ലണ്ടന്‍: വിന്റര്‍ തിരക്ക് മൂലം നിന്നു തിരിയാന്‍ സമയം കിട്ടാത്ത ആശുപത്രി ജീവനക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാനുള്ള ചുമതല ആശുപത്രി നടത്തിപ്പുകാര്‍ ഏറ്റെടുക്കണമെന്ന് അക്കാഡമി ഓഫ് മെഡിക്കല്‍ റോയല്‍ കോളേജസ്. നിലവില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും അനുഭവപ്പെടുന്ന സമ്മര്‍ദ്ദം ചെറിയ തോതിലെങ്കിലും കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തിലുള്ള പ്രായോഗിക പിന്തുണ ഇവരുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കാന്‍ ഉതകുമെന്നും അക്കാഡമി വ്യക്തമാക്കി.
രോഗികളുടെ തിരക്ക് മൂലം ആഹാരം കഴിക്കാന്‍ പോലും സാധിക്കാത്ത ഡോക്ടര്‍മാര്‍ക്കോ നഴ്‌ലുമാര്‍ക്കോ ഒരു പിസ നല്‍കുന്നത് നിങ്ങള്‍ വിചാരിക്കാത്ത വിധത്തിലുള്ള ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ആശുപത്രികള്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അക്കാഡമി വ്യക്തമാക്കി. എല്ലാ മെഡിക്കല്‍ കോളേജുകളെയും പ്രതിനിധീകരിക്കുന്ന അക്കാഡമിയുടെ നിര്‍ദേശം പക്ഷേ എന്‍എച്ച്എസ് നേതൃത്വത്തിന്റെ നയത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആശുപത്രികളില്‍ ജങ്ക് ഫുഡ് ഒഴിവാക്കണമെന്നാണ് എന്‍എച്ച്എസ് നയം.
എന്നാല്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ അനുവദനീയമാണെന്നും പറയുന്നുണ്ട്. എന്‍എച്ച്എസ് നഴ്‌സുമാരില്‍ 25 ശതമാനത്തിലേറെപ്പേര്‍ അമിത വണ്ണമുള്ളവരാണെന്ന് ഈയാഴ്ച ആദ്യം റിപ്പോര്‍ട്ട് വന്നിരുന്നു. ഈ വിധത്തില്‍ ഭക്ഷണം നല്‍കുന്നതിന്റെ സാമ്പത്തികഭാരം എന്‍എച്ച്എസ് ഏറ്റെടുക്കണമെന്നല്ല അക്കാഡമി പറയുന്നത്. ജീവനക്കാര്‍ അമിതജോലി ചെയ്യുമ്പോള്‍ ആശുപത്രി മാനേജര്‍മാര്‍ അതിനായുള്ള ഫണ്ട് സ്വന്തം നിലക്ക് കണ്ടെത്തണമെന്നാണ് ആവശ്യം.
കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശത്ത് പ്രത്യക്ഷപ്പെട്ട വലിയ കൈകള്‍ ദൈവത്തിന്റെയാണെന്ന് സോഷ്യല്‍ മീഡിയ. അടുത്തിടെ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിലാണ് ആകാശത്ത് വലിയ കരങ്ങള്‍ പ്രത്യക്ഷപ്പെട്ടതായി ചിത്രീകരിക്കപ്പെട്ടത്. എന്നാല്‍ കാറിനുള്ളില്‍ ഇരുന്ന് വലിയ പേമാരി ചിത്രീകരിച്ചപ്പോള്‍ വിന്‍ഡ്‌സ്‌ക്രീനില്‍ പതിഞ്ഞ കൈകളുടെ പ്രതിഫലനമാണ് ഇതെന്നതാണ് വാസ്തവം. മൊബൈല്‍ ഫോണില്‍ വീഡിയോ ചിത്രീകരിച്ച ആളുടെ കൈകള്‍ തന്നെയാണ് അവ!
ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുളള്ള മക്കായില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കറുത്തിരുണ്ട മേഘങ്ങള്‍ ആകാശത്ത് കാണാമെങ്കിലും റോഡില്‍ സൂര്യപ്രകാശമുണ്ടായിരുന്നു. അതുകൊണ്ടാണ് ഗ്ലാസില്‍ പ്രതിഫലനമുണ്ടായത്. ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്റെ പ്രതീതി ജനിപ്പിക്കാന്‍ വീഡിയോയ്ക്ക് കഴിഞ്ഞതും അതുകൊണ്ടുതന്നെ. റെഡ്ഡിറ്റില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയുടെ കമന്റുകളായാണ് ദൈവത്തിന്റെ കരങ്ങള്‍ പ്രത്യക്ഷപ്പെട്ടെന്ന് യൂസര്‍മാര്‍ എഴുതിയത്.
വലിയൊരു ക്യാമറയുമായി ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്നായിരുന്നു ഒരാള്‍ കമന്റില്‍ ചോദിച്ചത്. ക്വീന്‍സ് ലാന്‍ഡിലെ കാലാവസ്ഥയും ചര്‍ച്ചാവിഷയമായെങ്കിലും ദൈവത്തിന്റെ കരങ്ങള്‍ക്ക് തന്നെയായിരുന്നു ചര്‍ച്ചയില്‍ മേല്‍ക്കൈ നേടാനായത്. ഭൂമിയില്‍ സന്ദര്‍ശനത്തിനായി ദൈവം എത്തിയതാണെന്ന് വരെ ചിലര്‍ പറഞ്ഞുകളഞ്ഞു.
മുസാഫര്‍പൂര്‍: കഴുത്തിലൂടെ അഞ്ച് അടി നീളമുള്ള കമ്പി കുത്തിക്കയറിയിട്ടും സ്ത്രീ അദ്ഭുതകരമായി രക്ഷപ്പെട്ടു. മുസാഫര്‍പൂരിലെ ഹന്‍സ സ്വദേശിനിയായ രാധിക ദേവിയാണ് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. വീടിന്റെ ടെറസില്‍ നിന്ന് വീണ ഇവരുടെ കഴുത്തിലൂടെ കമ്പി തുളച്ച് കയറുകയായിരുന്നു. താഴത്തെ നിലയില്‍ അറ്റകുറ്റപ്പണികള്‍ക്കായി സ്ഥാപിച്ച കമ്പിയാണ് കഴുത്തില്‍ കയറിയത്. നെഞ്ചിന്റെ മേല്‍ഭാഗത്തു കൂടി കഴുത്തില്‍ തറച്ച കമ്പി മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
ശ്വാസനാളത്തിന് തൊട്ടടുത്ത് കൂടി കടന്നുപോയ കമ്പി അതിന് തകരാറൊന്നും ഉണ്ടാക്കിയില്ലെന്ന് എക്‌സ്‌റേ പരിശോധനയില്‍ വ്യക്തമായി. തൂണിലെ കമ്പിയില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ താന്‍ ഇനി ജീവിക്കില്ലെന്നാണ് കരുതിയതെന്ന് രാധികാദേവി പറഞ്ഞു. അയല്‍വാസികളും ബന്ധുക്കളും കരച്ചില്‍ കേട്ടെത്തുകയും ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. വലിയ തോതില്‍ രക്തം നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു രാധികാ ദേവിയെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോ.അജയ് അലോക് പറഞ്ഞു.

ആരും ശരീരത്തില്‍ നിന്ന് കമ്പി വലിച്ചൂരാന്‍ തയ്യാറാകാതിരുന്നത് ഭാഗ്യമായെന്നും ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് കൂടുതല്‍ രക്തം നഷ്ടമായില്ല. കമ്പി പുറത്തേക്ക് നിന്ന ഭാഹങ്ങള്‍ മുറിച്ചു മാറ്റിയതിനു ശേഷം സിടി സ്‌കാന്‍ ചെയ്തു. എന്തായാലും കുത്തിക്കയറിയ കമ്പി പ്രധാനപ്പെട്ട ശരീരഭാഗങ്ങള്‍ക്കും രക്തക്കുഴലുകള്‍ക്കും തകരാറുകള്‍ ഉണ്ടാക്കാതിരുന്നതിനാലാണ് ഇവരെ രക്ഷിക്കാന്‍ സാധിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
വെര്‍ച്വല്‍ കറന്‍സിയായ ബിറ്റ് കൊയിന്‍റെ മൂല്യത്തില്‍ വീണ്ടും വര്‍ദ്ധനവ്. പന്ത്രണ്ടായിരം പൗണ്ട് ആണ് ബിറ്റ് കൊയിന്‍റെ ഇന്നത്തെ വിപണി മൂല്യം. ഈ വര്‍ഷത്തിന്‍റെ തുടക്കം മുതലാണ് ബിറ്റ് കോയിന്‍ അവിശ്വസനീയമായ രീതിയില്‍ വളര്‍ച്ച പ്രാപിച്ച് തുടങ്ങിയത്. ഈ വര്‍ഷമാദ്യം അഞ്ഞൂറ് പൗണ്ടില്‍ താഴെ ആയിരുന്നു ബിറ്റ് കോയിന് മൂല്യം ഉണ്ടായിരുന്നത്.
എന്നാല്‍ ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള വെര്‍ച്വല്‍ കറന്‍സികള്‍ക്ക് ഒരു ആസ്തിയുടെ പിന്‍ബലവുമില്ലെന്നും വെറും ഊഹക്കച്ചവടത്തിലുണ്ടാകുന്ന മൂല്യം മാത്രമാണ് അവയുടേതെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. സമീപകാലത്തുതന്നെ വലിയ ചാഞ്ചാട്ടങ്ങള്‍ ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യത്തില്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം ചാഞ്ചാട്ടങ്ങളില്‍ നിക്ഷേപകര്‍ക്ക് വലിയ നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏതെങ്കിലും രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെയോ അല്ലെങ്കില്‍ സര്‍ക്കാരുകളുടെയുമൊന്നും നിയന്ത്രണത്തിലല്ല ഓണ്‍ലൈന്‍ കറന്‍സികളെന്നും ആര്‍.ബി.ഐ ഓര്‍മ്മിപ്പിച്ചു. ഏതാനും ദിവസങ്ങളായി ഓണ്‍ലൈന്‍ കറന്‍സി വിപണികളില്‍ ബിറ്റ്‌കോയിന്റെ വില കുതിക്കുകന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയത്.
ആഴ്ചകള്‍ക്ക് മുന്‍പ് യൂറോപ്പ്യന്‍ സെന്‍ട്രല്‍ ബാങ്കും സമാന രീതിയിലുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയന്ത്രണങ്ങള്‍ ഇല്ലാത്ത വിപണി ആയതിനാല്‍ ഇത്രയും കൂടി നില്‍ക്കുന്ന വിലയില്‍ ബിറ്റ് കോയിന്‍ വാങ്ങുന്നവര്‍ക്ക് വന്‍ നഷ്ടം സംഭവിക്കാന്‍ സാദ്ധ്യത ഉണ്ടെന്ന മുന്നറിയിപ്പ് ഇസിബി നല്‍കിയിരുന്നു.
ബിറ്റ് കോയിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. മോദിക്കെതിരായ പരാമര്‍ശത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും അയ്യര്‍ക്കു നല്‍കിയിട്ടുണ്ട്
ഡല്‍ഹിയില്‍ ബി ആര്‍ അംബേദ്കറിന്റെ പേര് നല്‍കിയിട്ടുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മോദിയെ താഴ്ന്ന തരക്കാരനെന്ന് മണിശങ്കര്‍ അയ്യര്‍ വിശേഷിപ്പിച്ചത്. തുടര്‍ന്ന് പ്രസ്താവന വിവാദമായതോടെ താന്‍ ഉദ്ദേശിച്ച രീതിയിലല്ല പ്രസ്താവന വ്യാഖ്യാനം ചെയ്യപ്പെട്ടതെന്ന വാദവുമായി മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷില്‍ ചിന്തിച്ച് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴുണ്ടായ പിഴവാണെന്നും ഹിന്ദി തന്റെ മാതൃഭാഷയല്ലെന്നും മണിശങ്കര്‍ വ്യക്തമാക്കി.
തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിനു പിന്നാലെ മണിശങ്കര്‍ അയ്യര്‍ മാപ്പു പറയുകയും ചെയ്തു. ഇതിനും പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.
താഴ്ന്ന തരക്കാരനെന്ന് തന്നെ വിശേഷിപ്പിച്ച മണി ശങ്കര്‍ അയ്യര്‍ക്ക് ഇന്ന് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ വച്ച് മോദി മറുപടി നല്‍കിയിരുന്നു. മണി ശങ്കര്‍ അയ്യറുടെ പരാമര്‍ശത്തിന് ഗുജറാത്ത് മറുപടി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ മോദി പറഞ്ഞു. ‘ശരിയാണ്, സമൂഹത്തിലെ പാവപ്പെട്ടവരുടെ ഇടയില്‍നിന്നുള്ള വ്യക്തിയാണ് ഞാന്‍. ജീവിതത്തിലെ ഓരോ നിമിഷവും ചിലവഴിക്കുന്നത് പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഒ ബി സി വിഭാഗത്തിനും വേണ്ടി പ്രവര്‍ത്തിക്കാനാണ്. അവര്‍ എന്തു വേണമെങ്കിലും പറയട്ടെ. നമുക്ക് നമ്മുടെ ജോലി ചെയ്യാം’,മോദി പറഞ്ഞു.
ന്യൂയോര്‍ക്ക്. ഡിജിറ്റല്‍ കറന്‍സി ബിറ്റ്‌കോയിന്‍ പിടിച്ചാല്‍ കിട്ടാത്ത ഉയരത്തില്‍. ബിറ്റ്‌കോയിന്റെ വിനിമയമൂല്യം 14,000 ഡോളര്‍ എന്ന മാന്ത്രിക സംഖ്യയും കടന്നു. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. കഴിഞ്ഞ ആഴ്ച 10,000 ഡോളര്‍ മൂല്യമെന്ന ചരിത്രനേട്ടത്തിനു പിന്നാലെയാണിത് ഇന്ന് 14095 ഡോളര്‍ വിനിമയ നിരക്കിലെത്തിയത്. ഈ വര്‍ഷമാദ്യം 1000 ഡോളറില്‍ താഴെയായിരുന്നു ബിറ്റ്‌കോയിന്റെ മൂല്യം. ബിറ്റ്‌കോയിന്റെ കുതിപ്പ് അമ്പരപ്പോടെയാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്. സാങ്കല്‍പിക കറന്‍സിയിലുള്ള ഇടപാടുകള്‍ തിരിച്ചടിയാകുമെന്ന പ്രചാരണത്തിനിടെയാണ് ബിറ്റ്‌കോയിന്‍ കുതിക്കുന്നത് എന്നതും ശ്രദ്ധേയം.
ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത സാങ്കല്‍പിക കറന്‍സിയാണ് ബിറ്റ്‌കോയിന്‍. കംപ്യൂട്ടര്‍ ശൃംഖല വഴി ഇന്റര്‍നെറ്റിലൂടെ മാത്രമാണ് വിനിമയം. രഹസ്യ നാണയങ്ങള്‍ അഥവാ ക്രിപ്‌റ്റോ കറന്‍സികള്‍ എന്നറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സികളില്‍ ബിറ്റ്‌കോയിനാണു പ്രസിദ്ധം.
ഔദ്യോഗിക ഇടനിലക്കാരെയും കേന്ദ്ര ബാങ്കുകളെയും ഒഴിവാക്കുന്ന ബിറ്റ്‌കോയിന്‍ വിനിമയം രാജ്യങ്ങളുടെ പരമാധികാരം നിഷ്പ്രഭമാക്കുമെന്ന് ആശങ്കയുണ്ട്. ലോകത്തെവിടെയും പണമിടപാടുകള്‍ സാധ്യമാകുന്നതാണ് ബിറ്റ്‌കോയിന്റെ സവിശേഷത.
കേന്ദ്ര ബാങ്കുകള്‍ പോലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയാണ് ബിറ്റ്‌കോയിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സകലവിധ ഇലക്ട്രോണിക് പണമിടപാട് ശൃംഖലകളെയും ഒഴിവാക്കി കാലതാമസവും ഫീസുകളും ഇല്ലാതെയാണു പ്രവര്‍ത്തനം. അയയ്ക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും വിവരങ്ങള്‍ രഹസ്യമായിരിക്കും.
2009 മുതല്‍ ആണ് ബിറ്റ് കോയിന്‍ പ്രാബല്യത്തില്‍ വന്നതെങ്കിലും രണ്ട് വര്‍ഷത്തോളമേ ആയുള്ളൂ ഇത് വ്യാപകമായി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ട്. സാദ്ധ്യതകള്‍ മനസ്സിലാക്കി ഈ കാലയളവില്‍ ബിറ്റ് കോയിന്‍ ഒരു നിക്ഷേപ മാര്‍ഗ്ഗമായി സ്വീകരിച്ചവരില്‍ പലരും ഈ കുതിപ്പില്‍ ലക്ഷാധിപതികളും കോടീശ്വരന്മാരും ആയിട്ടുണ്ട്. യുകെ മലയാളികളില്‍ ചിലരും ബിറ്റ് കോയിന്‍ നിക്ഷേപത്തിലൂടെ വന്‍ തുക നേടിക്കഴിഞ്ഞു. ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ കേവലം 500 പൗണ്ട് വിലയുള്ളപ്പോള്‍ ബിറ്റ് കോയിന്‍ വാങ്ങിയ ഇവരുടെ കയ്യിലെ ഓരോ ബിറ്റ് കൊയിനും ഇന്ന് വില 11307 പൗണ്ട് ആണ്.
ഉയര്‍ന്ന മൂല്യം കരസ്ഥമാക്കിയതിലൂടെ ബിറ്റ് കോയിന്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ നിലയിലേക്ക് വളര്‍ന്നതോടെ സമാനമായ് മറ്റ് ക്രിപ്റ്റോ കറന്‍സികളിലേക്ക് അന്വേഷണം നീണ്ടു കഴിഞ്ഞു. പബ്ലിക് യൂസബിലിറ്റി ഉള്ള ക്രിപ്റ്റോ കാര്‍ബണ്‍ പോലുള്ള കറന്‍സികളില്‍ ആണ് ഇപ്പോള്‍ പലരും നിക്ഷേപ സാദ്ധ്യതകള്‍ തേടുന്നത്.
ബിറ്റ് കോയിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
.
മെക്‌സിക്കോ സിറ്റി: കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ ഏന്തിക്കൊണ്ട് അമ്മയുടെ ബസ് യാത്ര. മെക്‌സിക്കോ സിറ്റിയിലാണ് ഈ ദാരുണ സംഭവമുണ്ടായത്. സില്‍വിയ റെയെസ് ബറ്റാല്ല എന്ന 25കാരിയാണ് അഞ്ച് വയസ് പ്രായം തോന്നിക്കുന്ന ആണ്‍കുഞ്ഞിന്റെ ശരീരവുമായി ബസില്‍ യാത്ര ചെയ്തത്. മെക്‌സിക്കോ സിറ്റിയില്‍ നിന്ന് 87 മൈല്‍ അകലെയുള്ള പുബേല എന്ന സ്വന്തം പട്ടണത്തിലേക്ക് കാമുകന്‍ അല്‍ഫോന്‍സോ റെഫൂജിയോ ഡോമിന്‍ഗ്വസുമൊത്ത് കുഞ്ഞിന്റെ ജഡം കൊണ്ടുപോകുകയാണെന്നാണ് ഇവര്‍ നല്‍കിയ വിശദീകരണം.
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞാണ് ഇവര്‍ ശരീരം കയ്യില്‍ പിടിച്ചിരുന്നത്. പുബേലോയില്‍ കുഞ്ഞിന്റെ മൃതദേഹം അടക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അവര്‍ പറഞ്ഞു. കുഞ്ഞ് മരിച്ചത് ഒരു ദിവസം മുമ്പാണെന്ന് കണ്ടെത്തി. മെക്‌സിക്കോ സിറ്റി കാണാനെത്തിയതായിരുന്നു ഇവര്‍. ഹൃദയത്തിന് അസുഖമുണ്ടായിരുന്ന കുഞ്ഞ് ഇവിടെവെച്ച് മരിച്ചു. മൃതദേഹം കൊണ്ടുപോകാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടാന്‍ സാധിക്കാത്തതിനാലാണ് ഇവര്‍ ഈ മാര്‍ഗം തേടിയതെന്നാണ് കരുതുന്നത്.
ബസ് ജീവനക്കാര്‍ പാരാമെഡിക്കുകളെ വിളിക്കുകയും പിന്നീട് കുഞ്ഞ് നേരത്തേ മരിച്ചിരുന്നതായി ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. സില്‍വിയയുടെ വിശദീകരണം സത്യസന്ധമാണെന്ന് ഡോക്ടര്‍മാരും സ്ഥിരീകരിക്കുന്നു. എന്തായാലും മരണകാരണത്തേക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്. ഇവര്‍ തുടര്‍ന്ന് യാത്ര ചെയ്യുന്നത് വിലക്കിയെങ്കിലും കേസെടുത്തതായി വിവരമില്ല.
സ്റ്റോക്ക്‌പോര്‍ട്ട്: പ്രസവവേദനയനുഭവപ്പെട്ട സ്ത്രീക്ക് മലബന്ധം മൂലമുണ്ടായ വേദനയാണ് അതെന്ന് ആശുപത്രി. ഇതുമൂലം പരിചരണം വൈകിയത് നവജാത ശിശുവിന്റെ മരണത്തിനാണ് കാരണമായത്. മാഞ്ചസ്റ്ററിലെ സ്റ്റോക്ക്‌പോര്‍ട്ടിലുള്ള സ്‌റ്റെപ്പിംഗ് ഹില്‍ ആശുപത്രി അധികൃതര്‍ ഈ സംഭവത്തില്‍ ക്ഷമാപണവുമായി രംഗത്തെത്തി. 2014 ജൂലൈയിലാണ് സംഭവം നടന്നത്. പ്രസവം താമസിച്ചതുമൂലം ഓക്‌സിജന്‍ ലഭിക്കാതെ ആവ എന്ന് പേരിട്ട കുഞ്ഞ് പിന്നീട് മരിച്ചു.
ജോവാന്‍ ഫരാര്‍ എന്ന സത്രീക്ക് അനുഭവപ്പെട്ട പ്രസവവേദനയാണ് ആശുപത്രി ജീവനക്കാര്‍ തെറ്റിദ്ധരിച്ചത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ആശുപത്രി ക്ഷമാപണവുമായി രംഗത്തെത്തിയത്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് ജോവാനും ജെയിംസ് ഫരാറും ആവശ്യപ്പെടുന്നത്. രണ്ട് കുട്ടികളുള്ള തനിക്ക് അനുഭവപ്പെട്ടത് പ്രസവവേദനയാണെന്ന് മനസിലായിരുന്നെന്ന് ജോവാന്‍ പറഞ്ഞു. എന്നാല്‍ സ്റ്റെപ്പിംഗ് ഹില്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തനിക്ക് മലബന്ധം മൂലമുള്ള അണുബാധയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞു. വെറുതെ സമയം മെനക്കെടുത്താന്‍ എത്തിയിരിക്കുന്നുവെന്ന് ഒരു ഡോക്ടര്‍ പറഞ്ഞതായും ജോവാന്‍ പറഞ്ഞു.
രക്തസ്രാവം ഉണ്ടായപ്പോള്‍ മാത്രമാണ് പ്രസവം അടുത്തതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ അതിനിടെ കുഞ്ഞിന് ഗുരുതരമായ മസ്തിഷ്‌കത്തകരാറുകള്‍ സംഭവിച്ചിരുന്നു. പിന്നീട് ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജൂലൈ 12 വരെ കുഞ്ഞ് ജീവനുവേണ്ടി പോരാടി. റോയല്‍ ഓള്‍ഡ്ഹാം ആശുപത്രിയിലെ ചികിത്സയിലൂടെ ഇനി കുഞ്ഞിനെ വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ ഉപകരണങ്ങളുടെ സഹായം നിര്‍ത്താനുള്ള തീരുമാനം ഈ മാതാപിതാക്കള്‍ക്ക് എടുക്കേണ്ടി വന്നു. ഓക്‌സിജന്‍ ലഭിക്കാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ലണ്ടന്‍: യുകെയെ വിറപ്പിച്ചുകൊണ്ട് കരോളിന്‍ ചുഴലിക്കാറ്റ് ഇന്ന് ആഞ്ഞടിക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ യുകരെ നാഷണല്‍ ഒബ്‌സര്‍വേറ്ററി നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡില്‍ ആംബര്‍ വിന്‍ഡ് വാണിംഗ് നല്‍കിയിരിക്കുകയാണ്. സതേണ്‍ സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും യെല്ലോ വാണിംഗും നല്‍കിയിട്ടുണ്ട്. ഇത് വെള്ളിയാഴ്ചയോടെ സതേണ്‍ ഇംഗ്ലണ്ടിലേക്ക് വ്യാപിപ്പിക്കുകയും ശനിയാഴ്ച വരെ തുടരുകയും ചെയ്യും. 2017-2018 വിന്റര്‍ സീസണിലെ മൂന്നാമത്തെ ചുഴലിക്കാറ്റാണ് കരോളിന്‍.
നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡില്‍ 70 മുതല്‍ 80 മൈല്‍ വരെ വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നത്. പുലര്‍ച്ചെ 6 മണിയോടെ ഇത് കരതൊടുമെന്നാണ് വിവരം. ഈയവസരത്തില്‍ കാറ്റിന്റെ വേഗത 90 മൈല്‍ വരെയാകാന്‍ സാധ്യതയുണ്ട്. കാറ്റില്‍ പല വസ്തുക്കളും പറന്നു നടക്കാന്‍ സാധ്യതയുണ്ടെന്നും അവ ജീവാപായത്തിനു പോലും കാരണമായേക്കാമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടാകാമെന്നും മേച്ചില്‍ ഓടുകള്‍ പറന്നുപോയേക്കാമെന്നും മുന്നറിയിപ്പ് പറയുന്നു.
റോഡുകള്‍ അടക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രകള്‍ താമസിച്ചേക്കാം. റെയില്‍, ഫെറി സര്‍വീസുകളും വിമാന സര്‍വീസുകളും റദ്ദാക്കാനും ഇടയുണ്ട്. പവര്‍കട്ടിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കടലില്‍ വന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ യുകെയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകും. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്ത് വെയില്‍സ് നോര്‍ത്ത് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ 10 മുതല്‍ 20 സെ.മീ.വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു.
ലണ്ടന്‍: ഡൗണിംഗ് സ്ട്രീറ്റില്‍ സ്‌ഫോടനം നടത്താനും പ്രധാനമന്ത്രിയെ കൊലപ്പെടുത്താനും ഗൂഢാലോചന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞയാഴ്ച ലണ്ടനിലും ബര്‍മിംഗ്ഹാമിലും നടത്തിയ റെയ്ഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. ബാഗുകളില്‍ ഒളിച്ചു കടത്തുന്ന ബോംബ് ഉപയോഗിച്ച് ഡൗണിംഗ് സ്ട്രീറ്റിന്റെ ഗേറ്റുകള്‍ തകര്‍ക്കാനും തെരേസ മേയെ കത്തി ഉപയോഗിച്ച് ആക്രമിക്കാനുമായിരുന്നു ഇവര്‍ പദ്ധതിയിട്ടചതെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിശദീകരിക്കുന്നത്. പിടിയിലായവര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി ഇന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
എംഐ5 തലവന്‍ ആന്‍ഡ്രൂ പാര്‍ക്കര്‍ ആണ് ഇക്കാര്യം ഇന്നലെ ക്യാബിനറ്റിനെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം 9 ഭീകരാക്രമണ പദ്ധതികള്‍ പരാജയപ്പെടുത്തിയതായും പാര്‍ക്കര്‍ മന്തിസഭയെ അറിയിച്ചു. ലണ്ടനില്‍ നിന്നുള്ള നയിമുര്‍ സഖറിയ റഹ്മാന്‍ എന്ന 20കാരനും ബര്‍മിംഗ്ഹാമില്‍ നിന്നുള്ള മുഹമ്മദ് അക്വിബ് ഇമ്രാന്‍ എന്ന 21 കാരനുമാണ് പിടിയിലായതെന്ന് മെട്രോപോളിറ്റന്‍ പോലീസും അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതിനാണോ ഇവര്‍ പിടിയിലായതെന്ന കാര്യം സ്ഥിരീകരിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് വക്താവ് വിസമ്മതിച്ചു.
മെയ് മാസത്തില്‍ മാഞ്ചസ്റ്റര്‍ അറീനയില്‍ നടന്ന ചാവേര്‍ ആക്രമണം തടയുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തല്‍ എന്നതാണ് ശ്രദ്ധേയം. മാഞ്ചസ്റ്ററില്‍ ആക്രമണം നടത്തിയ സല്‍മാന്‍ അബേദി എംഐ 5ന്റെ നിരീക്ഷണത്തിലുണ്ടായിരുന്നെങ്കിലും ആക്രമണം പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്ന ആരോപണമാണ് ഉയരുന്നത്.