Main News

ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക്അനുവദിക്കുന്ന അവകാശങ്ങള്‍ സംബന്ധിച്ച് യുകെ സര്‍വകലാശാലകള്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ ഇന്ന് സമര്‍പ്പിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയെ ബ്രെക്‌സിറ്റ് തകര്‍ക്കരുതെന്നാണ് സര്‍വകലാശാലകള്‍ ആവശ്യപ്പെടുന്നത്. അതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും 24 സര്‍വകലാശാലകളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നു. ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 73 ബില്യന്‍ പൗണ്ട് നല്‍കുന്ന ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന നയങ്ങളാണ് ബ്രെക്‌സിറ്റിലുള്ളതെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

ഓക്‌സ്‌ഫോര്‍ഡ്, കേംബ്രിഡ്ജ്, ലണ്ടന്‍ സര്‍വകലാശാലകള്‍ ഉള്‍പ്പെടുന്ന സംഘമാണ് നിവേദനവുമായി രംഗത്തെത്തിയിരിക്കുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പുതിയ സെറ്റില്‍ഡ് സ്റ്റാറ്റസ് ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്നതാണ് സര്‍വകലാശാലകളുടെ പ്രധാന ആവശ്യം. പെര്‍മനന്റ് റെഡിസന്‍സി പോലെയുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യമുണ്ട്. രണ്ടു വര്‍ഷത്തിനു മേല്‍ വിദേശത്തായിരുന്നതിനു ശേഷം മടങ്ങിയെത്തുന്ന യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് രാജ്യത്ത് തങ്ങാനുള്ള അവകാശം എടുത്തുകളയാനുള്ള പദ്ധതിയെയും സര്‍വകലാശാലകള്‍ എതിര്‍ക്കുന്നു.

യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ ലഭിതക്കുന്ന അവകാശങ്ങള്‍ സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സര്‍വകലാശാലകള്‍ തങ്ങളുടെ അഭിപ്രായം അറിയിച്ച് രംഗത്തെത്തിയത്.

ലണ്ടന്‍: ബ്രിട്ടീഷ് ജനതക്കിടയില്‍ അയല്‍ബന്ധങ്ങള്‍ ഇല്ലാതാകുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍ ഡൗണിംഗ് സ്ട്രീറ്റ് ഉപദേശകന്‍ മാക്‌സ് ചേംബേഴ്‌സ് ആണ് നെക്‌സ്റ്റ്‌ഡോര്‍ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്ക് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ട് പരാമര്‍ശിച്ച് ഈ മുന്നറിയിപ്പ് നല്‍കിയത്. തങ്ങളുടെ അയല്‍ക്കാരില്‍ നിന്ന് ഒരു കപ്പ് പഞ്ചസാര കടം വാങ്ങാന്‍ പോലും 60 ശതമാനം ജനങ്ങള്‍ക്കും സാധിക്കുന്നില്ലെന്ന് പഠനം പറയുന്നു. അവധിക്കാലത്ത് പുറത്തുപോകുമ്പോള്‍ തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെ നോക്കാന്‍ അയല്‍ക്കാരെ ഏല്‍പ്പിക്കാന്‍ 75 ശതമാനം പേരും തയ്യാറാകുന്നില്ല.

ലണ്ടനിലാണ് അയല്‍ക്കാരുമായുള്ള ബന്ധം ഏറ്റവും കുറവുള്ളത്. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെയില്‍സ്, യോര്‍ക്ക്ഷയര്‍ എന്നീ പ്രദേശങ്ങള്‍ താരതമ്യേന ഭേദമാണെന്നും വിലയിരുത്തപ്പെടുന്നു. അയല്‍ക്കാരിലുള്ള വിശ്വാസം രാജ്യത്തൊട്ടാകെ കുറഞ്ഞു വരികയാണ്. ഇക്കാര്യത്തില്‍ നോര്‍ത്ത് ഈസ്റ്റാണ് ഏറ്റവും മോശം സമീപനം കാട്ടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് എന്നിവയും ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പുതിയ സാങ്കേതിക വിദ്യകളുമാണ് പ്രതിസ്ഥാനത്തുള്ളതെന്ന് പഠനം വ്യക്തമാക്കുന്നു.

ഇന്റര്‍നെറ്റ് നമ്മെ ആഗോള തലത്തില്‍ ബന്ധിപ്പിക്കുന്നുണ്ടെങ്കിലും തൊട്ടയല്‍പക്കത്ത് നടക്കുന്നത് എന്താണെന്ന് അറിയാന്‍ നമുക്ക് സാധിക്കുന്നില്ലെന്ന് മാക്‌സ് ചേംബേഴ്‌സ് പറഞ്ഞു. സമൂഹവുമായും അയല്‍ക്കാരുമായും കൂടുതല്‍ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് ജീവിതത്തില്‍ താരതമ്യേന കൂടുതല്‍ സംതൃപ്തി ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ജനറല്‍ പ്രാക്ടീഷണര്‍ക്കെതിരെ 118 ലൈംഗികാതിക്രമങ്ങള്‍ ചുമത്തി. ഈസ്റ്റ് ലണ്ടനില്‍ എന്‍എച്ച്എസ് ജിപിയായ മനീഷ് ഷാ എന്ന 47കാരനാണ് ലൈംഗികാതിക്രമക്കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2004നും 2013നുമിടയല്‍ ജിപിയായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ഇയാള്‍ ഈ കുറ്റകൃത്യങ്ങള്‍ നടത്തിയതെന്ന് മെട്രോപോളിറ്റന്‍ പോലീസ് അറിയിച്ചു. 13 വയസില്‍ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ചികിത്സക്കായി എത്തിയവരെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

54 പേരെ ഇയാള്‍ പീഡിപ്പിച്ചതായാണ് മെറ്റ് പോലീസ് വ്യക്തമാക്കുന്നത്. 2013ലാണ് ഇയാള്‍ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. ഏറെക്കാലം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ബുധനാഴ്ച ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 31ന് ഇയാള്‍ ബാര്‍ക്കിംഗ്‌സൈഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം. ഇയാള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നാലു വര്‍ഷം മുമ്പ് അന്വേഷണം ആരംഭിച്ചതോടെയാണ് നിരവധി പേര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്.

സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡില്‍ നിന്നുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക വിഭാഗവും മനീഷ് ഷായ്‌ക്കെതിരായ അന്വേഷണത്തില്‍ പങ്കെടുത്തു. ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന്റെ മേല്‍നോട്ടത്തിലാണ് ഇയാള്‍ക്കെതിരെ ഇത്രയും കേസുകള്‍ ചുമത്താന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്കായി എന്‍എച്ച്എസ് പ്രത്യേക നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 0800 011 4253ല്‍ വിളിച്ചാന്‍ വിശദീകരണം ലഭ്യമാകും.

ലണ്ടന്‍: യുകെയിലെ ചെറുകിട ഇടത്തരം വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന വിദഗ്ദ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകുമെന്ന് ആശങ്ക. ബ്രെക്‌സിറ്റ് അനിശ്ചിതത്വങ്ങളാണ് ഈ ആശങ്കയ്ക്ക് കാരണം. ഏഴു വര്‍ഷങ്ങള്‍ക്കിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ഉദ്പാദന നിരക്കാണ് ജൂലൈ വരെയുള്ള മൂന്ന് മാസങ്ങളില്‍ ഉണ്ടായയത്. എന്നാല്‍ വിദഗ്ദ്ധ മേഖലയിലെ തൊഴിലാളികള്‍ കുറയുന്നത് ഈനിരക്കിനെ പിന്നോട്ടടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 1989 ഒക്ടോബറിനു ശേഷം ആദ്യമായാണ് ഇത്തരം ഒരു പ്രതിസന്ധി ഉയരുന്നത്.

മെയ് വരെയുള്ള മൂന്ന് മാസങ്ങളില്‍ യുകെയിലെ തൊഴിലില്ലായ്മാ നിരക്ക് 4.2 ശതമാനമായി കുറഞ്ഞിട്ടുണ്ട്.. 1975ല്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കിനേക്കാള്‍ താഴെയാണ് ഇത്. എന്നാല്‍ ബ്രെക്‌സിറ്റ് മൂലം വിദഗ്ദ്ധ മേഖലയിലുള്ള വിദേശ തൊഴിലാളികള്‍ എത്തുന്നത് കുറയുമെന്ന് വിലയിരുത്തപ്പെടുന്നു. തദ്ദേശീയരായ തൊഴിലാളികളില്‍ നിന്ന് വിദഗ്ദ്ധ മേഖലയിലുള്ളവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന വിലയിരുത്തലും ഉണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്ക് ഓര്‍ഡറുകള്‍ ലഭിക്കുന്നതില്‍ ഇപ്പോള്‍ തടസങ്ങള്‍ ഇല്ലെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി 364 ഉദ്പാദകരില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്.

ഈ വളര്‍ച്ച പക്ഷേ വേണ്ടത്ര തൊഴിലാളികള്‍ ഇല്ലെങ്കില്‍ പിന്നോട്ടാകുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. 2011 ഏപ്രില്‍ മുതല്‍ ദൃശ്യമായ കയറ്റുമതി വളര്‍ച്ചയെയും ഇത് പിന്നോട്ടടിക്കും. ബ്രിട്ടനിലെ വിദഗ്ദ്ധ തൊഴിലാളികളില്‍ ഭൂരിപക്ഷവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവാണെന്നതാണ് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നത്.

ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് ഭൂരിപക്ഷം ഇല്ലാതാക്കിയത് യൂറോപ്യന്‍ യൂണിയനില്‍ യുകെ തുടരണമെന്ന് അഭിപ്രായമുള്ള വോട്ടര്‍മാരെന്ന് പഠനം. ഹാര്‍ഡ് ബ്രെക്‌സിറ്റ് തടയാന്‍ ലേബറിലാണ് ഇവര്‍ വിശ്വാസം അര്‍പ്പിച്ചത്. 30,000 വോട്ടര്‍മാരില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. തെരഞ്ഞെടുപ്പ് ദിവസം ബ്രെക്‌സിറ്റ് തന്നെയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വിഷയം. റിമെയ്ന്‍ അഭിപ്രായക്കാരായ മറ്റു പാര്‍ട്ടി അംഗങ്ങളുടെ വോട്ടുകള്‍ പോലും ലേബറിന് ലഭിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2016 ഹിതപരിശോധനയില്‍ ബ്രെക്‌സിറ്റിനെതിരെ വോട്ട് ചെയ്തവരില്‍ പകുതിയിലേറെപ്പേര്‍ തെരഞ്ഞെടുപ്പില്‍ ലേബറിനെ അനുകൂലിച്ചു. ഇവരില്‍ 25 ശതമാനം മാത്രമാണ് ടോറികള്‍ക്ക് വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയന്‍ അനുകൂലികളായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ച 15 ശതമാനം വോട്ടുകളും ഇവരുടെ സംഭാവനയാണ്. സര്‍വേയില്‍ പങ്കെടുത്ത മൂന്നിലൊരാള്‍ വീതം തെരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് ആയിരുന്നു പ്രധാന വിഷയമെന്ന് അഭിപ്രായപ്പെട്ടു. എന്‍എച്ച്എസ് തെരഞ്ഞെടുപ്പ് വിഷയമായെന്ന് 10ല്‍ ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ സമ്പദ് വ്യവസ്ഥ വിഷയമായെന്ന് 20ല്‍ ഒരാളും അഭിപ്രായം അറിയിച്ചു.

എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ലേബര്‍ പ്രചാരണത്തില്‍ ആവശ്യപ്പെട്ടിരുന്നില്ല. സിംഗിള്‍ മാര്‍ക്കറ്റ് വിഷയത്തിലും കസ്റ്റംസ് യൂണിയന്‍ അംഗത്വത്തിലും ഹിതപരിശോധനാ ഫലത്തിനൊപ്പമാണ് തങ്ങള്‍ എന്ന നിലപാടാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്വീകരിച്ചത്. ബ്രെക്‌സിറ്റ് പൂര്‍ണ്ണമാകുന്ന ദിവസം തന്നെ സിംഗിള്‍ മാര്‍ക്കറ്റ് അംഗത്വവും അവസാനിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പു ദിവസവും ജെറമി കോര്‍ബിന്‍ പറഞ്ഞത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ട്ടിയുടെ ആശയക്കുഴപ്പം നിറഞ്ഞ നിലപാട് ഇതില്‍ വ്യക്തമാണെന്ന അഭിപ്രായവും ചിലര്‍ അറിയിക്കുന്നുണ്ട്.

ലണ്ടന്‍: സമ്മര്‍ അവധിക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി വിമാനക്കമ്പനികള്‍. യൂറോപ്യന്‍ വിമാനത്താവളങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന പരിശോധനകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഷെന്‍ഗണ്‍ പ്രദേശങ്ങളിലൈ കടുത്ത ചട്ടങ്ങള്‍ മൂലമാണ് ഈ താമസം നേരിടുന്നതെന്ന് യൂറോപ്പിലെ ഏറ്റവും വലിയ എയര്‍ലൈന്‍ ലോബി ഗ്രൂപ്പ് ആയ എ4ഇ അറിയിച്ചു. ചല വിമാനത്തവാളങ്ങളിലെ കര്‍ശനമായ പരിശോധനകള്‍ മൂലം ആയിരക്കണക്കിന് സര്‍വീസുകള്‍ വൈകിയതായി ഗ്രൂപ്പ് അറിയിച്ചു. ബ്രിട്ടീഷ് എയര്‍വേയ്‌സ്, ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ്, റയന്‍ എയര്‍, ഈസിജെറ്റ് തുടങ്ങിയ കമ്പനികള്‍ അംഗങ്ങളായ ഗ്രൂപ്പാണ് ഇത്.

വരുന്ന വാരാന്ത്യം യുകെ വിമാനത്തവാളങ്ങളില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നതാകുമെന്നും മുന്നറിയിപ്പുണ്ട്. രണ്ട് മണിക്കൂര്‍ വരെ യാത്രക്കാര്‍ക്ക് താമസം നേരിടാന്‍ സാധ്യതയുണ്ട്. മല്ലോര്‍ക്കയില്‍ നിന്നും തിരിച്ചും 2,00,000 യാത്രക്കാര്‍ യാത്ര നടത്തുന്നുണ്ടെന്നാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാഹചര്യം പരിഗണിച്ച് സ്പാനിഷ് അധികൃതര്‍ യാത്രക്കാര്‍ക്കു വേണ്ടി അടിയന്തര പദ്ധതികള്‍ ഏര്‍പ്പെടുത്തിയെങ്കിലും മറ്റു കാരണങ്ങളാല്‍ യാത്രക്ക് താമസം നേരിട്ടേക്കും. എന്നാല്‍ ഈ പ്രശ്‌നം അത്ര വ്യാപകമല്ലെന്നും ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ മാത്രമല്ല താമസത്തിനു കാരണമെന്നും ചില കമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും പറയുന്നു.

മല്ലോര്‍ക്കയില്‍ നിന്നുള്ള തങ്ങളുടെ സര്‍വീസുകള്‍ വൈകാന്‍ കാരണം ഇമിഗ്രേഷന്‍ പരിശോധനകള്‍ കര്‍ശനമാക്കിയത് മാത്രമല്ലെന്നാണ് തോമസ് കുക്ക് അറിയിക്കുന്നത്. മറ്റു കമ്പനികളും ഇതേ വിശദീകരണം നല്‍കുന്നുണ്ടെങ്കിലും മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും ചെക്ക് ഇന്‍ ചെയ്യണമെന്ന് യാത്രക്കാരോട് ആവശ്യപ്പെടുന്നുണ്ട്.

ബിജോ തോമസ് അടവിച്ചിറ 

യുകെയില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച ഫാ: മാർട്ടിൻ വാഴച്ചിറയുടെ മൃതദ്ദേഹം ഓഗസ്റ്റ്‌ 3 ന് നാട്ടിലെത്തിക്കും. രാവിലെ ഒൻപതിന് നെടുമ്പാശ്ശേരിയിൽ എത്തുന്ന മൃതദ്ദേഹം 12 മണിയോടെ ആലപ്പുഴയിൽ കളർകോട് എത്തുമ്പോൾ നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് വിലാപയാത്രയായി കളർകോട്ടു നിന്നും പുളിങ്കുന്ന് കണ്ണാടിയിലെ വീട്ടിലെത്തിക്കും.

വാഴച്ചിറ വീട്ടിൽ പൊതുദർശനത്തിനും പ്രാര്‍ത്ഥനക്കും ശേഷം വൈകിട്ട് 3 മണിയോടെ മൃതദ്ദേഹം ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ഓഗസ്റ്റ്‌ നാലിന് രാവിലെ എട്ടു മുതൽ അച്ചൻ അവസാനം സേവനമനുഷ്ഠിച്ച ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും. 11 മണിയോടെ പൊതുദർശനം സമാപിക്കും. 3 മണിയോടെ സംസ്ക്കാര ശുശ്രുഷകൾ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക…

എഡിൻബറോ : യുകെ മലയാളികളെ കണ്ണീരിലാക്കിയ ഒരു മരണമായിരുന്നു സ്കോട്ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ മാര്‍ട്ടിന്‍ അച്ചന്റെത്. ദുരൂഹതകള്‍ ബാക്കിവച്ചുകൊണ്ട് മരണകാരണം എന്തെന്ന് വെളിപ്പെടുത്താതെ മാർട്ടിൻ അച്ചന്‍ നാളെ യുകെയില്‍ നിന്ന് നാട്ടിലേക്ക് യാത്രയാവുകയാണ്. ഫാ: മാർട്ടിൻ വാഴച്ചിറക്ക് എഡിൻബറോയിലെ മലയാളി സമൂഹം ഇന്നലെ കണ്ണുനീരോടെ വിട നൽകി.

ഇക്കഴിഞ്ഞ ജൂൺ  ഇരുപതിന്‌ സ്കോട്ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ നിര്യാതനായ ഫാ. മാർട്ടിൻ  വാഴച്ചിറക്ക് എഡിന്ബറോയിൽ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മാർട്ടിൻ അച്ചൻ സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ക്രൊസ്റ്റോഫിന്‍ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇന്നലെ വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയിലും, പൊതുദര്‍ശന ചടങ്ങിലും സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് മലയാളികളും തദ്ദേശീയരും പങ്കെടുത്തു.

ഫാ റ്റെബിൻ പുത്തൻപുരക്കൽ സി എം ഐ യുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയില്‍ സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള ഇരുപതോളം വൈദീകർ സഹകാര്‍മ്മികരായിരുന്നു. അച്ചൻ സേവനം അനുഷ്ഠിച്ചിരുന്ന ക്രിസ്റ്റഫിൻ ഇടവകയിൽ നിന്നുള്ള നിരവധി ആളുകളാണ് വേദനയോടെ മൃതദേഹം ഒന്ന് കാണുവാനായി എത്തിച്ചേർന്നത്.

വിശുദ്ധ കുര്‍ബാനയും ഒപ്പീസും മറ്റു ശുശ്രൂഷകൾക്കും ശേഷം മൃതദ്ദേഹം ഫ്യുണറൽ ഡയറക്ടേഷസിന് കൈമാറി. ബുധനാഴ്ച എഡിന്ബറോയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ മൃതദ്ദേഹം നാട്ടിലേക്ക് അയക്കും. ഫാ. റ്റെബിൻ പുത്തൻപുരക്കൽ സി എം ഐ യും മൃതദ്ദേഹത്തെ അനുഗമിക്കുന്നതായിരിക്കും.

വ്യാഴാഴ്ച്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന മൃതദ്ദേഹം തുടർന്ന് കാക്കനാട് CMI സഭാ ആസ്ഥാനത്ത് കൊണ്ടുവരും. അവിടെ നിന്നും പുളിങ്കുന്നിൽ അച്ഛന്റെ ഭവനത്തിൽ എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് വെക്കുകയും അതിനുശേഷം ചെത്തിപ്പുഴ തിരുഹൃദയ CMI ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നതുമാണ്. വെളളിയാഴ്ച്ച വി. കുർബാനയോട് കൂടി സംസ്കരിക്കും എന്നതാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മരണകാരണം സംബന്ധിച്ച് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം മൂന്ന് വര്‍ഷത്തോളം സഞ്ചാര സ്വാതന്ത്ര്യവും സിംഗിള്‍ മാര്‍ക്കറ്റ് അംഗത്വവുമുള്‍പ്പെടെയുള്ളവ തുടരുമെന്ന ഫിലിപ്പ് ഹാമണ്ടിന്റെ പ്രസ്താവന നിഷേധിച്ച് ഡൗണിംഗ് സ്ട്രീറ്റ്. ബ്രെക്‌സിറ്റ് ഏല്‍പ്പിക്കുന്ന ആഘാതം കുറയ്ക്കാനായി കുറച്ചു കാലത്തേക്ക് കൂടി യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര ബന്ധങ്ങള്‍ തുടരുമെന്നായിരുന്നു വ്യാപാരികളുടെ പ്രതിനിധികള്‍ക്ക് ചാന്‍സലര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ അത്തരം പദ്ധതികളേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ചര്‍ച്ചകള്‍ക്കനുസരിച്ചായിരിക്കും ബ്രെക്‌സിറ്റ് നടപടികള്‍ മുന്നോട്ടു നീങ്ങുകയെന്നും ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

ബ്രെക്‌സിറ്റിനു ശേഷവും കുറച്ചു കാലത്തേക്ക് തല്‍സ്ഥിതി തുടരാന്‍ യുകെ ശ്രമിക്കുന്നുണ്ടെന്ന് ഹാമണ്ട് ബിസിനസ് പ്രതിനിധികളെ അറിയിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലുമുള്ള അംഗത്വവും തുടരുമെന്നും ഈ ട്രാന്‍സിഷന്‍ കാലം അവസാനിച്ചതിനു ശേഷം മാത്രമേ പുതിയ ഇമിഗ്രേഷന്‍ സംവിധാനം രാജ്യം ആരംഭിക്കുകയുള്ളുവെന്നുമാണ് ഹാമണ്ട് പറഞ്ഞത്. ബിബിസി റേഡിയോ 4ന് നല്‍കിയ അഭിമുഖത്തിലും ഇക്കാര്യം ഹാമണ്ട് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ പ്രധാനമന്ത്രി അവധിയില്‍ ആയിരിക്കുന്ന സമയത്ത് സുപ്രധാന വിഷയത്തില്‍ പ്രസ്താവന നടത്തിയതിനെ ടോറി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയുടെ അധികാരത്തില്‍ കൈകടത്തുകയാണ് ഹാമണ്ട് എന്ന ആരോപണം വരെ ഉയര്‍ന്നു. പിന്‍മാറ്റത്തിന് ഇപ്രകാരം സമയം അനുവദിച്ചാല്‍ യുകെ ബജറ്റ് വിഹിതം നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിരുന്നു. യൂറോപ്യന്‍ കോടതിയുടെ അധികാരപരിധി അംഗീകരിക്കുകയും വേണം. എന്നാല്‍ യൂണിയനില്‍ വോട്ടവകാശമുണ്ടായിരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ലണ്ടന്‍: ജോലി സ്ഥലങ്ങളില്‍ ഹൈഹീലുകള്‍ നിര്‍ബന്ധമാക്കുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു. ഗവേഷകരാണ് ഇക്കാര്യം ഉന്നയിക്കുന്നത്. ഹൈഹീല്‍ ഷൂസുകളുടെ അപകടങ്ങളേക്കുറിച്ച് പഠനം നടത്തിയ അബര്‍ദീന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇത്തരം ഷൂസുകള്‍ സ്ത്രീയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുമെങ്കിലും പേശികള്‍ക്കും അസ്ഥികള്‍ക്കും ദോഷകരമാണ്. പരിക്കുകള്‍ക്കുള്ള സാധ്യതയും ഇവ വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.

ഹൈഹീല്‍ഡ് ചെരുപ്പുകള്‍ നിര്‍ബന്ധിതമാക്കുന്നത് നിരോധിക്കണമെന്ന നിര്‍ദേശം ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ തള്ളിയിരുന്നു. ഹൈഹീല്‍ ധരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്കോള തോര്‍പ്പ് എന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിരോധനത്തിന് ആവശ്യമുയര്‍ന്നത്. എന്നാല്‍ നിലവിലുള്ള നിയമങ്ങള്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പര്യാപ്തമാണെന്നായിരുന്നു മന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയത്.

ഫ്‌ളാറ്റ് ഷൂസുകള്‍ ധരിച്ചെത്തിയ തോര്‍പ്പിനോട് 4 ഇഞ്ച് വരെ ഉയരമുള്ള ഹീലുകള്‍ ഉപയോഗിക്കണമെന്നാണ് മേലുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ നല്‍കിയ ഓണ്‍ലൈന്‍ പരാതിയില്‍ ഒന്നര ലക്ഷത്തിലേറെപ്പേര്‍ പിന്തുണ അറിയിച്ചു. ഹൈഹീലുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത് നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് കൊളംബിയന നിയമ നിര്‍മാണം നടത്തിയതിനോട് ബ്രിട്ടന്‍ പ്രതികരിച്ച രീതിയെയും ഗവേഷകര്‍ വിമര്‍ശിച്ചു.

Copyright © . All rights reserved