Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ ആണ് മലയാളി കൂടിയേറ്റം യുകെയിലേയ്ക്ക് ആരംഭിക്കുന്നത്. ആദ്യകാല കുടിയേറ്റക്കാരിൽ പലരും തങ്ങളുടെ 50 കളിൽ ആണ്. യുവാക്കളായി യുകെയിലെത്തിയ മലയാളി സമൂഹത്തിന്റെ തുടക്കകാർക്ക് വാർദ്ധക്യസഹജമായതും ജീവിത ശൈലിയോട് ബന്ധപ്പെട്ട രോഗങ്ങളും പിടിപെടുന്നത് കൂടിക്കൊണ്ടിരിക്കുകയാണ്. യുകെയിൽ അകാലത്തിൽ മരണമടഞ്ഞ മലയാളികളുടെ വിവരങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞതും രണ്ട് രോഗങ്ങൾ മൂലമാണ്. ഭൂരിപക്ഷം മരണങ്ങളുടെ പിന്നിലെ വില്ലൻ ക്യാൻസർ അല്ലെങ്കിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ആണ്.

ക്യാൻസർ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങളുമായി എൻഎച്ച്എസ് മുന്നോട്ട് വന്നിരിക്കുന്നത് യുകെയിൽ ക്യാൻസർ ബാധിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസ വാർത്തയാണ്. ലോകത്തിലെ തന്നെ ക്യാൻസർ ചികിത്സയുടെ മുന്നേറ്റത്തെ ത്വരിതപ്പെടുത്തുന്ന ഗവേഷണങ്ങളാണ് ലണ്ടൻ ഇൻസ്റ്റ്യൂട്ട് ഓഫ് ക്യാൻസർ റിസർച്ചിലെ ഗവേഷകർ അവതരിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞയാഴ്ച ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ (ASCO) വാർഷിക യോഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചികിത്സാരീതികൾ ലോകത്തെങ്ങുമുള്ള ആരോഗ്യ വിദഗ്ധരുടെ ഇടയിലും മാധ്യമങ്ങളിലും വൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.


സ്തനാർബുദം ഒരിക്കൽ വന്ന രോഗികളിൽ രക്ത പരിശോധനയിലൂടെ വീണ്ടും വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടെത്താമെന്ന് യുകെയിലെ ശാസ്ത്രജ്ഞരുടെ കണ്ടെത്തലാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മധ്യവയസ്സു കഴിഞ്ഞ പുരുഷന്മാർക്ക് അപകടകരമായി ഉണ്ടാകാവുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. നിലവിൽ എൻ എച്ച് എസ് രക്ത പരിശോധനയിലൂടെയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ ഒരു വ്യക്തിക്ക് ഉണ്ടോ എന്ന് കണ്ടെത്തുന്നത്. എന്നാൽ ലളിതമായ ഉമിനീർ പരിശോധനയിലൂടെ പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്താനുള്ള മാർഗം ലണ്ടനിലെ ഇൻസ്റ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ചിലെ ഗവേഷകർ അവതരിപ്പിച്ചത് ലോകമെങ്ങുമുള്ള മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.

ഈ ചികിത്സാരീതികൾ എല്ലാം ഈ വർഷം മുതൽ എൻ എച്ച് എസിൽ ലഭ്യമാകുന്നത് രോഗികൾക്ക് ആശ്വാസമാകും. ഇത് കൂടാതെയാണ് ശ്വാസകോശ ട്യൂമറുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഗുളികകൾ, രക്താർബുദത്തെ ഫലപ്രദമായി നേരിടുന്നതിനുള്ള പുതിയ ചികിത്സാരീതികളും എൻഎച്ച്എസ് ഏർപ്പെടുത്താൻ പോകുന്ന ക്യാൻസർ ചികിത്സയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ സ്കിൻ ക്യാൻസർ ആയ മെലോനമയ്ക്ക് എതിരെയും പുതിയ ചികിത്സാരീതികൾ എൻഎച്ച്എസിൽ ആരംഭിച്ചു കഴിഞ്ഞു. യുകെയിൽ ഓരോ വർഷവും 167,000 പേരാണ് ക്യാൻസർ ബാധിച്ച് മരണമടയുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൈബർ ആക്രമണത്തെ തുടർന്ന് കമ്പ്യൂട്ടർ സംവിധാനം തകരാറിലായതോടെ ലണ്ടനിലെ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. ഇതു മൂലം പണി കിട്ടിയിരിക്കുന്നത് ഹോസ്പിറ്റലുകളിലെ മെഡിക്കൽ വിദ്യാർഥികൾക്കും ട്രെയിനുകൾക്കുമാണ്. ലാബിൽ പ്രിൻറ് ചെയ്യുന്ന റിസൾട്ടുകൾ വിവിധ വിഭാഗത്തിൽ എത്തിക്കേണ്ട ചുമതലയുമായി ഹോസ്പിറ്റൽ അധികൃതർ ആശ്രയിക്കുന്നത് മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ട്രെയിനിമാരെയാണ്.

സെൻറ് തോമസ് ട്രസ്റ്റിലെ മെഡിക്കൽ വിദ്യാർഥികളോട് 10 മുതൽ 12 മണിക്കൂർ വരെയുള്ള ഷിഫ്റ്റുകളിൽ സന്നദ്ധ സേവനം ചെയ്യാനായി നൽകിയ ഒരു സന്ദേശം ചോർന്നതാണ് സംഭവം മാധ്യമങ്ങൾ വാർത്തയാക്കാൻ കാരണമായത്. സൈബർ ആക്രമണങ്ങളെ തുടർന്ന് കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ തകരാറിലായതിനെ തുടർന്ന് പരമ്പരാഗത രീതിയിലേയ്ക്ക് ലണ്ടനിലെ ആശുപത്രികൾ മടങ്ങി പോയതായുള്ള റിപ്പോർട്ടുകൾ നേരെത്തെ പുറത്തുവന്നിരുന്നു. രക്തപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളിൽ അപ്ഡേറ്റ് ചെയ്യുകയും എല്ലാ വിഭാഗങ്ങളിലും ലഭ്യമാവുകയും ചെയ്യുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ സൈബർ ആക്രമണങ്ങളെ തുടർന്ന് കമ്പ്യൂട്ടർ സർവറുകൾ പണിമുടക്കിയതിനെ തുടർന്നാണ് പഴയ രീതിയായ പേപ്പർ റെക്കോർഡിലേയ്ക്ക് മടങ്ങി പോകേണ്ടതായി വന്നത്.


ലാബിൽ അപ്ഡേറ്റ് ചെയ്യുന്ന പരിശോധന ഫലം എല്ലാ വിഭാഗങ്ങളിലും തത്സമയം ലഭ്യമായിരുന്നു. എന്നാൽ പേപ്പർ റെക്കോർഡ്സ് ഉപയോഗിക്കുന്ന അവസ്ഥയിൽ ലാബ് റിസൾട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിവിധ വിഭാഗങ്ങളിൽ ജീവനക്കാർ എത്തിച്ചു കൊടുക്കേണ്ടതായി വരും. ഇത് ഒട്ടേറെ കാലതാമസത്തിന് വഴിവെക്കും. റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ , കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഗൈസ്, സെൻ്റ് തോമസ് എന്നിവയുടെ പ്രാഥമിക പരിചരണ സേവനങ്ങളെയും സൈബർ ആക്രണമം ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. രോഗികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനും വിവിധ പരിശോധന ഫലങ്ങൾ നൽകുന്നതിനെയും സൈബർ അറ്റാക്ക് ബാധിച്ചു. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നീ ആശുപത്രികളിലെ വിവിധ വിഭാഗങ്ങൾക്ക് സുപ്രധാന സർവറുമായിട്ടുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പ്രശ്നം പരിശോധിക്കുന്നതിനുള്ള അടിയന്തിര നടപടികൾ തുടരുകയാണെന്ന് എൻഎച്ച്എസ് അറിയിച്ചു. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നിവിടങ്ങളിലെ ജി പി സേവനങ്ങളെയും പ്രശ്നം ബാധിച്ചിട്ടുണ്ട് .

റഷ്യൻ സംഘമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെർവറുകൾ തകരാറിലായതിനപ്പുറം രോഗികളുടേതായി രേഖപ്പെടുത്തിയിരിക്കുന്ന പരിശോധനാ ഫലങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ സൈബർ ആക്രമണത്തിലൂടെ നടത്തിയിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് ലണ്ടനിലെ ലാംബെത്ത് കൺട്രി ഷോയിലെ ഒരു റൈഡിൽ പങ്കെടുക്കവെ 4 പേർക്ക് പരിക്ക് പറ്റിയ കാര്യം ഇന്നലെ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇതിൽ 40 വയസ്സുള്ള ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പരുക്കു പറ്റിയവരിൽ 11 വയസ്സുള്ള ഒരു പെൺകുട്ടിയും 50 വയസ്സ് പ്രായമായുള്ള ഒരു പുരുഷനും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. ഇവർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടതാണ് അറിയാൻ സാധിച്ചത്.


ശനിയാഴ്ച്ച വൈകിട്ട് 6 മണി കഴിഞ്ഞായിരുന്നു അപകടം നടന്നത്. വിവരം അറിഞ്ഞ ഉടനെ എമർജൻസി സർവീസുകൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സംഭവത്തെ തുടർന്ന് പാർക്ക് അടച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കൗൺസിൽ വക്താവ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഷോയിലെ എല്ലാ റൈഡുകളിലും സുരക്ഷാ പരിശോധന കർശനമാക്കുമെന്ന് ലാം ബെത്ത് കൗൺസിൽ അറിയിച്ചു. സൗത്ത് ലണ്ടനിലെ ബ്രിക്സ്റ്റണിനടുത്തുള്ള ഒട്ടേറെ സന്ദർശകരെ ആകർഷിക്കുന്ന സ്ഥലമാണ് ബ്രോക്ക് വെർ പാർക്ക്.

മാഞ്ചസ്റ്ററിൽ ബോംബ് ഭീഷണിയെ തുടർന്ന് എമർജൻസി സർവീസുകൾ സ്ഥലത്തെത്തി. സംഭവത്തെ തുടർന്ന് ആളുകളെ ഒഴിപ്പിക്കുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഇത് വ്യാജ ഭീഷണിയാണെന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ക്രസൻ്റ് റോഡിലെ എബ്രഹാം മോസ് സെൻ്ററിൽ ആണ് ബോംബ് ഭീഷണി ഉണ്ടായത്. ഇതിനെ തുടർന്ന് 18 വയസ്സ് പ്രായമുള്ള ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഇയാൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭീഷണിയിൽ പറയുന്നതു പോലെ എന്തെങ്കിലും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു,

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ ബാധിച്ച് ഒരു മലയാളി കൂടി യുകെ മലയാളി സമൂഹത്തിൽ നിന്ന് വിടവാങ്ങി. കേംബ്രിജിലെ കാംബോണിൽ താമസിച്ചിരുന്ന നിഷ എബ്രഹാം ആണ് നിര്യാതയായത്. പതിനഞ്ച് വർഷം മുമ്പ് യുകെയിൽ എത്തിയ നിഷയ്ക്ക് 44 വയസ്സ് മാത്രമായിരുന്നു പ്രായം. മൂന്ന് വർഷം മുമ്പാണ് നിഷയ്ക്ക് ക്യാൻസർ തിരിച്ചറിഞ്ഞത്. എന്നാൽ ചികിത്സയിലൂടെ നിഷയുടെ രോഗം ഭേദപ്പെട്ട് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിരുന്നു. ക്യാൻസർ വീണ്ടും ആരംഭിച്ചതിന്റെ ലക്ഷണങ്ങൾ 6 മാസം മുൻപ് കണ്ടെത്തുകയും ചികിത്സയിൽ തുടരവേ ആണ് നിഷ മരണത്തിന് കീഴടങ്ങിയത് .

ഫിലിപ്പ് എബ്രഹാമാണ് നിഷയുടെ ഭർത്താവ്. കാലിഫോർണിയയിലുള്ള നിഷയുടെ സഹോദരിയും കുടുംബവും രോഗവിവരമറിഞ്ഞ് യുകെയിൽ എത്തിച്ചേർന്നിരുന്നു. ദുബായിലുള്ള സഹോദരനും കുടുംബവും നേരത്തെ തന്നെ കേംബ്രിജിലേയ്ക്ക് ജോലിയും താമസവവും മാറ്റിയിരുന്നു. രോഗം കൂടിയതിനെ തുടർന്ന് അന്ത്യ കൂദാശ നൽകാൻ ഇടവക വികാരി റവ. തോമസ് ജോർജ് എത്തിയ സമയത്ത് നിഷയുടെ ആഗ്രഹസാഫല്യത്തിനായി മകളുടെ ആദ്യകുർബാന സ്വീകരണവും ആശുപത്രിയിൽ വച്ച് നടത്തിയിരുന്നു. ഉറ്റവരുടെയും ഉടയവരുടെയും സാമീപ്യത്തിൽ മനസ്സിലെ വലിയ ആഗ്രഹവും പൂർത്തിയാക്കിയാണ് നിഷ എബ്രഹാം വിട പറഞ്ഞത്.

പീറ്റർബറോ ഓള്‍ സെയ്ന്‍റസ് മാർത്തോമാ ഇടവകയിലെ അംഗങ്ങളാണ് നിഷയും കുടുംബവും. ബന്ധുക്കൾ എല്ലാം യുകെയിൽ ആയതുകൊണ്ട് മൃത സംസ്കാരം ഇവിടെ വെച്ച് തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പൊതുദർശനത്തിന്റെയും മൃത സംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

നിഷ എബ്രഹാമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ന് നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം ബ്രിട്ടനിൽ കത്തി കയറുകയാണ്. ദിനംപ്രതി പുതിയ വാഗ്ദാനങ്ങളും നയ പരിപാടികളുമായി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ് . ഏറ്റവും പുതിയതായി തങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാംപ് ഡ്യൂട്ടിയിൽ വൻ ഇളവ് നൽകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചു.


പൊതു തിരഞ്ഞെടുപ്പിൽ ടോറികൾ വിജയിച്ചാൽ ആദ്യമായി 425,000 പൗണ്ട് വരെ വിലയുള്ള വീട് വാങ്ങുന്നവരുടെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നൽകുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. നിലവിൽ സ്റ്റാമ്പ് ഡ്യൂട്ടി 250,000 -ന് മുകളിൽ വീട് വാങ്ങുന്നവർക്ക് ബാധകമാണ്. എന്നാൽ ഇത് താത്കാലിക ഇളവ് മാത്രമാണ്. നിലവിലെ നയമനുസരിച്ച് അടുത്തവർഷം മാർച്ച് മാസം മുതൽ 125 ,000 പൗണ്ടിന് മുകളിലുള്ളവർക്കും സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കേണ്ടതായി വരും.


തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്ന സാഹചര്യമുണ്ടായാൽ അത് 200,000 കുടുംബങ്ങൾക്ക് പ്രയോജനം കിട്ടുമെന്നാണ് ഏകദേശ കണക്കുകൾ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഋഷി സുനക് മുന്നോട്ട് വച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന് ജനങ്ങളുടെ ഇടയിൽ വൻ സ്വീകാര്യത ലഭിക്കുമെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തുന്നത് . ഈ പോളിസി നടപ്പിലായാൽ നികുതി ഇനത്തിൽ 1 ബില്യൺ പൗണ്ടിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ നീക്കത്തിലൂടെ യുവ വോട്ടർമാരെ കൈയ്യിലെടുക്കാമെന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഒരു പടി കൂടി കടന്ന് സ്റ്റാമ്പ് ഡ്യൂട്ടി പൂർണ്ണമായും നിർത്തലാക്കണമെന്ന വാഗ്ദാനം നൽകണന്ന് വാദിക്കുന്നവരും പാർട്ടിയിൽ ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് ലണ്ടനിലെ ലാംബയിൽ നടന്ന ഒരു കൺട്രി ഷോയിലെ റൈഡിൽ പങ്കെടുക്കുമ്പോൾ ഉണ്ടായ അപകടത്തിൽ ഒരു പെൺകുട്ടി ഉൾപ്പെടെ നാലുപേർക്ക് പരുക്കു പറ്റി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ വൈകിട്ട് 6 മണി കഴിഞ്ഞായിരുന്നു അപകടം നടന്നത്. വിവരം അറിഞ്ഞ ഉടനെ എമർജൻസി സർവീസുകൾ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.


സംഭവത്തെ തുടർന്ന് പാർക്ക് അടച്ചിരിക്കുകയാണ്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കൗൺസിൽ വക്താവ് അറിയിച്ചു . 40 വയസ്സുകാരിയായ ഒരു സ്ത്രീയും പുരുഷനും 50 വയസ്സുള്ള മറ്റൊരു പുരുഷനുമാണ് പെൺകുട്ടിയെ കൂടാതെ അപകടത്തിൽ പെട്ടത്. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


സംഭവത്തെ തുടർന്ന് ഷോയിലെ എല്ലാ റൈഡുകളിലും സുരക്ഷാ പരിശോധന കർശനമാക്കുമെന്ന് ലാം ബെത്ത് കൗൺസിൽ അറിയിച്ചു. സൗത്ത് ലണ്ടനിലെ ബ്രിക്സ്റ്റണിനടുത്തുള്ള ഒട്ടേറെ സന്ദർശകരെ ആകർഷിക്കുന്ന സ്ഥലമാണ് ബ്രോക്ക് വെർ പാർക്ക്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ശരീരത്തിൽ സാധാരണമായ മുഴകൾ ഉണ്ടോയെന്ന് പരിശോധിക്കുന്നത് നിത്യ സംഭവങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. നമ്മുടെ ജീനുകൾ എങ്ങനെയാണ് ക്യാൻസറിലേക്ക് നയിക്കുന്നതെന്ന് നാം അറിഞ്ഞിരിക്കണം. “ആഞ്ജലീന ജോളി ഇഫക്റ്റ്” എന്നറിയപ്പെടുന്ന ഈ കണ്ടെത്തൽ പുറത്തിറങ്ങിയിട്ട് ഇപ്പോൾ ദശാബ്ദത്തിലേറെയായി. 2013-ലാണ് RCA1 ജീനിലെ പിഴവുകൾ പോസിറ്റീവായി പരിശോധിച്ചതിന് ശേഷം തനിക്ക് സ്തനാർബുദം വരാനുള്ള 87% സാധ്യതയും ഓവറിയൻ ക്യാൻസർ വരാൻ 50% സാധ്യതയും ഉള്ളതായി നടി ആഞ്ജലീന ജോളി പുറത്ത് വിട്ടത്. ഇതിന് പിന്നാലെ നടി തൻെറ ഓവറിയും ഫാലോപ്യൻ ട്യൂബുകളും നീക്കം ചെയ്‌തിരുന്നു.

ആഞ്ജലീന ജോളി “പ്രെഡിക്റ്റീവ് ” ജനറ്റിക് ടെസ്റ്റിംഗിനാണ് വിധേയയായത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങളുടെ പാരമ്പര്യവും മറ്റും കണക്കിലെടുത്ത് ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ ചെയ്യാനും ഈ ടെസ്റ്റ് സഹായിച്ചു. ക്യാൻസർ രോഗനിർണയം നടത്തുന്നവർ ജനറ്റിക് ടെസ്റ്റിംഗ് ചെയ്യുന്നത് സാധാരണമാണെങ്കിലും ഇതുവരെയും ക്യാൻസർ സ്ഥിരീകരിച്ചിട്ടയിലാത്തവരുടെ ഇടയിലും എൻഎച്ച്എസിൻെറ പ്രെഡിക്റ്റീവ് ജനറ്റിക് ടെസ്റ്റിംഗിൻെറ ഡിമാൻഡ് വർദ്ധിച്ച് വരികയാണ്.

ക്യാൻസറിൻെറ കുടുംബ ചരിത്രമുള്ളതിനാൽ ക്യാൻസർ രോഗനിർണ്ണയം ഇതുവരെയും നടത്താത്ത വ്യക്തികൾക്ക് ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന് പകരം എൻഎച്ച്എസ് ജനിതക സേവനത്തിലൂടെയാണ് റഫറലുകൾ നൽകുന്നത്. പലപ്പോഴും രോഗികൾക്ക് ഉയർന്ന ഡിമാൻഡ് കാരണം ടെസ്റ്റിംങിനായി നീണ്ട കാത്തിരിപ്പ് നേരിടേണ്ടതായി വരാറുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാഹനത്തിൻെറ ഇൻഷുറൻസ് പോളിസിയിൽ പേരുനൽകിയ ഡ്രൈവർ ആകാതെ ഒരു കുടുംബാംഗത്തിൻ്റെയോ സുഹൃത്തിൻ്റെയോ കാർ ഓടിക്കുകയാണെങ്കിൽ, വാഹനമോടിക്കുന്നവർക്കെതിരെ £1,000 വരെ പിഴ ഈടാക്കും. യുകെയിൽ പലർക്കും അറിയാതെ പോകുന്ന ഒരു തെറ്റാണ് ഇത്. ഇത്തരത്തിൽ വാഹനത്തിൻെറ ഇൻഷുറൻസ് പോളിസിയിൽ പേരുനൽകിയ ഡ്രൈവർ അല്ലാതെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ കനത്ത പിഴ കൂടാതെ ലൈസൻസിൽ പോയന്റുകൾക്ക് വരെ കാരണമാകും.

ചില സാഹചര്യങ്ങളിൽ ഇത്തരം കേസുകളിൽ വാഹനം ഓടിക്കുന്നവർക്കും കാറിൻ്റെ ഉടമയ്ക്കും മേൽ പിഴ ചുമത്താം. റോഡ് ട്രിപ്പ്, ഫാമിലി ആക്ടിവിറ്റികൾ തുടങ്ങിയ ചെറിയ യാത്രകൾക്ക് മറ്റൊരാളുടെ കാർ വാങ്ങുകയാണെങ്കിൽ പ്രത്യേക ഇൻഷുറൻസ് പരിരക്ഷ ആവശ്യമാണ്. താത്കാലിക പരിരക്ഷയ്ക്കായി ഡ്രൈവറും വാഹനവും പാലിക്കേണ്ട പ്രത്യേക വ്യവസ്ഥകൾ ഉണ്ട്. അതിനാൽ തന്നെ നിലവിലുള്ള ഒരു പോളിസിയിലേക്ക് പേര് ചേർക്കുന്നത് എല്ലായ്പ്പോഴും ശരിയാവുകയില്ല. അനുചിതമായ കവറേജുമായി ബന്ധപ്പെട്ട കാര്യമായ പിഴകളെ കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ദി എക്സ്പ്രസ് റിപ്പോർട്ട് ചെയ്‌തു.

ശരിയായ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാൽ വാഹനമോടിക്കുന്നവരുടെ ലൈസൻസിൽ എട്ട് പോയിൻ്റുകൾ വരെ ചേർക്കും. ചില കേസുകളിൽ, ഇൻഷ്വർ ചെയ്യാത്ത ഡ്രൈവർക്ക് തൻെറ കാർ ഉപയോഗിക്കാൻ നൽകിയതിന് വാഹന ഉടമയെ കോടതിയിൽ ഹാജരാക്കേണ്ടതായി വന്നിട്ടുണ്ട്. ചിലപ്പോൾ കാർ ഇൻഷുറൻസ് പോളിസി അസാധുവാകുന്നതിനും ഇത് കാരണമാകാറുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ കാര്യങ്ങളിൽ വൻ നിഷ്കർഷയുള്ള രാജ്യമാണ് യു കെ . കർശനമായ നിയമങ്ങളാണ് ഡ്രൈവർമാരുടെ മൊബൈൽ ഉപയോഗത്തിനെ കുറിച്ച് പറയുന്നത്. ഏതെങ്കിലും രീതിയിലുള്ള വിവര കൈമാറ്റത്തിന് (ഡേറ്റാ ) ഫോണോ അതുമല്ലെങ്കിൽ മറ്റ് ഏതെങ്കിലും ഉപകരണമോ ഡ്രൈവർമാർ ഉപയോഗിച്ചാൽ 6 പെനാൽറ്റി പോയിന്റും 200 പൗണ്ട് പിഴയുമാണ് നിയമത്തിൽ അനുശാസിക്കുന്നത്. ഇത്തരം സംഭവങ്ങളിലൂടെ ഉണ്ടാകുന്ന അപകടങ്ങൾ വളരെ ഗൗരവത്തിലായിട്ടാണ് കോടതി പരിഗണിക്കുന്നത്. പല കേസുകളിലും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനുള്ള സാധ്യതയും നിലവിലുണ്ട്.


ഡ്രൈവർ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ സെൽഫി എടുക്കുകയും മൊബൈൽ ഫോട്ടോ പരിശോധിക്കുന്നതിനുമിടയിൽ അപകടം സംഭവിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് വർഷവും 9 മാസവും ജയിൽ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 2021-ൽ നോർ ഫോക്കിൽ വച്ചാണ് അപകടം നടന്നത്. 23 വയസ്സുകാരിയായ ആംബർ പോട്ടർ ഓടിച്ച വാഹനമിടിച്ചാണ് സ്കൂട്ടർ യാത്രക്കാരനായ ഡേവിഡ് സിനാറി കൊല്ലപ്പെട്ടത്.


64കാരനായ ഡേവിഡ് സിനാറി അന്ന് വാങ്ങിയ സ്കൂട്ടറിൽ ബോൺ മൗത്തിൽ നിന്ന് മടങ്ങുകയായിരുന്നു. സംഭവത്തിന് തൊട്ടു മുൻപ് സോമർസെറ്റിലെ ഗ്ലാസ്റ്റൺബറിയിൽ നിന്നുള്ള യാത്രയ്ക്കിടെ ആംബർ പോട്ടർ സെൽഫികൾ എടുക്കുകയും ഫേസ്ബുക്ക് മെസഞ്ചറിൽ ചാറ്റ് ചെയ്യുകയും ടെക്‌സ്‌റ്റുകളും ഓഡിയോ ക്ലിപ്പുകളും അയച്ചതായും പോട്ടറിൻ്റെ ഫോണിൻ്റെ ഫോറൻസിക് വിശകലനത്തിൽ കണ്ടെത്തിയിരുന്നു. 45 മാസത്തേക്ക് വാഹനം ഓടിക്കുന്നതിൽ നിന്നും അവൾക്ക് വിലക്കും കോടതി നൽകിയിട്ടുണ്ട്. തൻറെ സൈക്കിൾ സവാരിയിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആയിരങ്ങൾ സ്വരൂപിച്ചിരുന്ന വ്യക്തിയായിരുന്നു മരണമടഞ്ഞ ഡേവിഡ് സിനാർ.

Copyright © . All rights reserved