Main News

ജയ്പൂര്‍: രാജസ്ഥാനില്‍ ബസ് പാലത്തില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണസംഖ്യ 32 ആയി. സവായ് മദോപുരിലെ ദുബിയില്‍ ശനിയാഴ്ച രാവിലെയായിരുന്ന അപകടം. ബാണാസ് നദിയിലാണ് ബസ് പതിച്ചത്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സവായി മധോപൂരില്‍ നിന്നും ലാല്‍സോട്ടിലേക്ക് പോയ തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്. പ്രായപൂര്‍ത്തിയാകാത്തയാളാണ് ബസ് ഓടിച്ചിരുന്നതെന്ന് ആരോപണമുണ്ട്. ഇയാള്‍ ബസിന്റെ കണ്ടക്ടര്‍ ആയിരുന്നു. ഇടുങ്ങിയ പാലത്തില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് പതിക്കുകയായിരുന്നു. പാലത്തിന്റെ ഭിത്തിയില്‍ ഇടിച്ച ശേഷമാണ് നദിയില്‍ വീണത്.

ഇതുവരെ 30 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. നാല്പത് പേര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ബസില്‍ വലിയ തോതില്‍ ആളുകളെ കയറ്റിയിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഉത്തര്‍പ്രദേശില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള തീര്‍ഥാടകരായിരുന്നു ബസില്‍. ലാല്‍സോട്ടിലെ രാംദേവ്ര ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയതായിരുന്നു ഇവര്‍. നദിയില്‍ നിന്നും ബസ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തി. ജില്ലാ കലക്ടറും പോലീസ് സൂപ്രണ്ടും അടക്കമുള്ളവര്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

ലണ്ടന്‍: യുകെ ക്രിസ്തുമസ് തിരിക്കില്‍ മുങ്ങുമ്പോള്‍ സാധാരണക്കാരുടെ ചെലവുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ധന വില ഉയര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവധിക്കാല യാത്രകള്‍ക്കായി ഒട്ടേറെപ്പേര്‍ തയ്യാറെടുക്കുന്ന സമയത്ത് ഇന്ധനവില ഉയര്‍ന്നത് വാഹന ഉടമകള്‍ക്ക് ആഘാതമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 23നും ന്യൂ ഇയറിനുമിടയില്‍ ഒട്ടേറെ ലെഷര്‍ ട്രിപ്പുകള്‍ നടക്കാറുള്ളതാണ്.

      

120.69 പെന്‍സ് ആണ് ശരാശരി പെട്രോള്‍ വില. കഴിഞ്ഞ വര്‍ഷം ഇത് 115.8 പെന്‍സ് മാത്രമായിരുന്നു. 2015ല്‍ 103.4 പെന്‍സ് ആയിരുന്നു ക്രിസ്തുമസ് കാലത്തെ പെട്രോള്‍ വില. 2013ലാണ് ഇതിനു മുമ്പ് ക്രിസ്തുമസ് കാലത്ത് ഇന്ധനവില ഉയര്‍ന്നിട്ടുള്ള്. അന്ന് പെട്രോളിന് 131 പെന്‍സും ഡീസലിന് 138.4 പെന്‍സും ആയിരുന്നു വില. ഡീസല്‍ വില ഈയാഴ്ച ശരാശരി 123.2 പെന്‍സ് ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 118.4 പെന്‍സും 2015ല്‍ 106.8 പെന്‍സും ആയിരുന്നു.

ഇത്തരത്തിലുള്ള വില വര്‍ദ്ധനവ് ക്രിസ്തുമസ് പോലെയുള്ള ആഘോഷങ്ങളുടെ അവസരങ്ങളിലും മറ്റും യാത്രക്കാര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിക്കുന്നതെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു. ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ അടുത്ത വര്‍ഷത്തോടെ 3.4 ശതമാനം വര്‍ദ്ധിക്കും. മോട്ടോര്‍വേ പമ്പുകളിലെ ഇന്ധനവില സൂപ്പര്‍മാര്‍ക്കറ്റുകളിലേതിനേക്കാള്‍ കൂടുതലാണ്. ഇങ്ങനെ ജനങ്ങള്‍ക്കു മേല്‍ കടുത്ത സാമ്പത്തിക ഭാരമാണ് ഏല്‍പ്പിക്കുന്നതെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു.

ബ്രസല്‍സ്: നിലവിലുള്ള ബര്‍ഗന്‍ഡി നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം നീല നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുന്നതോടെ ബ്രീട്ടീഷ് പൗരന്‍മാര്‍ക്ക് യൂറോപ്യന്‍ യാത്രകളില്‍ ലഭിക്കുന്ന പ്രത്യേക പരിഗണനകള്‍ നഷ്ടമാകും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെയും ബ്രിട്ടന്റെ പരമാധികാരത്തിന്റെയും ചിഹ്നം എന്ന നിലയിലാണ് നീല പാസ്‌പോര്‍ട്ടുകള്‍ വീണ്ടും അവതരിപ്പിക്കാന്‍ തെരേസ മേയ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നീക്കം ബ്രിട്ടീഷ് യാത്രക്കാരെ പിന്‍നിരയിലേക്ക് നയിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗിക നേതൃത്വം സൂചിപ്പിക്കുന്നത്.

ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ യാത്രാ സ്വാതന്ത്ര്യം സംബന്ധിച്ച് തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഇപ്പോള്‍ ബ്രിട്ടീഷ് ജനതയ്ക്ക് ലഭിക്കുന്ന വിസ ഇളവുകളും ഫാസ്റ്റ് ട്രാക്ക് സൗകര്യങ്ങളും നഷ്ടമാകും. ഇത് ഏത് നിറത്തിലുള്ള പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്കും ബാധകമാകുമെന്നും വിവരമുണ്ട്. യൂറോപ്യന്‍ യാത്രകള്‍ക്കായി അമേരിക്കന്‍ എസ്റ്റ പദ്ധതിയുടെ മാതൃകയില്‍ യൂറോപ്യന്‍ യൂണിയന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (എറ്റിയാസ്) നടപ്പാക്കാന്‍ സാധ്യയുണ്ടെന്നും സൂചനയുണ്ട്. ഇതനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിശ്ചിത തുകയടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും.

നീല നിറത്തിലുള്ള പാസ്‌പോര്‍ട്ട് വീണ്ടും അവതരിപ്പിക്കാനുള്ള നീക്കത്തെ ബ്രെക്‌സിറ്റ് അനുകൂലികള്‍ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. 1988ല്‍ അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ ശൈലിയിലുള്ള ബര്‍ഗന്‍ഡി നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് പകരം അതിനു മുമ്പ് ഒരു നൂറ്റാണ്ടോളം കാലം നിലവിലുണ്ടായിരുന്ന നീല പാസ്‌പോര്‍ട്ട് അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ലണ്ടന്‍: സെയിന്‍സ്ബറിയിലെ പ്രീമിയം ബീഫ് ബര്‍ഗറായ ടേസ്റ്റ് ദി ഡിഫറന്‍സ് അബര്‍ദീന്‍ ആന്‍ഗസ് ക്വാര്‍ട്ടര്‍ പൗണ്ടേഴ്‌സ് കഴിക്കരുതെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ്. ഇവയില്‍ ഇ-കോളി ബാക്ടീരിയ ബാധയുണ്ടെന്ന സംശയത്തേത്തുടര്‍ന്നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ബര്‍ഗര്‍ കഴിച്ച പന്ത്രണ്ടോളം പേര്‍ അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇതേത്തുടര്‍ന്ന് സെയിന്‍സ്ബറിയിലെ ഷെല്‍ഫുകളില്‍ നിന്ന് ഈ ബര്‍ഗറുകള്‍ നീക്കം ചെയ്തു. ക്രിസ്തുമസിന് മുമ്പായി ഇവ വാങ്ങി ശേഖരിച്ചിരിക്കുന്നവര്‍ ഉപയോഗിക്കരുതെന്ന് ഫുഡ് സ്റ്റാന്‍ഡാര്‍ഡ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

വയറിളക്കം, കടുത്ത വയര്‍ വേദന, മലത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് ഇ-കോളി ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ ബാക്ടീരിയ ബാധിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലക്കുകയും മരണം സംഭവിക്കുകയും ചെയ്യാം. 12 പേര്‍ ചികിത്സ തേടിയതായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് വ്യക്തമാക്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി സെയിന്‍സ്ബറി അറിയിച്ചു.

തങ്ങള്‍ ബര്‍ഗറുകള്‍ വിതരണം ചെയ്യുന്ന സപ്ലയറുമായി ചേര്‍ന്ന് സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുന്‍കരുതലെന്ന നിലയില്‍ ഈ ബര്‍ഗറുകള്‍ വാങ്ങിയിട്ടുള്ളവര്‍ അവ കഴിക്കരുതെന്നും സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ പറഞ്ഞു. വാങ്ങിയിട്ടുള്ളവര്‍ അവ തിരികെ സ്റ്റോറുകളില്‍ എത്തിച്ചാല്‍ പണം തിരികെ നല്‍കുമെന്നും പ്രസ്താവനയില്‍ സെയിന്‍സ്ബറി വ്യക്തമാക്കി. 2018 ജൂലൈ, സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങള്‍ വരെ എക്‌സ്പയറിയുള്ള പാക്കറ്റുകളാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

ന്യൂസ് ഡെസ്ക്

ബ്രെക്സിറ്റ് നടപ്പായാലുടൻ പഴയ പ്രതാപത്തിലേക്ക് ബ്രിട്ടീഷ് പാസ്പോർട്ടിനെ മടക്കിക്കൊണ്ടുവരാൻ ഹോം ഓഫീസ് നടപടികൾ ആരംഭിച്ചു. നിലവിൽ യൂറോപ്യൻ യൂണിയന്റെ എംബ്ളത്തോടു കൂടിയ ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ട് നീല നിറമായി മാറും. യൂറോപ്യൻ യൂണിയന്റെ എംബ്ളം പുതിയതായി നടപ്പാക്കുന്ന പാസ്പോർട്ടിൽ നിന്ന് നീക്കപ്പെടും. യുകെയിൽ കഴിഞ്ഞ മുപ്പതു വർഷത്തോളമായി ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ടാണ് ഉപയോഗത്തിലിരിക്കുന്നത്. അതിനു മുമ്പ് നൂറ് വർഷത്തോളം നീല നിറത്തിലുള്ള പാസ്പോർട്ട് ആണ് ബ്രിട്ടൻ ഉപയോഗിച്ചിരുന്നത്. സമ്പൂർണമായ സുരക്ഷാ മുൻകരുതലുകൾ ഉൾപ്പെടുത്തിയാണ് പുതിയ പാസ്പോർട്ട് പുറത്തിറക്കുന്നത്.

ഇമിഗ്രേഷൻ മിനിസ്റ്റർ മാർട്ടിൻ ലൂയിസാണ് പുതിയ പാസ്പോർട്ട് നിലവിൽ വരുന്ന കാര്യം പുറത്തു വിട്ടത്. 2019 മാർച്ചിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വരുമെങ്കിലും തുടർന്നും ബർഗണ്ടി നിറത്തിലുള്ള പാസ്പോർട്ടായിരിക്കും പുതിയതായി അപേക്ഷിക്കുന്നവർക്കും പുതുക്കുന്നവർക്കും നല്കുന്നത്. എന്നാൽ അതിൽ യൂറോപ്യൻ യൂണിയന്റെ യാതൊരു റഫറൻസും ഉണ്ടാവില്ല. 2019 ഒക്ടോബർ മുതൽ നല്കപ്പെടുന്ന പാസ്പോർട്ടുകൾ നീല നിറത്തിലുള്ളതായിരിക്കും. ബർഗണ്ടി കളറിലുള്ള പാസ്പോർട്ട് ഉള്ളവർക്ക് അവയുടെ പുതുക്കൽ തീയതി വരെ നിലവിലുള്ള പാസ്പോർട്ട് ഉപയോഗിക്കാവുന്നതാണ്.

നിലവിൽ ഇന്ത്യയsക്കം 76 രാജ്യങ്ങളിൽ നീല നിറത്തിലുള്ള പാസ്പോർട്ടാണ്  ഉപയോഗിക്കുന്നത്. ഓസ്ട്രേലിയ, അമേരിക്ക, ക്യാനഡ തുടങ്ങി മിക്ക കോമൺവെൽത്ത് രാജ്യങ്ങളിലും നീല  നിറത്തിലുള്ള പാസ്പോർട്ടാണ് നിലവിലുള്ളത്. യൂറോപ്യൻ യൂണിയനിൽ നിന്ന് സ്വതന്ത്രമാകുന്ന അവസരം നമ്മുടെ ദേശീയത ഉയർത്തിക്കാട്ടാനുള്ള അവസരമാണെന്നും അതിന്റെ  പ്രതീകമായി പുതിയ പാസ്പോർട്ട് നടപ്പിലാക്കുന്നത് തികച്ചും ഉചിതമാണെന്നും മാർട്ടിൻ ലൂയിസ് പറഞ്ഞു. ഇതിന്റെ അച്ചടിക്കായി പുതിയ കോൺട്രാക്ട് ഉടൻ നിലവിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.

ലണ്ടന്‍: വിന്ററില്‍ രോഗികളുടെ തിരക്ക് മൂലമുണ്ടായ പ്രതിസന്ധി പരഹരിക്കാന്‍ പതിനായിരക്കണക്കിന് ശസ്ത്രക്രിയകള്‍ എന്‍എച്ച്എസ് മാറ്റിവെച്ചു. തിമിരം, ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ ജനുവരി പകുതി വരെ മാറ്റിവെക്കാനാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ദേശിച്ചത്. ക്യാന്‍സര്‍ ശസ്ത്രക്രിയകള്‍ക്കും രോഗികളുടെ ജീവന്‍ രക്ഷിക്കാനായി നടത്തുന്ന അടിയന്തര ശസ്ത്രക്രിയകള്‍ക്കും മാത്രമേ ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചിട്ടുള്ളു.

ഈ വിന്ററില്‍ എന്‍എച്ച്എസ് നേരിടുന്ന സമ്മര്‍ദ്ദം എത്ര രൂക്ഷമാണെന്നും അക്കാര്യത്തില്‍ എന്‍എച്ച്എസ് നേതൃത്വത്തിനുള്ള ആശങ്ക എത്രമാത്രമുണ്ടെന്നും വ്യക്തമാക്കുന്നതാണ് ഈ നടപടി. രൂക്ഷമായ കാലാവസ്ഥയില്‍ ആശുപത്രികളിലും ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളിലും എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. രോഗികള്‍ നിറഞ്ഞു കവിയുന്നതു മൂലം എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്കു മേലുണ്ടാകുന്ന സമ്മര്‍ദ്ദവും കനത്തതാണ്.

കിടക്കള്‍ ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനായി ക്ലിനിക്കുകളും ഡേ കേസ് സര്‍ജറികള്‍ക്കായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങളും അധികം വരുന്ന രോഗികള്‍ക്കായി തയ്യാറാക്കിയിരിക്കുകാണ്. കഴിഞ്ഞ വിന്ററില്‍ ചില ആശുപത്രികള്‍ ജിമ്മുകളും സ്‌റ്റോറുകളും വാര്‍ഡുകളാക്കി മാറ്റിയിരുന്നു. അതേ സ്ഥിതിവിശേഷം തന്നെയാണ് ഇവിടെയും ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ബ്രിട്ടനിൽ തെരേസ മേയ് സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഡാമിയന്‍ ഗ്രീനിന്റെ ഓഫീസ് കമ്പ്യൂട്ടറിൽ നീലച്ചിത്രങ്ങളും അശ്ലീല ഫോട്ടോകളും കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ പുറത്താക്കി. ഒൻപതുവർഷം മുൻപാണ് ഇദ്ദേഹത്തിന്റെ ഓഫീസ് കമ്പ്യൂട്ടറിൽനിന്നും നീലച്ചിത്രങ്ങളും മറ്റും കണ്ടെത്തുന്നത്. എന്നാൽ ഡാമിയനല്ല ഇത് ഡൗൺലോഡ് ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. തെരേസ മേയുടെ വിശ്വസ്തനായിരുന്ന ഇദ്ദേഹത്തിന്റെ മറുപടി പോലീസുകാർക്ക് വിശ്വാസ്യമായി തോന്നിയില്ല. ഇതിനുപിന്നാലെ മറ്റൊരു യുവതി അദ്ദേഹത്തിനെതിരെ ലൈംഗിക പീഡന ആരോപണവും ഉന്നയിച്ചു. 2015ല്‍ ലണ്ടനിലെ ഒരു പബ്ബില്‍വച്ച് ഡാമിയന്‍ തന്റെ കാലില്‍ സ്‌പര്‍ശിക്കുകയും അസഭ്യപരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നായിരുന്നു വനിതാ ആക്ടിവിസ്റ്റായ കേറ്റ് മാല്‍ട്ബെ ആരോപിച്ചത്. ലൈംഗിക പീഡന വിവാദം കൂടി പുറത്തുവന്നതോടെ പഴയ നീലച്ചിത്ര വിവാദം വീണ്ടും കുത്തിപൊക്കുകയായിരുന്നു. പുതിയ അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തുകയും പുറത്താക്കുകയുമായിരുന്നു. മന്ത്രിമാര്‍ പാലിക്കേണ്ട അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചെന്ന കുറ്റം ചുമത്തി ഡാമിയന്‍ ഗ്രീനിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി തേരേസ മേയ് നിര്‍ബന്ധിതയാക്കുകയായിരുന്നു. ലൈംഗിക പീഡന ആരോപണം അദ്ദേഹം ഇപ്പോഴും നിഷേധിക്കുന്നു.

എഡിന്‍ബറ: വന്യമൃഗങ്ങളെ സര്‍ക്കസുകളില്‍ ഉപയോഗിക്കുന്നത് സ്‌കോട്ട്‌ലന്‍ഡ് നിരോധിച്ചു. സ്‌കോട്ടിഷ് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് വന്യമൃഗങ്ങളെ ഉപയോഗിച്ച് പ്രകടനങ്ങള്‍ നടത്തുന്ന ട്രാവലിംഗ് സര്‍ക്കസ് കമ്പനികള്‍ക്ക് ഇനി മുതല്‍ സ്‌കോട്ട്‌ലന്‍ഡില്‍ പ്രവേശനമുണ്ടാകില്ല. എന്‍വയണ്‍മെന്റ് സെക്രട്ടറി റോസന്ന കണ്ണിംഗ്ഹാം അവതരിപ്പിച്ച ബില്ലിനെ 98 ശതമാനം പൊതുജനങ്ങളും അംഗീകരിച്ചു. വന്യമൃഗങ്ങളെ ട്രാവലിംഗ് സര്‍ക്കസുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുക മാത്രമല്ല ഇതിലൂടെ ചെയ്യുന്നതെന്നും വന്യമൃഗങ്ങളെ ചൂഷണം ചെയ്യുന്നതിനെ വിലക്കാന്‍ മടിക്കുന്ന രാജ്യങ്ങള്‍ക്ക് മാതൃക കാട്ടുക കൂടിയാണെന്ന് റോസന്ന കണ്ണിംഗ്ഹാം പറഞ്ഞു.

പരമാവധി മൃഗങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുന്നതിനായി വന്യമൃഗങ്ങള്‍ എന്നതിന് പ്രത്യേക വിശദീകരണം നിയമത്തില്‍ നല്‍കിയിട്ടില്ല. ഇത് കോടതികള്‍ക്ക് കൂടുതല്‍ ഇടപെടലുകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കുമുള്ള അവസരം നല്‍കും. ഇപ്പോള്‍ ട്രാവലിംഗ് സര്‍ക്കസുകള്‍ക്ക് മാത്രമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ബില്‍ ഇനി സ്റ്റാറ്റിക് സര്‍ക്കസുകളില്‍ മൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിനെയും നിരോധിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു. പക്ഷികളെ ഉപയോഗിച്ചുള്ള പ്രദര്‍ശനങ്ങള്‍, ഗ്രേഹൗണ്ട് റേസിംഗ് മുതലായവയും നിരോധിക്കപ്പെടാന്‍ സാധ്യതയുണ്ട്.

സര്‍ക്കസുകളിലെ വന്യമൃഗങ്ങളുടെ ഉപയോഗം നിരോധിക്കണമെന്ന ആവശ്യം യുകെയില്‍ ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. 2013ലെ സഖ്യസര്‍ക്കാര്‍ ഇതിനായി നടപടികള്‍ സ്വീകരിച്ചെങ്കിലും നിയമനിര്‍മാണം മാത്രം ഉണ്ടായില്ല. യുണൈറ്റഡ് കിംഗ്ഡം രാജ്യങ്ങളില്‍ സ്‌കോട്ട്‌ലന്‍ഡ് ആണ് ആദ്യമായി ഇത്തരത്തില്‍ ഒരു നിയമനിര്‍മാണം നടത്തുന്നത്.

വാഷിംഗ്ടണ്‍: മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ ബ്രെത്തലൈസര്‍ പരിശോധനയാണല്ലോ ആദ്യം നടത്തുന്നത്. മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് പോലെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ലോകത്തെല്ലായിടത്തും പോലീസിന്റെ ആയുധവും ഇതു തന്നെ. സാധാരണ മദ്യപിച്ചവരുടെ ഉച്ഛ്വാസ വായുവിലെ ആല്‍ക്കഹോള്‍ അംശമാണ് ഇത് കണ്ടെത്താറുള്ളത്. അന്തരീക്ഷ വായുവിലെ ആല്‍ക്കഹോള്‍ തിരിച്ചറിഞ്ഞ ചരിത്രം ഒരു ബ്രെത്തലൈസറിനും അവകാശപ്പെടാനുമില്ല. പക്ഷേ അമേരിക്കയിലെ മോണ്ട്‌ഗോമറിയില്‍ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ നടത്തിയ മദ്യപാന പാര്‍ട്ടിയില്‍ ഈ ചരിത്രവും തിരുത്തിക്കുറിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടി നടത്തിയ വീടിനുള്ളിലെ വായുവില്‍ പോലീസിന്റെ ഒരു ബ്രെത്തലൈസര്‍ കണ്ടെത്തിയത് 0.01 ശതമാനം ആല്‍ക്കഹോള്‍ ആയിരുന്നത്രേ! 70ഓളം യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ ഇടപെട്ട പോലീസിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ബ്രെത്തലൈസറിന്റെ ഈ കണ്ടുപിടിത്തം. നവംബര്‍ മധ്യത്തിലാണ് ടെക്കില ട്യൂസ്‌ഡേ എന്ന പേരില്‍ പാര്‍ട്ടി നടന്നത്. പാര്‍ട്ടി ശല്യമായിത്തുടങ്ങിയപ്പോള്‍ അയല്‍ക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയും മോണ്ട്‌ഗോമറി കൗണ്ടി പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.

ഒരു അമേരിക്കന്‍ സ്വകാര്യ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു മദ്യപാന പാര്‍ട്ടി നടത്തിയത്. സിഗ്മ ആല്‍ഫ എപ്‌സിലോണ്‍ ഫ്രറ്റേണിറ്റി എന്ന പേരിലുള്ള സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. സംഭവത്തില്‍ വാടക വീട്ടിലെ താമസക്കാരായ ആറ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്തവര്‍ മദ്യം കൈവശം വെച്ചതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം നല്‍കിയതിനുമുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 3,15,000 ഡോളര്‍ പിഴ ഇവര്‍ നല്‍കേണ്ടി വരും. വീട്ടിനുള്ളില്‍ ഒട്ടേറെ ഒഴിഞ്ഞ കുപ്പികളും ക്യാനുകളും നിരന്നു കിടക്കുന്നതാണത്രേ പോലീസ് കണ്ടത്. പോലീസില്‍ നിന്ന് രക്ഷപ്പെടാനായി ഒരാള്‍ വീടിന്റെ രണ്ടാം നിലയിലെ ജനലില്‍ നിന്ന് താഴേക്ക് ചാടിയതായും വിവരമുണ്ട്.

ന്യൂസ് ഡെസ്‌ക്

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കാര്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് ഓടിച്ചു കയറ്റി നടത്തിയ ആകമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ തിരക്കുള്ള ഷോപ്പിംഗ് ഏരിയയില്‍ ആണ് സംഭവം നടന്നത്. 100 കിലോമീറ്റര്‍ സ്പീഡില്‍ എത്തിയ കാര്‍ മെല്‍ബണിലെ ഫ്‌ളിന്‍ഡേഴ്‌സ് സ്ട്രീറ്റ് സ്റ്റേഷന്‍ ഏരിയയില്‍ ആണ് കാല്‍നടക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ നിരവധി പേര്‍ വായുവില്‍ ഉയര്‍ന്നു ഫുട്പാത്തിലും റോഡിലുമായി വീണു. കാര്‍ ഇടയ്ക്ക് ബൊല്ലാര്‍ഡിലും ഇടിച്ചു. 19 ഓളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പലരുടെയും പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വെളുത്ത നിറമുള്ള സുസുക്കി സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ ആണ് ഷോപ്പിംഗ് ഏരിയയിലേയ്ക്ക് പാഞ്ഞു കയറിയത്.

ആക്രമണം ഉണ്ടായ ഉടന്‍ തന്നെ ഓസ്‌ട്രേലിയന്‍ പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തി. ഫയര്‍ഫോഴ്‌സും ആംബുലന്‍സ് സര്‍വീസുകളും അടിയന്തിരമായി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്കി ഹോസ്പിറ്റലുകളിലേയ്ക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ അടക്കം രണ്ടു പേരെ പോലീസ് സംഭവസ്ഥലത്ത് വച്ചു തന്നെ കസ്റ്റഡില്‍ എടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരില്‍ ഒരാള്‍ അഫ്ഗാനിസ്ഥാന്‍ വംശജനാണ്. മനപ്പൂര്‍വ്വം നടത്തിയ ആക്രമണമായിട്ടാണ് പോലീസ് സംഭവത്തെ കാണുന്നത്. പ്രകോപനകാരണം വ്യക്തമല്ല. ഭീകരാക്രമമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved