എം5 മോട്ടോര്‍ വേയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 6.20 ഓടെയാണ് അപകടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് കാറുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നവെന്ന് പൊലീസ് അറിയിച്ചു. സെന്‍ട്രല്‍ റിസര്‍വേഷന്‍ കഴിഞ്ഞുള്ള സ്ഥലത്തു വെച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.

അപകടത്തെത്തുടര്‍ന്ന് റ്റോണ്ടന്‍ 25 നും വെല്ലിംഗ്ടണ്‍ 26നും ഇടയിലുള്ള എം5 മോട്ടോര്‍ വേ അടച്ചിട്ടിരിക്കുകയാണ്. നോര്‍ത്ത്ബൗണ്ട് കാര്യേജ്‌വേയില്‍ മൈലുകളോളം ട്രാഫിക്ക് ബ്ലോക്ക് തുടരുകയാണ്. അപകടം നടന്നിരിക്കുന്ന പ്രദേശത്ത് ട്രാഫിക്ക് തടസ്സങ്ങള്‍ നേരിടുമെന്നും യാത്രക്കാര്‍ എം5 മോട്ടോര്‍വേയുടെ സമാന്തര പാതകള്‍ ഉപയോഗിണമെന്നും ഹൈവേ ഇഗ്ലണ്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മരിച്ചയാളെയോ പരിക്കേറ്റവരെയോ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

J26നും J25നും ഇടയ്ക്കുള്ള പ്രദേശങ്ങളിലെ മോട്ടോര്‍വേ അപകടത്തെത്തുടര്‍ന്ന് അടച്ചിട്ടതായി ആവോണ്‍ ആന്റ് സോമര്‍സെറ്റ് പൊലീസ് ട്വീറ്റ് ചെയ്തു. അപകട സ്ഥലം പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും വൈകാതെ തന്നെ പാതയിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഷെഫീല്‍ഡ്: ഇന്റര്‍നെറ്റ് ഗെയിം ചാലഞ്ചില്‍ പങ്കെടുത്ത ഇന്ത്യന്‍ വംശജനായ 11കാരന്‍ വീട്ടുകാരെയും പോലീസിനെയും ഒരു രാത്രി മുഴുവന്‍ നിര്‍ത്തിയത് മുള്‍മുനയില്‍. ഷെഫീല്‍ഡില്‍ താമസിക്കുന്ന കേദന്‍ മിര്‍സയെന്ന പതിനൊന്നുകാരനാണ് ഐക്കിയ ചാലഞ്ച് ഏറ്റെടുത്ത് ഷെഫീല്‍ഡിലെ ഒരു ഐക്കിയ സ്‌റ്റോറില്‍ ഒരു രാത്രി മുഴുവന്‍ ഒളിച്ചിരുന്നത്. ചൊവ്വാഴ്ച സ്‌കൂളില്‍ നിന്ന് പോയ കുട്ടി വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചത്. പോലീസു നിരവധിയാളുകളും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ അപ്പീലുകള്‍ നടത്തുകയും പോസ്റ്ററുകള്‍ വരെ അച്ചടിച്ച് പലയിടങ്ങളിലായി വിതരണം ചെയ്യുകയും ചെയ്തു.

അടുത്ത ദിവസം രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. ഹൈഡ് ഇന്‍ ഐക്കിയ എന്ന ഗെയിമിന്റെ ഭാഗമായാണ് കുട്ടി ഒളിച്ചിരുന്നതെന്ന് കേദന്റെ പിതാവായ ആബിദ് മിര്‍സ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പിന്നീട് വെളിപ്പെടുത്തി. കുട്ടികളില്‍ ഇന്റര്‍നെറ്റ് ഗെയിമുകളുടെ സ്വാധീനം വര്‍ദ്ധിച്ചു വരികയാണെന്നും ഇത്തരത്തില്‍ ഒളിച്ചിരിക്കാനുള്ള പ്രവണത പല കുട്ടികള്‍ക്കുമുണ്ടെന്നും മിര്‍സ മറ്റു മാതാപിതാക്കള്‍ക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയില്‍ ജനപ്രിയമായ യൂട്യൂബ് വീഡിയോകളില്‍ ഇത്തരം ഒളിച്ചിരിക്കാന്‍ പ്രേരണ നല്‍കുന്ന ചാലഞ്ചുകള്‍ ധാരാളമുണ്ടെന്നും ആബിദ് പറയുന്നു.

ഫിഫ്ത്ത് പാര്‍ക്ക് ഏരിയയില്‍ നിന്ന് രണ്ട് കുട്ടികള്‍ ഈ ചാലഞ്ച് ഏറ്റെടുത്ത് ഒളിച്ചിരിക്കാന്‍ കഴിഞ്ഞയാഴ്ച ശ്രമിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെട്ടിരുന്നു. കുട്ടികളില്‍ ഈ പ്രവണത വര്‍ദ്ധിച്ചു വരികയാണെന്നും ആബിദിന്റെ പോസ്റ്റില്‍ പറയുന്നു. ഇത്തരത്തിലുള്ള 24 മണിക്കൂര്‍ ചാലഞ്ചുകളേക്കുറിച്ച് സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. വലിയ സ്റ്റോറുകളിലും വെയര്‍ഹൗസുകളിലും രാത്രി മുഴുവന്‍ ഒളിച്ചിരിക്കാനുള്ള ചാലഞ്ചുകളാണ് ഇവ. എന്നാല്‍ ഇവ പലപ്പോഴും അപകടകരമാകാമെന്നും പോലീസ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
ലണ്ടന്‍: നിലവിലുള്ള ധാരണകള്‍ അനുസരിച്ച് ബ്രെക്‌സിറ്റ് നടന്നില്ലെങ്കില്‍ യൂറോപ്പിലേക്കുള്ള ചരക്കു ഗതാഗതത്തില്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡ്രൈവര്‍മാര്‍ക്ക് ഫ്രാന്‍സിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കടക്കണമെങ്കില്‍ പുതിയ ലൈസന്‍സുകളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ആവശ്യമായി വരും. ആദ്യഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യുണൈറ്റഡ് നേഷന്‍സ് റോഡ് ട്രാഫിക് കണ്‍വെന്‍ഷനിലായിരിക്കും യുകെ ഒപ്പു വെക്കുക. ഇത് പാര്‍ക്കിംഗിലും സീബ്ര ക്രോസിംഗിലുമുള്‍പ്പെടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
യുകെ നല്‍കുന്ന ലൈസന്‍സുകള്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കാന്‍ ഇടയില്ലെന്നതിനാല്‍ പകരം ഒരു സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ യുകെയില്‍ നിന്നുള്ള വാഹനങ്ങളെയും ഡ്രൈവര്‍മാരെയും യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധിക്കാന്‍ വരെ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ 1968ലെ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ ബ്രിട്ടന് അംഗീകരിക്കേണ്ടതായി വരും. ഇത് നേരത്തേ ഒപ്പു വെക്കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചിരുന്നതാണ്.യൂറോപ്യന്‍ നിയമങ്ങള്‍ക്ക് പകരമായി പ്രത്യേക ധാരണകള്‍ പിന്‍മാറ്റ കാലയളവില്‍ നിലവില്‍ വരുമെന്നാണ് ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ യുഎന്‍ കണ്‍വെന്‍ഷന്‍ ചട്ടങ്ങള്‍ അംഗീകരിക്കാന്‍ രാജ്യത്തിനു മുന്നില്‍ ശേഷിക്കുന്നത് വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

യുകെ ലൈസന്‍സുകള്‍ അംഗീകരിക്കാന്‍ യൂറോപ്പ് വിസമ്മതിക്കുകയാണെങ്കില്‍ ട്രെയിലറുകള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതിനും അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നതിനുമായുള്ള നിയമങ്ങള്‍ അവതരിപ്പിക്കണം. ഇതിനായി 21 ദിവസത്തെ സൂക്ഷ്മ പരിശോധനയും ഒരു വര്‍ഷത്തോളം നീളുന്ന പാര്‍ലമെന്റ് നടപടികളും ആവശ്യമായി വരും. ഇവയെല്ലാം അനാവശ്യ നൂലാമാലകള്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്.
ലണ്ടന്‍: എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്ന വിദേശീയരില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്. പാര്‍ലമെന്റ് റിസര്‍ച്ച് ഗ്രൂപ്പ് പുറത്തു വിട്ട വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. ആകെ ഇന്ത്യക്കാരുടെ എണ്ണം 18,348 വരുമെന്നാണ് കണക്ക്. ആകെ 202 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ട്. വിദേശീയരായ ഡോക്ടര്‍മാരുടെ എണ്ണത്തിലും ഇന്ത്യന്‍ വംശജര്‍ക്കാണ് മേല്‍ക്കൈ. 6413 ഇന്ത്യന്‍ ഡോക്ടര്‍മാര്‍ എന്‍എച്ച്എസില്‍ പ്രവര്‍ത്തിക്കുന്നു. നഴ്‌സുമാരുടെ എണ്ണത്തില്‍ ഫിലിപ്പൈന്‍സിന് പിന്നില്‍ രണ്ടാമതായാണ് ഇന്ത്യക്ക് സ്ഥാനം. 6313 നഴ്‌സുമാരാണ് ഇന്ത്യന്‍ വംശജരായുള്ളത്.

976,288 ബ്രിട്ടീഷു കാരാണ് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നത്. ആകെ ജീവനക്കാരില്‍ 87.5 ശതമാനം വരും ഇത്. എന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റാഫുമടക്കം 1,37,000 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 62,000 പേര്‍ മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. ജീവനക്കാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് ഫിലിപ്പൈന്‍സ് സ്വദേശികളാണ്. 15,391 ഫിലിപ്പീനോകളാണ് എന്‍എച്ച്എസ് ജീവനക്കാരായുള്ളത്. ഇംഗ്ലീഷ് മാതൃഭാഷയായ ഓസ്‌ട്രേലിയക്കാരേക്കാള്‍ കൂടുതല്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ സിംബാബ്‌വെ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരുടെ എണ്ണത്തില്‍ കാര്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ കണക്കനുസരിച്ച് യുകെയില്‍ രജിസ്റ്റര്‍ ചെയ്യുന്ന യൂറോപ്യന്‍ നഴ്‌സുമാരുടെ എണ്ണത്തില്‍ വലിയ കുറവ് അനുഭവപ്പെടുന്നില്ല. എന്‍എച്ച്എസ് ഡാറ്റയില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് 202 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകുന്നത്.

യൂറോപ്പിതര രാജ്യങ്ങളില്‍ നിന്നെത്തുന്ന ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ബ്രിട്ടീഷുകാരുമായി സംവദിക്കുന്നതില്‍ ഭാഷ പ്രശ്‌നമാകുമോ എന്ന ഭീതിയുണ്ടെങ്കിലും അവ അസ്ഥാനത്താണെന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഇനിയും 5000 ഡോക്ടര്‍മാരെക്കൂടി എന്‍എച്ച്എസിന് ആവശ്യമായുണ്ട്. വിദേശത്തു നിന്നുള്ളവരെയാണ് എന്‍എച്ച്എസ് ഈ ഒഴിവുകള്‍ നികത്താനായി ലക്ഷ്യമിടുന്നത്.
ഷെഫീല്‍ഡിലെ ഇന്ത്യന്‍ ബാലനായ കാഡെന്‍ മിര്‍സ എന്ന 11-കാരനെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കാണാതായി. പതിവ് സമയം കഴിഞ്ഞിട്ടും സ്‌കൂളില്‍ നിന്നും മകന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് അബിദ് മിര്‍സ പോലീസില്‍ വിവരമറിയിക്കുകയും അവര്‍ മിര്‍സയെ തേടി നഗരം മുഴുവന്‍ അരിച്ച് പെറുക്കുകയും ചെയ്തെങ്കിലും അവനെ കണ്ടെത്താനായില്ല. എന്നാല്‍ 24 മണിക്കൂറിന് ശേഷം ബാലന്‍ തനിയെ തിരികെ വരുകയും ചെയ്തു. യൂട്യൂബിലെ ഐകിയ ഹൈഡ് ഔട്ട് ക്രേസ് എന്ന ഓണ്‍ലൈന്‍ ഗെയിമിന്റെ ഭാഗമായിട്ടാണ് അവന്‍, അവിടത്തെ ഐകിയ സ്റ്റോറിനുള്ളില്‍ തന്നെ തലേദിവസം മുതല്‍ ഒളിച്ചിരുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്.
കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കണ്ടെത്തുന്നതിനായി നിരവധി പേരാണ് ഓണ്‍ ലൈനിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും കുട്ടിയുടെ ഫോട്ടോയുമായി രംഗത്ത് വന്നിരുന്നത്. തുടര്‍ന്ന് വ്യാപകമായ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. കാഡെന്‍ മിര്‍സയെ കാണാതായത് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു. തന്റെ മകനുണ്ടായ ഈ അവസ്ഥയെ തുടര്‍ന്ന് ഇത്തരം ഓണ്‍ലൈന്‍ ഹൈഡിംഗ് ക്രേസിനെ കുറിച്ച് മറ്റ് രക്ഷിതാക്കള്‍ക്ക് കടുത്ത മുന്നറിയിപ്പേകി അബിദ് മിര്‍സ മുമ്പോട്ട് വന്നിട്ടുണ്ട്. മറ്റ് കുട്ടികളും ഇത്തരം ഗെയിമുകളിലേക്ക് വഴി തെറ്റാതിരിക്കാന്‍ മുന്‍കരുതല്‍ എടുക്കണമെന്നാണ് അബിദിന്റെ മുന്നറിയിപ്പ്.
പിടിക്കപ്പെടാതെ 24 മണിക്കൂര്‍ ഒളിച്ചിരിക്കുന്നതിനുള്ള ചലഞ്ച് നിറഞ്ഞ ഗെയിമിനെക്കുറിച്ച് തന്റെ മകന്‍ സെര്‍ച്ച് ചെയ്തിരുന്നതിന്റെ ഹിസ്റ്ററി അവന്റെ മൊബൈല്‍ ഫോണില്‍ നിന്നും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ താന്‍ കണ്ടെത്തിയിരുന്നുവെന്നും അബിദ് വെളിപ്പെടുത്തി. താന്‍ ഇതിനെക്കുറിച്ച് അവനോട് ചോദിച്ചപ്പോള്‍ ഈ ഗെയിമിനെക്കുറിച്ച് സ്‌കൂളിലെ സഹപാഠികളില്‍ നിന്നും കേട്ടതിനെ തുടര്‍ന്ന് വെറുതെ സെര്‍ച്ച് ചെയ്തതാണെന്നാണ് മറുപടി ലഭിച്ചിരുന്നതെന്നും അബിദ് പറയുന്നു. എന്നാല്‍ തന്റെ മകന്‍ ഇതിനെക്കുറിച്ചുള്ള വീഡിയോകള്‍ കണ്ടിരുന്നുവെന്നും അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഗെയിമില്‍ ഏര്‍പ്പെട്ട് ഒളിച്ചിരുന്നതെന്നും അബിദ് വെളിപ്പെടുത്തുന്നു.
കിംഗ് എക്ഗ്ബെര്‍ട്ട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കാഡെന്‍ മിര്‍സ. ’24 ഔവര്‍ ചലഞ്ച്’ നെക്കുറിച്ച് കടുത്ത മുന്നറിയിപ്പേകി സൗത്ത് യോര്‍ക്ക്ഷെയര്‍ പോലീസും ഈ സംഭവത്തിന് ശേഷം മുന്നോട്ട് വന്നിട്ടുണ്ട്. അതിനാല്‍ മറ്റ് കുട്ടികളും ഇത്തരം ഗെയിമുകളില്‍ ഏര്‍പ്പെട്ട് അപകടത്തില്‍ പെടാതിരിക്കാന്‍ കടുത്ത ജാഗ്രത രക്ഷിതാക്കള്‍ പാലിക്കേണ്ടിയിരിക്കുന്നുവെന്നും പോലീസ് മുന്നറിയിപ്പേകുന്നു.സോഷ്യല്‍ മീഡിയയിലും ഇത്തരം ഗെയിമുകളിലും അമിതമായി അടിമപ്പെട്ട് കുട്ടികള്‍ വഴി തെറ്റാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് ഡിറ്റെക്ടീവ് ഇന്‍സ്പെക്ടറായ അല്‍ സെഡ്ഗ് വിക്ക് മുന്നറിയിപ്പേകുന്നത്.
ലണ്ടന്‍: രാജ്യത്തിന്റെ സമ്പദ്ഘടന നിലവിലെ സ്ഥിതിയില്‍ തുടരുകയാണെങ്കില്‍ പലിശ നിരക്കില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ബാങ്ക് പോളിസി മേക്കേഴ്‌സിന്റെ അവസാന യോഗത്തില്‍ 0.5 ശതമാനം പലിശ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നു. നവംബറില്‍ നടന്ന സാമ്പത്തിക റിവ്യൂ അനുസരിച്ച് പലിശ വര്‍ദ്ധനവ് നേരത്തെ വരുത്തേണ്ടതായിരുന്നുവെന്ന് പോളിസി മേക്കേഴ് വിലിയിരുത്തി. നിരക്ക് വര്‍ദ്ധന മെയ് മാസത്തില്‍ നിലവില്‍ വരുമെന്നാണ് സാമ്പത്തിക വിദ്ഗദര്‍ കണക്കാക്കുന്നത്.

പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് കുടുംബ ബജറ്റുകളെയു സമ്പദ്ഘടനയെയും ബാധിക്കാന്‍ സാധ്യതയുണ്ട്. യുകെയിലെ 8.1 ദശലക്ഷത്തോളം ആളുകള്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തിട്ടുള്ളവരാണ്. ഇവയില്‍ പകുതിയോളം സ്റ്റാന്‍ഡാര്‍ഡ് നിരക്കിലുള്ളവും പകുതി വേരിയബിള്‍ നിരക്കിലുള്ളവയുമാണ്. ബാങ്ക് ഓഫ് ഇഗ്ലണ്ട് പുനര്‍ നിര്‍ണ്ണയിക്കുന്ന പലിശ നിരക്ക് ഇത്തരം വായ്പകളുടെ പലിശ നിരക്കിലും വര്‍ദ്ധനവുണ്ടാക്കും. പത്ത് വര്‍ഷത്തിനിടെ ആദ്യമായി നവംബറിലാണ് വായ്പ നിരക്കില്‍ ബാങ്ക് വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. 0.25 നിന്ന് 0.5 ശതമാനമായിരുന്നു അന്ന് വര്‍ദ്ധിപ്പിച്ചത്.

0.25 ശതമാനത്തില്‍ നിന്നും മൂന്ന് വര്‍ഷത്തിനിടയില്‍ രണ്ട് തവണകൂടി വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിക്കുന്ന വര്‍ദ്ധനവ് പ്രതീക്ഷിച്ചതിലും നേരെത്തെയാണ്. കഴിഞ്ഞ 7 വര്‍ഷത്തിനിടയ്ക്ക് ലോക സാമ്പത്തിക രംഗം വലിയ വളര്‍ച്ചയുടെ പാതയിലാണെന്നും അതിന്റെ ഗുണഫലങ്ങള്‍ യുകെക്ക് ലഭിക്കുന്നുണ്ടെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരീക്ഷിച്ചു. വേതന വര്‍ദ്ധനവ് യുകെയുടെ സാമ്പത്തിക രംഗത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
റെഡ്ഡിച്ച്: ഒരു ലക്ഷം പൗണ്ട് ശമ്പളമുള്ള സര്‍ജന്‍ ജോലിയില്‍ പ്രവേശിക്കാന്‍ വ്യാജ വിവരം നല്‍കിയ ഇന്ത്യന്‍ വംശജനായ സര്‍ജന് ആറ് വര്‍ഷത്തെ തടവ്. സുദീപ് സാര്‍ക്കര്‍ എന്നയാള്‍ക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. ഇയാള്‍ ചികിത്സിച്ച രോഗികള്‍ നിരന്തരമായി ചികിത്സാപ്പിഴവിന് പരാതികള്‍ നല്‍കുകയും ജോലി ചെയ്തിരുന്ന ട്രസ്റ്റ് 2 മില്യന്‍ പൗണ്ട് രോഗികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വരികയും ചെയ്തതോടെ നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തു വന്നത്. റെഡ്ഡിച്ചിലെ അലക്‌സാന്‍ഡ്ര ഹോസ്പിറ്റലില്‍ സര്‍ജന്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി ഇയാള്‍ നല്‍കിയത് വ്യാജ വിവരങ്ങളാണെന്ന് കണ്ടെത്തി.
കണ്‍സള്‍ട്ടന്റ് കോളോറെക്ടല്‍ സര്‍ജന്‍ പോസ്റ്റിലേക്കുള്ള അപേക്ഷയില്‍ താന്‍ 85 ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടത്. മൂന്ന് ശതമാനം സങ്കീര്‍ണ്ണതകള്‍ മാത്രമേ തന്റെ ശസ്ത്രക്രിയകളില്‍ ഉണ്ടായിട്ടുള്ളുവെന്നും 51 എണ്ണം താന്‍ സ്വന്തമായി ചെയ്തവയാണെന്നും സുദീപ് പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ സ്വന്തമായി ആറ് ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്തിട്ടുള്ളുവെന്ന് പരിശോധനയില്‍ വ്യക്തമായി. ചികിത്സാപ്പിഴവുകളും ശസ്ത്രക്രിയക്ക് ശേഷം രോഗികളില്‍ അനുബന്ധ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതും ശ്രദ്ധയില്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ ഇയാളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇയാള്‍ ജോലി ചെയ്തിരുന്ന വോഴ്‌സര്‍ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റ് 19 രോഗികള്‍ക്കായി 1,970,574 പൗണ്ട് നഷ്ടപരിഹാരം നല്‍കേണ്ടി വന്നുവെന്ന കാര്യവും ഇതിനിടെ പുറത്തു വന്നു. അലെക്‌സാന്‍ഡ്ര ആശുപത്രിയില്‍ ഇയാള്‍ ശസ്ത്രക്രിയക്ക് വിധേയരാക്കിയ നാല് രോഗികളുടെ ഇന്‍ക്വസ്റ്റ് നടക്കാനിരിക്കുകയാണ്. ഇയാള്‍ നടത്തിയ ശസ്ത്രക്രിയയാണ് മരണകാരണമെന്ന് വ്യക്തമായാല്‍ കൂടുതല്‍ ശിക്ഷ നേരിടേണ്ടി വന്നേക്കും.
ന്യൂസ് ഡെസ്ക്
ബിറ്റ് കോയിൻ വിലയിടിവ് താത്കാലിക പ്രതിഭാസം മാത്രമെന്ന് സാമ്പത്തിക വിദഗ്ദർ. അമിതാവേശത്തിൽ ട്രേഡിംഗുകൾ നടന്നതും വൻതോതിലുള്ള ഊഹാപോഹങ്ങളും മൂലം മിക്ക ഗവൺമെൻറുകളും ബാങ്കുകളും അടിയന്തിരമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ ഗുണകരമാകുമെന്ന് കരുതുന്നു. അമിതലാഭ പ്രതീക്ഷയിൽ ജനങ്ങൾ കൂട്ടമായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപ സാധ്യത കല്പിച്ചതാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങൾക്കും വിലയിടിവിനും കാരണം. ലക്ഷ്യബോധവും നിയന്ത്രണവുമില്ലാതെ ബിറ്റ് കോയിൻ മാർക്കറ്റിലേക്ക് പണം ഒഴുകിയപ്പോൾ അതിന് തടയിടുക എന്ന സാമാന്യ തത്വം നടപ്പാക്കുകയാണ് സാമ്പത്തിക സ്ഥാപനങ്ങൾ ചെയ്തത്. യുകെയിൽ നാറ്റ് വെസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രിപ്റ്റോ കറൻസികൾ വാങ്ങുന്നത് തടഞ്ഞിരുന്നു. ഇതിനെ ഒരു കറൻസി എന്നതിനപ്പുറം ലോട്ടറിയായി ജനങ്ങൾ കാണുന്നു എന്ന് മനസിലാക്കിയ അധികൃതർ, ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാവിയിൽ സ്ഥിരത കൈവരിക്കാൻ സഹായിക്കുമെന്നും അതുമൂലം മാർക്കറ്റിൻറെ ചലനങ്ങൾ അറിഞ്ഞ് നിക്ഷേപം നടത്താൻ കഴിയുമെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.
ഡിജിറ്റൽ കറൻസി മാനിയ മൂലം ബിറ്റ് കോയിൻ വില 20,000 ഡോളറിൽ എത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ആഴ്ച വിലയിടിഞ്ഞ് 6,000 ഡോളറിലേയ്ക്ക് താഴ്ന്നിരുന്നു. മിക്ക രാജ്യങ്ങളും ധനകാര്യ സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട നയരൂപീകരണം നടത്തി വരുന്നതേയുള്ളൂ. സമയദൈർഘ്യമുള്ള ഈ പ്രക്രിയയ്ക്കു മുന്നോടിയായി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ക്രിപ്റ്റോ കറൻസി മാർക്കറ്റിന് ആവശ്യമായ റെഗുലേഷൻ ഏർപ്പെടുത്താൻ വേണ്ട സമയം ലഭിക്കുന്നതിനു വേണ്ടിയാണ്. ഈ വർഷത്തിൻറെ തുടക്കത്തിൽ ബ്ലോക്ക് ചെയിൻ ക്യാപ്പിറ്റൽ പാർട്ണർ സ്പെൻസർ ബോഗാർട്ട് നടത്തിയ പ്രവചനമനുസരിച്ച് ബിറ്റ് കോയിനിൻറെ വില 2018 ൽ 50,000 ഡോളറിൽ എത്താമെന്നാണ്. ക്രിപ്റ്റോ കറൻസി കൂടുതൽ മുഖ്യധാരയിലേക്ക് 2018ൽ എത്തുമെന്ന് അംസിസ് ഗ്രൂപ്പിൻറെ ഫൈനാൻഷ്യൽ അനലിസ്റ്റ് ഇമ്രാൻ വാസിം പറഞ്ഞു. വിലയിടിവ് നല്ല കാര്യമായി കരുതുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടുതൽ നിക്ഷേപങ്ങൾ ക്രിപ്റ്റോ കറൻസി മാർക്കറ്റിൽ വന്നു കൊണ്ടിരിക്കുകയാണെന്നും ബിറ്റ് കോയിൻ വില 2018ൽ 30,000-35,000 ഡോളറിൽ എത്തുമെന്നും വാസിം കരുതുന്നു.
ബിറ്റ് കോയിൻ വില വീണ്ടും ഇടിഞ്ഞേക്കാമെന്ന് കരുതുന്നവരും ഇല്ലാതില്ല. വില 5,000 ഡോളറായി താഴുമെന്നാണ് ജി വി എ റിസേർച്ചിൻറെ ചീഫ് എക്സിക്യൂട്ടീവായ ഡേവിഡ് ഗാരിറ്റി കരുതുന്നത്. എന്നാൽ ബിറ്റ് കോയിൻ വില 100,000 ഡോളർ ആയാലും അത്ഭുതപ്പെടേണ്ടെന്നാണ് സാമ്പത്തിക വിദഗ്ദനായ ഷോപ്പിൻ സിഇഒ ഇറാൻ ഇയാൽ പറഞ്ഞത്. ആദ്യ ബിറ്റ് കോയിൻ എക്സ്ചേഞ്ചായ ചൈനയിലെ ബിറ്റിസിസിയുടെ സിഇഒ ബോബി ലീയ്ക്ക് ബിറ്റ് കോയിൻ വില അടുത്ത 20 വർഷത്തിൽ ഒരു മില്യൺ ഡോളറാകുമെന്നതിൽ സംശയമേയില്ല. ക്രിപ്റ്റോ കറൻസി എന്ന ഡിജിറ്റൽ മണിയെക്കുറിച്ച് പഠിക്കുന്ന തിരക്കിലാണ് ഇന്ന് ലോകം. വിവേകത്തോടെ സമീപിച്ചാൽ സാമ്പത്തിക മെച്ചം നേടിയെടുക്കാൻ പറ്റുന്ന സ്രോതസ്സായി ബിറ്റ് കോയിൻ മാർക്കറ്റ് മാറുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ലണ്ടന്‍: വെളുത്തവരുടെ മേല്‍കോയ്മയില്‍ അഹങ്കാരം കൊള്ളുന്നവര്‍ക്ക് തിരിച്ചടിയായി ശാസ്ത്രീയ പഠനം. ബ്രിട്ടീഷ് വംശത്തിലുള്ളവരുടെ പൂര്‍വികര്‍ ഇരുണ്ട നിറമുള്ളവരായിരുന്നെന്ന് ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 1903ല്‍ സോമര്‍സെറ്റിലെ ചെഡാര്‍ ജോര്‍ജില്‍ നിന്ന് ലഭിച്ച ചരിത്രാതീത കാലത്തെ മനുഷ്യന്റെ തലയോട്ടിയില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങളാണ് ഇതേക്കുറിച്ചുള്ള സൂചന നല്‍കുന്നത്. തലയോട്ടിയില്‍ മുഖം പുനര്‍നിര്‍മിച്ചും ഡിഎന്‍എ വേര്‍തിരിച്ചും നടത്തിയ പഠനങ്ങളിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

ഇതനുസരിച്ച് യൂറോപ്യന്‍മാര്‍ക്ക് വെളുത്ത നിറമുണ്ടായതിന് അധികം കാലപ്പഴക്കമില്ല. ഏറ്റവുമൊടുവിലുണ്ടായ ഹിമയുഗത്തിനു ശേഷം ബ്രിട്ടനില്‍ താമസമാരംഭിച്ച മനുഷ്യവംശത്തിന്റെ പ്രതിനിധിയാണ് ചെഡാര്‍ മാന്‍ എന്ന് അറിയപ്പെടുന്ന ഈ തലയോട്ടിയുടെ ഉടമ. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളപ്പോളാണ് ഇയാള്‍ മരിച്ചതെന്നാണ് സൂചന. നിലവിലുള്ള യൂറോപ്യന്‍മാരേക്കാള്‍ പൊക്കം കുറഞ്ഞ ഇയാള്‍ക്ക് 5 അടി അഞ്ച് ഇഞ്ചായിരുന്നത്രേ ഉയരം. ഏകദേശം 10,000 വര്‍ഷങ്ങള്‍ പഴക്കമാണ് തലയോട്ടിക്ക് കണക്കാക്കുന്നത്.
115 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് ലഭിച്ചത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഈ തലയോട്ടിയില്‍ ഗവേഷണങ്ങള്‍ നടത്തുന്ന പ്രൊഫ.ക്രിസ് സ്ട്രിങ്ങറാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. കേടുപാടുകളില്ലാത്ത ഡിഎന്‍എ സാമ്പിളുകള്‍ ഈ തലയോട്ടിയില്‍ നിന്ന് ലഭിച്ചത് ഗവേഷണത്തിന് ഊര്‍ജ്ജം നല്‍കി. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്റെ സഹകരണത്തോടെ നടത്തിയ വിശകലനങ്ങളില്‍ തലമുടി, കണ്ണ്, ത്വക്ക് എന്നിവയുടെ നിറമുള്‍പ്പെടെയുള്ള വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാനായി.

മീസോലിത്തിക്, അഥവാ മധ്യ ശിലായുഗത്തില്‍ ജീവിച്ചിരുന്നുവെന്ന് കരുതുന്ന ഈ മനുഷ്യന് കറുത്ത തലമുടിയും നീല നിറമുള്ള കണ്ണുകളും തവിട്ട് അല്ലെങ്കില്‍ ഇരുണ്ട നിറവുമായിരിക്കാം ഉണ്ടായിരുന്നതെന്നാണ് വ്യക്തമായത്. 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മിഡില്‍ ഈസ്റ്റില്‍ നിന്ന് കുടിയേറിയ ജനതയായിരിക്കാം ചെഡാര്‍ മാന്റെ വംശത്തിലുള്ളവരെന്നും അവരുടെ പ്രത്യേകതകളാണ് ത്വക്കിന്റെയും തലമുടിയുടെയും ഈ നിറമെന്നും ഗവേഷകര്‍ പറയുന്നു. പഠനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ബിബിസി ചാനല്‍ 4 സംപ്രേഷണം ചെയ്യും.
ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ എന്‍എച്ച്എസില്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം അമേരിക്ക ആവശ്യപ്പെടുമെന്ന് ആശങ്ക. വ്യാപാര ചര്‍ച്ചകളേക്കുറിച്ചുള്ള ചോദ്യോത്തര വേളയില്‍ എന്‍എച്ച്എസ് വിഷയം ട്രാന്‍സ് അറ്റ്‌ലാന്റിക് ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രി സ്ഥിരീകരണം നല്‍കാത്തതാണ് എംപിമാര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയത്. എന്‍എച്ച്എസില്‍ പങ്കാളിത്തത്തിനും സ്വകാര്യ കമ്പനികളുടെ പ്രാതിനിധ്യത്തിനും അമേരിക്ക ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് എംപിമാര്‍ പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ നല്‍കി. വിഷയം ചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തില്ല എന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയുമോ എന്ന് ലിബറല്‍ ഡെമോക്രാറ്റ് നേതാവ് വിന്‍സ് കേബിള്‍ ചോദിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചകളില്‍ എന്‍എച്ച്എസ് വില്‍പനക്കില്ലെന്ന കാര്യം വ്യക്തമാക്കാന്‍ തെരേസ മേയ്ക്ക് കഴിയുമോ എന്ന കാര്യം സ്ഥിരീകരിക്കണമെന്നാണ് കേബിള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് അനന്തര വ്യാപാര ചര്‍ച്ചകളില്‍ അമേരിക്ക ഉന്നയിക്കുന്ന ആവശ്യങ്ങളേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന മറുപടി മാത്രമാണ് മേയ് നല്‍കിയത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുന്നതിനു മുമ്പ് തന്നെ ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാരക്കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും കോമണ്‍സില്‍ മറുപടി പറഞ്ഞ മേയ് പക്ഷേ എന്‍എച്ച്എസ് വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണ് ഉണ്ടായത്.

അമേരിക്കയുമായി സ്ഥാപിക്കാനിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറില്‍ യുകെയുടെ താല്‍പര്യങ്ങള്‍ക്ക് യോജിക്കുന്ന ഉടമ്പടികളായിരിക്കും ഉണ്ടാകുകയെന്നും മേയ് പറഞ്ഞു. ഈ മറുപടിയിലൂടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ സ്വാധീനത്തിന് ആവശ്യമുന്നയിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന് പ്രധാനമന്ത്രി പച്ചക്കൊടി കാട്ടിയിരിക്കുകയാണെന്നായിരുന്നു യൂറോപ്പ് അനുകൂല നിലപാടുകളുള്ള ലേബര്‍ എംപി പീറ്റര്‍ കൈല്‍ പറഞ്ഞത്. അമേരിക്കന്‍ ഹെല്‍ത്ത് ഭീമന്‍മാര്‍ എന്‍എച്ച്എസില്‍ സ്വാധീനത്തിന് ശ്രമിക്കില്ല എന്ന് ഉറപ്പ് നല്‍കാന്‍ പ്രധാനമന്ത്രിക്ക് കഴിയാത്തത് ധാരണാ ചര്‍ച്ചകളില്‍ അവര്‍ക്കുള്ള ദൗര്‍ബല്യമാണ് തെളിയിക്കുന്നതെന്നും കൈല്‍ പറഞ്ഞു.
എല്ലാ പ്രതിപക്ഷ കക്ഷികളും ഇക്കാര്യത്തില്‍ ആശങ്കയറിയിച്ച സാഹചര്യത്തില്‍ സംശയനിവാരണത്തിന് ശ്രമിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. ബ്രെക്‌സിറ്റിനു ശേഷമുള്ള ഏത് വ്യാപാര ഉടമ്പടിയും പൊതുമേഖലയിലുള്ള ഒരു സ്ഥാപനത്തിലും വിദേശ പങ്കാളിത്തമുണ്ടാകുന്ന വിധത്തിലായിരിക്കില്ലെന്ന് നമ്പര്‍ 10 അറിയിച്ചു. എന്‍എച്ച്എസ് സ്വകാര്യവത്കരിക്കാനാണ് ടോറി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ വ്യക്തതയില്ലാത്ത മറുപടി ആശങ്ക പരത്തിയത്.