Main News

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ സാല്‍ഫോഡിലെ ഒരു വീട്ടിലാണ് കുടുംബത്തെ അപ്പാടെ ചുട്ടെരിച്ച് കൊല്ലാന്‍ ശ്രമം നടന്നത്. വീട്ടിലെ ചിമ്മിനിയിലൂടെ പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ചാണ് വീടിന് തീവച്ചത്. അമ്മയും അഞ്ചു കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. സഹോദരന്മാരായ ഡെമി പീയേഴ്‌സണ്‍ (14), ബ്രാണ്ടന്‍(8), ഇവരുടെ സഹോദരിയായ ലേസി(7) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. മാതാവ് മിഷേല്‍ പീയേഴ്‌സണും(35) ഇളയകുട്ടി ലിയയും(3) അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഇവരുടെ മൂത്ത കുട്ടി കെയ്ല്‍ പീയേഴ്‌സണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

തിങ്കളാഴ്ച്ച രാവിലെ അഞ്ചു മണിയോടെയാണ് വീടിന് തീപിടിച്ചത്. നേരത്തേ തന്നെ ഇവര്‍ക്ക് ഭീഷണിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഒരാള്‍ വീടിന് മുന്‍പില്‍ വന്ന് അസഭ്യങ്ങള്‍ പറയുകയും കതകില്‍ ഇടിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. വെളുപ്പിന് രണ്ടുമണിയോടെ പോലീസെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പോലീസ് പോയി മൂന്ന് മണിക്കൂറിന് ശേഷമാണ് സംഭവം നടക്കുന്നത്. കുടുംബത്തിന് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായി, പ്രത്യേക ഇലക്ട്രോണിക് സംവിധാനം വീടിന്റെ ലെറ്റര്‍ ബോക്‌സില്‍ പോലീസ് ഘടിപ്പിച്ചിരുന്നു. ആരെങ്കിലും വീടിന് മുന്‍പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പെട്ടന്ന് പൊലീസിന് ഇടപെടാന്‍ കഴിയുന്ന തരത്തിലുള്ള ഉപകരണമാണ് ഘടിപ്പിച്ചത്.

എന്നാല്‍ വീടിന് പുറകില്‍ ഘടിപ്പിച്ചിരുന്ന സ്‌കഫോള്‍ഡിങ് വഴി വീടിന്റെ മുകളിലെ ചിമ്മിനി വഴിയാണ് പ്രതികള്‍ പെട്ടന്ന് തീപിടിക്കുന്ന ദ്രാവകമൊഴിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയുള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് മിഷേലിന്റെ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇദ്ദേഹത്തെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.

ലണ്ടന്‍: മോശം കാലാവസ്ഥ ബ്രിട്ടനിലും യൂറോപ്പിലെ മറ്റ് പ്രദേശങ്ങളിലു ഗതാഗത സംവിധാനങ്ങളെ ബാധിക്കുന്നു. യുകെയിലെ റെയില്‍ ഗതാഗത മേഖലയില്‍ യാത്രാ പ്രതിസന്ധി രൂക്ഷമാണ്. ട്രെയിനുകള്‍ വൈകിയോടുകയും റദ്ദാക്കപ്പെടുകയും ചെയ്യുന്നത് മൂലം യാത്രക്കാര്‍ ദുരിതത്തിലായി. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനായ വാട്ടര്‍ലൂവില്‍ ഇന്നലെ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ട്രാക്കില്‍ ആരോ തീയിട്ടതിനെത്തുടര്‍ന്ന് സിഗ്നല്‍ സംവിധാനം തകരാറിലായതോടെ സ്‌റ്റേഷന്‍ ഭാഗികമായി അടച്ചിട്ടിരുന്നു.

മൂന്ന് പ്രധാന ലൈനുകളിലാണ് തകരാറുണ്ടായത്. ഇതേത്തുടര്‍ന്ന് 21 പ്ലാറ്റ്‌ഫോമുകളുള്ള സ്‌റ്റേഷന്റെ 9 പ്ലാറ്റ്‌ഫോമുകള്‍ അടച്ചിട്ടു. വൈകുന്നേരം ഏറ്റവും തിരക്കുള്ള സമയത്ത് പ്ലാറ്റ്‌ഫോമുകള്‍ അടച്ചിട്ടതോടെ മറ്റു പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാരുടെ തിരക്ക് വര്‍ദ്ധിച്ചു. തകരാറ് മൂലം മിക്ക ട്രെയിനുകളും ക്ലാപ്പ്ഹാം ജംഗ്ഷ്‌നില്‍ നിന്നാണ് യാത്ര തുടങ്ങിയതും അവസാനിപ്പിച്ചതും. കെന്റിലും സസെക്‌സിലും കനത്ത മഞ്ഞുവീഴ്ചയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. ഹേവാര്‍ഡ്‌സ്ഹീത്തിനും ല്യുവ്‌സിനുമിടയില്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആഷ്‌ഫോര്‍ഡിനും റൈക്കുമിടയിലും ബസുകള്‍ ഏര്‍പ്പെടുത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നു.

വെല്‍ഷ് അതിര്‍ത്തിയില്‍ അബര്‍ഗാവനിക്കും ഹെറെഫോര്‍ഡിനുമിടയില്‍ റെയില്‍പ്പാത പകല്‍ മുഴുവന്‍ അടഞ്ഞുകിടന്നു. ഗ്ലാസ്‌ഗോ, പ്രെസ്റ്റണ്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേക്കുള്ള റൂട്ട് എന്നിവിടങ്ങളിലെ വിര്‍ജിന്‍ സര്‍വീസുകള്‍ വൈകി. ബര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും രാവിലെ റണ്‍വേകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ തുടരുന്ന അനിശ്ചിതത്വങ്ങള്‍ യുകെയിലെ നിരവധി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന കാര്യം നേരത്തേ തന്നെ പ്രവചിക്കപ്പെട്ടിരുന്നു. ബ്രെക്‌സിറ്റിന്റെ ആദ്യ ദിനത്തില്‍ത്തന്നെ ലണ്ടന്‍ നഗരത്തിന് നഷ്ടമാകാനിടയുള്ളത് ധനകാര്യ മേഖലയിലെ 10,500 ജോലികളാണെന്ന് പ്രൊഫഷണല്‍ സര്‍വീസ് കമ്പനിയായ ഇവൈ പറയുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് യുകെയുടെ പിന്‍മാറ്റം കൂടുതല്‍ ഗുണകരമാകുന്നത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളായ ഡബ്ലിന്‍, ഫ്രാങ്ക്ഫര്‍ട്ട് മുതലായ നഗരങ്ങളായിരിക്കും.

യൂറോപ്യന്‍ നഗരങ്ങളിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം മാറ്റാന്‍ പദ്ധതിയിടുന്ന കമ്പനികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയായിട്ടുണ്ട്. 222 കമ്പനികളില്‍ നടത്തിയ പഠനത്തില്‍ ബാങ്കുകളും ബ്രോക്കര്‍മാരും അസറ്റ് മാനേജ്‌മെന്റ് കമ്പനികളുമുള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ 75 ശതമാനവും ഡബ്ലിന്‍, ആംസറ്റര്‍ഡാം, ഫ്രാങ്ക്ഫര്‍ട്ട് എന്നിവിടങ്ങളില്‍ ഓഫീസുകള്‍ ആരംഭിക്കാനും ജീവനക്കാരെ ഈ നഗരങ്ങളിലേക്ക് മാറ്റാനും പദ്ധതിയിടുന്നതായാണ് വ്യക്തമായത്.

എന്നാല്‍ ലണ്ടന്‍ നഗരത്തിന് നഷ്ടമാകുന്ന തൊഴിലവസരങ്ങളില്‍ നേരത്തേ നടത്തിയ പ്രവചനത്തില്‍ നിന്ന് 2000 എണ്ണത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആശ്വാസത്തിന് വക നല്‍കുന്നത്. സപ്പോര്‍ട്ട് ജോലികളേക്കാള്‍ ഇടപാടുകാരുമായി നേരിട്ട് ഇടപഴകേണ്ടി വരുന്ന മുന്‍നിര ജോലികള്‍ നഷ്ടമാകുമെന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡെപ്യൂട്ടി ഗവര്‍ണര്‍ സാം വുഡ്‌സിന്റെ പ്രവചനത്തോട് അടുത്ത് വരുന്നതാണ് ഇവൈ പഠനഫലം. ബ്രെക്‌സിറ്റോടെ 10,000 തൊഴിലവസരങ്ങള്‍ ലണ്ടന് നഷ്ടമാകുമെന്നായിരുന്നു വുഡ്‌സ് പറഞ്ഞിരുന്നത്.

ലണ്ടന്‍: വിന്റര്‍ യാത്രാ ദുരിതം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ഹീത്രൂവിലേക്കുമുള്ള നൂറ് കണക്കിന് സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് റദ്ദാക്കി. കഴിഞ്ഞ ദിവസമുണ്ടായ പ്രതിസന്ധിയില്‍ നിന്ന് കരയറാനാകാത്ത സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. ഒരു ലക്ഷത്തോളം യാത്രക്കാര്‍ ഈ പ്രശ്‌നത്തില്‍ കുരുങ്ങുമെന്നാണ് കണക്കാക്കപ്പെടുന്നത്. എഡിന്‍ബറ, മാഞ്ചസ്റ്റര്‍, ലീഡ്‌സ്-ബ്രാഡ്‌ഫോര്‍ഡ്, ന്യൂകാസില്‍ എന്നീ റൂട്ടുകളിലുള്ള സര്‍വീസുകളാണ് ഇനി റദ്ദാക്കാനായി പരിഗണിക്കുന്നത്. വിവിധ യൂറോപ്യന്‍ കേന്ദ്രങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഞായറാഴ്ചയും തിങ്കളാഴ്ചയുമായി റദ്ദാക്കിയിരുന്നു. ഡബ്ലിന്‍, ബെര്‍ലിന്‍, റോം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മുടങ്ങി.

തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ 300 ബ്രിട്ടീഷ് എയര്‍വേയ്‌സ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഞായറാഴ്ചയും ഇത്രയും തന്നെ സര്‍വീസുകളാണ് റദ്ദാക്കിയത്. ന്യൂയോര്‍ക്കിലേക്കുള്ള അഞ്ച് സര്‍വീസുകളും മുംബൈ, റിയോ, ബെയ്ജിംഗ്, ടോക്യോ എന്നിവിടങ്ങളിലേക്കുള്‍പ്പെടെ നിരവധി ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കിയവയില്‍ പെടുന്നു. ഒന്നിനു പിറകെ ഒന്നായി വിമാനങ്ങള്‍ റദ്ദാക്കിയതോടെ ടെര്‍മിനല്‍ 5ല്‍ യാത്രക്കാര്‍ അസംതൃപ്തരായിത്തുടങ്ങിയിരുന്നു. ഒട്ടേറെ സര്‍വീസുകള്‍ താമസിക്കുകയും കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ കിട്ടാതെ യാത്രക്കാര്‍ ലണ്ടനില്‍ കുടുങ്ങുകയും ചെയ്തു.

വിമാനത്താവളത്തില്‍ ഇതേക്കുറിച്ച് ആരോട് പരാതി പറയണമെന്ന് അറിയാനാകാത്ത അവസ്ഥയായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാരുടെ നിരകള്‍ക്ക് മൈലുകളോളം നീളമുണ്ടെന്നാണ് തോന്നിയതെന്നും ചിലര്‍ പറയുന്നു. ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ യാത്രക്കാരാണ് കുടുങ്ങിയിരിക്കുന്നത്.

ലണ്ടന്‍: കടുത്ത വിന്ററില്‍ താപനില കാര്യമായി താഴുകയും കഴിഞ്ഞ രാത്രിയില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഇന്ന് പ്രവര്‍ത്തിച്ചേക്കില്ല. നൂറ് കണക്കിന് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയേക്കുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ വൈകുന്നേരം നാല് മണി മുതല്‍ വിവിധ പ്രദേശങ്ങളില്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം 11 ഇഞ്ച് മഞ്ഞുവീഴ്ചയാണ് വെയില്‍സില്‍ രേഖപ്പെടുത്തിയത്. രാത്രിയിലെ താപനില മൈനസ് 15 വരെ താഴ്ന്നുവെന്നാണ് റിപ്പോര്‍ട്ട്.

രാത്രിയില്‍ കാലാവസ്ഥ മോശമാകാമെന്നതിനാല്‍ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കുകയാണെന്ന് ബര്‍മിംഗ്ഹാം കൗണ്‍സില്‍ അറിയിച്ചു. കാലാവസ്ഥ ഇതേ നിലയില്‍ തുടര്‍ന്നാല്‍ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിയില്ലെന്നും സ്‌കൂളുകളില്‍ കുട്ടികള്‍ എത്തിയാലും അവരെ നോക്കാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പ് നല്‍കാനും കഴിയില്ലെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. ലോക്കല്‍ കൗണ്‍സിലുകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയ ആദ്യത്തെ കൗണ്‍സിലാണ് ബര്‍മിംഗ്ഹാം.

തിങ്കളാഴ്ച രാവിലെയും മഞ്ഞുവീഴ്ച തുടരാമെന്നതിനാല്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായേക്കാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. 11,000 ബ്രേക്ക്ഡൗണുകളാണ് ആര്‍എസി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വിന്ററിനേക്കാള്‍ തിരക്കേറിയതായിരിക്കും ഈ വര്‍ഷത്തെ ദിനങ്ങള്‍ എന്നാണ് ആര്‍എസി വിലയിരുത്തുന്നത്. ഇന്നലെ പുറപ്പെടുവിച്ച ആംബര്‍ അലേര്‍ട്ടിനു പുറമേ ഈസ്റ്റേണ്‍ ഇംഗ്ലണ്ട്, ലണ്ടന്‍, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, വെയില്‍സ് എന്നിവിടങ്ങളില്‍ 129 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ടെന്ന യെല്ലോ വാര്‍ണിഗും നല്‍കിയിരുന്നു.

ആഗോള വാഹന നിര്‍മ്മാണ ഭീമന്മാരായ മെര്‍സിഡസ് ബെന്‍സ് തങ്ങളുടെ വിപണന രംഗത്ത് ഡിജിറ്റല്‍  കറന്‍സി ഉപയോഗിക്കാന്‍ ഒരുങ്ങുന്നു.  മെര്‍സിഡസ്  ബെന്‍സിന്റെ മാതൃ കമ്പനിയായ ജര്‍മ്മനിയിലെ ഡെയിംലര്‍ എജി ഡിജിറ്റല്‍   പെയ്മെന്റ് പ്ലാറ്റ്ഫോം ആയ പേയ്   ക്യാഷ് യൂറോപ്പിനെ വാങ്ങിയതാണ്  ബിറ്റ് കോയിന്‍ വ്യാപാര രംഗത്തേക്ക് മെര്‍സിഡസ് ബെന്‍സ് ചുവട് വയ്ക്കുന്നു എന്ന സൂചനകള്‍ നല്‍കുന്നത്. മൊബൈല്‍ പേയ്മെന്റ്, ഇ മണി സൊല്യൂഷന്‍സ്, ക്രിപ്റ്റോ കറന്‍സി, വൌചെര്‍സ് ആന്‍റ് ലോയല്‍റ്റി കാര്‍ഡ്സ് തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതാണ് പേയ് ക്യാഷ് യൂറോപ്പ്.

ബിറ്റ് കോയിന്‍ വ്യാപാര രംഗത്തേക്ക് ഇറങ്ങുന്നു എന്ന സൂചനകള്‍ ഒന്നും മെര്‍സിഡസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ രംഗത്തേക്ക് ചുവട് വയ്ക്കാനുള്ള നീക്കമായി ഈ വ്യാപാരത്തെ വിലയിരുത്തപ്പെടുന്നു. മെര്‍സിഡസ് പേയ് എന്ന പേരില്‍ പുതിയ പേയ്മെന്റ് സംവിധാനം കൊണ്ട് വരാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നതായി കമ്പനിയുടെ ഫിനാന്‍സ് മാനേജ്മെന്റ് ടീമംഗമായ ബോഡോ യുബെര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ആദ്യ ചുവട് വയ്പ്പായിട്ടാണ് ഈ തീരുമാനം എന്നും ഇദ്ദേഹം വ്യക്തമാക്കി.

ബിറ്റ് കോയിന്‍ ഇടപാടുകാര്‍ക്ക് ഇതുപയോഗിച്ച് കമ്പനിയില്‍ നിന്നും നേരിട്ട് തങ്ങളുടെ ഇഷ്ട ബ്രാന്‍ഡ് സ്വന്തമാക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്ന് തീര്‍ച്ച. ഇപ്പോള്‍ തന്നെ ചില വാഹന ഡീലര്‍മാര്‍ ബിറ്റ് കോയിനുകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുള്ളതിനാല്‍ ശുഭ പ്രതീക്ഷയാണ് ഡിജിറ്റല്‍ കറന്‍സി ഉപഭോക്താക്കള്‍ക്കുള്ളത്.

 

ലണ്ടന്‍: യുകെയിലെ പോലീസ് സേനകള്‍ ഗാര്‍ഹിക പീഡനക്കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നതായി കണ്ടെത്തല്‍. ഒമ്പതില്‍ ഒരു സംഭവം വീതം പോലീസ് സേനകള്‍ കൈകാര്യം ചെയ്യുന്നില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട 25 ശതമാനത്തോളം ഫോണ്‍കോളുകള്‍ക്ക് പ്രതികരണമില്ലാതെ പോകുന്നുവെന്നും വ്യക്തമാക്കപ്പെടുന്നു. ഇത്തരം സംഭവഭങ്ങള്‍ ഒാഫീസര്‍മാര്‍ പരിഗണിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സംഭവങ്ങള്‍ 2012നും 2016നുമിടയില്‍ ഇരട്ടിയായിട്ടുണ്ട്.

എന്നാല്‍ ഗാര്‍ഹിക പീഡനം സംബന്ധിച്ചുള്ള പരാതികളുടെയും അറിയിപ്പുകളുടെയും എണ്ണം 5 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി ഉയരുകയും ചെയ്തു. ഇംഗ്ലണ്ടിലെ പോലീസ് സേനകളില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 390686 സംഭവങ്ങള്‍ പോലീസ് ഇടപെടല്‍ ഇല്ലാതെ വന്നിട്ടുണ്ട്. പിന്നീട് കുറ്റകൃത്യങ്ങളെന്ന് വിധിയെഴുതിയ 32,007 സംഭവങ്ങളില്‍ പോലീസ് എത്തിച്ചേരാന്‍ 24 മണിക്കൂര്‍ വരെ വൈകിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

15 മിനിറ്റില്‍ പോലീസ് എത്തിച്ചേര്‍ന്ന സംഭവങ്ങള്‍ വളരെ ചെറിയ ശതമാനം മാത്രമേയുള്ളുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കുറഞ്ഞ സമയത്തിനുള്ളില്‍ പോലീസ് എത്തിയ സംഭവങ്ങള്‍ 2012ല്‍ 47 ശതമാനമാണെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 37 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇംഗ്ലണ്ടിലെ 38 പോലീസ് സേനകളില്‍ 19 എണ്ണം മാത്രമാണ് വിവരങ്ങള്‍ കൈമാറിയത്.

ബെന്നി അഗസ്റ്റിന്‍ കാര്‍ഡിഫ്

കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രെയിംസും ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന സംഗീത പരിപാടിയുടെ ആറാം എപ്പിസോഡില്‍ കാര്‍ഡിഫില്‍നിന്നുള്ള ജെയ്‌സണ്‍ ജെയിംസ് പാടുന്നു. 1978ല്‍ റിലീസായ സൂപ്പര്‍ ഹിറ്റ് ചിത്രമായ മദനോത്സവത്തിനു വേണ്ടി ഓ.എന്‍.വി കുറുപ്പ് ഗാനരചനയും സലില്‍ചൗധരി സംഗീതവും നല്‍കി ഗാനഗന്ധര്‍വന്‍ യേശുദാസ് ആലപിച്ച ‘സാഗരമേ ശാന്തമാക നീ’ എന്ന ഗാനമാണ് ഇവിടെ അവതരിപ്പിക്കുന്നത് . എഴുപതുകളുടെ അവസാനത്തില്‍ മലയാള പ്രണയ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മദനോത്സവം. എറിക് സെഗളിന്റെ പ്രശസ്തമായ ലവ് സ്റ്റോറി എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ത്തന്നെ എടുത്ത ഇംഗ്ലീഷ് ചിത്രത്തിനെ ആധാരമാക്കി എടുത്ത മലയാള ചിത്രം കൂടിയാണ് മദനോത്സവം. കമലഹാസനും സറീനാ വഹാബും ആയിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജ്ഞാനപീഠ പുരസ്‌ക്കാരം, പത്മശ്രീ, പത്മഭൂഷണ്‍, തുടങ്ങിയ ബഹുമതികള്‍ നേടിയ കവിയും ഗാനരചയിതാവും ആയിരുന്നു ശ്രീ. ഓ.എന്‍.വി.കുറുപ്പ്. കെപിഎസി നാടകങ്ങള്‍ക്കു വേണ്ടിയും ഓട്ടനവധി ചലച്ചിത്രങ്ങള്‍ക്കു വേണ്ടിയും ഗാനരചന നടത്തിയിട്ടുണ്ട്. ഏതാണ്ട് 253 ചിത്രങ്ങള്‍ക്കുവേണ്ടി 939 ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മലയാളത്തിന് പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ നേടിക്കൊടുത്ത ചെമ്മീന്‍ എന്ന ചിത്രത്തിന് സംഗീതം നല്‍കി മലയാളത്തിലെത്തി നമ്മുടെ സ്വന്തമായി മാറിയ സംഗീത മാന്ത്രികനായിരുന്നു സലില്‍ ചൗധരി. മലയാളത്തിനു വേണ്ടി 26 ചിത്രങ്ങളിലായി 109 ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. ഇവരുടെ കൂട്ടുകെട്ടില്‍ ശ്രദ്ധേയമായ ഗാനങ്ങളില്‍ ചിലതാണ് ‘ ശ്യാമ മേഘമേ’, ‘ഓര്‍മ്മകളേ കൈവള ചാര്‍ത്തി’, ‘സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ’, ‘ശ്രാവണം വന്നു നിന്നെത്തേടി’ തുടങ്ങിയവ.

… ‘സാഗരമേ ശാന്തമാക നീ’…….

ക്രീയേറ്റീവ് ഡയറക്ടര്‍: വിശ്വലാല്‍ ടി ആര്‍
ആര്‍ട്ട്, കാമറ & എഡിറ്റിംഗ് : ജെയ്‌സണ്‍ ലോറന്‍സ്

ലണ്ടന്‍: എനര്‍ജി ഡ്രിങ്കുകള്‍ സ്‌കൂളുകളില്‍ നിരോധിക്കണമെന്ന് അധ്യാപകര്‍. കുടിവെള്ളത്തേക്കാള്‍ വില കുറവായതിനാല്‍ കുട്ടികള്‍ എനര്‍ജി ഡ്രിങ്കുകള്‍ വാങ്ങി ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചതായി വ്യക്തമായതോടെയാണ് അധ്യാപകര്‍ ഇവ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. യുകെയിലെ ഏറ്റവും വലിയ അധ്യാപക സംഘടനകളിലൊന്നായ എന്‍എഎസ്‌യുഡബ്ല്യുടി ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിക്കഴിഞ്ഞു. ഇത്തരം പാനീയങ്ങളില്‍ പഞ്ചസാരയും കഫീനും അമിതമായി അടങ്ങിയിട്ടുള്ളതിനാല്‍ തലവേദന, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് യൂണിയന്‍ വിലയിരുത്തുന്നു.

25 പെന്‍സിലും താഴെ മാത്രം വിലയുള്ള എനര്‍ജി ഡ്രിങ്കുകള്‍ പത്ത് വയസ് വരെ പ്രായമുള്ള കുട്ടികളും വാങ്ങി ഉപയോഗിക്കുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ട്രാന്‍സലേഷണല്‍ റിസര്‍ച്ച് ഇന്‍ പബ്ലിക് ഹെല്‍ത്തിലെ ഫ്യൂസ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട എനര്‍ജി ഡ്രിങ്കിന്റെ 500 മില്ലിലിറ്റര്‍ ക്യാനില്‍ 160 മില്ലിഗ്രാം കഫീന്‍ അടങ്ങിയിട്ടുള്ളതായാണ് വ്യക്തമായത്. യൂറോപ്യന്‍ ഫുഡ് സേഫ്റ്റി അതോറിറ്റി മാനദണ്ഡമനുസരിച്ച് ശരാശരി 11 വയസുള്ള കുട്ടിക്ക് ഒരു ദിവസം നല്‍കാവുന്ന പരിധിയാണ് ഇത്.

ഇത്തരം എനര്‍ജി ഡ്രിങ്കുകള്‍ കൂടിയ അളവില്‍ ഉപയോഗിക്കുന്നത് കുട്ടികളില്‍ സ്വഭാവ വൈകല്യങ്ങള്‍ക്ക് പോലും കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍. മറ്റൊരു സോഫ്റ്റ് ഡ്രിങ്ക് എന്ന മട്ടിലാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഇവയില്‍ അടങ്ങിയിട്ടുള്ള സ്റ്റിമുലന്റുകളെക്കുറിച്ച് കുട്ടികള്‍ക്കോ അവരുടെ മാതാപിതാക്കള്‍ക്കോ അറിയില്ല എന്നതാണ് വാസ്തവമെന്നും അധ്യാപക സംഘടന വിലയിരുത്തുന്നു.

നൂതന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിന്‍ ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോ കറന്‍സികള്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് കൂടുതലായി ഉപയോഗിച്ച് തുടങ്ങിയതോടെ കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്ക് മുന്നറിയിപ്പുമായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) രംഗത്ത്. ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്ക് അഭൂതപൂര്‍വമായ വളര്‍ച്ചാ നിരക്ക് ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും കൊമേഴ്സ്യല്‍ ബാങ്കുകള്‍ ഈ വെല്ലുവിളി നേരിടാന്‍ തക്ക വണ്ണം സാങ്കേതിക വളര്‍ച്ച കൈവരിക്കുന്നില്ലെങ്കില്‍ സാമ്പത്തിക രംഗം ക്രിപ്റ്റോ കറന്‍സികള്‍ കീഴടക്കുന്ന കാലം വന്നു കൂടായ്കയില്ല എന്നും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.

ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ചുള്ള ഇടപാടുകളുടെ വേഗത ആണ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. പീര്‍ ടു പീര്‍ ഇടപാടുകള്‍ വഴി ഇടനിലക്കാരെ ഒഴിവാക്കുന്ന ക്രിപ്റ്റോ കറന്‍സി കൈമാറ്റം ബാങ്കുകള്‍ വഴിയുള്ള മണി ട്രാന്‍സ്ഫര്‍ ഇടപാടുകളെക്കാള്‍ വേഗത്തിലാണ് നടക്കുന്നത്. കൊമേഴ്സ്യല്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയുള്ള സാമ്പത്തിക വിനിമയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഇടപാടുകാര്‍ കൂടുതല്‍ സ്വീകാര്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്നും ഇത് ബാങ്കുകള്‍ക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നും ഇസിബി ചൂണ്ടിക്കാണിക്കുന്നു.

ബിറ്റ് കോയിന്‍ കൈമാറ്റത്തിനുപയോഗിക്കുന്ന ബ്ലോക്ക് ചെയിന്‍ ടെക്നോളജിയോ അതിലും മികച്ച സാങ്കേതിക വിദ്യയോ ഉപയോഗിച്ചില്ലെങ്കില്‍ ബാങ്കുകള്‍ക്ക് സാമ്പത്തിക വിപണിയില്‍ തിരിച്ചടി നേരിട്ടേക്കാമെന്നും ഇസിബി ഡയറക്ടര്‍ യ്വേസ് മെര്‍ഷ് പ്രസ്താവിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ടും, റിക്സ് ബാങ്ക് ഓഫ് സ്വീഡനും പോലെയുള്ള മുന്‍ നിര ബാങ്കുകള്‍ അവരുടേതായ ക്രിപ്റ്റോ കറന്‍സികള്‍ പുറത്തിറക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കെയാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഇക്കാര്യത്തില്‍ മറ്റ് ബാങ്കുകള്‍ക്ക് കൂടിയുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ബിറ്റ് കോയിന്‍ ഇടപാടുകള്‍ ഔദ്യോഗികമായി അംഗീകരിക്കുകയും എസ്റ്റോണിയ സ്വന്തം ക്രിപ്റ്റോ കറന്‍സി പ്രഖ്യാപിക്കുകയും ചെയ്ത് കഴിഞ്ഞതിന് പിന്നാലെ കൂടുതല്‍ ലോക രാജ്യങ്ങള്‍ ഈ പാത സ്വീകരിക്കാനോരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

 

RECENT POSTS
Copyright © . All rights reserved