ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദിനംപ്രതി യുകെയിലെ കുട്ടികളുടെ ആരോഗ്യസ്‌ഥിതി മോശമാകുന്നതായി വിദഗ്ദ്ധർ. മോശം ഭക്ഷണക്രമം, ഭക്ഷ്യ അരക്ഷിതാവസ്ഥ, ദാരിദ്ര്യം എന്നിവ മൂലം യുകെയിലെ കുട്ടികളിൽ ഭൂരിഭാഗം പേരും ഉയരം കുറഞ്ഞവരും തടിച്ചവരും ആയി മാറുന്നതായി ഫുഡ് ഫൗണ്ടേഷൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇത് കുട്ടികളെ പല രോഗങ്ങൾക്കും അടിമയാക്കുകയും ചെയ്യുന്നു.
റിപ്പോർട്ടിൽ അഞ്ച് വയസ്സുള്ള കുട്ടികളുടെ ശരാശരി ഉയരം കുറയുന്നതായി പറയുന്നു. ഇതിന് പുറമെ കുട്ടികളിൽ പൊണ്ണത്തടിയുടെ അളവ് ഏകദേശം മൂന്നിലൊന്ന് വർദ്ധിച്ചു. യുവാക്കൾക്കിടയിൽ ടൈപ്പ് 2 പ്രമേഹ രോഗനിർണയം 20ശതമാനത്തിലധികം വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. വിപണിയിലെ വിലകുറഞ്ഞ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ലഭ്യതയും പോഷകാഹാരങ്ങളുടെ കുറവ്, ഉയർന്ന ദാരിദ്ര്യം എന്നിവയാണ് റിപ്പോർട്ട് കുട്ടികളുടെ ആരോഗ്യം മോശമാകുന്നതിൻെറ കാരണങ്ങളായി പറയുന്നത്.
വേണ്ട ഇടപെടലുകൾ നടത്തിയില്ലെങ്കിൽ കുട്ടികളിൽ ഇത് ആജീവനാന്ത ആരോഗ്യപ്രശ്നങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, അകാല മരണം എന്നിവയ്ക്ക് വരെ കാരണമാകാം. സർക്കാരിൻെറ ഭാഗത്ത് നിന്ന് ഉടനെ ഒരു നീക്കം ഉണ്ടായില്ലെങ്കിൽ ഭാവിയിൽ യുകെയുടെ സമ്പദ് വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുമെന്ന് അധികൃതർ പറയുന്നു. ആരോഗ്യകരമായ ഭക്ഷണം താങ്ങാനാവുന്ന വിലയുള്ളതാക്കുന്നതിനും ജങ്ക് ഫുഡ് ലഭ്യത കുറയ്ക്കുന്നതിനും ഉള്ള നടപടികൾ സർക്കാരിൻെറ ഭാഗത്ത് നിന്ന് അടിയന്തിരമായി വേണമെന്ന് മുൻ ഗവൺമെൻ്റ് ഫുഡ് സായായിരുന്ന ഹെൻറി ഡിംബിൾബി പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്പെയിനിലെ ടെനറൈഫിൽ ബ്രിട്ടീഷുകാരനെ കാണാതായി. 19 വയസ്സ് പ്രായമുള്ള ജെയ് സ്ലേറ്ററിനെ ആണ് തിങ്കളാഴ്ച മുതൽ കാണാതായിരിക്കുന്നത്. ലങ്ക ഷെറിൽ നിന്നുള്ള ജെയ് സ്പാനിഷ് ദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു.
ഷോർട്ട്സും വെള്ള ടീഷർട്ടും ആണ് ജെയ് ധരിച്ചിരുന്നത്. ഒരു കറുത്ത ബാഗും ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത് . സംഭവം അറിഞ്ഞതിനെ തുടർന്ന് ജെയിയുടെ അമ്മ യുകെയിൽ നിന്ന് ടെനറൈഫിലേയ്ക്ക് പോയിട്ടുണ്ട്. പോലീസ് ഊർജിതമായി അന്വേഷണം നടത്തുന്നുണ്ടെന്നും സംഭവത്തെ തുടർന്ന് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ നടപടികളിൽ താൻ തൃപ്തയാണെന്നും ജെയിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പുറത്തുവന്ന ഏറ്റവും പുതിയ സർവേയിൽ ലേബർ പാർട്ടി 256 സീറ്റുകളുടെ ഭൂരിപക്ഷം നേടുമെന്നുള്ള പ്രവചനം പുറത്തുവന്നു. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് നിലവിലെ ഭരണപക്ഷമായ ടോറികൾ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേയ്ക്ക് നീങ്ങുകയാണ് . സർ കെയർ സ്റ്റാർമർ നയിക്കുന്ന ലേബർ പാർട്ടിക്ക് 453 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേയിലെ കണ്ടെത്തൽ. എന്നാൽ 115 സീറ്റുകൾ മാത്രമാണ് സർവേ ഫലം അനുസരിച്ച് കൺസർവേറ്റീവ് പാർട്ടിക്ക് കിട്ടുന്നത്.
സർവേ ഫലം അനുസരിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമായിരിക്കും ലേബർ പാർട്ടിക്ക് ലഭിക്കുന്നത്. ഇത് യുദ്ധാനന്തരകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെ ഏറ്റവും തിളക്കമാർന്ന വിജയമായിരിക്കും. അതേസമയം ടോറി എംപിമാരുടെ എണ്ണം ഏറ്റവും കുറഞ്ഞ പാർലമെൻറ് ആണ് നിലവിൽ വരാൻ പോകുന്നത് . അഭിപ്രായ സർവേകളിൽ സ്ഥിരമായി ലേബർ പാർട്ടി മുന്നിലാണെങ്കിലും അവരുടെ ഭൂരിപക്ഷത്തെ സംബന്ധിച്ച് ഏറ്റവും വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സർവേ ഫലം നൽകിയിരിക്കുന്നത്.
ഗ്രാൻ്റ് ഷാപ്‌സ്, പെന്നി മോർഡൗണ്ട്, ഗില്ലിയൻ കീഗൻ, ജോണി മെർസർ, സർ ജേക്കബ് റീസ്-മോഗ് തുടങ്ങിയ മുതിർന്ന കൺസർവേറ്റീവ് നേതാക്കൾ പരാജയപ്പെടാനുള്ള സാധ്യതയിലേയ്ക്കാണ് സർവേ വിരൽ ചൂണ്ടുന്നത്. ലിബ് ഡെംസിന് 38 സീറ്റുകളും സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് 15 സീറ്റുകളും ഗ്രീൻ പാർട്ടിക്ക് മൂന്ന് സീറ്റുകളും റിഫോം യുകെയ്ക്ക് മൂന്ന് സീറ്റുകളും നേടാനാകുമെന്നും സർവേ പ്രവചിക്കുന്നു. കൂടുതൽ നികുതി ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ജനപിന്തുണ ഉറപ്പാക്കുന്നതിൽ ഋഷി സുനക് പരാജയപ്പെട്ടതായാണ് സർവേ ഫലം കാണിക്കുന്നത്. ഇന്ത്യയിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ പുറത്തുവന്ന ഫലങ്ങൾ അഭിപ്രായ സർവേകളെ പാടെ നിരാകരിക്കുന്നതായിരുന്നു . അതുകൊണ്ടുതന്നെ അന്തിമ ഫലപ്രഖ്യാപനം വരുമ്പോൾ മാത്രമെ ജനങ്ങൾ ആർക്കൊപ്പമെന്ന് അറിയാനാകും. ലേബർ പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷം കിട്ടുന്നതിന്റെ അപകട സാധ്യതയെ കുറിച്ച് അടുത്തിടെ വന്ന അഭിപ്രായങ്ങൾ വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പീറ്റർ ബറോയിൽ കുടുംബമായി താമസിച്ചിരുന്ന സുഭാഷ് മാത്യു (45) അന്തരിച്ചു. ഇന്നലെ വൈകിട്ട് ഏഴുമണിക്കായിരുന്നു അന്ത്യം. സുഭാഷ് ഭാര്യ മിന്നുവിനും മകനും ഒപ്പമാണ് പീറ്റർ ബറോയിൽ താമസിച്ചിരുന്നത്. സുഭാഷ് ഇവിടെ കമ്മ്യൂണിറ്റി നേഴ്സ് ആയി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ മിന്നു ഇവിടെ തന്നെ ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്യുകയാണ്. പീറ്റര്‍ബറോ മലയാളി കമ്മ്യൂണിറ്റിയില്‍ വളരെയധികം സജീവമായ വ്യക്തിയായിരുന്നു.
മരണം നടക്കുമ്പോൾ വീട്ടിൽ സുഭാഷും മകനും മാത്രമാണുണ്ടായിരുന്നത്. ഈ സമയമത്രയും അച്ഛൻ ഉറങ്ങുകയാണെന്നാണ് മകൻ കരുതിയത്. പിന്നീട് ഡ്യൂട്ടി കഴിഞ്ഞ് ഭാര്യ എത്തിയപ്പോഴാണ് സുഭാഷ് മരിച്ചത് പുറം ലോകമറിയുന്നത്. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റ് രോഗങ്ങൾ ഒന്നും തന്നെയില്ലാതിരുന്നതിനാൽ സുഭാഷിൻെറ ആകസ്‌മിക വേർപാടിൻെറ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.
സുഭാഷ് മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
തോർപ്പ് പാർക്കിൽ നിന്ന് കാണാതായ മൂന്നു കുട്ടികളെ സുരക്ഷിതരായി കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി 7 മണിക്ക് ശേഷമാണ് സറേയിലെ തീം പാർക്ക് സന്ദർശിച്ച ശേഷം ഇവരെ കാണാതായത്. സംഭവം അറിഞ്ഞ ഉടനെ തന്നെ പോലീസ് ഇവർക്കായി അന്വേഷണം ആരംഭിച്ചിരുന്നു.
ഖാണ്ടി (14), അമേലിയ (9), മാലിക് (ഏഴ്) എന്നീ കുട്ടികളെയാണ് തീം പാർക്ക് സന്ദർശനത്തിനുശേഷം കാണാതായത്. ഇവർ ലണ്ടനിലേക്ക് യാത്ര ചെയ്തിരിക്കാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. ഇതനുസരിച്ചുള്ള തിരച്ചിൽ നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ലണ്ടനിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒറ്റ രാത്രികൊണ്ട് ഇവരെ കാണാതായതും കുട്ടികളുടെ പ്രായവും കണക്കിലെടുക്കുമ്പോൾ സംഭവം കടുത്ത ആശങ്ക ഉളവാക്കിയെന്ന് നോർത്ത് സറേ ഡിറ്റക്റ്റീവ് സൂപ്രണ്ട് ട്രെവർ സ്‌ട്രൂതേഴ്‌സ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിൽ മദ്യപിച്ച് വാഹനമോടിക്കുന്നതിൻ്റെ പരിധി മാറ്റാനുള്ള ആവശ്യം ശക്തം. റോഡ് മെഡിക്കൽ, റോഡ് സുരക്ഷാ ഓർഗനൈസേഷനുകളാണ് മദ്യപിച്ച് ഡ്രൈവിംഗ് പരിധി ഒരു ചെറിയ ഗ്ലാസ് വൈൻ അല്ലെങ്കിൽ ബിയറിന് തുല്യമായി കുറയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. നിലവിലെ നിയമം അനുസരിച്ചുള്ള പരിധി 100 മില്ലി രക്തത്തിന് 80 മില്ലിഗ്രാം ആൽക്കഹോൾ ആണ്. ഇതിൽ യൂറോപ്പിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. 1967-ലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്.
അടുത്ത സർക്കാരിനോട് നിലവിലെ പരിധിയേക്കാൾ 100 മില്ലി രക്തത്തിന് 50 മില്ലിഗ്രാം ആൽക്കഹോൾ, അല്ലെങ്കിൽ 0.05% ആയി കുറയ്ക്കാൻ ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) പറഞ്ഞു. 2021-ലും 2022-ലും മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളും ഏറ്റവും ഉയർന്ന നിലയിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎംഎ തങ്ങളുടെ പ്രസ്‌താവന പുറത്ത് വിട്ടത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും കഴിഞ്ഞ വർഷങ്ങളിൽ വർദ്ധിച്ച് വരുന്നതായി ചൂണ്ടിക്കാട്ടിയ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) റോഡിലെ മരണങ്ങളിൽ ഏകദേശം 20 ശതമാനവും മദ്യപാനം മൂലമാണെന്ന് പറയുന്നു. അയർലൻഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുമായി യോജിച്ച് നിയമപരമായ മദ്യത്തിൻ്റെ പരിധി സർക്കാർ കുറയ്ക്കേണ്ടതിൻ്റെ ആവശ്യകത ബിഎംഎയിൽ നിന്നുള്ള കാരി റെയ്ഡിംഗർ പറയുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അതിൻറെ പ്രതാപം വീണ്ടെടുത്തു. വീണ്ടും യൂറോപ്പിലെ ഏറ്റവും വലിയ ഓഹരി വിപണിയായി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് മാറിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയുടെ ഓഹരി വിപണി രണ്ടു വർഷത്തിനിടെ ആദ്യമായാണ് യൂറോപ്പിലെ ഏറ്റവും മൂല്യമുള്ള വിപണിയായി കിരീടം തിരിച്ചുപിടിച്ചത്.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം തിങ്കളാഴ്ച 3.18 ട്രില്യൺ ഡോളർ ആണ്. ബ്ലൂംബെർഗ് ഡാറ്റ പ്രകാരം പാരീസിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 3.13 ട്രില്യൺ ഡോളർ ആണ്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൻ്റെ മുന്നേറ്റത്തെ യുകെയുടെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതയുടെയും വളർച്ചയുടെയും പ്രധാന നാഴികല്ലായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ അനശ്ചിതത്വം മൂലം ഫ്രഞ്ച് വിപണി ഇടിഞ്ഞതാണ് ലണ്ടൻ വിപണിയുടെ മുന്നേറ്റത്തിന് സഹായകരമായത്.
2022 നവംബറിന് മുമ്പ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ സ്റ്റോക്ക് മാർക്കറ്റ് ആയിരുന്നു. എന്നാൽ മുൻ പ്രധാനമന്ത്രി ലിസ് ട്ര സിന്റെ മിനി ബഡ്ജറ്റ്, പൗണ്ടിന്റെ നില ദുർബലമായത്, രാജ്യത്ത് മാന്ദ്യം ഉണ്ടാകുമെന്ന ഭയം, ബ്രെക്സിറ്റിന്റെ തുടർന്നുണ്ടായ പ്രശ്നങ്ങൾ എന്നീ കാരണങ്ങളാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ മോശം പ്രകടനത്തിന് കാരണമായതായി സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നത്. 2016 -ൽ പാരിസിനേക്കാൾ 1.4 ട്രില്യൺ ഡോളർ കൂടുതലായിരുന്നു ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വിപണിമൂല്യം. ഇപ്പോൾ ഫ്രാൻസിലെ രാഷ്ട്രീയ ആനശ്ചിതാവസ്ഥ അവിടുത്തെ വിപണിമൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ട്. മറിച്ച് യു കെയിൽ മുഖ്യധാരാ പാർട്ടികളായ ലേബറും കൺസർവേറ്റീവ് പാർട്ടിയും നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്ന നയ സമീപനം സ്വീകരിക്കുമെന്ന് പ്രകടനപത്രിയിൽ വ്യക്തമാക്കിയത് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് കരുത്തായതായാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂൺ ഏഴാം തീയതി മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിച്ച വാർത്ത പ്രവചന സ്വഭാവമുള്ളതായിരിക്കുന്നു. പ്രിയങ്ക പ്രിയങ്കരിയായി കേരളത്തിലേക്ക്! ഇന്ദിരയുടെ കൊച്ചുമകൾ കേരളത്തിൽ ചരിത്രം സൃഷ്ടിക്കുമോ എന്നതായിരുന്നു മലയാളം യുകെ ന്യൂസിന്റെ വാർത്തയുടെ തലക്കെട്ട്. ഇന്ന് ഇന്ത്യ മാത്രമല്ല ലോകമെങ്ങുമുള്ള പത്രങ്ങളിൽ ഈ വാർത്ത വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമ്പോൾ ഇത് മലയാളം യുകെയുടെ അഭിമാന നിമിഷമാണ്. വയനാട്ടിലും റായ്ബറേലിയിലും മത്സരിച്ച് വിജയിച്ച രാഹുൽഗാന്ധി വയനാട്ടിലെ എംപി സ്ഥാനം ഒഴിയാൻ തീരുമാനിച്ചതോടെയാണ് പ്രിയങ്കയ്ക്ക് ഇവിടെ മത്സരിക്കാൻ കളം ഒരുങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് നിർണ്ണായക തീരുമാനമെടുത്തത്.
ഇത് കേരള രാഷ്ട്രീയത്തിൽ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിൽ തന്നെ വൻ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ തീരുമാനിച്ചതോടെ ഒട്ടേറെ രാഷ്ട്രീയ തമസ്യകൾക്കാണ് കോൺഗ്രസ് ഉത്തരം കണ്ടെത്തിയിരിക്കുന്നത്. പ്രിയങ്ക അല്ലാതെ വേറൊരു സ്ഥാനാർത്ഥി വയനാട്ടിൽ മത്സരത്തിന് എത്തിയിരുന്നെങ്കിൽ രാഹുൽ വയനാട്ടിലെ ജനങ്ങളെ കൈയ്യൊഴിഞ്ഞു എന്ന എതിരാളികളുടെ രാഷ്ട്രീയ പ്രചാരണത്തിന് ശക്തി പകരുമായിരുന്നു. അമേഠിയയും റായ്ബറേലിയും പോലെ സമീപഭാവിയിൽ വയനാടും ഗാന്ധി കുടുംബത്തിൻറെ സുരക്ഷിത മണ്ഡലമെന്ന പട്ടികയിൽ ദീർഘകാലം ഉണ്ടാകും എന്നതാണ് പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തോടെ ഉറപ്പായിരിക്കുന്നത്.
പ്രിയങ്ക കന്നി അങ്കം വയനാട്ടിൽ കുറിച്ചത് ഇടതുപക്ഷത്തെയും ബിജെപിയെയും വെട്ടിലാക്കിയിരിക്കുകയാണ്. സ്ത്രീ വോട്ടർമാർ കൂടുതലുള്ള വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം നാല് ലക്ഷം കവിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇടതുപക്ഷവും ബിജെപിയും ആരെ സ്ഥാനാർത്ഥിയാക്കും എന്ന ആശയ കുഴപ്പത്തിലാണ്. സിപിഐയുടെ ആനി രാജയാണ് ഇവിടെ രാഹുലിനെതിരെ മത്സരിച്ചത്. ഇടതുപക്ഷം മത്സരംഗത്ത് ഉണ്ടാകുമെന്നും അല്ലെങ്കിൽ അത് ബിജെപിയെ സഹായിക്കുന്ന നിലപാട് ആയിരിക്കും എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്തുത വിഷയത്തോട് പ്രതികരിച്ചത്. ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ ആയിരുന്നു രാഹുലിനെതിരെ എൻ ഡി എ സ്ഥാനാർത്ഥി. പ്രിയങ്കയ്ക്ക് എതിരെ ഒരുവട്ടം കൂടി മത്സരിക്കാൻ അദ്ദേഹം മുതിരാനുള്ള സാധ്യതയില്ല.
3.64 ലക്ഷം വോട്ടിനാണ് രാഹുൽഗാന്ധി ഇവിടെ വിജയിച്ചത്. പോൾ ചെയ്ത വോട്ടുകളിൽ 6,47,445 വോട്ടുകളാണ് രാഹുൽ നേടിയത്. ആനി രാജ 2,83,023 വോട്ടുകളും മൂന്നാം സ്ഥാനത്തു വന്ന കെ സുരേന്ദ്രൻ നേടിയത് 1,41,045 വോട്ടുകൾ മാത്രമാണ് . 2019 ലെ ലോക്സഭാ ഇലക്ഷനിൽ രാഹുൽഗാന്ധിയുടെ ഭൂരിപക്ഷം 4,31,770 ആയിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം രാഹുലിനെ കവച്ചു വയ്ക്കുമോ എന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത് 72.69 ശതമാനമായിരുന്നു വയനാട്ടിലെ പോളിംഗ് ശതമാനം. രണ്ടാമത് നടക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങളെ പോളിംഗ് ബൂത്തിലെത്തിക്കുക എന്നതായിരിക്കും ഇനി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളി.
ജൂലൈ 4- ന് യുകെയിൽ ഉടനീളം നടന്ന തെരഞ്ഞെടുപ്പ് അവലോകന ചർച്ചകൾ മലയാളം യുകെ ന്യൂസ് വാർത്തയാക്കിയിരുന്നു. അതിരാവിലെ 4 മണി മുതൽ വാശിയേറിയ ചർച്ചകളും സംവാദങ്ങളും ആണ് കേരളത്തിലെയും ദേശീയതലത്തിലെയും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യുകെയിലുടനീളമുള്ള മലയാളികളുടെ ഇടയിൽ നടന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് രാഹുൽഗാന്ധി രണ്ട് മണ്ഡലങ്ങളിലും ജയിച്ച സാഹചര്യത്തിൽ ആര് ഇനി വയനാട് മണ്ഡലത്തിൽ മത്സരിക്കും എന്നുള്ളതായിരുന്നു. യുകെയിലെ തിരഞ്ഞെടുപ്പ് അവലോകന മലയാളി കൂട്ടായ്മകളിൽ വയനാട്ടിലേയ്ക്ക് പ്രിയങ്ക ഗാന്ധി വരാനുള്ള ആഗ്രഹം ഒട്ടേറെ പേർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഗാന്ധി കുടുംബത്തോട് എപ്പോഴും വൈകാരികമായ അടുപ്പമുള്ളവരാണ് യുകെ മലയാളികൾ. കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട അവസരത്തിൽ രാഹുൽഗാന്ധിക്ക് താങ്ങും തണലുമായിരുന്നവരാണ് വയനാട്ടിലെ വോട്ടർമാർ. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രണ്ടിടത്തും വിജയിക്കുകയാണെങ്കിൽ വയനാട് ഉപേക്ഷിക്കാനുള്ള വിമുഖത രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ നിർത്തുന്നതിലൂടെ രാഹുൽ ഗാന്ധി മണ്ഡലം കൈയ്യൊഴിയുന്നുവെന്ന എതിരാളികളുടെ പ്രചാരണത്തെയും തടയിടാനാവുമെന്നാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി അമേഠിയിൽ മത്സരിക്കാതിരുന്നതിന്റെയും പിന്നിലും രാഹുൽ എം.പി സ്ഥാനമൊഴിയുമ്പോൾ വയനാട്ടിൽ മത്സരിക്കാൻ എന്ന ലക്ഷ്യം വച്ചായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്ന പല സെന്ററുകളിലും കാലതാമസം നേരിടുന്നതു മൂലം ആളുകൾ കഷ്ടപ്പെടുന്നതായുള്ള വിവരങ്ങൾ പുറത്തുവന്നു. പലരും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള പരീക്ഷകൾക്കായി 5 മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നേരത്തെ കോവിഡ് മഹാമാരിയുടെ സമയത്ത് ഡ്രൈവിംഗ് ലൈസൻസ് നൽകാനുള്ള പരീക്ഷകളുടെ താളം തെറ്റിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ആരംഭിച്ച ബാക്ക് ലോഗ് ഇതുവരെ ശരിയായില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
നിലവിലെ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം കോവിഡിന് മുമ്പുള്ളതിനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവർ വെഹിക്കിൾ സ്റ്റാൻഡേർഡ് ഏജൻസി വിവരവകാശ നിയമപ്രകാരം നൽകിയിരിക്കുന്ന മറുപടിയിലാണ് ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള ഒരു ഡേറ്റിനായി ആഗ്രഹിക്കുന്നവർക്ക് ശരാശരി 14.8 ആഴ്ച വരെയാണ് കാത്തിരിക്കേണ്ടി വന്നത്. എന്നാൽ മെയ് മാസത്തിൽ ഇത് 17.8 ആഴ്ചകളായി ഉയർന്നു. രണ്ടുമാസം കൊണ്ട് കാത്തിരിപ്പ് സമയത്തിൽ 20 ശതമാനം വർദ്ധനവാണ് വന്നിരിക്കുന്നത്.
24 ആഴ്ച വരെ കാത്തിരിപ്പു സമയമുള്ള ടെസ്റ്റ് സെൻററുകളുടെ എണ്ണം ഫെബ്രുവരി മാസത്തിൽ 94 ആയിരുന്നത് മെയ് മാസം ആയതോടെ 124 ആയി ഉയർന്നു. 2020 ന് മുമ്പ് ഡ്രൈവിംഗ് ലൈസൻസിനുള്ള ടെസ്റ്റ് നടത്താനുള്ള കാത്തിരിപ്പ് സമയം ശരാശരി 6 ആഴ്ച മാത്രമായിരുന്നു. കോവിഡ് ലോക്ക് ഡൗണിൻ്റെ സമയത്ത് 850,000 ടെസ്റ്റുകൾ ആണ് റദ്ദാക്കപ്പെട്ടത്. ഇതാണ് രാജ്യംമൊട്ടാകെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകൾക്കുള്ള കാത്തിരിപ്പ് സമയം കുതിച്ചുയരാൻ കാരണമായത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സമൂഹ മാധ്യമങ്ങളിൽ മോശം കമെന്റുകൾ പ്രചരിക്കുന്നതിന് പിന്നാലെ റീഫോം യുകെയുടെ സ്ഥാനാർത്ഥിയായ സാഫ്രോൺ വാൾഡലിൽ മത്സരിക്കുന്ന ഗ്രാൻ്റ് സ്‌റ്റ്‌ക്ലെയർ-ആംസ്ട്രോങ് ഇലക്ഷനിൽ നിന്ന് പിൻവാങ്ങി. മുൻപ് ബ്രിട്ടീഷ് നാഷണൽ പാർട്ടിക്ക് (ബിഎൻപി) വോട്ട് ചെയ്യാൻ ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്ന വാർത്തകൾ പ്രചരിച്ചതിനു പിന്നാലെയാണ് സ്‌റ്റ്‌ക്ലെയർ-ആംസ്ട്രോങ് പിൻവാങ്ങിയത്. ബിസിനസ് സെക്രട്ടറി കെമി ബാഡെനോക്കാണ് നിലവിൽ സാഫ്രോൺ വാൾഡലിലെ എംപി.
2010-ൽ ഗ്രാൻ്റ് സ്‌റ്റ്‌ക്ലെയർ-ആംസ്‌ട്രോങ് യുകെയുടെ അവസ്ഥയെക്കുറിച്ച് നിരാശ പ്രകടിപ്പിച്ച് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്യുകയും ഇനോക്ക് പവലിനെ പരാമർശിച്ച് ബിഎൻപിക്ക് വോട്ടുചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തുവെന്നുമാണ് ടൈംസ് പത്രം റിപ്പോർട്ട് ചെയ്‌തത്. ഇതിന് പിന്നാലെ വിശദീകരണത്തിനായി ടൈംസ് ബന്ധപ്പെട്ടപ്പോൾ മുൻകാല അഭിപ്രായങ്ങൾ ന്യായികരിക്കുന്നില്ല എന്ന് അദ്ദേഹം പ്രതികരിച്ചു.
ടൈംസ് പത്രത്തിൻെറ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹം പിൻവാങ്ങുകയായിരുന്നു. ഇന്ന് സൗത്ത് വെയിൽസിൽ റീഫോം യുകെയുടെ നേതാവ് നൈജൽ ഫാരേജ് പാർട്ടിയുടെ നയങ്ങൾ അവതരിപ്പിക്കാനിരിക്കേയാണ് സാഫ്രോൺ വാൾഡലിലെ പാർട്ടിയുടെ സ്ഥാനാർഥിയുടെ ഈ തീരുമാനം. നേരത്തെ നാസികൾക്കെതിരെ രണ്ടാം ലോകമഹായുദ്ധത്തിൽ യുകെ യുദ്ധം ചെയ്‌തതിനെതിരായി പോസ്റ്റ് ഇട്ട റീഫോം യുകെയുടെ മറ്റൊരു സ്‌ഥാനാർത്ഥി അടുത്തിടെ ക്ഷമാപണം നടത്തിയിരുന്നു.