ലണ്ടന്‍: ഹാര്‍ഡ് ബ്രെക്‌സിറ്റിനുള്ള പദ്ധതികള്‍ ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി തെരേസ മേയോട് എംപിമാര്‍. ക്വീന്‍സ് സ്പീച്ചിനു ശേഷം പാര്‍ലമെന്‍ിലാണ് എംപിമാര്‍ ഇക്കാര്യം അറിയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിമാരും ഇക്കാര്യം ഉന്നയിച്ചു. ഹാര്‍ഡ് ബ്രെക്‌സിറ്റിനുള്ള പദ്ധതികളുണ്ടെങ്കില്‍ അത് ഏത് വിധേനയും എതിര്‍ക്കുമെന്ന് എംപിമാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനു ശേഷം സര്‍ക്കാര്‍ ന്യൂനപക്ഷമായ സാഹചര്യത്തിലാണ് എതിര്‍പ്പിന് ശക്തി കൂടിയത്. ഹാര്‍ഡ് ബ്രെക്‌സിറ്റ് രാജ്യത്തിന് ദോഷകരമാകുമെന്നാണ് വിലയിരുത്തല്‍.
ക്യാബിനറ്റിനുള്ളില്‍ പോലും തെരേസ മേയുടെ ബ്രെക്‌സിറ്റ് പദ്ധതികള്‍ക്കെതിരെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. തൊഴിലുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ബ്രെക്‌സിറ്റ് എന്ന ആശയമാണ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് മുന്നോട്ടു വെക്കുന്നത്. കുടിയേറ്റത്തില്‍ ഊന്നിയുള്ള ബ്രെക്‌സിറ്റ് എന്ന മേയുടെ ആശയത്തിന് നേര്‍ വിപരീതമാണ് ഇത്. ഹാര്‍ഡ് ബ്രെക്‌സിറ്റിനെതിരെ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പിനു ശേഷം അശക്തയായ തെരേസ മേയുടെ നിലപാടുകള്‍ക്കെതിരെ കൂടുതല്‍ ശബ്ദങ്ങള്‍ ഉയരുന്ന കാഴ്ചയാണ് പാര്‍ലമെന്റ് ദര്‍ശിച്ചത്. ഭൂരിപക്ഷം നഷ്ടപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഡിയുപിയുമായി ധാരണയിലെത്താന്‍ ഇതുവരെ സാധിക്കാത്തത് സര്‍ക്കാര്‍ രൂപീകരണം വൈകിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ ക്വീന്‍സ് സ്പീച്ച് നടന്നത്.
ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ കെന്‍സിംഗ്ടണിലുള്ള ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ പുനരധിവസിപ്പിക്കും. സര്‍ക്കാര്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കെന്‍സിംഗ്ടണ്‍ റോവില്‍ 68 ഫ്‌ളാറ്റുകള്‍ ഇതിനായി വാങ്ങിയെന്ന് കമ്യൂണിറ്റീസ് സെക്രട്ടറി സജീദ് ജാവിദ് പറഞ്ഞു. സിംഗിള്‍, 2, 3 ബെഡ്‌റൂം ഫ്‌ളാറ്റുകളാണ് വാങ്ങിയത്. തീപ്പിടിത്തമുണ്ടായി ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം വന്നത്. പുതുതായി നിര്‍മിച്ച സോഷ്യല്‍ ഹൗസിംഗിലാണ് ഈ ഫ്‌ളാറ്റുകള്‍.
15,75,000 പൗണ്ട് മുതല്‍ 8.5 മില്യന്‍ പൗണ്ട് വരെ വില വരുന്ന പ്രൈവറ്റ് വീടുകള്‍ ഉള്‍പ്പെടുന്ന സമുച്ചയത്തിലാണ് ഈ ഫ്‌ളാറ്റുകള്‍ വാങ്ങിയിരിക്കുന്നത്. 24 മണിക്കൂര്‍ കാവലും പ്രൈവറ്റ് സിനിമയുമൊക്കെ ഈ സമുച്ചയത്തിലുണ്ടെന്ന് നിര്‍മാതാക്കളായ സെന്റ് എഡ്വേര്‍ജിന്റെ വെബ്‌സൈറ്റ് പറയുന്നു. ഗ്രെന്‍ഫെല്‍ ടവറില്‍ നിന്നുള്ളവര്‍ക്ക് സ്ഥിരമായി താമസസൗകര്യമൊരുക്കാനാണ് ഇവ സര്‍ക്കാര്‍ വാങ്ങിയതെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ കമ്യൂണിറ്റീസ് ആന്‍ഡ് ലോക്കല്‍ ഗവണ്‍മെന്റ് അറിയിക്കുന്നത്.
തീപ്പിടിത്തമുണ്ടായി ഒരാഴ്ചയായിട്ടും ദുരന്തത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഈ പ്രഖ്യാപനം വന്നത്. ഇരകളെ പുനരധിവസിപ്പിക്കാന്‍ ഒഴിഞ്ഞു കിടക്കുന്ന ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍ ഏറ്റെടുക്കണമെന്ന ജെറമി കോര്‍ബിന്റെ നിര്‍ദേശം സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടെ നിലപാടിനു വിപരീതമായി ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ് തന്നെ സര്‍ക്കാരിന് വാങ്ങേണ്ടി വന്നിരിക്കുകയാണ്.
എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധയെ തുടർന്നുള്ള മുൻകരുതലായിട്ടാണ് 96 കാരനായ ഫിലിപ്പ് രാജകുമാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു.
ലണ്ടനിലെ കിംഗ് എഡ്വേർഡ് സെവൻത് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാജകുമാരന്‍റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ലണ്ടന്‍: ഹീറ്റ് വേവ് തുടരുന്നതിനാല്‍ യുകെയില്‍ കടുത്ത ചൂട് തുടരുകയാണ്. ഉരുകുന്ന ചൂടിലും കുട്ടികളുടെ യൂണിഫോമില്‍ കടുംപിടിത്തം തുടരുന്ന സ്‌കൂളുകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നു. ബ്ലേസര്‍ ഇല്ലാതെ സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ച സ്‌കൂളുകളാണ് വിമര്‍ശന വിധേയമാകുന്നത്. ബോണ്‍മൗത്തിലെ ബിഷപ്പ് ഓഫഅ വിന്‍ചെസ്റ്റര്‍ അക്കാഡമി തന്റെ മൂന്ന് കുട്ടികളെ വീട്ടിലേക്ക് തിരിച്ചയച്ചതായി കെല്ലി അഡെന്റീല്‍ എന്ന സ്ത്രീ പറഞ്ഞു. സ്‌കൂള്‍ നിയമം അനുസരിച്ച് ജാക്കറ്റ് നിര്‍ബന്ധമാണെന്ന് സ്‌കൂള്‍ അധികൃതര്‍ തന്നോട് പറഞ്ഞതായി കെല്ലി ബോണ്‍മൗത്ത് എക്കോയോട് പ്രതികരിച്ചു.
സ്‌കൂളിന്റെ നിയമത്തില്‍ പൂര്‍ണ്ണമായും യൂണിഫോം ധരിക്കാതെ വകുന്ന കുട്ടികളെ തിരികെ വീട്ടിലേക്ക് അയക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്ലായ്‌പോഴും ബ്ലേസര്‍ ധരിക്കണമെന്നും സ്‌കൂള്‍ അംഗീകരിച്ചിട്ടുള്ള ഹെയര്‍സ്‌റ്റൈല്‍, മേക്ക് അപ്, ആഭരണങ്ങള്‍ എന്നിവ മാത്രമേ പാടുള്ളു എന്നാണ് ചട്ടം. ബിഷപ്പ് ഓഫ് വിന്‍ചെസ്റ്റര്‍ അക്കാഡമിയില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ കാഴ്ചയിലുള്‍പ്പെടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നവരായിരിക്കണം. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ ശാഠ്യമെന്നാണ് സ്‌കൂള്‍ നല്‍കുന്ന വിശദീകരണം.
കിംഗ്സ്റ്റണ്‍ അപ്പോണ്‍ ഹള്ളിലെ കിംഗ്‌സ് വുഡ് അക്കാഡമിയില്‍ നിന്നും ബ്ലേസര്‍ ധരിക്കാത്തതിന് മൂന്ന് കുട്ടികളെ പുറത്താക്കിയതായി റിപ്പോര്‍ട്ട് ഉണ്ട്. കടുത്ത ചൂടില്‍ തന്റെ മകന്‍ കുഴഞ്ഞു വീണതായി മങ്ക്മാന്‍ എന്ന സ്ത്രീ പറഞ്ഞു. അതേത്തുടര്‍ന്ന് കുട്ടി ബ്ലേസര്‍ ധരിക്കുന്നത് ഒഴിവാക്കിക്കോട്ടെ എന്ന് താന്‍ സ്‌കൂള്‍ റിസപ്ഷനില്‍ അന്വേഷിച്ചു. കയ്യില്‍ ഒപ്പം കരുതിയാല്‍ മതിയാകും എന്ന മറുപടിയാണ് തനിക്ക് ലഭിച്ചത്. പക്ഷേ അഞ്ച് മിനിറ്റിനകം തന്റെ കുട്ടിയെ പുറത്താക്കിയെന്ന് സ്‌കൂളില്‍ നിന്ന് ഫോണ്‍ വന്നതായി അവര്‍ പറഞ്ഞു. മറ്റ് രണ്ട് കുട്ടികളെക്കൂടി പുറത്താക്കിയിട്ടുണ്ട്.
കോഴിക്കോട്: കേരളത്തില്‍ കര്‍ഷക ആത്മഹത്യ. കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജ് ഓഫിസിന് മുന്നില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തില്‍ ജോയ്(57) ആണ് ആത്മഹത്യ ചെയ്തത്. ജോയിയുടെ കൈവശമുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ജോയിയും കുടുംബവും വില്ലേജ് ഓഫിസിന് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു.
ഈ സമരത്തെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം നികുതി സ്വീകരിച്ചത്. ഇപ്പോള്‍ ഒന്നരവര്‍ഷമായി വില്ലേജ് ഓഫിസില്‍ നികുതി സ്വീകരിക്കുന്നില്ലെന്നാണ് വിവരം. നികുതി അടക്കാനെത്തുമ്പോള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് തിരികെ അയക്കുകയാണ് പതിവ്. ഇതിലുണ്ടായ മനപ്രയാസമാണ് ജോയിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. ഉദ്യോഗസ്ഥ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നും സഹോദരന്‍ ആരോപിച്ചു.
സംഭവത്തെത്തുടര്‍ന്ന് വില്ലേജ് അസിസ്റ്റന്റ് സിരീഷിനെ ജില്ലാകളക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി ചന്ദ്രശേഖരനാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്. ജോയിയുടെ പേരിലുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ ശുപാര്‍ശ ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു.
സ്വന്തം ലേഖകന്‍
കൊവന്റ്രി : വില്‍സ്വരാജ് എന്ന അനുഗ്രഹീതനും പ്രഗല്‍ഭനുമായ ഗായകനെ ആദ്യമായി യുകെ മലയാളികള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ ആവേശത്തിലാണ് ബെറ്റര്‍ ഫ്രൈംസ് ഫോട്ടോഗ്രാഫി ടീമിലെ അംഗങ്ങള്‍. ബ്രിസ്റ്റോളിലും കൊവന്റ്രിയിലും വെറും രണ്ട് മ്യൂസിക് ഈവനിംങ്ങിന് വേണ്ടി മാത്രമായിരുന്നു ബെറ്റര്‍ ഫ്രൈംസ് വില്‍സ്വരാജിനെ യുകെയിലേയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ വില്‍സ്വരാജിന്റെ പാട്ടുകളെ നെഞ്ചിലേറ്റിയ യുകെ മലയാളികള്‍ ജൂലൈ 10 വരെ ഒന്‍പത് സ്റ്റേജ് പ്രോഗ്രാമുകള്‍ക്കാണ് വില്‍സ്വരാജിനെ ബുക്ക് ചെയ്തിരിക്കുന്നത്.
ബോണ്‍മോത്തിലെ മഴവില്‍ സംഗീത വേദിയിലാണ് വില്‍സ്വരാജ് തന്റെ ആദ്യ സംഗീത വിരുന്ന് യുകെ മലയാളികള്‍ക്കായി അവതരിപ്പിച്ചത്. ആ വേദിയിലെ വെറും മൂന്ന് പാട്ടുകള്‍ കേട്ട് ആവേശം ഉള്‍ക്കൊണ്ട മൂന്ന് ചെറുപ്പക്കാര്‍ ഹോര്‍ഷത്ത് ലൈവ് ഓര്‍ക്കസ്ട്രയക്കായി വില്‍സ്വരാജിനെ ബുക്ക് ചെയ്തു കഴിഞ്ഞു. ബ്രിസ്റ്റോളില്‍ വില്‍സ്വരാജിന്റെ സ്വരമാധുരി ആസ്വദിച്ചവര്‍ തന്നെ വീണ്ടും ബ്രിസ്റ്റോളില്‍ ഒരു പ്രൊഗ്രാമിനുകൂടി അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. എന്നാല്‍ സമയക്കുറവ് കൊണ്ട് സ്നേഹപൂര്‍വ്വം ആ ക്ഷണം നിരസിക്കുകയായിരുന്നു എന്ന് ബെറ്റര്‍ ഫ്രൈംസ് ഫോട്ടോഗ്രാഫിയുടെ ഡയറക്ടര്‍ രാജേഷ് നടേപ്പള്ളി പറഞ്ഞു.
മിഡ്‌ലാന്‍സിലെ കൊവെന്റ്രിയില്‍ ഈ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന മ്യൂസിക് ഈവനിംങ്ങില്‍ യുകെയിലെ പ്രശസ്തിയാര്‍ജ്ജിച്ച നിസരി ഓര്‍ക്കസ്ട്രയാണ് വില്‍സ്വരാജിനൊപ്പം വേദി പങ്കിടുന്നത്. സൌണ്ട് സിസ്റ്റം ഒരുക്കിയിരിക്കുന്നത് പ്രഗലഭ സൌണ്ട് എന്‍ജിനീയര്‍ സിനോ തോമസ്സാണ്. കൊവന്റ്രിയില്‍ ശുദ്ധ സംഗീതത്തിന്റെ പെരുമഴ പെയ്യിക്കുവാനുള്ള ഒരുക്കങ്ങള്‍ വില്‍സ്വരാജും, ബെറ്റര്‍ ഫ്രൈംസ് ഫോട്ടോഗ്രാഫി ടീമിലെ അംഗങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു. വില്‍സ്വരാജ് മ്യൂസിക് ഈവനിംങ്ങിന്റെ ടിക്കറ്റുകള്‍ പ്രോഗ്രാം നടക്കുന്ന ഹാളിലും ലഭ്യമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
ഈ മ്യൂസിക് ഈവനിംങ്ങിന്റെ വിജയത്തോട് കൂടി വരും കാലങ്ങളില്‍ യുകെയില്‍ നടക്കുന്ന എല്ലാ സംഗീത സദസ്സുകളിലും വില്‍സ്വരാജ് ഒരു നിറസാന്നിധ്യമായിരിക്കും എന്ന് ഉറപ്പായി കഴിഞ്ഞു.
ലണ്ടന്‍: ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ കൂടുതല്‍ പണം ആവശ്യമാണെന്ന് മെട്രോപോളിറ്റന്‍ പോലീസ്. തലസ്ഥാന നഗരത്തിന്റെ സുരക്ഷാ ചുമതലയുള്ള മെറ്റ് പോലീസ് കമ്മീഷണര്‍ ക്രെസിഡ ഡിക്ക് ആണ് ഈ ആവശ്യം ഉന്നയിച്ചത്. വെസ്റ്റ്മിന്‍സ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ്, ഫിന്‍സ്ബറി പാര്‍ക്ക് എന്നിവിടങ്ങളിലായി അടുത്തിടെ മൂന്ന് ഭീകരാക്രമണങ്ങളാണ് ലണ്ടനില്‍ അരങ്ങേറിയത്. തന്റെ പോലീസ് സേന സാമ്പത്തികമായി തകര്‍ച്ചയുടെ വക്കിലാണെന്നും കര്‍ത്തവ്യ നിര്‍വഹണത്തിന് കൂടുതല്‍ പണം ആവശ്യമാണെന്നും ഡിക്ക് വ്യക്തമാക്കി.
ഹോം ഓഫീസുമായും മേയറുമായും ഇക്കാര്യം താന്‍ ചര്‍ച്ച ചെയ്തതായി അവര്‍ പറഞ്ഞു. ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ വെട്ടിക്കുറയ്ക്കലുകളും ഫണ്ടിംഗില്‍ ഭാവിയില്‍ വരാനിരിക്കുന്ന മാറ്റങ്ങളും സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് മറ്റ് ചീഫ് കോണ്‍സ്റ്റബിള്‍മാരും മുന്നറിയിപ്പ് നല്‍കി. തീവ്രവാദ വിരുദ്ധ സേനയുടെ തലവന്‍ മാര്‍ക്ക് റൗളിയും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഹോം സെക്രട്ടറി ആംബര്‍ റൂഡിന് കത്തയച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കുട്ടികളെ ചൂഷണം ചെയ്ത സംഭവങ്ങളും ആസൂത്രിത കുറ്റകൃത്യങ്ങളും അന്വേഷിക്കുന്ന സംഘങ്ങളെ അതില്‍ നിന്ന് മാറ്റി തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്നതിലുള്ള ആശങ്കയും റൗളി അറിയിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വരുത്തിയ വെട്ടിക്കുറയ്ക്കലുകള്‍ മൂലം ഇപ്പോളുണ്ടാകുന്ന ഭീകരാക്രമണങ്ങളില്‍ പോലീസിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടുകയാണെന്ന് ലാന്‍കാഷയര്‍ ചീഫ് കോണ്‍സ്റ്റബിളായ സ്റ്റീവ് ഫിന്നിഗനും കുറ്റപ്പെടുത്തുന്നു.
ലണ്ടന്‍: ക്വീന്‍സ് സ്പീച്ചില്‍ തെരേസ മേയുടെ നേതൃത്വത്തിലുള്ള ടോറി സര്‍ക്കാര്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോകുമെന്ന് സൂചന. ഈ ക്വീന്‍സ് സ്പീച്ച് പ്രധാനമന്ത്രിയെന്ന നിലയില്‍ മേയുടെ ആദ്യത്തേതും അവസാനത്തേതുമായിരിക്കുമെന്ന് ടോറി കേന്ദ്രങ്ങളും പറയുന്നു. പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ പലതും ക്വീന്‍സ് സ്പീച്ചില്‍ ഉണ്ടാവില്ലെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി ചില നിര്‍ദേശങ്ങള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിതയാക്കിയെന്നാണ് കരുതുന്നത്.
ബ്രെക്‌സിറ്റില്‍ കേന്ദ്രീകരിച്ചായിരിക്കും നയപ്രഖ്യാപനം. എന്നാല്‍ നേരത്തേ പറഞ്ഞതുപോലെ കടുംപിടിത്തങ്ങള്‍ ഇക്കാര്യത്തിലും ഉണ്ടാവില്ല. മന്ത്രിസഭയില്‍ ഇപ്പോള്‍ത്തന്നെയുള്ള എതിര്‍പ്പ് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് മുന്‍ നിലപാട് മയപ്പെടുത്താന്‍ മേയ് തയ്യാറായത്. ഈ നയപ്രഖ്യാപനം പാര്‍ലമെന്റില്‍ പാസാകുമോ എന്ന യാതോരു ഉറപ്പുമില്ലാതെയാണ് അവതരിപ്പിക്കപ്പെടുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ക്വീന്‍സ് സ്പീച്ചിനുണ്ട്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ തുടരുകയാണെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
തന്റെ പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മേയ് വ്യക്തമാക്കി. പ്രതീക്ഷിച്ചതു പോലെയുള്ള തെരഞ്ഞെടുപ്പ് ഫലമായിരുന്നില്ല ലഭിച്ചത്. എന്നാല്‍ ജനങ്ങള്‍ നല്‍കിയ സന്ദേശത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. അതായത് മുന്‍ ടോറി സര്‍ക്കാര്‍ നടപ്പാക്കിയ പല ജനദ്രോഹ നയങ്ങളും പിന്‍വലിക്കുമെന്ന സൂചനയാണ് ഇതെന്ന് നിരീക്ഷകര്‍ പറയുന്നു.
ലണ്ടന്‍: ലണ്ടന്‍ നഗരത്തില്‍ എത്തുന്ന കാറുകളില്‍ നിന്ന് യാത്ര ചെയ്യുന്ന ദൂരമനുസരിച്ച് പണം ഈടാക്കാന്‍ തീരുമാനം. നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പേയ് പെര്‍ മൈല്‍ എന്ന പദ്ധതി ഏര്‍പ്പെടുത്തുന്നത്. തലസ്ഥാന നഗരത്തിലെ ട്രാഫിക് സാന്ദ്രത കുറച്ച് പരമാവധി ജനങ്ങളെ പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ വാഹനങ്ങള്‍ കുറയ്ക്കുന്നതിനായുള്ള നടപടികളും പരിഗണനയിലാണ്.
പുതിയ ഹൗസിംഗ് സമുച്ചയങ്ങളില്‍ കാര്‍ പാര്‍ക്കുകള്‍ നിരോധിക്കുന്നത് അടക്കമുള്ള നടപടികളാണ് ആലോചനയിലുള്ളത്. നടപ്പാതകള്‍ക്കും സൈക്കിള്‍ പാത്തുകള്‍ക്കും പ്രാമുഖ്യം നല്‍കാനും കാറുകള്‍ ചിലയിടങ്ങളില്‍ നിരോധിക്കാനുമുള്ള നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്. റോഡുകളിലെ ഗതാഗതക്കുരുക്കുകളും വാഹനങ്ങളില്‍ നിന്നുള്ള വായു മലിനീകരണവും പരിഗണിച്ചാണ് യാത്ര ചെയ്യുന്ന ദൂരമനുസരിച്ച് വാഹനങ്ങളില്‍ നിന്ന് പണമീടാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മേയറുടെ ഓഫീസ് അറിയിച്ചു.
നിലവില്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നതിന്റെ നിരക്ക് 64 ശതമാനമാണ്. ഇത് 80 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യവും ഉണ്ട്. ലണ്ടനിലെ ബറോകളുമായി ചേര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് ഫോര്‍ ലണ്ടന്‍ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ വികസിപ്പിക്കും. ജോലിസ്ഥലങ്ങളിലെ പാര്‍ക്കിംഗുകളില്‍ പോലും കൂടൂതല്‍ ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയന്ത്രണമാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.
തിരുവനന്തപുരം: ഗംഗേശാനന്ദയെ കാണാന്‍ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടി എത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോലീസ് സെല്ലിലെത്തിയാണ് പെണ്‍കുട്ടിയും അമ്മയും ഗംഗേശാനന്ദയെ കണ്ടത്. ഇന്നലെ ഉച്ചക്ക് എത്തിയ ഇവര്‍ 15 മിനിറ്റോളം സംസാരിച്ചു. സന്ദര്‍ശനത്തിനിടെ കരഞ്ഞ പെണ്‍കുട്ടിയെ ഗംഗേശാനന്ദ സമാധാനിപ്പിക്കുകയും ചെയ്തു. സന്ദര്‍ശനത്തിനു ശേഷം കരഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി പുറത്തേക്ക് വന്നത്.
പിന്നീട് പേട്ട പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി കാമുകന്‍ അയ്യപ്പദാസിനെതിരെ പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. തന്റെയും ഗംഗേശാനന്ദയുടെയും പണം അയ്യപ്പദാസ് തട്ടിയെടുത്തുവെന്നും താന്‍ ആരുടെയും നിയന്ത്രണത്തിലല്ലെന്നും യുവതി പരാതിയില്‍ പറഞ്ഞു. വീട്ടില്‍ താന്‍ സുരക്ഷിതയാണ്. അയ്യപ്പദാസ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കളവാണെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളിയിരുന്നു. കേസില്‍ പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക വിധേയയാക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ 22-ാം തിയതി നേരിട്ട് ഹാജരാകമമെന്ന് പെണ്‍കുട്ടിക്ക് കോടതി നിര്‍ദേശം നല്‍കി. കേസില്‍ യുവതി നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഗംഗേശാനന്ദ കോടതിയില്‍ ആവശ്യപ്പെട്ടത്.