Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വ്യോമയാന ചരിത്രത്തിൽ പുതിയ നേട്ടവുമായി യൂറോപ്യൻ എയർബസ്. അമേരിക്കൻ വിമാന കമ്പനിയായ ബോയിംഗിന്റെ 737 മോഡലിനെ മറികടന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ വിതരണം ചെയ്യപ്പെടുന്ന ജെറ്റ് വിമാനമായി മാറിയിരിക്കുകയാണ് യൂറോപ്യൻ എയർബസ് A320 വിമാനം. ബ്രിട്ടനിലെ ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സീരിയം നൽകിയ കണക്കുകൾ പ്രകാരം, സൗദി എയർലൈൻ ഫ്ലൈനാസിന് A320 നിയോ വിമാനത്തിന്റെ ഡെലിവറിയോടെ A320 വിമാനങ്ങളുടെ ആകെ വിതരണ സംഖ്യ 12,260 ആയി. 1988ൽ ആദ്യമായി സേവനത്തിന് ഇറങ്ങിയ A320 ഇതോടെ ബോയിംഗ് 737ന്റെ പതിറ്റാണ്ടുകളായ റെക്കോർഡിനെ മറികടന്നു.

ഈ വിഷയത്തിൽ ഇതുവരെ ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല. വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ A320യും 737യും ലോകവ്യാപകമായി ആകെ 25,000-ത്തിലധികം വിമാനങ്ങൾ വിതരണം ചെയ്‌തിട്ടുണ്ട്‌. വളർന്നുവരുന്ന ആഗോള സമ്പദ്‌വ്യവസ്ഥയും പുതിയ മധ്യവർഗ്ഗ യാത്രക്കാരുടെ വർധനയും ഈ രണ്ടുപ്രമുഖ മോഡലുകളുടെയും ആവശ്യകത വർധിപ്പിച്ചു.

A320യുടെ ആദ്യകാല വിമാനാപകടങ്ങൾ പൈലറ്റ് നിയന്ത്രണവും ഓട്ടോമേഷൻ സംവിധാനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എങ്കിലും പിന്നീട് എയർബസ് മോഡൽ സുരക്ഷിതത്വം ഉറപ്പാക്കി വിപണിയിൽ ഉറച്ച സ്ഥാനം നേടി. ഇപ്പോൾ പാശ്ചാത്യ വിമാന നിർമാണ രംഗത്ത് എയർബസിനും ബോയിംഗിനും പുതിയ വെല്ലുവിളി ഉയരുന്നത് ചൈന, ബ്രസീൽ (എംബ്രയറർ), അമേരിക്കയിലെ ജെറ്റ് സീറോ തുടങ്ങിയ പുതുമുഖങ്ങളിൽ നിന്നാണ്. ജെറ്റ് സീറോ അവതരിപ്പിച്ചിരിക്കുന്ന പുതിയ ഫ്യൂസലേജ് ഡിസൈൻ വ്യവസായ രംഗത്ത് ശ്രദ്ധ നേടിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലേക്ക് കുടിയേറ്റത്തിന് വഴിയൊരുക്കുന്ന വ്യാജ തൊഴിൽ സ്ഥാപനങ്ങളുടെ എണ്ണം കുത്തനെ വർധിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ഹോം ഓഫീസ് അംഗീകരിച്ച ‘സ്കിൽഡ് വർക്കർ’ വിസ നൽകുന്നതിനുള്ള സ്‌പോൺസർ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചുവർഷത്തിനിടെ 30,000ൽ നിന്ന് 1,18,000 ആയി ഉയർന്നതായുള്ള കണക്കുകൾ ആണ് ചർച്ചയായിരിക്കുന്നത് . ഇവയുടെ പേരിൽ നിരവധി സംശയാസ്പദ സ്ഥാപനങ്ങൾ കുടിയേറ്റത്തിന് അനധികൃത വഴികൾ ഒരുക്കുന്നുവെന്നാണ് ആരോപണം.

റിപ്പോർട്ടുകൾ പ്രകാരം കഫേകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ തുടങ്ങിയവയാണ് പ്രധാന സ്‌പോൺസർമാരായി മുന്നിൽ. ഇതിന് പുറമെ, ഏകദേശം 1,000 ചെറുകടകളും മിനി മാർക്കറ്റുകളും, 700 ഹലാൽ ഫുഡ് കമ്പനികളും, 400 മിനികാബ്-ഡെലിവറി സ്ഥാപനങ്ങളും, 300 ഹെയർഡ്രസേഴ്‌സ്-ബാർബർ ഷോപ്പുകളും “സ്കിൽഡ് വർക്കർ” വിസക്ക് സ്‌പോൺസർ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ വിഭാഗങ്ങൾ കുടിയേറ്റത്തിന് വ്യാജ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രധാന മാർഗങ്ങളാണെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

ലേബർ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യ പന്ത്രണ്ട് മാസത്തിനിടെ 35,000-ത്തോളം പുതിയ സ്‌പോൺസർ അപേക്ഷകൾ ഹോം ഓഫീസ് സ്വീകരിച്ചിരുന്നു. അതിൽ 79.6 ശതമാനം അപേക്ഷകൾ അംഗീകരിക്കപ്പെട്ടു. ഇതിലൂടെ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ വഴി കുടിയേറ്റം വർധിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി. “സ്റ്റാൻഡ് ഫോർ അവർ സോവറൻിറ്റി”യും “ഫാക്ട്സ്4EU”യും നടത്തിയ വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്.

ഹോം ഓഫീസിന്റെ ലൈസൻസ് വിതരണം സംബന്ധിച്ച് വ്യാപകമായ അഴിമതി നടന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്. അപേക്ഷിച്ചാൽ ഏതൊരാൾക്കും സ്പോൺസർഷിപ്പ് ലൈസൻസ് ലഭിക്കുന്ന രീതിയിലാണ് നടപടിയെന്നാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നു വരുന്ന ആരോപണം . നിയമപരമായ പരിശോധനകളും പശ്ചാത്തല പരിശോധനകളും ഇല്ലാതെയാണ് ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും അനുമതി നൽകിയതെന്ന സൂചനകൾ വരും കാലങ്ങളിൽ വൻ വിവാദങ്ങൾക്ക് വഴിവെച്ചേക്കും . ഇതിലൂടെ വ്യാജ തൊഴിൽ സ്ഥാപങ്ങൾ മുഖേന കുടിയേറ്റക്കാർക്ക് ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ എളുപ്പമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടുവെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ഗൗരവമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ മുന്നോട്ടു വന്നിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ സ്കൂളുകളിൽ അക്രമ സംഭവങ്ങളും കത്തി കൊണ്ടു വരുന്നവരുടെ എണ്ണവും വർദ്ധിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നാല് വയസ്സുകാരനും ആറുവയസ്സുകാരനും കത്തിയുമായി സ്കൂളിൽ എത്തിയ സംഭവങ്ങൾ പൊലീസ് രേഖപ്പെടുത്തി. കെന്റിൽ നാല് വയസ്സുകാരൻ സഹപാഠിയെ കത്തി കൊണ്ട് പരിക്കേൽപ്പിച്ചതായും വെസ്റ്റ് മിഡ്‌ലാൻഡ്സിൽ ആറുവയസ്സുകാരൻ പേന കത്തി കൈയിൽ പിടിച്ച് സഹപാഠിയെ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. 2024-ൽ മാത്രം ഇംഗ്ലണ്ടിലും വെയിൽസിലുമായി സ്കൂളുകളിലും കോളേജുകളിലും 1,304 കത്തി സംബന്ധമായ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു. അതിൽ പത്തിലൊന്ന് പ്രാഥമിക വിദ്യാർത്ഥികളാണ് ഉൾപ്പെട്ടത്.

ഷെഫീൽഡിൽ സഹപാഠി കുത്തിക്കൊന്ന ഹാർവി വില്ഗൂസിന്റെ അമ്മ കരോളൈൻ വില്ഗൂസ് സർക്കാർ എല്ലാ സ്കൂളുകളിലും മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. കുട്ടികൾ ഇപ്പോൾ ഭയത്തോടെയാണ് സ്കൂളിലേക്ക് പോകുന്നതെന്നും സ്കൂളുകളിൽ കത്തി പരിശോധന സംവിധാനങ്ങൾ ഉണ്ടാകുന്നത് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സഹായിക്കും എന്നും അവർ പറഞ്ഞു. വെസ്റ്റ് മിഡ്‌ലാൻഡ്സിലെ ബീക്കൺ ഹിൽ അക്കാദമി ഉൾപ്പെടെ ചില സ്കൂളുകൾ ഇതിനകം തന്നെ വിമാനത്താവള മാതൃകയിലെ മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചത്.

പോലിസ് കണക്കുകൾ പ്രകാരം ഇത്തരം സംഭവങ്ങളിൽ 80 ശതമാനത്തോളം പ്രതികളും കൗമാരപ്രായക്കാരായ ആൺകുട്ടികളാണ്. സുരക്ഷാ ഭയമാണ് കുട്ടികളെ കത്തിയുമായി സ്കൂളിലേക്ക് എത്തിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ സ്കൂളുകൾ കൈയിൽ പിടിക്കുന്ന മെറ്റൽ ഡിറ്റക്ടറുകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ മൂന്നിരട്ടിയായി വാങ്ങിയതായി നിർമ്മാതാക്കൾ വ്യക്തമാക്കി. യുവാക്കൾക്കിടയിലെ കത്തി ഉപയോഗം കുറയ്ക്കാൻ സർക്കാർ “Young Futures” പദ്ധതി വഴി ഇടപെടലുകൾ ആരംഭിച്ചിരിക്കുകയാണെന്ന് ഹോം ഓഫീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കാർ വിൽപനയ്‌ക്കായി ഓട്ടോട്രേഡിൽ പരസ്യം നൽകിയ മലയാളി കുടിയേറ്റക്കാരൻ വലിയ കബളിപ്പിക്കലിന് ഇരയായി. കാർ കാണാനെന്ന പേരിൽ എത്തിയ സംഘം സ്മാർട്ട് കീയുടെ ഡേറ്റ കോപ്പി ചെയ്ത ശേഷം , അന്നേ രാത്രി വാഹനം മോഷ്ടിച്ച് കടത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നത് . സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കാർ കാണാനെത്തിയവരാണ് മോഷ്ടാക്കൾ എന്ന് വ്യക്തമാണ്. അവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ ഇപ്പോൾ പ്രവർത്തനരഹിതമാണ്.

സംഭവം നടന്ന ദിവസം ഇവർ കാർ പരിശോധിക്കുകയും ബോണറ്റ് തുറന്ന് നോക്കുകയും ചെയ്തുവെങ്കിലും ടെസ്റ്റ് ഡ്രൈവ് ഒന്നും നടത്തിയിരുന്നില്ല. പിന്നാലെ രാത്രിയിൽ കാർ പാർക്ക് ചെയ്ത സ്ഥലത്തു നിന്നാണ് മോഷണം നടക്കുന്നത്. സാധാരണ രീതിയിൽ കാർ അൺലോക്ക് ചെയ്ത് സ്റ്റാർട്ട് ചെയ്ത് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ കാണുന്നത്. വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, അവർ സ്മാർട്ട് കീയുടെ സിഗ്നൽ ക്ലോൺ ചെയ്ത് വാഹന സ്റ്റാർട്ട് ചെയ്യുകയായിരുന്നു.

ബ്രിട്ടനിൽ ഇത്തരം കാർ മോഷണങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുത്തനെ വർധിച്ചിരിക്കുകയാണ്. 2024-ൽ മാത്രം 1,70,000-ത്തിലധികം കാർ മോഷണം നടന്നതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. അതിൽ വലിയ പങ്കും ‘കീ ക്ലോണിംഗ്’ അല്ലെങ്കിൽ ‘റിലേ അറ്റാക്ക്’ പോലുള്ള സാങ്കേതിക രീതികളിലൂടെ നടപ്പാക്കപ്പെട്ടവയാണ്. പൊലീസും ഇൻഷുറൻസ് ഏജൻസികളും കാർ ഉടമകളോട് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ പ്രമുഖ സർവകലാശാലകളായ ലാങ്കാസ്റ്റർ സർവകലാശാലയും സർറി സർവകലാശാലയും ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കാൻ അനുമതി നേടി. ബംഗളൂരുവിലും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുമാണ് ഇവയുടെ ക്യാംപസുകൾ സ്ഥാപിക്കപ്പെടുന്നത്. ഇതോടെ ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കാൻ അനുമതി ലഭിച്ച യുകെ സർവകലാശാലകളുടെ എണ്ണം ഒമ്പതായി. യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമറിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ചാണ് അനുമതി പത്രങ്ങൾ കൈമാറിയത്.

ഇതിനോടൊപ്പം ലിവർപൂൾ, യോർക്ക്, അബർഡീൻ, ബ്രിസ്റ്റൽ സർവകലാശാലകൾക്കും ഇന്ത്യയിൽ ശാഖകൾ ആരംഭിക്കാനുള്ള ‘ലെറ്റർ ഓഫ് ഇൻറന്റ്’ യു.ജി.സി. നൽകി. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഗുർഗാവിൽ പ്രവർത്തനം ആരംഭിച്ച സൗത്താംപ്ടൺ സർവകലാശാലയിൽ 140 ഇന്ത്യൻ വിദ്യാർത്ഥികളാണ് ആദ്യ ബാച്ചിൽ പഠനം ആരംഭിച്ചത്. യു.ജി.സി.യുടെ 2023 ലെ നിയമങ്ങൾ പ്രകാരം, ഇന്ത്യയിൽ ക്യാംപസ് തുടങ്ങാൻ ആഗ്രഹിക്കുന്ന വിദേശ സർവകലാശാലകൾ ലോക റാങ്കിംഗിൽ 500ൽ ഉൾപ്പെടണമെന്നാണ് നിബന്ധന.

ഈ പുതിയ ക്യാംപസുകൾ വഴി ബ്രിട്ടീഷ് വിദ്യാഭ്യാസ മേഖലയ്ക്ക് 50 മില്യൺ പൗണ്ട് വരെ സാമ്പത്തിക നേട്ടം ലഭിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ ഇപ്പോൾ 40 മില്യൺ വിദ്യാർത്ഥികൾ സർവകലാശാലകളിൽ പഠിക്കുന്നുണ്ട് . എന്നാൽ 2035ഓടെ 70 മില്യൺ സീറ്റുകൾ ആണ് രാജ്യത്ത് ആവശ്യമായി വരുന്നത് . അതിനാൽ യുകെയിൽ ലഭിക്കുന്ന ലോകോത്തര വിദ്യാഭ്യാസം ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് സ്വന്തം നാട്ടിൽ ലഭ്യമാകുന്നതോടൊപ്പം ബ്രിട്ടീഷ് സമ്പദ്‌ വ്യവസ്ഥയ്ക്കും വലിയ ഉത്തേജനം നൽകാൻ ഈ പദ്ധതിക്ക് സാധിക്കും എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ വ്യക്തമാക്കി.


യുകെ സർവകലാശാലകളുടെ കടന്ന് വരവ് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ മത്സരാധിഷ്ഠിതമാക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഗുണമേന്മയുള്ള പഠനരീതികളും ആഗോള നിലവാരമുള്ള പാഠ്യപദ്ധതികളും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭ്യമാകും. എന്നാൽ ഇന്ത്യൻ സർവകലാശാലകൾ ഈ മാറ്റത്തിന് അനുയോജ്യമായി മാറാതിരുന്നാൽ അവരുടെ പ്രാധാന്യം കുറയാനിടയുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റ്റിജി തോമസ് രചിച്ച് മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറുകഥാ സമാഹാരത്തിന്റെ കവർപേജ് കേംബ്രിഡ്ജ് മുൻ മേയർ അഡ്വ. സോൾ. ബൈജു തിട്ടാല പ്രകാശനം ചെയ്തു. ഒക്ടോബർ 14-ാം തീയതി മാക്ഫാസ്റ്റ് കോളേജിൻറെ ജൂബിലിയോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവഹിക്കും.

മലയാളത്തിൻറെ പ്രിയ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഡോ. ഐഷ വി എഴുതിയ പഠനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച റ്റിജി തോമസിന്റെ കഥകളിൽ നിന്ന് തിരഞ്ഞെടുത്ത   കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ കഥകൾക്കും രേഖാ ചിത്രങ്ങളും പുസ്തകത്തിൻറെ കവർ പേജും തയ്യാറാക്കിയത് എഴുത്തുകാരിയും ചിത്രകാരിയുമായ അനുജ ടീച്ചറാണ്. ഈ പുസ്തകത്തിലെ കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിന് രേഖാചിത്രം തയ്യാറാക്കിയ പ്രശസ്ത ചിത്രകാരൻ മദനൻ ഉൾപ്പെടെയുള്ളവരുടെ വരകൾ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . കാർട്ടൂണിസ്റ്റും എഴുത്തുകാരനും ഗ്രാഫിക് ഡിസൈനർ കൂടിയായ ഒ.സി. രാജുവാണ് ഈ പുസ്തകത്തിൻ്റെ ലേ-ഔട്ട് പ്രിൻ്റിംഗ് ജോലികൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

മലയാളത്തിലെ മുൻനിര ആനുകാലികങ്ങളിലും ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള റ്റിജി തോമസിന്റെ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് അദ്ദേഹം . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുള്ള റ്റിജി കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. നിലവിൽ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവിയാണ്.

ഇത് മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന രണ്ടാമത്തെ പുസ്തകമാണ്. മലയാളം യുകെ പബ്ലിക്കേഷൻ്റെ ആദ്യ പുസ്തകമായ ശർക്കരവരട്ടി എന്ന കഥാ സമാഹാരം പ്രകാശനം ചെയ്ത് കേവലം ഒരു മാസത്തിനുള്ളിലാണ് രണ്ടാമത്തെ പുസ്തകം വായനക്കാരിലേക്ക് എത്തുന്നത് .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിംഗ്ഹാമിൽ നടത്താനിരുന്ന ദീപാവലി ആഘോഷങ്ങൾ സുരക്ഷാ ആശങ്കകളെ തുടർന്ന് മാറ്റിവെച്ചു . ബർമിംഗ്ഹാമിലെ പത്താമത് വാർഷിക ദീപാവലി ആണ് ഇത്തവണയും മാറ്റി വയ്ക്കേണ്ടി വന്നത് നഗരത്തിലെ ഇന്ത്യൻ സമൂഹത്തെയും സാംസ്കാരിക പ്രേമികളെയും നിരാശരാക്കി. ഹാൻഡ്‌സ്വർത്തിലെ സോഹോ റോഡിലും ഹോളിഹെഡ് റോഡിലുമായിരുന്നു ഈ വർഷം ദീപാവലി മേള സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. സംഗീത പരിപാടികൾ, പരമ്പരാഗത നൃത്തങ്ങൾ, ഭക്ഷണ സ്റ്റാളുകൾ, കരിമരുന്ന് പ്രദർശനം തുടങ്ങി നിരവധി ആകർഷണങ്ങൾ ആണ് ഒരുക്കിയിരുന്നത് . സാധാരണയായി ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈ ആഘോഷം, ബർമിംഗ്ഹാമിലെ വിവിധ സമൂഹങ്ങൾ ഒന്നിച്ച് ആഘോഷിക്കുന്ന ഐക്യത്തിന്റെ പ്രതീകമായിരുന്നു. എന്നാൽ, ജനങ്ങളുടെ സുരക്ഷയും ചില അപകടസാധ്യതകളും മുൻനിർത്തി പരിപാടി മാറ്റിവയ്ക്കേണ്ടി വന്നതായി സംഘാടകർ അറിയിച്ചു.

അടുത്തിടെ മാഞ്ചസ്റ്ററിൽ നടന്ന ആക്രമണവും അതിന്റെ പശ്ചാത്തലത്തിൽ നടപ്പിലായ നീയന്ത്രങ്ങളും ഈ തീരുമാനം എടുക്കുന്നതിൽ പ്രധാനപ്പെട്ട കാരണങ്ങളായിരുന്നുവെന്ന് സംഘാടകർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 2025 ഏപ്രിലിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങൾ പ്രകാരം, 800-ൽ അധികം ആളുകൾ പങ്കെടുക്കുന്ന പൊതുപരിപാടികൾക്ക് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ, സിസിടിവി നിരീക്ഷണം, പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാർ തുടങ്ങിയവ നിർബന്ധമാണ്. മാഞ്ചസ്റ്റർ അരീന ബോംബ് സ്ഫോടനത്തിൽ മാർട്ടിൻ ഹെറ്റ് എന്ന യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഈ നിയമം കൊണ്ടുവന്നത്. പുതിയ നിയമങ്ങൾ അനുസരിച്ച് ആവശ്യമായ എല്ലാ സുരക്ഷാ ഒരുക്കങ്ങളും പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമുണ്ടെന്നും അതിനാൽ തന്നെയാണ് മേള മാറ്റിവച്ചതെന്നും സംഘാടകർ വ്യക്തമാക്കി.

മേളയ്ക്ക് പുതിയ തീയതി നിശ്ചയിക്കുന്നതിനായി അവർ പ്രാദേശിക ഭരണകൂടങ്ങളുമായും സുരക്ഷാ ഏജൻസികളുമായും ചർച്ചകൾ തുടരുകയാണെന്നും ഈ പരിപാടി അടുത്ത വർഷങ്ങളിൽ സുരക്ഷിതമായ രീതിയിൽ സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സോഹോ റോഡ് ബിസിനസ് ഇംപ്രൂവ്മെന്റ് ഡിസ്ട്രിക്ട് (BID) അറിയിച്ചു, . കഴിഞ്ഞ വർഷവും ഫണ്ടിംഗ് തടസ്സങ്ങൾ മൂലം മേള റദ്ദാക്കേണ്ടി വന്നിരുന്നു, സമൂഹത്തിന്റെ സുരക്ഷയാണ് ഞങ്ങളുടെ ആദ്യ പരിഗണന. പരിപാടി സുരക്ഷിതമായി നടത്താനുള്ള എല്ലാ മാർഗങ്ങളും പരിശോധിച്ചുവെങ്കിലും, നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മാറ്റിവയ്ക്കേണ്ടി വന്നതായി സംഘാടകർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ദീപാവലി മേള ബർമിംഗ്ഹാമിന്റെ സാംസ്കാരിക ഐക്യത്തെ പ്രതിനിധാനം ചെയ്യുന്ന വലിയ ഉത്സവമായതിനാൽ അടുത്ത തീയതിയിൽ തന്നെ ഇത് കൂടുതൽ ഭംഗിയോടെ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ സീറോ മലബാർ സഭയിലെ വിശ്വാസികളും ക്നാനായ സമൂഹവും സംബന്ധിച്ചുള്ള വിവാഹ കൂദാശയുടെ സാധുതയെ കുറിച്ച് കാനോനിക നിയമങ്ങൾ വിശദീകരിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സർക്കുലർ പുറത്തിറക്കി. 2016-ൽ പാപ്പാ ഫ്രാൻസിസ് സ്ഥാപിച്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പരിധിയിലാണ് ബ്രിട്ടനിലെ ക്നാനായരടക്കമുള്ള എല്ലാ സീറോ മലബാർ വിശ്വാസികളും ഉൾപ്പെടുന്നതെന്ന് സർക്കുലർ വ്യക്തമാക്കി. ബ്രിട്ടനിൽ സ്ഥിരതാമസമോ (ഡൊമിസൈൽ) ക്വാസി–ഡൊമിസൈൽ പദവിയോ ഉള്ളവർ സീറോ മലബാർ രൂപതയുടെ നിയമപരിധിയിലായിരിക്കുമെന്നും, ഇവരുടെ ആത്മീയ പരിപാലനത്തിന്റെ ചുമതല രൂപതയിലെ വൈദികർക്കാണ് എന്നും സർക്കുലർ വ്യക്തമാക്കുന്നു.

സീറോ മലബാർ സഭ പൗരസ്ത്യ സഭകളിൽപ്പെട്ട ഒരു സ്വയംഭരണ സഭയായതിനാൽ അതിലെ വിശ്വാസികൾ തമ്മിലുള്ള വിവാഹം സാധുവായിരിക്കണമെങ്കിൽ അതാത് സഭയുടെ പുരോഹിതന്റെ നേതൃത്വത്തിലാണ് നടത്തേണ്ടതെന്ന് സർക്കുലറിൽ പറയുന്നു. രണ്ട് വ്യത്യസ്ത സഭകളിൽ പെട്ട വിശ്വാസികൾ തമ്മിലുള്ള വിവാഹത്തിന് അനുമതി ആവശ്യമില്ല. ഒരേ സഭയിൽ പെട്ട രണ്ട് വിശ്വാസികളുടെ വിവാഹം അവരുടേതിൽ നിന്ന് വ്യത്യസ്തമായ റീത്തിൽ വിവാഹം നടത്തുമ്പോൾ അതിന് രൂപതാ മെത്രാനോ അധികാരപ്പെട്ട പുരോഹിതനോ നൽകിയ അനുമതി അനിവാര്യമാണെന്നും മാർ സ്രാമ്പിക്കൽ വ്യക്തമാക്കി. ഒരു ഇടവകയിൽ പേര് രജിസ്റ്റർ ചെയ്യുന്നത് ഭരണപരമായ കാര്യം മാത്രമാണ്; അത് സഭാപരമായ അംഗത്വം നിർണ്ണയിക്കുന്നില്ല എന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

ക്നാനായ സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പാരമ്പര്യം സംരക്ഷിക്കാൻ രൂപത നടത്തിയ നടപടികളും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയുടെ അഭ്യർഥന പ്രകാരം, രാജ്യത്തുടനീളം 15 ക്നാനായ മിഷനുകളും 8 ക്നാനായ വൈദികരുടെ സേവനവുമാണ് രൂപത ക്രമീകരിച്ചിരിക്കുന്നത്. തോമാശ്ലീഹായുടെ ആഗമനം സുറിയാനി പാരമ്പര്യത്തിന് ശക്തി നൽകിയതുപോലെ, ക്നാനായ പാരമ്പര്യം സീറോ മലബാർ സഭയുടെ ജീവിതസ്രോതസ്സിനകത്ത് തന്നെയാണ് നിലനിൽക്കേണ്ടത്,” എന്ന് ബിഷപ്പ് സർക്കുലറിൽ ഓർമ്മിപ്പിച്ചു. പരിശുദ്ധ മറിയം, മാർ യൗസേപ്പ്, മാർ തോമാശ്ലീഹ, വിശുദ്ധ അൽഫോൻസാമ്മ എന്നിവർ മധ്യസ്ഥരായി എല്ലാ വിശ്വാസികളിലേക്കും ദൈവാനുഗ്രഹം നിറയട്ടേയെന്ന് പ്രാർത്ഥിച്ച് മാർ സ്രാമ്പിക്കൽ സന്ദേശം സമാപിച്ചു. സർക്കുലർ ഒക്ടോബർ 12, 2025-നോ അതിനടുത്ത ഞായറാഴ്ചയോ എല്ലാ ഇടവകകളിലും വിശുദ്ധ കുർബാനയ്ക്കിടെ വായിക്കണമെന്ന് രൂപത നിർദേശിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറും ഒക്ടോബർ 9-ന് മുംബൈയിൽ സംയുക്ത പത്രസമ്മേളനം നടത്തി . ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയവും സാമ്പത്തികവും പ്രതിരോധ സഹകരണവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഒരുങ്ങി കഴിഞ്ഞതായി നേതാക്കൾ അറിയിച്ചു. പ്രധാനമന്ത്രി സ്റ്റാർമറിന്റെ നേതൃത്വത്തിൽ ഇന്ത്യ–യുകെ ബന്ധം ഗണ്യമായ പുരോഗതി കൈവരിച്ചിരിക്കുന്നതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ യുകെയിലെ തന്റെ സന്ദർശനത്തിനിടെ നടന്ന വിവിധ ചർച്ചകളും കരാറുകൾ ഒപ്പുവെച്ചതും ഇരുരാജ്യങ്ങളിലെ ജനങ്ങളുടെ ഭാവി കൂടുതൽ ശോഭനമാക്കാൻ സഹായിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു നേതാക്കളും രണ്ട് രാജ്യങ്ങളുടെയും സാങ്കേതിക, സാമ്പത്തിക, വ്യാവസായിക മേഖലകളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുമെന്ന് വെളിപ്പെടുത്തി .

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക–വാണിജ്യ കരാറായ “CETA ” യുടെ ഒപ്പുവെപ്പ് ഒരു ചരിത്രപരമായ നേട്ടമാണ് എന്ന് സ്റ്റാർമർ പറഞ്ഞു, വർഷങ്ങളോളം നീണ്ട ചര്‍ച്ചകൾക്കു ശേഷമാണ് കരാർ രൂപം കൊണ്ടത്. ഇതിലൂടെ ഇരുരാജ്യങ്ങളുടെയും വിപണികളിലേക്ക് കൂടുതൽ പ്രവേശനം ലഭിക്കുമെന്നും, നികുതി കുറവ് വഴി വ്യാപാരം വർദ്ധിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . പരസ്പര വിശ്വാസം വളർത്തുന്ന ഒരു പുതിയ അധ്യായമായിട്ട് കരാർ ഇരുരാജ്യങ്ങൾക്കും പ്രചോദനമാകുമെന്നും പത്രസമ്മേളനത്തിൽ ഇരുവരും പറഞ്ഞു.

അതേസമയം പ്രതിരോധ മേഖലയിലും ഇരു രാജ്യങ്ങൾക്കിടയിൽ സഹകരണം ഊർജ്ജിതമാകുകയാണ്. ഇന്ത്യയും യുകെയും £350 മില്യൺ പ്രതിരോധ കരാറിൽ ആണ് ഒപ്പുവെച്ചത് , യുകെ നിർമ്മിത മിസൈലുകൾ ഇന്ത്യൻ സേനയ്ക്ക് ലഭിക്കും. ഈ കരാർ നിലവിലെ പ്രതിരോധ ആവശ്യങ്ങളും ഭാവിയിലെ സാങ്കേതിക വികസനങ്ങളും നിറവേറ്റുന്നതിന് സഹായിക്കും എന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു, “. കൂടാതെ, ഇരുരാജ്യങ്ങൾ തമ്മിലുള്ള സങ്കീർണ ആയുധ സാങ്കേതിക വിദ്യകൾ പങ്കുവയ്ക്കാനുള്ള ദീർഘകാല സഹകരണം വളർത്തും” എന്നും ആണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിലെ ഡിജിറ്റൽ ഐഡി സംവിധാനമായ “ആധാർ”നെ യുകെയിലേക്കുള്ള മാതൃകയായി പരിശോധിക്കാൻ മുംബൈ സന്ദർശനത്തിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ താൽപ്പര്യം പ്രകടിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. സ്റ്റാർമർ ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകണിയെ കാണുകയും വേണ്ട ചർച്ചകൾ നടത്തുകയും ചെയ്തു. ഇന്ത്യയുടെ ഡിജിറ്റൽ ഐഡി സംവിധാനത്തിന്റെ വേഗതയും ഭരണ സംവിധാനത്തിൽ അത് കൊണ്ടുവന്ന പരിവർത്തനങ്ങളും അവലോകനം ചെയ്യാനായിരുന്നു കൂടി കാഴ്ച . ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളിൽ ഭൂരിഭാഗത്തെയും ഉൾപ്പെടുത്തി 15 വർഷങ്ങളായി നടപ്പിലാക്കിയ ഈ പദ്ധതി ഭരണച്ചെലവും അഴിമതിയും കുറച്ച് ഏകദേശം £11 ബില്യൺ ലാഭം കൈവരിച്ചു എന്നതായാണ് വിലയിരുത്തൽ.

യുകെയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡിജിറ്റൽ ഐഡി സംവിധാനത്തിൽ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്താനുള്ള പദ്ധതി നിലവിൽ ഇല്ലെന്ന് സ്റ്റാർമറുടെ വക്താവ് വ്യക്തമാക്കി. ഇന്ത്യയിലെ പദ്ധതിയിൽ സ്വകാര്യതാ സംരക്ഷണം കുറവായതും ചിലർക്ക് ആധാർ ഇല്ലാത്തതിനാൽ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടതുമാണ് വിവാദങ്ങൾക്കിടയാക്കിയത്. യുകെ സംവിധാനത്തിൽ ഉൾക്കൊള്ളലിനും സുരക്ഷിതത്വത്തിനും മുൻഗണന നൽകും എന്നും അത് തൊഴിൽ മേഖലയിൽ അനധികൃത ജോലികൾ തടയുന്നതിനായി നിർബന്ധിതമാക്കുമെന്നും ഇതിനെ കുറിച്ച് പ്രതികരിച്ച സ്റ്റാർമർ വ്യക്തമാക്കി.

സ്റ്റാർമർ മുംബൈയിൽ ബോളിവുഡ് താരമായ റാണി മുഖർജിയെ കണ്ടുമുട്ടിയതോടൊപ്പം, യാഷ് രാജ് ഫിലിംസിന്റെ മൂന്ന് പുതിയ ബോളിവുഡ് ചിത്രങ്ങൾ യുകെയിൽ ചിത്രീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ പദ്ധതികൾ 3,000-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, ഇന്ത്യ-യുകെ വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ സന്ദർശനത്തിൽ ഒപ്പുവെക്കുന്ന കരാറുകൾ വഴി ഏകദേശം 7,000 പുതിയ ജോലികൾ ഉണ്ടാകും എന്നും ഡൗൺിങ് സ്ട്രീറ്റ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved