Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ആറ് പ്രാദേശിക വിമാനത്താവളങ്ങളിൽ 100 മില്ലി ലിറ്ററിൽ കൂടുതലുള്ള ദ്രാവകങ്ങൾ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങൾ താത്കാലികമായി പുനഃസ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. നാളെ ഞായറാഴ്ച അർദ്ധരാത്രി മുതൽ ഈ മാറ്റം നിലവിൽ വരും. ലണ്ടൻ സിറ്റി, അബർഡീൻ, ന്യൂകാസിൽ, ലീഡ്‌സ് ബ്രാഡ്‌ഫോർഡ്, സൗത്ത്ഹെൻഡ്, ടീസ്‌സൈഡ് വിമാനത്താവളങ്ങളിൽ ആണ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.


പ്രാദേശിക എയർപോർട്ടുകളിലെ ചെക്കിംഗ് സംവിധാനങ്ങളിൽ കൂടുതൽ മെച്ചപ്പെടുത്തൽ നടത്തുന്നതിനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താത്കാലികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കുറച്ചു യാത്രക്കാരെ മാത്രമേ ബാധിക്കുകയുള്ളൂ എന്നാണ് അറിയാൻ സാധിച്ചത്.


വിമാനയാത്രക്കാർ യാത്ര പുറപ്പെടുന്നതിനു മുൻപ് വിമാനത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കണമെന്ന അറിയിപ്പ് നൽകിയിട്ടുണ്ട്. ലണ്ടനിൽ നിന്ന് യുഎസിലേക്ക് പറക്കുന്ന വിമാനങ്ങളിൽ ദ്രാവക ബോംബുകൾ ഉപയോഗിച്ച് തകർക്കാനുള്ള തീവ്രവാദ ഗൂഢാലോചന പരാജയപ്പെട്ടതിന് ശേഷമാണ് 2006 ൽ 100 ​​മില്ലി നിയമം നിലവിൽ വന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പത്ത് വയസ്സുകാരനായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുൻ പ്രൈമറി സ്കൂൾ ടീച്ചിങ് അസിസ്റ്റൻറ് കുറ്റക്കാരിയെന്ന് കോർക്ക് ക്രൗൺ കോടതി കണ്ടെത്തി. ഡെന്നിസ് പോവാൽ എന്ന് പേരുകാരിയായ ഇവർക്ക് 8 വർഷം ജയിൽ ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്.

റിപ്പണിൽ നിന്നുള്ള ഡെനിസ് പോവാലിനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കൽ, സ്പർശനത്തിലൂടെ ലൈംഗികാതിക്രമം നടത്തുക തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷിച്ചിരിക്കുന്നത്. നിലവിൽ 61 വയസ്സുള്ള ഇവർ കുട്ടിയെ തുടർച്ചയായി ലൈംഗികമായി ദുരുപയോഗം ചെയ്തതായി കോടതി നിരീക്ഷിച്ചു. വളരെ ധീരതയോടെ താൻ നേരിട്ട ദുരനുഭവത്തിനെതിരെ ഇരയായ കുട്ടി മുന്നോട്ട് വന്നുവെന്ന് നോർത്ത് യോർക്ക്ഷെയർ പോലീസിൻ്റെ അന്വേഷണത്തിന് നേതൃത്വം നൽകിയ മോറിസ് പറഞ്ഞു. പ്രതി എല്ലാ കുറ്റവും കോടതിയിൽ നിഷേധിച്ചിരുന്നു. എന്നാൽ ഇന്നലെ യോർക്ക് ക്രൗൺ കോടതി ഇവരെ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഏറ്റവും കൂടുതൽ യുകെയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് കുടിയേറ്റം കുറയ്ക്കുക എന്നത് . കുടിയേറ്റം കുറയ്ക്കുന്നതിന് കടുത്ത നടപടികൾ സ്വീകരിക്കുന്ന പാർട്ടികൾക്ക് കൂടുതൽ പിന്തുണ ലഭിക്കുമെന്നതുകൊണ്ട് കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും ഈ വിഷയത്തെ വളരെ കരുതലോടെയാണ് സമീപിക്കുന്നത്.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുടിയേറ്റം കുറയുന്നതിന് ഋഷി സുനക് സർക്കാർ ഒട്ടേറെ നിയമങ്ങൾ നടപ്പിലാക്കിയിരുന്നു. അതിൽ പ്രധാനപ്പെട്ട നടപടിയായിരുന്നു ആശ്രിത വിസ ലഭിക്കുന്നതിനായി പ്രതിവർഷം വരുമാനം 29,000 പൗണ്ട് ഉണ്ടായിരിക്കണമെന്ന്. അത് അടുത്തവർഷം മുതൽ 38,700 പൗണ്ട് ആയി വർദ്ധിക്കുകയും ചെയ്യും.


എന്നാൽ ഈ നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന വിമർശനമാണെന്ന അഭിപ്രായം അന്നേ ശക്തമായിരുന്നു. പല ബ്രിട്ടീഷുകാരുടെയും വാർഷിക വരുമാനം ഈ പരിധിയിൽ അല്ലാത്തതിനാൽ ഭാര്യയെയും കുട്ടികളെയും യുകെയിൽ എത്തിക്കാൻ സാധിക്കുന്നില്ലെന്ന ഒട്ടേറെ അനുഭവ കഥകൾ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. എന്നാൽ നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനുള്ള ഋഷി സുനകിൻ്റെ ഈ നടപടി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് .

ഈ നടപടി കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച യുഎൻ കൺവെൻഷന് വിരുദ്ധമാണ് എന്നാണ് പ്രഷർ ഗ്രൂപ്പ് റീയൂണൈറ്റ് ഫാമിലീസ് യുകെ ഈ ആഴ്ച ജുഡീഷ്യൽ റിവ്യൂവിനുള്ള അപേക്ഷ സമർപ്പിച്ചു കൊണ്ട് വാദിച്ചത് . ചൊവ്വാഴ്ച നടന്ന ഐടി വി സംവാദത്തിൽ പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും നെറ്റ് മൈഗ്രേഷനെ ചൊല്ലി ഏറ്റുമുട്ടിയിരുന്നു. 2023-ൽ 685,000 ആയിരുന്ന നിയമപരമായ കുടിയേറ്റം വെട്ടിക്കുറയ്ക്കാൻ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ഇരു പാർട്ടികളും സംവാദത്തിൽ വാഗ്ദാനം ചെയ്തിരുന്നു. ഈ വാർത്തകൾ മാധ്യമങ്ങളിൽ വൻ തലക്കെട്ട് സൃഷ്ടിച്ച സമയത്താണ് സർക്കാരിൻറെ കുടിയേറ്റം കുറിക്കുന്നതിനുള്ള ഒരു പ്രധാന നടപടി കോടതിയിൽ ചോദ്യം ചെയ്തത് എന്നത് ശ്രദ്ധേയമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂൺ 4-ാം തീയതി ഫലപ്രഖ്യാപനം നടന്നപ്പോൾ എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി നിർണ്ണായക മാറ്റങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചത്. അതിരാവിലെ 4 മണി മുതൽ വാശിയേറിയ ചർച്ചകളും സംവാദങ്ങളും ആണ് കേരളത്തിലെയും ദേശീയതലത്തിലെയും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യുകെയിലുടനീളമുള്ള മലയാളികളുടെ ഇടയിൽ നടന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് രാഹുൽഗാന്ധി രണ്ട് മണ്ഡലങ്ങളിലും ജയിച്ച സാഹചര്യത്തിൽ ആര് ഇനി വയനാട് മണ്ഡലത്തിൽ മത്സരിക്കും എന്നുള്ളതായിരുന്നു.

യുകെ മലയാളികൾ ആഗ്രഹിച്ചതു പോലെ പ്രിയങ്ക ഗാന്ധി ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയങ്കരിയായി കേരളത്തിൽ മത്സരിക്കുമെന്നുള്ളത് ഏകദേശം ഉറപ്പായതായാണ് സൂചനകൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ വയനാട്ടിൽ നാമനിർദ്ദേശം സമർപ്പിക്കും. അങ്ങനെ ഇന്ദിരയുടെ കൊച്ചുമകനും കൊച്ചുമകളും കേരളത്തിൽ നിന്നുള്ള എംപിമാരായി ചരിത്രം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്.

യുകെയിലെ തിരഞ്ഞെടുപ്പ് അവലോകന മലയാളി കൂട്ടായ്മകളിൽ വയനാട്ടിലേയ്ക്ക് പ്രിയങ്ക ഗാന്ധി വരാനുള്ള ആഗ്രഹം ഒട്ടേറെ പേർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഗാന്ധി കുടുംബത്തോട് എപ്പോഴും വൈകാരികമായ അടുപ്പമുള്ളവരാണ് യുകെ മലയാളികൾ. കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട അവസരത്തിൽ രാഹുൽഗാന്ധിക്ക് താങ്ങും തണലുമായിരുന്നവരാണ് വയനാട്ടിലെ വോട്ടർമാർ. ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രണ്ടിടത്തും വിജയിക്കുകയാണെങ്കിൽ വയനാട് ഉപേക്ഷിക്കാനുള്ള വിമുഖത രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ നിർത്തുന്നതിലൂടെ രാഹുൽ ഗാന്ധി മണ്ഡലം കൈയ്യൊഴിയുന്നുവെന്ന എതിരാളികളുടെ പ്രചാരണത്തെയും തടയിടാനാവുമെന്നാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി അമേഠിയിൽ മത്സരിക്കാതിരുന്നതിന്റെയും പിന്നിലും രാഹുൽ എം.പി സ്ഥാനമൊഴിയുമ്പോൾ വയനാട്ടിൽ മത്സരിക്കും എന്ന ലക്ഷ്യം വച്ചായിരുന്നു .

ഇതിനിടെ കെ . മുരളീധരൻ വയനാട്ടിൽ മത്സരിക്കും എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അസ്ഥാനത്താണെന്നാണ് അറിയാൻ സാധിച്ചത്. ദേശീയ രാഷ്ട്രീയത്തിനു പകരം കേരളത്തിൽ സജീവമാകാനാണ് അദ്ദേഹം താത്‌പര്യപ്പെടുന്നത്. നേരത്തെ കെപിസിസി പ്രസിഡൻ്റായിരുന്ന കെ മുരളീധരൻ സംഘടനാതലത്തിലും മറ്റും കേരളത്തിൽ സജീവമാകുന്നത് ചിലർക്ക് ഭീഷണിയാകുമെന്ന കണക്കുകൂട്ടലുകളാണ് അദ്ദേഹത്തെ ലോക്സഭയിലേയ്ക്ക് വീണ്ടും മത്സരിപ്പിക്കാനുള്ള ചർച്ചകൾക്ക് പിന്നിലെന്ന സംസാരവും നിലവിലുണ്ട്. നിലവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും കെ മുരളീധരനും ഒത്തുചേർന്ന ഒരു അച്ചുതണ്ട് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ രൂപപ്പെട്ടാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ ദിവസം കെ മുരളീധരന്റെ വീട്ടിലെത്തി കെപിസിസി പ്രസിഡൻറ് നടത്തിയ ചർച്ചകൾ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാനൽ കടക്കുന്നതിനിടെ ബോട്ട് അപകടത്തിൽപ്പെട്ട കുട്ടികൾ ഉൾപ്പെടെ 80 ഓളം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ കെൻ്റ് തീരത്ത് നിന്ന് 10 മൈൽ അകലെ കുടിയേറ്റക്കാരുടെ ബോട്ട് അപകടത്തിൽ പെട്ടെന്നുള്ള വാർത്ത പുറത്ത് വന്നതിനു പിന്നാലെ രണ്ട് ബോർഡർ ഫോഴ്‌സ് കപ്പലുകൾ, രണ്ട് ലൈഫ് ബോട്ടുകൾ, രണ്ട് ഫ്രഞ്ച് കപ്പലുകൾ, രണ്ട് കോസ്റ്റ്ഗാർഡ് ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. അപകടത്തിന് പിന്നാലെ ലൈഫ് ബോട്ടുകൾ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.യുകെ ലൈഫ് ബോട്ടുകൾ രക്ഷപ്പെടുത്തിയവരെ ഡോവറിലേക്ക് കൊണ്ടുപോകും.

ഹോം ഓഫീസിൻെറ കണക്കുകൾ പ്രകാരം ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ 7,500 കുടിയേറ്റക്കാർ ചെറിയ ബോട്ടുകൾ വഴി യുകെയിൽ എത്തിയിട്ടുണ്ട്. 2023-ൽ 29,437 കുടിയേറ്റക്കാർ ഫ്രാൻസിൽ നിന്ന് കെൻ്റ് തീരത്തെത്തിയിരുന്നു. ഇംഗ്ലീഷ് ചാനൽ വഴിയുള്ള കുടിയേറ്റം ജൂലൈ 4 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കുടിയേറ്റത്തെ കുറിച്ചുള്ള ചർച്ചകളിൽ പ്രധാന പങ്ക് വഹിക്കുന്ന വിഷയങ്ങളിൽ ഒന്നാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വിണ്ടനിൽ താമസിക്കുന്ന ഷെറിൻ ഡോണി അന്തരിച്ചു. ഡോണി ബെനഡിക്ടിന്റെ ഭാര്യയായ ഷെറിന് 39 വയസ്സ് മാത്രമായിരുന്നു പ്രായം. ഇവർക്ക് നാല് വയസ്സുള്ള ഒരു മകളുണ്ട്.

കുറെ നാളുകളായി ശ്വാസകോശസംബന്ധമായ ചികിത്സയിലായിരുന്നു ഷെറിൻ. ഏതാനും മാസങ്ങളായി വീട്ടിൽ തന്നെ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്.

സൂറിച്ച് നിവാസിലെ റോബിൻ തുരുത്തി പള്ളിയുടെ മൂത്ത സഹോദരിയുടെ മകളാണ് പരേത . ഷെറിന്റെ അടുത്ത ബന്ധുക്കൾ യുകെയിൽ തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ മൃതസംസ്കാരം യുകെയിൽ നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.

പൊതുദർശനത്തിന്റെയും മൃതസംസ്കാരത്തിന്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും,

ഷെറിൻ ഡോണിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്ലാക്ക് കൺട്രിയിൽ വാഹന പരിശോധന നടത്തി വ്യാപകമായ രീതിയിൽ പോലീസ് ക്രമക്കേടുകൾ കണ്ടെത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 40 ഓളം വാഹനങ്ങളാണ് ഇവിടെ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കൽ, പാർക്കിംഗ് ലംഘനങ്ങൾ, റോഡ് സിഗ്നൽസ് അവഗണിക്കുക എന്നിവയുൾപ്പെടെ 22 കുറ്റകൃത്യങ്ങൾക്ക് പിഴ ചുമത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജൂൺ 4 ചൊവ്വാഴ്ച നടന്ന സുരക്ഷാ ഓപ്പറേഷനിലാണ് ഇത്രയും കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കപ്പെട്ടത്. നടപടിക്കിടെ അയോഗ്യനാക്കപ്പെട്ട ഒരാൾ തുടർന്നും വാഹനമോടിച്ചതിനെ തുടർന്ന് 30 വയസ്സുള്ള ഒരാൾ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. കടുത്ത കുറ്റകൃത്യങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടുപിടിച്ചത്. മോഷ്ടിച്ച രണ്ട് വാഹനങ്ങളാണ് പരിശോധനയിൽ പോലീസ് പിടിച്ചെടുത്തത്.

നിയമലംഘനങ്ങൾ തടയാൻ യുകെയിൽ ഉടനീളം സമാനമായ ഓപ്പറേഷനുകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. റോഡ് സുരക്ഷയ്ക്ക് ഏറ്റവും മുന്തിയ പരിഗണനയാണ് നൽകുന്നതെന്ന് പോലീസ് പറഞ്ഞു. പരിശോധനകൾ കർശനമായി നടപ്പിലാക്കുന്നതിലൂടെ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മിഡ്‌ലാൻഡ് പോലീസിലെ ഓഫീസർ കാൾ ഷാച്ച് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ 50 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം വളരെ കൂടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ട് പതിറ്റാണ്ടിനിടെ ഈ പ്രായ പരുധിയിൽ ഉള്ള അർബുദ രോഗികളുടെ എണ്ണത്തിൽ 24 ശതമാനം വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. യുകെ മലയാളികളുടെ ഇടയിലും അടുത്തിടെയുണ്ടായ മരണങ്ങളിൽ ഭൂരിഭാഗവും ക്യാൻസർ ബാധിച്ചും ഹൃദ്രോഗം മൂലവുമാണെന്ന് മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.


പ്രധാനമായും അമിതവണ്ണവും വ്യായാമമില്ലായ്മയും ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവുമാണ് ക്യാൻസർ നിരക്ക് കുതിച്ചുയരുന്നതിന്റെ കാരണമായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. 1995 -ൽ 100,000 ആളുകളിൽ 140 പേർക്ക് മാത്രമായിരുന്നു ശരാശരി രോഗം ബാധിച്ചിരുന്നത്. എന്നാൽ 2019 ആയപ്പോഴേക്കും രോഗബാധിതരുടെ എണ്ണം 164 ആയി വർധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. രാജ്യത്ത് നിലവിൽ 50 വയസ്സിൽ താഴെയുള്ള 35,000 പേർക്ക് ക്യാൻസർ പിടിപെടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനർത്ഥം ഓരോ ദിവസവും ഏകദേശം നൂറോളം യുവതി യുവാക്കൾ രോഗത്തിനടിമകളാകുന്നു എന്നതാണ്.


ആഗോളതലത്തിലും യുവാക്കൾക്കിടയിൽ ക്യാൻസർ വർധിച്ചുവരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ വാർഷിക യോഗത്തിലാണ് യുവജനങ്ങൾക്കിടയിൽ ക്യാൻസർ വർധിച്ചുവരുന്നതിന്റെ ഗവേഷണ ഫലങ്ങൾ അവതരിപ്പിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ക്യാൻസർ കോൺഫറൻസായാണ് അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ വാർഷിക പൊതുയോഗം കണക്കാക്കുന്നത്. സ്താനാർബുദത്തെ കുറിച്ചും പ്രോസ്റ്റേറ്റ് ക്യാൻസറിനെ കുറിച്ചും പ്രസ്തുത കോൺഫറൻസിൽ ബ്രിട്ടനിലെ ശാസ്ത്രജ്ഞർ അവതരിപ്പിച്ച മികച്ച ചികിത്സാരീതികൾ ലോകമെങ്ങും ശ്രദ്ധ നേടിയിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൈബർ ആക്രമണങ്ങളെ തുടർന്ന് കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ തകരാറിലായതിനെ തുടർന്ന് പരമ്പരാഗത രീതിയിലേയ്ക്ക് ലണ്ടനിലെ ആശുപത്രികൾ മടങ്ങി പോയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. രക്തപരിശോധന ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകളിൽ അപ്ഡേറ്റ് ചെയ്യുകയും എല്ലാ വിഭാഗങ്ങളിലും ലഭ്യമാവുകയും ചെയ്യുന്ന രീതിയാണ് നിലവിൽ ഉണ്ടായിരുന്നത്. എന്നാൽ സൈബർ ആക്രമണങ്ങളെ തുടർന്ന് കമ്പ്യൂട്ടർ സർവറുകൾ പണിമുടക്കിയതിനെ തുടർന്നാണ് പഴയ രീതിയായ പേപ്പർ റെക്കോർഡിലേയ്ക്ക് മടങ്ങി പോകേണ്ടതായി വന്നത്.


ലാബിൽ അപ്ഡേറ്റ് ചെയ്യുന്ന പരിശോധന ഫലം എല്ലാ വിഭാഗങ്ങളിലും തത്സമയം ലഭ്യമായിരുന്നു. എന്നാൽ പേപ്പർ റെക്കോർഡ്സ് ഉപയോഗിക്കുന്ന അവസ്ഥയിൽ ലാബ് റിസൾട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിവിധ വിഭാഗങ്ങളിൽ ജീവനക്കാർ എത്തിച്ചു കൊടുക്കേണ്ടതായി വരും. ഇത് ഒട്ടേറെ കാലതാമസത്തിന് വഴിവെക്കും. റഷ്യൻ സംഘമാണ് സൈബർ ആക്രമണത്തിന് പിന്നിലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെർവറുകൾ തകരാറിലായതിനപ്പുറം രോഗികളുടേതായി രേഖപ്പെടുത്തിയിരിക്കുന്ന പരിശോധനാ ഫലങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ സൈബർ ആക്രമണത്തിലൂടെ നടത്തിയിട്ടുണ്ടെങ്കിൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.


റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ , കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഗൈസ്, സെൻ്റ് തോമസ് എന്നിവയുടെ പ്രാഥമിക പരിചരണ സേവനങ്ങളെയും സൈബർ ആക്രണമം ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. രോഗികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനും വിവിധ പരിശോധന ഫലങ്ങൾ നൽകുന്നതിനെയും സൈബർ അറ്റാക്ക് ബാധിച്ചു. തിങ്കളാഴ്ച ആണ് സൈബർ ആക്രമണം നടന്നതായി കരുതപ്പെടുന്നത്. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നീ ആശുപത്രികളിലെ വിവിധ വിഭാഗങ്ങൾക്ക് സുപ്രധാന സർവറുമായിട്ടുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പ്രശ്നം പരിശോധിക്കുന്നതിനുള്ള അടിയന്തിര നടപടികൾ തുടരുകയാണെന്ന് എൻഎച്ച്എസ് അറിയിച്ചു. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നിവിടങ്ങളിലെ ജി പി സേവനങ്ങളെയും പ്രശ്നം ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. എൻഎച്ച്എസ് അസൗകര്യത്തിൽ ക്ഷമാപണം നടത്തുകയും ആഘാതം മനസ്സിലാക്കാൻ നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്ററുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വിമാനമിറങ്ങി ലഗേജിനായി കാത്തിരിക്കുമ്പോൾ സ്വന്തം ബാഗ് കണ്ടെത്തുന്നത് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. നൂറുകണക്കിന് യാത്രക്കാരുടെ ലഗേജുകൾ ബാഗേജ് ബെൽറ്റ് കൺവെയറിലൂടെ കടന്നു പോകുമ്പോൾ ഏതാണ് തങ്ങളുടേതെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ഒരേ രീതിയിലുള്ള ഒട്ടനവധി ബാഗുകൾ ഉള്ളതാണ് ഇതിന് പ്രധാന കാരണം.


എയർപോർട്ടിൽ ലഗേജ് കണ്ടെത്താൻ മലയാളികൾ ഉൾപ്പെടെയുള്ളവർ സ്വീകരിക്കുന്ന പ്രധാന മാർഗ്ഗം തിരിച്ചറിയാൻ ബാഗുകളിൽ റിബണുകൾ കെട്ടുക എന്നതാണ്. എന്നാൽ ബാഗുകളിൽ റിബണുകൾ കെട്ടുന്നത് ചിലപ്പോൾ സങ്കീർണ്ണത സൃഷ്ടിച്ചേക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബാഗുകളിൽ കെട്ടുന്ന റിബണുകൾ സ്കാനർ മിഷനുകളിൽ അസ്വാഭാവികത കാണിക്കുന്നതു മൂലം മാനുവലായി പരിശോധനയിൽ കലാശിക്കുന്നതിനും ഫ്ലൈറ്റുകൾ നഷ്ടപ്പെടുന്നതിനും കാരണമായേക്കാം. ഇത്തരം കാര്യങ്ങൾ ഉൾപ്പെടെ മാറിവരുന്ന ലഗേജ് നിയമങ്ങളെ കുറിച്ച് പല യാത്രക്കാരും ബോധവാന്മാരല്ലെന്നാണ് ഒരു ബാഗേജ് അസിസ്റ്റൻറ് പറഞ്ഞു.


ലഗേജ് എടുക്കാൻ നിൽക്കുമ്പോൾ എല്ലാവർക്കും തോന്നുന്നത് ഈ വരുന്ന ബാഗുകൾ എല്ലാം തന്റേതു പോലെയുള്ളവയാണല്ലോ എന്നതാണ്. ഇത്തരം സാഹചര്യങ്ങളെ മറികടക്കാനാണ് റിബണുകൾ പലപ്പോഴും ലഗേജിൽ കെട്ടുന്നത്. ഇതിനു പകരം പേര് എഴുതിയ നെയിം സ്റ്റിക്കറുകൾ ലഗേജിൽ പതിപ്പിക്കുന്നത് നല്ലൊരു മാർഗ്ഗമാണ്. ജിപിഎസ് സംവിധാനമുള്ള ലഗേജ് ട്രാക്കർ വരെ ഇന്ന് ഓൺലൈനിൽ ലഭ്യമാണ്. എന്നാൽ ചെന്നെത്തുന്ന എയർപോർട്ടിൽ നിങ്ങളുടെ മൊബൈലിൽ ഇന്റർനെറ്റ് സംവിധാനം ലഭ്യമല്ലെങ്കിൽ ഇത് വീണ്ടും സങ്കീർണ്ണത സൃഷ്ടിക്കും.

Copyright © . All rights reserved