Main News

ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് ടവര്‍ തീപ്പിടിത്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാന്‍ സാധിക്കാത്ത സര്‍ക്കാരിന് സംഭവിക്കുന്നത് പൊറുക്കാനാകാത്ത വീഴ്ചയാണെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. തീപ്പിടിത്തത്തില്‍ എല്ലാം നഷ്ടമായവരെ 24 മണിക്കൂറിനുള്ളില്‍ പുനരധിവസിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തീപ്പിടിത്തത്തേത്തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ലണ്ടനില്‍ ഉയരുന്നത്. ഇരയാക്കപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ പ്രകടനങ്ങള്‍ നടന്നു. ജനങ്ങള്‍ക്കു നല്‍കിയ ഉറപ്പ് പാലിക്കണമെന്നാണ് കോര്‍ബിന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടത്.

പ്രകടനങ്ങളില്‍ ഗ്രെന്‍ഫെല്‍ഡ് ഇരകള്‍ക്ക് നീതി ആവശ്യപ്പെടുന്നതിനൊപ്പം പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരെയും മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഹോം ഓഫീസില്‍ നിന്ന് ഡൗണിംഗ് സ്ട്രീറ്റിലേക്ക് നടന്ന പ്രകടനത്തിലായിരുന്നു ഇത്. കെന്‍സിംഗ്ടണില്‍ നിന്ന് ചെല്‍സീ കൗണ്‍സിലിലേക്ക് നടന്ന പ്രകടനം കത്തിയെരിഞ്ഞെ ഗ്രെന്‍ഫെല്‍ ടവറിലേക്കും എത്തി. ടൗണ്‍ഹാളില്‍ എത്തിയ ആയിരക്കണക്കിന് ആളുകളാണ് പ്രകടനങ്ങള്‍ നടത്തിയത്. തീപ്പിടിത്തത്തില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി താമസസൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.

വീടുകള്‍ നഷ്ടപ്പെട്ടവരെ ലണ്ടന്റെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ ആദ്യം അറിയിച്ചതെങ്കിലും സമീപ പ്രദേശങ്ങളില്‍ തന്നെ താമസസൗകര്യം ഒരുക്കുമെന്ന് കമ്യൂണിറ്റീസ് സെക്രട്ടറി സജീദ് ജാവിദ് പിന്നീട് പറഞ്ഞു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി തെരേസ മേയ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.

കൊച്ചി: കൊച്ചിയുടെ സ്വപ്‌നസാഫല്യമായി മെട്രോ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. രാവിലെ 11 മണിക്ക് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10.15ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം പാലാരിവട്ടത്ത് എത്തും. പാലാരിവട്ടം സ്റ്റേഷനിലാണ് നാട മുറിക്കല്‍. പിന്നീട് പാലാരിവട്ടത്തു നിന്ന് പത്തടിപ്പാലം വരെ മെട്രോ ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യും. കനത്ത സുരക്ഷാ സംവിധാനങ്ങളുടെ നടുവിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി.സദാശിവം, കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് എന്നിവരും യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരിക്കും. ഇതിനു ശേഷം കലൂര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങ് നടക്കും. ഉദ്ഘാടന വേദിയില്‍നിന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരെ ഒഴിവാക്കാനുള്ള തീരുമാനം വിവാദമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച മുതലാണ് മെട്രോ യാത്രക്കാര്‍ക്കായി സര്‍വീസ് തുടങ്ങുന്നത്. നാളെ അഗതി മന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി കെഎംആര്‍എല്‍ സ്‌നേഹയാത്രയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 6 മണിക്കാണ് മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 10ന് അവസാനിക്കുന്ന സര്‍വീസുകള്‍ 20 മിനിറ്റ് ഇടവേളകളില്‍ ഉണ്ടാകും. ദിവസവും 219 ട്രിപ്പുകളാണ് നടത്തുക.

മലയാളം യുകെ ന്യൂസ് ടീം

ബെര്‍മ്മിംഗ്ഹാം :  2017 ജൂണ്‍ 15 വ്യാഴാഴ്ച്ച… ഓരോ യുകെ മലയാളിക്കും അഭിമാനിക്കാവുന്ന സുദിനം. കാരുണ്യത്തിന്റെ ലോകത്തേയ്ക്ക് മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ആദ്യ കാല്‍വെയ്പ്പ്. അക്ഷരങ്ങളോട് പൊരുതി ജനങ്ങളോടൊപ്പം സഞ്ചരിച്ച ഞങ്ങള്‍ വായനക്കാരുടെ പ്രയാസങ്ങളിലും പങ്ക് ചേരുകയാണ്. ഡേവിസ് ചിറമേലച്ചന്‍ സ്‌നേഹം കൊടുക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ചാരിറ്റബിള്‍ ട്രസ്റ്റിനാണ് മലയാളം യുകെയുടെ ആദ്യ സഹായഹസ്തം എത്തിച്ച് കൊടുക്കുന്നത്. ഇരുപത്തഞ്ച് ഡയാലിസ്സിസ് മെഷീനുകളുമായി മലയാളം യുകെയുടെ ചാരിറ്റി വഹിച്ചുകൊണ്ടുള്ള കപ്പല്‍ ഇന്ന് ലണ്ടനില്‍ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ആരംഭിച്ചു കഴിഞ്ഞു. ഒരു മാസത്തിനുള്ളില്‍ കേരളത്തില്‍ എത്തുന്ന ഈ വിലപ്പെട്ട ഡയാലിസ്സിസ് മെഷീനുകളെ കാത്തിരിക്കുന്നത് ചിറമേലച്ചനും പാവപ്പെട്ട കിഡ്നി രോഗികളും. കിഡ്നി രോഗികള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ചിറമേലച്ചന്‍ ” ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനം സ്വീകരിക്കുവാന്‍ കാത്തിരിക്കുന്നു ” എന്ന് ഞങ്ങളോട് പങ്ക് വയ്ക്കുമ്പോള്‍ ഈ ഡയാലിസ്സിസ് മെഷീനുകള്‍ കേരളത്തിലുള്ള പാവപ്പെട്ട ഓരോ കിഡ്നി രോഗികള്‍ക്കും എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് വ്യക്തമാവുകയാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും ഈ ഡയാലിസ്സിസ് മെഷീനുകള്‍ എത്തിച്ച് കൊടുത്ത് പാവപ്പെട്ട കിഡ്നി രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് ചെയ്ത് കൊടുക്കുകയും, അതിലൂടെ അനേകം പാവങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ ചാരിറ്റിയിലൂടെ നിറവേറ്റപ്പെടുന്നത്. യുകെയില്‍ മറ്റ് ആര്‍ക്കും കഴിയാത്ത ഈ പുണ്യപ്രവര്‍ത്തിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നിങ്ങളെപ്പോലെ ഞങ്ങളും അഭിമാനിക്കുന്നു. അര്‍ഹിക്കുന്നവര്‍ക്ക് ആശ്രയമാവുക എന്ന ലക്ഷ്യം മാത്രമാണ് ഞങ്ങള്‍ ഇതിലൂടെ നേടിയെടുക്കുന്നത്.

 ബെര്‍മ്മിംഗ്ഹാമിലെ ഹാര്‍ട്ട്‌ലാന്റ് ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിന്റെ മാനേജര്‍ ആയ പ്രിന്‍സ് ജോര്‍ജ്ജിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍, എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ പുതിയ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കപ്പെടുന്നതിനെ തുടര്‍ന്ന് മാറ്റപ്പെടുന്ന പഴയ ഡയാലിസിസ് മെഷീനുകള്‍ ചിറമേലച്ചന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് എത്തിച്ചു കൊടുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്ന ആദ്യ ഔദ്യോഗിക ചാരിറ്റി പ്രവര്‍ത്തനം. അച്ചനെപ്പോലെ തന്നെ ജീവന്റെ വില തിരിച്ചറിഞ്ഞതുകൊണ്ടാണ് ഈ ചാരിറ്റിക്ക് എല്ലാവിധ സഹായവുമായി ഞങ്ങള്‍ മുന്നോട്ട് വന്നത്.

 പത്ത് വര്‍ഷം കൂടിയെങ്കിലും സുഗമമായി പ്രവര്‍ത്തിക്കും എന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്ന ഡയാലിസിസ് മെഷീനുകളാണ് ഇവിടെ നിന്നും ഇന്ത്യയിലേക്ക് എത്തിക്കുന്നത്. പ്രിന്‍സ് ജോര്‍ജ്ജും സംഘവും ചെയ്യുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എന്‍എച്ച്എസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ജര്‍മ്മന്‍ നിര്‍മ്മിതമായ ഈ മെഷീനുകള്‍ക്ക് 15 ലക്ഷത്തോളം രൂപ വില വരും. 25 ഡയാലിസിസ് മെഷീനുകളാണ് ഇന്ന് ഷിപ്പ് കാര്‍ഗോ വഴി കേരളത്തിലേയ്ക്ക് കയറ്റി അയച്ചത്. കൂടാതെ കേരളത്തില്‍ ഡയാലിസിസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാരെയും, ടെക്നീഷ്യന്‍സ്സിനേയും യുകെയിലെത്തിച്ച് കാലോചിതമായ കൂടുതല്‍ ട്രെയിനിംഗ് നല്‍കുവാനും പ്രിന്‍സ് ജോര്‍ജ്ജും സുഹൃത്തുക്കളും ശ്രമം ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം നാലോളം കിഡ്നി രോഗികളുടെ കിഡ്നി മാറ്റിവയ്ക്കാനുള്ള തുക കണ്ടെത്തുവാനായി ഈ മാസം 25ന് ബെര്‍മ്മിംഗ്ഹാമിലെ സെന്റ്‌ ഗിലസ് ചര്‍ച്ച് ഹാളില്‍ ചാരിറ്റി കൂട്ടായ്മയും സംഘടിപ്പിക്കുന്നുണ്ട്.

 

യുകെയിലെ എന്‍ എച്ച് എസ് ഹോസ്പിറ്റലുകള്‍ ഇതുപോലെയുള്ള പഴയ മെഷീനുകള്‍ ലേലത്തില്‍ വയ്ക്കുകയും അതിലൂടെ ഹോസ്പിറ്റല്‍ ഫണ്ടിലേയ്ക്ക് തുക സമാഹരിക്കുകയുമായിരുന്നു പതിവ്. എന്നാല്‍ പ്രിന്‍സ് ജോര്‍ജ്ജിലൂടെ ഇങ്ങനെ ഒരു ചാരിറ്റിയെപ്പറ്റി അറിഞ്ഞ എന്‍ എച്ച് എസ് നേതൃത്വം പ്രിന്‍സ് ജോര്‍ജ്ജിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഈ ചാരിറ്റിയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. ഈ ചാരിറ്റി ഏറ്റെടുത്തപ്പോള്‍ മുതല്‍ പലവിധ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന്‌ പോയെങ്കിലും ഈ വലിയ ദൌത്യം വിജയിപ്പിച്ചെടുക്കുവാന്‍ പ്രിന്‍സ് ജോര്‍ജ്ജ് കാണിച്ച സന്മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ അവസരത്തില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കുമൊപ്പം പ്രിന്‍സ് ജോര്‍ജ്ജിന് മലയാളം യുകെയുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു

മലയാളം യുകെ ഡയറക്ടര്‍ ജിമ്മി മൂലംകുന്നേല്‍, പ്രിന്‍സ് ജോര്‍ജ്ജ് എന്നിവര്‍ ട്രാന്‍സ്പോര്‍ട്ടിംഗ് ടീമിനൊപ്പം

മലയാളം യുകെ ഓണ്‍ലൈന്‍ ന്യുസ് പേപ്പറിന്റെ ജീവകാരുണ്യ സംരംഭമായ മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആണ് ഈ മെഷീനുകള്‍ ഷിപ്പ് കാര്‍ഗോയിലൂടെ നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ മുഴുവന്‍ തുകയും കണ്ടെത്തിയത്. ബെര്‍മിംഗ്ഹാമില്‍ നിന്നുള്ള മലയാളം യുകെ ഡയറക്ടറും, ചാരിറ്റി കോഡിനേറ്ററുമായ ജിമ്മി മൂലംകുന്നേല്‍ ആണ് ഇതിനാവശ്യമായ ഫണ്ടും മറ്റ് സജ്ജീകരണങ്ങളും ഒരുക്കുന്നതിന് പ്രിന്‍സ് ജോര്‍ജ്ജിനൊപ്പം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചത്. ആതുരസേവന രംഗത്ത് വളരെ വിപുലമായ ചിന്തകളോടെയാണ് മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മുന്നോട്ടിറങ്ങുന്നത്. തുടര്‍ന്നുള്ള ഞങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ ഓരോരുത്തരുടേയും നിസ്വാര്‍ത്ഥമായ സഹായം പ്രതീക്ഷിക്കുന്നു.

ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശ്രമങ്ങള്‍ തുടരുന്നതിനിടെ ക്വീന്‍സ് സ്പീച്ച് അടുത്ത ബുധനാഴ്ച നടത്തുമെന്ന് പ്രഖ്യാപനം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി നടന്നുവരുന്ന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഇപ്പോഴും ഇല്ലാത്തതിനാലാണ് സര്‍ക്കാര്‍ രൂപീകരണം വൈകുന്നത്. സര്‍ക്കാര്‍ നിലവില്‍ വന്നില്ലെങ്കിലും ക്വീന്‍സ് സ്പീച്ച് ഇനിയും വൈകിക്കണ്ട എന്ന നിലപാടിലാണ് കോമണ്‍സ് നേതാവ് ആന്‍ഡ്രിയ ലീഡ്‌സം സ്പീച്ചിന്റെ തിയതി പ്രഖ്യാപിച്ചത്.

അതേസമയം ഡിയുപിയുമായി സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെതിരെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും അധികാര പങ്കാളിത്തം ലക്ഷ്യം വെച്ചുകൊണ്ടുള്ള നീക്കമാണ് ഇവര്‍ ചെറുക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു നിഷ്പക്ഷ കണ്‍വീനര്‍ എന്ന സ്ഥാനത്ത് നില്‍ക്കുമെന്ന് ഉറപ്പ് നല്‍കുന്ന ഗുഡ്‌ഫ്രൈഡേ കരാറിനു വിരുദ്ധമായിരിക്കും ഈ ഉടമ്പടിയെന്ന് സിന്‍ ഫെയിന്‍ നേതാവ് ജെറി ആഡംസ് പറഞ്ഞ.

ഡിയുപിയുമായുള്ള ചര്‍ച്ചകളില്‍ ഇതേവരെ അന്തിമ തീരുമാനത്തില്‍ എത്താന്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ആയിട്ടില്ല. ഇതോടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ നേരത്തേ പ്രഖ്യാപിച്ചതില്‍ നിന്ന് രണ്ടു ദിവസത്തിനു ശേഷം നടക്കുന്ന ക്വീന്‍സ് സ്പീച്ചില്‍ സര്‍ക്കാര്‍ നയങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളിക്കാനാകില്ലെന്നാണ് കരുതുന്നത്.

ലണ്ടന്‍: എന്‍എച്ച്എസ് നഴ്‌സുമാരുടെ ശമ്പളവര്‍ദ്ധനവ് 1 ശതമാനം മാത്രമാക്കി ചുരുക്കിയ സര്‍ക്കാര്‍ നടപടി പിന്‍വലിച്ചേക്കുമെന്ന് സൂചന. ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. പൊതുമേഖലയിലെ വെട്ടിച്ചുരുക്കല്‍ നടപടികള്‍ ഇളവ് ചെയ്യുന്നത് സംബന്ധിച്ച മന്ത്രിമാരുടെ യോഗത്തിലാണ് ഹണ്ട് ഈ സൂചന നല്‍കിയത്. 2020 വരെ നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ് 1 ശതമാനത്തില്‍ നിയന്ത്രിച്ചു നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമെന്നാണ് വിവരം.

പൊതുമേഖലയിലെ ശമ്പളത്തില്‍ വരുത്തിയിട്ടുള്ള വെട്ടിച്ചുരുക്കലുകള്‍ പിന്‍വലിക്കുന്നത് കടുത്ത സമ്മര്‍ദ്ദമാണ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിനു മേല്‍ ഏല്‍പ്പിക്കുന്നത്. വിഷയം ജെറമി ഹണ്ട് ഹാമണ്ടുമായി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും മഹത്തായ സേവനത്തിന് പ്രതിഫലമായി വേതന നിയന്ത്രണം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നു എന്നാണ് ഹണ്ട് പറഞ്ഞത്. 2010 മുതല്‍ തങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം 3000 പൗണ്ടിനു മേല്‍ ഉണ്ടെന്നാണ് നഴ്‌സുമാര്‍ അഭിപ്രായപ്പെടുന്നത്.

ശമ്പളമില്ലാതെ ഓവര്‍ടൈം ജോലിയെടുക്കുന്ന നഴ്‌സുമാരെ എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ വാര്‍ഷിക സമ്മേളനത്തില്‍വെച്ച് ഹണ്ട് അനുമോദിച്ചിരുന്നു. ശമ്പളക്കുറവും വേതന വര്‍ദ്ധനയുടെ നിരക്കിലുള്ള കുറവും മൂലം നൂറ്കണത്തിന് നഴ്‌സുമാര്‍ ജോലിയുപോക്ഷിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. നഴ്‌സിംഗ് ജോലി ഉപേക്ഷിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ജോലികള്‍ക്ക് പോലും നഴ്‌സുമാര്‍ എത്തുന്നുവെന്നായിരുന്നു വാര്‍ത്ത. അതിനൊപ്പം എന്‍എച്ച്എസില്‍ ജീവനക്കാരുടെ ക്ഷാമവും രൂക്ഷമായിരുന്നു.

ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് ടവറില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിയുമോ എന്ന് ആശങ്ക. ക്രിമിനല്‍ അന്വേഷണം ആരംഭി്ചതായി പോലീസ് അറിയിച്ചതോടെയാണ് ഈ ആശങ്കകളും ഉയരുന്നത്. തീപ്പിടിത്തത്തിനു കാരണമായ കെട്ടിടത്തിന്റെ രൂപകല്‍പനയിലെ പിഴവുകള്‍ക്ക് ഉത്തരവാദിയായവരെയെല്ലാം ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം. ക്രിമിനല്‍ കുറ്റകൃത്യം ആരും ചെയ്തതായി പ്രത്യക്ഷത്തില്‍ പറയാന്‍ കഴിയില്ലെങ്കിലും അന്വേഷണത്തില്‍ കെട്ടിടത്തിന്റെ നിര്‍മാണത്തിലും രൂപകല്‍പനയിലും പിഴവുകള്‍ ഉണ്ടായതായി കണ്ടെത്തിയാല്‍ അത് കുറ്റകൃത്യമായി പരിഗണിച്ചേക്കും.

എന്താണ് തീപ്പിടിത്തത്തിനു കാരണമായതെന്നും അത് ഇത്ര വ്യാപ്തിയില്‍ പടര്‍ന്നു പിടിക്കാനും കാരണമെന്തെന്ന് കണ്ടെത്താന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നേക്കും. പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് ഇതിനായി ശ്രമങ്ങള്‍ തുടരുകയാണെന്നും അതിന് കുറച്ച് സമയം ആവശ്യമാണെന്നും മെട്രോപോളിറ്റന്‍ പോലീസ് കമാന്‍ഡര്‍ സറ്റുവര്‍ട്ട് കന്‍ഡി പറഞ്ഞു. ഇതുവരെ 17 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവരില്‍ 6 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. തീപിടിക്കുന്ന സമയത്ത് എത്ര പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ട് തന്നെ മരിച്ചവരുടെ എണ്ണം കൂടുതലാകാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് കന്‍ഡി നല്‍കിയത്.

തീപ്പിടിത്തത്തില്‍ പെട്ടുപോയവര്‍ക്കായുള്ള തെരച്ചില്‍ മാസങ്ങള്‍ നീണ്ടേക്കാം. ഇപ്പോള്‍ ആറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവരേക്കുറിച്ചുള്ള വിവരങ്ങള്‍ തെറ്റിയേക്കാമെന്ന ആശങ്കയുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാകില്ലെന്നും അദ്ദേഹം അറിയിച്ചു. കെട്ടിടത്തില്‍ ഫയര്‍ ഡോറുകളും സ്പ്രിംഗ്ലറുകളും ഇല്ലായിരുന്നുവെന്നാണ് വിവരം.

ലണ്ടനിലെ ലാറ്റിമെറിലെ പ്രശസ്തമായ ഗ്രെന്‍ഫെല്‍ ടവറിലെ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി. ഇപ്പോഴും പുക ഉയരുന്ന കെട്ടിടത്തിൽ രക്ഷാപ്രവർത്തനം പൂർത്തീകരിച്ചിട്ടില്ല. ഇനിയും ആളുകൾ കെട്ടിടത്തിന് അകത്ത് ഉണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. അതേസമയം പരിക്കേറ്റ നിരവധി പേരുടെ നില അതീവ ഗുരുതരമാണ്.

അതേസമയം മാസങ്ങൾക്ക് മുൻപ് തന്നെ ഇവിടുത്തെ അഗ്നിരക്ഷാ സംവിധാനത്തിലെ അപാകതകൾ സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നുവെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Image result for fire-in-london-apartment-tower-12-dead-residents-demand-answers

കെട്ടിടത്തിന് തീപിടിച്ചത് എങ്ങിനെയാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം കെട്ടിടത്തിന്റെ പുറംചുമരിൽ തീപിടിച്ച് വളരെ വേഗത്തിൽ ആളിക്കത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രാദേശിക സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ 24 നില കെട്ടിടം.

ഇന്നലെ തീപിടിത്തം ഉണ്ടായ ശേഷം 40 അഗ്നിശമനസേനാ യൂണിറ്റുകളിൽ നിന്നായി 200 അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കാൻ കഠിനമായി പരിശ്രമിച്ചു. മുകളിലത്തെ നിലയിലാണ് ആദ്യം തിപിടിച്ചത്. പിന്നീട് ഇത് താഴേക്കു വ്യാപിക്കുകയായിരുന്നു. കെട്ടിടത്തിന് അകത്ത് നിന്നും ആളുകള്‍ സഹായത്തിന് വേണ്ടി നിലവിളിക്കുന്നതായി ദൃക്സാക്ഷികള്‍ ബിബിസിയോട് പ്രതികരിച്ചു. ചിലര്‍​ബെഡ്ഷീറ്റുകള്‍ പുതച്ച് കെട്ടിടത്തിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

1974 ൽ നിർമിച്ച ഗ്രെൻഫെൽ ടവറിൽ 140 ഫ്ലാറ്റുകളാണുള്ളത്​. ഫ്ലാറ്റി​നെ പൂർണമായും തീവിഴുങ്ങി​യെന്നും 100 കിലോമീറ്റർ അകലെ വരെ ചാരം വന്നടിയുന്നു​ണ്ടെന്നും​ ദൃക്​സാക്ഷികൾ ഇന്നലെ പറഞ്ഞിരുന്നു.

രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി കെട്ടിടത്തിന് അകത്ത് നിന്നും ടോര്‍ച്ചുകളും മൊബൈല്‍ ടോര്‍ച്ചുകളും ആളുകള്‍ തെളിക്കുന്നുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രക്ഷപ്പെട്ട രണ്ട് പേരെ ശ്വാസം മുട്ടലുകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. തീപിടിത്തത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല.

മാഞ്ചസ്റ്റര്‍: അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്‍ഡെ മാഞ്ചസ്റ്ററിലെ ആദ്യത്തെ ഓണററി സിറ്റിസണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്റര്‍ അരീന ആക്രമണത്തില്‍ ഇരകളായവര്‍ക്കു വേണ്ടി ലക്ഷക്കണക്കിന് പൗണ്ട് സമാഹരിച്ചതിന് ആദരവായാണ് ഈ ബഹുമതി. 22 പേരുടെ മരണത്തിന് ഇടയാക്കിയ മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം അരിയാന വളരെ സഹാനുഭൂതിയോടെ പ്രവര്‍ത്തിച്ചുവെന്ന് കൗണ്‍സില്‍ വിലയിരുത്തി. മെയ് 22നായിരുന്നു മാഞ്ചസ്റ്റര്‍ അറീനയില്‍ ആക്രമണം ഉണ്ടായത്. അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടി അവസാനിച്ചതിനു ശേഷമായിരുന്നു സ്‌ഫോടനം.

ആക്രമണത്തിനു ശേഷം നഗരത്തിനായി 3 മില്യന്‍ പൗണ്ട് ശേഖരിക്കാന്‍ അരിയാന ഗ്രാന്‍ഡെ സഹായിച്ചു. ചാവേര്‍ ആക്രമണം നടന്ന് 13 ദിവസങ്ങള്‍ക്കു ശേഷം ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു ബെനഫിറ്റ് കണ്‍സേര്‍ട്ട് നടത്തിയാണ് പോപ് താരം ഈ സേവനം നടത്തിയത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനും ഗായിക സമയം കണ്ടെത്തി. കുട്ടികളും സ്ത്രീകളുമായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിഞ്ഞവരില്‍ ഏറെയും.

നഗരത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കുന്നതിനായുള്ള പുതിയ സംവിധാനത്തിന്റെ അവതരണം കൂടിയാണ് ഗ്രാന്‍ഡെയ്ക്ക് നല്‍കുന്ന ബഹുമതിയെന്ന് കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. ഫ്രീഡം ഓഫ് ദി സിറ്റി എന്ന അപൂര്‍വമായി മാത്രം നല്‍കുന്ന ബഹുമതിക്കു പുറമേയാണ് ഈ ബഹുമതി. 2000ത്തിനു ശേഷം 4 പ്രാവശ്യം മാത്രമേ ഫ്രീഡം ഓഫ് ദി സിറ്റി നല്‍കിയിട്ടുള്ളു.

ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ ഗ്രെന്‍ഫെല്‍ഡ് ടവറില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 12 പേര്‍ മരിച്ചു. 78 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 18 പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രിയാണ് ടവറില്‍ തീ പടര്‍ന്നത്. അഗ്നിശമന സേന രാത്രി മുഴുവന്‍ പരിശ്രമിച്ചെങ്കിലും പകലോടെയാണ് വലിയതോതിലുണ്ടായിരുന്ന തീ അണയ്ക്കാന്‍ സാധിച്ചത്. 18 മണിക്കൂര്‍ പിന്നിട്ടതിനു ശേഷവും ചില മുറികളില്‍ തീയുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച അര്‍ദ്ധരാത്രി 12.50ഓടെയാണ് കെട്ടിടത്തില്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടത്.

പിന്നീട് വളരെ വേഗത്തില്‍ കെട്ടിടത്തിലാകെ തീ പടരുകയായിരുന്നു. 250ലേറെ അഗ്നിശമന സേനാംഗങ്ങളാണ് രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയത്. 65ലേറെ ആളുകളെ കെട്ടിടത്തില്‍ നിന്ന് രക്ഷിക്കാനും ഇവര്‍ക്ക് സാധിച്ചു. 68 പേരെ ആശുപത്രിയില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ എത്തിച്ചപ്പോള്‍ 10 പേര്‍ സ്വയം ആശുപത്രികളില്‍ എത്തി. 12 പേര്‍ സംഭവത്തില്‍ മരിച്ചതായി മെട്രോപോളിറ്റന്‍ പോലീസ് ആണ് സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു.

വര്‍ഷങ്ങളായി ലണ്ടന്‍ കാണാത്ത വിധത്തിലുള്ള തീപ്പിടിത്തമാണ് ഉണ്ടായത്. നൂറുകണക്കിന് ആളുകളാണ് തങ്ങളെ വിളിച്ചതെന്ന് മെറ്റ് പോലീസ് പറഞ്ഞു. 400 മുതല്‍ 600 ആളുകള്‍ വരെ ഈ ടവറില്‍ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. 120 ഫ്‌ളാറ്റുകളായിരുന്നു കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. 0800 0961 233, 020 7158 0197 എന്നീ ഹോട്ട് ലൈന്‍ നമ്പറുകളും പോലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലണ്ടന്‍: ഗ്രെന്‍ഫെല്‍ഡ് ടവര്‍ തീപ്പിടിത്തത്തില്‍ പ്രതിസ്ഥാനത്ത് സര്‍ക്കാര്‍. കെട്ടിടത്തിന്റെ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ സുരക്ഷാ അവലോകനം വര്‍ഷങ്ങളായി നടന്നിട്ടില്ലെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫും ഹൗസിംഗ് മിനിസ്റ്ററുമായ ഗാവിന്‍ ബാര്‍വെല്ലിന് ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. കെട്ടിടങ്ങളില്‍ സ്പ്രിംഗ്‌ളറുകള്‍ സ്ഥാപിക്കാന്‍ കെട്ടിട നിര്‍മാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്ന നിയമം നടപ്പിലാക്കാന്‍ മുന്‍ ഹൗസിംഗ് മിനിസ്റ്റര്‍ ബ്രാന്‍ഡന്‍ ലൂയിസ് വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇത്തരം നിബന്ധനകള്‍ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞാണ് ലൂയിസ് ഇതിനെ എതിര്‍ത്തത്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി ജെറമി കോര്‍ബിന്‍ രംഗത്തെത്തി. ബാര്‍വെലും മുന്‍ മന്ത്രിമാരും സുരക്ഷാ പരിശോധനകളില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്നതാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. തീപ്പിടിത്തത്തേത്തുടര്‍ന്ന് തെരേസ മേയ് ഇന്നലെ ഉച്ചയ്ക്കു ശേഷം ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. കെട്ടിടത്തിന്റെ മറ്റ് ബ്ലോക്കുകളില്‍ പരിശോധനകള്‍ നടത്താനും തീരുമാനം എടുത്തിട്ടുണ്ട്.

2013ല്‍ പാര്‍ലമെന്റിന്റെ സഖ്യകക്ഷി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഗ്രൂപ്പ് വിളിച്ച് ചേര്‍ത്തിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളില്‍ പുനരവലോകനം ഉദ്ദേശിച്ചായിരുന്നു ഇത്. കാംബര്‍വെല്ലിലെ ലേകനാല്‍ ഹൗസിലുണ്ടായ തീപ്പിടിത്തതില്‍ ആറ് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ പിന്നീട് വന്ന മന്ത്രിമാര്‍ ഈ പരിശോധനകള്‍ തുടരുന്നതില്‍ വീഴ്ച വരുത്തിയെന്ന് ഗ്രൂപ്പിന്റെ ഓണററി അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറി റോണി കിംഗ്‌സ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved