണഞ്ഞു ശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.. ലൈഫ് സപ്പോർട്ടിൻറെ സഹായത്തോടെ ജീവൻ നിലനിർത്തിയത് അഞ്ചുദിനം.. പാറിപ്പറന്നു നടന്ന കൊച്ചു രാജകുമാരിയുടെ ഓർമ്മയിൽ ദു:ഖിതരായി ഒരു കുടുംബം.
നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹാരോയിൽ താമസിക്കുന്ന വിനോദിൻറെയും ലക്ഷ്മിയുടെയും മകളാണ് കഴിച്ച പാൻ കേക്കിലെ അലർജി മൂലം മരണമടഞ്ഞത്. മെയ് 20 നായിരുന്നു നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ ദുരന്തം അരങ്ങേറിയത്. പതിവുപോലെ ഹോഴ്സ് റൈഡിംഗിനു പോയ നൈനിക ടിക്കുവിന് പിതാവ് വിനോദ് പാൻകേക്ക് ഉണ്ടാക്കി നല്കി. നൈനിക ആവശ്യപ്പെട്ടതനുസരിച്ച് ബ്ലാക്ക്ബെറിയും പാൻ കേക്കിൽ ചേർത്തിരുന്നു. കഴിച്ച ഉടൻ തന്നെ നൈനിക അലർജിക് റിയാക്ഷൻ മൂലം കുഴഞ്ഞു വീണു. തന്റെ മകളെ രക്ഷിക്കാൻ വിനോദ് കൃത്രിമ ശ്വാസോഛ്വാസമടക്കമുള്ള പ്രാഥമിക ശുശ്രൂഷകൾ നല്കി. അതിനുശേഷം പാരാമെഡിക്സിനെ വിവരമറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പാരാമെഡിക്സ് തങ്ങളാലാവുന്ന പരിശ്രമങ്ങൾ നടത്തിയശേഷം ഹോസ്പിറ്റലിലേക്ക് മാറ്റി.
വെന്റിലേറ്ററിൻറെ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും നൈനികയുടെ ആരോഗ്യനില മെച്ചപ്പെട്ടില്ല.അഞ്ചുദിവസം നൈനിക ടിക്കൂ വെൻറിലേറ്ററിൽ കഴിഞ്ഞു. വിനോദിൻറെയും ലക്ഷ്മിയുടെ ഹൃദയമുരുകുന്ന പ്രാർത്ഥനകൾ സഫലമായില്ല. മകൾക്ക് ബ്രെയിൻ ഡെത്ത് സംഭവിച്ചുവെന്ന യഥാർത്ഥ്യം മനസിലാക്കിയ മാതാപിതാക്കൾ ലൈഫ് സപ്പോർട്ട് സ്വിച്ച് ഓഫ് ചെയ്യാൻ മെയ് 25 ന് അനുമതി നല്കുകയായിരുന്നു. മരിക്കുന്നതിന് മുൻപ് നടത്തിയ പ്രിക്ക് ടെസ്റ്റിൽ ബ്ലാക്ക് ബെറിയും നൈനികയ്ക്ക് അലർജിയായിരുന്നു എന്നു കണ്ടെത്തി. ചെറുപ്പത്തിൽ തന്നെ തങ്ങളുടെ മകൾക്ക് ഫുഡ് അലർജി ഉണ്ടെന്ന് മാതാപിതാക്കൾക്ക് അറിയാമായിരുന്നു. ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമാണ് എന്ന് അറിഞ്ഞിരുന്നില്ല. ജി.പിയുടെ നിർദ്ദേശപ്രകാരം ഡയറി പ്രോഡക്ടുകൾ, മുട്ട, സോയാ തുടങ്ങിയവ നൈനികയ്ക്ക് നല്കിയിരുന്നില്ല. വിനോദ് ഉണ്ടാക്കി നല്കിയ പാൻകേക്കിൽ അലർജിയുണ്ടാക്കുന്ന ഭക്ഷണത്തിൻറെ അംശം കലർന്നിരുന്നു എന്നാണ് സംശയിക്കുന്നത്.
മകളുടെ വേർപാടിൻറെ ദു:ഖം മനസിലൊതുക്കിയ ഐ.ടി കൺസൽട്ടന്റായ വിനോദും പൊളിറ്റിക്കൽ കൺസൽട്ടന്റായ ലക്ഷ്മിയും ഫുഡ് അലർജിയെക്കുറിച്ച് ബോധവൽക്കരണം ആരംഭിച്ചു. ഫ്യൂണറൽ ഫ്ളവേഴ്സിന് പകരമായി ദി നൈനിക ടിക്കൂ ഫൗണ്ടേഷനായി ജസ്റ്റ് ഗിവിംഗ് പേജ് ആരംഭിച്ച വിനോദിൻറെയും ലക്ഷ്മിയുടെയും അപ്പീലിൽ ആദ്യ മണിക്കൂറിൽ ലഭിച്ചത് 2000 പൗണ്ടായിരുന്നു. തുടർന്ന് തുക 14,000 പൗണ്ടിലെത്തി. ഫുഡ് അലർജിയുടെ ഭവിഷ്യത്തുകളെക്കുറിച്ചുള്ള റിസേർച്ചിനും ബോധവൽക്കരണത്തിനുമായി നിരവധി ഇവന്റുകളാണ് വിനോദും ലക്ഷ്മിയും സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ലണ്ടന്: ഗ്രെന്ഫെല് ടവര് ദുരന്തത്തില് നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരന്മാരല്ലാത്തവര്ക്ക് പെര്മനന്റ് റസിഡന്സി നല്കാന് തീരുമാനം. ഹോം ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. തീപ്പിടിത്തിന്റെ ദുരിതം അനുഭവിച്ചവര്ക്ക് യുകെയില് തങ്ങാന് ഒരു വര്ഷം കൂടി സമയം നീട്ടി നല്കാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. ഒട്ടേറെ വിമര്ശനങ്ങള് ഏറ്റുവാങ്ങിയ ഈ തീരുമാനം മാറ്റി സ്ഥിരതാമസത്തിനുള്ള അനുമതി നല്കാനുള്ള നിര്ദേശം മന്ത്രിമാര് അംഗീകരിക്കുകയായിരുന്നു.
ദുരന്തത്തില് നിന്ന് രക്ഷപ്പെട്ടവര്ക്ക് അത്യവശ്യ സേവനങ്ങള് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും അവരുടെ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാനുമുള്ള സംവിധാനമാണ് ആദ്യത്തെ നിര്ദേശത്തിലൂടെ സര്ക്കാര് ലക്ഷ്യമിട്ടതെന്ന് ഇമിഗ്രേഷന് മിനിസ്റ്റര് ബ്രാന്ഡന് ലൂയിസ് പറഞ്ഞു. ഗ്രെന്ഫെല് ടവര് ഇമിഗ്രേഷന് പോളിസി പ്രഖ്യാപിച്ചതിനു ശേഷം ദുരന്തത്തെ അതിജീവിച്ചവരുടെ ഭാവിയേക്കുറിച്ചുള്ള ആലോചനയിലായിരുന്നു സര്ക്കാര്. അവരുടെ അഭിപ്രായങ്ങളും ദുരന്തത്തേക്കുറിച്ച് അന്വേഷിക്കുന്ന സര് മാര്ട്ടിന് മൂര് ബിക്കിന്റെ ഉപദേശവും അനുസരിച്ചാണ് പുതിയ തീരുമാനം.
അപകടത്തില്പെട്ടവര്ക്ക് യുകെയില് അനിശ്ചിതത്വങ്ങള് ഉണ്ടാകാതിരിക്കാനാണ് നടപടി. എന്നാല് സുരക്ഷാ പരിശോധനകളും ക്രിമിനല് പശ്ചാത്തലം അന്വേഷിക്കുന്നതുള്പ്പെടെയുള്ള നടപടികളും ഇക്കാര്യത്തില് സ്വീകരിക്കും. എന്നാല് പൂര്ണ്ണ തോതില് ദുരന്തത്തെ അതിജീവിച്ചവര്ക്ക് സംരക്ഷണം നല്കാനുള്ള നടപടികള് സര്ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന് ഷാഡോ ഹോം സെക്രട്ടറി ഡയാന് ആബട്ട് കുറ്റപ്പെടുത്തി.
ലണ്ടന്: എന്എച്ച്എസ് നഴ്സുമാരുടെ എണ്ണം വലിയ തോതില് കുറഞ്ഞുവെന്ന് റിപ്പോര്ട്ട്. 2013ന് ശേഷം ആദ്യമായാണ് ഇത്രയും ഭീമമായ തോതില് നഴ്സുമാരുടെ എണ്ണം കുറയുന്നത്. യൂറോപ്യന് ജീവനക്കാര് ജോലിയുപേക്ഷിക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം നഴ്സുമാരായി രജിസ്റ്റര് ചെയ്യുന്ന യൂറോപ്യന് പൗരത്വമുള്ളവരുടെ എണ്ണത്തില് കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ഔദ്യോഗിക രേഖകള് പറയുന്നു. കഴിഞ്ഞ വര്ഷം സമ്മറിലുണ്ടായിരുന്നതിനേക്കാള് കുറവാണ് ഈ വര്ഷം സമ്മറില് ഉണ്ടായിരുന്ന നഴ്സുമാരുടെ എണ്ണമെന്ന് കിംഗ്സ് ഫണ്ട് വിശകലനം വ്യക്തമാക്കുന്നു.
2017 ജൂണില് 316,725 നഴ്സുമാരാണ് എന്എച്ച്എസില് സേവനം അമനുഷ്ഠിക്കുന്നത്. കഴിഞ്ഞ വര്ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള് 703 പേര് കുറവാണ് ഈ കണക്കെടുപ്പില് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന് ജീവനക്കാര് വിട്ടുപോകുന്നതും ജോലിക്കായി രജിസ്റ്റര് ചെയ്യാന് തയ്യാറാകാത്തതും മാത്രമല്ല, ഭാഷാ ജ്ഞാനം പരിശോധിക്കുന്ന ഐഇഎല്ടിഎസ് പരീക്ഷ കൂടുതല് കഠിനമാക്കിയതും നഴ്സുമാരുടെ എണ്ണം കുറയാന് കാരണമായിട്ടുണ്ട്.
അനാരോഗ്യം മൂലം ജോലിയുപേക്ഷിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വര്ദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കിംഗ്സ് ഫണ്ട് റിപ്പോര്ട്ട് പറയുന്നു. ജോലിസമയവും സ്വകാര്യ ജീവിതവുമായുള്ള അന്തരം കുറഞ്ഞതിനാല് ജീവനക്കാര്ക്ക് മാനസിക സമ്മര്ദ്ദമേറുന്നതാണ് ഇതിനു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറേ വര്ഷങ്ങളായി ഈ പ്രവണത വര്ദ്ധിച്ചുവരുന്നതായാണ് റിപ്പോര്ട്ട് പറയുന്നത്.
കൊവെന്ട്രി: യുകെയിലെ വിവിധ സഭാ വിഭാഗങ്ങളില്പ്പെട്ട ഗായക സംഘങ്ങളെ കോര്ത്തിണക്കി യുകെ മലയാളികളുടെ സ്വന്തം ചാനലായ ഗര്ഷോം ടിവിയും ലണ്ടനിലെ പ്രമുഖ സംഗീത ബാന്ഡായ അസാഫിയന്സും ചേര്ന്ന് എക്യൂമെനിക്കല് ക്രിസ്മസ് കരോള് മത്സരം നടത്തുന്നു. ഡിസംബര് പതിനാറാം തീയതി കൊവെന്ട്രി വില്ലന് ഹാള് സോഷ്യല് ക്ലബില് സംഘടിപ്പിച്ചിരിക്കുന്ന ഈ കരോള്ഗാന മത്സരത്തില് വിജയികള് ആകുന്നവര്ക്ക് ആകര്ഷകമായ സമ്മാനങ്ങളും ലഭിക്കും. ഒന്നാം സമ്മാനം £1000, രണ്ടാം സമ്മാനം £500 ,മൂന്നാം സമ്മാനം £250 എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തില് പങ്കെടുക്കുന്ന ടീമുകള്ക്ക് രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കും.
ഗ്രെയിറ്റ് ബ്രിട്ടന് രൂപത അധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് മുഖ്യാതിഥിയായി പങ്കെടുത്തു ക്രിസ്മസ് സന്ദേശം നല്കും. കൂടാതെ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കള് ആശംസകള് അര്പ്പിച്ചു സംസാരിക്കും. യുകെയില് ആദ്യമായി നടത്തുന്ന ഈ കരോള് ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെ ഒത്തുചേരലിനു വേദിയാകും. കരോള് ഗാന മത്സരങ്ങള്ക്ക് ശേഷം ലണ്ടന് അസഫിയാന്സ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും. ഡിസംബര് പതിനാറിന് വൈകുന്നേരം മൂന്നു മണി മുതല് ഏഴു മണി വരെ നടക്കുന്ന ഈ സംഗീത മത്സരത്തില് പങ്കെടുക്കുവാന് താല്പര്യം ഉള്ള യുകെയിലെ വിവിധ ഗായകസംഘങ്ങള് താഴെപറയുന്ന നമ്പറുകളില് ബന്ധപ്പെടുക. പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീതസായാഹ്നത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി സംഘാടകര് അറിയിച്ചു.
Contact numbers: 07828 456564, 07958236786
ലണ്ടന്: അമിത ബില്ല് ഏര്പ്പെടുത്തി ഉപഭോക്താക്കളെ പിഴിയുന്ന എനര്ജി കമ്പനികള്ക്ക് മൂക്ക്കയറിടാനൊരുങ്ങി സര്ക്കാര്. എനര്ജി ബില്ലുകള്ക്ക് പരിധി നിശ്ചയിക്കാനുള്ള ബില്ലിന്റെ കരട് പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ചു. കണ്സര്വേറ്റീവ് സമ്മേളനത്തില് അവതരിപ്പിച്ച നിര്ദേശം കോമണ്സില് കരട് ബില്ലായി അവതരിപ്പിക്കുകയായിരുന്നു. ഒരേ വിതരണക്കാരുടെ ഉപഭോക്താക്കളായി തുടരുന്നവരെ പിഴിയുന്ന സമീപനം കമ്പനികള് സ്വീകരിക്കുന്നതായി പരാതികള് ഉയര്ന്നിരുന്നു. അത്തരം ചൂഷണങ്ങള് ഒഴിവാക്കാനാണ് ഇതിലൂടെ സര്ക്കാര് ലക്ഷ്യമിടുന്നത്.
ജൂണിലെ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു നിയമത്തില് ഭേദഗതി വരുത്തുമെന്നത്. എന്നാല് ക്വീന്സ് സ്പീച്ചിനു ശേഷം ചില എംപിമാര് ഇത് സര്ക്കാരിന്റെ അനാവശ്യ ഇടപെടലാകുമെന്നും സ്വതന്ത്ര വിപണിയെന്ന ആശയത്തിന് വിരുദ്ധമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് എല്ലാ പാര്ട്ടികളില് നിന്നുമുള്ള 192 എംപിമാര് എനര്ജി വിലയില് ഇടപെടണമെന്ന് സര്ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പാവപ്പെട്ട ഉപഭോക്താക്കളെ കമ്പനികള് ഇരകളാക്കുകയാണെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില് ഇവര് പറഞ്ഞു.
ഈ കത്തിലെ നിര്ദേശങ്ങളില് താരിഫുകള്ക്ക് പരിധി നിര്ണ്ണയിക്കാനുള്ള പദ്ധതിക്ക് തെരേസ മേയ് അംഗീകാരം നല്കി. കരട് ബില് ഇനി ബിസിനസ്, എനര്ജി, ഇന്ഡസ്ട്രിയല് സ്ട്രാറ്റജി സെലക്റ്റ് കമ്മിറ്റികളുടെ പരിശോധനയ്ക്ക് എത്തും. തങ്ങളുടെ ഓഹരികളില് ലക്ഷങ്ങളുടെ മൂല്യം കുറയ്ക്കുന്ന നടപടിയാണ് സര്ക്കാര് സ്വീകരിക്കുന്നതെന്നായിരുന്നു കമ്പനികള് ഇതേക്കുറിച്ച് പ്രതികരിച്ചത്. ചെറിയ താരിഫുകളില് ഓഫ്ജെം നിശ്ചയിക്കുന്ന പരിധിയാണ് നടപ്പാക്കാന് ഉദ്ദേശിക്കുന്നത്.
റിച്ചാര്ഡ്സന്, ടെക്സസ്: അമേരിക്കന് മലയാളി ദമ്പതികളുടെ ദത്ത് പുത്രി മൂന്നു വയസുകാരി ഷെറിനെ കാണാതായിട്ടു മൂന്നു ദിവസമായതോടെ പോലീസ് അംബര് അലര്ട്ട് പിന് വലിച്ചു. സൂചനകളോ തെളിവുകളോ ഒന്നും ലഭിക്കാത്ത സഹചര്യത്തിലാണിത്. ആവശ്യമെങ്കില് വീണ്ടും അലര്ട്ട് പുറപ്പെടുവിക്കുമെന്നു പോലീസ് പറയുന്നു. ഇപ്പോള് തങ്ങള്ക്കു ആരെയെങ്കിലും സംശയമോ ഏതെങ്കിലും വാഹനത്തെപറ്റി സൂചനയോ ഒന്നുമില്ലെന്നും അതിനാലാണു അലര്ട്ട് പിന് വലിക്കുന്നതെന്നും പോലീസ് അറിയിച്ചു.
എല്ലാം ഒരു കടംകഥ പോലെ തുടരുന്നു. ചൈല്ഡ് എന്ഡെയ്ഞ്ചെര്മെന്റ് വകുപ്പു പ്രകാരം കസ്റ്റഡിയിലെടുത്ത പിതാവ് വെസ്ലി മാത്യൂസിനെ (37) തിങ്കളാഴ്ച രണ്ടര ലക്ഷം ഡോളര് ജാമ്യത്തില് വിട്ടയച്ചു. അതേ സമയം നാലു വയസുള്ള മൂത്ത കുട്ടിയെ ചൈല്ഡ് പ്രൊട്ടക്ടിവ് സര്വീസ് ഏറ്റെടുത്തു ഫോസ്റ്റര് കെയറിലേക്കു മാറ്റി. ചൈല്ഡ് പ്രൊട്ടക്ടിവ് സര്വീസ് നേരത്തെയും വീട്ടില് വന്നിട്ടുണ്ടെന്നു റിപ്പോര്ട്ടുകളില് പറയുന്നു. എന്നാല് കൂടുതല് വിവരങ്ങള് വെളിപ്പെടുത്താന് അധികൃതര് വിസമ്മതിച്ചു
മാനസിക വളര്ച്ചക്കുറവുള്ള ഷെറിന് സുരക്ഷിതയായി തിരിച്ചു വരാന് അറിഞ്ഞവരും കേട്ടവരും പ്രാഥിക്കുന്നു. വെസ്ലിയെപറ്റിയോ കുട്ംബത്തെ പറ്റിയൊ ഇതേ വരെ ആരും ഒരു ആക്ഷേപവും പറഞ്ഞിട്ടില്ല. അതിനാല് എന്താണു സംഭവിച്ചതെന്നറിയാതെ മലയാളി സമൂഹവും പകച്ചു നില്ക്കുന്നു.
പാല് കുടിക്കാത്തതിനാല് ശിക്ഷ എന്ന നിലയില് ശനിയാഴ്ച (ഒക്ടോബര് 7) പുലര്ച്ചെ മൂന്നു മണിക്കു കുട്ടിയെ ബാക്ക് യാര്ഡിന്റെ പുറത്ത് ഒരു വലിയ മരത്തിന്റെ കീഴില് നിര്ത്തുകയായിരുന്നുവെന്നു വെസ്ലി പോലീസില് പറഞ്ഞു. 15 മിനിട്ട് കഴിഞ്ഞു ചെന്നു നോക്കുമ്പോള് കുട്ടിയെ കാണാനില്ല.വീട്ടില് നിന്ന് 100 അടി അകലെ ഫെന്സിനു സമീപത്താണു മരം. ഈ ഭാഗം പോലീസ് വീണ്ടും അരിച്ചു പെറുക്കി.
ഷെറിനെ നിര്ത്തിയ മരത്തിനു സമീപം തെളിവുകള് ശേഖരിക്കുന്ന പോലീസ് ഓഫീസര്
വെസ്ലിയുടെ ഭാര്യയെ ചൊദ്യം ചെയ്ത ശേഷം വിട്ടയച്ചു. അവര്ക്കെതിരെ ചാര്ജുകളൊന്നുമില്ല. സംഭവം നടക്കുമ്പോള് ഇവര് ഉറക്കത്തിലായിരുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണു ഈ ദമ്പതികള്ക്ക് ഒരു കുട്ടി പിറന്നതെന്നു അയല്ക്കാരനെ ഉദ്ധരിച്ച് പ്രാദേശിക ചാനല് റിപ്പോര്ട്ട് ചെയ്തു. കുട്ടികള് ഉണ്ടാകാന് താമസിച്ചതിനെ തുടര്ന്ന് ഇവര് ഒരു കുട്ടിയെ ദത്തെടുക്കാനുള്ള നടപടികള് ആരംഭിച്ചിരുന്നു. എന്നാല് ഈ സമയത്ത് ഇവര്ക്ക് കുട്ടി ഉണ്ടാവുകയും, കുട്ടിയെ ദൈവം അത്ഭുതകരമായി നല്കിയതിന്റെ നന്ദി സൂചകമായി മറ്റൊരു കുട്ടിക്കു കൂടി ജീവിതം നല്കാമെന്നു കരുതി ദത്തെടുക്കല് നടപടികള് മുന്പോട്ടു കൊണ്ട് പോകുകയുമായിരുന്നു.
എന്നാല് ദത്തെടുത്ത ഷെറിന് മാനസിക വികാസം പ്രാപിക്കാത്ത കുട്ടിയാണെന്നു ഇവരെ അറിയിച്ചിരുന്നില്ലത്രെ. ആവശ്യത്തിനു പോഷകാഹാരം ലഭിക്കാതെ വളര്ച്ചയെ ബാധിച്ച നിലയിലാണു കുട്ടിയെ ദത്തെടുക്കുന്നത്. ഇവര്ക്ക് ലഭിക്കുമ്പോള് ഷെറിന്റെ കൈക്ക് പൊട്ടല് ഉണ്ടായിരുന്നതായും പറയുന്നു. അതിനാല് രാത്രി ഉണര്ന്നു ഭക്ഷണം കഴിക്കുന്ന പതിവ് കുട്ടിക്കുണ്ടായിരുന്നുവെന്നു കുടുംബാംഗങ്ങള് പോലീസിനെ അറിയിച്ചു.
കുട്ടിയെ ശനിയാഴ്ച പുലര്ച്ചെ മൂന്നേകാലിനു കാണാതായെങ്കിലും രാവിലെ എട്ടു മണിയോടെയാണു പോലീസില് പരാതിപ്പെടുന്നത്. ഈ കാലതാമസത്തിനു വ്യക്തമായ വിശദീകരണമില്ല. കുട്ടിയെ നിര്ത്തിയ മരത്തിന്റെ ചുവട്ടില് മാത്യൂസിനെയും കൂട്ടി പോലീസ് എത്തിയിരുന്നു.
ഇവരുടെ വീടിനടുത്തൊക്കെ ചെന്നായയെ കാണാറുണ്ടെന്നു വെസ്ലി പൊലീസിനൊട് പറഞ്ഞു. എന്നാല് ചെന്നായ മനുഷ്യരെ ഉപദ്രവിക്കുന്നത് വിരളമാണെന്നു ഹ്യൂമന് സൊസൈറ്റി പറയുന്നു. മാത്രവുമല്ല ചെന്നായ കുട്ടിയെ വളരെ ദൂരം വലിച്ചു കൊണ്ടു പോകാന് സാധ്യതയില്ലെന്നും അധികൃതര് പറയുന്നു
അതു പോലെ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതായും സൂചനയില്ലെന്നു പോലീസ് പറയുന്നു.
വീട്ടിലെ മൂന്നു വാഹനങ്ങള്, ഫോണ്, ലാപ്പ്ടോപ്പ് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കുടുംബം സര്വീസില് പങ്കെടുക്കുന്ന ഇര്വിംഗിലെ ഇമ്മാനുവല് ബൈബിള് ചാപ്പല് അംഗങ്ങള് ഷെറിനെ കണ്ടെത്താനായി വ്യാപകമായി ഫ്ളയറുകള് വിതരണം ചെയ്തു. കുട്ടി ആരുടെയെങ്കിലും പക്കലുണ്ടെങ്കില് തിരിച്ചെത്തിക്കണമെന്നു ചര്ച്ച് അധികൃതര് അഭ്യര്ഥിച്ചു.