ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയും കേജരിവാളും ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് വീണ്ടും തെളിയുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മധ്യപ്രദേശില്‍ ഏപ്രില്‍ 9 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ നടത്തിയ പരിശോധനയില്‍ ആണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
അധികാരം ഉപയോഗിച്ച് വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് നടത്തി എല്ലാ വോട്ടും ബിജെപിയുടെ അക്കൗണ്ടില്‍ ആക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകള്‍. നേരത്തെ യു പി തെരഞ്ഞെടുപ്പിൽ ബി ജെ പി തിരിമറി കാണിച്ചിട്ടുണ്ടെന്ന് മായാവതി ആരോപിച്ചിരുന്നു. ബാലറ്റ് പേപ്പര്‍ വോട്ടിംഗ് സംവിധാനം തിരിച്ച് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാളും രംഗത്ത് വന്നു.
മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പ് വോട്ടിങ് മെഷീനില്‍ നടത്തിയ പരിശോധനയില്‍ തിരിമറി കണ്ടെത്തിയ വിഷയത്തില്‍ വിശദീകരണമാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷയത്തില്‍ വൈകീട്ടോടെ ജില്ലാ തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പോള്‍ പാനല്‍ അറിയിച്ചു. അട്ടിമറി അന്വേഷിക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.
ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്.
പരിശോധനയില്‍ ആര്‍ക്ക് വോട്ട് ചെയ്താലും എല്ലാ വോട്ടും ബി.ജെ.പിക്ക് മാത്രം ലഭിക്കുന്ന തരത്തില്‍ സജ്ജീകരിച്ച വോട്ടിങ് മെഷീനാണ് പിടിക്കപ്പെട്ടത്. മണ്ഡലത്തില്‍ പരിശോധന നടത്തിയ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സലീന സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. ഇവര്‍ പരിശോധന നടത്തുന്നതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇക്കാര്യം വാര്‍ത്ത ആക്കരുതെന്നും തങ്ങള്‍ ജയിലില്‍ പോകേണ്ടി വരുമെന്നുമായിരുന്നു ഉദ്യോഗസ്ഥ പ്രതികരിച്ചത്. വീഡിയോയിയില്‍ സിങ്ങിനൊപ്പം നിരവധി ഉദ്യോഗസ്ഥരും വോട്ടിങ് മെഷീന്റെ വിശ്വാസ്യത അറിയാനായി പരിശോധനയില്‍ പങ്കെടുത്തിട്ടുണ്ട്. വിവി.പി.എ.പി മെഷീന്റെ സഹായത്തോടെ വോട്ടിങ് മെഷീനല്‍ ഓരോ സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയും വോട്ട് രേഖപ്പെടുത്തുമ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് പേപ്പര്‍ റെസീപ്റ്റില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് രേഖപ്പെടുത്തിയതായി കാണിക്കുന്നത്.
വോട്ട് ചെയ്തത് ആര്‍ക്കെന്ന് വോട്ടര്‍ക്ക് അറിയാന്‍ കഴിയുന്ന രസീത് സംവിധാനം ഉള്‍പ്പെടുത്തിയിട്ടുള്ള വി.വി.പാറ്റ് മെഷീനില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. വോട്ടിങ് മെഷീനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ നമ്പര്‍ ഒന്നാമതായിരുന്നു. എന്നാല്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ നാല് എന്ന നമ്പര്‍ അടിച്ചപ്പോള്‍ ലഭിച്ച പ്രിന്റ് ഔട്ടില്‍ ബി.ജെ.പിയുടെ താമരചിഹ്നവും സ്ഥാനാര്‍ത്ഥിയായ സത്യദേവ് പചൗരിയെന്ന പേരും ലഭിച്ചു. അതിന് ശേഷം ഒന്നാം നമ്പര്‍ അടിച്ചപ്പോഴും ബി.ജെ.പി തന്നെ വോട്ട് വീഴുകയായിരുന്നു. ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വരുന്ന രീതിയിലായിരുന്നു വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം. ഓരോ വോട്ടും ബി.ജെ.പിക്ക് അനുകൂലമാകുന്ന രീതിയിലാണ് വോട്ടിങ് മെഷീനില്‍ സെറ്റ് ചെയ്തത്. ആദ്യ നമ്പറില്‍ അമര്‍ത്തുമ്പോഴും അവസാനത്തെ നമ്പറില്‍ അമര്‍ത്തുമ്പോഴുമെല്ലാം വോട്ട് വീഴുന്നത് ബി.ജെ.പിക്ക് തന്നെ.
വീഡിയോ കാണുക
തിരുവനന്തപുരം: സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പുനര്‍നിയമനം നല്‍കരുതെന്ന് സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഇക്കാര്യം ഉന്നയിച്ച് ജേക്കബ് തോമസ് കത്ത് നല്‍കിയത്. ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദ് വിരമിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് പുതിയ ചുമതല നല്‍കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതാണ് കത്തിനു പിന്നിലെന്നാണ് സൂചന.
വിരമിക്കുന്നതിനു മുമ്പ് ജേക്കബ് തോമസിനെതിരെ വിജയാനന്ദ് എജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡ്രഡ്ജര്‍ ആരോപണം, സ്വത്ത് മറച്ചുവെക്കല്‍ ആരോപണം എന്നിവയിലായിരുന്നു റിപ്പോര്‍ട്ട്. ഇതിനുപിന്നാലെയാണ് ജേക്കബ് തോമസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥരായി വിരമിക്കുന്നവര്‍ക്ക് നിയമനം നല്‍കിയാല്‍ അതിന് എല്ലാവര്‍ക്കും ഒരേ മാനദണ്ഡം പാലിക്കണമെന്നാണ് കത്തിലെ നിര്‍ദ്ദേശം. 25 വര്‍ഷമാണ് പ്രവര്‍ത്തി പരിചയമായി കണക്കാക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും അത് ബാധകമാക്കണമെന്നും കത്തില്‍ പറയുന്നു.
തുടര്‍ച്ചയായി കോടതകളില്‍ നിന്ന് പ്രതികൂല വിധികളുണ്ടായതാണ് ജേക്കബ് തോമസിനെ മാറ്റാന്‍ കാരണമെന്നാണ് വിവരം. ഒരു മാസത്തെ അവധിയില്‍ പ്രേവശിക്കാനാണ് ജേക്കബ് തോമസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. എന്നാല്‍ അവധിക്കു ശേഷവും ജോക്കബ് തോമസിന് വിജിലന്‍്‌സ് ഡയറക്ടര്‍ സ്ഥാനം തിരികെ ലഭിക്കാനിടയില്ലെന്നാണ് കരുതുന്നത്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന റിപ്പോര്‍ട്ടും തമിഴ്നാട്ടില്‍ സ്വത്തുള്ള വിവരം മറച്ചുവെച്ചു എന്ന ആക്ഷേപവും ജേക്കബ് തോമസിനെതിരെ ഉയര്‍ന്നിരുന്നു.
ലണ്ടന്‍: മീനുകള്‍ക്കും ചിന്താശേഷിയുണ്ടെന്ന് പഠനം. സ്വന്തമായി വ്യക്തിത്വം പുലര്‍ത്തുന്ന ഇവയ്ക്ക് സൗഹൃദങ്ങള്‍ സ്ഥാപിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും സാധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സീബ്രാ ഫിഷുകള്‍ മനുഷ്യരെയും മറ്റ് സസ്തനികളെയും പോലെ സാമൂഹ്യ ജീവിതം നയിക്കുന്നവരാണെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമായി. മാംസം കഴിക്കാന്‍ ഇഷ്ടപ്പെടാത്ത ചിലര്‍ മത്സ്യം കഴിക്കുന്നതില്‍ വിമുഖരല്ല. അത്തരക്കാരും മീനുകളെ അക്വേറിയങ്ങളില്‍ വളര്‍ത്തുന്നവരും ഇക്കാര്യം മനസില്‍ സൂക്ഷിക്കണമെന്ന് ആര്‍എസ്പിസിഎ പറയുന്നു.
കൂട്ടത്തിലായിരിക്കുമ്പോള്‍ സീബ്ര ഫിഷുകള്‍ക്ക് അപകടങ്ങളെ ഭയമില്ല. മറ്റു മൃഗങ്ങള്‍ക്കെന്നപോലെ കൂട്ടത്തിലാകുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷാ ബോധമാണ് ഇതിന് കാരണമെന്ന് കണ്ടെത്തി. ഈ സവിശേഷതകള്‍ ഉള്ളതിനാല്‍ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ വിഷാദരോഗം പോലെയുള്ള രോഗങ്ങളെ മനുഷ്യന് അതിജീവിക്കാനാവുന്നതെങ്ങനെയെന്ന് കണ്ടെത്തുന്നതിന് ഈ മീനുകളെ നിരീക്ഷിച്ചാല്‍ മതിയാകുമെന്നും ഗവേഷകര്‍ കരുതുന്നു. ഒറ്റപ്പെടല്‍ വിഷാദരോഗത്തിന് വലിയ കാരണമാണെന്ന് നേരതത്തേ കണ്ടെത്തിയിരുന്നു.
മീനുകളെ അങ്ങനെ താഴ്ന്നതരം ജീവികളായി പരിഗണിക്കേണ്ടതില്ലെന്ന അഭിപ്രായവും ഗവേഷകര്‍ പങ്കുവെക്കുന്നുണ്ട്. ഭക്ഷണത്തിനു വേണ്ടി മാത്രമുള്ള ജീവികള്‍ എന്ന് പരിഗണിക്കുമ്പോള്‍ ചിന്താശേഷിയും അനുഭവങ്ങളും താല്‍പര്യങ്ങളുമുള്ള ഒരു ജീവിയെയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നതെന്ന് കരുതണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
പിടിച്ചു കയറാന്‍ ഒന്നുമില്ലെങ്കിലും ഭിത്തികളൊന്നും അരാത് ഹൊസൈനിക്ക് തടസമല്ല. എവിടെയും പിടിച്ച് ഇവന്‍ കയറിക്കളയും. പത്ത് അടി ഉയരത്തില്‍ നിന്ന് ഇവന്‍ ഒരു ടെന്നീസ് പന്ത് എടുത്ത് ഇറങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാണ്. ഇറാനില്‍ നിന്നാണ് ഈ വീഡിയോ എത്തിയത്. ഇനി കഥാനായകന്റെ പ്രായം കൂടി പറഞ്ഞാലേ സസ്‌പെന്‍സ് പൂര്‍ണ്ണമാകൂ. വെറും മൂന്ന് വയസ് മാത്രമേ ഇവനുള്ളു.

ഒരു ടിവി റിയാലിറ്റി ഷോയില്‍ പങ്കെടുത്താണ് ഇവന്‍ തന്റെ കഴിവ് തെളിയിച്ചതെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുതിര്‍ന്നവര്‍ക്ക് സാധിക്കാത്ത വിധത്തിലാണ് ഇവന്റെ മെയ്യഭ്യാസ പ്രകടനങ്ങള്‍. ടിവി ഷോയിലെ ഇവന്റെ പ്രകടനത്തെ കണ്ണിമ ചിമ്മാതെയാണ് കാണികള്‍ നോക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. മാതാപിതാക്കളായ മൊഹമ്മദും ഫാത്തിമയും ഇവന്റെ കഴിവുകള്‍ക്ക് പ്രോത്സാഹനവുമായി മുന്നിലുണ്ട്.
ഇത്തരം എക്‌സര്‍സൈസുകള്‍ കുട്ടികളുടെ കഴിവുകള്‍ വളര്‍ത്തുമെന്നും ധൈര്യവും സാമര്‍ത്ഥ്യവും ഉണ്ടാകാന്‍ കാരണമാകുമെന്നും മൊഹമ്മദ് പറയുന്നു. അഭ്യാസ പ്രകടനങ്ങളുടെ വീഡിയോകള്‍ ഇവന്‍ സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയും പുറത്തു വിടാറുണ്ട്.
വീഡിയോ കാണാം
കുണ്ടറ പേരയം കരിക്കുഴി നിർമല സദനത്തിൽ ജോൺസൺ ഡിക്രൂസിന്റെ ജീവിതത്തിന്റെ നല്ലൊരേടും കോടതിയും വ്യവഹാരവുമായിരുന്നു. ഒടുവിൽ കോടതി മുറ്റത്ത് ആ ജീവിതം അവസാനിപ്പിച്ചു. കേസിനായി കോടതിയിലെത്തിയശേഷം കെട്ടിടത്തിനു മുകളിൽനിന്നു താഴേക്കു ചാടി ജീവനൊടുക്കുകയായിരുന്നു ജോൺസൺ.
അവിവാഹിതനായ ജോൺസൺ ബിഹാറിൽ ധൻബാദിൽ ഹോങ്‌കോങ് ഗ്രിൽ എന്ന പേരിൽ ഹോട്ടൽ നടത്തുകയായിരുന്നു. പാർലമെന്റിനു മുന്നിൽ ജോൺസൺ നടത്തിയ പ്രതിഷേധ പ്രകടനം രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെട്ടു.
ഉത്തരേന്ത്യയിൽ മലയാളി നഴ്സുമാർ കൊലചെയ്യപ്പെട്ടപ്പോൾ, പ്രത്യേകിച്ചു നാഗപ്പൂരിലെ സിസ്റ്റർ മേരി പോൾ വധം നടന്നശേഷം ജോൺസൺ രംഗത്തിറങ്ങി. ഡൽഹി ഇന്ത്യാഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെ ശരീരം മുഴുവൻ മുള്ളുകമ്പി കൊണ്ടു വരിഞ്ഞുകെട്ടി നടത്തിയ പ്രകടനം പൂർത്തിയാകും മുൻപു പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് മർദനത്തിൽ ജോൺസണ് കണ്ണിനും ആമാശയത്തിനും ഗുരുതരമായി പരുക്കേറ്റു.
മൊറാർജി ദേശായി മന്ത്രിസഭയിൽ അംഗമായിരുന്ന എ.പി.ശർമ മലയാളി വനിതകളെപ്പറ്റി മോശമായ പരാമർശം നടത്തിയപ്പോഴും പ്രതിഷേധിക്കാൻ ജോൺസൺ ഉണ്ടായിരുന്നു. ശർമയെ പ്രതിഷേധം അറിയിക്കണമെന്നാവശ്യപ്പെട്ട് ജോൺസൺ കേരളത്തിലെ എല്ലാ എംഎൽഎമാർക്കും കത്തയച്ചു. മറുപടി അയച്ചത് അന്നത്തെ വിദ്യാഭ്യാസമന്ത്രി കെ.ചന്ദ്രശേഖരൻ മാത്രമായിരുന്നു.
മലയാളികളുടെ ദുഃഖങ്ങളിൽ പങ്കുചേരുക ജീവിതവ്രതമാക്കിയിരുന്ന ജോൺസൺ പെരുമൺ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് ഉത്തരേന്ത്യയിലെ മലയാളികളിൽ നിന്നു പണം ശേഖരിച്ചു മണിയോർഡറായി അയച്ചുകൊടുത്തിരുന്നു.
20 വർഷം മുൻപാണു നാട്ടിൽ മടങ്ങിയെത്തിയത്. സഹോദരൻ ആഞ്ചലോസ് ഡിക്രൂസിന്റെ വീട്ടിലായിരുന്നു താമസം. സഹോദരന്റെ മകനുമായി ചേർന്നു പഴയ ഇരുചക്രവാഹനങ്ങൾ വാങ്ങി മോടിപിടിപ്പിച്ചു വിൽപന നടത്തുകയായിരുന്നു. ഇതോടൊപ്പം പൊതുജന താൽപര്യമുള്ള കേസുകൾ ഏറ്റെടുത്തു നടത്തുകയും ചെയ്തു. നിയമസഹായം ആവശ്യമായവരോടൊപ്പം എന്നും ജോൺസൺ ഉണ്ടായിരുന്നു.
കുമ്പളം സ്വദേശി യേശുദാസൻ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കിടെ സുരക്ഷാ ജീവനക്കാരന്റെ മർദനമേറ്റു മരിച്ച കേസ് ഏറ്റെടുത്തു നടത്തിയ ജോൺസൺ വീട്ടുകാർക്കു നഷ്ടപരിഹാരത്തുക വാങ്ങി നൽകി. വീടിന്റെ പരിസരത്തെ റോഡിനു സംരക്ഷണഭിത്തി കെട്ടണമെന്ന് ആവശ്യപ്പെട്ടു ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായില്ല.
തുടർന്നു ഹൈക്കോടതിയെ സമീപിച്ചു. ഏഴു വർഷം നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ ഭിത്തി നിർമിച്ചു നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും അധികൃതർ നടപടിയെടുത്തില്ല. വീണ്ടും കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
ഇന്നലെ പുലർച്ചെയാണു കേസിന്റെ ആവശ്യത്തിനായി ജോൺസൺ എറണാകുളത്തേക്കു പോയത്. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ ഹൈക്കോടതി കെട്ടിടത്തിൽ നിന്നു ചാടി മരിച്ചുവെന്ന വാർത്ത നാട്ടിൽ പരന്നു. വിവരമറിഞ്ഞു ബന്ധുക്കൾ എറണാകുളത്ത് എത്തുകയായിരുന്നു.
തിരുവനന്തപുരം: തോമസ് ചാണ്ടി എന്‍സിപി യുടെ പുതിയ മന്ത്രിയാകും. നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. കുട്ടനാട് എംഎല്‍യാണ് തോമസ് ചാണ്ടി. എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം. ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിയായി തോമസ് ചാണ്ടിയെ നിര്‍ദേശിച്ചത്. ശശീന്ദ്രന്‍ വഹിച്ചിരുന്ന ഗതാഗത വകുപ്പ് തന്നെയായിരിക്കും തോമസ് ചാണ്ടി കൈകാര്യം ചെയ്യുക. എ.കെ.ശശീന്ദ്രനെതിരായ ജൂഡീഷ്യല്‍ അന്വേഷണം നടക്കട്ടെയെന്നും ശശീന്ദ്രന്‍ മാറിനില്‍ക്കുന്നത് തന്നെയാണ് നല്ലതെന്നുമാണ് എല്‍ഡിഎഫ് യോഗത്തില്‍ ഉണ്ടായ പൊതു വികാരം.
തോമസ് ചാണ്ടി മന്ത്രിയാകുന്നതില്‍ സിപിഎം കേന്ദ്ര നേതൃത്വം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ നേരത്തെ എന്‍സിപി സംസ്ഥാന നേതൃത്വം തീരുമാനമെടുത്തിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതോടെയാണ് എല്‍ഡിഎഫ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സെക്‌സ് ടേപ്പ് വിവാദത്തില്‍ ശശീന്ദ്രനെ കുടുക്കിയതാണെങ്കിലും ഇത്തരം ഒരു സംഭാഷണം അദ്ദേഹം നടത്താന്‍ പാടില്ലായിരുന്നുവെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വികാരം.
മംഗളം ചാനല്‍ ക്ഷമാപണവുമായി രംഗത്തെത്തിയതിനു പിന്നാലെ ശശീന്ദ്രനെ തിരിച്ചെടുക്കണമെന്ന് എന്‍സിപിയില്‍ത്തന്നെ ആവശ്യമുയര്‍ന്നുവെങ്കിലും പിന്നീട് തോമസ് ചാണ്ട്ിക്ക് അനുകൂലമായി കാര്യങ്ങള്‍ മാറുകയായിരുന്നു. എന്‍സിപിയുടെ മന്ത്രിയെ അവര്‍ തന്നെ തീരുമാനിക്കട്ടേയെന്ന നിലപാടാണ് ഘടകകക്ഷികളെടുത്തത്. തോമസ് ചാണ്ടിയെ നിര്‍ദ്ദേശിച്ചതോടെ ഇതിനെതിരായി നീങ്ങേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
ലണ്ടന്‍: ഗ്രീന്‍ ഹൗസ് വാതകങ്ങള്‍ പുറത്തു വിടുന്നതില്‍ യുകെയില്‍ 42 ശതമാനം കുറവുണ്ടായതായി കണക്കുകള്‍. 1990 മുതലുള്ള കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. വൈദ്യുതി ഉല്‍പാദനത്തില്‍ കല്‍ക്കരിയുടെ ഉപയോഗം കുറച്ചതോടെ 2015-16 കാലയളവില്‍ 6 ശതമാനത്തിന്റെ കുറവാണ് ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറത്തു വിടുന്നതില്‍ രേഖപ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിപ്പാര്‍ട്ടമെന്റ് ഓഫ് ബിസിനസ്, എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി റിപ്പോര്‍ട്ടാണ് ഇത് സൂചിപ്പിക്കുന്നത്.
എന്നാല്‍ വൈദ്യുതോല്‍പാദന മേഖലയില്‍ ഉണ്ടായ ഈ പുരോഗതി ഗതാഗത, ഹീറ്റിംഗ് വ്യവസായ മേഖലയില്‍ ദൃശ്യമാകുന്നില്ലെന്ന് പരിസ്ഥിതിവാദികള്‍ പറയുന്നു. കണക്കുകള്‍ ആശാവഹമാണെന്നും അവര്‍ വ്യക്തമാക്കി. സാമ്പത്തിക മേഖലയില്‍ പുരോഗതിയുണ്ടാകുന്നതിനൊപ്പം കാര്‍ബണ്‍ പുറന്തള്ളലിലും കാര്യമായ കുറവുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ബിഇഐഎസ് റിപ്പോര്‍ട്ട് പറയുന്നത്.
2050ഓടെ ഗ്രീന്‍ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഈ വിധത്തില്‍ നീങ്ങിയാല്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 1990നേക്കാള്‍ 42 ശതമാനം ബഹിര്‍ഗമനത്തില്‍ കുറവുണ്ടായിട്ടുണ്ട്. വൈദ്യുതോല്‍പാദന മേഖലയില്‍ 1990ല്‍ പുറന്തള്ളിയിരുന്നതിനേക്കാള്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 54 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ലണ്ടന്‍: സ്‌കോട്ടിഷ് സ്വാതന്ത്യത്തിനായി രണ്ടാം ഹിതപരിശോധന നടത്തുന്നതിനുള്ള ആവശ്യം ഉന്നയിച്ച് സ്‌കോട്ട്ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് കത്തയച്ചു. സെക്ഷന്‍ 30 അനുസരിച്ചുള്ള കത്ത് തയ്യാറാക്കുന്ന സ്റ്റര്‍ജന്റെ ചിത്രം സ്‌കോട്ടിഷ് സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. 2018 ഓട്ടത്തിനും 2019 സ്പ്രിംഗിനും ഇടയ്ക്കാണ് ഹിതപരിശോധന നടത്താന്‍ സ്‌കോട്ടിഷ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിനായുള്ള വോട്ട് 10നെതിരെ 59 വോട്ടുകള്‍ക്കാണ് പാര്‍ലമെന്റില്‍ പാസായത്.
ഹിതപരിശോധന അനിവാര്യമാണെന്നാണ് സ്റ്റര്‍ജന്‍ വ്യക്തമാക്കിയത്. രണ്ടാമത്തെ ഹിതപരിശോധന എന്ന കാര്യത്തില്‍ ഇനി മറ്റൊരു ചോദ്യത്തിന് സ്ഥാനമില്ലെന്ന് സ്റ്റര്‍ജന്‍ പറഞ്ഞിരുന്നു. എന്നാല്‍ യുകെ സര്‍ക്കാര്‍ ഈ കത്ത് തള്ളുമെന്നാണ് സ്‌കോട്ടിഷ് സെക്രട്ടറി ഡേവിഡ് മുന്‍ഡല്‍ പറയുന്നത്. തികച്ചും ഔദ്യോഗികമായാണ് സ്റ്റര്‍ജന്‍ കത്ത് കൈമാറിയിരിക്കുന്നത്. ഹിതപരിശോധന നടത്താനുള്ള അവകാശം വ്യക്തമാക്കുന്നതാണ് സെക്ഷന്‍ 30 അനുസരിച്ചുള്ള കത്ത്.
ഇന്ന് തന്നെ കത്ത് പ്രധാനമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം. 2016 ജൂണില്‍ നടന്ന ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെയാണ് സ്‌കോട്ട്ലന്‍ഡ് ജനസംഖ്യയില്‍ 62 ശതമാനവും അനുകൂലിച്ചത്. 2016ല്‍ നടന്ന ഹോളിറൂഡ് തെരഞ്ഞെടുപ്പില്‍ എസ്എന്‍പി പ്രകടനപത്രികയില്‍ ഹിതപരിശോധന എന്ന ആവശ്യമുയര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നു.
ലണ്ടന്‍: കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസില്‍ നിന്ന് രാജിവെച്ച യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ബ്രെക്സിറ്റ് ഭീതികള്‍ മൂലമാണ് ഇത്രയും ജീവനക്കാര്‍ കൊഴിഞ്ഞത്. ബ്രെക്സിറ്റ് ആരോഗ്യമേഖലയില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുമോ എന്ന ആശങ്ക ഉയര്‍ത്തിക്കൊണ്ടാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്. 2016ല്‍ 17,197 യൂറോപ്യന്‍ പൗരന്‍മാര്‍ എന്‍എച്ച്എസിലെ തങ്ങളുടെ ജോലി ഉപേക്ഷിച്ചു. നഴ്സുമാരും ഡോക്ടര്‍മാരുമുള്‍പ്പെടെയുള്ളവരാണ് ജോലി ഉപേക്ഷിച്ചത്. 2015ല്‍ 13,321 പേരും 2014ല്‍ 11,222 പേരുമാണ് ഈ വിധത്തില്‍ ജോലി ഉപേക്ഷിച്ചത്.
എന്‍എച്ച്എസ് ഡിജിറ്റല്‍ ആണ് ഈ കണക്കുകള്‍ തയ്യാറാക്കിയത്. ഇതിനു പിന്നാലെ യൂറോപ്യന്‍ ജീവനക്കാര്‍ക്ക് യുകെയില്‍ തൊഴില്‍ സുരക്ഷയുള്‍പ്പെടെ ലഭ്യമാക്കണമെന്ന ആവശ്യവുമായി ആരോഗ്യരംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. കണക്ക് തയ്യാറാക്കിയ സമയത്ത് ജോലിക്ക് പ്രവേശിക്കുന്ന യൂറോപ്യന്‍ പൗരന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ടെങ്കിലും കൊഴിഞ്ഞു പോകുന്നവരുടെ എണ്ണത്തിലും അതേ അനുപാതത്തില്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനമാകുന്നത്.
ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചതോടെ ഇനി യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കും. ഇത്രയേറെ യൂറോപ്യന്‍ പൗരന്‍മാര്‍ ആരോഗ്യമേഖലയിലെ ജോലികള്‍ ഉപേക്ഷിക്കുന്നതില്‍ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും സര്‍ക്കാരിനെയാണ് പഴിക്കുന്നത്. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വ്യക്തമായ ഉറപ്പുകള്‍ പ്രധാനമന്ത്രി നല്‍കാതിരുന്നതാണ് ഇതിനു കാരണമെന്ന് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു.
ഉണ്ണികൃഷ്ണന്‍
കലാ ഹാംപ്ഷയറിന്റെ അഞ്ചാമത് സംഗീതനിശ ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ഏപ്രില്‍ 30 ഞായര്‍ വൈകിട്ട് 3 മുതല്‍ സെന്റ് ജോര്‍ജ് കാത്തലിക് കോളേജ് സൗത്താംപ്റ്റനില്‍ വച്ച് നടത്തപ്പെടുന്നു. കേരള രാഷ്ട്രീയ രംഗത്തിലേയും യു.കെയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും ചടങ്ങില്‍ സംബന്ധിക്കും. കൂടാതെ പോര്‍ട്ട്സ്മൗത്ത്, ചിച്ചെസ്റ്റര്‍, സൗത്താംപ്റ്റണ്‍, പീറ്റേര്‍സ് ഫീല്‍ഡ്, ഹേവാര്‍ഡ്സ് ഹീത്ത്, ഡോര്‍സെറ്റ്, സാലിസ്ബറി, ബേസിംഗ് സ്റ്റോക്, ഹോര്‍ഷം എന്നീ മലയാളി കൂട്ടായ്മകളില്‍ നിന്നും കലാപ്രതിഭകളും പ്രതിനിധികളും കലാസന്ധ്യയില്‍ പങ്കെടുക്കും.
യു.കെ.യിലെ മികച്ച കുറേ ഗായകരും നര്‍ത്തകരും പങ്കെടുക്കുന്ന ഈ സംഗീത നിശ അഞ്ചുമണിക്കൂറോളം ഗൃഹാതുരുത്വമുണര്‍ത്തുന്ന ഗാനങ്ങളും നൃത്തവിസ്മയങ്ങളുമായി മലയാളി മനസില്‍ ഇടംപിടിക്കും. മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തിലെ ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, അര്‍ജുനന്‍, ബാബുരാജ്, സലില്‍ ചൗധരി എന്നീ പ്രഗത്ഭ സംഗീത ചക്രവര്‍ത്തിമാരും വയലാര്‍, പി ഭാസ്‌കരന്‍, ഒഎന്‍വി, ശ്രീകുമാരന്‍ തമ്പി എന്നീ ഹൃദയസ്പര്‍ശം മനസിലാക്കിയ ഗാനരചയിതാക്കളും, ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, ഭാവഗായകന്‍ ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, പി. സുശീല, ജാനകിയമ്മ എന്നിവര്‍ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നല്‍കിയ സംഭാവനയിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡിലൂടെ പുനര്‍ജ്ജനിക്കുന്നത്.
മിതമായ നിരക്കില്‍ ഇന്ത്യന്‍ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും സൗജന്യായ കാര്‍ പാര്‍ക്കിംഗ് ഉണ്ടായിരിക്കും. മീട്ടോ ജോസഫ്, മനു ജനാര്‍ദ്ദനന്‍, ജോയ്സണ്‍ ജോയ്, ആനന്ദവിലാസ്, ജോണ്‍സണ്‍ ജോണ്‍, മനോജ് മാത്രാടന്‍, രാകേഷ് തായിരി, ജോര്‍ജ് എടത്വ, സിബി മേപ്രത്ത്, ജെയ്സണ്‍ മാത്യു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അണിയറ ശില്‍പികള്‍. എല്ലാ കലാസ്വാദകരേയും ഓള്‍ഡ് ഈ ഗോള്‍ഡിലേക്ക് ഹാര്‍ദ്ദമായി ക്ഷണിക്കുന്നു. സ്വാഗതം ചെയ്യുന്നു.