Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കുടുംബമായി എത്തിച്ചേർന്ന എല്ലാ മലയാളികളുടെയും ഏറ്റവും പ്രധാന ആഗ്രഹങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട് വാങ്ങുക എന്നത്. ഭവന വിപണിയിലെ ഉയർച്ച താഴ്ചകൾ മൂലം പലപ്പോഴും ശരിയായ ഒരു തീരുമാനത്തിൽ എത്തിച്ചേരാൻ പലർക്കും കഴിയില്ല. പലിശ നിരക്കുകളിലെ കൂടുതലു കൊണ്ട് പലരും ഭവന വിപണിയിൽ നിന്ന് പിന്നോക്കം മാറി നിന്നതായാണ് അറിയാൻ കഴിയുന്നത്. പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യം ഭവന വിപണിയെ ഏതെങ്കിലും രീതിയിൽ സ്വാധീനിക്കും എന്നത് യുകെയിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഉറ്റുനോക്കുന്ന വസ്തുതയാണ്.

തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടാതെ വരുന്നതു പോലുള്ള സാഹചര്യം ഉണ്ടായാൽ ഭവന വിപണിയിൽ അത് വലിയതോതിൽ പ്രതിഫലിക്കും എന്നാണ് വിപണിയിലെ വിദഗ്ധർ വിലയിരുത്തുന്നത്. സ്ഥിരതയുള്ള ഗവൺമെൻ്റാണ് വരുന്നതെങ്കിൽ ഭവന വിപണി ശരാശരി 6.9 ശതമാനം വില ഉയരുമെന്നാണ് പ്രവചനം. തൂക്കു പാർലമെന്റിന്റെ സമയത്തെ അനിശ്ചിതത്തിൽ വിപണിയിൽ പണം മുടക്കാൻ ആൾക്കാർ മടിക്കുന്നത് മൂലമാണ് വില ഇടിയാനുള്ള സാധ്യത ഉയർന്നു വരുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യുകെയിലെ ഒരു തൂക്കു പാർലമെൻറ് വരാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞകാല അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി വളരെ മുന്നിലാണ്. എന്നിരുന്നാലും പത്ത് ബ്രിട്ടീഷുകാരിൽ നാല് പേർ മാത്രമേ തിരഞ്ഞെടുപ്പിൽ ആർക്കു വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചുള്ളൂ എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അതുകൊണ്ടു തന്നെ ബ്രിട്ടീഷ് രാഷ്ട്രീയം പ്രവചനാതീതമാണ് എന്ന് പറയാം .

ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമെന്ന സൂചന മെയ് മാസത്തിലെ അവലോകനത്തിൽ നൽകിയിരുന്നു. കഴിഞ്ഞ കാലങ്ങളിൽ പണപ്പെരുപ്പത്തിലുണ്ടായ കുറവാണ് ഇതിന് കാരണമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചൂണ്ടി കാണിച്ചത്. പ്രതീക്ഷിച്ചതു പോലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുകയാണെങ്കിൽ ഒരുപക്ഷേ ഭവന വിപണിയിൽ വീടുകളുടെ വില ഉയരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. കൂടുതൽ ആളുകൾ ഭവന വിപണിയിലേയ്ക്ക് ആകർഷിക്കപ്പെടുന്നതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ലക്ഷം കിലോഗ്രാം സ്വർണം യുകെയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വരും മാസങ്ങളിൽ കൂടുതൽ സ്വർണം ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനാണ് ആർബിഐ ഉദ്ദേശിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 1991നു ശേഷം ഇത്രയും സ്വർണം കൈമാറ്റം ചെയ്യുന്നത് ആദ്യമായാണ്.


1991ൽ രാജ്യം വിദേശനാണ്യ പ്രതിസന്ധി നേരിട്ടപ്പോൾ രാജ്യത്തിൻറെ സ്വർണ ശേഖരത്തിൽ നിന്ന് വലിയ ഒരു ഭാഗം പണയം വെച്ചപ്പോൾ വൻ വിമർശനമാണ് ആർബിഐ നേരിട്ടത്. എന്നാൽ ഇപ്പോഴത്തെ സംഭവം വിദേശത്ത് കൂടുതൽ സ്വർണം അധികരിച്ചതുകൊണ്ട് കുറച്ചു സ്വർണം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് മുതിർന്ന ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലെ മിൻ്റ് റോഡിലെ ആർബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലും നാഗ്പൂരിലും സ്ഥിതി ചെയ്യുന്ന നിലവറകളിലാണ് സ്വർണം സൂക്ഷിച്ചിരിക്കുന്നത്.


ഇപ്പോഴത്തെ സംഭവം 1991ൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അന്ന് സ്വർണം പണയം വയ്ക്കുകയായിരുന്നു എന്നാൽ ഇപ്പോഴത്തെ നടപടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തിയും ആത്മവിശ്വാസവും കാണിക്കുന്നതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആർബിഐയ്ക്ക് വേണ്ടി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ആണ് കൂടുതൽ സ്വർണം സൂക്ഷിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈടാക്കുന്ന സംഭരണ ചിലവുകൾ ലാഭിക്കാൻ സ്വർണം ഇന്ത്യയിലേയ്ക്ക് മാറ്റുന്നതു മൂലം ആർബിഐ യ്ക്ക് സാധിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ പിഡിഡി ഹോൾഡിംഗ്‌സ് നടത്തുന്ന ഒരു ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്ഫോമായ ടെമുവിന് നേരെയുള്ള ആരോപണങ്ങൾ അടങ്ങുന്ന ഡോക്യുമെന്ററി പുറത്ത്. കുട്ടികളുടെ വസ്ത്രങ്ങൾ മുതൽ ബിബി തോക്കുകൾ വരെ വളരെ കുറഞ്ഞ വിലയിൽ വിപണനം ചെയ്യുന്ന ടെമു, രണ്ട് വർഷം മുൻപാണ് ആരംഭിച്ചത്. പിന്നാലെ ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത ലഭിക്കുകയും ചെയ്‌തു. നിലവിൽ ആപ്പിന് യുകെയിൽ ഏകദേശം 15 ദശലക്ഷത്തോളം ഉപയോക്താക്കളാണുള്ളത്. ഇടനിലക്കാരുടെ സഹായം ഇല്ലാതെ സാധനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഈ അപ്ലിക്കേഷൻ വ്യാപാരികളെ സഹായിക്കുന്നു.

ടെമുവിൻ്റെ മാതൃ കമ്പനിയുടെ മൂല്യം ഏകദേശം 170 ബില്യൺ പൗണ്ട് (216 ബില്യൺ ഡോളർ) ആണ്. യുഎസിലും ആപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 2023-ലെ കണക്കുകൾ അനുസരിച്ച് ടെമുവിൻെറ ഉപഭോക്താക്കളിൽ 60 ശതമാനവും അമേരിക്കൻ ഷോപ്പർമാരാണ്. എന്നാൽ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ കമ്പനി കൈകാര്യം ചെയ്യുന്നതിൽ ഉള്ള ആശങ്ക ഉയർന്നു വരുന്നുണ്ട്. ഇതിന് പിന്നാലെ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്.

ടെമുവിൽ നിന്ന് വാങ്ങിയ നെയിൽ പശ ഉപയോഗിച്ച് തൻ്റെ 11 വയസ്സുള്ള മകൾക്ക് തേർഡ് ഡിഗ്രി പൊള്ളലേറ്റതായി ഒരു ഉപഭോക്താവ് റിപ്പോർട്ട് ചെയ്തു. 11 വയസ്സുള്ള ക്ലോ നോറിസിനെയാണ് ടെമുവിൽ നിന്ന് വാങ്ങിയ മാനിക്യൂർ സെറ്റ് ഉപയോഗിച്ചതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ചാനൽ 4 ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ എല്ലി ഫ്ലിൻ 30 മിനിറ്റ് പരിപാടിയിൽ ടെമു വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും പരിശോധിക്കുകയുണ്ടായി. എല്ലി ഫ്ലിൻ 2.17 പൗണ്ടിന് ഒരു സിൽവർ ഇഫക്റ്റ് നെക്ലേസും, 2.97 പൗണ്ടിന് ഒരു ഗോൾഡ് ഇഫക്റ്റ് ചെയിനും, 11.09 പൗണ്ടിന് കുട്ടികളുടെ ജാക്കറ്റും വാങ്ങി, ഇവ പരിശോധനയ്ക്കായി ടോക്സിക്കോളജി ലാബിലേക്ക് അയച്ചു. പിന്നാലെ യുകെയിൽ നിയമപരമായി അനുവദനീയമായതിനേക്കാൾ 10 മടങ്ങ് കൂടുതൽ ഈയം വെള്ളി മാലയിൽ അടങ്ങിയിട്ടുണ്ടെന്ന് റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ഓർഗാനിക് കെമിസ്ട്രി പ്രൊഫസറായ ലോറൻസ് ഹാർവുഡ് വെളിപ്പെടുത്തി. ഗോൾഡ് ചെയിനിൻെറ കൈപ്പിടിയിൽ ഹാനികരമായ ലോഹവും കണ്ടെത്തി. കൂടാതെ ചെയിനിൽ യുകെയിൽ അനുവദിക്കുന്നതിനേക്കാൾ 27 മടങ്ങ് കാഡ്മിയം ഉണ്ടായിരുന്നു. ഇവ വൃക്ക തകരാറിന് കാരണം ആകാം

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കിഴക്കൻ ലണ്ടനിലെ ഹാക്ക്‌നിയിൽ മാതാപിതാക്കൾക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ 9 വയസ്സുകാരിയായ പെൺകുട്ടിക്ക് വെടിയേറ്റ സംഭവം കടുത്ത ഞെട്ടലാണ് യുകെയിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചത്. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. വെടിവെപ്പിൽ മറ്റ് മൂന്ന് മുതിർന്നവർക്കും പരിക്ക് പറ്റിയിരുന്നു ഇന്നലെ രാത്രി 9 .30 ഓടെയാണ് ബ്രിട്ടനെ നടുക്കിയ സംഭവം അരങ്ങേറിയത്.


പെൺകുട്ടിയുടെ തലയിൽ നെറ്റിയോട് ചേർന്ന് ആഴത്തിൽ മുറിവുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായിട്ടില്ല. ഇവർ ബ്രിട്ടനിലെ ബർമിങ്ഹാമിൽ ആണ്‌ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി താമസിച്ചു വരുന്നത് . ആക്രമണത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായില്ല. വെടിവെപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് മെറ്റ് പോലീസ് അറിയിച്ചു.


ഒൻപത് വയസ്സുള്ള പെൺകുട്ടി ജീവനുവേണ്ടി പോരാടുകയാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടി തന്റെ കുടുംബത്തോടൊപ്പം ഡാൽസ്റ്റണിലെ കിംഗ്‌സ്‌ലാൻ്റ് ഹൈ സ്ട്രീറ്റിലെ ഒരു റെസ്റ്റോറൻ്റിൽ അത്താഴം കഴിക്കുമ്പോഴാണ് ദാരുണ സംഭവം അരങ്ങേറുന്നത്. മോഷ്ടിച്ച മോട്ടോർ ബൈക്കിൽ വന്നവരാണ് ആക്രമണം നടത്തിയത് . 26, 37, 42 വയസ്സുള്ള യുവാക്കളാണ് പരുക്കേറ്റ മറ്റുള്ളവര്‍.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇനി പൊതു തിരഞ്ഞെടുപ്പിന് അഞ്ച് ആഴ്ചയിൽ താഴെ മാത്രം സമയം . ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി ബഹുദൂരം മുന്നിലാണ്. നിലവിൽ ലേബറിന് 23 പോയിൻറ് ലീഡ് ഉണ്ടെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത് .

എന്നാൽ ടോറികൾക്ക് തിരിച്ചുവരവിനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. ലോർഡ് ആഷ്‌ക്രോഫ്റ്റിൻ്റെ ഏറ്റവും പുതിയ സർവേ അനുസരിച്ച് പത്തിൽ നാല് ബ്രിട്ടീഷുകാരും ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പകുതിയിലധികം പേരും ആരെ പിന്തുണയ്ക്കുമെന്ന് തീരുമാനിക്കാത്തത് ഋഷി സുനകിൻ്റെ പ്രതീക്ഷകൾക്ക് വക നൽകുന്നതായാണ് കരുതപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ 47 ശതമാനം വോട്ട് വിഹിതമാണ് ലേബർ പാർട്ടിക്ക് ഉള്ളത്. ടോറികൾക്ക് 24 ശതമാനം മാത്രം.

റീഫോം യുകെയുടെ വോട്ട് വിഹിതം 11 ശതമാനം ആയേക്കാമെന്നാണ് സർവേ ഫലം കാണിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദ്വിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത്. സമീപകാലത്ത് ഇവരുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തി ചില ചെറു പാർട്ടികൾ ശക്തി പ്രാപിക്കുന്നുണ്ട്. തീവ്ര ബ്രക്സിറ്റ് വാദിയായ നൈജൽ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി കൂടുതൽ ജനപ്രിയമായി കൊണ്ടിരിക്കുകയാണന്നാണ് സമീപകാല സർവേകൾ ചൂണ്ടി കാണിക്കുന്നത്. കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്ക് കിഴക്കൻ ലണ്ടനിൽ ബുധനാഴ്ച രാത്രി 9ന് നടന്ന വെടിവെപ്പിൽ 10 വയസ്സുള്ള മലയാളി പെൺകുട്ടിക്ക് ഗുരുതര പരുക്ക്. വടക്ക് കിഴക്കൻ ലണ്ടനിലെ ഡാൾട്ടൺ കിങ്സ്‌ലാൻഡ് ഹൈ സ്ട്രീറ്റിലെ ഒരു റസ്റ്റന്‍റിന് സമീപം ബൈക്കിൽ എത്തിയ അക്രമി വെടിവെപ്പ് നടത്തുകയായിരുന്നു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകൾ ലിസ്സെൽ മരിയയ്ക്കാണ് വെടിയേറ്റത്. ഇവർ ബ്രിട്ടനിലെ ബർമിങ്ഹാമിൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി താമസിച്ചു വരികയായിരുന്നു. അക്രമണത്തിൽ 3 മുതിർന്നവർക്കും പരിക്കേറ്റിട്ടുണ്ട്.

 

ആക്രമണത്തിന് പിന്നാലെ സംഭവ സ്ഥലത്ത് ഉടനടി പൊലീസ് എത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടിക്കാനായില്ല. പൊലീസ് ഉദ്യോഗസ്ഥരും ലണ്ടൻ ആംബുലൻസ് സർവീസും സംഭവസ്ഥലത്ത് പരിശോധന നടത്തിയെന്ന് മെറ്റ് പോലീസ് അറിയിച്ചു. വെടിയേറ്റ നാല് പേരെയും ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മറ്റ് മൂന്ന് പേരുടെ അവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. വെടിവെപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്ന് മെറ്റ് പോലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ന്യൂ ബാസ്‌ഫോർഡിൽ കൂടുതൽ ആളുകളുമായി സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. 7 സീറ്റുകളുള്ള വണ്ടിയിൽ കൂടുതൽ ആളുകൾ ഉണ്ടെന്ന് തോന്നിയതിനാലാണ് പോലീസ് വാഹനം നിർത്തിച്ചത്. എന്നാൽ പിന്നീടുള്ള സംഭവങ്ങൾ പോലീസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു. 7 പേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിൽ അതിലും ഇരട്ടി 14 പേരായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്.


വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത 8 കുട്ടികളും ഉണ്ടായിരുന്നതായി വാഹനം തടഞ്ഞ് നടപടി സ്വീകരിച്ച നോട്ടിംഗ്ഹാം പോലീസ് പറഞ്ഞു. അനുവദനീയമായതിൽ കൂടുതൽ ആളുകളുമായി യാത്ര ചെയ്യുക ,14 വയസ്സിൽ താഴെയുള്ള കുട്ടികൾ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഡ്രൈവറെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു. സുരക്ഷാ വീഴ്ചകൾ കാരണം ഒരു വാഹനത്തിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുന്നത് ശിക്ഷാർഹമാണെന്ന് പോലീസ് പറഞ്ഞു. ആളുകൾ സീറ്റ് ബെൽറ്റ് ധരിക്കുന്നില്ലെങ്കിൽ വാഹനാപകടം ഉണ്ടാകുമ്പോൾ അപകടസാധ്യത ഇരട്ടിയാണ്.

ഒരു വാഹനത്തിൽ അനുവദനീയമായ പരുധിയിൽ കൂടുതൽ ആളുകളുമായി യാത്ര ചെയ്യുന്നത് കാർ ഇൻഷുറൻസ് തന്നെ അസാധുവാക്കുന്നതിനും വഴിവെക്കും. ഇത്തരം സാഹചര്യത്തിൽ ഏതെങ്കിലും അപകടം നടന്നാൽ ഇൻഷുറൻസ് ലഭിക്കില്ല. യുകെയിലെ നിയമം അനുസരിച്ച് 14 വയസ്സിൽ താഴെയുള്ള കുട്ടികൾ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഡ്രൈവറുടെ കടമയാണ്. എല്ലാ ഡ്രൈവർമാരും യാത്രക്കാരും കാറിലോ വാനിലോ മറ്റ് വാഹനങ്ങളിലോ യാത്ര ചെയ്യുമ്പോൾ അവർ കാറിൻ്റെ മുൻവശത്തായാലും പിൻസീറ്റിലെ യാത്രക്കാരായാലും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസിൻ്റെ പത്രക്കുറിപ്പിൽ അറിയിച്ചു. 14 വയസും അതിൽ കൂടുതലുമുള്ള യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് അവരുടെ സ്വന്തം ഉത്തരവാദിത്തമാണ്. സീറ്റ് ബെൽറ്റ് ധരിക്കുന്നതിൽ പരാജയപ്പെടുന്ന യാത്രക്കാരോട് പ്രത്യേക കാരണമില്ലെങ്കിൽ 100 ​​പൗണ്ട് പിഴയൊടുക്കാൻ ആവശ്യപ്പെടാം. കേസ് കോടതിയിൽ പോയാൽ പിഴ 500 പൗണ്ടായി ഉയർത്താം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പെട്ടെന്ന് ഒരു പ്രകൃതിദുരന്തം വന്നാൽ എന്തു ചെയ്യും? അത് ചിലപ്പോൾ മേഘവിസ്ഫോടനം പോലെ മുന്നറിയിപ്പില്ലാത്ത പേമാരിയോ അഗ്നി ബാധയോ പ്രകൃതി ദുരന്തമോ ആയിരിക്കാം. അതുമല്ലെങ്കിൽ ഏതെങ്കിലും മഹാമാരി പ്രവചനാതീതമായി പടർന്നുപിടിക്കുന്നതായിരിക്കാം. ഇങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടാൻ അത്യാവശ്യ ഭക്ഷണ വസ്തുക്കൾ സംഭരിച്ച് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ഗവൺമെൻറ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

അസ്‌ഡ, സെയിൻസ്‌ബറി, മോറിസൺസ്, ടെസ്‌കോ, ലിഡ്ൽ, ആൽഡി എന്നീ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമായ 7 ഇനം അത്യാവശ്യ വസ്തുക്കൾ വീട്ടിൽ എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കണമെന്ന് യുകെയിലെ ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടിന്നിലടച്ച മാംസം, കുപ്പിവെള്ളം തുടങ്ങിയ അവശ്യവസ്തുക്കൾ സംഭരിച്ച് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തയ്യാറാകണമെന്നാണ് നിർദ്ദേശത്തിൽ ഉള്ളത്. ഒരാൾക്ക് പ്രതിദിനം മൂന്ന് ലിറ്റർ കുടിവെള്ളമെങ്കിലും ശേഖരിച്ചിരിക്കണം എന്നും നിർദ്ദേശത്തിൽ ഉണ്ട്.

https://prepare.campaign.gov.uk/ എന്ന സർക്കാർ വെബ്സൈറ്റിലൂടെയാണ് ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. വെള്ളപ്പൊക്കം, അഗ്നിബാധ , പവർകട്ട് തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ കരുതിയിരിക്കണമെന്നാണ് വെബ്സൈറ്റിലെ പ്രധാന നിർദ്ദേശം. അടിയന്തിര സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പൊതുജനങ്ങൾക്ക് അവബോധം ഉണ്ടാക്കാൻ ലക്ഷ്യമിടുന്നതായുള്ളതാണ് പ്രസ്തുത വെബ്സൈറ്റ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വടക്ക് കിഴക്കൻ ലണ്ടനിലെ ഒരു റസ്റ്റോറൻ്റിന് സമീപം ഉണ്ടായ വെടിവെയ്പ്പിൽ 3 മുതിർന്നവർക്കും ഒരു കുട്ടിക്കും പരുക്കു പറ്റി. ഇതിൽ കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. ബുധനാഴ്ച രാത്രി 9 മണി കഴിഞ്ഞാണ് ദാരുണ സംഭവം അരങ്ങേറിയത്. വെടിയേറ്റ നാലു പേരെയും ഈസ്റ്റ് ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ ആംബുലൻസ് സർവീസ് ഉൾപ്പെടെയുള്ള അടിയന്തിര സർവീസുകൾ സംഭവ സ്ഥലത്ത് എത്തിയതായി മെട്രോപോളിറ്റൻ പോലീസ് അറിയിച്ചു. വെടിവെയ്പ്പിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല . സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിന്റെ മേധാവിയായിരുന്ന പാറ്റ് കുള്ളൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കും എന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ഐറിഷ് റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതിനിധീകരിച്ച് ഫെർമനാഗ്, സൗത്ത് ടൈറോൺ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥിയായാണ് പാറ്റ് കുള്ളൻ മത്സരിക്കാൻ ഒരുങ്ങുന്നത്.


തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുന്നതിനെ തുടർന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിൻ്റെ നേതൃസ്ഥാനത്തുനിന്നും അവർ പടിയിറങ്ങി . 2021 മുതൽ പാറ്റ് കുള്ളൻ റോയൽ കോളേജ് ഓഫ് നേഴ്‌സിംഗിൻ്റെ (ആർസിഎൻ) ജനറൽ സെക്രട്ടറിയും ചീഫ് എക്‌സിക്യൂട്ടീവും ആയിരുന്നു. ന്യായമായ ശമ്പളത്തിന് വേണ്ടി നേഴ്സുമാരെ അണിനിരത്തി രാജ്യവ്യാപകമായി സമരം നടത്തിയതിന്റെ മുൻപിൽ നിന്നത് പാറ്റ് കുള്ളൻ ആയിരുന്നു.

രാജ്യത്തെ ആതുര സേവന രംഗത്ത് ജോലി ചെയ്യുന്ന നേഴ്സുമാരെ പ്രതിനിധീകരിച്ചാണ് താൻ മത്സരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. വടക്കൻ അയർലൻഡിലെ കൗണ്ടി ടൈറോണിൽ നിന്നുള്ള മിസ് കുള്ളൻ 1985-ൽ ആണ് രജിസ്റ്റർ ചെയ്ത നേഴ്‌സായി യോഗ്യത നേടിയത് . പബ്ലിക് ഹെൽത്ത് ഏജൻസിയിലെ നേഴ്‌സിംഗ് ഡയറക്‌ടർ ഉൾപ്പെടെ വിവിധ മേഖലകളിൽ അവർ സേവനം അനുഷ്‌ടിച്ചിട്ടുണ്ട് . 2016-ൽ അവർ ആർസിഎന്നിൽ ചേർന്നത് . 2021-ൽ ജനറൽ സെക്രട്ടറിയായും ചീഫ് എക്‌സിക്യൂട്ടീവായും നിയമിക്കപ്പെടുന്നതിന് മുമ്പ് 2019-ൽ ആർസിഎന്നിന്റെ നോർത്തേൺ അയർലൻഡ് ഡയറക്ടർ ആയിരുന്നു . പാറ്റ് കുള്ളൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അവരുടെ പേരും മറ്റു വിവരങ്ങളും ആർസിഎൻ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് മാറ്റിയിരുന്നു.

Copyright © . All rights reserved