ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ചില സ്ഥലങ്ങളിൽ താപനില -18 °C നു താഴെയായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വടക്കൻ സ്കോട്ട് ലൻഡിലെ ഒരു ഗ്രാമത്തിലാണ് താപനില -18.9 °C ആയി രേഖപ്പെടുത്തിയത്. കഴിഞ്ഞ 15 വർഷത്തിനു ശേഷമുള്ള യുകെയിലെ ഏറ്റവും തണുപ്പുള്ള രാത്രിയായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ചത്തേത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഹൈലാൻഡ്‌സിലെ ആൾട്ട്‌നഹാരയിൽ ആണ് ശനിയാഴ്ച രാവിലെ -18 °C താഴെ താപനില രേഖപ്പെടുത്തിയത്. 2010 – ന് ശേഷമുള്ള ഏറ്റവും തണുപ്പുള്ള രാത്രിയായിരുന്നു ഇത്. താപനില – 19 °C താഴെയെത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് കാലാവസ്ഥ പ്രവചനത്തിൽ പറയുന്നത്. ഇന്നലെ യുകെയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില പൂജ്യത്തിന് താഴെയായിരുന്നു. അതി ശൈത്യ കാലാവസ്ഥ തുടരുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി കനത്ത ആരോഗ്യ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും ശൈത്യ കാലാവസ്ഥ തുടരുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- വടക്കൻ ഇംഗ്ലണ്ടിൽ യുവ കുറ്റവാളികളെ തടവിലാക്കിയിരിക്കുന്ന സ്ഥാപനത്തിലെ കുട്ടികളിൽ നിന്ന് ഒരു വർഷത്തിനിടെ ഏകദേശം 900 ആയുധങ്ങൾ പിടിച്ചെടുത്തതായി ജയിൽ നിരീക്ഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്. വെസ്റ്റ് യോർക്ക്ഷെയറിലെ വെതർബിയിലുള്ള എച്ച് എം യങ് ഒഫണ്ടേസ് ഇൻസ്റ്റിറ്റ്യൂഷനുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് കുട്ടികളുടെ കൈവശം നിരവധി ആയുധങ്ങൾ ഉണ്ടെന്ന് സ്ഥാപനത്തിൻ്റെ സ്വതന്ത്ര നിരീക്ഷണ ബോർഡ് കണ്ടെത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്. അഴികൾക്ക് പിന്നിൽ തങ്ങൾ സുരക്ഷിതരല്ലെന്ന് തോന്നിയതിനാൽ ആണ് ആയുധങ്ങൾ കൈവശം വെച്ചതെന്ന് കുട്ടികൾ ഐ എം ബിയോട് വ്യക്തമാക്കിയിട്ടുണ്ട്. ആശങ്ക ഉണർത്തുന്ന റിപ്പോർട്ട് ആണ് പുറത്തു വന്നിരിക്കുന്നതെന്ന് മോണിറ്ററിംഗ് ബോർഡിൻ്റെ ചെയർ കാതറിൻ പോർട്ടർ പറഞ്ഞു. ചിലർ സ്വന്തം സംരക്ഷണത്തിനായി ആയുധങ്ങൾ കൈവശം വയ്ക്കുമ്പോൾ, മറ്റു ചിലർക്ക് അക്രമം ഒരു ജീവിത രീതിയായി തന്നെ മാറിയെന്ന് പോർട്ടർ വ്യക്തമാക്കി. 2023 സെപ്റ്റംബറിനും 2024 ഓഗസ്റ്റിനും ഇടയിൽ 15-18 വയസ് പ്രായമുള്ള കുട്ടികളിൽ നിന്നാണ് ഈ ആയുധങ്ങളത്രെയും പിടിച്ചെടുത്തത്.

യോർക്ക്ഷെയറിലെ ഈ ജയിലിൽ കൊലപാതകം, നരഹത്യ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് റിമാൻഡ് ചെയ്യപ്പെട്ടവരും, ശിക്ഷ വിധിക്കപ്പെട്ടവരും ഉൾപ്പെടുന്നുണ്ട്. ഇതിൽ 38 കുട്ടികൾ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ വിധിക്കപ്പെട്ടവരാണ്. ഇവിടെ ഗുരുതരമായ അക്രമ സംഭവങ്ങൾ അരങ്ങേറുന്നുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഐഫോൺ ഉപയോക്താക്കൾ ആണോ നിങ്ങൾ എന്നാൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. നിങ്ങളുടെ ഡേറ്റ മൂന്നാം കക്ഷി ആപ്പുകൾക്കും വെബ്‌സൈറ്റുകൾക്കും ആക്‌സസ് ചെയ്യാൻ സാധിക്കുന്ന രണ്ട് സെറ്റിങ്ങുകൾ ഇപ്പോൾ സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നുണ്ട്. ഈ സെറ്റിങ്ങുകൾ മൂന്നാം കക്ഷികൾക്ക് നിങ്ങളിലേക്ക് പരസ്യങ്ങൾ ടാർഗെറ്റുചെയ്യാനും മറ്റും സഹായിക്കുന്ന ഡേറ്റ പങ്കിടാൻ ഐഫോണിനെ അനുവദിക്കുന്നു. നിങ്ങളുടെ ഡേറ്റ എല്ലായ്പ്പോഴും സ്വകാര്യമായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഈ ഓപ്ഷനുകൾ എപ്പോഴും ഓഫ് ചെയ്‌ത് ഇടുവാൻ ദി അൾട്ടിമേറ്റ് പ്രൈവസി പ്ലേബുക്കിൻ്റെ രചയിതാവ് ചിപ്പ് ഹാലെറ്റ് പറയുന്നു.

ഇവ പ്രവർത്തന രഹിതമാക്കാൻ ആദ്യം സെറ്റിങ്‌സ് തുറക്കുക. തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്‌ത് ‘സഫാരി’ ടാപ്പ് ചെയ്യുക. തുടർന്ന് ‘അഡ്വാൻസ്‌ഡ്’ എന്ന് പറയുന്ന സ്‌ക്രീനിൻ്റെ അടിയിലേക്ക് സ്‌ക്രോൾ ചെയ്യുക. ഈ ടാബിൽ ടാപ്പ് ചെയ്യുക, ഇവിടെ ‘പ്രൈവസി പ്രീസെർവിങ് ആഡ് മെഷർമെൻറ്’ എന്നതിന് അടുത്തായി ഒരു ടോഗിൾ ഓൺ/ഓഫ് ബട്ടൺ കാണും. ഇവ പ്രവർത്തന രഹിതമാക്കുമ്പോൾ നിങ്ങൾ ഏത് പരസ്യങ്ങളാണ് കാണുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സഫാരി വെബ്‌സൈറ്റുകൾക്ക് അയയ്‌ക്കും.

ഇത്തരത്തിൽ അയക്കുന്ന വിവരങ്ങളിൽ വ്യക്തിഗത വിവരങ്ങളൊന്നും അടങ്ങിയിട്ടില്ല എന്നും സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ആപ്പിൾ അവകാശപ്പെടുന്നുണ്ടെങ്കിലും നിങ്ങളുടെ വിവരങ്ങളൊന്നും മൂന്നാം കക്ഷി വെബ്‌സൈറ്റുകളിലേക്ക് പോകരുത് എന്നുണ്ടെങ്കിൽ ഈ ക്രമീകരണങ്ങൾ എല്ലാം പ്രവർത്തനരഹിതമാക്കേണ്ടതുണ്ട്. മെയിൻ സെറ്റിങ്‌സ് മെനുവിൽ ഡാറ്റ ആൻഡ് പ്രൈവസി എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുമ്പോൾ ‘ട്രാക്കിംഗ്’ എന്ന ഓപ്ഷൻ കാണാം ഇതിൽ ടാപ്പുചെയ്യുക. ഈ സ്‌ക്രീനിൻെറ മുകളിൽ ‘അലൗവ് അപ്പ്സ് ടു റിക്വസ്റ്റ് ടു ട്രാക്ക്’ എന്ന ഓപ്ഷൻ കാണാം. ഇതിൻെറ അടുത്തായി ഓൺ/ഓഫ് ബട്ടൺ കാണാം. ഇത് എപ്പോഴും ഓഫ് ചെയ്യാൻ ശ്രദ്ധിക്കുക.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായിട്ടും വേണ്ടത്ര ജീവനക്കാരെ നിയമിക്കുന്നില്ലെന്ന ഗുരുതരമായ വിവരങ്ങൾ പുറത്തുവന്നു. എൻഎച്ച്എസ് ക്യാൻസർ ചികിത്സാ കേന്ദ്രങ്ങളിലും ഡയഗണൈസ് സെൻററുകളിലും നിയമനങ്ങൾ മരവിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ക്യാൻസർ പരിചരണ ആശുപത്രികളിലും ഡയഗനൈസിംഗ് സെൻററുകളിലും റിക്രൂട്ട്മെൻറ് മരവിപ്പിക്കുന്നത് എൻഎച്ച്എസ് കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള കെയർ സ്റ്റാർമർ സർക്കാരിൻറെ നീക്കങ്ങളെ ദുർബലപ്പെടുത്തുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി .

യുകെയിൽ ഉടനീളം 42 എൻഎച്ച്എസ് ട്രസ്റ്റുകളോ ആരോഗ്യ ബോർഡുകളോ അത് 2024 – ൽ അധിക ജീവനക്കാരെ നിയമിക്കുമെന്ന് അവരുടെ കീഴിലുള്ള ക്യാൻസർ സെൻററുകളും ഡയഗനൈസിങ് യൂണിറ്റുകളോടും പറഞ്ഞതായുള്ള വിവരങ്ങളാണ് വിവാദം ആയിരിക്കുന്നത്. എൻഎച്ച്എസിലെ സാമ്പത്തിക പ്രശ്നം ആണ് ഈ നീക്കത്തിന് പിന്നിലെന്നാണ് കരുതുന്നത്. റോയൽ കോളേജ് ഓഫ് റേഡിയോളജിസ്റ്റുകൾ (RCR) നടത്തിയ ഗവേഷണത്തിലാണ് ഇത് കണ്ടെത്തിയത് .എൻഎച്ച്എസിലെ സാമ്പത്തിക പ്രശ്‌നങ്ങളാണ് വിവാദപരമായ എൻഎച്ച് എസ് മേലധികാരികളുടെ നീക്കങ്ങൾക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .

ക്യാൻസർ, ഡയഗ്നോസ്റ്റിക് വകുപ്പുകൾ നിയമന മരവിപ്പ് നടത്തുന്നത് അസാധാരണമായ വിധം ദീർഘവീക്ഷണമില്ലാത്ത തീരുമാനമാണെന്ന് ആർസിആറിൻ്റെ പ്രസിഡൻറ് ഡോ. കാതറിൻ ഹാലിഡേ പറഞ്ഞു. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതു കൊണ്ടുള്ള അമിതമായ ജോലിഭാരങ്ങൾ നിലവിൽ ക്യാൻസർ ചികിത്സയോട് അനുബന്ധിച്ചുള്ള വിഭാഗങ്ങളിൽ കടുത്ത രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. ആശുപത്രി പരിചരണം ആവശ്യമുള്ള ഗുരുതര രോഗമുള്ളവർക്ക് 2029 ഓടെ 18 ആഴ്ചയ്ക്കുള്ളിൽ ആശുപത്രി പരിചരണം ലഭിക്കുമെന്ന് കഴിഞ്ഞ തിങ്കളാഴ്ച പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞിരുന്നു. എന്നാൽ ക്യാൻസർ രോഗം പോലെയുള്ള അതി ഗുരുതരമായ രോഗങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങൾക്ക് ആവശ്യമുള്ള ജീവനക്കാരെ നൽകാത്തത് പ്രധാനമന്ത്രിയുടെ ലക്ഷ്യം കൈവരിക്കാൻ ഒരിക്കലും സാധിക്കില്ലെന്ന് ഡോ. കാതറിൻ ഹാലിഡേ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ സമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിനിടയിലും ചാൻസലർ റേച്ചൽ റീവ്‌സിൻ്റെ ചൈനാ യാത്രയെ സംബന്ധിച്ചുള്ള വിവാദങ്ങൾ ഉയർന്ന് വരുന്ന സാഹചര്യത്തിൽ ചാൻസലറിൻെറ തീരുമാനത്തെ പിന്തുണച്ച് കൾച്ചറൽ സെക്രട്ടറി ലിസ നാന്റി. വ്യാപാരത്തിനും സാമ്പത്തിക വളർച്ചയ്ക്കും ചൈനയുമായുള്ള യുകെയുടെ ബന്ധത്തിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ലിസ നാന്റി യാത്രയെ പിന്തുണച്ചു. ആഭ്യന്തര നയ പരാജയങ്ങളേക്കാൾ ആഗോള സാമ്പത്തിക പ്രവണതകളാണ് കടം വാങ്ങാനുള്ള ചെലവ് വർധിക്കാൻ കാരണമെന്ന് അവർ പറഞ്ഞു. സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുന്നതിനുള്ള നടപടികളും വളർച്ചയ്ക്കുള്ള ദീർഘകാല തന്ത്രങ്ങളും ഉയർത്തിക്കാട്ടികൊണ്ട് മന്ത്രി സർക്കാരിൻ്റെ സമീപനത്തിലുള്ള തൻെറ ആത്മവിശ്വാസം പങ്കുവച്ചു.

പൗണ്ടിൻെറ വില കുറഞ്ഞ് വരുന്നത് യുകെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. ഇത് രാജ്യത്തെ ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയ പൊതു സേവനങ്ങളെ ബാധിക്കാനിടയുണ്ട്. നിലവിൽ, അടിയന്തര വിപണി ഇടപെടലിൻ്റെ ആവശ്യകത യുകെ ഗവൺമെൻ്റ് തള്ളിക്കളഞ്ഞിരിക്കുകയാണ്. ആഗോളതലത്തിൽ, നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദ്ദിഷ്ട വ്യാപാര താരിഫുകൾ മൂലമുണ്ടാകുന്ന പണപെരുപ്പത്തെ കുറിച്ചുള്ള ആശങ്കകളാണ് വർദ്ധിച്ചുവരുന്ന കടമെടുപ്പ് ചെലവുകൾക്ക് ആക്കം കൂട്ടുന്നത്.

“ഗിൽറ്റ്സ്” എന്നറിയപ്പെടുന്ന യുകെ ഗവൺമെൻ്റ് ബോണ്ടുകൾ കുറഞ്ഞ അപകടസാധ്യതയുള്ള നിക്ഷേപമായി കണക്കാക്കപ്പെടുന്നവയാണ്. ഇവ പ്രധാനമായും സർക്കാർ വായ്പയെടുക്കാൻ പെൻഷൻ ഫണ്ട് പോലുള്ള സ്ഥാപനങ്ങളാണ് വാങ്ങുന്നത്. ഗവൺമെൻ്റ് ബോണ്ടുകളുടെ പലിശനിരക്കുകൾ അല്ലെങ്കിൽ ആദായങ്ങൾ ഓഗസ്റ്റ് മുതൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയിൽ ആണ് ജോലി ചെയ്യുന്നത്. അതിൽ തന്നെ ഭൂരിപക്ഷവും നേഴ്സിംഗ് മേഖലയിൽ ആണ് പ്രവർത്തിക്കുന്നത്. പല ഹോസ്പിറ്റലുകളിലും മലയാളി നേഴ്സുമാർ പരസ്പരം പാര വെക്കുന്നത് പലർക്കും കടുത്ത ദുരിതം സമ്മാനിക്കുന്നത് നേരത്തെയും വാർത്തയായിരുന്നു. ജോലിസ്ഥലത്ത് പ്രവർത്തിക്കുമ്പോൾ സംസാരത്തിൽ മിതത്വവും പ്രൊഫഷണലിസവും കാണിച്ചില്ലെങ്കിൽ നമ്മളുടെ അടുത്ത സുഹൃത്തുക്കൾ എന്ന് കരുതുന്നവർ പോലും പാര വെക്കും എന്നതാണ് പലരും പങ്കുവയ്ക്കുന്ന ദുഃഖസത്യം.
എൻഎച്ച്എസ് നോർത്ത് കംബ്രിയ ഇന്റഗ്രേറ്റഡ് കെയർ ട്രസ്റ്റിൽ ജോലി ചെയ്തിരുന്ന നിമ്മി ജോർജെന്ന മലയാളി നേഴ്സിന്‍റെ സസ്പെൻഷനിലേയ്ക്ക് നയിച്ചത് മേൽപ്പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. തെറ്റായ പെരുമാറ്റം, കഴിവില്ലായ്മ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നിമ്മി ജോർജിനെ 18 മാസത്തേയ്ക്കാണ് സസ്പെൻഡ് ചെയ്തത്. വളരെ സ്വകാര്യമായി അവർ പറഞ്ഞ കാര്യങ്ങൾ പോലും അധികാരികളിൽ എത്തിയതിന്റെ നേർ സാക്ഷ്യം ആണ് ഈ സംഭവം. യുകെയിൽ ഒരാളെ കൊന്നാലും എനിക്ക് ഇന്ത്യയിൽ ജോലി ചെയ്ത് ജീവിക്കാൻ പറ്റും, ഒരാൾ മരിച്ചപ്പോൾ ഉച്ചത്തിൽ അത് വിളിച്ചു പറഞ്ഞത് തുടങ്ങിയ നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. സ്വകാര്യമായി പറഞ്ഞ പലകാര്യങ്ങളും ഉന്നതാധികാരികളുടെ അടുത്ത എത്തിയതിന് പിന്നിൽ കൂട്ടത്തിൽ ജോലി ചെയ്തിരുന്ന മലയാളി നഴ്സുമാർ തന്നെയായിരിക്കും എന്നതാണ് പലരും പങ്കുവെയ്ക്കുന്നത് .
നിമ്മി ജോർജിനെതിരെ 95 ഓളം അനുചിതമായ പെരുമാറ്റങ്ങൾ ആണ് അധികാരികൾ ചൂണ്ടി കാണിച്ചത്. ആദ്യം നിമ്മിയെ 12 മാസത്തേയ്ക്ക് താത്കാലികമായി മെഡിക്കൽ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും തുടർന്ന് 18 മാസത്തേയ്ക്ക് ഇടക്കാല സസ്പെൻഷൻ നൽകുകയും ആയിരുന്നു. 2021 ഡിസംബർ 20 ന് സൂപ്പർ ന്യൂമററി നഴ്‌സായി നോർത്ത് കംബ്രിയ ഇന്റഗ്രേറ്റഡ് കെയർ (എൻസിഐസി) ട്രസ്റ്റിൽ ജോലി ചെയ്യാൻ തുടങ്ങിയ നിമ്മി ജോർജ്ജ്, അവരുടെ ക്ലിനിക്കൽ കഴിവുകൾ, പെരുമാറ്റം, മനോഭാവം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ നേരിട്ടു. അവരുടെ ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം, ജോലിസ്ഥലത്ത് അല്ലാതിരുന്നപ്പോഴും എൻഎച്ച്എസ് യൂണിഫോം ഉപയോഗിച്ചത് എന്നീ കാര്യങ്ങൾ ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനുള്ളിൽ മേലുദ്യോഗസ്ഥർ ചൂണ്ടി കാണിച്ചുവെന്ന് റിപ്പോർട്ടിലുണ്ട്. രോഗികളുടെ ഐഡന്റിറ്റി പരിശോധിക്കൽ, അലർജികൾ ഉണ്ടോയെന്ന് പരിശോധിക്കൽ, മരുന്ന് നൽകുന്നതിനുമുമ്പ് മരുന്നുകളുടെ കാലഹരണ തീയതികൾ സ്ഥിരീകരിക്കൽ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന മരുന്നുകളുടെ സുരക്ഷാ പരിശോധനകൾ പാലിക്കുന്നതിൽ അവർ ആവർത്തിച്ച് പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട് .
കടുത്ത ജാഗ്രത പാലിച്ചില്ലെങ്കിൽ നമ്മുടെ ചെറിയ പിഴവുകൾ പോലും കടുത്ത നടപടികളിലേയ്ക്ക് നയിക്കും എന്നതാണ് ഈ സംഭവം നൽകുന്ന മുന്നറിയിപ്പ് . യുകെയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത് ഒരു അനുഭവ പാഠമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പൊതുവെ ആരോഗ്യ മേഖലയിലെ മലയാളി നേഴ്സുമാരുടെ പ്രവർത്തനങ്ങൾ ഏറ്റവും വിലമതിക്കപ്പെട്ടതായാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത് . പ്രത്യേകിച്ച് കോവിഡ് കാലത്ത് എൻഎച്ച്എസിൻ്റെ മുന്നണി പോരാളികളായിരുന്നു മലയാളി നേഴ്സുമാർ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ശൈത്യകാല രോഗങ്ങൾ മൂലം എൻഎച്ച്എസ് ആടിയുലയുന്നതിൻ്റെ വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ആക്സിഡന്റ് & എമർജൻസി യൂണിറ്റുകളിലെ സമ്മർദ്ദം കോവിഡ് പാൻഡെമിക് സമയത്തെപ്പോലെ തന്നെ മോശമാണെന്ന് എൻ എച്ച് എസ് മേധാവികൾ മുന്നറിയിപ്പ് നൽകി . ഫ്ലൂ കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നതും തണുത്ത കാലാവസ്ഥയും കാരണം ആശുപത്രികൾ അസാധാരണമായ സമ്മർദ്ദം നേരിടുന്നുണ്ടെന്നും എൻ എച്ച് എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സർ സ്റ്റീഫൻ പവിസ് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ സമയത്തെ പോലെ തന്നെ പ്രശ്നങ്ങൾ എൻഎച്ച്എസ് നേരിടുന്നു എന്ന വാർത്ത കടുത്ത ആശങ്കയാണ് യുകെയിലെ ആരോഗ്യ മേഖലയിൽ സൃഷ്ടിച്ചിരിക്കുന്നത്. പനി ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കൂടിയതാണ് ഇത്തരം ഒരു അവസ്ഥ സംജാതമാകുന്നതിന് കാരണമായത്. ഇംഗ്ലണ്ടിലെ ആശുപത്രിയിൽ വൈറസ് ബാധിച്ച രോഗികളുടെ ശരാശരി എണ്ണം കഴിഞ്ഞ ആഴ്ച ഒരു ദിവസം 5,400 ആയി. ഇത് ഒരു ആഴ്ച മുമ്പുള്ളതിനേക്കാൾ ഏകദേശം 1,000 കൂടുതലാണ്.

ഇംഗ്ലണ്ടിലെ ഏകദേശം 20 എൻഎച്ച് എസ് ട്രസ്റ്റുകൾ ആണ് ഈ ആഴ്ച അടിയന്തിര സാഹചര്യം പ്രഖ്യാപിച്ചിരിക്കുന്നത്. അതുപോലെ തന്നെ മിക്ക ആശുപത്രികളിലും ആക്സിഡൻറ് ആൻ്റ് എമർജൻസിയിൽ നീണ്ട കാലതാമസവും നേരിടുന്നുണ്ട്. റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ സ്കോട്ട് ലൻഡിലെ ആശുപത്രികൾ കടുത്ത സമ്മർദ്ദത്തിലാണെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഇംഗ്ലണ്ടിലെ അക്യൂട്ട് ആശുപത്രികളിലെ ശരാശരി ഫ്ലൂ കേസുകൾ ജനുവരി ആദ്യ ആഴ്ചയിൽ 5,408 ആയി ഉയർന്നത് ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ദ്ധർ കാണുന്നത് . കഴിഞ്ഞ ആഴ്ച ഇത് 4,469 ആയിരുന്നു. പനി ബാധിച്ച രോഗികളുടെ എണ്ണം കഴിഞ്ഞ വർഷത്തെ ഈ സമയത്തേക്കാൾ മൂന്നിരട്ടി കൂടുതലാണ് എന്നുള്ളതും കടുത്ത ആശങ്കയാണ് ഉളവാക്കിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെഡ് ഫോർഡിലെ ബസ് സ്റ്റേഷനിലുണ്ടായ കത്തിയാക്രമണത്തിൽ 17 വയസ്സുള്ള ആൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ അടുത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഗ്രീൻഹിൽ സ്ട്രീറ്റിലൂടെ നടക്കുമ്പോൾ തോമസ് ടെയ്ലർ എന്ന പേരുകാരനായ ആൺകുട്ടിയെ ഒരുകൂട്ടം ആളുകൾ ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ബെഡ്‌ഫോർഡ് അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്ന ഇയാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

തിരക്കേറിയ ഒരു നഗരമധ്യത്തിൽ ഒരു കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തിയത് തികച്ചും ഞെട്ടിക്കുന്ന ഒരു സംഭവമാണന്ന് ബെഡ്ഫോർഡ്ഷെയർ പോലീസിലെ മേജർ ക്രൈം യൂണിറ്റിലെ ഡിറ്റക്റ്റീവ് ഇൻസ്പെക്ടർ കാറ്റി ഡൗണിയസ് പറഞ്ഞു. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ പോലീസുമായി ബന്ധപ്പെടണമെന്ന് അവർ അഭ്യർത്ഥിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ദയവായി പങ്കിടുന്നത് ഒഴിവാക്കണമെന്ന് അവർ കൂട്ടിച്ചേർത്തു. ബെഡ്ഫോർഡ് അക്കാദമിയിലെ ഒരു വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന ദുഃഖവാർത്ത കേട്ടപ്പോൾ ഞങ്ങൾ വളരെയധികം അസ്വസ്ഥതയും ഞെട്ടലുളവാക്കിയെന്ന് ബെഡ്ഫോർഡ് അക്കാദമിയിലെ പ്രധാന അധ്യാപകൻ ക്രിസ് ഡെല്ലർ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ഗ്ലൗസെസ്റ്റർഷെയർ ഹോസ്പിറ്റൽസ് രോഗികൾക്കും സന്ദർശകർക്കും മാസ്ക് നിർബന്ധമാക്കി. ജനുവരിയുടെ ആരംഭം മുതൽ പനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മുതലായ ശൈത്യകാല രോഗങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് കടുത്ത ആരോഗ്യ സംരക്ഷണ മുന്നറിയിപ്പായി മാസ്ക് നിർബന്ധമാക്കിയത്. ശൈത്യകാല രോഗങ്ങളിൽ ഉണ്ടായ വൻ കുതിപ്പ് കടുത്ത സമ്മർദ്ദം ആശുപത്രികളിൽ ഉണ്ടാകുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വൈറസ് ഭീഷണി മൂലം കടുത്ത മുൻകരുതലാണ് ആശുപത്രികൾ സ്വീകരിച്ചിരിക്കുന്നത്. ഗുരുതരമായതോ ജീവൻ അപായപ്പെടുത്തുന്നതോ ആയ അവസ്ഥകൾ ഉള്ള രോഗികൾ മാത്രമേ ആശുപത്രികളിൽ വരാൻ പാടുള്ളൂ എന്ന നിർദ്ദേശം ആണ് നൽകിയിരിക്കുന്നത്. ഇന്ന് ജനുവരി 9-ാം തീയതി 90 പേരാണ് വിശദ ചികിത്സയ്ക്കായി ഗ്ലൗസെസ്റ്റർഷെയർ റോയൽ ഹോസ്പിറ്റലിൽ എത്തിയത്.

രോഗവും അണുബാധയും പടരാനുള്ള സാധ്യത കുറയ്ക്കുന്നതിനാണ് താൽക്കാലിക മുഖംമൂടി നിയമം കൊണ്ടുവന്നത്. ഹോസ്പിറ്റലിൽ വരുന്നവർക്കെല്ലാം ശസ്ത്രക്രിയാ മുഖംമൂടികൾ നൽകുമെന്ന് എൻഎച്ച്എസ് ഗ്ലൗസെസ്റ്റർഷയർ ഹോസ്പിറ്റലുകൾ കൂട്ടിച്ചേർത്തു. രോഗികളും ആശുപത്രി സന്ദർശകരും ജാഗ്രത പാലിക്കണമെന്നും ജീവനക്കാരെയും ദുർബലരായ ആളുകളെയും ശൈത്യകാല രോഗങ്ങളിൽ നിന്ന് സംരക്ഷിക്കണമെന്നും എൻഎച്ച്എസ് ഗ്ലൗസെസ്റ്റർഷെയർ ഹോസ്പിറ്റലുകൾ മുന്നറിയിപ്പ് നൽകി. ഞങ്ങളുടെ രോഗികളെയും ജീവനക്കാരെയും പകർച്ചവ്യാധികളിൽ നിന്ന് സംരക്ഷിക്കാൻ ഞങ്ങളെ സഹായിക്കൂ എന്നും കോവിഡ് 19, ഇൻഫ്ലുവൻസ, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകൾ, നൊറോവൈറസ് (വയറിളക്കം, ഛർദ്ദി), അഞ്ചാംപനി എന്നിവ എളുപ്പത്തിൽ പടരുന്നു എന്നും ആശുപത്രികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദിവസവും പാൽ കുടിക്കുന്നത് കുടലിൽ ക്യാൻസർ വരാനുള്ള സാധ്യതകളെ ഗണ്യമായി കുറയ്ക്കുമെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. ഓക്സ്ഫോർഡ് സർവകലാശാലയിലെ മുതിർന്ന പോഷകാഹാര എപ്പിഡെമിയോളജിസ്റ്റുമായ ഡോ. കെരൻ പാപ്പിയറിൻ്റെ നേതൃത്വത്തിൽ നടന്ന പഠനമാണ് പുതിയ വിവരങ്ങൾ അനാവരണം ചെയ്തത്. ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് കുടലിൽ ക്യാൻസർ വരാനുള്ള സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുമെന്നാണ് ഭക്ഷണവും രോഗവുമായുള്ള ബന്ധത്തെ കുറിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

ഒരു ഗ്ലാസ് പാലിൽ അടങ്ങിയിരിക്കുന്ന ഏകദേശം 300 മില്ലിഗ്രാം അളവ് വരുന്ന കാൽസ്യത്തിന്റെ അളവാണ് കുടൽ ക്യാൻസർ സാധ്യത 17 ശതമാനം കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തിയത്. ഫോർട്ടിഫൈഡ് സോയ പാലിനും സമാന രീതിയിലുള്ള സംരക്ഷണം നൽകാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോർട്ടിഫൈഡ് സോയ പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തിന്റെ അളവാണ് ഇതിന് കാരണം. പാലുൽപന്നങ്ങൾ ക്യാൻസർ സാധ്യത തടയാൻ സഹായിക്കുമെന്നതിന് ഈ പഠനം ശക്തമായ തെളിവുകൾ നൽകുന്നതായി ഡോ. കെരൻ പറഞ്ഞു.

ലോകത്തിൽ ഏറ്റവും വ്യാപകമായ സ്താനാർബുദത്തിനും ശ്വാസകോശ അർബുദത്തിനും പിന്നിൽ മൂന്നാം സ്ഥാനമാണ് കുടൽ ക്യാൻസറിനുള്ളത്. പ്രതിവർഷം ഏകദേശം 2 ലക്ഷം പേർക്കാണ് ഈ ക്യാൻസർ പിടിപെടുന്നത്. കുടൽ ക്യാൻസർ മൂലം ആഗോള തലത്തിൽ ഒരു ദശലക്ഷം മരണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2040 ആകുമ്പോഴേക്കും കുടൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം 3.2 ദശലക്ഷത്തിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. വ്യക്തമല്ലാത്ത കാരണങ്ങളാൽ ലോകമെമ്പാടുമുള്ള ചെറുപ്പക്കാരിൽ കുടൽ കാൻസർ കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 1990 കളുടെ തുടക്കത്തിനും 2018 നും ഇടയിൽ 25 നും 49 നും ഇടയിൽ പ്രായമുള്ള യുകെയിലെ മുതിർന്നവരിൽ കുടൽ കാൻസർ രോഗനിർണയം നടത്തുന്നവരുടെ എണ്ണം 22% വർദ്ധിച്ചു. കുടൽ ക്യാൻസറിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ആശങ്കാജനകമാണെന്നും പകുതിയിലധികം ഇത്തരത്തിലുള്ള ക്യാൻസർ രോഗങ്ങളും ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും വരുന്ന മാറ്റങ്ങളിലൂടെ തടയാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.