അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലെത്തിയ ട്രംപിനെ മാര്‍പാപ്പ ഹസ്തദാനത്തോടെ സ്വീകരിച്ചു. ഇരുപത് മിനിറ്റോളം ഇരുവരും സംസാരിച്ചു. പതിവുവിട്ട് മാര്‍പാപ്പയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കിയത്.
പ്രഥമവനിത മെലനിയയും മകള്‍ ഇവാന്‍കയും ട്രംപിനൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം ട്രംപ് കുടുംബവുമൊത്ത് സിസ്റ്റൈന്‍ ചാപ്പലും സെന്‍റ് പീറ്റേഴ്സ് ബസലിക്കയും സന്ദര്‍ശിച്ചു. സൗദി അറേബ്യയും ഇസ്രയേലും സന്ദര്‍ശിച്ച ശേഷമാണ് ട്രംപ് ഭാര്യ മെലനിയയ്ക്കൊപ്പം വത്തിക്കാനിലെത്തിയത്. വത്തിക്കാന്‍ സന്ദര്‍ശനത്തിനുശേഷം നേറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ട്രംപ് ബ്രസല്‍സിലേക്ക് പോകും
ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുകെയിലെ സുരക്ഷാ ഭീഷണി ഏറ്റവും മോശം അവസ്ഥയിലെന്ന് വിലയിരുത്തല്‍. തെരുവുകളില്‍ പോലീസിനെ സഹായിക്കാന്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്. 2007 ജൂലൈക്ക് ശേഷം ആദ്യമായാണ് സുരക്ഷാ പരിധി ക്രിട്ടിക്കല്‍ ആയി പ്രധാനമന്ത്രി ഉയര്‍ത്തുന്നത്. കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകലുടെ ഭാഗമായാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചതെന്നാണ് വിശദീകരണം. ചാവേറാക്രമണം നടത്തിയ അബേദിയുടെ പിന്നില്‍ ആരൊക്കെയുണ്ടെന്ന്ത് വ്യക്തമല്ലാത്തതിനാല്‍ ഇനിയും ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും തെരേസ മേയ് വ്യക്തമാക്കി.
കോബ്ര മീറ്റിങ്ങിനു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വലിയൊരു സംഘം ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതയിലേക്കാണ് പ്രാഥമികാന്വേഷണങ്ങള്‍ പറയുന്നതെന്നും അവര്‍ വിശദീകരിച്ചു. പ്രതിരോധ സെക്രട്ടറിയോട് പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് സൈന്യത്തെ നിയോഗിച്ചത്. ടെംപറര്‍ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷന്റെ ഭാഗമായാണ് ഈ സൈനിക വിന്യാസം. 5000 സൈനികരെ വിന്യസിക്കാനാണ് പദ്ധതി.
മാഞ്ചസ്റ്റര്‍ ആക്രമണം നടത്തിയ സല്‍മാന്‍ റമദാന്‍ അബേദിയുടെ പിന്നില്‍ ആരൊക്കെയുണ്ടെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോലീസും അന്വേഷണ ഏജന്‍സികളും. അമേരിക്കന്‍ മാധ്യമങ്ങള്‍ വിവരങ്ങള്‍ പുറത്തു വിട്ടതിനു ശേഷമാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിച്ചത്. ഇയാള്‍ ഉപയോഗിച്ച സ്‌ഫോടകവസ്തു സ്വയം നിര്‍മിച്ചതാണെന്നാണ് കരുതുന്നത്.
ലണ്ടന്‍: യുകെയില്‍ തൊഴില്‍ ചൂഷണത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനയെന്ന് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 63 ശതമാനം വര്‍ദ്ധന ഇക്കാര്യത്തില്‍ ഉണ്ടായെന്നാണ് കണക്ക്. 2016ല്‍ 1575 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അവയില്‍ 1107 പേര്‍ മുതിര്‍ന്നവരും 468 പേര്‍ കുട്ടികളുമായിരുന്നു. മനുഷ്യക്കടത്ത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച നാഷണല്‍ റഫറല്‍ മെക്കാനിസത്തിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ട സംഭവങ്ങളില്‍ 2015നെ അപേക്ഷിച്ച് 2016ല്‍ 33 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി.
നാഷണല്‍ ക്രൈം ഏജന്‍സി ഡേറ്റയുടെ വിശകലനമാണ് ഇത് വ്യക്തമാക്കുന്നത്. ഇരകളാണെന്ന് കണ്ടെത്തിയ നൂറ്കണക്കിന് ആളുകളെ അധികൃതര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ വീണ്ടും മനുഷ്യക്കടത്തുകാരുടെ വലയില്‍ വീഴാന്‍ ഏറ്റവും സാധ്യതയുള്ള ഘട്ടത്തിലാണെന്നും ക്രോള്‍ നടത്തിയ വിശകലനം വ്യക്തമാക്കുന്നു. ചൂഷകരില്‍ നിന്ന് രക്ഷപ്പെട്ട് വരുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ അഭയമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്‍ആര്‍എം നല്‍കും. എന്നാല്‍ കേസുകള്‍ തീര്‍പ്പാകുന്നതനുസരിച്ച് ഇരകള്‍ക്ക് ഇവിടെ നിന്ന് ഇറങ്ങേണ്ടി വരുന്നുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.
സര്‍ക്കാര്‍ ഫണ്ടുകളോ സഹായമോ ഇത്തരക്കാരുടെ സഹായത്തിനായി ലഭിക്കാത്തതിനാല്‍ തൊഴില്‍ ചൂഷണത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരയാകുന്നവര്‍ മദ്യത്തിന് അടിമകളാകുകയും ദാരിദ്ര്യത്തിലേക്ക് വീണു പോകുകയും വീണ്ടും ചൂഷണങ്ങള്‍ക്ക് ഇരയാകുകയും ചെയ്യുന്നുണ്ട്. ചൂഷണത്തിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്നതിനൊപ്പം സഹായം ലഭിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുകളും പുറത്തു വരുന്നുണ്ട്.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ അറീനയില്‍ നടന്ന സ്‌ഫോടനത്തിനു കാരണക്കാരനായ ചാവേറിനെ തിരിച്ചറിഞ്ഞു. ലിബിയന്‍ വംശജനായ സല്‍മാന്‍ റമദാന്‍ അബേദി എന്ന 22കാരനാണ് ചാവേര്‍. ഏറെക്കാലമായി സെക്യൂരിറ്റി ഏജന്‍സികളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ആക്രമണത്തിന് ഉത്തരവാദിയായ ഖാലിദ് മസൂദിനേപ്പോലെതന്നെ ദോഷകാരിയല്ലെന്ന് വിലയിരുത്തപ്പെട്ടയാളായിരുന്നു. ഇയാള്‍ ഒറ്റക്കാണോ ആക്രമണം നടത്തിയത്, അതോ മറ്റേതെങ്കിലും വിധത്തിലുള്ള സഹായം ഇയാള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയതിനു പിന്നാലെയാണ് ബ്രിട്ടന്‍ ഇയാളാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ടെങ്കിലും പോലീസ് അത് സ്ഥിരീകരിച്ചിട്ടില്ല. ഐസിസാണ് ആക്രമണം നടത്തിയതെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് വിശദീകരണം. അബേദിയുടെ പേര് സ്ഥിരീകരിക്കുന്നതിനു മുമ്പായി മാഞ്ചസ്റ്ററിലെ ലിബിയന്‍ സമൂഹം തങ്ങളിലൊരാള്‍ ചാവേറായെന്ന വിവരങ്ങളില്‍ അതിശയമാണ് പ്രകടിപ്പിച്ചത്.
ബ്രിട്ടനില്‍ ജനിച്ച അബേദിയാണ് ഇതിനു പിന്നിലെന്ന് ആര്‍ക്കും വിശ്വസിക്കാനായില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൗത്ത് മാഞ്ചസ്റ്ററിലെ അബേദിയുടെ വീട്ടില്‍ പോലീസ് തെരച്ചില്‍ നടത്തി. ഇയാളുടെ സഹോദരനായ ഇസ്മയില്‍ അബേദി കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചരിത്രവിജയങ്ങളായ ജയിംസ് ബോണ്ട് സിനിമകളിലെ നായകനായി വേഷമിട്ട സർ റോജർ മൂർ (89) അന്തരിച്ചു. കാൻസറിനു ചികിത്സയിലായിരുന്ന റോജർ മൂർ സ്വിറ്റ്സർലൻഡിലെ വസതിയിലാണ് മരിച്ചതെന്നു കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. മൊണോക്കയിലാകും സംസ്കാരചടങ്ങുകൾ എന്നാണു വിവരം.
യുകെയിലെ സ്‌റ്റോക്ക് വെല്ലിലാണു ജനനം. ഏഴുവട്ടം റോജർ മൂർ 007 ആയി. ബ്രിട്ടിഷ് സർക്കാർ അദ്ദേഹത്തെ സർ പദവി നൽകി ആദരിച്ചു. ‘‘ലിവ് ആൻഡ് ലെറ്റ് ഡൈ’’ (1973) ആണ് ആദ്യ ബോണ്ട് ചിത്രം. നാൽപത്തിയാറാം വയസ്സിലാണു ബോണ്ട് പരമ്പരയിലെ അരങ്ങേറ്റം. ഈ പടത്തിൽ 007 ആയി വേഷമിടാൻ ഷോൺ കോണറിക്ക് 55 ലക്ഷം ഡോളർ വാഗ്‌ദാനം ചെയ്‌തെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു. അദ്ദേഹമാണ് റോജർ മൂറിനെ ഈ വേഷത്തിലേക്കു നിർദേശിച്ചത്. റോജർ മൂറിന്റെ രണ്ടാമത്തെ ബോണ്ട് ചിത്രം ‘‘ദ് മാൻ വിത്ത് ഗോൾഡൻ ഗൺ’ 1974ൽ പുറത്തിറങ്ങി. ഏറ്റവും കലൿഷൻ കുറഞ്ഞ ബോണ്ട് ചിത്രങ്ങളിലൊന്നാണിത്.
1977ൽ റിലീസ് ചെയ്ത ‘‘ദ് സ്‌പൈ ഹൂ ലവ്‌ഡ് മീ’’ക്കു മൂന്ന് ഓസ്‌കർ നാമനിർദേശങ്ങൾ ലഭിച്ചു. കലാസംവിധാനം, ഗാനം, സംഗീതം എന്നിവയ്ക്കായിരുന്നു ഓസ്കാർ നോമിനേഷൻ. ‘‘മൂൺ റേക്കർ’’ (1979), ‘‘ഫോർ യുവർ ഐസ് ഒൺലി’ ’ (1981), ‘‘ഒക്‌ടോപസി’’ (1983), ‘‘എ വ്യൂ ടു എ കിൽ’’ (1985) എന്നിവയാണ് റോജർ മൂറിന്റെ മറ്റുചിത്രങ്ങൾ.
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി. പ്രധാനമന്ത്രി തെരേസ മേയ് സ്‌ഫോടനത്തില്‍ മരിച്ച 19 പേരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. മറ്റു രാഷ്ട്രീയ നേതാക്കളും അനുശോചനം അറിയിച്ചിട്ടുണ്ട്. ഭീകരാക്രമണമാണെന്ന സംശയമാണ് പോലീസ് ഉന്നയിക്കുന്നതെന്നും എന്തൊക്കെയാണ് സംഭവിച്ചതെന്ന് വ്യക്തമായ ചിത്രം തയ്യാറാക്കി വരികയാണെന്നും മേയ് അറിയിച്ചു. സര്‍ക്കാര്‍ കോബ്ര മീറ്റിംഗ് ഇന്ന് ചേരും. എല്ലാത്തരത്തിലുമുള്ള തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി പ്രചാരണപരിപാടികള്‍ റദ്ദാക്കിയതായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും സ്ഥിരീകരിച്ചു. സംഭവത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമൊപ്പമാണ് തന്റെ മനസ് എന്നായിരുന്നു ഹോം സെക്രട്ടറി ആംബര്‍ റൂഡ് പ്രതികരിച്ചത്. സംഭവത്തിന്റെ പൂര്‍ണ്ണ വിശദാംശങ്ങള്‍ ലഭിച്ചു വരുന്നതേയുള്ളു. അവസരോചിതമായി പ്രവര്‍ത്തിച്ച പോലീസും മറ്റുള്ളവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നതായും ആംബര്‍ റൂഡ് പറഞ്ഞു.
ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ടിം ഫാരണ്‍ തന്റെ ജിബ്രാള്‍ട്ടര്‍ സന്ദര്‍ശനം മാറ്റിവെച്ചതായി അറിയിച്ചു. സംഗീത പരിപാടി ആസ്വദിക്കുകയായിരുന്ന കുട്ടികളെയും ചെറുപ്പക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ അതിഭീകരം എന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചത്. ഒട്ടേറെ മറ്റ് നേതാക്കളും സംഭവത്തില്‍ തങ്ങളുടെ ദുഃഖവും പ്രതികരണങ്ങളും അറിയിച്ചു.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്‌ഫോടനം ചാവേര്‍ ആക്രമണമാകാനിടയുണ്ടെന്ന് അമേരിക്ക. സംഭവം വിശകലനം ചെയ്ത അമേരിക്കന്‍ അധികൃതരാണ് ചാവേര്‍ ആക്രമണത്തിന്റെ സാധ്യതയുണ്ടെന്ന് അറിയിച്ചത്. അമേരിക്കന്‍ പോപ് താരമായ അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കു ശേഷമാണ് സ്‌ഫോടനമുണ്ടായത്. ഭീകരാക്രമണമാണ് ഇതെന്ന് പോലീസും സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്തു നിന്ന് സംശയകരമായ ഒരു ബാഗ് കണ്ടെത്തിയിരുന്നു. പിന്നീട് ഇത് നിയന്ത്രിത സ്‌ഫോടനം നടത്താന്‍ ശ്രമിച്ചെങ്കിലും സ്‌ഫോടകവസ്തുക്കള്‍ ഇല്ലെന്ന് പിന്നീട് കണ്ടെത്തി.
സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. പോലീസ് ഇത് ഭീകരാക്രമണമായാണ് കണക്കാക്കുന്നതെന്നും അവര്‍ പറഞ്ഞു. 2005 ജൂലൈയില്‍ ലണ്ടനില്‍ നടന്ന ഭീകരാക്രമണമാണ് ഇതിനു മുമ്പ് ബ്രിട്ടനില്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള വലിയ ഭീകരാക്രമണം. ഈ സംഭവം സ്ഥിരീകരിക്കപ്പെട്ടാല്‍ രണ്ടാമത്തെ ഏറ്റവും വലിയ ആക്രമണമായി പരിഗണിക്കപ്പെടും. ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തില്‍ നാല് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അന്ന് 52 പേരാണ് കൊല്ലപ്പെട്ടത്.
ചാവേര്‍ ആക്രമണമാകാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ വിദഗ്ദ്ധര്‍ മാഞ്ചസ്റ്റര്‍ പോലീസിനെ അറിയിച്ചതായി റോയിട്ടേഴ്‌സ് ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 21,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അറീനയിലായിരുന്നു സംഗീതപരിപാടി നടന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ അറീനയാണ് മാഞ്ചസ്റ്റര്‍ അറീന. 1995ല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച ഇവിടെ ഒട്ടേറെ സംഗീതപരിപാടികള്‍ അരങ്ങേറിയിട്ടുണ്ട്.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിനെ നടുക്കിയ സ്‌ഫോടനം ഭീകരാക്രമണമെന്ന് സംശയം. 7/7 സംഭവത്തിനു ശേഷം ബ്രിട്ടനില്‍ നടക്കുന്ന ഏറ്റവും വലിയ സ്‌ഫോടനമാണ് ഇത്. 19 പേര്‍ മരിച്ചതായി സ്ഥിരീകരിക്കപ്പെട്ട സ്‌ഫോടനത്തില്‍ 59 പേര്‍ക്ക് പരിക്കേറ്റു. അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടി അവസാനിച്ചപ്പോളാണ് സ്‌ഫോടനമുണ്ടായത്. ഒട്ടേറെ കുട്ടികളും കൗമാരക്കാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന ആശങ്കകളും ഉയരുന്നുണ്ട്.
ഇന്നലെ രാത്രി 10.30ന് ഉണ്ടായ സ്‌ഫോടത്തിനു ശേഷം ആയിരങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് വീഡിയോ ഫുട്ടേജുകളില്‍ ദൃശ്യമാണ്. അരിയാന പരിപാടി കഴിഞ്ഞ് സ്‌റ്റേജില്‍ നിന്ന് ഇറങ്ങിയതിനു ശേഷമാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനശബ്ദം ഓഡിറ്റോറിയത്തിനു പുറത്ത് കേള്‍ക്കാമായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. തോക്കില്‍ നിന്ന് വെടി പൊട്ടിയതാണോ അതോ പരിപാടിക്കായി സജ്ജമാക്കിയ സ്പീക്കര്‍ പൊട്ടിത്തെറിച്ചതാണോ എന്ന സംശയം സോഷ്യല്‍ മീഡിയ ഉയര്‍ത്തിയെങ്കിലും സ്‌ഫോടനമാണ് നടന്നതെന്ന് പോലീസ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
സ്‌ഫോടനം ആസൂത്രിതമായാണ് നടത്തിയതെന്ന സംശയമാണ് പോലീസിന് ഉള്ളത്. അതുകൊണ്ടുതന്നെ ഇത് ഭീകരാക്രമണമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എത്ര പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു എന്ന കാര്യം വ്യക്തമല്ല. പക്ഷേ അമേരിക്കന്‍ പോപ് താരത്തിന്റെ ആരാധകരായ കുട്ടികളും കൗമാരക്കാരായ പെണ്‍കുട്ടികളും ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീതപരിപാടിക്കിടെ വന്‍ സ്‌ഫോടനം. ആയിരക്കണക്കിനുപേരുണ്ടായിരുന്ന വേദിയിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് സംഭവം.
അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെയാണ് സ്‌ഫോടനമുണ്ടാകുന്നത്. ഭീകരാക്രമണമെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. രണ്ടുതവണ സ്‌ഫോടനശബ്ദം കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിക്ടോറിയ സ്‌റ്റേഷന്‍ അടച്ചു.
സ്വന്തം ലേഖകന്‍
ലെസ്റ്റര്‍ : മലയാളം യുകെയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് ലെസ്റ്ററില്‍ നടന്ന എക്സല്‍ അവാര്‍ഡ് നൈറ്റ് യുകെ മലയാളികള്‍ക്ക് വ്യത്യസ്തമായ അനുഭവമായി മാറി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലെസ്റ്റര്‍ മെഹര്‍ സെന്ററിലേക്ക് ഒഴുകിയെത്തിയ രണ്ടായിരത്തോളം വരുന്ന യുകെ മലയാളികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്ന സംഘാടകര്‍ സമയക്ലിപ്തത കൃത്യമായി പാലിക്കുന്നതിലും കണിശത പാലിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് മാത്രം പുരസ്കാരങ്ങള്‍ നല്‍കിയപ്പോഴും ഏറ്റവും മികച്ച കലാരൂപങ്ങള്‍ സ്റ്റേജിലെത്തിച്ച് ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് അനുവാചകരെ എത്തിക്കുന്നതിലും അവാര്‍ഡ് നൈറ്റ് വേദി മാതൃകയായി.
യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച മലയാളി ബിസിനസ് സംരംഭകനുള്ള ആദ്യ മലയാളം യുകെ എക്സല്‍ അവാര്‍ഡിന് അര്‍ഹനായത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ്സിന്റെ സ്ഥാപകനും, മാനേജിംഗ് ഡയറക്ടറും, ഇന്റര്‍നാഷണല്‍ അറ്റോര്‍ണിയും ആയ അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ആയിരുന്നു.
കോട്ടയം ജില്ലയിലെ പാലായില്‍ നിന്ന് ഒരു അദ്ധ്യാപന്റെ മകനായി ജീവിതം ആരംഭിച്ച്, ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ബിസ്സിനസ് സംരംഭങ്ങളില്‍ ഒന്നായ ബീ ഗ്രൂപ്പ് ഒാഫ് കമ്പനീസ്സിന്റെ അമരക്കാരനായി മാറിയ സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ കഠിനാദ്ധ്വാനത്തിനുള്ള അംഗീകാരമായിരുന്നു മലയാളം യുകെ എക്സല്‍ അവാര്‍ഡ്. ലീഗല്‍ കണ്‍സ്സള്‍ട്ടന്‍സി ആന്‍റ് റെപ്രെസെന്റെഷനില്‍ തുടങ്ങി, ക്രിപ്റ്റോ കറന്‍സി, ക്യാഷ് ബാക്ക് ലോയല്‍റ്റി പ്ലാറ്റ്ഫോം, ബ്ലോക്ക് ചെയിന്‍ സര്‍വീസ്സസ്, ഡിജിറ്റല്‍ അസ്സെറ്റ്‌സ്, ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ്, ഈ മണി, ഫൂച്ചര്‍ ബാങ്കിംഗ് തുടങ്ങി ഇന്ന് വ്യത്യസ്തങ്ങളായ വിവിധ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നു ബീ ഗ്രൂപ്പിന്റെ സ്വാധീന ശക്തി.
യുകെയില്‍ ആദ്യമായി ഇറ്റീരിയം ബേസ്ട് ക്രിപ്റ്റോ കറന്‍സി ലോഞ്ച് ചെയ്തത് ബീ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ്. യുകെ മലയാളികള്‍ക്കിടയില്‍ ഗ്രീന്‍ ഓള്‍ട്ടെര്‍നേറ്റിംഗ് ബാങ്കിംഗ് സര്‍വീസ്സസ് തുടങ്ങിയ ഏക മലയാളിയാണ് അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവല്‍.
യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്താംപ്ടണ്‍ , ഓക്‌സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ പ്രാക്റ്റീസ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ ലീഗല്‍ ആന്‍റ് ബിസ്സിനസ്സ് സ്റ്റഡീസ്സില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനുശേഷം ഹൈകോര്‍ട്ട് ഓഫ് കേരള, സീനിയര്‍ കോര്‍ട്ട് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് എന്നിവിടങ്ങളില്‍ നിയമ ഉപദേശകനായും, കമ്മീഷണര്‍ ഓഫ് ഓത്ത് ആയും പ്രവര്‍ത്തിച്ചു വരുന്നു.
യുകെയിലും മറ്റു രാജ്യങ്ങളിലുമായി പതിനായിരത്തിലധികം ജോലി സാധ്യതകള്‍ നേരിട്ടും, അതിലധികം ജോലി സാധ്യതകള്‍ വിതരണ ശൃംഖല വഴിയും സൃഷ്ടിക്കുവാനും അഡ്വ. സുഭാഷ് ജോര്‍ജ്ജ് മാനുവലിന്റെ ബീ ഗ്രൂപ്പ് ഓഫ് കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഓരോ ലക്ഷ്യവും പൂര്‍ത്തീകരിക്കുമ്പോഴും, പുതിയ ബിസ്സിനസ് തീരങ്ങള്‍ തേടിയുള്ള യാത്രയും, അതിലേക്ക് എത്തിച്ചേരുവാന്‍ അദ്ദേഹം പിന്തുടരുന്ന രീതികളും, കൂടെയുള്ളവരെ പ്രചോദിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളുമെല്ലാം, വ്യത്യസ്തവും അനുകരണനാര്‍ഹവുമാണ്.
അഡ്വ. സുഭാഷ മാനുവലിന് മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് പ്രശസ്ത സംവിധായകന്‍ വൈശാഖ് ആണ്. ഭാര്യ ഡെന്നുവിനും മകള്‍ക്കുമൊപ്പം നോര്‍ത്താംപ്ടനില്‍ ആണ് സുഭാഷ് താമസിക്കുന്നത്.
പ്രവാസ ജീവിതത്തിന്‍റെ ഭാഗമായി യുകെയിലെത്തിയ മലയാളികള്‍ ഏറ്റവുമധികം മിസ്സ് ചെയ്ത ഒരു കാര്യം മലയാളത്തിലുള്ള റേഡിയോ പ്രോഗ്രാമുകളാണ്. ആകാശവാണിയുടെ സ്ഥിരം ശ്രോതാക്കള്‍ ആയിരുന്ന മലയാളികള്‍ക്ക് യുകെയിലെത്തിയപ്പോള്‍ മലയാളം റേഡിയോ പ്രോഗ്രാമുകള്‍ ഒന്നും കേള്‍ക്കാന്‍ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. നാട്ടില്‍ മലയാളം റേഡിയോ ചാനലുകള്‍ നിരവധി പൊട്ടി മുളച്ചപ്പോഴും യുകെ മലയാളികള്‍ക്ക് വേണ്ടി ഒരു റേഡിയോ ചാനല്‍ അപ്പോഴും അകലെ തന്നെ ആയിരുന്നു.
ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടയത് ജെറിഷ് കുര്യന്‍റെ നേതൃത്വത്തില്‍ ലണ്ടന്‍ മലയാളം റേഡിയോ ആരംഭിച്ചതോട് കൂടിയാണ്. മലയാള ചലച്ചിത്ര ഗാനങ്ങളും, വിജ്ഞാന വിനോദ പരിപാടികളും, വാര്‍ത്താ സംപ്രേഷണവും ഒക്കെയായി ലണ്ടന്‍ മലയാളം റേഡിയോ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയത് വളരെ പെട്ടെന്നായിരുന്നു. ഇന്നിപ്പോള്‍ വിശ്രമ വേളകളിലും യാത്രാ സമയങ്ങളിലും ഒക്കെ ലണ്ടന്‍ മലയാളം റേഡിയോയിലെ കര്‍ണ്ണാനന്ദകരമായ പരിപാടികള്‍ ശ്രവിക്കാത്ത ഒരു യുകെ മലയാളിയും ഇല്ല എന്ന് തന്നെ പറയാം.
ജെറിഷ് കുര്യനുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡ് സമ്മാനിച്ചത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആണ്. യുകെയില്‍ ലെസ്റ്ററില്‍ താമസിക്കുന്ന ജെറിയുടെ ഭാര്യ ആശ ജെറിഷ്. മക്കള്‍ ആഗ്നല്‍ ജെറിഷ്, ഓസ്റ്റിന്‍ ജെറിഷ്.
Also read :