Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിൽ നിന്ന് വിദേശ നാടുകളിലേക്ക് കുടിയേറിയിട്ട് വർഷങ്ങളായെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ ചുവടും മാറ്റങ്ങളും അതേ ആവേശത്തിൽ ഉൾക്കൊള്ളുന്നവരാണ് പ്രവാസി മലയാളികളും .

അതുപോലെതന്നെ വോട്ടിംഗ് ദിനത്തിൽ അതിരാവിലെ എഴുന്നേറ്റ് ടെലിവിഷന് മുന്നിൽ കുത്തിയിരുന്നത് നൂറുകണക്കിന് യുകെ മലയാളികളാണ്. യുകെ സമയം ഏതാണ്ട് അതിരാവിലെ നാലുമണിയോടു കൂടിയാണ് ഇന്ത്യയിൽ വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കുക. ആ സമയത്ത് തന്നെ അലാറം വെച്ച് എഴുന്നേറ്റാണ് യുകെ മലയാളികളും തിരഞ്ഞെടുപ്പ് ജ്വരത്തിന്റെ ആവേശം തൊട്ടറിഞ്ഞത്. പല ഗ്രൂപ്പുകളിലായി ഒരു വീട്ടിൽ ഒന്നിച്ചുകൂടി ടെലിവിഷനു മുന്നിൽ രാഷ്ട്രീയ സംവാദത്തിൽ ഏർപ്പെട്ടവരാണ് ഇവരിലേറെയും. രാഷ്ട്രീയമായി പല പക്ഷങ്ങൾ ഉള്ളവർ ഒരുമിച്ച് ഒരു വീട്ടിൽ കൂടി വോട്ടെണ്ണലിൻ്റെ ഗതിവിഗധികൾ ടെലിവിഷനിൽ നിന്ന് നേരിട്ട് അറിഞ്ഞതിന്റെ രസം ഒന്ന് വേറെ തന്നെയായിരുന്നു.

പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കും കേരളത്തിലെ യുഡിഎഫിനും പ്രത്യേകിച്ച് കോട്ടയത്ത് ഫ്രാൻസിസ് ജോർജിനും വൻ വിജയം നൽകിയ ജനങ്ങൾക്കും നന്ദി പറയുന്നതായി പ്രവാസി കേരള കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോസ് പരപ്പനാട്ട് അറിയിച്ചു.

വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക്ഫീൽഡിൽ യുഡിഎഫിന്റെ വിജയാഘോഷങ്ങൾ അതിരാവിലെ തന്നെ ആരംഭിച്ചിരുന്നു. യുകെയിലെ വിവിധ ഭാഗങ്ങളിലും യുഡിഎഫ് പ്രവർത്തകർ വിജയാഘോഷങ്ങൾ ഒരുക്കി. നാട്ടിൽനിന്ന് പ്രവാസി ലോകത്ത് എത്തിയിട്ട് കാലമേറെയായെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചൂടും ചുവരും ഇപ്പോഴും രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു ആഘോഷ പ്രകടനങ്ങൾ . ഇന്ത്യയിലെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവാസി സംഘടനകൾ യുകെയിൽ സജീവമാണ്. ചില സംഘടന പ്രവർത്തകർ നിരാശരായപ്പോൾ മറ്റു ചിലർക്ക് ആഘോഷത്തിന്റെ അവസരമായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വ്യാജ ടൈം ഷീറ്റുകൾ നൽകി വൻ തുക തട്ടിയെടുത്ത എൻഎച്ച്എസിൽ ജോലി ചെയ്തിരുന്ന നേഴ്സ് അച്ചടക്ക നടപടി നേരിടുന്നു. രേഖകളിൽ കൃത്രിമം കാട്ടി ഫ്രാൻസെസ്‌ക ഡെൽ-ഗ്രീക്കോ 26,000 പൗണ്ട് തട്ടിയെടുത്തതായി കണ്ടെത്തുകയായിരുന്നു. ടൈം ഷീറ്റുകളിലും മറ്റും കൃത്രിമം കാട്ടുന്നത് കടുത്ത അച്ചടക്ക നടപടി വിളിച്ചു വരുത്തുന്ന കുറ്റകൃത്യങ്ങളാണ്.

നേഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കൗൺസിൽ നടത്തിയ തെളിവെടുപ്പിനെ തുടർന്ന് മോശം പെരുമാറ്റത്തിന് അവർക്കെതിരെ കർശന അച്ചടക്ക നടപടിക്കാണ് ശുപാർശ ചെയ്തത് ഇതിനെ തുടർന്ന് ഫ്രാൻസെസ്‌ക ഡെൽ-ഗ്രീക്കോയുടെ നേഴ്സിംഗ് രജിസ്ട്രേഷൻ റദ്ദാക്കി . നേരത്തെ ഒരു ഏജൻസിയുടെ കീഴിൽ ജോലി ചെയ്തിരുന്ന ഇവരെ തെറ്റായ നടപടികളുടെ പേരിൽ ബ്ലാക്ക് പൂളിലെ ഒരു ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.

2021 ഒക്ടോബറിനും 2022 ഫെബ്രുവരിക്കും ഇടയിൽ സമർപ്പിച്ച ടൈം ഷീറ്റുകളിൽ ആണ് വൻ പൊരുത്തക്കേടുകൾ കണ്ടെത്തിയത്. നേഴ്സിംഗ് ഏജൻസിയ്ക്ക് ടൈം ഷീറ്റുകളിലെ വിവരങ്ങളിൽ സംശയം തോന്നിയതാണ് വൻ തട്ടിപ്പ് പുറത്ത് വരാൻ കാരണമായത്. 2022 മാർച്ചിൽ ടൈം ഷീറ്റുകളിലെ പൊരുത്ത കേടുകളെ കുറിച്ച് ഇവരോട് വിവരങ്ങൾ ചോദിച്ചെങ്കിലും തെറ്റായ വിശദീകരണം നടത്തി പ്രതിരോധിക്കാനാണ് ഫ്രാൻസെസ്‌ക ഡെൽ-ഗ്രീക്കോ ശ്രമിച്ചത്. ഒടുക്കം വിചാരണ വേളയിൽ കുറ്റം സമ്മതിച്ച ഫ്രാൻസെസ്‌ക ഡെൽ-ഗ്രീക്കോ തട്ടിയെടുത്ത പണം മുഴുവൻ ചെലവഴിച്ചതായും മാസംതോറും 200 പൗണ്ട് തിരിച്ചടയ്ക്കാമെന്നും വാഗ്ദാനം ചെയ്തു. ഫ്രാൻസെസ്‌ക ഡെൽ-ഗ്രീക്കോ മുൻകൂട്ടി തയ്യാറാക്കി ആസൂത്രിതമായ കുറ്റകൃത്യം നടത്തിയതായി വീഡിയോയിൽ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ പ്രധാന ആശുപത്രിയുടെ കമ്പ്യൂട്ടർ സർവറിൽ സൈബർ ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടനിലെ പ്രശ്നമായ ആശുപത്രികളായ റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ, സെൻ്റ് തോമസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് സൈബർ ആക്രമണം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിനെ തുടർന്ന് ശസ്ത്രക്രിയകൾ വരെ മുടങ്ങിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അത്യാഹിത വിഭാഗത്തിലേയ്ക്ക് വന്ന പല രോഗികളെയും മറ്റ് ആശുപത്രികളിലേയ്ക്ക് മാറ്റേണ്ട ഗുരുതരമായ സ്ഥിതി സംജാതമായി.


റോയൽ ബ്രോംപ്ടൺ, എവലിന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ , കിംഗ്സ് കോളേജ് ഹോസ്പിറ്റൽ, ഗൈസ്, സെൻ്റ് തോമസ് എന്നിവയുടെ പ്രാഥമിക പരിചരണ സേവനങ്ങളെയും സൈബർ ആക്രണമം ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. രോഗികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനും വിവിധ പരിശോധന ഫലങ്ങൾ നൽകുന്നതിനെയും സൈബർ അറ്റാക്ക് ബാധിച്ചു. തിങ്കളാഴ്ച ആണ് സൈബർ ആക്രമണം നടന്നതായി കരുതപ്പെടുന്നത്. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ ഇതിനെ തുടർന്ന് ആശുപത്രികളിലെ വിവിധ വിഭാഗങ്ങൾക്ക് സുപ്രധാന സൈബർ സർവീസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

പ്രശ്നം പരിശോധിക്കുന്നതിനുള്ള അടിയന്തര നടപടികൾ തുടരുകയാണെന്ന് എൻഎച്ച്എസ് അറിയിച്ചു. ബെക്‌സ്‌ലി, ഗ്രീൻവിച്ച്, ലെവിഷാം, ബ്രോംലി, സൗത്ത്‌വാർക്ക്, ലാംബെത്ത് ബറോ എന്നിവിടങ്ങളിലെ ജി പി സേവനങ്ങളെയും പ്രശ്നം ബാധിച്ചതായാണ് അറിയാൻ സാധിച്ചത്. എൻഎച്ച്എസ് അസൗകര്യത്തിൽ ക്ഷമാപണം നടത്തുകയും ആഘാതം മനസ്സിലാക്കാൻ നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്ററുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൂപ്പർമാർക്കറ്റുകളിൽ നിന്ന് ലഭിക്കുന്ന ഏകദേശം എല്ലാ ഉത്പന്നങ്ങളിലും വെജിറ്റബിൾ ഓയിൽ ഉള്ളതായി കണ്ടെത്തൽ. സാധാരണ സൂര്യകാന്തി, ചോളം, റാപ്സീഡ്, സോയ, കുങ്കുമപ്പൂവ് തുടങ്ങിയ വിത്തുകളിൽ നിന്നാണ് ഇവ തയ്യാറാക്കുന്നത്. പാലുൽപ്പന്നങ്ങൾ മുതൽ ഫ്രോസൺ ഭക്ഷണങ്ങളും ലഘുഭക്ഷണൾ, സാലഡ് ഡ്രെസ്സിംഗുകൾ, ടിന്നിലടച്ച മത്സ്യം, റെഡി-ടു ഈറ്റ് ഭക്ഷണങ്ങൾ, ഡയറ്റ് ഡ്രിങ്ക്‌സ്, ഇൻഫന്റ് ഫോർമുലാസ് എന്നിവയുൾപ്പെടെയുള്ള പല ഉൽപ്പന്നങ്ങളുടെയും ലേബലുകളിലും വെജിറ്റബിൾ ഓയിൽ ഉള്ളതായി കാണാം. ആഗോള വെജിറ്റബിൾ ഓയിൽ വ്യവസായത്തിൻ്റെ മൂല്യം 2020-ൽ 91 ബില്യൺ ഡോളറായിരുന്നു, 2027-ഓടെ ഇത് 127 ബില്യൺ പൗണ്ടായി വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ശരാശരിയുള്ള ഭക്ഷണത്തിലെ കലോറിയുടെ മൂന്നിലൊന്നും വരുന്നത് വെജിറ്റബിൾ ഓയിലിൽ നിന്നാണ്. ഇവ മെറ്റബോളിസത്തിൽ അവ്യക്തമായ സ്വാധീനം ചെലുത്തുകയും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് പഠനങ്ങൾ കാണിക്കുന്നു. പലപ്പോഴും ജനങ്ങൾ ഉത്പ്പന്നങ്ങളുടെ ലേബലുകൾ വായിക്കാത്തത് വഴി വെജിറ്റബിൾ ഓയിലിൽ അടങ്ങിയ സാധനങ്ങളാണ് വാങ്ങിക്കുന്നതെന്ന് അറിയുന്നില്ല. വെജിറ്റബിൾ ഓയിൽ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഫാമിലി മെഡിസിനിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഒരു ഡോക്ടർ അഭിപ്രായപ്പെട്ടു.

നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഇവ അടങ്ങുന്ന ഉത്പന്നങ്ങൾ നീക്കം ചെയ്താൽ ക്യാൻസർ, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗം തുടങ്ങിയ അതിവേഗം പെരുകിക്കൊണ്ടിരിക്കുന്ന രോഗങ്ങൾക്ക് ശമനം ഉണ്ടാകും. ആദിമകാലം മുതലേ മനുഷ്യർ മൃഗങ്ങളുടെ കൊഴുപ്പ് ഉപയോഗിക്കുന്നവരാണ്. ഏകദേശം 10,000 വർഷമായി പാലുൽപ്പന്നങ്ങളും കഴിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങളായി ഒലീവ്, തേങ്ങ തുടങ്ങിയ കൊഴുപ്പുള്ള പഴങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണകളും നാം ഉപയോഗിക്കുന്നുണ്ട്. എന്നാൽ വെജിറ്റബിൾ ഓയിൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. വില കുറവായതിനാൽ റെസ്റ്റോറൻ്റുകളിലും വ്യാപകമായി ഉപയോഗിക്കുന്നത് വെജിറ്റബിൾ ഓയിലാണ്. ക്രിസ്പി നൂഡിൽസ്, ഒനിയൻ റിങ്‌സ്, വറുത്ത ചെമ്മീൻ, ചിക്കൻ വിഭവങ്ങൾ തുടങ്ങിയവയിൽ ഈ എണ്ണകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

അഭിപ്രായ സർവേകളെയും എക്സിറ്റ് പോളുകളെയും മാധ്യമപ്രവചനങ്ങളെയും അമ്പേ പരാജയപ്പെടുത്തുന്നതാണ് ഇന്ത്യയുടെ ലോക്സഭ ഇലക്ഷൻ ഫലം. പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും മുഴങ്ങി കേട്ടത് മോദി തരംഗം ഇന്ത്യയിൽ തുടരുമെന്നതാണ്. പക്ഷേ ചർച്ചകളിലും പ്രവചനങ്ങളിലും ബിജെപിയെ പിന്താങ്ങിയ രാഷ്ട്രീയ നിരീക്ഷകർ ഇന്ത്യയുടെ മനസ്സ് വായിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടതാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കണ്ടത്.

ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാം തവണയും അധികാരത്തിൽ വന്നേക്കാം. ഇനി തിളക്കം മങ്ങിയ മോദി മറ്റൊരു നേതാവിനു വേണ്ടി വഴിമാറുമോ എന്നതും കണ്ടറിയേണ്ടതാണ്. കഴിഞ്ഞ 10 വർഷത്തെ അധികാരത്തിന്റെ നാൾ വഴികളിൽ ബിജെപി നടത്തിയ കുതിര കച്ചവടവും കോർപ്പറേറ്റ് പ്രീണനവും മത രാഷ്ട്രീയവും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ മനസ്സിൽ എത്രമാത്രം മുറിവുണ്ടാക്കി എന്നതിന്റെ നേർചിത്രമാണ് തിരഞ്ഞെടുപ്പ് ഫലം. ഈ ന്യൂസ് എഴുതുമ്പോൾ 293 സീറ്റുകളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യാസഖ്യം 232 സീറ്റുകളിലും മറ്റുള്ളവർ 18 സീറ്റും നേടിയിട്ടുണ്ട്.

സാങ്കേതികമായി പറഞ്ഞാൽ എൻഡിഎ ഭൂരിപക്ഷം നേടി കഴിഞ്ഞു. എന്നാൽ 2019 ലെ 352 സീറ്റുകളിൽ നിന്ന് അവർ നേടിയ തിരിച്ചടി വളരെ വലുതാണ്. അതിനൊപ്പം കോൺഗ്രസിൻറെ തിരിച്ചുവരവ് ബിജെപി നയിക്കുന്ന എൻഡിഎയുടെ ഉറക്കം കെടുത്തും. കഴിഞ്ഞ കുറെ നാളുകളായി പ്രതിപക്ഷത്തെ പുച്ഛത്തോടെ സമീപിച്ചിരുന്ന ഏകാധിപത്യ പ്രവണതയൂടെ രാഷ്ട്രീയം ഇനി തുടർന്നാൽ ഭരണപക്ഷത്തിന്റെ നാമമാത്രമായ ഭൂരിപക്ഷം അവർക്ക് വിലങ്ങ് തടിയായേക്കും.

കേരളത്തിലെ രാഷ്ട്രീയ ചിത്രം യുഡിഎഫിന് അനുകൂലമാണെന്നത് ശരി വയ്ക്കുന്നതാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം. ഭരണപക്ഷമായ എൽഡിഎഫിന് വോട്ട് ബാങ്കുകളിൽ കടുത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സിപിഎം ആരോപിക്കുന്നതു പോലെ കോൺഗ്രസുകാരുടെ വോട്ടുകളെക്കാൾ ഇടതുപക്ഷത്തിന്റെ വോട്ടുകളാണ് എൻഡിഎ മുന്നണിക്ക് പോയതെന്നാണ് കണക്കുകൾ കാണിക്കുന്നത്. എൽഡിഎഫിന്റെ പല സ്ഥാനാർത്ഥികളും മികച്ചവരായിരുന്നെങ്കിലും ശക്തമായ ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചു എന്ന് വേണം കരുതാം. ഇന്ത്യൻ തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്ന ഒരു നഗ്ന യാഥാർത്ഥ്യമുണ്ട്. ജനമാണ് രാജാവ് അത് മറക്കുന്ന നേതാക്കൾക്ക് ഇന്നല്ലെങ്കിൽ നാളെ അടി തെറ്റും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാഴ്ച പരിമിതി ഉള്ളവർക്ക് ഏറ്റവും ഫലപ്രദമായി നിർദ്ദേശിക്കപ്പെട്ട ചികിത്സാ രീതിയാണ് കോർണിയ ട്രാൻസ്പ്ലാൻറ്. നേത്രദാനത്തിന് സമ്മതം നൽകുന്ന ആളുകളിൽ നിന്ന് ശേഖരിക്കുന്ന കോർണിയകളാണ് ഇങ്ങനെയുള്ള സാഹചര്യത്തിൽ ഉപയോഗിക്കുന്നത്. എന്നാൽ വളരെ അപൂർവമായ ഒരു ചികിത്സാ വിജയത്തിൻറെ വാർത്തയാണ് എൻഎച്ച്എസിൽ നിന്ന് പുറത്തു വന്നിരിക്കുന്നത്.


സറേയിലെ ചോബാമിൽ നിന്നുള്ള സെസിൽ ഫാർലിയുടെ വലതു കണ്ണിന് ഏകദേശം 15 വർഷത്തോളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കാഴ്ച സംരക്ഷിക്കാൻ അദ്ദേഹത്തോട് കോർണിയ ട്രാൻസ്പ്ലാൻറ് ആണ് ഡോക്ടർ നിർദ്ദേശിച്ചത്. എന്നാൽ മനുഷ്യ കോർണിയ ഉപയോഗിച്ച് അദ്ദേഹത്തിന് നടത്തിയ ആദ്യ ശസ്ത്രക്രിയ പരാജയപ്പെടുകയായിരുന്നു . മരണമടഞ്ഞ ആളുകളുടെ കോർണിയയുടെ ലഭ്യത കുറവ് കാരണം അദ്ദേഹത്തിന് ഏകദേശം ഒരു വർഷത്തോളമാണ് കാത്തിരിക്കേണ്ടി വന്നത്.

എന്നാൽ എൻഎച്ച്എസ് അദ്ദേഹത്തിൻറെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ കൃത്രിമമായ കോർണിയ പിടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഫലമായി സെസിൽ ഫാർലിയുടെ ശസ്ത്രക്രിയ ലോക ആരോഗ്യ ചരിത്രത്തിൽ തന്നെ ഇടംപിടിക്കുന്നതായി. കാരണം ലോകത്തിലെ തന്നെ ആദ്യത്തെ കൃത്രിമ കോർണിയ ട്രാൻസ്പ്ലാൻ്റിനായിരുന്നു അദ്ദേഹം വിധേയമായത്. എനിക്ക് എൻറെ ഭാര്യയെ കാണാൻ സാധിച്ചുവെന്ന് സന്തോഷത്തോടെ അദ്ദേഹം ലോകത്തോട് പറഞ്ഞു. അത്തരം ഇംപ്ലാൻ്റുകൾ നേത്ര ചികിത്സാരംഗത്ത് ഒരു സാധാരണ സംഭവമായി മാറുമെന്നുമാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കാർഡിഫിൽ തെരുവിൽ കഴിഞ്ഞിരുന്ന ഭവനരഹിതയായ സ്ത്രീയെ അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കിയ പ്രതിക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചു. തൻറെ ജന്മദിനാഘോഷത്തിനിടയിൽ നഗരത്തിലെത്തിയപ്പോഴാണ് ലിയാം സ്റ്റിംപ്സൺ എന്ന വ്യക്തി രാത്രിയിൽ ക്രൂരകൃത്യത്തിൽ ഏർപ്പെട്ടത്. ഭക്ഷണം വാങ്ങി കൊടുക്കാനെന്ന വ്യാജേന സ്ത്രീയെ ഒറ്റപ്പെടുത്തി ആളൊഴിഞ്ഞ റെയിൽവേ പാലത്തിനടിയിൽ വെച്ച് അവളെ മൃഗീയമായി ആക്രമിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്.

കഴിഞ്ഞവർഷം ഡിസംബർ 27 -ന് പുലർച്ചയാണ് ലൈംഗികാതിക്രമം നടന്നത്. അവൾ സഹായത്തിനായി നിലവിളിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അയാൾ ആക്രമണം തുടർന്നു. പ്രതി അതിക്രൂര മനോഭാവമുള്ള ഒരു സാഡിസ്റ്റ് ആണെന്ന് സൗത്ത് വെയിൽസ് പോലീസിൽ നിന്നുള്ള ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ കാതറിൻ ബാരി പറഞ്ഞു. യുവതിയുടെ മുഖത്ത് ഗുരുതരമായ പരിക്കുകളാണ് പ്രതി വരുത്തിയത്. നേരത്തെ ഇയാൾ മറ്റ് രണ്ട് ബലാത്സംഗ കേസുകളിലും സമ്മതമില്ലാതെ ഒരാളെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതിനും പ്രതിയാക്കപ്പെട്ടയാളാണ് ലിയാം സ്റ്റിംപ്‌സൺ. സംഭവത്തെ കുറിച്ച് വിവരങ്ങൾ നൽകാൻ മുന്നോട്ട് വന്നവർക്കും സാക്ഷികൾക്കും പോലീസ് നന്ദി പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കേരളത്തിൽ നിന്നുള്ള നേഴ്സുമാരുടെ സ്വപ്നഭൂമിയാണ് ബ്രിട്ടൻ . നേഴ്സിംഗ് മേഖലയിൽ ജോലി ലഭിക്കുന്ന പലരും ബ്രിട്ടനിലെത്താൻ കണ്ടെത്തുന്ന മാർഗമാണ് ആദ്യപടിയായി കെയർ മേഖലയിൽ ജോലി സമ്പാദിക്കുക എന്നത്. യുകെയിലെ കെയർ വിസയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ ചൂഷണം നടത്തുന്നതായുള്ള സംഭവങ്ങൾ വളരെ നാളുകളായി മാധ്യമങ്ങൾ വാർത്തയാണ്. ഏജൻ്റുമാർ ഒരുക്കിയ ചതി കുഴിയിൽ പെട്ട് യുകെയിലെത്തി ജോലിയും കൂലിയുമില്ലാതെ നിത്യവൃത്തിക്കായി ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ടി വരുന്ന നിരാലംബരായ മലയാളികളുടെ ജീവിതകഥ വാർത്തയാക്കിയിരിക്കുകയാണ് ഗാർഡിയൻ ദിനപത്രം.


അങ്ങനെ ചതി കുഴിയിൽ പെട്ടയാളാണ് കേരളത്തിൽ നിന്നുള്ള അഖിൽ ജെന്നി . തന്റെ കടബാധ്യതകൾ തീർക്കാനാണ് നേഴ്സിങ് യോഗ്യതയുള്ള അഖിൽ യുകെയിലേയ്ക്ക് വരാനായി ആഗ്രഹിച്ചത്. ബ്രിട്ടനിൽ കെയർ വർക്കറായി നല്ല ശമ്പളമുള്ള ജോലി അഖിലിന് വാഗ്ദാനം ചെയ്തത് ഷിന്റോ വർഗീസ് എന്ന മലയാളി എമിഗ്രേഷൻ ഏജൻറ് ആണ്. തൻറെ ഏജന്റിന് പണം നൽകാനായി അഖില്‍ തന്റെ കുടുംബ സ്വത്തുക്കൾ വിറ്റു . 18 ലക്ഷം രൂപയാണ് വിസയ്ക്കായി ഏജന്റിന് നൽകിയത്. പുതിയ ഒരു ജീവിതം സ്വപ്നം കണ്ടാണ് അഖിൽ ജെന്നി യുകെയിലേയ്ക്ക് വിമാനം കയറിയത്.

എന്നാൽ യുകെയിലെത്തിയപ്പോൾ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു. ഇവിടെ എത്തിയപ്പോഴാണ് തന്നെ സ്പോൺസർ ചെയ്യുന്ന കമ്പനിക്ക് കെയർ മേഖലയിൽ നൽകാൻ ജോലി ഒന്നും ഇല്ലെന്ന് അറിയുന്നത്. എല്ലാ സ്വപ്നവും തകർന്നടിഞ്ഞ് നാട്ടിലേക്ക് പോയാൽ ഭീമമായ കടബാധ്യതയാണ് കാത്തിരിക്കുന്നത്. അഖിൽ ജെന്നിയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ കേരളത്തിൽ നിന്ന് എത്തി വഞ്ചിക്കപ്പെട്ട ഒട്ടേറെ ആണ് യുകെയിൽ ഒരു നേരത്തെ ആഹാരത്തിനും താമസത്തിനുമായി കഷ്ടപ്പെടുന്നത്.

ഇത്തരം കേസുകളിൽ എങ്ങനെ ഇടപെടണമെന്ന കാര്യത്തിൽ യുകെയിലെ പോലീസിനും പരിമിതിയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കാരണം പണം തട്ടുന്ന കുറ്റവാളികൾ കേരളത്തിലായിരിക്കും. തുടർച്ചയായി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഹോം ഓഫീസ് പല കെയർ ഏജൻസികളുടെയും ലൈസൻസ് റദ്ദാക്കിയിരുന്നു . ഇത്തരം സാഹചര്യങ്ങളിലും അവിടെ ജോലി ചെയ്യുന്നവരാണ് ദുരിതത്തിലാകുന്നത്. അടുത്തയിടെ ഇങ്ങനെ ലൈസൻസ് ക്യാൻസൽ ചെയ്ത സംഭവത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള കെയർ ജീവനക്കാരോട് 60 ദിവസത്തിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്താനും അല്ലെങ്കിൽ രാജ്യം വിടാനുമാണ് ഹോം ഓഫീസ് നിർദ്ദേശിച്ചതെന്ന് മലയാളം യുകെ നേരെത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പരാതിയുമായി ചെന്ന പലരോടും ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കാൻ പറഞ്ഞതായി ചതിയിൽപ്പെട്ട ഒരു മലയാളി കെയർ വർക്കർ വെളിപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സാങ്കേതിക പ്രശ്നം മൂലം ഒട്ടേറെ രക്ഷിതാക്കൾക്ക് ചൈൽഡ് ബെനിഫിറ്റ് പെയ്മെൻ് ലഭിച്ചില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഏകദേശം അര ലക്ഷം പേർക്ക് ലഭിക്കേണ്ട പെയ്മെന്റുകൾ തടസ്സപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നത്തേയ്ക്ക് ഷെഡ്യൂൾഡ് ചെയ്തിരുന്ന പെയ്മെന്റുകളിൽ ഏകദേശം 30 ശതമാനം നടന്നിട്ടില്ല . ചൈൽഡ് ബെനിഫിറ്റ് കിട്ടാതിരുന്നതിനെ കുറിച്ച് പലരും രൂക്ഷമായ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ കൂടി നടത്തിയത് . പലരും ഭക്ഷണം വാങ്ങാനോ കുട്ടികളുടെ ബസ് ചാർജ് നൽകാനോ സാധിച്ചില്ലെന്നാണ് പരാതിപ്പെട്ടത്.


ചൈൽഡ് ബെനിഫിറ്റ് ലഭിക്കാത്ത ഉപഭോക്താക്കൾ എച്ച് എം ആർ സിയുമായി നേരിട്ട് ബന്ധപ്പെടണ്ടാ എന്ന് അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് സമൂഹ മാധ്യമങ്ങളിൽ കൂടി വിവരങ്ങൾ നൽകും . നിശ്ചിത പ്രായ പരിധിയിൽ ഉള്ള കുട്ടികൾ അംഗീകൃത വിദ്യാഭ്യാസത്തിലോ പരിശീലനത്തിലോ ആണെങ്കിലാണ് ചൈൽഡ് ബെനിഫിറ്റ് ക്ലെയിം ചെയ്യാൻ സാധിക്കുന്നത്. ഒരു കുട്ടിക്ക് ഒരു രക്ഷിതാവിന് മാത്രമേ പേയ്‌മെൻ്റ് ലഭിക്കൂ, എന്നാൽ നിങ്ങൾക്ക് എത്ര കുട്ടികൾക്ക് ക്ലെയിം ചെയ്യാം എന്നതിന് പരിധിയില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നോട്ടിംഗ്ഹാം ഷെയറിലെ വെതർ സ്പൂൺസ് പമ്പിൽ നിന്ന് ക്യാൻസർ ചാരിറ്റിക്ക് വേണ്ടി ശേഖരിച്ച പണം മോഷ്ടിച്ചയാൾ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. പമ്പ് തകർത്ത് മാനേജരെ ഭീഷണിപ്പെടുത്തി മൂന്ന് കുട്ടികളുടെ ക്യാൻസർ ചാരിറ്റി കളക്ഷനുകൾ ആണ് ജോനാഥൻ ബ്ലണ്ടൽ എന്നയാൾ മോഷ്ടിച്ചത് . വെതർസ്പൂൺ പമ്പിൻ്റെ മാനേജർ ചാരിറ്റി ബോക്സുകൾ വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ എൻറെ കൈയ്യിൽ കത്തിയുണ്ടെന്ന് ഭീഷണിപ്പെടുത്തുകയാണ് മോഷ്ടാവ് ചെയ്തത്. ബുധനാഴ്ച ഉച്ചയ്ക്ക് 2:30നാണ് സംഭവം നടന്നത്.

ചാരിറ്റി ബോക്സുകൾ ലക്ഷ്യമിട്ട് മോഷണം നടത്തിയത് നിന്ദ്യമാണെന്ന് കോടതി പറഞ്ഞു. നോട്ടിംഗ്‌ഹാം മജിസ്‌ട്രേറ്റ് കോടതി ബ്ലണ്ടലിന് ഏഴു മാസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്. ഒരിടത്തും സ്ഥിരതാമസമില്ലാത്ത മോഷ്ടാവ് ജനൽ തകർത്ത് പമ്പിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഒരു ചെയിൻ ഉപയോഗിച്ച് ബന്ധിച്ചിരിക്കുന്ന കളക്ഷൻ ബോക്സുകൾ 35 കാരനായ പ്രതി പൊട്ടിച്ചെടുക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.


ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ മനസ്സിലാക്കിയ പോലീസ് മണിക്കൂറുകൾക്കകം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വ്യാഴാഴ്ച നോട്ടിംഗ്ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ മോഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ ആണ് അതിക്രമിച്ചു കയറിയതെന്ന് ഇയാൾ സമ്മതിച്ചു. കസ്റ്റഡിയിൽ ഉള്ളപ്പോൾ ഒരു പോലീസുകാരനെതിരെ വംശീയാധിക്ഷേപം നടത്തുന്ന രീതിയിൽ സംസാരിച്ചതായും ഇയാൾ കുറ്റസമ്മതം നടത്തിയിരുന്നു.

Copyright © . All rights reserved