Main News

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിനായി തൻറെ സർക്കാർ അവതരിപ്പിക്കുന്ന പദ്ധതികളിൽ യുകെയിലെ ആരോഗ്യമേഖലയെ സമൂലമായി മാറ്റുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമാർ പറഞ്ഞു. പ്രധാനമായും ദശലക്ഷ കണക്കിന് രോഗികളെ അവരുടെ വീടിനടുത്ത് തന്നെ ചികിത്സിക്കുന്നതിന് മുൻതൂക്കം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ആശുപത്രികളിൽ നിന്ന് പരിചരണം തൊട്ടടുത്ത ആരോഗ്യ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

പുതിയ പദ്ധതിക്കായി പ്രൈമറി ഹെൽത്ത് സെൻററുകളുടെ ഒരു ശൃംഖല തന്നെ സ്ഥാപിക്കേണ്ടതായി വരും. രോഗികൾക്ക് അവർ എവിടെ താമസിക്കുന്നുവോ അവിടെ അവർക്ക് എളുപ്പവും വേഗമേറിയതും കൂടുതൽ സൗകര്യപ്രദവുമായ പരിചരണം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് സർ കെയർ സ്റ്റാർമർ പറഞ്ഞു. എന്നാൽ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യം ഉയർത്തി നേഴ്സിങ് ജീവനക്കാരുടെ ക്ഷാമം അടിയന്തിരമായി പരിഹരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത് എന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശത്തോടെ റോയൽ കോളേജ് ഓഫ് നേഴ്സിങ് പ്രതികരിച്ചത്.

ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസിനായുള്ള സർക്കാരിന്റെ 10 വർഷത്തെ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി ഇന്ന് വൈകുന്നേരം ലണ്ടനിൽ നടത്തും. ഇതിൽ ഏകദേശം 200 പുതിയ അയൽപക്ക ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും ഉൾപ്പെടും. ഇവയിൽ ജിപിമാർ, നേഴ്‌സുമാർ, സാമൂഹിക പരിചരണ പ്രവർത്തകർ, ഫാർമസിസ്റ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ, മറ്റ് ഡോക്ടർമാർ എന്നിവരുടെ ഒരു സംഘം ഉണ്ടാകും. ഈ കേന്ദ്രങ്ങൾ ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ആറ് ദിവസവും തുറന്നിരിക്കുമെന്ന് സർക്കാർ അറിയിച്ചു. സേവനങ്ങളുടെ കൃത്യമായ ഘടന പ്രാദേശിക മേഖലയെ ആശ്രയിച്ചായിരിക്കും നിർണയിക്കുന്നത്. ദുർബലരും എത്തിച്ചേരാൻ പ്രയാസമുള്ളവരുമായ രോഗികളെ ബന്ധപ്പെടാൻ ചില ഔട്ട്‌റീച്ച് ടീമുകൾ വീടുതോറും പോകുന്ന രീതിയിൽ ആയിരിക്കും ഇവയുടെ പ്രവർത്തനം. എൻഎച്ച്എസ്സിനായി ഇന്ന് അവതരിപ്പിക്കുന്ന കർമ്മ പദ്ധതികളെ യുകെ മലയാളികളും വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എൻഎച്ച്എസിന് ആധുനികതയുടെ പുതിയ മുഖം നൽകാൻ Al സാങ്കേതികവിദ്യ ഉപയോഗിക്കും എന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ആശുപത്രി ഡേറ്റാബേസുകൾ വിശകലനം ചെയ്യുന്നതിനും സാധ്യമായ സുരക്ഷാ വീഴ്ചകൾ നേരത്തേ കണ്ടെത്തുന്നതിനും AI ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ആരോഗ്യ സംവിധാനമായി എൻഎച്ച്എസ് മാറുമെന്നാണ് ആരോഗ്യ സെക്രട്ടറി പറഞ്ഞത് .

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് പാർലമെൻറ് ഇതുവരെ കാണാത്ത നാടകീയ രംഗങ്ങൾക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. പ്രധാന മന്ത്രിയുടെ ചോദ്യോത്തര വേളയിൽ ചാൻസിലർ റേച്ചൽ റീവ്സ് പൊട്ടി കരയുന്ന ദൃശ്യങ്ങൾ വൻ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങൾ ഏറ്റെടുത്തത്. ക്ഷേമ പദ്ധതികളിലെ വെട്ടിക്കുറവുമായി ബന്ധപ്പെട്ട വിമത പ്രശ്നങ്ങൾ അടക്കമുള്ള രാഷ്ട്രീയ കാരണങ്ങൾ ചാൻസലറിന്റെ കണ്ണീരിനു പിന്നിലുണ്ടെന്ന വാർത്തകളാണ് പെട്ടെന്ന് പ്രചരിച്ചത്.

എന്നാൽ ചാൻസിലറിന്റെ കണ്ണീരിന് രാഷ്ട്രീയമായോ വെൽഫെയർ ബില്ലുമായോ ബന്ധമില്ലെന്ന് പ്രധാനമന്ത്രി വിശദീകരണം നടത്തി. അത് അവരുടെ തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ചാൻസിലർ എന്ന രീതിയിൽ റേച്ചൽ റീവ്സ് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഭരണപക്ഷ ബഞ്ചിൽ ഉടലെടുത്ത തർക്കങ്ങളാണ് ചാൻസിലർ കരയുന്ന അവസ്ഥയിലേയ്ക്ക് കൊണ്ട് എത്തിച്ചതെന്ന ആരോപണം ശക്തമാണ്.

വിമത ശല്യം നേരിടുന്ന കെയർ സ്റ്റാർമർ ഒന്നാം വാർഷികം പൂർത്തിയാക്കാൻ പോകുമ്പോൾ കടുത്ത അഗ്നി പരീക്ഷയെ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വെൽഫെയർ ബിൽ പാർലമെൻറിൽ പാസാക്കാൻ മുൻ തീരുമാനങ്ങളിൽ നിന്ന് ഒട്ടേറെ മാറ്റങ്ങൾ സർക്കാരിന് വരുത്തേണ്ടതായി വന്നു. ക്ഷേമ പദ്ധതികളിൽ വെട്ടി കുറവ് വരുത്തി സാമ്പത്തിക മേഖല ശക്തിപ്പെടുത്താനുള്ള തീരുമാനത്തിന് ചാൻസിലർ ആണ് മുൻകൈ എടുത്തത്. ഇതിനോട് ലേബർ പാർട്ടിയിൽ നിന്ന് തന്നെ ശക്തമായ തിരിച്ചടിയാണ് നേരിട്ടത്. ഏകദേശം അരമണിക്കൂറോളം ചാൻസിലറിൻ്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകിയതായാണ് പാർലമെൻറിലെ പ്രസ് ഗാലറിയിൽ നിന്ന് പത്രപ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. ചാൻസിലറുടെ കണ്ണുനീരിന് പിന്നിൽ വ്യക്തിപരമായ കാരണമാണെന്ന് പറയുമ്പോഴും വരും ദിവസങ്ങളിൽ ഇത് ചൂടുള്ള ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

മലയാളികളെ വെട്ടിലാക്കി കർശന നിബന്ധനകളുമായി മുന്നോട്ട് വന്നിരിക്കുകയാണ് യുകെ സർക്കാർ. തൊഴിൽ വിസ അപേക്ഷകർക്ക് കുറഞ്ഞത് ബിരുദമെങ്കിലും വേണമെന്നതുൾപ്പെടെ പുതിയ വിസ ചട്ടങ്ങൾ ബ്രിട്ടീഷ് സർക്കാർ പാർലമെന്റിൽ മുന്നോട്ട് വച്ചിരിക്കുകയാണ്. വിസ നിയമങ്ങളിൽ ഉള്ള മാറ്റം നിലവിൽ ജോലി ചെയ്യുന്നവർക്ക് ബാധകമാകില്ല. ജൂലൈ 22നു പാർലമെന്റ് അംഗീകാരം നൽകുന്നതോടെ നിലവിൽ വരും. മേയിൽ പ്രഖ്യാപിച്ച കുടിയേറ്റ ധവളപത്രത്തിന്റെ ഭാഗമാണ് പുതിയ ചട്ടങ്ങൾ.

പാർലമെന്റിന് മുന്നിൽ വയ്ക്കുന്ന പുതിയ നിയമങ്ങൾ പ്രകാരം, 100-ലധികം തൊഴിലുകൾ സ്‌കിൽഡ് വർക്കർ വിസ റൂട്ടിന് കീഴിലുള്ള യോഗ്യതയിൽ നിന്ന് നീക്കം ചെയ്യപ്പെടും. പുതിയ മാറ്റങ്ങൾ വിദഗ്ധ തൊഴിൽ മേഖലയ്ക്ക് ഉയർന്ന യോഗ്യതയും ശമ്പളവും ഉറപ്പാക്കും. കുറഞ്ഞ ശമ്പളമുള്ള പല ജോലികൾക്കും ഇനി തൊഴിൽ വിസ അനുവദിക്കില്ല. കൂടാതെ, വിദേശികളായ സോഷ്യൽ കെയർ വർക്കർമാരുടെ നിയമനം അവസാനിപ്പിക്കും. നിലവിൽ ഈ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ മാറാൻ 3 വർഷം സമയം നൽകും.

പുതിയ മാറ്റത്തിൻെറ കീഴിൽ ബിരുദത്തെക്കാൾ കുറഞ്ഞ യോഗ്യത ആവശ്യമുള്ള ജോലികൾക്ക് ഇനി താൽക്കാലിക അനുമതിയേ ഉണ്ടാകൂ. ഈ പട്ടികയിലുള്ള തൊഴിലാളികൾക്ക് ആശ്രിതരെ കൊണ്ടുവരാൻ സാധിക്കില്ല. 2026നു ശേഷം ഇത്തരം ജോലികളിലെ നിയമനം വിദഗ്ധസമിതി റിപ്പോർട്ട് അനുസരിച്ചു തീരുമാനിക്കും. സ്‌കിൽഡ് വർക്കർ വിസ പട്ടികയിൽ നിന്ന് 111 തൊഴിലുകൾ നീക്കം ചെയ്യുക, കെയർ വർക്കർമാരുടെ വിദേശ റിക്രൂട്ട്‌മെന്റ് അവസാനിപ്പിക്കുക, തുടങ്ങിയവ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

 

ഇലക്ട്രിക് സബ്സ്റ്റേഷനിലെ തകരാറിനെ തുടർന്ന് വിമാനത്താവളം അടച്ചുപൂട്ടാനിടയായ സംഭവത്തിൽ നാഷണൽ ഗ്രിഡിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഹീത്രു വിമാനത്താവളം ആലോചിക്കുന്നു. പ്രശ്നത്തിന് കാരണമായ തീപിടുത്തം ഇലക്ട്രിക് സബ്സ്റ്റേഷനിലെ തകരാറിനെ തുടർന്നാണെന്ന് റിപ്പോർട്ട് പുറത്തു വന്നിരുന്നു. വിമാനത്താവളത്തിൽ വൈദ്യുതി വിതരണം ചെയ്യുന്ന സബ്സ്റ്റേഷന്റെ പ്രശ്നത്തെ കുറിച്ച് 7 വർഷം മുമ്പ് മുതൽ കമ്പനിക്ക് അറിവുണ്ടായിരുന്നു. എന്നാൽ അത് പരിഹരിക്കുന്നതിന് ഉചിതമായ നടപടി നാഷണൽ ഗ്രിഡിൻ്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.


നോർത്ത് ഹൈഡ് സബ്‌സ്റ്റേഷനിലെ ഇലക്ട്രിക്കൽ ഭാഗങ്ങൾ ശരിയാക്കാൻ നിരവധി അവസരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അറ്റകുറ്റപ്പണികൾ ആവർത്തിച്ച് മാറ്റിവച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ബുധനാഴ്ച റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന്, ഊർജ്ജ നിരീക്ഷണ ഏജൻസിയായ ഓഫ്‌ജെം നാഷണൽ ഗ്രിഡിനെക്കുറിച്ച് സ്വന്തം അന്വേഷണം ആരംഭിച്ചു. സബ്‌സ്റ്റേഷനിലെ ഇലക്ട്രിക്കൽ ഘടകങ്ങളിലേക്ക് ഈർപ്പം പ്രവേശിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ (നെസോ) പറഞ്ഞു.

വൈദ്യുത സബ്സ്റ്റേഷനിലെ പൊട്ടിത്തെറിയെ തുടർന്ന് ഹീത്രൂ എയർപോർട്ടിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ച സാഹചര്യം രാജ്യത്തിന് ഉണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. സംഭവത്തെ കുറിച്ച് അടിയന്തിര അന്വേഷണത്തിന് ഊർജ്ജ സെക്രട്ടറി എഡ് മിലിബാൻഡ് ഉത്തരവിട്ടിരുന്നു. . . പടിഞ്ഞാറൻ ലണ്ടനിലെ വിമാനത്താവളത്തിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന നോർത്ത് ഹൈഡ് സബ്‌സ്റ്റേഷനിലുണ്ടായ തീപിടുത്തം ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കാനും ലോകമെമ്പാടും യാത്രക്കാർ കുടുങ്ങിക്കിടക്കാനും കാരണമായി. ഹീത്രു വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാത്ത വിമാനങ്ങൾ തിരിച്ചുവിട്ടത് മറ്റ് എയർപോർട്ടുകളുടെ പ്രവർത്തനങ്ങളെയും ബാധിച്ചിരുന്നു

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്ഷേമ പദ്ധതികളിൽ വെട്ടി കുറവിന് അനുമതി തേടിയുള്ള നിയമനിർമ്മാണം ബ്രിട്ടീഷ് പാർലമെൻറ് പാസാക്കി. വിമത ശല്യം നേരിടുന്ന കെയർ സ്റ്റാർമർ ഒന്നാം വാർഷികം പൂർത്തിയാക്കാൻ രണ്ട് നാൾ കൂടി മാത്രം ഉള്ളപ്പോൾ കടുത്ത അഗ്നി പരീക്ഷയെ ആണ് നേരിട്ടത്. വെൽഫെയർ ബിൽ പാർലമെൻറിൽ പാസാക്കാൻ മുൻ തീരുമാനങ്ങളിൽ നിന്ന് ഒട്ടേറെ മാറ്റങ്ങൾ സർക്കാരിന് വരുത്തേണ്ടതായി വന്നു.


പതിനൊന്നാം മണിക്കൂറിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ വിമതരുടെ വിജയമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പരാജയം ഒഴിവാക്കാൻ യൂണിവേഴ്സൽ ക്രെഡിറ്റിൽ നടപ്പാക്കാനിരുന്ന വെട്ടി കുറവുകൾ സർക്കാർ പിൻവലിച്ചു. ഇതുകൂടാതെ പേഴ്സണൽ ഇൻഡിപെൻഡൻ്റ പെയ്മെൻറ് (പി ഐ പി ) ൽ അർഹരെ കണ്ടെത്താനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിൽ നിന്നും സർക്കാർ പിന്നോക്കം പോയി. വെൽഫെയർ ബിൽ 75 വോട്ടുകൾക്ക് ആണ് സർക്കാർ പാസാക്കിയത്. ബിൽ പാസായ സാഹചര്യത്തിലും വിമതപക്ഷത്തിന് തന്ത്രപ്രധാനമായ വിജയം അവകാശപ്പെടാനാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


സർക്കാരിൻറെ രണ്ടാം വാർഷികത്തിന് മുൻപ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്ഥാനമൊഴിയേണ്ടി വരുമെന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ. വൻഭൂരിപക്ഷത്തിൽ അധികാരമേറ്റ ലേബർ പാർട്ടി സർക്കാരിൻ്റെ പല നടപടികളും കടുത്ത തൊഴിലാളി വിരുദ്ധ മനോഭാവത്തിലാണെന്ന വിമർശനം ശക്തമാണ്. 70,000 പൗണ്ടോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമ്പോള്‍, പ്രതിവര്‍ഷം 20,000 പൗണ്ടോ അതില്‍ കുറവോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ കൈവിട്ട് റിഫോം യുകെയിലേക്ക് പോകുന്നതായി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു. എൻഎച്ച്എസ്സിന്റെ പരിതാപകരമായ അവസ്ഥ, ജീവിത ചിലവ് വർദ്ധനവ്, പൊതു വേതനവും കാര്യക്ഷമതയില്ലായ്മയും തുടങ്ങി വിവിധ കാരണങ്ങളാൽ ജനങ്ങൾ ലേബർ പാർട്ടിയിൽ നിന്ന് അകലുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വിവാദപരമായ പല ബില്ലുകളും സഭയിൽ പാസാക്കുന്നതിനായി എംപിമാരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന സ്ഥിതിയിലാണ് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവർ.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈ വർഷത്തെ ആദ്യപകുതിയിൽ ഇംഗ്ലീഷ് ചാനൽ കടന്ന് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ 6 മാസത്തിനിടെ ചെറു ബോട്ടുകളിൽ ഏകദേശം 20000 പേരാണ് യുകെയിൽ എത്തിയത് . 2024 ലെ ആദ്യ ആറു മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 48 ശതമാനം വർദ്ധനവാണ്.


ജൂൺ 29, 30 തീയതികളിൽ മാത്രം ഏകദേശം 1500 ആളുകളാണ് യുകെയിൽ അനധികൃതമായി എത്തിയത്. ഹോം ഓഫീസ് പുറത്തുവിട്ട രേഖകളിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്. അനധികൃത കുടിയേറ്റത്തിലെ വർദ്ധനവ് സർക്കാരിന് വൻ തിരിച്ചടിയാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. രണ്ട് ദിവസത്തിനു ശേഷം ജൂലൈ നാലിന് സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെ പ്രതിപക്ഷം പുറത്തു വന്ന കണക്കുകൾ രാഷ്ട്രീയ ആയുധമാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ലേബർ പാർട്ടിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അനധികൃത കുടിയേറ്റം കുറയ്ക്കുമെന്നത് .


തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മിക്ക പ്രശ്നങ്ങൾക്കും മുൻ സർക്കാരുകളെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ലേബർ സർക്കാരിൻറെ മന്ത്രിമാർ അനുവർത്തിച്ചിരുന്നത്. എന്നാൽ അനധികൃത കുടിയേറ്റത്തിൻ്റെ പുറത്തുവരുന്ന കണക്കുകൾ സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കൺസർവേറ്റീവ് പാർട്ടി അധികാരത്തിലിരുന്ന 2023 – ലെ ആദ്യ ആറ് മാസത്തേക്കാൾ നിലവിലെ അനധികൃത കുടിയേറ്റ കണക്കുകൾ 75 ശതമാനം കൂടുതലാണ്. കാലാവസ്ഥ അനുകൂലമാകുന്നതും കൂടുതൽ മനുഷ്യ കള്ളക്കടത്തുകാർ സജീവമാകുന്നതുമാണ് അനധികൃത കുടിയേറ്റത്തിന്റെ വർദ്ധനവിന് കാരണമാകുന്നതെന്നാണ് സർക്കാർ പക്ഷം. മനുഷ്യ കടത്തുകാർക്കെതിരെ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കുന്നതിനുള്ള നിയമ നിർമ്മാണവുമായി ലേബർ സർക്കാർ മുന്നോട്ടു പോകുകയാണ്. ഫ്രാൻസിൽ നിന്ന് യുകെയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന ഒരു കരാറിനെ കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ ഇരുരാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്.

  ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ സ്വിണ്ടനിൽ താമസിക്കുന്ന കോട്ടയം ഉഴവൂർ സ്വദേശികളായ കെ.സി. തോമസ്, സ്മിത ദമ്പതികളുടെ ഏഴു വയസ്സുകാരനായ മകൻ ഐഡൻ തോമസ് മരണമടഞ്ഞു. ന്യൂറോളജിക്കല്‍ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഐഡൻ മരണമടഞ്ഞത്. സ്വിണ്ടൻ ഗ്രേറ്റ്‌ വെസ്റ്റേൺ എൻഎച്ച്എസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു മരണം.

രണ്ടു വര്‍ഷമായി ന്യൂറോളജിക്കല്‍ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഐഡൻ കഴിഞ്ഞ രണ്ടു മാസമായി യുകെയിലെ വിവിധ ആശുപത്രികളിലായി ചികിത്സ തേടുകയായിരുന്നു. 10 ദിവസം മുൻപാണ് സ്വിണ്ടൻ ആശുപത്രിയിൽ ചികിത്സയിൽ തേടിയത്. ഇതേ രോഗത്തെ തുടർന്ന് ഐഡന്റെ സഹോദരി ഐറിൻ സ്മിത തോമസ് മാർച്ച് നാലിന് ലോകത്തോട് വിടപറഞ്ഞിരുന്നു. നാല് മാസത്തിനിടെ തങ്ങളുടെ രണ്ടു മക്കളെയും നഷ്ടപെട്ട ദുഖത്തിലാണ് ഈ കുടുംബം ഇപ്പോൾ.

കഴിഞ്ഞ വർഷം മാർച്ച്‌ 22 നാണ് അമ്മ സ്മിതയ്ക്ക് ജോലി ലഭിച്ചതിനെ തുടർന്ന് ആശ്രിത വിസയിൽ സഹോദരങ്ങളായ അഭിജിത്ത്, ഐറിൻ എന്നിവർക്ക് ഒപ്പം ഐഡൻ യുകെയിൽ എത്തിയത്. ഐഡന്റെ സഹോദരി ഐറിനെ അടക്കിയ സെന്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയിൽ വെച്ച് സംസ്കാരം നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. മൃതസംസ്‌കാര ശുശ്രുഷകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

ഐഡൻ തോമസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ വീടുകളുടെ വിലയിൽ വലിയ ഇടിവുണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ട് വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വില ഇടിവിനാണ് രാജ്യത്തെ ഭവന വിപണി സാക്ഷ്യം വഹിച്ചത് . നികുതി ഇളവ് അവസാനിച്ചതോടെ വീടുകൾ വാങ്ങാൻ മുന്നോട്ട് വരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചതെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

യുകെയിലെ ഏറ്റവും വലിയ ബിൽഡിംഗ് സൊസൈറ്റി ആയ നേഷൻവൈഡിൻ്റെ കണക്കനുസരിച്ച് ജൂണിൽ ഒരു വീടിൻറെ ശരാശരി വില 0. 8 ശതമാനം കുറഞ്ഞ് 271, 619 പൗണ്ട് ആയി. 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രോപ്പർട്ടി പോർട്ടലായ റൈറ്റ്മൂവ് ജൂണിൽ പ്രതിമാസ വിലയിടിവ് 0.3% ആണെന്നാണ് റിപ്പോർട്ട് ചെയ്തത്. വീട് വാങ്ങുന്നവരെ കണ്ടെത്താൻ വിൽപ്പനക്കാർ ഒരു ദശകത്തിനിടയിലെ ഏറ്റവും കടുത്ത മത്സരം നേരിട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെയും വടക്കൻ അയർലൻഡിലെയും താൽക്കാലിക സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറവുകൾ ഏപ്രിലിൽ അവസാനിച്ചിരുന്നു. വേനൽക്കാലം പുരോഗമിക്കുമ്പോൾ ഭവനവിപണി വീണ്ടും ശക്തി പ്രാപിക്കുമെന്ന അഭിപ്രായവും ശക്തമാണ്. നിലവിൽ ഭവന വിപണിയിലെ വില കുറവ് വീടുവാങ്ങാൻ ആഗ്രഹിക്കുന്ന യുകെ മലയാളികൾക്ക് അനുകൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ അവലോകന യോഗത്തിൽ പലിശ നിരക്ക് 4.25 എന്ന തത് സ്ഥിതി തുടരാൻ തീരുമാനിച്ചിരുന്നു. അടുത്ത അവലോകന യോഗത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ അത് ഭവന വിപണിയിൽ കാര്യമായി പ്രതിഫലിക്കും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പണപ്പെരുപ്പ നിരക്ക് കുറയുകയും ബാങ്ക് പലിശ നിരക്ക് കുറയ്ക്കുകയും ചെയ്താൽ കൂടുതൽ പേർ ഭവന വിപണിയിൽ പ്രവേശിക്കുമെന്നാണ് നേഷൻവൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നർ അഭിപ്രായപ്പെട്ടത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞവർഷം ജൂലൈ 4-ാം തീയതി നടന്ന വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ പാർട്ടി സർക്കാർ നയ തീരുമാനങ്ങളുടെ പേരിൽ കടുത്ത പ്രതിസന്ധി നേരിടുന്നതായുള്ളറിപ്പോർട്ടുകൾ പുറത്തു വന്നു. അധികാരമേറ്റപ്പോൾ ഭരണപക്ഷത്തിന്റെ ചോദ്യം ചെയ്യാനാവാത്ത നേതാവായിരുന്ന കെയർ സ്റ്റാർമറിന് അടിതെറ്റുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇടതുപക്ഷ തൊഴിലാളി ആഭിമുഖ്യ പാർട്ടിയായി അറിയപ്പെടുന്ന ലേബർ പാർട്ടിയുടെ പുതിയ പല നയ തീരുമാനങ്ങളും അടിസ്ഥാന വർഗ്ഗത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണെന്ന വിമർശനങ്ങൾ ആണ് പ്രധാനമായും ഉയർന്നുവരുന്നത്.


ഏറ്റവും പുതിയതായി ക്ഷേമ പദ്ധതികളിൽ പണം ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നടപടികളിൽ നിന്ന് പ്രധാനമന്ത്രിക്ക് പിന്നോക്കം പോകേണ്ടി വന്നത് പാർട്ടിയിലെ ശക്തമായ എതിർപ്പിനെ തുടർന്നാണ്. ക്ഷേമ പദ്ധതികളിൽ 5 ബില്യൺ പൗണ്ട് വെട്ടി കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ വിമതരുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി പല തീരുമാനങ്ങളിൽ നിന്നും മലക്കം മറിയേണ്ട അവസ്ഥയിലാണ് പ്രധാനമന്ത്രി. വൻഭൂരിപക്ഷത്തിൽ അധികാരമേറ്റ ലേബർ പാർട്ടി സർക്കാരിൻ്റെ പല നടപടികളും കടുത്ത തൊഴിലാളി വിരുദ്ധ മനോഭാവത്തിലാണെന്ന വിമർശനം ശക്തമാണ്. 70,000 പൗണ്ടോ അതില്‍ കൂടുതലോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമ്പോള്‍, പ്രതിവര്‍ഷം 20,000 പൗണ്ടോ അതില്‍ കുറവോ വരുമാനമുള്ളവര്‍ ലേബര്‍ പാര്‍ട്ടിയെ കൈവിട്ട് റിഫോം യുകെയിലേക്ക് പോകുന്നതായി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു. എൻഎച്ച്എസ്സിന്റെ പരിതാപകരമായ അവസ്ഥ, ജീവിത ചിലവ് വർദ്ധനവ്, പൊതു വേതനവും കാര്യക്ഷമതയില്ലായ്മയും തുടങ്ങി വിവിധ കാരണങ്ങളാൽ ജനങ്ങൾ ലേബർ പാർട്ടിയിൽ നിന്ന് അകലുന്നതായി ആണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


പാർട്ടിയിൽ കെയർ സ്റ്റാർമറിനെതിരെ ശക്തമായ വിമത മുന്നേറ്റമുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ജൂലൈ 4 – ന് സർക്കാരിൻറെ ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ ഈ രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുകയാണെങ്കിൽ ഭരണ തലപ്പത്ത് അധിക നാൾ കെയർ സ്റ്റാർമർ ഉണ്ടാവുകയില്ലെന്നാണ് രാഷ്ട്രീയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. വിവാദപരമായ പല ബില്ലുകളും സഭയിൽ പാസാക്കുന്നതിനായി എംപിമാരെ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്ന സ്ഥിതിയിലാണ് പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവർ. സർക്കാരിൻറെ രണ്ടാം വാർഷികത്തിന് മുൻപ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സ്ഥാനമൊഴിയേണ്ടി വരുമെന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

1967 ജൂൺ 28 ന് ആണ് ബ്രിസ്റ്റലിലെ ഈസ്റ്റണിലുള്ള ബ്രിട്ടാനിയ റോഡിൽ 75 വയസ്സുള്ള ലൂയിസ ഡുന്നിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അവരുടെ ലിവിംഗ് റൂമിലെ തറയിൽ കഴുത്തു ഞെരിച്ച് കൊല്ലപ്പെട്ട ലൂയിസ ക്രൂരമായ ബലാത്സംഗത്തിനും ഇരയായിരുന്നു. ആറു പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന ഈ കേസിൽ 92 വയസ്സുള്ള റൈലാൻഡ് ഹെഡ്‌ലി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഡുന്നിനെ കൊലപ്പെടുത്തിയപ്പോൾ അയാൾക്ക്‌ 30 വയസായിരുന്നു പ്രായം. ഹെഡ്‌ലിയെ 2024 നവംബറിൽ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു . 2024 നവംബറിൽ കുറ്റം ചുമത്തിയപ്പോൾ ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഹെഡ്‌ലി നിഷേധിച്ചിരുന്നു.


ചൊവ്വാഴ്ച രണ്ട് കുറ്റകൃത്യങ്ങൾക്കും അയാൾക്ക് ശിക്ഷ വിധിക്കും. 58 വർഷം മുമ്പ് ഡുന്നിന്റെ മരണം അന്വേഷിക്കാൻ പോലീസ് ശ്രമിച്ചിട്ടും പ്രതിയെയും കണ്ടെത്താനായിരുന്നില്ല. അക്കാലത്ത് പുരുഷന്മാരിൽ നിന്നും ആൺകുട്ടികളിൽ നിന്നും ഏകദേശം 19,000 വിരലടയാളങ്ങൾ പോലീസ് ശേഖരിച്ചെങ്കിലും ഫലമുണ്ടായില്ല. പോലീസ് ഏകദേശം 8,000 വീടുതോറുമുള്ള അന്വേഷണങ്ങളും 2,000 മൊഴികൾ എടുക്കുകയും ചെയ്തിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഏവോൺ ആൻഡ് സോമർസെറ്റ് പോലീസ് കേസ് പുനഃപരിശോധിച്ചപ്പോഴാണ് ബീജം അടങ്ങിയ ഒരു സ്വാബിന്റെ ഡിഎൻഎ പരിശോധനയിൽ ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. യുകെയിൽ പരിഹരിച്ച ഏറ്റവും പഴയ കോൾഡ് കേസാണിതെന്ന് വിശ്വസിക്കപ്പെടുന്നതായി ഡെറ്റക്റ്റീവ് ഇൻസ്‌പെക്ടർ മാർച്ചന്റ് പറഞ്ഞു.

Copyright © . All rights reserved